Monday 28 December 2015

കേരളം തളരുന്നു

പണ്ടു ഞാന്‍ പറായാറുണ്ടായിരുന്നു, മുംബൈ നാടു ചീത്തയെന്ന്; പക്ഷെ നാട്ടുകാര്‍ നല്ലതെന്ന്. ദില്ലി നാടു നല്ലതെന്ന്; പക്ഷെ നാട്ടുകാര്‍ ചീത്തയെന്ന്. കേരളത്തിലോ നാടും നാട്ടുകാരും നല്ലതെന്ന്. ഇന്നു ഞാന്‍ തിരുത്തിപ്പറയുന്നു, കേരളനാടും നാട്ടാരും ചീത്തയായിപ്പോയെന്ന്.

ജാതിമതക്കാരും രാഷ്ട്രീയക്കാരും കച്ചവടക്കാരുമാണ്‌ ഈ സ്ഥിതിവിശേഷത്തിനു പിന്നില്‍. ഒറ്റയ്ക്കൊറ്റയ്ക്കല്ല, കയ്യുംകോര്‍ത്തു കൂട്ടായിത്തന്നെ.

എന്തായിരുന്നു ഒരുകാലത്ത്‌ ഈ നാട്‌? അതെന്താക്കിവളര്‍ത്തി ശ്രീശങ്കരനും ശ്രീനാരായണനുമെല്ലാംകൂടി! അതു വീണ്ടും എന്താക്കിത്തളര്‍ത്തി ഇന്നത്തെ മതഭ്രാന്തന്‍മാരും രാഷ്ട്രീയഭൂതങ്ങളും കച്ചവടക്കള്ളന്‍മാരുമെല്ലാംകൂടി!

ഒരുകൂട്ടര്‍ക്കു പെണ്ണു പ്രധാനം. മറ്റൊരുകൂട്ടര്‍ക്കു മണ്ണു പ്രധാനം. വേറൊരുകൂട്ടര്‍ക്കു പൊന്നു പ്രധാനം. ആരാധനാലയങ്ങള്‍ ആയുധപ്പുരകളായി. ആഘോഷങ്ങള്‍ അശ്ളീലമായി. അധ്യയനകേന്ദ്രങ്ങള്‍ അധോലോകമായി. ആസ്പത്രികള്‍ അറവുശാലകളായി. പൊതുസ്ഥലങ്ങള്‍ ചവറുകൂനകളായി. കര, കടല്‍, കാറ്റ്‌, മരം, മല, പുഴ - ഒന്നും ബാക്കിവച്ചിട്ടില്ല കേരളീയര്‍ കയ്യിട്ടുകലക്കാതെ. 'മനുഷ്യന്‍ മണ്ണാണെ'ന്നു തെളിയിക്കാനാകും ഇക്കണ്ട കലാപരിപാടികളെല്ലാം.

പക്ഷെ എന്നെ ഏറ്റവുമധികം സങ്കടപ്പെടുത്തുന്നതു കേരളത്തില്‍ മനുഷ്യത്വം മരിച്ചുപോയതാണ്‌. ഒരിക്കല്‍ എറണാകുളത്തെ വളഞ്ഞമ്പലം മുക്കില്‍ അതിരാവിലെ ഒരു വിദേശിപ്പെണ്ണും പുരുഷനും മുറുക്കാന്‍കടയിലെ നിരന്നു തൂങ്ങുന്ന പഴക്കുലകള്‍നോക്കി രസിക്കുന്നു. കടതുറന്നു വിളക്കുകൊളുത്തിക്കൊണ്ടിരുന്ന കാരണവര്‍ അതു കാണുന്നു. എന്നെ കണ്ടതും അവര്‍ക്കുവേണ്ടതെന്തെന്നു ചോദിച്ചറിയാന്‍ എന്നോടു പറയുന്നു. അവള്‍ക്കുവേണ്ടത്‌ ഒരേയൊരു പഴം. കാരണവര്‍ ഒരു പടല പഴം ഉരിഞ്ഞു നീട്ടുന്നു. 'ഒരേയൊരു പഴം മതി, എത്രയായി' എന്ന ചോദ്യത്തിനു കാരണവരുടെ മറുപടി: "തിന്നോട്ടേ, തിന്നോട്ടെ. കാണാത്തതല്ലേ, കാശൊന്നും വേണ്ട!" ഇതായിരുന്നു കേരളം, ഒരു വ്യാഴവട്ടം മുന്‍പുവരെ.

ഇന്നോ, പുറംനാട്ടുകാരെ വണ്ടിക്കാളകളെപ്പോലെ പണിയെടുപ്പിച്ചുരസിക്കുന്നു. മനുഷ്യന്‍ മനുഷ്യനെ വണ്ടികേറ്റിക്കൊല്ലുന്നു. അമ്മയച്ഛന്‍മാര്‍ മക്കളെ തച്ചുടയ്ക്കുന്നു. ആണ്‌ പെണ്ണിനെ ചപ്പിയെറിയുന്നു. പെണ്ണുങ്ങള്‍ ആണുങ്ങളെ ബലിയാടാക്കുന്നു. മക്കള്‍ മാതാപിതാക്കളെ വഴിയോരത്തെറിയുന്നു.

'സെല്‍ഫിഷ്‌നസ്സ്‌', 'സെല്‍ഫി'യായി പുനരവതരിച്ചിരിക്കുന്നു.

ബിവെറേജസ്സിനു മുന്‍പില്‍ മാന്യമഹാജനങ്ങളെ ക്യൂനില്‍പ്പിക്കുന്ന സര്‍ക്കാര്‍ സര്‍ക്കാരോ? വരിനില്‍ക്കുന്നവര്‍ മാന്യമഹാജനങ്ങളോ? രാഷ്ട്രീയക്കാരും കച്ചവടക്കാരുംകൂടി ഒന്നുരണ്ടു തലമുറകളുടെ വരിയുടച്ചുകഴിഞ്ഞു. സ്വര്‍ണാഭരണംകൊണ്ടും കല്യാണപ്പട്ടുകൊണ്ടും പെണ്ണുങ്ങളുടെ മയ്യത്തൊരുക്കിക്കഴിഞ്ഞു. കല്യാണച്ചെലവ്‌ എന്നൊരു കാണാക്കയത്തില്‍ കുടുംബങ്ങളെ കുഴിച്ചുമൂടിക്കഴിഞ്ഞു. വീടുപണി തുടങ്ങുന്നതോടെ ജീവിതം കുഴിതോണ്ടിക്കഴിഞ്ഞു. 'സീരിയല്‍'-മുഖങ്ങളുമായി അമ്മമാരും പെങ്ങന്‍മാരും ഭാര്യമാരും കാമുകിമാരും കാമിനിമാരും ഗതികിട്ടാതലയുന്നു.

എന്തിനും പൊങ്ങച്ചം. എന്തിലും വളിപ്പും അശ്ളീലവും. പതറുന്ന കാലുകള്‍. പിരിയുന്ന ബന്ധങ്ങള്‍. ചിതറുന്ന കുടുംബങ്ങള്‍. വിദ്യയും അഭ്യാസവുമില്ലാത്ത വിദ്യാഭ്യാസം, രോഗാതുരതയും കടക്കെണിയും തിരുശേഷിപ്പാക്കുന്ന ആതുരാലയങ്ങള്‍, അനാഥവും അനാശാസ്യവുമായ അനാഥാലയങ്ങള്‍. പകല്‍കൊള്ളയ്ക്കുള്ള ഗോള്‍ഡ്‌ സൂക്ക്‌, വലിയവലിയ നേരമ്പോക്കിനു ഗോള്‍ഫ്‌ കോഴ്സ്‌, ആര്‍ക്കും പ്രയോജനപ്പെടാത്ത അതിവേഗപ്പാത, ആഡംബരക്കാര്‍ക്കായി അതിവേഗ ട്രെയിന്‍, കള്ളക്കടത്തിനു ജില്ലതോറും വിമാനത്താവളം, കപ്പലടുക്കാത്ത തുറമുഖങ്ങള്‍, കരാറുകാര്‍ക്കും കള്ളക്കളിക്കാര്‍ക്കും സ്റ്റേഡിയം, റോപ്പ്‌ വേ, , മോണോ റെയില്‍, സിസി-ടിവി, ഡ്റോണ്‍,.... കേരളം വളരുന്നു!

ഇതെല്ലാംകഴിഞ്ഞ്‌ തൊഴിലില്ലാപ്പട ചൊറിഞ്ഞുംകൊണ്ടല്ലേ ഇവിടെയെല്ലാം ഇഴഞ്ഞുനടക്കാന്‍ പോകുന്നത്‌?

ലോകത്തെന്തുകണ്ടാലും ആര്‍ത്തി, അതുടനെ വേണമെന്ന അത്യാര്‍ത്തി. കുഞ്ചന്‍ പാടിയതു വെറുതെയല്ല, "അരിമണിയൊന്നു കൊറിക്കാനില്ല, തരിവളയിട്ടു കിലുക്കാന്‍ മോഹം", എന്ന്. 'കൈരളി'യോ മുങ്ങി; ഇനിയിപ്പോള്‍ 'കേരള എയര്‍ലൈന്‍സ്‌'! "കുണ്ടിലിരിക്കും തവളക്കുഞ്ഞിനു ചിറകുവിരിച്ചു പറക്കാന്‍ മോഹം!".....

മന:പൂര്‍വം കാലഹരണപ്പെടുത്തിയ പ്രത്യയശാസ്ത്രങ്ങള്‍ പുത്തന്‍കൂറ്റുകാരുടെ പ്രമാണമായി. നാടെന്ന ചിന്ത ഞാനെന്ന വട്ടത്തിലൊതുങ്ങി. ആദര്‍ശം ആര്‍ത്തിക്ക്‌ അടിമയായി. അഹംബോധം അഹംഭാവമായി, അഹങ്കാരമായി. കച്ചവടം കപടമായി. കാശുള്ളവര്‍ കാര്യക്കാരായി.

പിന്നെക്കുറെ ബുദ്ധിജീവികളും സംസ്ക്കാരനായകന്‍മാരും കലാകാരന്‍മാരും സിനിമാനക്ഷത്രങ്ങളും കാല്‍ദൈവങ്ങളും അരദൈവങ്ങളും മുക്കാല്‍ദൈവങ്ങളും മുഴുവട്ടന്‍മാരും, ആണ്‍ദൈവങ്ങളും പെണ്‍ദൈവങ്ങളും അച്ഛന്‍ദൈവങ്ങളും അമ്മദൈവങ്ങളും ആള്‍ദൈവങ്ങളും.

പൊള്ളപ്പത്രങ്ങല്‍, തൊള്ളട്ടീവികള്‍ - അവര്‍ക്കുംവേണ്ടേ അയവിറക്കാന്‍ പുല്ലും വൈക്കോലും? കള്ളഷോപ്പുകള്‍, കള്ളുഷോപ്പുകള്‍, ഹോട്ടലുകള്‍ അവയ്ക്കുംവേണ്ടേ വരവും ചെലവും?

അസുരവണ്ടികള്‍, നരകനഗരങ്ങള്‍, മരണറോഡുകള്‍ - അവ പോട്ടെ. നാട്ടിന്‍പുറങ്ങളോ? - കള്ളം, കളവ്‌, പൊളിവചനം, കള്ളപ്പറ... ഇതെന്തുപറ്റി കേരളത്തിന്‌?

കേരളത്തില്‍ അവനവനുവേണ്ടിയല്ല വീടുവയ്ക്കുന്നത്‌, മറ്റുള്ളവര്‍ കാണാനാണ്‌. അവനവനുവേണ്ടിയല്ല കല്യാണം കഴിക്കുന്നത്‌, അവനവനുവേണ്ടിയല്ല അഹാരം കഴിക്കുന്നത്‌, അവനവനുവേണ്ടിയല്ല കള്ളുകുടിച്ചു കൂത്താടുന്നത്‌. പെണ്ണിണ്റ്റെ മതവും മണ്ണിണ്റ്റെ മതവും പൊന്നിണ്റ്റെ മതവും അവനെ നിഷ്ക്രിയനാക്കിയിരിക്കുന്നു.

മലയാളികള്‍ പുറംനാടുകളില്‍ പണിയെടുക്കുന്നതു കണ്ടുനോക്കൂ - അതികഠിനമായും ആത്മാര്‍ഥമായും ആദരണീയമായും. പട്ടിണിയും പരിവട്ടവുമാണെങ്കില്‍പോലും സ്വസ്ഥമായും സന്തോഷമായും സാര്‍ഥകമായും ജീവിതം നയിക്കുന്നു. അസൂയാവഹമായ കഴിവുകളാണ്‌ അവര്‍ കാഴ്ചവയ്ക്കുന്നത്‌. അതുമൂലം അസുലഭമായ അഭിനന്ദനങ്ങളും അന്യാദൃശമായ ആദരവും പിടിച്ചുപറ്റുന്നു.

കേരളത്തിണ്റ്റെ ഈ തളര്‍ച്ച പണിയെടുത്തിട്ടല്ല, പഷ്ണികിടന്നിട്ടല്ല, ശാരീരികാസ്വാസ്ഥ്യംമൂലവുമല്ല. ഇത്‌ മയക്കമാണ്‌. ഒരുജാതി ഞരമ്പുരോഗമാണത്‌. അതിസ്ഥൂലതയുടെ മന്തതയാണത്‌. കള്ളും കഞ്ചാവും ജാതിയും മതവും പീറരാഷ്ട്രീയവും നാറസാഹിത്യവും പച്ചപ്പണവും പുളിച്ചവാക്കും, വെള്ളയായി കറുപ്പായി പച്ചയായി മഞ്ഞയായി ചെമപ്പായി കാവിയായി പുറത്തേക്കൊഴുകുന്നു. നാറുന്നു.  മറഞ്ഞിരുന്ന, മറന്നിരുന്ന, മാഞ്ഞിരുന്ന മേനോനും നായരും പിള്ളയും ചോവനും ഈഴവനും നമ്പൂതിരിയും പട്ടരും പുലയനും പറയനും മേത്തനും മാപ്ളയും നസ്രാണിയും എല്ലാം വീണ്ടും വെളിക്കിറങ്ങിത്തുടങ്ങിയതിണ്റ്റെ നാറ്റം!

Sunday 20 December 2015

പുലി വരുന്നേ, പുലി!


 പുലി വരുന്നേ, പുലി! വെറുതെ വന്നു പോകില്ല! കൊന്നാലും പോര, തിന്നിട്ടേ പോകൂ.

പാശ്ചാത്യരുടെ കാര്യമാണ്‌. ചരിത്രം പഠിപ്പിച്ചെതെല്ലാം നമ്മള്‍ വിസ്മരിച്ചു. സായിപ്പിനെ കണ്ടാല്‍ കവാത്തു മറക്കുമെന്നു പറയുന്നതു വെറുതെയല്ല.

ഭൂലോകതാപനവും കാലാവസ്ഥാമാറ്റവും സമുദ്രനിരപ്പുയര്‍ച്ചയും ആണു വിഷയം. അതൊന്നേയുള്ളൂ ലോകത്തിപ്പോള്‍. ഇടയ്ക്കിടെ തീവ്രവാദവും കടന്നു വരും. തീവ്രവാദംപോലും കാലാവസ്ഥാമാറ്റത്തിണ്റ്റെ സന്തതിയാണെന്നാണു കണ്ടുപിടിത്തം. വെള്ളക്കാരാണു പറഞ്ഞത്‌; ശരിയായിരിക്കുമല്ലേ!

മൂന്നാംലോകത്തിനാണ്‌ എല്ലാ ശാപവും വന്നു ഭവിക്കുന്നതു പോലും. ലോകം ചൂടുപിടിച്ചാലും കാലാവസ്ഥ മാറിയാലും കടല്‍ കയറിയാലും ദരിദ്രരാജ്യങ്ങള്‍തന്നെ കാര്യവും കാരണവും കര്‍ത്താവും കര്‍മവും ക്രിയയും എല്ലാം. അതു തടയാനോ താങ്ങാനോ ഉള്ള കഴിവുമില്ല കാശുമില്ല കപ്പാസിറ്റിയുമില്ല നമ്മള്‍ ദരിദ്രവാസികള്‍ക്ക്‌. എന്തു കഷ്ടം അല്ലേ. ധനികരാഷ്ട്രങ്ങള്‍ പറഞ്ഞും പഠിപ്പിച്ചും സഹായിച്ചും സമാധാനിപ്പിച്ചും മടുത്തത്രേ - ഇതൊക്കെ ആയി, ഇത്രയൊക്കെ ചെയ്തു. ഇനി 'നിങ്ങ'ളായി, 'നിങ്ങ'ളുടെ പാടായി. 'ഞങ്ങ'ളിതാ കൈകഴുകുന്നു!

പിന്നല്ലാതെ?

ദരിദ്രരാഷ്ട്രങ്ങളിലെ നമ്മള്‍ തിന്നരുത്‌. നമ്മള്‍ തൂറരുത്‌. ഒന്നു വൃത്തിയായി കീഴ്ശ്വാസം പോലുമരുത്‌. നാം മാത്രമല്ല, നമ്മുടെ കന്നുകാലികളും. നെല്‍പ്പാടങ്ങളാണത്രേ ലോകത്തെ നശിപ്പിക്കുന്ന ഇക്കണ്ട മീഥേന്‍-വാതകമെല്ലാം ഉണ്ടാക്കുന്നത്‌. നമ്മുടെ വിറകു കത്തിച്ചുള്ള ചോറുവയ്പ്പും അമിതമായ തീറ്റയും ദഹനക്കേടുമാണത്രേ ദുഷ്ടവാതകങ്ങളുടെ മുഖ്യ ഉറവിടം! വിറകില്ലെങ്കില്‍ കല്‍ക്കരി കത്തിക്കുന്നു. തുറന്ന ചൂളയില്‍ ഇക്കണ്ട ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും അവര്‍ക്കു പണിയില്ലാതെയുണ്ടായ എണ്ണമറ്റ സന്തതികള്‍ക്കും കരിച്ചും പൊരിച്ചും ആഹാരമുണ്ടാക്കുമ്പോള്‍ നശിക്കുന്നത്‌ പാശ്ചാത്യര്‍ പൊന്നുപോലെ കാക്കുന്ന വായുവും വെള്ളവും ഭൂമിയും ആകാശവും എല്ലാമാണത്രേ!

ഈയാഴ്ച്ച വാര്‍ത്ത കണ്ടു, വര്‍ദ്ധിച്ചുവരുന്ന സസ്യാഹാരപ്രിയവും ആഗോളതാപനത്തിനു കാരണമാകുമത്രേ.

എഴുപതുകളിലാണെന്നു തോന്നുന്നു, ആയിരമായിരം സഞ്ചാരികളെയുംകൊണ്ട്‌ ക്വീന്‍ എലിസബെത്ത്‌ എന്ന പടുകൂറ്റന്‍ യാത്രക്കപ്പല്‍ കൊച്ചി തുറമുഖത്തടുത്തപ്പോള്‍ വേമ്പനാട്ടു കായലില്‍ വെള്ളം പൊങ്ങിയതായി ദൃക്സാക്ഷികള്‍ വരെ ഉണ്ടായിരുന്നു. അജ്ഞത അറിവായി അനുഭവപ്പെടുന്നത്‌ ഇത്തരം അസുലഭസന്ദര്‍ഭങ്ങളിലാണ്‌.

ഇതാണ്‌ ഇക്കാലത്തെ പുത്തന്‍മതം. ബാക്കിയെന്തിനെയും എതിര്‍ക്കാം, ആഗോളതാപനത്തിനെതിരായി ഒരൊറ്റക്ഷരം ഉരിയാടിപ്പോകരുത്‌. ഇതാ ഇപ്പോള്‍ മറ്റു പലരോടൊപ്പം ഒരാള്‍ തുറന്നടിച്ചിരിക്കുന്നു, ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും കടല്‍നിരപ്പുയര്‍ച്ചയുമെല്ലാം വെറും ഭോഷ്ക്കാണെന്ന്‌; ഗൌരവതരമായ രാഷ്ട്രീയവും സാമ്പത്തികവുമായ പ്രശ്നങ്ങളില്‍നിന്ന്‌ പൊതുശ്രദ്ധ തിരിച്ചുവിടാന്‍ അമേരിക്ക തുടങ്ങിയ പരിഷ്കൃതരാഷ്ട്രങ്ങളുടെ കള്ളക്കളിയാണെന്ന്‌. വെറുമൊരാളല്ല, ഒരു നൊബേല്‍-സമ്മാന ജേതാവു തന്നെ!

കഴിഞ്ഞ നൂറിലധികംവര്‍ഷത്തെ കണക്കാണ്‌ ഐവാര്‍ ഗീവര്‍ എന്ന ഈ ഫിസിക്സുകാരന്‍ പുന:പരിശോധിക്കുന്നത്‌. ഒട്ടും പ്രാധാന്യമര്‍ഹിക്കാത്ത വെറും ൦.൮ ഡിഗ്രിയാണത്രേ താപമാനത്തില്‍ കഴിഞ്ഞ നൂറുവര്‍ഷങ്ങളില്‍ ആകപ്പാടെ വന്നിരിക്കുന്ന വ്യതിയാനം. ഭൂമിയുടെ ചരിത്രത്തില്‍ ഇതിലും എത്രയോ വലിയ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. പിന്നെ ഈ താപവ്യതിയാനം കണക്കുകൂട്ടിയിരിക്കുന്നതുതന്നെ അങ്ങിങ്ങായി രേഖപ്പെടുത്തിയിട്ടുള്ള കൊച്ചുകൊച്ചു താപനിലകളില്‍നിന്നാണ്‌. ഭൂലോകസ്കെയിലില്‍ സമീപിക്കേണ്ട ഒരു ഭൌതികശാസ്ത്രപരീക്ഷണത്തിനു യോജിക്കുന്ന രീതിശാസ്ത്രമല്ലിത്‌. ഭൂമിക്കാകമാനം വര്‍ഷാവര്‍ഷമുള്ള ശരാശരി താപനില ദശാംശക്കണക്കില്‍ അളന്നെടുക്കാന്‍ ഇന്നത്തെ സാങ്കേതികസൌകര്യങ്ങള്‍കൊണ്ടുകൂടി സാധ്യമല്ല. എന്നിട്ടല്ലേ നൂറുവര്‍ഷത്തെ പഴംകണക്കുകളുടെ വിശ്വസനീയത.

ഇതിണ്റ്റെയെല്ലാം വഴിക്കുവഴിക്കണക്കുകള്‍ വിസ്തരിച്ചു കാണിക്കുന്നുണ്ട്‌ അദ്ദേഹം.

താപവ്യതിയാനം അത്രയ്ക്കൊന്നും കാര്യമായില്ലെന്നിരിക്കെ, ഉണ്ടെന്നു പറയുന്നതുതന്നെ അശാസ്ത്രീയമാണെന്നിരിക്കെ, അതോടൊന്നിച്ചുണ്ടാകുന്നെന്നു പറയുന്ന കാലാവസ്ഥാമാറ്റവും സംശയത്തോടെ പരിശോധിക്കേണ്ടിയിരിക്കുന്നു. കാലാവസ്ഥ എക്കാലത്തും മാറിക്കൊണ്ടിരുന്നിട്ടേയുള്ളൂ. ഭൂലോകം ചൂടാകലും തണുക്കലുമെല്ലാം പ്രകൃതിയുടെ പാരമ്പര്യമാണ്‌. ലോകാരംഭം മുതല്‍ കേറ്റിറക്കങ്ങളുണ്ട്‌. പ്രകൃതിയുടെ പ്രകൃതമാണത്‌. മാറ്റങ്ങളെ ഉള്‍ക്കൊണ്ട്‌ അവയെ രാകിമിനുക്കി വീണ്ടും സന്തുലിതാവസ്ഥയിലെത്തുന്നു നമ്മുടെ ജീവന്‍മണ്ഡലം. പ്രപഞ്ചശക്തികളെ വെറുതെയങ്ങു വിട്ടാല്‍ മതി; അവ സ്വയം പുന:സ്ഥാപിച്ചുകൊള്ളും. കഴിഞ്ഞ പത്തൊന്‍പതു വര്‍ഷങ്ങളായി (ഇത്‌ 2015) ഭൂലോകത്തിണ്റ്റെ അന്തരീക്ഷാവസ്ഥ കാര്യമായി മാറിയിട്ടേയില്ല. ശരിക്കുപറഞ്ഞാല്‍ കുറെക്കാലമായി ലോകത്തെ പലയിടങ്ങളും അല്‍പാല്‍പം തണുത്തുകൊണ്ടിരിക്കുകകൂടിയാണത്രേ. ആഗോളതലത്തില്‍ കാലാവസ്ഥാവ്യതിയാനം നന്നാകാനും ചീത്തയാകാനുമുള്ള ചാന്‍സ്‌ തികച്ചും പപ്പാതിയാണ്‌.

അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡയോക്സൈഡിണ്റ്റെയും മറ്റും തോതു കൂടുമ്പോഴാണല്ലോ ഹരിതഗൃഹപ്രഭാവം എന്നുവിളിക്കുന്ന അന്തരീക്ഷതാപനപ്രക്രിയ ഉടലെടുക്കുന്നതെന്നു പറയപ്പെടുന്നത്‌. ഇനി ഹരിതഗൃഹപ്രഭാവം മൂലം ചൂടുകൂടുന്നു എന്നുതന്നെ വയ്ക്കുക. അതു നല്ലതല്ലെന്നുണ്ടോ? ചൂടുകൂടുമ്പോള്‍ ഒട്ടുമിക്ക ജീവ-രാസപ്രക്രിയകളും ത്വരിതപ്പെടും എന്നത്‌ ഏതു ശാസ്ത്രവിദ്യാര്‍ഥിക്കുമറിയാം. കൂടെ അതിനുസഹായകമായി കൂടുതല്‍ കാര്‍ബണ്‍ഡയോക്സൈഡുകൂടിയാകുമ്പോള്‍ സസ്യങ്ങളുടെ വളര്‍ച്ചക്കാവശ്യമായ പ്രഭാകലനം - ഫോട്ടോ സിന്തെസിസ്‌ - കാര്യക്ഷമമായി നടക്കുന്നു. ഫലമോ കൂടുതല്‍ വളര്‍ച്ചയും വലിപ്പവും പച്ചപ്പും സസ്യങ്ങള്‍ക്ക്‌! ഇതു ഭൂമിയെ കൂടുതല്‍ സസ്യശ്യാമളശീതളകോമളസുരഭിലസുന്ദരമാക്കുന്നു!

തൊണ്ണൂറുകളില്‍ അറ്റ്ലാണ്റ്റിക്കിനുമീതെ ഒരു നീണ്ട പറക്കലിനിടെയാണ്‌ ഏതോ ഇംഗ്ളീഷ്പത്രത്തില്‍ കാലാവസ്ഥാവ്യതിയാനത്തിനെതിരായ വാദമുഖങ്ങളുടെ റിപ്പോര്‍ട്ടു ഞാനാദ്യം വായിച്ചത്‌. ഇടത്താവളത്തിലിറങ്ങിയ ഒരു സഹയാത്രികന്‍ അതു കൈക്കലാക്കിയതുകാരണം എനിക്കതു പിന്നെ കിട്ടിയില്ല. രത്നച്ചുരുക്കമിതാണ്‌: ഒരൊറ്റ അഗ്നിപര്‍വത സ്ഫോടനംകൊണ്ട്‌ അന്തരീക്ഷത്തില്‍ പരക്കുന്ന പൊടിപടലം മതി, കുറേക്കാലം സൂര്യപ്രകാശത്തിനു മങ്ങലേല്‍ക്കാനും തന്നിമിത്തം കഴിഞ്ഞ പത്തുവര്‍ഷംകൊണ്ടുണ്ടായിരിക്കാവുന്ന ആഗോളതാപനം പിന്നോട്ടടിക്കാനും.

ഇനിയങ്ങു കടല്‍നിരപ്പുയരുന്നത്‌. കഴിഞ്ഞ നൂറുവര്‍ഷങ്ങള്‍ക്കിടയില്‍ സമുദ്രവിതാനത്തിണ്റ്റെ ഉയര്‍ച്ച സുമാര്‍ ഇരുപതു സെണ്റ്റിമീറ്റര്‍ ആണെന്നാണു കണക്ക്‌. അന്തരീക്ഷത്തിണ്റ്റെ ചൂടുപോലെ കടലിണ്റ്റെ പ്രതലവും എക്കാലവും ഉയര്‍ന്നും താഴ്‌ന്നുംകൊണ്ടേയിരുന്നിട്ടുള്ളൂ. അതും ഇതിലും വലിയ ഉയര്‍ച്ചത്താഴ്ച്ചകള്‍! കടല്‍നിരപ്പുയരണ്ട, കര താഴ്ന്നാലും കടല്‍പൊങ്ങും. അതിണ്റ്റെ കണക്ക്‌ ഇത്തിരി കട്ടിയായതിനാല്‍ താപനവിദഗ്ദ്ധന്‍മാര്‍ അതിനെപ്പറ്റി കാര്യമായൊന്നും മിണ്ടുക പതിവില്ല.

ലോകതാപനവും അന്തരീക്ഷമാറ്റവും കടലുയര്‍ച്ചയുമെല്ലാം ഒരു കമ്മതിക്കണക്ക്‌. ഉവ്വ്‌, നമുക്കു ചുറ്റും പല മാറ്റങ്ങളുമുണ്ടായിട്ടുണ്ട്‌, ഉണ്ടാകുന്നുമുണ്ട്‌. കാരണങ്ങളുമുണ്ട്‌. ആഗോളതാപനമല്ലെന്നുമാത്രം. എല്ലാം പ്രാദേശികം. മരം വെട്ടുന്നു, വെള്ളമൂറ്റുന്നു, മണ്ണുകോരുന്നു, പുകച്ചുകൂട്ടുന്നു - അതിനെല്ലാം തിരിച്ചടി പ്രകൃതി ഉടനടി, അടിക്കടി തരുന്നുമുണ്ടല്ലോ. അതു വീണ്ടുമൊരു സന്തുലിതാവഥ സൃഷ്ടിക്കാനാണ്‌. പ്രകൃതിക്കു നമ്മോടു പ്രത്യേക വിരോധമൊന്നുമില്ല. അതറിഞ്ഞു നാമും പ്രവര്‍ത്തിക്കണമെന്നു മാത്രം.

പാശ്ചാത്യരുടെ പുലി നമ്മുടെ എലിയാവാം.

പാശ്ചാത്യ നാടുകളില്‍ ഒരു ദിവസം തങ്ങിയാല്‍പോലും മനസ്സിലാകും അവര്‍ എന്തുമാത്രം തിന്നും കുടിച്ചും എത്രമാത്രം നശിപ്പിക്കുന്നത്‌, പരിസരത്തെ മലീമസമാക്കുന്നത്‌, വണ്ടികളില്‍ ചപ്പും ചവറും നിറയ്ക്കുന്നത്‌, അതിനെല്ലാം പുറമെ അളവുവിട്ടു സുഖിക്കുന്നത്‌ എന്ന്‌, എന്ന്‌, എന്ന്‌, എന്ന്‌. നമ്മുടെ പുലിയോ അവര്‍ക്കു വെറും എലി. അവരുടെ ആര്‍ത്തിക്ക്‌ നമ്മള്‍ ഇരയാകണം പോല്‍. 'കാര്‍ബണ്‍ ക്രെഡിറ്റ്‌' എന്നൊരു കൂലിച്ചീട്ടുണ്ടാക്കി മാരകവസ്തുക്കള്‍ പാവപ്പെട്ട രാജ്യങ്ങളിലുത്പാദിപ്പിക്കാനൊരു പദ്ധതിയുമുണ്ട്‌ പാശ്ചാത്യരുടെ പക്കല്‍. ഐശ്വര്യവതികളായ സിനിമാതാരങ്ങള്‍ അശ്ളീലസീനുകള്‍ അഭിനയിക്കാന്‍ പാവംപിടിച്ച പെണ്ണുങ്ങളെ പ്രോക്സിയായി ഡബിളാക്കുന്ന ഒരേര്‍പ്പാടിനെപ്പറ്റി കേട്ടിട്ടുണ്ട്‌. ഒരുപക്ഷെ പണ്ടായിരിക്കും!

എണ്റ്റെ ഒരു സുഹൃത്തിണ്റ്റേതാണ്‌ ഐഡിയ: 'ആഗോള താപനവും കാലാവസ്ഥാവ്യതിയാനവും' എന്നെല്ലാം എഴുന്നള്ളിച്ചുവരുന്ന പാശ്ചാത്യരോട്‌, അവര്‍ അവരുടെ തുണികള്‍ വൈദ്യുതമെഷീനുപയോഗിച്ചുണക്കാതെ, നമ്മള്‍ ചെയ്യുന്നതുപോലെ വെറും വെയിലത്തിട്ടങ്ങുണക്കാന്‍മാത്രം പറയുക. മതി, അവരുടെ കള്ളി പൊളിയും, വായടയും.

ഇങ്ങനെയൊന്നും വാതുറന്നു പറഞ്ഞുപോകരുത്‌. പഴഞ്ചനാകും. പിന്‍തിരിപ്പനാകും. പരിസരവിരോധിയാകും. ആഗോളതാപനത്തെയും അന്തരീക്ഷവ്യതിയാനത്തെയും സമുദ്രവിതാനവൃദ്ധിയെയും ബന്ധിപ്പിക്കാതെയും ശരിവയ്ക്കാതെയുമുള്ള ഒരു ശാസ്ത്രപ്രശ്നത്തിനും പഠനപദ്ധതിക്കും ഫണ്ടുലഭിക്കില്ല എന്നതരത്തില്‍ എത്തിനില്‍ക്കുന്നു ഇന്ത്യന്‍ഭൌമികശാസ്ത്രമണ്ഡലം പോലും.

പാരീസില്‍ നടന്നതു മറ്റൊരു പ്രഹസനം. പുപ്പുലിയല്ലേ പടിപ്പുരയില്‍! പുലിക്കാരു മണികെട്ടാന്‍?

Sunday 13 December 2015

ബഹുമാനപ്പെട്ട ബ്രൂട്ടസ്‌

 (ഹോ)ണര്‍ എന്നാല്‍ അന്തസ്സ്‌, മാനം, ബഹുമതി എന്നെല്ലാം അര്‍ഥം. (ഹൊ)ണോറിഫിക്‌ എന്നാല്‍ ബഹുമാനസൂചകം, ബഹുമാനാര്‍ഥം എന്നെല്ലാം; (ഹോ)ണറബ്‌ള്‍ എന്നാല്‍ 'ആദരണീയ' / 'ബഹുമാന്യ'(നാ/യാ)യ എന്നും. 'ബഹുമാനപ്പെട്ട' എന്ന വാക്ക്‌ മലയാളികള്‍ക്കുമാത്രം സ്വന്തം. ഈ 'വാപൊളി' ഇല്ലാതെ മന്ത്രിയെന്നോ എം.എല്‍.എ.-എന്നോ ജഡ്ജിയെന്നോ ഗവര്‍ണറെന്നോ പറയാന്‍ വയ്യാതായിരിക്കുന്നു. പേര്‍ത്തും പേര്‍ത്തും കേള്‍ക്കുമ്പോള്‍ അതൊരു ഷേക്‌സ്പീരിയന്‍ കോമഡിയായി മാറുന്നു. അറിയാമല്ലോ ബഹുമാന്യനായ ബ്രൂട്ടസ്സിനെ മാര്‍ക്ക്‌ ആണ്റ്റണി പറഞ്ഞുപറഞ്ഞ്‌ അവസാനം എങ്ങനെ അങ്ങു ബഹുമാന'പ്പെടുത്തി'ക്കളഞ്ഞെന്ന്. ഓരോ തവണയും ഈ വിശേഷണം കേള്‍ക്കുമ്പോള്‍ എനിക്കോര്‍മ വരുന്നതു പാവം ബ്രൂട്ടസ്സിനെയാണ്‌.

എനിക്കിന്നും തിട്ടമായറിയില്ല, കറ്‍ണനും കുന്തിയും ദുര്യോധനനും ധര്‍മപുത്രനും പാഞ്ചാലിയും സീസറും ബ്രൂട്ടസ്സും മാര്‍ക്ക്‌ ആണ്റ്റണിയും ക്ളിയോപാട്രയുമെല്ലാം നല്ലവരായിരുന്നോ ചീത്തവരായിരുന്നോ എന്നെല്ലാം. അച്യുതനാണോ കേശവനാണോ തൊമ്മനാണോ ചാണ്ടിയാണൊ സ്വറ്‍ണമാണോ വെള്ളിയാണോ മുന്തിയതെന്ന്. ബഹുമാന്യരെ ബഹുമാനപ്പെടുത്തേണ്ട കാര്യമില്ല; അല്ലാത്തവരെ ബഹുമാനപ്പെടുത്താനും ഭാവമില്ല. രാഷ്ട്രീയക്കാരും ശിങ്കിടികളും അന്യോന്യം ബഹുമാനപ്പെടുത്തുമ്പോള്‍ എന്തോ ഒരു നമ്പൂരിശ്ശങ്ക. ഇല്ലാത്തതെന്തോ ഉണ്ടെന്നുണ്ടാക്കിയെടുക്കുന്നപോലെ; വയസ്സുകാലത്തെ മൂത്രശങ്കപോലെ.

എനിക്കൊരു വടക്കന്‍ സഹപ്രവര്‍ത്തകനുണ്ടായിരുന്നു. ആദ്യം കാണുമ്പോള്‍ ആരെയും ബഹുമാനിച്ചാശംസിച്ചങ്ങോട്ടുകെട്ടിപ്പിടിക്കും. രണ്ടാം നാള്‍തൊട്ട്‌ ആശംസ മാത്രം. പതുക്കെ അതുമില്ലാതാകും, പ്രത്യേകിച്ച്‌ ചുറ്റും പലരുമുണ്ടെങ്കില്‍. പരിചയംകൊണ്ട്‌ നമ്മള്‍ അറിയാതെ ആശംസിച്ചു ബഹുമാനിച്ചു പോകും. ആശാന്‍ ഗൌരവത്തിലങ്ങനെയിരിക്കും; തിരിച്ചാശംസിച്ചാലായി. രണ്ടുനാലു ദിനംകൊണ്ടങ്ങനെ ബഹുമാന്യന്‍ ബഹുമാനപ്പെട്ടവനാകും.

ഈ ബഹുമാനം എന്നുള്ളതു ചോദിച്ചുവാങ്ങേണ്ടതല്ല. അര്‍ഹതപ്പെട്ടാല്‍ അന്യര്‍ അറിഞ്ഞുതരും. ഒരു കസേരയുടെയോ പണക്കിഴിയുടെയോ കുപ്പായത്തിണ്റ്റെയോ കുടുംബത്തിണ്റ്റെയോ കൂട്ടായ്മയുടെയോ ബലത്തിലല്ല ബഹുമാനം. ഒരാളുടെ ബഹുമാന്യത വെറും ബഡായിയാകാം, പച്ചത്തട്ടിപ്പാകാം. ഒരാളുടെ ബഹുമാന്യത മറ്റൊരാളുടെ ബാധ്യതയാകാം, ഭാവനാസൃഷ്ടിയാകാം. ഒരാളുടെ ബഹുമാന്യത ഒരാളും അറിഞ്ഞില്ലെന്നുമാകാം, സത്യത്തിലാരും തിരിച്ചറിഞ്ഞില്ലെന്നുവരാം.

നമ്മുടെ പാര്‍ലമെണ്റ്റില്‍ സഭ കൂടുംമുന്‍പ്‌ കിന്നരിവച്ച ഒരാള്‍വന്നു വിളിച്ചുപറയും: "മാനനീയ... മാനനീയ..."എന്നൊക്കെ. ആ ലേബലില്ലാതെ വയ്യ സാമാജികര്‍ക്ക്‌. ആ ബഹുമാനപ്പെട്ടവരുടെ മാനനീയത അല്ലെങ്കില്‍ മാന്യത അല്ലെങ്കില്‍ മാനം എത്രയുണ്ടെന്നു നാം നന്നായി കാണുന്നുണ്ട്‌, സഭയ്ക്കകത്തും പുറത്തും. വി.ഐ.പി-എന്നു സ്വയമങ്ങു ചമയുന്ന, വിശ്വസിക്കുന്ന, വിശ്വസിപ്പിക്കുന്ന ഈ രാഷ്ട്രീയ-സംസ്കാരമാണ്‌ ഇന്ത്യയുടെ ശാപം. ലക്ഷക്കണക്കിനാളുകള്‍ നരകിക്കുമ്പോള്‍ ലക്ഷണമൊത്തവര്‍ 'അമ്പട ഞാന്‍' നടിക്കുന്നു. ആ ഗര്‍വും താന്‍പോരിമയും അഹംഭാവവും അഹങ്കാരവും അശുവാണെന്നും അറുബോറാണെന്നും അശ്ളീലമാണെന്നും അറപ്പുണ്ടാക്കുന്നതാണെന്നും അവര്‍ മനസ്സിലാക്കുന്നില്ല. മനസ്സിലായാലും മനസ്സിലായയെന്നു കാണിക്കുന്നില്ല. 'വിഗ്രഹമുടഞ്ഞാല്‍ വൈരൂപ്യം ബാക്കി' എന്നവര്‍ക്കു നന്നായറിയാം. അവരെച്ചുറ്റിയുള്ള ശിങ്കിടികളും അതറിഞ്ഞാലും അറിയാത്ത ഭാവത്തിലിരിക്കുന്നു. 'ഉരല്‍നക്കിപ്പട്ടികളുടെ കിറിനക്കിപ്പട്ടികള്‍' എന്നു നാട്ടുഭാഷയില്‍. സ്വന്തംകാര്യം നേടണ്ടേ. വിഗ്രഹം നന്നായാലല്ലേ നടവരവു കൂടൂ.

വണ്ടിപ്പുറത്തെ ചെമന്ന ലൈറ്റും, അതു നിയന്ത്രിച്ചപ്പോള്‍ വണ്ടിക്കു മുന്‍പിലും പിന്‍പിലും ചുവന്ന ബോര്‍ഡുകളും, കഴുത്തിലണിയുന്ന കോണകവും, വൈകിയെത്തലും വാപൊളിക്കലും ബഹുമാനപ്പെട്ടവരുടെ ചിഹ്നങ്ങളാകുന്നു. ഏറ്റവും രസം 'ഓണറബ്‌ള്‍'-മാര്‍ അന്യോന്യം ബഹുമാന'പ്പെടു'ത്തുമ്പോഴാണ്‌. 'നിന്‍പൃഷ്ഠം-എന്‍പൃഷ്ഠം' സിന്‍ഡ്റോം! അടുത്തിടെ കണ്ടു ഒരു രോഗപരിശോധന-ലബോറട്ടറിയില്‍, പണിക്കാര്‍ അന്യോന്യം 'ഡോക്ടര്‍-ഡോക്‌ടര്‍' എന്നു വിളിക്കുന്നത്‌. പാവങ്ങള്‍, അവരുമെന്തിനു കുറയ്ക്കണം?

'ബഹുമാനപ്പെട്ട'വര്‍ക്കു ക്യൂ-നില്‍ക്കാന്‍ വയ്യ. എല്ലാത്തിനും പ്രത്യേക പരിഗണന വേണം. അവര്‍ക്കിരിക്കാന്‍ സുല്‍ത്താണ്റ്റെതരം കസേരവേണം. പടമെടുക്കാനാളുവേണം. അകമ്പടിക്കു പോലീസുവേണം. സഞ്ചരിക്കാന്‍ വണ്ടിപ്പട വേണം. സഞ്ചരിക്കുമ്പോള്‍ പൊതുജനം തീണ്ടാപ്പാടകലത്താവണം. ആഹാരം പഞ്ചനക്ഷത്രമാകണം. വിഹാരം വിദേശത്താകണം. അവര്‍ക്കു നമ്മളെ പരമപുച്ഛമാണ്‌. എന്തുകൊണ്ടാവരുത്‌? തലകുനിച്ചുകൊടുത്താല്‍ ചവിട്ടാതിരിക്കാന്‍ അവര്‍ മനുഷ്യരാണോ? ദൈവങ്ങളല്ലേ? നമ്മെ ഒറ്റപ്പെടുത്തി പുച്ഛിച്ച്‌ പറ്റിച്ച്‌ അവരുടെ സ്ഥാനമുറപ്പിക്കുന്നു. എന്നവര്‍ വിചാരിക്കുന്നു.

ഇത്‌ ഇനിയുമെത്ര കാലം?

ഗാന്ധിജിയുടേതായി ഒരു ചൊല്ലുണ്ട്‌: "ആദ്യം അവര്‍ നിങ്ങളെ അവഗണിക്കുന്നു. പിന്നെ പരിഹസിക്കുന്നു. പിന്നെ നിങ്ങളെ എതിര്‍ക്കുന്നു..... അപ്പോള്‍ നിങ്ങള്‍ ജയിക്കുന്നു". അവര്‍ പവനായി ശവമായി മാറുമ്പോള്‍ നിങ്ങള്‍ ശവമായി പവനായി മാറുന്നു. ഇനിയെങ്കിലും അറിയുക, ബഹുമാന്യരല്ല ബഹുമാനപ്പെട്ടവര്‍; ബഹുമാനിക്കലല്ല ബഹുമാനപ്പെടുത്തല്‍.

ഒരു പുതിയ തലമുറ വളര്‍ന്നുവരുന്നുണ്ട്‌. അവരീ ചപ്പടാച്ചിയില്‍ മയങ്ങുന്നവരാവില്ല. കാത്തിരിക്കുക.

Sunday 6 December 2015

ആയുരാരോഗ്യസൌഖ്യം

മരുന്നിനുപോലും തികയാത്തതാണല്ലോ നമ്മുടെ ജീവിതം. അത്രയ്ക്കമൂല്യമായതിനാലാണ്‌ 'ശരീരമാദ്യം ഖലു ധര്‍മസാധനം' എന്ന്‌ നമ്മുടെ പൂര്‍വികര്‍ നിരൂപിച്ചത്‌. 'ഹെല്‍ത്ത്‌ ഈസ്‌ വെല്‍ത്ത്‌' എന്നു പാശ്ചാത്യരും. യോഗാഭ്യാസത്തിലും ഊന്നല്‍ ശരീരത്തിനാണ്‌; അതിലൂടെ മനസ്സിനും. 'ഹെല്‍ത്തി മൈണ്റ്റ്‌ ഇന്‍ എ ഹെല്‍ത്തി ബോഡി'.

എന്തുവന്നാലും 'അനായാസേന മരണം, വിനാദൈന്യേന ജീവിതം' എന്നത്‌ ഏവരുടെയും ആഗ്രഹം. ഒട്ടും കിടക്കാതെ അങ്ങു പോണം. ഒരു രോഗവുമില്ലാത്ത ജീവിതവും വേണം. ഒത്തെങ്കില്‍ ഒത്തു. നടന്നെങ്കില്‍ നടന്നു. എന്നത്തെപ്പോലെ ഇന്നും. രോഗമില്ലാത്ത അവസ്ഥയില്ല മനുഷ്യന്‌. പല മഹാരോഗങ്ങളും മാഞ്ഞു. പല മഹാരോഗങ്ങളും നിറഞ്ഞു. 'ആസ്പത്രിയില്‍' കിടക്കാതങ്ങുപോണം എന്നായി ഇന്നത്തെ പ്രാര്‍ഥന എന്നുമാത്രം. ആസ്പത്രികള്‍ - സൂപ്പര്‍ സ്പെഷാലിറ്റി ആസ്പത്രികള്‍ - എത്രയെണ്ണമുണ്ടായിട്ടും രോഗമങ്ങു കുറഞ്ഞില്ല. എണ്ണവും വണ്ണവും വര്‍ദ്ധിച്ചതേയുള്ളൂ.

രോഗങ്ങള്‍ വരുത്തരുത്‌. വന്നാലോ അവഗണിക്കയുമരുത്‌. തണ്റ്റെ ശരീരത്തിനൊത്ത വിധത്തില്‍ ദൈനംദിന ജീവിതം കൊണ്ടുനടന്നാല്‍ പകുതി രോഗങ്ങളും ഒഴിവാക്കാം. പുറമേനിന്നു വന്നുഭവിക്കുന്ന രോഗങ്ങളെ ഒരു പരിധിവരെയേ ഒഴിവാക്കാനുമൊക്കൂ. സ്വയംകൃതാനര്‍ഥങ്ങളും ആര്‍ജിതമഹാരോഗങ്ങളും ഒഴിവാക്കിയാലും പ്രായം ചെല്ലുന്തോറും വണ്ടി വെടക്കായിക്കൊണ്ടേയിരിക്കും. റിപ്പയറും റീ-കണ്ടീഷണിംഗും റീ-റെജിസ്റ്റ്രേഷനും വേണ്ടിവരും. എന്നാലും ഒരു കാലഹരണത്തിയതി മനുഷ്യനുണ്ട്‌. ആ തീയതി അറിയില്ലെന്നുമാത്രം. 'എ ടൈം വില്‍ കം, എ ടൈം വില്‍ കം, എ ടൈം വില്‍ കം അറ്റ്‌ ലാസ്റ്റ്‌...' എന്നൊരു കരീബിയന്‍പാട്ടുണ്ട്‌.

എണ്റ്റെ അച്ഛന്‍ പതിനേഴാം വയസ്സില്‍ തനിക്കു പ്രമേഹമുണ്ടെന്നു തിരിച്ചറിഞ്ഞു. കാശില്ലാത്തകാരണം ഫീസുകൊടുക്കാനാകാതെ വെറുതെ ഒരു കൊല്ലം ഇണ്റ്റര്‍മീഡിയറ്റ്‌ ക്ളാസ്സിലിരിക്കുമ്പോള്‍ രോഗലക്ഷണങ്ങള്‍ കണ്ടു സംശയിച്ചാണ്‌ മഹാരാജാസ്‌ കോളേജ്‌ ലബോറട്ടറിയില്‍ മൂത്രം സ്വയം പരിശോധിച്ചു കണ്ടുപിടിച്ചത്‌. അന്നു തുടങ്ങിയ ആഹാരനിയന്ത്രണം (അതല്ലാതെ വേറെ വഴിയുമില്ലായിരുന്നു) മരണം വരെ തുടര്‍ന്നു. അവസാനകാലത്ത്‌ ഇന്‍സുലിനും വേറെ കുറെ മരുന്നുകളുമെല്ലാം ഉണ്ടായിരുന്നെങ്കിലും അന്‍പത്തഞ്ചു വയസ്സു കടന്നപ്പോഴേക്കും മരണമെത്തി. വിനാദൈന്യേനജീവിതവും അനായാസേന മരണവും രണ്ടുമില്ലായിരുന്നു അച്ഛന്‌. അതിനു പകരമെന്നോണം തൊണ്ണൂറു കഴിഞ്ഞിട്ടും വര്‍ദ്ധക്യസഹജമായ അസ്വസ്ഥതകളല്ലാതെ മറ്റൊന്നുമില്ലാതെ അമ്മ ജീവിച്ചിരിക്കുന്നു.

കൂടുതല്‍ കൂടുതല്‍ ആസ്പത്രികളല്ല നമുക്കു വേണ്ടത്‌; ആസ്പത്രികള്‍ അധികം വേണ്ടിവരാത്ത ആരോഗ്യപരിപാലനമാണ്‌. അതാണു പുരോഗതി. അല്ലാതെ മുക്കിലും മൂലയിലും സൂപ്പര്‍-സ്പെഷാലിറ്റി ഹോസ്പിറ്റലുകളല്ല. ഇന്നത്തെ ആസ്പത്രികള്‍ കഴുത്തറപ്പന്‍സങ്കേതങ്ങളായിരിക്കുന്നു. ഡോക്ടര്‍മാര്‍ മരുന്നുകമ്പനികളുടെ ചിട്ടിപിടിത്തക്കാരും. നല്ലവരില്ലെന്നല്ല. പക്ഷെ കലക്കൊഴുക്കില്‍ കണ്ണുകാണാന്‍ പ്രയാസം.

ഒരു പ്രശസ്ത സ്വകാര്യാസ്പത്രിയില്‍ ഒരു ബന്ധുവിനെയുംകൊണ്ട്‌ ഒരിക്കല്‍ കയറാനിടയായി. ആദ്യത്തെ ചോദ്യം ഏതു ഡോക്ടറെ കാണണം എന്ന്‌. രോഗിക്കെന്തറിയാം? രോഗലക്ഷണമിത്‌; അതു ചികിത്സിക്കാന്‍ ഒരു ഡോക്ടര്‍. അതില്‍കൂടുതല്‍ എന്താ? പിന്നത്തെ ചോദ്യം രോഗിയുടെ സാമ്പത്തികസ്ഥിതിയെക്കുറിച്ച്‌. അതനുസരിച്ചുവേണമത്രേ ചികിത്സാച്ചെലവുകള്‍ തിട്ടപ്പെടുത്താന്‍. മേല്‍വിലാസവും മറ്റു പല വിശദാംശങ്ങളും കുറിച്ചെടുത്തശേഷം പിന്നെയും കുറേനേരമിരുത്തി. അതിനിടെ രോഗിയുടെ വീട്ടിനടുത്തുള്ള കടകളിലും ആളുകളോടും ഓട്ടോക്കാരോടുമെല്ലാം ബന്ധപ്പെട്ട്‌ സാമ്പത്തികസ്ഥിതിയുടെ സത്യാവസ്ഥ പരിശോധിച്ചത്രെ! രോഗനിര്‍ണയം കഴിഞ്ഞ്‌ ശസ്ത്രക്രിയക്കുള്ള തീരുമാനമായി. രോഗിയെ ഓപ്പറേഷനു കൊണ്ടുപോയ ശേഷം യാതൊരു വിവരവുമില്ല. ഒരു ഡോക്ടറില്‍നിന്നു വേറൊരു ഡോക്ടറിലേക്ക്‌; ഒരു പരിശോധനയ്ക്കുശേഷം വേറൊന്നിലേക്ക്‌. ഇടയ്ക്കിടെ ആ മരുന്ന്‌, ഈ മരുന്ന്‌, ആ സാധനം, ഈ സാധനം ഒന്നിനുപിറകെ ഒന്നൊന്നായി വാങ്ങിവരാന്‍ നഴ്സുമാരുടെ കല്‍പനകള്‍. അരമുക്കാല്‍ ദിവസം കഴിഞ്ഞും രോഗിയുടെ സ്ഥിതിയെന്തെന്നറിയാന്‍ യാതൊരു മാര്‍ഗവുമില്ലായിരുന്നു. വൈകുന്നേരമായതോടെ അതാവരുന്നു രോഗിയെയുംകൊണ്ട്‌. രോഗിക്കു ജീവനുണ്ടെന്നു സ്വയം തീരുമാനിച്ചുറപ്പിക്കേണ്ടി വന്നു; അല്ലാതെ ആസ്പത്രിക്കാര്‍ ഒരു വാക്കുരിയാടി ബന്ധുക്കളെ സമാശ്വസിപ്പിക്കാനില്ലായിരുന്നു. അറക്കമില്ലില്‍ ഒരു മരത്തടി അങ്ങു കയറ്റി, ഒരു ഉരുപ്പടിയായി തിരിച്ചിറക്കി എന്ന പോലെ.

വേറൊരാസ്പത്രിയില്‍, വഴിയില്‍ കാലുതെറ്റിവീണു കയ്യൊടിഞ്ഞവശയായ ഭാര്യയെയുംകൊണ്ടു പോയതാണ്‌. എല്ലുഡോക്ടറില്ലാത്തതിനാല്‍ പല്ലുഡോക്ടര്‍ മതിയോ എന്നു ചോദിച്ചു, ചോദിച്ചില്ല എന്നുമാത്രം. ജീവനക്കാര്‍ ആരെയൊക്കെയോ ഫോണ്‍ചെയ്യും, അവിടെയിവിടെ ഓടും. പരക്കംപാച്ചിലിനിടെ ഓരോരോ വേഷങ്ങള്‍ വന്നു വീണ്ടും വീണ്ടും എന്തെന്നു ചോദിക്കും, കൈതിരിച്ചുനോക്കും, കൈപിരിച്ചുനോക്കും. ഭാര്യ വാവിടാതെ വേദനയടക്കും. അവസാനം എല്ലുഡോക്ടര്‍തന്നെയെത്തി, പ്ളാസ്റ്ററിടാന്‍. അടുത്തൊരു നഴ്സ്‌ പഞ്ഞിയും തുണിയുമെല്ലാം മുറിക്കുന്നു, തുരുമ്പിച്ച ഒരു പഴഞ്ചന്‍ കത്രികകൊണ്ട്‌. എണ്റ്റെ വിടുവായത്തത്തില്‍ ഞാന്‍ ചോദിച്ചുപോയി ഈ പഴകിയ കത്രിക ഒരാസ്പത്രിയിലുപയോഗിക്കാമോ എന്ന്‌. അവളൊന്നും മിണ്ടിയില്ല. കഴിക്കാനും കുത്തിവയ്ക്കാനുമെല്ലാമായുള്ള മരുന്നുകളുടെ ഒരു ലിസ്റ്റ്‌ കയ്യില്‍ തന്നു, താഴത്തെ ഫാര്‍മസിയില്‍നിന്നു കൊണ്ടുവരാന്‍. ആ ലിസ്റ്റില്‍ ഒരു കത്രികയുമുണ്ടായിരുന്നു. വീട്ടില്‍വന്ന്‌ വിലവിവരം നോക്കിയപ്പോഴാണു കണ്ടത്‌.

വന്നു പരിശോധിച്ചിട്ടേയില്ലാത്ത ഡോക്ടര്‍ക്കുള്ള ഫീസും വാങ്ങാത്ത മരുന്നുകള്‍ക്കുള്ള വിലയും ആസ്പത്രിയുടെ ഉപയോഗത്തിനുള്ള സാമഗ്രികളുടെ ചെലവും രോഗിയുടെ ബില്ലില്‍ ചേര്‍ക്കുക സാധാരണമാണ്‌ ഇന്നു മിക്ക 'മികച്ച' ആസ്പത്രികളിലും. വാടകയിനത്തില്‍ വരവുണ്ടാക്കാന്‍വേണ്ടി ഐ.സി.യു.-വിലും വാര്‍ഡിലും മുറിയിലുമെല്ലാം രോഗിയെ ചികിത്സകഴിഞ്ഞും പാര്‍പ്പിക്കുന്നതു സര്‍വസാധാരണം. ഇന്‍ഷുറന്‍സുണ്ടെങ്കില്‍ ഒരു വിധം ചികിത്സ, അല്ലെങ്കില്‍ വേറൊരുവിധം. വൈദ്യശാസ്ത്രം വേറിട്ടവഴികളിലൂടെയാണു സഞ്ചരിക്കുന്നതിപ്പോള്‍.

സ്വന്തം സല്‍പ്പേരു നിലനിര്‍ത്താന്‍, മരണം തീര്‍ച്ചയായ കേസുകള്‍ സര്‍ക്കാര്‍-ആസ്പത്രികളിലേക്കു പറഞ്ഞുവിടുന്ന കൌശലവും സ്വകാര്യ ആസ്പത്രികള്‍ക്കുണ്ട്‌. കാശിണ്റ്റെ പ്രഭയില്‍ മനുഷ്യത്വം മരവിച്ചുപോകുമോ എന്നൊന്നും സംശയിക്കണ്ട. ആസ്പത്രികള്‍ ഒരു നാണയക്കമ്മട്ടമായിരിക്കുന്നു. മരുന്നുകളും വൈദ്യോപകരണങ്ങളും വിറ്റഴിക്കാനുള്ള കച്ചവടസ്ഥലങ്ങളായി മാറി മിക്ക ആസ്പത്രികളും. വേണ്ടതും വേണ്ടാത്തതുമായ പരിശോധനകളും അവശ്യവും അനാവശ്യവുമായ ചികിത്സാപദ്ധതികളും ഊതിവീര്‍പ്പിക്കുന്ന ആശുപത്രിച്ചെലവും രോഗികളെ കൊല്ലാക്കൊല ചെയ്യുന്നു. 'ബൈസ്റ്റാണ്റ്റര്‍' എന്ന പുന്നാരപ്പേരിലുള്ള സഹായിയെ ഭ്രാന്തുപിടിപ്പിക്കുന്നു. ഇന്‍ഷുറന്‍സ്‌-തുക കൊടുക്കതെയൊപ്പിക്കാന്‍ ഡോക്ടര്‍മാരുമായുള്ള ഒത്തുകളിയെപ്പറ്റി അടുത്തിടെ വായിച്ചു. 'റിസെര്‍ച്ച്‌ സെണ്റ്റര്‍' എന്നൊരു വാലും തൂക്കിയ ചില ആസ്പത്രികളില്‍ അതിഗുഹ്യമായി മരുന്നുപരീക്ഷണങ്ങളും അവയവചോരണവും നടക്കുന്നുണ്ടെന്നുള്ള സംശയവും പലരും ഉന്നയിച്ചിട്ടുണ്ട്‌.

ആസ്പത്രികള്‍ വ്യവസായമാണെങ്കില്‍ കച്ചവടത്തിണ്റ്റെ നാട്ടുനിയമങ്ങളും ബാധകമാക്കണം. ചെയ്യുന്ന പണിക്കു കാശുവാങ്ങാം; പക്ഷെ തദനുഗുണമായ ഉത്തരവാദിത്വവും വേണം. എനിക്കിന്നുമറിയാത്ത ഒരു കാര്യമുണ്ട്‌ - എന്തുകൊണ്ട്‌ ഡോക്ടര്‍മാരും വക്കീല്‍മാരും കൊടുക്കുന്ന പണത്തിനു രശീതി തരുന്നില്ല?

രണ്ടുകാലില്‍പോയി നാലുകാലില്‍ മടങ്ങേണ്ടിവരുന്ന അവസ്ഥ ചിരിച്ചുതള്ളേണ്ടതല്ല. ആസ്പത്രികളിലെ ഇന്നത്തെ സ്ഥിതിവിശേഷങ്ങള്‍ കാണുമ്പോള്‍ അവിശ്വാസികള്‍പോലും മേല്‍പത്തൂരിണ്റ്റെ വരികള്‍ചൊല്ലി പ്രാര്‍ഥിച്ചുപോകും, 'അജ്ഞാത്വാ തേ മഹത്വം ..... ആയുരാരോഗ്യസൌഖ്യം' എന്ന് - ആസ്പത്രികള്‍ അവയുടെ യഥാര്‍ത്ഥമഹിമയറിഞ്ഞ്‌ ലീലകളും വേലകളും വെടിഞ്ഞ്‌ ജനങ്ങള്‍ക്ക്‌ ആയുരാരോഗ്യസൌഖ്യമുണ്ടാക്കട്ടേ എന്ന്!

Sunday 29 November 2015

സേഫ്‌റ്റി ഫസ്റ്റ്‌!

ലോകത്തില്‍ ഏറ്റവും വിലകുറഞ്ഞ സാധനമേതെന്നറിയാമോ? ഇന്ത്യയിലെ ജീവന്‍! അത്രയ്ക്കു നിരുത്തരവാദപരമായിട്ടാണ്‌ നമ്മള്‍ നമ്മുടെയും സഹജീവികളുടെയും സുരക്ഷയെ കാണുന്നത്‌.

തകര്‍ന്ന റോഡുകള്‍ നോക്കൂ, തൂങ്ങുന്ന വയറുകള്‍ നോക്കൂ. വീടുകള്‍ നോക്കൂ, വീട്ടിലെ സാധനങ്ങള്‍ നോക്കൂ. ഫാക്റ്ററികള്‍ നോക്കൂ, അവിടത്തെ ചുറ്റുപാടുകള്‍ നോക്കൂ. വണ്ടികള്‍, യന്ത്രങ്ങള്‍, പാലങ്ങള്‍, പീടികകള്‍, ആസ്പത്രികള്‍. വിഷാഹാരം, കള്ളസാമാനം, അപകടമരുന്ന്, ദുര്‍മന്ത്രവാദം. തകര്‍ന്ന ഓടകള്‍, അടയ്ക്കാത്ത കിണര്‍ക്കുഴികള്‍, മറയ്ക്കാത്ത വൈദ്യുതിപ്പെട്ടികള്‍, തുറക്കാത്ത അത്യാഹിതവാതിലുകള്‍, ..... ജീവന്‌ ഇത്രമാത്രം വിലകല്‍പ്പിക്കാത്ത ഒരു ജനത വേറെയുണ്ടോ എന്നറിയില്ല.

വെറുതയല്ല യൂണിയന്‍ കാര്‍ബൈഡും എന്‍റോണും മോണ്‍സാണ്റ്റോവും എന്‍ഡോസള്‍ഫാനുമെല്ലാം ഇവിടെ മരണംവിതച്ചു നിരങ്ങുന്നത്‌. ദേശികളും മോശമെന്നല്ല. നമ്മുടെ പടക്കക്കമ്പനികളും സിമെണ്റ്റ്‌-ഫാക്റ്ററികളും മരുന്നുനിര്‍മാണശാലകളും തുണിമില്ലുകളും ഖനനസ്ഥലങ്ങളും ബസ്സുകളും ബോട്ടുകളും തീവണ്ടികളും വിമാനങ്ങളും..... ഇരുചക്രക്കാര്‍ സ്വമേധയാ ഹെല്‍മെറ്റ്‌ ധരിക്കില്ല. കാറോടിക്കുന്നവര്‍ സീറ്റ്‌-ബെല്‍റ്റ്‌ ഇടില്ല. വണ്ടിയോടിത്തുടങ്ങിയാല്‍ തുടങ്ങും മൊബൈല്‍-വര്‍ത്തമാനം. വണ്ടിയെടുക്കുന്നവരെല്ലാം വീരന്‍മാര്‍. ചക്രം തിരിക്കുന്നവര്‍ ചക്രവര്‍ത്തിമാര്‍. വഴിയെല്ലാം വാപ്പയുടേതല്ലേ, പിന്നെന്താ?

അധികമായിട്ടില്ല, നാട്ടിലെ തൊടിയില്‍ വൈദ്യുതക്കമ്പികള്‍ക്കു മുകളില്‍ വളര്‍ന്ന മരങ്ങള്‍ മുറിച്ചുനീക്കേണ്ടി വന്നു. പണിക്കായി ഏര്‍പ്പെടുത്തിയ ആളോട്‌ മരം മുറിക്കുന്ന നേരം വൈദ്യുതി വിച്ഛേദിക്കാനും കമ്പിമുറിയാതെ കാവല്‍നില്‍ക്കാനും നിര്‍ബന്ധമായി കെ.എസ്‌.ഇ.ബി.-ക്കാരെ വിളിക്കാന്‍ ഏല്‍പ്പിച്ചുമിരുന്നു. ആരും വന്നില്ല. ആരെയും വിളിച്ചിരുന്നില്ല. കൂറ്റന്‍കൊമ്പുകള്‍ കണ്ടമാനം വെട്ടിയിട്ടു. പലപ്പോഴും കമ്പികളില്‍നിന്നു തീപ്പൊരി പാറി. അയല്‍ക്കര്‍ ഒച്ചവച്ചു. ഒന്നുമായില്ല. കൂടെ ഒച്ചവച്ച എന്നോട്‌ 'ഒന്നുമായില്ലല്ലോ' എന്ന് അയാളുടെ സാന്ത്വനവും! ഒരായിരമോ രണ്ടായിരമോ ലാഭിക്കാന്‍വേണ്ടി കരാറുകാരന്‍കാട്ടിയ കാട്ടാളത്തം!

പഴയ വീടിണ്റ്റെ പഴകിയ കതകുകളും ജനാലകളും മാറ്റിവയ്ക്കേണ്ടി വന്നപ്പോള്‍ മുളകൊണ്ടെങ്കിലും ഭിത്തിക്കൊരു താങ്ങു കൊടുക്കാന്‍ വൈമുഖ്യം കാട്ടി കുട്ടിപ്പണിക്കാര്‍. "ഓ! ഒന്നുമാകില്ലെന്നേ...". ഇലക്ട്രീഷ്യനോ വൈദ്യുതി വിച്ഛേദിക്കാതെ 'ലൈവ്‌' ആയേ വയറിംഗ്‌ നടത്തൂ; അതാണ്‌ അതിണ്റ്റെ ഒരു സ്റ്റൈല്‍. "ഓ! ഒന്നുമാകില്ലെന്നേ...". എത്ര ഉയര്‍ന്ന കെട്ടിടങ്ങളില്‍ പണിയെടുക്കുന്നവര്‍പോലും നിവൃത്തിയുണ്ടെങ്കില്‍ 'ഹാര്‍ണസ്സ്‌' എന്ന സുരക്ഷാസംവിധാനം ഉപയോഗിക്കില്ല. "ഓ! ഒന്നുമാകില്ലെന്നേ...". പണിസ്ഥലത്തെ പൊടി എത്ര ശ്വസിച്ചാലും മൂക്കൊന്നു പൊതിഞ്ഞുകെട്ടില്ല. പെയിണ്റ്റും വാര്‍ണീഷുമെല്ലാം കൈകൊണ്ടേ ഇളക്കൂ. കെട്ടിടങ്ങള്‍ക്കടുത്തേ ചവറും മറ്റും വാരിക്കൂട്ടി തീയിട്ടുകത്തിക്കൂ.

മുംബൈ ഭീകരാക്രമണസമയത്തു കണ്ടതാണല്ലോ നാട്ടുകാരുടെ സുരക്ഷയുടെ കാര്യത്തില്‍ നാം എത്ര കുറച്ചുമാത്രം സജ്ജരായിരുന്നെന്ന്. മുംബൈ-പോലീസിലെ ഒരു 'പാണ്ഡു-ഹവല്‍ദാര്‍' വാതിലില്‍ വെറുമൊരു പ്ളാസ്റ്റിക്‌-കസേരയിട്ട്‌ ഭീകരണ്റ്റെ വഴിമുടക്കാന്‍ ശ്രമിക്കുന്നതു ടീവി-യില്‍ കണ്ടപ്പോള്‍ സഹതാപം തോന്നി. 'അങ്കവും കണ്ടു താളിയുമൊടിക്കാ'നെത്തിപ്പെട്ട മാധ്യമപ്പട എത്രമാത്രം സുരക്ഷാപ്രശ്നം സൃഷ്ടിച്ചെന്ന് അറിവുള്ളതാണല്ലോ.

നഗരങ്ങളിലെ മറ്റൊരു ശാപമാണ്‌ 'സ്റ്റ്രീറ്റ്‌-ക്രിക്കറ്റ്‌'. ഏതോ കുറെ തൊഴിലില്ലാപ്പട എന്നോ തുടങ്ങിവച്ച തലതെറിപ്പ്‌. വീട്ടുകാരെയും നാട്ടുകാരെയും മുള്‍മുനയില്‍ നിര്‍ത്തി നാശംവിതയ്ക്കുന്ന ആ കളി തീക്കളിയാണെന്നുപദേശിച്ചാല്‍ തിരിച്ചുകിട്ടുന്നതു പച്ചത്തെറി. ബൈക്കുകള്‍കൊണ്ട്‌ 'റെയ്സിംഗ്‌', 'ജംപിംഗ്‌', 'വീലിംഗ്‌'-പോലുള്ള രാക്ഷസക്കളികളും പരക്കെയുണ്ടു പട്ടണങ്ങളില്‍.

പെട്രോള്‍ പമ്പില്‍ ടാങ്ക്‌ നിറയ്ക്കുന്നതു കണ്ടിട്ടുണ്ടോ? ഗാസുകാര്‍ കുറ്റികള്‍ കൈകാര്യം ചെയ്യുന്നതു കണ്ടിട്ടുണ്ടോ? പോര്‍ട്ടര്‍മാര്‍ പെട്ടികളെടുക്കുന്നതു കണ്ടിട്ടുണ്ടോ? ആഘോഷക്കാര്‍ പടക്കംപൊട്ടിക്കുന്നതു കണ്ടിട്ടുണ്ടോ? ബാക്കിയുള്ളവരുടെ കാര്യം പോകട്ടെ, സ്വന്തം സുരക്ഷയെങ്കിലും ഉറപ്പാക്കണ്ടേ ഈ മനുഷ്യജീവികള്‍ക്ക്‌? എന്തെങ്കിലും പറ്റിയാല്‍ നാളെ നിലവിളിച്ചലമുറയിട്ടിട്ടു കാര്യമില്ലല്ലോ.

എല്ലാവരും നിരുത്തരവാദികളാണെന്നല്ല വിവക്ഷ. നാരായണന്‍കുട്ടിയെന്ന നാട്ടിലെ ഇലക്ട്രീഷ്യന്‍ ഓരോ പോയിണ്റ്റും എന്തെന്നും എന്തിനെന്നും വിശദമായി ആലോചിച്ചുറപ്പിച്ചേ പണിചെയ്യൂ. ആദ്യത്തെ സ്വിച്ച്‌ വിളക്കിനുള്ളതായിരിക്കണം. സ്വിച്ചിട്ടാല്‍ വിളക്കിണ്റ്റെ വെളിച്ചം നേരെ കണ്ണിലടിക്കരുത്‌. എല്ലാ മുറികളിലും ഒരേ ക്രമത്തിലായിരിക്കണം സ്വിച്ചുകളുടെയും സോക്കറ്റുകളുടെയും റെഗുലേറ്ററുകളുടെയുമെല്ലാം ക്രമം. സോക്കറ്റുപയോഗിക്കുമ്പോള്‍ വയര്‍ സ്വിച്ചിനുമേല്‍ തൂങ്ങരുത്‌. പഴയ ഓടിട്ട വീടുകള്‍ക്ക്‌ പി.വി.സി.-പൈപ്പിനകത്തെ വയറിംഗാണ്‌ നല്ലത്‌; വെള്ളം കയറില്ല, എലി കടിക്കില്ല. 'എര്‍ത്തിംഗ്‌'-ണ്റ്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ച്ചയുമില്ല. വൈദ്യുതി വീട്ടിലെ വയറുകളില്‍ സമമായി വിതരണം ചെയ്യപ്പെടണം.....എന്നുപോകുന്നു ആശാണ്റ്റെ ആശയങ്ങള്‍. ഒരു സൌകര്യം പ്രമാണിച്ച്‌ ഒരു 3-പിന്‍ സോക്കറ്റ്‌ നിലത്തോടുതൊട്ടു വേണമെന്നു പറഞ്ഞപ്പോള്‍ നാരായണന്‍കുട്ടി വിലക്കി. വേണ്ട, പാടില്ല; കുട്ടികള്‍ വിരലിട്ടേക്കാം, ഈര്‍പ്പം പടര്‍ന്നു കയറാം. നിയമവും സമ്മതിക്കില്ല.

കുളിമുറിയില്‍ വെറുമൊരു വാഷ്‌-ബേസിന്‍ സ്ഥാപിക്കാന്‍ ചുമരില്‍ കോണ്‍ക്രീറ്റ്‌-പാളി ഉറപ്പിക്കണമെന്നു പറഞ്ഞ പണിക്കാരനോട്‌ എനിക്കു നീരസം തോന്നി. എന്നാല്‍ ആ വിദ്വാണ്റ്റെ വിശദീകരണം എനിക്കൊരറിവായി. എല്ലാവര്‍ക്കും വയസ്സായി വരികയാണ്‌. കുളിമുറിയില്‍ ഒന്നു കാല്‍ തെറ്റിയാല്‍ ആദ്യം പിടിക്കാന്‍ കൈപോകുക വാഷ്‌-ബേസിനിലായിരിക്കും. അതും കൂട്ടത്തില്‍ തകര്‍ന്നുവീണാലോ? അതുകൊണ്ട്‌ കുളിമുറിയിലെ സാധനങ്ങളെല്ലാം നല്ല ഉറപ്പിലായിരിക്കണം. അതുപോലെ ആദ്യം വാഷ്‌-ബേസിന്‍, പിന്നെ കുളിസ്ഥലം, പിന്നെ ശൌചസ്ഥലം എന്ന മുറയ്ക്കായിരിക്കണം കുളിമുറിയിലെ ചിട്ട.

കരയിലെ കരുതലുകള്‍ ഇത്രയാണെങ്കില്‍ കടലിലെ കാര്യങ്ങള്‍ എങ്ങിനെയാകണം? വള്ളത്തില്‍ കാല്‍തെറ്റി കടലില്‍ വീണിട്ടുണ്ട്‌. ബോട്ട്‌ മണ്‍തിട്ടയിലുറച്ചിട്ടുണ്ട്‌. കപ്പല്‍ പാറക്കെട്ടില്‍ തട്ടിയിട്ടുണ്ട്‌. കപ്പലില്‍ തീ പിടിച്ചിട്ടുണ്ട്‌. കപ്പലുകള്‍ കൂട്ടിയിടിച്ചിട്ടുണ്ട്‌. കോളില്‍പെട്ടു കഷ്ടപ്പെട്ടിട്ടുണ്ട്‌. കപ്പല്‍തട്ടിലെ ക്രെയിന്‍ ക്രമംവിട്ടുലഞ്ഞ്‌ ഭീകരനിമിഷങ്ങളുണ്ടായിട്ടുണ്ട്‌. ഇരുമ്പുകയറ്‍പൊട്ടി വിലപ്പെട്ട സാധനസാമഗ്രികള്‍ കടലില്‍ നഷ്ടപ്പെട്ടിട്ടുണ്ട്‌. കടലപകടങ്ങള്‍ എന്നെ കുഴക്കിയിട്ടുണ്ടേറെ.

എന്നിരുന്നാലും ലോകത്തിലൊരുപക്ഷെ ഏറ്റവും സുരക്ഷിതമായ യാത്രാവാഹനമായിരിക്കും കപ്പല്‍. കാല്‍നട രണ്ടു ബിന്ദുക്കളെ തൊട്ട്‌. ഇരുചക്രയാത്ര ഒരു വരെയെ തൊട്ട്‌. നാല്‍ച്ചക്രവണ്ടികള്‍ രണ്ടു വരകളെ തൊട്ട്‌. തീവണ്ടിയെ താങ്ങുന്നതു രണ്ടു പാളങ്ങള്‍ മാത്രം. വിമാനത്തെ താങ്ങുന്നത്‌ വെറും വായു. എന്നാലോ കപ്പലിനെ ചുറ്റും പൊതിഞ്ഞ്‌ കൈത്താങ്ങായി വെള്ളം സംരക്ഷിക്കുന്നു കടല്‍യാത്രയില്‍ കയര്‍, എണ്ണ, തീ, ആഹാരം, രോഗം എന്നിവയെ പ്രത്യേകം ശ്രദ്ധിക്കണം എന്നു മാത്രം. ഒരുതരത്തിലും അവയെ നിസ്സാരമാക്കി തള്ളില്ല വിവേകമുള്ള നാവികര്‍. അതുകൊണ്ടുകൂടിയാണ്‌ കടല്‍യാത്ര ഇത്ര സുരക്ഷിതമാകുന്നത്‌.

ഞാന്‍ പോയിക്കൊണ്ടിരുന്ന ഗവേഷണക്കപ്പലുകളിലെ കപ്പിത്താന്‍മാരെല്ലാം സുരക്ഷയുടെ കാര്യത്തില്‍ കടുകിട മാറാത്തവരായിരുന്നു. അതില്‍തന്നെ മലയാളിയായ ക്യാപ്റ്റന്‍ വര്‍മ, കടലിലെ ഓരോ പ്രവൃത്തിക്കും മുന്നേ "സേഫ്റ്റി ഫസ്റ്റ്‌!" എന്നു നിഷ്കരുണം ഓര്‍മിപ്പിക്കുമായിരുന്നു. തുറമുഖങ്ങളിലെ ചുമരുകളിലെല്ലാം കാണാവുന്ന ഒരു ബോര്‍ഡാണ്‌ 'സേഫ്റ്റി ഫസ്റ്റ്‌' എന്നത്‌. കപ്പലിണ്റ്റെ കാര്യത്തില്‍ അബദ്ധമെന്നൊന്നില്ല. കാരണം അതു താങ്ങാന്‍ പാങ്ങില്ല എന്നതുതന്നെ. ആദ്യം സുരക്ഷ, പിന്നെ സ്വരക്ഷ.

'സേഫ്റ്റി ഫസ്റ്റ്‌' - അതാണ്‌ കപ്പല്‍നിയമം.

Sunday 22 November 2015

നാടകാന്തം

ഗോവയില്‍ പ്രവാസി സാഹിത്യ കൂട്ടായ്മ കുട്ടികള്‍ക്കായി സംഘടിപ്പിച്ച ദ്വിദിന നാടകക്കളരിയാണ്‌ ഈ ചിന്തകള്‍ക്കു തുടക്കമൊരുക്കിയത്‌.

ആദ്യമേ പറയട്ടെ, ഞാനൊരു നാടകക്കാരനല്ല. വായിച്ചിട്ടുള്ള (അല്ലെങ്കില്‍ കണ്ടിട്ടുള്ള) നാടകങ്ങളും വളരെ കുറവ്‌. എങ്കിലും മനസ്സിനെ കൊത്തിവലിക്കുന്ന എന്തോ ഒന്ന്‌ നാടകത്തിലുണ്ട്‌. ആ 'നാടകീയത' ആണ്‌ സാഹിത്യത്തിണ്റ്റെ ശൃംഗത്തിലേക്ക്‌ നാടകത്തെ ഉയര്‍ത്തുന്നത്‌. 'ധ്വനിരാത്മാ കാവ്യസ്യ' (പറയാതെ പറയുന്നതാണ്‌ കാവ്യത്തിണ്റ്റെ ആത്മാവ്‌) എന്നു പറയുന്ന അതേ ശ്വാസത്തില്‍തന്നെ നമ്മുടെ പൂര്‍വികര്‍ 'നാടകാന്തം കവിത്വം' (കവിത്വത്തിണ്റ്റെ അവസാനവാക്കാണ്‌ നാടകം) എന്നും നിര്‍ണയിച്ചു.

കേട്ടുകാണും, 'എല്ലാ ശാസ്ത്രങ്ങളും ഗണിതത്തോടടുക്കുന്നു, എല്ലാ കലകളും സംഗീതത്തോടടുക്കുന്നു' എന്ന്. സംഗീതത്തോട്‌ ഏറ്റവും അടുത്തുനില്‍ക്കുന്ന സാഹിത്യശാഖ കാവ്യം. കാവ്യസിദ്ധിയുടെ പരകോടി നാടകം.

ദൃശ്യ-ശ്രാവ്യകലകളുടെ മേളനമാണ്‌ നാടകം. കാണാനുള്ളതുണ്ടതില്‍. കേള്‍ക്കാനുള്ളതുണ്ടതില്‍. അനുഭവിക്കാനുള്ളതുണ്ടതില്‍. കലകള്‍ ശ്രാവ്യ(ശബ്ദ)മായാണോ ദൃശ്യം(കാഴ്ച) ആയാണോ മനുഷ്യസംസ്ക്കാരത്തില്‍ ആദ്യം ഇടംനേടിയത്‌ എന്നു നിശ്ചയം പോര. അമ്മയുടെ താരാട്ടായിരിക്കാം ആദ്യത്തെ പാട്ട്‌. ഗുഹച്ചുവരുകളിലെ കോറലുകളാവാം ആദ്യത്തെ ചിത്രങ്ങള്‍. ശബ്ദം വളര്‍ന്നു സംഗീതമായി. കാഴ്ച വളര്‍ന്നു ചിത്രമായി. ശബ്ദവും ചിത്രവും സംഗമിച്ചപ്പോള്‍ എഴുത്തായി - വാമൊഴി വരമൊഴിയായി . വരമൊഴി വളര്‍ന്നു സാഹിത്യമായി. കലാസാഹിത്യരൂപങ്ങള്‍ പലതായി.

ഓരോ കലാരൂപത്തിനുമുണ്ട്‌ തനതായ കൈവഴികള്‍, കൈമുദ്രകള്‍, കാല്‍പ്പാടുകള്‍, കൈക്കണക്കുകള്‍, കെട്ടുവിശേഷങ്ങള്‍. ചുമരെഴുത്ത്‌, പാട്ട്‌, താളം എന്നിവയില്‍ തുടങ്ങി, ചിത്രംവര, ആലേഖനം, സംഗീതം, കഥപറച്ചില്‍, നൃത്തം എന്നിവയിലൂടെ വളര്‍ന്ന് വരയും വര്‍ണവും വാക്കും വരിയും രാഗവും താളവും മുദ്രയും ഭാവവും ചലനവും ശബ്ദവും വെളിച്ചവും ശില്‍പവും ആയി കലാസാഹിത്യങ്ങള്‍ പരന്നു പന്തലിച്ചു നില്‍ക്കുന്നു.

ഓരോന്നിനുമുണ്ട്‌ അതിണ്റ്റേതായ ഭാഷയും വ്യാകരണവും. ഒരു പാട്ടില്‍ പറയുന്നതു ഒരു കഥയില്‍ പറയാന്‍ പറ്റിയെന്നുവരില്ല. ഒരു ചലച്ചിത്രത്തില്‍ കാട്ടുന്നത്‌ ഒരു ചിത്രത്തില്‍ വരയാന്‍ കഴിഞ്ഞെന്നുവരില്ല. കവിത വെറും പാട്ടല്ല. പാവക്കൂത്തല്ല നിഴല്‍ക്കൂത്ത്‌. ഫോട്ടോ കാര്‍ട്ടൂണ്‍ ആവണമെന്നില്ല. മിമിക്രി ഒന്ന് വെണ്റ്റ്രിലോക്വിസം വേറൊന്ന്. കഥാകാലക്ഷേപമല്ല കഥാപ്രസംഗം. കൂത്തല്ല കൂടിയാട്ടം. കഥകളിയല്ല ഓട്ടന്‍തുള്ളല്‍. പുള്ളുവന്‍പാട്ടല്ല പാഠകം. റേഡിയോനാടകമല്ല സ്റ്റേജ്‌-നാടകം. പാട്ടുകച്ചേരിയല്ലല്ലോ പോപ്‌-ഷോ. ഖാവാലിയല്ലല്ലോ ബാവുളി. ഓരൊന്നിനും തനതായ സത്ത്വവും സ്വത്വവും ഉണ്ട്‌; വേറിട്ട കര്‍മവും ക്രിയയും. എന്നാല്‍ നാടകത്തില്‍ ഒരുമാതിരി എല്ലാ കലാസാഹിത്യരൂപങ്ങളും സമ്മേളിക്കുന്നു. "യഥാനദി തഥാ സര്‍വേസമുദ്രേ" എന്നപോലെ. രംഗസജ്ജീകരണം ചിത്രശില്‍പങ്ങളുടെ അനുരണനം. കഥയും കവിതയും സംഭാഷണം. അംഗവിക്ഷേപവും ഭാവപ്രകടനവും അഭിനയം. ശബ്ദവും സംഗീതവും പശ്ചാത്തലം.

കൂടിയാട്ടവും കഥകളിയും നാടകത്തിണ്റ്റെ ആദിരൂപങ്ങള്‍. കൂത്ത്‌ കൂടിയാട്ടത്തിണ്റ്റെ കാര്‍ട്ടൂണ്‍. അവയുടെയെല്ലാം സാംസ്ക്കാരികവും സാമൂഹികവും സാത്വികവും സാങ്കേതികവുമായ സംജ്ഞയും സാര്‍ഥകതയും സാംഗത്യമെല്ലാം സ്വായത്തമാക്കി, നാടകമെന്ന സാഹിത്യശാഖ.

ഏറ്റവും വിഷമംപിടിച്ച കലാരൂപമാണു നാടകം. ഒരാളെക്കൊണ്ടാവില്ല. ഒത്തൊരുമിച്ചേ ഒന്നവതരിപ്പിക്കാനാകൂ. ഓരോരുത്തരും ഒന്നൊന്നായ്‌ പയറ്റണം. ഒടുവില്‍ ഒന്നാവണം. ഒരു നിമിഷം മുന്‍പോ ഒരു നിമിഷം പിന്‍പോ പാടില്ല. ആയാല്‍ തെറ്റി. ഒരു വാക്കോ ഒരു നോക്കോ ഒരു നീക്കമോ പിഴയ്ക്കാന്‍ പാടില്ല. ആയാല്‍ തെറ്റി. റേഡിയോനാടകത്തില്‍ ശബ്ദം മാത്രം മതി. സിനിമയില്‍ വെളിച്ചവും ശബ്ദവും; അവ വീണ്ടും വീണ്ടും തിരുത്തിയാല്‍ മതി. നാടകം തത്സമയമാണ്‌. ഉടന്തടി. അതിനു റീ-റെക്കോറ്‍ഡിംഗ്‌ ഇല്ല. റീ-ടേക്കില്ല. നോണ്‍-ലീനിയര്‍ എഡിറ്റിംഗ്‌ ഇല്ല. സൂം ഇല്ല; ക്ളോസ്‌-അപ്‌ ഇല്ല. അബദ്ധത്തിലാകാന്‍ അധികം വേണ്ട. റിഹേഴ്സല്‍ കഴിഞ്ഞാല്‍ എല്ലാം കഴിഞ്ഞു. അരങ്ങില്‍ തന്നെ ആദ്യവസാനം. അരങ്ങില്‍തന്നെ ആസ്വാദനം. കാണികളെ കാണാം. കൊള്ളാമെങ്കില്‍ കരള്‍നിറയെ കൊള്ളാം. കൊള്ളില്ലെങ്കില്‍ കല്ലെറിഞ്ഞാല്‍ കൊള്ളാം.

കഥയിലെഴുതാം, ഒരാള്‍ സന്ധ്യക്ക്‌ ഇവിടെനിന്ന് അവിടെ വരെ നടന്നുപോയെന്ന്. സിനിമയില്‍ അതുകാണിക്കാം - സന്ധ്യയെയും ചുറ്റുപാടിനെയും അയാളെയും അയാളുടെ നടപ്പിനെയുമെല്ലാം. നാടകത്തിലോ ഇതെല്ലാം ധ്വനിപ്പിക്കണം. അതും ഒരു നിര്‍ദ്ദിഷ്ടസമയത്ത്‌, നിര്‍ദ്ദിഷ്ടസ്ഥലത്ത്‌. അതു പകലാവാം രാത്രിയാവാം. അതു നാട്ടിലാവാം മേട്ടിലാവാം. ഒരു നൂറു ചതുരശ്ര അടിയിലൊതുക്കണം സന്ധ്യയെയും ചുറ്റുപാടിനെയും ആളെയും നടപ്പിനെയും എല്ലാം.

പകരംവയ്ക്കാന്‍ വേറൊന്നില്ലാത്തൊരു സിനിമാപ്പാട്ടുണ്ട്‌ മലയാളത്തില്‍: "കണ്ണുനീര്‍ത്തുള്ളിയെ സ്ത്രീയോടുപമിച്ച കാവ്യഭാവനേ.....അഭിനന്ദനം, നിനക്കഭിനന്ദനം". നമ്മെ സര്‍ഗഭാവനയുടെയും സംഗീതസാന്ദ്രതയുടെയും സാമൂഹ്യസത്യത്തിണ്റ്റെയും ഉത്തുംഗതയിലേക്ക്‌ ഉയര്‍ത്തിക്കൊണ്ടുപോകുന്ന ആ വരികളില്‍, "വ്യാസനോ കാളിദാസനോ അതു ഭാസനോ ഷെല്ലിയോ ഷേക്‌സ്പിയറോ..." എന്നൊരു പരാമര്‍ശമുണ്ട്‌. ഇവരഞ്ചില്‍ മൂന്നുപേരും നാടകാചാര്യന്‍മാര്‍ കൂടിയായിരുന്നു എന്നത്‌ യാദൃച്ഛികമാകാന്‍ വഴിയില്ല. നാടകാന്തം കവിത്വം.

ഒരു കൊച്ചു നാടകക്കഥകൂടിപ്പറഞ്ഞ്‌ അവസാനിപ്പിക്കാം. അതൊരു നൃത്തസംഗീത നാടകം. അവസാനിക്കുന്നത്‌ ഭാരതാംബയുടെ ഒരു നിശ്ചലദൃശ്യത്തോടികൂടി. റിഹേഴ്സലെല്ലാം പലവട്ടം ഭംഗിയായി നടന്നിരുന്നു. ദൃശ്യം അരങ്ങേറുന്നതിനു തൊട്ടുമുന്‍പാണ്‌ ഹെഡ്‌-മാസ്റ്റര്‍ക്കൊരു സംശയം, ഭാരതമാതാവിനു രണ്ടു കൈകള്‍ മതിയോ, നാലല്ലേ ഉചിതം? സംവിധായകനായ മലയാളം മാഷും അങ്കലാപ്പിലായി. ചിന്തിക്കാന്‍ സമയവുമില്ല. എന്തുംവരട്ടെയെന്നു കരുതി സംവിധായകന്‍തന്നെ ഭാരതാംബയ്ക്കു പിന്നില്‍ ഒളിഞ്ഞിരുന്നു രണ്ടു കൈകള്‍ പരത്തി നീട്ടി. അതിലൊരു കയ്യില്‍ വാച്ചുണ്ടായിരുന്നു.

Sunday 15 November 2015

'ഊട്രുണ്ടെങ്കിലേ യങ്ങ്ളുക്കുള്ളൂ'

മഴകഴിഞ്ഞു മഞ്ഞുകാലം വരവായി. നാട്ടിലെങ്ങും ഇനി സമ്മേളനങ്ങളായി. 

വെറും രാഷ്ട്രീയസമ്മേളനങ്ങളല്ല. 'അതുക്കും മേലെ'യുള്ള ബുദ്ധിജീവിസമ്മേളനങ്ങള്‍: ചര്‍ച്ചകള്‍, സെമിനാറുകള്‍, സിമ്പോസിയങ്ങള്‍, ശില്‍പശാലകള്‍. ശാസ്ത്രം, സാഹിത്യം, സാമൂഹ്യം, ചരിത്രം, പുരാണം, കച്ചവടം, പരസ്യം, ചലച്ചിത്രം, മാധ്യമം, ആര്യം, ദ്രാവിഡം, ദളിതം, ദൈവികം, എന്നിങ്ങനെ കാക്കത്തൊള്ളായിരം വിഷയങ്ങള്‍ കൈകാര്യം ചെയ്യാനുണ്ടല്ലോ മനുഷ്യരാശിക്ക്‌. മതം, തീവ്രവാദം, സ്ത്രീവിഷയം, അരികുജീവിതം, ആടുജീവിതം, മാടുജീവിതം, ലോക സമധാനം, അധിനിവേശം, അന്യഗ്രഹപ്രവേശം എന്നിവയെല്ലാം അടക്കിപ്പിടിച്ചിരിക്കുകയല്ലേ മാനവരാശി. 

പാശ്ചാത്യരാജ്യങ്ങളിലാണെങ്കില്‍ വസന്തകാലമാണു പഥ്യം. ഇന്ത്യയില്‍ മഞ്ഞുകാലവും. ഇന്ത്യയില്‍തന്നെ ഗോവയാണ്‌ സമ്മേളനങ്ങള്‍ക്കു പ്രിയം. രാജസ്ഥാനും ദില്ലിയും കേരളവുമെല്ലാം കസറുന്നുണ്ട്‌ കോണ്‍ഫറന്‍സുകള്‍ക്ക്‌. ഒന്നുകഴിഞ്ഞാല്‍ മറ്റൊന്ന്‌; ഒരിടം വിട്ടാല്‍ വേറൊന്ന്‌. ഇംഗ്ളീഷില്‍ 'പാര്‍ട്ടി അനിമല്‍' എന്നൊരു വാക്കുണ്ട്‌ (വി.കെ.എന്‍.-മലയാളത്തില്‍ 'അറുതെണ്ടി'). അതുപോലെയാണ്‌ വിഷയ-വിദഗ്ദ്ധന്‍മാര്‍, 'സബ്ജക്റ്റ്‌-എക്സ്പര്‍ട്ടു'മാര്‍ ('വിഷയലമ്പടന്‍മാര്‍' എന്നു വി.കെ.എന്‍.-ഭാഷ്യം). അവര്‍ ഒറ്റയ്ക്കും തെറ്റയ്ക്കും നീങ്ങുന്നു, നിരങ്ങുന്നു, ഇവിടത്തെ പരിപാടികഴിഞ്ഞാല്‍ ഉടന്‍ മറ്റൊരിടത്തേക്ക്‌. അവരില്‍തന്നെ സ്വല്‍പം മുന്തിയ വര്‍ഗം ഭൂലോകതെണ്ടികളായിരിക്കും - ഇന്നു പാരീസില്‍, നാലുനാള്‍ കഴിഞ്ഞാല്‍ സാന്‍ഫ്രാന്‍സിസ്കോവില്‍, സീസണാവുമ്പോള്‍ ദുബായില്‍, കേപ്പ്‌ ടൌണില്‍, ഗോവയില്‍, സിഡ്നിയില്‍..... മീറ്റിംഗ്‌ കഴിഞ്ഞിട്ടൊരു നേരമുണ്ടാകില്ല പാവങ്ങള്‍ക്ക്‌. 

രസമതല്ല. ഇവറ്റകളൊന്നും സ്വന്തം കാശുചെലവാക്കിയല്ല ഇപ്പറഞ്ഞ കോണ്‍ഫറന്‍സുകളായ കോണ്‍ഫറന്‍സുകളിലൊക്കെ കൊത്തിനടക്കുന്നത്‌. ദിവസക്കൂലിയും (ഡി.എ) യാത്രക്കൂലിയും (ടി.എ.) കണക്കിനു കിട്ടും; കിട്ടിയില്ലെങ്കില്‍ ചോദിച്ചു മേടിക്കും. ഇതാണ്‌ പ്രാഥമിക'ഡേറ്റ' ('ദത്തം' എന്നു കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്‌). ഇതുവച്ചുള്ള കളികള്‍ക്ക്‌ നോക്കുകൂലി വേറെയും തരപ്പെടുത്തും. അവിടത്തെ തണുപ്പു താങ്ങാനാവാതെ (വീടു ചൂടാക്കാനുള്ള ചെലവും), ഇവിടത്തെ മഞ്ഞുകാലത്ത്‌ വിരുന്നുവരും സമ്മേളനങ്ങള്‍ക്കായി പാശ്ചാത്യശാസ്ത്രജ്ഞരും സാഹിത്യകാരന്‍മാരും അധ്യാപകരും അര്‍ധ-വിദഗ്ദ്ധരും ('പോസ്റ്റ്‌-ഡോക്ടറല്‍' എന്ന പണിയില്ലാപരിഷകള്‍). കൂടെ അവരുടെ സഹശയനക്കാരും ('കമ്പാനിയന്‍' എന്നു ചെല്ലപ്പേര്‌). അവിടെ 'വര്‍ക്കിംഗ്‌ ഹോളിഡേ'; ഇവിടെ 'പെയ്ഡ്‌ ഹോളിഡേ'. മീറ്റിംഗായ മീറ്റിംഗെല്ലാം നിരങ്ങി വീട്ടുകാരെയും നാട്ടുകാരെയും കണ്ടുമടങ്ങാന്‍ നല്ലൊരവസരം മറുനാടന്‍-ഭാരതീയ-ശിങ്കങ്ങള്‍ക്കും. 

ഇങ്ങനെ സെമിനാറുകളില്‍ പങ്കെടുക്കാനുള്ള ക്ഷണക്കത്തുകിട്ടാന്‍ അപേക്ഷ അയക്കണംപോലും. ആവശ്യപ്പെട്ടാലേ ക്ഷണിക്കപ്പെടുകയുള്ളൂ എന്നത്‌ ഒരു പുതിയ അറിവായിരുന്നു. കാലം കുറെ കഴിയുമ്പോള്‍, 'തെണ്ടിപ്പാസ്സ്‌' സ്ഥിരീകരിക്കപ്പെടുമ്പോള്‍ പിന്നെ മുറതെറ്റാതെ ക്ഷണം വന്നുകൊണ്ടിരിക്കുമത്രേ. കൂട്ടത്തില്‍, നാട്ടില്‍ കുറെ സമ്മേളനങ്ങള്‍നടത്താനൂള്ള ചുമതലയും ലഭിക്കും. 

ആവശ്യപ്പെട്ടാലേ ക്ഷണിക്കപ്പെടുകയുള്ളൂ എന്നത്‌ ഒരു പുതിയ അറിവായിരുന്നു. കാലം കുറെ കഴിയുമ്പോള്‍, 'തെണ്ടിപ്പാസ്സ്‌' സ്ഥിരീകരിക്കപ്പെടുമ്പോള്‍ പിന്നെ മുറതെറ്റാതെ ക്ഷണം വന്നുകൊണ്ടിരിക്കുമത്രേ. കൂട്ടത്തില്‍, നാട്ടില്‍ കുറെ സമ്മേളനങ്ങള്‍നടത്താനൂള്ള ചുമതലയും ലഭിക്കും. സെമിനാറുകള്‍ക്ക്‌ ആദ്യം വേണ്ടത്‌ പറ്റിയ ഒരു വിഷയം കണ്ടെത്തലാണ്‌. മിക്കവാറും വെള്ളക്കാരുടെ ഒരു ഇണ്ടാസുണ്ടാകും പിന്നില്‍. അതു തരംപോലെ നാടിനുചേര്‍ന്നതാക്കാന്‍ നാടന്‍വിരുതന്‍മാരുമുണ്ടാകും. പിന്നെ വേണ്ടതു സ്പൊണ്‍സര്‍മാരാണ്‌. വെള്ളക്കാര്‍ അങ്ങനെയൊന്നും കാശു കൈവിട്ടു കളിക്കില്ല. കാശുതരുന്നെങ്കില്‍ അതിണ്റ്റെ കൂടെ കയറുമുണ്ടാകും. ഇന്നതു ചര്‍ച്ച ചെയ്യണം, ഇന്നിടത്തു ചര്‍ച്ച ചെയ്യണം, ഇന്നാരു ചര്‍ച്ച ചെയ്യണം, ഇന്നതുപോലെ ചര്‍ച്ച ചെയ്യണം എന്നെല്ലാം കണ്ടീഷന്‍സ്‌ അപ്പ്ളൈ. കവാത്തുമറന്ന് നമ്മള്‍ കടുകിട മാറാതെ കാര്യമേല്‍ക്കും. 

പിന്നെയൊരു ഉത്രാടപ്പാച്ചിലാണ്‌ സമ്മേളനം നടത്താന്‍ തരപ്പെടുത്തുന്ന സ്ഥാപനത്തില്‍. ഉപദേശക സമിതി, പണമിടപാടു സമിതി, പ്രോഗ്രാം സമിതി, വരവേല്‍പ്പു സമിതി, നടത്തിപ്പു സമിതി, പ്രസിദ്ധീകരണ സമിതി, ആഹാര സമിതി, വാഹന സമിതി, ഉല്ലാസ സമിതി, സാംസ്കാരിക സമിതി എന്നിങ്ങനെ ജീവനുള്ളവരെയും ഇല്ലാത്തവരെയും കോട്ടിട്ടവരെയും മീശവച്ചവരെയും വെറുക്കപ്പെടേണ്ടവരെയും അല്ലാത്തവരെയും നികൃഷ്ടജീവികളെയും പരമാത്മാക്കളെയും ആറാട്ടുമുണ്ടന്‍മാരെയുമെല്ലാം സ്വരുക്കൂട്ടും. അമ്പുകൊള്ളാത്തവരുണ്ടാകില്ല കുരുക്കളില്‍. പിന്നെ കുരുക്കള്‍പൊട്ടി ചോരയൊലിക്കും സമ്മേളനം തീരുമ്പോഴേക്കും. 

ഉപദേശകസമിതിയില്‍ കൈ നനയ്ക്കാതെ മീന്‍പിടിക്കുന്നവരായിരിക്കും. അവര്‍ക്ക്‌ വേദിയില്‍ ബഹുമാന്യസ്ഥാനവും ഉറപ്പാണ്‌. കുറെ വലിയ കാര്യങ്ങള്‍ വലിയവായില്‍ വാരിവിതറണം. കാണേണ്ടവര്‍ വന്നുകണ്ടും കാണേണ്ടവരെ പോയിക്കണ്ടും സമയം തീരും. മുഴുസമയം ചടങ്ങുകളില്‍ ഉണ്ടാകണമെന്നുമില്ല; കാരണം വേറെയും പല ഇടങ്ങളില്‍, തിരുപ്പതിയിലെപ്പോലെ വേറെ തലകളും കൊയ്യേണ്ടതുണ്ടല്ലോ. പരിപാടികള്‍ക്കു പണംകണ്ടെത്താന്‍ പ്രത്യേകപരിചയമുള്ളവരുണ്ടാകും. പരസ്യവും (രഹസ്യവും) ആയി സ്മരണികയെന്നോ പ്രൊസീഡിംഗ്സ്‌ എന്നോ പുസ്തകമെന്നോ പുരസ്കാരമെന്നോ മറ്റും പറഞ്ഞ്‌ കാശുപിഴിയാം പ്രായോജകരില്‍നിന്ന് (പ്രയോജനം കിട്ടുന്നവര്‍ പ്രായോജകര്‍). വര്‍ക്കിങ്ങ്‌-ലഞ്ച്‌ വിപുലമായില്ലെങ്കിലും ഡിന്നര്‍പാര്‍ട്ടി ഗംഭീരമാക്കണം. അതിനു പ്രായോജകര്‍ കാശുമായി ക്യൂ-നില്‍ക്കും. പ്രസിദ്ധീകരണശാലകള്‍, ഉപകരണങ്ങളുണ്ടാക്കുന്നവര്‍, മരുന്നുകമ്പനികള്‍, കമ്പ്യൂട്ടര്‍കമ്പനികള്‍ എന്നിങ്ങനെ നിര നീണ്ടതായിരിക്കും. 

പങ്കെടുക്കുന്നവര്‍ അവതരിപ്പിക്കാന്‍പോകുന്ന പ്രബന്ധങ്ങളുടെ സംക്ഷേപസാരം ('ആബ്സ്റ്റ്രാക്റ്റ്‌') ശേഖരിക്കലാണ്‌ അടുത്ത പടി. പ്രബന്ധമെഴുതുന്നതിനുമുന്‍പ്‌ സംക്ഷേപമെഴുതുന്നതെങ്ങിനെ എന്നത്‌ നാല്‍പതുവര്‍ഷത്തെ ഗവേഷണജീവിതത്തില്‍നിന്നുപോലും എനിക്കു പഠിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ഒരേസമയം എട്ടും പത്തും സാരാംശം കൈവശംവച്ചു കശക്കിനടക്കുന്നവരെ എനിക്കറിയാം. ഒരേ സംക്ഷേപം പലപല സെമിനാറുകള്‍ക്കായി അയച്ചുകൊടുക്കുന്നവരെയും എനിക്കറിയാം. 

കൂട്ടത്തില്‍ 'പോസ്റ്റര്‍ സെഷന്‍' എന്നൊന്നുണ്ട്‌ - പോസ്റ്ററുണ്ടാക്കി പ്രദര്‍ശിപ്പിക്കല്‍. ഇത്‌ താരതമ്യേന ജൂനിയര്‍മാര്‍ക്കു സംവരണംചെയ്തു വച്ചിട്ടുള്ള സംഭവമാണ്‌. 

ഏറ്റവും ഉയര്‍ന്നത്‌ മുഖ്യപ്രസംഗമാണ്‌. അത്‌ ജൂനിയര്‍മാര്‍ ആരെങ്കിലും എഴുതിക്കൊടുക്കുന്നതാകും എന്നതു വേറെ കാര്യം. എങ്കിലോ അതു കിട്ടിയശേഷം അച്ചടി തുടങ്ങാമെന്നു പ്രസിദ്ധീകരണ സമിതി കരുതിയാല്‍ തെറ്റി. പലപ്പോഴും പകരക്കാര്‍ എഴുതിച്ചേര്‍ക്കുന്നതാണു വഴക്കം. 

പരിപാടിസമിതിയുടെ തലവേദന പൂജ്യരെ എങ്ങിനെ പൂജിക്കണം എന്നതിലാണ്‌. മിക്കപ്പോഴും വട്ടപ്പൂജ്യക്കാരെയും പൂജ്യരാക്കണം. അധ്യക്ഷപദംകൊടുത്ത്‌ സംഗതി സബൂത്താക്കാം. എന്നാലും ചിലപ്പോള്‍ സംഗതി പാളും. വഴിതെറ്റി വല്ല വാഴ്ത്തപ്പെടേണ്ടവരോ വാഴ്ത്തപ്പെടാത്തവരോ വന്നുപെട്ടാലോ. 

സമയക്രമമാണ്‌ സമ്മേളനങ്ങളുടെ ക്രമസമാധാനപ്രശ്നം. ഏതെങ്കിലും ഒരു സെമിനാര്‍ സമയത്തിനു തുടങ്ങി സമയത്തിനു തീര്‍ത്തതായറിവുണ്ടോ? ഇഷ്ടദൈവങ്ങള്‍ ഇഷ്ടപ്രജകള്‍ക്കു യഥേഷ്ടം സമയമനുവദിച്ചുകൊണ്ടായിരിക്കും പ്രസംഗപരിപാടി മുന്നോട്ടുപോവുക. അവസാനക്കാര്‍ക്ക്‌ രണ്ടോ മൂന്നോ മിനിറ്റില്‍ കാര്യംപറഞ്ഞു തണ്ടുതപ്പേണ്ടിവരും. വൈകിയവേളയിലും തീരാഞ്ഞാല്‍ പ്രബന്ധം അവതരിപ്പിച്ചതായി സങ്കല്‍പ്പിക്കാമെന്നു പ്രസ്താവിക്കുന്ന കീഴ്വഴക്കവുമുണ്ട്‌. എന്താല്ലേ. 

ആളുകൂടുന്ന പൊതുപരിപാടിക്കിടെ ആളെക്കിട്ടാനിടയില്ലാത്ത സ്വകാര്യപരിപാടികള്‍ കുത്തിത്തിരുകുന്നതും ഒരു കലയാണ്‌ പല ബുദ്ധിജീവിസമ്മേളനങ്ങളിലും. ഒരു അവാര്‍ഡു കിട്ടിയ ആളെ അനുമോദിക്കലോ പെന്‍ഷന്‍പറ്റുന്നൊരാളെ ആദരിക്കലോ ഒക്കെയായിരിക്കും അജണ്ട. നാട്ടുവെളിച്ചത്തില്‍ നേരാംവണ്ണം നടത്തിയാല്‍ നാലാളുകൂടില്ല. ഇതാണെങ്കില്‍ ചുളുവില്‍ സദസ്സുണ്ടാക്കി കയ്യടി ചോദിച്ചു വാങ്ങാം. കാപ്പിക്കും ചായക്കും അധികച്ചെലവുമില്ല. പുത്തിയുണ്ടല്ലേ. 

ഓണത്തിനിടെ പുട്ടുകച്ചവടം മറ്റൊരു കൌശലമാണ്‌. മിക്കവാറും വല്യേമ്മാന്‍മാരുടെ ചെറുബാല്യക്കാരുടെ വില്‍പ്പന-പ്രദര്‍ശനങ്ങള്‍ സമ്മേളനവേദിക്കരികില്‍ സംഘടിപ്പിക്കും - പുസ്തകമാകാം, പുരാസ്തുവാകാം, പടമാകാം, ഫോട്ടോവാകാം, പരസ്യമാകാം. "പോനാലൊരു പൊട്ടപ്പാക്ക്‌; ആനാലൊരു അടയ്ക്കാമരം" എന്നു യുക്തി. 

വരവേല്‍പ്പും എതിരേല്‍പ്പും മുടിഞ്ഞ പണിയാണ്‌. വി.ഐ.പി.-അല്ലാത്ത ആരുണ്ടീയുലകത്തില്‍? വന്നിറങ്ങുമ്പോള്‍ കാറുണ്ടാകണം എന്നു മാത്രമല്ല, അതു തനിക്കായിമാത്രം വേണം എന്നതാണു നാട്ടുനീതി. ഇതിനെല്ലാമിടയില്‍, സമ്മേളനത്തിനുവരുന്ന ചില്ലറകളും ചില്വാനങ്ങളും ചിതറിനടക്കും ചുറ്റുവട്ടത്തെല്ലാം, അനാഥപ്രേതങ്ങള്‍പോലെ, കഴുത്തില്‍ കെട്ടിത്തൂക്കിയൊരു കാറ്‍ഡുമായി. 

സമ്മേളനത്തിണ്റ്റെ പ്രധാനഘടകമാണ്‌ കാഴ്ച്ചകാണലും കലാപരിപാടിയും. കഴുകന്‍മാരുടെ കണ്ണ്‌ ഇതില്‍മാത്രമായിരിക്കും. "കാഴ്ചകാണല്‍പരിപാടിയില്ലാത്ത തണ്റ്റെ കോണ്‍ഫറന്‍സ്‌ എന്തു കോണ്‍ഫറന്‍സ്‌?" എന്ന് എന്നോടു തട്ടിക്കയറിയവരുണ്ട്‌. 'മേതാസ്‌' അല്ല, സത്യം തന്നെ! 

സെമിനാറിനുള്ളിലും നേരമ്പോക്കുകള്‍ പലവകയുണ്ടാകും. ഇഷ്ടമല്ലാത്തച്ചി തൊട്ടതെല്ലാം കുറ്റം, മനോരഞ്ജിതം രഞ്ജിതമായാല്‍ ചാണകക്കുന്തിയും ചമ്മന്തി, കാര്‍ന്നോര്‍ക്ക്‌ അടുപ്പിലും ആകാം, നാലു തല ചേര്‍ന്നാലും നാലു മുല ചേരില്ല, തനിക്കു താനും പെരയ്ക്കു തൂണും, മണ്ണുംചാരിനിന്നവന്‍ പെണ്ണുംകൊണ്ടുപോയി, കയ്യാലപ്പുറത്തെ കടുക്‌ ഇത്യാദി പഴഞ്ചൊല്‍മാലകളൊക്കെ പരമാര്‍ഥാമാകുന്നതു കാണാം പ്രബന്ധാവതരണം പുരോഗമിക്കുമ്പോള്‍. അറിവുള്ളവന്‍ തുറന്നുകാട്ടും. അറിവില്ലാത്തവന്‍ പൊക്കിക്കാട്ടും. അറിയേണ്ടാത്തവന്‍ കണ്ണടയ്ക്കും. ചോദ്യത്തിനുത്തരം അറിയുമെങ്കില്‍ പൊള്ളച്ചിരിയും അറിയില്ലെങ്കില്‍ ഇളിഭ്യച്ചിരിയും അതുമല്ലെങ്കില്‍ കൊലച്ചിരിയും. ഒട്ടും മുഷിയില്ല. 

പ്രോഗ്രാം തുടങ്ങുമ്പോള്‍ കൃത്യസമയത്തിനു തിരക്കിട്ടു വരുന്നവരെ സൂക്ഷിക്കുക. അധികം വൈകാതെ അവര്‍ സ്ഥലം വിടുന്നുണ്ടാകും. പിന്നെ പൊങ്ങുന്നത്‌ ഊണ്‍സമയത്തിനു തൊട്ടുമുന്‍പാകും, അല്ലെങ്കില്‍ ചായക്കുമുന്‍പ്‌. ആരായാലും വിഷയമെന്തായാലും പ്രബന്ധാവതാരകനെ ഇടയ്ക്കുവച്ചു നിര്‍ത്തിച്ച്‌ ആ സമയത്തൊരു സംശയംതീര്‍ക്കലുണ്ടാകും. അതുവരെ മുങ്ങിയിരുന്ന കാര്യം ഇരുചെവി അറിഞ്ഞിട്ടില്ല; അമ്പട ഞാനേ. 

പ്രധാനകാര്യം വിട്ടു. ആഹാരം. സമ്മേളനങ്ങളില്‍ പങ്കെടുക്കുന്ന ആരുംതന്നെ ഇന്നത്തെക്കാലത്ത്‌ പട്ടിണിക്കാരായില്ല. എന്നാലും ആഹാരത്തിണ്റ്റെ കാര്യത്തില്‍ ഒരുതരം ആവേശമാണ്‌ ഭാരവാഹികള്‍ക്കും പങ്കെടുക്കുന്നവര്‍ക്കും. ക്യൂവും കൂപ്പണും കുത്തിക്കയറ്റവും കൂടെക്കയറ്റവും കൂട്ടുകൂടലും കൂടെയിരിക്കലും എല്ലാമായി കശപിശ. മുന്നറിയിപ്പൊന്നുമില്ലാതെ സിമ്പോസിയം ഊണിനുമുന്‍പ്‌ തീര്‍ത്തു കതകടച്ചത്‌ ദില്ലിയിലൊരിക്കല്‍, ആഹാരച്ചെലവു ലാഭിക്കാന്‍. ഇവിടെ ഒരു മീറ്റിംഗിന്‌ ഉച്ചയൂണിനും അവിടെ ഒരു മീറ്റിംഗിണ്റ്റെ അത്താഴവിരുന്നിനും ഒരേ വിഭവങ്ങള്‍ മൌറീഷ്യസ്സിലൊരിക്കല്‍, കരാറുകാരന്‍ ഒന്നായതിനാല്‍. വിശിഷ്ടവിഭവങ്ങള്‍ പൊതിഞ്ഞെടുപ്പിച്ച്‌ ഉച്ചതിരിഞ്ഞതും വിമാനത്തില്‍കയറി വീട്ടിലേക്കുതിരിച്ച വി.ഐ.പി. സാങ്കല്‍പികമല്ല. 

സമ്മേളനസദ്യകളില്‍ ആദ്യദിവസത്തെ വിളമ്പല്‍ നഷ്ടത്തിലായിരിക്കും, രണ്ടാംദിവസംതൊട്ട്‌ നഷ്ടം കുറയും, അവസാനനാളുകളില്‍ വന്‍ലാഭമായിരിക്കും. ഇതു പറഞ്ഞത്‌ മാലോകരുടെ മനസ്സറിയാവുന്ന മലയാളിയായൊരു കുശിനിക്കരാറുകാരന്‍. 

ഒരിക്കല്‍ ഞാനും എണ്റ്റെ മേധാവിയുംകൂടി ഒരു പരീക്ഷണം നടത്തിനോക്കി. ഒരു കൊച്ചു മീറ്റിംഗ്‌. ഒന്നര ദിവസം കവിയില്ല. കൈകാര്യംചെയ്യാന്‍ അതിപ്രധാനമായൊരു വിഷയം. ഗോവയില്‍, ആരും ബന്ധുമിത്രപുത്രകളത്രാദികളോടുകൂടി വരാനിഷ്ടപ്പെടാത്ത മഴക്കാലത്തായിരിക്കും ചര്‍ച്ച. യാത്രാച്ചെലവോ ദിവസച്ചെലവോ ഒന്നും ഉണ്ടാകില്ല, എല്ലാം സ്വന്തം ഓഫീസില്‍നിന്നു കണ്ടെത്തിക്കൊള്ളണം. താമസത്തിനു സ്വന്തമായിത്തന്നെ സൌകര്യങ്ങള്‍ ചെയ്തുകൊള്ളണം. ആഹാരം സ്ഥാപനത്തിണ്റ്റെ ഭോജനശാലയില്‍ ഒരുക്കിയിരിക്കും. കൃത്യമായ അജണ്ട സമയത്തിനകത്തു ചെയ്തുതീര്‍ക്കണം. നൂറുപേരെ വിളിച്ചു. മുപ്പതുപേര്‍ മറുപടി തന്നു. പത്തുപേര്‍ വന്നു. എല്ലാം ഗൌരവപൂര്‍വം കാര്യത്തെ സമീപിക്കുന്നവര്‍. ഒന്നരദിവസംകൊണ്ട്‌ ഒരു വൈജ്ഞാനികരേഖ പുസ്തകരൂപത്തില്‍ മെനയാനായി (അതു പ്രസിദ്ധപ്പെടുത്താന്‍ കഴിയാതെ വന്നതു വേറെ കഥ). വിദേശങ്ങളില്‍ നടത്തുന്ന പല സീരിയസ്‌ കോണ്‍ഫറന്‍സുകളും ഇത്തരത്തിലാണ്‌. മുടക്കിയ പണം മുതലാക്കിയേ മീറ്റിംഗ്‌ പിരിയൂ. വേണെങ്കില്‍ ചക്ക വേരേലും. 

മറിച്ച്‌, ചെല്ലും ചെലവുംകൊടുത്തു സംഘടിപ്പിക്കുന്ന മറ്റു വിദ്വല്‍സദസ്സുകളുടെയും മുറജപങ്ങളുടെയും മാമാങ്കങ്ങളുടെയും ജയപരാജയങ്ങള്‍ നിര്‍ണയിക്കുന്ന അളവുകോല്‍ എന്തെന്നല്ലേ - കോണ്‍ഫറന്‍സ്‌-ബാഗ്‌, കഴുത്തില്‍തൂക്കുന്ന കാര്‍ഡിണ്റ്റെ ചന്തം, സമ്മാനപ്പൊതി, ഉല്ലാസയാത്രകള്‍, ആഹാരം! 

ഇതെല്ലാം കണ്ടു തഴമ്പിച്ചിട്ടാവണം 'പാത്രചരിതം' തുള്ളലില്‍ കുഞ്ചന്‍ നമ്പ്യാര്‍ എഴുതിയത്‌, "ഊട്രുണ്ടെങ്കിലേ യങ്ങ്‌ളുക്കുള്ളൂ" എന്ന്. നേര്‍ഭാഷയില്‍, 'സദ്യയുണ്ടെങ്കിലേ ഞങ്ങള്‍ക്കുമുള്ളൂ' എന്നര്‍ഥം. സദ്യയൂട്ടില്ലാത്തതിനാല്‍ കുറെ എമ്പ്രാന്തിരിമാര്‍ മറ്റു പലര്‍ക്കുമൊപ്പം ഏതോ വിദ്വല്‍സദസ്സില്‍നിന്ന് ഇറങ്ങിപ്പോയ കഥയാണത്രേ. എത്ര കൊലകൊമ്പന്‍സമ്മേളനമായാലും ഊട്ടുണ്ടെങ്കിലേ പങ്കെടുക്കുവാന്‍ തങ്ങള്‍ക്കു താല്‍പര്യമുള്ളൂ എന്ന്. അല്ലെങ്കിലും കൊലകൊമ്പന്‍സമ്മേളനം എന്നാല്‍ത്തന്നെ അര്‍ഥം കൊലകൊമ്പന്‍ സദ്യ എന്നല്ലേ. 

എന്നാല്‍ ഈ വരി വെറും കളിയാക്കല്‍മാത്രമല്ലെന്ന്, 'നല്ല മലയാളം' എന്ന ഫേസ്ബുക്ക്‌-ഗ്രൂപ്പിലെ നിറസാന്നിധ്യമായ വിശ്വപ്രഭയും കൂട്ടരും പറഞ്ഞുതന്നു. സദ്യയൂട്ടുണ്ടെങ്കിലേ എത്ര പണ്ഡിതനായാലും തര്‍ക്കാദികാര്യങ്ങളില്‍ താത്‌പര്യമുണ്ടാകൂ എന്നൊരര്‍ഥം. ഉണ്ണാന്‍ കോപ്പുണ്ടെങ്കിലേ വ്യാകരണം തുടങ്ങിയ ശാസ്ത്രങ്ങള്‍ പഠിക്കാനും കഴിയൂ എന്നു രണ്ടാമതൊരര്‍ഥം. മൂന്നാമതായി ഇതിലൊരു സംസ്കൃതവ്യാകരണസൂത്രം ഒളിഞ്ഞിരിക്കുന്നത്രേ. (ദ്രാവിഡത്തില്‍ ഊട്‌, ഋ, രേഫങ്ങള്‍ എന്നീ പ്രത്യയാന്തങ്ങളിലേ യ ങ്‌ - ലു ക്‌ പ്രയോഗങ്ങള്‍ ശോഭിക്കൂ എന്നതാണത്രേ കുഞ്ചന്‍ നമ്പ്യാരുടെ ഉക്തിയുടെ പൊരുള്‍). ഡാര്‍വിനും ഡാവിന്‍സിക്കുമൊപ്പം ധിഷണാശാലിയായിരുന്നു നമ്മുടെ കുഞ്ചന്‍! നമ്മള്‍ വെറും ഉണ്ണാമന്‍മാര്‍!

Monday 9 November 2015

"ചായ ചായ, കാപ്പി കാപ്പി"

രണ്ടുവയസ്സായപ്പോഴേക്കും എണ്റ്റെ കൊച്ചുമകന്‌ ട്രെയിന്‍-യാത്രയെന്നാല്‍ 'ചായ ചായ, കാപ്പി കാപ്പി' എന്നാണ്‌. എനിക്കു തീവണ്ടിയാത്രയെന്നാല്‍ മൂത്രനാറ്റം ഓര്‍മവരും. എണ്റ്റെ ഭാര്യക്കോ വണ്ടിയെന്നാല്‍ ഒടുക്കത്തെ പുറംവേദന. ഓരോരുത്തര്‍ക്കും ഓര്‍മിക്കാന്‍ ഓരോന്ന്, അല്ലേ.

ഒരു തീവണ്ടിയില്‍ എത്രായിരം ആളുകള്‍. എത്രായിരം ജീവിതങ്ങള്‍. എത്രായിരം കഥകള്‍. എത്രായിരം ഓര്‍മകള്‍!

കരയുന്നു, ചിലര്‍ ചിരിക്കുന്നു. സുഖിക്കുന്നു, ചിലര്‍ മരിക്കുന്നു. ഉള്ളവനെയും ഇല്ലാത്തവനെയും ഒരേ എഞ്ചിന്‍ വലിക്കുന്നു. ചിലര്‍ ഇറങ്ങുന്നു. ചിലര്‍ കയറുന്നു. തണ്ടുവാളം കൂട്ടിമുട്ടാതെ നീണ്ടുനിവര്‍ന്നു കിടക്കുന്നു. ചിലര്‍ക്ക്‌ ആദ്യയാത്ര. ചിലര്‍ക്ക്‌ അന്ത്യയാത്ര. യാത്രാവേളയില്‍ ബന്ധങ്ങളുടെ ചുരുള്‍ നിവരുന്നു. യാത്ര കഴിയുമ്പോള്‍ ബന്ധനം വീണ്ടും ചുരുങ്ങുന്നു.

കുറെ പിണക്കങ്ങള്‍. കുറെ ഇണക്കങ്ങള്‍. ചിലര്‍ക്കു കണ്ടുമുട്ടല്‍. ചിലര്‍ക്കു വേര്‍പിരിയല്‍. മനുഷ്യനെ അറിയാന്‍ തീവണ്ടിയാത്ര പോലൊന്നില്ല.

പലപ്പോഴും ആശ്ചര്യപ്പെടാറുണ്ട്‌, തീവണ്ടിയോട്ടുന്നവരുടെ മനോരാജ്യത്തെപ്പറ്റി. കൂട്ടിന്‌ കടുത്ത ഏകാന്തത. ചുറ്റും യന്ത്രരാക്ഷസണ്റ്റെ ഒടുങ്ങാത്ത അലര്‍ച്ച. പിന്നില്‍ കാലചക്രങ്ങളുടെ ഏകതാനതാളം. മുന്നില്‍ നെടുനീളെ പാളങ്ങള്‍. പകല്‍ പരന്നൊരു പരവതാനി. രാത്രിയോ ഇരുട്ടിനെ കീറിമുറിച്ചൊരു വെളിച്ചക്കുന്തവും. ഇരുട്ടിനെ നോക്കി, ചക്രവാളത്തെ നോക്കി, ശൂന്യതയെ നോക്കി, രാവും പകലും. മഞ്ഞെന്നില്ല, മഴയെന്നില്ല, വെയിലെന്നില്ല ഈ പരക്കംപാച്ചിലിന്‌. ഒന്നുറങ്ങിയാല്‍, മനസ്സൊന്നു പതറിയാല്‍ - എത്ര പേരാണ്‌ തന്നെ വിശ്വസിച്ചു മുന്നിലെന്തെന്നറിയാതെ, അല്ലലെന്തെന്നറിയാതെ യത്രചെയ്യുന്നത്‌! ഏതു നിമിഷത്തിലും ഏതു വളവിലും ഏതു കയറ്റിറക്കത്തിലും, എന്തിന്‌ വെറും വെളിമ്പ്രദേശത്തുപോലും അപകടം പതിയിരിക്കാം. അതു തടയാനോ തടുക്കാനോ മുടക്കാനോ മടക്കാനോ കഴിയാത്ത ലോക്കോ പൈലറ്റ്‌. വരുന്നതു വരുന്നിടത്ത്‌. അറിയാത്തതിലേക്കുള്ള അറിഞ്ഞുകൊണ്ടുള്ള പ്രയാണം. ആ മനസ്സില്‍ വേറൊന്നുമുണ്ടാവാന്‍ ഇടയില്ല. അനന്തത, ആദിമധ്യാന്തങ്ങളുടെ അവിരാമമായ ആവര്‍ത്തനവിരസത. യാത്ര മുഴുവന്‍ തികഞ്ഞ ധ്യാനം. യാത്ര കഴിഞ്ഞാല്‍ തിരതള്ളുന്ന സായൂജ്യം.

വണ്ടിപ്പിറകിലെ കാവലാളുടെ മനോഗതിയോ? വട്ടംകൂടിയ ശൂന്യതയ്ക്കുമാത്രം കൂട്ടായി പുറംനോക്കിയിരിക്കണം വണ്ടി ലക്ഷ്യസ്ഥാനത്തു സുരക്ഷിതമായി ചെന്നെത്തുന്നതുവരെ. വഴിക്കുണ്ടാകുന്ന ഏതു സംഭവത്തിനും ഉത്തരവാദി ഗാര്‍ഡ്‌. മുന്നിലെന്തന്നറിയാതെ പിന്നിലെന്തെന്നറിയുന്ന പരകായപ്രയത്നം. അഗാധതയില്‍ അടിയൊഴുക്കുസൂക്ഷിക്കുന്ന അലയാഴിയുടെ ആത്മസമര്‍പ്പണം. ഏകാന്തതയുടെ മൌനഗാനത്തിന്‌ ചാക്രികസംഗീതം, ഏകതാളം.

പച്ചയ്ക്കും ചെമപ്പിനുമിടയില്‍ ലോഹജന്തുക്കളെ തെളിക്കുന്നവര്‍, തളയ്ക്കുന്നവര്‍ വണ്ടിയുടെ അങ്ങേത്തലയ്ക്കും ഇങ്ങേത്തലയ്ക്കും ഉള്ള ഈ ഒറ്റയാന്‍മാര്‍. നടുക്കോ, തിക്കിയും തിരക്കിയും ആള്‍ക്കൂട്ടം അവരുടെ അദൃശ്യകരങ്ങളില്‍ വിശ്വാസമര്‍പ്പിച്ചു വിരാജിക്കുന്നു.

അത്തരമൊരു ദീര്‍ഘയാത്രയിലാണ്‌ വണ്ടി സാമാന്യം വലിയൊരു സ്റ്റേഷനില്‍ നിര്‍ത്തിയത്‌. സമയം സായന്തനത്തോടടുക്കുന്നു. ചുറ്റും സ്വച്ഛഭാരതം; കുടുംബശ്രീയും. അടിക്കലും വാരലും കഴുകലും തുടയ്ക്കലും തകൃതിയില്‍. അവരുടെ വരയെണ്ണാനും വരിയെണ്ണാനും വരവായി വയര്‍ലെസ്സുമായി വയറുള്ള വിദ്വാന്‍മാര്‍. വയറ്റുപിഴപ്പല്ലേ; വിമര്‍ശിക്കരുത്‌. വണ്ടിനിര്‍ത്തിയാലും കാഴ്ച; വണ്ടിവിട്ടാലും കാഴ്ച. വഴിയാത്രയിലെപ്പോഴും കൌതുകക്കാഴ്ച തന്നെ.

നിനച്ചിരിക്കാതെയാണ്‌ തീവണ്ടിയാപ്പീസിനപ്പുറത്തെ കെട്ടുകൂടാരങ്ങള്‍ കണ്ണില്‍പെട്ടത്‌. പ്ളാസ്റ്റിക്കും തുണിയും താര്‍പ്പായയും കമ്പില്‍കൊരുത്തു കെട്ടിയുണ്ടാക്കിയ കൊച്ചുകൊച്ചു കുടിലുകള്‍. പത്തിരുപതെണ്ണം കാണും. പണിക്കാരല്ല, കാരണം ആണുങ്ങളും പെണ്ണുങ്ങളും കുഞ്ഞുങ്ങളും വൃദ്ധന്‍മാരും എല്ലാം ആ നാലുമണി സമയത്തുണ്ട്‌. നാടോടികളല്ല, കാരണം ചട്ടിയും കലവും കുട്ടയും കുടവും അടുപ്പും കട്ടിലും കിടക്കയും തുണിയും സൈക്കിളും എല്ലാമായി സാമാന്യം ഭേദപ്പെട്ട സാധനസാമഗ്രികള്‍ അവര്‍ ശേഖരിച്ചിട്ടുണ്ട്‌. അത്താഴം ഒരുക്കാനുള്ള പുറപ്പാടിലാണ്‌ സ്ത്രീകള്‍. വയസ്സായവര്‍ വെയില്‍കാഞ്ഞുറങ്ങുന്നു. സ്ത്രീകള്‍ അടുപ്പിലെ പുകയൂതുന്നു. ചെറുപ്പക്കാര്‍ ബീഡിവലിച്ചു തള്ളുന്നു. വണ്ടിയില്‍ നിറയ്ക്കാന്‍ വെള്ളക്കുഴല്‍ തുറന്നപ്പോഴേക്കും കുറെ സ്ത്രീകള്‍ കുടങ്ങളുമായെത്തി. നിറകുടങ്ങള്‍ ചുമന്ന് വരമ്പു ചാടി പാളങ്ങള്‍ താണ്ടി പാവം പെണ്ണുങ്ങള്‍ തിരിച്ചെത്തി. അപ്പോഴേയ്ക്കും ഒരു ചെറുബാല്യക്കാരന്‍ മൊന്തമുക്കി വെള്ളമെടുത്തു മോന്ത കഴുകുന്നു. ഒരു വൃദ്ധന്‍ കൈകാട്ടിയപ്പോള്‍ പെണ്ണൊരുത്തി കോപ്പയില്‍ വെള്ളമെടുത്തു കൊണ്ടുപോയിക്കൊടുക്കുന്നു. കല്ലെറിഞ്ഞു കളിച്ച കുറെ പിള്ളേറ്‍ അമ്മമാരുടെ തല്ലു വാങ്ങുന്നു. രണ്ടു പെണ്‍കുട്ടികള്‍ ലോട്ടയില്‍ വെള്ളം നിറച്ച്‌ പിറകിലെ പൊന്തക്കാട്ടില്‍ മറയുന്നു. ഒരു പയ്യന്‍ ലുങ്കിമാറ്റി മുണ്ടൂടുത്ത്‌ ഷര്‍ട്ടുമാറി മുഖംതുടച്ച്‌ മുടിചീകി വാച്ചുംകെട്ടി പുറത്തേക്കിറങ്ങുന്നു. തൃപ്തിവരാതെ തിരിച്ചുചെന്ന് ഒരിക്കല്‍കൂടി മരത്തില്‍ ആണിതറച്ചുറപ്പിച്ച കണ്ണാടിച്ചീന്തില്‍ മുഖംനോക്കി മിനുക്കുന്നു. ഒന്നുരണ്ടഴകികള്‍ പുത്തന്‍ചേലയുടുത്ത്‌ ചുണ്ടു ചെമപ്പിച്ച്‌ മുടിയൊതുക്കി പൂചൂടി പയ്യണ്റ്റൊപ്പം പട്ടണത്തേക്ക്‌.

വണ്ടിക്കകത്തെ സുരക്ഷിതത്വത്തില്‍ വണ്ടിപ്പുറത്തെ ജീവിതം കാണാന്‍ എന്തുരസം, അല്ലേ? അകലത്തില്‍നിന്നും ഉയരത്തില്‍നിന്നും എല്ലാം ചെറുതായിക്കാണില്ലേ, സുന്ദരമായിക്കാണില്ലേ. 'ഗോഡ്‌ ഓഫ്‌ സ്മോള്‍ തിംഗ്സ്‌' അവതരിക്കുന്നതങ്ങിനെയല്ലേ. പട്ടിണിയും പരിവട്ടവും പ്രശ്നങ്ങളും പരാതികളും അകന്നുനില്‍ക്കുന്നവന്‍ അറിയണമെന്നില്ലല്ലോ. ആദികവിയും അന്തിക്രിസ്തുവും ആകസ്മികമല്ലെന്നുണ്ടോ?

ഉള്ളവനും ഇല്ലാത്തവനും എന്നു രണ്ടു ക്ളാസ്സുകളിലൊതുങ്ങിയിരുന്ന ജനങ്ങളെ ഇന്നിപ്പോള്‍ ഫസ്റ്റ്‌-ക്ളാസ്സിലും ടൂ-ടിയറിലും ത്രീ-ടിയറിലും സ്ളീപ്പറിലും ചെയര്‍-കാറിലും സിറ്റിംഗിലും മെയിലിലും എക്സ്പ്രസ്സിലും ശതാബ്ദിയിലും രാജധാനിയിലും തുരന്തോവിലും ഗരീബ്‌-രഥിലും പാസ്സഞ്ചറിലും മെമു-വിലും ഡെമു-വിലും സബര്‍ബനിലും മെറ്റ്രോ-വിലുമായി അടക്കംചെയ്ത്‌ അടയാളപ്പെടുത്തിയിരിക്കുന്നു. ഇനിയല്ലേ ശുഭയാത്ര!

മുക്കാല്‍മണിക്കൂറെങ്കിലും ആയിക്കാണണം ഞാന്‍ വണ്ടിവിട്ട്‌ വഴിവിട്ട്‌ മനോരാജ്യത്തില്‍ കുടുങ്ങിയിട്ട്‌. വണ്ടി നീങ്ങിത്തുടങ്ങിയതോടെ, 'ചായ ചായ, കാപ്പി കാപ്പി'..... പരിസരമുണര്‍ന്നു. ഞാനും.

Sunday 1 November 2015

കുറിയ മനുഷ്യനും വലിയ ലോകവും

കഴിഞ്ഞവര്‍ഷം (൨൦൧൪) നവരാത്രി സമയത്ത്‌ ഒരു സംഘം ചെറുപ്പക്കാര്‍ തൃപ്പൂണിത്തുറ തെക്കുംഭാഗത്തെത്തുന്നു. പാവംകുളങ്ങര പ്രദേശത്തെ ഒരു പഴയ 'എക്സ്ട്രാ-ഓര്‍ഡിനറി' അധ്യാപകനെ അന്വേഷിച്ചാണ്‌. ഒരു വീട്ടുപടിക്കല്‍ നല്ല പ്രായമുള്ള ഒരു കുറിയ മനുഷ്യന്‍ ആരോടോ കുശലംചൊല്ലി നില്‍ക്കുന്നു. തിരക്കിയപ്പോള്‍ മറുപടി: "എക്സ്ട്രാ-ഓര്‍ഡിനറി ആയ അധ്യാപകനെപ്പറ്റി അറിവില്ല. പക്ഷെ എക്സ്ട്രീംലി-ഓര്‍ഡിനറി ആയ ഒരു അധ്യാപകനുണ്ട്‌. അതു ഞാനാണ്‌. "

'എക്സ്ട്രീംലി-എക്സ്ട്രാ-ഓര്‍ഡിനറി' ആയ ആ അധ്യാപകനെപ്പറ്റി ഒരു ഡോക്യുമെണ്റ്ററി ഉണ്ടാക്കലായിരുന്നു വന്നവരുടെ ഉദ്ദേശം. ശ്രീ ടി. എ. അരവിന്ദാക്ഷന്‍ മാസ്റ്റര്‍: ഇരുപതാം നൂറ്റാണ്ടിണ്റ്റെ പകുതിയില്‍ തുടങ്ങി അവസാനമെത്തിയപ്പോഴേക്കും അവസാനിപ്പിച്ച ഔപചാരികാധ്യാപനം, ഇന്നും അനൌപചാരികമായി തുടരുന്നു. ഒച്ചയില്ലാതെ, ബഹളമില്ലാതെ, പരസ്യമില്ലാതെ, പരസഹായമില്ലാതെ.

രണ്ടുമൂന്നു തലമുറകളെ മലയാളവും അതിനേക്കാള്‍ കൂടുതല്‍ ജീവിതവും പഠിപ്പിച്ച ഗുരുവര്യന്‍. കേരളത്തിണ്റ്റെ വടക്കും തെക്കും പണിയെടുത്തിട്ടുണ്ടെങ്കിലും മുക്കാല്‍പങ്കും തൃപ്പൂണിത്തുറയിലെ സ്കൂളുകളിലായിരുന്നു. പ്രിയഭാര്യയും അധ്യാപികയായിരുന്നു. ഒരു ഔദ്യോഗിക-സംഘടനയുടെയും അംഗമല്ലാതിരുന്നിട്ടുപോലും, ഒട്ടുമിക്ക സംഘടനകളും സംഘാടകരും ഒന്നുപോലെ ബഹുമാനിക്കുകയും അഭിപ്രായവും ഉപദേശവും തേടിയെത്തുകയും ചെയ്യുന്നു. ലോകമെമ്പാടും ശിഷ്യസമ്പത്ത്‌. സൌകര്യമൊക്കുമ്പോള്‍ ഒരൊറ്റൊരാള്‍വിടാതെ മാസ്റ്ററെ വന്നുകാണും; മുന്നില്‍ വീണ്ടും കൊച്ചുവിദ്യാര്‍ഥികളാവും. അതറിഞ്ഞവരായിരുന്നു ഡോക്യുമെണ്റ്ററി ചെയ്യാന്‍ അരവിന്ദാക്ഷന്‍മാസ്റ്ററുടെ അനുവാദത്തിനായി പാവംകുളങ്ങരെ വന്ന് അപേക്ഷിച്ചത്‌. ഉടന്‍ മാസ്റ്ററുടെ മറുപടി: അപേക്ഷയാണെങ്കില്‍ അതു നിരസിക്കും; ആവശ്യമാണെകില്‍ അനുവദിക്കും. കാരണം അപേക്ഷ അപേക്ഷിക്കുന്നവണ്റ്റെ കീഴടങ്ങലാണ്‌, അനുവദിക്കുന്നവണ്റ്റെ മേലാളത്തവും. നിരസിക്കുന്തോറും നിരസിക്കുന്നവണ്റ്റെ മേല്‍ക്കോയ്മ കൂടും. എന്നാലോ ആവശ്യം ആരുടെയും ആത്മാര്‍ഥമാണ്‌, സ്വാഭാവികമാണ്‌. അതനുവദിക്കുമ്പോള്‍ അനുവദിക്കുന്നവന്‍ ആവശ്യക്കാരണ്റ്റെ നിലയിലേക്കുയരുന്നു; നിരസിച്ചാല്‍ ആവശ്യക്കാരണ്റ്റെ നിലയില്‍നിന്നു താഴുന്നു. അതുകൊണ്ട്‌, അപേക്ഷയാണെങ്കില്‍ നിരസിക്കുന്നു; ആവശ്യമാണെങ്കില്‍ അനുവദിക്കുന്നു - സമ്മതത്തോടെ, സന്തോഷത്തോടെ!

അതാണ്‌ കൊല്ലിമുട്ടത്ത്‌ അരവിന്ദാക്ഷന്‍മാസ്റ്റര്‍. അഞ്ചടിയോടെത്തുന്ന ഉയരം. ഒരു ഇല്ലിച്ചില്ലയുടെ വണ്ണം. വെള്ളജുബ്ബയും ഒറ്റമുണ്ടും. കാലം ൧൯൬൫. അന്നേ സമൃദ്ധമായ നര - 'തലയുണ്ടെങ്കിലേ മുടിയുണ്ടാകൂ, മുടിയുണ്ടെങ്കിലേ നരയ്ക്കൂ' എന്നു ഭാവം. ഞങ്ങള്‍ പത്താംക്ളാസ്സ്‌ വിദ്യാര്‍ഥികള്‍. പിള്ളേരല്ലേ, മണിയടിച്ചാല്‍ ബെഞ്ചില്‍നിന്നൊരു ചാട്ടമാണ്‌ പുറത്തേക്കിറങ്ങാന്‍. അറ്റത്തുള്ളവര്‍ മാറിത്തരുന്നതുവരെ നില്‍ക്കാനുള്ള ക്ഷമയൊന്നുമില്ലല്ലോ ഇടയ്ക്കിരിക്കുന്നവര്‍ക്ക്‌. ഞങ്ങള്‍ തലകുനിച്ച്‌ ഡെസ്ക്കിനടിയിലൂടെ നൂണിറങ്ങും. അങ്ങനെ ഒരു ദിവസം തല കുമ്പിട്ട്‌ അപ്പുറത്തു പൊന്തിച്ചപ്പോള്‍ കണ്ടത്‌ അരവിന്ദാക്ഷന്‍സാറിനെ. അദ്ദേഹം ഞങ്ങളെ തടഞ്ഞുനിര്‍ത്തി. "അരുത്‌; ഒരിക്കലും അരുത്‌. ഒരിക്കലും തല താഴ്ത്തരുത്‌. മാന്യമായ രീതിയില്‍ തല ഉയര്‍ത്തിവച്ച്‌ പതുക്കെ എഴുന്നേറ്റുപോകൂ. ഇന്ന് ഈ ചെറിയൊരു കാര്യത്തിനു തല കുനിച്ച നിങ്ങള്‍ നാളെ വലിയ പ്രശ്നങ്ങള്‍ വരുമ്പോള്‍ എന്തുമാത്രം തല കുനിക്കും? അതു പാടില്ല, ഒരിക്കലും. " ഞാനതു വീണ്ടും ഓര്‍ത്തു, അന്‍പതു വര്‍ഷങ്ങള്‍ക്കുശേഷം ൨൦൧൫-ലും!

എട്ടാംക്ളാസ്സിലും പത്താംക്ളാസ്സിലും എണ്റ്റെ മലയാളം അധ്യാപകനായിരുന്നു. അരവിന്ദാക്ഷന്‍മാസ്റ്റര്‍. എന്നെ 'അ, ആ, ഇ, ഈ, .....' മലയാളം പഠിപ്പിച്ചത്‌, ഒന്നാംക്ളാസ്സില്‍, എണ്റ്റെ ഏറ്റവും പ്രിയപ്പെട്ട വിലാസിനിടീച്ചറായിരുന്നു; സാഹിത്യം പഠിപ്പിച്ചതോ, കോളേജില്‍, പ്രൊഫ. സി. എല്‍. ആണ്റ്റണി, എസ്‌. ഗുപ്തന്‍നായര്‍, എം. ലീലാവതി, എം. കെ. സാനു, ആനന്ദക്കുട്ടന്‍, ഓ. കെ. വാസുദേവപ്പണിക്കര്‍, കുഞ്ഞികൃഷ്ണമേനോന്‍, എം. അച്യുതന്‍, ഭാരതി, എം. എം. മാണി, അലക്സ്‌ ബേസില്‍ തുടങ്ങിയ മഹാപ്രതിഭകളും. എന്നിരുന്നാലും എന്നെ മലയാളം 'എന്തെ'ന്നു പഠിപ്പിച്ചത്‌ അരവിന്ദാക്ഷന്‍സാറാണ്‌; അതോടൊപ്പം ജീവിതം എന്തെന്നും, എങ്ങിനെ ആവണമെന്നും. മലയാളം അദ്ദേഹത്തിന്‌ ഒരു മീഡിയം മാത്രം; ജീവിതത്തിണ്റ്റെ മാധ്യമം.

എന്‍. സി .സി.-യുടെ കാലത്തിനു മുന്‍പാണ്‌; അന്ന് എ. സി. സി. ആയിരുന്നു. അതുകൂടാതെ എന്‍. ഡി. എസ്‌. എന്നൊരു പരിപാടിയുണ്ടായിരുന്നു സ്കൂളുകളില്‍ - 'നാഷണല്‍ ഡിസിപ്ളിന്‍ സ്കീം'. ഒരു മിലിട്ടറിക്കാരനായിരിക്കും അതു നടത്തുക. മലയാളിയെങ്കിലും ഉത്തരേന്ത്യന്‍-സസ്ംക്കാരം പഠിപ്പിക്കലായിരുന്നു തൊഴില്‍. ക്ളാസ്സ്‌ നടക്കുമ്പോള്‍ വരാന്തയില്‍കൂടി കാലുറയിട്ട്‌ അങ്ങോട്ടുമിങ്ങോട്ടും ഷൂസുമുരച്ചൊരു നടപ്പുണ്ട്‌, ക്ളാസ്സിനകത്തെ വികൃതിക്കാരെ പിടികൂടാന്‍. എന്തെങ്കിലും പിഴ കണ്ടാല്‍ കനത്ത ശിക്ഷ ഉറപ്പ്‌. പ്രധാനാധ്യാപകന്‍പോലും പകച്ചുപോയ സന്ദര്‍ഭങ്ങളുണ്ടായിരുന്നു. പിന്നെ സാധാരണ അധ്യാപകന്‍മാരുടെ കാര്യം പറയാനുണ്ടോ. അമിതമായ 'വടക്കന്‍'-വീരഗാഥകളും പട്ടാളച്ചിട്ടയും ഹിന്ദിക്കൊഴുപ്പും കാരണം (അത്‌ 'ഹിന്ദി വേണ്ട' സമരകാലവുമായിരുന്നു) ഞങ്ങളെല്ലാം വെറുത്തൊരു പാര്‍ട്ടിയായിരുന്നു ആ എന്‍.ഡി.എസ്‌.-അധ്യാപകന്‍. അയാള്‍ ക്ളാസ്സിനുപുറത്തെത്തിയാല്‍ ഞങ്ങളുടെ ശ്രദ്ധ പതറും; അകത്തെത്തിയാല്‍ ചിതറും. ഇതറിഞ്ഞ അരവിന്ദാക്ഷന്‍മാസ്റ്റര്‍ ഒരു ദിവസം, പതിവില്ലാത്തപടി കുറച്ചുറക്കെത്തന്നെ ഞങ്ങളോടു സംയമനം പാലിക്കാന്‍ ഉപദേശിച്ചു (അതെ, 'സംയമനം' എന്ന വാക്കു തന്നെയാണ്‌ സാര്‍ ഉപയോഗിച്ചത്‌. അതാണ്‌ അദ്ദേഹത്തിണ്റ്റെ രീതി; അര്‍ഥംകൊണ്ട്‌ വാക്കു പഠിപ്പിക്കും). "എന്‍.ഡി.എസ്‌.-അധ്യാപകന്‍ അദ്ദേഹത്തിണ്റ്റെ ജോലി ചെയ്യുന്നു; നിങ്ങള്‍ നിങ്ങളുടെ ജോലി ചെയ്യൂ. അദ്ദേഹത്തിണ്റ്റെ ജോലി നിങ്ങളെ നോക്കല്‍; അതിനദ്ദേഹത്തിനു കൂലി കിട്ടുന്നുണ്ട്‌. പക്ഷെ നിങ്ങളുടെ ജോലി അദ്ദേഹത്തെ നോക്കലല്ല. നിങ്ങള്‍ക്കൊട്ടു കൂലിയുമില്ല. കൂലിക്കുവേണ്ടി അദ്ദേഹം ചെയ്യുന്നത്‌, കൂലിയില്ലാത്ത നിങ്ങള്‍ ചെയ്യുന്നതു വിഡ്ഢിത്തം...". ഇതു കേട്ടതും കൂലിപ്പട്ടാളം സ്ഥലം വിട്ടു. പിന്നെ ഞങ്ങളെ വര്‍ഷാവസാനംവരെ മിലിട്ടറി ഉപദ്രവിച്ചുമില്ല.

പിന്നീടെപ്പോഴോ ഒരിക്കല്‍ ഒരു വന്‍വിദ്യാര്‍ഥിസമരകാലത്ത്‌ സ്കൂളില്‍ പോലീസ്‌ കയറാന്‍ ഇടയായത്രേ. ലാത്തിയേന്തിയ പോലീസുകാരുടെ മുന്‍പിലേക്കു ചാടിയിറങ്ങി മാസ്റ്റര്‍, തണ്റ്റെ ഒരൊറ്റ കുഞ്ഞിനെയും തല്ലിപ്പോകരുതെന്ന ആക്രോശത്തോടെ. പോലീസ്‌തലവന്‍ സാറിണ്റ്റെ പൂര്‍വവിദ്യാര്‍ഥിയായിരുന്നു. അയാള്‍ ഭവ്യതയോടെ മാസ്റ്ററോടപേക്ഷിച്ചു, തണ്റ്റെ ചുമതല നിറവേറ്റാന്‍ തന്നെ അനുവദിക്കണമെന്ന്. "ഇതാണോ ഞാന്‍ പഠിപ്പിച്ച ചുമതലാബോധം?" - സാര്‍ അലറി. "എണ്റ്റെ കുട്ടികളുടെ ഉത്തരവാദിത്വം ഞാന്‍ ഏറ്റെടുക്കുന്നു. പുറമെനിന്നു വന്നവരെ കൈകാര്യംചെയ്ത്‌ ഒതുക്കിക്കോളൂ, അതിനു നിങ്ങള്‍ക്കു ധൈര്യവും ശക്തിയും ഉണ്ടെങ്കില്‍. എന്നാല്‍ എണ്റ്റെ കുഞ്ഞുങ്ങളുടെ ഒരു രോമംപോലും തൊട്ടുപോകരുത്‌. എന്നെക്കൊന്നിട്ടേ നിങ്ങള്‍ക്കതിനാകൂ." പോലീസ്‌ മടങ്ങി. അതാണ്‌ അരവിന്ദാക്ഷന്‍മാസ്റ്റര്‍.

അറുപതുകളില്‍ സര്‍ക്കാര്‍ സ്കൂളില്‍ ലൈംഗിക വിദ്യാഭ്യാസം എന്നൊന്ന് വിശ്വസിക്കാമോ? ആരു ലീവെടുത്താലും ആ ക്ളാസ്സുകളില്‍ പകരം വരിക, സ്വമേധയാ, അരവിന്ദാക്ഷന്‍മാസ്റ്ററായിരിക്കും. അതിനൊരു ചെല്ലപ്പേരും അദ്ദേഹം വച്ചിരുന്നു; 'ഗര്‍ഭശ്രീമാന്‍' (പ്രസവാവധിയില്‍ പോകുന്നവരുടെ ഒഴിവു നികത്താന്‍ വിധിക്കപ്പട്ടവര്‍). അപ്പോള്‍ മലയാളമല്ല പഠിപ്പിക്കുക; ബാക്കിയെന്തും! പ്രത്യേകിച്ചും ജീവിതകാര്യങ്ങള്‍. ശാസ്ത്രവും സംസ്ക്കാരവും സാഹിത്യവും സംഗീതവും സാമൂഹ്യവും രാഷ്ട്രീയവും എല്ലാം വിഷയമായി വരും. യാതൊരു സങ്കോചവുമില്ലാതെ സ്ത്രീ-പുരുഷബന്ധങ്ങള്‍ ഞങ്ങളെ പറഞ്ഞുമനസ്സിലാക്കിത്തന്നതു സാറാണ്‌. അതൊന്നും അന്നത്തെ സിലബസ്സുമല്ല, നാട്ടുനടപ്പുമല്ല. സ്വന്തം രീതിയില്‍, ഒരധ്യാപകനെന്ന നിലയില്‍, ഒരുപക്ഷെ അതില്‍നിന്നെത്രയോ ഉയര്‍ന്ന് ഒരു തലമുറയെ ഉത്തിഷ്ഠവും ജാഗ്രത്തും ആക്കിയെടുക്കാന്‍ പാടുപെട്ടു ആ ഗുരുനാഥന്‍.

ആണ്‍പള്ളിക്കൂടത്തില്‍ എണ്റ്റെ അധ്യാപകനാകുന്നതിനുമുന്‍പ്‌, പെണ്‍പള്ളിക്കൂടത്തില്‍ എണ്റ്റെ ചേച്ചിയുടെ അധ്യാപകനായിരുന്നു ശ്രീ അരവിന്ദാക്ഷന്‍മാസ്റ്റര്‍. സര്‍ക്കാര്‍-സ്ക്കൂളുകളായിട്ടുപോലും വരേണ്യരും കീഴാളരും തമ്മില്‍ അലിഖിതവിവേചനങ്ങള്‍ നിലനിന്നിരുന്ന കാലം; കൂടെ മേല്‍ത്തട്ടുകാരെ അല്‍പം അമിതമായി അപമാനിക്കുന്ന പ്രവണതയില്ലാതിരുന്നുമില്ല. . എന്നാല്‍ ക്ളാസ്സിലെ ഒരു കുട്ടിക്കുപോലും ഒരു തരത്തിലുമുള്ള മന:പ്രയാസമില്ലാതെ കൂടെപ്പിറന്നവര്‍പോലെ സഹവസിക്കുവാന്‍തക്ക സാംസ്കാരികോന്നമനത്തിനു നിദാനമായി ഈ അധ്യാപകന്‍. കഴിവുള്ളവരുടെ കഴിവുകളെ താങ്ങിയും കഴിവുകുറഞ്ഞവരുടെ കഴിവുകളുയര്‍ത്തിയും അരവിന്ദാക്ഷന്‍മാസ്റ്റര്‍ ചെയ്ത സാമൂഹ്യസേവനം മഹത്തരമാണ്‌. സമുദായത്തില്‍ ആണായാലും പെണ്ണായാലും സമത്വം, സ്വാതന്ത്ര്യ, സാഹോദര്യം എന്നീ മൂലമൂല്യങ്ങള്‍ക്കു മാറ്റമില്ല എന്ന് ഞങ്ങള്‍ അന്നേ തിരിച്ചറിഞ്ഞു. "ഉണ്ടോ ഗുണം കൊള്‍വിനതൊന്നുമാത്രം, ഉത്പത്തിയും വംശവുമാരുകണ്ടു...." എന്ന കവിതാശകലം മാസ്റ്റര്‍ ചൊല്ലിത്തന്നതാണ്‌.

അധ്യാപകരെ വെറും ദിവസക്കൂലിക്കാരെപ്പോലെ കരുതിയിരുന്ന കാലത്താണ്‌ മാസ്റ്റര്‍ തണ്റ്റെ ഔദ്യോഗികജീവിതം തുടങ്ങുന്നത്‌. പില്‍ക്കാലത്ത്‌, അധ്യാപകരുടെ ദരിദ്രജീവിതത്തിനും അപമാനഭാരത്തിനും ഒരറുതിയുണ്ടാക്കിയത്‌ പ്രൊഫ. ജോസഫ്‌ മുണ്ടശ്ശേരി വിദ്യാഭ്യാസമന്ത്രിയായതോടെയാണത്രേ. മാസ്റ്റര്‍ അതെന്നും ഓര്‍ക്കും. അധ്യാപകരുടെ സ്വാഭിമാനം കാത്തുരക്ഷിച്ച മുണ്ടശ്ശേരിയെ പക്ഷെ ഇന്നെല്ലാവരും മറന്നല്ലോ.

വളരെ വര്‍ഷങ്ങള്‍ക്കുശേഷം സാറിനെ കാണാന്‍ എണ്റ്റെ സ്നേഹിതന്‍ ശ്രീ സുബ്രഹ്മണ്യനും കൂടെയുണ്ടായിരുന്നു. ഈ നൂറ്റാണ്ടില്‍ ഗോവയില്‍ താമസിക്കുന്ന എന്നെയും നൂറ്റാണ്ടുകള്‍ക്കുമുന്‍പ്‌ ഗോവയില്‍നിന്നു പലായനംചെയ്തവരുടെ പിന്‍ഗാമിയായ സുബ്രഹ്മണ്യനെയും ഒന്നിച്ചുകണ്ടപ്പോള്‍ മാഷിണ്റ്റെ കൌതുകമുണര്‍ന്നു. "കക്ക്യാ തൂം ഗയാം ഗെല്ലോവെ, പുത്താന്‍ മമ്മാ ദെക്കിലോവെ" ('കാക്കേ, നീ ഗോവയില്‍ പോയിരുന്നോ, മോണ്റ്റെ മാമനെ കണ്ടിരുന്നോ') എന്ന വളരെ സരളമായ ഒരു 'കുഡുംബി-കൊങ്കണി' താരാട്ടുപാടി ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ടാണ്‌ മാസ്റ്റര്‍ ഞങ്ങളെ സ്വീകരിച്ചത്‌. ദിവസവും സ്വഭാഷയില്‍ ഒരു വരിയെങ്കിലും എഴുതാന്‍പറ്റാത്ത ഉദ്യോഗമാണെങ്കില്‍ അതുപേക്ഷിക്കുന്നതാണു ഭേദം എന്നാണു മാസ്റ്റര്‍ പറയുക. ആ കുറിയ മനുഷ്യന്‌ കുറിയ വാചകങ്ങളാണു പഥ്യം. എണ്റ്റെ കുഞ്ഞെഴുത്തുകള്‍ പിന്നീടു കുറിപ്പായും കുറുങ്കവിതയായും കരിഹാസമായും കാച്ചിക്കുറുകിയത്‌ അദ്ദേഹത്തിണ്റ്റെ ശിക്ഷണമാണ്‌. അതാണെണ്റ്റെ ശക്തിയെന്നും അതൊരു ശൈലിയാക്കണമെന്നും അന്നേ അദ്ദേഹം ശഠിച്ചിരുന്നു. കുറുക്കിയെഴുത്തെന്ന എണ്റ്റെ ആ ചിട്ട ഇന്നു തെറ്റിച്ചു ഞാന്‍!
കുരുത്തക്കേടാവില്ലെന്നു വിശ്വസിക്കുന്നു.

കൊച്ചുകുട്ടികള്‍ക്ക്‌ വലിയവരുടെ ചെരിപ്പിടാന്‍ കൌതുകമാണല്ലോ. വലിയ ചെരിപ്പുകള്‍ കൊടുത്താല്‍ അതിനനുസരിച്ച്‌ അവര്‍ വളരും എന്നറിഞ്ഞാവണം അദ്ദേഹം ഞങ്ങളെ വലിയ കാര്യങ്ങളും വലിയ പുസ്തകങ്ങളും പരിചയപ്പെടുത്തിയത്‌. വെറും പതിനഞ്ചുവയസ്സുകാരെ ഉള്ളൂരിണ്റ്റെ 'കേരളസാഹിത്യചരിത്രം' പോലുള്ള ഗ്രന്ഥങ്ങള്‍ വായിപ്പിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞല്ലോ. കോളേജിലേക്കു കയറുംമുന്‍പേ ലോകവിവരം നല്‍കി വിശ്വപൌരന്‍മാരാക്കാന്‍ ശ്രമപ്പെട്ടല്ലോ.

പ്രസാദാത്മകവും പ്രതീക്ഷാത്മകവും പ്രചോദനാത്മകവുമാണ്‌ മാസ്റ്ററുടെ പ്രപഞ്ചം. സന്തോഷിക്കുമ്പോഴും സന്തപിക്കുമ്പോഴും ആ കണ്ണില്‍ ഒരു തിളക്കമുണ്ട്‌. വിദ്യാര്‍ഥികളെ വിശ്വമാനവികതയിലേക്കു നയിക്കുന്ന വെള്ളിവെളിച്ചം. അരവിന്ദാക്ഷന്‍ എന്ന പേരുതന്നെ ഒരു പ്രതീകം. മാസ്റ്ററുടെ ചുറ്റും എപ്പോഴും 'പദാ'രവിന്ദം വിരിയുന്നു. സാത്വികയുടെ സഹസ്രദളങ്ങള്‍.

Monday 26 October 2015

വീണ്ടും ബാല്യം

ഗോവയില്‍ ഒരു പ്രത്യേക ആദിവാസിസമൂഹം ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ട്‌. കാലം ചെല്ലുമ്പോള്‍ ഒന്നിനും ശേഷിയില്ലാത്ത പടുവൃദ്ധന്‍മാര്‍ക്ക്‌ അവര്‍ ആഹാരം കുറച്ചുകുറച്ചു കൊണ്ടുവരുമത്രേ. അങ്ങനെ അവര്‍ ചാകും. സമൂഹത്തിണ്റ്റെ ബാധ്യത ഒഴിയും.

തമിഴ്നാട്ടിലും ഇങ്ങനെയൊരു സമൂഹം നിലനിന്നിരുന്നതായി അടുത്തകാലത്തായി കേട്ടു. സേതുവിണ്റ്റെ ഒരു കഥയില്‍ ഇതിനുസമാനമായി, തൊഴില്‍കിട്ടാന്‍വേണ്ടി മക്കള്‍ അച്ഛന്‍മാരെ ജലസമാധിയാക്കുന്ന ഒരു പരിപാടിയെപ്പറ്റി പരാമര്‍ശമുണ്ട്‌. രാജസ്ഥാനിലും വൃദ്ധന്‍മാര്‍ സ്വയം പട്ടിണികിടന്നു മരിക്കുന്ന ഒരാചാരമുണ്ടത്രേ.

അതിപ്രായോഗികമായി ചിന്തിക്കുന്നവരില്‍ ചിലര്‍ക്കെങ്കിലും ഇതു ശരിയായി തോന്നിയേക്കാം. എന്തോ എനിക്കിത്‌ ഉള്‍ക്കൊള്ളാന്‍ നന്നേ വിഷമം.

തൊണ്ണൂറുകഴിഞ്ഞ എണ്റ്റെ അമ്മ കൂടെക്കൂടെ പറയും "മരിച്ചാല്‍മതി" എന്ന്. ഇതുകേട്ട്‌ എണ്റ്റെ മകളുടെ ഭര്‍ത്തൃപിതാവ്‌ - അദ്ദേഹം ഒരു വിദഗ്ദ്ധ മനോരോഗഭിഷഗ്വരനാണ്‌ - അമ്മയെ ബോധ്യപ്പെടുത്തി, "മരിക്കണം, മരിക്കണം" എന്നുള്ള വായ്ത്താരി എത്രമാത്രം അസ്ഥാനത്താണെന്ന്. അസുഖങ്ങള്‍ വയസ്സായാലുണ്ടാകും; ചെറുപ്പക്കാര്‍ക്കുമില്ലേ? സങ്കടങ്ങളും എല്ലാവര്‍ക്കുമില്ലേ? പിന്നെ, മറ്റുള്ളവര്‍ക്കുവേണ്ടി ഒന്നും ചെയ്യാനാവാത്ത അവസ്ഥ. വേണ്ടകാലത്ത്‌ വേണ്ടതെല്ലാം വഴിയാംവണ്ണം എന്തെല്ലാം ചെയ്തിരിക്കുന്നു? കഴിയുമ്പോലെ ഇനിയുമാകാമല്ലോ. ഇനി ഭൂമിക്കുഭാരമെന്നും ജീവിച്ചിരിക്കുന്നവര്‍ക്കു തലവേദനയെന്നുമെല്ലാം പറഞ്ഞുവരണ്ട. കാലമായാല്‍ ആരും സിദ്ധികൂടും. അതുറപ്പാണ്‌. അതിനുമുന്‍പ്‌ കണ്ടതെല്ലാം ആലോചിച്ചു കൂട്ടണ്ട. പട്ടാമ്പി-ഭാഷയില്‍, "ആലോചിച്ചാല്‍ ഒരന്തോല്യ, ആലോചിച്ചില്ലെങ്കിലോ ഒരു കുന്തോല്യ"! മൂപ്പെത്തുമ്പോള്‍ കായ പൊഴിയുമ്പോലെ അങ്ങു വീണുകിടന്നാല്‍ മതി. ബാക്കി കാര്യങ്ങള്‍ ഞങ്ങള്‍ നോക്കിക്കൊള്ളാം.

പൊതുധാരണകള്‍ക്കു വിപരീതമായി, 'മൃത്യുഞ്ജയമന്ത്രം' പറയുന്നതിതുതന്നെ. മൃത്യുവിനെ മറികടന്നു ജീവിക്കാനുള്ള മന്ത്രമല്ലത്‌. മൃത്യുവിനെ പേടിക്കാതെ ധൈര്യമായി അഭിമുഖീകരിക്കാനുള്ള മുന്നൊരുക്കമാണത്‌. ലോകത്തില്‍ ഏറ്റവും നിഷേധാത്മകമായ ഒരു പ്രാര്‍ഥനാഗീതമുണ്ടെകില്‍ അതാണ്‌, "നരനായിങ്ങനെ ജനിച്ചു ഭൂമിയില്‍ നകവാരിധി നടുവില്‍ ഞാന്‍, നരകത്തീന്നെന്നെ കരകേറ്റീടണേ....." എന്നത്‌. ഇതിനു ചുട്ടമറുപടിയാണ്‌, ".....ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്‍മം കൂടി" എന്ന മനോഹരഗാനം.

"പുനരപി ജനനം പുനരപി മരണം" എന്നു്‌ ആദിശങ്കരന്‍ സമാധാനിപ്പിക്കുന്നുണ്ട്‌. എങ്കിലും വാര്‍ധക്യകാലേ വിപരീതബുദ്ധിയാണു മിക്കവര്‍ക്കും. നിഷേധാത്മകതയുടെ കൂടാരമായ ഭര്‍ത്തൃഹരി എഴുതിക്കൂട്ടി, " ഗാത്രം സങ്കുചിതം ഗതിര്‍ വിഗളിതം വക്രം ച ലാലായതേ; ദൃഷ്ടിര്‍ നഷ്ടതി ബാധതേ ബധിരതാ....." എന്നൊക്കെ. "വയസ്സുകാലം വരുമ്പോള്‍ ശരീരത്തിണ്റ്റെ കാന്തി നശിക്കുന്നു. ശരീരം മെലിയുന്നു. നടക്കുമ്പോള്‍ കാലുകള്‍ പതറിപ്പോകുന്നു. സംസാരിക്കുമ്പോള്‍ പല്ലുകള്‍ കൊഴിഞ്ഞുപോയതുകൊണ്ട്‌ വ്യക്തമാകുന്നില്ല. ബധിരത ബാധിക്കുന്നു. ബുദ്ധിക്കും ഭ്രംശം സംഭവിക്കുന്നു". എല്ലാംശരി. എന്നിട്ടും നിര്‍ത്തുന്നില്ല ഭര്‍ത്തൃഹരി. യാതൊരു ഉപയോഗവുമില്ലാത്ത ശരീരവും മനസ്സും ഉള്ള വൃദ്ധനെ ഭാര്യപോലും ശുശ്രൂഷിക്കുകയില്ല; സ്വന്തം രക്തത്തില്‍ ജനിച്ച പുത്രന്‍മാര്‍പോലും ശത്രുക്കളായിത്തീരുന്നുവത്രേ.

അങ്ങനെ സംഭവിക്കുന്നുണ്ടെങ്കില്‍ അതു സ്വല്‍പം സ്വന്തം കയ്യിലിരിപ്പുകൊണ്ടുകൂടിയല്ലേ? വയസ്സായവരെ മറ്റുള്ളവര്‍ - സ്വയവും - വര്‍ഗീകരിക്കാറുണ്ട്‌. അവര്‍ക്ക്‌ അതു വേണം, ഇതു മതി, അതുവേണ്ട, ഇതു വേണ്ട എന്നെല്ലാം അങ്ങു തീരുമാനിച്ചുകളയും. ആകട്ടെ, ആയില്ലെങ്കില്‍ പോകട്ടെ. പക്ഷെ അതു ആവശ്യമോ ആരോപണമോ ആകുമ്പോഴാണു പ്രശ്നം. സ്വന്തം നിലയ്ക്ക്‌, സ്വന്തം കഴിവിനൊത്ത്‌ എന്തെല്ലാം ചെയ്യാം! അതിനു പ്രായമില്ല, ലിംഗമില്ല, മതമില്ല, മുഹൂര്‍ത്തമില്ല.

പിന്നെ വിരക്തി എന്നും ആത്മീയം എന്നുമെല്ലാമുള്ള ചെല്ലപ്പേരുകളില്‍ ഒളിച്ചിരിക്കുകയും ഒളിച്ചോടുന്നവരുമുണ്ട്‌. ആത്മീയത അവസാനകാലത്തല്ല, നിരന്തരമാണ്‌. വയസ്സായല്‍ വളരേണ്ടതു വിരക്തിയല്ല, വിവരമാണ്‌. സ്ഥിത:പ്രജ്ഞയാണ്‌. "ദു:ഖേഷ്വനുദ്വിഗ്ന മന: സുഖേഷു വിഗത സ്പൃഗ: വീതരാഗ ഭയക്രോധാ സ്ഥിത:ധീര്‍" എന്നു മുനിവര്യന്‍മാര്‍. ദു:ഖമായാലും സുഖമായാലും മോഹമായാലും ഭയമായാലും ധൈര്യത്തോടെ നേരിടുവാനുള്ള ചങ്കൂറ്റം. കാമത്തേയും ക്രോധത്തേയും മദത്തേയും ലോഭത്തേയും കടിഞ്ഞാണിടാനുള്ള തണ്റ്റേടം. അതാണു വേണ്ടത്‌. ഇതു വയസ്സന്‍മാര്‍ക്കുമാത്രമല്ല, ആര്‍ക്കും!

ബാല്യം, കൌമാരം, യൌവനം, വാര്‍ധക്യം എന്നിവയെ ചെറുക്കാനാവില്ല ആര്‍ക്കും. ജീവിതത്തിണ്റ്റെ നാലു ദശകളാണല്ലോ അവ. വെറുതെയല്ല ധര്‍മ-അര്‍ഥ-കാമ-മോക്ഷങ്ങളോടുകൂടെ ബ്രഹ്മചര്യത്തെയും ഗൃഹസ്ഥത്തെയും വാനപ്രസ്ഥത്തെയും സംന്യാസത്തെയും വഴിക്കുവഴി വിന്യസിച്ചിരിക്കുന്നത്‌ ഭാരതീയ ചിന്തകര്‍. ഒന്നിനൊന്നു മെച്ചമെന്നോ മോശമെന്നോ അവര്‍ പറഞ്ഞിട്ടില്ല. പുഴയില്‍ വെള്ളംപോലെ, കടലില്‍ തിരകള്‍പോലെ, മാനത്തു മേഘങ്ങള്‍പോലെ അവ വരുന്നു, പോകുന്നു. നമുക്കു നാം സാക്ഷി.

ഞാന്‍ ഒന്നിലധികം തവണ വായിച്ചിട്ടുള്ളതും ഒന്നിലധികം തവണ വാങ്ങിച്ചിട്ടുള്ളതുമായ പുസ്തകം, ഒന്നിലധികം തവണ കണ്ടിട്ടുള്ള സിനിമയും, ഹെര്‍മന്‍ ഹെസ്സേയുടെ 'സിദ്ധാര്‍ഥ' ആണ്‌. അതില്‍ ഇടയ്ക്കിടെ വരുന്ന ഒരു വരിയുണ്ട്‌: "എനിക്കു കാത്തിരിക്കാം, എനിക്കു ചിന്തിക്കാം, എനിക്കു പഷ്ണി കിടക്കാം. " ഇതു മൂന്നിനും കഴിഞ്ഞാല്‍ എന്തു വിഷാദം, എന്തിനു വിഷാദം?

ധൃതരാഷ്ട്രരെന്ന വൃദ്ധകേസരിയെ ശരിക്കും കുടയുന്നുണ്ട്‌ മഹാഭാരതത്തിലെ ഉദ്യോഗപര്‍വത്തില്‍ വിദുരര്‍. വയസ്സുകാലത്തുമാത്രമല്ല, ചെറുപ്പത്തിലും എന്തുചെയ്യണമെന്നും ചെയ്യരുതെന്നും തികച്ചും വ്യക്തമാക്കിയിരിക്കുന്നു ആ ത്രികാലജ്ഞാനി. "ശരീരമാദ്യം ഖലു ധര്‍മസാധനം" എന്നുദ്ഘോഷിച്ചു നമ്മുടെ പൂര്‍വികര്‍. "ഹെല്‍ത്തി മൈണ്റ്റ്‌ ഇന്‍ എ ഹെല്‍ത്തി ബോഡി" എന്നു പാശ്ചാത്യരും.

മനുഷ്യനടക്കം എല്ലാ ജീവികളും മരിക്കുന്നു, എല്ലാം നാം കാണുന്നു. എന്നിട്ടും താന്‍ മാത്രം മരിക്കുന്നതുള്‍ക്കൊള്ളാന്‍ മടികാണിക്കുന്നു.

സത്യത്തില്‍ വാര്‍ധക്യം രണ്ടാം ബാല്യമാണ്‌. കൊച്ചുകുഞ്ഞുങ്ങളുടെ എല്ലാ ലക്ഷണങ്ങളും ചേഷ്ടകളും തിരിച്ചു വരുന്നു. തിരുത്തമില്ലാത്ത വാക്ക്‌. മോണകാട്ടിച്ചിരി. ചപലചിന്തകള്‍. കളിബുദ്ധി. പൈതങ്ങളോടൊത്തുള്ള കൂട്ടംകൂടല്‍. നിലത്തിഴയല്‍. ആഹാരത്തിലെ പിടിവാശി. മലമൂത്രാദികളിലെ അശ്രദ്ധ. നടക്കാന്‍ വിഷമം. ബലക്ഷയം. രോഗബാധ. പിടിവാശി. ഒച്ചപ്പാട്‌. മിനുത്ത തൊലി. മുടിയില്ലായ്മ. ഓര്‍മത്തെറ്റുകള്‍. കൊച്ചു ശരീരം. നിഷ്കളങ്കത. പരസഹായമില്ലാതെ ഒന്നും ചെയ്യാന്‍ വയ്യാത്ത അവസ്ഥ. വീണ്ടും ബാല്യം - ആരും അതു കൊതിക്കില്ലേ? അതൊരു വരമാണ്‌. അനുഗ്രഹമാണ്‌. ആശ്ചര്യമാണ്‌. അതിനെ അതിണ്റ്റെ കുറ്റവും കുറവും ദു:ഖവും സുഖവുമെല്ലാമായി സ്വീകരിക്കുന്നതിലാണു സൌഭാഗ്യം. മറ്റു മൃഗങ്ങളെല്ലാം വാൃധക്യത്തെ അതിണ്റ്റെ തനതുരൂപത്തില്‍ ആശ്ളേഷിക്കുന്നു. എന്നിട്ടല്ലേ മനുഷ്യന്‍!

വെറും കാല്‍പനികമല്ല ഈ കാര്യം. വെറും ആത്മീയവുമല്ല ഈ ആശയം. പച്ചപ്പരമാര്‍ഥമാണ്‌. പരമപുരുഷാര്‍ഥം എന്നുകൂടി പറയാം.

ബാല്യത്തില്‍ ബാല്യം മാത്രം. കൌമാരത്തോടെ ബാല്യം വളരുന്നു. യൌവനത്തില്‍ ബാല്യകൌമാരങ്ങള്‍ വിടരുന്നു വികസിക്കുന്നു. വാര്‍ധക്യത്തോടെ അവയെല്ലാം കളഞ്ഞുകുളിക്കരുത്‌. വാര്‍ധക്യത്തിലും ഇതെല്ലാമുണ്ട്‌. ഉണ്ടാകണം. ക്രീഡാസക്തിയെയും കാമാസക്തിയെയും അര്‍ഥാസക്തിയെയും ധര്‍മാസക്തിയെയും എല്ലാം എല്ലാം മറ്റൊരു വെള്ളിവെളിച്ചത്തില്‍ കാണാനാകണം.

മുഖംതിരിച്ചു മറയാക്കുന്നതല്ല വയസ്സാകുന്നതിണ്റ്റെ പൊരുള്‍. "ഇന്നു ഞാന്‍, നാളെ നീ" - അതല്ലേ സത്യം? അതില്‍ സങ്കോചത്തിനോ സന്തോഷത്തിനോ സങ്കടത്തിനോ സ്ഥാനമില്ല.

പുതുരക്തത്തെ പഴിക്കുന്നതാണ്‌ മിക്ക വയോവൃദ്ധന്‍മാരുടെയും നേരമ്പോക്ക്‌. ഗതകാലത്ത്‌ തങ്ങളും തരംപോലെ തിമിര്‍ത്താടിയിട്ടുണ്ടെന്ന കാര്യം അവര്‍ തന്ത്രപൂര്‍വം തമസ്ക്കരിക്കുന്നു. കഴിഞ്ഞതു കഴിഞ്ഞു. ഇനിയെങ്കിലും ജീവിക്കാനും ജീവിക്കാനനുവദിക്കാനും കഴിയുമല്ലോ, സൌമ്യമായി, സ്വസ്ഥമായി, സന്തോഷമായി!

എന്നിരുന്നാലും, കവി ചോദിച്ചപോലെ "അവശന്‍മാര്‍ ആര്‍ത്തന്‍മാര്‍ ആലംബഹീനന്‍മാര്‍ അവരുടെ സങ്കടമാരറിഞ്ഞു.... "

'കാസാ ദ്‌ ചാ, കാസാ ദെ ദുസേ'

ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളുടെ തുടക്കത്തിലാണ്‌, വിമോചിപ്പിക്കപ്പെട്ട്‌ പത്തുവര്‍ഷങ്ങള്‍ക്കുള്ളിലാണ്‌, ഞാന്‍ ഗോവയില്‍ കാല്‍കുത്തുന്നത്‌. അതിനുമുന്‍പ്‌ കുറച്ചുമാത്രം കേരളത്തിലും അല്‍പം കര്‍ണാടകത്തിലും അതിലും കുറച്ചു തമിഴ്നാട്ടിലുമല്ലാതെ കാര്യമായ സഞ്ചാരാനുഭവങ്ങളൊന്നും എനിക്കില്ലായിരുന്നു. അതുകൊണ്ടുകൂടിയുമാകാം തികഞ്ഞ അപരിചിതത്വമായിരുന്നു മറ്റുപ്രദേശങ്ങളില്‍നിന്നു തികച്ചും വ്യത്യസ്തമായ ഗോവയില്‍ എന്നെ എതിരേറ്റത്‌.

ആദ്യസഞ്ചാരികള്‍ക്ക്‌ ആദ്യാനുഭവങ്ങളില്‍ ഒന്ന് ഗൃഹാതുരത്വമാണല്ലോ. അതും ആഹാരാദിവിഷയങ്ങളില്‍. ഗോവയിലെ ആഹാരവസ്തുക്കള്‍ എന്നെ തികച്ചും കുഴക്കി. ഒന്നുരണ്ടു ഉഡുപ്പി ഹോട്ടലുകള്‍ ഇല്ലായിരുന്നെന്നല്ല. എന്നാല്‍ നാടന്‍ചായക്കട ഒരു ദൌറ്‍ബല്യമാണല്ലോ മലയാളികള്‍ക്ക്‌. തികച്ചും ആകസ്മികമായാണ്‌ "കാസാ ദ്‌ ചാ" എന്നൊരു കൊച്ചു ബോറ്‍ഡു കണ്ടത്‌. ഒരു പഴയ കട. ആദ്യപരിചയത്തില്‍തന്നെ കാസാ എന്നാല്‍ കട എന്നാണെന്നറിഞ്ഞിരുന്നു. അതുകൊണ്ട്‌ അക്കണ്ട ചായക്കടയുടെ അകത്തുകയറി. അപ്പോഴാണു കാണുന്നത്‌ "കാസാ ദെ ദോസേസ്‌" എന്നൊരു വരി കൂടി പരസ്യപ്പലകയില്‍. സന്തോഷമായി. ചായമാത്രമല്ല ദോശയും കിട്ടുമല്ലോ. തെറ്റി. അവിടെ ചായക്കൊപ്പം അക്കാലത്തെ സ്ഥിരം വിഭവങ്ങളായ പാവ്‌-ഭാജി-പൂരി-ഷീര മാത്രം. ഭാഗ്യത്തിനു ദോശയില്ലേ എന്നു ഞാന്‍ ചോദിച്ചില്ല. കിട്ടിയതു കഴിച്ചിറങ്ങി.

എന്നിട്ടും "ദോസേസ്‌" ദോശയാണെന്നുതന്നെ മനസ്സില്‍ കിടന്നു. പലകാലം കഴിഞ്ഞ്‌ എണ്റ്റെ മകള്‍ പോര്‍ത്തുഗീസ്‌ പഠിക്കുന്നകാലത്താണ്‌, അതു "ദോസേസ്‌" അല്ലേയല്ലെന്നും "ദുസേ" ആണെന്നും ദുസേ എന്നാല്‍ പലഹാരം എന്നു മാത്രമേ അര്‍ഥമുള്ളൂ എന്നും മനസ്സിലായത്‌. പോറ്‍ത്തുഗീസുകാര്‍ എന്നെ ആദ്യം പറ്റിച്ചതങ്ങനെ.

അന്നൊക്കെ പത്രാവ്‌ (മിസ്റ്റര്‍), ഉബ്രിഗാദ്‌ (നന്ദി), കാസ (കട), വിവെണ്റ്റ (വീട്‌), അതാന്‍സ്യാവ്‌ (സൂക്ഷിക്കുക), റുവ (നിരത്ത്‌), അവനീദ്‌ (പാത), പദ്രെ (പാതിരി), ബാര്‍ബേറിയ (ബാര്‍ബര്‍), ഫാര്‍മേസിയ (മരുന്നുകട), ഡ്രഗ്ഗാറിയ (മരുന്നു ഷോപ്പ്‌) അപോത്തെക്കെരെ (ഡോക്ടര്‍), ദോത്തോര്‍ (ഡോക്ടര്‍), സാവ്‌ / സാന്ത (വിശുദ്ധന്‍), തിയാത്ര്‍ (നാടകം), സിനി (തിയേറ്റര്‍), പ്ളാസ (നഗരചത്വരം), ഫൊണ്ടെയ്ഞ്ഞാസ്‌ (ജലധാര), കരിയേറ (വണ്ടി), ക്രൂസ്‌ (കുരിശ്‌), കമ്മ്യൂണിദാദ്‌ (സമൂഹം), കാര്‍ണവല്‍ (കാര്‍ണിവല്‍) എന്നതെല്ലാം നിത്യജീവിതത്തില്‍ കേള്‍ക്കുന്ന പോര്‍ത്ത്ഗീസ്‌-വാക്കുകളായിരുന്നു. ഇന്നുമതെ.

ആള്‍ക്കൂട്ടത്തില്‍ ഒന്നുവിട്ട്‌ രണ്ടാമന്‍ ഡിസൂസ, ഫെര്‍ണാണ്ടിസ്‌, മെനെസിസ്‌, ലോപ്പസ്‌, റോഡ്രീഗീഷ്‌, ഡ കുഞ്ഞ, കൌട്ടൊ, കൊയേലൊ.....

ഹിന്ദുനാമങ്ങള്‍ക്കുള്ള പോര്‍ത്തുഗീസ്‌ സ്പെല്ലിംഗുകള്‍ രസകരമായിരുന്നു. ലക്ഷ്മിമീനാക്ഷി, , കാമാക്ഷി, കാശിനാഥ്‌, നായിക്‌, കാമത്ത്‌, നരസിംഹ, പൊയ്‌, കെണി, ഷെണോയ്‌ എന്നിവയ്ക്കൊക്കെ എക്സും ക്യൂവും ചേര്‍ത്തൊരു സ്പെല്ലിംഗ്‌. ബുക്കി, ജാക്കി തുടങ്ങിയ ഹിന്ദു-പേരുകള്‍ കേട്ടാല്‍പോലും പറങ്കിപ്പേരുകളാണെന്നേ തോന്നൂ.

സ്ഥലനാമങ്ങളിലായിരുന്നു പോര്‍ത്തുഗീസ്‌-സ്വാധീനം വളരെ പ്രകടമായിരുന്നത്‌, പറയുന്നതിലും എഴുതുന്നതിലും. തലസ്ഥാന നഗരത്തിനുതന്നെ പോര്‍ത്തുഗീസിലും മറാഠിയിലും കൊങ്കണിയിലുമായി എന്തെല്ലാം പിരിവുകള്‍! - പഞ്ചിം, പാഞ്ചിം, പനജി, പണജി, പണ്‍ജി, പൊണ്‍ജി. പിന്നെയുണ്ടല്ലോ വാസ്കോ-ഡ-ഗാമ, മാര്‍ഗാവ്‌ (മഡ്ഗാം), കരംബൊളി(ം) (കര്‍മലി), കമുര്‍ളി(ം), കൊര്‍താലി(ം) (കുഡ്ത്തലി), മാപുസ (മപ്സ), വെല്യ ഗോവ (ഓള്‍ഡ്‌ ഗോവ), ഗോവ വെല്യ, മീരാമാര്‍, റിവൊറ, ബൊക്ക ദ വക്ക, അല്‍തീഞ്ഞ്‌, ബ്റിട്ടൊണ, എന്നിങ്ങനെ നൂറായിരം സ്ഥലങ്ങള്‍. എന്തിന്‌, 'ഗോവ' തന്നെ ഗോയ്‌, ഗോയേ(ം), ഗോപുരി, ഗോവപുരി എന്നൊക്കയല്ലേ.

കാര്‍ണവലും തിയാത്രും പോലെ ഗോവന്‍സംസ്കാരത്തിണ്റ്റെ അവിഭാജ്യഘടകങ്ങളല്ലേ 'മാണ്‍ഡോ'വും (പ്രേമസംഗീതാഭിനയം) 'സുസെഗാ'ദും (മെല്ലെപ്പോക്ക്‌) 'സിയസ്ത'യും (മധ്യാഹ്നവിശ്രമം) എല്ലാം.

ഒരുപക്ഷെ ആഹാരത്തിലായിരിക്കും പറങ്കിപ്രാമുഖ്യം പ്രത്യക്ഷത്തില്‍ പ്രകടമാകുന്നത്‌. ഷാക്കുട്ടി, വിണ്‍ഡാലൂ, സോര്‍പ്പൊട്ടേല്‍, ബെല്‍ചാവ്‌, റിഷാദ്‌ തുടങ്ങി പലതരം വിഭവങ്ങള്‍ ഇന്നും ഭൂതകാലവുമായി വര്‍ത്തമാനകാലത്തെ ബന്ധിപ്പിക്കുന്നു. ഫെനി എന്ന വാറ്റുമദ്യം നാടനോ പരദേശിയോ എന്നു തിട്ടമില്ല. തീര്‍ച്ചയായും കാജു (കശുമാങ്ങ) വിദേശി തന്നെ. തെങ്ങില്‍നിന്നും പനയില്‍നിന്നും ഉണ്ടാക്കുന്ന ഫെനി സ്വദേശിയോ വിദേശിയോ എന്നറിയില്ല.

പോര്‍ത്തുഗീസ്‌ചുവയുള്ള ഹോട്ടല്‍നാമങ്ങള്‍ ഇന്നും ധാരാളം. സിദാദ്‌ ദ്‌ ഗോവ, നൊവ ഗോവ, പലാസ്യോ ദ ഗോവ, അമീഗോ, കപ്പുശ്ശീന്‍, എല്‍ കപ്പിത്താന്‍, ഓ പെഷ്കദോര്‍, ഫിദാല്‍ഗോ, വെരാന്ത ദോ മാര്‍ എന്നിവ അവയില്‍ ചിലതുമാത്രം.

എഴുപതുകളില്‍പോലും, പോസ്റ്റ്‌-ഓഫീസിലെ മണി ഓര്‍ഡര്‍ ഫോമും റേഡിയോ ലൈസെന്‍സും മുനിസിപ്പാലിറ്റിയിലെ സൈക്കിള്‍ ലൈസെന്‍സും മറ്റും പൊര്‍ത്തുഗീസിലായിരുന്നു. ഒരുപാടുകാലം ഞാന്‍ അവ സൂക്ഷിച്ചുവച്ചിരുന്നു. ഒരു സ്ഥലമാറ്റത്തില്‍ അവയെല്ലാം നഷ്ടപ്പെട്ടുപോയി.

ലാറ്റിനോ-നേരമ്പോക്കായ 'ധീരിയോ' എന്ന ക്രൂരവിനോദം ഗോവയില്‍ ഇന്നും സജീവമാണ്‌. നിയമവിരുദ്ധമെങ്കിലും ഒളിഞ്ഞും മറഞ്ഞും ഈ കാളപ്പോര്‌ തലങ്ങും വിലങ്ങും അരങ്ങേറുന്നു; രാഷ്ട്റീയക്കാരുടെയും വാതുവെപ്പുകാരുടെയും കള്ളപ്പണക്കാരുടെയും ഒത്താശയോടെ. ഭാരതത്തിലെ മറ്റു ഭാഗങ്ങളിലും കാളയോട്ടമെന്നും ജല്ലിക്കെട്ടെന്നുമെല്ലാമുള്ള പേരുകളില്‍ ഇതുപോലത്തെ പ്രാകൃതവിനോദങ്ങള്‍ പ്രചാരത്തിലുണ്ടല്ലോ.

പോര്‍ത്തുഗീസുകാരുടെ അപദാനങ്ങള്‍ വിസ്തരിക്കാന്‍ പലര്‍ക്കും നൂറുനാവാണു ഗോവയില്‍. തെറ്റിദ്ധരിക്കണ്ട, കത്തോലിക്കരേക്കാള്‍ സാരസ്വതര്‍ക്കാണ്‌ ഇക്കാര്യത്തില്‍ ഊറ്റം കൂടുതല്‍ - രണ്ടു വഞ്ചിയിലും കാല്‍വച്ചവരാണല്ലോ അവര്‍ (എന്നിട്ടെന്താ, വഞ്ചിയൊട്ടു തിരുനക്കരെ എത്തിയതുമില്ല!). അതില്‍ കുറെ കാര്യമില്ലാതെയുമില്ല. ഒന്നാമതായി ഇന്‍ഡ്യക്കാരുടെ ശാപമായ അച്ചടക്കമില്ലായ്മ നല്ലൊരളവു വരെ പറങ്കികള്‍ നിയന്ത്രിച്ചു. അതിണ്റ്റെ കുറെ ഗുണം ഇന്നും ഗോവന്‍സമൂഹത്തില്‍ കാണാം. ഒരു പൊതു സിവില്‍ കോഡ്‌ നിലവിലുള്ള ഒരേയൊരു സംസ്ഥാനം ഗോവയാണല്ലോ. ഡോക്യുമെണ്റ്റേഷന്‍ ഒരു കലയാക്കിയിരുന്നു പറങ്കികള്‍. അതിനാല്‍ ഇവിടത്തെ രേഖകള്‍ കൃത്യമായും സുരക്ഷിതമായും കാണാം. പുരാവസ്തുക്കളുടെ സംഭരണവും സരക്ഷണവും അസൂയാവഹമാണ്‌. സ്വത്തിലും വരുമാനത്തിലും ഭാര്യാഭര്‍ത്താക്കന്‍മാരുടെ തുല്യാവകാശത്തിനും ഒപ്പം തുല്യ ബാധ്യതയ്ക്കുമുള്ള സൌകര്യം വേറെങ്ങുമില്ല. അതിരുവിട്ട മദ്യപാനം അതിനിഷിദ്ധമായിത്തന്നെ ഇവിടെ കാണുന്നു ഇന്നും. വസ്ത്രധാരണത്തിലും ആതിഥ്യമര്യാദയിലും ഇവര്‍ക്കൊരു പ്രത്യേക കമ്പമുണ്ട്‌; സംഗീതത്തിലും നൃത്തത്തിലുമെന്നപോലെ. പുറംമേനി വെറും പുറംമോടിയല്ലിവിടെ. ഭാഷ, ആഹാരം, വിദ്യാഭ്യാസം, വിശ്വാസം - ഇവയാണല്ലോ അധിനിവേശത്തിനുള്ള ആയുധങ്ങള്‍, അന്നും, ഇന്നും, എന്നും. പറങ്കികള്‍ അവ സമര്‍ഥമായി ഉപയോഗിച്ചു ഗോവയില്‍. എന്നിരുന്നാലും ഗോവയുടെ തനിമയെയും തെളിമയെയും തകര്‍ക്കാന്‍ ഒരുപരിധിവരെയേ ആ സാംസ്ക്കാരികാധിനിവേശത്തിനു കഴിഞ്ഞുള്ളൂ. ജാതിമതഭേദമെന്യേ അതു സാധ്യമാക്കിയ സ്വാതന്ത്ര്യസമരസേനാനികളെ നമുക്കു നമിക്കാം. അടുത്തകാലത്തായി ഗോവയെ മറ്റേതോ തരത്തില്‍ മാറ്റിയെടുക്കാന്‍ കച്ചകെട്ടിയിറങ്ങുന്നവരെ തടയേണ്ടതുമുണ്ട്‌.

[എനിക്കു കാര്യമായ പോര്‍ത്തുഗീസ്ഭാഷാസ്വാധീനമില്ലാത്തതിനാല്‍ വികലപ്രയോഗങ്ങളുണ്ടെങ്കില്‍ മാപ്പാക്കണം. ]

വരയും വരിയും

'കാര്‍ട്ടൂണ്‍' എന്നതിന്‌, പറ്റിയ ഒരു പകരവാക്കില്ല മലയാളത്തില്‍. എന്നാലോ, രാജ്യത്തെ കാര്‍ട്ടൂണിസ്റ്റുകളില്‍ മലയാളികള്‍ അഗ്രഗണ്യരാണുതാനും. അതൊരു ജോക്കല്ലേ? എന്നാല്‍ ശരിക്കും ജോക്കതല്ല. ഇന്ത്യയില്‍ ഒരുപക്ഷെ ഹാസ്യംവിട്ട്‌ ഗൌരവക്കാര്‍ട്ടൂണുകള്‍ക്കു തുടക്കമിട്ടതും മലയാളികളാണ്‌. ചിരിയില്‍നിന്നു ചിന്തയിലേക്കുള്ള കുടമാറ്റം. കുഞ്ചണ്റ്റെയും സഞ്ചയണ്റ്റെയും പൈതൃകമില്ലേ. വി.കെ.എന്‍.-ണ്റ്റെ കൂടപ്പിറപ്പുകളല്ലേ.

കായംകുളത്തുകാരന്‍ കെ. ശങ്കരപ്പിള്ള എന്ന ശങ്കര്‍ ആണ്‌ ഇന്ത്യന്‍-കാര്‍ട്ടൂണിങ്ങിണ്റ്റെ തലതൊട്ടപ്പന്‍. നമ്മുടെ സ്വാതന്ത്യ്രത്തിനു മുന്‍പേതന്നെ വര തുടങ്ങിയിരുന്നെങ്കിലും സ്വാതന്ത്യ്രാനന്തരമാണ്‌ ശങ്കറിണ്റ്റെ പ്രസക്തി പാരമ്യത്തിലെത്തിയത്‌. കുറിക്കുകൊള്ളുന്ന വരിയും വരിക്കേറ്റ കുറിയും ശങ്കറിനെ ഒരേസമയം പ്രിയപ്പെട്ടവനും വെറുക്കപ്പെട്ടവനുമാക്കി. അദ്ദേഹത്തിണ്റ്റെ കുടക്കീഴിലാണ്‌ തിരുവല്ലക്കാരന്‍ അബു അബ്രഹാമും പാലക്കാട്ടുകാരന്‍ ഒ.വി. വിജയനും മാവേലിക്കരക്കാരന്‍ യേസുദാസനും, കാര്‍ട്ടൂണിസ്റ്റുമാരായത്‌. മറ്റു പലരും.

അടിയന്തരാവസ്ഥയോടെ ശങ്കര്‍പോലും വര നിര്‍ത്തിയപ്പോള്‍ അബുവും വിജയനും പിന്നെ രങ്കയുമെല്ലാം ശങ്കറിണ്റ്റെ പതാക പിടിച്ചുനിന്നു. പിന്നെയൊരു മലവെള്ളപ്പാച്ചിലായിരുന്നു; മലയാറ്റൂറ്‍ രാമകൃഷ്ണന്‍, ദേവന്‍, സുകുമാര്‍, നര്‍മദ, യേസുദാസന്‍, റ്റോംസ്‌, ഉണ്ണി, കുട്ടി, അരവിന്ദന്‍, എ. എസ്‌., മോനായി, ഗഫൂറ്‍, തുടങ്ങിയ മഹാവികൃതികളുടെ. മലയാളത്തിലും ഇംഗ്ളീഷിലുമായി അവര്‍ ഉറഞ്ഞാടി. പട്ടിക നീണ്ടതാണ്‌. ആര്‍. കെ. ലക്ഷ്മണ്‍, സുധീര്‍ ധര്‍, സുധീര്‍ തൈലാങ്ങ്‌, രാജിന്ദര്‍ പുരി, വിന്‍സ്‌, മാരിയോ മിറാന്‍ഡ, ബാല്‍ ഠാക്കറെ എന്നിങ്ങനെ നിരവധി വരക്കാര്‍ കത്തിക്കയറി. ഇതില്‍ അരവിന്ദനും വിജയനുമാണ്‌ ഹാസ്യത്തിനും രാഷ്ട്രീയത്തിനും തത്സമയവാര്‍ത്തകള്‍ക്കുമെല്ലാമപ്പുറം സാമൂഹികവും സാംസ്കാരികവും തത്ത്വചിന്താപരവുമായ വരകളും വരികളുമായി ഇന്ത്യന്‍കാര്‍ട്ടൂണിങ്ങിനെത്തന്നെ ഇളക്കിമറിച്ചത്‌.

കൊടുംരാഷ്ട്രീയവരകള്‍ മലയാളത്തിലും വളരെ സാധാരണമായ കയ്യടിക്കാര്‍ട്ടൂണുകള്‍ തമിഴിലും വരവടിവിന്‌ അമിതപ്രാമുഖ്യംനല്‍കിയവ മറാഠിയിലും വരിക്കൊരുവര എന്നനിലയിലുള്ളവ ഹിന്ദിയിലും കേവലചിത്രീകരണത്തിനുപരി വലുതായൊന്നും ഉന്നംവയ്ക്കാത്ത കാര്‍ട്ടൂണുകള്‍ ബെംഗാളിയിലും വരകളേക്കാള്‍ പ്രാമുഖ്യം നല്‍കിയ വരികള്‍ ഇംഗ്ളീഷിലും കൊടികുത്തിനിന്ന കാലം. കയ്യിലിരിപ്പുള്ള അറിവും ആദര്‍ശവും ആഭിജാത്യവും കലര്‍ത്തി പ്രപഞ്ചത്തെത്തന്നെ വലിയൊരു കാര്‍ട്ടൂണായിക്കണ്ടു ജി. അരവിന്ദനും ഒ.വി. വിജയനുമെല്ലാം.

അതൊരു കാലമായിരുന്നു. അറുപതുകളില്‍ റ്റോംസിണ്റ്റെ ബോബണ്റ്റെയും മോളിയുടെയും കൈവിട്ട്‌, അരവിന്ദണ്റ്റെ വലിയ ലോകത്തിലെ ചെറിയ മനുഷ്യരായി മാറി അന്നത്തെ യുവത. കരിഹാസംകൊണ്ടു കണ്ണുപൊട്ടിക്കുന്ന കാര്‍ട്ടൂണുകള്‍ വിജയന്‍ വരച്ചിറക്കി. അമ്മാവണ്റ്റെ (വിജയന്‍) ചുവടുപിടിച്ച്‌ പിന്നീട്‌ രവിശങ്കറും ഇളകിയാടി. വിജയന്‍ വരകളെ വടിവിലൊതുക്കി വരികളുടെ വരിയുടച്ചപ്പോള്‍ അബു വരകളെ വിലക്ഷണമാക്കി വരികളെ വിജൃംഭിപ്പിച്ചു. അരവിന്ദണ്റ്റെ ചടുലതയും എ.എസ്‌.-ണ്റ്റെ നൈര്‍മല്യവും കാര്‍ട്ടൂണുകളിലും കാണായി. ജനപ്രിയത പക്ഷെ വരയും വരിയും ജനകീയമാക്കിയ ആര്‍. കെ. ലക്ഷ്മണിനായിരുന്നു ഏറെ. പുതിയ തലമുറയിലുമുണ്ടായി തലയെടുപ്പുള്ളവര്‍ - നൈനാന്‍, ഇര്‍ഫാന്‍, മഞ്ജുള്‍, മഞ്ജുള പദ്മനാഭന്‍, ഗോപീകൃഷ്ണന്‍, മദന്‍, രജീന്ദ്രകുമാര്‍, സുരേഷ്‌,......(പിന്നെ ഞാനും!).

കാണാപ്രതിഭകള്‍ ഒരുപാടുണ്ട്‌. പാരമ്പര്യജനുസ്സുകളിലൊന്നുമൊതുങ്ങാതെ, വേലിക്കെട്ടിലും അകപ്പുറത്തിലുമൊന്നുമടങ്ങാതെ ചട്ടയും പെട്ടിയും പൊളിച്ചുമാറ്റിയ വരവരികളും വരിവരകളും ഇന്നു കാണാം. സരളവും സ്വാഭാവികവും സര്‍ഗാത്മകവും സാര്‍ഥകവും നിഷ്കളങ്കവുമായ കാര്‍ട്ടൂണുകള്‍ കൊച്ചുകുട്ടികളുടേതായുണ്ട്‌. പുതിയ സാങ്കേതികസൌകര്യങ്ങള്‍ - വിവരകോശങ്ങള്‍, വരയുപകരണങ്ങള്‍, നിറച്ചാര്‍ത്തുകള്‍, അക്ഷരനിരകള്‍ - ഇവയ്ക്ക്‌, ഇവര്‍ക്ക്‌ വളമേകുന്നുണ്ട്‌.

ഇന്നും ഭാരതത്തിലെ കാര്‍ട്ടൂണ്‍-കലാകാരന്‍മാരില്‍ മൂന്നിലൊന്നും മലയാളികളാണ്‌. വേറൊരു പ്രത്യേകത (ഇതു യേസുദാസന്‍ ഒരിക്കല്‍ പറഞ്ഞുകേട്ടതാണ്‌), ഒരുമാതിരിപ്പെട്ട നല്ല കാര്‍ട്ടൂണ്‍വരക്കാരെല്ലാം ഭൌതികശാസ്ത്രം പഠിച്ചവരാണുപോല്‍. (ആ അഹങ്കാരം ഈ കൊച്ചെനിക്കുമുണ്ട്‌). സങ്കല്‍പനം, സൂക്ഷ്മവിചിന്തനം, സ്ഥൂലവിവരണം, സത്വവിശകലനം, സത്യശോധനം എന്നിങ്ങനെ ഗണിത-ഭൌതികശാസ്ത്രങ്ങളുടെ സാമ്പ്രദായികസമീക്ഷകളെല്ലാം കാര്‍ട്ടൂണ്‍ എന്ന ഈ കലാവിശേഷത്തിനുമുണ്ടല്ലോ. ഉള്ളതിണ്റ്റെ ഉണ്‍മ തേടലല്ലേ ചുരുക്കത്തില്‍ കാര്‍ട്ടൂണും.

പറയാന്‍പറ്റാത്തതു വരയിലും, വരയാന്‍പറ്റാത്തതു വരിയിലുമൊതുക്കുന്നു കാര്‍ട്ടൂണുകള്‍. വലുതിനെ ചെറുതാക്കിയും ചെറുതിനെ വലുതാക്കിയുമുള്ള ആ ഇന്ദ്രജാലം കാര്‍ട്ടൂണിനു സ്വന്തം. കാണാത്തതു കാണും, കാട്ടിത്തരും. കേള്‍ക്കാത്തതു കേള്‍ക്കും, കേള്‍പ്പിക്കും. 'ധ്വനിരാത്മാ കാവ്യസ്യ' (പറയാത്തതു പറഞ്ഞതിനേക്കാള്‍ പ്രധാനം) എന്ന തത്ത്വം കാര്‍ട്ടൂണിനും ചേരും. ഹാസ്യത്തിണ്റ്റെ രഹസ്യവും അതല്ലേ.

ഋണാത്മകമല്ല ഈ പരിഹാസം. "പരിഹാസപ്പുതു പനീര്‍ച്ചെടിക്കെടോ ചിരിയത്രേ പുഷ്പം ശകാരം മുള്ളുതാന്‍" എന്നു സഞ്ചയന്‍ കുറിച്ചുവച്ചതു വെറുതെയല്ല. ചുറ്റുമുള്ള വസ്തുക്കളുടെ വികൃതരൂപങ്ങള്‍ വരച്ചു തുടങ്ങി, വ്യക്തികളുടെ വികടരൂപങ്ങള്‍ വരച്ചു വളര്‍ന്ന്‌, വസ്തുതകളുടെ വികലരൂപങ്ങള്‍ വരച്ചു മുതിര്‍ന്ന്‌, വരയായും വരിയായും അതിനുപരി 'അഴകായ്‌, വീര്യമായ്‌' ഫണം വിരിച്ചാടുന്നു ഈ കലാരൂപം. കുറെ വരകളോ കൂടെ കുറെ വരികളോ ഒരു കാര്‍ട്ടൂണുണ്ടാക്കുന്നില്ല. വരയുടെയും വാക്കിണ്റ്റെയും അര്‍ഥതലങ്ങള്‍ക്കുമേലെ മറ്റൊരു ചിന്താതലത്തിലേക്കും അവിടന്നുംവിട്ടൊരു അനുഭൂതിതലത്തിലേക്കും നമ്മെ നയിക്കുന്നു നല്ല കാര്‍ട്ടൂണുകള്‍; ഒന്നും രണ്ടും മൂന്നും മാനങ്ങള്‍ കടന്ന്‌, നാലും അഞ്ചും വിതാനങ്ങളിലേക്ക്‌.

കാര്‍ട്ടൂണുകളില്ലാത്ത പത്രപ്രസിദ്ധീകരണങ്ങള്‍ ഇന്നു നന്നേ കുറവ്‌. ആളുകള്‍ ആദ്യം നോക്കുന്നതും ഈ കൊച്ചു ചിത്രങ്ങളെയാണ്‌. വെറും ഇരുപതോ മുപ്പതോ ചതുരശ്ര സെണ്റ്റിമീറ്റര്‍ പത്രപ്രതലം വലിയൊരു വായനാസമൂഹത്തിണ്റ്റെ ചിന്താപ്രക്രിയയെ എത്രമാത്രം സ്വാധീനിക്കുന്നു എന്നത്‌ അത്യത്ഭുതകരമാണ്‌.

മനുഷ്യസംസ്കാരത്തിണ്റ്റെ പതിനാറോളം നൂറ്റാണ്ടുകളെടുത്തു കാര്‍ട്ടൂണുകള്‍ ഇന്നത്തെ രൂപത്തില്‍ ഉരുത്തിരിയാന്‍. എന്നാലോ പിന്നത്തെ മൂന്നാലു നൂറ്റാണ്ടുകളിലെ വളര്‍ച്ച അതിദ്രുതമായിരുന്നു. അന്നും ഇന്നും എന്നും ഭരണവര്‍ഗത്തിണ്റ്റെയും മതഭ്രാന്തന്‍മാരുടെയും കപടനാട്യക്കാരുടെയും കുത്തകമുതലാളിമാരുടെയും കള്ളക്കളിക്കാരുടെയുമെല്ലാം പേടിസ്വപ്നമാണു കാര്‍ട്ടൂണുകള്‍. ഒരു വരയിലും ഒരു വരിയിലും ഒതുങ്ങുന്നതല്ല കാര്‍ട്ടൂണിണ്റ്റെ വിസ്ഫോടനശക്തി, പ്രഹരണശേഷി. 'കുലയ്ക്കുമ്പോഴൊന്ന്‌, തൊടുക്കുമ്പോള്‍ പത്ത്‌, കൊള്ളുമ്പോള്‍ ആയിരം ഓരായിരം' എന്ന മട്ടില്‍; 'ബുദ്ധണ്റ്റെ ചിരി'പോലെ, .

Sunday 4 October 2015

കടപ്പുറക്കാര്യങ്ങള്‍

ഭൂമിയുടെയും ജലത്തിണ്റ്റെയും വായുവിണ്റ്റെയും സംഗമസ്ഥാനം. അതാണു കടപ്പുറം. കരയുണ്ട്‌, കടലുണ്ട്‌, ആകാശമുണ്ട്‌. എന്നാലോ കരയുമല്ല, കടലുമല്ല, ആകാശവുമല്ല. ത്രിശങ്കുസ്വര്‍ഗം. അല്ലെങ്കില്‍, നരസിംഹാവതാരംകഥയിലെപ്പോലെ.

കടപ്പുറം കരയുടെ അറ്റം. പാതാളത്തിണ്റ്റെ തുടക്കം. ആകാശത്തിനു വാതായനം. കരയ്ക്കു വേണ്ടാത്തതെല്ലാം കടലിലേക്കൊഴുകുന്നു. കടലിനു വേണ്ടാത്തതെല്ലാം കടപ്പുറത്തടിയുന്നു. ആകാശം അതിനു സാക്ഷി നില്‍ക്കുന്നു.

ജീവന്‍ കടലില്‍ ഉത്ഭവിച്ചു എന്നു ശാസ്ത്രം. ജീവികള്‍ കര കയ്യേറി വസിച്ചു എന്നതു ചരിത്രം. അന്തരീക്ഷം കടലിലെയും കരയിലെയും ജീവിതത്തെ നിയന്ത്രിച്ചു എന്നതു യാഥാര്‍ഥ്യം. കടല്‍ ബ്രഹ്മാവ്‌. കര വിഷ്ണു. ആകാശം ശിവന്‍. സൃഷ്ടി-സ്ഥിതി-സംഹാരത്രയങ്ങള്‍ കടപ്പുറത്തു കൈകൊട്ടിക്കളിക്കുന്നു.

നാടിണ്റ്റെ അതിറ്‍ത്തിയാണു കടല്‍ത്തീരം. വേലിയില്ലാത്ത അതിര്‍ത്തി. കരയെത്തൊടുന്ന വെള്ളത്തുള്ളികള്‍ ഭൂമിയുടെ ഏതറ്റത്തുനിന്നുവന്നോ. തലോടുന്ന കാറ്റ്‌ എവിടത്തയോ. നിരങ്ങുന്ന മണ്ണ്‍ നിറയുന്നതെന്നോ. നിറയുന്ന മണ്ണ്‍ മറയുന്നതെങ്ങോ. തികച്ചും അന്താരാഷ്ട്രമാണു കടപ്പുറം. തികച്ചും ആത്മോദ്ദീപകമാണു കടപ്പുറം. ലോകസംസ്ക്കാരങ്ങളുമായി കൈകുലുക്കണോ? വരൂ, കടപ്പുറത്തേയ്ക്ക്‌. പ്രപഞ്ചശക്തികളുമായി സംവദിക്കണോ? വരൂ, കടപ്പുറത്തേയ്ക്ക്‌. ഇവിടെ സൃഷ്ടിലയമുണ്ട്‌. ഇവിടെ സംഹാരതാണ്ഡവമുണ്ട്‌. സ്ഥിതിവിശേഷങ്ങളൂണ്ട്‌.

ഭൂമിയിലെ മുക്കാല്‍പങ്കു ജനങ്ങളും തീരപ്രദേശത്തു വസിക്കുന്നു. ലോകത്തിണ്റ്റെ മൂന്നിലൊന്നു നഗരങ്ങളും കടല്‍ത്തീരത്താണ്‌. തീരത്തിണ്റ്റെ നീളം രാജ്യത്തിണ്റ്റെ സാമ്പത്തികഭദ്രതയെയും സൈനികശക്തിയെയും സാംസ്ക്കാരികപൈതൃകത്തെയും പ്രതിനിധാനം ചെയ്യുന്നു. കടലില്ലാത്ത കര വെള്ളമില്ലാത്ത കടല്‍പോലെ. ഉപ്പുതൊട്ടു കര്‍പ്പൂരം വരെ, അക്ഷരാര്‍ഥത്തില്‍തന്നെ, കടലേകുന്നു മനുഷ്യന്‌. കരയിലെ മനുഷ്യണ്റ്റെ ആദ്യത്തെ ആശ്രയം കടലായിരുന്നു; അവസാനത്തെ ആശയും കടലാകുന്നു. കരയെയും കടലിനെയും കോര്‍ത്തിണക്കുന്നതു കടപ്പുറം. ഇവിടെ എത്രപേറ്‍ കാല്‍കുത്തി നിന്നു; എത്രപേറ്‍ കാല്‍തെറ്റി വീണു. എത്രപേര്‍ വഴിവെട്ടി; എത്രപേര്‍ കാല്‍വെട്ടി; എത്രപേറ്‍ കുഴികുത്തി. എന്തെല്ലാം തിരനോട്ടങ്ങള്‍. എന്തെല്ലാം പടയോട്ടങ്ങള്‍. എന്തെല്ലാം പ്റണയകഥകള്‍. എന്തെല്ലാം കഥനകഥകള്‍. എന്തെല്ലാം പിറവികള്‍. എന്തെല്ലാം മറവികള്‍.

കടപ്പുറം കരയുടെ കാവല്‍ക്കാരന്‍. സ്വയം നശിച്ചും കരയെക്കാക്കും. ആനത്തിരകള്‍ ആഞ്ഞടിച്ചാലും ആരോരുമറിയാതെ അന്ത:പുരം കാക്കും. ആക്രാന്തം അവസാനിച്ചാല്‍ ആഴിയെപ്പുല്‍കും. ആരുമില്ലാത്തവയ്ക്ക്‌ ആശ്രയം നല്‍കും.

ഓരോ വെള്ളത്തുള്ളിക്കുമുണ്ട്‌ ഓരായിരം കഥകള്‍..... ഒറ്റയ്ക്കു പിറന്ന്, ഒന്നായിപ്പരന്ന്, പലതായ്‌ പടര്‍ന്ന്, ഒടുവില്‍ തകര്‍ന്ന് ജലകണികകള്‍. "കറുത്ത ചിറകുള്ള കാര്‍മുകിലേ, കടലിന്നു മകനായ്‌ ജനിക്കുന്നു നീ; പിറക്കുമ്പോളച്ഛനെ വേര്‍പിരിഞ്ഞു, ഒരിക്കലും കാണാതെ നീയലഞ്ഞു; തിരിച്ചുപോകാന്‍ നിനക്കാവില്ല, പിടിച്ചുനില്‍ക്കാന്‍ നിനക്കിടമില്ല", എന്നു കവി. കാറില്‍ ഉറഞ്ഞ്‌ കരയില്‍ കുതിച്ച്‌ കടലില്‍ പതിച്ച്‌ വീണ്ടും പറന്ന് പയ:കണങ്ങള്‍. "ആകാശാത്‌ പതിതം തോയം, സാഗരം പ്രതിഗച്ഛതി" എന്നു ഋഷി. അണുജീവിതംതൊട്ട്‌ അതിജീവിതംവരെ ആഘോഷമാക്കുന്ന അമൃതബിന്ദുക്കള്‍.

ഓരോ മണ്‍തരിക്കുമുണ്ട്‌ ഓരായിരം കഥകള്‍.....എവിടെന്നൊ വന്ന്, എങ്ങിനെയോ നിറഞ്ഞ്‌, എവിടെയൊ നിരന്ന്, എവിടേക്കോ മടങ്ങുന്ന ശിലാകണങ്ങള്‍. കടലില്‍ കുളിച്ച്‌, കാറ്റില്‍ കുതിര്‍ന്ന്, കരയില്‍ കിടന്ന്, കാലത്തിലലിയുന്ന പൊന്‍കണങ്ങള്‍. ഇവയെല്ലാം, ഇവ മാത്രം, കടപ്പുറത്തിനു സ്വന്തം.

ആര്‍ക്കും സ്വന്തമല്ലാത്തതും കടപ്പുറം.

വ്യവസായങ്ങളുടെ ഈറ്റില്ലമാകുന്നു കടല്‍ത്തീരം. വാണിജ്യത്തിണ്റ്റെ കളപ്പുരയാകുന്നു കടല്‍ത്തീരം. കച്ചവടക്കണ്ണുകള്‍ കരിതേക്കുന്നു. കങ്കാണിമാര്‍ കണക്കെഴുതുന്നു. കരയെ കടലിലാഴ്ത്തുന്നു. കടലിനെ കരയാക്കുന്നു. കാശുംകൊത്തി പരുന്തുപറക്കുന്നു. കടല്‍കാക്കകള്‍ കൂട്ടംതെറ്റിപ്പായുന്നു. പാവം മുക്കുവര്‍ മാനം നോക്കുന്നു; മിഴി നിറയ്ക്കുന്നു. തിരയും തീരവും കടലിണ്റ്റെ പൂതി. ഇണക്കവും പിണക്കവും കടലിണ്റ്റെ രീതി. കൊള്ളലും കൊടുക്കലും കടലിണ്റ്റെ നീതി. എന്നുമെന്നും കടപ്പുറം ബാക്കി.

Sunday 27 September 2015

ചക്കി കുത്തും, ഞാന്‍ ഉണ്ണും

അടുത്തിടെ ഭാര്യയെക്കൂട്ടി ഒരാസ്പത്രിയിലെ അത്യാധുനികമായ ഫിസിയോ-തെറാപ്പി (കായിക ചികിത്സാ) വിഭാഗത്തിലേക്കു പോകാന്‍ ഇടയായി. അവിടെ കണ്ടതോ? അന്‍പതുവര്‍ഷം മുന്‍പത്തെ ഗ്രാമക്കാഴ്ചകള്‍. എന്നുവച്ചാല്‍, ഒരാള്‍ ആട്ടുകല്ലില്‍ അരയ്ക്കുന്നു. ഒരാള്‍ അമ്മിക്കല്ലില്‍ ചതയ്ക്കുന്നു. ഒരാള്‍ തിരികല്ലില്‍ പൊടിക്കുന്നു. ഒരാള്‍ ഉരലില്‍ ഉലക്കയിട്ടിടിക്കുന്നു. മറ്റൊരാള്‍ ചക്രം ചവിട്ടുന്നു. ഇനിയുമൊരാള്‍ അഴകെട്ടുന്നു. ഓടുന്നു. ചാടുന്നു. ഊഞ്ഞാലാടുന്നു. തൊണ്ടു തല്ലുന്നു. കയര്‍ പിരിക്കുന്നു. കയര്‍ വലിക്കുന്നു. തറിയില്‍ നെയ്യുന്നു. പശുവിനെ കുറ്റിയില്‍ കെട്ടുന്നു. മണ്ണുവെട്ടുന്നു. കട്ടയുടയ്ക്കുന്നു. കല്ലു പെറുക്കുന്നു. പുല്ലു ചെത്തുന്നു. കള പറിക്കുന്നു. ചാലുകീറുന്നു. കൊയ്യുന്നു. കെട്ടു ചുമക്കുന്നു. കറ്റ മെതിക്കുന്നു. അടപ്പു തുറക്കുന്നു. തിരിച്ചടയ്ക്കുന്നു. കറിയിളക്കുന്നു. പുകയൂതുന്നു. തൈരു കടയുന്നു. കരിക്കു വെട്ടുന്നു. തേങ്ങ പൊതിക്കുന്നു. തേങ്ങ ചിരവുന്നു. കിണറ്റില്‍നിന്ന്‌ കപ്പിയിട്ടു വെള്ളംകോരുന്നു. തുണിയലക്കുന്നു. തുണിപിഴിയുന്നു. തോര്‍ത്തുകൊണ്ടു തലയും പുറവുമെല്ലാം തുടയ്ക്കുന്നു. വണ്ടി വലിക്കുന്നു. ഉരുള്‍ ഉരുട്ടുന്നു. വിറകടുക്കുന്നു. പായ ചുരുട്ടുന്നു. കോണി കേറുന്നു. പന്തുകളിക്കുന്നു. പാത്രം പൊക്കുന്നു. ഉറി താഴ്ത്തുന്നു. ഓല മെടയുന്നു. കിഴങ്ങു വലിച്ചുപൊക്കുന്നു. മുങ്ങിപ്പൊങ്ങുന്നു. ഇല വെട്ടുന്നു. പൂവിറുക്കുന്നു. കൈകൂപ്പിത്തൊഴുന്നു. സാഷ്ടാംഗം നമസ്ക്കരിക്കുന്നു. കസര്‍ത്തെടുക്കുന്നു. മുറ്റം തൂക്കുന്നു. നിലം തുടയ്ക്കുന്നു. ചാണകം മെഴുകുന്നു. തിരി തെരുക്കുന്നു. വിളക്കു കൊളുത്തുന്നു. കാക്കയോട്ടുന്നു. ഈച്ചയാട്ടുന്നു. വിയര്‍ക്കുന്നു. വീശുന്നു..... എന്നെല്ലാമെനിക്കു തോന്നി. ചികിത്സയ്ക്കു വന്നവര്‍ മിക്കവരും പത്തായം പോലെ കുംഭവീര്‍ത്ത ചെറുപ്പക്കാര്‍. പപ്പും പൂടയുമുള്ള അമ്മമാര്‍. 'പത്തായം പെറ്റ്‌ ചക്കി കുത്തി അമ്മവയ്ച്ച്‌ ഞാന്‍ ഉണ്ണു'ന്ന കുട്ടിസ്രാങ്കുകള്‍. 'ഉഡുരാജമുഖീ മൃഗരാജകടീ ഗജരാജവിരാജിത മന്ദഗതി'ക്കാരായ 'ചക്കി'കളെ മാത്രം കണ്ടില്ല. ഉരലും ഉലക്കയുമായി ഉരുവമിളക്കി ഉഴച്ചുണ്ടായ ഉടയാത്ത ഉടലഴകികള്‍ക്ക്‌ 'ഉടലാലയ'ത്തിലെന്തു കാര്യം, അല്ലേ. എന്താണിങ്ങനെ? ഒന്നുരണ്ടു തലമുറയ്ക്കുള്ളില്‍ മനുഷ്യശരീരം ഇത്രകണ്ടു മാറിയോ? അധ്വാനമില്ലാത്ത ആഹാരവും ആഹ്ളാദമില്ലാത്ത ആര്‍ഭാടവും ആശാസ്യമല്ലാത്ത അര്‍മാദവുംകൊണ്ടാകാം പൊണ്ണത്തടിയും പൊള്ളച്ച അസ്ഥിയും പൊട്ടിപ്പോയ കശേരുക്കളും പിന്നിപ്പിരിഞ്ഞ സന്ധികളും. ഇന്നത്തേക്കാള്‍ എത്രയോ കായികാധ്വാനം ചെയ്യേണ്ടിവന്ന പഴയ തലമുറക്കാര്‍ക്ക്‌ കാര്യമായ ശാരീരികവിഷമങ്ങളില്ലല്ലോ. ഫിസിയോ-തെറാപ്പി കേന്ദ്രത്തിലും ജിമ്മിലും ഇന്നുള്ളവര്‍ ചെയ്യുന്ന കാര്യങ്ങള്‍ അന്നവര്‍ പാടത്തും പണിസ്ഥലത്തും വീട്ടിലും അടുക്കളയിലുമെല്ലാമായി ചെയ്തിരുന്നതാകാം കാരണം. കീടനാശിനികളും കൃത്രിമ-ഹോര്‍മോണുകളും ഒന്നിച്ചുചേര്‍ന്നു നാശംവിതച്ച ആഹാരപദാര്‍ഥങ്ങളോ രാസയൌഗികങ്ങള്‍ വിഷംനിറച്ച ആവാസകേന്ദ്രങ്ങളോ അന്നില്ലായിരുന്നല്ലോ. എന്തിനെന്നറിയാത്ത പട്ടിയോട്ടമോ കാമക്രോധങ്ങളുടെ കാളപ്പോരോ മത്സരബുദ്ധിജീവികളുടെ തൊഴുത്തില്‍കുത്തോ പണത്തിനുവേണ്ടിയുള്ള പരുന്തിന്‍പറക്കലോ പ്രായേണ കുറവുമായിരുന്നല്ലോ അന്നെല്ലാം. ഇന്നും പ്രകൃതി കനിഞ്ഞുതരുന്ന വായുവിനും വെള്ളത്തിനും വെയിലിനും കാര്യമായ കുറവൊന്നും വന്നിട്ടില്ല. പ്രഭാതത്തിലെ ശുദ്ധവായു ശ്വസിച്ചുരസിക്കാന്‍ മടികാണിച്ച്‌ പുതച്ചുമൂടിയുറങ്ങുന്നു മിക്കവരും ഇന്ന്‌. ഒരുമാതിരി എന്തഴുക്കും കഴുകിക്കളയാന്‍ കഴിവുള്ള വെള്ളം അകത്തും പുറത്തുമായി ഉപയോഗിക്കാനും മടി. വിവിധവര്‍ണരാജിയില്‍ വെട്ടിത്തിളങ്ങുന്ന വെയിലിണ്റ്റെ ചൂടും വെളിച്ചവും ഉള്‍ക്കൊണ്ട്‌ ശരീരവും മനസ്സും ഭാസുരമാക്കുവാനും മടി. എന്നിട്ട്‌ ഓക്സിജന്‍-പാര്‍ളറുകളിലും സ്പാ-സൌനകളിലും ജനലടച്ചിരുട്ടാക്കി ശീതീകരിച്ച മുറികളിലും ആരോഗ്യം തേടുന്നു, ബുദ്ധിയും അറിവും അധികമായ പുതിയ തലമുറയില്‍ പലരും. മടിയന്‍ മലചുമന്നാലും എത്ര ചുമക്കും? പണ്ടൊക്കെ പോഷകാഹാരക്കുറവ്‌ നാട്ടിന്‍പുറങ്ങളിലായിരുന്നു; ഇന്നോ പറപ്പട്ടണങ്ങളില്‍. പട്ടിണിയും പരിവട്ടവുമായിരുന്നിട്ടും പട്ടിക്കാട്ടുകാര്‍ മെയ്യഴകും മനോബലവും കാത്തുസൂക്ഷിച്ചു. പട്ടണവാസികളോ പൊണ്ണത്തടിയും പാറ്റക്കാലും വാലും തലയുമിട്ടാട്ടുന്ന നട്ടെല്ലുമായി നിരങ്ങി നീങ്ങുന്നു. 'തേയ്ക്കാത്ത എണ്ണ ധാര' എന്നു പറയാറുണ്ടല്ലോ. ഇന്നു ചെയ്യാത്തതിനു നാളെ പ്രായശ്ചിത്തം ചെയ്യേണ്ടിവന്നേക്കും. സിനിമയില്‍ പറയുന്ന മാതിരി, 'ഇത്തിരി ദേഹാധ്വാനം, ഇത്തിരി ശ്രദ്ധ, ഇത്തിരി സന്തോഷം' - ഇതെല്ലാം മതി നമ്മുടെ ഇത്തിരിജീവിതം ഇമ്മിണി വലിയതാക്കാന്‍. ഒന്നുരണ്ടു തലമുറയോ തലതെറിച്ചുപോയി. ഇനിയുള്ള ഇളമുറക്കാര്‍ക്കെങ്കിലും ആയുരാരോഗ്യസൌഖ്യം ഉറപ്പാക്കാന്‍ നല്ലൊരു കര്‍മപദ്ധതി ഉരുത്തിരിഞ്ഞേ തീരൂ. കയ്യനക്കി മെയ്യനക്കി മനസ്സനക്കി സ്വന്തം വയറ്റുപിഴപ്പുണ്ടാക്കി സസന്തോഷം അനുഭവിക്കാനും അനുഭവിപ്പിക്കാനും ത്രാണിയുള്ള ചുണക്കുട്ടികളെ വാര്‍ത്തെടുത്തേ തീരൂ - പത്തായം പെറാനും ചക്കികുത്താനും അമ്മവയ്‌ക്കാനും കാത്തിരിക്കാത്ത ഒരു ഇരുകാല്‍-തലമുറ. ചിപ്സും കോളയും മരുന്നും മായവും നല്‍കി മണ്ണും ചാണകവുമല്ലാത്ത ഒരു ജീവിതാഭാസം അവര്‍ക്കു നല്‍കരുത്‌. ഉണരട്ടെ പുതുജീവന്‍. നീളട്ടെ പുതുനാമ്പുകള്‍. വിരിയട്ടെ പുതുപൂക്കള്‍.

അതിവേഗം അധോഗതി

വികസനമല്ല പുരോഗതി. ആണെന്നു പറഞ്ഞു നമ്മെ പറ്റിച്ചു മക്കാറാക്കുന്നു ഇക്കണ്ട 'ബഹുമാനപ്പെട്ട' രാഷ്ട്രീയക്കാര്‍. വികസനമൊക്കെയും പുരോഗതി ആവണമെന്നില്ല. പുരോഗതിക്കെതിരെയും വികസനമാകാം. അത്‌ അധോഗതി. ഇന്നു നാട്ടില്‍ കാണുന്നതും അധോഗതി. അതിവേഗപ്പാതകള്‍, ഫ്ളൈ-ഓവറുകള്‍, ടോള്‍-ബൂത്തുകള്‍, വിമാനത്താവളങ്ങള്‍, വൈദ്യുതീനിലയങ്ങള്‍, മാളുകള്‍, ഗോള്‍ഡ്‌-സൂക്കുകള്‍, ഗോള്‍ഫ്‌-കോഴ്‌സുകള്‍, കാസിനോകള്‍, സ്റ്റേഡിയങ്ങള്‍, മള്‍ട്ടി-സ്പെഷാലിറ്റി ആസ്പത്രികള്‍, തീം-പാറ്‍ക്കുകള്‍, ..... രാഷ്ട്രീയക്കാരുടെ വികസനപ്പട്ടിക നെടുനീണ്ടതാണ്‌. നാട്ടുകാരുടെ പണംകൊണ്ട്‌ ഇവയെല്ലാം പണിയുന്നു. ചക്കരക്കുടത്തില്‍ കയ്യിട്ടുവാരുന്നു. എന്നിട്ടോ തണ്റ്റെയോ തണ്റ്റെ പാര്‍ട്ടിക്കാരുടെയോ പേരിട്ടു സ്വയം രസിക്കുന്നു. പിന്നെയും കയ്യിട്ടു വാരുന്നു പണം, പണം. അതിവേഗപ്പാതകളുണ്ടാക്കി സ്പീഡു കുറയ്ക്കാന്‍ ഗതിരോധകങ്ങള്‍ (സ്പീഡ്‌-ബ്റേക്കറുകള്‍) നിര്‍മിക്കുന്നതു പുരോഗതിയല്ല. വൈദ്യുതനിലയങ്ങള്‍ സ്ഥാപിച്ചിട്ടും പവര്‍കട്ടും കുറഞ്ഞ വോള്‍ട്ടേജും ഉണ്ടാകുന്നത്‌ പുരോഗതിയല്ല. പഞ്ചായത്തുതോറും വിമാനത്താവളം പുരോഗതിക്കല്ല. കച്ചവടസ്ഥാനങ്ങളുണ്ടാക്കി അവിടെ അടുക്കാന്‍ വയ്യാത്തത്ര തിക്കും തിരക്കുമുണ്ടാക്കുന്നതും പുരോഗതിയല്ല. കുടിവെള്ളത്തിനു കുപ്പിവെള്ളം വേണ്ടിവരുന്നതു പുരോഗതിയല്ല. രോഗപ്രതിരോധനത്തിനുപകരം മുക്കിനുമുക്കിന്‌ ആസ്പത്രികള്‍ പണിതുകൂട്ടുന്നതു പുരോഗതിയല്ല. സ്കൂളുകളും കോളേജുകളും വേണ്ടവിധം നടത്താതെ റ്റ്യൂഷന്‍-കേന്ദ്രങ്ങളെ ആശ്രയിക്കേണ്ടിവരുന്നതു പുരോഗതിയല്ല. പാഠപുസ്തകങ്ങള്‍ ലഭിക്കാത്ത ഗ്രന്ഥശാലകള്‍ പുരോഗതിയല്ല. കുറച്ചു പൊങ്ങച്ചപ്പണക്കാരുടെ മാനസോല്ലാസത്തിനുവേണ്ടി നേരമ്പോക്കുദ്യാനങ്ങളൊരുക്കുന്നത്‌ പുരോഗതിയല്ല. പുത്തന്‍കെട്ടിടം പണിതിട്ട്‌ എയര്‍-കണ്ടീഷണറ്‍ ഇല്ലാതെ അതില്‍ പെരുമാറാന്‍ പറ്റില്ലെന്നു വരുന്നതു പുരോഗതിയല്ല. റോഡു നന്നാക്കാതെ ഹെല്‍മെറ്റ്‌ ധരിപ്പിക്കുന്നതും സീറ്റ്‌-ബെല്‍റ്റ്‌ പിടിപ്പിക്കുന്നതും സി.സി. ടീവി-യില്‍ കുറ്റമെണ്ണുന്നതും പുരോഗതിയല്ല. വണ്ടിയിടാന്‍ സ്ഥലമുണ്ടാക്കാതെ പാറ്‍ക്കിങ്ങ്‌-ഫീസ്‌ ഈടാക്കുന്നത്‌ പുരോഗതിയേയല്ല. വായുവിനും വെള്ളത്തിനും വില കൊടുക്കേണ്ടിവരുന്നതു വികസനമല്ല. മരുന്നുകമ്പനികള്‍ക്ക്‌ കച്ചവടമുണ്ടാക്കിക്കൊടുക്കുന്നതു വികസനമല്ല. ദാരിദ്ര്യകാരണങ്ങള്‍ തുടച്ചുനീക്കാതെ കുറെ റേഷനരികൊടുക്കുന്നത്‌ വികസനമല്ല. മാലിന്യം കുറയ്ക്കാതെ മാലിന്യം അങ്ങോട്ടുമിങ്ങോട്ടും തട്ടിക്കളിക്കുന്നതു വികസനമല്ല. വൃത്തിയാക്കാത്തിടത്ത്‌ അത്തര്‍ തളിക്കുന്നത്‌ വികസനമല്ല. യു.പി.എസ്‌.-ഉം പവര്‍-സ്റ്റെബിലൈസറും ഉപയോഗിക്കേണ്ടിവരുന്നതു വികസനമല്ല. മദ്യം നിരോധിച്ചെന്നപേരില്‍ വിവേകംകെട്ടവനെ വിഷംകുടിപ്പിക്കുന്നതും വികസനമല്ല. പച്ചക്കറികളിലെ വിഷാംശം കഴുകിക്കളയാനുള്ള മരുന്നുണ്ടാക്കി വില്‍ക്കുന്നതു വികസനമേയല്ല. എല്ലാത്തിനും ഒരു പരിഹാരമാര്‍ഗം ഇന്നിപ്പോള്‍ എല്ലാവര്‍ക്കും കമ്പ്യൂട്ടറാണ്‌. എല്ലാം കമ്പ്യൂട്ടറിലാക്കിയതുകൊണ്ടുമാത്രം ഒരു കാര്യവുമില്ല. അതിവിവരം ആര്‍ക്കും പ്രയോജനപ്പെടില്ല. ശരിയായ വിവരം ശരിയായ സമയത്ത്‌ ശരിയായ രീതിയില്‍ ലഭ്യമായാലേ കമ്പ്യൂട്ടര്‍വല്‍ക്കരണംകൊണ്ടു പ്രയോജനമുള്ളൂ. ഒന്നു ചോദിച്ചാല്‍ പത്തു തരുന്ന ഒരു സഹപ്രവര്‍ത്തകന്‍ എനിക്കുണ്ടായിരുന്നു, നെല്ലും പതിരും മാറ്റി ഞാന്‍ കുഴഞ്ഞു. എല്ലാ തെറ്റുകളും തിരുത്തി കമ്പ്യൂട്ടറില്‍ തയ്യാറാക്കിയ ഒരു രേഖ, സര്‍ക്കാരില്‍ കൊടുക്കുന്നതിനുമുന്‍പ്‌ തണ്റ്റെ ഗുമസ്തന്‍ അതു പുതുതായി വീണ്ടും ഒരിക്കല്‍കൂടി ടൈപ്പു ചെയ്യണമെന്നു ശഠിച്ച ഒരു വക്കീലിനെയും എനിക്കറിയാം. ഫീസും പിഴയും മറ്റും ഒന്നിനും ഒരു പരിഹാരമല്ല. അവ വെറും നോക്കുകൂലി, സര്‍ക്കാരിണ്റ്റേതെന്ന വ്യത്യാസം മാത്രം. പണ്ട്‌ ഉന്തുവണ്ടികള്‍ക്കും സൈക്കിളുകള്‍ക്കും റിക്ഷകള്‍ക്കുമൊക്കെ ലൈസെന്‍സ്‌-എടുക്കണമായിരുന്നു, പഞ്ചായത്തില്‍നിന്നും മുനിസിപ്പാലിറ്റിയില്‍നിന്നുമെല്ലാം. അതിനൊരു നിശ്ചിതസംഖ്യ ഒടുക്കണം ഉടമസ്ഥര്‍. ബ്റിട്ടീഷ്‌-സന്തതിയാണു സംഗതി. തദ്ദേശസ്വയംഭരണം പഠിച്ച എണ്റ്റെ ഒരു സ്നേഹിതനോട്‌ ഇതിണ്റ്റെ സാംഗത്യത്തെപ്പറ്റി ഒരിക്കല്‍ ഞാന്‍ ചോദിച്ചിരുന്നു. ഒരു പ്രദേശത്തെ നിരത്തുകള്‍ തിക്കിത്തിരങ്ങാതിരിക്കാന്‍ ഒരു പരിധി എണ്ണംവരെയേ വാഹനങ്ങളോടാവൂ. അതിനുള്ള നിയന്ത്രണമാണ്‌ ലൈസെന്‍സ്‌ കൊണ്ടുദ്ദേശിക്കുന്നത്‌. നിശ്ചിത എണ്ണമടുത്താല്‍ പിന്നെ ലൈസെന്‍സ്‌ കൊടുക്കരുതെന്നാണു പ്രമാണം. കുഗ്രാമങ്ങളില്‍ എന്തു തിരക്ക്‌? എന്തു പരിധി? എന്നാലും എവിടെയോ ഒരു യുക്തി ഉണ്ടായിരുന്നെന്നു കരുതാം. ഇന്നോ? തിരക്കെത്രയായാലും ഏതെങ്കിലും നഗരത്തില്‍ എന്തെങ്കിലും വാഹനത്തിനു ലൈസെന്‍സ്‌ തരാതിരിക്കുന്നുണ്ടോ സര്‍ക്കാര്‍? വണ്ടിത്തിരക്കു കുറയുന്നോ? പാര്‍ക്കിങ്ങ്‌-ഫീ കൂട്ടിയതുകൊണ്ട്‌ പാര്‍ക്കിങ്ങ്‌-സ്ഥലം കൂടുന്നോ? പരിസരദൂഷണത്തിനു പരിധി ഉണ്ടായിട്ടുണ്ടോ? വികസനമെന്നാല്‍ അതിനൊരു വ്യക്തമായ രൂപരേഖ വേണം. അത്‌ സാമാന്യമനുഷ്യണ്റ്റെ പുരോഗതിക്കുള്ളതാവണം. സര്‍ക്കാരിനു മുതല്‍ക്കൂട്ടാനോ കരാറുകാരുടെ കീശവീര്‍പ്പിക്കാനോ ഉള്ളതല്ല വികസനപ്രവര്‍ത്തനങ്ങള്‍. ഒരു കുഴി കുത്തുന്നതുപോലും എന്തിനെന്നും ആര്‍ക്കാണ്‌ അതിണ്റ്റെ പ്രയോജനമെന്നും ഭാവിയില്‍ അതിണ്റ്റെ ഗുണദോഷങ്ങള്‍ എന്തെന്നും, കുഴി കുത്തുന്നവര്‍മാത്രമല്ല കുഴിക്കു ചുറ്റുമുള്ളവരെല്ലാം അറിഞ്ഞിരിക്കണം. ഇന്നു കുത്തിയ കുഴി നാളെ മൂടാനുള്ളതല്ല, കരാറുകാര്‍ക്കും ജനപ്രതിനിധികള്‍ക്കും അതു സ്വര്‍ണഖനിയാണെന്നിരിക്കിലും. ജീവിതനിലവാരവും (സ്റ്റാണ്റ്റേര്‍ഡ്‌ ഓഫ്‌ ലിവിംഗ്‌) ജീവിതമേന്‍മയൂം (ക്വാളിറ്റി ഓഫ്‌ ലൈഫ്‌) തമ്മില്‍ വലിയ ബാന്ധവമൊന്നുമില്ല. ചിലര്‍ അവ ഒന്നാണെന്നു വിശ്വസിക്കുന്നു, ചിലര്‍ അവ ഒന്നാണെന്നു വിശ്വസിപ്പിക്കുന്നു. നഗരത്തിലേ ആര്‍ഭാടമായൊരു കെട്ടിടത്തിലാവാം താമസം, പക്ഷെ കൊതുകടി ഉറക്കംകെടുത്തുമെങ്കില്‍ ജീവിതമേന്‍മയില്ല. മറിച്ച്‌ വലിയ നിലവാരമൊന്നുമില്ലാത്ത ഒരു ഗ്രാമത്തിലെ കൊച്ചുവീട്ടില്‍ കൊതുകടിയില്ലാതെ ഉറങ്ങാമെങ്കില്‍, അവിടത്തെ ജീവിതമേന്‍മ നഗരത്തിലേതിനേക്കാള്‍ മെച്ചപ്പെട്ടതാണ്‌. ഫ്രിജ്ജിലെ പഴകിയ സാധനങ്ങള്‍ തിന്നുന്നവരേക്കാള്‍ ജീവിതമേന്‍മ അന്നന്നത്തെ ആഹാരം അധ്വാനിച്ചുണ്ടാക്കി തിന്നുന്നവര്‍ക്കാണ്‌. ആധുനികസൌകര്യങ്ങള്‍ അനാവശ്യമാണെന്നല്ല ഇപ്പറഞ്ഞതിനര്‍ഥം. ഒന്നു മറ്റൊന്നാണെന്നു വിശ്വസിപ്പിക്കുന്ന കള്ളനേതാക്കളെയാണ്‌ നമ്മള്‍ കരുതിയിരിക്കേണ്ടത്‌. ഉദാഹരണത്തിന്‌, ആരാണ്റ്റെ ചെലവില്‍ ഒരു കളിസ്ഥലമുണ്ടാക്കി ആ പ്രദേശത്തെ കുരുന്നുകളെയും യുവാക്കളെയുമെല്ലാം ശ്രദ്ധതിരിച്ചുവിട്ട്‌ മടിയന്‍മാരും മഠയന്‍മാരുമാക്കുന്നതരം പ്രവൃത്തികള്‍ക്കെതിരെ നാം പൊരുതേണ്ടതുണ്ട്‌. ഒരുപിടി സുഖിയന്‍മാര്‍ക്ക്‌ അതിവേഗം ബഹുദൂരം ഓടിത്തിമിര്‍ക്കാന്‍മാത്രമൊരുക്കുന്ന സുഖസൌകര്യങ്ങളെ ഒന്നിച്ചെതിര്‍ക്കേണ്ടതുണ്ട്‌. കോണ്‍ട്രാക്റ്റര്‍മാര്‍ക്കും രാഷ്ട്രീയക്കാര്‍ക്കുംമാത്രം പ്രയോജനപ്പെടുന്ന ഭീമന്‍പദ്ധതികള്‍ക്കെതിരെ നാം പ്രതികരിക്കേണ്ടതുണ്ട്‌. ഒരു നാടിനെ വെട്ടിമുറിച്ചു തിന്നാന്‍ എന്തെളുപ്പം. പക്ഷെ കൈവിട്ടുപോയ ജീവിതത്തെ വീണ്ടെടുക്കാന്‍ പരമപ്രയാസം.

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...