Sunday 27 September 2015

മലയാളിത്തെറ്റുകള്‍

സ്വതേ സ്വയംമാന്യന്‍മാരാണു മലയാളികള്‍. മറ്റുള്ളവരുടെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കാനും കുറ്റവും കുറവും കണ്ടെത്തി കളിയാക്കാനും പെര്‍മനെണ്റ്റ്‌-ലൈസെന്‍സ്‌ ഉണ്ടവര്‍ക്ക്‌. അതുകൊണ്ടായിരിക്കണം ഇത്രയധികം കാര്‍ട്ടൂണിസ്റ്റുകള്‍ മലയാളികളായത്‌. സമൂഹത്തിനുനേരെ പിടിക്കുന്ന കണ്ണാടിയാണ്‌ കാര്‍ട്ടൂണ്‍ എന്നു പറയും. പക്ഷെ കളിയാശാന്‍മാരായ മലയാളികള്‍ വല്ലപ്പോഴുമേ അതു സ്വന്തം നേര്‍ക്കു തിരിച്ചുപിടിക്കൂ. കാരണമെന്തോ. കാരണവര്‍ക്ക്‌ അടുപ്പിലുമാകാം എന്നൊരു ഗര്‍വുണ്ട്‌. പിന്നെ തനിക്കുശേഷം പ്രളയം എന്നൊരു തോന്നലും. സായിപ്പിനെ നാക്കുവടിക്കാന്‍ പഠിപ്പിച്ചു തോറ്റവരാണു മലയാളികള്‍. മദാമ്മയുടെ മാദകത മലയാളിക്കു മറ്റെന്തോ ആണ്‌. വടക്കന്‍മാരെ രണ്ടുനേരം കുളിപ്പിക്കാനും വളരെ പാടുപെട്ടിട്ടുണ്ടു നമ്മള്‍. ചപ്പാത്തി തിന്നാത്തതുകൊണ്ടാണ്‌ ഹിന്ദി വഴങ്ങാത്തതെന്ന യുക്തിയും നമുക്കുണ്ട്‌. സെപ്തംബര്‍ കഴിഞ്ഞാല്‍ 'ഒക്‌തംബര്‍' നമുക്കില്ല, 'നൊയമ്പ'റും. ബട്ടട്ടര്‍-ടൊമാട്ടര്‍-മട്ടര്‍ നമ്മുടെ ആഹാരമേയല്ല. ദില്ലിവാലയുടെ 'ഡെപ്ടി'-വേലകള്‍ ചെപ്പിടിവിദ്യകളായി നാം തിരിച്ചറിയുന്നു. 'പഷ്ട്‌' എന്നു കമണ്റ്റടിക്കും, മറാഠിയുടെ 'പോഷ്ട്‌-ആപ്ഫീസ്‌' എന്നു കേട്ടാല്‍. തമിഴനെ തണ്ണി കുടിപ്പിക്കും മലയാളത്താന്‍. തെലുങ്കണ്റ്റെ 'ജീറോ'-ജാടകള്‍ മലയാളിക്കു വെറും 'സീറോ'. ഗോവക്കാരുടെ 'ചപ്പാട്ടി'യും 'ഫുഡ്‌'ബോളും 'ടൌസണ്റ്റു'മെല്ലാം എന്തരോചകം അല്ലേ നമുക്ക്‌. തല്ലുകിട്ടാന്‍ വന്നാല്‍, താന്‍ സിമ്പിള്‍-മലയാളി, സിമ്പ്‌ളി പറഞ്ഞതാണതെല്ലാം എന്നൊരു ചുറ്റിക്കറക്കവും ഇല്ലാതില്ല. അന്യരെ തിരുത്തുന്നതിനു മുന്‍പ്‌ നമ്മളെത്തന്നെ ഒന്നു തിരുത്തുന്നതു നല്ലതല്ലേ? ട്രെയിനില്‍വച്ച്‌ തികച്ചും 'അഭ്യസ്ഥ'വിദ്യനായൊരാള്‍ തികച്ചും 'അബിമാന'ത്തോടെ പറഞ്ഞതാണ്‌ തണ്റ്റെ മകന്‍ 'ഭാരദീയ വിധ്യാബവ'നിലാണെന്ന്‌. രാഷ്ട്രീയക്കാരുടെ 'വികസ്സന'ത്തിനു മുന്‍പില്‍ ടീവി-ക്കരുടെ 'പ്രതിക്ഷേദം' ഒന്നുമല്ല. 'പീഡന'ത്തിനു കരുത്തുപോരാഞ്ഞിട്ടാവാം അതിനെ 'പീഢന'മാക്കിയത്‌. അസ്തിവാരം കരുത്തുറ്റ 'അസ്ഥിവാരം' ആയതുപോലെ. കഷ്ടം 'കഷ്ഠ'മായതുപോലെ. ആഡംബരം 'ആഢംബരം' ആയപോലെ. പലര്‍ക്കും 'ഫാര്യ'യാണ്‌ ഇക്കാലത്ത്‌. 'പ്രഫ' എന്ന പേരും കേട്ടു അടുത്തിടെ. നന്നി-യെപ്പോലെ സുന്നരി-യും ഒരു വഴിക്കായിക്കഴിഞ്ഞു. എനിക്കൊരു മേലധികാരിയുണ്ടായിരുന്നു. മലയാളി. കറകളഞ്ഞ ബ്രിട്ടീഷ്‌-ഇംഗ്ളീഷിലേ സംസാരിക്കൂ. ഇന്‍ഡ്യന്‍-വാക്കുകള്‍പോലും അച്ചടിവടിവിലേ വെളിക്കുവരൂ. പക്ഷെ 'ഗംഗാധരറാവു' എന്നു പറയുമ്പോള്‍ മാത്രം..... അതു 'ഗങ്ങാധര'റാവു ആയിപ്പോകും. ചൊട്ടയിലെ ശീലം. ഇംഗ്ളീഷുവാക്കുകളും സ്ഥലപ്പേരുകളുമാണ്‌ മലയാളിയുടെ 'നിദ്രേവത്വം'. കഥയോര്‍മയുണ്ടല്ലോ, അസുരനായ കുംഭകര്‍ണന്‍ 'നിര്‍ദേവത്വം' (ദൈവനാശം) എന്ന വരം ചോദിക്കാനുദ്ദേശിച്ച്‌ 'നിദ്രേവത്വം' (മുടിഞ്ഞ ഉറക്കം) ചോദിച്ചു വാങ്ങിയത്‌. നാക്കിലെ ഗുളികന്‍. അത്ര തന്നെ. അതുപോലെ മലയാളിയുടെ നാക്കിലും എന്തോ ഒന്നുണ്ട്‌. അല്ലെങ്കില്‍ അംബാസ്സഡര്‍ 'അംബാസ്സിഡര്‍' ആകുമോ? ഫ്ളെക്സ്‌-ബോര്‍ഡ്‌ 'ഫ്ളക്സ്‌-ബോര്‍ഡ്‌' ആകുമോ? എംപാനല്‍ (അതൊരു ലിസ്റ്റ്‌ ആണേ, 'ലീസ്റ്റ്‌' അല്ല) എം-പാനല്‍ ആകുമോ? ചലാന്‍ 'ചെല്ലാന്‍' ആകുമോ? ക്വോട്ട 'ക്വാട്ട' ആകുമോ? 'ബായ്‌ഗ്‌' എന്തെന്നറിയാമോ? അന്നത്തെ ബോംബെ, ബംബായി-ബംബായ്‌-ബോംബായ്‌ വഴി 'ബോംബ' വരെ ആക്കി മലയാളികള്‍. അവിടെ ഒരു 'മാട്ടുങ്കാവ്‌' ഉണ്ടാക്കി, ബോറീവല്ലി-യും കാന്തീവല്ലി-യും നട്ടുവളര്‍ത്തി. പണ്‍വെലിനെ 'പനവേലാക്കി' ആകാശം മുട്ടിച്ചു. മറാഠിയെ 'മറാത്തി'യാക്കി ശ്വാസം മുട്ടിച്ചു. അങ്ങു വടക്ക്‌ ഭവ്നഗറിനു 'ഭാവനഗര്‍' എന്നു ഭാവം പകര്‍ന്നു. ഇങ്ങു തെക്ക്‌ 'കല്ലം'ഗൂട്ടെന്നു കല്ലെറിഞ്ഞു. 'ഗെള്‍ഫി'ലാണെങ്കില്‍ 'ദുബായി'. അവിടെപ്പിന്നെ 'ഹുണ്ടായി' വണ്ടി, 'അക്കായി' സ്റ്റീറിയോ. 'ശെരി'ക്കു പറഞ്ഞാല്‍ മലയാളി ഇന്ന് 'ഫുഡ്‌' മാത്രമേ കഴിക്കൂ, ഊണുനിര്‍ത്തി. 'ഞാന്‍' ഇല്ല; ഞാനെന്ന അഹന്തയുമില്ലേയില്ല. 'ഞങ്ങ'ളുമില്ല. എല്ലാം 'നമ്മള്‍' ആയി. സൂക്ഷിച്ചേ വര്‍ത്തമാനം പറയൂ. 'ആരാ?' എന്നു ചോദിച്ചാല്‍ 'ഞാനോ?' എന്ന മറുചോദ്യമായിരിക്കും മറുപടി. 'പേരെന്താ?' എന്നതിനു 'എണ്റ്റെയോ?' എന്നും, 'വയസ്സെത്ര?' എന്നതിന്‌ 'എനിക്കോ? എന്നും. നമ്മള്‍ പിന്നെ തന്തക്കാര്യമോ സംസാരിക്കുക? 'മിസ്ച്ചീവിയസ്‌' എന്നും 'മാഗ്നിഫിഷ്യണ്റ്റ്‌' എന്നും 'ഇണ്റ്റിജീനിയസ്‌' എന്നുമെല്ലാം മലയാളി വച്ചുകാച്ചും. 'ആക്ച്ച്വലി', 'സെയിം', 'സിംബ്‌ളി' എല്ലാം ഇഷ്ടവാക്കുകള്‍. "വൈ ഡിഡ്‌ എ മലയാളി ക്രോസ്സ്‌ ദ്‌ റോഡ്‌?" എന്നൊരു കുസൃതിച്ചോദ്യമുണ്ട്‌. ഉത്തരം: "സിംബ്‌ളി". ഇതൊന്നുമല്ല മലയാളിത്തെറ്റ്‌. ഉടനെ ഇറക്കും മറുപക്ഷം. അമ്മയെത്തല്ലിയാലുമുള്ള രണ്ടുപക്ഷം, നോ?

No comments:

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...