Sunday 27 September 2015

സ്വയംപാകം

"ആഹരതേ ഇതി ആഹാര:" എന്നു സംസ്കൃതത്തില്‍ (ശരീരം സ്വീകരിക്കുന്നതെല്ലാം ആഹാരം). "ആഹാരശുദ്ധൌ ചിത്തശുദ്ധി:" എന്ന്‌ ആയുര്‍വേദക്കാര്‍ (ആഹാരശുദ്ധിയിലാണ്‌ ചിത്തശുദ്ധി). 'അന്നം അമൃതം' എന്നു വേദാന്തികള്‍. കാലാകാലങ്ങളില്‍ മാനവസംസ്കൃതിയുടെ ഒരു ഭാഗമായിട്ടുണ്ട്‌ ആഹാരം. ഇന്ന്‌ ലോകത്തിലെ മികച്ച വ്യവസായങ്ങളിലൊന്ന്‌ ആഹാരമുണ്ടാക്കലും വിളമ്പലും വില്‍പനയുമാണ്‌. വീടുതൊട്ട്‌ വെളിമ്പറമ്പുവരെ പാചകത്തിണ്റ്റെ പരഭാഗമായുണ്ട്‌. നിമിഷങ്ങളില്‍ തീരുന്ന പാചകം മുതല്‍ വര്‍ഷങ്ങള്‍നീളുന്ന പാചകം വരെ മനുഷ്യന്‍ സ്വായത്തമാക്കിയിട്ടുണ്ട്‌. എങ്കിലും ഊണുവയ്ക്കലും വിളമ്പലും എന്തുകൊണ്ടോ സ്ത്രീവിഷയമായാണ്‌ ഒട്ടുമിക്കവരും കാണുന്നത്‌. കുറച്ചുകാലംമുന്‍പ്‌ പാചകവാതകക്കുറ്റിയുടെ പ്രതിവര്‍ഷ-ക്വോട്ട കുറച്ചപ്പോള്‍ ഒരിക്കല്‍പോലും ജോലിചെയ്ത്‌ സ്വയം ആഹാരം സമ്പാദിക്കേണ്ടിവരാത്ത, ഒരിക്കല്‍പോലും കൈനനച്ച്‌ സ്വയം ചോറുവയ്ക്കേണ്ടിവരാത്ത ദില്ലിയിലെ നമ്മുടെ വി.ഐ.പി. ചെക്കന്‍ വീട്ടമ്മമാരുടെ കണ്ണീരൊപ്പാന്‍ ഇറങ്ങിപ്പുറപ്പെട്ടിരുന്നു. എന്താ, പാചകം സ്ത്രീകളുടെമാത്രം ചുമതലയോ? കണ്ടിട്ടില്ലേ പലപല സംഘടനകള്‍ സ്ത്രീ-മെംബര്‍മാര്‍ക്കുവേണ്ടി പാചകമത്സരങ്ങള്‍ നടത്തുന്നത്‌? വിമന്‍സ്‌-ക്ളബ്ബുകള്‍ പാചകക്ളാസ്സുകള്‍ നടത്തുന്നത്‌? തനിക്ക്‌ ഒരു ഗ്ളാസ്സ്‌ ചായപോലും ഉണ്ടാക്കാനറിയില്ലെന്ന്‌ പൊടിപ്പയ്യന്‍മാര്‍ വീമ്പിളക്കുന്നത്‌? പെണ്ണുങ്ങള്‍ വെച്ചുവിളമ്പി ആണുങ്ങള്‍ മൂക്കുമുട്ടെ തിന്നുന്നത്‌? ആണായാലും പെണ്ണായാലും തനിക്കുവേണ്ട ആഹാരമുണ്ടാക്കുന്നതു പെരുംപാപമൊന്നുമല്ല. ചില ആരാധനാവിധികളില്‍ ആരാധകര്‍ സ്വയം ആഹാരം പാചകംചെയ്യാറുണ്ട്‌. 'സ്വയംപാകം' എന്നാണതിനു പേര്‍. മറാഠിയില്‍ പാചകത്തിനു 'സ്വയ്‌-പാക്‌' എന്നാണു വാക്കുതന്നെ. നിവൃത്തിയില്ലാതെ വന്നാല്‍ ഏതൊരാളും, ഏതൊരാണും, എത്ര വന്‍പുലി ശിങ്കമായാലും, സ്വന്തമായി ചോറുവച്ചുണ്ണും. പലേ സംസ്കൃതികളിലും ആണും പെണ്ണും ഒപ്പത്തിനൊപ്പം ആഹാരമുണ്ടാക്കുന്നു. നാട്ടിലെ വന്‍സദ്യക്കാരും ലോകത്തിലെ വന്‍പാചകക്കാരും ആണുങ്ങളാണ്‌. വെറുതെയാണ്‌ 'വീട്ടമ്മ'യെന്നൊരു കിരീടമുണ്ടാക്കി പാചകം മുഴുവന്‍ സ്ത്രീയുടെ തലയില്‍ കെട്ടിവച്ചിരിക്കുന്നത്‌. ഇലയ്ക്കു പിന്നിലിരുന്ന്‌ മങ്കയുടെ കയ്യില്‍നിന്ന്‌ മന്ന വീഴാന്‍ കാത്തിരിക്കുന്ന മണക്കൂസുകള്‍ക്ക്‌ ഇതു മനസ്സിലാകില്ല. നല്ല ആഹാരം, ആണിണ്റ്റെ മനസ്സിലേക്കുള്ള പെണ്ണിണ്റ്റെ വഴിയാണെന്നൊക്കെ അതിനെ ഉദാത്തവല്‍ക്കരിക്കുകയും സാധൂകരിക്കയുമൊക്കെ ചെയ്യുന്നുണ്ട്‌ ഈ അഴകൊഴമ്പന്‍മാര്‍. പാചകം ഒരു ആവശ്യമെന്നതുപോലെ ഒരു കല കൂടിയാണ്‌. അവിവാഹിതരും ഒറ്റയ്ക്കുതാമസിക്കുന്നവരും മാത്രമല്ല, ഒരു കുടുംബത്തില്‍കൂടി പ്രാവര്‍ത്തികമാക്കേണ്ടതാണു സ്വയംപാകം. ആണും പെണ്ണും ജോലിക്കുപോകുമ്പോഴും കുട്ടികള്‍ വലുതാകുമ്പോഴും അത്‌ അത്യാവശ്യംകൂടിയാണ്‌. അടുക്കളയില്‍ തോളോടുതോള്‍ പണിയെടുക്കുന്ന അച്ഛനമ്മമാരെ കണ്ടു വളരട്ടെ കുട്ടികള്‍. അടുത്ത തലമുറയെങ്കിലും ഉള്ളിവിലകൂടിയാലും ഗാസ്‌-കുറ്റിക്കു നിയന്ത്രണം വന്നാലും 'വീട്ടമ്മ'മാരുടെ കണ്ണീരൊപ്പാന്‍ ചാടിപ്പുറപ്പെടില്ല പിന്നെ. എഴുപതുകളില്‍ ഗോവയില്‍ വന്നിറങ്ങുമ്പോള്‍ ആഹാരം ഒരു വന്‍പ്രശ്നമായിരുന്നു പരക്കെ. സാധനങ്ങളോ കുറവ്‌. ഉള്ളതെല്ലാം താണതരം. എണ്ണവും വണ്ണവുമൊക്കാത്ത കമ്പോളച്ചരക്കുകള്‍. വിലയോ പഞ്ചനക്ഷത്രനിരക്കില്‍. സസ്യാഹാരത്തിലും മീനില്ലാതില്ല. സസ്യാഹാരം ചോദിച്ചാല്‍ താലത്തില്‍നിന്ന്‌ വിളമ്പിയ മീനെടുത്തുമാറ്റും; അത്ര തന്നെ. ഒരു 'പച്ച'-പച്ചക്കറിക്കാരനായിരുന്ന ഞാന്‍ ശരീരത്തിനും മനസ്സിനുമൊത്ത ആഹാരമില്ലാതെ വലഞ്ഞു. ജോലിയുടെ ഭാഗമായി ഒരുപാടു കടല്‍യാത്രകള്‍ നടത്തേണ്ട കാലമായിരുന്നു അത്‌. മീന്‍പിടിത്ത ബോട്ടുകളില്‍ പോകുമ്പോള്‍ പണിക്കാര്‍ ഉച്ചയ്ക്കു ചൂണ്ടലിട്ടു മീന്‍പിടിക്കും. തലയും വാലും വെട്ടാതെതന്നെ അല്‍പം മഞ്ഞള്‍പൊടി മാത്രം ചേര്‍ത്ത്‌ കടല്‍വെള്ളത്തില്‍തന്നെ ഒന്നു വേവിച്ചെടുക്കും. അല്‍പം ചോറും പുഴുങ്ങിയെടുക്കും. അതുതന്നെ ആഹാരം. പിഞ്ഞാണത്തില്‍ മീന്‍ കണ്ണുമിഴിച്ചിരിക്കും; കടല്‍കാറ്റില്‍ വാലാട്ടും. കടല്‍ചൊരുക്കെന്ന വ്യാജേന ഞാന്‍ ആഹാരം വേണ്ടെന്നു പറയും. തിരിച്ചു കരയെത്തുമ്പോള്‍ അര്‍ധപ്രാണനായിരിക്കും. അല്‍പം സൌകര്യമുണ്ടായപ്പോള്‍ സ്വയം പാകം ചെയ്യാന്‍ തുടങ്ങി. വിഷമിച്ചാണെങ്കിലും, ഒരു നേരമെങ്കിലും മര്യാദയ്ക്കു ഭക്ഷണം കഴിക്കാനായി. അന്നാണു പഠിച്ചത്‌ ഓരോ സ്ഥലത്തും ആഹാരരീതി ഓരോ തരത്തിലാണെന്ന്‌. ഓരോ ജനവിഭാഗത്തിനും ഓരോതരം ആഹാരമാണെന്ന്‌. ഓരോ കാലാവസ്ഥയ്ക്കും ഓരോന്നാണെന്ന്‌. സ്ഥലത്തിനും തൊഴിലിനും കാലത്തിനും കാലാവസ്ഥയ്ക്കുമനുസരിച്ചാണ്‌ ഭക്ഷണസംസ്കാരം രൂപപ്പെട്ടുവന്നതെന്ന്‌. അന്നുതുടങ്ങിയ സ്വയംപാകം ഇന്നും തുടരുന്നു. ഒപ്പത്തിനൊപ്പം ഞാനും ഭാര്യയും അടുക്കള കൈകാര്യം ചെയ്യുന്നു. വേണ്ടപ്പെട്ട സാധനസാമഗ്രികള്‍ അടുപ്പിച്ചുതന്നാല്‍ ഒന്നുരണ്ടു മണിക്കൂറില്‍ എട്ടുപത്തുപേര്‍ക്കൊരു ഓണസദ്യയൊരുക്കാനുള്ള ബാല്യമുണ്ടെനിക്ക്‌, ഈ വൈകിയ വേളയിലും. ഭക്ഷണത്തെ സംബന്ധിച്ചിടത്തോളം വളരെ കടുംപിടിത്തക്കാരാണു നമ്മള്‍. ഉദാഹരണത്തിന്‌, ചോറില്ലെങ്കില്‍ ചപ്പാത്തി തിന്നുവാനുള്ള സന്‍മനസ്സു നമുക്കില്ല. ചപ്പാത്തിയെങ്കിലും കിട്ടിയല്ലോ എന്നാശ്വസിക്കുവാന്‍ നമുക്കു കഴിയില്ല. 'വിശക്കുന്നവണ്റ്റെ മുന്നില്‍ ഭക്ഷണത്തിണ്റ്റെ രൂപത്തിലല്ലാതെ പ്രത്യക്ഷപ്പെടുവാന്‍ ദൈവംപോലു ധൈര്യപ്പെടില്ല' എന്നിരിക്കെ, കിട്ടിയ ആഹാരത്തിണ്റ്റെ തലക്കുറിയും ജാതകവും നോക്കിയിരുന്നാല്‍ പഷ്ണി കിടക്കും, അത്ര തന്നെ. വെസ്റ്റ്‌-ഇണ്റ്റീസിലെ ട്രിനിഡാഡ്‌ (& ടുബേഗോ) എന്ന കുഞ്ഞുരാജ്യത്ത്‌ ഒരുപാടുകാലം താമസിച്ചിട്ടുണ്ടു ഞാന്‍. പകുതിയോളം ഇന്ത്യന്‍വംശജരാണവിടെ. ബ്രിട്ടീഷുകാരും ഡച്ചുകാരും ആഫ്രിക്കക്കാരും ചൈനക്കാരുമടങ്ങുന്ന, ഹിന്ദു-ക്രിസ്ത്യന്‍-ഇസ്ളാം മതവിശ്വാസികളുടെ ഒരു മാരിവില്‍-സംസ്കാരമാണവിടെ. കൃഷിപ്പണിതൊട്ട്‌ മത്സ്യബന്ധനം വരെ, ഫാക്റ്ററി ജോലിതൊട്ട്‌ ഓഫീസ്ജോലിവരെ, കച്ചവടംതൊട്ട്‌ വിദ്യാഭ്യാസംവരെ എല്ലാ തുറകളിലുമുള്ള ആളുകള്‍. അവരുടെ മൂന്നുകാര്യങ്ങളോടാണ്‌ എനിക്കു പ്രത്യേകം പ്രതിപത്തി തോന്നിയത്‌. ഒന്ന്‌, (ഇംഗ്ളീഷ്‌) ഭാഷയെസംബന്ധിച്ചുള്ള അപകര്‍ഷബോധമില്ലായ്മ. രണ്ട്‌, ശരീരഭംഗിയെപ്പറ്റി മുന്‍വിധിയില്ലായ്മ. മൂന്ന്‌, ആഹാരത്തിലെ കടുംപിടിത്തമില്ലായ്മ. വിശക്കുമ്പോള്‍ കഴിക്കും, എന്തും കഴിക്കും, ഏതുസമയത്തും കഴിക്കും. എവിടെവച്ചും കഴിക്കും. ആരോടൊപ്പവും കഴിക്കും. എനിക്കൊരു തലമൂത്ത സഹപ്രവര്‍ത്തകനുണ്ടായിരുന്നു. ബെംഗാളി. നിത്യബ്രഹ്മചാരി. ചെറുപ്പത്തില്‍ നല്ലൊരു കാലം സ്വീഡനിലായിരുന്നു. സ്കാണ്റ്റിനേവിയക്കാര്‍ ഒരുമാതിരി എല്ലാവരും അവനവനുവേണ്ട ആഹാരം സ്വന്തമായി ഉണ്ടാക്കുന്നവരാണ്‌. അദ്ദേഹം അന്നു തുടങ്ങിയതാണത്രെ സ്വയംപാകം. നാട്ടില്‍ തിരിച്ചെത്തിയിട്ടും ആ ശീലം തുടര്‍ന്നു. ആഴ്ചയിലൊരിക്കല്‍ ചന്തയില്‍പോയി സാധനങ്ങള്‍ മേടിക്കും. ഒരാഴ്ചത്തേയ്ക്കുള്ള കറികളെല്ലാം ഒന്നിച്ചുണ്ടാക്കി ഫ്രിജ്ജില്‍ സൂക്ഷിക്കും. രാത്രി വേണ്ടതെടുത്തു ചൂടാക്കിക്കഴിക്കും. പകലെല്ലാം കട്ടന്‍കാപ്പി; വല്ലപ്പോഴുമൊരിക്കല്‍ ഒരു പുഴുങ്ങിയ മുട്ട. ഓഫീസിലോ പുറത്തോ വല്ലപ്പോഴുമൊരിക്കല്‍ ഒരു ഡിന്നര്‍. മരിക്കുംവരെ സ്വയം ആഹാരം പാചകം ചെയ്തു കഴിച്ചു കഴിഞ്ഞു ഡോ. റൊബിന്‍ സെന്‍ഗുപ്ത. ആണുങ്ങള്‍കൂടി പാകംചെയ്ത്‌ വീട്ടിലെ സകലരെയും ഊട്ടുന്ന സംസ്കൃതി ഭാരതത്തില്‍ വേരോടേണ്ടിയിരിക്കുന്നു. ഇന്ന്‌ 'വീട്ടമ്മ'മാര്‍ വെറും വീട്ടമ്മമാരല്ല. ആണുങ്ങള്‍ അത്ര അനങ്ങാപ്പാറകളുമാകണ്ട. എല്ലാംകൂടിയൊന്ന് ആലോചിക്കുമ്പോള്‍, "ആലോചനാമൃതം ആഹാരം"; 'ഫുഡ്‌ ഫോര്‍ തോട്ട്‌' എന്നതിനൊരു രസികന്‍ മലയാളിത്തം.

No comments:

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...