Monday 13 May 2019

‘തിയാത്ര്‘: ഗോവയുടെ തനതു നാടകവിശേഷം


ഗോവയുടെ തനതു നാടകമാണ് ‘തിയാത്ര്‘.  അതു സംഗീതനാടകമാണ്, സംഭാഷണനാടകവുമാണ്.   അല്പം നൃത്തവും ഇല്ലാതില്ല.   ഗോവയിലും മുംബൈയിലും, ഗോവക്കാർ കൂട്ടമായി താമസിക്കുന്ന യൂറോപ്യൻ‌ രാജ്യങ്ങളിലും ഗൾഫ്‌നാടുകളിലുമുണ്ട് ഈ നാടകവിശേഷം.  റോമൻകൊങ്കണി സംസാരിക്കുന്ന ക്രിസ്ത്യൻ‌ജനവിഭാഗത്തിനായിരുന്നു തിയാത്രിനോട് കൂടുതൽ ആഭിമുഖ്യം.   കാലംചെന്നതോടെ അത്തരം വിവേചനങ്ങൾ ഒട്ടൊക്കെ തേഞ്ഞുമാഞ്ഞുപോയിട്ടുണ്ട്.   കാരണം സാമൂഹ്യ-സാംസ്ക്കാരികകാര്യങ്ങളിൽ ഗോവക്കാർ മതങ്ങളെ ഒരു പരിധി വിട്ടാൽ  വഴിക്കിരുത്തിയിട്ടേയുള്ളൂ.

നല്ലതോ കെട്ടതോ, ഗോവൻസംസ്ക്കാരത്തിന്റെ പരി:ഛേദമാണ് തിയാത്രിൽ കാണുക.   യാഥാർഥ്യങ്ങളെ തൊലിയുരിച്ചുകാട്ടുമ്പോൾ പലർക്കും ചൊടിക്കുന്നുണ്ടാകാം.   വിലകുറഞ്ഞ വിനോദമെന്ന് വിമർശനവുമുണ്ടാകാം.   എങ്കിൽപോലും ഗോവക്കാരെ ഇത്രയും സ്വാധീനിക്കുന്ന വേറൊരു കലാസങ്കേതം ഉണ്ടെന്നു തോന്നുന്നില്ല.
പോർത്തുഗീസ്-ഭരണകാലത്ത് ഉപജീവനം‌തേടി ബോംബെയിലേക്ക് ചേക്കേറിയ ഗോവക്കാർ (അതിൽ വിദ്യാസമ്പന്നരും വിദ്യാർഥികളും കലാകാരൻമാരും കച്ചവടക്കാരും പാചകക്കാരും പണിയറിയാത്തവരും പണിചെയ്യാത്തവരും എല്ലാം ഉണ്ടായിരുന്നു) മഹാനഗരത്തിന്റെ ഒറ്റപ്പെടുത്തലുകളിൽനിന്നും കുട്ടിക്കൂട്ടത്തിന്റെ കടും‌‌‌‌പിടിത്തങ്ങളിൽനിന്നും നാട്ടുകുടുംബത്തിന്റെ കുറ്റപ്പെടുത്തലുകളിൽനിന്നും ഒട്ടൊന്നു മാറിനിൽക്കാൻ രൂപപ്പെടുത്തിയ ഒരു ചില്ലറ വിനോദമായിത്തുടങ്ങിയതാണത്രെ തിയാത്ര്.

ഒന്നേകാൽ‌ നൂറ്റാണ്ടുകൾക്കുമുന്നേ, കൃത്യമായിപ്പറഞ്ഞാൽ 1892 ഏപ്രിൽ പതിനേഴാംതിയതി ഞായറാഴ്ച (ഈസ്റ്റർ ദിനം), മുംബൈയിൽ (അന്ന് ബോംബേ) ‘ന്യൂ ആൽഫ്രെഡ് തീയേറ്റർ‘‌ എന്ന ബാനറിൽ ഗോവയിലെ ബാർദേസിലെ അസഗാവ്-ൽ പിറന്ന  ലൂകസീഞ്യോ റിബേറോ, പഞ്ചിം താലിഗാവ്-ലെ കൈത്താനീഞ്യോ ഫെർണാണ്ടിസ്, മഡ്ഗാവ് ബോർദ-യിലെ ജുവാവ് അഗസ്തീഞ്യോ ഫെർ‌ണാണ്ടിസ് തുടങ്ങിയവരോടൊപ്പം അരങ്ങേറ്റിയ ‘ഇത്താലിയൻ‌ ഭുർഗോ‘ ആണ് ആദ്യത്തെ തിയാത്ര്.   പട്ടണപ്രദർശനങ്ങൾ‌കഴിഞ്ഞ് നാടുവിട്ടുപോകുന്ന ഒരു ഇറ്റാലിയൻ‌-നാടകക്കമ്പനിയുടെ പഴയ ഉടയാടകളും രംഗസാമഗ്രികളും വാങ്ങിയാണ്, അതിൽതന്നെ പണിയെടുത്തിരുന്ന റിബേറോ ‘ഇറ്റാലിയൻ‌ ബോയ്‘ എന്ന മൂലനാടകത്തെ കൊങ്കണിയിൽ ‘ഇത്താലിയൻ‌ ഭുർഗോ‘ എന്ന നാടകമാക്കിയത്.

അറിയാവുന്ന ഭാഷയിൽ അറിയാവുന്ന കാര്യങ്ങൾ അറിയാവുന്ന വിധത്തിൽ അരങ്ങിൽകേറി പാടിയും പറഞ്ഞും പടച്ചുവിടുന്നൊരു പ്രഹസനമായേ അന്ന് അത് അറിയപ്പെട്ടിരുന്നുള്ളൂ.   ഇംഗ്ലീഷും പോർത്തുഗീസും ഹിന്ദിയും മറാഠിയുമെല്ലാം കൊങ്കണിഭാഷയ്ക്കു കൂട്ടുനിന്നിരുന്നു.  പ്രണയവും ദാരിദ്ര്യവും കുടുംബമഹിമയും കുതികാൽവെട്ടും ദുരന്തവും പുന:സമാഗമവും വീരസ്യവും ഹാസ്യവും ഒക്കെ ആയിരുന്നു തുടക്കക്കാലത്തെ പ്രമേയങ്ങൾ.
1894-ൽ ലൂകസിഞ്യോ സ്വന്തം ഗ്രാമത്തിൽ അവതരിപ്പിച്ചതോടെ തിയാത്ര് ഒരു ഹരമായി മാറി ഗോവയിലും.   അതിനെത്തുടർന്നായിരിക്കണം തിയാത്ര്-കലകാരന്മാർ സ്വന്തം സ്ഥലനാമം പേരിൽ കൂട്ടിച്ചേർക്കാൻ തുടങ്ങിയത്.   അന്നത്തെ നാടകങ്ങൾ എല്ലാംതന്നെ യൂറോപ്യൻനാടകങ്ങളുടെ മൊഴിമാറ്റങ്ങളോ അവയെ  അധികരിച്ചതോ ആയിരുന്നു.    താമസിയാതെ സ്വന്തമായി കഥയെഴുതി ചിട്ടപ്പെടുത്തി, ജുവാവ് അഗസ്തീഞ്യോ ഫെർ‌ണാണ്ടിസ് തിയാത്രിന്റെ ചരിത്രം കുറിച്ചു: ‘ബേൽ ദ് കാവേൽ / സുന്ദൊരി കാവേൽചി‘, അങ്ങനെ ആദ്യത്തെ ഒറിജിനൽ ഗോവൻ‌ തിയാത്ര് ആയി (1895).   ഇരുപത്തേഴോളം നാടകങ്ങൾ സമ്മാനിച്ച അദ്ദേഹത്തെ ‘പായ് തിയാത്രിസ്ത്‘ (തിയാത്രിന്റെ പിതാവ്) എന്നു ബഹുമാനിക്കുന്നു ഗോവൻസമൂഹം.

അദ്ദേഹത്തിന്റെ പത്നി റെജീന ഫെർ‌ണാണ്ടിസ്, 1904-ൽ ‘ഭട്കാര‘-യിൽ അഭിനയിച്ചുകൊണ്ട് ആദ്യത്തെ സ്ത്രീ- തിയാത്രിസ്റ്റുമായി.  1980-ൽ, എ. ഡയസ് ഒരുക്കിയ ‘ഡിവോഴ്സ്‘ എന്ന തിയാത്ര് നൂറുദിവസം കളിച്ച്  റിക്കോർഡിട്ടു.

ഗോവയിലെത്തിയിട്ടും, പ്രമേയങ്ങൾക്കോ രൂപത്തിനോ ഭാവത്തിനോ സാങ്കേതികതയ്ക്കുപോലുമോ വലുതായൊരു മാറ്റമൊന്നും തിയാത്രിൽ ഉണ്ടായില്ല ആദ്യകാലങ്ങളിൽ.  ഒരു തട്ടുപൊളിപ്പൻ‌ ബാന്റുവാദ്യത്തിൽ‌ തുടക്കം, പിന്നൊരു പാട്ട്, പിന്നെ ഒരു സംഭാഷണം, പിന്നൊരു പാട്ട്, പിന്നെയും സംഭാഷണം, പിന്നെയും പാട്ട്  എന്നിങ്ങനെ രാവേറെച്ചെല്ലുന്നതുവരെ അരങ്ങുതകർക്കും.  ഇടയ്ക്കിടയ്ക്കുള്ള ഇടവേളകളിലും പാട്ട്, കയ്യടി.  പാട്ടും പ്രമേയവും തമ്മിൽ ബന്ധമുണ്ടാകണമെന്നില്ല.   കാണികൾക്കും അവതമ്മിൽ ബന്ധമുണ്ടാകണമെന്നൊന്നുമില്ല.  എന്നാലോ കളികാണാൻവന്നവർ കാര്യമായി എന്തെങ്കിലും കാണുമ്പോൾ വികാരതരളിതരുമാകും.   കൂടെച്ചിരിക്കും.  കൂടെക്കരയും.  ദാരിദ്ര്യം ദയനീയമായി അഭിനയിക്കുന്ന  ബാലന്റെ കുപ്പായത്തിൽ കറൻസി നോട്ടുകൾ കുത്തി തങ്ങളുടെ സഹതാപമറിയിക്കും; അതുപോലെ തകർത്തുപാടുന്ന പാട്ടുകാർക്കും ഉടന്തടി പണമെറിഞ്ഞ് പ്രോത്സാഹിപ്പിക്കും. 

ഗോവയിൽ പണ്ടൊക്കെ പൊതുവിനോദത്തിനായി ജാഗോർ, ഖേൽ എന്നീ തെരുവുനാടകങ്ങളായിരുന്നു.  ജാഗോർ കാവ്യപ്രധാനവും  ഖേൽ സംഭാഷണപ്രധാനവുമായിരുന്നു.   കാലാന്തരത്തിൽ രണ്ടും സഭ്യേതരമായിത്തുടങ്ങിയപ്പോൾ അഭ്യസ്തവിദ്യർ കൈവിട്ടു.  എങ്കിലും ഈ ആദിരൂപങ്ങളുടെ അനുരണനം തിയാത്രിലുണ്ട്.  
അൻപതുകളിൽ, തെരുവുനാടകസങ്കേതങ്ങളെ സ്റ്റേജിലെത്തിക്കാനും തിയാത്ര് എന്ന കലാരൂപത്തിനെ പുതുക്കിപ്പണിയാനും പ്രചരിപ്പിക്കാനും ഏതാനും പ്രതിഭാശാലികൾ പരിശ്രമിച്ചു.   അവരിൽ‌ മുൻപന്തിയിലായിരുന്നു അന്തോണിയോ മൊറേയ്സ്, അന്തോണിയോ മരിയൻ‌ തുടങ്ങിയവർ.

പോത്തുഗീസ്‌ഭരണകാലത്തും അതിനുശേഷവും ഒരു ഭരണകൂടത്തിന്റെയും സഹായമില്ലാതെ തിയാത്ര് തുടർന്നിട്ടുണ്ടെങ്കിൽ അതിന്റെ ജനസമ്മതിയെക്കുറിച്ചു സംശയിക്കേണ്ടതേയില്ല.   ഹിന്ദുജനവിഭാഗങ്ങളും മുസ്ലിം‌-കലാകാരൻമാർപോലും ഇന്ന് തിയാത്രിൽ ഭാഗഭാക്കുകളാകുന്നുണ്ട്.

പത്തുപതിനഞ്ചുമിനിറ്റു ദൈർഘ്യമുള്ള ആറോ ഏഴോ അങ്കങ്ങളിൽ (അവയെ അവർ‌ ‘പൊർധേ‘ എന്നു വിളിക്കും) ഒരു കഥയോ കഥയില്ലായ്മയോ അവതരിപ്പിക്കപ്പെടും.   അവയ്ക്കിടയിൽ, രംഗമാറ്റത്തിനിടയിൽ, കഥയുമായി ഒരു ബന്ധവുമില്ലാത്ത രണ്ടും മൂന്നും പാട്ടുകൾ കുത്തിക്കയറ്റും.   സാമൂഹ്യ-സാംസ്ക്കാരിക-മതപരമായ കാര്യങ്ങളിൽ കുറിക്കുകൊള്ളുന്ന പാട്ടുകളും സംഭാഷണങ്ങളുമായി നാടകം മുന്നേറും.   പാട്ടും പരിപാടിയും രസിച്ച ജനം കയ്യടിച്ചു പിരിയും. 
നാടകത്തിന്റെ ഇതിവൃത്തവുമായി ഇണങ്ങിപ്പോകുന്ന പാട്ടുകളെ ‘കാന്ത്‘ എന്നു വിളിക്കുന്നു.   അങ്കം മാറുന്ന ഇടവേളകളിൽ മുഷിപ്പുമാറ്റാനുള്ള, കഥയുമായി യാതൊരു ബന്ധവുമില്ലാത്ത പാട്ടുകളെ ‘കാന്തരാം‘ എന്നു വിളിക്കും.   എന്നാലോ ഹാസ്യവും വിമർശവും പരിഹാസവും പരദൂഷണവുമടങ്ങുന്ന കാന്തരാം കേൾക്കാനാണ് മിക്കപ്പോഴും ജനം തടിച്ചുകൂടുന്നത്.   കീ-ബോർഡ്, ട്രം‌പെറ്റ്, സാക്സൊഫോൺ‌, ഗിത്താർ, ഡ്രംസ് എന്നിവയുൾപ്പെട്ട നല്ല ഒന്നാന്തരം ബാന്റ്-മേളത്തോടെയുള്ള കാന്തരാം, അവതരിപ്പിക്കപ്പെടുന്ന നാടകത്തെതന്നെ അധിജീവിക്കുന്നു എന്നത് തിയാത്രിന്റെ പ്രത്യേകതയാണ്.

നൂറുകണക്കിന് കഥാകൃത്തുക്കളും അഭിനേതാക്കളും ഗായകരുമാണ് തിയാത്രിലൂടെ വളർന്നുവന്നിട്ടുള്ളത്.   അവരിൽ നാടകമെഴുത്തുകാർ അലെക്സീന്യോ, എം. ബോയർ, പ്രേംകുമാർ, സൂസലിൻ, പ്രിൻസ് ജേക്കബ്, റോസ്ഫേൺസ്, മരിയോ മെനേസിസ്, അനിൽകുമാർ എന്നിവരുടെയെങ്കിലും പേരെടുത്തുപറഞ്ഞില്ലെങ്കിൽ അനീതി ആയിപ്പോകും.   അതുപോലെ പാട്ടെഴുത്തുകാരയ കിഡ് ബോക്സർ, സി. അൽവാരിസ്, മിഗേൽ റോദ്, റോസ്, പെറി  എന്നിവരുടെയും.   പാട്ടുകാരുടെ നിരയിൽ ലോർണ, ഒഫേലിയ, ആൽഫ്രെഡ് റോസ്, റീറ്റ റോസ്, മോഹന, ആന്തൊണി സാൻ, ഫെൽസി, ലോറി തുടങ്ങിയവരും.   കച്ചവടക്കൂട്ടത്തിൽപെടാതെ തിയാത്രിനെ പരിരക്ഷിക്കുന്നവരിൽ മുൻപന്തിയിലാണ് തോമസീഞ്യോ കാർദോസ്, സീസർ ഡിമെലോ, ആൽഫി ദ് ദിവാർ എന്നിവർ.

ഏപ്രിൽ 17 ‘തിയാത്ര്-ദീസ്‘ (ദിനം) ആയി ആചരിക്കപ്പെടുന്നു ഗോവയിൽ. അതോടനുബന്ധിച്ച് ഇവിടത്തെ കലാ‌ അക്കാഡമിയും തിയാത്ര് അക്കാഡമിയും വർഷാവർഷം തിയാത്ര്-മത്സരങ്ങൾ സംഘടിപ്പിക്കുന്നുണ്ട് അതിവിപുലമായിത്തന്നെ.   ഗോവ സെൻട്രൽ ലൈബ്രറിയുടെ പ്രയത്നത്തിൽ, തിയാത്രിനെക്കുറിച്ചുള്ള രേഖകളെല്ലാം സന്നിവേശിപ്പിച്ച് ‘തിയാത്ര് മാചി‘ എന്ന ബൃഹത്തായൊരു ആധാരഗ്രന്ഥം പുറത്തിറക്കിയിട്ടുള്ളതും എടുത്തുപറയേണ്ടതാണ്.   തിയാത്ര് എന്ന രംഗകലയുടെ ബഹുമാനാർഥം ഒരു നിര സ്റ്റാമ്പുകൾ തപാൽ‌വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്.

പൗരാണിക ഭാരതീയ നാട്യശാസ്ത്രത്തിന്റെ അടിവേരുകളോ യൂറോപ്യൻനാടകസരണിയുടെ ചിട്ടവട്ടങ്ങളോ ഉത്തരേന്ത്യൻ നാടകക്കസർത്തിന്റെ ചടുലതയോ ദക്ഷിണേന്ത്യൻ നാടകപ്പെരുമയുടെ നൃത്തസമ്മേളനമോ മറാഠി രംഗസംവിധാനത്തിന്റെ നാടകീയതയോ,  എന്തിന്, മലയാളനാടകങ്ങളിലെ ബൗദ്ധികസഞ്ചാരങ്ങളോ ‘തിയാത്ര്‘-ൽ‌ കാണാൻകഴിഞ്ഞെന്നു വരില്ല.  എങ്കിലും തുടക്കത്തിലെ വെറും ഉല്ലാസോപാധി എന്നതിനപ്പുറം അതൊരു  സാംസ്ക്കാരികോപാധിയായും പ്രചരണോപാധിയായും പടർന്നപ്പോൾ ഗോവയുടെ ‘തിയാത്ര്‘, കളിവിട്ടു കാര്യമാവുകയായിരുന്നു കഴിഞ്ഞ രണ്ടുമൂന്നു ദശാബ്ദങ്ങളിലായി.  വെറും വൈകാരികവും കൃത്രിമവും ബാലിശവുമായിത്തുടങ്ങിയ ഈ നാടകവിശേഷം ഇന്ന് വളരെയധികം പുരോഗമിച്ചിരിക്കുന്നു – കലാപരമായും സാങ്കേതികമായും സാംസ്ക്കാരികമായും സാമ്പത്തികമായും.

രൂപഭദ്രതയ്ക്കും ഭാവഭദ്രതയ്ക്കുമെല്ലാം എത്രയോ അകലെ തന്നെയാണ് ഇന്നും തിയാത്ര്.   എന്നിരിക്കിലും വിലകുറഞ്ഞ ഹാസ്യവും അറുബോറൻപ്രകടനങ്ങളുംവിട്ട് സോദ്ദേശതലങ്ങളിലേക്കും സാർഥകചിന്തകളിലേക്കും സാമാന്യജനങ്ങളെ നയിക്കാൻ തിയാത്ര് ശ്രമിക്കുന്നുണ്ടിപ്പോൾ.   മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും സ്വാർഥതാൽപര്യങ്ങളുടെയും അടുത്തകാലത്തെ അതിപ്രസരം തിയാത്ര് എന്ന തനതുനാടകവിശേഷത്തെ തളർത്തിക്കളയുമോ എന്നൊരു സന്ദേഹം പലരും വച്ചുപുലർത്തുന്നുണ്ട്.  വിഷമയമായ വിനോദം എന്നുവരെ ചിലർ‌ വിശേഷിപ്പിച്ചുകാണുന്നു ഈ നാടകപ്രസ്ഥാനത്തെ.  എങ്കിൽപോലും ഗോവയുടെ സാമൂഹ്യ-സാംസ്ക്കാരികസഞ്ചാരങ്ങളിൽ സംശയാതീതമായൊരു സ്ഥാനം തിയാത്രിനിന്നുണ്ട്.   മണ്ണിന്റെ മക്കൾ, മെയ്മറന്നു മനമറിഞ്ഞു മെനഞ്ഞെടുത്ത ഈ മഹാപ്രസ്ഥാനം മതത്തിന്റെയും മദത്തിന്റെയും മാത്സര്യത്തിന്റെയും പേരിൽ മണ്ണടിയാതിരിക്കട്ടെ.

[Published in Goa Malayali newspaper Sunday 12 May 2019]

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...