Thursday 28 February 2019

ചിരിയോചിരി


ചിരിയോചിരി

ഞാൻ ചിരിച്ചു.

എന്തിനിതുപോലെ
ജീവിക്കുന്നതെന്നു ചോദിച്ചപ്പോൾ
ഞാൻ ചിരിച്ചു.

എങ്ങിനെയിങ്ങനെ
ജീവിക്കാൻ പറ്റുമെന്നു ചോദിച്ചപ്പോൾ
ഞാൻ ചിരിച്ചു.

എങ്ങിനെയിങ്ങനെ
ജീവിക്കുമെന്നു ചോദിച്ചപ്പോൾ
ഞാൻ ചിരിച്ചു.

ഇങ്ങനെയാണോ
ജീവിക്കുന്നതെന്നു ചോദിച്ചപ്പോൾ
ഞാൻ ചിരിച്ചു.

ഇങ്ങനെയാണോ
ജീവിക്കാൻപോകുന്നതെന്നു ചോദിച്ചപ്പോൾ
ഞാൻ ചിരിച്ചു.

ഇങ്ങനെയിങ്ങനെ
ജീവിച്ചാൽ മതിയോ
എന്നു ചോദിച്ചപ്പോഴും
ഞാൻ ചിരിച്ചു.

അതു ബുദ്ധന്റെ ചിരിയായിരുന്നില്ല.
ബുദ്ദുവിന്റെ ചിരി!


Monday 18 February 2019

രാഷ്ട്രീയം


രാഷ്ട്രീയം


ഒരുചെറുജീവിതമാടിത്തീർക്കാൻ
തരികിടതന്ത്രം പലതുണ്ടേ
കാലുനിലത്തുനിലയ്ക്കുനിറുത്താൻ
മറുകണ്ടംവരെയൂന്നുണ്ടേ
ഒരുപിടിയരിയെ ഒരുപറയാക്കാൻ
പാത്രം‌ മാറ്റിയെടുപ്പുണ്ടേ
ഒരുതുള്ളിക്കൊരുകുടമായ്ത്തീരാൻ
കുടമാറ്റങ്ങൾ പലതുണ്ടേ!

പൂരപ്പറമ്പ്


പൂരപ്പറമ്പ്

ജീവിതമൊരുചെറുകളിയായതുകണ്ടേ
കൂടെച്ചിലരു ചിരിക്കുന്നു
ചിലർ കരയുന്നൂ ചിലരുണരുന്നൂ
ചിലരങ്ങനെയങ്ങനെ പുലരുന്നൂ
പുലരാൻകാലത്തുണരാനിത്തിരി
മടിയുള്ളോർ പകൽ വലയുന്നൂ
പലപലവേഷംകെട്ടിക്കാവിലെ
പൂരപ്പടപോലലയുന്നൂ


നിത്യപ്രണയം


നിത്യപ്രണയം


ഒരുചെറുപാമ്പിനെയരയിൽകെട്ടിയ-
പോലെന്നുള്ളം പിടയുന്നൂ
പിടയുടെ പിടിയിൽപ്പെട്ടകണക്കെ
ഒരുചെറുപുഴുവായ് പുളയുന്നൂ
കുളിരണയുന്നൂ മഴപുണരുന്നൂ
പുതുനാമ്പുകൾ പലതുണരുന്നൂ
ചെറുതായുള്ളതു പലതായ്ത്തീരാൻ
വലിയൊരു പുഴയായൊഴുകുന്നൂ


കരിങ്കല്ലുചെത്തി ഒരു കഥാശില്പം


കരിങ്കല്ലുചെത്തി ഒരു കഥാശില്പം

കാര്യങ്ങളെക്കുറിച്ചുള്ള കാല്പനികചിന്തകൾക്കും കാലപ്രസക്തിയുണ്ട്.  ജീവിതത്തിനുമീതെ കല പറക്കുമെന്നോ, കലയ്ക്കുമീതെ ജീവിതം പരക്കുമെന്നോ പറയാനാവാത്ത കാര്യങ്ങൾക്ക്.

ലതാലക്ഷ്മിയുടെ തിരുമുഗൾബീഗംഎന്ന ആദ്യനോവൽ (ഡിസി ബുക്സ്) വായിച്ചുതുടങ്ങിയതും വായിച്ചവസാനിപ്പിച്ചതും അല്പം നേരമെടുത്താണ്.  കലയെ ജീവിതമാക്കിയും ജീവിതത്തെ കലയാക്കിയും മാറ്റിയ ഒരുപിടി യഥാർഥമനുഷ്യരുടെ കഥ, ആരോഹണാധ്വാനത്തോടെയും അവരോഹണവ്യഥയോടെയും വിസ്തരിക്കുന്നു ലതാലക്ഷ്മി.  ഉത്തരേന്ത്യൻ ഉസ്താദുമാരുടെ ഇരുമുഖങ്ങൾ ആദ്യം വിളംബതാളത്തിലും പിന്നെപ്പിന്നെ ദ്രുതതാളത്തിലും തിരുമുഗൾബീഗത്തിൽ അവതരിപ്പിക്കപ്പെടുന്നു.  വിശിഷ്ടവും വിഘടിതവും വികലവുമായ ചിത്രങ്ങളാൽ വിരചിക്കപ്പെടുന്നു.  സംഗീതത്തിൽ ഭാരതീയകലകളുടെവിശ്വമാനങ്ങളും വിശ്വമാനവികതയുടെ വിചിത്രവിശേഷങ്ങളും വിവരിക്കപ്പെടുന്നു.

പണ്ഡിറ്റ് രവിശങ്കർ എന്ന മഹാസംഗീതജ്ഞനെപ്പറ്റി നമ്മളെല്ലാമറിയും.  എന്നാൽ അദ്ദേഹത്തിന്റെ കലാജീവിതത്തിന്റെയും ജീവിതവിശേഷത്തിന്റെയും പിന്നാമ്പുറത്ത് കരിങ്കല്ലുപോലെ ഉറച്ചുനിന്ന ഒരു സ്ത്രീയുണ്ടായിരുന്നു എന്നതറിവില്ല പരക്കെ.  അന്നപൂർണാദേവി.  സംഗീതം‌മാത്രം മതമാക്കിയ ഒരു വിശിഷ്ടപൈതൃകം അവർക്കുണ്ടായിരുന്നു.  ആ കലാപ്രതിഷ്ഠയിൽ കാലുവച്ചാണ് രവിശങ്കർ സംഗീതലോകം കീഴടക്കിയത്.  കലാവഴിയിലെ കവലകളിലെല്ലാം ഇണകളെ കണ്ടെത്തിയ ആ കലാകാരൻ (മഹാദേവ് എന്നു നോവലിൽ) ആദ്യഭാര്യയായ അന്നപൂർണാദേവിയുടെ (നോവലിൽ അദ്രികന്യ/സയനാരാബീഗം) നിത്യദു:ഖത്തിനു വഴിമരുന്നിട്ടു.  വിട്ടൊഴിഞ്ഞ ഭർത്താവിനുവേണ്ടിയും സ്വന്തമായി പടുത്തുയർത്തിയ കലയ്ക്കുവേണ്ടിയും നിശ്ശബ്ദജീവിതം തുടർന്ന ആ സാധ്വിയോ അവസാനം താരാറാം എന്ന ബഹുമുഖപ്രതിഭയിൽ ഒരു പച്ചപ്പുകണ്ടു കൺനിറയും‌മുമ്പേ ഏകാന്തതയിലേക്ക് വീണ്ടും വിധിയാൽ വലിച്ചെറിയപ്പെട്ടു.  അക്കഥ വികാരവിസ്ഫോടനത്തോടെയേ വായിച്ചുപോകാനാകൂ.

രൂപപരമായി ക്ലിഷ്ടമായ കൽപടവുകളിലൂടെ, ഭാവപരമായ ഏകാഗ്രത നഷ്ടപ്പെടാതെ ഹിന്ദുസ്ഥാനിസംഗീതലോകത്തിലെ കാണാക്കയങ്ങളിലേക്ക് നോവൽ നമ്മെ നയിക്കുന്നു.  ചളിയിളക്കാൻ ചകിരിയിട്ടുരച്ചേ തീരൂ.  വിഗ്രഹങ്ങളെ ഉടയ്ക്കുകയല്ല, അവയെ കഴുകിയുണക്കിക്കാട്ടിത്തരുന്നതിലാണ് ലതാലക്ഷ്മിയുടെ വിജയം.

നോവൽ വായിച്ചപ്പോൾ, ഒരുകൊച്ചുകാവിൽ നാട്ടുതച്ചൻ കരിങ്കല്ലിൽതീർത്ത ഭഗവതീവിഗ്രഹമാണ് മനസ്സിൽ തെളിഞ്ഞത്.  സത്യത്തിനല്ലാതെ സത്തയും സത്തുംതമ്മിൽ സമരസപ്പെടുത്താനാവില്ല.  

കല സത്യമാണോ?  അറിയില്ല.

Thursday 14 February 2019

തിരുത്ത്


തിരുത്ത്

ബൂർഷ്വാസി പ്രോലിറ്റേറിയനായി
പ്രോലിറ്റേറിയൻ ബൂർഷ്വാസിയായി
അന്തർധാര അണിമുറിഞ്ഞപ്പോൾ
തിരുത്തൽവാദം തകൃതിയിലായി
മുലധനം മൂലധനമാക്കി
ആർത്തവവിശേഷമൊരുക്കി
ആർത്തന്റെ അർഥവാദം
വിരോധാത്മകഭൗതികമാക്കി
ആത്മീയതയ്ക്കും അനുബന്ധമായി
ആക്രോശങ്ങൾ പലതായി
അധ്വാനിച്ചവൻ അധോഗതിയായി
ഭാരം ചുമന്നവൻ ഭ്രാന്തനുമായി!

അരാഷ്ട്രീയൻ


അരാഷ്ട്രീയൻ

ഒരുപുലിയായിട്ടവനെക്കണ്ടതു
വെറുതെ, പേടിച്ചതുമേ വെറുതെ!
കയ്യും‌പൊക്കിക്കാലും‌നീട്ടി
ചുണ്ടിൽ പുഞ്ചിരി മറയായ് കെട്ടി
കട്ടുപെറുക്കിയും തിന്നുമുടിച്ചും
കൂടെക്കൂട്ടരെയൂട്ടിവളർത്തിയും
ജനഗണമനമറിയാതെയറിഞ്ഞും
കൊടിവീശിച്ചും ചൂട്ടുതെളിച്ചും
പകരംചോദിച്ചതുവഴി ചാരം
വാരിക്കൂട്ടിയണിഞ്ഞും, പലവക!

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...