Wednesday 17 November 2010

'തലയാളം'

പത്തഞ്ഞൂറു വര്‍ഷങ്ങള്‍ക്കുമുന്‍പ്‌, കുറച്ചധികം തമിഴ്ബ്രാഹ്മണര്‍ ഒറ്റക്കും തെറ്റക്കും മലകടന്ന്‌ മലയാളദേശത്തെത്തി. അല്‍പം ആര്യബന്ധവും ആര്യസ്വഭാവവും ഉണ്ടായിരുന്നതുകൊണ്ടായിരിക്കണം അവരെ പൊതുവില്‍ 'അയ്യര്‍' (ആര്യ-അയ്യ-അയ്യര്‍) എന്നാണ്‌ തമിഴകത്തുവിളിച്ചിരുന്നത്‌. അവരുടെ പലായനം അന്നത്തെ ദ്രാവിഡരാജാക്കന്‍മാരുടെ അപ്രീതികൊണ്ടാണെന്നൊരു പക്ഷം. അതല്ല, മികച്ച ജീവനോപാധികള്‍ തേടിയാണെന്നൊരു പക്ഷം. മലയാണ്‍മയിലെ ബ്രാഹ്മണരായ നമ്പൂതിരിമാരുടെ കേമത്തത്തിനൊരു തടയിടുവാന്‍ കേരളരാജാക്കന്‍മാര്‍ തമിഴ്ബ്രാഹ്മണരെ ക്ഷണിച്ചുകൊണ്ടുവന്നതാണെന്നും ഒരു പക്ഷം. സത്യമെന്തായാലും അവര്‍ മൂന്നു ശാഖകളായിട്ടാണ്‌ കേരളക്കരയിലെത്തിയത്‌. തഞ്ചാവൂര്‍പ്രദേശത്തുള്ളവര്‍ പാലക്കാട്ടുചുരം കടന്നും തിരുച്ചി-തിരുനെല്‍വേലിക്കാര്‍ ചെങ്കോട്ടവഴിയും തെക്കന്‍പ്രദേശങ്ങളിലുള്ളവര്‍ നാഗര്‍കോവില്‍വഴിയും കേരളപ്രദേശത്തെത്തിക്കാണണം. നമ്പൂതിരിമാര്‍ക്കൊപ്പം സംസ്കൃതജ്ഞാനവും എന്നാല്‍ അവരെയപേക്ഷിച്ച്‌ വളരെക്കുറച്ചു്‌ ആഢ്യത്വശാഠ്യവും ഉണ്ടായിരുന്ന അവര്‍ മെല്ലെ കേരളരാജാക്കന്‍മാരുടെ വിശ്വസ്തരായി. മറ്റേതു രാജദാസന്‍മാരെയുംപോലെ പണവും പ്രതാപവും പോക്കിരിത്തരവും അചിരേണ അവരും കൈക്കലാക്കിയില്ലെന്നില്ല. പാര്‍സികള്‍ പാലില്‍ പഞ്ചസാരപോലെ ഗുജറാത്തിസമൂഹവുമായി ഇണങ്ങിച്ചേര്‍ന്നപ്പോള്‍, അയ്യര്‍മാര്‍ മലയാളസമൂഹവുമായി പിണങ്ങിച്ചേര്‍ന്നു, പാലില്‍ വെള്ളംപോലെ. 'മലയാള'ബ്രാഹ്മണരായ നമ്പൂതിരിമാര്‍ക്കിടയില്‍, കേരളക്കരയില്‍ അവര്‍ പൊതുവെ 'പരദേശിബ്രാഹ്മണര്‍' എന്നും'പട്ടര്‍' (ഭട്ടര്‍) എന്നും അറിയപ്പെട്ടു (തമിഴ്‌-നാട്ടുകാര്‍ അവരെ 'പാലക്കാട്ടുപട്ടര്‍' എന്നു വിളിച്ചു). അവരോടൊപ്പം തുളു-കന്നഡ-ബ്രാഹ്മണരും ഗൌഡസാരസ്വത-ബ്രാഹ്മണരും സഹവസിച്ചു. അവര്‍ക്കിടയിലെല്ലാം ഉച്ച-നീചത്വവിചാരങ്ങളും കാമക്രോധമദലോഭങ്ങളും വേണ്ടുവോളമുണ്ടായിരുന്നു. പാലക്കാട്ടുചുരംകടന്നെത്തിയവര്‍ വടക്കന്‍കേരളത്തിലും മധ്യകേരളത്തിലുമായി പരന്നു. ചെങ്കോട്ടവഴിയും നാഗര്‍കോവില്‍വഴിയുമെത്തിയവര്‍ തെക്കന്‍കേരളത്തില്‍ ഉറച്ചു. അങ്ങനെ പാലക്കാടും തിരുവനന്തപുരവും പട്ടന്‍മാരുടെ അടിസ്ഥാനകേന്ദ്രങ്ങളായി. മഹാരാഷ്ട്രത്തില്‍നിന്നു തഞ്ചാവൂരില്‍ കുടിയേറിയ ഒരുകൂട്ടം ബ്രാഹ്‌മണരുമായി പാലക്കാടന്‍പട്ടന്‍മാര്‍ക്ക്‌ ചിലരീതികളില്‍ സമാനതകളുണ്ടായിരുന്നു. ആഹാരം ('പിട്‌ള', 'ബോളി', എള്ളുണ്ട-'തില്‍ ഗുള്‍', വട), വസ്ത്രധാരണം (പാളത്താര്‍, പതിനെട്ടുമുഴം പുടവ), ആചാരം എന്നിവയില്‍. ചെന്തമിഴില്‍കുടുങ്ങിക്കിടന്നിരുന്ന നാവ്‌ തമിഴ്സഹോദരി മലയാളത്തിനും വഴങ്ങി. ശുദ്ധദ്രാവിഡത്തമോ ശുദ്ധ ആര്യത്വമോ അവകാശപ്പെടാനാകതെ അവര്‍ അന്നൊക്കെ ഒറ്റപ്പെട്ടുകാണണം. തമിഴര്‍ക്കും മലയാളികള്‍ക്കും ഒരുപോലെ അന്യരായിപ്പോകുമായിരുന്ന അവര്‍ രണ്ടംശങ്ങളും കോര്‍ത്തിണക്കി ഒരു വര്‍ഗവിശേഷമായി പരിണമിച്ചു. തമിഴ്‌വിശേഷങ്ങളായ പൊങ്കല്‍, ദീവാളി, ബൊമ്മക്കൊലു തുടങ്ങിയവയും മലയാള ആഘോഷങ്ങളായ ഓണം, വിഷു, തിരുവാതിര എന്നിവയും അവര്‍ ഒരുപോലെ കൊണ്ടാടി. വൈഷ്ണവണ്റ്റെ ചന്ദനവും ശൈവണ്റ്റെ ഭസ്മവും ദേവീസങ്കല്‍പത്തിണ്റ്റെ കുങ്കുമവും അവര്‍ തിരുത്തിക്കുറിച്ചു. ചന്ദനം ലേപനമായും ഭസ്മം വരയായും കുങ്കുമം പൊട്ടായും. മഞ്ഞള്‍പ്രസാദവും പ്രിയമായി. ശൈവത്വവും വൈഷ്ണവത്വവും വിളക്കിച്ചേര്‍ത്ത്‌ അദ്വൈതികളായി. എന്തിന്‌, ബൌദ്ധമാതൃകയിലെ ശബരിമലശാസ്‌താവിനെപ്പോലും ഇഷ്ടദൈവമാക്കി. പരദേശത്തെ തമിഴും വിദേശത്തെ മലയാളവും കലര്‍ന്ന്‌ ഒരു സങ്കരഭാഷയായി. തമിഴ്‌വാക്കുകള്‍ മലയാളംവാക്കുകള്‍ക്കും മലയാളംവ്യാകരണം തമിഴ്‌വ്യാകരണത്തിനും വഴിമാറി. ആദ്യമതൊരു 'തമിഴാളം', അതുനേര്‍ത്തു പിന്നെ 'തലയാളം'. തമിഴനോ മലയാളിക്കോ പൂര്‍ണമായി മനസ്സിലാകില്ല. തമിഴിലോ മലയാളത്തിലോ കൃത്യമായി എഴുതാനും പറ്റില്ല. പ്രത്യേക ലിപിയൊന്നും പക്ഷെ ഉരുത്തിരിഞ്ഞില്ല. വാമൊഴിയായിത്തന്നെ തലയാളം തുടരുന്നു. മിക്ക അയ്യര്‍മാരും കത്തുകള്‍ മലയാളംലിപിയിലെഴുതുന്നു, അല്ലെങ്കില്‍ കാര്യം മലയാളത്തിലോ ഇംഗ്ളീഷിലോ എഴുതുന്നു. കുറച്ചുപേര്‍ക്കുമാത്രം ഇന്നും തമിഴ്‌ വായിക്കാനും എഴുതാനും അറിയാം. തരാതരമനുസരിച്ച്‌ പറയാനും. പ്രായേണ തെക്കന്‍പട്ടന്‍മാര്‍ തിരുവിതാംകൂറ്‍/കേരളസര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ ഉയര്‍ന്നപ്പോള്‍ (സി.പി. രാമസ്വാമി അയ്യരുടെയും മറ്റു ദിവാന്‍മാരുടെയും സ്വാധീനംകൊണ്ടാവണം), വടക്കന്‍പട്ടന്‍മാരും നടുക്കന്‍പട്ടന്‍മാരും മറ്റു മേഖലകളില്‍ വ്യാപരിച്ചു. ഇതില്‍ കൃഷിയുണ്ടായിരുന്നു, കച്ചവടമുണ്ടായിരുന്നു, അധ്യാപനമുണ്ടായിരുന്നു, 'കൊട്ടലും കോറലും' (ടൈപ്പിങ്ങും ഷോര്‍ട്ട്‌ഹാണ്റ്റും) പാട്ടും പൂജയും ദേഹണ്ണവും ഉണ്ടായിരുന്നു. ഇന്നവരെ കേരളത്തിലും അതിനേക്കാള്‍ പുറത്തും നല്ലനിലയിലും കെട്ടനിലയിലും കാണാം. 'പട്ടരില്‍ പൊട്ടയില്ല' എന്നൊരു ധാടി അവര്‍ക്കുണ്ട്‌ (അതിന്‌, 'പട്ടത്തി പെഴച്ചാല്‍ അറുപെഴ' എന്നൊരു തിരിച്ചടിയുമുണ്ട്‌). കേരളത്തെ മനസ്സുകൊണ്ടും ശരീരംകൊണ്ടും ശാരീരംകൊണ്ടും വരിച്ചവരിലൊരാളാണ്‌ ചെമ്പൈ വൈദ്യനാഥഭാഗവതര്‍ (അദ്ദേഹത്തിണ്റ്റെ 'കരുണചെയ്‌വാന്‍ എന്തു താമസം കൃഷ്ണാ' കേട്ടു പുളകംകൊള്ളാത്തവര്‍ കുറയും). മലയാളത്തെ മഹത്തരമാക്കിയവരില്‍ പ്രമുഖനാണ്‌ ഉള്ളൂറ്‍ എസ്‌. പരമേശ്വരയ്യര്‍ (അദ്ദേഹത്തിണ്റ്റെ 'കേരളസാഹിത്യചരിത്രം' ഒന്നുമതിയല്ലോ ഭാഷാസ്നേഹികള്‍ക്ക്‌ അടിസ്ഥാനഗ്രന്ഥമായി). വി. ആര്‍. കൃഷ്ണയ്യരുടെയും എം. എസ്‌. സ്വാമിനാഥണ്റ്റെയും ടി. എൻ. ശേഷണ്റ്റെയുമെല്ലാം കളം പക്ഷെ കേരളം മാത്രമായിരുന്നില്ലല്ലോ. തമിഴും മലയാളവും കലര്‍ന്ന തലയാളത്തിന്‌ തനതായി ഒരു വായ്മൊഴി-രാമായണമുണ്ടെന്ന്‌ പലര്‍ക്കും അറിയില്ല. പണ്ട്‌ (എന്നുവച്ചാല്‍ എണ്റ്റെ ചേട്ടണ്റ്റെയും ചേച്ചിയുടെയും ശൈശവകാലം വരെ) താരാട്ടിനുപയോഗിച്ചിരുന്ന ആ കൊച്ചുരാമായണം ഇന്നേക്കു നഷ്ടപ്പെട്ടിരിക്കാനാണിട. അടുത്തിടെ, തൊണ്ണൂറോടടുത്ത അമ്മയെക്കൊണ്ട്‌ ഞാനത്‌ എഴുതിച്ചെടുക്കാന്‍ നോക്കി. കിട്ടിയത്‌ ഇത്രമാത്രം (ലിപിയുടെ പരിമിതി ഉച്ചാരണത്തെ വികൃതപ്പെടുത്തിയേക്കും, ചില പിഴകളും പാഠഭേദങ്ങളും ഉണ്ടായേക്കാം): രാമായണം തുടങ്ങുന്നത്‌ ഈ ഗണപതീസ്തവത്തോടെ: "സുന്ദരകാണ്ഡത്തു ചെറുകവി നാനൊരു ഒണ്ടിയാനെ സിദ്ധിവിനായകരെ പാലൊടു തേങ്കായ്‌ പഴമൊടു അപ്പം മുപ്പഴം-അതിരസം-മോദകവും തപ്പാമെ നാന്‍ പൊടപ്പേന്‍" സീത ലങ്കയിലുണ്ടെന്ന്‌ ശ്രീരാമനറിയുന്നു: "ത്രിഭുവനമെല്ലാം തേടിത്തേടി സീതമ്മനെക്കാണാമല്‍ തിരിഞ്ചിക്കുണ്ടിരുക്കറത്തെ ലങ്കാദ്വീപില്‍ രാവണന്‍കോട്ടയില്‍ രാജശ്രീയാനവളൈ കണ്ടേനെന്നൊരു പക്ഷിചൊല്ല നാന്‍ കേട്ടേന്‍" അശോകമരത്തിനടിയില്‍ കണ്ട രാക്ഷസസ്ത്രീകളുടെ ചിത്രം: "മൂക്കുനീണ്ടവാ നാക്കുനീണ്ടവാ കാക്കയെപ്പോലെ കത്തറവാ.......................... അമ്മണമണ പേശറതു നാന്‍ കേട്ടേന്‍" ലങ്കാരാക്ഷസി ഹനുമാണ്റ്റെ വരവ്‌ സീതയെ അറിയിക്കുന്നു: "അമ്മകളമ്മാ സീതമ്മാ ഹനുമാര്‍ വന്താര്‍ കേളമ്മാ" എണ്റ്റെ മുത്തശ്ശിക്ക്‌ ഈ രാമായണംമുഴുവന്‍ കാണാപ്പാഠമായിരുന്നത്രെ. അച്ഛന്‍ ഇടയ്ക്കിടയ്ക്കു പാടുന്ന ഒരു ഈരടിയുണ്ട്‌: "അഞ്ചുകല്ലാലൊരു കോട്ടൈ അന്ത ആനന്ദക്കോട്ടക്കി ഒന്‍പതു വാശല്‍ തിനതന്തിനാതന്തിനാതൈ" പഞ്ചഭൂതങ്ങളാല്‍ നിര്‍മിതമായ നവദ്വാരങ്ങളോടുകൂടിയ മനുഷ്യശരീരത്തിണ്റ്റെ ലളിതവര്‍ണനയാണിത്‌. മറ്റുള്ളവരുടെ കാര്യത്തില്‍ അനാവശ്യമായി ഇടപെടുമ്പോള്‍ പറയുന്നതാണ്‌, "ചിന്നുപ്പാട്ടി ചെത്തുപ്പോന ഉനക്കെന്ന എനക്കെന്ന കോര്‍ട്ടിലെ വഴക്കെന്ന?" ആദ്യത്തേതാണു പ്രധാനം എന്ന അര്‍ഥത്തില്‍ പറയും,"മൊതല്‍ക്കരച്ചതു താന്‍ പുളി" എന്ന്‌. ഇതല്‍പം പുത്തന്‍ ചൊല്ലായിരിക്കണം: "കുറ്റ്രാലത്തിലെ ഇടിയിടിച്ചാ കോയമ്പത്തൂറ്‍ വിളക്കണയും" മങ്ങിയ വെട്ടംമാത്രമുള്ളപ്പോള്‍ കമണ്റ്റ്‌: "തേവിടിയാക്കുടിയിലെ ആണ്‍പൊറന്താമാതിരി" (വേശ്യാലയത്തില്‍ ആണ്‍പിറന്നാല്‍ ശോകമൂകമാകുമത്രെ പരിസരം) അമ്മായിയമ്മപ്പോര്‌ ചോദ്യോത്തരപ്പാട്ടിലൂടെ: "മാമാലക്കള്ളി മരുമകളേ കോഴിക്കറിക്കി പതം പാര്‌" "കൊക്കോ എങ്കിത്‌ കൊത്തവരുകിത്‌ നാനെന്ന ശെയ്‌വേന്‍ നല്ല മാമി" ചില പ്രായോഗികതത്ത്വങ്ങളും തലയാളത്തിലാക്കിയിട്ടുണ്ട്‌:'"ഉപ്പില്ലാപ്പണ്ടം കുപ്പയിലെ', 'പെത്തമനം പിത്ത്‌', 'ചോഴിയന്‍ കുടുമി ചുമ്മാ ആടാത്‌', 'ചിന്ന മീനൈ പോട്ടാത്താന്‍ പെരിയ മീനൈ പിടിക്കലാം' എന്നിങ്ങനെ. ചില വിശ്വാസങ്ങളും കാണാം: 'ഉണ്ണിമൂത്രം പുണ്യാഹം', 'രാത്രി ചിരിച്ചാല്‍ കാലമെ അഴുവാ', തുടങ്ങി. വയസ്സായവര്‍ പറഞ്ഞുകൊണ്ടേയിരിക്കും, "കാട്‌ വാവാ എങ്കിത്‌, വീട്‌ പോപോ എങ്കിത്‌' എന്ന്‌. ഇടയില്‍കേറി എന്തുപറഞ്ഞു എന്തുപറഞ്ഞു എന്നു ചോദിക്കുന്ന കുട്ടികളോടു പറയുന്നതാണ്‌ 'ചൊരക്കാക്കുപ്പില്ലൈ' എന്ന്‌ - ചുരക്കയ്ക്ക്‌ ഉപ്പില്ല എന്നൊരു അര്‍ഥമില്ലാ മറുപടി. അര്‍ഥമില്ലാത്ത വേറെ ചില പ്രയോഗങ്ങളുമുണ്ട്‌; 'ആവണിയാവിട്ടം കോമണം', 'ആമണത്തോണ്ടി ഡിമ്മണക്ക, അടുപ്പിലെ പോട്ടാ നെല്ലിക്ക' 'ഊരാത്തുപ്പൊടവയിലെ ദൂരമാകല്‍' മറ്റുള്ളവരുടെ ചെലവില്‍ കാര്യം നേടുന്നവരെക്കുറിച്ചാണ്‌ - മറ്റുള്ളവരുടെ തുണിയില്‍ തീണ്ടാരിയാകല്‍. സ്ത്രീജിതന്‍മാര്‍ ഭാര്യയെ പ്രീതിപ്പെടുത്താന്‍ പാടുന്നതാണത്രെ: "പൊണ്ടാട്ടിത്തായേ പൊണ്ടാട്ടിത്തായേ നീ ചൊന്നതെല്ലാം വാങ്കിത്തറേന്‍ പൊണ്ടാട്ടിത്തായേ നീ കേട്ടതെല്ലാം വാങ്കിത്തറേന്‍ പൊണ്ടാട്ടിത്തായേ" പോയകാര്യം സാധിക്കാതെ തിരിച്ചുവരുമ്പോള്‍ അയാളെ കളിയാക്കും, 'പോനമച്ചാന്‍ തിരുമ്പിവന്താന്‍ പൂമണത്തോടെ' എന്ന്‌. വിവാഹത്തെപ്പറ്റി കുശുമ്പുപറച്ചിലാണ്‌, 'കല്യാണമാം കല്ലടപ്പാം' എന്നത്‌. തമിഴിലെ തണ്ണിയും പണ്ണലും മലയാളികള്‍ക്കു പരിഹാസമായപ്പോഴാകണം തലയാളികള്‍ വെള്ളവും ചെയ്യലും ശീലിച്ചത്‌. തലയാളപ്പെണ്‍കുട്ടി 'വെശക്കറത്‌' (വിശക്കുന്നു) എന്നുപറഞ്ഞപ്പോള്‍ തമിഴകപ്പെണ്‍കുട്ടി 'വെശര്‍പ്പ്‌' (വിയര്‍പ്പ്‌) ആണെന്നുകരുതി വിശറി കൊടുത്തതായി കഥയുണ്ട്‌. ചാണാച്ചുരുണൈ (അടുക്കളത്തുണി), ഒപ്പാരി (കണ്ണോക്കുപാട്ട്‌), പവ്വന്തി (തുണിയിലെ നിറപ്പകര്‍ച്ച) എന്നെല്ലാം ചില വാക്കുകള്‍ നിഘണ്ടുക്കളില്‍ കാണില്ല. തലയാളത്തിണ്റ്റെ തനതു വാമൊഴിതേടി എനിക്ക്‌ അലയേണ്ടിവന്നിട്ടില്ല. കാരണം ജനിച്ചന്നുതുടങ്ങി ഞാന്‍ കേള്‍ക്കുന്നതും പറയുന്നതുമാണത്‌. ഔദ്യോഗികമായി എണ്റ്റെ മാതൃഭാഷ മലയാളമാണ്‌; എന്നാല്‍ അമ്മയോടും കുടുംബാംഗങ്ങളോടും സംസാരിക്കുന്നതും കത്താലിടപെടുന്നതും തലയാളത്തിലാണ്‌. ഒരു പാലക്കടന്‍ ഗ്രാമത്തില്‍ പട്ടിണിയും പരിവാരവുമായി കഴിഞ്ഞിരുന്ന ഒരു തമിഴ്ബ്രാഹ്മണ പണ്ഡിതന്‍ കൊടുങ്ങല്ലൂറ്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാനെ കാണാനെത്തി. എണ്റ്റെ കണക്കുകൂട്ടലില്‍ ൧൯൦൦-നോടടുപ്പിച്ചായിരിക്കണം അത്‌. മറ്റൊരുതൊഴിലും അറിയാത്ത അയ്യര്‍ക്ക്‌ (എണ്റ്റെ ഊഹം, അദ്ദേഹത്തിണ്റ്റെ പേര്‌ 'ഗണപതി' എന്നായിരുന്നെന്നാണ്‌) കുഞ്ഞിക്കുട്ടന്‍തമ്പുരാന്‍ ഒരു കാവ്യം (ഇതിനെപ്പറ്റി 'കേരളസാഹിത്യചരിത്ര'ത്തില്‍ പരാമര്‍ശമുണ്ട്‌) എഴുതിക്കൊടുക്കുന്നു, അതു പാഠകമായിച്ചൊല്ലിനടന്ന്‌ നിത്യവൃത്തിതേടാന്‍. തൃശ്ശിവപേരൂറ്‍, ഇരിങ്ങാലക്കുട എന്നിവിടങ്ങളിലെല്ലാം പാഠകംചൊല്ലിനടന്ന ഈ ബ്രാഹ്മണന്‍ തൃപ്പൂണിത്തുറയിലുമെത്തി. അന്നത്തെ കൊച്ചിരാജാവിന്‌ അദ്ദേഹത്തോടു പ്രിയംതോന്നി കൊട്ടാരത്തിലെ ഒരു കൊച്ചുകാര്യസ്ഥനായി ജോലികൊടുത്തത്രെ. താമസം കനകക്കുന്നുകൊട്ടാരത്തിണ്റ്റെ (ഹില്‍ പാലസ്‌) വലിയവളപ്പിനുള്ളിലെ ഒരു ഗൃഹത്തില്‍. വഴിയെ പാലക്കാട്ടുനിന്നു കുടുംബമെത്തി. മക്കളും കൊച്ചുമക്കളുമായി. മക്കള്‍ കൊച്ചിരാജസേവകരായിത്തുടര്‍ന്നു. കൊച്ചുമക്കള്‍ വേറെ തൊഴില്‍ കണ്ടെത്തി പലരും പലതുമായി. അതിലൊരാളായിരുന്നു എണ്റ്റച്ഛന്‍. അച്ഛനാണ്‌ ഉള്ളൂരിണ്റ്റെ കയ്യില്‍ കുഞ്ഞിക്കുട്ടന്‍തമ്പുരാണ്റ്റെ അധികമൊന്നും അറിയപ്പെടാത്ത ആ കൃതി എത്തിച്ചത്‌. [ക്ഷമിക്കണം, ആ കാവ്യത്തില്‍ "പദാംഗുഷ്ഠേന ഭൂപൃഷ്ഠം ലിഖന്തീ" എന്നോ "ചിത്രലേഖാ ലിലേഖാ" എന്നോ മറ്റോ ഒരു കഷ്ണം മാത്രമേ എനിക്ക്‌ ഓര്‍മയില്‍ തെളിയുന്നുള്ളൂ; സംശയംതീര്‍ക്കാന്‍ 'കേരളസാഹിത്യചരിത്രം' തത്കാലം കയ്യിലൊട്ടില്ലതാനും. ] മലയാറ്റൂറ്‍ രാമകൃഷ്ണനും സിനിമാനടന്‍ ജയറാമും മലയാളികളെ മാറത്തടുക്കിയ തലയാളന്‍മാരാണ്‌. മലയാറ്റൂരിണ്റ്റെ 'വേരുകള്‍', ടി. കെ. ശങ്കരനാരായണണ്റ്റെ 'ശവുണ്ഡി', സാറ തോമസ്സിണ്റ്റെ 'നാര്‍മടിപ്പുടവ' എന്നീ നോവലുകളില്‍ തലയാളം തലപൊക്കുന്നുണ്ട്‌ വേണ്ടുവോളം. മലയാളശാസ്ത്രസാഹിത്യത്തില്‍ പരക്കെ കാണുന്ന ഒരു പേരാണ്‌ രാജു നാരായണസ്വാമിയുടേത്‌. (അതിനുമുന്‍പ്‌ ഈ നാരായണസ്വാമിയും പലേപേരുകളില്‍ ആ രംഗത്തുണ്ടായിരുന്നു എന്നു വിനയപൂര്‍വം. )

[Published in the fortnightly webmagazine www.nattupacha.com]

'മിലിട്ടറി'

'പോക്കറ്റാല്‍ പോലീസ്‌, ആയുസ്സറ്റാല്‍ പട്ടാളം' എന്നത്‌ പഴയൊരു പറച്ചില്‍. ഇന്നതിനു രണ്ടിനും ഉദ്യോഗാര്‍ഥികളുടെ ഇരച്ചുകയറ്റമാണ്‌. പണ്ടത്തെ പേരുദോഷമൊക്കെ പോയിക്കിട്ടി. ആരുടെ ഏതു കഥയിലാണെന്നോര്‍മയില്ല. പട്ടാളക്കാരന്‍ചെക്കന്‍ പെണ്ണുകാണാന്‍വരുമ്പോള്‍ പെണ്ണാകെ വിരണ്ട്‌ 'മി-ലി-ട്ട-റി' എന്നാര്‍ത്തലറി ഓടിയൊളിക്കുന്നൊരു സന്ദര്‍ഭമുണ്ട്‌. രണ്ടാംമഹായുദ്ധകാലത്ത്‌ വിശ്രമത്തിനായി കൊച്ചിയിലിറങ്ങിയ വെള്ളപ്പട്ടാളക്കാര്‍ നാടാകെ പരന്ന്‌ പെണ്‍പിള്ളേരെ മുഴുവന്‍ പിന്‍തുടര്‍ന്നിരുന്ന കഥ അമ്മ പറഞ്ഞുകേട്ടിട്ടുണ്ട്‌. അന്ന്‌ അമ്മ ഹൈസ്കൂള്‍ ക്ളാസ്സിലായിരുന്നു. മിലിട്ടറിലോറിയെങ്ങാനും കണ്ണില്‍പെട്ടാല്‍ അവരെല്ലാംചേര്‍ന്ന്‌ എത്രയുംപെട്ടെന്ന്‌ ഓടി വീടണയുമായിരുന്നത്രെ. അതെല്ലാം അന്നത്തെ കഥകള്‍. കാലംമാറിയിട്ടും സൈനികരെപ്പറ്റി നമുക്കൊന്നുമറിയില്ല കാര്യമായി. അതിര്‍ത്തിപ്രദേശങ്ങളിലല്ലാതെ, മിലിട്ടറിക്കാരുമായി പൊതുജനങ്ങള്‍ക്ക്‌ ആത്മബന്ധം പൊതുവെ കുറവാണ്‌. യുദ്ധകാലത്ത്‌ കുറെ വാചാടോപം നടത്തിയേക്കും നമ്മള്‍. അതുകഴിഞ്ഞാല്‍ അവരെയങ്ങുമറക്കും. സൈന്യത്തില്‍ ആളുള്ള ഓരോ കുടുംബവും പക്ഷെ തീതിന്നാണ്‌ ദിവസങ്ങള്‍ തള്ളിനീക്കുന്നത്‌. ഗള്‍ഫുകാരുടെ ഗൃഹാതുരതയെപ്പറ്റിയും വിരഹദു:ഖത്തെപ്പറ്റിയും അക്കരെയും ഇക്കരെയും നിന്ന്‌ നമ്മള്‍ പറയും, എഴുതും, പാട്ടുപാടും. പട്ടാളക്കാരുടെ കാര്യംവരുമ്പോള്‍ മിക്കവര്‍ക്കും എന്തോ ഒരു 'പോരായ്മ'യാണ്‌. 'പട്ടാളച്ചിട്ട' എന്നത്‌ പാഴ്‌വാക്കല്ല. സൈന്യത്തില്‍ എല്ലാവര്‍ക്കുമുണ്ട്‌ ഒരോ സ്ഥാനം. ഒരോന്നിനുമുണ്ട്‌ ഒരോ ചിട്ട. കിറുകൃത്യത, പരിപൂര്‍ണത, പ്രതിജ്ഞാബദ്ധത; ഇതില്‍കുറഞ്ഞതൊന്നുമില്ല. ഇരുപത്തിനാലുമണിക്കൂറും ജാഗരൂകരായേ പറ്റൂ. യുദ്ധമുണ്ടെങ്കിലും ഇല്ലെങ്കിലും. അതവരുടെ ജീവനാണ്‌. ജീവന്‍വച്ചുള്ള പണിയാണ്‌. ആ പെരുമാറ്റച്ചിട്ട അവരുടെ സ്വകാര്യജീവിതത്തിലും കാണാം. ഏതു പ്രതിസന്ധിയിലും അവര്‍ പ്രതികരിക്കുന്നത്‌ ഏറ്റവും അച്ചടക്കത്തോടെയായിരിക്കും. ബുദ്ധിയും മനസ്സും ശരീരവും ഒന്നായി പ്രവര്‍ത്തിക്കും. അധികം പറയില്ല; പറയുന്നത്‌ പറയേണ്ട വിധത്തില്‍ പറയും. ഊണ്‌, ഉറക്കം, കുളി എന്നീ ദിനചര്യകളോ ജാതി, മതം ലിംഗം ഇത്യാദി വിഭജനങ്ങളോ അഴുക്ക്‌, വിയര്‍പ്പ്‌, ചോര മുതലായ ഋണസൂചകങ്ങളോ ഇരുട്ട്‌, വെയില്‍, മഞ്ഞ്‌, മഴ, കാറ്റ്‌ എന്നുള്ള പ്രകൃതിവിഘ്നങ്ങളോ കാട്‌, മേട്‌, കുഴി, പുഴ, കടല്‍ തുടങ്ങിയ ഭൂപ്രകൃതികളോ അവരുടെ കര്‍ത്തവ്യങ്ങളെ കൂച്ചുവിലങ്ങിടില്ല. ഞാനെപ്പോഴും കരുതാറുണ്ട്‌, നമ്മള്‍ ഇന്ത്യക്കാര്‍ നന്നാവണമെങ്കില്‍ അല്‍പം സൈനികപരിശീലനം ആവശ്യമാണെന്ന്‌. അതുപോലെ നാടടച്ചൊരു സഞ്ചാരവും. നമ്മുടെ സ്വാര്‍ഥതയും അഹന്തയും ആഡംബരവും അസ്തിത്വവാദവും പാടേ അകന്ന്‌, അറിവും ആത്മവിശ്വാസവും അഭിമാനവും അര്‍പ്പണബുദ്ധിയും അനുകമ്പയും ആരോഗ്യവും ആഭിജാത്യവും അപ്പോള്‍ വാനോളം വളരും. എല്ലാ ഉദ്യോഗങ്ങളിലുമെന്നപോലെ സൈനികവൃത്തിയിലും അല്ലറചില്ലറ അരുതായ്മകളുണ്ട്‌. എങ്കിലും വ്യക്തിയെന്നനിലയില്‍ സമൂഹത്തിലേക്കിറങ്ങിവരുമ്പോള്‍ സാധാരണക്കാരെക്കാളും കൊലകൊമ്പന്‍മാരെക്കാളും എത്രയോ മാന്യമായാണ്‌ സൈനികര്‍ പെരുമാറുക. ഒരു പരിധിവരെയേ അവര്‍ക്കു ചീത്തയാകാനാകൂ. ആകപ്പാടെ പറയാവുന്ന ഒരു ദൂഷ്യം തലപ്പത്തുള്ളവരുടെ അല്‍പം പൊങ്ങച്ചമാണ്‌. അതും അവരുടെ ജീവിതശൈലിയുടെ പര്യായമാണെന്നു കരുതിയാല്‍ തീര്‍ന്നു. അറിഞ്ഞുതന്നെ കൊണ്ടുനടക്കുന്ന ഒരു ശീലമാണത്‌. അതുകൊണ്ടുതന്നെയാണല്ലോ, അവര്‍ ഗോവയിലെ ഒരു നാവികവാസസ്ഥലത്തിന്‌ 'Senior Naval Officers' Bunglows (SNOBS)' എന്ന്‌ സ്വയം പേരിട്ടത്‌! പണ്ടത്തെ 'ജയന്തി-ജനത' തീവണ്ടിയില്‍ ദില്ലിയില്‍നിന്നു മടങ്ങുകയായിരുന്നു ഒരിക്കല്‍. വേനല്‍ക്കാലം. കംപാര്‍ട്മെണ്റ്റാകെ ചുട്ടുപഴുക്കുന്നു. ഇരിക്കാതെയും കിടക്കാതെയും മലയാളിയാത്രക്കാര്‍ ഭൂമിമലയാളത്തെമുഴുവന്‍ പ്രാകിക്കൊണ്ട്‌ നേരമ്പോക്കുകയാണ്‌. കുളിയും കുളിക്കുമേല്‍ കുളിയുമായി പകുതിദൂരം പിന്നിട്ടപ്പോള്‍ ട്രെയിനില്‍ വെള്ളമെല്ലാം തീര്‍ന്നു. ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയില്‍ ഇടയ്ക്കിടെ ടോയ്‌ലറ്റില്‍പോയിനോക്കി, ഓരോതവണയും വെള്ളമില്ലെന്നു പരാതിപ്പെട്ടുകൊണ്ട്‌ സീറ്റില്‍വന്നിരിക്കും മാന്യന്‍മാര്‍. നാഗ്പൂരോമറ്റോ അടുക്കാറായപ്പോള്‍, തുടക്കംമുതലേ മേലേത്തട്ടില്‍ അടങ്ങിയൊതുങ്ങിക്കിടന്നിരുന്ന ഒരു മനുഷ്യന്‍ നിലത്തിറങ്ങി. വണ്ടി നിന്നപ്പോള്‍ പുറത്തിറങ്ങുന്നതും കണ്ടു. വണ്ടിവിടുന്നതോടൊപ്പം തിരിയെ ചാടിക്കയറിയ അയാള്‍ സീറ്റിലെത്തി എല്ലാവരോടുമായിപ്പറഞ്ഞു. വെള്ളം നിറപ്പിച്ചിട്ടുണ്ട്‌; ആവശ്യക്കാര്‍ക്ക്‌ ടോയ്‌ലറ്റ്‌ ഉപയോഗിക്കാം. പക്ഷെ വെള്ളം പാഴാക്കരുത്‌. അങ്ങ്‌ തെക്കേയറ്റം വരെ എത്തേണ്ടതാണ്‌. വെള്ളത്തിണ്റ്റെ ആക്രാന്തം കഴിഞ്ഞ്‌ ആഹാരമെത്തിയപ്പോള്‍ വീണ്ടും പരാതി. അതിലല്‍പം കാര്യവുമുണ്ടായിരുന്നു. ഒരു കൊച്ചുകുഞ്ഞിനു കൊറിക്കാന്‍മാത്രം മതിയാകുന്ന ഭക്ഷണം. ഉച്ചത്തില്‍ തുടങ്ങിയത്‌ വഴിയേ മുറുമുറുപ്പായി അടങ്ങി. അതുവരെയ്ക്കും ആ പട്ടാളക്കാരന്‍ മുകള്‍ബെര്‍ത്തില്‍ ചാരിയിരിക്കുകയായിരുന്നു. പതിയെ ഇറങ്ങിവന്ന്‌ തണ്റ്റെ പ്ളേറ്റെടുത്ത്‌ ഒന്നുനോക്കി. ഒരക്ഷരംഉരിയാടാതെ ഞൊടിയിടകൊണ്ട്‌ തളിക കാലിയാക്കി വീണ്ടും മുകളില്‍ കയറിക്കിടന്നു. രണ്ടുരാത്രിയും പകലുമാണു യാത്ര. പിറ്റേന്ന്‌ ഞാനയാളെ പരിചയപ്പെട്ടു. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സേവനമനുഷ്ഠിക്കുന്ന സൈനികനാണയാള്‍. അവിടെയെല്ലാം വെള്ളവും ആഹാരവും കിട്ടിയാല്‍ കിട്ടി. കിട്ടിയാല്‍ കഴിക്കും. കിട്ടുമ്പോള്‍ കഴിക്കും. കിട്ടിയതു കഴിക്കും. പകയ്ക്കോ പരാതിക്കോ പരിഭവത്തിനോ പരിഭ്രാന്തിക്കോ പരിഹാസത്തിനോ ഒന്നും അവിടെ സ്ഥാനമില്ല. നാടുകാക്കുക. അതിനുവേണ്ടിമാത്രം ജീവന്‍ കാക്കുക. അതാണ്‌ സൈനികജീവിതം. വേറൊരു യാത്രയില്‍ പരിചയപ്പെട്ടതും ഒരു മലയാളി മിലിട്ടറിക്കാരനെ. ഇന്ദിരാഗാന്ധിയുടെ വധത്തിനുശേഷം കലാപമടക്കാന്‍ ദില്ലിയിലെത്തിയ പട്ടാളത്തിലുണ്ടായിരുന്നു. ഡ്രൈവറായിരുന്നു. മിലിട്ടറി ട്രക്ക്‌ ആള്‍ക്കൂട്ടത്തിലേയ്ക്ക്‌ ഇരച്ചുകയറ്റണം. വണ്ടിയിലെ പട്ടാളക്കാര്‍ വെടിവയ്ക്കും. ആളുകള്‍ ചത്തുവീഴും. അതുകണ്ടാലും കണ്ടില്ലെങ്കിലും ഒരുപോലെ. വണ്ടിയോടിച്ചുകൊണ്ടേയിരിക്കണം. അതാണ്‌ ഉത്തരവ്‌. അതാണ്‌ ഉത്തരവാദിത്വം. പൊട്ടിക്കരഞ്ഞുകൊണ്ടാണ്‌ അയാള്‍ അക്കഥ പറഞ്ഞുനിര്‍ത്തിയത്‌. പിന്നൊരിക്കല്‍ ദില്ലിയില്‍വച്ച്‌ ഞാനൊരു ഓട്ടോ പിടിക്കുന്നു. അല്‍പദൂരം പിന്നിട്ടപ്പോള്‍ ഓട്ടോക്കാരന്‍ വണ്ടി ഒരു പെട്രോള്‍പമ്പില്‍ കയറ്റി. ബില്‍ എന്നോടുകൊടുക്കാന്‍ അഭ്യര്‍ഥിച്ചു. സാമാന്യം ദീര്‍ഘദൂരം പോകാനുള്ളതുകൊണ്ട്‌ വൈമനസ്യത്തോടെയാണെങ്കിലും കാശു ഞാന്‍ കൊടുത്തു. അല്‍പംകൂടി പോയപ്പോള്‍ അയാള്‍ ഒരു കുട്ടിക്കടയുടെ മുന്നില്‍ വണ്ടി നിര്‍ത്തി. 'വിരോധമില്ലെങ്കില്‍ ഒരു പത്തുരൂപ കൂടി തരാമോ?', അയാള്‍ കെഞ്ചി. എണ്റ്റെ കണ്‍മുമ്പില്‍വച്ചുതന്നെ അയാള്‍ ഒരു ചെറിയകുപ്പി വാറ്റുചാരായം വാങ്ങി സീറ്റിനടിയില്‍ തിരുകി. എനിക്കാകെ തിളച്ചുകയറി. 'എന്തിനീ വിഷവുംകുടിച്ച്‌ ജീവിതം നശിപ്പിക്കുന്നു?' എണ്റ്റെ ചോദ്യം അയാള്‍ കേട്ടതേയില്ല. ഇറങ്ങാന്‍നേരത്ത്‌ മീറ്റര്‍വാടകയില്‍നിന്ന്‌ പെട്രോള്‍കാശും ചാരായക്കാശുംകിഴിച്ച്‌ ബാക്കി എന്തോ ചില്ലിക്കാശ്‌ കൂലിപറഞ്ഞു. പണമെടുക്കുന്നസമയം ഞാനയാളോട്‌ എണ്റ്റെ ചോദ്യം ആവര്‍ത്തിച്ചു. 'സാബ്‌,' അയാള്‍ തുടങ്ങി. 'പട്ടാളത്തിലായിരുന്നു. എണ്റ്റെ തെമ്മാടിത്തംകൊണ്ടുതന്നെ അവരെന്നെ പുറത്താക്കി. ഭാഗ്യത്തിന്‌ പിരിയുംനേരം ചീത്തയായൊന്നും അവരെഴുതിവച്ചില്ല. വിമുക്തഭടനെന്നപേരില്‍ ഈ ഓട്ടോജോലി തുടങ്ങി. എങ്ങും എത്തുന്നില്ല സാര്‍. ആകെയുള്ള സന്തോഷം ആ കുപ്പിയിലുള്ളതുമാത്രം. മിലിട്ടറിയില്‍തന്നെ തുടര്‍ന്നാല്‍ മതിയായിരുന്നു. മാഫ്‌ കീജിയേ സാബ്‌.' എനിക്കൊന്നും പറയാനില്ലായിരുന്നു. ദില്ലിയിലെതന്നെ മറ്റൊരു സംഭവം. ഓഫീസ്കാര്യത്തിനായി പെട്ടെന്ന്‌ അവിടേയ്ക്കുപോകേണ്ടിവന്നു. എപ്പോഴും എണ്റ്റെ പേടിസ്വപ്നമാണ്‌ ദില്ലിയില്‍ താമസമൊരുക്കല്‍. എണ്റ്റെ വേവലാതി അറിഞ്ഞ ഒരു സുഹൃത്ത്‌, ഗോവയിലെ കാലാവസ്ഥാകേന്ദ്രത്തിണ്റ്റെ മേധാവി, തലസ്ഥാനത്തെ അവരുടെ ഗസ്തൌസിലേയ്ക്ക്‌ വയര്‍ലെസ്സ്സന്ദേശമയച്ച്‌ മുറി ശരിയാക്കിത്തരാമെന്നേറ്റു. വൈകുന്നേരമായപ്പോഴേക്കും ഞാന്‍ 'മൌസം ഭവ'നില്‍ എത്തിപ്പെട്ടു. പതിവുപോലെ, മുറിയൊന്നുമില്ലെന്നു കാര്യസ്ഥന്‍. സന്ദേശമയച്ചിട്ടുണ്ടെന്നു ഞാനും. എങ്കില്‍കാണിച്ചു തരൂ എന്നായി അയാള്‍. ഒരുകെട്ടു കടലാസ്സുകള്‍ എണ്റ്റെ കയ്യില്‍ തന്നു. കണ്ടുപിടിച്ചുകൊടുത്തപ്പോള്‍ മുറിയുണ്ട്‌, പക്ഷെ താക്കോലില്ലെന്നായി നുണ. ഏഴുമണിയോടെ 'DDGM'സാബ്‌ (Deputy Director General of Meteorology) വന്നാലേ ചാവി കയ്യില്‍കിട്ടൂ എന്നൊരു മലക്കം മറിച്ചില്‍ (അത്ഭുതപ്പെടണ്ട, തലപ്പത്തുള്ളവരുടെ തൊഴില്‍ ഇതൊക്കെത്തന്നെയാണ്‌). ഞാന്‍ കാത്തിരുന്നു. അപ്പോള്‍ വരുന്നു മറ്റൊരു അതിഥി. ആജാനുബാഹുവായൊരാള്‍. വന്ന ഉടനെ ഉച്ചത്തില്‍ പറഞ്ഞു, 'റൂം ഖോലോ!' ഭവ്യതയോടെ റെജിസ്റ്റര്‍ നീട്ടി കാര്യസ്ഥന്‍. കയ്യൊപ്പിടുമ്പോള്‍ അയാള്‍ ചോദിച്ചു, മുറിയില്‍ കൂടെത്താമസിക്കേണ്ട ആള്‍ വന്നോ എന്ന്‌. ഇല്ലെന്നു കാര്യസ്ഥന്‍. വന്നയാള്‍ എണ്റ്റെ പേര്‌ റെജിസ്റ്ററില്‍നോക്കി വായിക്കുന്നതുകേട്ട്‌ ഞാന്‍ സ്വയം പരിചയപ്പെടുത്തി. ഇളിഭ്യനായ കാര്യസ്ഥന്‍ ഞങ്ങള്‍ക്കു മുറി തുറന്നുതന്നു. ആ 'സഹമുറിയന്‍' അതിര്‍ത്തിസേനയില്‍നിന്നായിരുന്നു. എണ്റ്റെ ഹിന്ദിയും അയാളുടെ ഇംഗ്ളീഷും ഒരുപോലെ ആയിരുന്നതിനാല്‍ അധികമൊന്നും ബുദ്ധിമുട്ടേണ്ടി വന്നില്ല. എങ്ങിനെയെങ്കിലും ഒന്നു കുളിച്ചു കിടന്നുറങ്ങാന്‍ തത്രപ്പെട്ട എന്നെ അയാള്‍ നിര്‍ബന്ധിച്ചു പുറത്തേക്കു കൂട്ടിക്കൊണ്ടുപോയി അത്താഴത്തിന്‌. എണ്റ്റെ അല്‍പാഹാരം കണ്ട്‌ അയാള്‍ക്കു ചിരി. 'വെറുതെയല്ല നിങ്ങള്‍ മദ്രസികള്‍ അധികമൊന്നും സൈനികരാകത്തത്‌; നിങ്ങള്‍ക്കു മുറിപോലും കിട്ടാത്തത്‌. തിന്നു തടിമിടുക്കുണ്ടായാലേ അതൊക്കെ പറ്റൂ. ദാ, നോക്കൂ. ഒറ്റയടിക്ക്‌ എത്ര ചപ്പാത്തി തിന്നണം പറയൂ. റെഡി. അല്ല പഷ്ണിക്കാണെങ്കില്‍ അതിനും റെഡി!'. പിറ്റേന്നു പിരിയുമ്പോള്‍ അയാള്‍ പറഞ്ഞു. 'ഇനിയും കണ്ടുമുട്ടണമെന്നുണ്ട്‌. പോസ്റ്റിംഗ്‌ അതീവ രഹസ്യസ്ഥാനത്തായതിനാല്‍ കത്തിടപാടൊന്നും നടക്കില്ല. തല്‍ക്കാലം ഗുഡ്‌ ബൈ. ' നാവികസേനയുടെ കപ്പലുകളില്‍ സാധാരണ സിവിലിയന്‍മാരെ അനുവദിക്കാറില്ല. എങ്കിലും മുംബൈകടലില്‍ പ്രധാനപ്പെട്ടൊരു പണിക്കായി അവരെന്നെയും കൂട്ടരെയും വിളിച്ചുകൊണ്ടുപോയി ഒരിക്കല്‍. ഒരു യുദ്ധക്കപ്പലില്‍ താല്‍ക്കാലികമായി ഉപകരണങ്ങളെല്ലാം സ്ഥാപിച്ചാണ്‌ പര്യവേക്ഷണം. അതിരാവിലെ തുടങ്ങിയ പണി ഉച്ചതിരിഞ്ഞതോടെ ഭക്ഷണത്തിനായി നിര്‍ത്തിവച്ചു. ഞങ്ങളെ സഹായിച്ചുനിന്ന നാവികന്‍മാര്‍ക്കും സന്തോഷമായി. അല്‍പം വിശ്രമിക്കാമല്ലോ. വേഗത്തില്‍ ആഹാരം കഴിച്ച്‌, ബാക്കിയുള്ളവര്‍ വരുന്നതുവരെ കുറച്ചു കടല്‍ക്കാറ്റുകൊള്ളാമെന്നു കരുതി ഞാന്‍ കപ്പല്‍ത്തട്ടില്‍ ചാരി നില്‍ക്കുകയായിരുന്നു. അപ്പോള്‍ അതിലേവന്ന കമാണ്റ്റിംഗ്‌ ഓഫീസര്‍ കാര്യമെന്തെന്നു തിരക്കി. ഞാന്‍ പറഞ്ഞു, പണിതുടങ്ങാന്‍ സഹനാവികര്‍ ഊണുകഴിച്ചുവരാന്‍ കാത്തിരിക്കുകയാണെന്ന്‌. പറഞ്ഞതു സത്യവും നിരുപദ്രവുമായിരുന്നെങ്കിലും അതബദ്ധമായിപ്പോയെന്ന്‌ ഉടനറിഞ്ഞു. കമാണ്റ്റിംഗ്‌ ഓഫീസര്‍ ഉടനെ ഉത്തരവിറക്കി ചോറുണ്ടവരെയും ഇല്ലാത്തവരെയും നേരെ ഡെക്കില്‍ നിരത്തി. പുറത്തുനിന്നുവന്ന ശാസ്ത്രജ്ഞരെ കാത്തിരിപ്പിച്ചതിനു ശിക്ഷയായി അവരുടെ അന്നത്തെ 'shore-leave' (കരയ്ക്കിറങ്ങാനുള്ള അനുവാദം) റദ്ദാകുകയും ചെയ്തു. പിന്നീട്‌ ആ ഉദ്യോഗസ്ഥനെ കണ്ടപ്പോള്‍ ഞാനുദ്ദേശിച്ചതെന്താണെന്നും അദ്ദേഹം ധരിച്ചതെന്താണെന്നും വ്യക്തമാക്കി. അയാളുടെ മറുപടി ഇന്നും എനിക്കു മന:പാഠമാണ്‌: 'ഞങ്ങള്‍ സൈനികര്‍ക്ക്‌ എല്ലാം മുഖവിലയാണ്‌. വരികള്‍ക്കിടയില്‍ വായിക്കാറില്ല. ' അതിനുമുമ്പ്‌ മറ്റൊരു നാവികക്കപ്പലില്‍ നിയന്ത്രണമുറിയില്‍ എഴുതി ഒട്ടിച്ചുവച്ചിരുന്നത്‌ ഓര്‍മ വരുന്നു: 'If you have nothing to do here, Don't do it here'നിങ്ങള്‍ക്കിവിടെ ഒന്നും ചെയ്യാനില്ലെങ്കില്‍, നിങ്ങള്‍ക്കൊന്നും ചെയ്യാനില്ല ഇവിടെ. നാട്ടില്‍ ഞങ്ങളുടെ അയലത്ത്‌ ഒരു പട്ടാളക്കാരനുണ്ടായിരുന്നു. ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ സൈന്യത്തില്‍ ചേര്‍ന്നു. പിന്നീട്‌ ഇന്ത്യന്‍ ആര്‍മിയിലായി. ആറ്‌-ആറര അടി പൊക്കം. ഒട്ടും സ്ഥൂലമല്ലാത്ത ദേഹക്കെട്ട്‌. ഒരു വടിപോലെ നിവര്‍ന്നേ നടക്കൂ. മുഖത്തെപ്പോഴുമുണ്ടാകും ഒരു മൃദുമന്ദഹാസം. നാട്ടില്‍വന്നാല്‍ വെള്ളമുണ്ടും വെള്ള ഷര്‍ട്ടുമിട്ടേ നടക്കൂ. ഏതുവഴി നടന്നാലും വേലിക്കും മതിലിനും പടിവാതിലിനും മുകളിലൂടെ തല കാണാം. ഒതുങ്ങിയ ശബ്ദം, സംസാരം. പണ്ട്‌ കൊച്ചിരാജാവിണ്റ്റെ അംഗരക്ഷകസേനയിലുണ്ടായിരുന്നിട്ടുണ്ട്‌. അന്നത്തെ മൂര്‍ച്ചയില്ലാത്ത ആചാരവാള്‍ അദ്ദേഹത്തിണ്റ്റെ തറവാട്ടിലെ വിളക്കുമുറിയില്‍ ഇന്നുമുണ്ടെന്നു തോന്നുന്നു. ലീവില്‍ വരുമ്പോള്‍ അതെല്ലാം ഞങ്ങള്‍ കുട്ടികള്‍ക്കെടുത്തു കാണിച്ചുതരും. കുറെ പട്ടാളക്കഥകളും പറയും. കൊന്നതും തിന്നതുമൊന്നുമല്ല. ചെന്നെത്തിയ സ്ഥലങ്ങളിലെ ജനവിശേഷങ്ങള്‍. മുതിര്‍ന്നവര്‍ 'പടനായര്‍' എന്നു കളിക്കായി വിളിക്കുമെങ്കിലും നില്‍പ്പിലും നടപ്പിലും വീടുഭരണത്തിലുമുള്ള മുറയും ചിട്ടയുമല്ലാതെ വേറൊരു 'ബഹിളി'യും, ആ ആചാരവാള്‍പോല്‍തന്നെ മൂര്‍ച്ചയും, ഇല്ലാത്ത മനുഷ്യന്‍. ആണ്‍മക്കളില്‍ ഒരാള്‍ വായുസേനയില്‍ ചേര്‍ന്നു. മറ്റയാള്‍ നാവികസേനയിലും. അങ്ങനെ ഒരു ത്രിസേനാകുടുംബം. വഴിയേ പെന്‍ഷന്‍പറ്റി തിരിച്ചെത്തുമ്പോള്‍ വീടും വീട്ടുകാരുമെല്ലാം പ്രായത്തിലും എണ്ണത്തിലും വളര്‍ന്നിരുന്നു. എന്തുകൊണ്ടോ ആള്‍ പഴയ പ്രസരിപ്പെല്ലാം വെടിഞ്ഞ്‌ വെറുമൊരു വ്യക്തിയായി മാറി. വീട്ടിലോ നാട്ടിലോ ഒരു കാര്യത്തിലും ഇടപെടാതെ ഒതുങ്ങി ജീവിച്ചു. ഒരു ദിവസം പടിക്കപ്പുറത്തുനിന്നുകൊണ്ട്‌ അദ്ദേഹം എണ്റ്റെ അമ്മയെ ഒരിക്കലുമില്ലാത്തവിധം പേരെടുത്തുപറഞ്ഞ്‌ ഒരുപാടു ശകാരിച്ചു. തണ്റ്റെ വീട്ടില്‍നിന്ന്‌ കാര്യമായെന്തോ കശപിശകഴിഞ്ഞ്‌ ഇറങ്ങിവന്നതാണെന്നു തോന്നി. വയസ്സിനു നന്നേ ഇളപ്പമായ അമ്മയോട്‌ അതേവരെ വളരെ വാത്സല്യത്തോടും ബഹുമാനത്തോടുംകൂടിയേ അദ്ദേഹം സംസാരിച്ചിട്ടുള്ളൂ. അമ്മയ്ക്കാകെ വിഷമമായി. പറഞ്ഞതൊന്നും വ്യക്തമായിരുന്നുമില്ല. നോക്കിനില്‍ക്കുമ്പോള്‍ ശരംവിട്ടപോലെ റോഡിലൂടെ നടന്നുപോകുന്നതു കണ്ടു. രാവിലെയാണു സംഭവം. ഉച്ചതിരിഞ്ഞറിയുന്നു, അദ്ദേഹത്തിണ്റ്റെ മൃതദേഹം അല്‍പം അകലെയുള്ള തീവണ്ടിപ്പാളത്തില്‍ കിടക്കുന്നുണ്ടെന്ന്‌. ആ പാവംമനസ്സില്‍ എന്തായിരുന്നോ തിളച്ചുമറിഞ്ഞിരുന്നത്‌. ഉദ്യോഗത്തിലിരിക്കെ ഒരു വാഹനാപകടത്തില്‍പെട്ട്‌ ശരീരവും മനസ്സും ഒന്നുപോലെ തളര്‍ന്നുപോയ ഒരു ഉശിരന്‍ വ്യോമസൈനികണ്റ്റെ കഥ ഇപ്പോള്‍ പറയുന്നില്ല. ഉയിരുണ്ടെങ്കില്‍ പൊരുതിജീവിക്കുമെന്ന അദ്ദേഹത്തിണ്റ്റെ വാശിയും, ഉയിരുണ്ടെങ്കിലും ഇല്ലെങ്കിലും സൈനികരെയും അവരുടെ കുടുംബത്തെയും നോക്കിപ്പോറ്റുമെന്ന സൈന്യത്തിണ്റ്റെ പ്രതിജ്ഞാബദ്ധതയും ആ മനുഷ്യനെ മെല്ലെ മെല്ലെ ജീവിതത്തിലേയ്ക്കു തിരിച്ചെത്തിച്ചുകൊണ്ടിരിക്കുന്നു.

[Published in the fortnightly webmagazine www.nattupacha.com]

ഉപവാസവും മറ്റും

മലയാളികളെപ്പറ്റി പൊതുവായി ഒരു പറച്ചിലുണ്ട്‌, അവര്‍ ഉണ്ണാമന്‍മാരാണെന്ന്‌. ന്ന്വച്ചാല്‍ വിസ്തരിച്ചൊരു പ്രാതലും ഒച്ചവച്ചൊരു ഉച്ചയൂണും നാലുമണിപ്പലഹാരവും മിഷ്ടാന്നമത്താഴവും അതിണ്റ്റെപുറത്തൊരു ഏമ്പക്കവും തദനന്തരം അല്‍പം ഏമ്പോക്കിത്തരവും. ഒരാഹാരംകഴിഞ്ഞു മൂന്നുമണിക്കൂറിനകം വയര്‍ തിരുമ്മിത്തുടങ്ങും. ആഹാരം കഴിഞ്ഞാലുമുണ്ട്‌ ഒരു വയര്‍തിരുമ്മല്‍. എണ്ണയിറ്റുന്ന മുടിയും കവിഞ്ഞൊഴുകുന്ന വയര്‍മടക്കുകളും പഴുതാരമീശയും ബീഡിവലിയും ചീട്ടുകളിയും കള്ളുകുടിയും കുറിക്കച്ചവടവും പാരവപ്പും പരപുച്ഛവും പരദേഹദര്‍ശനവും സ്വര്‍ണഭ്രാന്തും ജലഭ്രാന്തുംപോലെ ഒരു പേരുദോഷം. കുട്ടിക്കുമ്പയില്ലാത്ത മലയാളിയെക്കാണില്ലെന്നു പറഞ്ഞതു ഞാനല്ല. ഒരു ബംബായിക്കാരന്‍ മലയാളിയാണ്‌. സഖാവിനുമുണ്ട്‌ ഇമ്മിണിവല്യ കുട്ടിക്കുടവയറ്‌. ഇതൊക്കെക്കൊണ്ടാവണം 'ഉപവാസം', 'ഒരിക്കല്‍', 'പട്ടിണി', 'നൊയ്മ്പ്‌', 'പഥ്യം' എന്നീ പേരുകളില്‍ പലപല പിന്തിരിപ്പന്‍ ആശയങ്ങള്‍ ആമാശയ-ആശാന്‍മാര്‍ ഉണ്ടാക്കിവച്ചത്‌. ആള്‍വരുന്നതിനുമുന്‍പേവരുന്ന വയറിനെ ഒന്നു 'പിന്‍'തിരിപ്പിക്കാനായി ഓരോരോ പരിപാടികള്‍!. അത്താഴംകഴിഞ്ഞ്‌ പ്രാതല്‍വരെ പട്ടിണിയായതുകൊണ്ടാണല്ലോ 'break-fast' എന്ന നോമ്പുതുറ കണ്ടുപിടിക്കപ്പെട്ടത്‌. "Breakfast like a King, Lunch like a Prince, Dinner like a Beggar" എന്നൊരു മഹദ്വചനവും. സായ്പ്പന്‍മാര്‍ക്ക്‌ 'supper' എന്നൊരു കൊട്ടിക്കലാശവുമുണ്ട്‌ രാത്രിയില്‍. അതാരെപ്പോലെവേണമെന്നു പറഞ്ഞിട്ടില്ല. നിവൃത്തിമുട്ടുമ്പോഴാണു പട്ടിണി. അതു പാവപ്പെട്ടവരുടെ പേറ്റണ്റ്റ്‌. എന്നിരിക്കിലും അമിതാഹാരംകഴിച്ചവര്‍ക്കും കുടുംബകലഹക്കാര്‍ക്കുമിടയില്‍ പട്ടിണി സൌകര്യപൂര്‍വം കടന്നുവരാറുണ്ട്‌. ദരിദ്രണ്റ്റെ വിധിയാണെങ്കില്‍, കുടിച്ചുകൂത്താടിയവണ്റ്റെ ശിക്ഷയും കാര്യംകാണാന്‍ കുടുംബിനിയുടെ തന്ത്രവും സിനിമക്കാരിയാകാന്‍ ഒരുമ്പെട്ടവളുടെ മന്ത്രവും അജീര്‍ണംപിടിച്ച വൃദ്ധണ്റ്റെ മരുന്നുമാണ്‌ അത്താഴപ്പട്ടിണി. 'ഒരിക്കല്‍' എന്ന പട്ടിണി ലേശം സുഖമുള്ള സംഗതിയാണ്‌. ഒരുനേരം അരിയാഹാരം വേണ്ടെന്നുവച്ച്‌ വേറെന്തെങ്കിലും സുഭിക്ഷമായിക്കഴിക്കുക. മുഷിയില്ല. എന്നാല്‍ അല്‍പം കടുപ്പംകൂടിയ 'ഒരിക്ക'ലാണ്‌ 'നൊയ്മ്പ്‌'. അതിന്‌ കാലക്രമവും സമയക്രമവും ചിട്ടവട്ടങ്ങളുമെല്ലാമുണ്ടായിരിക്കും. സൌഭാഗ്യത്തിനും സൌമംഗല്യത്തിനുമൊക്കെയായിരുന്നത്രേ നൊയമ്പുനോല്‍ക്കല്‍; ആരോഗ്യത്തിനും അനുതാപത്തിനും എന്നുകൂടി പറയാം. ഇന്നിപ്പോള്‍ ചിട്ടവട്ടങ്ങള്‍ കൂടിക്കൂടി, വന്‍ചടങ്ങുമാത്രമല്ല ഒരാഘോഷവുമായിരിക്കുന്നു അത്‌. നോമ്പുകഴിഞ്ഞാല്‍ എന്തും വെട്ടിവിഴുങ്ങാം, വെട്ടിവിഴുങ്ങണം, എന്നു നിഷ്കര്‍ഷിക്കുന്നത്‌ ടീവിക്കാരും പരസ്യക്കാരുമാണ്‌. പ്രത്യേക വിഭവങ്ങളും പ്രത്യേകപരിപാടികളും പൊടിപൊടിക്കുമ്പോള്‍ പൂഴിമണ്ണാകുന്നത്‌ പഴയ സങ്കല്‍പങ്ങളാണ്‌. ഇക്കാലത്ത്‌ എന്നും നൊയമ്പാകട്ടെ എന്നു പ്രാര്‍ഥിക്കാത്തവര്‍ ചുരുങ്ങും. വിശക്കുന്നവണ്റ്റെ വിളിയേയ്‌!. ഉപവാസം ദേഹംനന്നാക്കാനോ ദേഹി നന്നാക്കാനോ? ശരിക്കുള്ള ഉപവാസം ഒരുപക്ഷെ 'സ്വയംകൃതാനര്‍ഥ'മാണ്‌. ശരീരത്തിണ്റ്റെ മീതെ മനസ്സിനെയും മനസ്സിണ്റ്റെ മീതെ ആത്മാവിനെയും പ്രതിഷ്ഠിക്കാന്‍പറ്റിയ വഴിയായി ഗാന്ധിജി അതിനെ കണ്ടു. അതൊരായുധവുമാക്കി. തിന്‍മക്കെതിരെ പോരാടാന്‍ നന്‍മയുടെ ആയുധം. ആത്മഹത്യാപരമെങ്കിലും അഹിംസാപരമായ യുദ്ധോപാധി. അത്‌ അന്തക്കാലം. 'അനിശ്ചിതകാല ഉപവാസ'വും മരണംവരെ 'നിരാഹാരസത്യാഗ്രഹ'വും ഇപ്പോള്‍ 'ആറുതൊട്ടാറുവരെ'യൊക്കെയായി. ഒരുപടികൂടിക്കടന്ന്‌ 'റിലേ സത്യാഗ്രഹ'വുമായി. പ്രാതല്‍തൊട്ട്‌ 'മധ്യാന്നം' (മധ്യാഹ്നം അല്ല; 'Mid-day meal') വരെയും 'മധ്യാന്നം'തൊട്ട്‌ അത്താഴം വരെയും പട്ടിണികിടന്നു സമരം ചെയ്യാം നിത്യം. ഇനി 'virtual' ഉപവാസവുമാകാം; ഏതായാലും ഇണ്റ്റെര്‍നെറ്റ്‌-ആരാധനവരെ എത്തിക്കഴിഞ്ഞല്ലോ നമ്മള്‍. 'പഥ്യം' സ്വയംകൃതമാകാം, പരപ്രേരിതവുമാകാം. മറ്റെല്ലാത്തിനുമെന്നപോലെ 'പഥ്യ'ത്തിനും രണ്ടര്‍ഥമുണ്ട്‌. പൊതുവെ 'ഇഷ്ടാഹാര'മെന്ന ഇഷ്ടഭാഷ്യം. വളരെ പരിമിതപ്പെടുത്തിയ 'ലളിതാഹാര'മെന്ന്‌ ആയുര്‍വേദഭാഷ്യം. അല്ലെങ്കിലും നല്ലതിണ്റ്റെ നേരെമറിച്ചല്ലേ നമ്മള്‍ക്കെന്തും. നന്നും നഞ്ഞും കടുകിടയ്ക്കുള്ള വ്യത്യാസത്തിലല്ലേ. ഇച്ഛിക്കുന്നതു സ്വയമങ്ങു വിധിച്ചാല്‍ സര്‍വം മംഗളം. പണ്ട്‌ നാട്ടില്‍ പ്രഭുമുതലാളി എന്നറിയപ്പെട്ടിരുന്ന പാരമ്പര്യവൈദ്യന്‍ പറഞ്ഞതോര്‍ക്കുന്നു. 'അരി' എന്നാല്‍ 'ശത്രു' എന്നര്‍ഥം. അതിനാല്‍ അരി-ആഹാരം ആപത്ത്‌. അരിപോലെ വെളുത്തതെല്ലാം വര്‍ജിക്കണം (പഞ്ചസാര, മൈദ, മുട്ട, പാല്‍). ചുവന്നതെല്ലാം സൂക്ഷിക്കണം (കപ്പല്‍മുളക്‌, ഇറച്ചി). പച്ചയെല്ലാം പതിവാക്കണം (പച്ചിലവര്‍ഗം, പച്ചമുളക്‌, പച്ചപ്പഴങ്ങള്‍). കറുത്തതൊന്നും കുഴപ്പമില്ല (കുരുമുളക്‌, കായം, കടുക്ക, ശര്‍ക്കര). മഞ്ഞയും മോശമല്ല (മഞ്ഞള്‍). അയ്യോ പാവം, ആ വൈദ്യനു രാഷ്ട്രീയമൊന്നും ഉണ്ടായിരുന്നില്ല! മഹാരാഷ്ട്രക്കാര്‍ക്കൊക്കെ 'ഉപവാസ്‌' ഒന്നു പ്രത്യേകമാണ്‌. ആഴ്ച്ചയില്‍ സ്വയംതിരഞ്ഞെടുത്തൊരു ദിവസമാകുമത്‌. കല്യാണംകഴിയാന്‍ പെണ്ണുങ്ങള്‍ക്കും കാശുണ്ടാവാന്‍ ആണുങ്ങള്‍ക്കുമുള്ള കുറുക്കുവഴിയാണത്രെ 'ഉപവാസ്‌' എന്ന സൂത്രം. കാലത്തുതൊട്ട്‌ ചായയും വെള്ളവുമല്ലാതെ 'മറ്റൊന്നും' കുടിക്കില്ല. വിശന്നാല്‍ തിന്നാന്‍ ചില പ്രത്യേക വിഭവങ്ങളുണ്ട്‌. കപ്പലണ്ടിയും സാബുധാന(സാഗു/ജവ്വരി)യും ഉരുളക്കിഴങ്ങും ജീരകവും കൊത്തമല്ലിയിലയുമെല്ലാം എണ്ണയില്‍കുളിപ്പിച്ചൊരു 'കിച്ടി'; അല്ലെങ്കില്‍ അവ കൂട്ടിക്കുഴച്ച്‌ എണ്ണയില്‍വറുത്തെടുത്ത 'വഡി'. ഒരുമാതിരിപ്പെട്ട ഹോട്ടലുകളിലെല്ലാം എന്നുംകിട്ടും ഈ ഉപവാസവിഭവങ്ങള്‍. സൂര്യനോടൊപ്പം ഉപവാസവും അവസാനിക്കും. ഒരിക്കല്‍ ഒരു മറാഠിക്കാരിയോടൊപ്പം ഒരു ഹോട്ടലില്‍കയറി ആഹാരത്തിനിരുന്നു. തനിക്കന്ന്‌ ഉപവാസമാണെന്ന്‌ അവള്‍. വെയ്റ്റര്‍ വന്നപ്പോള്‍ ഞാന്‍ എനിക്കുവേണ്ടതുമാത്രം പറഞ്ഞു. 'ഉപവാസ്‌ കേ ലിയേ ക്യാ ഹെ?', അവളുടെ ചോദ്യം. വെയ്റ്റര്‍പയ്യണ്റ്റെ മറുപടി ഉന്നംതെറ്റാതെ പറന്നുവന്നു: 'പാനി ഹെ'. അതൊരു മലയാളിഹോട്ടലായിരുന്നെന്നു ഞാന്‍ പ്രത്യേകം പറയേണ്ടല്ലോ.

[Published in the fortnightly webmagazine. www.nattupacha.com]

Wednesday 22 September 2010

മുന്നും പിന്നും - യുവത്വത്തിനൊരു യുഗ്മഗാനം

തലമുറത്തര്‍ക്കം പുത്തരിയൊന്നുമല്ല. യുവത്വമാണെങ്കില്‍ കലഹിക്കും. പിന്‍തലമുറ മുന്‍തലമുറയോടു തര്‍ക്കിക്കും. അതു 'തോന്ന്യാസ'മല്ല. ആണെങ്കില്‍ ഞാനും നിങ്ങളുമെല്ലാം തോന്ന്യാസികളായിരുന്നു. നമ്മുടെ അച്ഛനമ്മമാര്‍ തോന്ന്യാസികളായിരുന്നു. നമ്മുടെ മുത്തച്ഛന്‍മാരും മുത്തശ്ശിമാരും തോന്ന്യാസികളായിരുന്നു. പിന്നെ നമ്മുടെ മക്കളും അവരുടെ മക്കളും അതായില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ! ഇടയ്ക്കുവച്ചെന്തോ നഷ്ടമായ രീതിയിലാണ്‌ നാം യുവത്വത്തെ കാണുക. ഇല്ല മാഷേ. ഒന്നും നഷ്ടപ്പെട്ടിട്ടില്ല. വ്യത്യാസപ്പെട്ടിട്ടേയുള്ളൂ. മാറ്റമാണ്‌ മനുഷ്യജീവിതം. പ്രകൃതിസത്യം. പഴയ തെറ്റുകള്‍ തിരുത്തപ്പെടുമ്പോള്‍ പുതിയ തെറ്റുകള്‍ തുറക്കപ്പെടുന്നു. പരാതിപ്പെടുന്നതില്‍ അര്‍ഥമില്ല. ഒന്നു ചീയുമ്പോള്‍ മറ്റൊന്നിനു വളം. വിദേശികളുടെ വീരേതിഹാസങ്ങള്‍ക്ക്‌ 'റാന്‍' മൂളിയതല്ല ഇന്നത്തെ തലമുറ. വിദേശീയരെത്തുരത്താന്‍ ഗാന്ധിയോടൊത്ത്‌ പടവെട്ടിയവരുമല്ല ഇന്നത്തെ തലമുറയിലെ യുവാക്കള്‍. സ്വാതന്ത്യ്രാനന്തര സുന്ദരമോഹന വാഗ്ദാനങ്ങളാല്‍ വഞ്ചിക്കപ്പെട്ടവരുമല്ല. ഉണ്ണാന്‍ ചോറും ഉടുക്കാന്‍ തുണിയും കിടക്കാന്‍ കൂരയും ഉണ്ടവര്‍ക്ക്‌; കളിക്കാന്‍ കളിപ്പാട്ടവും പഠിക്കാന്‍ പാഠശാലകളും. ഒരുനേരത്തെ ആഹാരത്തിനു വിയര്‍പ്പൊഴുക്കേണ്ട. റേഷന്‌ കയ്നീട്ടിനില്‍ക്കണ്ട. മാഞ്ചസ്റ്ററിലുണ്ടാക്കിയ കോറത്തുണിയുടുക്കേണ്ട. ജയിലില്‍ അഴിയെണ്ണണ്ട. സ്വന്തംനാട്ടില്‍ പരദേശികളാകണ്ട. സായ്പ്പിനെക്കണ്ടാല്‍ കവാത്തെടുക്കണ്ട. മെക്കാളെയുടെ മനപ്പായസത്തിനു മധുരംചേര്‍ക്കണ്ട. 'ഭാരത്‌മാതാ കീ ജയ്‌, മഹാത്മാഗാന്ധീ കീ ജയ്‌' എന്നതിനപ്പുറം 'ജവാഹര്‍ലാല്‍ നെഹ്രു കീ ജയ്‌' എന്നുകൂടി വിളിക്കണ്ട. പാഠപുസ്തകത്തില്‍ രാജീവനയനണ്റ്റെയും സഞ്ജീവനിയുടെയും കുട്ടിപ്പടങ്ങളും കളിപ്പാട്ടങ്ങളും കണ്ട്‌ കണ്ണുതള്ളണ്ട. മതമുണ്ടെങ്കിലും ഇല്ലെങ്കിലും ഒരു 'ജീവ'നെപ്പോലും പേടിക്കണ്ട. കണ്ണില്‍ക്കണ്ട ഗോസ്വാമികളുടെയും ഭൂസ്വാമികളുടെയും ആസാമികളുടെയും അനുവര്‍ത്തികളാവണ്ട. ഒളിച്ചും മറച്ചും ചുവപ്പന്‍ അടിയുടുപ്പിടേണ്ട. അലറിവിളിക്കുന്നവരുടെ അണികളായി മുഷ്ടി ഉയര്‍ത്തി മുദ്രാവാക്യം മുഴക്കണ്ട. ഒളിയിടം തേടണ്ട. പ്രണയിക്കാനും പരിണയിക്കാനും പാര്‍ട്ടിയുടെ പെര്‍മിഷന്‍ വേണ്ട. പള്ളിയായാലും പള്ളിക്കൂടമായാലും പരശുരാമക്ഷേത്രമായാലും പരശങ്കയുടെ പഴുതു പാര്‍ക്കണ്ട. പേനില്ല. കൃമിശല്യമില്ല. ഗ്രഹണിയില്ല. രക്തദോഷമില്ല. പേരിനെങ്കിലും ജാതിപ്പേരില്ല. എന്നിട്ടുമെന്തേ ഇന്നത്തെ യുവത്വത്തിനൊരു വാട്ടം? കാലില്‍ ചെരിപ്പ്‌. കണ്ണില്‍ കറുപ്പ്‌. ചുണ്ടില്‍ ചുകപ്പ്‌. വിളിപ്പുറത്തു വിദ്യ. കളിപ്പുറത്തു കുന്നായ്മ. കൂരക്കുള്ളില്‍ കറണ്ട്‌. കയ്യിലാണെങ്കില്‍ കാശ്‌. കണ്‍വട്ടത്തു കമ്പ്യൂട്ടര്‍. കണ്‍വെട്ടത്തിനു കണ്ണട. ലൈബ്രറികള്‍, പുസ്തകങ്ങള്‍, പത്രമാസികകള്‍. പഠിപ്പേറിയ അധ്യാപകര്‍. പുറംലോകത്തേക്കു പട്ടംപറപ്പിക്കുന്ന പഠനകേന്ദ്രങ്ങള്‍. പണിക്കു പണി. പണത്തിനു പണം. നിറത്തിനു നിറം. നിണത്തിനു നിണം! എന്നിട്ടും? വിവരദോഷം? വളര്‍ത്തുദൂഷ്യം? അന്‍പതുകളില്‍ ജനിച്ചവരായാലും എണ്‍പതുകളില്‍ ജനിച്ചവരായാലും സ്ഥിരംകാണുന്ന ചിലതുണ്ട്‌, ചിലരുണ്ട്‌. അന്‍പതുകളില്‍ ജനിച്ചവര്‍ കണ്ടു, മീശവച്ചവരും താടിവച്ചവരും കോട്ടീട്ടവരും മോതിരക്കാരും നരശൂലങ്ങളും നരസിംഹങ്ങളും മദനന്‍മാരും മദാമ്മകളും ദല്ലാളന്‍മാരും ദയാലുക്കളും പട്ടക്കാരും പാട്ടക്കാരും. എണ്‍പതുകളില്‍ ജനിച്ചവര്‍ കണുന്നതോ, ഗാന്ധിനാമധാരികളും സിന്ധുസംസ്കാരക്കാരും പൈലറ്റുമാരും പവര്‍ബ്രോക്കര്‍മാരും പവര്‍ഫുള്ളുകളും മൈനകളും മേനകകളും മനോമോഹനന്‍മാരും ശ്വേതാംബരന്‍മാരും ദിഗംബരന്‍മാരും പ്രണവമുഖ്യന്‍മാരും കരചരണസിംഹങ്ങളും മല്ലന്‍മാരും അഷ്ടാവക്രന്‍മാരും മോടിക്കാരും സുദര്‍ശനചക്രധാരികളും കരാട്ടേക്കാരും വൃന്ദാവനസാരംഗികളും അംബ-അംബിക-അംബാലികമാരും നേത്രാവതികളും മായാവതികളും ലാലന്‍മാരും യദുകുലോത്തമന്‍മാരും തക്കിടിമുണ്ടന്‍മാരും ശിവകിങ്കരന്‍മാരും നവനിര്‍മാതാക്കളും വാനരപ്പടകളും കരുണാമയന്‍മാരും ദയാനിധികളും അഴകിയരാവണന്‍മാരും മാറ്റൊലിവീരക്കാരും പിണങ്ങളും അച്യുതം-കേശവം-രാമ-നാരായണക്കാരും പള്ളിയില്‍ വെള്ളതേച്ചവരും അമ്മയല്ലാത്ത അമ്മമാരും അച്ഛനാവാത്ത അച്ഛന്‍മാരും താലിമാലക്കാരും രാമബാണക്കാരും കശാപ്പുകാരും ലളിതന്‍മാരും സാമന്തക്കാരും സമ്മന്തക്കാരും ധീരന്‍മാരും ഭായിമാരും അംബാരിക്കാരും കാലമാടന്‍മാരും തെമ്മാടികളും പട്ടേലരിമാരും വാര്‍മുടിക്കാരും അന്തേവാസികളും നീലക്കെണികളും. (ഹൂശ്‌, എന്തൊരു ലിസ്റ്റ്‌!) ഇവര്‍ നാടുമുടിക്കാനിരിക്കുമ്പോള്‍ പിള്ളേരെന്തു ചെയ്യും? ചക്കരപ്പന്തലില്‍ തേന്‍മഴ ചൊരിയാനും അല്ലിയാമ്പല്‍ക്കടവിലെ അരയ്ക്കുവെള്ളത്തിലിറങ്ങാനും ചിത്രമണിവാതില്‍ തുറന്ന്‌ നിര്‍മാല്യം തൊഴാനും പാഴ്മുളംതണ്ടില്‍നിന്ന്‌ പാലാഴിയൊഴുക്കാനും ശൃംഗാരപ്പദം പാടാനും മാംസതല്‍പ്പങ്ങളില്‍ ഫണംവിരിച്ചാടാനും പിള്ളേര്‍ക്കെങ്ങിനെ കഴിയും? അതുകൊണ്ടാണോ ലജ്ജാവതിയുടെ കള്ളക്കടക്കണ്ണുനോക്കി, 'അപ്പിടി പോട്‌, പോട്‌, പോട്‌' എന്നും 'ഷേക്ക്‌-എ-ലെഗ്‌, ഏേ ബേബി'എന്നും തുള്ളുന്നത്‌? ബുദ്ധിയും കഴിവും കാലാകാലം കൂടിക്കൂടിയാണുവരിക. "താതന്‍മറന്നാല്‍ തനയന്‍ തുടര്‍ന്നു തദ്‌വൃത്തഖണ്ഡം പരിപൂര്‍ണമാക്കും" എന്നു കവി. ലോകത്ത്‌ മൌലികമായി ഒന്നുമില്ല. 'Nothing is Original' എന്നൊരു പ്രസ്ഥാനംതന്നെയുണ്ട്‌ കലാകാരന്‍മാര്‍ക്കിടയില്‍. ഒന്നു വളര്‍ന്ന്‌ മറ്റൊന്നാകുന്നു. (ഭുജംഗയ്യണ്റ്റെ ദശാവതാരംപോലെ ചായ ചാരായമാകുന്നു; ചാരായം ചരസ്സിനു വഴിമാറുന്നു, എന്നൊന്നും ഞാന്‍ പറയില്ല!) എന്നെ അലട്ടുന്നത്‌ അതല്ല. ഇത്രയും കഴിവുള്ള കുട്ടികള്‍ ജീവിതത്തില്‍നിന്ന്‌ എന്തിനൊളിച്ചോടുന്നു? ഒന്നുകില്‍ പൊങ്ങച്ചംകോണ്ടു പൊറുതിമുട്ടും, അല്ലെങ്കില്‍ അധമബോധംകൊണ്ട്‌ അന്തംകെടും. ഒന്നുകില്‍ എണ്ണച്ചട്ടിയില്‍നിന്ന്‌ എരിതീയിലേക്ക്‌; അല്ലെങ്കില്‍ എരിതീയില്‍നിന്ന്‌ എണ്ണച്ചട്ടിയിലേക്ക്‌! തീയില്‍നിന്നല്‍പം മാറിനിന്ന്‌ ജീവിതത്തെ പാകം ചെയ്‌തുകൂടേ? അഹംഭാവവും അഹങ്കാരവും അഹംബോധവും തമ്മില്‍തമ്മില്‍ അവര്‍ തിരിച്ചറിയുന്നില്ല. അതിനാല്‍ ആത്മാഭിമാനവും ആത്മവിശ്വാസവും ആത്മസംയമനവും ആത്മസമര്‍പ്പണവും ആത്മസ്ഥൈര്യവും അവര്‍ക്കില്ലാതെപോകുന്നു. ആത്മാഹുതി ഒരു വിജയമല്ല. ആത്മവഞ്ചനയാണ്‌. 'മക്കള്‍ തലതിരിയുന്നതിന്‌ അമ്മമാരെ തല്ലണം' എന്ന്‌ എണ്റ്റെ ഭാര്യ പലപ്പോഴുംപറഞ്ഞുകേട്ടിട്ടുണ്ട്‌. 'അച്ഛന്‍മാരെയും' എന്നു ഞാന്‍ കൂട്ടിച്ചേര്‍ക്കുന്നു. വഴിവിളക്കാകേണ്ടവര്‍ നോക്കുകുറ്റികളായാലോ? പിന്നൊന്ന്‌ സ്വാര്‍ഥത. അതും അണുകുടുംബത്തിണ്റ്റെ സന്തതി; അരാഷ്ട്രീയതയുടെയും. പാവങ്ങളെയറിഞ്ഞ രാഷ്ട്രീയാചാര്യന്‍മാര്‍ രണ്ടുപേരേയുള്ളൂ. മഹാത്മാഗാന്ധിയും കാള്‍ മാര്‍ക്സും. അവരെ രണ്ടുപേരെയും വ്യക്തികളും കുടുംബവും രാഷ്ട്രവും ലോകവും തമസ്കരിച്ചിരിക്കുന്നു. യുവതലമുറ അവരെ അറിയുന്നില്ല. ഇനിയുമൊന്ന്‌ വീരാരാധന. ഒരു കളിക്കാരന്‍, ഒരു നടന്‍, ഒരു പാര്‍ട്ടിക്കാരന്‍, ഒരു തെമ്മാടി (സ്‌ത്രീലിംഗത്തില്‍ കളിക്കാരി, നടി, പാര്‍ട്ടിക്കാരി. തെമ്മാടി ഏതായാലും അങ്ങനെതന്നെയിരിക്കട്ടെ!) ആണോ ഇവരുടെ ജീവിതം നിര്‍വചിക്കുന്നത്‌? അവര്‍കുടിക്കുന്നതും അവരുടുക്കുന്നതും അവര്‍പറയുന്നതും അവര്‍കാണിക്കുന്നതും അനുകരിക്കുമ്പോള്‍, മക്കളേ, നിങ്ങള്‍ നിങ്ങളല്ലാതായിത്തീരുന്നു. വിശ്വപൌരന്‍മാരായിത്തിളങ്ങേണ്ട നിങ്ങള്‍ വെറും കച്ചവടച്ചതികള്‍ക്കും ബഹുരാഷ്ട്രക്കമ്പനികളുടെ നക്കാപ്പിച്ചകള്‍ക്കും അടിമപ്പെടുന്നു. ഉള്ളിന്നുള്ളിലെ സൌന്ദര്യം പൊന്നും പൊന്നാടയുംകൊണ്ടല്ല പുറത്തുവരിക. ഇന്നുവൈകീട്ടത്തെ പരിപാടി സ്വയം തിരഞ്ഞെടുക്കാം. 'ഞാന്‍ റെഡി, ഞാന്‍ എപ്പഴേ റെഡി' എന്നമട്ടില്‍ ചാടിപ്പുറപ്പെട്ടാല്‍, സിനിമയിലെ ഡ്യൂപ്പിണ്റ്റെ സ്റ്റണ്ടുപോലാവില്ല വീഴ്ച! ആണ്‍കോയ്മയും (male chauvinism) അവമതിക്കൊലയും ('honour' killing) പെണ്‍ഭ്രൂണഹത്യയും (female foeticide) അമ്മായിയമ്മപ്പോരും പോലെ അന്തവും കുന്തവും കെട്ടതല്ല യുവത്വത്തിണ്റ്റെ വിഭ്രംശങ്ങള്‍. പാല്‍പ്പല്ലു കൊഴിയുമ്പോലെ, മാസമുറപോലെ, പേറ്റുനോവുപോലെ, വളര്‍ച്ചക്കും വികാസത്തിനും അല്‍പം വേദന തിന്നേപറ്റൂ. സൃഷ്ടിക്കുപിന്നിലെ ചോര. അണുവികിരണംപോലെ അര്‍ധായുസ്സായി (half-life) അനന്തതയിലേക്ക്‌ യുവത്വത്തിണ്റ്റെ സന്ത്രാസം അനവരതം അനുവര്‍ത്തിച്ചുകൊണ്ടിരിക്കും. അനുഭവിച്ചേ പറ്റൂ. ആസ്വദിച്ചേ തീരൂ.

[Published in the fortnightly webmagazine www.nattupacha.com, 15 August 2010]

വീണ്ടും വസന്തം

വസന്തം, ഗ്രീഷ്മം, ഹേമന്തം, ശിശിരം. ഇതു പ്രകൃതിക്ക്‌. ബാല്യം, കൌമാരം, യൌവനം, വാര്‍ധക്യം. ഇതു ജീവന്‌. ബ്രഹ്മചര്യം, ഗൃഹസ്ഥം, വാനപ്രസ്ഥം, സംന്യാസം. ഇതു മനുഷ്യന്‌. തുടക്കം, അടക്കം, നടുക്കം, മടക്കം. ഇത്‌ ഉദ്യോഗസ്ഥന്‌. സര്‍ക്കാര്‍ ഉദ്യോഗസ്ഥനോ വണക്കം, ഇണക്കം. അതു തുടക്കത്തില്‍. പിന്നെ, പിണക്കം, കലക്കം എന്നൊരു മലക്കം. ആഹാരം, വിഹാരം, ആരാമം, വിരാമം എന്നു മറുവാക്ക്‌! നാലുപതിറ്റാണ്ടിനോടടുത്ത സര്‍ക്കാര്‍ജോലിക്കുശേഷം ഉദ്യോഗപര്‍വത്തിനു വിട പറഞ്ഞ വേളയിലാണ്‌ ഇതെഴുതുന്നത്‌. പണ്ടത്തെ അടുത്തൂണ്‍ പറ്റല്‍. ഇന്നത്തെ പെന്‍ഷന്‍ പറ്റല്‍. വിരമിക്കല്‍പ്രക്രിയ -- 'റിട്ടയര്‍മെണ്റ്റ്‌' എന്നു മിനുക്കിപ്പറയും, 'സൂപ്പര്‍ ആന്വേഷന്‍' എന്നു പരത്തിപ്പറയും -- പലര്‍ക്കും പല രീതിയിലാണ്‌. ചിലര്‍ക്കത്‌ 'റിട്ടയര്‍മെണ്റ്റ്‌ ബ്ളൂ' എന്ന മനസ്സംഘര്‍ഷം. വ്യാക്കൂണ്‍ പോലൊരു സംത്രാസം. ചിലര്‍ക്കത്‌ ശാപമോക്ഷം. മഴക്കാലത്ത്‌ കൂണ്‍ പൊട്ടിവിരിയുന്നതുപോലൊരു പുനര്‍ജന്‍മം. എന്നെ സംബന്ധിച്ചിടത്തോളം ജോലികിട്ടിയന്നത്തെ അതേ സന്തോഷത്തിലാണ്‌ ജോലിയില്‍നിന്നു പിരിഞ്ഞുപോന്നത്‌. ആദ്യംപറഞ്ഞ 'അക്ക'ങ്ങളെല്ലാം ആദ്യവസാനം എന്നെയും വലച്ചിരുന്നു. ചിലതിനു കൈ കൊടുത്തു. ചിലതിനു സലാം പറഞ്ഞു. ചിലതിനു നല്ല ചവിട്ടും. അങ്ങനെ ബാക്കിപത്രം വട്ടപ്പൂജ്യം. പൂജ്യസ്യ പൂജ്യമാദായാ പൂജ്യമേവാവശിഷ്യതേ! തുടക്കത്തില്‍ തുടങ്ങി തുഞ്ചത്തെത്തി തുടരെ താഴേക്കിറങ്ങി തുടക്കത്തില്‍തന്നെ തിരിച്ചെത്തിയവര്‍ കുറയും. അതു മിക്കവാറും അവരുടെ കയ്യിലിരിപ്പും തിരുമറിയും കൊണ്ടാകും. സര്‍ക്കാര്‍ജീവിതത്തിലോ സ്വകാര്യവ്യവഹാരത്തിലോ യാതൊരു കളങ്കവുമില്ലാഞ്ഞിട്ടും തൊഴുത്തില്‍കുത്തൊന്നുമാത്രംകൊണ്ട്‌ കേറിയപടി തിരിച്ചിറങ്ങിയവരില്‍ ഒരാളാണു ഞാന്‍. മാമാങ്കവും മുറജപവും കളരിപ്പയറ്റും പാരവയ്പ്പും കൂറുമാറ്റവും കുന്നായ്മയും ഒന്നിച്ചുകാണണമെങ്കില്‍ ശാസ്ത്രഗവേഷണരംഗത്തിലേക്കു കടന്നാല്‍ മതി. ഏതു കര്‍മരംഗവും നാടകം പോലെയാണ്‌. ആട്ടം കഴിഞ്ഞാല്‍ അരങ്ങൊഴിയണം. ഒരു നിമിഷം നേര്‍ത്തെയോ ഒരു നിമിഷം വൈകിയോ കളിക്കളത്തില്‍ നിന്നു വിട്ടാല്‍ ആഭാസമാവും. തുടക്കത്തിലേ തീരുമാനിച്ചിരുന്നു, ദിവസേന ഒരുവരി എഴുതാനോ ഒരുപുറം വായിക്കാനോ തടസ്സംനില്‍ക്കുന്ന ജോലിവേണ്ട. കേറിയും കുറഞ്ഞും അവസാനം വരെ അതു നിലനിര്‍ത്താന്‍ കഴിഞ്ഞതു ആത്മവിശ്വാസമോ ആത്മാഭിമാനമോ കൊണ്ടല്ല, ആത്മസ്ഥൈര്യം ഒന്നുകൊണ്ടുമാത്രമാണ്‌. നടുക്കല്ലിളകിയാലും തലക്കല്ലിളകുകയില്ലെന്ന വാശി. വനം വൃക്ഷമല്ലന്നെറിയാം. എന്നാല്‍ വൃക്ഷമില്ലാതെ വനമില്ല. ആകാശം മേഘമല്ല. എന്നാല്‍ മേഘമില്ലാതെ ആകാശമില്ല. കടല്‍ തിരയല്ല. എന്നാല്‍ തിരയില്ലാതെ കടലില്ല. താനും തണ്റ്റെ കര്‍മമണ്ഡലവും തമ്മില്‍ അത്രയേ ഉള്ളൂ ബന്ധം. അല്ലെങ്കില്‍ അത്രക്കുണ്ട്‌. വിത്തു മുളയ്ക്കണം. തൈ വളരണം. പൂ വിടരണം. കായ്‌ മൂക്കണം. ഇല പൊഴിയണം. മരം മറിയണം. അത്തരം 'സര്‍വീസ്‌ സ്റ്റോറി' പ്രകൃതി എന്നേ എഴുതി. കഥയ്ക്കപ്പുറം, വീണ്ടും പുതുവിത്തു വിതയ്ക്കണമെന്നും പുത്തന്‍ചെടി നടണമെന്നുമുള്ള കാര്യവും പ്രകൃതി എഴുതി. അതല്ലാതൊരു 'സര്‍വീസ്‌ സ്റ്റോറി' എനിക്കല്ല, ആര്‍ക്കുമില്ല. ഉദ്യോഗത്തിലിരിക്കുമ്പോള്‍ പറയാത്തതോ പെന്‍ഷന്‍ പറ്റിയിട്ടു പറയുന്നു? നഷ്ടവസന്തത്തെക്കുറിച്ചു സങ്കടമില്ല. കൊടും ചൂടിനെപ്പറ്റി പരാതിയില്ല. ഇലപൊഴിയുംകാലത്തെ പഴിചാരുന്നില്ല. ശിശിരക്കുളിരില്‍ വിറങ്ങലിക്കുന്നുമില്ല. ഇതൊരു പുനര്‍ജന്‍മം. ബാല്യത്തിണ്റ്റെ ചാപല്യമില്ലാതെ, കൌമാരത്തിണ്റ്റെ അവിവേകമില്ലാതെ, യുവത്വത്തിണ്റ്റെ എടുത്തുചാട്ടമില്ലാതെ, വാര്‍ധക്യത്തിണ്റ്റെ വിടുവായത്തമില്ലാതെ, വീണ്ടുമൊരു വസന്തത്തെ വരവേല്‍ക്കുകയാണു ഞാന്‍.

[Published in the fortnightly webmagazine www.nattupacha.com, 1 August 2010]

Wednesday 4 August 2010

കിസ്സ കുർസി കാ

മനുഷ്യന്റെ ഇത്രയുംകാലത്തെ പുരോഗതി വെറും ഒന്നരയടിയാണെന്നു പറയാറുണ്ട്‌. നിലത്തുനിന്ന്‌ കസേരയിലേക്കുള്ള ഉയരം; അത്രതന്നെ. ആ കസേരവച്ചുള്ള അവന്റെ ഒരു കളി!

ബാർബർ ഷോപ്പിലൊഴിച്ച്‌ -- അവിടെ അവന്റെ കഴുത്തിനുപിന്നിൽ കത്തിയുണ്ട്‌!

മുംബൈക്കടുത്ത്‌ കടലിൽ ഘണ്ഡേരി എന്നൊരു ദ്വീപുണ്ട്‌; അവിടെ ഒരു വിളക്കുമരവും (ലൈറ്റ്‌ ഹൗസ്‌). അവിടെ ഇറങ്ങാനും കുറെ പര്യവേക്ഷണങ്ങൾ നടത്താനും അവിടത്തെ പോർട്ട്‌ മാസ്റ്ററിന്റെ അനുവാദം വേണമായിരുന്നു. കത്തയച്ചിട്ടൊന്നും മറുപടികിട്ടാത്തതിനാൽ, രണ്ടുംകൽപ്പിച്ച്‌ ഒരു ബോട്ടിൽ അവിടെ ചെന്നിറങ്ങി. പേരിന്‌ അവിടെ ഒരു കടവുണ്ടായിരുന്നു. നടപ്പാത മുഴുവൻ ചെടിയും ചവറും. പൊരിഞ്ഞ മഴയും. ഇടയ്ക്കിടെ പാമ്പിൻ പടങ്ങൾ. ഒറ്റപ്പെട്ട ഗുഹാദ്വാരങ്ങളിൽ കത്തിയ വിറകും ചാരവും പിന്നെ പൊട്ടിയ കലങ്ങളും മദ്യക്കുപ്പികളും മറ്റും മറ്റും. ഇത്‌ മൂന്നു പതിറ്റാണ്ടു മുൻപത്തെ കാര്യമാണ്‌; ഇന്ന്‌ എങ്ങിനെയന്നറിയില്ല.

ഒരു തരത്തിൽ ഇഴഞ്ഞ്‌ പോർട്ട്‌ മാസ്റ്ററുടെ ഓഫീസിലെത്തി. ഒരു പഴയ കൊട്ടരംപോലുള്ള കെട്ടിടം. ആളനക്കമില്ല. ഓഫീസിനോടു ചേർന്നാണു താമസസ്ഥലവും. എത്തിനോക്കിയപ്പോൾ ഒരാൾ പുറത്തുവന്നു. അടിയുടുപ്പുമാത്രമണിഞ്ഞ ഒരാൾ. കാര്യം പറഞ്ഞു, കടലാസ്സുകളും കാണിച്ചു. ഓഫീസിലേക്കു കയറിയിരിക്കാൻ അയാൾ പറഞ്ഞു. ഡർബാർപോലുള്ള ഒരു മുറിയിൽ വലിയൊരു മേശക്കുപിറകിൽ ഒറ്റപ്പട്ട ഒരു ഇരിപ്പിടം, സിംഹാസനംപോലെ. വേറെ കസേരകളൊന്നുമില്ല.

ഞങ്ങൾ കാത്തുനിന്നു. അരമുക്കാൽ മണിക്കൂറിനുശേഷം സിംഹാസനത്തിൽ വന്നിരുന്നു ഓഫീസർ. ആദ്യംകണ്ട അതേ ആൾ. അതേ അടിയുടുപ്പുമായി. എന്നിട്ടു കടലാസ്സുകൾ വാങ്ങി സമ്മതപത്രം ഒപ്പിട്ടു തന്നു. എന്നിട്ടൊരു താക്കീതും. ഇനി ഇങ്ങനെ മുൻവിവരമില്ലാതെ കയറിവരരുത്‌. വന്നാൽ തന്റെ കസേരയുടെ വില അറിയിക്കും!

ഞങ്ങൾക്കു പാവം തോന്നി. ഒരു കസേരയുടെയും കയ്യൊപ്പിന്റെയും ബലത്തിലാണ്‌ ആ മനുഷ്യൻ ശ്വസിക്കുന്നതുതന്നെ.

കസേരയോടുള്ള ആസക്തി, പ്രതിപത്തി, ആശ്രീയത, വിഭ്രമം എല്ലാം പരക്കെ ഉണ്ട്‌. പ്രത്യേകിച്ചും സർക്കാർ ഓഫീസുകളിൽ. പഴയ തലവൻമാറി പുതിയവൻ വരുമ്പോൾ മറ്റെന്തും മാറ്റിയില്ലെങ്കിലും കസേര പുതിയതൊന്നു വാങ്ങുക ഒരുതരം മനോരോഗംപോലെയാണ്‌. സ്ഥാനമൊഴിയുമ്പോൾ തന്റെ കസേര (സ്‌ഥാനമല്ല) തന്റെ പ്രിയപ്പെട്ടവനുകൊടുക്കുന്നതു പതിവാണ്‌. കിട്ടിയവൻ അതിൽ ഊറ്റംകൊള്ളുന്നതും കാണാം!

ഒരുമാതിരിപ്പെട്ട വീടുകളിലെല്ലാം അവരവർക്കു പ്രിയപ്പെട്ട ഓരോ ഇരിപ്പിടങ്ങൾ കാണും. പ്രായംചെന്നവരുടെ ചാരുകസേരകളിൽ അന്യർവന്നിരുന്നാൽ അതൊരു ആക്രമണമായിത്തന്നെ കരുതും ചിലർ.

ഒരു വല്യമ്മാവൻ വലിയൊരു വീട്ടിൽനിന്ന്‌ ചെറുതൊന്നിലേക്കു താമസം മാറിയപ്പോൾ അധികമായ മരസ്സാമാനങ്ങൾ എന്റെ വീട്ടിൽ കൊണ്ടുവന്നിട്ടു. അതിലൊരു കസേര എനിക്കു പ്രിയമായി. എന്തോ വർത്തമാനത്തിനിടയിൽ ഇതറിഞ്ഞ വല്യമ്മാവന്റെ മകൻ ഒരു ദിവസം ആർത്തിരച്ചു വന്നു, അതു തന്റേതാണെന്നും ഉടനെ തിരിച്ചുവേണമെന്നും പറഞ്ഞ്‌!

ദില്ലിയിലെ പല സർക്കാർ കാര്യാലയങ്ങളിലും കാണുന്നതാണ്‌ കസേരക്കാൽ മേശക്കാലിൽ ചരടുകെട്ടിയിട്ടിരിക്കുന്നത്‌. ഒന്നു തുമ്മിയാൽ കസേരയെന്നല്ല, ജീവൻപോലും തെറിക്കുന്നതാണ്‌ ജീവിതം എന്നതവർ മറക്കുന്നോ ആവോ!

പ്രതിഷ്ഠ ചെറുതാണെങ്കിലും അമ്പലം വലുതാകണമെന്നാണല്ലോ പൊതുവെ പ്രമാണം. കൂറ്റൻ കസേരയിൽ ചിലർ കഷ്ടപ്പെട്ടിരിക്കുന്നതു കണ്ടാൽ കഷ്ടം തോന്നും. തലയേക്കാൾ വലിയ ചാരുപലകയും അഴുക്കുപുരളാതിരിക്കാൻ അതിനു മേലൊരു തുണിയും കുത്തനെ ഇരുത്തിയ ഈജിപ്ഷ്യൻ മമ്മിയെ ഓർമിപ്പിക്കും. അല്ലെങ്കിൽ നിർത്തിപ്പൊരിച്ച കോഴിയെ!

വേദികളിൽ ഒരുക്കുന്ന കസേരകളിൽ വലിപ്പച്ചെറുപ്പം നന്നായിക്കാണാം. അലങ്കാരക്കസേരയിലിരിക്കുന്ന രാജ്യപാലകരുടെ പിന്നിൽ വില്ലീസിട്ട പരിചാരകർകൂടിയാകുമ്പോൾ വിദൂഷകവേഷം വെടുപ്പായി.

പണ്ടൊരു ആകാശവാണി ഡയറക്‌റ്ററുടെ മുറിയിൽ കണ്ടതാണ്‌. മേശക്കുമുമ്പിൽ അതിഥികൾക്ക്‌ കസേരയൊന്നുമില്ല. കാണാൻവരുന്നവർ നിന്നുകൊണ്ടു കാര്യംപറയണംപോൽ. സമയലാഭത്തിനാണത്രെ. മീറ്റിംഗിനുംമറ്റുമായി ദൂരെ ചുവരോടു ചേർന്നുമാത്രം നിരക്കെ ഇരിപ്പടങ്ങൾ.

മുന്നിൽവരുന്നവരോട്‌ ഇരിക്കാൻ പറയാത്ത അധികാരികളെ പാഠംപഠിപ്പിക്കാൻ ഒറ്റ വഴിയേ ഉള്ളൂ. കേറിയങ്ങു കസേരവലിച്ചിട്ടിരിക്കുക. പറ്റുമെങ്കിൽ പേരുവിളിച്ചു കാര്യംപറയുക. എത്ര തൊലിക്കട്ടിയുണ്ടെങ്കിലും അതിൽ അടിതെറ്റാത്ത ഓഫീസർമാർ വിരളം. എത്ര വമ്പനായാലും ഒന്നു ചമ്മും.

ഓഫീസറുടെ മുറിക്കുപുറത്ത്‌ സ്റ്റൂളിൽ ഉറക്കംതൂങ്ങുന്ന ശിപായിമാർ ഇന്നധികമില്ല. കാലം മാറിയല്ലോ. കോലവും.

ആൾദൈവങ്ങളുടെ അന്തസ്സത്ത തന്നെ അവരുടെ ഇരിപ്പിടത്തിലാണെന്നു തോന്നുന്നു. ഇക്കാലത്ത്‌ കല്യാണച്ചെറുക്കനും ചെറുക്കിക്കുമൊക്കെ ഒരുക്കുന്നതരം കസേരകളാണ്‌ അവർക്കു പ്രിയം. കാൽ വയ്‌ക്കാൻ ഒരു കൊച്ചു പീഠവുംകൂടിയുണ്ടെങ്കിൽ കുശാലായി. തലയാട്ടിയും മേലോട്ടുനോക്കിയും കൈമുദ്രകാണിച്ചുമെല്ലാം അവർ കൈവല്യമണയും.

അടുത്തിടെ ബെംഗളൂരു വിമാനത്താവളത്തിൽ കണ്ടതാണ്‌. ഒരു ശ്രീമാന്‌ (ഒറ്റ 'ശ്രീ'യോ ഇരട്ട 'ശ്രീ'യോ എന്നറിയില്ല), ഇരിക്കുന്നിടത്തെല്ലാം ഒരു ശിങ്കിടി ചന്തിക്കടിയിൽ ഒരു കൊച്ചുകമ്പളം വിരിച്ചുകൊടുക്കും. കൃമികടികൊണ്ടോ എന്തോ, ആ അശ്രീകരം മിനിറ്റുവച്ച്‌ ഇരിപ്പടം മാറിക്കൊണ്ടേയിരുന്നു. മറ്റൊരു 'ശ്രീ'ക്ക്‌ കാൽവയ്ക്കുന്നിടത്തെല്ലാം പരവതാനി വിരിക്കണമെന്നു നിർബന്ധമത്രെ. അതൊരു അധിക'ശ്രീ'.

നാൽക്കാലിയായവൻ ഇരുകാലിയായി. അവനെ മുക്കാലിയിൽകെട്ടിയടിച്ചവൻ നാൽക്കാൽസിംഹാസനത്തിൽ. കറങ്ങുന്ന കസേരക്ക്‌ കാലിപ്പോൾ അഞ്ച്‌. ചിലപ്പോൾ ആറും. ഇരുകാലിയങ്ങനെ നാൽക്കാലിയായി ഷഡ്‌പദമാവാൻ വെമ്പി നിൽക്കുന്നു!

[Published in the fortnightly webmagazine http://www.nattupacha.com, on 1 July 2010]

Monday 21 June 2010

കാനേഷുമാരി

എന്നുവച്ചാൽ തലവരിയെണ്ണൽ. ജനഗണനം. ഇന്നത്‌ സെൻസസ്‌. കാനേഷുമാരി പേർഷ്യൻവാക്കാണത്രെ. കേട്ടാൽ എന്തോ മഹമാരിയാണെന്നുതോന്നും.

ഒരു തരത്തിൽ ആണുതാനും.

നാടുമുഴുവൻ പടർന്നുപിടിക്കുന്ന ഒരു സംഭവമാണ്‌. പതിറ്റാണ്ടുകളിലൊരിക്കൽ നടക്കുന്ന തലയെണ്ണൽ.

ആയിരത്തിത്തൊള്ളായിരത്തി മുപ്പതുകളിലാണത്രെ ഇന്ത്യയിൽ ആദ്യത്തെ ചിട്ടപ്രകാരമുള്ള തലതൊട്ടെണ്ണൽ നടന്നത്‌. ബ്രിട്ടീഷുകാർക്ക്‌ ഭരിച്ചുമുടിക്കാൻ നാട്ടിലെ പ്രജകളുടെ എണ്ണവും തരവും (തരക്കേടും) അറിയണമായിരുന്നു. സായ്‌പുമാരെ ഇവിടത്തെ ജനങ്ങളും ജനസംഖ്യയും മതവും ജാതിയും അത്രമാത്രം കുഴക്കിയിരുന്നു. ഇന്നുമതെ.

വീടുവീടാന്തരം കയറിയിറങ്ങി അംഗങ്ങളുടെ എണ്ണവും വയസ്സും വരുമാനവുമെല്ലാം രേഖപ്പെടുത്താൻ, സ്വാതന്ത്ര്യാനന്തരം സ്ഥലത്തെ സ്കൂൾ അധ്യാപകരെയാണ്‌ ഭാരതസർക്കാർ മിക്കവാറും ചുമതലപ്പെടുത്തിയത്‌. അന്നെല്ലാം ടീച്ചർമാർക്കെല്ലാം ചുറ്റുവട്ടത്തെ ആളുകളെ പരിചയമായിരുന്നു. ഓരോ പള്ളിക്കൂടത്തെയും ചുറ്റിയായിരുന്നല്ലോ അന്നൊക്കെ പ്രദേശത്തെ കുട്ടികളും അധ്യാപകരും.

'എന്യൂമറേഷൻ' എന്ന പേരിലറിയപ്പെട്ട ആ പ്രക്രിയ ഞങ്ങൾ കുട്ടികൾക്ക്‌ ഹരമായി. കാരണം സ്വന്തം അധ്യാപകർ വീട്ടിൽ വരും. ആ സമയംമാത്രം അവർ ഞങ്ങളെപ്പറ്റി മാതാപിതാക്കളോട്‌ പരാതി പറയില്ല. "അവനോ/അവളോ? നല്ല കുട്ടിയല്ലേ!" എന്ന കമന്റുംകിട്ടി, മാതാപിതാക്കൾ ഞങ്ങളെപ്പറ്റി എന്തെങ്കിലും കുറ്റം പറയാൻ മുതിർന്നപ്പോൾ. ഓരോ വീട്ടിലെയും സത്‌കാരമേറ്റുവാങ്ങി സെൻസെസ്സുകാർ കുഴഞ്ഞിരിക്കണം. അതൊരാഘോഷമായിരുന്നു.

കുട്ടിക്കാലത്തെ കാനേഷുമാരി-'ത്രിൽ' പ്രായംകൂടിയപ്പോൾ പോയി. അന്യോന്യം അറിയാത്തവർവന്ന്‌ വിവരങ്ങൾ അന്വേഷിക്കുമ്പോൾ നാഗരികതയുടെ കരിനാഗം അവിശ്വാസത്തിന്റെ ഫണമുയർത്തും. എണ്ണത്തിലല്ലെങ്കിലും വണ്ണത്തിൽ പൊങ്ങച്ചം കാട്ടാൻ അതൊരവസരവുമായി മാറി.

2010-11-ൽ നാടടച്ചുനടക്കുന്ന കാനേഷുമാരി പ്രക്രിയ മറ്റു സർക്കാർ ഉദ്യോഗസ്ഥരെയും പങ്കെടിപ്പിച്ചുകൊണ്ടാണെന്നാണറിവ്‌. അതോടെ പരിചയം എന്ന ഭാവം അപ്പാടെ തകരുന്നു. ഒരുതരം കുറ്റാന്വേഷണംപോലെയാകുന്നു കണക്കെടുപ്പ്‌.

ഒരിക്കലും ശരിയാകാനിടയില്ലാത്ത കണക്കാണ്‌ സെൻസസ്‌. വീടും കുടിയുമുള്ളവരെപ്പറ്റിയുള്ള കണക്ക്‌ ഒരുപക്ഷെ ഒപ്പിച്ചുപോകുമായിരിക്കും. വീടില്ലാത്തവരെ, വഴിയാധാരമായവരെ എങ്ങിനെ കണക്കിൽകൊള്ളിക്കുമോ എന്തോ. സ്വന്തം വീടും പിന്നൊരു 'ചിന്നവീടു'മുള്ളവരുടെ കാര്യം വേറെ.

സെൻസസ്സിന്റെ പ്രാധാന്യം അതു സത്‌ഭരണത്തിനുള്ള ശാസ്‌ത്രീയാടിസ്ഥാനം എന്ന നിലക്കാണ്‌. ആ കണക്കുതന്നെ തെറ്റുമ്പോൾ ഭരണത്തിന്റെ ഭാരിച്ച ചുമതലയായ, വീടും കുടിയുമില്ലാതെ ദാരിദ്ര്യത്തിന്റെ മലവെള്ളത്തിൽ ഒഴുകിനടക്കുന്നവർ കണക്കിൽ പെടാതെ പോകുന്നു. അങ്ങനെയുവർ നമ്മുടെ രാജ്യത്ത്‌ നാൽപതു ശതമാനത്തോളം വരും എന്നതുകൂടി കണക്കിലെടുക്കുമ്പോൾ, കാനേഷുമാരിയുടെ ഫലശ്രുതിയെപ്പറ്റി ആശങ്ക തോന്നുന്നു.

ജനസംഖ്യാക്കണക്ക്‌ അതീവ രഹസ്യസ്വഭാവമുള്ളതായിട്ടാണ്‌ വയ്പ്‌. അത്‌ പലതരത്തിൽ വിശകലനംചെയ്തതിനുശേഷമുള്ള പ്രസക്തവിവരങ്ങളേ പൊതുജനത്തിനു ലഭിക്കൂ. അടിസ്ഥാനവിവരങ്ങളുടെ വളച്ചൊടിക്കലും ദുരുപയോഗവും തടയാനായിരിക്കണമത്‌.

ഒരു ജോലികിട്ടിയാലോ ജോലിയിൽനിന്നു വിരമിച്ചാലോ ഒരു ബാങ്ക്‌ അക്കൗണ്ട്‌ തുടങ്ങിയാലോ ഒരു വണ്ടിവാങ്ങിയാലോ ഒരു ഫോൺ കണക്ഷനെടുത്താലോ ഈച്ചപോലെ ആർത്തിരച്ചെത്തുന്നു ഇൻഷുറൻസുകാരും ക്രെഡിറ്റ്‌കാർഡുകാരും വിൽപനക്കാരും. സർക്കാരിന്റെ ചെലവിൽ കിട്ടുന്ന കണക്കിന്റെ കാണാപ്പുറങ്ങൾക്ക്‌ കൊതിയോടെ കാത്തിരിക്കുന്നവരാണ്‌ മൾട്ടിനാഷണൽ സ്രാവുകളും. ജാതിതിരിച്ചുള്ള കണക്കെടുപ്പുകൂടി വേണമെന്ന ചിലരുടെ വാശി, ഇത്തരം ഇടനിലക്കാർക്കും ജാതി-മത-വ്യാപാരി-വ്യവസായികൾകും വേണ്ടിയല്ലേ എന്ന സംശയമുണ്ടാക്കുന്നു.

ഇന്ത്യൻ ഭരണഘടനയിലേ മതനിരപേക്ഷതയ്ക്കും ജാതിനിർമാർജനത്തിനുമെല്ലാമുള്ള പ്രഖ്യാപിത തത്ത്വങ്ങൾക്ക്‌ കടകവിരുദ്ധമാണ്‌ ഈ ആവശ്യം.

ആരോ പറഞ്ഞതുപോലെ ഈ ലോകത്ത്‌ രണ്ടു ജാതികളേയുള്ളൂ -- ആൺജാതിയുംപെൺജാതിയും. ശാസ്‌ത്രീയതയുടെ തികവിന്‌, ആണെന്നോ പെണ്ണെന്നോ തിട്ടമില്ലാത്ത ഒരു ഉഭയജാതികൂടി ഒരുപക്ഷെ കൂട്ടിച്ചേർക്കാം. അവരും മനുഷ്യരാണല്ലോ.

ജാതിക്കണക്കെടുപ്പിന്‌ അനുകൂലമായും പ്രതികൂലമായും അനവധി വാദങ്ങൾ കേൾക്കുന്നു. ആകപ്പാടെ അനുകൂലവാദങ്ങളിൽ ഒരൊറ്റെണ്ണമേ എനിക്കു സ്വീകാര്യമായിത്തോന്നിയുള്ളൂ. ചില ജാതിക്കാർക്കു നൽകുന്ന സംവരണത്താങ്ങുകൾ കൂട്ടണമോ കുറയ്ക്കണമോ എന്നു തീരുമാനിക്കാൻ അതുകൊണ്ടു സാധിക്കും എന്നുള്ളതാണത്‌.

ജാതി പോകട്ടെ, എന്റെ അഭിപ്രായത്തിൽ മതവുംകൂടി സെൻസസ്സിൽ ഉൾപ്പെടുത്തരുതെന്നാണ്‌. ക്രിക്കറ്റിനോടൊപ്പം ഇന്ത്യയുടെ മറ്റൊരു ശാപമാണ്‌ മതവും, അതിനേക്കാളേറെ മതവ്യാപാരികളും.

മതമില്ലാത്ത മനുഷ്യരും ഉണ്ട്‌. പശിയടക്കാൻ ഒരുപിടി ആഹാരംകിട്ടാതെ തെരുവിലലയുന്ന പട്ടിണിപ്പാവങ്ങൾക്കുണ്ടോ ജാതിയും മതവും? കാൽക്കാശിനുവേണ്ടി ശരീരംവിൽക്കേണ്ടിവരുന്നവൾക്കുണ്ടോ ജാതിയും മതവും നോക്കിയുള്ള പരിപാടി?

വളരെ മുതിർന്നതിനുശേഷമാണ്‌ എന്റെ അച്ഛന്‌ ഉപരിപഠനത്തിനു പോകാൻ കഴിഞ്ഞത്‌. അതുവരെ കുറെ കൊച്ചുജോലികളും കൈത്തൊഴിലുകളുമായി നടന്നു. അപ്പോഴേക്കും, അന്നത്തെ നാട്ടുനടപ്പനുസരിച്ച്‌, കല്യാണവും കഴിഞ്ഞിരുന്നു. കാശിയിലെ വിശ്വവിദ്യാപീഠത്തിലേക്കുള്ള ആദ്യയാത്രയിൽത്തന്നെ സ്വന്തം അമ്മയും എന്റെ അമ്മയും കൂടെയുണ്ടായിരുന്നു. നാൽപതുകളിലെ കഥയാണ്‌. നാലഞ്ചുദിവസത്തെ തീവണ്ടി യാത്ര. ഉത്തരേന്ത്യൻകൗതുകങ്ങളിൽ നന്നേ മുങ്ങിപ്പൊങ്ങി ഒരു വിധം വാരാണസിയിലെത്തിപ്പെട്ടു. അവിടെ അന്നത്തെ കുലപതി ഡോ. സർവേപ്പള്ളി രാധാകൃഷ്ണൻ.

രസതന്ത്രം ക്ലാസ്സിൽ അധ്യാപകൻ ഒരു ചോദ്യം ചോദിച്ചു: മൃദുജലവും (soft water) ഖരജലവും (hard water) അല്ലാതെ വേറൊന്നുകൂടിയുണ്ട്‌, അതെന്താണ്‌? ഒരാൾ പറഞ്ഞു: ഖനജലം (heavy water). അച്ഛൻ കൈപൊക്കി: "രണ്ടെണ്ണം കൂടിയുണ്ട്‌; 'ഹിന്ദു-പാനി', 'മുസൽമാൻ-പാനി'. യാത്രക്കിടയിൽ കണ്ടെത്തിയതാണ്‌".

തിരഞ്ഞെടുപ്പിന്‌ 'സ്‌ഥാനാർത്തി'-പ്പട്ടികയിലെ ആരെയും വേണ്ടെന്നുവയ്‌ക്കാനുള്ള അവകാശംപോലും തരാൻ കഴിയാത്ത സർക്കാരുണ്ടോ മതവും ജാതിയും പറയാതിരിക്കാനുള്ള അവകാശം കനിഞ്ഞു തരാൻ പോകുന്നു?

ഈ സെൻസസ്സിനോടൊപ്പംതന്നെ ദേശീയ തിരിച്ചറിയൽ കാർഡിനുള്ള വിവരങ്ങളൂം ശേഖരിക്കുമെന്നാണ്‌ കേൾക്കുന്നത്‌. നീലെക്കനിയുടെ എലിക്കെണി എന്താണെന്നു വ്യക്തമായിട്ടില്ല ഇതുവരെ. ഇതിനുമുൻപത്തെ അനുഭവങ്ങൾവച്ചുനോക്കുമ്പോൾ, സ്വന്തം പേരും അച്ഛന്റെ പേരും അമ്മയുടെ പേരും ജനനത്തിയതിയും ജനനസ്ഥലവും ലിംഗവും വിലാസവും പടവും ഒപ്പും അടയാളങ്ങളും ഉൾപ്പെടുത്തി തെറ്റില്ലാത്തൊരു തിരിച്ചറിയൽ കാർഡ്‌ ഉണ്ടാവില്ലെന്ന്‌ മനസ്സു പറയുന്നു. ഒന്നിലും ഒന്നാംതരമാകരുത്‌ എന്നതാണല്ലോ ഇന്ത്യൻ രീതി. കാത്തിരുന്നു കാണാം.

[Published in the fortnightly webmagazine www.nattupacha.com, 1 June 2010]

Friday 4 June 2010

മൂപ്പൻ

ഞങ്ങളുടെ നാട്ടിൽ 'കുഡുംബി' സമുദായക്കാരെയാണ്‌ 'മൂപ്പൻ' എന്ന പേരിൽ വിളിക്കുന്നത്‌. അതൊരു സ്ഥാനപ്പേരായിരിക്കണം, കാരണം ഒട്ടുമിക്ക കായികാധ്വാനങ്ങളിലും അവരായിരുന്നു മുൻപന്മാർ. പുരുഷൻമാർ പാടത്തും പറമ്പത്തും പണിയെടുത്തപ്പോൾ സ്ത്രീകൾ (അവരെ 'ബായിമാർ' എന്നു വിളിച്ചിരുന്നു) പൊതുവെ അയലത്തെ വീട്ടുവേലകളിൽ സഹായിച്ചു. തികച്ചും പരാധീനതയിലായിരുന്ന ആ സമൂഹം ഇന്നിപ്പോൾ പുരോഗമനത്തിന്റെ പൂമ്പാതയിലാണ്‌.

എനിക്കോർമയുണ്ട്‌, എന്നെ പെറ്റത്‌ അമ്മയാണെങ്കിലും കുട്ടിക്കാലംമുഴുവൻ എന്നെ ഒക്കത്തെടുത്തുനടന്നത്‌ ഒരു ബായി ആണ്‌, രുഗ്മിണി ബായി. അവരുടെ മകൻ വാസുവും എന്റെ ചേട്ടനും ഒന്നിച്ചുകളിച്ചും വളർന്നു. 'വേലക്കാരി' ആയിരുന്നെങ്കിലും വീട്ടിലെ ഒരംഗത്തെപ്പോലെയായിരുന്നു അവർ. അന്നത്തെ സമൂഹസാഹചര്യത്തിൽ അതത്ര പതിവില്ലാത്തതുമായിരുന്നു. (സ്വന്തം അമ്മയെയും അവരെയും ഞാൻ 'അമ്മ'യെന്നു മാറിമാറിവിളിച്ചിരുന്നുപോൽ.)

തുടക്കത്തിൽ വളരെ കഷ്ടപ്പാടുകൾക്കുശേഷം അച്ഛൻ ഒരു കൊച്ചു വ്യവസായസംരംഭം തുടങ്ങിയപ്പോൾ ഒട്ടുമിക്ക ജോലിക്കാരെയും കുഡുംബിസമുദായത്തിൽനിന്നാണെടുത്തത്‌. കാരണം അവരുടെ സത്യസന്ധത തന്നെ. പഠിപ്പിന്റെയോ പാരമ്പര്യത്തിന്റെയോ പരിപ്രേക്ഷ്യത്തിന്റെയോ പരാദപരതയുടെയോ പരിഭവത്തിന്റെയോ പ്രമാണിത്തത്തിന്റെയോ വിഴുപ്പും മാറാപ്പുമില്ലാതെ, പറഞ്ഞുകൊടുക്കുന്നതു തോളോടുതോൾനിന്നു പറഞ്ഞതുപോലെ പണിചെയ്തു തീർക്കാൻ അവരെ വിശ്വസിക്കാമായിരുന്നു. (അതിൽ ദൂതൻ എന്നുപേരുള്ള പ്രായംകൂടിയ ഒരാളെ ഞങ്ങൾ 'ദൂതാച്ചൻ' എന്നു വിളിക്കുന്നതുകേട്ട്‌ അതാണ്‌ ഞങ്ങളുടെ അച്ഛൻ എന്നുവരെ തെറ്റിധരിച്ചവരുണ്ട്‌!)

അന്ന്‌ രാമൻ, കൃഷ്ണൻ, നാരായണൻ, ലക്ഷ്മണൻ, ശിവൻ, സുബ്രഹ്മണ്യൻ, രാമചന്ദ്രൻ, പുത്തു, ചാന്തു, വാസു ഇതൊക്കെ ആണുങ്ങളുടെ പേര്‌. രുഗ്മിണി, രാധ, സത്യഭാമ, ലക്ഷ്മി, കമലം ഇതൊക്കെ സ്തീകൾക്ക്‌. കുറഞ്ഞപക്ഷം ആയിരം രാമൻമാരും ആയിരം രുഗ്മിണിമാരുമുണ്ടായിരുന്നു തൃപ്പൂണിത്തുറയിൽമാത്രം! ഇന്നിപ്പോൾ എല്ലാം പരിഷ്കാരപ്പേരായി.

കൊച്ചിയുടെ പാരമ്പര്യമായിരിക്കണം, എന്റെ അച്ഛന്‌ ആ സമുദായക്കാരോട്‌ പ്രത്യേക സഹാനുഭൂതിയായിരുന്നു. അക്കാലത്ത്‌ കുഡുംബിമാരിൽ വളരെക്കുറച്ചുപേർക്കേയുള്ളൂ പേരിനെങ്കിലും സാമ്പത്തികശേഷി. വിദ്യാഭ്യാസവും വിദ്യാഭ്യാസത്തിനുള്ള സാഹചര്യവും ആഭിമുഖ്യവും നന്നേ കുറവ്‌. പിന്നെ ഒട്ടുമിക്കവരുടെ ജീവിതരീതിയും ഒരുതരം അടുക്കും ചിട്ടയുമില്ലാത്തതായിരുന്നു. തെങ്ങുകേറും, കുഴിവെട്ടും, വിറകുകീറും, വണ്ടിവലിക്കും, ചുമടുചുമക്കും ചെറുപ്പക്കാർ. ചുറ്റുവട്ടത്തൊക്കെ മുറ്റമടിക്കാനും പാത്രംകഴുകാനും അടിച്ചുതളിക്കാനും സ്ത്രീകൾ. ചുമ്മാതിരിക്കും വയസ്സൻമാർ. ഇന്നത്തെക്കാര്യം തീർന്നാൽ തീർന്നു; നാളത്തെക്കാര്യം നാരായണൻ കണ്ടു. അന്തിക്കു 'കള്ളുതിന്നണം'; രാത്രിയായാൽ എവിടെയെങ്കിലും 'കൂടിനിൽക്കണം'. അതിൽകവിഞ്ഞൊരു ഉൽപതിഷ്ണുത്വം അവർക്കന്യമായിരുന്നു.

കുറച്ചുപേരെങ്കിലും ഒരു ചെറുവ്യവസായത്തിലാണെങ്കിലും മസാമാസം ശമ്പളംപറ്റുന്ന തൊഴിൽക്കാരായപ്പോൾ അത്രയും കുടുംബങ്ങൾ അൽപം കരകയറി. അന്നതിനു നിർബന്ധിതനിയമവ്യവസ്ഥയൊന്നുമില്ലായിരുന്നെങ്കിലും ഒരു ചെറിയ തുക അവർ ഓരോരുത്തരുടെയുംപേരിൽ അച്ഛൻ നീക്കിവച്ചിരുന്നു. തൊഴിൽപഠിച്ച്‌ സ്വന്തമായൊന്നുതുടങ്ങാൻ പ്രാപ്തിവരുമ്പോൾ അതവർക്കൊരു മൂലധനമായി തിരിച്ചുനൽകി. അച്ഛന്റെ മരണത്തിനുമുൻപ്‌ വ്യവസായം പൂട്ടേണ്ടിവന്നപ്പോൾ സ്വന്തംകാലിൽ നിൽക്കാനാവാതെ പോയവർ ഒന്നോ രണ്ടോ മാത്രം.

പോർച്ചുഗീസുകാരുടെ മതഭ്രാന്തിനും ഭീകരഭരണത്തിനും ഇരയായി ഒരുപാട്‌ ഹിന്ദുവംശജർ നാലഞ്ചു നൂറ്റാണ്ടുകൾക്കുമുൻപ്‌ ഗോവയിൽനിന്ന്‌ പലായനംചെയ്‌തു. അവർ കർണാടകത്തിലെ കാർവാർ, മംഗലാപുരം എന്നിവിടങ്ങളിലും കേരളത്തിൽ വടക്കൻപറൂർ, തൃശ്ശൂർ, കൊടുങ്ങല്ലൂർ, ചെറായ്‌, വൈപ്പീൻ, എറണാകുളം, തൃപ്പൂണിത്തുറ, ആലപ്പുഴ, ചേർത്തല ഭാഗങ്ങളിലും കുടിയേറി. അവരിലെ സവർണർ, സാരസ്വതബ്രാഹ്മണൻമാർ, മൊത്തത്തിൽ 'കൊങ്ങിണികൾ', 'ഗൗഡ സാരസ്വതൻമാർ' എന്നൊക്കെ അറിയപ്പെട്ടു കേരളത്തിൽ. ഗോവയിലെ 'കുൺബി' എന്ന പിന്നാക്കവിഭാഗക്കാരാവട്ടെ കേരളത്തിൽ 'കുഡുംബികൾ' എന്ന പേരിലും. പഴയനാട്ടിലെ വർണക്രമം വർധിതാവേശത്തോടെ പിൻതുടർന്ന കേരളത്തിലെ സാരസ്വതക്കാർ കുഡുംബികളെ കൊങ്ങിണിമാരായിക്കൂടി തങ്ങളുടെ കൂട്ടത്തിൽ കൂട്ടിയില്ലെന്നതു ദു:ഖചരിത്രം. ഗോവയിലെ പഴയ ഭട്‌കാർ (മുതലാളി) - മുണ്ട്‌കാർ (കുടിയാൻ) ചേരിതിരിവായിരിക്കണം പിറകിൽ. എന്തുകൊണ്ടോ കുഡുംബിസമുദായക്കാർ കാർവാറിലും മംഗലാപുരത്തുമൊന്നും കാര്യമായിത്തങ്ങാതെ കേരളത്തിലാണ്‌ വേരുറപ്പിച്ചത്‌. ഗൗഡസാരസ്വതർ കച്ചവടത്തിലും വിദ്യാഭ്യാസത്തിലും വൈദ്യത്തിലുമൊക്കെ മുന്നേറിയപ്പോൾ കുഡുംബികൾ മൂപ്പൻമാരും ബായികളുമായി പിൻവലിഞ്ഞു. അവരെ 'ചെട്ടി'കളെന്നും 'പരവൻ'മാരെന്നുമെല്ലാം അൽപം അധിക്ഷേപത്തോടെ തന്നെ ഗൗഡസാരസ്വതക്കാർ വിളിച്ചുമിരുന്നു.

ഗോവയിലാകട്ടെ, 'കുൺബി' പ്രബലവിഭാഗമാണ്‌, സാമൂഹ്യമായും രാഷ്ട്രീയമായും. വളരെയധികം മഹാരാഷ്ട്രത്തിലും. ഉദാഹരണത്തിന്‌ പ്രതിഭ പാട്ടീലും സ്മിത പാട്ടീലും സി.ഡി. ദേശ്‌മുഖും എസ്‌.ബി. ചവാനും എസ്‌.കെ. വാംഘഡെയും എല്ലാം 'കുൺബി'സമുദായക്കാരാണ്‌. സാരസ്വതക്കാരും പ്രബലസമൂഹംതന്നെ, പക്ഷെ അത്‌ ബ്രാഹ്മണ്യത്തിന്റെ തിണ്ണമിടുക്കും 'തിന്ന'മിടുക്കുംകൊണ്ടായിരുന്നു.

ഗോവയിലെ ആദിവാസികളായിരുന്നു കുൺബി. അത്‌ മട്ടിലും മാതിരിയിലും കേരളത്തിലെ കുഡുംബിമാരിലും കാണാം. അന്തർമുഖത്വം, നിഷ്കളങ്കത, ലളിതജീവിതം, ഉറച്ച ശരീരം, മിനുത്ത തൊലി, രോമക്കുറവ്‌ തുടങ്ങി ആദിവാസിച്ചേരുവകൾ വേണ്ടുവോളമുണ്ട്‌ അവർക്ക്‌. കുറച്ചുകാലംമുൻപുവരെ ഗോവയിലും കേരളത്തിലും കുഡുംബിസ്ത്രീകൾ ഒറ്റപ്പുടവ വലതുതോളിൽ അറ്റംകൂട്ടിക്കെട്ടിയായിരുന്നു വസ്ത്രധാരണം തന്നെ.

ഗോവയിൽപോലും സാരസ്വതർ വരത്തുകാരാണ്‌; അതിൽ അവർ ഊറ്റംകൊള്ളുന്നു. വരത്തുകാരായ പോർച്ചുഗീസുകാരെ, സോക്‌സും ഷൂവും പാളത്താറും പുറംകോട്ടും വട്ടത്തൊപ്പിയുമണിഞ്ഞ ഒരു വിഭാഗം സസന്തോഷം പാദസേവചെയ്തെന്നും അവരെപ്പറ്റി അപഖ്യാതിയുണ്ട്‌.

ഹിന്ദിവിരുദ്ധപ്രക്ഷോഭം കൊടുമ്പിരികൊള്ളുന്നകാലത്ത്‌ ഞാൻ പത്താംക്ലാസ്സിൽ. അന്നാരോ ചുവരിലെല്ലാം എഴുതി നിറച്ചു, 'നക്ക നക്ക ഹിന്ദി നക്ക'. പല നാടകങ്ങളെയും ചലച്ചിത്രങ്ങളെയും അനുകരിച്ച്‌ കൊങ്ങിണിമാരെ കളിയാക്കിയായിരുന്നു അത്‌. അന്നു നാട്ടിലെ സാരസ്വതകൊങ്ങിണികളുടെ സംസാരരീതി പക്ഷെ വിഭിന്നമായിരുന്നു. ഞാൻ ഗോവയിലെത്തിയപ്പോഴാണ്‌ ഏതാണ്‌ ശരിയായ കൊങ്ങിണി (കൊങ്കണി)യെന്നു മനസ്സിലായത്‌. കേരളത്തിൽ, സാരസ്വതകൊങ്ങിണികളല്ല കുഡുംബികളാണ്‌ ഗോവയിലേതിനോടു കൂടുതലടുത്ത ഭാഷ സംസാരിക്കുന്നത്‌.

ഗോവയിൽ ഞങ്ങളുടെ ഇടയിൽ കാര്യമുള്ള ഒരു കഥയുണ്ട്‌. പുതുതായി നാട്ടിൽനിന്നുവന്ന ഒരു സാരസ്വതകൊങ്ങിണി വണ്ടിമറിഞ്ഞു താഴെ വീണു. കുറെ ഗോവക്കാർ എഴുന്നേൽക്കാനുംമറ്റും സഹായിച്ചപ്പോൾ കക്ഷിക്ക്‌ കൊങ്ങണിയിൽതന്നെ നന്ദിപറയാൻ മോഹം. പറഞ്ഞുതീർന്നതും അടി വീണതും ഒന്നിച്ച്‌. സഹായിച്ചതുംപോര തെറിയുംകേൾക്കണോ എന്നായിരുന്നു ഗോവക്കാർക്ക്‌!

എന്നിരുന്നാലും കുഡുംബികൾ, കേരളത്തിലെ തമിഴ്ബ്രാഹ്മണരെപ്പോലെ, മാതൃഭാഷയിൽനിന്നകന്ന്‌ മലയാളത്തിൽ കൂടുതൽ താദാത്മ്യം കണ്ടെത്തുന്നു. ആ ഉപഭാഷകളെഴുതാൻ ലിപിയുടെ അഭാവമാണ്‌ ഒരു കാരണം. 1987-ൽ ദേവനാഗരിലിപിയിലെ കൊങ്കണി ഒരു തനതു ഭാരതീയഭാഷയായി അംഗീകരിക്കപ്പെട്ടപ്പോൾ സാരസ്വതകൊങ്ങിണികൾ മാതൃഭാഷയിലേക്കു മടങ്ങാൻ ഉത്സാഹം കാട്ടി കേരളത്തിൽ. ഗോവയിലെ സാരസ്വതർ മറാഠിയോടുള്ള പക്ഷഭേദം തുടർന്നു. കത്തോലിക്കരോ റോമൻ(ഇംഗ്ലീഷ്‌) ലിപിയിലെ കൊങ്കണിയോടും!

ഞാൻ ഗോവയിലേക്കു താമസംമാറ്റുന്നെന്നറിഞ്ഞ്‌ ഏറ്റവുംകൂടുതൽ ആവേശംകൊണ്ടത്‌ എന്റെ പ്രിയസുഹൃത്ത്‌ സുബ്രഹ്മണ്യനാണ്‌. സ്കൂൾമുതൽ കോളേജിലടക്കം ഒന്നിച്ചുപഠിച്ചവരാണു ഞങ്ങൾ. കുഡുംബിസമുദായത്തെപ്പറ്റിയും കൊങ്ങിണിയെപ്പറ്റിയും ആധികാരികമായിപ്പറയാൻ സുബ്രഹ്മണ്യനാകും. സ്വസമുദായത്തിൽ ഇന്നും സജീവമായിത്തന്നെ പ്രവർത്തിക്കുന്നു ഈ ഇരട്ട ബിരുദക്കാരൻ. കേരളവിദ്യുച്ഛക്തിവിഭാഗത്തിൽ ഉദ്യോഗസ്ഥനായിരുന്നു. പിന്നെ കുറച്ചു രാഷ്ട്രീയവും കുറെയേറെ പൊതുപ്രവർത്തനവും. ഒരിക്കൽ തപ്പെന്ന കുഡുംബിമേളം ഒരു വൻസംഘവുമായി ഗോവയിൽവന്നവതരിപ്പിച്ച്‌ നാട്ടുകാരെ വിസ്മയിപ്പിച്ചു. മറ്റൊരവസരത്തിൽ ഒരു വൻസമ്മേളനത്തിൽ കൊങ്കണിയിൽ സംസാരിച്ചു കയ്യടിനേടി.

ഓർമയിൽ ഇന്നും തങ്ങിനിൽക്കുന്നത്‌ പുത്തുമൂപ്പൻ. എന്തുപണിക്കും ആദ്യം പുത്തുമൂപ്പനെയാണു വിളിക്കുക. എന്തിനും 'അതിനെന്താ?' എന്നാണു പുത്തുമൂപ്പന്‌. കൽപ്പണിതൊട്ട്‌ മരപ്പണിവരെ, ചായംതേക്കൽതൊട്ട്‌ വേലിയും പന്തലും കെട്ടുന്നതുവരെ, തെങ്ങുകേറ്റംതൊട്ട്‌ വെള്ളംതേവൽ വരെ പുത്തുമൂപ്പൻ ചെയ്യും. അത്യാവശ്യം ഇംഗ്ലീഷുവാക്കുകളും അറിയാം. എന്തുപറഞ്ഞാലും 'അതു തന്നെ' എന്നായിരിക്കും പ്രതികരണം. വയസ്സേറെച്ചെന്നപ്പോൾ 'മൂപ്പന്റമ്പല'ത്തിൽ പൂജാരിയുമായി. ഒരിക്കൽ എന്റെ ചേട്ടൻ ചോദിച്ചത്രെ, എന്തു പൂജ ചെയ്യുമെന്ന്‌. "അതിരാവിലെ ഒന്നു മുങ്ങിക്കുളിക്കും. പിന്നെ 'ദൈവമേ'ന്നുവിളിച്ച്‌ നടതുറക്കും. തിരി തെളിക്കും. അതു തന്നെ". പുത്തുമൂപ്പന്‌ എല്ലാം അതിലളിതമായിരുന്നു.

അവസാനമായി പുത്തുമൂപ്പനെ കാണുന്നത്‌ ഞാൻ ഒരു പകർച്ചവ്യാധിയിൽപെട്ട്‌ നാട്ടിൽ ഒറ്റക്കു താമസിക്കേണ്ടിവന്നപ്പോഴായിരുന്നു. ഒരു നിയോഗമെന്നപോലെ, അവശനായി വിറച്ചുവിറച്ച്‌ പുത്തുമൂപ്പൻ വന്നു. പ്രത്യേകിച്ച്‌ ഒരു കാരണവുമില്ലായിരുന്നു. മൂപ്പൻ എന്തൊക്കെയോ പുലമ്പി, എല്ലാം പഴയകാര്യങ്ങളായിരുന്നു. പോകുന്നേരം പതിവില്ലാത്തവിധം കുറച്ചു കാശു ചോദിച്ചു. കൊടുത്തു. പിന്നെ അധികകാലം ജീവിച്ചിരുന്നിട്ടില്ല പുത്തുമൂപ്പൻ.

തുക്കാറാമിന്റെയും ജ്ഞാനേശ്വറിന്റെയും നാംദേവിന്റെയും പിൻമുറക്കാർ ഇന്ന്‌ പഴയ മൂപ്പൻമാരല്ല. 'ഗാന്ധികൃഷ്ണൻ' തുടങ്ങിവച്ച പുനരുദ്ധാനം പലേ കൈവഴികളായി, പലേ കൈത്തിരികളായി. ഇന്നവരിൽ അധ്യാപകരുണ്ട്‌, ഭിഷഗ്വരന്മാരുണ്ട്‌, വക്കീലുമാരുണ്ട്‌, എഞ്ചിനിയർമാരുണ്ട്‌, അഭിനേതാക്കളുണ്ട്‌, കലാകാരന്മാരുണ്ട്‌, എഴുത്തുകാരുണ്ട്‌, ഭരണാധികാരികളൂണ്ട്‌. കേരളത്തിലെന്നല്ല മുംബൈയിലും ചെന്നൈയിലും ബെംഗളൂരുവിലും ദില്ലിയിലുമെല്ലാം അവരുണ്ട്‌. വിദഗ്ധൻമാർ വിദേശത്തുമുണ്ട്‌.

"ഇന്നത്തെ കുഞ്ഞുങ്ങൾ നാളത്തെ 'പരവൻ'മാർ" എന്നു കളിയാക്കപ്പെട്ടവർ അവരുടെ പൗരത്വം പിടിച്ചെടുത്തിരിക്കുന്നു!

[Published in the fortnightly webmagazine www.nattupacha.com, on 15 May 2010]

Monday 17 May 2010

റോഡ്‌ റോളർ ചിതലരിക്കുമ്പോൾ

മിലിറ്ററി എഞ്ചിനിയർ സർവീസിലുണ്ടായിരുന്ന ഒരു സുഹൃത്ത്‌ പറഞ്ഞു കേട്ടിട്ടുള്ളതാണ്‌, ഒരു ഉദ്യോഗസ്ഥനെ എങ്ങനെ കൈക്കൂലികൊടുത്തു പാഠം പഠിപ്പിക്കാമെന്ന്‌. ആദ്യം ഒരു വലിയ ചക്ക സംഘടിപ്പിക്കണമത്രെ. അത്‌ കൂഴച്ചക്കയായിരിക്കണം (വഴുവഴുത്ത തരം; വരിക്കച്ചക്കയല്ല). നന്നായിപ്പഴുക്കാൻ ഒരു ദിവസം മാത്രമുള്ളപ്പോൾ, സന്ധ്യാനേരത്ത്‌, ഉദ്യോഗസ്ഥൻ അന്തിയ്ക്കുമോന്താൻ പുറത്തുപോകുന്ന സമയം, താമസസ്ഥലത്ത്‌ മുൻവാതിൽപടിയിൽ മറ്റാരെയുംകൊണ്ടു ചുമപ്പിച്ച്‌ അത്‌ അയാളുടെ ഭാര്യയെ ഏൽപ്പിക്കണംപോൽ.

അത്രയേയുള്ളൂ.

കഥാനായകൻ തിരിച്ചുവരുമ്പോഴേക്കും വീട്ടിലും അയൽപക്കത്തുമെല്ലാം ചക്കമണം പരന്നിരിക്കും. കൊതിമൂത്ത്‌ അതൊന്നു വെട്ടിനുറുക്കി ചുളയെടുക്കാൻ ഭാര്യയെയോ വേലാക്കാരെയോ അന്നുരാത്രിയോ കൂടിയപക്ഷം പിറ്റേന്നുകാലത്തോ നിർബന്ധിക്കും. അപ്പോഴാണറിയുക അതു കൂഴച്ചക്കയാണെന്ന്‌. തിന്നാൻ വയ്യ, കൂഴച്ചക്കയല്ലേ; തിന്നാതിരിക്കാൻ വയ്യ, വെറുതെ കിട്ടിയതല്ലേ. ഇനി അയൽക്കാർക്കു ദാനം ചെയ്താലോ, മണംകൊണ്ട്‌ അവരറിഞ്ഞുകാണും തലേന്നേ ആരോ കൈക്കൂലികൊടുത്തയച്ച കാര്യം. പച്ചയായിരുന്നെങ്കിൽ ഉപ്പേരിക്കോ കറിവയ്ക്കാനോ ഉപയോഗിക്കാമായിരുന്നു. ഇതിപ്പോൾ വാശിക്കു തിന്നാലോ, വയറിളക്കം പിടിക്കും. ശർക്കരചേർത്തു വരട്ടുകയോമറ്റോ ചെയ്താലും നാലല്ല, എട്ടയൽവക്കം അറിയും.

അങ്ങനെ കൈക്കൂലിച്ചക്ക ഇറക്കാനും വയ്യാതാവും തുപ്പാനും വയ്യാതാവും. അടുത്ത കൈക്കൂലി, 'ചക്കയായ്‌ വേണ്ട'എന്നുകൂടി പറയാൻ പറ്റാത്ത പരുവത്തിലാവും ഓഫീസർ.

ഉദ്യോഗസ്ഥകോയ്മയും അഴിമതിയുടെ സാമ്പിളും ഞാൻ ആദ്യമായറിഞ്ഞത്‌ സർക്കാരുദ്യോഗത്തിന്റെ ആദ്യനാളുകളിലെ കഥകളിലൂടെയാണ്‌.

എന്തോ കുറെ ഉപകരണങ്ങൾ വാങ്ങാൻ ഒരാൾ ഒരു ലിസ്റ്റ്‌ കൊടുക്കുന്നു. അതു മുറപോലെ മടങ്ങുന്നു, കാരണം സാങ്കേതികവിവരണം പൂർണമല്ല. പരിചയസമ്പന്നരായ മുതിർന്നവരോടുചോദിച്ച്‌ അയാൾ എല്ലാം വിവരങ്ങളും ചേർത്ത്‌ അപേക്ഷ വീണ്ടും കൊടുക്കുന്നു. അതിലൊരു വൈദ്യുത-ഉപകരണത്തിന്റെ വിവരണത്തിൽ '50 cycles p.s.' എന്നുണ്ടായിരുന്നു.

തികച്ചും പുതുക്കക്കാരനായ അയാളെ പർചേസ്‌ ഓഫീസർ വിളിച്ചു. വടക്കൻമാരുടെ പതിവുകുശലങ്ങളായ "ആപ്‌കാ ശുഭ്‌ നാം ക്യാ ഹേ" ('What is your good name?' എന്ന ബ്രിട്ടീഷ്‌-കപടനാട്യത്തിന്റെ ദേശീഭാവം) തുടങ്ങിയ ചപ്പടാച്ചികൾക്കുശേഷം, 'എന്തിനാണ്‌ അൻപതു സൈക്കിൾ?' എന്നൊരു ചോദ്യം. 'ഒന്നോരണ്ടോ മനസ്സിലാക്കാം, അൻപതുസൈക്കിൾ? ആഡിറ്റുകാരാരെങ്കിലും ഇതു കാണണം. മേലധികാരി ഇതെങ്ങാനുമറിഞ്ഞാൽ?'

ചോദ്യങ്ങൾക്കും ഭീഷണിക്കും മുമ്പിൽ ഉപകരണം ആവശ്യപ്പെട്ട ആൾ സ്തബ്ധനനായി.

അന്ന്‌ ഞങ്ങളുടെ 'സുഹുസ്സുവണ്ടി' (Luxury Vehicle) സൈക്കിളായിരുന്നു. ചെറുപ്പക്കാരും തുടക്കക്കാരുമായ ഞങ്ങൾക്ക്‌ ഒരു സൈക്കിളിന്റെ ആവശ്യം പർചേസ്‌ ഓഫീസർ മണത്തുകാണണം. അതുകൊണ്ടൊരു അനുരഞ്ജനം വന്നു. "ഓ.കെ. ഏറിയാൽ ഒരഞ്ചെണ്ണം വാങ്ങാം. ഒന്നു നിങ്ങൾക്ക്‌, ഒന്നെനിക്ക്‌. ഒന്ന്‌ എന്റെ മേലധികാരിക്ക്‌. ബാക്കി മൂന്നെണ്ണം എന്തെങ്കിലും ചെയ്യൂ. ആ പൂജ്യം മാത്രമൊന്ന്‌ വെട്ടിക്കളഞ്ഞുതന്നാൽ മതി."

പിന്നീടാവിദ്വാൻ ഓഫീസ്‌വണ്ടികളുടെ അതേ ബ്രാൻഡ്‌ വണ്ടികൾ സ്വന്തമായി വാങ്ങി പെറ്റ്‌റോളും സ്‌പെയർപാർട്ടുകളും സ്വകാര്യമായി സംഘടിപ്പിച്ചിരുന്നത്‌ എനിക്കറിയാവുന്നതുകൊണ്ട്‌ ഇക്കഥ അവിശ്വസിനീയമായിത്തോന്നിയില്ല.

കടത്തുചാരായം കുടിവെള്ളമായിമാറുന്നത്‌ എക്‌സൈസിൽ സാധാരണമത്രേ. പിടിച്ചെടുക്കുന്ന ഉത്തേജകങ്ങൾ പനിമരുന്നുപാരാസെറ്റമോൾ ആവുന്നതും കേട്ടിട്ടുള്ളതാണ്‌. മറിച്ച്‌ കാൽക്കാശുവിലയുള്ള നാകത്തകിട്‌, വിലപിടിച്ച പ്‌ളാറ്റിനംചീളുകളാകുന്നതും. ആൽക്കെമിയുടെ കാലം!

പണ്ടെവിടെയോ വായിച്ചതാണ്‌. ഒരു സൈനികകേന്ദ്രത്തിൽനിന്ന്‌ പലപല സാധനങ്ങൾ കളവുപോകുന്നു. പുല്ലുവെട്ടാൻവരുന്നവരെയായി സംശയം. അറുത്തപുല്ല്‌ മിലിട്ടറിവാഹനത്തിൽ മിലിട്ടറിക്കാരേ പുറത്തേക്കെടുക്കാവൂ എന്ന്‌ ആജ്ഞ വന്നു. അങ്ങനെ എന്നും വൈകുന്നേരം മിലിട്ടറിവാഹനത്തിൽ പുല്ലു പുറത്തേക്കുപോയിത്തുടങ്ങി. വാസ്തവത്തിൽ ഓരോ ദിവസവും ഒന്നുംരണ്ടും വണ്ടികളാണ്‌ സൈനിക കേന്ദ്രത്തിൽ നിന്നു പിന്നെ നഷ്ടപ്പെട്ടുകൊണ്ടിരുന്നത്‌.

ബാംഗ്ലൂരിലെ വിമാനനിർമാണക്കമ്പനിയിലെയും ഒരു കഥയുണ്ട്‌. പുത്തൻ വിമാനമൊന്ന്‌ ഒരേസ്ഥലത്ത്‌ ഒരുപാടുനാൾ കിടക്കും. പതുക്കെ അതിലേക്ക്‌ പഴയ കുറെ മരപ്പലകകളോ ഇരുമ്പുകമ്പികളോ ചാരിവയ്ക്കും. പിന്നീടങ്ങോട്ട്‌ പലവക ചവറുകൾ അതിൻമേൽ കുന്നുകൂടുകയായി. ഒരുനാൾ ചവറെല്ലാം വിൽപനയ്‌ക്കുള്ള ടെൻഡർ വരും. ലേലംവയ്ക്കുന്നവനും ലേലം കൊള്ളുന്നവനുമറിയാം കൂമ്പാരത്തിനകത്ത്‌ എന്തെന്ന്‌.

നാസിക്കിലെ സെക്യൂരിറ്റി പ്രസ്സിലെ യന്ത്രങ്ങളും കടലാസ്സും പാഴ്‌വസ്‌തുക്കളായി വാങ്ങി അച്ചടിച്ചായിരുന്നില്ലേ മുദ്രപ്പത്രക്കുംഭകോണം?

ഇത്തരം കഥകളിൽ എനിക്കേറെയിഷ്ടം റോഡ്‌ റോളറിനു ചിതലരിച്ച കഥയാണ്‌.

സംഭവം പൊതുമരാമത്തു വകുപ്പിലാണ്‌. സ്റ്റോക്കിൽ കണക്കിലുള്ള റോഡ്‌ റോളർ സ്റ്റോറിൽ കാണാനില്ല. മേസ്‌തിരി പറഞ്ഞ്‌ വർക്ക്‌ സൂപ്പർവൈസർ എഴുതുന്നു അത്‌ ചിതലരിച്ചുപോയെന്ന്‌. ജൂനിയർ എൻജിനിയർ, അസിസ്‌റ്റന്റ്‌ എൻജിനിയർക്കെഴുതുന്നു 'റോളർ' ചിതലരിച്ചെന്ന്‌. അസിസ്റ്റന്റ്‌ എൻജിനിയർ ജൂനിയറെ വിളിച്ചു ശാസിക്കുന്നു, എഴുതുമ്പോൾ 'സ്പെല്ലിങ്‌' സൂക്ഷിക്കണമെന്നും, ഓഫീസിൽ റോളർ അല്ല, മരത്തിന്റെ 'റൂള'റാണ്‌ എൻജിനിയർമാർ ഉപയോഗിക്കുക എന്നും. 'റൂളർ' എന്നു തിരുത്തിയ കടലാസ്‌, എക്‌സിക്യൂട്ടീവ്‌ എൻജിനിയറുടെ അടുത്തെത്തുന്നു. അയാളാകെ ക്ഷോഭിച്ച്‌, 'മെട്രിക്‌ സ്‌കെയിൽ പ്രചാരത്തിലായിട്ടും ഇനിയും നിങ്ങൾ റൂൾത്തടിയോ ഉപയോഗിക്കുന്നത്‌?' എന്നൊരു കമന്റുമെഴുതി കടലാസ്‌ സൂപ്രണ്ടിംഗ്‌ എൻജിനിയർക്കയക്കുന്നു. ഇനിയാരും റൂൾത്തടിയുപയോഗിക്കരുതെന്നും സ്റ്റീൽകൊണ്ടുള്ള മെട്രിക്‌ സ്‌കെയിൽമാത്രമേ ഉപയോഗിക്കാവൂ എന്നും, അല്ലാത്തപക്ഷം നിയമപ്രകാരം അച്ചടക്കനടപടികൾ സ്വീകരിക്കുമെന്നും, ഇപ്രാവശ്യം മാപ്പാക്കാമെന്നും ചിതലരിച്ച റൂളർ എഴുതിത്തള്ളാൻ വിരോധമില്ലെന്നും പറഞ്ഞ്‌ അയാൾ കടലാസ്‌ ചീഫ്‌ എൻജിനിയർക്കയക്കുന്നു. ചീഫ്‌ എൻജിനിയർ കണ്ണടച്ചൊപ്പിടുന്നതോടെ റോഡ്‌ റോളർ പൊതുമരാമത്തുവകുപ്പാഫീസിൽ ചിതലരിച്ചുപോകുന്നു.

അനന്തരം കരാറുകാരന്റെകൂടെ അതു സുഖമായി നീണാൾ പണിചെയ്‌തു ജീവിക്കുന്നു.


മറിച്ചുമുണ്ട്‌ ആളുകൾ. ഞങ്ങൾക്കൊരു ഡ്രൈവറുണ്ടായിരുന്നു. അയാൾ താനോടിക്കുന്ന വാനിനെ 'എന്റെ വണ്ടി' എന്നേ പറയൂ. ഒരിക്കൽ ഞങ്ങൾ ഒരു ദീർഘയാത്രക്കുപോയപ്പോൾ ഒരു സഹപ്രവർത്തകൻ പിൻസീറ്റിലിരുന്ന്‌ പുകവലിച്ചു. കാറ്റിൽ തീപ്പൊരിപാറി സീറ്റിൽ ഒരു തുള വീണു. പിറ്റേന്ന്‌ വണ്ടികഴുകുമ്പോൾ ഇതു കണ്ടുപിടിച്ച ഡ്രൈവർ ആ സഹപ്രവർത്തകനെ വിളിച്ചുവരുത്തി, ഇനിമുതൽ തന്റെ വണ്ടിയിൽ കയറരുതെന്നും കയറിയാൽ പുകവലിക്കരുതെന്നും കടുപ്പിച്ചുപറഞ്ഞു. തികച്ചും 'സ്‌മാർട്ട്‌' ആയ സഹപ്രവർത്തകൻ (പിന്നീടയാൾ തലപ്പത്തെല്ലാം കയറിപ്പറ്റി) ഒരു പോംവഴി മുന്നോട്ടുവച്ചു; താൻ ഒരു 'സ്റ്റിക്കർ' തരാം അതൊട്ടിച്ചാൽ തുള കാണില്ല. ഡ്രൈവർ വഴങ്ങി, പക്ഷെ രണ്ടു 'സ്റ്റിക്കർ' വേണമെന്നായി. സീറ്റിന്റെ ഇരുവശത്തും ഒരുപോലെ ഒട്ടിക്കാൻ!

[Published in the fortnightly webmagazine www.nattupacha.com on 15 April 2010]

Monday 26 April 2010

തീരം, തീരാശാപം.

മലയുടെ ധർമം അനങ്ങാതിരിക്കലാണ്‌. ("മലകളിളകിലും മഹാജനാനാം മനമിളകാ"). പുഴയുടെ ധർമം ഒഴുകിക്കൊണ്ടിരിക്കലും. ("പഴകിയ തനുവള്ളി മാറ്റിടാം, പുഴയൊഴുകുംവഴി വേറെയാക്കിടാം, കഴിയുമിവ, മനസ്വിതൻ മനസ്സൊഴിവതശക്യമൊരാളിലൂന്നിയാൽ"). മല നിരങ്ങിനീങ്ങിയാൽ അപകടം. പുഴ ഒഴുകിനീങ്ങിയില്ലെങ്കിൽ നാശം.

അതേസമയം കരയും കടലുമല്ലാത്ത തീരപ്രദേശത്തിന്റെ ധർമം, നിരങ്ങിക്കൊണ്ടിരിക്കെ മാറാതിരിക്കലാണ്‌. ഒഴുകിപ്പോകുന്നത്‌ ഒലിച്ചുവരണം. ഒഴിഞ്ഞുപോകുന്നത്‌ ഒന്നൊന്നായ്‌ തിരിച്ചെത്തണം. നിത്യയൗവനം.

രാജ്യത്തിന്റെ അതിർത്തികൾ നമ്മൾ അഖണ്ഡമായി സൂക്ഷിക്കുന്നു. അതിരുകൾ വേലികെട്ടി കാവൽ നിൽക്കുന്നു. അതിനായി ചെലവഴിക്കുന്ന പണവും മനുഷ്യായുസ്സും അതിഭീമവും. ഒരൊറ്റ തർക്കം മതി ഒരു യുദ്ധത്തിൽ കലാശിക്കാൻ.

രാജ്യാന്തര അതിർത്തികൾവഴി അനുവാദമില്ലാതെ ഒരീച്ചപോലും കടന്നുചെല്ലരുതെന്നാണ്‌.

രാജ്യത്തിന്റെ തീരങ്ങളും പക്ഷെ അതിർത്തികളാണ്‌. ആർക്കും അപ്പുറമിപ്പുറം കടന്നുചെല്ലാൻകഴിയുന്ന അതിരുകൾ. ദിവസംതോറും, ഋതുക്കൾതോറും, വർഷംതോറും യുഗങ്ങൾതോറും മാറിമറിയുന്ന അതിരുകൾ. ഇന്നലത്തേതല്ല ഇന്ന്‌. ഇന്നത്തത്തല്ല നാളെ. അവിടെ വേലികെട്ടാൻ വയ്യ. രാവും പക ലും കാവലിരിക്കാൻ വയ്യ. തികച്ചും സുതാര്യം. ഒരുതരത്തിൽ ഒരു സത്രം!

സ്വന്തമെന്നോ പരമെന്നോ ഒന്നുമില്ല അവിടെ ("യമ: ശരീരഗോപ്താരം ഭൂഗോപ്താരം വസുന്ധര, അസത്യേവ ഹസത്യന്തം സ്വപതിം പുത്രവത്സലം").

എല്ലാം വിരോധാഭാസമാണ്‌ കടൽതീരത്ത്‌.


ഉൾനാടൻ അതിർത്തികളിൽ ജനവാസം കുറവായിരിക്കും. തീരദേശത്തങ്ങനെയല്ല. ജനസാന്ദ്രത ഏറ്റവുംകൂടിയ പ്രദേശമാണത്‌. അതിൽ പാർക്കുന്നവരോ, ഒന്നുകിൽ അതിദരിദ്രർ; അല്ലെങ്കിൽ അതിസമ്പന്നർ!

കരയിലെ എല്ലാം ഒഴുകിയെത്തുന്നതു കടലിൽ. അതാകട്ടെ തീരപ്രദേശത്തുകൂടെ. കടലിലെ എല്ലാം തിരിച്ചെടുക്കുന്നതു തീരത്തിലൂടെ. കരയിലെ മണ്ണും മാലിന്യങ്ങളും ലോഹങ്ങളും ജൈവകങ്ങളും ലൊട്ടുലൊടുക്കുകളുമെല്ലാം കടലിൽ ചേർന്ന്‌, കലങ്ങിമറിഞ്ഞ്‌, കലക്കംതെളിഞ്ഞ്‌, ഉപ്പായി, മീനായി, എണ്ണയായി, അയിരായി, പഞ്ചാരമണലായി തിരിച്ചുകിട്ടുന്നു. വിലയില്ലാത്തതു വിലയുള്ളതാകുന്നു.

ലോകത്തിലേ ഏറ്റവും ശ്രേഷ്ഠവും വിലകൂടിയതുമായ ആഹാരപദാർഥങ്ങളിലൊന്ന്‌ മത്സ്യമാണ്‌. കൊയ്യുന്നവർക്ക്‌ ഏറ്റവും തുച്ഛമായ കൂലിയും കൊയ്ത്തിനു ഏറ്റവും തുച്ഛമായ വിലയും കിട്ടുന്നതോ മീനിനും. അതിനു വേണ്ടിവരുന്ന മനുഷ്യാധ്വാനമോ അത്യധികവും.

ജീവസന്ധാരണത്തിന്‌ അത്യന്താപേക്ഷിതമാണ്‌ വെള്ളവും ഉപ്പും. അതേറെയുണ്ട്‌ കടലിൽ. എന്നാലോ അവ അന്യോന്യം വേർതിരിച്ചാലേ ഉപയോഗിക്കാനോക്കൂ. വേർതിരിക്കാനുള്ള വിഷമം കുറച്ചൊന്നുമല്ലല്ലോ.

വെള്ളവും ഉപ്പും കുറഞ്ഞാലും കഷ്ടം കൂടിയാലും കഷ്ടം. തീരത്താണ്‌ ശുദ്ധജലക്ഷാമം ഏറ്റവും രൂക്ഷം. വെള്ളംകയറിയാലുള്ള അപായവും ഏറ്റവും അധികം. ഉപ്പുരസംകൊണ്ടുള്ള ജീർണനം തീരദേശത്ത്‌ തീവ്രമാണ്‌. ശുദ്ധമായ ഒരുതരി ഉപ്പുകിട്ടാനോ കടൽവെള്ളം കാച്ചിക്കുറുക്കണം.

വാഹനമോടിക്കാൻ ഇന്ധനച്ചെലവ്‌ ഏറ്റവും കുറവ്‌ വെള്ളത്തിലാണ്‌. എന്നാലോ ഏറ്റവുമധികം മനുഷ്യാധ്വാനം ചെലവിടുന്നത്‌ മീൻപിടുത്തക്കാർ തോണിതുഴയുന്നതിനാണ്‌.

കടൽ അക്ഷയപാത്രമാണെന്നു പറയും. എന്നാലോ ദിനംപ്രതി ക്ഷയിക്കുന്നത്‌ കടലിന്റെ മക്കൾ.

വെള്ളം വലിഞ്ഞാൽ തോണി കടലിൽകുടുങ്ങും. വെള്ളംപൊങ്ങിയാലോ കരയിൽകുടുങ്ങും!

കാറ്റിൽനിന്നും മഴയിൽനിന്നുമെല്ലാം രക്ഷപ്പെടാനാണ്‌ നമ്മൾ വീടുപണിയുന്നത്‌. കാറ്റും കോളും ഏറ്റവുമധികമായ തീരത്ത്‌ അടച്ചുറപ്പുള്ള കൂടുകെട്ടാനാകില്ല. പറന്നുപോകാതിരിക്കാൻ മുൻവശവും പിൻവശവും തുറന്നുതന്നെയിരിക്കണം. അതിൽവേണം അടുപ്പുപൂട്ടലും അന്തിയുറക്കവുമെല്ലാം.

തീരംകടന്നുചെന്നാണ്‌ നാട്ടുകാർ സ്വപ്നലോകങ്ങളിലെത്തിയത്‌. തീരം കവർന്നുവന്നാണ്‌ പരദേശികൾ നാട്ടാരെ നരകജീവികളാക്കിയത്‌.

ആകാശവും ഭൂമിയും സമുദ്രവും ഒന്നിച്ചു ചേരുന്നിടമാണ്‌ കടൽതീരം; സ്വർഗവും ഭൂമിയും പാതാളവും. ഒന്നിന്റെ ശാപം മറ്റൊന്നിന്റെ ശാപമോക്ഷമാവുന്നു. വരവിനും പോക്കിനും തിരിച്ചുവരവിനുമിടെ ഒരു മാറ്റം. അതുതന്നെ മോക്ഷം ("ആകാശാത്‌ പതിതം തോയം സാഗരം പ്രതിഗച്ഛതി").

[Published in the fortnightly webmagazine www.nattupacha.com, 1 April 2010]

Monday 5 April 2010

പൊന്നമ്മ

ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യദശകങ്ങൾ. തൃപ്പൂണിത്തുറയിലെ ഒരു സാമ്പ്രദായിക ബ്രാഹ്മണകുടുംബത്തിലേതായിരുന്നു പൊന്നമ്മാൾ. എങ്കിലും അവർ സാമ്പ്രദായിക ചിട്ടവട്ടങ്ങൾ വിട്ടെറിഞ്ഞ്‌ മിഡ്‌വൈഫറിയും നഴ്‌സിങ്ങും പഠിച്ചു.

അന്നൊക്കെ നഴ്‌സെന്നും മിഡ്‌വൈഫെന്നുമെല്ലാം പറഞ്ഞാൽ പുച്ഛമാണ്‌ നാട്ടുകാർക്ക്‌. 'വയറ്റാട്ടി'യെന്ന കളിപ്പേരിൽ അവർ അറിയപ്പെട്ടു. പേറടുക്കുമ്പോൾ വയറ്റാട്ടി വേണം; പേറെടുത്തുകഴിഞ്ഞാലോ പരമപുച്ഛവും. അടുത്ത്‌ കൊച്ചുനാരായണി എന്നൊരു പാവം സൂതികാസഹായി ഉണ്ടായിരുന്നു; അവരും പഠിച്ചുപാസ്സായ മിഡ്‌വൈഫായിരുന്നു. അവരുടെ വീട്ടിനുമുന്നിലെ 'കൊച്ചുനാരായണി'യെന്ന ബോർഡ്‌ രാപ്പാതിരാത്രി ആരെങ്കിലും 'കാച്ചുനാരായണി' എന്നാക്കും.

നാട്ടിലും സ്വാതന്ത്ര്യസമരം നീറിപ്പടർന്ന കാലം. സാമ്പ്രദായികസൗകര്യങ്ങളും വിട്ടെറിഞ്ഞ്‌ പൊന്നമ്മാൾ സമരമുഖത്തെത്തി. കൊച്ചിപ്രദേശത്തെ ആദ്യകാലപ്രവർത്തകരിൽ ഒരു പരമേശ്വരമേനോനുണ്ടായിരുന്നു. അവരെല്ലാം ചേർന്ന്‌ തൃപ്പൂണിത്തുറയിലെ 'മഹാത്മാ വായന ശാല'യുണ്ടാക്കി; ഇന്നും അതുണ്ട്‌. എന്റെ അച്ഛനും അതിൽ പങ്കാളിയായിരുന്നു. പഠനകാലത്ത്‌ എൻ. വി. കൃഷ്‌ണവാര്യരടക്കം ആ വായനശാലയിൽ വായിച്ചുവളർന്നവരാണ്‌.

പൊന്നമ്മാളും പരമേശ്വരമേനോനും തമ്മിൽ വിവാഹിതരുമായി. അങ്ങനെ നാട്ടുകാർ പൊന്നമ്മാളെ പൊന്നമ്മയാക്കി.

അന്നത്‌ വലിയൊരു വിപ്ലവമായിരുന്നു. അന്നത്തെ ആഢ്യസമൂഹത്തിന്‌ അതെല്ലാം അസഹനീയമായിരുന്നു. അവർ കാത്തിരുന്നത്‌ അധികം വൈകിയില്ല.

ഒരു ആൺകുഞ്ഞിനെയും കയ്യിലേൽപ്പിച്ച്‌ പരമേശ്വരമേനോൻ അകാലത്തിൽ മരിച്ചു.

വയറ്റാട്ടി. വിധവ; അതും ബ്രാഹ്മണസ്ത്രീ. സ്വാതന്ത്ര്യസമരക്കാരി. അമ്മ; അതും ഒരു കൈക്കുഞ്ഞിന്റെ.

ജീവിതം അവരെ തുറിച്ചുനോക്കിയെങ്കിലും അവർ ജീവിതത്തെ തുറിച്ചുനോക്കിയിരുന്നില്ല. ഉള്ളതെല്ലാം തട്ടിക്കൂട്ടി പൊന്നമ്മ ഒരു ആതുരാലയം തുടങ്ങി. പേര്‌ 'പരമേശ്വർ മെമ്മോറിയൽ നഴ്‌സിങ്‌ ഹോം'. പക്ഷെ അത്‌ 'പൊന്നമ്മേടവിടെ' എന്നറിയപ്പെട്ടു. ഒരു മുറിയിൽ ഒരു ഡോക്ടറും മറ്റൊന്നിൽ ഒരു കോംപൗണ്ടറും. വേറൊന്നിൽ ഒന്നു രണ്ടു സഹായികൾ. പിന്നെ ഒരു പ്രസവമുറി. ഒന്നുരണ്ടു വാർഡുകൾ. തീർന്നു.

ഡോക്‌ടർ കൊച്ചമ്മിണിയമ്മയെ എനിക്കിന്നും ഓർമയുണ്ട്‌. അവർ അവിവാഹിതയായിരുന്നു. ആജീവനാന്തം, ആതുരശുശ്രൂഷ ആത്‌മാവും ആനന്ദവുമാക്കിയ വന്ദ്യവയോധിക. ചില്ലിനുചുറ്റും ഫ്രെയിമില്ലാത്ത കട്ടിക്കണ്ണട അവരുടെ പ്രത്യേകതയായിരുന്നു. അന്നത്തെ അത്‌ഭുതവും; ചില്ലിന്റെ വശങ്ങളിൽനിന്ന്‌ നേരിട്ടു രണ്ടുവാൽ ചെവിക്കു മുകളിലേക്ക്‌!

ആ 'കൈപ്പുണ്യ'മുള്ള ഡോക്ടറെത്തേടി ഏവരുമെത്തി. ആരുടെ വീട്ടിലും ചെന്ന്‌ രോഗിയെ പരിശോധിക്കും. ചികിത്‌സിക്കും. ഒരു സ്‌ഥിരം റിക്ഷാവണ്ടിക്കാരനുമുണ്ടായിരുന്നു അവരെ രാപ്പകൽ കൊണ്ടുനടക്കാൻ. കൊടുക്കുന്നതുവാങ്ങും. കൊടുത്തില്ലെങ്കിൽ ചോദിക്കുകയുമില്ല. മരുന്നുകൾ മിക്കതും അന്ന്‌ 'മിക്‌ശ്ചർ' ആയിരുന്നല്ലോ. കുറിപ്പടിയനുസരിച്ച്‌ കുപ്പിയിൽ കളർവെള്ളംപോലെ മരുന്നുകൾകലക്കി കോമ്പൗണ്ടർ തരും. ഒരുമാതിരിപ്പെട്ട രോഗങ്ങളെല്ലാം മൂന്നാലുദിവസത്തിനകം മാറിയിരുന്നു.

[കൈപ്പുണ്യത്തിന്റെ കാര്യം പറയുമ്പോഴാണ്‌. എന്റെ ഒരു വലിയച്ഛനെ വീട്ടുകാർ നിർബന്ധിച്ച്‌ മെഡിക്കൽകോളേജിലാക്കി. ശസ്ത്രക്രിയയും ശവംകീറലും തുടങ്ങുമ്പോൾ ആൾ വീട്ടിൽ തിരിയെ റെഡി. പലകുറി പരീക്ഷ എഴുതിയാണത്രെ ആശാൻ MBBS പാസ്സായത്‌.

ഡോക്‌ടറായിവന്ന അദ്ദേഹത്തെ ആദ്യം അയൽക്കാർ ചെന്നുകണ്ടു, ചികിത്സക്കായി. ഒറ്റയാൾ ബാക്കിയില്ലാതെ എല്ലാവരും സുഖംപ്രാപിച്ചുപോൽ. അതോടെ നാട്ടുകാരുടെ തിരക്കായി. പേരുകേട്ടറിഞ്ഞ്‌ മറുനാട്ടുകാർവരെ ആ ഡോക്‌ടറെ വന്നുകണ്ടിരുന്നത്രെ. ആ കൈപ്പുണ്യം, തോറ്റുതോറ്റുപഠിച്ചതുകൊണ്ടാണെന്ന്‌ അദ്ദേഹംതന്നെ പറഞ്ഞുകേട്ടിട്ടുണ്ട്‌. വയസ്സായപ്പോഴേക്കും അദ്ദേഹത്തിന്റെ രണ്ടുകാലിലും ആനമന്ത്‌. മുണ്ടുടുത്തേ ആ ഡോക്‌ടർവലിയച്ഛനെ ഞങ്ങൾ കണ്ടിട്ടുള്ളൂ. ചെരിപ്പും പതിവില്ല; മന്തുകാരണമായിരിക്കണം. ശരിക്കും 'നഗ്നപാദ-ഡോക്‌ടർ'. എവിടെപ്പോയാലും ചുറ്റുമുള്ള പിള്ളേരെ വിളിച്ചുകൂട്ടും. എന്നിട്ട്‌ ഓരോരുത്തരുടേയും കൺപോള തുറന്നു പരിശോധിക്കും. കീശയിൽനിന്ന്‌ മധുരമുള്ള 'വിര ഗുളിക' ('Antipar'; അതു പിന്നെ നിരോധിച്ചതായും കേട്ടിട്ടുണ്ട്‌) എടുത്ത്‌ ഒരോരുത്തർക്കായി മിഠായിപോലെ വിതരണം ചെയ്യും. ലോകത്തെ മുക്കാൽ രോഗവും വിരശല്യംകൊണ്ടാണെന്നായിരുന്നു അദ്ദേഹത്തിന്റെ പക്‌ഷം. അദ്ദേഹത്തെ 'മന്തൻപെരിയപ്പ' എന്നാണ്‌ ഞങ്ങൾ പറഞ്ഞിരുന്നത്‌; ഇന്നു കുറ്റബോധം തോന്നുന്നു.]

പരമേശ്വർ മെമ്മോറിയലിൽ മുറിവും വ്രണവുമെല്ലാം പൊന്നമ്മയും ചിന്താക്കുട്ടിയെന്ന സഹായിയും കൂടെ വച്ചുകെട്ടും; ഇഞ്ജക്ഷൻ വേണമെങ്കിൽ അതും അവരാണ്‌. ആവശ്യമെന്നുതോന്നിയാൽ പറയും, "ഒന്നു ഡോക്‌ടറെ കണ്ടേക്കൂ".

ആരെന്തു മഹാരോഗവുമായിച്ചെന്നാലും പൊന്നമ്മയുടെ ആദ്യപ്രതികരണം 'സാരമില്ല, ട്ടോ' എന്നായിരിക്കും (ഞങ്ങളോടൊക്കെ ഞങ്ങളുടെ ഉപഭാഷയിൽ 'സാരമില്ലൈ, ട്ട്യാ').

പെറ്റും പേറിനുമായി മൂന്നാലുപേർ നഴ്‌സിംഗ്‌ഹോമിന്റെ അകത്തളങ്ങളിലുണ്ടാകും എപ്പോഴും.

സ്വന്തം ഡിസ്‌പെൻസറിയിൽ പൊന്നമ്മക്കായി സ്വന്തമായി ഒരു മുറിയോ ഇരിപ്പിടമോ ഇല്ലായിരുന്നു. ആസ്‌പത്രിക്കുള്ളിലും രോഗികളുടെ വീട്ടിലുമായിരിക്കും അവരെപ്പോഴും.

ആർക്കാനും പേറടുത്താൽ ആദ്യത്തെ ചടങ്ങ്‌ പൊന്നമ്മയെ പോയിവിളിക്കലാണ്‌. ഏതു പാതിരായ്ക്കും അവരെത്തും. വെള്ള ഖദർ സാരിയിൽ ഒരു കുറിയ രൂപം, പൊട്ടും ആഭരണങ്ങളും ഒന്നുമില്ലാതെ. ആകപ്പാടെ കയ്യിലൊരു വെള്ളിവാച്ച്‌; അത്‌ കുട്ടിയുടെ ജനനസമയം അറിയാൻ. കയ്യിലൊരു തോൽബാഗുമുണ്ടാകും. മെഥിലേറ്റഡ്‌ സ്പിരിറ്റിന്റെയും ടിങ്ങ്ചറിന്റെയും മണം ചുറ്റും പരന്നാൽ അറിയാം പൊന്നമ്മ വന്നെത്തിയെന്ന്‌.

അന്നേക്ക്‌ പൊന്നമ്മ അൽപം ബധിരയുമായിത്തീർന്നു. അന്നേ അവർ ചെവിയിൽ കേൾവിയന്ത്രം വച്ചിരുന്നു. അത്‌ ഞങ്ങൾ കുട്ടികൾക്ക്‌ കൗതുകമായി. ചെവിയിലെ സാധനത്തിൽനിന്ന്‌ ഒരു വയർ ബാറ്ററിയിലേക്ക്‌. ബാറ്ററി ബ്ലൗസിൽ ക്ലിപ്പുചെയ്തിരിക്കും.

സാധാരണമായി കേഴ്‌വിക്കുറവുള്ളവർ ഉച്ചത്തിലേ സംസാരിക്കൂ; പൊന്നമ്മ മറിച്ചായിരുന്നു. ശാന്തവും സൗമ്യവുമായ ആ ശബ്ദം ഇന്നും മനസ്സിലുണ്ട്‌. ഒച്ചയില്ലാതെ അവർ സംസാരിക്കുന്നത്‌ ഞങ്ങൾ കളിയായി അനുകരിക്കാറുണ്ടായിരുന്നു. ആകപ്പാടെ ഒറ്റൊരു അസൗകര്യമേ അവരുടെ വർത്തമാനത്തിലുണ്ടായിരുന്നുള്ളൂ. അങ്ങോട്ടെന്തുപറഞ്ഞാലും ആദ്യം പതുക്കെ 'ങേ?' എന്നു ചോദിക്കും. രണ്ടാമതു പറഞ്ഞാലേ ചെവി കേട്ടിരുന്നുള്ളൂ. പക്ഷെ അവരോ ഞങ്ങളോ അതു കാര്യമാക്കിയിരുന്നില്ല. അച്ഛനും അമ്മയും അവരോട്‌ മണിക്കൂർകണക്ക്‌ സംസാരിച്ചിരിക്കുന്നതു കണ്ടിട്ടുണ്ട്‌.

അവർ പേറെടുത്ത ഒരു കുഞ്ഞോ അമ്മയോ അപകടത്തിലായി കേട്ടിട്ടില്ല; വീട്ടിലായാലും ശരി, ആസ്‌പത്രിയിലായാലും ശരി.

ഏതാനും വർഷങ്ങൾക്കുമുൻപ്‌ പൊന്നമ്മയും മരിച്ചു. A.G. Gardiner, 'Unknown Warrior'-നെപ്പറ്റി എഴുതി, "Unwept, unhonoured and unsung..." എന്ന്‌. പൊന്നമ്മയുടെ കാര്യത്തിൽ അതു മറിച്ചായിരുന്നു. She was all-wept, all-honoured and all-sung. 'മാതൃഭൂമി'യിലെ വാർത്താറിപ്പോർട്ടുവരെ അത്രക്കു ഗംഭീരമായിരുന്നു. അതുകണ്ടാണ്‌ ഞാൻ അവരുടെ മരണം അറിഞ്ഞതുതന്നെ. ഏകദേശം സമപ്രായക്കാരായിരുന്ന എന്റെ അമ്മയും അന്നു വളരെ സങ്കടപ്പെട്ടു.

പൊന്നമ്മയുടെ മിടുക്കനായ മകൻ സത്യൻ പഠിച്ച്‌ ഒന്നാംതരം ഫാർമക്കോളൊജിസ്റ്റായി. ഇപ്പോൾ (2010) വാർധക്യസഹജമായ അസുഖംമൂലം കിടപ്പിലാണെന്നറിയുന്നു.

'പരമേശ്വർ മെമ്മോറിയൽ' ഇന്നില്ല. അതു പിന്നെ 'അശ്വതി' ആയി. ഇപ്പോൾ ലക്ഷ്മി ഹോസ്പിറ്റൽ ആണെന്നു തോന്നുന്നു.

ഞങ്ങളുടെ പഴയവീടു പുതുക്കിപ്പണിതപ്പോൾ രണ്ടുമുറികൾ മാറ്റമില്ലാതെ നിർത്തി. ഞങ്ങൾ സഹോദരങ്ങൾ ജനിച്ച മുറിയും ഞങ്ങളുടെ അച്ഛൻ മരിച്ച മുറിയും.

ഞങ്ങളെയെല്ലാം പെറ്റത്‌ അമ്മയാണെങ്കിലും പേറെടുത്തത്‌ പൊന്നമ്മയായിരുന്നു. അവർ പൊൻ+അമ്മ ആയിരുന്നു എല്ലാവർക്കും.

[Published in the fortnightly webmagazine http://www.nattupacha.com, 1 March 2010]

Wednesday 17 March 2010

സ്വാമികെട്ടിയ സാക്ഷാൽ കോട്ട

എട്ടാംക്ലാസ്സിലോ മറ്റോ പഠിക്കുന്ന കാലം. മലയാളപാഠാവലിയിൽ പഠിക്കാൻ 'ചിത്രശാല' എന്നോമറ്റോ ഒരു ഗീതകം (കെ. കെ. രാജയുടേതാണെന്നാണോർമ). രാത്രി ആകാശത്തെ അത്ഭുതങ്ങൾ ഒരു ചിത്രശാലയിലെന്നോണം കാണിച്ചുതരുന്ന ആ ഗീതകം, "സ്വാമി കെട്ടിയ സാക്ഷാൽ കോട്ടയിലെന്നും കാണാം....." എന്നവസാനിക്കുന്നു.

അവിടമെത്തിയപ്പോൾ അതുപഠിപ്പിച്ചുതന്നിരുന്ന അരവിന്ദാക്ഷൻ മാഷ്‌ ചിരിച്ചുകൊണ്ടു ചോദിച്ചു. "സ്വാമി കെട്ടിയ സിനിമാക്കോട്ട ഏതാണെന്നറിയാമോ?"

എന്നെ നോക്കി സാർതന്നെ ഉത്തരം പറഞ്ഞു, "ഹിന്ദുസ്ഥാൻ ടാക്കീസ്‌!"

അതായിരുന്നു ഞങ്ങളുടെ നാട്ടിലെ, തൃപ്പൂണിത്തുറയിലെ, ആദ്യത്തെ സിനിമാതീയേറ്റർ; അതു സ്ഥാപിച്ചു നടത്തിയിരുന്നതോ എന്റെ അച്ഛനും. (അച്ഛൻ 'വല്യസാമി' എന്നപേരിലാണ്‌ അറിയപ്പെട്ടിരുന്നത്‌; ചേട്ടൻ 'കൊച്ചുസാമി'യും). എനിക്കറിയില്ലായിരുന്നു എന്റെ പ്രിയപ്പെട്ട ഗുരുനാഥൻ എന്റെ അച്ഛനെ അറിയുന്ന കാര്യം. ക്ലാസ്സിൽ വല്ല കുസൃതികളും ഒപ്പിച്ചിട്ടുണ്ടോ എന്നാലോചിച്ചായിരുന്നു എന്റെ പരിഭ്രമമെല്ലാം.

അന്നൊക്കെ സ്ക്കൂളിൽ അച്ഛനെയും അമ്മയെയും എല്ലാം അറിയുന്നത്‌ പിള്ളേർ തല തെറിക്കുമ്പോഴായിരുന്നു. ഇന്നത്തെപ്പോലെ 'മാലൂം ഹേ മേരാ ബാപ്‌ കോൻ?' എന്നൊന്നും ആരും വീമ്പിളക്കാറില്ല; വീമ്പിളക്കിയാലൊട്ടു വിലപ്പോവുകയുമില്ല.

മാഷ്‌ എന്നോട്‌: "എന്നും കാണുമോ 'ചിത്രശാല'യിൽ?"

ഞാൻ തലയാട്ടി. "ഇടയ്ക്കൊക്കെ."

ആ 'സാമിയുടെ സിലിമാക്കോട്ട'യിലാണ്‌ ഞാൻ ആദ്യത്തെ സിനിമകണ്ടത്‌. അത്‌ മിസ്സിയമ്മയോ, സ്നേഹസീമയോ, ടൗൺബസ്സോ, നീലക്കുയിലോ, എന്നൊന്നും പിടികിട്ടുന്നില്ല. പിന്നെ തമിഴ്പടങ്ങളിൽ വീരപാണ്ഡ്യകട്ടബൊമ്മനും മായാബസാറും പടിക്കാത മേതൈയും പാശമലരും പാപമന്നിപ്പും കല്യാണപ്പരിശും ഒക്കെ. കുറെ ഡബ്ബുചെയ്ത തെലുങ്കു പടങ്ങളും. ഹിന്ദിയിൽ ഇൻസാനിയത്‌; ഒരു കുരങ്ങന്റെ കഥ. പിന്നെ മദർ ഇൻഡ്യ, പ്യാസ, ബന്ദി എന്നിങ്ങനെ.

അതെല്ലാം 'വെള്ളക്കറുപ്പു'പടങ്ങൾ; അല്ലെങ്കിൽ ഇളംചുവപ്പുള്ള 'സെപ്പിയ'-പ്രിന്റുകൾ. തീ വെളുത്തുകത്തുന്നതും മുന്നോട്ടോടുന്ന വണ്ടിയുടെ ചക്രം പിന്നോട്ടു തിരിയുന്നതും കഥാപാത്രങ്ങൾ പാടുമ്പോൾ പക്കവാദ്യമുയരുന്നതും കണ്ണീരിനോടൊത്തുള്ള പശ്ചാത്തലസംഗീതവുമെല്ലാം എന്നെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു.

ആദ്യംകണ്ട വർണചിത്രം, ഉമ്മർ അഭിനയിച്ച ഒരു മുസ്ലിംകഥയാണ്‌. 'ഈസ്റ്റ്‌മാൻ കളർ', 'ഗേവാകളർ' എന്നൊക്കെ പരസ്യങ്ങളിൽ കണ്ടതും നായകന്റെ തലയ്ക്കുപിറകിൽ വർണചക്രം തിരിയുന്നതും മാത്രം മനസ്സിലുണ്ട്‌.

പ്രൊജക്ഷൻ-കാബിനിലിരുന്ന്‌ ഓപ്പറേറ്ററുടെകൂടെ ചുമരിലെ ഓട്ടയിൽകൂടി സിനിമകാണാനായിരുന്നു എനിക്കിഷ്ടം. കറക്കിപ്പാടിക്കുന്ന ഗ്രാമഫോണും ഉയരത്തിൽ കെട്ടിയ ഉച്ചഭാഷിണിയും 'മാജിക്‌ ലാന്റേൺ' എന്ന ആർക്‌-പ്രോജക്റ്ററും കാർബൺ തണ്ടുകളും പരസ്യ-സ്ലൈഡുകളും ഫിലിം റീലുകളും അവ ചുറ്റുന്ന ചക്രങ്ങളും അവ കൊണ്ടുപോകുന്ന തകരപ്പെട്ടികളും ഹരമായിരുന്നു. തീയേറ്ററിനുള്ളിലെ ആവിച്ചൂടും ബീഡിപ്പുകയും കപ്പലണ്ടിമണവും അതുകഴിഞ്ഞുള്ള തലവേദനയും എനിക്കു താങ്ങാൻ പറ്റുമായിരുന്നില്ല താനും.

നിവൃത്തികേടുകൊണ്ടാണത്രെ അച്ഛൻ സിനിമച്ചന്തയിൽ എത്തിപ്പെട്ടത്‌. പത്താംക്ലാസ്സുകഴിഞ്ഞ്‌ ഗാന്ധിയൻപരുവത്തിൽ പല കൈത്തൊഴിലുകളും കുടിൽവ്യവസായങ്ങളും ചെയ്തുനോക്കി. രണ്ടാംലോകമഹായുദ്ധകാലം. അതിനിടെ കഷ്ടി ഇന്റർമീഡിയറ്റ്‌ കഴിക്കാൻ പറ്റി. കുറച്ചു കാശു സ്വരൂപിക്കാനായപ്പോൾ ബനാറസ്സിലേക്കു കടന്നു. അവിടത്തെ ഹിന്ദു വിശ്വ വിദ്യാപീഠത്തിൽ കെമിക്കൽ ടെക്‌നോളജി പഠിച്ചു പാസ്സായി. ബ്രിട്ടീഷുകാലം. കൂടെയുണ്ടായിരുന്നവർ കൽക്കത്തയിലും മറ്റും വലിയ ഉദ്യോഗസ്ഥരായത്രെ. അച്ഛനാകട്ടെ നാട്ടിലേക്കു മടങ്ങി റേഷൻകട നടത്തി മുടിഞ്ഞു. ഉദ്യോഗമൊന്നും കിട്ടിയില്ലെന്ന്‌ അച്ഛൻ; ഒരു ചുക്കിനും ശ്രമിച്ചിരുന്നില്ലെന്ന്‌ അമ്മയും.

ഏതായാലും പഠിച്ചതുപ്രയോഗിക്കാൻ തീരുമാനിച്ച്‌ അച്ഛൻ ഒരു കൊച്ചു മരുന്നുകമ്പനിയുടെ പങ്കാളിയായി. കമ്പനി വഴിതെറ്റിത്തുടങ്ങിയപ്പോൾ സ്വന്തമായി ഒരു ബിസ്ക്കറ്റ്‌ ഫാക്റ്ററി ഉണ്ടാക്കി സ്വയംതൊഴിൽ കണ്ടെത്തി. ആ പ്രദേശത്തെ ആദ്യത്തെ ബേക്കറിയും അതായി.

അപ്പോഴാണ്‌ എന്തോ നിയോഗത്താൽ ഒരു സിനിമാക്കോട്ട തുടങ്ങാൻ കുറെ പങ്കാളികളോടൊത്തു തീരുമാനിക്കുന്നത്‌. അങ്ങനെ നാട്ടിൽ 'ഹിന്ദുസ്ഥാൻ ടാക്കീസ്‌' വരുന്നു. വെറും ഓല ഷെഡ്ഡൊന്നുമായിരുന്നില്ല; കൂരയും കതകും കർട്ടനും കസേരയും എല്ലാമുള്ള തികച്ചും നൂതനമായ ചിത്രശാല.
അന്ന്‌ അകലെ എറണാകുളംപട്ടണത്തിലും രണ്ടുമൂന്നു തീയേറ്ററുകളേ ഉള്ളൂ, 'മേനക', 'പദ്മ', 'ലക്ഷ്മൺ'.

അതിന്റെ വിജയത്തോടുകൂടി തൊട്ടടുത്തുതന്നെ വേറൊന്നുകൂടി തുടങ്ങി, 'സെന്റ്‌റൽ ടാക്കീസ്‌'. അതോടെ കഷ്ടകാലവും തുടങ്ങി. ആദ്യകാലങ്ങളിൽ തീയേറ്റർ ഉടമകൾക്കായിരുന്നു പ്രാമുഖ്യം; എന്തു സിനിമയാണ്‌ നാട്ടുകാർക്കിഷ്ടമെന്നും ഏതു സിനിമയാണ്‌ പ്രദർശിപ്പിക്കേണ്ടതെന്നും അതെത്ര ദിവസത്തേക്കെന്നുമെല്ലാം തീരുമാനിക്കുന്നത്‌ അവരായിരുന്നു. പതിയെ വിതരണക്കാർ പിടിമുറുക്കാൻ തുടങ്ങിയത്രെ. അവർ തീരുമാനിക്കുംപടി ചിത്രങ്ങൾ ഓടിച്ചുകൊള്ളണം. കച്ചവടക്കണ്ണികൾ മുറുകാനും കച്ചവടക്കണ്ണുകൾ ചുവക്കാനും തുടങ്ങിയപ്പോൾ ഒരു ദിവസം അച്ഛൻ സിനിമക്കച്ചവടത്തിൽനിന്നു വിടവാങ്ങി. 'ഉള്ളതു മതി' എന്ന ചിന്തയിൽ ഒതുങ്ങിക്കൂടി, മരണംവരെ.

തീയേറ്ററുകൾതന്നെ നടത്തിയിട്ടും അച്ഛൻ ഒരു സിനിമപോലും കാണാൻ തീയേറ്ററിൽ കടന്നിട്ടുള്ളതായി എനിക്കറിവില്ല; ഒരിക്കലും ഒരു ചിത്രത്തെയുംപറ്റി സംസാരിച്ചു കേട്ടിട്ടില്ല!

സദ്യ ഉണ്ടാക്കുന്ന വെപ്പുകാർ സദ്യ ഉണ്ണില്ലെന്നും കള്ളുഷാപ്പുകാർ കള്ളുമോന്തില്ലെന്നും കേട്ടിട്ടുണ്ട്‌!

എന്തുകൊണ്ടോ ഞാനും സിനിമയിൽനിന്നകന്നുനിന്നു. അമ്മയെയുംകൊണ്ട്‌ വല്ലപ്പോഴും ഒരു സിനിമയ്ക്കുപോയാലായി. ഒരുതരം കണ്ണീർക്കഥകളോ വിഡ്ഢിവേഷങ്ങളോ ആയിരുന്നു മിക്കതും. അല്ലെങ്കിൽ മരംചുറ്റി പ്രണയം. സഹോദരിമാർക്കുമില്ലായിരുന്നു സിനിമയിൽ കമ്പം. ചേട്ടൻ മാത്രം കുറച്ചു സിനിമകളും കുറച്ചേറെ നാടകങ്ങളും കണ്ടു. സിനിമയെപ്പറ്റിയോ നാടകത്തെപ്പറ്റിയോ എനിക്ക്‌ ഒന്നും അറിയുമായിരുന്നില്ല.

ഒരിക്കൽ ചിറ്റമ്മയോടൊപ്പം തിക്കുറിശ്ശിയുടെ ഭാര്യ സുലോചന എന്തിനോ വീട്ടിൽവന്നത്‌ നേരിയ ഓർമയിൽ.

ഹിന്ദുസ്ഥാൻ അടച്ചുപൂട്ടി. സെന്റ്രൽ മറ്റൊരു 'സ്വാമി' വാങ്ങി. ഒരു 'ജയമാരുതി'യും കൂട്ടിച്ചേർത്തു. നാട്ടിൽ ഒരു 'ശ്രീകല'യുംവന്നു. അവയെല്ലാം ഇന്നുണ്ടോ ആവോ.

അക്കാലത്ത്‌ ആകസ്മികമായിക്കണ്ട ഒരു ജാപ്പനീസ്‌ 'സമുറായ്‌'പടംമാത്രമാണ്‌ ആകർഷകമായിത്തോന്നിയത്‌.

നാട്ടിൽനിന്നകലെ ഗോവയിൽ കുടിയേറിയപ്പോൾ ഒരു നല്ല സിനിമ കാണാനുള്ള സൗകര്യവും ഇല്ലാതായി. ആകപ്പാടെ അടുത്തുണ്ടായിരുന്ന രണ്ടു തീയേറ്ററുകളിൽ ഒന്നുകിൽ ഒരു പന്നാസ്‌ ഹിന്ദിപ്പടം; അല്ലെങ്കിൽ പഴകിയ കൗബോയ്‌പടം. ഇടയ്ക്കൊരു കന്നഡ തറപ്പടം; അല്ലെങ്കിൽ നീലച്ചായം മുറിച്ചുചേർത്ത വാലും തലയുമറ്റ മലയാളംപടം. ഇപ്പോൾ ഗോവയിൽ IFFI (International Film Festival of India) ഒക്കെ ഉണ്ടെങ്കിലും, ഗോവക്കാർക്കിന്നും ദൃശ്യമാധ്യമസംസ്കാരം കമ്മിയാണ്‌; പ്രകടനപരതയിലാണൂന്നൽ.

അങ്ങനെ അറുപതുകളിലെ സിനിമാവിപ്ലവമപ്പാടെ എനിക്കന്യമായി. ചെമ്മീനും ഏഴുരാത്രികളും തുലാഭാരവും നെല്ലും നദിയും എല്ലാം എല്ലാം നഷ്ടപ്പട്ടികയിലായി.

ആകസ്മികമായിത്തന്നെയാണ്‌ 'കബനീനദി ചുവന്നപ്പോൾ' കാണാനിടവന്നത്‌; അതും വടക്കേന്ത്യയിലെവിടെയോവച്ച്‌. താമസിയാതെ കൽക്കത്തയിൽവച്ച്‌ 'സിദ്ധാർഥ'. ടിവി വരുന്നതിനുമുൻപ്‌ ഒന്നിലധികംതവണ ഞാൻ കണ്ട ചിത്രം അതുമാത്രമായിരുന്നു.

ജീവിതം താത്‌കാലികമായെങ്കിലും തിരിച്ചു നാട്ടിലേക്കുപറിച്ചുനടുമ്പോൾ, എന്റെ സഹപാഠിയും സുഹൃത്തുമായ ജോൺ പോൾ പുതുശ്ശേരി (അടുത്തിടെ 'മാതൃഭൂമി'യിൽ 'പാളങ്ങൾ' പാകിയ ജോൺപോൾ) സിനിമയുമായുള്ള ചങ്ങാത്തം തുടങ്ങിക്കഴിഞ്ഞിരുന്നു. കണ്ടുമുട്ടുമ്പോഴൊക്കെ അറിഞ്ഞോ അറിയാതെയോ ജോൺ വിതറിയ അപാരമായ സിനിമാവിജ്ഞാനം എന്റെ നോട്ടങ്ങളെ പാകപ്പെടുത്തിത്തുടങ്ങി. സ്വയംവരവും കാടും ചോമനദുഡിയും സംസ്കാരയും കാഞ്ചനസീതയും എല്ലാം എനിക്കു പ്രിയപ്പെട്ടവയായി.

എന്റെ അടുത്ത പ്രവാസം ബോംബേക്കായിരുന്നു. പണിസ്ഥലമോ, ഹിന്ദിച്ചിത്രാഭാസങ്ങളുടെ പ്രധാനപ്പെട്ടൊരു പണിപ്പുരയായിരുന്ന ജുഹു-വെർസോവ പ്രാന്തത്തിലും. അയൽക്കാരായി പഴയകാലത്തെ പ്രമുഖർ പ്രേംനാഥ്‌, സരിക, അംജദ്ഖാൻ, സരള യെവളേക്കർ, ശ്രീരാം ലാഗു .... എല്ലാം വന്നുംപോയുമിരുന്നു. അവർക്കെല്ലാംമീതെ പറന്നുനടന്നു അമിതാഭ്‌ ബച്ചനും മറ്റും.

ഫിലിം ഷൂട്ടിംഗ്‌ തുടങ്ങിയാൽ പിന്നെ നാട്ടുകാർക്കെല്ലാം ഭ്രാന്തിളകും. ഓഫീസൊഴിയും.

പ്രേംനാഥിന്റെ 'ചിന്ന'വീടിനോടൊട്ടിച്ചേർന്നായിരുന്നു എന്റെ ഓഫീസ്‌മുറി. ഒരിക്കൽ ഒരു സംഭവമുണ്ടായി.

ഒരു തിങ്കളാഴ്ച ഓഫീസിൽ വന്നപ്പോൾ അകെത്തെല്ലാം തോരണങ്ങളും അലങ്കാരങ്ങളും. മനസ്സിലായി തലേന്നാൾ അതിനകത്തു സിനിമാഷൂട്ടിംഗ്‌ നടന്നിട്ടുണ്ടെന്ന്‌. ഉച്ചകഴിഞ്ഞപ്പോൾ വർണവസ്ത്രങ്ങളും തലപ്പാവുമെല്ലാമായി മുൻവാതുക്കൽ പ്രേംനാഥ്‌ പ്രത്യക്ഷപ്പെടുന്നു. ഞങ്ങളെയൊക്കെ ബന്ദിയാക്കിയെന്നും ആരെയും പുറത്തുവിടില്ലെന്നും അലറുന്നു. കൂടെ ചിരിയടക്കിക്കൊണ്ട്‌ പരിചാരകവൃന്ദവുമുണ്ട്‌. ഒന്നുരണ്ടു മണിക്കൂർ കഴിയുന്നു. പ്രേംനാഥ്‌ ഒരു കസേരയുമിട്ട്‌ കതകിലിരിപ്പാണ്‌. ഞാൻ മുകളിൽ ഒന്നാംനിലയിലെ എന്റെ മേലുദ്യോഗസ്ഥനെ ഫോണിലൂടെ അറിയിക്കുന്നു. അദ്ദേഹം ഇറങ്ങിവന്നു. പ്രേംനാഥിന്‌ ഒന്നേ പറയാനുണ്ടായിരുന്നുള്ളൂ; ചുവന്ന ഫോണിനടുത്തിരിക്കുന്ന ആൾ, ഞാൻ, ഒരു ചാരനാണ്‌, തന്റെ കാര്യങ്ങൾ ചോർത്തിക്കൊടുക്കുന്ന ചാരൻ; ഉടൻ പോലീസിലേൽപ്പിക്കണമെന്നും. . കുറച്ചുകഴിഞ്ഞപ്പോൾ കലിയടങ്ങി അനുനയമായി. അഭിനയിച്ചഭിനയിച്ച്‌ തലക്കല്ലൽപം ഇളകിയതാണാശാന്‌; പിന്നെ കുത്തഴിഞ്ഞ ജീവിതവുമല്ലേ. തലേദിവസത്തെ ഷൂട്ടിംഗ്‌മഹാമഹത്തിന്റെ ബാക്കിപത്രം.

ഒരുമാതിരിപ്പെട്ട താരങ്ങളെല്ലാം തങ്ങൾ യഥാർഥത്തിലുള്ളതിനേക്കാൾ വളരെ വളരെ വലുതാണെന്നു വിശ്വസിക്കുന്നു; വിശ്വസിപ്പിക്കാനും ശ്രമിക്കുന്നു.

ഒരു മഴനാൾ വളരെ വൈകിയേ പണിസ്ഥലത്തുനിന്നു പുറത്തിറങ്ങാൻ പറ്റിയുള്ളൂ. കുടയുംചൂടി ബാഗുംതാങ്ങി റോഡിലേക്കിറങ്ങുമ്പോൾ 'ഫില്ലം ശൂട്ടിങ്ങ്‌'. ലൈറ്റും കാമറയും കുടയും വടിയും കുന്തവും കുരുക്കുമെല്ലാമായി നായകനും നായികയും വില്ലൻമാരും വില്ലത്തികളും പൊന്നാനിയും ശിങ്കിടിയും കുട്ടിത്തരങ്ങളുമെല്ലാം നിരത്തുനിറഞ്ഞു നിൽക്കുന്നു. 'ലൈറ്റ്‌, കാമറ, ആക്ഷൻ' വിളികൾ. വായും പൊളിച്ച്‌ കാണികളെന്ന വാനരസേനയും. തിരക്കൊഴിവാക്കി റോഡു മുറിച്ചുകടക്കേണ്ട താമസം, "ഛത്രിവാലാ, ഹഠ്‌!" എന്നൊരു ആക്രോശം. ആദ്യം ഞാനറിഞ്ഞില്ല അതെന്റെ നേർക്കാണെന്ന്‌. ഒരാൾ ഓടിവന്നെന്നെ ഉന്തിത്തള്ളി. എനിക്കാകെ പെരുത്തുകയറി. പകലന്തിയോളം പണികഴിഞ്ഞിറങ്ങിയതാണ്‌. ഒന്നര രണ്ടുമണിക്കൂർ യാത്രചെയ്തുവേണം വീടണയാൻ; ഒന്നാഹാരംകഴിച്ചുറങ്ങി വീണ്ടും രാവിലെ പണിക്കിറങ്ങാൻ. അതിനിടെയാണ്‌ ഇവന്മാരുടെ കള്ളക്കാശിന്റെ പണംവാരിത്തട്ടിപ്പ്‌. അതും പൊതുനിരത്തിൽ പൊതുജനങ്ങളെ പൂച്ചകളാക്കുന്ന പരിപാടി. ഞാൻ എന്തൊക്കെയോ വിളിച്ചുപറഞ്ഞു. അതെല്ലാം ഇംഗ്ലീഷിലായിപ്പോയതിനാലാവണം അവരെന്നെ എന്റെ പാട്ടിനു വിട്ടു.

ഹിന്ദി സിനിമയിലെ നെല്ലും പതിരും തിരിച്ചറിയാൻ പാടാണ്‌. വർഷങ്ങളോളമോടിയ 'ഷോലേ' കാണില്ലെന്ന വാശിയിൽ, ഞാൻ ശത്‌രഞ്ജ്‌ കീ ഖിലാഡിയും ഭൂമികയും മിർച്ച്‌ മസാലയും വീരകണ്ണേശ്വരരാമയും അർഥും സുനയ്‌നയും മന്ഥനും എല്ലാം അന്വേഷിച്ചറിഞ്ഞുകണ്ടു. കൂട്ടത്തിൽ നിർമാല്യവും ചിദംബരവും വൈശാലിയും വാസ്‌തുഹാരയും.

സെൻസറിംഗ്‌ കാര്യമായില്ലാത്ത സ്കാൻഡിനേവിയൻരാജ്യങ്ങളിലും യൂറോപ്യൻരാജ്യങ്ങളിലും കരീബിയനിലും തെക്കേ അമേരിക്കയിലും തെക്കൻ ആഫ്രിക്കയിലുംവച്ച്‌ ഒട്ടനവധി വിശ്വോത്തര ചലച്ചിത്രങ്ങൾ ടെലിവിഷനിൽ കാണാൻ തരപ്പെട്ടു. പച്ചമനുഷ്യരുടെ കഥകൾ പച്ചയായിത്തന്നെ പറയുന്ന ചില ചിത്രങ്ങൾ മനസ്സിലുടക്കിക്കിടക്കുന്നു ഇന്നും. സംസ്കൃതിയുടെ വരമ്പുകൾ പൊട്ടിക്കാൻ സിനിമയോളമില്ല മറ്റൊന്നും.

നമ്മുടെ നാട്ടിലും ടെലിവിഷൻ-ചാനലുകൾ പരക്കെ വന്നെത്തിയതോടെ ചിത്രം കാണാൻ അവസരംകൂടി; നല്ലതും ചീത്തയും ഒരുപോലെ. ലോകസിനിമയും ലോകോത്തരസിനിമയും കയ്യെത്തുംദൂരത്തായി.

അഭിനേതാക്കളെ താരങ്ങളെന്നുപറഞ്ഞ്‌ വാനോളം ഉയർത്തി അവരുടെപേരിൽ കാശടിക്കുന്ന കച്ചവടം ഹോളിവുഡ്ഡിന്റെ പൈതൃകം. ആ വഴിയിൽ നീങ്ങി ഇന്ത്യൻസിനിമയും. ജനം മയങ്ങി. കരവിരുതുമാത്രം കലയാവില്ലെന്നും കലമാത്രം സിനിമയാവില്ലെന്നും തിരിച്ചറിഞ്ഞവർ കുറച്ചുമാത്രം. അവർ, കാണികളായാലും സംവിധായകരായാലും, ഉച്ചപ്പടങ്ങളുടെ പിൻനിരയിലുമായി. അവാർഡുകളുടെ അന്ത:പുരങ്ങളിലുമായി.

അവാർഡ്‌ പൂവിനു സുഗന്ധമാണ്‌, ചിലപ്പോഴെല്ലാം കുതിരയ്ക്കു കൊമ്പുമായി തീരാറുണ്ടത്‌.

ഒരു ചലച്ചിത്രമേളയ്ക്കു ഗോവയിൽവന്നപ്പോൾ അടൂർ ഗോപാലകൃഷ്ണനുമായി അൽപം സംസാരിക്കാനിടയായി. തന്റെ തൊഴിൽ ഇത്രക്കുനന്നായി അറിയുന്നവർ കുറവാണ്‌. അദ്ദേഹത്തിന്റെ ഉൾവിളികളും ഉൾക്കാഴ്ച്ചകളും എളുപ്പം പിടികിട്ടിയെന്നുവരില്ല. കഥാന്ത്യത്തിന്റെ 'probability'-യെയും 'possibility'-യെയുംകുറിച്ചുള്ള അദ്ദേഹത്തിന്റെ വിചിന്തനം മറക്കാനാവില്ല. അദ്ദേഹത്തിന്‌ ഒരപേക്ഷയേ ഉണ്ടായിരുന്നുള്ളൂ. തന്നെ ചായസത്‌കാരത്തിനും അത്താഴവിരുന്നിനും ഒന്നും ക്ഷണിക്കണ്ട; തന്റെ പടം കാശുകൊടുത്തുനോക്കി അഭിപ്രായം തുറന്നു പറയുക. അതിൽകവിഞ്ഞൊരു അവാർഡ്‌ വേറൊന്നില്ല.

അടുത്തിടെ, പയറ്റും പക്ഷപാതവുമില്ലാത്ത പക്വമായ ചിത്രവിചിന്തനം സി.എസ്‌. വെങ്കിടേശ്വരൻ നടത്തുന്നതു കാണുമ്പോൾ ആഹ്ലാദം തോന്നുന്നു. പഴയ കോഴിക്കോടനെയും സിനിക്കിനെയും മറന്നുകൊണ്ടല്ല ഈ വാക്കുകൾ. സൂപ്പർതാരങ്ങളുടെ ആസ്വാദകസംഘങ്ങളുടെയും കൂലിയെഴുത്തുകാരുടെയും പെരുമഴക്കാലത്ത്‌ ഇത്തരം ഒരു കുട്ടിക്കുടപോലും കാണികൾക്കു കരുത്തേകും.

ഒരു ചിത്രത്തിൽ മമ്മൂട്ടിയും മോഹൻലാലുംതമ്മിൽ ഒരു കശപിശയുണ്ടല്ലോ, സ്വഭംഗിയെപ്പറ്റിയും അപരന്റെ മൂക്കിനെപ്പറ്റിയും പല്ലിനെപ്പറ്റിയുമെല്ലാംപറഞ്ഞ്‌. ആ ഉഗ്രൻ 'ഐറണി' നമ്മുടെ സിനിമക്കും നന്നേ ചേരും. സത്യത്തിൽ ഇന്നു സിനിമയില്ല; തനിക്കു വലുതാകാൻ, താൻ വലുതെന്ന ഇത്തരം തരികിടകൾമാത്രം! പാവം കാണികൾ കാശുകൊടുത്ത്‌ അവരുടെ കുമ്പ വീർപ്പിക്കുന്നു.

കെ.കെ. രാജ പറഞ്ഞതിനു വിപരീതമെന്നപോലെ, ഉള്ളൂർ'സ്വാമി'യെഴുതി:

'സന്ധ്യക്കു മാനത്തു മലർന്ന താര-
ത്താരത്രയുംകണ്ടു ചെടിച്ച കണ്ണേ,
കുനിഞ്ഞിടാമൊന്നിനി നിന്റെ നോട്ടം
കുപ്പക്കുഴിക്കുള്ളിലുമെത്തിടട്ടെ.'

ഇക്കാര്യം ഇക്കാലത്തെ സിനിമാലോകത്തിനു പ്രസക്തം. സാക്ഷാൽ സ്വാമി കെട്ടിയ കോട്ടയിൽ ഇനിയും കാണാനുണ്ട്‌, കാണിക്കാനുണ്ട്‌, പലതും!

[Published in the fortnightly web magazine www.nattupacha.com, 15 Feb 2010]

Wednesday 17 February 2010

അൽപം വണ്ടിക്കാര്യം

ഒരുമാതിരിപ്പെട്ട എല്ലാ ആൺപിള്ളേരുടെയും കുട്ടിക്കാലത്തെ ആഗ്രഹം ഒരു ഡ്രൈവർ ആകാനായിരിക്കും. പെൺകുട്ടികളുടേതെന്തെന്നറിയില്ല. അവർക്കാകട്ടെ അൽപം മുതിരുമ്പോൾ ഡ്രൈവർമാരുമായുള്ള പ്രണയവും അത്യാവശ്യത്തിന്‌ ഒളിച്ചോട്ടവും പരക്കെ ഉണ്ടുതാനും.

ആണായാലും പെണ്ണായാലും വണ്ടിയോട്ടത്തോടും സ്പീഡിനോടുമെല്ലാമുള്ള അഭിനിവേശം നന്നേ ചെറുപ്പത്തിൽതന്നെയുണ്ടെന്നു സാരം.

കൊച്ചങ്ങ (തെങ്ങിൽനിന്നു വാടിവീഴുന്ന മച്ചിങ്ങ) രണ്ടെണ്ണം ഒരു ഈർക്കിലിന്റെ രണ്ടറ്റത്തും കുത്തി, ഒരു പ്ലാവിലയുടെ അറ്റം ആ ഈർക്കിലിൽ മടക്കി കൊരുത്ത്‌, വേറൊരു ഈർക്കിൽകഷ്ണംകൊണ്ടതു തുന്നിയുറപ്പിച്ച്‌, പ്ലാവില ഞെട്ടിൽ ചരടുകെട്ടി വണ്ടിയുണ്ടാക്കിവലിച്ച്‌ കൊച്ചുഡ്രൈവറാകുന്ന കൊച്ചുബാല്യം ഞങ്ങളുടെ തലമുറയ്ക്കുണ്ട്‌. അതുരണ്ടെണ്ണം മുഖാമുഖംചേർത്തുതുന്നി നാൽച്ചക്രവാഹനവുമുണ്ടാക്കി ഞങ്ങൾ. ഒരു ചക്രത്തിൽ റബർനൂലുപിരിച്ചുകെട്ടി കൈവിട്ടാൽ സ്വയംനീങ്ങുന്ന 'മോട്ടോർ'വണ്ടിയും. അന്നേയ്ക്ക്‌ മുച്ചക്ര-ഓട്ടോ വന്നിട്ടില്ലായിരുന്നു. പട്ടണത്തിലെ പണക്കാർപൈതങ്ങൾ ചിലർക്ക്‌ പക്ഷെ മുച്ചക്ര-സൈക്കിൾ കളിക്കാനുണ്ടായിരുന്നു.

അന്നൊക്കെ കളിപ്പാട്ടങ്ങളെല്ലാം കുട്ടികൾ തനിയെ കണ്ടെത്തണം, അല്ലെങ്കിൽ തനിയെ ഉണ്ടാക്കിക്കൊള്ളണം. ചിരട്ടയും മണ്ണുംകൊണ്ടപ്പം ചുടും. ഇല്ലിയിലയുടെ നടുഭാഗം ചൂണ്ടുവിരൽത്തുമ്പിൽ തുപ്പൽതൊട്ടൊട്ടിച്ചുകൊണ്ടോടി പങ്ക കറക്കും. ചില വിരുതൻമാർ ഇരുകയ്യിലും അങ്ങനെ പങ്കയുണ്ടാക്കി 'വിമാനം' പറത്തും. തെങ്ങോല കൊണ്ടു കാറ്റാടി, പാമ്പ്‌, മഷിക്കുപ്പി, പീപ്പി. അയിനിത്തിരി കത്തിച്ചു ചന്ദനത്തിരി; ചില പോക്കിരികൾക്കത്‌ കളി'ബീഡി'യാകും. മാറോട്ടുകഷ്ണം കുളപ്പരപ്പിൽപായിച്ച്‌ 'തവളച്ചാട്ടം'. കൊത്തംകളിക്കു കൽക്കഷ്ണങ്ങൾ. കളംവരച്ചുകളിക്ക്‌ എരിക്കിൻപൂ. ചുരക്ക തുരന്ന്‌ കുടുക്ക. കളിമണ്ണുകുഴച്ച്‌ ആൾരൂപങ്ങൾ. വളയുന്ന വടിയിൽ കയർകെട്ടി വില്ലാക്കി ഈർക്കിൽ തൊടുത്ത്‌ അമ്പെയ്ത്ത്‌. മുളംകുഴലിൽ കൂവക്കിഴങ്ങുകുത്തിക്കേറ്റി വടികൊണ്ടുകുത്തി പൊട്ടിക്കുന്ന കൊട്ടത്തോക്ക്‌. മുന്നിലുള്ളാളുടെ കുപ്പായത്തിന്റെ പിന്നറ്റംപിടിച്ചുള്ള കുതിരയോട്ടം. മച്ചിങ്ങ ഈർക്കിലറ്റത്തുകോർത്തെറിയുന്ന വാണം. തട്ടിക്കളിക്കാൻ തുണിപ്പന്ത്‌. തുമ്പപ്പൂ തലകീഴാക്കി, ഞെട്ടിൽ മുക്കുറ്റിപ്പൂ തിരുകി വെള്ളത്തിലിട്ടാൽ താറാവായി. ഇളംതണ്ട്‌ ഇടതും വലതും ഒന്നുവിട്ടൊടിച്ച്‌ താമരമാല. നീന്താൻ, ഒരുജോഡി കൊട്ടത്തേങ്ങ അൽപം മടൽവകഞ്ഞ്‌ ചകിരികോർത്തുകെട്ടിയ 'lifebuoy'. ഇരട്ടച്ചിറകുള്ള പൊങ്ങിൻകായ മുകളിലേക്കെറിഞ്ഞാൽ 'helicopter'. അപ്പൂപ്പൻതാടിയുടെ 'parachute'. വാഴത്ത്ണ്ടുകൊണ്ടുകൊണ്ടു ട്യൂബ്‌ലൈറ്റ്‌. തെങ്ങിൻമടൽ ബാറ്റ്‌, ചാക്കുചരടു ചുറ്റിക്കെട്ടി നൂൽപ്പന്ത്‌. നാടകം കളിക്കാൻ അമ്മയുടെ സാരി, തിരശ്ശീല അച്ഛന്റെ മുണ്ട്‌; കുരുത്തോലയും വർണക്കടലാസ്സുംകൊണ്ടു കിരീടം, മരസ്കെയിൽ വാൾ, ഇഡ്ഡലിത്തട്ടു പരിച, ഉമിക്കരി വെള്ളത്തിൽചാലിച്ചു മീശ. ഓട്ടബക്കറ്റു വശംചരിച്ചുവച്ചാൽ ഉച്ചഭാഷിണിയായി. തലയിൽ കടലാസ്സുവഞ്ചി കമഴ്ത്തിവച്ചാൽ ഗാന്ധിത്തൊപ്പി. തൂവാല കഴുത്തിൽകെട്ടിയാൽ കമ്യൂണിസ്റ്റുമായി. "മാന്യമഹാജനങ്ങളേ, മാക്കാച്ചിക്കുഞ്ഞുങ്ങളേ, വേലിപ്പത്തലുകളേ, പിച്ചാത്തിത്തുമ്പുകളേ" എന്നെല്ലാം പ്രസംഗം. കുട്ടികളേക്കാൾ കൂടുതൽ കളികൾ! അതിലേറെ കളിപ്പാട്ടങ്ങൾ!

കവുങ്ങോല പാളയോടുകൂടിയെടുത്ത്‌, പാളപ്പുറത്തു ചെറുപിള്ളേരെയിരുത്തി റിക്ഷ വലിക്കുന്ന കളിയായിരുന്നു എനിക്കേറെയിഷ്ടം. അതുംകൊണ്ട്‌ 'ഭൂമി'മുഴുവൻ, അതായത്‌ മുറ്റംമുഴുവൻ ചുറ്റിവരുമ്പോഴേക്കും വലിച്ചവർ കിതയ്ക്കും, ഇരുന്നവർ ചോരപൊടിയുന്ന ഊര തടവും. അന്നും പ്രചാരമുണ്ടായിരുന്ന പാവം റിക്ഷവണ്ടിക്കാരെപ്പോലെ.

അന്നെല്ലാം വലുതായിത്തോന്നി. വലിയ ചന്ദ്രൻ, വലിയ മുറ്റം, വലിയ മരം. കുട്ടിക്കാലത്തങ്ങനെയാണത്രെ. കിളിരം കുറയുമ്പോൾ വീക്ഷണകോണിലുള്ള വിഭ്രമമാണത്രെ. അല്ലെങ്കിലും ചെറിയവർക്ക്‌ ചെറിയപ്രശ്നങ്ങൾ വലുതായിത്തോന്നും, വലിയ പ്രശ്നങ്ങൾ ചെറുതായിത്തോന്നും.

ഇടയ്ക്കെല്ലാം അമ്പലപ്പറമ്പിൽ വന്നെത്തുന്ന മരവും തകരവുംകൊണ്ടുള്ള കളിപ്പാട്ടങ്ങൾ കൗതുകമാവും, തലച്ചുമടായി 'വളപ്പെട്ടിക്കാരൻ' കൊണ്ടുനടക്കുന്ന 'ആനമയിലൊട്ടക'ങ്ങളും. ബലൂൺ തികച്ചും ആർഭാടവും ആഘോഷവുമായിരുന്നു.

അൽപം മുതിർന്നാൽ ഒരു പഴയ സൈക്കിൾ-ടയറും ഒരു വടിക്കഷ്ണവും. പിന്നെ എപ്പോഴും ടയറിൽ വടിതട്ടിയോടിച്ചേ വഴിനടക്കൂ. അതൊരു 'ഗമ'യായിരുന്നു. ശരിക്കുമൊരു സൈക്കിൾ കൈകൊണ്ടുതൊടാൻ പിന്നെയും മുതിരണമായിരുന്നു.

ഓർമയിൽ എനിക്കാദ്യം കാശുകൊടുത്തുവാങ്ങിത്തന്ന കളിപ്പാട്ടം മരംകൊണ്ടുണ്ടാക്കി പളപളാ ചായംതേച്ച ഒരു കാളവണ്ടി; തുടർന്ന്‌ എന്റെ വണ്ടിഭ്രാന്തുകണ്ട്‌ തകരത്തിൽ രണ്ടു കാറുകളും. അവ ഇന്നത്തെ 'ഫോക്‌സ്‌ വാഗൺ' ആണെന്നറിയുന്നത്‌ ഇരുപതിറ്റാണ്ടുകൾക്കുശേഷം ഗോവയിൽ വച്ച്‌! (ഇന്നും ഗോവയിൽ ഒരുപാടു 'ഫോക്സ്‌ വാഗൺ' ഉണ്ട്‌). കൊച്ചി റിഫൈനറി പണിയുന്ന കാലത്ത്‌, ഒരു 'മിറ്റ്സുബിഷി' പിക്‌-അപ്‌ വാൻ ഞാനും 'വാങ്ങി', അത്തച്ചമയത്തിന്‌.

റോഡുപണിക്കും വെട്ടുകല്ലിറക്കാനുംമറ്റുംവരുന്ന ലോറിക്കാരെ കൂട്ടുപിടിച്ച്‌ ലോറിക്കുള്ളിൽകയറി, വളയവുമങ്ങനെ ഏന്തിപ്പിടിച്ചിരിക്കും. 'പോം പോം' ഹോണെങ്ങാനും തൊട്ടുപോയാൽ കേറ്റിയപോലെ ഇറക്കിവിടും കൊമ്പൻമീശക്കാർ.

ഞങ്ങളുടെ നാട്ടിൽനിന്ന്‌ കൊച്ചിപ്പട്ടണത്തേക്ക്‌ അന്ന്‌ ഒരേയൊരു ബസ്സ്‌, 'പയനിയർ'. പേരുപോലെ ആദ്യത്തെ ബസ്സ്‌. മരച്ചട്ടയിൽതീർത്ത തുറന്ന ജനലുകളുള്ള വണ്ടി. അകത്ത്‌ വശങ്ങൾചേർന്ന്‌ നീളൻ മരബെഞ്ച്‌. രണ്ടുദിവസം ഓടിയാൽ മൂന്നുദിവസം ഓടില്ല. ചോദിച്ചാൽ 'ബസ്സു ചത്തു' എന്നുപറയും; അതിനു ജീവനുണ്ടായിരുന്നിരിക്കണം. പിന്നെ 'പി.എസ്‌.എൻ.' വന്നു, തുടർന്ന്‌ 'പി.എൻ.കെ.' യും. നാട്ടുവഴിയിലൂടെ ആദ്യമോടിയ ബസ്സ്‌ 'ഗീത'; കേരളപ്പിറവിദിവസം പുഷ്പാലംകൃതയായി അവൾ അണിഞ്ഞൊരുങ്ങിവന്നു.

കാറുകൾ ഒന്നോ രണ്ടോപേർക്കുമാത്രം. ഒരു 'മോറിസ്സ്‌ മൈനർ', ഒരു 'ഫോർഡ്‌ പ്രീഫെക്റ്റ്‌'. രണ്ടുമൂന്നെണ്ണം ടാക്സിയായോടിയിരുന്നു; 'സ്റ്റ്യൂഡ്‌ബെക്കർ', 'വാൻഗാർഡ്‌', 'സ്റ്റാൻഡേർഡ്‌', 'ഹിന്ദുസ്ഥാൻ' (അതു പിന്നെ 'അംബാസഡർ' ആയി). ഇടയ്ക്കൊരു 'ഹെറാൾഡ്‌' വന്നുപോയി. 'ഫിയറ്റ്‌' എല്ലാം വളരെക്കഴിഞ്ഞ്‌.

നെഹ്‌റു വന്നത്‌ ഒരു തുറന്ന 'ഇംപാല'യിലായിരുന്നു; പിന്നെ അതുപോലൊന്നുകണ്ടത്‌ ഏതോ ഒരു മെത്രാനച്ചന്റെ ഘോഷയാത്രയിൽ. അതിനെ ഞങ്ങൾ 'ഏറോപ്ലെയിൻ കാർ' എന്നു വിളിച്ചു.

ലോറികളിൽ പ്രധാനി 'ബെഡ്‌ഫോർഡ്‌' ആയിരുന്നു ('വാസ്തുഹാര'യിലുണ്ടിത്‌); ഇടയ്ക്കെല്ലാം ഒരു 'ഫാർഗോ', ഒരു 'ലേലാൻഡ്‌'. അസ്സൽ 'ടാറ്റ'ക്കു മുന്നോടി 'ബെൻസ്‌' - 'ടാറ്റ മെർസിഡസ്‌ ബെൻസ്‌'. ഇന്നിപ്പോൾ ലോറികളില്ല, ട്രക്കുകളേയുള്ളൂ, 'പീടിക' പോയി കടയായതുപോലെ..

കിഴക്കൻപ്രദേശങ്ങളിൽനിന്ന്‌ കുറെ ജീപ്പുകൾ വരും, മോട്ടോർ സൈക്കിളുകളും. പോലീസിന്റേതടക്കം ജീപ്പെല്ലാം 'വില്ലീസ്‌', ഇടംകയ്യോട്ടക്കാരൻ. മോട്ടോർസൈക്കിളുകൾ (അതുമിപ്പോൾ 'ബൈക്ക്‌' ആയി) 'റോയൽ എൻഫീൽഡ്‌', പിന്നെ 'ജാവ', 'രാജ്‌ദൂത്‌'. കഴിഞ്ഞു. സ്‌ക്കൂട്ടർ എത്തിയിട്ടുണ്ടായിരുന്നില്ല, ആകപ്പാടെ ഒരെണ്ണം എറണാകുളത്തെ സാരിയുടുത്ത ഇറ്റലിക്കാരി ഡോ. മാർത്ത വനൂചിയുടെ 'ഇന്നസന്റി'. അവർ പിന്നീട്‌ സഹപ്രവർത്തകയായപ്പോഴാണ്‌ അതറിഞ്ഞതുതന്നെ. നാട്ടിൽ ആദ്യം ഇറങ്ങിയ സ്‌ക്കൂട്ടർ ഒരു 'ലാംബ്രറ്റ'.

അക്കാലത്താണ്‌ എറണാകുളവും കോട്ടയവുംതമ്മിൽ ബന്ധിപ്പിക്കുന്ന റെയിൽവേ വരുന്നത്‌. ആദ്യത്തെ തീവണ്ടിതന്നെ ഓടിച്ചെന്നുകണ്ടു. കരിതിന്ന്‌ പുകതുപ്പുന്ന കരിമ്പൂതം ദിവസത്തിൽ ഒന്നുംരണ്ടും തവണ ഞങ്ങളെ കോരിത്തരിപ്പിച്ചു. അധികം വൈകാതെ അച്ഛനൊരു തീവണ്ടിയാത്രയും ഒപ്പിച്ചുതന്നു; എറണാകുളം മുതൽ തൃപ്പൂണിത്തുറവരെ. തീവണ്ടി, തണ്ടുവാളം, റാന്തൽവിളക്ക്‌, ചീട്ട്‌, കൈകാട്ടി, കൂലി എന്നീ വാക്കുകളൊന്നും ഇന്നില്ല. പച്ചക്കൊടിയും ചുവന്നകൊടിയും മാത്രം പേരിനെങ്കിലും നിലനിൽക്കുന്നു. വേറെ പല കൊടികളും ഉള്ളതിനാലാവാം!

എന്നും ഉച്ചക്ക്‌ ഒരു വിമാനം പറന്നുപോകുന്നതു നോക്കിയിരിക്കും ഞങ്ങൾ. ഇരുവശത്തും പങ്കകറക്കിക്കൊണ്ടുള്ള ഒരു പോക്ക്‌! സ്‌ക്കൂളിലാണെങ്കിൽ ക്ലാസ്സ്‌ നിശ്ശബ്ദമാവും. പുറത്താണെങ്കിൽ തലപൊന്തിച്ചുനോക്കാത്തവർ ആരുമുണ്ടാവില്ല.

ആദ്യത്തെ റോക്കറ്റ്‌ (ഉപഗ്രഹമെന്നാണു പറയേണ്ടിയിരുന്നത്‌) കാണാൻ ഞങ്ങളെ സ്‌ക്കൂൾമുറ്റത്തിറക്കി. റഷ്യയുടെ 'സ്പുട്നിക്‌'. ഒരു വൈദ്യുതബൾബിന്റെ വലിപ്പത്തിൽ ഞങ്ങളതുകണ്ടു. വഴിയോരത്തെ റിക്ഷക്കാരൻ അതിനെ 'ആകാശറിക്ഷ'യെന്നും ഒരു കിഴക്കൻ കർഷകൻ അതിനെ 'ആകാശ ജീപ്പ്‌' എന്നും വിശേഷിപ്പിച്ചതായി ഞങ്ങൾ ക്രൂരകഥകളുണ്ടാക്കി.

അന്നേക്ക്‌ ഞാൻ വള്ളവും ബോട്ടും കപ്പലുമെല്ലാം ദൂരെനിന്നു കണ്ടിട്ടേയുള്ളൂ. പത്താംവയസ്സിൽ നാവികസേനാദിനത്തിൽ സ്ക്കൂളിൽനിന്നൊരു തുറമുഖയാത്ര. പിന്നെയും ഒരു പത്തുവർഷംകഴിയണമായിരുന്നു ഒരു ബോട്ടുയാത്ര തരപ്പെടാൻ (അതിനുശേഷം ഞാൻ നടത്തിയിട്ടുള്ള കടൽയാത്രയ്ക്കു കണക്കില്ല!).

അൽപമകലെ കിതച്ചോടുന്ന തീവണ്ടിയും ഒരു നാഴികദൂരെ കോട്ടയ്ക്കകത്തെ മണിമാളികയിലെ നാഴികമണിയും പത്തുനാഴികയകലെ കൊച്ചി തുറമുഖത്തെ സൈറൺ മുഴക്കുന്ന കപ്പലുകളും അന്നത്തെ നിശ്ശബ്ദരാത്രികളിൽ തരാട്ടുപാടി.

പിന്നിലേക്കു വീണ്ടും.

ഒറ്റച്ചക്രമുരുട്ടി വളർന്നപ്പോൾ വീട്ടിലെ സൈക്കിൾ കൈകൊണ്ടുന്തി സ്ഥലംമാറ്റിവയ്ക്കാനെല്ലാം അനുവാദം കിട്ടി. അതൊരു പഴയ ഇംഗ്ലീഷ്‌ 'ഫിലിപ്സ്‌' ആയിരുന്നു; സാധാരണകണ്ടിരുന്ന 'റാലി', 'അറ്റ്‌ലസ്‌' തുടങ്ങിയവയേക്കാൾ ഉയരംകൂടിയത്‌. അച്ഛനും കഷ്ടി ജ്യേഷ്ഠനുംമാത്രം പ്രാപ്യം. രണ്ടാം ലോകമഹായുദ്ധകാലംകഴിഞ്ഞ്‌ ഏതോ ബ്രിട്ടീഷുകാരൻ വിറ്റിട്ടുപോയതാണത്രേ.

അതോടിച്ചുപഠിക്കാൻ പിന്നെയും വളരണമായിരുന്നു ഞാൻ.

അതിനിടയിൽ അന്നത്തെ എല്ലാ സാമൂഹ്യശാസ്ത്രങ്ങളെയും വെല്ലുവിളിച്ചുകൊണ്ട്‌ ആ സൈക്കിൾ ചവിട്ടാൻ മുതിർന്നു എന്റെ ചേച്ചി. ആരംഭം ഉഗ്രനായി. പത്തടിപോയില്ല, 'പൊത്തോ' എന്നൊരു ശബ്ദം. ബാക്കി, പരിക്കൊന്നുമില്ലാത്ത ചേച്ചിയും, കണ്ണികൂട്ടിയ പറമ്പുംകടന്ന്‌ വേലിപ്പത്തലുംപൊളിച്ച്‌ മുരിങ്ങമരത്തിൽ ഇടിച്ചു തലപൊളിഞ്ഞുനിൽക്കുന്ന ചവിട്ടുവണ്ടിയും.

ഇതെല്ലാം കണ്ടും കേട്ടുമെല്ലാമാകണം, സൈക്കിളോട്ടം ഞാൻ പുഷ്പംപോലെ പഠിച്ചെടുത്തു. ആകപ്പാടെ വീണത്‌ ഒരിക്കൽമാത്രം, അത്‌ വള്ളിനിക്കർ സീറ്റിൽകുടുങ്ങിയതുകൊണ്ടുമാത്രം.

അചിരേണ നാടിന്റെ വേഗംകൂടി. അച്ഛൻ പണ്ടു നടന്നെത്തിയിരുന്ന സ്ഥലങ്ങൾ ഞങ്ങൾ മക്കൾ സൈക്കിളോടിച്ചെത്തി. പിന്നീടതു ബസ്സിലായി. പിന്നെപ്പിന്നെ ഓട്ടോവിലും സ്വന്തം വാഹനത്തിലുമെല്ലാമായി.

വേഗം, വേഗം. കാൽനടയില്ലാത്തതുകൊണ്ട്‌ കടക്കാരുടെ കണ്ണുവെട്ടിക്കാനായി. കുഗ്രാമത്തിൽ കാറെത്താത്തതുകൊണ്ട്‌ കുടിലിൽകഴിഞ്ഞിരുന്ന ഗുരുകാരണവൻമാരെ ചെന്നുകാണാതായി. വിമാനനിരക്കുകൂട്ടിയാൽ വേവലാതിയായി. കുടവയറിനു കുറവില്ലാതായി!

മരണവും വേഗം വേഗം വന്നെത്തി!

കാൽനടവരെ സൈക്കിൾ ചെന്നെത്തില്ല. സൈക്കിൾചെന്നെത്തുന്നേടം ബൈക്കിനെത്താം എന്നില്ല. ബൈക്കെത്തുന്നിടത്തത്രയും കാറെത്തണമെന്നില്ല. തീവണ്ടിയെത്തുന്ന സ്ഥലങ്ങളിൽകൂടുതൽ ബസ്സെത്തും. ദിനംപ്രതിയാത്രയ്ക്ക്‌ വിമാനം പറ്റില്ല. എന്നാലോ റോക്കറ്റ്‌ പോകുന്നത്രയും ഇവക്കൊന്നുമാവില്ല. ഓരോകാര്യത്തിനോരോന്ന്‌. അതിവേഗവും ബഹുദൂരവും ഒന്നിച്ചുവേണമെന്നില്ല.

കാറോടിക്കുന്നവന്‌ സൈക്കിളോടിക്കാനറിയണമെന്നില്ല. സൈക്കിളും ബസ്സുമെല്ലാമോടിക്കുന്നവന്‌ തീവണ്ടിയോടിക്കാനറിയുമെന്നില്ല. റോക്കറ്റ്‌ നിയന്ത്രിക്കുന്നവനുപോലും വിമാനംപറത്താനാവണമെന്നില്ല; സൈക്കിളോടിക്കാനറിയണമെന്നുമില്ല.

ഭാവിയിൽ വണ്ടിയോടിക്കുന്നവന്‌ ഒന്നുമറിയണമെന്നുണ്ടാവില്ല. നമ്മുടെ ഭരണസാരഥികളിൽ ചിലരെപ്പോലെ! എല്ലാം അങ്ങിനെയങ്ങു പോകും!

നമ്മളും നമ്മുടെ വണ്ടികളും ഈ കൊച്ചു ഭൂമിയും അതിലും ചെറിയ ചന്ദ്രനും വലിയ സൂര്യനും മറ്റു ഗ്രഹങ്ങളും നക്ഷത്രങ്ങളും. എല്ലാം കൂടിയുള്ളൊരു നെട്ടോട്ടം. ആരും പറഞ്ഞുപോവും, "എന്തൊരു സ്പീഡ്‌!"

എന്നിട്ടോ? വണ്ടിക്കുള്ളിലിരുന്ന്‌ പരക്കംപാഞ്ഞാൽ വേഗംകൂടുമോ?

[Published in the fortnightly webmagazine www.nattupacha.com, 1 Feb 2010]

Thursday 21 January 2010

അത്യുന്നതങ്ങളിൽ മഹത്വം.

അത്യുന്നതങ്ങളിൽ മഹത്വം പൊതുവെ കമ്മിയാണ്‌ (ഭൂമിയിൽ സമാധാനവും). എന്നാൽ ഒരു സ്വകാര്യ-ഇംഗ്ലീഷ്‌മീഡിയം കലാലയത്തിന്റെ തലപ്പത്തിരിക്കുമ്പോഴും തന്റെ മകളെ സർക്കാർ-മറാഠി സ്ക്കൂളിൽചേർത്തു പഠിപ്പിക്കുവാനുള്ള ആർജവംകാട്ടിയ വ്യക്തിയാണ്‌ പ്രൊഫസർ രാം ജോഷി. ഇംഗ്ലീഷ്‌ ആർക്കും അനായാസം എപ്പോൾവേണമെങ്കിലും പഠിക്കാം. പക്ഷെ ആദ്യം സ്വന്തംഭാഷ അറിഞ്ഞിരിക്കണം ഒരു ഭാരതീയൻ. കൊച്ചുകുട്ടികളെ കച്ചവടച്ചരക്കാക്കുന്ന 'വിദ്യാഭാസ'സമ്പ്രദായത്തിനെതിരെ അദ്ദേഹം പടവെട്ടി. ഒരുപരിധിവരെ തോറ്റു.

തത്ത്വം, 'തനിക്കൊന്നും മറ്റുള്ളോർക്കു വേറൊന്നും' എന്ന വലിയവരുടെ കപടനാട്യത്തിന്‌ കടകവിരുദ്ധമായിരുന്നു ഡോ. രാം ജോഷിയുടെ സ്വകാര്യജീവിതവും പൊതുപ്രവർത്തനങ്ങളും.

എനിക്ക്‌ അദ്ദേഹത്തെ നേരിട്ടറിയില്ല. എന്നാൽ എന്റെ ഭാര്യപറഞ്ഞുപറഞ്ഞ്‌ പ്രൊഫ. രാം ജോഷി മനസ്സിലെന്നും തെളിഞ്ഞുനിൽക്കുന്നു.

കനകം അന്നു കോളേജിൽ ചേർന്നിട്ടേയുള്ളൂ; മുംബൈയിലെ സയണിൽ 'South Indian Education Society (SIES)'-യുടെ കോളേജിൽ. വളരെയധികം വിഷമങ്ങൾ സഹിച്ചു വളർന്നുവന്ന ഒരു വിദ്യാഭ്യാസസ്‌ഥാപനമാണ്‌ SIES. ഉദ്യോഗാർഥം 'ബംബാ'യിൽ കുടിയേറിയ 'ആദിദ്രാവിഡർ', സ്വന്തം മക്കൾക്കും മരുമക്കൾക്കും തെക്കൻചിട്ടയിലെ പാഠ്യ-പഠനപദ്ധതികൾ പകർന്നുകൊടുക്കാൻ വഡാലയിൽ 'South Indian Welfare Society (SIWS)'-യുടെ കീഴിലും സ്‌ക്കൂൾ ('സാമ്പാർ-ഇഡ്ഡ്‌ലി-വട-സ്‌ക്കൂൾ' എന്നു പരിഹാസപ്പേര്‌) നടത്തിപ്പോന്നിരുന്നു. ഈ രണ്ടു വിദ്യാഭ്യാസകേന്ദ്രങ്ങളിലാണ്‌ ഒട്ടുമിക്ക പ്രഗൽഭരും പഠിച്ചുവളർന്നതന്ന്‌.

അറുപതുകളുടെ അവസാനപാദംതൊട്ട്‌ പതിനേഴുവർഷം പ്രൊഫ. രാം ജോഷിയായിരുന്നു SIES-കോളേജിന്റെ പ്രിൻസിപ്പലും പൊളിറ്റിക്കൽസയൻസിന്റെ പ്രധാനാധ്യാപകനും. ഇനി കാര്യങ്ങൾ എന്റെ ഭാര്യ പറയും:

**********

"അന്ന്‌ വേഷവും ഭാഷയും ഭാഷണവും ഭക്ഷണവും വരെ തെന്നിന്ത്യനായിരുന്നു കോളേജിൽ. ഒരു കൊച്ചുപെൺകുട്ടി എന്നും കോണിപ്പടിയിറങ്ങിവരുന്നതു കാണാം; അടുത്തുള്ള മറാഠിസ്‌ക്കൂളിലെ യൂണിഫോമും ധരിച്ച്‌. അത്‌ പ്രൊഫ. രാം ജോഷിയുടെ മകളായിരുന്നു. ഇടക്കിടെ "ദാദാ" എന്ന വിളികേൾക്കാം (മറാഠിയിൽ അച്ഛനെ ബഹുമാനപൂർവം). കോളേജിലെ അഞ്ചാംനിലയിലായിരുന്നു പ്രൊഫസറുടെ താമസവും.

മൂന്നാംവർഷം പൊളിറ്റിക്കൽ സയൻസ്‌ ഐച്ഛികമായെടുത്തപ്പോൾ രാം ജോഷിയുടെ ക്ലാസ്സുകൾ തുടങ്ങി. അതുവരെ പ്രിൻസിപ്പലായിമാത്രം ഞങ്ങൾ അകലെനിന്നു നോക്കിക്കണ്ട അദ്ദേഹം ക്ലാസ്സിനകത്ത്‌ തികഞ്ഞൊരു അധ്യാപകനായിരുന്നു. അനാവശ്യഗൗരവം എന്നൊന്ന്‌ അദ്ദേഹത്തിനില്ലായിരുന്നു. ആദ്യമേ പറഞ്ഞുറപ്പിച്ചു, ആർക്കെങ്കിലും ക്ലാസ്സിലെത്താൻ കഴിയാതെ വന്നാൽ ഒഴിവുസമയം അഞ്ചാംനിലയിലെ വീട്ടിലേക്കു വരാം. താൻ, വിട്ടുപോയ പാഠഭാഗങ്ങൾ പറഞ്ഞുതരാം (അന്നും എന്നും മുംബൈയിൽ എവിടെയും സമയത്തിനെത്തുക പ്രയാസം; പോരാത്തതിനു പലരും, പണിയും പഠനവും ഒന്നിച്ചു നടത്തുന്നവരായിരുന്നു).

ദിവസങ്ങൾക്കകം അദ്ദേഹം കുട്ടികളുമായി അടുത്തു. തന്റെ തോൽവികളെപ്പറ്റിയും ജീവിതത്തിലനുഭവിച്ച കഷ്ടങ്ങളെപ്പറ്റിയും പറയുമ്പോൾ ആ കണ്ണുകൾ നീരണിയുമായിരുന്നു.

ഒരു പാവപ്പെട്ട അധ്യാപകന്റെ മൂത്തമകനായിരുന്നു സർ. അച്ഛൻ മരിച്ചതോടെ അമ്മയും മൂന്നുമക്കളും തനിച്ചായി. ദാരിദ്ര്യമെന്തെന്നു നേരിട്ടറിഞ്ഞു.

പഠനകാലത്തുതന്നെ സമഷ്ടിസിദ്ധാന്തത്തിൽ ന്യായമായും ആകർഷിക്കപ്പട്ട അദ്ദേഹം പ്രജാസോഷ്യലിസ്റ്റ്‌ പാർട്ടിയിൽ പ്രവർത്തിച്ചു തുടങ്ങി. ബോംബേയിലെ പാവപ്പട്ട തൊഴിലാളികളുടെ ഇടയിൽ അവരിലൊരാളായി.

ഒരിക്കലദ്ദേഹം പറഞ്ഞു. ഒരുകപ്പു ചായക്കായി താൻ ഒരിടത്ത്‌ അഞ്ചാറു മെയിൽ നടന്നു ചെല്ലും. അതായിരുന്നു തന്റെ പ്രാതലും മധ്യാന്നവും അത്താഴവും. വീട്ടിലെത്തിയാൽ അമ്മയോടു കള്ളംപറയും, "ആയീ, മാജ ജേവൺ ഝാലു"; അമ്മേ, തന്റെ ഊണുകഴിഞ്ഞെന്ന്‌. "രാം, തൂ ഖരേ ജേവലേസ്‌ കാ?" (രാം, നീ സത്യമായും ഊണുകഴിച്ചോ?) എന്ന ചോദ്യത്തിനു ചെവികൊടുക്കാതെ അമ്മയുടെ കൺവെട്ടത്തുനിന്ന്‌ ഒഴിഞ്ഞുമാറും. വീട്ടിൽ തന്റെ അനിയൻമാർക്ക്‌ ആഹാരം തികയ്ക്കാൻവേണ്ടിയായിരുന്നു ഈ കള്ളം. പിന്നെ അമ്മയുടെ ശ്രദ്ധ തെറ്റിക്കാൻ പഠനകാര്യങ്ങളും പാർട്ടിക്കാര്യങ്ങളും പറഞ്ഞിരിക്കും.

ഡോ. രാം ജോഷിയുടെ വിനയത്തിനും വിവേകത്തിനും വിശാലതയ്ക്കും വിജ്ഞാനത്തിനും വാഗ്മിതയ്ക്കും കനലിന്റെ വിശുദ്ധിയായിരുന്നു. തീയിൽ കുരുത്തതിന്റെ തിളക്കം.

ഒരിക്കലും 'ഞാൻ വലുത്‌, നീ ചെറുത്‌' എന്നൊരു ഭാവം അദ്ദേഹം കൊണ്ടുനടന്നില്ല. സ്വയം ചെറുതാകാൻ ആരെയും അനുവദിച്ചുമില്ല.

ഒരിക്കലെനിക്ക്‌ കോളേജിൽ ഫീസ്‌ കൊടുക്കാൻ കഴിയാതെ വന്നു. വീട്ടിലെ സ്ഥിതി എന്തെന്നറിയാവുന്നതുകൊണ്ട്‌ അച്ഛനമ്മമാരെ അലട്ടാൻ തോന്നിയില്ല. നാണക്കേടുകൊണ്ട്‌ കോളേജോഫീസിലെ ആരെയുംകണ്ടു പറയാനും തോന്നിയില്ല. താമസിയാതെ നോട്ടീസ്‌ബോർഡിൽ ഫീസടയ്ക്കാത്തവരുടെ പേരു വരും. ചെറുപ്രായമല്ലേ, അങ്ങനെയങ്ങു ചെറുതാകാൻവയ്യ. അവസാനം പ്രിൻസിപ്പൽ രാം ജോഷിയെത്തന്നെ ചെന്നു കണ്ടു ഓഫീസിൽ.

അദ്ദേഹത്തിന്റെ മുറിയിലോ വീട്ടിലോ ആർക്കുവേണമെങ്കിലും ഏതുനേരവും കയറിച്ചെല്ലാം. ഞാൻ എന്റെ സാമ്പത്തികപ്രശ്നം പറഞ്ഞു. ചെറു പുഞ്ചിരിയോടെ അതുകേട്ട അദ്ദേഹം ഒരു കടലാസ്സിൽ എന്തോ കുറിക്കുന്നതുകണ്ടു. പെട്ടെന്നു തല ഉയർത്തി ഒരു ചോദ്യം: "ഫീസിന്റെ കാലാവധി നീട്ടിത്തരണോ അതോ ഫീസ്‌ വേണ്ടെന്നു വയ്ക്കണോ?"

"എനിക്കെന്റെ പേര്‌ നോട്ടീസ്‌ബോർഡിൽ വരാതിരുന്നാൽ മതി"; ഞാനെന്റെ മനസ്സിലുള്ളതുമാത്രം പറഞ്ഞു.

അദ്ദേഹം പെട്ടെന്നു മുറിവിട്ടിറങ്ങി. മിനിറ്റുകൾക്കകം തിരിച്ചെത്തി. "കനകം എന്നാൽ എന്തെന്നറിയാമോ? മോളേ, ആ പേരുപോലെത്തന്നെ എന്നും പരിശുദ്ധമായിരിക്കൂ. ആ പേര്‌ നോട്ടീസ്‌ബോർഡിൽ വരില്ല; ഈ ടേമിലെ ഫീസ്‌ അടയ്ക്കുകയും വേണ്ട".

അതാണ്‌ രാം ജോഷി എന്ന മനുഷ്യൻ.

ഒരിക്കലദ്ദേഹം 'വൈരുധ്യാത്മകഭൗതികവാദ'ത്തെക്കുറിച്ച്‌ മൂന്നുമണിക്കൂർ ക്ലാസ്സെടുത്തു. തികച്ചും ബോറായിത്തുടങ്ങിയപ്പോൾ ഞങ്ങൾ ക്ലാസ്സിൽ കയറാതായി. അതിൽ അദ്ദേഹത്തിനു പരിഭവമില്ലായിരുന്നു; ആർക്കും എപ്പോൾ വേണമെങ്കിലും കയറിവരാം, ഇറങ്ങിപ്പോകാം. പിന്നൊരിക്കൽ അദ്ദേഹം കാൾ മാർക്ക്സിനെപ്പറ്റി ചർച്ചചെയ്തുകഴിഞ്ഞപ്പോൾ അഞ്ചു മണിക്കൂർ കവിഞ്ഞു; ഞങ്ങളാകട്ടെ സമയംപോയത്‌ അറിഞ്ഞതുമില്ല!

അതേസമയം ഇന്നും അതൊരു വൈരുധ്യമായിത്തോന്നുന്നു, എന്തുകൊണ്ട്‌ അദ്ദേഹത്തിന്‌ മുതലാളിത്തത്തിനോട്‌ പലപ്പോഴും ചായ്‌വുണ്ടായിരുന്നെന്ന്‌. ഇന്ദിരാഗാന്ധിയുടെ ഭരണശേഷിയിലോ സമ്മിശ്ര-സമ്പത്‌ഘടനയിലോ ഡോ. രാം ജോഷിക്ക്‌ തെല്ലും വിശ്വാസമില്ലായിരുന്നു. സാമൂഹ്യനീതിക്കുവേണ്ടി വാദിച്ച അദ്ദേഹംതന്നെ സമൂഹത്തിന്റെ വൈവിധ്യത്തിലും വാചാലനായി. ഒരു പക്ഷെ അതാണു രാം ജോഷി. സന്ദർഭത്തിനൊത്ത്‌ അനായാസം സംസ്കൃതശ്ലോകങ്ങൾ ചൊല്ലുന്ന അദ്ദേഹം ഒരിക്കൽപോലും ആചാരങ്ങൾ അനുഷ്ഠിക്കുന്നതു കണ്ടിട്ടില്ല. ഭാരതത്തിന്റെ സംസ്കാരവും മാതൃഭാഷയുടെ മഹത്വവും തിരിച്ചറിഞ്ഞുകൊണ്ടുതന്നെ, പാശ്ചാത്യരുടെ രാഷ്ട്രമീമാംസ ആംഗലേയത്തിൽ പഠിപ്പിച്ചു!

ദക്ഷിണേന്ത്യക്കാരനല്ലാത്തൊരാൾ SIES-ന്റെ തലപ്പത്തുവന്നതും ഒരു വൈരുധ്യമാണ്‌. 1977-ൽ പ്രൊഫ. രാം ജോഷി ബോംബെ സർവകലാശാലയുടെ കുലപതിയായി. അന്നും അദ്ദേഹം തന്റെ ഓഫീസും വീടുമെല്ലാം തുറന്ന പുസ്‌തകമായിത്തന്നെ സൂക്ഷിച്ചു.

ആരെ വിശ്വസിക്കണമെന്നും ആരെ വിശ്വസിക്കരുതെന്നും നല്ല നിശ്ചയമായിരുന്നു അദ്ദേഹത്തിന്‌. മഹത്തായൊരു രാഷ്ട്രീയപാരമ്പര്യത്തിന്റെ പാദമുദ്രകൾ.

ഒരിക്കൽ എന്റെ പഴയൊരു സഹപ്രവർത്തകക്കൊരു പ്രശ്നം; സ്വയംകൃതാനർഥം തന്നെ. സർവകലാശാലാപരീക്ഷക്ക്‌ ഉത്തരക്കടലാസ്സിൽ സീറ്റ്‌നമ്പർ എഴുതാതെ വിടുമോ ആരെങ്കിലും? ഞങ്ങൾ 'മറാഠികൾ' അത്തരം ചില 'ബുദ്ധി'യെല്ലാം കാണിച്ചേക്കും ഇടയ്ക്കെല്ലാം. പരീക്ഷക്കുശേഷം അതൊന്നുംനോക്കാതെ പരീക്ഷാഹാളിൽ പേപ്പർ തിരികെ ശേഖരിച്ച 'മറാഠി മാണൂസ്‌'-ഉം മണുങ്ങൂസുകളായിരുന്നിരിക്കണം.

ഏതായാലും സീറ്റ്‌-നമ്പറെഴുതാത്ത അവൾക്ക്‌ പരീക്ഷയുടെ റിസൾട്ടും മാർക്ക്‌-ലിസ്റ്റും കൊടുക്കില്ലെന്നു സർവകലാശാല. ആ പരീക്ഷ പാസ്സായാലേ അവൾക്കു ജോലി സ്ഥിരമാകൂ, ജോലിക്കയറ്റവും സാധ്യമാകൂ. ഒരുപാടു കത്തിടപാടുകളും ഇടപെടലുകളും നടന്നെങ്കിലും കാര്യംമാത്രം നടന്നില്ല.

അന്നേക്കു ഞാൻ മുംബൈ വിട്ടിരുന്നെങ്കിലും, വൈസ്‌ചാൻസലർ രാം ജോഷിയെക്കണ്ടു കാര്യംപറഞ്ഞുനോക്കാം എന്നു ഞാനേറ്റു. അൽപം അതിവിശ്വാസവും ഉണ്ടായിരുന്നു എന്നുവേണമെങ്കിൽ കരുതാം. ആ സ്ത്രീയേയുംകൂട്ടി ഞാൻ അദ്ദേഹത്തെ ചെന്നുകണ്ടു.

"സർ, എന്നെ ഓർക്കുന്നോ?"; എന്റെ ചോദ്യത്തിന്‌ മറുപടി ഒരു ചിരി: "ക്ലാസ്സിൽ എന്റെ ലെക്‌ച്ചർ കേൾക്കുന്നതോടൊപ്പം അപ്പുറത്തെ വിജയയെ (ക്ലാസ്സിലെ അന്നത്തെ ഏറ്റവും നന്നായി പഠിക്കുന്ന കുട്ടി; പിന്നീട്‌ വിദ്യാഭ്യാസ സെക്രട്ടറിയെല്ലാം ആയി) കുശുമ്പോടെ നോക്കുന്ന കനകം. ഇല്ല, ഞാൻ മറന്നിട്ടില്ല."

പിന്നെ എന്റെ ജോലിയെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമെല്ലാം വിശദമായി തിരക്കി. ആ സമയമെല്ലാം അടുത്തുള്ളവൾ വായുംപൂട്ടിയിരുന്നു. വൈകിക്കാതെ കാര്യം അവതരിച്ചപ്പോൾ സർ ഒരു നോട്ടെഴുതിത്തന്നു, "Quick Action". രണ്ടാംദിവസം ആ സ്ത്രീക്ക്‌ സർവകലാശാലയിൽനിന്ന്‌ മാർക്ക്‌-ലിസ്റ്റു കിട്ടി. അങ്ങനെ അവളുടെ ഉപജീവനമാർഗം തെളിഞ്ഞുകിട്ടി.

പലരും പറയും പ്രൊഫ. രാം ജോഷി ഒരു നല്ല പ്രിൻസിപ്പലായിരുന്നു, മോശം വൈസ്‌ചാൻസലറെന്നും. എനിക്കറിയില്ല. എനിക്കറിയാവുന്ന ആ സർ അത്യുന്നതനായിരുന്നു. മഹാനുഭാവനായിരുന്നു. അദ്ദേഹം കൈപിടിച്ചുകൊണ്ടുപോയ പലരും പിന്നീട്‌ സർവകലാശാലയിൽ അദ്ദേഹത്തെതന്നെ തിരിഞ്ഞുകുത്തിയതായുമറിയാം. നല്ല രാഷ്ട്രീയക്കാരന്‌ ചീത്ത രാഷ്ട്രീയം വഴങ്ങില്ലല്ലോ."

**********

കനകം ടി.വി.യിൽ പ്രിയപ്പെട്ടൊരു മറാഠിപ്രോഗ്രം, 'ദാമിനി' കാണുകയായിരുന്നു. കീഴെ ഒരു 'ടിക്കർ' മിന്നി: 'മുംബൈ വിശ്വവിദ്യാപീഠം പൂർവകുലപതി പ്രൊഫ. രാം ജോഷി ഒരു മണിക്കൂർ മുൻപ്‌ ഹൃദയാഘാതം മൂലം മരണമടഞ്ഞു.' അന്ന്‌ 1998 സെപ്റ്റംബർ 14.

Published in the webmagazine www.nattupacha.com on 1 Jan 2010

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...