Sunday 6 November 2016

വർഗസമരസം


തത്ക്കാലം കട്ടൻചായയും പരിപ്പുവടയും ദിനേശ് ബീഡിയും ഒഴിച്ചുനിർത്തി താത്ത്വികമായി ചിന്തിക്കാം:   വർഗസമരം ഉണ്ടാകുന്നതെപ്പോൾ?   വർഗങ്ങളുടെ എണ്ണം കൂടിക്കൂടിവർഗസമരസം ഇല്ലാതാകുമ്പോൾ.   അതുകൊണ്ട് വർഗസമരം ഇല്ലാതാകാൻ  വർഗസമന്വയം നടത്തി വർഗങ്ങളുടെ എണ്ണം കുറച്ച്, എന്നിട്ടുമെന്തെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ അവയ്ക്കിടയിൽ വർഗസമരസം ഉറപ്പാക്കണം.   വര്ർഗങ്ങൾക്കു ചുറ്റും മതിൽകെട്ടി സി.സി.-കാമറവച്ച് കാവൽക്കരെ നിർത്തിയല്ല വർഗവിദ്വേഷത്തെയും വർഗസമരത്തെയും വർഗാധിപത്യതെയും കൈകാര്യം ചെയ്യേണ്ടത്.


മാർക്സും ഗാന്ധിജിയും ജയപ്രകാശും എല്ലാം വിഭാവനം ചെയ്ത സമഷ്ടിസമുദായഘടനയുണ്ടല്ലോ, അതു പാടേ പാളിപ്പോയ പാരമ്പര്യമാണ്‌ നാം ഭാരതീയർക്കിന്ന്.   സ്വാതന്ത്ര്യം കൈവരിച്ചതുമുതൽ ഉപരിവർഗത്തിന്റെയും അധോവർഗത്തിന്റെയുമിടയിലെ അന്തരം കുറയ്ക്കുന്നതിനു പകരം അനുദിനം കൂട്ടിക്കൊണ്ടുവരുന്ന വിചിത്രമായ നയങ്ങളും നിയമങ്ങളും നടപ്പുകളും നടത്തിപ്പുകളുമാണ്‌ നമ്മൾ കാണേണ്ടിവന്നത്.   രാജാക്കൻമാർപോയി മന്ത്രിമാരായി.   അവരുടെ എണ്ണം പെരുകി.   മന്ത്രിമാർ രാജാക്കൻമാരേക്കാൾ ചീർത്തുവളർന്നു.   കൃഷി ഇടനിലക്കാരുടെ ചങ്ങലക്കൂട്ടിലായി.   കച്ചവടം കുത്തകകൾക്കു വഴിമാറി.   വിദ്യാഭ്യാസം വിലയ്ക്കുവാങ്ങണമെന്നായി.   ആരോഗ്യം അവശർക്കുള്ളതല്ലാതായി.   മതങ്ങൾ മദമൊഴുക്കി.   മത്സരം മാറാവ്യാധിയായി.   ഉള്ളവർ ഉടയോൻമാരും ഇല്ലാത്തോർ ഇടമില്ലാത്തവരുമായി.   ഇവർക്കിടയിൽ ഇടവർഗക്കാർ ഇടയൻമാരായി.


അതിന്റെയെല്ലാം ഫലമായി വർഗങ്ങളുടെ എണ്ണം കൂടിക്കൂടി വരവായി; അവരുടെ സങ്കടങ്ങളും അവർക്കിടയിലെ സന്ദേഹങ്ങളും അവർ തമ്മിലുള്ള സംഘർഷങ്ങളും പതിന്മടങ്ങായി.


സ്വാതന്ത്ര്യം കിട്ടിയ കാലത്ത് നമുക്ക് ഒന്നാംക്ളാസ്സും രണ്ടാംക്ളാസ്സും മൂന്നാംക്ളാസ്സുമെല്ലാമുണ്ടായിരുന്നു തീവണ്ടിയിൽ.   പതിയെ മൂന്നാംക്ളാസ്സെന്നത് ചരിത്രം മാത്രമായി.   നല്ലത്.   പോരാഞ്ഞ് ഒറ്റക്ളാസ്സുമാത്രമുള്ള, മരപ്പലകയ്ക്കുപകരം കുഷനിട്ട സീറ്റുള്ള ജയന്തി-ജനത എന്നൊരു ഉഗ്രൻ തീവണ്ടി ഓടിത്തുടങ്ങി.   അതും നല്ലത്.   കാര്യങ്ങൾ ഭംഗിയായിത്തുടരുമ്പോഴാണ്‌ എയർ-കണ്ടീഷന്റ് സൗകര്യത്തോടെയുള്ള വണ്ടികൾ വന്നത്.   അതും നന്നായി.   പിന്നെയാണ്‌ തീവണ്ടിവർഗത്തിന്റെയും അവകളിലെ ക്ളാസ്സുകളുടെയും ഒരു പെരുമഴക്കാലം.   ഫസ്റ്റ്ക്ളാസ്സ്, സെക്കന്റ്-ക്ളാസ്സ്, സ്ലീപ്പർക്ളാസ്സ്, ചെയര്ർ-കാര്ർ, ഫസ്റ്റ്-ഏസി, സെക്കന്റ്-ഏസി, തേഡ്-ഏസി എന്നിവ പാസ്സഞ്ചർ, മെയിൽ, എക്സ്പ്രസ്സ്, സൂപ്പർഫാസ്റ്റ്, രാജധാനി, ശതാബ്ദി, ജൻ-ശതാബ്ദിദുരന്തോ, ഡബിൾ-ഡെക്കർ എന്നിങ്ങനെ - അതും പോരാഞ്ഞിട്ട് സ്പെഷൽ, സുവിധ, റോയൽ ഹെറിറ്റേജ്, ഹൈ-സ്പീഡ്,ബുള്ളെറ്റ് എന്നെല്ലാമെന്തൊക്കെയോ പേരുകളിൽ - വർഗീകരിച്ച വണ്ടികളിൽ. അതോടൊപ്പം തൊട്ടാൽ വലിയും വിട്ടാൽ കൂടുംഎന്നതരം ചെപ്പിടിവിദ്യയിലധിഷ്ഠിതമായ ഫ്ളെക്സി-ഫെയര്ർഎന്നൊരു ടിക്കറ്റ്-വ്യവസ്ഥയും!   ഓർഡറനുസരിച്ച് പ്രത്യേകാഹാരം സീറ്റിലെത്തിക്കുന്ന കലാപരിപാടിയും തുടങ്ങിക്കഴിഞ്ഞു - ഒരേ പന്തിയിൽ പലവിധ ഭോജനം.   അധികം വൈകാതെ തീവണ്ടി സ്റ്റേഷനുകളിൽ സമ്പന്നയാത്രക്കാർക്കയി സ്പെഷൽ ലൗഞ്ചുകളും തുറക്കപ്പെടുമത്രേ.   ആകപ്പാടെ നല്ലൊരു കാര്യം നടന്നത്, ഒറ്റക്ളാസ്സും കുഷൻസീറ്റും  ശീതോഷ്ണ-നിയന്ത്രണവുമുള്ള ഗരീബ്-രഥ്എന്നൊരു തീവണ്ടിയോടിച്ചതാണ്‌ - പണ്ടത്തെ ജനത-ട്രെയിൻപോലെ.   അതിലാകട്ടെ, അതിന്റെ പേരൊന്നുകൊണ്ടുമാത്രം യാത്രചെയ്യാൻ അറയ്ക്കുന്ന ചില മാന്യൻമാരെയും എനിക്കറിയാം.   വിലക്കുറഞ്ഞ കാർ എന്ന ലേബലൊന്നുകൊണ്ടുമാത്രം വിൽപ്പനയില്ലാതെപോയ ടാറ്റ നാനോ’  പോലെ തന്നെ.


മുംബൈയിലെ ലോക്കൽവണ്ടികളിലെ തിക്കും തിരക്കും കുപ്രസിദ്ധമാണല്ലോ.   തിരക്കു കുറയ്ക്കാനും സാധാരണക്കാരുടെ സൗകര്യം മെച്ചപ്പെടുത്താനും എന്തെങ്കിലും ചെയ്യുന്നതിനു പകരം എയർകണ്ടീഷന്റ് കോച്ചുകളുണ്ടാക്കുന്നതിലാണ്‌ സർക്കാരിനു താൽപര്യം.   ഒടുക്കത്തെ തിരക്കുള്ള ഇപ്പോഴത്തെ കുറെ സാധാരണ കോച്ചുകൾ ശീതീകരിച്ചു കാശാക്കാനാണു പുറപ്പാട്.   കാശുള്ളവനു കൂടുതൽ സുഖം കൊടുക്കുന്നതിലാണ്‌, കാശില്ലാത്തവന്റെ ദുരിതം കുറയ്ക്കുന്നതിലല്ല അധികാരികളുടെ ശുഷ്ക്കാന്തി.


പണ്ടൊക്കെ റേഷൻകാർഡെന്നാൽ മാലോകരെല്ലാരുമൊന്നുപോലെ.   ഇന്നിപ്പോൾ കാര്ർഡുള്ളവരിൽതന്നെ ദാരിദ്ര്യരേഖയ്ക്കു മുകളിലെന്നും കീഴിലെന്നുമെല്ലാം വീണ്ടുമൊരു വകതിരിക്കലായി.   പാർപ്പിടങ്ങളാവട്ടെ പുറമ്പോക്കുവീടെന്നും അഞ്ചുസെന്റുവീടെന്നും ലക്ഷംവീടെന്നും ആദിവാസി കോളനിയെന്നുമെല്ലാമുള്ള നിലവിട്ട് LIG, MIG, HIG എന്നൊക്കെയുമായി.   തനതുകോളനികളും തനിനിറംകോളനികളും നിയന്ത്രിതകോളനികളും ഉണ്ടായിത്തുടങ്ങിയിട്ടുണ്ട്.


ഒറ്റത്തരം ടെലഫോൺ ഉണ്ടായിരുന്ന കാലം കഴിഞ്ഞു.   ഒരായിരം പ്ളാനുകൾ തലകറക്കുന്ന പുത്തൻവാർത്താവിനിമയ സംസ്ക്കാരം, പുത്തൻവർഗങ്ങളെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.


പണ്ടത്തെ ചായക്കടകൾക്കു പിന്നാലെ കോഫി-ക്ളബ്ബുകളും ഹോട്ടലുകളും വന്നു.   ചാരായക്കടകൾക്കൊപ്പം ബാറുകൾ.   ഹോട്ടലുകൾ പലവിധമായി.   ബാറും ചോറുമിണക്കി പുതിയൊരു വർഗീകരണവുമായി.


വെറും മഞ്ഞ-ടാക്സികളുണ്ടായിരുന്ന സ്ഥാനത്ത് ടൂറിസ്റ്റ്-ടാക്സികളും കോൾ-ടാക്സികളും റേഡിയോ-ടാക്സികളും മൊബൈൽ-ടാക്സികളും വരെ വന്നെത്തിയിരിക്കുന്നു.


ബസ്സുകളും പലതായി.   പണ്ടത്തെ ടൗൺ-ബസ്സെല്ലാം പോയി.   ഓർഡിനറി, ഫാസ്റ്റ്, സൂപ്പർഫാസ്റ്റ്, എക്സ്പ്രസ്സ്, ലിമിറ്റഡ്-സ്റ്റോപ്പ്, നോൺ-സ്റ്റോപ്പ്, ലോ-ഫ്ളോർ, ഡബിൾ-ഡെക്കർ, വെസ്റ്റിബ്യൂൾ, ട്രെയ്‌ലർ തുടങ്ങിയ വകഭേദങ്ങൾ വരവായി.   അവയിൽതന്നെ വോൾവോ, മെർസിഡിസ്, മാൻ എന്നെല്ലാം ചേരിതിരിവും.


റോഡുകൾക്കുമായി പുനരവതാരങ്ങൾ.   ഇടവഴികളും നാട്ടുവഴികളും പെരുവഴികളുമെല്ലാം  ഹൈ-വേയും സൂപ്പർ ഹൈ-വേയും എക്സ്പ്രസ്സ്-ഹൈവേയുമായി മുഖംമിനുക്കുകയാണ്‌.   നാലുവരിപ്പാതയും ആറുവരിപ്പാതയും എട്ടുവരിപ്പാതയുമായെല്ലാം അവ വർഗീകരിക്കപ്പടുന്നു.


കള്ളപ്പണം പിടിച്ചെടുത്ത്, പണപ്പെരുപ്പം കുറച്ച്, അഴിമതി തടഞ്ഞ്, ദാരിദ്ര്യം അകറ്റി, സമ്പാദ്യം കൂട്ടി, ധനവിനിയോഗം മെച്ചപ്പെടുത്തി സമ്പദ്വ്യവസ്ഥയെ കെട്ടിപ്പൊക്കുന്നതിനു പകരമായി പിച്ചക്കാശു-ബോണസ്സും കഴുത്തറപ്പൻ-ലോണും നക്കാപിച്ച-ശമ്പളവർധനയുംകൊണ്ട് ഓട്ടയടയ്ക്കുകയും അതിലേറെ വായടയ്ക്കുകയും ചെയ്യുന്ന രാഷ്ട്രീയ തന്ത്രങ്ങൾ നാം കാണുന്നുണ്ട്.   തലപ്പത്തിരിക്കുന്നവർക്ക് പലമടങ്ങും താഴേത്തട്ടിലുള്ളവർക്ക് ചില്ലറ വായ്ക്കരിയുമായി ശമ്പളം പരിഷ്ക്കരിക്കുന്ന വിധം കാലാകാലം അരങ്ങേറുന്നുണ്ട്.   ആറാം ശമ്പളക്കമ്മീഷൻ സുപ്രധാനമായ ഒരു തീരുമാനമാണ്‌ ആദ്യം കൈക്കൊണ്ടത് - സർക്കാരുദ്യോഗത്തിലെ തസ്തികകളുടെ എണ്ണം കാര്യമായി കുറയ്ക്കുക എന്ന്.   അതോടപ്പം കുറഞ്ഞ ശമ്പളവും ഉയർന്ന ശമ്പളവും തമ്മിലുള്ള അന്തരം കുറയ്ക്കണമെന്നും.   എല്ലാം ശരിയായി വരുന്നു  എന്നു തോന്നിപ്പോയ സന്ദർഭത്തിലാണ്‌ ഉന്നതോദ്യോഗസ്ഥരുടെ കരിംകൈകൾ പ്രവർത്തനോന്മുഖമാകുന്നത്.   പ്രത്യക്ഷതസ്തികകൾക്കിടയിൽ അവർ  കൊച്ചടരുകൾ - പരോക്ഷ തസ്തികകൾ -  കുത്തിക്കയറ്റി.   അങ്ങനെ മൊത്തം തസ്തികകളുടെ എണ്ണം പണ്ടത്തേക്കാൾ കൂടുതലായി!


പീടികകൾ പെരുകി.   എണ്ണത്തിൽമാത്രമല്ല തരത്തിലും.   ഷോ-റൂം, എക്സ്ക്ളുസീവ് ഷോപ്പ്, ബസാർ, സൂപ്പർ ബസാർ, മാർക്കറ്റ്, മാൾ, ഹൈപ്പർമാർക്കറ്റ് എന്നെല്ലാം എന്തൊക്കെയോ പേരുകളിൽ.  എന്തിന്‌, പാവം മുടിവെട്ടൽപോലും പലവകയായില്ലേ?


എന്നിട്ടോ ചെലവു താങ്ങാനാവാതെ സാമാന്യജനങ്ങൾ നടുവൊടിഞ്ഞു വീഴുമ്പോൾ  അവരെത്താങ്ങാനെന്ന മട്ടിൽ മാവേലി, ലാഭം, മാർജിൻ-ഫ്രീ, നീതി, കുടുംബശ്രീ, അപ്ന-ബസാർ എന്നൊക്കെ പേരിലുള്ള സഹായസംരംഭങ്ങൾ തുടങ്ങിവയ്ക്കുന്നു.   വഴിതെറ്റിപ്പോലും സാധാരണജനങ്ങൾ വലിയ ഇടങ്ങളിൽ വന്നുകേറരുതല്ലോ.   ഒരുതരം രണ്ടാംപൗരൻമാരെ സൃഷ്ടിക്കുന്നു ഇവ പലപ്പോഴും.   കൊച്ചുമനുഷ്യനു താങ്ങാനാവാത്ത വമ്പൻപ്രവേശനഫീസുവച്ചുള്ള എക്സിബിഷൻ-കം-സെയിൽപരക്കെയുണ്ടിപ്പോൾ.   ദുരഭിമാനം സഹിക്കാൻവയ്യാത്തവർ മേൽത്തട്ടുകടകളിൽ പിടഞ്ഞുകേറും; കൈപൊള്ളി തിരിച്ചുവരും.   കടക്കെണിയിൽ മുങ്ങും.


വി.ഐ.പി.-കളും എണ്ണംപെരുകി.   അവരിൽതന്നെ വി.വി.ഐ.പി.-കളുണ്ടായി.   അവരെ തൊട്ടുകൂട, തീണ്ടിക്കൂട.   കാറും കൊടിയും ചെംവിളക്കും സൈറനും പോലീസകമ്പടിയുമായി അയ്യയ്യാ, ആ വരവുണ്ടല്ലോ അമ്പിളിക്കല മെയ്യിലണിഞ്ഞ കരിംഭൂതങ്ങളുടെ!   X, Y, Z എന്നൊക്കെപ്പേരിലുള്ള സുരക്ഷാസംവിധാനങ്ങൾ പോരാഞ്ഞിട്ട്, 'Z +' എന്നൊന്നുകൂടിയുണ്ടാക്കി, തൊട്ടുകൂടാത്തവർക്കും തീണ്ടിക്കൂടാത്തവർക്കും’.   വി.ഐ.പി.-കൾക്കിടയിലും വർഗസമരം, അല്ലേ?


ആരാധനാലയങ്ങളിലാണ്‌ വർഗങ്ങളുടെ വേർതിരിക്കൽ തകൃതിയായി തലപൊക്കുന്നത് - മുൻനിരയായും പിൻനിരയായും വശപ്പെടലായും വശപ്പെടുത്തലായും വംശമായും വൈശിഷ്ട്യമായുമെല്ലാം.   പേ-ആന്റ്-പ്രേ; പ്രേ-ആന്റ്-പ്രേ (Pay & Pray; Pray & Prey)!


ഈ വർഷം (2016) ആദായനികുതി വകുപ്പ് നികുതി യഥാസമയം നൽകിയവർക്ക് പ്ളാറ്റിനം, സ്വർണം, വെള്ളി, വെങ്കലം എന്നീ പേരുകളിൽ കീർത്തിപത്രം സമ്മാനിച്ചിട്ടുണ്ട്, ആദായനികുതിയുടെ വലിപ്പച്ചെറുപ്പമനുസരിച്ച്.   നിയമം അനുസരിക്കുന്നവരെ ആദരിക്കുന്നതു ശരി, പക്ഷെ അതിലും വേണോ മുൻനിരക്കാരും പിൻനിരക്കാരുമെന്നെല്ലാം?


ഞാൻതുടക്കംമുതലേ ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടു ഗോവയിൽ.   ഇവിടെ മിക്കവാറും പരിപാടികൾക്ക് ഉയർന്ന ടിക്കറ്റും താഴ്ന്ന ടിക്കറ്റും ധാരാളമുണ്ടാകും; ഇടനിലട്ടിക്കറ്റുകൾക്കായിരിക്കും ക്ഷാമം.   മുംബൈയിലും ദില്ലിയിലുമെല്ലാം മറിച്ചും.   ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള വിടവ് വളറെക്കുറച്ചാണിവിടെ ഗോവയിൽ.   കാശുള്ളവർക്കുതന്നെ പുറംമോടി കുറവാണ്‌.   കേരളത്തിലാകട്ടെ, അന്നേ കുഞ്ചൻ പറഞ്ഞിട്ടുള്ളത് അരിമണിയൊന്നു കൊറിക്കാനില്ല, തരിവളയിട്ടു കിലുക്കാൻ മോഹംഎന്നല്ലോ.



ചിലർക്ക് എല്ലാം സ്പെഷൽവേണം;  ‘സ്പെഷൽ ആയേ മതിയാകൂ.  പോരാ, തനിക്കുമാത്രമേ സ്പെഷൽ ആകാവൂ.   കലക്കവെള്ളത്തിൽ മീൻപിടിച്ച് മറ്റുള്ളവരെക്കൊണ്ടു പൊരിച്ച്, തന്നെയിരുന്നു തിന്നുന്നതാണവർക്കിഷ്ടം.   ഇത്തരക്കാരാണ്‌ ചരിത്രപരമായിത്തന്നെ സമൂഹത്തിൽ മുകൾത്തട്ടെന്നും ഇടത്തട്ടെന്നും താഴേത്തട്ടെന്നുമെല്ലാമുള്ള പലപല വർഗങ്ങൾ സൃഷ്ടിച്ചത്.   അവ പെരുകാൻ കൂട്ടുനിന്നത്.   വർഗവിവേചനമാണ്‌ അവരുടെ ദുശ്ശക്തി.   വർഗവിദ്വേഷമാണ്‌ അവരുടെ സന്തുഷ്ടി.   വെറും ഇത്തിക്കണ്ണിഅല്ലവർ.   പാഷാണത്തിലെ കൃമിആണവർ.   ഇന്നത്തെയും എന്നത്തെയും പലപല ജനസേവകരെ നിങ്ങൾക്കോർമ വരുന്നുണ്ടെങ്കിൽ അത് യാദൃച്ഛികമല്ല.   ഇന്നത്തെ രാഷ്ട്രീയം, സ്വവർഗസമരസം!

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...