Thursday 21 January 2010

അത്യുന്നതങ്ങളിൽ മഹത്വം.

അത്യുന്നതങ്ങളിൽ മഹത്വം പൊതുവെ കമ്മിയാണ്‌ (ഭൂമിയിൽ സമാധാനവും). എന്നാൽ ഒരു സ്വകാര്യ-ഇംഗ്ലീഷ്‌മീഡിയം കലാലയത്തിന്റെ തലപ്പത്തിരിക്കുമ്പോഴും തന്റെ മകളെ സർക്കാർ-മറാഠി സ്ക്കൂളിൽചേർത്തു പഠിപ്പിക്കുവാനുള്ള ആർജവംകാട്ടിയ വ്യക്തിയാണ്‌ പ്രൊഫസർ രാം ജോഷി. ഇംഗ്ലീഷ്‌ ആർക്കും അനായാസം എപ്പോൾവേണമെങ്കിലും പഠിക്കാം. പക്ഷെ ആദ്യം സ്വന്തംഭാഷ അറിഞ്ഞിരിക്കണം ഒരു ഭാരതീയൻ. കൊച്ചുകുട്ടികളെ കച്ചവടച്ചരക്കാക്കുന്ന 'വിദ്യാഭാസ'സമ്പ്രദായത്തിനെതിരെ അദ്ദേഹം പടവെട്ടി. ഒരുപരിധിവരെ തോറ്റു.

തത്ത്വം, 'തനിക്കൊന്നും മറ്റുള്ളോർക്കു വേറൊന്നും' എന്ന വലിയവരുടെ കപടനാട്യത്തിന്‌ കടകവിരുദ്ധമായിരുന്നു ഡോ. രാം ജോഷിയുടെ സ്വകാര്യജീവിതവും പൊതുപ്രവർത്തനങ്ങളും.

എനിക്ക്‌ അദ്ദേഹത്തെ നേരിട്ടറിയില്ല. എന്നാൽ എന്റെ ഭാര്യപറഞ്ഞുപറഞ്ഞ്‌ പ്രൊഫ. രാം ജോഷി മനസ്സിലെന്നും തെളിഞ്ഞുനിൽക്കുന്നു.

കനകം അന്നു കോളേജിൽ ചേർന്നിട്ടേയുള്ളൂ; മുംബൈയിലെ സയണിൽ 'South Indian Education Society (SIES)'-യുടെ കോളേജിൽ. വളരെയധികം വിഷമങ്ങൾ സഹിച്ചു വളർന്നുവന്ന ഒരു വിദ്യാഭ്യാസസ്‌ഥാപനമാണ്‌ SIES. ഉദ്യോഗാർഥം 'ബംബാ'യിൽ കുടിയേറിയ 'ആദിദ്രാവിഡർ', സ്വന്തം മക്കൾക്കും മരുമക്കൾക്കും തെക്കൻചിട്ടയിലെ പാഠ്യ-പഠനപദ്ധതികൾ പകർന്നുകൊടുക്കാൻ വഡാലയിൽ 'South Indian Welfare Society (SIWS)'-യുടെ കീഴിലും സ്‌ക്കൂൾ ('സാമ്പാർ-ഇഡ്ഡ്‌ലി-വട-സ്‌ക്കൂൾ' എന്നു പരിഹാസപ്പേര്‌) നടത്തിപ്പോന്നിരുന്നു. ഈ രണ്ടു വിദ്യാഭ്യാസകേന്ദ്രങ്ങളിലാണ്‌ ഒട്ടുമിക്ക പ്രഗൽഭരും പഠിച്ചുവളർന്നതന്ന്‌.

അറുപതുകളുടെ അവസാനപാദംതൊട്ട്‌ പതിനേഴുവർഷം പ്രൊഫ. രാം ജോഷിയായിരുന്നു SIES-കോളേജിന്റെ പ്രിൻസിപ്പലും പൊളിറ്റിക്കൽസയൻസിന്റെ പ്രധാനാധ്യാപകനും. ഇനി കാര്യങ്ങൾ എന്റെ ഭാര്യ പറയും:

**********

"അന്ന്‌ വേഷവും ഭാഷയും ഭാഷണവും ഭക്ഷണവും വരെ തെന്നിന്ത്യനായിരുന്നു കോളേജിൽ. ഒരു കൊച്ചുപെൺകുട്ടി എന്നും കോണിപ്പടിയിറങ്ങിവരുന്നതു കാണാം; അടുത്തുള്ള മറാഠിസ്‌ക്കൂളിലെ യൂണിഫോമും ധരിച്ച്‌. അത്‌ പ്രൊഫ. രാം ജോഷിയുടെ മകളായിരുന്നു. ഇടക്കിടെ "ദാദാ" എന്ന വിളികേൾക്കാം (മറാഠിയിൽ അച്ഛനെ ബഹുമാനപൂർവം). കോളേജിലെ അഞ്ചാംനിലയിലായിരുന്നു പ്രൊഫസറുടെ താമസവും.

മൂന്നാംവർഷം പൊളിറ്റിക്കൽ സയൻസ്‌ ഐച്ഛികമായെടുത്തപ്പോൾ രാം ജോഷിയുടെ ക്ലാസ്സുകൾ തുടങ്ങി. അതുവരെ പ്രിൻസിപ്പലായിമാത്രം ഞങ്ങൾ അകലെനിന്നു നോക്കിക്കണ്ട അദ്ദേഹം ക്ലാസ്സിനകത്ത്‌ തികഞ്ഞൊരു അധ്യാപകനായിരുന്നു. അനാവശ്യഗൗരവം എന്നൊന്ന്‌ അദ്ദേഹത്തിനില്ലായിരുന്നു. ആദ്യമേ പറഞ്ഞുറപ്പിച്ചു, ആർക്കെങ്കിലും ക്ലാസ്സിലെത്താൻ കഴിയാതെ വന്നാൽ ഒഴിവുസമയം അഞ്ചാംനിലയിലെ വീട്ടിലേക്കു വരാം. താൻ, വിട്ടുപോയ പാഠഭാഗങ്ങൾ പറഞ്ഞുതരാം (അന്നും എന്നും മുംബൈയിൽ എവിടെയും സമയത്തിനെത്തുക പ്രയാസം; പോരാത്തതിനു പലരും, പണിയും പഠനവും ഒന്നിച്ചു നടത്തുന്നവരായിരുന്നു).

ദിവസങ്ങൾക്കകം അദ്ദേഹം കുട്ടികളുമായി അടുത്തു. തന്റെ തോൽവികളെപ്പറ്റിയും ജീവിതത്തിലനുഭവിച്ച കഷ്ടങ്ങളെപ്പറ്റിയും പറയുമ്പോൾ ആ കണ്ണുകൾ നീരണിയുമായിരുന്നു.

ഒരു പാവപ്പെട്ട അധ്യാപകന്റെ മൂത്തമകനായിരുന്നു സർ. അച്ഛൻ മരിച്ചതോടെ അമ്മയും മൂന്നുമക്കളും തനിച്ചായി. ദാരിദ്ര്യമെന്തെന്നു നേരിട്ടറിഞ്ഞു.

പഠനകാലത്തുതന്നെ സമഷ്ടിസിദ്ധാന്തത്തിൽ ന്യായമായും ആകർഷിക്കപ്പട്ട അദ്ദേഹം പ്രജാസോഷ്യലിസ്റ്റ്‌ പാർട്ടിയിൽ പ്രവർത്തിച്ചു തുടങ്ങി. ബോംബേയിലെ പാവപ്പട്ട തൊഴിലാളികളുടെ ഇടയിൽ അവരിലൊരാളായി.

ഒരിക്കലദ്ദേഹം പറഞ്ഞു. ഒരുകപ്പു ചായക്കായി താൻ ഒരിടത്ത്‌ അഞ്ചാറു മെയിൽ നടന്നു ചെല്ലും. അതായിരുന്നു തന്റെ പ്രാതലും മധ്യാന്നവും അത്താഴവും. വീട്ടിലെത്തിയാൽ അമ്മയോടു കള്ളംപറയും, "ആയീ, മാജ ജേവൺ ഝാലു"; അമ്മേ, തന്റെ ഊണുകഴിഞ്ഞെന്ന്‌. "രാം, തൂ ഖരേ ജേവലേസ്‌ കാ?" (രാം, നീ സത്യമായും ഊണുകഴിച്ചോ?) എന്ന ചോദ്യത്തിനു ചെവികൊടുക്കാതെ അമ്മയുടെ കൺവെട്ടത്തുനിന്ന്‌ ഒഴിഞ്ഞുമാറും. വീട്ടിൽ തന്റെ അനിയൻമാർക്ക്‌ ആഹാരം തികയ്ക്കാൻവേണ്ടിയായിരുന്നു ഈ കള്ളം. പിന്നെ അമ്മയുടെ ശ്രദ്ധ തെറ്റിക്കാൻ പഠനകാര്യങ്ങളും പാർട്ടിക്കാര്യങ്ങളും പറഞ്ഞിരിക്കും.

ഡോ. രാം ജോഷിയുടെ വിനയത്തിനും വിവേകത്തിനും വിശാലതയ്ക്കും വിജ്ഞാനത്തിനും വാഗ്മിതയ്ക്കും കനലിന്റെ വിശുദ്ധിയായിരുന്നു. തീയിൽ കുരുത്തതിന്റെ തിളക്കം.

ഒരിക്കലും 'ഞാൻ വലുത്‌, നീ ചെറുത്‌' എന്നൊരു ഭാവം അദ്ദേഹം കൊണ്ടുനടന്നില്ല. സ്വയം ചെറുതാകാൻ ആരെയും അനുവദിച്ചുമില്ല.

ഒരിക്കലെനിക്ക്‌ കോളേജിൽ ഫീസ്‌ കൊടുക്കാൻ കഴിയാതെ വന്നു. വീട്ടിലെ സ്ഥിതി എന്തെന്നറിയാവുന്നതുകൊണ്ട്‌ അച്ഛനമ്മമാരെ അലട്ടാൻ തോന്നിയില്ല. നാണക്കേടുകൊണ്ട്‌ കോളേജോഫീസിലെ ആരെയുംകണ്ടു പറയാനും തോന്നിയില്ല. താമസിയാതെ നോട്ടീസ്‌ബോർഡിൽ ഫീസടയ്ക്കാത്തവരുടെ പേരു വരും. ചെറുപ്രായമല്ലേ, അങ്ങനെയങ്ങു ചെറുതാകാൻവയ്യ. അവസാനം പ്രിൻസിപ്പൽ രാം ജോഷിയെത്തന്നെ ചെന്നു കണ്ടു ഓഫീസിൽ.

അദ്ദേഹത്തിന്റെ മുറിയിലോ വീട്ടിലോ ആർക്കുവേണമെങ്കിലും ഏതുനേരവും കയറിച്ചെല്ലാം. ഞാൻ എന്റെ സാമ്പത്തികപ്രശ്നം പറഞ്ഞു. ചെറു പുഞ്ചിരിയോടെ അതുകേട്ട അദ്ദേഹം ഒരു കടലാസ്സിൽ എന്തോ കുറിക്കുന്നതുകണ്ടു. പെട്ടെന്നു തല ഉയർത്തി ഒരു ചോദ്യം: "ഫീസിന്റെ കാലാവധി നീട്ടിത്തരണോ അതോ ഫീസ്‌ വേണ്ടെന്നു വയ്ക്കണോ?"

"എനിക്കെന്റെ പേര്‌ നോട്ടീസ്‌ബോർഡിൽ വരാതിരുന്നാൽ മതി"; ഞാനെന്റെ മനസ്സിലുള്ളതുമാത്രം പറഞ്ഞു.

അദ്ദേഹം പെട്ടെന്നു മുറിവിട്ടിറങ്ങി. മിനിറ്റുകൾക്കകം തിരിച്ചെത്തി. "കനകം എന്നാൽ എന്തെന്നറിയാമോ? മോളേ, ആ പേരുപോലെത്തന്നെ എന്നും പരിശുദ്ധമായിരിക്കൂ. ആ പേര്‌ നോട്ടീസ്‌ബോർഡിൽ വരില്ല; ഈ ടേമിലെ ഫീസ്‌ അടയ്ക്കുകയും വേണ്ട".

അതാണ്‌ രാം ജോഷി എന്ന മനുഷ്യൻ.

ഒരിക്കലദ്ദേഹം 'വൈരുധ്യാത്മകഭൗതികവാദ'ത്തെക്കുറിച്ച്‌ മൂന്നുമണിക്കൂർ ക്ലാസ്സെടുത്തു. തികച്ചും ബോറായിത്തുടങ്ങിയപ്പോൾ ഞങ്ങൾ ക്ലാസ്സിൽ കയറാതായി. അതിൽ അദ്ദേഹത്തിനു പരിഭവമില്ലായിരുന്നു; ആർക്കും എപ്പോൾ വേണമെങ്കിലും കയറിവരാം, ഇറങ്ങിപ്പോകാം. പിന്നൊരിക്കൽ അദ്ദേഹം കാൾ മാർക്ക്സിനെപ്പറ്റി ചർച്ചചെയ്തുകഴിഞ്ഞപ്പോൾ അഞ്ചു മണിക്കൂർ കവിഞ്ഞു; ഞങ്ങളാകട്ടെ സമയംപോയത്‌ അറിഞ്ഞതുമില്ല!

അതേസമയം ഇന്നും അതൊരു വൈരുധ്യമായിത്തോന്നുന്നു, എന്തുകൊണ്ട്‌ അദ്ദേഹത്തിന്‌ മുതലാളിത്തത്തിനോട്‌ പലപ്പോഴും ചായ്‌വുണ്ടായിരുന്നെന്ന്‌. ഇന്ദിരാഗാന്ധിയുടെ ഭരണശേഷിയിലോ സമ്മിശ്ര-സമ്പത്‌ഘടനയിലോ ഡോ. രാം ജോഷിക്ക്‌ തെല്ലും വിശ്വാസമില്ലായിരുന്നു. സാമൂഹ്യനീതിക്കുവേണ്ടി വാദിച്ച അദ്ദേഹംതന്നെ സമൂഹത്തിന്റെ വൈവിധ്യത്തിലും വാചാലനായി. ഒരു പക്ഷെ അതാണു രാം ജോഷി. സന്ദർഭത്തിനൊത്ത്‌ അനായാസം സംസ്കൃതശ്ലോകങ്ങൾ ചൊല്ലുന്ന അദ്ദേഹം ഒരിക്കൽപോലും ആചാരങ്ങൾ അനുഷ്ഠിക്കുന്നതു കണ്ടിട്ടില്ല. ഭാരതത്തിന്റെ സംസ്കാരവും മാതൃഭാഷയുടെ മഹത്വവും തിരിച്ചറിഞ്ഞുകൊണ്ടുതന്നെ, പാശ്ചാത്യരുടെ രാഷ്ട്രമീമാംസ ആംഗലേയത്തിൽ പഠിപ്പിച്ചു!

ദക്ഷിണേന്ത്യക്കാരനല്ലാത്തൊരാൾ SIES-ന്റെ തലപ്പത്തുവന്നതും ഒരു വൈരുധ്യമാണ്‌. 1977-ൽ പ്രൊഫ. രാം ജോഷി ബോംബെ സർവകലാശാലയുടെ കുലപതിയായി. അന്നും അദ്ദേഹം തന്റെ ഓഫീസും വീടുമെല്ലാം തുറന്ന പുസ്‌തകമായിത്തന്നെ സൂക്ഷിച്ചു.

ആരെ വിശ്വസിക്കണമെന്നും ആരെ വിശ്വസിക്കരുതെന്നും നല്ല നിശ്ചയമായിരുന്നു അദ്ദേഹത്തിന്‌. മഹത്തായൊരു രാഷ്ട്രീയപാരമ്പര്യത്തിന്റെ പാദമുദ്രകൾ.

ഒരിക്കൽ എന്റെ പഴയൊരു സഹപ്രവർത്തകക്കൊരു പ്രശ്നം; സ്വയംകൃതാനർഥം തന്നെ. സർവകലാശാലാപരീക്ഷക്ക്‌ ഉത്തരക്കടലാസ്സിൽ സീറ്റ്‌നമ്പർ എഴുതാതെ വിടുമോ ആരെങ്കിലും? ഞങ്ങൾ 'മറാഠികൾ' അത്തരം ചില 'ബുദ്ധി'യെല്ലാം കാണിച്ചേക്കും ഇടയ്ക്കെല്ലാം. പരീക്ഷക്കുശേഷം അതൊന്നുംനോക്കാതെ പരീക്ഷാഹാളിൽ പേപ്പർ തിരികെ ശേഖരിച്ച 'മറാഠി മാണൂസ്‌'-ഉം മണുങ്ങൂസുകളായിരുന്നിരിക്കണം.

ഏതായാലും സീറ്റ്‌-നമ്പറെഴുതാത്ത അവൾക്ക്‌ പരീക്ഷയുടെ റിസൾട്ടും മാർക്ക്‌-ലിസ്റ്റും കൊടുക്കില്ലെന്നു സർവകലാശാല. ആ പരീക്ഷ പാസ്സായാലേ അവൾക്കു ജോലി സ്ഥിരമാകൂ, ജോലിക്കയറ്റവും സാധ്യമാകൂ. ഒരുപാടു കത്തിടപാടുകളും ഇടപെടലുകളും നടന്നെങ്കിലും കാര്യംമാത്രം നടന്നില്ല.

അന്നേക്കു ഞാൻ മുംബൈ വിട്ടിരുന്നെങ്കിലും, വൈസ്‌ചാൻസലർ രാം ജോഷിയെക്കണ്ടു കാര്യംപറഞ്ഞുനോക്കാം എന്നു ഞാനേറ്റു. അൽപം അതിവിശ്വാസവും ഉണ്ടായിരുന്നു എന്നുവേണമെങ്കിൽ കരുതാം. ആ സ്ത്രീയേയുംകൂട്ടി ഞാൻ അദ്ദേഹത്തെ ചെന്നുകണ്ടു.

"സർ, എന്നെ ഓർക്കുന്നോ?"; എന്റെ ചോദ്യത്തിന്‌ മറുപടി ഒരു ചിരി: "ക്ലാസ്സിൽ എന്റെ ലെക്‌ച്ചർ കേൾക്കുന്നതോടൊപ്പം അപ്പുറത്തെ വിജയയെ (ക്ലാസ്സിലെ അന്നത്തെ ഏറ്റവും നന്നായി പഠിക്കുന്ന കുട്ടി; പിന്നീട്‌ വിദ്യാഭ്യാസ സെക്രട്ടറിയെല്ലാം ആയി) കുശുമ്പോടെ നോക്കുന്ന കനകം. ഇല്ല, ഞാൻ മറന്നിട്ടില്ല."

പിന്നെ എന്റെ ജോലിയെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമെല്ലാം വിശദമായി തിരക്കി. ആ സമയമെല്ലാം അടുത്തുള്ളവൾ വായുംപൂട്ടിയിരുന്നു. വൈകിക്കാതെ കാര്യം അവതരിച്ചപ്പോൾ സർ ഒരു നോട്ടെഴുതിത്തന്നു, "Quick Action". രണ്ടാംദിവസം ആ സ്ത്രീക്ക്‌ സർവകലാശാലയിൽനിന്ന്‌ മാർക്ക്‌-ലിസ്റ്റു കിട്ടി. അങ്ങനെ അവളുടെ ഉപജീവനമാർഗം തെളിഞ്ഞുകിട്ടി.

പലരും പറയും പ്രൊഫ. രാം ജോഷി ഒരു നല്ല പ്രിൻസിപ്പലായിരുന്നു, മോശം വൈസ്‌ചാൻസലറെന്നും. എനിക്കറിയില്ല. എനിക്കറിയാവുന്ന ആ സർ അത്യുന്നതനായിരുന്നു. മഹാനുഭാവനായിരുന്നു. അദ്ദേഹം കൈപിടിച്ചുകൊണ്ടുപോയ പലരും പിന്നീട്‌ സർവകലാശാലയിൽ അദ്ദേഹത്തെതന്നെ തിരിഞ്ഞുകുത്തിയതായുമറിയാം. നല്ല രാഷ്ട്രീയക്കാരന്‌ ചീത്ത രാഷ്ട്രീയം വഴങ്ങില്ലല്ലോ."

**********

കനകം ടി.വി.യിൽ പ്രിയപ്പെട്ടൊരു മറാഠിപ്രോഗ്രം, 'ദാമിനി' കാണുകയായിരുന്നു. കീഴെ ഒരു 'ടിക്കർ' മിന്നി: 'മുംബൈ വിശ്വവിദ്യാപീഠം പൂർവകുലപതി പ്രൊഫ. രാം ജോഷി ഒരു മണിക്കൂർ മുൻപ്‌ ഹൃദയാഘാതം മൂലം മരണമടഞ്ഞു.' അന്ന്‌ 1998 സെപ്റ്റംബർ 14.

Published in the webmagazine www.nattupacha.com on 1 Jan 2010

Monday 4 January 2010

വാക്കുകൾ പോകുന്ന വഴികൾ.

രണ്ടു വിഭജനങ്ങൾ ഭാരതത്തിന്റെ മഹാശാപമായി മാറി. ഹിന്ദുസ്ഥാൻ, പാകിസ്താൻ എന്ന്‌ രാജ്യത്തിന്റെ വിഭജനവും, ഭാഷയുടെ അടിസ്ഥാനത്തിൽ നമ്മുടെ സംസ്ഥാനങ്ങളുടെ വിഭജനവും. ഇതിനുംപുറമെയാണ്‌ ഇന്ത്യയുടെതന്നെ വടക്കും തെക്കുമെന്നും കിഴക്കും പടിഞ്ഞാറുമെന്നെല്ലാമുള്ള നമ്മുടെ സംസ്കാരത്തിന്റെ വിഭിന്നതയും.

രണ്ടുരാജ്യങ്ങൾ പിന്നെ മൂന്നായി. പതിനാലു ഭാഷാസംസ്ഥാനങ്ങളിൽ തുടങ്ങിയ ആന്തരികവിഭജനം ഇരുപത്തെട്ടിൽ കലാശിച്ചു. ഇനിയുമൊരു എട്ടുപത്തെണ്ണത്തിനുകൂടി കോപ്പുകൂട്ടുകയാണു കുട്ടിപ്പാർട്ടിക്കാർ.

ഒരുകൂട്ടം ഓർമകളല്ലാതെ, നമ്മെ ഒന്നിപ്പിക്കുന്ന എന്തുണ്ടു നമുക്ക്‌? എത്ര മുടിഞ്ഞതാണെങ്കിലും, ഭാരതം മുഴുവൻ ഒരേ ഭാഷയിൽ പറഞ്ഞുനടക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നു പലവട്ടം ഞാൻ ആശിച്ചിട്ടുണ്ട്‌.

പല ഭാഷകളിൽ ചില വാക്കുകൾ! അറിയാതെങ്ങാനും പറഞ്ഞുപോയാൽ അബദ്ധമാവും. അബദ്ധംമൂത്ത്‌ അടികിട്ടിയില്ലെങ്കിൽ മഹാഭാഗ്യം. എല്ലാം ഈ മഹാഭാരതത്തിൽതന്നെ!

എറണാകുളത്ത്‌ പണ്ടൊരു തുണിക്കടയുണ്ടായിരുന്നു; തമിഴന്മാരുടെ. പുറത്തു ചെരിപ്പൂരിവച്ച്‌, നിലത്തു കമ്പളത്തിലിരുന്നുവേണം തുണി നോക്കിവാങ്ങാൻ.

ഞങ്ങൾ 'തലയാള'ന്മാരാണ്‌. മലയാളംവാക്കുകൾ പൊടിച്ച്‌ തമിഴ്‌വ്യാകരണത്തിൽകലക്കി, മണിപ്രവാളപ്പരുവത്തിൽ പരപരാപറയുന്നവർ. അതു തമിഴിലോ മലയാളത്തിലോ എഴുതാൻ പറ്റില്ല; സ്വന്തമായി ലിപിയുമില്ല. ഞങ്ങൾ പറയുന്നതു മലയാളിക്കും മനസ്സിലാവില്ല, തമിഴനും മനസ്സിലാവില്ല. മെച്ചമെന്തെന്നുവച്ചാൽ, ഞങ്ങൾക്കു മലയാളവും മനസ്സിലാവും തമിഴും പുരിയും. കുലത്തൊഴിലായി കണക്ക്‌, പാചകം, പരദൂഷണം. തദ്വാരാ 'ബംബാ'യിലെ മാർവാഡികൾക്കു കള്ളക്കണക്കെഴുതിക്കൊടുക്കാനും ലോകത്തിലെ എന്തുകാര്യവും ആഹാരവുമായിണക്കി ശാപ്പിടാനും കാര്യത്തോടടുത്താൽ പൊട്ടൻകളിച്ചുരുളാനും പ്രത്യേകവൈദഗ്ധ്യമുണ്ട്‌. കുറച്ചുമിടുക്കൻമാരുമുണ്ട്‌ ഞങ്ങളുടെ കൂട്ടത്തിൽ. ഉദാഹരണത്തിനു ഭാഷയുടെ കാര്യംപറഞ്ഞാൽ, പഴയകാലത്തെ ഉള്ളൂരും പുതിയകാലത്തെ മലയാറ്റൂരും. വാമൊഴിവഴക്കിൽ ഇന്നത്തെ രാജു നാരായണസ്വാമിയെയും വേണമെങ്കിൽ കൂട്ടത്തിൽകൂട്ടാം!

ഞങ്ങൾ മലയാളത്തോടൊപ്പംതന്നെ തമിഴും വായിച്ചുപഠിക്കും. മിക്കവാറും രണ്ടും കാലാന്തരേണ വഴിവിട്ടുപോകും.

ആ തുടക്കക്കാലത്താണ്‌ ഞാൻ ക്ലോത്ത്‌ബസാർറോഡിലെ കടയിൽ എത്തിപ്പെടുന്നത്‌. ഇന്നത്തെപ്പോലെ അന്നും, വേണ്ടതൊഴിച്ചു മറ്റെല്ലാം നോക്കിക്കാണുന്നവനാണു ഞാൻ. ആകെക്കൂടി എന്റെ കണ്ണിൽപെട്ടത്‌ അവിടത്തെ ഒരു തമിഴ്‌-അറിയിപ്പാണ്‌: 'നായർ വീടു മുറൈ'. എന്നുവച്ചാൽ, പഴയ നായർ തറവാടുകളിലെ മുറയാണ്‌ ഈ കടയിൽ എന്നർഥം. പുറത്തു ചെരുപ്പൂരിവക്കുക, അകത്തു വെള്ളയും കരിമ്പടവുംവിരിച്ചു നിലത്തിരിക്കുക, മുതലായ കാര്യങ്ങൾ. കുറഞ്ഞപക്ഷം, തമിഴിലെഴുതിയ ബോർഡ്‌ ഞാൻ വായിച്ചുമനസ്സിലാക്കിയത്‌ അങ്ങിനെയാണ്‌.

എന്റെ കണ്ടുപിടിത്തം അത്യാവശ്യം ചിലരോട്‌ വിളമ്പുകയും ചെയ്തു; അച്ഛൻ, അമ്മ, സഹോദരീസഹോദരന്മാരോട്‌. അച്ഛൻ പതിവുപോലെ ഒന്നും മിണ്ടിയില്ല. അമ്മ വിശ്വസിച്ചില്ല (അല്ലെങ്കിലും അമ്മമാർ മക്കളെ വിശ്വസിക്കാവുന്ന സമയത്തു വിശ്വസിക്കില്ല; വിശ്വസിക്കാൻപാടില്ലാത്ത സമയത്തു വിശ്വസിച്ചുംകളയും). ബാക്കിയുള്ളവർ എനിക്കു വട്ടാണെന്നു ശരിക്കും തീർപ്പാക്കി. വട്ടല്ലെന്നു തെളിയിക്കേണ്ട ചുമതല എന്റെ തലയിലുമായി.

അടുത്തത്തവണ പീടികയിൽചെന്നപ്പോൾ ഞാൻ ആ ബോർഡ്‌ കേമമായിത്തന്നെ കാണിച്ചുകൊടുത്തു. അവർ വായിച്ചു: 'ഞായർ വിടുമുറൈ'. എന്നുവച്ചാൽ 'ഞായറാഴ്ച്ച മുടക്കം'. 'നാ, ഞാ' വ്യത്യാസവും ഒരു ദീർഘവും എന്നെ പറ്റിച്ചുകളഞ്ഞു. നായരും വീടും തറവാടുമെല്ലാം അതോടെ കുളംകോരി. ഞാൻ ഇളിഭ്യനുമായി.

തമിഴിനെപ്പറ്റി ആദ്യം പഠിക്കുക അക്ഷരമാല തീരെ കുറവാണെന്നാണ്‌. 'കചടതപാ'ദി നമുക്ക്‌ ഇരുപത്തഞ്ചെണ്ണമുള്ളപ്പോൾ അവർക്ക്‌ അഞ്ചാറെണ്ണമേയുള്ളൂ. അതുംവച്ചവന്റെയൊരു കലക്കൽ! വിറപ്പിക്കുകയല്ലേ വടക്കനെ? വായ്‌നിറച്ചു സ്വരവ്യഞ്ജനങ്ങളും കുറച്ചേറെ കുസൃതിക്കുടുക്കുകളും അതിലേറെ കൂട്ടുകക്ഷികളുമുള്ള മലയാളി, വക്രീകരിച്ചല്ലാതെ വൃത്തിയായി ഒരുവാക്കു പറയില്ല. വടക്കോട്ടുപോയാൽ വായേ തുറക്കില്ല. അഥവാ തുറന്നാലോ അബദ്ധവുമാവും!

വാക്‌കുകൾ തകിടംമറിയുമ്പോഴും മലക്കംമറിയുമ്പോഴും തത്‌ഭവമെന്നും തത്‌സമമെന്നുമെല്ലാം പറഞ്ഞു സമാധാനിക്കാം! തല്ല് അടിയാണെങ്കിലും 'തല്ലിപ്പൊളി' തലമറിഞ്ഞ്‌ 'അടിപൊളി' ആയപ്പോൾ അൽപം തലക്കനം കൂടിയെന്നുണ്ടോ?

സംസ്കൃതത്തെ 'ദേവനാഗരി'യെന്നു പറയുന്നു; ദേവൻമാരുടെ 'ഔദ്യോഗിക'ഭാഷയാണത്രെ. മഹാരാഷ്ട്രക്കാർക്ക്‌ മറാഠി 'ദേവഭാഷ'യാണ്‌; ദേവൻമാരുടെ സംസാരഭാഷ. അതെന്തായാലും ഇന്നത്തെ ഭാരതീയഭാഷകളിൽ ഏറ്റവുംകൂടുതൽ സംസ്കൃതമുള്ളത്‌ ഒരുപക്ഷെ മറാഠിയിലാണ്‌.

ഒരിക്കൽ പുണേയിൽ (അന്ന്‌ 'പൂന'യായിരുന്നു) എത്തിയത്‌ വളരെ വൈകിയിട്ടായിരുന്നു. താമസിക്കാൻ ഒരു മുറിയും കിട്ടുന്നില്ല. ഏതു ലോഡ്ജിൽ കയറിച്ചോദിച്ചാലും ഉത്തരം 'സംപൂർണ്‌ ആഹേ!'. നമ്മുടെ ദേവൻമാരുടെ അച്ചടിഭാഷ! അവർ നിത്യജീവിതത്തിലുപയോഗിക്കുന്ന പുഷ്കല്‌, സ്വയംപാക്‌, അഭ്യാസ്‌, മാണുഷ്‌, മൂർഖ്‌, ....... തുടങ്ങി അനവധി വാക്കുകൾ നമ്മൾ സാഹിത്യത്തിലുംകൂടി സൂക്ഷിച്ചേ ഇന്നുപയോഗിക്കാറുള്ളൂ.

'നക്കി' സത്യത്തിൽ സത്യമാണ്‌ മറാഠിക്കാർക്ക്‌. പണിക്കിടെ അവരുടെ 'കാം ആഹേ' കേട്ട്‌ എത്ര മലയാളികൾ കാമാതുരന്മാരായി എന്നറിയില്ല. എന്തുവാക്കും തെറിയാക്കാൻ മലയാളിക്കല്ലേ പറ്റൂ! മാലിന്യപ്പെട്ടിക്കുപുറത്ത്‌ 'കച്ചറ കുണ്ഡി' എന്നെഴുതിവച്ചതുകണ്ട്‌ വാപൊത്തിച്ചിരിച്ചിട്ടുണ്ടാവും!

വെള്ളത്തെ തണ്ണിയാക്കിയും തലമുടിയെ മറ്റൊന്നാക്കിയും കൊടുന്തമിഴ്‌ സംസാരിച്ച്‌ ചെന്തമിഴ്പെണ്ണിനെ മലയാളി മറ്റൊന്നു ചെയ്യുന്നു! 'സംസാരം' തമിഴനു 'ഭാര്യ' ആകുമ്പോൾ പിന്നെ പരിഭവിക്കാനെന്തുണ്ട്‌?

എന്തിന്‌, തമിഴിൽതന്നെ ജില്ലകൾതമ്മിൽ ഭാഷാന്തരമുണ്ട്‌. അവർക്ക്‌ 'കോളാറ്‌' എന്നൊരു വാക്കുണ്ടത്രേ. ഒരർഥം 'ബുദ്ധിപൂർവം' എന്ന്‌; ബോഡിജില്ലയിലും മറ്റും. മറ്റേതോ, 'ബുദ്ധിശൂന്യം' എന്നും. അത്‌ രാമേശ്വരം - തഞ്ചാവൂർ ഭാഗങ്ങളിൽ.

ഞങ്ങളുടെ തമിഴിലും ഇതുപോലൊന്നുണ്ട്‌. 'എക്കച്ചെക്കം'. ഞങ്ങളുപയോഗിക്കുന്നത്‌ 'ആകസ്മികം' എന്ന അർഥത്തിൽ. ബോംബേയിലുള്ള ഞങ്ങളുടെ കൂട്ടർ 'എല്ലായിടത്തും' എന്ന അർഥത്തിൽ. ഒന്ന്‌ 'അസാധാരണ'മാണെങ്കിൽ മറ്റേത്‌ തികച്ചും 'സാധാരണം'. തികച്ചും വിപരീതം. മുഖത്തിനു 'മൂഞ്ചി' എന്നു പറയുന്നതു തമിഴന്‌ അത്ര ചീത്തയല്ല; ഞങ്ങൾക്കോ അധിക്ഷേപവും!

തമിഴർക്ക്‌ Luxury Bus-ന്‌ 'സുകുസ്സു വണ്ടി' എന്ന വികൃതപ്രയോഗത്തോടൊപ്പം പോലീസിനു 'കാവൽ' എന്ന ബഹുകേമൻ വാക്കുമുണ്ട്‌. നിരത്തിനു 'ശാലൈ' എന്നതിനോടൊപ്പം ഗ്രന്ഥാലയത്തിന്‌ 'അറിവാലയം' എന്ന തകർപ്പൻ പ്രയോഗവുമുണ്ട്‌. 'രസം', 'സാർ/ശാർ' (ചാർ) ആയി തലമറിയുന്നു. മുക്ക്‌ 'മുന'-ആയും സ്ത്രീകൾ 'മഹളീർ'-ആയും നമുക്കു പക്ഷെ ദഹിക്കാൻ പ്രയാസം.

ഹിന്ദി പഠിക്കുമ്പോൾ 'നാക്ക്‌' മൂക്കാണെന്നു മനസ്സിലാക്കാൻ കുറച്ചുക്ലേശമുണ്ടു മലയാളിക്ക്‌. 'മുഹ്‌' മുഖമല്ലെന്നും വായ ആണെന്നും. 'ബാരിക്‌' ഭാരമുള്ളതല്ലെന്നും കനം/ഘനം കുറഞ്ഞതാണെന്നും.

അവരുടെ 'രാഷ്ട്രീയം' നമുക്ക്‌ 'ദേശീയ'മാണ്‌. അവരുടെ 'രാജ്യ' സർക്കാർ നമുക്ക്‌ 'കേന്ദ്ര' സർക്കാർ; അവരുദ്ദേശിക്കുന്ന 'സംസ്ഥാന' സർക്കാറല്ല. അവരുടെ 'സംസ്ഥാൻ' നമ്മുടെ 'സ്ഥാപന'മാണ്‌. 'ഗംഭീർ' ഹിന്ദിക്കാർക്ക്‌ ഗുരുതരം എന്ന അർഥത്തിൽ; നമ്മുടെ പ്രസന്നഭാവത്തിലല്ല. അവർക്ക്‌ 'തത്‌കാൽ' ഉടന്തടിയാണ്‌; നമുക്കോ 'തത്‌കാല'മൊരു മുട്ടുശാന്തിയും. നമ്മുടെ അഭിമാനമാണ്‌ അവർക്ക്‌ 'ഗൗരവ്‌'. നമ്മുടെ കപടഗൗരവവും ദുരഭിമാനവും അവർക്കു പരമപുച്ഛവുമാണല്ലോ!

ശിവസേനക്കാർ തെന്നിന്ത്യക്കാരുമായി കൊമ്പുകോർക്കുന്ന കാലത്താണ്‌ ഞാൻ ബോംബേയിൽ (അയ്യോ തെറ്റി, 'മുംബൈ'യിൽ) എത്തിപ്പെടുന്നത്‌. ഒരു സർക്കാർകോളനിയിലാണു താമസം. അവിടെ എല്ലാനാട്ടുകാരുമുണ്ട്‌. ഒരു ദിവസം ഓഫീസുവിട്ടുവരുമ്പോൾ കോളനിച്ചുമരിലാകെ പോസ്റ്ററുകൾ: 'ബഹുരംഗി സ്പർധ' എന്ന തലക്കെട്ടിൽ. തീരുമാനിച്ചു മണ്ണിന്റെ മക്കൾ കോളനിവരെ എത്തിക്കഴിഞ്ഞെന്നും കോളനിവാസികൾ പ്രതിരോധത്തിന്‌ ആഹ്വാനിക്കുകയാണെന്നും. 'ബഹുരംഗി' എന്നാൽ 'വർണ വിവേചനം' തന്നെ; 'സ്പർധ' പിന്നെ നമുക്കറിയാമല്ലോ.

പാതി ഇരുട്ടിൽ ക്ലേശിച്ചുവായിച്ചപ്പോഴാണ്‌ കാര്യം പിടികിട്ടിയത്‌. അത്‌ പുതുവർഷപ്പിറപ്പിനോടനുബന്ധിച്ച്‌ കോളനിവാസികളുടെ 'വിവിധയിനം മത്സരങ്ങൾ'ക്കുള്ള അറിയിപ്പായിരുന്നു. ആരോടും പറഞ്ഞില്ല അബദ്ധം.

ബോംബേക്കാർക്ക്‌, അതായത്‌ മുംബൈകാറിന്‌ ഒരസുഖമുണ്ട്‌. ഏതു ഭാഷയും ഹിന്ദി(സിനിമ)കൂട്ടിയേ സംസാരിക്കൂ. "ഓ ഭയ്യ, ഓ സാലാ, ഓ ഹീറോ' എന്നാണ്‌ സാധാരണ അധിക്ഷേപത്തിന്റെ ആരോഹണക്രമം. പിന്നെ കേറിക്കേറി വരും ക്ഷുദ്രപ്രയോഗങ്ങൾ. എല്ലാം കഴിഞ്ഞാൽ നമ്മോട്‌ 'ചലോ' എന്നുപറഞ്ഞ്‌ സ്വയം അങ്ങ്‌ എഴുന്നേറ്റുംപോകും!

പച്ചക്കറിക്കാരനോട്‌ 'കിത്‌`നാ ദിയാ?' (എത്ര കൊടുത്തു?) എന്നു ചോദിക്കും. തൊട്ടുമുൻപുള്ള ആൾക്ക്‌ എത്ര കൊടുത്തു എന്ന്‌ പച്ചക്കറിക്കാരനോട്‌ അന്വേഷിക്കുന്നതെന്തിനെന്ന്‌ എനിക്കാദ്യം മനസ്സിലായിരുന്നില്ല. അർഥം 'എന്തു വില?' എന്നാണുപോലും.

വാക്കുകൾക്കു കൊമ്പും വാലും ചിറകും മുളയ്ക്കാൻ ഭാഷാഭേദമില്ല.

ആദ്യമായി ബാംഗ്ലൂരിൽ ചെല്ലുന്നു. യെശ്‌വന്ത്‌പൂരിൽനിന്ന്‌ സിറ്റിയിലേക്കുള്ള ഒരു ബസ്സിൽ കയറിയതാണ്‌. തിരക്കാണ്‌. കണ്ടക്‌റ്റർ പതിയെ പുറകിലെത്തി; 'ടിക്കറ്റ്‌, സ്വാമി'. കേട്ടപാടെ എനിക്കു സന്തോഷം സഹിച്ചില്ല. ഈ പറപ്പട്ടണത്തും എന്നെ അറിയുന്ന ഒരാൾ! എന്റെ കൂടെ പഠിച്ചതാവും; ഞങ്ങൾ തല്ലിപ്പൊളികളിൽ ഒരുപാടുപേർ നാടുവിട്ടിട്ടുണ്ട്‌. എന്നാലും എന്നെ കണ്ടപാടെ ഓർത്തല്ലോ ഇയാൾ! തിരിഞ്ഞുനോക്കിച്ചിരിച്ചു. പിടികിട്ടുന്നില്ല. നാട്ടുനടപ്പനുസരിച്ച്‌ കുശലം ചോദിക്കാതെയും വയ്യ. ചോദിച്ചു: 'സുഖമല്ലേ?' അന്ധാളിച്ച അയാൾ ടിക്കറ്റും തന്ന്‌ പിറുപിറുത്തു:'ആവ്‌തു, ആവ്‌തു'.

കർണാടകത്തിൽ കണ്ണിൽകണ്ടവരെല്ലാം എന്നെ സ്വാമിയെന്നു വിളിച്ചപ്പോഴാണ്‌ ബുദ്ധി തെളിഞ്ഞത്‌.

ടയറിനു കാറ്റടിക്കാൻ ഞാൻപോകുന്ന ഒരു സ്ഥിരം സ്ഥലമുണ്ട്‌. അച്ഛനും മകനുംകൂടി നടത്തുന്ന ഒരു ചെറിയ കട. അവരും വരത്തുകാരായതുകൊണ്ട്‌ എന്നോടു ഹിന്ദിയിലേ സംസാരിക്കു. വർഷങ്ങളായുള്ള പരിചയമാണ്‌. ഒരു തവണ അച്ഛനെ കണ്ടില്ല. ചോദിച്ചപ്പോൾ മകൻപറഞ്ഞു, 'ഗുജർ ഗയാ'. ഞാൻ കേട്ടതു 'ഗുജറാത്ത്‌ ഗയാ' എന്ന്‌. 'എന്നു തിരിച്ചുവരും' എന്നെല്ലാമുള്ള എന്റെ സ്നേഹാന്വേഷണത്തിനുമുമ്പിൽ മകൻ പകച്ചു. 'മർ ഗയാ' എന്നവൻ തെളിച്ചുപറഞ്ഞപ്പോൾ എന്റെ ജാള്യം! 'ഗുജർ ഗയാ' എന്നാൽ 'മരിച്ചുപോയി' എന്നാണെന്നൊന്നും എനിക്കന്നറിയില്ലായിരുന്നു.

ഇലക്‌ട്രിക്‌-പോസ്റ്റുകളിൽ ഹിന്ദിക്കാരന്റെ 'ഖത്‌റ', 'രവതറ'യായി ഞാൻമാത്രമല്ലല്ലോ വായിച്ചിട്ടുള്ളത്‌. 'മഹാനഗരപാലിക' ഒരു സ്ത്രീയാണെന്നു തെറ്റിദ്ധരിച്ചാലും അത്ഭുതപ്പെടാനില്ല. 'മണ്ഡലി' പെണ്ണുമല്ല പാമ്പുമല്ല!

ഹിന്ദിക്കാരുടെ 'ജീറോ' (zero), തെലുങ്കൻമാർക്കുമുണ്ട്‌ വേണ്ടുവോളം. ഒരുപടികൂടെ കടന്ന്‌, വിശാഖപട്ടണത്തെ (Vizag) 'വിജാഗ്‌' എന്നും, പക്ഷെ 'exaggerate'-ന്‌ 'എക്‌-സാ-സറേറ്റ്‌' എന്നും 'ചപ്പും' (പറയും) ഗാരുമാർ.

മലയാളികളെപ്പറ്റി എനിക്കു "ഭയങ്കര'മായി രുചിക്കുന്ന ഒരു ഫലിതമുണ്ട്‌. 'Why does a Malayali cross the road?'. ഉത്തരം: 'zimbly!'

മലയാളിയുടെ കൂറും കൂറുമാറ്റവും കരുത്തും കുറവും കുരുത്തക്കേടും കാർക്കശ്യവും കുന്നായ്മയും എല്ലാമുണ്ടിതിൽ.

ഇംഗ്ലീഷുകാരെപ്പറ്റിപ്പറയാറുണ്ട്‌, അവർ ഏതു പൊട്ട ഇംഗ്ലീഷായാലും ശ്രദ്ധിച്ചുകേൾക്കുമെന്നും സസന്തോഷം മറുപടി പറയുമെന്നും. ഫ്രെഞ്ചുകാരാവട്ടെ ആരോടും ഫ്രെഞ്ചിലേ മറുപടിപറയൂ; മറുനാട്ടുകാർ കഷ്ടപ്പെട്ടുപഠിച്ച്‌ ഫ്രെഞ്ചുപറയുന്നതും അവർക്കു സഹിക്കില്ല. ഹിന്ദിക്കാരെപ്പോലെ.

ഇപ്പോൾ കാലം മാറി. ഇന്ന്‌ ഫ്രെഞ്ചുകാർക്കും ഇംഗ്ലീഷുപറയാൻ മടിയില്ല. ഹിന്ദിക്കാരൻമാത്രം മാറിയിട്ടില്ല.

മണ്ണിന്റെ മണം മുറുകുന്നതിനുമുൻപ്‌, ബോംബേയിൽ ഹിന്ദിയും ദില്ലിയിൽ പഞ്ചാബിയും ബാംഗ്ലൂരിൽ തമിഴും ഹൈദരാബാദിൽ ഉർദുവും മദ്രാസ്സിൽ തെലുങ്കും ഗോവയിൽ പോർത്തുഗീസും മാഹിയിൽ ഫ്രെഞ്ചും മംഗലാപുരത്തു മലയാളവും കാസ്രഗോഡിൽ കന്നഡവും മലബാറിൽ അറബിയും പാലക്കാട്ട്‌ തമിഴും കോയമ്പത്തൂരിൽ മലയാളവും മട്ടാഞ്ചേരിയിൽ ഗുജറാത്തിയും ഫോർട്ടുകൊച്ചിയിൽ ഇംഗ്ലീഷും തിരുവനന്തപുരത്തു തമിഴും ഒക്കെ വ്യവഹാരഭാഷയായിരുന്നല്ലോ.

അന്നെന്തൊരു രസമായിരുന്നിരിക്കണം ബാബേലിൽ!

ഉലകംചുറ്റും നാവികർ പറയുന്ന 'Ahoy', കൊങ്കണിയിൽതന്നെ പറയാം; ആവോയ്‌(ഷ്‌)!

[Published in the fortnightly webmagazine www.nattupacha.com on 15 Dec 2009]

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...