Thursday 25 May 2017

വിക്റ്റർ ലീനസ്



മലയാളത്തിലെ ചെറുകഥാകാരന്മാരിൽ ഒരു കൊള്ളിയാനായിരുന്നു വിക്റ്റർ ലീനസ്. സ്വജീവിതത്തിലും. അസംഭവ്യതയെ സംഭവ്യമാക്കിയും സംഭവത്തെ അസംബന്ധമാക്കിയും ആ കലാകാരൻ സ്വന്തം കുറിപ്പടിക്കനുസരിച്ച് എഴുതി. സ്വന്തം തിരക്കഥക്കൊത്തു ജീവിച്ചു. മരിച്ചു.

ഇതൊരു ചരമക്കുറിപ്പല്ല. വിക്റ്റർ എനിക്കൊരു ഉച്ചക്കിനാവായിരുന്നു. അൽപം അസുഖസ്വപ്‌നം. വിസ്മൃതിയിലെ ഒരു വിഭ്രമം.

ഞാൻ കൊച്ചി യൂണിവേഴ്‌സിറ്റിയിൽ പഠിക്കുമ്പോൾ വിക്റ്റർ അതേ വിഭാഗത്തിൽ ഗവേഷണവിദ്യാർഥിയായിരുന്നു. ചീകാത്ത മുടിയും മുഷിഞ്ഞ വേഷവുമായി മിക്കവാറും സ്റ്റാഫ്-ആർട്ടിസ്റ്റിന്റെ മുറിയിൽ കാണാം. ഒരു ശാസ്ര്തലേഖനത്തിനായി ആർട്ടിസ്റ്റിനെക്കൊണ്ട് പടംവരപ്പിക്കാൻ ചെല്ലുമ്പോൾ ഞാൻ ആദ്യമായി പരിചയപ്പെടുന്നു. കൊല്ലം 1970-71. വിക്റ്റർ എന്നെയൊന്നു ചൂളിനോക്കി. പിന്നെ എന്റെകയ്യിലെ സ്‌കെച്ചിനെയും. അതെങ്ങനെ വരക്കണമെന്ന് ആർട്ടിസ്റ്റിനൊരു ചെറിയ നിർദ്ദേശം. എല്ലാം ഇംഗ്ലീഷിലാണ്. പിന്നെ മുണ്ടും മടക്കിക്കുത്തി ചെരിപ്പിടാത്ത കാലുകൾ നീട്ടി ഒരു നടത്തം. 

വരച്ചു വന്നപ്പോൾ എനിക്കു വേണ്ടതിലും എത്രയോ മെച്ചപ്പെട്ട ഒരു ചിത്രംൽ

അന്നൊന്നുമറിയില്ല വിക്റ്റർ ആരെന്ന്. എന്തെന്ന്. എഴുതുമെന്ന്. അൽപം സിനിമാഭ്രാന്തുണ്ടെന്നുമാത്രമറിയാം. തോന്നുമ്പോൾ വരും പോകും. കാണുമ്പോൾ ചിലപ്പോൾ ചിരിക്കും. ചിലപ്പോൾ കണ്ടഭാവമേ കാണില്ല.

പെട്ടൊന്നൊരു ദിവസം, ഞാൻ ക്ലാസ്‌സുകഴിഞ്ഞു വീട്ടിലേക്കു മടങ്ങാൻ ബസ്-സ്‌റ്റോപ്പിലേക്കു നടക്കുമ്പോൾ, വിക്റ്ററും മറ്റൊരു ഗവേഷണവിദ്യാർഥി മുഹമ്മദ് സാലിയും എതിരെ. 

''വരുന്നോ ഒരു കാപ്പി കുടിക്കാൻ?''

വിക്റ്ററിന്റെ ക്ഷണം നിരസിച്ചില്ല. കാപ്പി കുടിച്ചു തീരുവോളം വിക്റ്റർ ഒരൊറ്റക്ഷരം ഉരിയാടിയില്ല. സാലിക്കാ മാത്രം പതിവുമാതിരി തമാശയും കാര്യങ്ങളുമായി എന്നോടു സല്ലപിച്ചിരുന്നു. വിക്റ്ററോ, കാശുംകൊടുത്ത് ഞങ്ങളെ തനിച്ചാക്കി പുറത്തേക്കൊരു പോക്കും.

പിന്നെ ഞാൻ കാണുന്നത് ഗോവയിൽ വച്ചാണ്. അന്നേക്കു ഞാൻ ഉദ്യോഗസ്ഥനായിക്കഴിഞ്ഞിരുന്നു. താമസം ഔദ്യോഗിക ഹോസ്റ്റലിൽ. ഡോ. വിക്റ്റർ ലീനസ് ഒരുകൂട്ടം ഉദ്യോഗാർഥികളുടെ കൂടെ വന്നിറങ്ങി. ആദ്യമായി പാന്റുടുത്തു കണ്ടു. ഇന്റർവ്യൂകഴിഞ്ഞതും ആഘോഷവും തുടങ്ങി. മുഖാമുഖക്കാരെ തറപറ്റിച്ചതിന്ൽ ജോലി കിട്ടാത്തതിന്ൽ പതഞ്ഞൊഴുകുന്ന പൂനിലാവിൽ, പാലപ്പൂവിരിയുന്ന പാതിരാക്കുളിരിൽ, ഞങ്ങൾ ആണുങ്ങളും പെണ്ണുങ്ങളും താമസിക്കുന്ന ഹോസ്റ്റലിന്റെ മുൻവഴിയിൽ ആദ്യത്തെ ''സ്റ്റ്രീക്കിങ്'' വിക്റ്ററുടേത്. പിന്നാലെ തുണിയുരിഞ്ഞു ബാക്കി കൊച്ചിപ്പടയും.

അക്കാലത്ത് വിക്റ്റർ ''ചിന്ത''യുടേയോ ''തനിനിറ''ത്തിന്റെയോ ''ബ്ലിറ്‌സി''ന്റേയോ ലേഖകനായിരുന്നു. പിന്നെ കേട്ടു ''വീക്ഷണ''ത്തിലാണെന്ന് (അതോ ''മാധ്യമ''ത്തിലോ). ഏതായാലും ഒരു മലക്കംമറിച്ചിലായിരുന്നു അത്. ആരോ ചോദിച്ചപ്പോൾ പറഞ്ഞത്രേ, ''ജീവിച്ചു പോണ്ടേ?''

പെട്ടെന്നൊരു ദിവസം ''മാതൃഭൂമി'' ആഴ്ചപ്പതിപ്പിൽ വിക്റ്ററിന്റെ കഥ. അന്നൊക്കെ ആഴ്ചപ്പതിപ്പ് ഒരുമാസം കഴിഞ്ഞേ ഗോവയിൽ കിട്ടൂ. ഞാനത് മറ്റുള്ളവർക്കു പങ്കിടും. കഥ വായിച്ചവർ വായിച്ചവർ അന്തംവിട്ടു. ഇന്ന് കഥയുടെ പേര് ഓർമയിലില്ലെങ്കിലും, അതിലെ ''ഓപ്പൺ-എയർ എയർകണ്ടീഷണിങ്'' മറ്റും ഞങ്ങളെയെല്ലാം പിടിച്ചിരുത്തി. ആ കഥയ്ക്കാധാരം ഞങ്ങളിലൊരാളുടെ പൂർവാശ്രമമായിരുന്നു.

ഏതോ ഒരു ചലച്ചിത്രത്തിലെ നായികയുടെ ഒരു ചിരി കാണാൻ പല തവണ പലേ ദിവസം വിക്റ്റർ ടിക്കറ്റെടുത്തു തീയേറ്ററിൽ പോകുമായിരുന്നത്രെ. ചിരി കഴിഞ്ഞുടൻ പുറത്തിറങ്ങും.

പിന്നെയും വന്നു വിക്റ്ററിന്റെ ഏതാനും കഥകൾ. അതിലൊന്നിലെ ''ഒരു രാത്രികൂടിയും ഒരു പുരുഷൻകൂടിയും നിന്നിൽ ഒരു മാറ്റവും ഉണ്ടാക്കില്ല'' എന്ന തരത്തിലുള്ള വീരത്വം വിക്റ്ററിനുമാത്രം വഴങ്ങുന്ന വിയോജനക്കുറിപ്പുകളിലൊന്നായിരുന്നു.

എങ്കിലും ''യാത്രാമൊഴി'' -- അതാണു വിക്റ്ററുടെ അവസാനത്തെ കഥ -- ശരിക്കും യാത്രാമൊഴിയായി. അതിൽ ആരോരുമില്ലാതെ വഴിവക്കത്തു മരിച്ചുകിടക്കുന്ന തന്നെത്തന്നെ കോറിവച്ചു. കോറി വരച്ചു.

ആവർത്തനമെങ്കിലും ഒരിക്കൽകൂടി എഴുതട്ടെ:
വിക്റ്റർ ലീനസ് സ്വന്തം കുറിപ്പടിക്കനുസരിച്ച് എഴുതി. സ്വന്തം തിരക്കഥക്കൊത്തു ജീവിച്ചു. മരിച്ചു.

ഒറ്റയാൻ!

[പുഴ.കോം-ൽ 2007-2008-ൽ എഴുതിയത്]

Monday 22 May 2017

`ടി`

ലോകത്തിൽ ഏറ്റവുമധികംപേർ ഉടുക്കുന്ന വസ്ത്രമേതെന്നാൽ അത്‌ `ടി` ഷർട്ടാണ്‌.    ഇംഗ്ളീഷിലെ `T` എന്ന അക്ഷരത്തിന്റെ രൂപത്തിൽ ഉടലും കയ്യും മാത്രമായുള്ള ആ സിംപിൾ കുപ്പായം.   ആണെന്നോ പെണ്ണെന്നോ ഭേദമില്ലാതെ ആരും ധരിക്കും; ഒരുമാതിരി എല്ലാ സന്ദർഭങ്ങളിലും.   ചൂടിന്‌ ഒറ്റവസ്ത്രമായി.    തണുപ്പാണെങ്കിൽ അകത്തുമാകാം.   പണിയെടുക്കാനും വിശ്രമിക്കാനും യാത്രചെയ്യാനും കളിക്കാനും കൂത്താടാനുമെല്ലാമാവാം.   വീട്ടിനകത്താവാം, പുറത്താവാം.   കുറഞ്ഞ വില.   കനത്ത ഉപയോഗം.   ഒരുക്കാനും ഉടുക്കാനും കൊടുക്കാനും കഴുകാനും കളയാനും എളുപ്പം.   നിത്യനൂതനം.    എല്ലാംകൊണ്ടും കുതിച്ചുയരുന്ന ലോകവ്യവസ്ഥിതിയിൽ കൂസലില്ലായ്മയുടെ പര്യായമായി `ടി`.

വസ്ത്രം ഒരു മറയാകുന്നുന്നു.   സ്ഥലകാലവ്യവസ്ഥകൾക്കൊത്ത രണ്ടാംതൊലിയാകുന്നു.   അതേസമയം നാം അണിയുന്ന വസ്ത്രം നമ്മുടെ അകത്തെ മനുഷ്യന്റെ ബഹിർസ്ഫുരണവുമല്ലേ എക്കാലത്തും?

നമ്മുടെ വസ്ത്രധാരണം എത്രകണ്ടു മാറി!   പണ്ടത്തെ `യൂണിസെക്സ്‌` ( എന്നുവച്ചാൽ ലിംഗവ്യത്യാസമില്ലാത്ത) `മുണ്ടും രണ്ടാമുണ്ടും` എന്നതിൽ തുടങ്ങിയതാണ്‌.   പിന്നീട്‌ പെണ്ണുങ്ങൾ സാരി തിരഞ്ഞെടുത്തപ്പോൾ ആണുങ്ങൾ ഷർട്ടെടുത്തിട്ടു.     ആണുങ്ങൾ പാന്റുടുത്തപ്പോൾ സ്ത്രീകളും, അൽപം വൈകിയെങ്കിലും, ചുരിദാറിലേക്കും പിന്നെ ലെഗ്‌-ഇന്നിലേക്കും ചേക്കേറി.   നഗരങ്ങളിൽ ആൺ-പെൺഭേദമില്ലാതെ ജീൻസും ടി-ഷർട്ടും മുക്കാലുറയും പ്രചരിച്ചു.   വീട്ടിലാണെങ്കിൽ ലുങ്കിയും നൈറ്റിയുമായി മാറി ആൺ-പെൺ വേഷങ്ങൾ.  വിശേഷാവസരങ്ങളിൽമാത്രം പൗരാണിക-വസ്ത്രങ്ങളും മോഡേൺ-ഡ്രെസ്സുകളും ഉപയോഗിക്കപ്പെട്ടു.

എന്റെ കോണകക്കാലം എനിക്കോർമയില്ല.   വള്ളിനിക്കറും അരക്കയ്യൻഷർട്ടുമായി തുടക്കം.   അതുമാറി അരയിൽമുറുക്കുന്ന അരക്കാലൻ- ട്രൗസറായപ്പോൾ ഇടയ്ക്കൊക്കെ ഒരു മുഴുക്കയ്യൻ ഷർട്ടെല്ലാം കിട്ടി (ഫാഷൻ എന്നതിനേക്കാളേറെ, വാങ്ങിയ തുണി പാഴാകാതിരിക്കാനായിരുന്നു മുഴുക്കയ്യ്‌ എന്നതു മനസ്സിലാക്കണം).   അത്‌ സ്കൂൾ കാലത്ത്‌.   അന്ന്‌ കായികപരിശീലകൻമാത്രമായിരുന്നു അധ്യാപകരിൽ കാലുറയിട്ടു വന്നിരുന്നത്‌.    കോളേജിൽ ചേർന്നപ്പോൾ ആദ്യവർഷം പോലും  ഞാൻ അരക്കാലൻ-ട്രൗസറിലായിരുന്നു.   അധികം വൈകാതെ നാട്ടുനടപ്പനുസരിച്ച്‌ മുണ്ടിലേക്കു മാറി.   ജഗന്നാഥൻഎന്നും `മല്ല്‌` എന്നും വിളിച്ചിരുന്ന, യഥാക്രമം താഴ്ന്നതും മുന്തിയതുമായ  തുണിത്തരങ്ങൾ വെട്ടി വക്കടിച്ചുണ്ടാക്കിയിരുന്ന ഒറ്റമുണ്ട്‌.   കരമുണ്ടും ഡബിൾ മുണ്ടും വലിയവർക്കുമാത്രം.   പട്ടണക്കുട്ടികൾമാത്രം കാലുറയിട്ടു ക്ളാസ്സിൽ വന്നു.   ഒരു മാതിരി അധ്യാപകരെല്ലാം മുണ്ടിലായിരുന്നു.   (അസ്സലിംഗ്ളീഷിൽ `ട്രൗസേർസ്‌`, `പാന്റ്സ്‌` എന്നൊക്കെയാണ്‌ എന്നു പറയേണ്ടതില്ലല്ലോ.)

ബിരുദാനന്തരപഠനകാലത്ത്‌, കടലിലെ പരിശീലനത്തിന്‌ കാലുറ നിർബന്ധമായിരുന്നു.   അങ്ങനെ ഞാൻ ആദ്യത്തെ കാലുറയിട്ടു.   ഞാനടക്കം, ക്ളാസ്സിൽ മുണ്ടുടുത്തു വരുമായിരുന്ന മൂന്നോ നാലോ വിദ്യാർഥികൾ മാത്രമേ അന്ന്‌ ഞങ്ങളുടെ സമുദ്രശാസ്ത്രവിഭാഗത്തിൽ ഉണ്ടായിരുന്നുള്ളൂ.   പിന്നെ ഒന്നുരണ്ട്‌ അധ്യാപകരും അഞ്ചാറ്‌ ഓഫീസ്‌-ഉദ്യോഗസ്ഥരും.

ജോലിക്കായി നാടുവിട്ടപ്പോഴാണ്‌ നിത്യേന പാശ്ചാത്യവസ്ത്രം വേണ്ടിവന്നത്‌.     പുറംരാജ്യങ്ങളിലും ചിലപ്പോൾ നമ്മുടെ നാട്ടിലും ചില ഔദ്യോഗികവേളകളിൽ വിദേശരീതിയിൽതന്നെ കെട്ടിയൊരുങ്ങേണ്ടിയും വന്നു.   തീർത്തും അനാവശ്യവും അസുഖകരവും അരോചകവുമായി തോന്നിയിരുന്നു ആ വസ്ത്രങ്ങളെനിക്ക്‌.

അങ്ങനെയിരിക്കുമ്പോഴാണ്‌ `ടി`ഷർട്ട്‌ - `ജീൻസ്‌`കാലുറ എന്നിവ വമ്പിച്ച പ്രചാരത്തിലാവുന്നത്‌.   അതൊരു സംഭവമായിരുന്നു.   ആദ്യം അരക്കളസവും മുഴുക്കളസവുമായിരുന്നു `ടി`-ഷർട്ടിനു കൂട്ടിനുണ്ടായിരുന്നത്‌.   ആ സ്ഥാനം, പിന്നീട്‌ മുക്കാൽകളസം (`ത്രീ-ഫോർത്ത്‌` എന്ന ഇടനിലക്കാരൻ) അടിച്ചുമാറ്റിക്കൊണ്ടുപോയി.   പണ്ട്‌ മുണ്ട്‌ എല്ലാവരുടെയും വസ്ത്രമായിരുന്നപോലെ ഇന്ന്‌ ടി ഷർട്ടും കുഞ്ഞിക്കളസവും എല്ലാവരുടേയുമായി.

അല്പം ചരിത്രം.   അമേരിക്കൻനാടുകളിൽ പത്തൊമ്പതാംനൂറ്റാണ്ടിലെ അടിവസ്ത്രമെന്നതിൽനിന്നും പണിവസ്ത്രമെന്നതിൽനിന്നും, ഒരു പൊതുവസ്ത്രമായി വളർന്നതാണു `ടി`.   ടി-ക്കും ഒരുപാടു രൂപഭേദങ്ങളും ഭാവഭേദങ്ങളും ഉണ്ടായിട്ടുണ്ട്‌, കാലാകാലങ്ങളിൽ - കൈനീളവും കൈവണ്ണവും കൂടിയും കുറഞ്ഞും; കീശയും കോളറും വന്നും പോയും; കഴുത്ത്‌ വട്ടമായും വർത്തുളമായും ചതുരമായും ത്രികോണമായും.   തുണിയുടെ തരവും മാറി, നെയ്ത്തിന്റെ വിധവും മാറി - തുന്നലിന്റെ വിധിയും.   വെറും തുണിയിൽ തുടങ്ങി നിറപ്പകിട്ടിലേക്കും ചിത്രപ്പണിയിലേക്കും ടി-ഷർട്ട്‌ ചെന്നെത്തി.   അക്ഷരങ്ങളും അക്കങ്ങളും വാക്യങ്ങളും വരകളും ടി-ഷർട്ടിൽ ഇടം നേടി - പരസ്യവും പ്രതിഷേധവും പരിഹാസവും പ്രചരണവും പ്രിയവും അപ്രിയവും എല്ലാം.   `പ്രകടനകല` എന്നതിനപ്പുറം, `ഉടുക്കാവുന്ന കല` എന്നു വരെ ടി-ഷർട്ട്‌ പ്രകീർത്തിക്കപ്പെട്ടു.   അവയുടെ മുൻപിലും പിൻപിലും എഴുതിക്കൂട്ടുന്ന വാക്കുകളും വരയ്ക്കപ്പെടുന്ന ചിത്രങ്ങളും ഞാൻ ശ്രദ്ധാപൂർവം നിരീക്ഷിക്കാറുണ്ട്‌ (ഈ വയസ്സുകാലത്തും വായ്നോട്ടത്തിനു  തട്ടുകിട്ടുമോ എന്തോ.   വളരെ രസകരമായിത്തോന്നിയവ, പക്ഷെ, ഇവിടെ എഴുതാൻ കൊള്ളില്ല).

സ്ക്രീൻ-പ്രിന്റിംഗും പ്രോസസ്സ്‌-പ്രിന്റിംഗും ഹീറ്റ്‌-ട്രാൻസ്ഫറും എല്ലാം പരീക്ഷിക്കപ്പെട്ടിട്ടുണ്ട്‌, ടി-ഷർട്ടിനെ വർണാഭവും വാങ്മയവുമാക്കാൻ.   നമ്മുടെ `ബാന്ധ്നി` പാരമ്പര്യത്തിലെ `കെട്ടുകെട്ടി നിറംമുക്കൽ` പോലും ടി--ഷർട്ട്‌ നിർമാണത്തിൽ പ്രയോഗിക്കപ്പെട്ടിട്ടുണ്ട്‌.

ഉഷ്ണമേഖലയിലെ ദ്വീപസമൂഹങ്ങളിൽപെട്ട കരീബിയൻ-നാട്ടുകാർക്ക്‌ ടീ-ഷർട്ട്‌ ഒരാവശ്യവും അഭിനിവേശവും ആവേശവും ആണ്‌.   അവിടത്തെ താമസക്കാലത്ത്‌, എന്റെ അനവധി വരകൾ ഒരു സഹപ്രവർത്തകൻ തന്റെ സുഹൃത്തിനുവേണ്ടി കൊണ്ടുപോയി, ടി-ഷർട്ടിലെ ഡിസൈനാക്കാൻ.   അമേരിക്കക്കാരുടെ അക്രമപരവൂം ആഫ്രിക്കക്കാരുടെ അസ്തിത്വപരവുമായ ചിത്രീകരണങ്ങൾക്കിടയിൽ, ഭാരതീയരുടെ ആത്മപരമായ ആലേഖനങ്ങൾ അവരെ ആകർഷിച്ചതാവാം.

ടി-ഷർട്ടും, അതിന്റെ കൂടെ ജീൻസും ബെർമുദയും ത്രീഫോർത്തും, ആഗോളവസ്ത്രമായിക്കഴിഞ്ഞു.   ആബാലവൃദ്ധം, ആസേതുഹിമാചലം നമ്മളും അതേറ്റുവാങ്ങിയിട്ടുണ്ട്.   അസ്തിത്വവും ആത്മീയതയും ആശാസ്യതയും അസ്പൃശ്യതയും ഒന്നും അതിനെ പ്രതിരോധിച്ചില്ല.

ഇത്തരം ചില കാര്യങ്ങൾക്കെങ്കിലും `അമേരിക്ക` ഒരു ചീത്തവാക്കല്ല!

Monday 8 May 2017

'കരയുന്നൂ, പുഴ ചിരിക്കുന്നൂ.....'


കുഞ്ഞുന്നാളിലേ സ്കൂളിൽ പഠിപ്പിച്ചിട്ടുള്ളതാണ്‌ നദികൾക്കു കുറുകെ അണക്കെട്ടുകൾ നിർമിക്കുന്നതിന്റെ പ്രയോജനങ്ങൾ:   ഒന്ന്‌, വെള്ളപ്പൊക്കം തടയാം.   രണ്ട്‌, ജലസേചനം സാധിക്കാം.   മൂന്ന്‌, വൈദ്യുതി ഉത്പാദിപ്പിക്കാം.   (നാലാമതൊന്നിനെപ്പറ്റി ആരും ഒന്നും അന്നും ഇന്നും പുറത്തു പറയാറില്ലല്ലോ).   ഭാരതം സ്വതന്ത്രമായതിനുപിന്നാലെ അണക്കെട്ടുകളുണ്ടാക്കാനുണ്ടായിരുന്ന ആക്കം പിന്നീടെപ്പോഴോ ലേശം മങ്ങി.   പ്രത്യേകിച്ച്‌ വൈദ്യുതിനിർമാണത്തിൽ.   ഭാവിയിലെ പാരിസ്ഥിതികാഘാതങ്ങളെപ്പറ്റിയുള്ള പേടിയേക്കാൾ, പുത്തൻ താപ-ആണവ-പാരമ്പര്യേതര-സാങ്കേതികവിദ്യകളുടെ കമ്പോളപ്രസരം ജലവൈദ്യുതപദ്ധതികൾക്കു ഒട്ടൊക്കെ തടയിട്ടു.

താത്കാലികവും ദൂരവ്യാപകവും മൂർത്തവും അമൂർത്തവുമായ അപായം അശേഷം കുറഞ്ഞതും സാമ്പത്തികവും സാമൂഹികവുമായി തികച്ചും ആദായകരവുമാണ്‌ ജലവൈദ്യുതപദ്ധതികൾ.   താപനിലയങ്ങളുടെ പലവിധ പാരിസ്ഥിതികാഘാതവും ആണവനിലയങ്ങളുടെ അപാരമായ അപായസാധ്യതയും അവയ്ക്കില്ല.   എങ്കിലും നദികളുടെയും നദീമുഖങ്ങളുടെയും  പുഴകളുടെയും അരുവികളുടെയും ചോലകളുടെയും വെള്ളച്ചാട്ടങ്ങളുടെയുമൊക്കെ ദുരുപയോഗങ്ങളുമായി കൂടിച്ചേരുമ്പോൾ തടയണകളുടെ ഉദ്ദേശ്യലക്ഷ്യം പാളിപ്പോകുന്നു.

ഞാൻ പലപ്പോഴും ഉദ്ധരിക്കാറുള്ള ഒന്നാണ്‌, `മലയുടെ ധർമം നിൽപ്പും പുഴയുടെ ധർമം ഒഴുക്കും` ആണെന്നത്‌.   മലയിളകിയാൽ, ഇളക്കിയാൽ, തീർന്നൂ മനുഷ്യവാസത്തിന്റെ കാര്യം.   പുഴ നിന്നാൽ തീർന്നൂ മനുഷ്യജീവന്റെ തന്നെ കാര്യം.

നദീതടസംസ്ക്കാരം എന്നതിനെപ്പറ്റിപ്പറയുമല്ലോ.   മനുഷ്യൻ മൃഗമെന്നതിൽനിന്നും കാട്ടാളനെന്നതിൽനിന്നും  കരകയറിയത്‌ കൃഷിക്കു  കലപ്പയെടുത്തപ്പോഴാണ്‌.   പുഴകളൊഴുക്കിയ, പുഴകളൊരുക്കിയ, പോഷണങ്ങളുപയോഗിച്ച്‌ കൃഷിയിലൂടെ  മണ്ണിനെ പൊന്നാക്കി മാറ്റിയത്‌ മനുഷ്യചരിത്രത്തിലെ വൻവഴിത്തിരിവായിരുന്നു.   ഒറ്റയാൻ സമൂഹമായതും സമൂഹം സമ്പത്തായതും സമ്പത്ത്‌ സംസ്ക്കാരമായതും സംസ്ക്കാരം സാർവലൗകികമായതും നീർത്തടങ്ങളുടെ മടിത്തട്ടിലായിരുന്നു.

ഹെർമൻ ഹെസ്സ്‌-ന്റെ `സിദ്ധാർഥ` എന്നൊരു മഹത്തായ നോവലുണ്ട്‌ (അതൊരു സിനിമയായപ്പോൾ അതിലും നന്നായി).   അതിൽ സിദ്ധാർഥൻ നദി പഠിപ്പിച്ച പാഠത്തെക്കുറിച്ചു പറയുന്നുണ്ട്‌:  `മടുപ്പില്ലാതെ  കാത്തിരിക്കാൻ പഠിച്ചുവിശപ്പൊതുക്കി കുത്തിയിരിക്കാൻ പഠിച്ചു; മനസ്സടക്കി ചിന്തിക്കാൻ പഠിച്ചു`. ("I can wait, I can fast, I can think.")   നദികൾ നമ്മുടെ നാഡികളാണുപോൽ.   `നിളാദേവി നിത്യം നമസ്തെ` എന്ന്‌ നമ്മുടെ പൂർവികരും പ്രണമിച്ചു.

`മലകൾ പുഴകൾ ഭൂമിക്കുകിട്ടിയ സ്ത്രീധനങ്ങൾ...` എന്നും `പെരിയാറേ, പെരിയാറേ, പർവതനിരയുടെ പനിനീരേ...` എന്നും `പൂന്തേനരുവീ, പൊൻമുടിപ്പുഴയുടെ അനുജത്തീ...` എന്നും `ആയിരം പാദസരങ്ങൾ കിലുങ്ങി, ആലുവാപ്പുഴ പിന്നെയുമൊഴുകി...` എന്നും `സ്വർണ്ണപ്പൂഞ്ചോല, ചോലയിൽ, വർണ്ണത്തിരമാല...` എന്നും `ഒരു മലയുടെ താഴ്‌വരയിൽ, ഒരു കാട്ടാറിൻ കരയിൽ, താമസിക്കാൻ മോഹമെനിക്കൊരു താപസനെപ്പോലെ...` എന്നുമെല്ലാം നമ്മളും പാടിത്തിമിർത്തു.

എന്നിട്ടും പുഴകളെ നമ്മൾ കലക്കിയെടുത്തു.   കാടൊടുക്കി മഴയകറ്റി.   മരംവെട്ടി മണ്ണൊലിപ്പിച്ചു.   പുഴക്കടവുകളിൽ ചതിക്കുഴി തോണ്ടി.   മണ്ണെടുത്ത്‌ മരണക്കെണിയൊരുക്കി.   ഓരുവെള്ളത്തിൽ ഉപ്പായി.   നീരൊഴുക്ക്‌ നിർജീവമായി.   പനിനീർ പാഷാണമായി.

നമ്മുടെ പുഴകൾ ഇപ്പോൾ ചിരിക്കുന്നോ കരയുന്നോ?

പുഴയെക്കാത്ത്‌ കടൽ ക്ഷീണിച്ചു. കടൽത്തീരങ്ങൾ ശോഷിച്ചു.   `യഥാ നദി തഥാ സർവേ സമുദ്രേ...` എന്നവസാനിക്കുന്ന ഒരു ഗീതാവാക്യമുണ്ട്‌ - എല്ലാ നദികളും അവസാനം സമുദ്രത്തിലെത്തിച്ചേരുന്നു.   മറ്റൊരു ഭാഷ്യമാക്കിയാലും അതു ശരിയാണ്‌: `പുഴകളെപ്പോലെ കടൽ` ('Like the Rivers, like the Sea').   `യഥാ ബീജം തഥാങ്കുരം` എന്നുണ്ടല്ലോ.

നാലാംക്ളാസ്സിൽ, കേരളത്തിലെ എല്ലാ ആറുകളുടെയും പേരുകൾ കാണാപ്പാഠം പഠിക്കണമായിരുന്നു: `.....മീനച്ചിലാറ്‌ നെയ്യാറ്‌` എന്നവസാനിക്കുന്ന ഒരു പട്ടികപ്പാട്ടായി.   ഇന്നങ്ങനെയൊന്നുണ്ടോ ആവോ.   ഭാരതപ്പുഴയെന്നാൽ, ആ നിലാവും ആ കുളിർകാറ്റും ആ പളുങ്കുകൽപ്പടവുകളും ഓടിയെത്തും ഓർമകളിൽ!    ഏതായാലും അന്നത്തെ ഭാരതപ്പുഴയല്ല ഇന്നത്തെ ഭാരതപ്പുഴ എന്നറിയാം.   കൂലംകുത്തിമറിഞ്ഞിരുന്ന  അന്നത്തെ നിളയെവിടെ, കുലംകുത്തി കുത്തുപാളയെടുത്ത ഇന്നത്തെ നിളയെവിടെ!  വെള്ളമടിച്ചു പൂസായി തെരുവോരങ്ങളിൽ പാമ്പായിക്കിടക്കുന്നവരെയാണ്‌ ഇന്നു ഭാരതപ്പുഴ കാണുമ്പോൾ ഞാൻ ഓർക്കുക.   ഈറനായ നദിയുടെ മാറിൽ, ഈ വിടർന്ന നീർക്കുമിളകളിൽ, വേർപെടുന്ന വേദനയോ വേറിടുന്ന നിർവൃതിയോ?...”
 
ഭാരതപ്പുഴമാത്രം എന്താണിങ്ങനെ?   അതിനു വടക്കും തെക്കുമുള്ള ആറുകളെല്ലാം വിഷവാഹിനികളായാലും വിരൽവണ്ണത്തിലായിട്ടില്ല.   സകലമാന ബുദ്ധിജീവികളും കവികളും കവയത്രികളും സാമൂഹ്യസേവക്കാരും രാഷ്ട്രീയരാക്ഷസൻമാരുമെല്ലാം ഒഴുക്കുന്ന കണ്ണീർ മതിയല്ലോ ഭാരതപ്പുഴയിൽ തണ്ണീർ നിറയ്ക്കാൻ!   എവിടെയോ എന്തോ കുഴപ്പമുണ്ട്‌.   വെള്ളത്തിന്റെ നിർവചനം മലയാളിക്കു മാറിപ്പോയതാവാം.

ഏതു നീർച്ചാലുകണ്ടാലും ഞാനൊന്നു മൂളിപ്പോകും: `ഒന്നു ചിരിക്കൂ, ഒരിക്കൽകൂടി!` - അതൊരു നിറകൺചിരി ആയാലും മതിയായിരുന്നു.

Monday 1 May 2017

`ഷീത്‌-കൊഡി`

ആദ്യതീവണ്ടിയാത്രയിൽതന്നെ എന്റെ രണ്ടുവയസ്സുണ്ടായിരുന്ന കൊച്ചുമകൻ കേട്ടുപഠിച്ചുറപ്പിച്ചതാണ്‌, ‘ചായ ചായ, കാപ്പി കാപ്പിഎന്ന പല്ലവി.   ഇന്നും യാത്രയെന്നുപറഞ്ഞാൽ അവനതുരുവിടും.

മൊത്തം ജീവിവർഗത്തിനും ഭക്ഷണം ഒരു ആവശ്യമാണ്‌.   മനുഷ്യന്‌ അത്‌ ആവശ്യം മാത്രമല്ല ആവേശവും ആർഭാടവും ആഘോഷവും കൂടിയാണ്‌.   ആഹാരം ഒരു പ്രതീകമാകുന്നത്‌ അങ്ങനെയാണ്‌ - സാമ്രാജ്യത്തിന്റെയും സംസ്ക്കാരത്തിന്റെയും സ്ഥലത്തിന്റെയും സമൂഹത്തിന്റെയും സമുദായത്തിന്റെയും സമ്പത്തിന്റെയും എല്ലാം.

ഒരുപക്ഷെ മനുഷ്യജീവി മാത്രമേ ഭക്ഷണം പാകം ചെയ്തു കഴിക്കുന്നുള്ളൂഭക്ഷണം ആസ്വദിച്ചു കഴിക്കുന്നുള്ളൂ.   ആവശ്യത്തിൽ കൂടുതൽ കണ്ടെത്താനും കരുതാനും കഴിക്കാനും കൊടുക്കാനും മറ്റുജീവികൾ മുതിരുന്നില്ല.   ജീവിക്കാൻവേണ്ടി തിന്നുന്നതും തിന്നുന്നതിനുവേണ്ടി ജീവിക്കുന്നതും തമ്മിലുള്ള വ്യത്യാസമാണത്‌.   മനുഷ്യൻമാത്രമാണ്‌ ആഹാരപദാർഥങ്ങളെ ഇത്രമാത്രം ഉപയോഗിക്കുന്നതും അധികമുള്ളതിനെ ഉപയോഗിക്കാതെ നശിപ്പിച്ചുകളയുന്നതും.

വെറും ചോറും കറിയുംഎന്നതിന്‌ ഷീത്-കൊഡിഎന്നാണു ഗോവൻപ്രയോഗം.   (കറിയെന്നാൽ ഗോവക്കാർക്കു മീൻകറി തന്നെയല്ലോ).   അവിടന്നാകട്ടെ തുടക്കം.

ആഹാരത്തിന്റെ അടിയൊഴുക്കുകളും ഭാവഭേദങ്ങളും അന്വേഷിച്ചുപോയാൽ അതിരസകരമാണു സംഗതി.   നമ്മുടെ വടക്കർക്ക് ഗോതമ്പുചപ്പാത്തി പ്രധാനം; നാം തെക്കർക്ക് അരിച്ചോറുപ്രധാനം.   പുറംരാജ്യങ്ങളിൽ റൊട്ടിയും പാസ്തയും കുബൂസും  തുടങ്ങി, ഉരുളക്കിഴങ്ങും കടച്ചക്കയും മുളയരിയും കൂവപ്പൊടിയും  വരെയുള്ള അന്നജവസ്തുക്കൾ മനുഷ്യരുടെ അടിസ്ഥാനാഹാരമാകുന്നു.   ചിലയിടങ്ങളിൽ മീനും ഇറച്ചിയും മാത്രമാകുന്നു പ്രാഥമികാഹാരം.   ഭൂപ്രകൃതിയും കാലാവസ്ഥയും ലഭ്യതയും പണിത്തരവും പാരമ്പര്യവും നമ്മുടെ ഭക്ഷണശീലങ്ങളെ ചിട്ടപ്പെടുത്തുന്നു.    പിന്നീടെവിടെപ്പോയാലും അവ നമ്മുടെ അടയാളമാകുന്നു.

എവിടെയും പ്രധാനാഹാരത്തോടൊപ്പം വേറെ ഉപദംശങ്ങളും കാണും ഒന്നെങ്കിലും.   ചപ്പാത്തിക്കു ദാൾ, ചോറിനു കറി, കഞ്ഞിക്കു ചമ്മന്തി, റൊട്ടിക്കു വെണ്ണ എന്നിങ്ങനെ തരാതരം.   പിന്നെ ആവുംപോലെ കുറെ പ്രത്യേക ഇനങ്ങൾ - ഭാജി, തോരൻ, പൊരിയൽ, പപ്പടം, അച്ചാർ, ചമ്മന്തി, തൈര്‌, സാലഡ് എന്നിങ്ങനെ.   ഭോജ്യങ്ങളോടൊപ്പം പേയങ്ങളുമുണ്ട് - ചുക്കുവെള്ളവും മോരും സോൾ-കൊഡിയും പഴച്ചാറും കോളയും വീഞ്ഞുമെല്ലാമായി.   ഇവയ്ക്കുമപ്പുറം പലവിധം പലഹാരങ്ങളുടെ കാര്യം പിന്നെ പറയുകയും വേണ്ട.   ഓരോ ഇടങ്ങളിലും ഒരു നിര തന്നെയുണ്ടാകും പലഹാരങ്ങളുടെ.    അവയും കവിഞ്ഞാണു വിശിഷ്ടഭോജ്യങ്ങൾ.

വിശിഷ്ടഭോജ്യങ്ങൾ അടയാളപ്പെടുത്തുന്നത് ചില സ്ഥലങ്ങളെയാണ്‌, ചില സമുദായങ്ങളെയാണ്‌, ചില സംസ്ക്കാരങ്ങളെയാണ്‌, ചില പ്രസ്ഥാനങ്ങളെയാണ്‌; ആഘോഷങ്ങളെയും ചടങ്ങുകളെയുമാണ്‌.

ചില രാജ്യങ്ങളുടേതായി കണക്കാക്കപ്പെടുന്നവയാണ്‌ ഗ്രീൻ ടീ, സുഷി, ഫിഷ്-ആന്റ്-ചിപ്സ്, കാസ്കഡു എന്നിവയൊക്കെ.   നമ്മുടെതന്നെ ചില സംസ്ഥാനങ്ങളുടേതായി കണക്കാക്കപ്പെടുന്നവയാണ്‌  രസ്ഗൊള, ജിലേബി, പൂരൺപോളി, പാവ്‌-ഭാജി, പെസറട്ടു, ബിസിബെളെ ഭാത്‌, പൊങ്കൽ, ഇഡ്ഡലി-ദോശ, പുട്ട്, ഇടിയപ്പം എന്നിങ്ങനെ.   ചിലവ ചില സമുദായങ്ങളെ അടയാളപ്പെടുത്തുന്നു: സാമ്പാർ, പുളിങ്കറി, പത്തിരി, പോർക്ക്, കാള, കാളൻ.   ചില വിഭവങ്ങൾ ചില പ്രസ്ഥാനങ്ങളുടേതായി മാറ്റിയിരിക്കുന്നു - കട്ടൻചായ-പരിപ്പുവട ഉദാഹരണം.   ചില വിഭവങ്ങൾ ചില സംസ്ക്കാരങ്ങളുടെ: ബിരിയാണി, വട-പാവ്‌, പീറ്റ്സ, കോള.   ഇപ്പോൾ മിനറൽ വാട്ടർ ഒരു പരിഷ്ക്കാരചിഹ്നവുമായി.   ആഹാരം ചില സമൂഹങ്ങളെ ബന്ധപ്പെടുത്തിയും പറയാറുണ്ട് - മീൻ, കപ്പ, കാപ്പി, പപ്പടം, രസം, പാനകം.   കാലാകാലം ഈ അതിർവരമ്പുകളെല്ലാം കുറെ തേഞ്ഞുമാഞ്ഞുപോയിട്ടുമുണ്ട്.

ചടങ്ങുകളും ആഘോഷങ്ങളുമായി ബന്ധപ്പെട്ടുള്ള - ജനനം, മരണം, വിവാഹം, ഓണം, റംസാൻ, ക്രിസ്മസ് - ഭക്ഷ്യവിഭവങ്ങളെക്കുറിച്ചെഴുതാൻ ഈ ഇടം പോര.   ചില കുടുംബങ്ങളിൽമാത്രം കുടുങ്ങിക്കിടക്കുന്ന ഭക്ഷണവിശേഷങ്ങളുമുണ്ട്.   അത്തരം പദാർഥങ്ങൾ പൊതുവായറിയപ്പെടുന്നില്ല, പൊതുസ്ഥലങ്ങളിൽ ലഭ്യമാകുന്നുമില്ല.    എന്റെ കുടുംബത്തിലും ബന്ധുക്കളുടെ ഇടയിലും മാത്രം പ്രചാരത്തിലുള്ള ചില വിഭവങ്ങളെപ്പറ്റി എനിക്കറിവുണ്ട്.

സംസ്ക്കാരത്തിന്റെയും സമ്പത്തിന്റെയുമെല്ലാം കൈമുദ്രകളും കാൽപ്പാടുകളും ഭക്ഷണത്തിൽമാത്രമല്ല ഭക്ഷണരീതിയിലും കണ്ടെത്താം.   ഒരുകാലത്ത് ജാതിക്കും ഉപജാതിക്കുംവരെ പ്രത്യേകം പ്രത്യേകം ഭക്ഷണക്രമങ്ങൾ വിധിച്ചിരുന്നുപോൽ നമ്മുടെ നാട്ടിൽ.   അതൊന്നുമില്ല, പാശ്ചാത്യരാജ്യങ്ങളിലെ അന്ധകാരക്കാലത്തെയും അടിമക്കച്ചവടക്കാലത്തെയും ആഹാരവ്യവസ്ഥകളെപ്പറ്റി വായിച്ചറിയുമ്പോൾ.

ഇനി വേറൊന്നുകൂടി:   ചിലർക്ക് ചില ഭക്ഷണവിഭവങ്ങൾ പഥ്യമാകുന്നു.   പോര, ചിലർക്ക് ഭ്രാന്താകുന്നു.   ഇനി ചിലർക്ക് ചിലവ വർജ്യമാകുന്നു.   ചിലർക്കു വിഷവും.

നോക്കൂ, എന്തെല്ലാം തലങ്ങളിലേക്കാണ്‌ നമ്മുടെ ഭക്ഷണവസ്തുക്കൾ പടർന്നു കയറിയിട്ടുള്ളത്!   വെറും ഷീത്-കൊഡിയിൽനിന്ന് എവിടംവരെയെത്തി നമ്മൾ!


ആഹാരക്കാര്യം, കൊതിപ്പിക്കുന്നതുപോലെ ചൊടിപ്പിക്കുകയും ചെയ്യും.   കടൽസംബന്ധമായ ജോലികൾക്കായി ഗുജറാത്തിലെ ദ്വാരകയിൽ നീണ്ടനാൾ ക്യാമ്പുചെയ്യേണ്ടിവന്നകാലം.   സ്വതേ ഏതു ഭക്ഷണവും കഴിക്കുന്ന കൂട്ടത്തിലാണു ഞാൻ.   എന്നാൽ  കടലിലായാലും കരയിലായാലും ആഴ്ച്ചക്കണക്കിന്‌ എന്നും പ്രാതൽ മുട്ടയും റൊട്ടിയുമായപ്പോൾ മടുത്തു.   അതു ഞാൻ പറഞ്ഞും പോയി.   എന്താ, ഇഡ്ഡ്ലി-ദോശ വേണോ’, എന്ന് പരിഹാസത്തോടെ കൂട്ടത്തിലുണ്ടായിരുന്ന ഒരു ഗോവൻസഹപ്രവർത്തകന്റെ ചോദ്യം.    അല്ല, പാവ്-ഭാജി’ - ഞാൻ അറിയാതെ പറഞ്ഞുപോയി.   ഇഷ്ടം കൊണ്ടാണ്‌.   പക്ഷെ അന്നൊക്കെ മുംബൈയിൽ, തങ്ങൾ മുംബൈക്കാരാണെന്നു നടിക്കുന്ന അത്തരം ഗോവക്കാർക്കുള്ള വിളിപ്പേരായിരുന്നു അത്.

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...