Tuesday 26 December 2017

അറിയില്ല

നൂറ്റാണ്ടുമൊത്തമിവിടെക്കഴിഞ്ഞാലും
ഞാനെന്നൊരുത്തനെ ലോകമറിയില്ല.
ലോകം മുഴുക്കെ പറന്നു നടക്കിലും
ഞാനാരാപ്പക്ഷിയെ കണ്ടെന്നിരിക്കില്ല.
കണ്ണിനു കാഴ്ച്ചയേയില്ലാതെ പോയാലും
വേനൽവെളിച്ചത്തിലൊന്നും മറയില്ല.
പഞ്ചേന്ദ്രിയങ്ങളിൽ പാടകെട്ടും ചില
പ്രാപഞ്ചികങ്ങളും കൂട്ടിനിരിക്കില്ല.
മേലേ കിടക്കുന്ന മാനത്തിൽ നൂൽകെട്ടി
താഴേക്കുതൂങ്ങുവാനൂഞ്ഞാലെനിക്കില്ല.
വാശിക്കു വാതായനങ്ങൾ തുറന്നാലും
വാരിക്കുഴിയുടെ മൂടി തുറക്കില്ല!

[December, 2017]


Tuesday 31 October 2017

രാഷ്ട്രീയം

പാർട്ടികൾ
പാഠങ്ങൾ
പാടിത്തകർക്കുമ്പോൾ
പാണന്റെ
പാട്ടിനോ
പാതിവില!


[October 2017]

Monday 30 October 2017

സമവാക്യം

വഴിയേ തെറ്റിപ്പോയ
വാഴ്‌വിന്റെ കണക്കുകൾ:
കൂട്ടലും കുറയ്ക്കലും
ഗുണിക്കലും ഹരിക്കലും
മേലോട്ടുയർത്തലും
പിന്നോട്ടു വലിക്കലും
ഒന്നിനൊന്നായ് ചേർന്നു
കലക്കലും പിരിക്കലും
ശരിയൊന്നുത്തരം മാത്രം
ശരിയെന്നുത്തരം മാത്രം
ചെയ്തതെല്ലാം ശരി
ജീവിതം സമം പൂജ്യം:
പൂജ്യമദ: പൂജ്യമിദം
പൂജ്യാത് പൂജ്യമുദച്യതേ
പൂജ്യസ്യ പൂജ്യമാദായ
പൂജ്യമേവാവശിഷ്യതേ
(Jul 2009 / Apr 2010 / Sep / Oct 2017)

നാലുകെട്ടത്!

നാലുകാലുള്ളോരു 
നങ്ങേലിപ്പെണ്ണിനെ
കോലുനാരായണൻ
നാലുകെട്ടുന്നു.
അവൾ
നാളുനീട്ടുവാൻ
നോൻപു നോൽക്കുന്നു;
നോൻപുനോൽക്കുവാൻ
നാവറയ്ക്കുന്നു.
അവൻ
നാളറിയാതെ,
നോൻപറിയാതെ,
നാലുകെട്ടുകൾ
നാമ്പുനീട്ടുന്നു.
അവർ
നോൻപു നോൽക്കുന്നു,
നോൻപറുക്കുന്നു,
നാവറക്കുന്നു
നാമ്പറക്കുന്നു.
(Sep/Oct 2017)

ആട്, ആട്!

ആട്, പാമ്പോ?
പുനം തേടുമെന്നോ?
മനം മാറുമെന്നോ?
മരം കേറുമെന്നോ?
പുര മേയുമെന്നോ?
പുഴ തൂക്കുമെന്നോ?
കുളം തോണ്ടുമെന്നോ?
[Sep/Oct 2017]

Friday 15 September 2017

കർക്കടകക്കഞ്ഞി - 2017


1.    കള്ളക്കർക്കടകം
പുഴകൾ പഴകിയ വഴികൾ തേടി
മഴകൾ പുതിയൊരു വഴിയും തേടി

2.    പാഠഭേദം
പാരം പുറത്തു പറയാത്തൊരു പാഠഭേദം
പാരിൽ പകർത്തുവതെന്തൊരു ഭാവഭേദം

3.    ഉരുളി
ഇത്രയൊരു നാളത്തിൽ
മുരളി ഉരുളണമെങ്കിൽ
ഉരുളിക്കെത്ര നാളാവും?

4.    പച്ചത്തുരുത്ത്
പച്ചത്തുരുത്തിലെ
പുതുചോരപ്പടർപ്പിലെ
ആട്.
പാടിപ്പാടി പടനിലമാക്കും
പാണനുമാത്രം പണമളവ്.

5.    ജന്മനാ
ജനിതകവും ജാതീയവും
ജനികവും ജനകീയവുമാക്കിയ
നാട്.

6.    മരം, മണ്ണ്, മനുഷ്യൻ
സേവ് ദ് ട്രീ
സാവിത്രീ,
സേവ് ദ് ത്രീ!

7.    സുഷുപ്തി
ഉണർന്നാലറിയാം
ഉറക്കത്തിന്റെ ശക്തി
ഉണർന്നില്ലെങ്കിലറിയാം
ഉറക്കത്തിന്റെ മുക്തി

8.    ഹൈവേയും ബാറും പത്രവും
പാതമുറിച്ചവൻ കാലടി വയ്ക്കുന്നു
വാക്കുകളോരോ‘ന്നെഴുത്തു‘ വയ്ക്കാൻ!


9.    വേറിട്ട വഴികൾ
ഇഷ്ടദേവതയായാലും
ഇഷ്ടമല്ലാത്തതു ചെയ്താൽ
ഇഷ്ടക്കാരി വഴി വേറെ.

10.  ലക്ഷ്മണരേഖ
ശൂർപ്പണഖക്കത്തി
ഇന്നായിരുന്നെങ്കിൽ?

11. മിശ്രിതം
ധാന്യത്തിന്നിടയിൽ
ഇത്രയധികം
മറുധാന്യങ്ങൾ കണ്ടാൽ
നമുക്കു തോന്നും
വേറെയും
ഇത്രയധികം
ധാന്യങ്ങളോ എന്ന്.
വേറെയും
ഇത്രയധികം
വിഡ്ഢികളോ എന്ന്.


12.  നാറാണത്തം
മലമുകളിൽ
കല്ലേറ്റും മുൻപ്
ഭ്രാന്തൻ ചോദിച്ചു:
‘വേണോ, വേണ്ടയോ?‘
എന്തിനോ...

13.  സമരസം
ഒരു കലാപം
മറ്റൊരു കലാപത്തിന്
കളമൊരുക്കുന്നു.

14.  കാലാൾപ്പട
ഒന്നുരണ്ടിടത്ത്
കാലിടറി
എന്നുവച്ച്
രണ്ടുമൂന്നിടത്ത്
കാലിടറണമെന്നില്ല

15.  സാഹോദര്യം
വള്ളിവിട്ട ‘ബ്രാ‘യെപ്പോലെ
വീണുകിടക്കുന്നു ‘ബ്രോ‘

16.  റോംഗ് നമ്പർ
വിളിച്ചതല്ലവൾ
വിളിഞ്ഞതാണ്.

17.  വിശ്വരൂപം
ആണായാലതു വേറെ
പെണ്ണായാലതു വേറെ
വേറിട്ടു കാണില്ലല്ലോ
വിശ്വരൂപം തുറക്കവേ

18.  പെടാപ്പാട്
ഒന്നും
ഒരുപാടാകരുത്.

19.  അപജാതശിശു
മുഷ്ടിമൂത്രം തൊട്ട്
മുഷ്ടിസമുദ്രം വരെ

20.  പ്രേമം
കയ്യെത്തും ദൂരത്ത്
കണ്ണും നട്ട്!

21.  വർണവെറി
കറുത്തതെന്തും കൊത്തിവലിക്കും
വെളുത്തതെല്ലാം വലിച്ചെറിയും

22.  ഭാരതം
ഒന്നായ നിന്നെയിഹ-
യില്ലെന്നുകണ്ടളവി-
ലുണ്ടായൊരാന്തൽ!

23.  ധർമസ്യ ഗ്ലാനി
പൗരധർമം പത്രധർമം
മിത്രധർമം പുത്രധർമം


Wednesday 13 September 2017

കൊച്ചടിക്കവിതകൾ [Small-Metre Poems] (Sep 2017)


1.       പ്രാർത്ഥനായോഗം
നിനക്കുവേണ്ടി ഞാൻ പ്രാർത്ഥിക്കാം;
എനിക്കുവേണ്ടി നീ പ്രാർത്ഥിക്കണം.
നമുക്കുവേണ്ടി പ്രാർത്ഥിക്കാൻ
കസ്റ്റമർകെയറിൽ വിളിച്ചുനോക്കാം.

2.       ഉപഭോക്തം
നല്ല ദൈവം ചീത്ത ദൈവം
നല്ല അമ്പലം ചീത്ത അമ്പലം
നല്ല ഗുരുജി ചീത്ത ഗുരുജി
തെരഞ്ഞടുക്കാനെന്തെളുപ്പം!

3.       വർണവെറി
മൂന്നുമല്ലെന്ന്
മൂവർണം തെളിയിക്കൂ,
മുഴുവനാക്കിക്കൊണ്ട്
മുക്കാലപ്പെരുമാളേ,
മൂവന്തിപ്പെരുമാളേ!

4.       വണ്ടിക്കോഴി
ഒരു കൂവൽ.
തീവണ്ടിക്കുള്ളിൽ
വറചട്ടിയിലെന്നപോലെ
ഇറച്ചിക്കഷ്ണങ്ങൾ
തലയാട്ടുന്നു.

5.       പേനക്കത്തി
എഴുത്തിന്റെ യന്ത്രസാമഗ്രികളിൽ
കരുത്തിന്റുറവ ഉണങ്ങിയുറങ്ങുന്നുണ്ട്.

6.       ദീപാവലി
ദീപാവലിക്കുന്നു
ഞാൻ ശ്വാസം.
പടക്കത്തിൻ പുകയിൽ
കാശിൻ കരിമണം.

7.       മുദ്രാരാക്ഷസം
രാക്ഷസീ,
നീയുണ്ടെങ്കിലേ
എനിക്കെന്റെ
അസുരജീവിതമൊക്കൂ!

8.       കുറ്റാന്വേഷണം
കള്ളച്ചിരിയിൽ തപ്പിയെടുത്താൽ
തൊണ്ടിമുതൽക്കൊരു നാണം.

9.       നീതി
കാറ്റാലല്ല
കരുണയാലാണു വിധി.

10.   ബുദ്ധിജീവിതം
പ്രശ്നത്തെപ്പിടിച്ച്
പ്രശ്നത്തെപ്പേടിച്ച്
ബോൾ-പോയിന്റ് പരുവത്തിലാക്കരുത്.


Sunday 2 July 2017

മെട്രോമാൻ


ഇത്‌ `മെട്രോമാൻ` എന്ന ചീത്തപ്പേരുള്ള ഈ ശ്രീധരനെപ്പറ്റിയോ  ആ ശ്രീധരനെപ്പറ്റിയോ ഒന്നുമല്ല.   മറ്റൊരു മാനിനെപ്പറ്റിയും മയിലിനെപ്പറ്റിയുമല്ല.   സാക്ഷാൽ മെട്രോമാനെപ്പറ്റി.

ഞാനാ ശരിക്കും മെട്രോമാൻ.   ന്ന്വച്ചാൽ സാക്ഷാൽ കൊച്ചിക്കാരനേ.   പറഞ്ഞപ്പോ ന്താ, ഒരു പന്തിയില്ലായ്യ, അതോ.  എന്റച്ഛനും അമ്മേം ഒടപ്രന്നോരും അപ്രത്തുള്ളോരും ഇപ്രത്തുള്ളോരും എല്ലാം അതേ, ട്ടോ.

ദാ അദ്‌, മെട്രോവേ - അദ് വന്നപ്പോ അദൊന്നു കാണണംന്ന്‌ ശ്ശി മോഹണ്ടായിരുന്നേ.   പണ്ടെങ്ങാണ്ട് എർണാകുളം-കോട്ടയം തീവണ്ടിവരും വരുംന്നോറ്റെ കേട്ട്‌ തൃപ്പൂണിത്രെ തണ്ടുവാളത്തിൽ കാതുംവച്ച് കാത്തിരിക്കൊക്കെയിണ്ടായി.   അതും ഓർമേക്കേണ്ട്‌.

അതോണ്ടാ ഇത്ര കമ്പം.   അല്ലേച്ചാൽ ഇതിലൊക്കെ എന്താത്ര?   മെട്രോ വര്‌വേ, പോവ്‌വേ - ആയിക്കോട്ടെ.   വേറെന്തെല്ലാം... ശ്ശി കണ്ടിരിക്ക്ണു.

ഇന്നു പൂവാംച്ചാഇന്ന്‌ മുപ്പട്ട വെള്ളി.  ഇന്നു വേണ്ടാന്നേ.   ശെനി, ഞായർ, അതീക്കഴിഞ്ഞ് തിങ്കൾ.   നോക്കട്ടേ, ട്ടോ.  ചൊവ്വ വേണ്ട മാഷേ.   ബുധൻകോടി ദിനംകോടി.   നല്ലതാ.   അന്നു മതി.   വ്യാഴനും നല്ലതാ.

മെട്രോവണ്ടി കസറുന്നുണ്ടെന്നാ കേട്ടേ.   ഭൂമിമലയാളംതൃപ്പൂണിത്തുറയിൽ കീഴ്ക്കടെ കാണാത്തമാതിരി വിശേഷങ്ങളൊക്കെ ഇണ്ടെന്നാ പറേണേ.   പച്ചപ്പരിഷ്ക്കാരം എന്നല്ലാതെ എന്താ പറയാ.   വല്ലാണ്ട് വേഷംകെട്ടിപ്പോവ്വാനൊന്നും നിക്കു വയ്യേ.   നല്ല മുണ്ടും ഷർട്ടും ആയാൽ പോരെന്നുണ്ടോ ആവോ.   ഇപ്പഴത്തമാതിരി പുറമെ കാവിക്കൈലിയോ പണ്ടത്തെമാതിരി അകത്തു ചുവപ്പു നിക്കറോ ഇടാനൊന്നും എനിക്കു വയ്യേ.   ഞാൻ കോൺഗ്രസ്സും അല്ല, കമ്മൂണിസ്റ്റും അല്ല, ഇപ്പഴത്തെ - എന്താ പറയ്യാ - സംഘമോ ഒന്നുമല്ല.   കൈപൊക്കി ജെയ് വിളിക്കാനും പോലീസിന്റെ തല്ലുകൊള്ളാനും നാട്ടുകാരുടെ ചീത്തകേക്കാനും ഞാനില്ലേ.   ഇനി അതിമ്മെ കേറി വേണ്ട.

അമ്മേത്തല്ലിയാലും രണ്ടുപക്ഷം, ന്നാ.   അതുവേണ്ട ഇതുവേണ്ട എന്നൊക്കെ അപ്പിടി ഇപ്പിടി  കിന്നാരം പറഞ്ഞവരൊക്കെ ഇപ്പോ അതുവേണം ഇതുവേണം ന്നൊക്കെ ആയി, ല്ലേ.   അതേയ്, മേലപ്പിടി ചളിയായവരാ ഇപ്പോ മീശേമ്മെ മണ്ണൊട്ടിയില്ലെന്ന മട്ടില്‌.   പയനിയർബസ്സും പിയെസ്സെൻബസ്സും പോയപ്പെ എന്തായിരുന്നു.   ആനവണ്ടി വന്നപ്പെ എന്തായിരുന്നു.   നടക്കട്ടെ, നടക്കട്ടെ.

അതൊക്കെപ്പോട്ടെ.   മെട്രോ കാണാൻ എന്താ വേണ്ടേ, സ്റ്റേഷനിൽപോണം.  ഒരു ടിക്കറ്റെടുക്കണം.   സ്റ്റേഷൻ ശ്ശി ദൂരെയാണേ.   അരപ്പണിയേ ആയുള്ളൂത്രേ.   സാരല്ല്യ.   അതു നമുക്കൊക്കെ ശീലായില്ലേ.   പോട്ടെ.   ഇക്കണ്ട പണി ത്രയ്ക്കൊക്കെ  എളുപ്പാണോ.   സ്ഥലമെടുക്കണ്ടേ, റോഡുവെട്ടണ്ടേ, പാളമിടണ്ടേ, കമ്പിവലിക്കണ്ടേ.   തൃപ്പൂണിത്തുറെവരെ എത്തിക്കണമ്ന്നാ.   എല്ലാരും ഒരുപിടി പറയേണ്ടായി.   വര്‌വോ,   അറിയാമ്പാടില്ല.

സംഗതി കസറിയിട്ട്ണ്ട്, ട്ടോ.   ശടശടാന്നല്ലേ വണ്ടികൾ വരണ വരവ്.   പളപളാന്നാ എല്ലാം.   അടിപൊളി, കിടിലൻ, കിടു, സൂപ്പർ, തകർപ്പൻ എന്നെല്ലാമാ വരത്തുകാരു പറേണത്.   അച്ചിയില്ലെങ്കിലും കൊച്ചിയിപ്പോ വരത്തുകാരുടെയല്ലേ.   ആയ്ക്കോട്ടെ, ആയ്ക്കോട്ടെ.

എന്നാലുമെന്റെ ദൈവേ, ഓരോരോ ദിക്കിലെന്തൊക്കെയാ മണം!   തൃപ്പൂണിത്തുറെ കുപ്പമണം.   വൈറ്റിലെ വണ്ടിപ്പുക.   എർണാകുളത്ത് മീൻവാട.   കലൂരപ്പിടി സെപ്റ്റിൿടാങ്ക്.   ഓ, പിന്നെ പിന്നെ, പാലാരിവട്ടം സൊർഗല്ലേ സൊർഗം!   നാറ്റമടിച്ചിട്ടു വയ്യ - ഒക്കെ ഈ തട്ടുകടക്കാരാ.   പണ്ടു കുറെ പീടികമുറികളുണ്ടായിരുന്ന സ്ഥലായിരുന്നു.   വരുമ്പോ പോകുമ്പോ കാണാറുള്ളതല്ലേ.   ഒക്കെ പോയീന്നേ.   എടപ്പള്ളിയുമതെ.   കണ്ടാലറീല്ല.   കളമശ്ശേരിതൊട്ടു തൊടങ്ങും കമ്പനിപ്പൊക.   പിന്നൊക്കെ ഒരു കണക്കാ.   ശാസം മുട്ടീട്ടു ചാവാഞ്ഞാൽ ഭാഗ്യം.   എന്തു മെട്രോ വന്നിട്ടെന്താ.   വീട്ടി വന്നു മേക്കഴുകിയാലും വിടില്ല വാടനാറ്റം.

ഉവ്വുവ്വ്.   എവിടെ നോക്കിയാലും ഈ വാ നോട്ടക്കാരാ.    അതേതെ, മുണ്ടും മടക്കിക്കുത്തി എളിയും ചൊറിഞ്ഞ് കള്ളും മണത്ത്  തെറിയും പറഞ്ഞ്.   എന്തോ ബസ്സിൽ സ്ത്രീ-കണ്ടക്റ്റർമാരെ കാണാത്തപോലെ.   എന്തോ ഓട്ടോ ഓടിക്കുന്ന പെണ്ണുങ്ങളെ കാണാത്തമാതിരി.   മെട്രോവണ്ടിവന്നാ ഒടനെ നോട്ടം പെൺ-ഡ്രൈവറാണോന്നാ.   പോരാത്തതിന്‌, വിധിക്കു കൈപ്പിഴവന്ന പാവം കുറെ അപരസ്ത്രീകളുണ്ടോന്നും.   മത്യായി.   എന്നാ ഇവറ്റകളൊക്കെ നന്നാവാമ്പോണേ?

അറീല്ല.   ഇതൊക്കെ കുറെ കഴീമ്പോ ശ്ശടേന്നു താറുമാറാക്വോ ന്നാ ന്റെ പേടി.   ല്ലെങ്കിൽ, കുറെ കാശുകാർക്കുമാത്രം ശ്ശെറേന്നു പോയ് വരാനൊരു തട്ടിക്കൂട്ട്.   ആണെന്നാച്ചാലും അല്ലെന്നെച്ചാലും നന്നായിവരട്ടെ എല്ലാം.

ഒരു കാര്യം മൻസിലായി.   വേണെങ്കിലേ ഈ ഭൂമിമലയാളത്തി എന്തും ചീയാമ്പറ്റും.   വേണ്ടാന്നിച്ചിട്ടാ ഒന്നും വരാത്തേ.   വേണ്ടാന്നേ.   ഒന്നും വരണ്ടാന്നേ.   അതാപ്പോ നന്നായേ.


ന്നാലും എട കിട്ടുമ്പോ ന്നീം പോണമ്ന്ന്ണ്ട് മെട്രോവിൽ.   അപ്പൊ ശെരി, ട്ടോ.

Sunday 25 June 2017

'അയ്യോ`-സാഹിത്യം!

ഗോവയിലെ നാലാമത്‌ പ്രവാസി മലയാള സാഹിത്യസംഗമത്തിൽ (2017 ജൂൺ, 3-4), `മറുനാടൻമലയാളികളുടെ സാഹിത്യസഞ്ചാരങ്ങൾ` എന്ന വിഷയം ചർച്ചയ്ക്കു വച്ചിരുന്നു.   അതിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെങ്കിലും, അന്യനാട്ടിലെ കേരളീയർ സാഹിത്യാദിവിഷയങ്ങളിൽ കാലാകാലം വ്യവഹരിക്കുന്നതിന്റെ ഒരു സംക്ഷിപ്തചിത്രം അവതരിപ്പിക്കപ്പെട്ടിരിക്കും എന്നു ഞാൻ കരുതുന്നു.   അതുമാത്രമല്ല, പ്രവാസിമലയാളികളുടെ സാഹിത്യകൃതികളിലെ പ്രത്യേകതകളും നൂതനപ്രവണതകളും ചർച്ചയ്ക്കു വന്നിട്ടുണ്ടായിരിക്കും.   തീർച്ചയായും പ്രവാസിമലയാളസാഹിത്യകൃതികളുടെ ഗുണാത്മകചിത്രങ്ങളായിരിക്കും പ്രായേണ പ്രദർശിപ്പിച്ചിട്ടുണ്ടാവുക.   ഇത്തരം വേദികളിൽ, ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ `കോണ്ട്രാ`ചിന്തകൾ ആശാസ്യമല്ലല്ലോ.

എങ്കിലും വഴിവിട്ടുപോകുന്ന ചില പ്രവണതകളെപ്പറ്റി പറയാതിരുന്നാൽ തത്കാലം സുഖം തോന്നുമെങ്കിലും, കാലക്രമത്തിൽ കേരളീയരുടെ കലാസംസ്ക്കാരത്തെ കുളംതോണ്ടുന്നൊരു സ്ഥിതിവിശേഷം അറിയാതെ പോയേക്കും.   ഒട്ടൊക്കെ ഋണാത്മകമെങ്കിലും എന്റെയീ അവലോകനം, വഴിവിട്ടുനടക്കുന്നവരെ - വഴിതെറ്റിനടക്കുന്നവരെയല്ല, വഴി അറിയാത്തവരെയല്ല, വഴിമാറുന്നവരെയല്ല, വഴി വെട്ടുന്നവരെയുമല്ല - വേദനിപ്പിക്കാനല്ല, മറിച്ച്‌ അവർ മറ്റുള്ളവരുടെ വഴിമുടക്കികളാവാതിരിക്കാനാണ്‌.

സംശയമില്ല, ഏതൊരു പ്രവാസിയുടെയും ആദ്യത്തെ ദുരനുഭവമാണ്‌ ഗൃഹാതുരത്വം.   അചിരേണ അതിനെ മറികടക്കുമ്പോഴേ പ്രവാസജീവിതത്തിന്‌ അർഥവും പുഷ്ടിയും സംതൃപ്തിയും കൈവരുന്നുള്ളൂ.   പൈതങ്ങൾ എന്നും അമ്മേ, അമ്മേഎന്ന് കാറിവിളിച്ചുകൊണ്ടല്ല വളരുന്നത്.   ഒരു പ്രായമായാൽ അമ്മയുടെ അസാന്നിധ്യം താങ്ങുവാനുള്ള കെൽപ്പുണ്ടാകുന്നു.   ഉണ്ടാകണം.   അല്ലെങ്കിൽ അത് ബാലിശമായിപ്പോകും.   പരിഹാസ്യവുമാകും.

മറ്റു പല കാരണങ്ങളുണ്ടായിരിക്കാമെങ്കിലും, പ്രവാസി മലയാളികളുടെ സാഹിത്യസഞ്ചാരത്തിനു തുടക്കം ഈയൊരു ഗൃഹാതുരത്വചത്വരത്തിൽനിന്നാണെന്നു സാമാന്യവത്കരിക്കാം എന്നു തോന്നുന്നു.  ഗൃഹാതുരത്വം ഒരു തെറ്റല്ല.   അതു സാഹിത്യമാക്കുന്നതിൽ തെറ്റുമില്ല.   എന്നാലോ അതൊരു സ്ഥിരം ശീലവും ശീലായ്മയുമാകുമ്പോഴാണ്‌ സാഹിത്യാഭ്യാസം സാഹിത്യാഭാസമാകുന്നത്.   എഴുതിക്കൂട്ടുന്നതിലെല്ലാം ഒരുതരം അയ്യോ-പാവത്തംകടന്നുകൂടുന്നു.   ഒരു പരിധി വിടുമ്പോൾ തന്റെ തുടക്കത്തോന്നൽ ന്യായീകരിക്കാൻവേണ്ടി ഗൃഹാതുരത്വത്തിന്റെ - നഷ്ടാൾജിയയുടെ - കപടവശങ്ങൾ പുറത്തെടുക്കുന്നു.   ഓണവും വിഷുവും തിരുവാതിരയും പെരുന്നാളും നോമ്പും ഉത്സവവും മലയും പുഴയും ഞാറ്റുവേലയും പോരാഞ്ഞ്, മൊഞ്ചും മണവും രുചിയും ചെത്തവും ചൂരും വിരഹവും വിഷാദവും കടന്ന്, പുരയിടംവാങ്ങലും പുരപണിയലും പൊന്നുവാങ്ങലും പെങ്ങളുടെ കല്യാണവും തങ്ങളുടെ പ്രേമാഭിരാമവും പേർത്തും പേർത്തും പറഞ്ഞ് ഒരരുക്കാക്കിയാലും തീരില്ല മിക്ക പ്രവാസിമലയാളികളുടെയും സാഹിത്യസഞ്ചാരങ്ങൾ.

നാടുവിട്ട് പുറംനാട്ടിലേക്കുപോകുന്ന മലയാളികളെല്ലാം അഭ്യസ്തവിദ്യരും ആരംഭചിന്തകരുമാണ്‌.   അവരുടെ ആദ്യാഭിനിവേശം കലാസാഹിത്യാദികളിൽ കുറ്റിയടിക്കുന്നതു സ്വാഭാവികം.   എങ്കിലോ അവരുടെ ആദ്യപരിശ്രമങ്ങളെല്ലാം നാടകമെന്നു ചെല്ലപ്പേരിട്ടുവിളിക്കുന്ന ചില അരങ്ങാട്ടങ്ങളിലും കവിതയെന്നു ചെല്ലപ്പേരിട്ടുവിളിക്കുന്ന ഗദ്യ-പദ്യത്തിലുമായിപ്പോകുന്നതെന്തുകൊണ്ട് എന്നതിന്‌ ഇന്നും എനിക്കൊരു മുഴുവനുത്തരം കിട്ടിയിട്ടില്ല.   കുറുക്കിപ്പറഞ്ഞാൽ,   പാട്ടും കഥയും വരയും പിൻതള്ളി, അല്ലറ നാടകങ്ങളിലും ചില്ലറ പദ്യങ്ങളിലുമാണ്‌ നമ്മുടെ പ്രവാസിമലയാളി സ്വന്തം സർഗശക്തി തല്ലിത്തിരുമ്മി അലക്കുന്നത്.   ആരോ ചൊല്ലിക്കൊടുത്ത് ആർക്കോവേണ്ടി ആരാന്റെ അങ്കണത്തിൽ അരങ്ങേറ്റുന്ന നാടകാഭാസങ്ങൾ ഒരുവശത്ത്ഗദ്യംപോലും തികച്ചെഴുതാൻ കഴിവില്ലാതെ പ്രസ്താവനയും മുദ്രാവാക്യവും വളിപ്പും വഷളത്തവും കവിതയായെന്ന മട്ടിൽ കയറ്റുമതി ചെയ്യുന്നത് മറുവശത്ത്.   ഇവയൊക്കെ തന്നോടും തന്റെ സമൂഹത്തോടും അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന ദുസ്സാഹസമാണ്‌.

ഞാൻ കാടടച്ച് വെടി വയ്ക്കുകയല്ല.   കാതടച്ച് വെടിപൊട്ടിക്കുകയുമല്ല.   നാടുവിട്ടിരുന്ന് മലയാളസാഹിത്യത്തെയും ചിത്രകലാരംഗത്തെയും ഇതരകലാശ്രേണികളെയും പരിപുഷ്ടമാക്കിയ ഇന്നലത്തെ ചില മഹാപ്രതിഭകളെയുംനാട്ടിൽനിന്നകന്ന് കലാസാഹിത്യാദികളിൽ സർഗാത്മകതയുടെ ഇതൾവിടർത്തുന്ന ഇന്നത്തെ പല മറുനാടൻമലയാളികളെയും മറന്നേയല്ല ഈ വിചിന്തനം.   അവരെല്ലാം ഗൗരവമായി സാഹിത്യവ്യാപാരം ചെയ്തവർ, ചെയ്യുന്നവർ.   അവർ സാഹിത്യത്തെ വ്യാപാരമാക്കിയവരല്ല.   അവർ സ്വന്തം ’-വട്ടത്തിൽ ചുറ്റിത്തിരിഞ്ഞവരല്ല.   അകലത്തുനിന്നും ഉയരത്തുനിന്നും ജീവദർശനം ചെയ്തവരാണവർ.

നാട്ടിലെപ്പോലെതന്നെ പരദേശത്തും.   വാളെടുത്തവരെല്ലാം വെളിച്ചപ്പാടാകുന്നു.  കയ്യനക്കുമ്പോഴേക്കും അയ്യോ, സാഹിത്യംമുളപൊട്ടുന്നു!   മറുനാട്ടിൽ ഒരു വ്യത്യാസം മാത്രം.   സാഹിത്യമെന്നാൽ കവിത’.   കയ്യനക്കുന്നവരെല്ലാം കവികളാകുന്നു.   കവിതയാണെമ്പാടും - കച്ചോടം പൊട്ടിയപ്പോൾ അമ്മായി ചുട്ടതുപോലത്തെ മണ്ണപ്പങ്ങൾ.   തീർത്തും വ്യക്ത്യധിഷ്ഠിതവും വികാരംകൊണ്ടരോചകവുമായ ഗദ്യവും പദ്യവും ചാണകവും പിണ്ണാക്കുമല്ലാത്ത എന്തോ സൃഷ്ടികൾ.   എല്ലാമല്ല; മിക്കതും.

എന്തുകൊണ്ട് ഇതരകലകളിൽ ഇത്രമാത്രം പരിശ്രമങ്ങളുണ്ടാകുന്നില്ല?   കനപ്പെട്ടൊരു കഥയോ കവിതയോ ലേഖനമോ കാത്തുകാത്തിരുന്നാലേ കരഗതമാകുന്നുള്ളൂ.   വളരെക്കുറച്ച്.   മറിച്ച്, നവമാധ്യമങ്ങളിലൂടെയും സുഹൃദ്സംഘശൃംഖലകളിലൂടെയും തള്ളിത്തള്ളി തരപ്പെടുത്തുന്ന സാഹിത്യകാരപ്പട്ടം അനവധി.   അവർ കാശുകൊടുത്തച്ചടിപ്പിക്കുന്ന പുസ്തകങ്ങളുടെ കോപ്പികളുടെ എണ്ണത്തിനപ്പുറം  ആ കൃതികൾ ശ്രദ്ധിക്കപ്പെടുന്നുണ്ടോ എന്നു സന്ദേഹം.   ഉള്ളിൽനിന്നെഴുതുന്നതും പുറമേക്കെഴുതുന്നതും തമ്മിലുള്ള വ്യത്യാസമാണത്.

എങ്കിലും ഒരുകാര്യം സമ്മതിക്കാതെ വയ്യ.   മലയാളഭാഷയോടും മലയാളസാഹിത്യത്തോടുമുള്ള സ്നേഹാദരങ്ങൾ, നാട്ടുമലയാളികളേക്കാൾ നാടുവിട്ട മലയാളികൾക്കാണു കൂടുതൽ.   ഒരുപക്ഷെ സാഹിത്യവ്യവഹാരങ്ങളിൽ കൂടുതൽ ആത്മാർഥത പുലർത്തുന്നതും പ്രവാസികൾ തന്നെ.   അതേസമയം, ‘ആത്മാർഥതഎന്ന വാക്കിന്‌ രണ്ടർഥമുണ്ടെന്നതു മറക്കരുത്:  ഒന്ന്അവനവന്റേതെന്ന മട്ടിൽ മറ്റുള്ളവർക്കായി ശ്രദ്ധിച്ചു ചെയ്യുന്നത് എന്ന നല്ല അർഥം; രണ്ട്, അവനവനുവേണ്ടിമാത്രം ചെയ്യുന്നത് (സ്വാർഥം) എന്ന ചീത്ത അർഥം!

കവിതയെ രസാത്മകമാക്കുവാനും ധ്വനിരാത്മകമാക്കുവാനും കാലദേശാതീതമാക്കുവാനും, മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടത്തിൽ കണ്ണഞ്ചിച്ചുപോയവർക്കാവില്ല.   തന്റെ കൊച്ചുതട്ടകത്തിലെ തരികിടകൾ ആദർശവത്കരിച്ചോ അതിഭാവുകമാക്കിയോ ദുർഗ്രഹമാക്കിയോ ബീഭത്സമാക്കിയോ വെറുതെയങ്ങു തട്ടിക്കൂട്ടാൻ പറ്റുന്നതല്ലല്ലോ സാഹിത്യം.

ചങ്ങലംപരണ്ടേ മമ, ചങ്ങലംപരണ്ടേ ഹഹ, ചങ്ങലംപരണ്ടേ (വരി തീർന്നുപോകയാൽ).....എന്നൊരു കവിതയെഴുതി കവിയശ:പ്രാർഥികളെ കണക്കിനു കളിയാക്കിയിട്ടുണ്ട്. സഞ്ജയൻ പണ്ട്.   കൊച്ചിയിലെ പണ്ടത്തെ തോട്ടയ്ക്കാടു ദിവാന്റെ തറവാട്ടിലെ, എങ്ങനെയെങ്കിലും കവയിത്രിയെന്ന പേരെടുക്കാൻ കഷ്ടപ്പെട്ടു കവിതയെഴുതിയ ഒരു കവനമണിയമ്മയെപ്പറ്റിയുള്ളൊരു മറുകവിത അശ്ലീലമായതിനാൽ ഇവിടെ പകർത്തുന്നില്ല.   സാഹിത്യകാരപ്പട്ടം കിട്ടാനും ഗ്രന്ഥകർത്താവായിച്ചമയാനും അവാർഡു സംഘടിപ്പിക്കാനും ബുദ്ധിജീവിയാവാനും നാട്ടിലെക്കൂട്ടർ ചെയ്യുന്നതിന്റെ ഇരട്ടി കുതന്ത്രങ്ങളാണ്‌ പ്രവാസി മലയാളികൾ ചെയ്തുകൂട്ടുന്നത്.

ഒരിക്കൽകൂടി ഉറപ്പിച്ചു പറയുന്നു, നാട്ടിലെ സാഹിത്യത്തെ വെല്ലുന്ന സൃഷ്ടികൾപോലും വെളിനാടുകളിൽ ഉണ്ടാകുന്നുണ്ട്.   അവയെ ആസ്ഥാനക്കാരോ  സംസ്ഥാനക്കാരോ അംഗീകരിക്കുന്നുമില്ല.   മറ്റു മിക്കതും വെറും ചവറാണുതാനും.   അവയ്ക്കത്രേ ആവേശവും ആദരണവും അവാർഡും മറ്റും.   അതിഭാവുകത്വവും വികാരാവേശവും ആദർശവത്കരണവും അബദ്ധീകരണവും അശ്ലീലവും ആഭാസവും  വർഗവെറിയും  വർണവിവേചനവും മതവത്കരണവും അരാജകത്വവും പ്രവാസിമലയാളത്തെ അരോചകമാക്കുന്നു.

ഓരോ മനുഷ്യനിലും എന്തെങ്കിലുമൊരു കലാംശം ഉറങ്ങിക്കിടപ്പുണ്ട്.   ദേശത്തായാലും വിദേശത്തായാലും പരദേശത്തായാലും സർഗശേഷി സടകുടഞ്ഞെഴുന്നേൽക്കുന്നത് തക്ക സാഹചര്യങ്ങളിലാണ്‌.   അല്ലാതെ പ്രവാസിക്ക് ഒന്നോ രണ്ടോ കൊമ്പൊന്നുമില്ല - പ്രത്യേകമായി ഒന്നോ ഒന്നരയോ എല്ല് കൂടുതലോ കുറവോ ഇല്ല.   കാര്യം ഇത്രമാത്രം:  മഴകൊണ്ടുമാത്രം മുളയ്ക്കുന്ന വിത്തുകൾ പലതുണ്ടു മണ്ണിൽ, മനസ്സിൽ’ (സ്വല്പം മാറ്റിപ്പറഞ്ഞതിന്‌ മൂലകർത്താവിനോടു മാപ്പ്).   മഴയും മണ്ണും മനസ്സും ഒത്തുവരണം; അത്രമാത്രം.

ഇതെഴുതുന്ന ഞാനും ഇതിനൊരപവാദമൊന്നുമല്ല എന്ന പൂർണബോധം എനിക്കുണ്ട്.   മധുരം കിനിയും മലരുകൾ വിരിയും, മലരിൻ മാദക പരിമളമുതിരും; വെൺതിങ്കൾക്കൊടിയണയുമ്പോഴും, മൽസഖി നീയെന്നരികത്താവും...എന്ന തരത്തിലുള്ള അയ്യോ-സാഹിത്യത്തിൽതന്നെയായിരുന്നു എന്റെയും തുടക്കം.   അതൊടുക്കവുമാക്കിയതുകൊണ്ടുമാത്രം, അരങ്ങേറ്റങ്ങളോ പ്രകാശനയോഗങ്ങളോ അവാർഡുചിന്തകളോ ആദരണച്ചടങ്ങുകളോ പുരസ്ക്കാരമഹോത്സവങ്ങളോ പാരായണസമ്മേളനങ്ങളോ സംവാദമാമാങ്കങ്ങളോ ഇല്ലാതെ, പകൽ പണിയാനും രാവുറങ്ങാനും വിഷമമുണ്ടായിട്ടില്ല.   അക്കാഡമികളിലെ വെള്ളാനകൾക്ക് വിരുന്നേകലോ സാഹിത്യഭീകരൻമാർക്ക് വരവേൽക്കലോ വിഷയമായിട്ടില്ല.   അയ്യോ-സാഹിത്യംതലയ്ക്കുപിടിക്കാതിരിക്കാൻ അതുതന്നെ നൽവഴി!


നിങ്ങൾക്കു യോജിക്കാം, വിയോജിക്കാം, തിരുത്താം!

Thursday 8 June 2017

സർക്കാർകാര്യം


ഞങ്ങൾ സർക്കാർ ഉദ്യോഗസ്ഥരിൽ വലിയവരുണ്ട്. ചെറിയവരുണ്ട്. ബുദ്ധിമാൻമാരുണ്ട്. മന്ദബുദ്ധികളുണ്ട്. വലിയവർക്ക് ബുദ്ധി കൂടുമെന്നാണു സർക്കാർപ്രമാണം. മറിച്ചു ചിന്തിക്കാറുമില്ല ഞങ്ങൾ.

ഞങ്ങളിൽ തലയ്ക്കൽപം നിലാവെളിച്ചം തട്ടിയവരുമുണ്ട്. അതിലൊരാൾ എന്റെ മുറിയിൽ ആർത്തിരമ്പിവന്ന് ചോദിച്ച ചോദ്യം: ' സർക്കാർ എവിടെ? വിരൽ തൊട്ടോ കൈ ചൂണ്ടിയോ ഒന്നു കാണിച്ചു തരാമോ?' 

അതിനിനിയും ഉത്തരം കിട്ടിയിട്ടില്ല. സർക്കാരുണ്ട്, ഞാനുണ്ട്, നമ്മളുണ്ട്. എന്നാൽ ആദ്യത്തേതുമാത്രം അദൃശ്യം. അമേയം. ഇല്ലെന്നു പറയാനും പറ്റില്ല, കൈതൊട്ടു കാണിക്കാനുമാവില്ല.

അതുകൊണ്ടു തന്നെ ഞങ്ങൾക്കു പലതരം പ്രയോജനങ്ങളുമുണ്ട്. ദൈവത്തിലെന്നപോലെ എല്ലാമങ്ങു സർക്കാരിൽ സമർപ്പിക്കാം. കാര്യം വരുമ്പോൾ കൈമലർത്താം. കാര്യംകഴിഞ്ഞാൽ കൈനിവർത്താം.

എങ്കിലും അതിൽ ചില ചിട്ടവട്ടങ്ങളും ഇല്ലാതില്ല. യുക്തിയെക്കാളേറെ നിയുക്തിയാണ് അവയ്‌ക്കെല്ലാം ആധാരം എന്നുമാത്രം മനസ്സിലാക്കിയാൽ മതി. സർക്കാർകാര്യം മുറപോലെ എന്നു പറയാറില്ലേ? അതുതന്നെ.

ഒരു പരാതിയോ അപേക്ഷയോ ഉണ്ടെങ്കിൽ അത് ഏറ്റവുംമൂത്ത ഉദ്യോഗസ്ഥനെയാണ് അഭിസംബോധന ചെയ്യേണ്ടത്. അതു കൊടുക്കേണ്ടതോ ഏറ്റവും താഴത്തെ ഉദ്യോഗസ്ഥനും. അതു പിന്നെ പടിപടിയായി മുകളിലേക്കു കേറും. കാലാന്തരേണ പടിയെല്ലാമിറങ്ങി തിരിച്ചും വന്നേക്കും. ആദ്യത്തെ വാക്കിന് അവസാനത്തെ ഒപ്പ്. അതാണതിന്റെ സ്‌റ്റൈൽ. 

ഫയൽ മേശപ്പുറത്തു വയ്ക്കുമ്പോൾ ആദ്യത്തേതു മുകളിൽ. അവസാനത്തേത് അടിയിൽ.
ഫയലിന്റകത്ത് കടലാസ്സുകൾ തല തിരിച്ചാണ്. ആദ്യത്തേത് അവസാനം. അവസാനത്തേത് ആദ്യം. 

ജീപ്പാണെങ്കിൽ മേധാവി മുൻസീറ്റിലിരിക്കും. കാറാണെങ്കിലോ പിൻസീറ്റിലും. ജീപ്പിൽ മുൻസീറ്റിലിരിക്കുമ്പോൾ അടുത്താളുണ്ടാകരുത് - ഡ്രൈവറൊഴിച്ച്. കാറിലാണെങ്കിലും കൂടെ പിൻസീറ്റിൽ അടുത്താരും ഇരിക്കരുത് - ഭാര്യയൊഴിച്ച്. ഇനി ജീപ്പിൽപോകുമ്പോഴാകട്ടെ ഭാര്യ, തനിക്കും ഡ്രൈവർക്കുമിടയ്ക്കിരിക്കണം പോൽൽ പൊതുവെ സ്ര്തീമേധാവികൾ ഭർത്താക്കന്മാരെ കൊണ്ടുനടന്നു കണ്ടിട്ടുമില്ല.

ഓഫീസിൽ ആദ്യം വരേണ്ടതും അവസാനം പോകേണ്ടതും താഴേക്കിടക്കാരൻ. വൈകിയെത്തുന്നതും നേർത്തെ പോകുന്നതും തലവൻ. മുകളിലേക്കുപോകുന്തോറും തിരക്കു കൂടും; ജോലിഭാരം കുറയും. തലക്കനം കൂടും; അല്ലെങ്കിൽ കൂട്ടണം.

ഓഫീസിൽ അവസാനത്തെ മുറിയായിരിക്കും മേധാവിക്ക്. ക്വാർട്ടേഴ്‌സിൽ പക്ഷെ ആദ്യത്തെ വീടായിരിക്കണം. ഓഫീസിൽ ജൈത്രയാത്ര; വീട്ടിൽ ഒളിച്ചോട്ടം എന്നും കരുതാം.

യോഗത്തിന് വലിയവനെ ആദ്യം വിളിച്ചുറപ്പിക്കണം. അവസാനം വരും. ആദ്യം വേദിയിൽ കയറും. അവസാനം പ്രസംഗിക്കും. ആദ്യം യോഗംവിട്ടുപോകും. അല്ലെങ്കിൽ വിവരമറിയും.

ഞങ്ങൾ ഇരിക്കുന്ന കസേരക്ക് എന്തുകൊണ്ടോ ''പോസ്റ്റ്'' എന്നാണു പറയുക. ഉന്നതർ ഉയർന്ന പോസ്റ്റിൽ. ഇതിനൊരപവാദം വിദ്യുച്ഛക്തിവകുപ്പിലാണ്. ഏറ്റവും കീഴേക്കിടക്കാരനാണ് ഏറ്റവും ഉയർന്ന പോസ്റ്റിൽ പണിയെടുക്കുക.

മൂത്രമൊഴിക്കുന്നതിലും ഉണ്ട് വ്യത്യാസം. സാദാആണുങ്ങൾ ആൺ-മുറിയിൽ പോകും. സാദാപെണ്ണുങ്ങൾ പെൺ-മുറിയിൽ പോകും. ഓഫീസർമാർ ഓഫീസേർസ്-ടോയ്‌ലറ്റിൽ പോകും. അതിലുംമൂത്ത ഇമ്മിണി വല്യേമാൻമാർ മുറിയിൽ സ്വന്തമായൊന്നുണ്ടാക്കും.

തിരക്കുള്ള സമയത്തേ ആളുകളെ റൂമിൽ വിളിപ്പിക്കാവൂ. പണിയൊന്നുമില്ലെങ്കിൽ തനിച്ചിരിക്കണം.

കുറ്റം പറയരുതല്ലോ; എന്തെങ്കിലും കൊടുക്കാനാണെങ്കിൽ ആളെ മുറിയിൽ വിളിച്ചുവരുത്തും. എന്തെങ്കിലും കൈക്കലാക്കാനാണെങ്കിൽ അങ്ങോട്ടൊരു സന്ദർശനത്തിലൊന്നും തെറ്റില്ല.

ഇതൊന്നും ആരും പഠിപ്പിച്ചിട്ടല്ല. കാലാകാലം എല്ലാമങ്ങു പഠിയും. നാൽപതു കഴിയുമ്പോൾ ആത്മീയം പോലെ.

ഉന്നതർക്ക് പി.എ.-സെക്രട്ടറി എന്നൊക്കെ ഒരു വകയുണ്ടല്ലോ കൂടെ. ദൈവത്തിനു പൂജാരിയെപ്പോലൊരു ഗണം. അവന്റെ-അവളുടെ ഗമയാണ് ശരിക്ക് പ്രതിഷ്ഠയുടെ ഊറ്റം. പക്ഷെ തോന്നുന്നതു മറിച്ചാകും. സെക്രട്ടറി തയാറാക്കിക്കൊണ്ടുവന്ന എഴുത്തു മൊത്തംനോക്കി മേലാളൻ അലറുന്നു: ‘Where is predicate?’  ആകാശംനോക്കി ശിങ്കിടി പറയുന്നു: ' It is there, Sir’.  ''ഓക്കെ'' എന്നൊന്നു മുരണ്ട് മേധാവി കയ്യൊപ്പിടുന്നു.
സാക്ഷാൽ കഥയാണത്രെ.

ഇത്തരം നേരംപോക്കുകളും ധാരാളം.

മേലുദ്യോഗസ്ഥനെ വെള്ളംകുടിപ്പിക്കാനുമുണ്ട് ചില ചില്ലറ ചെപ്പിടിവിദ്യകൾ. മേലാളൻ ' predicate' പരതുമ്പോൾ പേപ്പർക്ലിപ്പുകൾ ഒന്നൊന്നായെടുത്ത് മാലകോർത്തുവക്കുക. അടുത്ത തവണ ഒന്നകറ്റിയെടുക്കാൻ കുറെ പാടുപെട്ടോളും. 'Public' എന്നിടത്തെല്ലാം 'Pubic' എന്നു ടൈപ്പുചെയ്യുക (''Public interest” എന്ന് ഒരു ദിവസം ഒരിക്കലെങ്കിലും മേധാവി ഉപയോഗിക്കും).  പേജുനമ്പർ തെറ്റിക്കുക. എന്നിട്ട് കുറഞ്ഞത് രണ്ടുതവണയെങ്കിലും സ്‌റ്റേപ്പിൾചെയ്തു വയ്ക്കുക. മൊട്ടുസൂചിയാണെങ്കിൽ സാധാരണകുത്തുന്നതിനു വിപരീതമായി മുന മേൽപ്പോട്ടാക്കി കുത്തിവയ്ക്കുക. കൊള്ളേണ്ടിടത്തു കൊണ്ടോളും. ഇല്ലെങ്കിൽ ഒന്നെടുത്ത് പല്ലിടകുത്തി തിരിച്ചു വയ്ക്കുക. പിന്നെ അൽപം ശാന്തസമയമാണെങ്കിൽ ചില്ലുവിരിച്ച മേശപ്പുറത്തെ പേപ്പർവെയ്‌റ്റെടുത്ത് അമ്മാനമാടുക. അശ്രദ്ധ മാറിക്കിട്ടും. കുറഞ്ഞപക്ഷം കസേരക്കാലിൽ കാലിട്ടാട്ടി ഒച്ചയുണ്ടാക്കുക. എല്ലാം പെട്ടെന്ന് ഒപ്പിട്ടുകിട്ടും. 

ഇനി മേലാളർക്കും അത്യാവശ്യം ആനന്ദം വേണ്ടേ? അതിനിതാ:

ഇടയ്‌ക്കെല്ലാം കീഴ്ജീവനക്കാരോടൊത്തു കളിക്കുക; വിജയം സുനിശ്ചിതം. വല്ലപ്പോഴും ഒന്നിച്ചു ചായക്കിരിക്കുക. ആദ്യം കിട്ടും കപ്പു നിറയെ; കൂടെ ചെവിനിറയെ പരദൂഷണവും. എന്തിനും ഉറക്കെ ചിരിക്കുക; എല്ലാവരും കൂടെച്ചിരിക്കും. ഇടയ്ക്കിടെ ഇന്റർവ്യൂ നടത്തുക; താനാരെന്നു പലരും അറിയും. പറ്റുമ്പോഴൊക്കെ ഔദ്യോഗികയാത്ര തരപ്പെടുത്തുക; ഇഹത്തിൽനിന്നും പരത്തിൽനിന്നും മോചനംൽ

ഇതെല്ലാം വീട്ടിൽ നടക്കുമോ സാറേ?

Sunday 4 June 2017

തേയിലസത്കാരം


1957-58കളിൽ മൂന്നാംക്ളാസ്സിൽ പഠിക്കുമ്പോൾ തേയിലയെക്കുറിച്ചൊരു പാഠം ഞങ്ങളുടെ `കേരളപാഠാവലി`യിൽ ഉണ്ടായിരുന്നു.   ചൈനയിൽ ഒരു ബുദ്ധൻ ധ്യാനത്തിലിരിക്കുമ്പോൾ ക്ഷീണം തോന്നിയപ്പോൾ വെറുതെ അടുത്തു നിന്നൊരു ചെടിയിലെ ഇല ചവച്ചപ്പോൾ ഉന്മേഷം തോന്നിയത്രേ.  ആ ഇലയാണ്‌ തേയിലയെന്നു പിന്നീടു പേർപെറ്റതത്രേ.   ഐതിഹ്യമെന്തായാലും തേയിലയുടെ ഉറവിടം, അല്ലെങ്കിൽ അതിന്റെ ഉപയോഗം തിരിച്ചറിഞ്ഞ സ്ഥലം, ഇന്തോ-ചൈന പ്രദേശമാണെന്ന്‌ പരക്കെ വിശ്വസിക്കപ്പെടുന്നു.

തേയിലയ്ക്കു പറ്റിയ കാലാവസ്ഥയും ഭൂപ്രകൃതിയും വളരെ കുറഞ്ഞിടങ്ങളിൽ മാത്രമേയുള്ളൂ.   അതിലാണ്‌, അതിനാലാണ്‌ അതിന്റെ മൂല്യവും വിലയും.   നല്ല ഈർപ്പമുള്ള വായു, വെള്ളം കെട്ടിനിൽക്കാത്ത ഭൂമി, അത്യുഷ്ണമോ അതിശൈത്യമോ ഇല്ലാത്ത സ്ഥിതി, മണ്ണിന്റെ അനുയോജ്യത എന്നിങ്ങനെ ഈ ചെടിക്കു വളരാൻ ആവശ്യങ്ങൾ അനവധിയാണ്‌.   തോട്ടമുണ്ടാക്കാനും പരിപാലിക്കാനും ചായ ഉത്പാദിപ്പിക്കാനുമെല്ലാം അതിവിപുലമായ ധനനിക്ഷേപം വേണം.   `രണ്ടിലയും ഒരു ഞെട്ടും` നുള്ളാൻ സമർഥരായ തൊഴിലാളികൾ വേണം.   തേയിലത്തോട്ടത്തിന്റെ പരിസരത്തുതന്നെ, പറിച്ച ഇലകൾ പാകപ്പെടുത്താനും വറക്കാനും ചുരുട്ടാനും അരിയാനും പൊടിക്കാനും പൊതിയാനുമെല്ലാമുള്ള ഫാക്റ്ററി വേണം.   സ്വന്തം ആവശ്യത്തിന്‌ ഒന്നോ രണ്ടോ ചെടിവച്ചോ ഒരു ചെറുകിടവ്യവസായമായോ തേയിലക്കൃഷിയോ ചായ ഉത്പാദനമോ സാധ്യമല്ല.   നമുക്കാകപ്പാടെ ചെയ്യാൻ കഴിയുന്നതോ കുറെ ചായപ്പൊടി വാങ്ങി ചായ ഉണ്ടാക്കി മൊത്തിക്കുടിക്കാൻ മാത്രം.

ചൈനയും ഇന്ത്യയുമാണ്‌ തേയില ഉത്പാദനത്തിന്റെ ഒന്നാം നിരയിൽ.   അതുകഴിഞ്ഞാൽ ശ്രീലങ്ക, കിനിയ, മൗറീഷ്യസ്‌. ലാറ്റിനമേരിക്ക തുടങ്ങി വളരെക്കുറച്ചു സ്ഥലങ്ങളിലേ തേയിലക്കൃഷി കാര്യമായുള്ളൂ.   അതിൽതന്നെ ചൈന `ഗ്രീൻ ടീ`യിലാണ്‌ (പച്ചച്ചായ) കേന്ദ്രീകരിച്ചിരിക്കുന്നത്‌.   പാകപ്പെടുത്തിയ തേയിലയ്ക്ക്‌ നമ്മളാണ്‌ പ്രധാനോത്പാദകർ.    കേരളത്തിലെ മൂന്നാർ, തമിഴ്നാട്ടിലെ നീലഗിരി, അസം, ഡാർജീലിങ്ങ്‌ എന്നിവിടങ്ങളിലെ ചായ സ്വാദിലും കടുപ്പത്തിലും ഒറ്റയ്ക്കൊറ്റയ്ക്ക്‌, ഒന്നിനുമീതെ ഒന്നായി കേളിപ്പെട്ടിരിക്കുന്നു.  പൊടിച്ചായ, ഇലച്ചായ, കൂട്ടുചായ, പച്ചച്ചായ എല്ലാം നാം ഉത്പാദിപ്പിക്കുന്നുണ്ട്‌.   (ഒരുതരം `മഞ്ഞച്ചായ`യും ആകസ്മികമായി കണ്ടെത്തിയിട്ടുണ്ടത്രേ ചില രാജ്യങ്ങളിൽ.)

ചായക്കൃഷി മുൻപേ ഉണ്ടായിരുന്നെങ്കിലും, 1950-ഓടുകൂടിയേ ചായകുടി ഇന്ത്യയിൽ പരക്കെ പ്രചരിച്ചുള്ളൂ.   അതുവരെ അത്‌ ബ്രിട്ടീഷുകാരുടെയും ധനികരുടെയും മാത്രം പാനീയവും വിലപ്പെട്ടൊരു കയറ്റുമതിച്ചരക്കും ആയിരുന്നു.   വെള്ളക്കാരെ കളിയാക്കി ഒരു പദ്യവും പഠിച്ചിരുന്നു എന്റെ മൂന്നാംക്ളാസ്സിൽ.   അതിങ്ങനെ:   ചായ, ചായേതി ചായേതി ജപിക്കയും ചായയെത്തന്നെ മനസി ചിന്തിക്കയും (`...ശരണം പറകയും` എന്നു പാഠഭേദം).... ചുക്കുവെള്ളത്തിനും കൂടിപ്പകരമായ്‌ മൂക്കറ്റമെപ്പോഴും ചായ കുടിക്കയും”... (സഞ്ജയൻ ആണ്‌ അതിന്റെ കർത്താവ്‌ എന്ന്‌ അടുത്തിടെയാണ്‌ മനസ്സിലാക്കിയത്‌).   ചായയാകുന്നതു സാക്ഷാൽ പരബ്രഹ്മം, ചായയില്ലാതെയീലോകം നടക്കുമോഎന്നൊരു ഉത്തരഭാഗവും കണ്ടു (ഇത്‌ സഞ്ജയന്റേതായി പറയുന്നുണ്ടെങ്കിലും തികച്ചും തിട്ടമില്ല).

പരസ്യങ്ങളിൽക്കൂടിയും മറ്റു വിപണനതന്ത്രങ്ങളിൽകൂടിയും നമ്മെയും ചായകുടിയൻമാരാക്കി തേയിലമുതലാളികൾ.   പ്രസിദ്ധ കന്നഡസാഹിത്യകാരനായ ശ്രീകൃഷ്ണ ആലനഹള്ളിയുടെ `ഭുജംഗയ്യന്റെ ദശാവതാരങ്ങൾ` (`ഭുജംഗയ്യന ദശാവതാര`) എന്ന നോവലിൽ ചായകുടി എങ്ങനെ നമ്മുടെ ശീലമായി എന്നു വിവരിക്കുന്നുണ്ട്‌.   `ചായക്ളബ്ബു`കളും `കാപ്പിക്ളബ്ബു`കളും തലങ്ങും വിലങ്ങും  സ്ഥാപിക്കപ്പെട്ടു.   പിന്നീട്‌ `ചായക്കട`കൾ ജനകീയമാവുകയും `കോഫി ഹൗസു`കൾ വരേണ്യത നേടുകയും ചെയ്തതു വേറൊരു കഥ.

നമ്മളും ബ്രിട്ടീഷുകാരുമാണ്‌ പാലും പഞ്ചസാരയും ചേർത്തുള്ള  ചായകുടിയിൽ പ്രമാണിമാർ.   മറ്റു യൂറോപ്യൻമാർക്കെല്ലാം കാപ്പിയാണു പഥ്യം.      അമേരിക്കക്കാർ ഇടവേളകളിൽ കോള കുടിച്ചു രസിക്കുന്നു.   അതിശൈത്യമുള്ള സ്കാന്റിനേവിയൻ പ്രദേശങ്ങളിൽ കട്ടൻകാപ്പി ഇടതടവില്ലാതെ കുടിക്കും, മധുരം വേണമെങ്കിൽമാത്രം ഒരു കഷ്ണം ചോക്ളേറ്റു കടിക്കും.   തണുത്തുറയുന്ന റഷ്യൻരാജ്യങ്ങളിൽ കടുംമദ്യത്തോടു മത്സരിക്കാൻ മറ്റൊന്നില്ല.   ചൈനക്കാരും ജപ്പാൻകാരുമെല്ലാം ഗ്രീൻ ചായക്കാരാണ്‌.   നമ്മുടെ ചുക്കുവെള്ളംപോലെ, ആഹാരത്തിനിടയിലും അല്ലാത്തപ്പോഴും മോന്തും.   `സുലൈമാനി` വെറും പാവം.   മുസ്ളിം രാജ്യങ്ങളിൽ സുഗന്ധവസ്തുക്കൾചേർത്ത കാപ്പിയും ചായയും പ്രധാനം.   നമ്മുടെ ഭാരതത്തിൽതന്നെ വടക്കൻമാർ, പ്രത്യേകിച്ചും ഗുജറാത്തികൾ, മധുരമുറ്റുന്ന മസാലച്ചായക്കാരാണ്‌.   ഇംഗ്ളീഷ്‌-ചായ നേർത്തുവിളർത്തത്‌.   അതിൽ തന്നെ, `ഹണ്ടേർസ്‌ ടീ` എന്നൊന്നുണ്ട്‌; പാലും പഞ്ചസാരയും പേരിനൊന്നു കാട്ടിയൊരു നീളൻചായ.   എന്നാൽ ഇടത്തും വലത്തും മേലേക്കും താഴേക്കും പാത്രം കമഴ്ത്തി നീട്ടിവലിക്കുന്ന `ഇലാസ്റ്റിക്‌` ചായ മലയാളികളുടെ സ്വന്തം.

പ്രചരണമായിത്തുടങ്ങിയത്‌ ഒരു പ്രസ്ഥാനമായി.   പ്രസ്ഥാനം വിട്ട്‌ നിത്യശീലമായി.  അതൊരു സാംസ്ക്കാരിക ചിഹ്നമായി. `ചായകുടിച്ചോ?`, `ചായ എടുക്കട്ടെ?` എന്നതൊക്കെ ഉപചാരമായി.   ചായകുടി  അത്യധികമായൊരു ആചാരം തന്നെയായി ജപ്പാനിൽ.

തേയിലയെപ്പോലെ തന്നെ വൈവിധ്യമാർന്നതാണ്‌ കുടിക്കാൻ ചായ ഉണ്ടാക്കലും.   പലതരം ചായകൾ - ഗ്രീൻ ടീ, ബ്ളാക്ക്‌ ടീ, കോൾഡ്‌ ടീ, പാൽച്ചായ, മസാലച്ചായ - ഇവയെക്കൂടാതെ `പൊടിച്ചായ` എന്നൊന്നും ഞാൻ ആദ്യമായി കേട്ടതും കണ്ടതും  കുടിച്ചതും മലബാറിലാണ്‌.   ചൂടുപാലിൽ ചായപ്പൊടിയിട്ടുകലക്കി അരിക്കാതെ കുടിക്കുന്ന കട്ടിച്ചായ.    ഇന്നിപ്പോൾ ഏലച്ചായ, തുളസിച്ചായ, ഹെർബൽ ചായ എന്നിങ്ങനെ വൈവിധ്യവുമായി.   പണ്ടത്തേത്‌ വെറും കാലിച്ചായ.   വടക്കോട്ടുപോയാൽ അരച്ചായ ആയി - വൺ-ബൈ-ടു (അതൊരു പിശകാണ്‌; ടു-ബൈ-വൺ എന്നാണു പറയേണ്ടത്‌), കട്ട്‌-ചായ എന്നൊക്കെ കേൾക്കാം.

ചായകുടിക്കും വർഗവ്യത്യാസങ്ങളുണ്ടായി.   കപ്പും സോസറും, വെറും കോപ്പ, പിത്തളഗ്ളാസ്സ്‌, സ്റ്റീൽ ടംബ്ളർ, കുപ്പിഗ്ളാസ്സ്‌, മഗ്ഗ്‌, മൺപാത്രം എന്നൊക്കെ വിവിധതലങ്ങൾ.    ഇതിൽ അവസാനം പറഞ്ഞത്‌, `കുളാർ` എന്ന മൺപാത്രം, ആവശ്യംകഴിഞ്ഞ്‌ എറിഞ്ഞുടയ്ക്കുന്നത്‌ ദു:ഖകരമായിത്തോന്നി.   ആദ്യാനുഭവം അങ്ങ്‌ ഉത്തരപ്രദേശത്തായിരുന്നു.   വർഗവെറി മാത്രമല്ല, ജാതിഭ്രാന്തും ഇതിനുപിന്നിലുണ്ട്‌.   ഇങ്ങു തെക്ക്‌ തമിഴ്നാട്ടിൽപോലും കീഴാളർക്ക്‌ ചായ വാങ്ങാൻ സ്വന്തം പാത്രം കൊണ്ടുപോകണമായിരുന്നത്രേ ഒരുകാലത്ത്‌.

ഞാൻ എന്നാണ്‌ ആദ്യമായി ചായ കുടിച്ചത്‌ഓർമയില്ല.  ഓർമവച്ചനാൾമുതൽ വീട്ടിൽ ചായയുണ്ട്‌.   അതിരാവിലെ ഒരു വലിയ മൊന്തനിറയെ ചായ വിറകടുപ്പിന്റരികെ ഉണ്ടാക്കിവച്ചിരിക്കും.   ഉറക്കമുണർന്നു പല്ലുതേപ്പും കഴിഞ്ഞ്‌ വരുന്നവർ വരുന്നവർ ടംബ്ളറിലൊഴിച്ചു കുടിക്കും.   ചൂടും കടുപ്പവും സ്വാദും മധുരവുമൊക്കെ   ഓരോ ദിവസവും ഓരോ വിധം.   ആർക്കും അതൊരു പ്രശ്നമായിരുന്നില്ല.

എന്തുകൊണ്ടോ കാപ്പി കുടിക്കുന്നത്‌ അമ്മ മാത്രമായിരുന്നു; അതായിരുന്നത്രേ അമ്മവീട്ടിലെ ശീലം.   ഇടയ്ക്കൊക്കെ ഞാനും കൂടും പങ്കുപറ്റി.   പിന്നെപ്പിന്നെ തനിച്ചായി പരിപാടി.   കാപ്പിക്കുരു വറക്കുന്നതുമുതൽ വീട്ടിലെ കൊച്ചു കൈമെഷീനിലിട്ടു കറക്കിപ്പൊടിച്ച്‌ കോഫി-ഫിൽറ്ററിൽ നിറച്ച്‌ പാലുകാച്ചി കാപ്പി കൂട്ടുന്നതുവരെ.   പലതരം പരീക്ഷണങ്ങളും അന്നു നടത്തിയിരുന്നു - കാപ്പിയിൽ നെയ്‌ ചേർക്കുക, കൊക്കോപ്പൊടി വിതറുക, എന്നിങ്ങനെ.   എന്നാൽ ചായയിൽ കസ്റ്റേർഡ്‌-പൊടി ചേർക്കുന്നത്‌  എന്റെ ചേട്ടന്റെ കണ്ടുപിടുത്തമായിരുന്നു.   (അച്ഛന്റെ സ്വന്തം ബിസ്ക്കറ്റ്‌ ഫാക്റ്ററിയിൽ നിന്നുള്ള പ്രചോദനമായിരുന്നു, കൊക്കോപ്പൊടിയും കസ്റ്റേർഡ്‌ പൊടിയും.   പരീക്ഷണത്തിനായി അച്ഛൻ എന്തും വിട്ടുതരുമായിരുന്നു.)

ഇതൊക്കെ സ്കൂളിൽ പഠിക്കുമ്പോൾ വേനലവധിക്കാലത്ത്‌.   കടയിൽനിന്നു ചായപ്പൊടി മേടിക്കാൻ ഞാനായിരുന്നു മുമ്പൻ   കണ്ണൻദേവൻതൊട്ട്‌ ലിപ്ടണും ബ്രൂക്ക്‌-ബോണ്ടും കഴിഞ്ഞ്‌ ടാറ്റ-ഫിൻലേ വരെ എല്ലാ ചായപ്പൊടികളും ഇലച്ചായകളും ഞാൻ സംഘടിപ്പിക്കും.   (അന്ന്‌ ഗ്രീൻ-ടീ പ്രചാരത്തിലായിട്ടില്ല.)   `ത്രീ റോസസ്‌` എന്നൊരു ചായയുണ്ടായിരുന്നു അന്ന്‌.   ഇന്ന്‌ മാർക്കറ്റിലില്ലെങ്കിലും ആ കച്ചവടമുദ്ര ആർക്കും കൈമാറിയിട്ടില്ല എന്നാണറിയുന്നത്‌.   ചായപ്പാക്കറ്റിന്റെ ഭംഗിയായിരുന്നു രുചിയേക്കാൾ എനിക്കാകർഷണം.    അങ്ങനെ ഒരുമാതിരി എല്ലാത്തരം ചായയും ഞാൻ സ്വാദുനോക്കിയിട്ടുണ്ടന്ന്‌.   പറ്റുമെങ്കിൽ രണ്ടോ മൂന്നോ ചായത്തരങ്ങൾ ഒന്നിച്ചുചേർത്ത്‌ ചായ ഉണ്ടാക്കൽ എന്റെ വിനോദമായിരുന്നു; ഇന്നും അതെ.

ഞാൻ പണിയെടുത്തിരുന്ന സി.എസ്‌.ഐ.ആർ. ശാസ്ത്രഗവേഷണക്കൂട്ടത്തിൽ തേയിലഗവേഷണത്തിനു മാത്രമായി ഒരു സ്ഥാപനമുണ്ട്‌.   അതിലെ ഒരു മുതിർന്ന ശാസ്ത്രജ്ഞൻ ശരിക്കെങ്ങനെ ചായ ഉണ്ടാക്കണമെന്ന്‌ ഒരിക്കൽ വിവരിച്ചു തന്നു.   ആദ്യം വെള്ളം തിളപ്പിക്കണം.   എന്നാൽ തിളയ്ക്കുന്ന വെള്ളത്തിൽ ഉടൻ ചായപ്പൊടി ഇടരുത്‌.   ഒരു കപ്പിന്‌ ഒരു ടീ-സ്പൂൺ എന്ന അളവിൽ ചായ ചേർത്തിളക്കണം.   ഒരു സ്പൂൺ അധികം പാത്രത്തിനുവേണ്ടിയും.   എന്നിട്ടടച്ചുവയ്ക്കണം മൂന്നു മിനിറ്റ്‌.   പിന്നെ അരിച്ചെടുത്ത്‌ ഓരോ കപ്പിലുമൊഴിച്ച്‌ വേണമെങ്കിൽ അപ്പോൾ തിളപ്പിച്ച പാലും ആവശ്യാനുസരണം ഒന്നോ രണ്ടോ ടീ-സ്പൂൺ പഞ്ചസാരയും ചേർത്തിളക്കണം.   പാലും പഞ്ചസാരയും ആദ്യമേ ചേർത്ത്‌ ചായക്കോപ്പയിൽ പതപ്പിച്ചുമൊഴിക്കാം.   അതിന്‌ വേറൊരു രുചിയായിരിക്കുമത്രേ.

വേറെയും പലേ വിധങ്ങളുണ്ട്‌ ചായ ഉണ്ടാക്കാൻ, ചായയിടാൻ, ചായകൂട്ടാൻ, ചായകാച്ചാൻ!   ചായവെള്ളം രുചിച്ചുനോക്കി ഗുണവും വിലയും നിർണയിക്കുന്നു അതിനിപുണരായ `ടീ-ടേസ്റ്റർ`-മാർ.   ഒടുക്കത്തെ ശമ്പളമാണ്‌ ഇപ്പണിക്കു നൽകുക.

പണ്ടത്തെ ടാറ്റ-ഫിൻലേ എന്ന ബ്രാന്റ്‌ ഇന്നില്ല.   ഇന്നത്തെ `ടാറ്റ-ഗോൾഡ്‌`-ന്‌ അതിന്റെ സമാനതകളുണ്ട്‌.   പണ്ട്‌ നമ്മെ ചായകുടിപ്പിച്ച ബ്രിട്ടീഷ്‌ കമ്പനിയുടെ കച്ചവടം മുഴുവൻ നമ്മുടെ ടാറ്റ വിലയ്ക്കു വാങ്ങിയത്‌ കാവ്യനീതിയെന്നോ ചരിത്രനീതിയെന്നോ ഒക്കെ നിങ്ങൾക്കു വിളിക്കാം.  ടാറ്റ ഇംഗ്ളണ്ടിൽപോയി ടെറ്റ്ലി-ക്കമ്പനി വാങ്ങിയ കഥ ഒരു ചരിത്രസംഭവം മാത്രമല്ല, ചരിത്രത്തിന്റെ അനിവാര്യമായ പുനരാവർത്തനം കൂടിയാണ്‌.

എന്റെ കാര്യമാണ്‌ - ചായ കുറച്ചു മോശമായാലും കുടിക്കാം .  കാപ്പി അങ്ങനെയല്ല; നന്നായാലേ കുടിക്കാനാകൂ.   എന്തുകൊണ്ടോ ഇൻസ്റ്റന്റ്‌-കോഫി പോലെ ഇൻസ്റ്റന്റ്‌-ചായ പ്രചാരത്തിലായില്ല.   `ഉടന്തടി` അടുത്തൊന്നും ഉണ്ടാകുമെന്നും തോന്നുന്നില്ല.   നമ്മൾ `ടീ-ബാഗ്‌` വരെയേ എത്തിയിട്ടുള്ളൂ.

`ബോസ്റ്റൺ ടീ പാർട്ടി` ഒരു തേയില-സത്കാരമേയല്ലായിരുന്നു എന്നൊന്നും മര്യാദയ്ക്കു ചരിത്രം പഠിക്കാത്ത എനിക്ക്‌, കഴിഞ്ഞദിവസം ടി. പത്മനാഭന്റെ `മരയ` എന്ന ചെറുകഥയിൽ `തേയിലസത്ക്കാരം` എന്ന എന്നേ മറന്നുപോയ വാക്കു കണ്ടപ്പോഴാണ്‌ ഇതെഴുതാൻ തോന്നിയത്‌.   പണ്ടൊക്കെ ഒരു കല്യാണത്തിനോ പുരവയ്പ്പിനോ പെൻഷൻപറ്റുന്നതിനോ മാത്രമായിരുന്നു `തേയില-സത്കാരം` അല്ലെങ്കിൽ `ടീ-പാർട്ടി`.   ഇന്നോ?

`ചായ്‌-പാനി`-സംസ്ക്കാരം പടർന്നു പന്തലിച്ചു നിൽക്കുന്ന ദില്ലിനാട്ടിലെ സർക്കാർ-ഓഫീസുകളുടെ സ്ഥിരം മണം ചായമണം.   ഏതോഫീസിലും ഏതു സമയത്തും ചായവിളമ്പുന്നുണ്ടാവും.   ലോകത്തെവിടെയുമുള്ള ഇൻഡ്യൻ-എംബസ്സികളിൽപോലും ചായമണമില്ലാതിരിക്കില്ലപോൽ.

ഒരു ദില്ലിക്കഥയുണ്ട്‌.   ഭാരതസർക്കാറിന്റെ അതിസുരക്ഷാനിയന്ത്രണമൊക്കെയുള്ള നോർത്ത്‌-ബ്ളോക്ക്‌ കെട്ടിടസമുച്ചയത്തിൽനിന്ന്‌ ഒരോ ദിവസവും ഓരോ ഉദ്യോഗസ്ഥനെ കാണാതാവുന്നു.   കോണിപ്പടിച്ചുവട്ടിൽ എങ്ങിനെയോ ഒരു പുലി വന്നുപെട്ടിരുന്നു.   അതായിരുന്നു ഓരോരുത്തരെ കൊന്നു തിന്നിരുന്നത്‌.   ദിവസങ്ങളായിട്ടും ആരുമറിയുന്നില്ല, ആരും അന്വേഷിക്കുന്നുമില്ല.   അതങ്ങനെയാണല്ലോ, കസേരപ്പിറകിൽ കോട്ടും തൂക്കിയിട്ട്‌ പുറത്തുപോയി തന്റെ പണി ഒഴിച്ച്‌ ബാക്കി എല്ലാ കാര്യങ്ങളും കയ്യാളുന്നവരാണല്ലോ ദില്ലി ഗുമസ്തർ.   എന്നാൽ ഒരു ദിവസം പുലിക്കൊരു അബദ്ധം പറ്റി.   ഗുമസ്തനു പകരം ചായക്കാരൻപയ്യനെ വെട്ടിവിഴുങ്ങി.   അതോടെ ഓഫീസിലാകെ അങ്കലാപ്പായി.   കാരണം ചായയില്ല.   ഉദ്യോഗസ്ഥർ കൂട്ടത്തോടെ അന്വേഷിച്ചിറങ്ങി അവസാനം പുലിയെ കണ്ടെത്തി വകവരുത്തിയത്രേ.

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...