Sunday 27 September 2015

ചെയ്യാനൊന്നുമില്ലെങ്കില്‍

പണ്ട്‌, ഭാരതീയനാവികസേനയുടെ സമുദ്രപര്യവേക്ഷണപ്രവര്‍ത്തനങ്ങള്‍ക്കായി 'ഐ. എന്‍. എസ്‌. ദര്‍ശക്‌' എന്നൊരു കപ്പലുണ്ടായിരുന്നു. രണ്ടുവിധത്തില്‍ ഞാന്‍ അതുമായി ബന്ധപ്പെട്ടിരുന്നു; ഒന്ന്‌ ഔദ്യോഗികമായും മറ്റൊന്ന്‌, വ്യക്തിപരമായി, അതില്‍ നാവികനായിരുന്ന എണ്റ്റെ സഹപാഠി തൃപ്പൂണിത്തുറ തച്ചേരില്‍ ശങ്കരനാരായണന്‍മൂലവും. ആ കപ്പലിണ്റ്റെ ചുക്കാണ്റ്റടുത്ത്‌ എഴുതിവച്ചിരുന്നത്‌ ഒരിക്കലും മറക്കാനാവില്ല: "ചെയ്യാനൊന്നുമില്ലെങ്കില്‍, അതിവിടെ ചെയ്യണ്ട!" (INS Darshak: "If you have nothing to do, Don't do it here!") അതെ. 'ചെയ്യാനൊന്നുമില്ലാ'ത്തത്‌ ഇവിടെ ചെയ്യണ്ട! പ്രത്യേകിച്ചുചെയ്യാന്‍ ഒന്നുമില്ലാത്തവര്‍ അവിടെ കയറണ്ട; കറങ്ങണ്ട..... ഇതിലും മൃദുവായ ഉഗ്രശാസനം ഉണ്ടാകുമോ? വെറുതെ നഷ്ടപ്പെടുത്തുന്ന യുവശക്തി ഒരു നാടിണ്റ്റെ ശാപമാണ്‌. മറ്റു യുവാക്കളെ അച്ചടക്കം പഠിപ്പിക്കുന്നതിനു മുന്‍പു പഠിക്കേണ്ടത്‌, സ്വന്തം അച്ചടക്കമാണ്‌. എങ്ങിനെ യുവരക്തം വഴിതിരിച്ചുവിടണം എന്നാണു പഠിക്കേണ്ടത്‌, അല്ലാതെ യുവരക്തത്തിനു തടയിടാനല്ല. അച്ചടക്കം ആത്മനിന്ദയല്ല. ആകരുത്‌; ആക്കരുത്‌. അച്ചടക്കം എന്തെന്നറിയാന്‍ സൈനികരെ കണ്ടുപഠിക്കണം. കുറെക്കാലം മുംബൈ-പോലുള്ള നഗരങ്ങളില്‍ താമസിക്കണം. ജനത്തെയറിയാന്‍ തീവണ്ടിയില്‍ ഭാരതം മുഴുവന്‍ യാത്രചെയ്യണം. പണിയുടെ മാഹാത്മ്യമറിയാന്‍ പരദേശത്തു പണിയെടുക്കണം. അല്ലെങ്കില്‍ വയറു വാടണം. ഇതെണ്റ്റെ അനുഭവം, അഭിപ്രായം. പുതിയ ജോലി കിട്ടിയപ്പോള്‍ 'അവിടെ കാര്യമായി ജോലിയൊന്നുമി'ല്ലെന്നു 'സന്തോഷി'ച്ചവരെ എനിക്കറിയാം. ജോലികിട്ടിയശേഷം ലീവെടുക്കാന്‍ കാത്തിരിക്കുന്നവരാണവര്‍. ഓഫീസില്‍ 'സമയത്തിനുവരണം, സമയത്തിനേ പോകാവൂ' എന്നുവന്നാല്‍, 'ഇടയ്ക്കൊന്നും ചെയ്യേണ്ട' എന്നു വ്യാഖ്യാനിക്കുന്നവരാണവര്‍. 'നോക്കുകൂലി'ക്കാരേക്കാള്‍ അപകടകാരികളാണവര്‍. വരി നില്‍ക്കുമ്പോള്‍ ക്ഷമയില്ലാത്തവരാണവര്‍; വണ്ടിയോടിക്കുമ്പോള്‍ ക്ഷുഭിതരാണവര്‍. പണിചെയ്യാതെ പണം മോഹിക്കുന്നവരാണവര്‍. ജീവിതത്തിന്‌ അര്‍ഥം കാണാത്തവരാണവര്‍. സമൂഹത്തിലൊട്ടിപ്പിടിച്ചു ചോരയും നീരുമൂറ്റുന്ന പരഭോജികളാണവര്‍. കവലകളില്‍ വായനോക്കി നില്‍ക്കുന്നവരാണവര്‍. ഇന്നിടത്തേക്കെന്നില്ലാതെ വണ്ടിപായിക്കുന്നവരാണവര്‍. കൊച്ചുകാര്യം വരുമ്പോള്‍ അതു വലുതാക്കിക്കാണുന്നവരാണവര്‍. എന്തോ വലിയ കാര്യം ചെയ്തമാതിരി ചുറ്റുംനോക്കി 'അമ്പട ഞാനേ' എന്നു വിശ്വസിക്കുന്നവരാണവര്‍. 'ഞാനാരു മോന്‍' എന്നു വിശ്വസിപ്പിക്കാന്‍ പരാക്രമം കാട്ടുന്നവരാണവര്‍. തിളച്ചു മറിയേണ്ട യുവത്വം ഗോവയിലും സമീപപ്രദേശങ്ങളിലും തണുത്താറിയിരിക്കുന്നു. രാഷ്ട്രീയക്കാര്‍ വിളിച്ചാല്‍പോലും ചെവികൊടുക്കാത്ത യുവജനങ്ങളാണ്‌ ഈ പ്രദേശത്ത്‌ - നല്ലത്‌. പക്ഷെ ഒരു ചതുര്‍ഥി വന്നാല്‍, ദീപാവലി വന്നാല്‍, ക്രിസ്മസ്‌ വന്നാല്‍, കാര്‍ണിവല്‍ വന്നാല്‍, റംസാന്‍ വന്നാല്‍, ബക്രീദുവന്നാല്‍ ബാക്കി സകലതും മറക്കുന്ന മനസ്സുകള്‍..... അതു യുവചേതനയ്ക്കു ചേര്‍ന്നതല്ല. ക്രിയാത്മകമായി, സര്‍ഗാത്മകമായി, സോദ്ദേശപരമായി ചെയ്യേണ്ട കാര്യങ്ങള്‍ക്കു ചെലവിടേണ്ട ശ്രമവും സമയവും ധനവും, വെറും ചെമ്മണ്ണുമായി, തെര്‍മോക്കോളുമായി, തീറ്റയുമായി മല്ലിട്ടു തരംതാഴ്ത്തേണ്ടതല്ല. അവിടെയുമിവിടെയുമായി ബൈക്കില്‍ പാഞ്ഞുനടന്ന്‌ നശിപ്പിക്കേണ്ടതല്ല യുവശക്തി. ഒരു ഗണേഷ്‌-ചതുര്‍ഥി വന്നാല്‍ നാടാകെ വര്‍ണക്കടലാസ്സായി, ഒരിക്കലും തനിയെ വിഘടിക്കാത്ത തെര്‍മോക്കോളായി, പിന്നെ ഒച്ചയായി, ബഹളമായി, കൂടെക്കൂടിയില്ലെങ്കില്‍ ചീത്തപ്പേരായി. കത്തിച്ചുകളയാന്‍മാത്രമായി, 'നരകാസുര'നെന്നൊന്നുണ്ടു ഗോവയില്‍. രാവും പകലും പണവും ചെലവഴിച്ച്‌ കാലങ്ങളായി ഒരേമട്ടില്‍ യാതൊരു സര്‍ഗബോധവുമില്ലാതെ, കലാമൂല്യമില്ലാതെ, പടച്ചുവിടുന്ന വൈരൂപ്യങ്ങള്‍. അതിനെച്ചൊല്ലിയുള്ള പിച്ചപ്പേച്ചും വാഗ്വാദങ്ങളും, എന്തിന്‌ പാരവെയ്പ്പും തീവെയ്പ്പുംവരെ! യാതൊരു തൊഴിലുമില്ലാത്ത, ഒരു തൊഴിലും ചെയ്യാന്‍ തയ്യാറില്ലാത്ത ചെക്കന്‍മാര്‍, സമയംകൊല്ലാന്‍മാത്രം, ചില്ലറ കൊയ്യാന്‍മാത്രം ചെലവഴിക്കുന്ന ദിനരാത്രങ്ങള്‍ ഒരു നാടിണ്റ്റെ നന്‍മയെ നശോന്‍മുഖമാക്കുന്നു. അവരുടെ വീര്യ-ശൌര്യ-പരാക്രമങ്ങള്‍ ഒരു കോലം കത്തിക്കലിലൊതുങ്ങുന്നു! പിന്നെ 'കാര്‍ണിവല്‍'. എന്തോ തട്ടിക്കൂട്ടി എങ്ങിനെയോ ഒപ്പിച്ചുകാട്ടുന്ന ദൃശ്യാഭാസങ്ങള്‍!. തിടുക്കത്തില്‍ ആളെക്കൂട്ടി പണംകൊയ്യുന്ന ബിസിനസ്സാണ്‌ ഗോവയിലെ കാളപ്പോര്‌; 'ധീരിയോ' എന്നു ചെല്ലപ്പേര്‌. തൊഴിലില്ലാപ്പയ്യന്‍മാര്‍ ഒരിടത്തൊത്തുകൂടി ആര്‍ക്കോവേണ്ടി പണമുണ്ടാക്കിക്കൊടുക്കുന്നു. യുവതയെ ഇത്രയധികം നശിപ്പിക്കുന്ന ഒരേര്‍പ്പാട്‌ വേറെങ്ങും കണ്ടെന്നു വരില്ല. കുറെ രാഷ്ട്രീയക്കാരും കള്ളപ്പണക്കാരും തെമ്മാടികളും ഒന്നുചേര്‍ന്ന്‌, നിഷ്കളങ്കമായ ഇളംമനസ്സുകളെ പന്താടുന്നു. വാച്യാര്‍ഥത്തില്‍ തന്നെ ഗോവയില്‍ പന്തുരുളുന്നത്‌ നാടിണ്റ്റെ നെഞ്ചുപൊളിച്ചാണ്‌. 'മട്ക'-പോലെ, 'കാസിനോ'-വും കൊങ്കണ്‍ജനതയെ വിഭ്രമിപ്പിക്കുന്ന മറ്റൊരു ഏര്‍പ്പാടാണ്‌, മെയ്യനങ്ങാതെ പണം വാരാന്‍. പണമച്ചടിക്കാന്‍ ഭാരതീയ റിസര്‍വ്‌ ബാങ്കിനല്ലാതെ വേറെ ആറ്‍ക്കും അധികാരമില്ലെന്നിരിക്കെ, ഏതു ചൂതാട്ടത്തിലായാലും പണമിടപാടിലായാലും അധികവരുമാനമുണ്ടാകുന്നത്‌ മറ്റാരുടെയൊ നഷ്ടത്തില്‍നിന്നാണെന്നതു തീര്‍ച്ച. കറക്കിക്കുത്തുകാര്‍ നഷ്ടത്തിനല്ലല്ലോ കടയിട്ടിരിക്കുന്നത്‌. അപ്പോള്‍ നഷ്ടം ലാഭക്കൊതിമൂത്ത നാട്ടുകാര്‍ക്കുതന്നെയാകും. നേരമ്പോക്കിനെ ഒരുപ്പോക്കിനുള്ള വഴിയാക്കുന്നു ഈ കള്ളവാണിഭക്കാര്‍. തിരുപ്പിറവിയുടെ സന്ദേശം, കാലംതെറ്റിയ കളിമണ്‍രൂപങ്ങളിലോ കടലാസ്സുപൂവുകളിലോ പഞ്ഞിമഞ്ഞിലോ അല്ല. ഓണം-വിഷു-തിരുവാതിര വെറും സദ്യയല്ല, കൈകൊട്ടിക്കളിയല്ല, കയ്യാംകളിയല്ല. റംസാന്‍ രാത്രിസദ്യയല്ല, മോടിവസ്ത്രങ്ങളല്ല. ദീപാവലി കള്ളപ്പണം കൊടുക്കാനും കൊള്ളാനും കൊയ്യാനും ഉള്ള കോപ്പല്ല. വെറുതെയിരിക്കുന്നവണ്റ്റെ തല ചെകുത്താണ്റ്റെ പണിപ്പുരയാണെന്നു പറയുന്നതു ശരിയാണ്‌. ചെയ്യാനൊന്നുമില്ലെങ്കില്‍, അവരതു ചെയ്തിരിക്കും: അരുതാത്തതെന്തും!

No comments:

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...