Wednesday 25 July 2018

All my ART WORK will appear in my OTHER blog...(See below)

All my art work will appear in my blog

https://linescoloursforms.blogspot.com/

chithraankaNam
(ചിത്രാങ്കണം)
 My Lines, My Colours, My Forms)

Sunday 15 July 2018

ഗോവക്കാരുടെ തവളച്ചാട്ടം

ഗോവ എന്ന കൊച്ചുപ്രദേശം പിടിച്ചെടുത്ത് അഞ്ഞൂറുവർഷം അടക്കിവാണു, പോർത്തുഗീസുകാർ‌.  വിട്ടുപോകുമ്പോൾ നല്ലതും കെട്ടതുമായി പലതും അവർ‌ ഇവിടെ ഇട്ടുപോവുകയും ചെയ്തു.

അതിമനോഹരമായ സൗധങ്ങളും ആശ്ചര്യപ്പെടുത്തുന്ന ആരാധനാലയങ്ങളും അതിവിരളമായ ആചാരങ്ങളും  അനുകരണീയമായ ഉപചാരങ്ങളും ആരുംകൊതിച്ചുപോകുന്ന ആഹാരങ്ങളും അത്യാകർഷകമായ സംഗീതസംസ്കൃതിയും അതുല്യമായ ചരിത്രരേഖകളും അതിവിശിഷ്ടമായ ആലേഖ്യങ്ങളും അവരുടെ സംഭാവനകളാണ്.   അവരുടെ മതാന്ധതയുടെ മാരകപ്രവൃത്തികളെ തത്കാലം നമുക്കു മാറ്റിവയ്ക്കാം.  പകരം രസകരമായൊരു ആഹ്ലാദോത്സവത്തെ അടുത്തറിയാം.

പോർത്തുഗീസുകാരുടെ ഇഷ്ടപക്ഷി കോഴി.   അക്കഥ ഇങ്ങനെ.  ഒരിക്കൽ ബാർസെലോസ് എന്നൊരു പറങ്കിപ്പട്ടണത്തിൽ വലിയൊരു വിരുന്നിനിടെ വിലപ്പെട്ട പാത്രങ്ങൾ കളവുപോയത്രേ.   നിരപരാധിയായൊരു വിരുന്നുകാരൻ സംശയിക്കപ്പെട്ടു.   കുറ്റവിചാരണയിൽ വധശിക്ഷയ്ക്കു വിധിയുമായി.  മനസ്സുനൊന്ത പ്രതി പ്രഖ്യാപിച്ചത്രേ, നിരപരാധിയായ തന്നെ തൂക്കിലേറ്റുമ്പോൾ വിധിപറഞ്ഞ ന്യായാധിപതിയുടെ ഊൺതളികയിലെ ചുട്ടകോഴി കൂവിപ്പറക്കുമെന്ന്.   പറഞ്ഞപോലെ നടന്നെന്നും കൊലക്കയറിലെ കുരുക്കു മുറുകാതെ അയാൾ അത്ഭുതകരമായി രക്ഷപ്പെട്ടെന്നും ഐതിഹ്യം.   പോർത്തുഗലിലും ഗോവയിലും ഭാഗ്യചിഹ്നമായി ഇന്നും അതിപ്രചാരത്തിലാണ് പൂവൻകോഴിയുടെ (Rooster of Barcelos) ചിത്രവും രൂപവുമെല്ലാം.

പൂവൻ‌കോഴി കഴിഞ്ഞാൽ ഗോവക്കാരുടെ മനസ്സിൽ മായാതെ കിടക്കുന്ന മറ്റൊരു മുദ്രയാണ് മാക്കാച്ചിത്തവള. 

തവളച്ചാട്ടത്തിന്റെ ഉത്സവമാണ് ‘സാവ് ജൊവാവ്‘ (‘Sao Joao‘) എന്ന ഗ്രീഷ്മോത്സവം.   ഉത്തരായനാന്തം, കർക്കടകസംക്രാന്തി ദിവസമാണ് (ജൂൺ 24) പ്രധാനമായും  വടക്കൻഗോവയിൽ ഈ ആഘോഷം അരങ്ങേറുന്നത്.   കോരിച്ചൊരിയുന്ന മഴയിൽ നാട്ടിൻപുറത്തെ കിണറുകളായ കിണറുകളിലെല്ലാം  ചാടിയിറങ്ങി മുങ്ങിപ്പൊങ്ങുന്നു ചെറുപ്പം പിള്ളേർ.   തലയിൽ പൂക്കളും പഴങ്ങളും ഇലകളും വള്ളികളുംകൊണ്ടുള്ള കിരീടമണിഞ്ഞ് നൂറുകണക്കിനു കാണികൾ.   പ്രാർഥനയും പാട്ടും നൃത്തവും കുടിയും തീറ്റയും തിമിർക്കും.   അടുത്തകാലത്തായി, അലങ്കരിച്ച വഞ്ചികളും ആറ്റിലിറക്കി അർമാദിക്കും.

ഈ ഉത്സവത്തിന്റെ മൂലം പോർത്തുഗീസുകാരുടെ ‘സാവ് ജൊവാവ്‘.   യേശുവിന്റെ തിരുപ്പിറവിക്ക് കൃത്യം ആറുമാസംമുന്നേ ജനിച്ച യോഹന്നാന്റെ (St. John the Baptist) ജന്മദിനാഘോഷമാണത്.   എലിസബത്ത് യോഹന്നാനെ ഗർഭംധരിച്ചിരിക്കുമ്പോൾ, ഗർഭസ്ഥനായ ക്രിസ്തുവിനെയുംകൊണ്ട് അമ്മമറിയം അവരെ ചെന്നു കണ്ടുവത്രേ.   ആ സമയം യോഹന്നാൻ വയറ്റിൽ‌കിടന്നു ചാടിക്കളിച്ചുപോലും.   ആ സന്തോഷം പങ്കുവയ്ക്കാനാണത്രേ ഗോവയിൽ കിണറ്റിലേക്കുള്ള തവളച്ചാട്ടം!   ലോകത്ത് വേറൊരിടത്തുമില്ലത്രേ  ഇതുപോലത്തെ കിണറ്റിൽ ചാടിയും സുന്ദരമായ ‘കൊപ്പേൽ‘ (Kopel) എന്ന പുഷ്പകിരീടമണിഞ്ഞുമുള്ള ‘സാവ് ജൊവാവ്‘ ഉത്സവം.

ഒരു നല്ല കാലവർഷത്തിനുള്ള പ്രാർഥനയായിക്കൂടി ‘സാവ് ജൊവാവ്‘ എന്ന തവളച്ചാട്ടാഘോഷം പരാമർശിക്കപ്പെടുന്നു.   ഒരുപാട് അപകടങ്ങളെത്തുടർന്ന് ഈ ആഘോഷത്തിന് ചില നിയന്ത്രണങ്ങളെല്ലാം കൊണ്ടുവന്നിട്ടുണ്ടു ഗോവയിൽ.

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...