Sunday 30 October 2016

തെളിഞ്ഞൂ പ്രേമയമുന വീണ്ടും ....


മാനത്തിൻ മുറ്റത്ത് മഴവില്ലാലഴകെട്ടും മധുമാസ സന്ധ്യകളേ, കാർമുകിലാടകൾ തോരയിടാൻവരും കാലത്തിൻ കന്യകളേ...എന്നൊരു മനോഹരഗാനമുണ്ട്.   ഒരു വരിപോലും പാടാൻകഴിവില്ലാത്ത ഞാൻപോലും ഒരിക്കൽ അതു മൂളിപ്പോയി.   അതൊരു മധുമാസമായിരുന്നു; ത്രിസന്ധ്യ ആയിരുന്നു.   അച്ഛനെ കിടത്തിയിരുന്ന ആസ്പത്രിക്കും തൊട്ടടുത്ത കോളേജിനും അകലത്തെ വീടിനുമിടയിൽ, ജീവിതംതന്നെ ഒരു ത്രികോണമത്സരമായിത്തീർന്ന കാലമായിരുന്നു.   ആസ്പത്രിയുടെ മരുന്നുവാസനയും കൊച്ചിക്കായലിന്റെ ജൈവഗന്ധവും കോളേജ്-അങ്കണത്തിലെ വാകപ്പൂമണവും ഇളംകാറ്റിൽ.    ഒരുദിവസം തീർന്നപ്പോൾ മറുദിവസം പുലരുന്നതിനെക്കുറിച്ചുള്ള വേവലാതി മനസ്സിൽ.   ‘...പടുപാട്ടൊന്നു പാടാത്ത കഴുതയില്ല,’ എന്നു കുമാരനാശാൻ എന്നെപ്പറ്റിയാണ്‌ പണ്ടേ കുറിച്ചിട്ടത്.


എത്ര വിഷമഘട്ടമാണെങ്കിലും നല്ല പാട്ടുകൾ കൂട്ടിനെത്തുന്നു.   അതിനു നമ്മൾ പാടണമെന്നില്ല.   പകരം പാട്ടു നമ്മളെ പരിലാളിച്ചുകൊള്ളും.   സംഗീതം വിളിച്ചാൽ വരണമെന്നില്ല.   വന്നാലോ വിട്ടുമാറുകയുമില്ല.


പ്രേമമായിരിക്കും ഒരുപക്ഷെ എറ്റവുമധികം ഗാനങ്ങൾക്കു പ്രചോദനം.   രാഗം അനുരാഗത്തിന്‌ അവിഭാജ്യം.   പാടാത്ത വീണയും പാടും, പ്രേമത്തിൻ ഗന്ധർവ വിരൽ തൊട്ടാൽ; പാടാത്ത മാനസ വീണയും പാടുംഎന്നു പാടിയിട്ടുള്ളതു നിത്യസത്യം.   കണ്ണനും യമുനയും രാധയും അനുരാഗത്തിന്റെ നിത്യവസന്തം.   ഗീതഗോവിന്ദംഎന്ന അഷ്ടപദിയേക്കാൾ മികച്ച മറ്റൊരു പ്രേമഗീതമുണ്ടോ?


പാശ്ചാത്യസംസ്ക്കാരത്തിന്റെ നീക്കിവയ്പ്പായി സെറിനാദ്’ (Serenade) എന്നൊരു സംഗീതവിശേഷമുണ്ടായിരുന്നു ഗോവയിൽ.   പരോക്ഷമായ പ്രേമാഭ്യർഥനയാണ്‌ പലപ്പോഴും സെറിനാദ്.   മാൺഡോ’ (Mando) എന്ന സംഗീതധാരയിലും പ്രേമം ഒരു നിറസാന്നിധ്യമാണ്‌.


സ്വരം, രാഗം, സാഹിത്യം - ഇവയുടെ ആ മുക്കൂട്ടുമുന്നണിയുണ്ടല്ലോ, അതിനേറ്റവും സാംഗത്യമേറുന്നത് പ്രേമപരവശതയിലാണ്‌.   അല്ലെങ്കിലും തികച്ചുമൊരു മധുരനൊമ്പരമാണല്ലോ പ്രേമം.   പണ്ടെന്നോ അല്ലിയാമ്പൽ കടവിലെ അരയ്ക്കു വെള്ളത്തിൽകൊതുമ്പുവള്ളം ഒന്നായ് തുഴഞ്ഞത് ഒരിക്കലും മറക്കില്ലാരും.   കൊഴിഞ്ഞപീലികൾ പെറുക്കിയെടുത്തും കൂടുകൂട്ടും ഹൃദയം, വിരിഞ്ഞ പൂവിലും വീണപൂവിലും വിരുന്നൊരുക്കും ഹൃദയം’.


ഒരൊറ്റമതമുണ്ടുലകിന്നുയരാൻ പ്രേമമതൊന്നല്ലോ, പരക്കെ നമ്മെ പാലമൃതൂട്ടും പാർവണ ശശിബിംബംഎന്നു പാടിയത് ഉള്ളൂർ.   ഓമൽപ്പിച്ചിച്ചെടിലത മരുല്ലോളിതാ വർഷബിന്ദു സ്തോമക്ളിന്നാ പുതുമലർ പതുക്കെ സ്ഫുടിപ്പിച്ചിടുമ്പോൾ‘, പ്രേമക്രോധക്ഷുഭിതയായ കാമുകിയുടെ ബാഷ്പധാരാഭിസിക്തമായ മന്ദസ്മിത സുമുഖമാണ്‌ ഓർത്തുപോകുന്നത് വിപ്രലംഭത്തിൽ വലിയകോയിത്തമ്പുരാൻ.   തെളിഞ്ഞൂ പ്രേമയമുനവീണ്ടും, കഴിഞ്ഞൂ ബാഷ്പമേഘവർഷം, വിരിഞ്ഞൂ മന്ദഹാസമാം ചന്ദ്രലേഖ...എന്നുതന്നെയല്ലേ നവയുഗപ്രണയിക്കും പറയാനുള്ളത്?


ഇവിടെ കാറ്റിനു സുഗന്ധം, ഇതിലേ പോയൊരു വസന്തംഎന്നു തിട്ടപ്പെടുത്തി തേടിയെത്തുന്ന കാമുകൻ കാണുന്നത്, ’ശരറാന്തൽ തിരിതാഴ്ത്തി പകലിൻ കുടിലിൽ‘, മൂവന്തിപ്പെണ്ണ്‌ ഉറങ്ങാൻകിടക്കുന്നതാണ്‌.   എന്നും പതിനാറു വയസ്സാണ്‌, അവൾക്കേതു നേരവും കനവാണ്‌എന്നാണവനുടെ സങ്കൽപം.   ഹർഷബാഷ്പം തൂകി, വർഷപഞ്ചമി വന്നൂ; ഇന്ദുമുഖീ ഇന്നു രാവിൽ എന്തുചെയ്വൂ നീഎന്ന് ആധിപിടിക്കുന്ന കാമുകൻ.   നിൻമണിയറയിലെ നിർമലശയ്യയിലെ നീലനീരാളമായ് ഞാൻ മാറിയെങ്കിൽ, ചന്ദനമണമൂറും നിൻദേഹമലർവല്ലി അങ്ങിനെ എൻമാറിൽ പടരുമല്ലോഎന്നാശിക്കുന്ന അനുരാഗി.  


എന്നാലോ തെളിവാർന്നൊഴുകുന്നനുരാഗനദിക്കു വിഘ്നംഒഴിയാവതില്ലെന്നു കുമാരനാശാൻ.   പഴകിയ തരുവല്ലി മാറ്റിടാം, പുഴയൊഴുകും വഴി വേറെയാക്കിടാം, കഴിയുമിവ മനസ്വിതൻമനസ്സൊഴിവതശക്യമൊരാളിലൂന്നിയാൽഎന്നും.   ചമത മുറിക്കും കൈവിരലുകളാൽ ഹൃദയതമ്പുരുമീട്ടാനും, പ്രണവം ചൊല്ലും ചുണ്ടുകളാൽപ്രണയഗാനം പാടാനും കാമുകിമാർക്കു കഴിയും.   സംശയം വേണ്ട.   ഗോപുര മുകളിൽ വാസന്തചന്ദ്രൻ ഗോരോചനക്കുറി വരയ്ക്കുമ്പോൾ, ‘ഇണയുടെ കണ്ണിൽ കൊമ്പുകളാൽ പ്രിയൻ ഇളനീർകുഴമ്പെഴുതിക്കുമെന്നും അവർക്കറിയാം.  


പിന്നെന്താ!   ആയിരം പാദസരങ്ങൾകിലുക്കി, പുഴ പിന്നെയുമൊഴുകുമെന്ന് ആശിക്കാം.


എങ്കിലോ ചന്ദനത്തിൽ കടഞ്ഞെടുത്തൊരു സുന്ദരീശിൽപത്തെ ഓർത്തോർത്ത്‌ കാമുകൻ അസ്വസ്ഥനാകുന്നു.   അംഗം തുംഗസ്തനഭരനതം പുൽകുവാനോ നനാവിൽ പോരാപുണ്യ പ്രസരംഎന്നു സങ്കടപ്പെടുന്നു; ‘നിന്നെക്കൊണ്ടെന്നഭിമതമെനക്കെയ്തലാമെന്റ്രിരുന്തേൻ, നിദ്രേ ഭദ്രേ ത്വമപി വിധുനാ ദുർലഭാ വല്ലഭേവഎന്നു നിരാശപ്പെടുന്നു.   സദാസമയവും പദാംഗുഷ്ഠേന ഭൂപൃഷ്ഠം ലിഖന്തീനിന്ന അവളാണു കൺമുൻപിൽ.   എത്രസന്ധ്യകൾ ചാലിച്ചു ചാർത്തി ഇത്രയും അരുണിമഅവളുടെ കവിളിൽ!   എത്ര സമുദ്രകൃതന്തം ചാർത്തി ഇത്രയും നീലിമഅവളുടെ കണ്ണിൽ!  അഞ്ജനക്കണ്ണെഴുതി ആലിലത്താലി ചാർത്തി അറപ്പുര വാതിലിൽഅവൾ കാത്തിരിക്കുമോ എന്നവനു നിശ്ചയംപോര.   കുങ്കുമപങ്കകളങ്കിത ദേഹാ തുംഗപയോധരകമ്പിതഹാരാഎന്ന നിലയിൽ എഴുതാൻവൈകിയ ചിത്രകഥയിലെ ഏഴഴകുള്ളൊരുനായികയെക്കാണാൻ വൈകി അവന്‌.   നിൻമന്ദഹാസം ചന്ദ്രികയായെങ്കിൽ എന്നും പൗർണമി വിടർന്നേനേ...എന്നാണവനുടെ അനുമാനം.    ഒരുപുഷ്പം മാത്രമെൻ പൂങ്കുലയിൽ നിർത്താം ഞാൻ ഒടുവിൽ നീയെത്തുമ്പോൾ ചൂടിക്കുവാൻ...എന്നാണവനുടെ ശപഥം.




കാലം ചെല്ലുമ്പോൾ അവർ അന്യോന്യം തിരിച്ചറിയുന്നു, ’മാംസതൽപ്പങ്ങളിൽ ഫണം വിരിച്ചാടും മദമായിരുന്നില്ല നിൻപ്രണയം; അന്തരാത്മാവിലെ ഇന്ദ്രിയാതീതമാം അനുഭൂതിയായിരുന്നൂഎന്ന സത്യം.   ശുഭം.

Sunday 23 October 2016

ഗോമന്തക്

നാലുപതിറ്റാണ്ടുമുൻപ് ഗോവയിലെത്തിപ്പെട്ടപ്പോൾ പരിചയപ്പെട്ട പല വിചിത്രശബ്ദങ്ങളിലൊന്നായിരുന്നു ഗുമന്തക്, ഗുമന്തക്എന്നത് - ബസ്സ്റ്റാന്റുകളിൽ പത്രംവിൽക്കുന്ന പിള്ളേർ അൽപം വക്രിപ്പിച്ചു വിളിച്ചുപറയുന്ന, ‘ഗോമന്തക്എന്ന പ്രാദേശിക മറാഠി ദിനപ്പത്രത്തിന്റെ പേര്‌.   മറവിയിൽമറഞ്ഞ ആ വാക്ക് വീണ്ടും മനസ്സിൽ തലപൊക്കിയത്, ഗോവയിൽ ഞങ്ങളുടെ പ്രവാസി-മലയാള-സാഹിത്യ-കൂട്ടായ്മയിലെ കണക്കൂർ ആർ സുരേഷ് കുമാറിന്റെ ഗോമന്തകംഎന്ന നോവൽ കയ്യിലെടുത്തപ്പോഴാണ്‌.

അന്ന്, എഴുപതുകളിൽ, കേട്ട കഥകളും കണ്ട കാഴ്ചകളും വേറെ ആയിരുന്നു.   അന്ന് മലയാളികളുടെ പ്രയത്നം അതിജീവനത്തിനുവേണ്ടിയായിരുന്നു.   സ്വന്തം സത്വം അധികരിക്കാതെ, അന്യരോടും അനുഭവങ്ങളോടും ആവുന്നതും സമരസപ്പെട്ടുപോകാൻ അവർ നിർബന്ധിതരായി.   ഗൾഫിലെ കാണാക്കനികളോ മറ്റു നരകനഗരങ്ങളിലെ കാണാക്കിനാക്കളോ ഗോവയിലെ മലയാളികളുടെ സ്വൈരം കെടുത്തിയിരുന്നില്ല.   അതുകൊണ്ടാകാം ഒഴുക്കിനെതിരെ നീന്തേണ്ടിവന്നില്ല അവർക്ക്.   അതിനൊട്ടു മേലൊഴുക്കോ കീഴൊഴുക്കോ ഒന്നുമുണ്ടായിരുന്നുമില്ലല്ലോ ഗോവയിൽ.     
ഇന്നത്തെ ഗോവയിൽ കഥ വേറെ, കാര്യവും വേറെ.   സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ മാറ്റങ്ങളിൽ നാട്ടുകാർപോലും കണ്ണഞ്ചിച്ചും കണ്ണുതള്ളിയും കണ്ണുരുട്ടിയും പോകുന്ന കാലം.   സാംസ്കാരികപൈതൃകം ഗൗരവമായെടുക്കുന്നതോടൊപ്പം അതിൽനിന്നു പുറംതള്ളപ്പെടുന്ന ഒരവസ്ഥയും ഗോവക്കാർക്കുണ്ടായി.   പുറംനാട്ടുകാരെ പുറംനാട്ടുകാരായി കണക്കാക്കി സ്വയം മാളത്തിലൊളിക്കുന്ന പ്രവണത ഈ നാട്ടുകാരും വിട്ടു.     സന്ധിയും സംഘർഷവുമില്ലാതെഇന്ന് ഇവിടത്തെ മലയാളികൾ സ്വതന്ത്രരാണ്‌, സ്വയംനിർമിതരാണ്‌, സന്തുഷ്ടരാണ്‌, സ്വാഭിമാനികളാണ്‌.   അതേസമയം എൽ ദൊരാദോ’ (El Dorado' - ‘സ്വർഗഭൂമി’) കിനാവുകണ്ടുവരുന്ന കുഞ്ഞൻമാർ കൊടുംകുറ്റങ്ങളിലും കൊടുംകഷ്ടതയിലും കുടുങ്ങുന്ന കാഴ്ചയും കുറവല്ല.  
കുറച്ചു മലയാളം പടങ്ങളിലും കുറെ ഹിന്ദി സിനിമകളിലും കുറെയേറെ പരസ്യചിത്രങ്ങളിലും നിന്ന് ഉരുത്തിരിയുന്ന ഗോവയല്ല യഥാർത്ഥ ഗോവ എന്നതു മനസ്സിലാക്കിയവർ ചുരുങ്ങും.   ഗോവയ്ക്കുള്ളിൽനിന്നും ഗോവയെക്കാണുമ്പോഴോ വെള്ളെഴുത്തും കാണും.   ഈ പരമാർഥങ്ങളുടെ വെള്ളിവെട്ടത്തിലാണ്‌ കണക്കൂരിന്റെ നോവൽ പ്രസക്തമാകുന്നത്.   അകന്നിരുന്ന്, എന്നാൽ അടുത്തറിഞ്ഞ് എഴുതുമ്പോഴേ ദൂരദൃഷ്ടിയും സൂക്ഷ്മദൃഷ്ടിയും കരഗതമാകൂ.
കഥ ഇത്രയേ ഉള്ളൂ.   നല്ലതും ചീത്തയുമല്ലാത്ത, അല്ലെങ്കിൽ നല്ലതും ചീത്തയുംവേണ്ടുവോളമുള്ള ഒരു ചെറുപ്പക്കാരൻ വേരുപിടിക്കാത്ത വീട്ടുജീവിതത്തെയും വേരുപടരാത്ത നാടൻജീവിതത്തെയും പുറകിലിട്ട് ഗോവയിലെത്തുന്നു.   ഇവിടെ കാത്തിരുന്നതോ കളിമണ്ണും കുഴമണ്ണും അലകടലും അടിയൊഴുക്കും.   സാമാന്യം ഭേദപ്പെട്ട തൊഴിൽ കണ്ടെത്തിയെങ്കിലും പൂർവകാലസ്മൃതികളും സ്മൃതിഭംഗങ്ങളും സ്മൃത്യാഭാസങ്ങളും തല്ലിത്തകർക്കുമ്പോൾ സ്ഥലകാലബോധം കൈവിട്ടുപോകുന്നു.   വെറും കുറെ മാസങ്ങളുടെ ഇടയളവിൽ, ഒരു പുരുഷായുസ്സിന്റേതുമാത്രമല്ല, പിന്നിട്ട പലപല നൂറ്റാണ്ടുകളിലെ മറ്റാരുടെയോ പാപപങ്കംപേറാൻ വിധിക്കപ്പെട്ട ഒരു ശപ്താത്മാവിന്റെ കഥയില്ലായ്മയാണിത്.   ഒരു ദുരന്തമാകേണ്ടിയിരുന്ന ജീവിതം ഒറ്റൊരു തൂവൽസ്പർശം കൊണ്ടുമാത്രം സ്ഥലകാലബോധം വീണ്ടെടുക്കുന്ന വിസ്മയം പിന്നെ നാം കാണുന്നു.      വിജ്ഞാനം വിഭ്രാന്തിയും വിഭ്രാന്തി വിജ്ഞാനവും പകരുന്ന അത്യപൂർവമായൊരു പ്രതിഭാസത്തെയാണ്‌ കണക്കൂർ ഇവിടെ കയ്യാളിയിരിക്കുന്നത്.   മനുഷ്യൻ എത്ര നല്ലവനും നല്ലവളുമാകാമെന്നും എത്ര ചീത്തയാകാമെന്നും ഒറ്റക്കണ്ണാടിയിൽ പ്രതിബിംബിപ്പിക്കുകയാണു സുരേഷ് ഈ നോവലിൽ.
ഗൾഫ്-മലയാളികളുടെ മോങ്ങിക്കരച്ചിലല്ല.   പാശ്ചാത്യമലയാളികളുടെ പരിഹാസച്ചിരിയില്ല.   മുംബൈ-മലയാളസാഹിത്യത്തിലെ ഋണവികാരങ്ങളോ ദില്ലി-മലയാളസാഹിത്യത്തിലെ ലഹരിബന്ധങ്ങളോ ബെംഗാളി-മലയാളസാഹിത്യത്തിലെ ബൌദ്ധികനാട്യങ്ങളോ തമിഴ്-മലയാളസാഹിത്യത്തിലെ കുട്ടിവൃത്തങ്ങളോ കേരളമലയാളസാഹിത്യത്തിലെ കക്ഷിരാഷ്ട്രീയങ്ങളോ അല്ല; ഇല്ല.   കൊങ്കൺമലയാളികളുടെ മിതത്വവും മൃദുത്വവും മാത്രം.   അങ്ങാടിനിറയ്ക്കുന്ന ബെന്യാമിന്റെ ആടുജീവിതത്തിൽനിന്നും അരങ്ങുനിറയ്ക്കുന്ന സി.വി. ബാലകൃഷ്ണന്റെ വീവ ഗോവയിൽനിന്നും അതിരുപൊളിക്കുന്ന ടി. ഡി. രാമകൃഷ്ണന്റെ ഫ്രാൻസിസ് ഇട്ടിക്കോരയിൽനിന്നുമെല്ലാം അകന്ന്, യഥാക്രമം യഥോചിതം കപടനാട്യവും അബദ്ധജഡിലതയും മലീമസതയും ഒഴിവാക്കി, അറിയുന്നത് അറിയുമ്പോലെ അടുക്കും ചിട്ടയുമായി അവതരിപ്പിക്കുന്നു സുരേഷ്. 
ചരിത്രത്തിന്റെ കൃത്യതയോ ആഖ്യാതത്തിന്റെ ആധികാരികതയോ അളക്കാൻ ഞാനാളല്ല.   ഒന്നു പറയാം.   അകത്തിരുന്നാൽ അറിയാത്ത കാര്യങ്ങൾ പുറത്തിരിക്കുന്നവർ പറഞ്ഞാലേ അറിയൂ.   അറിഞ്ഞതറിയുന്നതിലല്ലല്ലോ, അറിയാത്തതറിയുന്നതിലല്ലേ അറിവിന്റെ നിറവ്.   ആ നിറവ് അത്യധികമുണ്ട് സുരേഷ് കുമാറിന്റെ ഈ കഥയിൽ.
ചരിത്രമുണ്ടോ ഇല്ലയോ, ശരിയോ തെറ്റോ, ഉള്ളതു വ്യക്തമായും ശക്തമായും ഇതിലുണ്ട്.   പിന്നെ ഇക്കഥയിലെ ഭ്രമാത്മകത.   കേന്ദ്രകഥാപാത്രത്തിന്റെ ബാലാനുഭവങ്ങളുടെ മാറാപ്പുകെട്ടും കൊള്ളാനും തള്ളാനും കഴിയാത്ത തൊഴിലിലെ മാനസികാവസ്ഥയും വികാരവിജൃംഭിതമായ പ്രായവും അകവും പുറവും പരീക്ഷിക്കുന്ന പരിത:സ്ഥിതിയും ഒട്ടേറെ ഭ്രമാത്മകത സൃഷ്ടിച്ചില്ലെങ്കിലല്ലേ അത്ഭുതപ്പെടാനുള്ളൂ.

ഈ പുസ്തകം വാങ്ങിവായിച്ചുതീർന്നന്നാണ്‌ അതിന്‌ അത്യർഹമായൊരു പുരസ്കാരം കൈവന്നതെന്നറിയുന്നത്.  ആശ്ചര്യവും ആഹ്ളാദവും അഭിമാനവും അഹങ്കാരവും ഒന്നിച്ചനുഭവപ്പെടുന്ന അപൂർവം സന്ദർഭമായി ഇത്.   കണക്കൂർ ആർ. സുരേഷ്കുമാറിന്‌ അഭിനന്ദനങ്ങളും ആശംസകളും.

Sunday 16 October 2016

എഡിറ്റിങ്ങ് എന്നാൽ ഏടാകൂടം


മലയാളത്തിൽ എഡിറ്റിങ്ങ് ഇല്ല; എന്നുവച്ചാൽ എഡിറ്റിങ്ങിനൊരു മലയാളവാക്കില്ല.   ഇന്നത്തെ പല പ്രസിദ്ധീകരണങ്ങൾ, പ്രത്യേകിച്ച് ഓൺ-ലൈൻ പ്രസിദ്ധീകരണങ്ങൾ കാണുമ്പോൾ നടേപ്പറഞ്ഞതും നല്ലൂ.  എഡിറ്റിങ്ങ് എന്ന ആശയംതന്നെ അസ്തുവായോ എന്നൊരു തോന്നൽ.

പത്രത്തിന്റെ എഡിറ്ററെ പത്രാധിപരെന്നു വിളിച്ചു നമ്മൾ.   അറിവും അധികാരവുമുണ്ടായിരുന്ന പത്രാധിപൻമാരുണ്ടായുമിരുന്നു.   കാലക്രമേണ സ്ഥാനവും കഴിവും ഒരേകസേരയിലിരിക്കണമെന്നില്ലാതായി.   ഇരിക്കില്ലെന്നുമായി.   പത്രത്തിന്റെ അധിപർ പത്രാധിപരല്ലാതായി.

എഡിറ്റിങ്ങിനെ പരിശോധനയെന്നും പ്രസാധനമെന്നും സമ്പാദനമെന്നും സംശോധനമെന്നും സങ്കലനമെന്നും സംയോജനമെന്നുമെല്ലാം തരംപോലെ വിളിച്ചു നമ്മൾ.   മാധ്യമം മാറുമ്പോൾ മാറളവു മാറാതെ വഴിയുമില്ല.   മാറാപ്പിന്റെ വലിപ്പംമാത്രം മാറിമാറിവന്നു.

മലയാളത്തിന്റെ മാത്രം പ്രതിസന്ധിയല്ലിത്.   എന്റെ അറിവിൽ, ഭാരതീയഭാഷകളിലൊന്നുംതന്നെ എഡിറ്റിങ്ങിന്റെ പൂർണാർഥമുൾക്കൊള്ളുന്ന നല്ലൊരു വാക്കില്ല.   സമ്പാദക്എന്നു ഹിന്ദിയിൽ. ഉർദുവിൽ എന്താണെന്നറിയില്ല.   മറാഠിയിലും ബെംഗാളിയിലും ഗുജറാത്തിയിലും സമ്പാദക്എന്നുതന്നെ.  കന്നഡത്തിൽ സമ്പാദക’.   തമിഴിൽ ആശിരിയർ’.   തെലുങ്കിൽ എഡിട്ടർഎന്നു പച്ചക്കുപയോഗിക്കുന്നു.   മലയാളത്തിൽ എഡിറ്റർഎന്നു പഴുപ്പിച്ചുപയോഗിക്കുന്നു. 

നോവലിനുപോലും ഒരു സാമാന്യപദം ഉരുത്തിരിഞ്ഞിട്ടില്ല ഭാരതീയഭാഷകളിൽ.    ഹിന്ദിയിൽ ഉപന്യാസ്’; മറാഠിയിൽ കാദംബരി’.   മലയാളം നോവൽകൊണ്ടേ തൃപ്തിപ്പെട്ടു; തമിഴ് നാവൽആക്കി; തെലുങ്ക് നാവല’-യും.   ഗുജറാത്തി നവലകഥയാക്കി നോവലിനെ.   പഴയകാലത്ത് മലയാളത്തിൽ നോവൽപുസ്തകംഎന്നു പറഞ്ഞിരുന്നതായിക്കാണാം.   കൂട്ടത്തിൽപറയട്ടെ, ‘ലൈബ്രേറിയനും പറ്റിയ വാക്കില്ല നമുക്ക്.   എന്താണ്‌ എഴുത്തും വായനയും സംബന്ധിച്ചെല്ലാം ഇത്തരമൊരു ചുറ്റിക്കളി?

എഡിറ്റിങ്ങ്എന്നതു പ്രൂഫ്-റീഡിംഗ്അല്ല, വെറും തെറ്റുതിരുത്തൽ അല്ല എന്നർഥം.   എഴുത്തുകാർക്കും വായനക്കാർക്കുമിടയിലെ പാലമാണ്‌. എഡിറ്റർ.   പാലം കഴിഞ്ഞാൽ കൂരായണന്റെ പണിയും കഴിഞ്ഞു.   ബാക്കി പണി വിമർശകർ ഏറ്റെടുത്തുകൊള്ളും.

നല്ല സൃഷ്ടികൾക്കെല്ലാം പിന്നണിയായി നല്ലൊരു എഡിറ്ററുണ്ടാകും.   വെറുതെ കുറെ കാര്യങ്ങൾ പെറുക്കിക്കൂട്ടി വയ്ക്കുന്നതല്ല എഡിറ്ററുടെ ജോലി.   ഒരു സൃഷ്ടി കയ്യിൽകിട്ടിയാൽ അതിനെ പൊളിച്ചും പിരിച്ചും പാകപ്പെടുത്തിയും പരുവപ്പെടുത്തിയും ആവുന്നതും ആസ്വാദ്യമാക്കി ആസ്വാദകന്റെ മുന്നിലെത്തിക്കുകയാണ്‌ എഡിറ്ററുടെ കർത്തവ്യം.   ആശയം വ്യക്തമാക്കിയും കൂടുതൽ വലിയതും വ്യത്യസ്തവുമായ വീക്ഷണകോണം എടുത്തുകാട്ടിയും സരസപ്രയോഗങ്ങൾക്കു ജീവനേകിയും വേണ്ടാക്കാര്യങ്ങൾ വെട്ടിമാറ്റിയും അതു നിർവഹിക്കുന്നു.   സൃഷ്ടികൾ സമയോചിതമായി  ക്ഷണിച്ചും സമാഹരിച്ചും സംയോജിപ്പിച്ചും സന്നിവേശിപ്പിച്ചും പ്രസിദ്ധീകരണത്തെ കാലികവും അർഥവത്തുമാക്കുന്ന മാജിക് നല്ല എഡിറ്റർക്കറിയാം.   നല്ല പുസ്തകപ്രകാശകരുടെ പ്രധാനശക്തി നല്ല എഡിറ്റർമാരാകുന്നു.   സൃഷ്ടികർത്താക്കളെ കണ്ടെത്തുന്നതും അവരുടെ കൃതികളെ വിലയിരുത്തി പ്രകാശനയോഗ്യമാക്കുന്നതും എഡിറ്റർമാർ.

വായനക്കാർക്കും ശ്രോതാക്കൾക്കും പ്രേക്ഷകർക്കുമെല്ലാം മുൻപേ പറക്കുന്നവരാണ്‌ എഡിറ്റർമാർ; സ്രഷ്ടാക്കളുടെ പിറകെ പായുന്നവരും!   തന്റെ സ്വന്തം കൃതിയല്ലാതിരുന്നിട്ടും, തന്റെ പേരും ശ്രമവും പുറംലോകം അറിയില്ലെന്നെന്നറിഞ്ഞിട്ടും, മറയ്ക്കുപിറകിലെ മഹായത്നം മഹാമനസ്ക്കതയോടെ ചെയ്യുന്നവരാണവർ.   അവർക്കു പേരുകിട്ടാനില്ല; അതിനവർ മോഹിക്കാറുമില്ല.   കാരണം അവർ അതിനെല്ലാം മുകളിൽ ഒരു പ്രത്യേകതലത്തിലാണ്‌.   അല്ലെങ്കിൽ ആവണം.   പലപ്പോഴും തന്റെ വ്യക്ത്യധിഷ്ടിത വികാരവിചാരങ്ങൾക്കു കടകവിരുദ്ധമായവപോലും പരിശോധിച്ചു പ്രസിദ്ധീകരണയോഗ്യമാക്കാൻ അവർ കടപ്പെട്ടവരാണ്‌.   എഴുത്തുകാരുടെ മുൻപിൽ വായനക്കാരന്റെ വഞ്ചിയിലും, വായനക്കാരുടെ മുൻപിൽ എഴുത്തുകാരന്റെ വഞ്ചിയിലും ആയിരിക്കും എഡിറ്റർ.   രണ്ടുവള്ളങ്ങളും കൂട്ടിക്കെട്ടാനുള്ള പാട് ചില്ലറയല്ല.

ഇന്നിപ്പോൾ പലരും വിചാരിച്ചിരിക്കുന്നത് സൃഷ്ടികൾ അവിടന്നുമിവിടന്നും പെറുക്കിക്കൂട്ടി രണ്ടു കവറിനുള്ളിലാക്കുന്നതാണ്‌ എഡിറ്റിങ്ങ് എന്നാണ്‌.   പരക്കെ കാണുന്നതുമതല്ലേ.   മലയാളത്തിൽ എൻവിയുടെയും എംടിയുടെയും കാമ്പിശ്ശേരിയുടെയും ഡീസിയുടെയുമെല്ലാം കാലം എന്നോ മാഞ്ഞിരിക്കുന്നു.   തുടക്കത്തിൽ കൃതികൾ വെറും ശരീരം മാത്രം; അതിന്റെ ജീവനാണ്‌, അതില്ലെങ്കിൽ അതിനു ജീവൻ വയ്പ്പിക്കുന്നതാണ്‌ എഡിറ്റിങ്ങ്.   രചയിതാവിന്റെ കുഞ്ഞിനെ പോറലേൽക്കാതെ പരിപാലിച്ച് കുടുംബക്കാരെ ഏൽപ്പിക്കുന്ന ചുമതലയാണത് - പേറെടുത്ത് കുളിപ്പിച്ച് പുതപ്പിച്ച് പുന്നാരിച്ച് പാലൂട്ടി കണ്ണെഴുതി പൊട്ടുകുത്തി പേരിട്ട് നാളറിഞ്ഞ്.....

സമ്പാദനം, സംവേദനം, സംപോഷണം, സംശോഷണം, സംവാദം, സമരസം - ഇതെല്ലാം എഡിറ്റർ ചെയ്യേണ്ടതുണ്ട്.   കൊള്ളേണ്ടതുകൊള്ളാനും തള്ളേണ്ടതു തള്ളാനും മടിക്കില്ല, മടിക്കരുത് എഡിറ്റർ.   അതിനുള്ള കഴിവും ധൈര്യവും വേണം.   കൊയ്ത് മെതിച്ച് പാറ്റി ഉണക്കി കുത്തി ചേറ്റി പെറുക്കി കഴുകി അരിച്ച് വേവിച്ച് വിളമ്പുന്ന ആ പരിപാടിയുണ്ടല്ലോ, അതാണ്‌ എഡിറ്റിങ്ങ് എന്ന പ്രക്രിയ.   പേനയും കടലാസ്സുമെടുക്കുന്നവരെല്ലാം എഴുത്തുകാരാവാത്തപോലെ, ചൂലും കത്രികയുമെടുക്കുന്നവരെല്ലാം എഡിറ്റർമാരാകുന്നില്ല.

നല്ല എഡിറ്റർമാർ നല്ല സ്രഷ്ടാക്കളാകണമെന്നില്ല.   ആയാൽ ഉത്തമം.   നല്ല ഗ്രന്ഥകർത്താക്കളും നല്ല എഡിറ്റർമാരാകണമെന്നില്ല.   ആയാൽ അത്യുത്തമം.   അകവും പുറവുമെല്ലാം മാറ്റം വരുത്താൻ അതുതകും.   ഒരു വാക്ക്, ഒരു വാചകം, ഒരു തലക്കെട്ട്, ഒരു പേര്‌, ഒരു ചിഹ്നം - അതുകൊണ്ടെല്ലാം മിഴിവേറ്റുന്നവരുണ്ട്.   എഴുത്തുകാരന്റെ അനുസ്യൂതമായ സർഗ പ്രക്രിയക്കു പലപ്പോഴും തടസ്സമാകുന്നത് മറിച്ചുചിന്തിക്കലാണ്‌, തെറ്റുതിരുത്തലാണ്‌, പകർത്തെഴുത്താണ്‌, പുനർവിചിന്തനമാണ്‌.   ആ പണികൾ നല്ല എഡിറ്റർമാർ സ്വയമേറ്റെടുക്കുന്നു.   അതുകൊണ്ടാകാം നല്ല എഡിറ്റർമാർക്ക് രചയിതാവിനൊപ്പം, പലപ്പോഴും അതിലേറെ പ്രതിഫലം കൊടുക്കുന്നത്.

പദ്യവും (Verse) കവിതയും (Poem) തമ്മിലുള്ള വ്യത്യാസമാണ്‌ പ്രകാശകനും (Publisher) പത്രാധിപരും (Editor) തമ്മിൽ.   വെറും ക്രിയാത്മകമല്ല ഗുണാത്മകം കൂടിയാണ്‌ എഡിറ്റിങ്ങ്.   വണ്ടിയുണ്ടാക്കലും വണ്ടിയോടിക്കലും പോലെ.   ഗ്രന്ഥകാരൻ എഞ്ചിനിയറും ഉടമസ്ഥനും, എഡിറ്റർ ഡ്രൈവറും ഗൈഡും, അനുവാചകർ യാത്രക്കാർ.  

എഴുത്തുകാരന്‌ ഈ ലോകത്തെ സമയം മുഴുവൻ കൈക്കുള്ളിലുണ്ടാകും.   എഡിറ്റർക്ക് സമയക്കുറവേയുള്ളൂ എപ്പോഴും.   സമയശാസനം’ (Deadline) കഴുത്തു ഞെരിച്ചുകൊണ്ടേയിരിക്കും.   പ്രസാധകന്റെയും രചയിതാവിന്റെയും സമ്മർദ്ദത്തിൽ ചതഞ്ഞരയും.   പത്രങ്ങളുടെയും മറ്റുമാകുമ്പോൾ ചില പ്രത്യേകചുമതലകളും തലയിൽവന്നു വീഴുന്നു.   പത്രാധിപത്യം വെറും എഡിറ്റിങ്ങിനേക്കാൾ കഠിനമാണ്‌.   സമകാലിക-രാഷ്ട്രീയ-സാമൂഹിക-സാങ്കേതിക-സാമ്പത്തിക-നിയമാനുസൃത ചട്ടക്കൂട്ടിലൊതുങ്ങി ദിനംപ്രതി പത്രമിറക്കുക എളുപ്പമൊന്നുമല്ല.   കുറെ റിപ്പോർട്ടർമാരെ അഴിച്ചുവിട്ട് ദിവസത്തിലൊരിക്കൽ ഒരു മീറ്റിങ്ങ് കൂടി ബാക്കി സമയം സൊള്ളും സൊറയുമായുള്ള ജീവിതമൊന്നുമല്ല അത്.   കിട്ടിയാൽ കിട്ടി, കുടുങ്ങിയാൽ കുടുങ്ങിഎന്നൊരുതരം ജീവിതമാണത്.   പൊതുവികാരങ്ങൾ അറിയണം.   അവയുമായി സമരസപ്പെടണം.   സംയമനം പാലിക്കണം.   കാലത്തെ കടന്നു ചിന്തിക്കണം.   കയ്യനക്കി കത്തിക്കയറുകയും വേണം.   മുഖപ്രസംഗം’ (Editorial-ന്‌ എന്തൊരു മലയാളം!) അതിശക്തമായൊരു ആയുധമാണ്‌ സമൂഹപരിവർത്തനത്തിന്‌.   അതു പലപ്പോഴും പേനയുന്തായും കൂലിയെഴുത്തായും അധ:പതിക്കാറുള്ളതാണു സംഗതി.   പരസ്യം പത്രപ്രവർത്തനവുമായി ഇണചേർന്ന് 'Advertorial' എന്നൊരു ബൃഹന്നളഅടുത്തകാലത്തായി ഉരുത്തിരിഞ്ഞിട്ടുണ്ട്.  

ഓരോ എഴുത്തുകാരനും ഒരു എഡിറ്റർക്ക് പുതിയ അധ്യാപകനാണ്‌; പുതിയ വിദ്യാർഥിയുമാണ്‌.   തിരിച്ചുമതെ.   എഡിറ്ററുണ്ടെങ്കിൽ തെറ്റുകളെല്ലാം തിരുത്തിക്കൊള്ളും, തിരുത്തിക്കൊള്ളണം, എന്ന മനോഭാവവുമാണു പലർക്കും.   കർത്താവ് കയ്യെഴുത്തു(കമ്പ്യൂട്ടറെഴുത്തു)പ്രതി പ്രസാധകന്‌ അയച്ചുകൊടുക്കുന്നു, കാശും കൊടുക്കുന്നു.   സാധനം അച്ചടിച്ചുവരുന്നു.   പേന (കമ്പ്യൂട്ടർ) എടുത്തവൻ എഴുത്തുകാരനായി വെളിച്ചപ്പെടുന്നു.   മലയാളത്തിൽ ഇന്ന് എഡിറ്റിങ്ങ് ഇല്ല; അതാർക്കും വേണ്ട.   കൃതി തിരിച്ചയക്കപ്പെടും എന്ന പേടിയില്ലാത്തതാണു കാരണം.

ഒരു വരി സ്വയം എഴുതാൻ കഴിയാത്തതിനാൽ മറ്റുള്ളവരുടെ ലേഖനങ്ങളും കഥകളും കവിതകളും മറ്റും സമ്പാദിച്ച്’ (‘സമാഹരിച്ച്എന്നല്ല പറഞ്ഞതെന്നു ശ്രദ്ധിക്കുക)  എഡിറ്ററായി സ്വന്തംപേരുവച്ച് പുസ്തകമിറക്കുന്നവർ കുറവല്ല.   അതിലവർക്കൊരു കുറവുമില്ല.   ശാസ്ത്രസാങ്കേതികമേഖലയിൽ ഇതൊരു പകർച്ചവ്യാധിയാണ്‌.   സർഗാത്മകകൃതികൾക്കു വ്യതിരിക്തമായി, ശാസ്ത്രവിഷയങ്ങളാകുമ്പോൾ വിഷയവിദഗ്ധർ ഒരോ പ്രബന്ധവും പരിശോധിക്കണമെന്നുണ്ട്.   അവിടെത്തുടങ്ങുന്നു അരാജകത്വം.   പൊതിക്കാത്ത തേങ്ങയായിരിക്കും മിക്കപ്പോഴും.   അതൊന്നു പൊതിച്ചുടച്ചരച്ചാലല്ലേ കറിയാക്കാനൊക്കൂ. 

ദശാബ്ദങ്ങൾക്കുമുൻപ്, എന്റെ പഴയൊരു കവിതയുടെ തലക്കെട്ട് ഒരു പോറലുമില്ലാതെ മാറ്റിയെഴുതി കവിതയ്ക്കു തെളിവും മിഴിവും നൽകിയ എന്റെ സഹപാഠിയും പ്രിയസുഹൃത്തു മായ  ജോൺപോളിനെ മറക്കാനാവില്ല.   ഇന്ന് മലയാളസിനിമാരംഗത്ത് മിന്നിനിൽക്കുന്ന ജോൺപോളിന്റെ ആ ഒറ്റത്തിരുത്തലാണ്‌ എനിക്ക് എഴുത്തിലും എഡിറ്റിങ്ങിലും കരുത്തേകിയത്.   എഴുത്തുകാരൻ പാലിക്കേണ്ട സമയനിഷ്ഠയെപ്പറ്റി എന്നെ ബോധവാനാക്കിയതോ മൺമറഞ്ഞുപോയ ആ മഹാപ്രതിഭ പി. ടി. ഭാസ്ക്കരപ്പണിക്കരും.   അദ്ദേഹം സ്റ്റെപ്സ്’-ന്റെ (Scientific, Technical & Educational Publishing Society) എഡിറ്ററായിരുന്ന കാലം.  എന്നെ എഴുതാൻ ഏൽപ്പിച്ച പുസ്തകം വൈകിയപ്പോൾ എനിക്കൊരു കത്തുകിട്ടി:  ഇനിയും വൈകിച്ചാൽ താങ്കളുടെ പേരിൽ ഞാൻ പുസ്തകമെഴുതി പ്രസിദ്ധീകരിക്കുന്നതായിരിക്കും.   പേരു മോശമായാൽ താങ്കൾക്കാണു നഷ്ടം.


പലപ്പോഴും തോന്നാറുണ്ട്, എഡിറ്റിങ്ങിനേക്കാൾ എളുപ്പപ്പണി എഴുത്താണെന്ന്.   ഏടാകൂടത്തിലെന്തിന്‌ എടുത്തുചാടണം?

Sunday 9 October 2016

നളപാകം

ആയിരത്തിത്തൊള്ളായിരത്തി അൻപതുകളിൽ മായാബസാർഎന്നൊരു തമിഴ്-ചലച്ചിത്രം വളരെ ജനസമ്മതി നേടിയിരുന്നു.   ഇന്നത്തെ ഭാഷയിൽ സൂപ്പർ’, അല്ലെങ്കിൽ അടിപൊളി’.   കഥ മഹാഭാരതത്തിൽനിന്ന്.     ഒരുപക്ഷെ തെലുങ്കിൽനിന്നുള്ള ഡബ്ബിങ്ങ് ആയിരുന്നിരിക്കണം.   കാരണം അതിൽ എൻ. ടി. രാമറാവു ഉണ്ടായിരുന്നെന്നാണ്‌ ഓർമ.

അതിലൊരു തട്ടുതകർപ്പൻ പാട്ടുസീനുണ്ട്:  കല്യാണസമയൽസാതം കായ്കറികളും പ്രമാദം അന്ത കൗരവപ്രസാദം ഇതുവേ എനക്കു പോതും...”.   ഭീമന്റെ പുത്രനായ ഘടോൽക്കചൻ തിമിർത്താടുകയാണ്‌.   നൂറ്റൊന്നു കൗരവൻമാർക്കായി ഒരുക്കിയുരുന്ന ഭക്ഷണം ഒറ്റയ്ക്ക് ഒറ്റയടിക്കു ശാപ്പിടുന്ന സീനാണ്‌.   അതിൽ പാത്രത്തിൽനിന്ന് ലഡ്ഡു ഘടോൽക്കചന്റെ തുറന്നവായിലേക്കു ഒന്നിനുപിറകെ ഒന്നായി പറന്നുപൊങ്ങുന്നതു കണ്ട് ഞങ്ങൾ കുഞ്ഞുങ്ങൾ വണ്ടറടിച്ചിരുന്നു.   അന്നത്തെക്കാലത്തെ മികച്ച സിനിമാറ്റിക് ടെൿനിക്കായിരുന്നത്രേ അത്.   പാത്രങ്ങളിലെ ഓരോ വിഭവവും എന്തെന്നു പറയുക, അല്ലെങ്കിൽ പറഞ്ഞു പറ്റിക്കുക - അന്നത്തെ മത്സരക്കളി അതായിരുന്നു, ഞങ്ങൾ കുഞ്ഞുങ്ങൾക്ക്.

ആഹാരത്തിന്റെ വൈവിധ്യം അന്നായിരിക്കണം എനിക്കു ബോധ്യപ്പെട്ടത്.   പിന്നീടിന്നേവരെ ഞാൻ ആഹാരം കഴിക്കുന്നതിനേക്കാൾ ഇഷ്ടപ്പെടുന്നത് വിളമ്പുന്ന വിഭവങ്ങളുടെ മട്ടും മാതിരിയും തരവും തിരിവും നോക്കുന്നതിനാണ്‌.   അൽപം പരീക്ഷിക്കുന്നതിനും.   ലോകത്തെവിടെച്ചെന്നാലും അവിടത്തെ ആഹാരരീതികൾ എന്നെ അത്ഭുതപ്പെടുത്തിയിട്ടേയുള്ളൂ.

(മഹാ)ഭാരതത്തിലാകെ ആഹാരക്കഥകളാണെന്നു തോന്നുന്നു.   ഘടോൽക്കചന്റെ കഥ, ബകന്റെ കഥ, ഭീമന്റെ കഥനളന്റെ കഥ.   പിന്നെ പാഞ്ചാലിയുടെ അക്ഷയപാത്രം, കുചേലന്റെ അവൽപ്പൊതി.  ഇന്നിപ്പോൾ മുഗൾ, അറബിക്, സിന്ധി, ഇറാനി, രാജസ്ഥാനി, ഗുജറാത്തി, പഞ്ചാബി, ബെംഗാളി, മറാഠി, ഗോവൻ, തെലുഗു, തമിഴ്, കന്നഡ, മലയാളി.   അതും പോരെങ്കിൽ യൂറോപ്യൻ, അമേരിക്കൻ, മെക്സിക്കൻ, ചൈനീസ്...

ഇതിൽ നളന്റെ കഥ വേറിട്ടുനിൽക്കുന്നു.   നളൻ തിന്നാനല്ല, തീറ്റാനായിരുന്നു കേമൻ.   ഇന്നത്തെ ഭാഷയിൽ ഒരു സൂപ്പർ ചെഫ് - വെറും ആഹാരമല്ല, അതിവിശിഷ്ടവും അതിസ്വാദിഷ്ടവുമായവ ഉണ്ടാക്കിവിളമ്പാൻ.   അദ്ദേഹത്തിന്റെ സിഗ്നേച്ചർ-മെനു, ചെഫ്സ് ചോയ്സ് ആർക്കും തോൽപ്പിക്കാനായിരുന്നില്ലത്രേ.   നളപാകംഎന്ന വാക്ക് വെറുതെയല്ല ഉണ്ടായത്.   രസനയുടെ അവസാന വാക്ക് അതാണ്‌.

മൃഗങ്ങളിൽ മനുഷ്യൻമാത്രമേ ആഹാരം അത്രമാത്രം രുചിച്ചു രസിച്ചു കഴിക്കാറുള്ളൂ; മനുഷ്യൻമാത്രമേ ആഹാരം പാകം ചെയ്യുന്നുമുള്ളൂ.   വേണ്ടതു വേണ്ടപ്പോൾമാത്രം കഴിക്കുന്നതു മറ്റു മൃഗങ്ങൾ.   വിശപ്പുണ്ടെങ്കിലും ഇല്ലെങ്കിലും, അൽപമായും അമിതമായും ഭക്ഷിക്കുന്നതു മനുഷ്യൻമാത്രം.

ആഹാരം ഒരു സംസ്ക്കാരം കൂടിയാണ്‌, ചിലർക്കൊരു വികാരവും ചിലർക്കു വിചാരവും.   മനുഷ്യൻ ഈ പെടാപ്പാടുപെടുന്നതുമുഴുവൻ ആ ഒരുചാൺ വയറു നിറയ്ക്കാനല്ലേ.   ഒരു ചാൺ വയറ്‌ ഇല്ലാട്ടാ, ഉലകിനിലേ എന്ന ഗലാട്ട”, എന്നു വീണ്ടും തമിഴ്.   സമയാസമയം നോക്കി പ്രാതലും ഉച്ചയൂണും അത്താഴവും മുത്താഴവുമെല്ലാം ഒരു ആചാരംപോലെ നാം അകത്താക്കുന്നു.   അതിനൊരു മുടക്കുവന്നാലത്തെ അങ്കലാപ്പ്!   മനുഷ്യന്റെ പുറംപൂച്ചൊക്കെ അഴിഞ്ഞുവീഴുന്നതു ഭക്ഷണത്തിന്റെ മുൻപിലാണ്‌.   അതിനാൽ നല്ല ആഹാരം നല്ല രീതിയിൽ വയ്ക്കുന്നതുമാത്രമല്ല, അതിമനോഹരമായി വിളമ്പുന്നതും അത് ചിട്ടപ്പടി കഴിക്കുന്നതും സംസ്ക്കാരത്തിന്റെ അളവുകോലായി കണക്കാക്കപ്പെടുന്നു.

ആഹാരത്തിന്റെ കാര്യത്തിൽ ഇന്ത്യയിലെപ്പോലെ വൈവിധ്യം മറ്റെങ്ങും കണ്ടിട്ടില്ല.   തീൻമേശയിൽ ആഹാരമൊരുക്കുന്നതിൽ ഒരുപക്ഷെ ജപ്പാൻകാരായിരിക്കും കേമൻമാർ.   ഫ്രെഞ്ചുകാരെപ്പോലെ, മണിക്കൂറോളം സമയമെടുത്ത് ആഹാരം ആസ്വദിച്ചുകഴിക്കുന്നവര്ർ വേറെയുണ്ടാകില്ല.   തെക്കേ അമേരിക്കയിൽ മലക്കറികളും മാംസാദികളുംകൊണ്ടുണ്ടാക്കുന്ന  വൈവിധ്യവും എടുത്തുപറയത്തക്കതാണ്‌.   അമേരിക്കൻ ഐക്യനാടുകളിലെ ആഹാരം വെറും ഉണക്ക.   ബ്രിട്ടീഷുകാരുടെയോ വെറും പിണ്ണാക്കും.   പോർത്തുഗീസുകാരുടെ കൈപ്പുണ്യം കേളികേട്ടതാണ്‌.   ഭാരതത്തിന്റെയും വിദേശത്തിന്റെയും സംഗമം സംഭവിച്ചതുകൊണ്ടാണ്‌ ഗോവയിൽ ആഹാരത്തിനിത്ര എണ്ണവും പൊലിപ്പും തരവും തിരിവും.   ഗോവക്കാർ നല്ല വെപ്പുകാരെന്നപോലെ വിളമ്പുകാരുമാണല്ലോ.

ഇന്ത്യൻ ആഹാരത്തിന്റെ കുഴപ്പം അതു വേണ്ടുംവണ്ണം വയ്ക്കാൻമാത്രമല്ല ഭംഗിയായി വിളമ്പാനും വൃത്തിയായി കഴിക്കാനുമുള്ള ബുദ്ധിമുട്ടാണ്‌.   നിരവധി ചേരുവകൾ.   എണ്ണമറ്റ കൂട്ടിച്ചേർക്കലുകൾ.   മൃദുവും മൃദുലവും കട്ടികൂടിയതും കട്ടികുറഞ്ഞതും ഓടുന്നതും ഒഴുകുന്നതും ഉരുളുന്നതും ചാടുന്നതുമായ വിഭവങ്ങൾ.   ഭാരതീയവിഭവങ്ങൾ ഉണ്ടാക്കുന്നതുപോലെ തിന്നാനും പഠിക്കണം പ്രത്യേകം!

പാചകത്തിന്റെ തരങ്ങൾ, തലങ്ങൾ പലതാണ്‌.   ചിലതു പച്ചയ്ക്ക്.   ചിലവ ഉണക്കി, ചിലവ ഇടിച്ച്, നനച്ച്.  ചിലവ കുതിർത്ത്, ചതച്ച്.   ചിലവ ഉരുട്ടി, പുരട്ടി, ചിലവ തൂവി.  ചിലവ വാട്ടി, പരത്തി, ചൂടാക്കി, വേവിച്ച്, പുഴുങ്ങി, ചുട്ട്, വറുത്ത്, വരട്ടി, പൊരിച്ച്, പൊടിച്ച്, പുകച്ച്, ഉപ്പിലിട്ട്, ചീയിച്ച്....  എല്ലാംകഴിഞ്ഞൊരു താളിക്കലും.   കേട്ടിട്ടില്ലേ, അവസാനം കടുകുവറക്കുന്നതുവരെ കറിക്കു സ്വാദില്ലെന്ന്?

ഇതെല്ലാംകഴിഞ്ഞ് പാത്രപാകംഎന്നൊന്നുണ്ട്.   ഉണ്ടാക്കിയ പാത്രത്തിൽതന്നെയിരുന്ന് വിഭവം ഒന്നു പതംവരണം.   അപ്പോഴേ നളപാകമാകൂ.

ആഹാരം രുചിക്കുന്നതിലുമുണ്ട് പലവിധം: മണത്തുനോക്കൽ, തൊട്ടുനോക്കൽ, തൊട്ടുനക്കൽ, കൊറിച്ചുനോക്കൽതിന്നുനോക്കൽ എന്നിങ്ങനെ.   ചായയും മദ്യവും പലവ്യഞ്ജനങ്ങളുമെല്ലാം മണത്തും രുചിച്ചുംനോക്കി ('Organolyptic Test') നിലവാരംനിർണയിക്കുന്ന രസനാവിദഗ്ധർക്ക് (Tasters) വലിയ ഡിമാന്റാണ്‌ ലോകമെമ്പാടും!

പാചകത്തിനിടയ്ക്കു രുചിച്ചുനോക്കാതെ നളപാകം ചെയ്യാൻ അത്ര എളുപ്പമൊന്നുമല്ലെന്നു പറയേണ്ടല്ലോ. പണ്ടൊക്കെ രാജാക്കൻമാർക്കു പാകംചെയ്യുമ്പോൾ അങ്ങനെ വേണമായിരുന്നത്രേ.   ഇന്നും പൂജയ്ക്കായി നിവേദ്യമുണ്ടാക്കുമ്പോൾ ഇടയിൽ സ്വാദുനോക്കുന്നതു നിഷിദ്ധമായി കരുതുന്നു.   അല്ലെങ്കിലും വലിയ വലിയ പാചകക്കാർ  അവരുണ്ടാക്കിയ സദ്യ കഴിക്കാറില്ല!   കാരണം ഉണ്ടാക്കിവരുമ്പോഴേക്കും, പലവിധ വിഭവങ്ങൾ കണ്ടും മണത്തും കൈകാര്യംചെയ്തും അവരുടെ രസനാശക്തിയും വിശപ്പുമെല്ലാം പത്തിമടക്കിയിട്ടുണ്ടാകും.   എല്ലാംകഴിഞ്ഞ് വല്ല മോരോ മറ്റോ കൂട്ടി ഇത്തിരി ചോറുവാരിത്തിന്നാലായി.

വളരെ കുറഞ്ഞ അളവിലും (ഒറ്റയ്ക്കും ഒന്നുരണ്ടുപേർക്കുമെല്ലാം) ഒരുപാടു വലിയ അളവിലും (സദ്യക്കും മറ്റും) പാകം ചെയ്യൽ ഒരുപോലെ പാടുള്ള പ്രവൃത്തിയാണ്‌, ചേരുവകളുടെ തോതും പാചകത്തിന്റെ പരുവവുമെല്ലാം അതിസങ്കീർണമായതിനാൽ.    അതെന്തായാലും സ്വന്തം വീട്ടിലെ ഭക്ഷണത്തിന്റെ രുചിവിശേഷം തലമുറകളുടെ മധുരസ്മൃതിയായി കൈമാറപ്പെടുന്നു.   വീട്ടാഹാരവും നാട്ടാഹാരവും തമ്മിലുള്ള വ്യത്യാസമെന്തെന്നു വെളിവാക്കുന്ന ഗണിതശാസ്ത്രപരമായൊരന്വേഷണം അടുത്തിടെ കാണാനിടയായി.   സംഗതി ഇത്രയ്ക്കേയുള്ളൂ - വീട്ടാഹാരം ഒരിക്കലും ഒരേമാതിരി ആയിരിക്കുകയില്ല; അല്ലറചില്ലറ വ്യത്യാസം എന്നും കാണും.   ഹോട്ടൽഭക്ഷണം കിറുകൃത്യമായി എന്നും ഒരുപോലിരിക്കും; അതിനാൽ മടുക്കും.   അതുകൊണ്ടല്ലോ കൊച്ചുപിള്ളേർക്കൊക്കെ അയൽപക്കത്തെ ആഹാരം പഥ്യം!


യാത്രയ്ക്കിടെ കണ്ടുമുട്ടിയ ഒരു ജെർമൻകാരൻ പറഞ്ഞതാണ്‌, ഇന്ത്യയിൽ ആഹാരമെല്ലാം മരുന്നാണെന്നും ഇന്ത്യക്കാർ മുഴുവൻ വൈദ്യൻമാരാണെന്നും.   എന്തു ഭക്ഷണസാധനമായാലും നമ്മൾ അതിന്റെ ഔഷധഗുണങ്ങൾ മുഴുനീളം വിസ്തരിക്കുമത്രേ.   എന്നിട്ടത് അപരനെ തീറ്റാനും ശ്രമിക്കുമത്രേ.   ആരോഗ്യവും ഭക്ഷണവും തമ്മിലുള്ള ബന്ധം സ്പഷ്ടമാണ്‌.   ആയുർവേദത്തിലെ പഥ്യംഎന്ന വിധി അനന്യവുമാണ്‌.   എങ്കിലോ അതിഷ്ടപ്പെടാത്തവരാണേറെ.   പഥ്യത്തിന്‌ ഇഷ്ടമെന്നൊരർഥവും ഉണ്ടെന്നതു രസാവഹമാണുതാനും.

വിശപ്പും രുചിയും തമ്മിൽ ബന്ധമുണ്ടെന്നതു ശരി.   എന്നാൽ രുചി വർദ്ധിപ്പിക്കാൻ വിശപ്പുമാത്രം വർദ്ധിപ്പിച്ചാൽ പോരല്ലോ.   യുദ്ധകാലത്ത് ജപ്പാൻസൈനികരുടെ പുഷ്ടി വർദ്ധിപ്പിക്കാൻ  അവരെക്കൊണ്ട് അന്യഥാ രുചിയില്ലാത്ത ഭക്ഷണം രുചികൂട്ടി ഭക്ഷിപ്പിക്കാനുണ്ടാക്കിയ വസ്തുവാണത്രേ അജി-നൊ-മോട്ടോഎന്നു പിൽക്കാലത്തറിയപ്പെട്ട മോണോസോഡിയം ഗ്ളൂട്ടാമേറ്റ് (Monosodium Glutamate).   സൂപ്പിനും മറ്റും രുചിയേറ്റാൻ പരമ്പരാഗതമായി കടൽപ്പായൽ ഉപയോഗിച്ചിരുന്നു ജപ്പാൻകാർ.   അത്തരം കടൽപ്പായലിൽനിന്നു വേർതിരിച്ചെടുത്ത രാസവസ്തുവാണിത്.   നമുക്ക്, ഉപ്പ്, പുളി, എരിവ്, മധുരം, കയ്പ്പ്, ചവർപ്പ് എന്നിങ്ങനെ ഷഢ്രസങ്ങൾ.   അതോടൊപ്പം ജപ്പാൻകാർ ചേർക്കുന്ന രസവിശേഷമാണ്‌ ഉമാമി’ - ചിലതിൽ നമ്മൾ അനുഭവിക്കുന്ന ഒരു പ്രത്യേകസ്വാദുണ്ടല്ലോ, അതുതന്നെ.   അതുതന്നെയല്ലേ ഒരുപക്ഷേ നമ്മളുദ്ദേശിക്കുന്ന  നളപാകവും?

ഒരോ പാചകക്കാരനിലും പാചകക്കാരിയിലും ഒളിഞ്ഞുകിടക്കുന്ന മനോധർമമാവാം നളപാകത്തിന്റെ വിത്ത്.   ആരുതന്ന റെസിപ്പി ആയാലും ആ വിഭവമുണ്ടാക്കുമ്പോൾ നമ്മളൊരു കൈക്കണക്കൊക്കെ പ്രയോഗിക്കും (കണ്ണളക്കുന്നപോലെ കയ്യളക്കില്ലഎന്നു നാടൻഭാഷ്യം).   അന്ത്യോത്പന്നംമാത്രം കണ്ട് റിവേഴ്സ്-എഞ്ചിനിയറിംഗ്നടത്തി പാചകവിധി കണ്ടെത്തുന്നവരുണ്ട്.   ചേരുവകൾ ചിട്ടപ്പടിയല്ലാതെ ചേർത്തും ഒന്നാംതരം ആഹാരമുണ്ടാക്കുന്നവരുമുണ്ട്.   ആദ്യം കടുകുവറുത്ത്, അതിൽ കായം ചേർത്ത്, കറിവേപ്പിലയിട്ട്, വേവിച്ച പരിപ്പുചേർത്ത്, പച്ചക്കറിക്കഷ്ണങ്ങൾ ചേർത്തിളക്കി, അതിനുമീതെ പുളിയും ഉപ്പുമൊഴിച്ചുണ്ടാക്കുന്ന റിവേഴ്സ്-സാമ്പാർഉദാഹരണം.

നളപാകത്തിലുള്ള നല്ലാഹാരം കഴിക്കാനുംവേണം മിടുക്ക്.   ഭക്ഷണവിഭവങ്ങൾ ഒന്നിനൊന്നു കൂട്ടിച്ചേർത്തുകഴിക്കുക നമ്മുടെ സമ്പ്രദായം.   ചോറും കറിയും ഉപ്പേരിയും പപ്പടവും അച്ചാറുമെല്ലാം പടിപടിയായി കൂട്ടിക്കുഴക്കുമ്പോൾ സ്വാദുവ്യത്യാസമുണ്ടാകുമല്ലോ.   അത്തരത്തിൽ ആറിലധികം നിലവിതാനങ്ങളിൽ ഉപദംശങ്ങൾ കലർത്തി ആഹാരം ആസ്വദിക്കുന്നവരുണ്ടായിരുന്നത്രേ പണ്ട്.   നളപാകത്തിന്റെ പരിപാകം എന്നല്ലാതെന്തുപറയാൻ!   


അതിനാൽ നല്ലൊരു ഭക്ഷണശാലയ്ക്ക് നല്ലൊരു പേരുവേണോ?   സംശയം വേണ്ട: നളപാകം“.

Sunday 2 October 2016

തുസേൻ തക്ക്‌!

കുട്ടിക്കാലങ്ങളിൽ മലയാളപത്രങ്ങളിലൊക്കെ, പ്രത്യേകിച്ച്‌ കിഴക്കൻപത്രങ്ങളിൽ കണ്ടിരുന്ന ഒന്നായിരുന്നു, “ഉദ്ദിഷ്ടകാര്യത്തിന്‌ ഉപകാരസ്മരണ”.   പിന്നിങ്ങോട്ടു ഗോവയിൽ എഴുപതുകളിലെത്തിച്ചേർന്ന കാലത്തും ഇവിടത്തെ പത്രങ്ങളായ പത്രങ്ങളിലെല്ലാം ഇത്തരം താങ്ക്സ്‌ ഗിവിംഗ്‌സ്ഥിരമായിക്കാണാറുണ്ടായിരുന്നു.   ഇന്ന്‌ അവയുടെ എണ്ണം കുറഞ്ഞെന്നു തോന്നുന്നു.   ഒരുപക്ഷെ ആളുകൾ നന്ദികെട്ടവരാകുന്നതാകാം.   അല്ലെങ്കിൽ ഉദ്ദിഷ്ടകാര്യങ്ങൾ നടക്കാത്തതാവാംഎന്തു ചോദിച്ചാലും ദൈവം തരണമെന്നില്ലല്ലോ.   ഇടനിലക്കാരായി പ്രാർഥിക്കാൻ ആളെണ്ണം കൂടിയപ്പോൾ ശല്യമൊഴിവാക്കുന്നതുമാവാം.


നന്ദി ആരോടു ചൊല്ലേണ്ടു?   ചെയ്യേണ്ട കാര്യം ചെയ്തു തരുന്നവരോടോ, ചെയ്യാൻപാടില്ലാത്ത കാര്യം ചെയ്തുതരുന്നവരോടോ?   നന്ദിമാത്രം പ്രതീക്ഷിക്കുന്നവരോടോ, നന്ദികൂടി പ്രതീക്ഷിക്കാത്തവരോടോ?


നമ്മൾ പലപ്പോഴും മറക്കുന്നതും മറയ്ക്കുന്നതും അറയ്ക്കുന്നതും വെറുക്കുന്നതും എല്ലാം ആരോടെങ്കിലും നന്ദി ചൊല്ലേണ്ടിവരുമ്പോഴാണ്‌.   വെള്ളക്കാരുടെതരം വേണ്ടതിനും വേണ്ടാത്തതിനുമുള്ള നന്ദിപ്രകടനമില്ല നമുക്ക്‌.   അതുകൊണ്ടാവാം നന്ദിഎന്ന വാക്കുതന്നെ നമുക്കു മര്യാദയ്ക്കില്ലാത്തത്‌.   നന്ദിതന്നെ നന്നിആയിപ്പോയില്ലേ.  


നന്ദികേടുകൊണ്ടല്ല, മറിച്ച്‌ നമ്മുടെ കൃതജ്ഞത മറ്റൊരു രീതിയിലാണ്‌ പ്രകടിപ്പിക്കപ്പെടുന്നത്‌.   ഒരു കൺതിളക്കത്തിലും ഒരു പുഞ്ചിരിയിലും ഒരു ചുണ്ടനക്കത്തിലും ഒരു തലോടലിലും ഒരു തലകുനിക്കലിലും ഒരു കൈകൂപ്പലിലുമൊക്കെ അതൊതുങ്ങും.   അല്ലെങ്കിൽ ഒതുക്കും.


നോർവേയിലായിരുന്നപ്പോൾ തലങ്ങും വിലങ്ങും കേട്ടിരുന്ന വാക്കായിരുന്നു തക്ക്‌’ (Takk); എന്നുവച്ചാൽ താങ്ക്സ്‌’.   ഞാൻ ആദ്യം പഠിച്ച നോർവീജിയൻ വാക്കും അതായിരുന്നിരിക്കണം.   അവരുടെ കൂടെക്കൂടെയുള്ള നന്ദിപ്രകടനം ഒരു ദേശീയവിനോദമെന്നും മാറാരോഗമെന്നുമൊക്കെ കളിയാക്കപ്പെടാറുണ്ട്‌.   വളരെ നന്ദിയുണ്ടെങ്കിൽ തുസേൻ തക്ക്‌’ (Tusen takk) എന്നു പറയും - ആയിരം നന്ദി, വെരി മെനി താങ്ക്സ്‌.   അതു ഞാൻ ഒരിക്കൽ ഒരു സഹപ്രവർത്തകനോടു പ്രയോഗിച്ചു.   അയാളൊരു മുന്നറിയിപ്പു തന്നു: തുസേൻ തക്ക്‌വരെ കൊള്ളാം; പക്ഷെ തുസേൻ തുസേൻ തക്ക്‌’ (ആയിരമായിരം നന്ദി) പറഞ്ഞാൽ കളി മാറും.   അത്രയ്ക്കു നന്ദി പറഞ്ഞാൽ എന്തോ പന്തികേടു മണക്കുമത്രേ നോർവേക്കാർ.   എന്താല്ലേ?   നമ്മുടെ രാഷ്ട്രീയക്കാരെ അവരറിയുമായിരിക്കും!


നമ്മുടെ കലാസാഹിത്യരാഷ്ട്രീയപരിപാടികളിൽ കണ്ടിട്ടില്ലേ, കൃതജ്ഞതാപ്രകടനത്തിന്റെ നീട്ടവും നേട്ടവും.   അരങ്ങിൽ സ്വന്തം പേരിലും മറ്റൊന്നിന്റെ പേരിലുംഎന്നു തുടങ്ങുമ്പോൾ പൊതുജനം സദസ്സു കാലിയാക്കും.   ഗോവ സാഹിത്യകൂട്ടായ്മയിലെ പി. എൻ. ശിവശങ്കരൻ പറയും, താൻ എന്തു പരിപാടി ഒരുക്കിയായാലും അവസാനം എങ്ങിനെയോ നന്ദിപ്രകടനം എന്ന ആർക്കുമിഷ്ടമല്ലാത്ത ചുമതല എന്നും തന്റെ തലയിൽതന്നെ വന്നിവീഴുമെന്ന്.   തന്നെ വേറൊന്നിനും കൊള്ളാത്തപോലെ!


പൂച്ച നന്ദി കെട്ടതത്രേ, കാര്യസാധ്യത്തിനുള്ള ഇണക്കംമാത്രമേയുള്ളൂ.   പരശ്രദ്ധകിട്ടുന്നില്ലെന്നു തോന്നിയാൽ മറ്റൊരിടത്തേക്കു ചേക്കേറും.   പട്ടിക്കങ്ങനെയല്ല.   കൂറും നന്ദിയും ഒരിക്കലുണ്ടായാൽ പിന്നെ വിട്ടുമാറില്ല.  തമിഴിലൊരു പാട്ടുണ്ട്‌, “ഒരേയൊരു ഊരിലെ ഒരേയൊരു രാജ...”.   അദ്ദേഹത്തിന്റെ റാണി ഒൻപതു പെറ്റു.   അതിൽ ഒന്നുകൂടി ഗുണംപിടിച്ചില്ല; അവർ ഓരോരോ വഴിക്കു പോയി.   ഒടുവിൽ രാജാവ്‌ ഒരു നായയെ വളർത്തി സന്തോഷമായി ജീവിച്ചു എന്നു കഥ.


ചിലർക്കൊരു സ്വഭാവമുണ്ട്‌.   കേവലം ഒരു മൊട്ടുസൂചി ആയിരിക്കാം; ഒരിക്കൽ തന്നാൽ ജീവിതകാലം മുഴുവൻ അതിനെപ്പറ്റി ഓർമിപ്പിച്ചുകൊണ്ടേയിരിക്കും   നിവൃത്തിയില്ലാതെ അവരുടെ സഹായം ഒരുപക്ഷെ നമ്മളെപ്പോഴോ എടുത്തിരിക്കും; അതും വച്ച്‌ ജീവിതകാലം മുഴുവൻ വിലപേശും.   എല്ലാമങ്ങ്‌ വിട്ടെറിഞ്ഞുകൊടുത്താലോ എന്നു തോന്നിപ്പോകും അവസാനം.


എന്നാലോ നന്ദിയേ പ്രതീക്ഷിക്കാത്തവരുണ്ട്‌. അടുത്തിടെ (സെപ്റ്റംബർ, 2016) തമിഴ്നാടുമായുള്ള കാവേരിവെള്ളത്തർക്കത്തെച്ചൊല്ലി കർണാടകം തിളച്ചു മറിഞ്ഞ ദിവസങ്ങളിൽ കേരള-തമിഴ്നാട്‌ ഹൈവേയിലോടുന്ന കർണാടകവണ്ടികളെ തമിഴ്നാടുപോലീസ്‌ ഒരു പോറലുമേല്ക്കാതെ മുന്നൂറിലധികം കിലോമീറ്റർ അകമ്പടി സേവിച്ചു സംരക്ഷിച്ചതായി കണ്ടു.   അതിർത്തി കടത്തിവിട്ട ഉടനെ യാതൊരു ഭംഗിവാക്കിനും നിൽക്കാതെ അവർ തിരിച്ചുള്ള വണ്ടികൾക്കു സംരക്ഷകരായി തിരിച്ചുപോയത്രേ.   ഒരു കൈ ചെയ്യുന്നത്‌ മറുകൈ അറിയിക്കാത്തവർ.   അത്‌ ഭാരതീയസംസ്ക്കാരം.


ആഹാരത്തിന്‌ നന്ദി. സൗഹൃദത്തിന്‌ നന്ദി. ചീത്ത ചെയ്യാത്തതിന്‌, തല്ലാത്തതിന്‌, കൊല്ലാത്തതിന്‌ നന്ദി.   ഇതെല്ലാം, ഒരു ഗിഫ്റ്റ്‌കൊടുത്താൽ താമസിയാതെ റിട്ടേൺ ഗിഫ്റ്റ്‌പ്രതീക്ഷിക്കുന്ന മാന്യന്മാരുടേതാണെന്നോർക്കുക.   പിറന്നാൾ-പാർട്ടി കഴിഞ്ഞാൽ റിട്ടേൺ-ഗിഫ്റ്റ്‌ ഇല്ലെങ്കിൽ പിള്ളേർ പിണങ്ങുമെന്ന സ്ഥിതിയിലേക്കെത്തിയിരിക്കുന്നു കാര്യങ്ങൾ.


കൈനീട്ടം പണ്ടേ പതിവുണ്ട്.   അത് സന്തോഷത്തോടെ അറിഞ്ഞുകൊടുക്കുന്നതാണ്‌.   ഒരു തരത്തിൽ ടിപ്സ്’ (Tips), ‘ബക്ഷീസ്എന്നു ഭാരതീയം..   കൈനീട്ടം വലുതാകുമ്പോൾ കൈനേട്ടം ആകും.   അതു കുറെക്കൂടി വലുതാകുമ്പോൾ കാണിക്ക ആവും.   ചോദിച്ചുവാങ്ങുമ്പോൾ ചായ്-പാനി’.   വിരട്ടി വാങ്ങുമ്പോൾ ഹഫ്തആകും.   അതു വലുതായാൽ കൈക്കൂലി ആകും.   ഗിഫ്റ്റ്ഇവയെ എല്ലാം വർണക്കടലാസ്സിൽ പൊതിയും!

ഒരാൾ വീട്ടിൽവന്നാൽ ഒരു പാത്രം വെള്ളം, ഉള്ളതുപോലെ ഓണം.   സമ്മാനിക്കുന്നതും (സമ്യക്കാകുംവണ്ണം മാനിക്കൽഎന്നു പദാർഥം) സ്വീകരിക്കുന്നതും യാതൊരു ഉപാധിയുമില്ലാതെയാണ്‌ നമുക്ക്‌.   അതൊരു കടമയും അവകാശവുമാണ്‌ നമുക്ക്‌.   വെള്ളക്കാർക്ക്‌ ഒരു കപ്പു കാപ്പിക്കുകൂടി താങ്ക്സ്‌പറഞ്ഞേതീരൂ.   മുട്ടിയാൽ സോറി’, മുട്ടിയില്ലെങ്കിൽ താങ്ക്സ്‌’; കൊന്നാൽ സോറി’, കൊന്നില്ലെങ്കിൽ താങ്ക്സ്‌’!   ഇനിയൊരു ഇടപാടുണ്ട്‌ - പ്ലീസ്‌!   ഇനിയുമുണ്ട്: കൺഗ്രാജൂലേഷൻസ്’ ('Congratulations') - ‘അഭിനന്ദനങ്ങൾ’; ഇനിയുമൊന്ന് ഓക്കെ’ ('Okay').  ‘സോറി, ഞാൻ നിന്നെ കൊന്നോട്ടേ പ്ളീസ്.  ഒക്കെക്കഴിഞ്ഞു, ഓക്കെ.  നിന്നുതന്നതിനു താങ്ക്സ്.   ചത്തുതന്നതിനു കൺഗ്രാജുലേഷൻസ്’, എന്ന മട്ട്.



താങ്ക്സ്‌, ശുക്രിയ, ധന്യവാദ്‌, ഉബ്രിഗാദ്‌, തക്ക്‌; പ്ളീസ്‌; സോറി, മാഫ് കീജിയേ, മാഫി മുശ്കിൽ; കൺഗ്രാജുലേഷൻസ്, അഭിനന്ദൻ  - എന്തോ ഭാരതീയരുടെ ഒറിജിനൽ വാമൊഴിവഴക്കത്തിൽ ഇതുപോലെയൊന്നും  വാക്കുകളില്ല.   നമ്മളത്രയ്ക്കു മോശക്കാരൊന്നുമല്ലല്ലോ പണ്ടേ!   പിന്നെന്താനന്ദി നമുക്കു മനസ്സിലാണ്‌.   അതുകൊണ്ടു വായിലെത്താൻ വൈകും.   നന്ദി പറച്ചിലല്ല, പ്രകാശനമാണു നമുക്ക്.   ഒരു പുഞ്ചിരി.   അതു മതി.   അതുമാത്രം മതി, നമുക്കു നന്ദി പ്രകടിപ്പിക്കാൻ.

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...