Saturday 17 December 2011

കാവലാള്‍

പോലീസിന്‌ തമിഴില്‍ 'കാവല്‍' എന്നാണ്‌. എനിക്കേറ്റവും ഇഷ്ടപ്പെട്ടൊരു വാക്കാണത്‌. മുലായംസിംഗ്‌ യാദവ്‌ 'ഡിഫന്‍സ്‌ മിനിസ്റ്റ'റെ 'രക്ഷ മന്ത്രി' ആക്കി. എന്നിട്ടതു ഇംഗ്ളീഷിലെഴുതുന്നതു പോട്ടെ, അതിനു തീര്‍ച്ചയും മൂര്‍ച്ചയും കമ്മി. പക്ഷെ 'കാവല്‍' അങ്ങനെയല്ല. ഒരു പോലീസ്‌ എന്താകണോ അതാണു 'കാവല്‍'. പോലീസുകാരെ 'കാവലാള്‍' എന്നുവിളിക്കാന്‍ തോന്നിപ്പോകുന്നു. അതിനൊരു ശാലീനതയുണ്ട്‌, ഗൌരവവുമുണ്ട്‌. ആണ്‍പെണ്‍ ഭേദമില്ല, ആര്‍ഭാടത്തിനും കുറവില്ല. നല്ല സ്നേഹവും സൌഹൃദവും അനുഭവപ്പെടും. വിക്‌റ്റോറിയന്‍രീതിയില്‍, 'ദൈവഭയം' ആണ്‌; 'ഫിയര്‍ ഓഫ്‌ ഗോഡ്‌'. സക്കറിയ ഒരിക്കല്‍ ചോദിച്ചതുപോലെ, ദൈവത്തെ എന്തിനു ഭയക്കണം? അല്‍പം കളിയും ചിരിയും സൌഹൃദവും ഗൌരവവുമെല്ലാമുള്ള ഒരു കൂട്ടുകാരനായിരുന്നാലേ ദൈവത്തിന്‌ ഒരു ഭംഗിയും രസവുമെല്ലാമുള്ളൂ. അതുപോലെയാകണം പോലീസും. നാട്ടില്‍ ജനമൈത്രിപോലീസെല്ലാം വരുന്നത്‌ അടുത്തകാലത്താണല്ലോ. അതിനെല്ലാം പതിറ്റാണ്ടുകള്‍മുന്‍പ്‌ ഗോവയില്‍ പോലീസെന്നാല്‍ അങ്ങനെയെല്ലാമായിരുന്നു (ഇന്നും അത്രവലിയ മാറ്റമൊന്നുമില്ല). ഞാന്‍ താമസിച്ചിരുന്നിടത്തൊരു പോലീസ്‌ ഔട്ട്‌-പോസ്റ്റുണ്ടായിരുന്നു. നാല്‍ക്കവലയില്‍. ഒരുവശത്തെ റോഡില്‍ എണ്റ്റെ പണിസ്ഥലവും, രാജ്‌ഭവനും മറ്റും. എതിറ്‍വശത്തെ റോഡില്‍ വീടുകള്‍. മറ്റൊരു റോഡുപോയി കടലില്‍ അവസാനിക്കും. നാലാമത്തേത്‌ തലസ്ഥാനനഗരത്തിലേക്കും. വൈകുന്നേരമായാല്‍ ഞങ്ങള്‍ കുടുംബസമേതം നടക്കാനിറങ്ങും. നടന്നുക്ഷീണിച്ചാല്‍ ആ പോലീസ്‌-ഔട്ട്‌പോസ്റ്റില്‍ വന്നിരിക്കും. അന്നവിടെ ഒരു കൂറ്റന്‍കൊടിമരത്തിനുകീഴെ ചുറ്റും അരമതില്‍പണിതുവച്ചിട്ടുണ്ടായിരുന്നു. അതിലങ്ങനെ കാറ്റുംകൊണ്ടിരിക്കും. അപ്പോഴേക്കും അവിടത്തെ പോലീസുകാരും ഇറങ്ങിവരും. കുറെ നേരം വര്‍ത്തമാനം പറയും. കുട്ടികള്‍ പോലീസ്‌സ്റ്റേഷനകത്തും പുറത്തുമായി ഓടിയും ഒളിഞ്ഞും കളിക്കും. സന്ധ്യമയങ്ങിയാല്‍ തിരിച്ചുപോരും. അതൊരു കാലമായിരുന്നു. ഇന്നത്‌ പുതുക്കിപ്പണിഞ്ഞ്‌ വലിയ ക്രൈം-ബ്റാഞ്ച്‌ ഓഫീസായി. കവലയിലെല്ലാം തിരക്കായി. ആരുംപോയിരിക്കാതെയുമായി. ഇന്നും ഞാന്‍ ഏതുനാട്ടിലായാലും വഴിചോദിക്കാനുംമറ്റും പോലീസുകാരുടെയടുത്തേ ആദ്യം പോകാറുള്ളൂ. അവരെ എന്തിനു പേടിക്കണം? പരസ്പരബഹുമാനം വിടാതെയുള്ള പെരുമാറ്റം എനിക്കെല്ലായിടത്തും ലഭിച്ചിട്ടുമുണ്ട്‌, കേരളത്തിലടക്കം. ഖാലിസ്ഥാന്‍പ്രശ്നം കത്തിപ്പടര്‍ന്നുകൊണ്ടിരുന്നകാലം. രാവേറെച്ചെന്നു ദില്ലിയില്‍ എത്തിപ്പറ്റിയപ്പോള്‍. ആഹാരത്തിനു പുറത്തിറങ്ങിയതാണ്‌. പെട്ടെന്നു നിരത്താകെ ബഹളവും പോലീസ്‌പാച്ചിലും. ഒരു പോലീസുകാരന്‍വന്ന്‌ എന്നെ വലിച്ചു മണ്‍ചാക്കുകള്‍ക്കുപിറകിലാക്കി. ബഹളമവസാനിച്ചപ്പോള്‍ ഒരു ഉദ്യോഗസ്ഥന്‍ എണ്റ്റെ വിവരങ്ങള്‍ തിരക്കി. എന്തിനവിടെ എത്തിയെന്നും, പേരും മേല്‍വിലാസവും എല്ലാം. കയ്യില്‍ തിരിച്ചറിയല്‍കാര്‍ഡ്‌ ഉണ്ടായിരുന്നതിനാല്‍ അവരായിട്ടുതന്നെ എന്നെ പോലീസ്‌പരിരക്ഷയില്‍ താമസസ്ഥലത്തുകൊണ്ടാക്കിത്തന്നു. പിന്നീടൊരിക്കല്‍ ദില്ലി വിമാനത്താവളത്തില്‍വച്ച്‌ വളരെ വിലയേറിയ ഒരു ശാസ്ത്രീയോപകരണം എണ്റ്റെ പെട്ടിയുടെകൂടെ നഷ്ടപ്പെട്ടപ്പോഴും പോലീസുകാര്‍ അത്യധികം ഉത്തരവാദിത്വത്തോടുകൂടിയേ പെരുമാറിയുള്ളൂ; സാധനം തിരിച്ചുകിട്ടിയില്ലെങ്കിലും. രസം പക്ഷെ ഉത്തര്‍പ്രദേശിലായിരുന്നു. അന്നൊക്കെ സ്റ്റേറ്റ്‌-ബാങ്കിണ്റ്റെ ട്രാവലേര്‍സ്‌ ചെക്കുമായാണു യാത്ര ചെയ്യുക. നൂറുരൂപയുടെ ചെക്കുകള്‍. ഓഫീസ്‌ ചെലവിനുള്ള സര്‍ക്കാര്‍ പണം. ചമ്പല്‍ പ്രദേശത്തെ ഒരു ബാങ്കില്‍ ചെന്നപ്പോള്‍ ബാങ്കുകാര്‍ പറയുന്നു ഒരു സമയം നൂറുരൂപയില്‍ കൂടുതല്‍ കാശാക്കിയെടുക്കേണ്ടെന്ന്‌. കാരണം ബാങ്കില്‍നിന്നു പുറത്തിറങ്ങേണ്ട താമസം അതു കൊള്ളക്കാര്‍ കൈക്കലാക്കിയേക്കും. ഒറ്റുകാരൊക്കെ ബാങ്കുകാരും പോലീസുകാരുമാണത്രെ. ഞാന്‍ ചുറ്റും നോക്കി. പേരിനു പോലീസുകാരൊക്കെയുണ്ട്‌. അവരുടെ കയ്യില്‍ വാരിക്കുന്തമാണായുധം. തോക്കെങ്ങാനുമാണെകില്‍ അതും ചമ്പല്‍കൊള്ളക്കാര്‍ തട്ടിയെടുത്തോടുമത്രെ. കേട്ടിടത്തോളം ഇന്നും വലിയ മാറ്റമുണ്ടാകാനിടയില്ല അവിടങ്ങളില്‍. 'പുല്ലീസ്‌' എന്നവര്‍ പറയുന്നപോലെത്തന്നെ അശ്രീകരമാണ്‌ അവരുടെ പ്രവൃത്തികളും. കൊല്‍ക്കത്തപോലീസ്‌ തോക്കിണ്റ്ററ്റം അരയില്‍ ചങ്ങലയ്ക്കിട്ടുറപ്പിച്ചു നടക്കുന്നതു കണ്ടിട്ടുണ്ട്‌. ജീവന്‍പോയാലും തോക്കുനഷ്ടപ്പെടരുത്‌. നിരത്തായ നിരത്തെല്ലാം സ്വര്‍ണവ്യാപാരം ഇരുമ്പഴികള്‍ക്കുപിന്നിലിരുന്നാണ്‌. കൊള്ളചെയ്യപ്പെട്ടാലും പരമാവധി ഒരു സാധനമേ നഷ്ടപ്പെടുകയുള്ളൂ എന്നു ന്യായം. ദരിദ്രനഗരത്തില്‍ ഇത്രമാത്രം സ്വര്‍ണക്കടകളുടെ സാംഗത്യം മാത്രം മനസ്സിലായില്ല. കര്‍ണാടക പോലീസ്‌ (അന്നത്തെ) പത്തുപൈസക്ക്‌ എല്ലാം 'അഡ്‌ജസ്റ്റ്‌ മാഡി'ക്കൊള്ളും. ദേശം മുഴുവന്‍ ചുറ്റിയടിക്കുന്ന എണ്റ്റെ ഒരു സുഹൃത്തു പറഞ്ഞുകേട്ടിട്ടുണ്ട്‌, കര്‍ണാടകപോലീസാണ്‌ 'ചെല'വേറ്റവും കുറഞ്ഞ പോലീസെന്ന്‌. യാതൊരു അച്ചടക്കവുമില്ലാതെ, നിലാവത്തഴിച്ചുവിട്ട കോഴിക്കുഞ്ഞുങ്ങളെപ്പോലെ അവര്‍ പെരുമാറുന്നതുകണ്ടാല്‍ സങ്കടം തോന്നും. മഹാരാഷ്ട്രപോലീസ്‌, 'പാണ്ടു ഹവല്‍ദാര്‍' എന്ന പരിഹാസപ്പേരില്‍ ചിരംജീവികളാക്കപ്പെട്ടവരാണ്‌. മുറുക്കിയും തുപ്പിയും കുടവയര്‍ തലോടിയും ലാത്തിവിറപ്പിച്ചും ഉറക്കംതൂങ്ങുന്ന അവര്‍ ബോംബെ ഭീകരാക്രമണസമയത്ത്‌ പ്ളാസ്റ്റിക്‌ കസേരകളും മറ്റും വലിച്ചെറിഞ്ഞോടിയ ചിത്രങ്ങള്‍ നാം കണ്ടു. പക്ഷെ കാര്യത്തോടടുക്കുമ്പോള്‍ കറകളഞ്ഞ കര്‍മശേഷി അവര്‍ പ്രദര്‍ശിപ്പിക്കാറുമുണ്ട്‌. ക്രൂരതയ്ക്കും ഒട്ടും പിറകിലല്ല എന്നുമാത്രം. ഗുജറാത്ത്‌ പോലീസ്‌ പെട്ടെന്നൊന്നും കണ്ണില്‍പെടുകയില്ല. കച്ചവടസംസ്ക്കാരത്തില്‍ പോലീസിനെന്തു പ്രത്യേകപ്രസക്തി? കൊള്ളലും കൊടുക്കലുമെല്ലാം കമ്പോളന്യായത്തില്‍ നടന്നുകൊള്ളും. കാശു കാശിനോടു സംസാരിച്ചുകൊള്ളും. പിന്നെ പണിയൊന്നുമില്ലാത്തവര്‍ മതത്തിണ്റ്റെപേരില്‍ അഴിച്ചുവിടുന്ന തൊന്തരവുകള്‍ തുടച്ചുമാറ്റാന്‍ പേരിനൊരു പോലീസ്‌. അതൊക്കെ മതി അവിടെ. കിനിയന്‍പോലീസുമായി അല്‍പമൊന്നുരസി നൈറോബിയില്‍ ഒരിക്കല്‍. പെട്ടിയെല്ലാമൊതുക്കി യാത്രയ്ക്കൊരുങ്ങിയിരിക്കുമ്പോള്‍ പെട്ടൊന്നൊരു ചെക്കിംഗ്‌. സഹയാത്രക്കാരെയെല്ലാം വിരട്ടുകയാണു പോലീസ്‌. മിക്കവരും വൈരവില്‍പനക്കാരായ ഗുജറാത്തി പണച്ചാക്കുകളാണ്‌. അവരുടെ ഓരോ സാധനങ്ങളും അഴിച്ചഴിച്ചുനോക്കുന്നു, പണം കൈമാറുന്നു, അങ്ങനെയങ്ങനെ. എണ്റ്റെയും പെട്ടി തുറക്കാന്‍ പറഞ്ഞു. തുറന്നുകാട്ടി. എല്ലാ സാമാനങ്ങളും വലിച്ചുപുറത്തിടാന്‍ പറഞ്ഞു. ഞാന്‍ എണ്റ്റെ തിരിച്ചറിയല്‍കാര്‍ഡു കാട്ടി; പിന്നെ ഔദ്യോഗിക പാസ്സ്‌ പോറ്‍ട്ടും. അതിനൊന്നും കാര്യമായ വിലയില്ലാത്ത സന്ദര്‍ഭമാണെന്നറിയാം, എങ്കിലും. അല്‍പം ചപ്പടാച്ചികാട്ടാന്‍തന്നെ തീരുമാനിച്ചു; കാരണം കള്ളക്കടത്തൊന്നും കയ്യിലില്ല, കൈക്കൂലിക്കു കയ്യില്‍ കാശുമില്ല. ഭാരതസര്‍ക്കാര്‍ എന്ന ലേബല്‍ നന്നായേശി. ആയുധമൊന്നുമില്ലെങ്കില്‍ പെട്ടിയടച്ചുകൊള്ളാന്‍ അനുമതി കിട്ടി. തോക്കുപോയിട്ട്‌ ഒരു പേനാക്കത്തിപോലുമില്ലാത്ത എനിക്ക്‌ ഒരു സല്യൂട്ടും കിട്ടി. അവര്‍ക്കും തീര്‍ച്ചയുണ്ടായിരുന്നില്ല, ഞാന്‍ ആരാണെന്ന്‌. വെറുതെ കൈ പൊള്ളിക്കണ്ടെന്നു കരുതിക്കാണും. കുരയ്ക്കാത്ത പട്ടിക്കും പേയുണ്ടാകാമല്ലോ. എന്തുപറഞ്ഞാലും ഏറ്റവും മര്യാദ ലണ്ടന്‍ പോലീസിനാണ്‌. കാര്യങ്ങള്‍ ശ്രദ്ധിച്ചു കേള്‍ക്കും, വിശദമായി മറുപടിയും തരും. കൂടുതല്‍ കൊഞ്ചാന്‍ നിന്നാല്‍ 'സോറി' പറഞ്ഞൊഴിയുകയും ചെയ്യും! ഫ്രെഞ്ച്‌-പോലീസും വലിയ കുഴപ്പമില്ല. കാണാന്‍ പക്ഷെ ജെര്‍മന്‍ പോലീസാണ്‌ മെച്ചം. കുടവയറുള്ള ഒരു ജെര്‍മന്‍പോലീസിനെയും ഞാന്‍ കണ്ടിട്ടില്ല. മാത്രമല്ല, ഒരുമാതിരിപ്പെട്ടവരെല്ലാം ഒരുപോലെയുമിരിക്കും. ഒരൊറ്റ അച്ചില്‍ വാര്‍ത്തെടുത്തതുപോലെ. പക്ഷെ കാര്‍ക്കശ്യക്കാരാണ്‌. പറയുന്നതൊന്നും വിശ്വസിക്കുന്ന കൂട്ടത്തിലല്ല. എല്ലാത്തിനും തെളിവുകൊടുത്താലേ അടങ്ങൂ. എണ്റ്റെ പേരിനെച്ചൊല്ലിയാണ്‌ ഒരിക്കല്‍ പ്രശ്നമുണ്ടായത്‌. മൂന്നിടങ്ങളില്‍ എണ്റ്റെ പേരുരേഖപ്പെടുത്തിയിരുന്നത്‌ മൂന്നുതരത്തിലായിരുന്നു -- ഇന്ത്യന്‍, യൂറോപ്യന്‍, സ്കാണ്റ്റിനേവിയന്‍. കുറച്ചധികം വിശദീകരിക്കേണ്ടിവന്നു. നോറ്‍വേപോലീസിനെക്കണ്ടാല്‍ പോലീസാണെന്നേ തോന്നില്ല. തികച്ചും 'കാവലാള്‍'. വിദേശിയെന്ന നിലയ്ക്ക്‌ പോലീസ്‌-സ്റ്റേഷനില്‍ച്ചെന്ന്‌ രേഖകള്‍ കാണിക്കേണ്ടിയിരുന്നു. കൊടും തണുപ്പില്‍നിന്ന്‌ സ്റ്റേഷനകത്തേക്കുകടന്നപ്പോഴേ ബഹുസുഖം. പരിപാടിയെല്ലാം പെട്ടെന്നു കഴിഞ്ഞു. ഒരു കാപ്പിയും കിട്ടി. അപ്പോഴാണ്‌ എനിക്കു കലശലായ മൂത്രശങ്ക. പിടിച്ചിട്ടു കിട്ടുന്നില്ല. മടിച്ചുമടിച്ചാണ്‌ ടോയ്‌ലറ്റ്‌ എവിടെയെന്നു തിരക്കിയത്‌. പോലീസ്‌ ഓഫീസര്‍ ഉടനെ ഒരു സ്ത്രീവേഷത്തെ വിളിച്ചുവരുത്തി. അവര്‍ താക്കോലുമായി മുന്‍പേ നടന്നു. കതകുതുറന്നുതന്നു. 'ഇരട്ടപെറ്റ സുഖ'ത്തില്‍ പുറത്തിറങ്ങുമ്പോള്‍ അവര്‍ കാവലായി പുറത്തുതന്നെയുണ്ട്‌. 'തുസേന്‍ തക്ക്‌' (ആയിരം നന്ദി) പറഞ്ഞു പിരിഞ്ഞു. ദക്ഷിണാഫ്രിക്കയില്‍ നമ്മുടെതരം 'പുല്ലീ'സുതന്നെ. മയവും മാര്‍ദവവുമൊന്നുമില്ല. കണ്ടാല്‍ 'ദൈവഭയം' തീര്‍ച്ചയായും വരും. വെസ്റ്റ്‌ ഇണ്റ്റീസിലെ പോലീസുകാര്‍ ദക്ഷിണാഫ്രിക്കക്കാരെപ്പോലെയാണെങ്കിലും രസികന്‍മാരാണ്‌. ഡ്യൂട്ടിക്കിടയില്‍ അല്‍പം പാട്ടും നൃത്തവുമെല്ലാം കാണും; വായിലെന്തെങ്കിലും ചവയ്ക്കാനും. അല്‍പസ്വല്‍പം പ്റണയവും കിളിക്കൊഞ്ചലുമെല്ലാമുണ്ട്‌. ആകപ്പാടെ ബഹുരസം. കടുക്കേണ്ടിടത്ത്‌ കടുപ്പിക്കാനും അവര്‍ക്കറിയാം. നമ്മള്‍ ഇന്ത്യക്കാരെ അതിബഹുമാനമാണ്‌. ചിലി ('ചിലെ' എന്നാണു ലോക്കല്‍ ഭാഷ്യം) പോലീസും അസ്സല്‍ 'കാവലാള്‍' തന്നെ. യൂണിഫോമിട്ട പോലീസ്‌ നായ്ക്കളെയും കൊണ്ടാണ്‌ മിക്കപ്പോഴും അവരുടെ നടത്തം. ആളുകൂടുന്നിടത്തെല്ലാം അവരെയും കാണാം. കൊച്ചുകുട്ടികള്‍ വരെ നായകളെ തലോടും; പോലീസുകാരനു കൈകൊടുക്കും. മൌറീഷ്യസ്സിലും പോലീസ്‌ അത്ര ഗംഭീരന്‍മാരൊന്നുമല്ല. നാട്ടുകാരെപ്പോലെതന്നെ ശാന്തസ്വരൂപികളാണ്‌. പല ഇടത്തേക്കും പോകുന്ന സര്‍ക്കാര്‍വണ്ടികള്‍ രാത്രി അടുത്തുള്ള പോലീസ്‌ സ്റ്റേഷനിലാണു സൂക്ഷിക്കുക. ഡ്രൈവര്‍ക്കു തിരിച്ച്‌ ഓഫീസിലേയ്ക്കു വണ്ടിയോടിക്കേണ്ട. പിറ്റെ ദിവസം എടുത്തുകൊണ്ടുപോയാല്‍ മതി. അധ്വാനലാഭവും ഇന്ധനലാഭവും കണക്കാക്കിയാല്‍ നല്ലൊരു ചിട്ടയായി ഇതെനിക്കു തോന്നിയിട്ടുണ്ട്‌. ഇറ്റലിപ്പോലീസിനെപ്പറ്റി ആരും ഇതേവരെ നല്ലതുപറഞ്ഞുകേട്ടിട്ടില്ല. കൌണ്ടറില്‍ നില്‍ക്കുമ്പോള്‍ വശത്തുനിന്നും കാലിനിടയില്‍നിന്നുമെല്ലാം പെട്ടികള്‍ പറന്നുപോയിട്ടുള്ള കഥകള്‍ ധാരാളം. അഴിച്ചുവച്ചാല്‍ ഷൂ വരെ അടിച്ചുമാറ്റുമത്രേ ഇറ്റലിപ്പോലീസുകാര്‍. കേരളപോലീസുമായി ഒന്നുരണ്ടുതവണയേ ഉരസേണ്ടിവന്നിട്ടുള്ളൂ. തലശ്ശേരിക്കോ കണ്ണൂരിനോ അടുത്തെവിടെയോ റോഡുവക്കില്‍ ലോറികള്‍ നിരന്നുകിടക്കുന്നു. ദേശീയനിരത്തില്‍ ഇതു പതിവുകാഴ്ചയാണല്ലോ. അവയെക്കടന്ന്‌ ഞാന്‍ ബഹുദൂരം മുന്നോട്ടുനീങ്ങി. അപ്പോഴാണറിയുന്നത്‌ അതൊരു ലെവല്‍ ക്റോസ്സിംഗാണെന്നും വണ്ടികള്‍ കാത്തുകിടക്കുകയാണെന്നും വശത്തേക്കുമാറാന്‍ സ്ഥലമില്ലെന്നും. അപ്പോഴതാ ഒരു പോലീസുകാരന്‍ ഓടിക്കിതച്ചെത്തുന്നു. വന്നവഴിമുഴുവന്‍ പിറകോട്ടെടുക്കണമത്റെ. ഞാന്‍ വിശദീകരിക്കാന്‍ നോക്കി, വണ്ടികള്‍ മറച്ചതിനാല്‍ ബോര്‍ഡൊന്നും കണ്ടില്ലെന്നും ഇനി തിരിച്ചോടിക്കാന്‍ കഴിയില്ലെന്നും. പറ്റില്ലെന്ന്‌ അയാള്‍ക്കു വാശി. അതിനിടെ ഗേറ്റുതുറന്നു. അരികിലെ ഒരു നല്ല മനുഷ്യണ്റ്റെ ഔദാര്യത്താല്‍ ഞാന്‍ വരിയില്‍ കയറി. പോലീസുകാരനോടു വേറെ പണിനോക്കാന്‍ പറഞ്ഞു ഞാന്‍ വണ്ടിയോടിച്ചുപോയി. കുഴപ്പത്തില്‍ ചാടിക്കാനല്ല പോലീസ്‌, കുഴപ്പത്തില്‍നിന്നു രക്ഷിക്കാനാണെന്ന കാര്യം അയാള്‍ പഠിച്ചിട്ടില്ലായിരിക്കാം. മറ്റൊരു സംഭവം പഴയ കൊച്ചി വിമാനത്താവളത്തിലാണ്‌. എല്ലാം സ്ത്രീപോലീസ്‌. ഒതുങ്ങാത്ത യൂണിഫോംസാരിയും മുടിയുമെല്ലാം ഒതുക്കിയൊതുക്കി മടുത്ത്‌, വഴങ്ങാത്ത ശരീരം വടിപോലെ നിര്‍ത്തി ക്ഷീണിച്ച്‌, ഇടതുകയ്യിലെ സ്വറ്‍ണവളകളും വലതുകയ്യിലെ സ്വര്‍ണവാച്ചുംകിലുക്കി, യാത്രക്കാരുടെ പെട്ടിയെല്ലാം പരതലോടു പരതല്‍. (വിനയക്കുമുന്‍പുള്ള സ്ത്രീപോലീസാണ്‌.) ഓരോ പെട്ടിയും തുറന്ന്‌ ഓരോ സാധനവും കയ്യിലെടുക്കുമ്പോള്‍ എന്തെന്നുപറയണം. കൂട്ടത്തില്‍ ഇംഗ്ളീഷുസംസാരിക്കുന്നവരുടെയും കാണാന്‍ കൊള്ളാവുന്നവരുടെയും പെട്ടികള്‍, നാണം സഹിക്കവയ്യാതെ, തുറക്കാതെതന്നെ പരിശോധിച്ചയക്കുന്നു. എണ്റ്റെ ഊഴമെത്തിയപ്പോള്‍ പരിശോധന ഊര്‍ജിതമായി. ഓരോ സാധനവും എടുത്തുതുറന്ന്‌ എന്തെന്നു പറയണം, എന്തിനാണെന്നു പറയണം. തുണി, ചെരുപ്പ്‌, പല്ലുതേപ്പുസാമഗ്രികള്‍, ഉപ്പേരിപ്പാക്കറ്റ്‌, കൊണ്ടാട്ട മുളക്‌, പപ്പടം, ഭാര്യക്കുള്ള നാരായണതൈലം, വില്വാദിലേഹ്യം..... എനിക്കു മടുത്തു. ധാന്വന്തരം ഗുളികയുടെ ഊഴമായപ്പോള്‍ ഞാന്‍ പറഞ്ഞു -- "കോണ്ടം". ടപ്പ്‌ -- പരിശോധന അവിടെ നിന്നു. പെട്ടിയുമെടുത്ത്‌ ഞാന്‍ സ്ഥലംവിട്ടു. യാത്രക്കിടയില്‍ യാദൃച്ഛികമായി കേട്ടതാണ്‌, ഒരു പഴയ എമ്മെല്ലെയുടെ വീരവാദം. എങ്ങനെ തണ്റ്റെ എതിരാളിയെ പോലീസുകാരനെക്കൊണ്ടു തല്ലിച്ചതെന്ന്‌. ഇങ്ങനെയുള്ളവര്‍ മന്ത്രിമാരൊക്കെ ആയാല്‍ (ആയി, അയാള്‍ അതൊക്കെ ആയി, അടുത്തിടെ മരിച്ചുംപോയി) കാവലാളുകള്‍ ചാവേറുകളാവാന്‍ എത്രനേരം വേണം? Published in the fortnightly webmagazine www.nattupacha.com

അങ്ങനെയും ചിലര്‍ (൨)

ലീവില്‍ നാട്ടിലെത്തിയതാണ്‌. പഴയവീട്ടില്‍ അമ്മയും ഞാനും തനിച്ചായതിനാല്‍ നേരത്തേ അത്താഴം കഴിച്ചു കിടന്നു. കോരിച്ചൊരിയുന്ന മഴ. ഒപ്പം കാറ്റും പൊട്ടിത്തെറിക്കുന്ന ഇടിമിന്നലും. കറണ്ടും പോയിരുന്നു. പൂട്ടിയിട്ട പടിക്കല്‍ ആരോ ശക്തിയായി മുട്ടുന്നതുകേട്ടാണുണര്‍ന്നത്‌. ജനലില്‍കൂടി നോക്കുമ്പോള്‍ മിന്നല്‍വെട്ടത്തില്‍ ഗേറ്റിനുമുകളില്‍ ഒരു തല. കീഴെ നാലുകാലുകള്‍. തല കണ്ടപ്പോഴേ മനസ്സിലായി ആള്‍ വാര്യരാണെന്ന്‌. ടോര്‍ച്ചുംമിന്നിച്ചുപോയി പടിതുറക്കുമ്പോള്‍ ആജാനുബാഹുവായ വാര്യരുടെ കൂട്ടത്തിലൊരു കുറിയ മനുഷ്യനും. വാര്യര്‍ ഗോവയില്‍ എണ്റ്റെ കുടുംബസ്നേഹിതനാണ്‌. എന്നുമാത്രം പറഞ്ഞാല്‍ പോര; എണ്റ്റെ രക്ഷകനും വഴികാട്ടിയും എല്ലാമാണ്‌. അല്‍പം 'സ്പെല്ലിംഗ്‌' മാറ്റി, 'വാറിയര്‍' എന്നാണ്‌ പൊതുവെ വിളിക്കപ്പെടുക. എന്നുവച്ച്‌ ഒരാളോടും കലഹത്തിനു പോകാറില്ല, മുന്‍ശുണ്ഠി അല്‍പം കൂടുതലാണെങ്കിലും. സംസ്ഥാനസര്‍ക്കാറിണ്റ്റെ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്നതിനാല്‍ തിരക്കൊഴിഞ്ഞ സമയം കാണില്ല. എന്നാലും വൈകീട്ടു പണികഴിഞ്ഞ്‌ കൂട്ടുകാരെയെല്ലാം ഒന്നുപോയിക്കണ്ടിട്ടേ വാര്യര്‍ വീട്ടിലേക്കുള്ളൂ. ഞങ്ങളുടെ ലാവണങ്ങളും താവളങ്ങളും വ്യത്യസ്തമായതിനാല്‍ ദിനസരിസന്ദര്‍ശനമൊന്നും തമ്മിലില്ല. പക്ഷെ വിളിച്ചാല്‍ വിളിപ്പുറത്തായിരിക്കും അന്യോന്യം. അങ്ങനെയാണ്‌, അവിചാരിതമായി നാട്ടിലെത്താന്‍ തരമായപ്പോള്‍ വാര്യര്‍ എണ്റ്റെ വീടന്വേഷിച്ചുവന്നത്‌. മഴക്കോളിലും കൂരിരുട്ടിലും ചോദിച്ചറിയാന്‍ ആളെക്കിട്ടാതെ വഴിയും തെറ്റി, സമയവും തെറ്റി. ഒരു പരിചയക്കാരണ്റ്റെ പരിചയക്കാരെനെയുംകൂട്ടിയാണു വരവ്‌. വാര്യര്‍ക്കിടപഴകാന്‍ അത്രയ്ക്കു ബന്ധംതന്നെ ധാരാളം! വന്നപാടെ വാര്യര്‍ തലതോര്‍ത്തി. മറ്റെയാള്‍ക്ക്‌ അതും വേണ്ടായിരുന്നു. അലച്ചിലില്‍ രണ്ടുപേരും അത്താഴപ്പട്ടിണിയിലാണ്‌. വാര്യര്‍ കുളിരില്‍ കൂനിക്കൂടിയിരിപ്പാണ്‌. അമ്മ ചോറുവയ്ക്കാനൊരുക്കംകൂട്ടി; ഞാനും കൂടി. അപ്പോഴാണ്‌ കുറിയമനുഷ്യന്നൊരു മോഹം. ഒന്നു കുളിക്കണം. ഞങ്ങള്‍ക്കത്ഭുതമായി. രാപ്പാതിനേരത്തോ കുളി? ആ സമയത്ത്‌ കുളിക്കാന്‍ വെള്ളം ചൂടാക്കാനൊന്നും എളുപ്പമല്ലല്ലോ. കറണ്ടുവന്നിട്ടുപോരേ കുളി എന്ന അമ്മയുടെ ചോദ്യത്തിന്‌, കുളമുണ്ടോ എന്നായിരുന്നു കുറിയമനുഷ്യണ്റ്റെ മറുചോദ്യം. കിണറ്റിന്‍കരയിലുമാകാമല്ലോ എന്ന അമ്മയുടെ അഭിപ്രായത്തിന്‌ കുളമായാലേ സുഖമാകൂ എന്ന്‌ അയാളുടെ പക്ഷം. ഒരു റാന്തല്‍കത്തിക്കാന്‍ അമ്മ തുടങ്ങുമ്പോള്‍, അതൊന്നും വേണ്ട, നാട്ടുവെളിച്ചമുണ്ടല്ലോ എന്നായി അയാള്‍. അഴയില്‍കിടന്നിരുന്ന ഒരു തോര്‍ത്തുമെടുത്ത്‌ മുറ്റത്തേക്കിറങ്ങുമ്പോള്‍ ശകലം വെളിച്ചെണ്ണ കിട്ടിയാല്‍ കൊള്ളാം എന്നായി അയാള്‍. അമ്മ കാച്ചിയ വെളിച്ചെണ്ണ എടുക്കുമ്പോള്‍ അയാള്‍ തടഞ്ഞു; തനിക്കു പച്ചവെളിച്ചെണ്ണ മതിയത്രെ. മഴക്കാലമല്ലേ അതിനു കാറലുണ്ടാകാം എന്നമ്മ. അതു സാരമില്ലെന്നയാള്‍. ഞാന്‍ സോപ്പുപെട്ടിയെടുത്തപ്പോള്‍ അയാള്‍ക്കതൊന്നും വേണ്ട. കുളംകാണിക്കാന്‍ കൂടെ ഇറങ്ങിയപ്പോള്‍ തനിക്കു വ്യക്തമായിക്കാണാമെന്നയാള്‍. കുളിച്ചുകയറി വന്നപ്പോഴേക്കും ഊണും കാലമായി. അപ്പോഴേക്കും വാര്യര്‍ തുമ്മാനും ചീറ്റാനും തുടങ്ങിയിരുന്നു. ഊണുകഴിഞ്ഞതും കൂട്ടുകാരന്‍ കുപ്പായമെടുത്തണിയുകയാണ്‌. രാത്രിമഴയില്‍ തിരിച്ചിറങ്ങാതെ കാലത്തെഴുന്നേറ്റു പോയാല്‍പോരേ എന്ന ചോദ്യമൊന്നും അയാള്‍ കാര്യമാക്കുന്നില്ല. മഴയത്തിറങ്ങി ഒരു നടത്തം. കുട എടുത്തുകൊടുത്തപ്പോള്‍, അതൊക്കെ തിരിച്ചേല്‍പ്പിക്കാന്‍ മിനക്കേടാണത്രെ അയാള്‍ക്ക്‌. അരമുക്കാല്‍ മണിക്കൂര്‍കൊണ്ടു വീട്ടിലെത്താമത്രെ. ഞങ്ങള്‍ അന്തം വിട്ടുനിന്നു. പച്ചയ്ക്കൊരു മനുഷ്യന്‍! പോര്‍ത്തുഗീസുകാരുടെ അധീനതയില്‍നിന്ന്‌ ഗോവ ഇന്ത്യയില്‍ ലയിച്ചതിനു തൊട്ടുപുറകെയാണ്‌ വാര്യര്‍ ജോലികിട്ടി എത്തുന്നത്‌. പോര്‍ത്തുഗീസ്‌-ഗോവയിലുണ്ടായിരുന്നിരിക്കാനിടയുള്ള ഒറ്റപ്പെട്ട മലയാളികളെ ഒഴിച്ചുനിര്‍ത്തിയാല്‍, ഗോവ-മലയാളികളുടെ ഒന്നാംതലമുറയില്‍പെടും വാര്യര്‍. നാട്ടിലെല്ലാം വീടുണ്ടായിട്ടും ഇവിടംവിടാന്‍ മടിയാണ്‌ വാര്യര്‍ക്ക്‌. മറ്റു മിക്ക മലയാളികളെയുമെന്നപോലെ. അന്നും ഇന്നും വാര്യരെ ഇരുചക്രങ്ങളിലേ കാണൂ. ആദ്യമതു സൈക്കിളായിരുന്നു. പിന്നെ സ്കൂട്ടറായി. കാറുണ്ടെങ്കിലും ഓടിക്കില്ല. തരംകിട്ടുമ്പോഴെല്ലാം സൈക്കിള്‍-സവാരിയാണു പഥ്യം. തന്നെപ്പോലെയുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍കാറുകളില്‍ പത്രാസ്സില്‍ പറന്നുനടക്കുമ്പോള്‍ വാര്യര്‍ക്ക്‌ ഇതു മതി. സ്വന്തംവാഹനം തനിയെ തന്നെത്തന്നെ ഇടിച്ചുവീഴ്ത്തുന്ന അനുഭവം മറ്റാര്‍ക്കുമുണ്ടായിരിക്കാന്‍ ഇടയില്ല. ഒരിക്കല്‍ വാര്യര്‍ തണ്റ്റെ കൊച്ചു 'വെസ്പ' സ്കൂട്ടര്‍, ചവിട്ടി സ്റ്റാര്‍ട്ടാക്കുകയായിരുന്നു. പതിവുമാതിരി ഒരുകയ്യില്‍ സിഗററ്റുമായി, ഒരുവശത്തുനിന്ന്‌ ഒറ്റക്കയ്‌കൊണ്ടു ഹാന്‍ഡിലില്‍ പിടിച്ച്‌ ആകാശംനോക്കി ഒരു ചവിട്ട്‌. വണ്ടി ഗിയറില്‍ കിടക്കുകയായിരുന്നു; ഹാന്‍ഡില്‍ ലോക്കിലും. സ്കൂട്ടറങ്ങോട്ടു സ്റ്റാര്‍ട്ടായി. ഒരു വട്ടമിട്ടു വാര്യരെത്തന്നെ വന്നു തട്ടി! അതൊന്നും പ്രശ്നമല്ല വാര്യര്‍ക്ക്‌. തീവണ്ടിയില്‍ സീറ്റൊന്നുംകിട്ടിയില്ലെങ്കിലും സുഖമായി യാത്ര ചെയ്യും; ഇരിക്കാനിടംകിട്ടിയില്ലെങ്കില്‍ ജനല്‍പടിയില്‍ ഭാരമേറ്റിവച്ചു വിശ്രമിക്കും. ഫോണ്‍വിളിച്ചാളെ കിട്ടിയില്ലെങ്കില്‍ നേരിട്ടുപോയിനോക്കും. "ഓ, അതൊന്നും അത്ര വലിയ കാര്യമല്ല", എന്നതാണ്‌ ജീവിതദര്‍ശനംതന്നെ. സര്‍ക്കാരിലെ ചുകപ്പുനാടത്താപ്പാനകള്‍ക്കൊരു മറുമരുന്നായിരുന്നു വാര്യര്‍. ജനങ്ങളുടെ പക്ഷത്തുനിന്നേ ചിന്തിക്കൂ; പ്രവര്‍ത്തിക്കൂ. ഫയലില്‍ പ്രശ്നമുണ്ടെങ്കില്‍ അതിനു പരിഹാരവുമുണ്ടാകും കൂടെ. വെറുതെയല്ല വിരമിച്ച ശേഷവും അദ്ദേഹത്തിണ്റ്റെ സേവനം, അന്നത്തെ മുഖ്യമന്ത്രിതന്നെ നേരിട്ടിടപെട്ട്‌ ഒന്നുരണ്ടുവര്‍ഷത്തേക്കുകൂടി നീട്ടിയെടുത്തുപയോഗിച്ചത്‌. ഒരു നിയമംകൊണ്ട്‌ ഒരാള്‍ക്കു ദോഷമുണ്ടായാല്‍ മറ്റൊരു നിയമംകൊണ്ട്‌ അതു പരിഹരിക്കാമെങ്കില്‍ വാര്യര്‍ അതു ചെയ്തിരിക്കും. നൂറുകണക്കിനു സര്‍ക്കാര്‍ നഴ്‌സുമാരുടെ (അതില്‍ ഒരുപാടു മലയാളികളുമുണ്ട്‌) സേവനവ്യവസ്ഥയില്‍ കാര്യമായ മെച്ചമുണ്ടായത്‌ വാര്യരുടെ ഇടപെടല്‍കൊണ്ടായിരുന്നു. വെറും ഏട്ടിലെ പശുവായി, വെള്ളാനയായി, പണംമുടക്കിയായിക്കിടന്നിരുന്ന കരകൌശലവകുപ്പിനെ സ്വയംപര്യാപ്തതയും സാമ്പത്തികശേഷിയുമുള്ള വകുപ്പാക്കിമാറ്റിയ സംതൃപ്തി വാര്യര്‍ക്കുണ്ട്‌. ജലഗതാഗതവകുപ്പിണ്റ്റെ സ്ഥൂലതയും അജീര്‍ണതയുമെല്ലാം മാറ്റി വെടിപ്പാക്കി. ഭവിഷ്യനിധിയിലെ ഹ്രസ്വകാലസേവനത്തില്‍പോലും അവിടത്തെ കല്ലുംമുള്ളും തൂത്തെറിഞ്ഞ്‌ ജീവനക്കാരുടെ ജീവിതം സുഗമമാക്കിയ ചരിത്രമാണു വാര്യര്‍ക്ക്‌. ഇതെല്ലാം പലതില്‍ ചിലതുമാത്രം. താന്‍ കയ്യാളിയ വകുപ്പുകളിലെല്ലാം തണ്റ്റെ കയ്യൊപ്പോടൊപ്പം വ്യക്തിമുദ്രയും ചാര്‍ത്തിയ ആളാണു വാര്യര്‍. ഗോവ-സര്‍ക്കാരില്‍ പലപലമലയാളികള്‍ വരുത്തിവച്ച പേരുദോഷങ്ങള്‍ തീര്‍ക്കാന്‍ വാര്യര്‍ ഒരാള്‍ മതിയായിരുന്നു. സര്‍വീസില്‍നിന്നുവിരമിക്കുമ്പോള്‍ വാര്യരുടെ ഒരു മോഹമായിരുന്നു, ആ വകുപ്പിലെ എല്ലാവരുംകൂടി കുടുംബസഹിതം വാര്‍ഷികാഘോഷം പൊടിപൊടിക്കണം. ഗോവയിലെ ഏറ്റവും നല്ല സമ്മേളനസ്ഥലം അതിനുവേണ്ടി സംഘടിപ്പിച്ചു. അരങ്ങില്‍ ആ പരിപാടിയുടെ നിര്‍വഹണത്തിനായി, പുരുഷശബ്ദത്തിന്‌ ഒരു പ്രസിദ്ധപ്രഭാഷകനോടൊപ്പം സ്ത്രീശബ്ദത്തിന്‌ ജനിക്കുന്നതിനുമുന്നേ തനിക്കറിയാവുന്ന എണ്റ്റെ മകളെയാണ്‌ വാര്യര്‍ ഏര്‍പ്പാടാക്കിയത്‌. അന്നേക്ക്‌ പഠനത്തോടൊപ്പം പത്രപ്രവര്‍ത്തനവും റേഡിയോപ്രക്ഷേപണവുമായി നടന്നിരുന്ന അവള്‍ ആദ്യമായാണ്‌ അത്രയും വലിയൊരു പരിപാടിയുടെ 'കംപേര്‍' ആകുന്നത്‌. അന്നത്തെ ആശങ്കയും ആവേശവും അനുഭൂതിയും ആഹ്ളാദവും അവള്‍ക്ക്‌ ഭാവിയില്‍ മുഴുസമയ ടെലിവിഷന്‍-അവതാരകയാകുവാന്‍ പ്രചോദനമായി. വാര്യരും സഹപ്രവര്‍ത്തകരുമായും അവള്‍ പരിപാടിയുടെ വിശദാംശങ്ങള്‍ ചര്‍ച്ചചെയ്തപ്പോഴേക്കും ഉച്ചകഴിഞ്ഞു. ഔദ്യോഗികമായി കാാറും ഡ്രൈവറുമുള്ള വാര്യര്‍ക്ക്‌, ഊണിനുവീട്ടിലെത്താന്‍ അവളുടെ കുഞ്ഞുസ്കൂട്ടറിണ്റ്റെ പിന്‍സീറ്റില്‍ പറ്റിപ്പിടിച്ചു യാത്രചെയ്യാന്‍ ഒരു കുറച്ചിലുമില്ലായിരുന്നു. പദവിയുടെ പ്രതാപമല്ല, അതു കയ്യാളുന്ന വ്യക്തിയുടെ പ്രഭാവമാണു പ്രധാനം എന്ന പാഠം അവള്‍മാത്രമല്ല ഞങ്ങളും മറക്കില്ല. ബോംബെയില്‍ കുറെ വര്‍ഷത്തെ പ്രവാസത്തിനുശേഷം കുറ്റിയുംപെറുക്കി ഞാനും ഭാര്യയും മകളും ഗോവയില്‍ തിരിച്ചുവന്നപ്പോള്‍ ആദ്യം താമസിക്കാന്‍കിട്ടിയത്‌ ഒരുവൃത്തികെട്ട വീടായിരുന്നു. അതുകണ്ട വാര്യരും പത്നിയും, അവരോടൊപ്പം ഒരുരാത്രിമാത്രം തങ്ങാന്‍ പ്ളാനിട്ടിരുന്ന ഞങ്ങളെ ഒരാഴ്ച കൂടെത്താമസിപ്പിച്ചിട്ടേ വൃത്തിയാക്കിയവീട്ടിലേക്കു പറഞ്ഞയച്ചുള്ളൂ. നല്ല സമയത്തുമാത്രമല്ല, ചീത്തസമയത്തും കൂടെനില്‍ക്കുന്നവരാണവര്‍. ഇന്നും ഞങ്ങള്‍ ഫോണ്‍വിളിച്ചറിയിച്ചിട്ടൊന്നുമല്ല പരസ്പരം കാണുക. തോന്നുമ്പോള്‍ ചെന്നുകാണും. വിളിക്കാത്ത വിരുന്നുകാരാണ്‌ ഞങ്ങളന്യോന്യം. ആളുകള്‍ വീട്ടിലേക്കു ക്ഷണിക്കുന്നത്‌ തങ്ങള്‍ എത്ര ഉയരത്തിലെത്തി എന്നു വിരുന്നുകാരെ കാണിക്കാനാണെന്നാണു വാര്യരുടെ പക്ഷം. ഇക്കാലത്ത്‌ ആളുകള്‍ വീടുകള്‍ പണിയുന്നത്‌ അവനവനു വേണ്ടിയല്ലല്ലോ, മറ്റുള്ളവരെ കാണിക്കാനല്ലേ. തണ്റ്റെ വീട്ടിലേക്കു പിന്നെയുംപിന്നെയും ക്ഷണിക്കുകയല്ലാതെ, മറ്റുള്ളവരുടെ വീട്ടിലേക്കുപോകുന്ന പരിപാടി മിക്കവര്‍ക്കുമില്ലല്ലോ. 'ബഹുജനഹിതായാം ബഹുജനസുഖായാം' എന്നതിനെന്തൊരു ഐറണി! Published in the fortnightly webmagazine www.nattupacha.com

അങ്ങനെയും ചിലര്‍ (൩)

എണ്റ്റെ ഭാര്യ ഒരു വാരാന്ത-വാര്‍ത്താവിനിമയ-പഠനകേന്ദ്രത്തില്‍ വച്ചാണ്‌ അവളെ പരിചയപ്പെടുന്നത്‌. നന്നേ ചെറുപ്പം. ആധുനികരീതിയില്‍ ഉടുപ്പും നടപ്പും എല്ലാമായി അസ്സലൊരു മിസ്സിയമ്മ. താന്‍ ആന്തമാന്‍ സ്വദേശിയാണെന്നും ബ്റിട്ടീഷ്‌ രക്തത്തില്‍ പിറന്നവളാണെന്നും ബാംഗളൂരില്‍ ഒരു കോണ്‍വെണ്റ്റ്‌ കോളേജില്‍ ഉപരിപഠനത്തിലാണെന്നും അവള്‍ പറഞ്ഞു. വാര്‍ത്താവിനിമയകോഴ്‌സിനുവേണ്ടിമാത്രം ശനിയാഴ്‌ച്ച രാവിലെ ഗോവയിലെത്തും; ഞായറാഴ്ച്ച വൈകുന്നേരം ബാംഗളൂരിലേക്കു തിരിക്കും. കോഴ്‌സിണ്റ്റെ കാലാവധി മൂന്നുമാസക്കാലവും, ഇങ്ങനെ വന്നുപോയി പഠിക്കാനാണു തീരുമാനം. താന്‍ അച്ഛനമ്മമാരുമായി അല്‍പം നീരസത്തിലായതിനാലാണ്‌ അവരോടൊപ്പം ജെര്‍മനിയില്‍ താമസിക്കാതെ ബാംഗളൂരില്‍ പഠിക്കുന്നതെന്നും പഠിപ്പുതീര്‍ന്നാല്‍ തിരിച്ചുപോകേണ്ടിവരുമെന്നെല്ലാം അവള്‍ പറഞ്ഞറിഞ്ഞു. കോഴ്‌സിനിടെ ഒന്നുരണ്ടുതവണ അവള്‍ എണ്റ്റെ ഭാര്യയോടൊത്ത്‌ ഞങ്ങളുടെ വീട്ടിലേക്കും വന്നു ചായകുടിച്ചുപോയി. ഒരു പാവം പെണ്ണ്‌. കാശുമാത്രംകൊണ്ടു ജീവിതമാകില്ലല്ലോ. ഈ ചെറുപ്രായത്തില്‍ മാതാപിതാക്കളുടെ സ്നേഹവാത്സല്യമില്ലാതെ അകന്നുകഴിയേണ്ടി വരുന്നൊരു ഹതഭാഗ്യ. ഒരു ഞായറാഴ്‌ച വൈകുന്നേരം അവള്‍ വീട്ടില്‍ കയറിവന്നു. താന്‍ വാരാന്ത്യങ്ങളില്‍ പതിവായി തങ്ങാറുള്ള വീട്ടിലെ ആണ്‍ടി വീടുപൂട്ടിപ്പോയിരിക്കുകയാണെന്നും അതിനാല്‍ പിറ്റേന്നു രാവിലെവരെ കൂടെത്താമസിക്കണമെന്നുംപറഞ്ഞ്‌. അന്നു ഞങ്ങളുടേത്‌ ഒരു കിടപ്പറമാത്രമുള്ള കൊച്ചുവീടായിരുന്നു. ഞാനും മോളും മുന്‍മുറിയില്‍ കിടന്നു; എണ്റ്റെ ഭാര്യയും അവളും അകത്തെ മുറിയിലും. രാത്റി മുഴുവന്‍ ലൈറ്റിടലും അണയ്ക്കലുമായി അകത്തെ മുറിയില്‍ അലോസരമായിരുന്നു. കൊച്ചുവെളുപ്പാന്‍കാലത്ത്‌ ഭാര്യ പുറത്തുവന്ന്‌ എന്നോടു സ്വകാര്യമായിപ്പറഞ്ഞുപോയി, അല്‍പം ജാഗ്രതയോടെ ഇരിക്കാന്‍. കൂടുതലൊന്നും അറിയാനൊത്തില്ല. പിറ്റേന്നു രാവിലെ അവള്‍ക്കു പുറപ്പെടാന്‍ ഒരു തത്രപ്പാടുമില്ല. ഞങ്ങള്‍ക്കോ മോളെ സ്കൂളിലയക്കണം; ഞങ്ങള്‍ രണ്ടാള്‍ക്കും പണിക്കുപോണം. ഒടുവില്‍ അവളുടെ ആണ്‍ടിയുടെ വീട്ടില്‍ കൊണ്ടുവിടാമെന്നുപറഞ്ഞ്‌ വണ്ടിയില്‍ കയറ്റി. അവള്‍ എന്തുചെയ്താലും ആണ്‍ടിയുടെ മേല്‍വിലാസം തരില്ല. വണ്ടി ഓടിക്കൊണ്ടേയിരിക്കുമ്പോള്‍ ഒരിടവഴിക്കടുത്ത്‌ നിര്‍ത്താന്‍ പെട്ടെന്നാവശ്യപ്പെട്ടു. ഞങ്ങള്‍ വീട്ടിനുമുന്‍പില്‍ ഇറക്കിക്കൊടുക്കാം എന്നു പറഞ്ഞതൊന്നും കേള്‍ക്കാതെ അവള്‍ ഇറങ്ങി നടന്നു. രാത്രിമൊത്തം ഇടയ്ക്കിടയ്ക്ക്‌ അവള്‍ കട്ടിലില്‍നിന്നു മെല്ലെ എഴുന്നേല്‍ക്കുമത്രെ. ഭാര്യ ആദ്യം കരുതി പുതിയ സ്ഥലത്തെ പരിചയക്കേടോ അല്ലെങ്കില്‍ മന:പ്രയാസമോ കൊണ്ടാകാമെന്ന്‌. അതിലൊരുതവണ എഴുന്നേറ്റ്‌ ചുമരലമാര തുറക്കുന്നതു കണ്ടപ്പോള്‍ ഭാര്യ പെട്ടെന്നു ലൈറ്റ്‌ തെളിച്ചു. ടോയ്‌ലെറ്റിണ്റ്റെ കതകാണെന്നുകരുതി തുറന്നതാണെന്നായിരുന്നു അവളുടെ വിശദീകരണം. ഞാനും ഭാര്യയും അതെല്ലാം മനസ്സില്‍നിന്നു മായ്ച്ചുകളഞ്ഞു, മറ്റു വേവലാതികള്‍ക്കിടയില്‍. അപ്പോഴേക്കും ആ പഠനക്ളാസ്സുകളും കഴിഞ്ഞിരുന്നു. അധികമായില്ല, അവള്‍ ഒരു പുരുഷസുഹൃത്തിനോടൊപ്പം ഒരു വൈകുന്നേരം വീണ്ടും കയറിവന്നു വീട്ടില്‍. ഇത്തവണ ഞങ്ങളും അല്‍പം കരുതലോടെ പെരുമാറി. സാമാന്യോപചാരങ്ങള്‍ക്കുപരി ഞങ്ങളനങ്ങുന്നില്ലെന്നു കണ്ടാകണം വളരെ വൈകിയതിനുശേഷം അവര്‍ സ്ഥലംവിട്ടു. ഞങ്ങളും പലവിധേന കഷ്ടപ്പെട്ടുജീവിക്കുന്ന കാലഘട്ടമായിരുന്നു അത്‌. ഒരാഴ്‌ച കഴിഞ്ഞില്ല, അവളുടെ പുരുഷസുഹൃത്ത്‌ ഒറ്റയ്ക്കു വീട്ടിലെത്തി. ആദ്യമന്വേഷിച്ചത്‌ ഞങ്ങളുടെ വിലപിടിച്ച എന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ എന്നാണ്‌. ഞങ്ങള്‍ക്കൊന്നും നഷ്ടപ്പെട്ടിട്ടില്ലായിരുന്നു, നഷ്ടപ്പെടാനും കാര്യമായി ഒന്നുമില്ലായിരുന്നു, നഷ്ടപ്പെട്ടാലും അങ്ങനെ അറിയില്ലായിരുന്നു. അയാളോടൊപ്പം ഏതാനുംദിവസം കൂടെത്താമസിച്ച്‌ അയാളില്ലാത്തപ്പോള്‍ അയാളുടെ വിലപിടിച്ചതെല്ലാം കാലിയാക്കി അവള്‍ സ്ഥലംവിട്ടത്രെ. അവള്‍ പറഞ്ഞിരുന്ന പേരടക്കം കള്ളമായിരുന്നത്രെ. അവള്‍ ഒരു ആന്തമാന്‍കാരിയുമായിരുന്നില്ലത്രെ. ഒരു മധ്യതിരുവിതാംകൂര്‍ മലയാളി! ഇനി കണ്ടാല്‍ അയാളെയോ പോലീസിനെയോ അറിയിക്കണമെന്നു പറഞ്ഞ്‌ അയാള്‍ മേല്‍വിലാസവുംതന്നു പോയി. അയാളെപ്പറ്റിയും ഞങ്ങള്‍ക്കു വലിയ മതിപ്പുതോന്നാതിരുന്നതിനാല്‍ ഞങ്ങളാക്കാര്യങ്ങള്‍ അതോടെ കുഴിച്ചുമൂടി. പിന്നീടൊരിക്കല്‍ ഒരു ഉത്സവപ്പറമ്പില്‍ അവള്‍ പരുങ്ങിനടക്കുന്നതു കണ്ടു വളരെ സങ്കടംതോന്നി. ഒരിക്കല്‍കൂടി അവള്‍ ഞങ്ങളുടെ വീടന്വേഷിച്ചു വന്നെന്നറിഞ്ഞു. അപ്പോഴേക്കും ഞങ്ങള്‍ വീടുമാറിയിരുന്നു. ***** മീര കോളനിയില്‍ ഞങ്ങളുടെ അയല്‍പക്കമാണ്‌. ഭര്‍ത്താവുമായി ബന്ധമൊഴിഞ്ഞ്‌ രണ്ടാണ്‍മക്കളുമായി വിരാജിക്കുന്നു. അത്യാവശ്യത്തില്‍കൂടുതല്‍ ചീത്തപ്പേരുകള്‍ മൂവര്‍ക്കുമുണ്ട്‌. മീരയുടെ അടുത്ത്‌ ആണുങ്ങളും പിള്ളേരുടെയടുത്ത്‌ പെണ്ണുങ്ങളും അത്ര അടുക്കില്ല. മിക്ക ദിവസവും അമ്മയും മക്കളും വഴക്കായിരിക്കും, പണത്തെ ചൊല്ലി. അതിധനികനായ അച്ഛന്‍ പ്രായമായിട്ടും പഠിക്കാതെയും പണിയില്ലാതെയും തെണ്ടിനടക്കുന്ന മക്കള്‍ക്കു ചെലവിനുകൊടുക്കും, കണക്കില്ലാതെ. സ്വന്തം ബിസിനസ്സുചെയ്യുന്ന അമ്മ സ്വയം പണം ധൂര്‍ത്തടിക്കും. ഇരുകൂട്ടര്‍ക്കും പണംതികഞ്ഞ സമയമില്ല. വീട്ടിനകത്തേയ്ക്കു രണ്ടുകതകുകളാണ്‌. ഒന്ന്‌ അമ്മയുടെ മുറിയിലേക്ക്‌. അതെപ്പോഴും താഴിട്ടുപൂട്ടിയിരിക്കും. പിള്ളേരുടെ കതക്‌ ഇരുപത്തിനാലുമണിക്കൂറും തുറന്നുകിടക്കും; മറ്റു പണിയില്ലാച്ചെക്കന്‍മാര്‍ രാപകലില്ലാതെ വന്നുംപോയുമിരിക്കും. അമ്മ മിക്ക ദിവസവും പാര്‍ട്ടിയിലായിരിക്കും. മക്കള്‍ കൂട്ടുകാരോടൊത്ത്‌ അവിടെയും ഇവിടെയും അലഞ്ഞുതിന്നും. അമ്മയുടെ നാക്കിനു ഞരമ്പില്ല; പിള്ളേരുടെ കൈക്കു കഴപ്പില്ല. ഒരുമാതിരിപ്പെട്ട എല്ലാത്തരം പോലീസ്‌ കേസുകളിലും മൂവരും പങ്കെടുത്തിട്ടുണ്ട്‌. ഒരു അവധിദിവസം ഞാന്‍ മുറ്റത്തു വണ്ടി കഴുകിക്കൊണ്ടു നില്‍ക്കുകയായിരുന്നു. മൂന്നാലു കുരുന്നുകുട്ടികള്‍ അണിഞ്ഞൊരുങ്ങി അയല്‍കോളനിയെ വേര്‍തിരിക്കുന്ന അരമതിലിനപ്പുറത്തു നില്‍ക്കുന്നു. എന്തോ വിശേഷ ദിവസമാണ്‌; അവര്‍ക്കെണ്റ്റെ കോളനിയിലെ അവരുടെ കൊച്ചുസുഹൃത്തിണ്റ്റെ വീട്ടില്‍ പോകണം. അരമതില്‍ ചാടിക്കടക്കാന്‍ പേടി. ഞാനവരെ ഒന്നൊന്നായിപ്പൊക്കി ഇപ്പുറത്തിട്ടുകൊടുത്തു. അപ്പോള്‍ അവര്‍ക്ക്‌ മറ്റൊരു പേടി. അവിടെയും ഇവിടെയുമായി വെയിലത്തു മയങ്ങുന്ന ചാവാലിപ്പട്ടികളെ. ഞാന്‍ പറഞ്ഞു അവയൊന്നും കടിക്കില്ല, ധൈര്യമായിപ്പോകാന്‍. ഒന്നുരണ്ടെണ്ണത്തിനെ ഞാന്‍ ഒച്ചയെടുത്തോടിക്കുകയും ചെയ്തു. എന്നിട്ടും കുഞ്ഞുങ്ങള്‍ക്കു പേടി. ഞാന്‍ കൂട്ടുവരാമെന്നേറ്റു. എന്നാലും പേടി മാറുന്നില്ല. എത്ര പറഞ്ഞാലും നിന്നകാലനക്കില്ല കുട്ടികള്‍. ഇതു മുഴുവന്‍ കണ്ടുനിന്നിരുന്ന മീരാമാഡം പുറത്തേക്കെഴുന്നള്ളി. കുട്ടികളോടു പറഞ്ഞു പേടിക്കേണ്ടെന്നും, താന്‍ പറയാം പട്ടികളോട്‌ കുട്ടികളെ ഉപദ്രവിക്കരുത്‌ എന്നും ഇതെല്ലാം നല്ല കുട്ടികളാണെന്നും. എന്നിട്ട്‌ ഉറക്കെ പട്ടികളെ വിളിച്ചു പറഞ്ഞു, ഈ കുട്ടികളെ പേടിപ്പിക്കരുത്‌, കിടന്ന സ്ഥലത്തുനിന്ന്‌ എഴുന്നേറ്റുപോകരുത്‌ എന്ന്‌. അതുകേട്ട പാതി കുട്ടികള്‍ക്കു സന്തോഷമായി, ധൈര്യമായി; അവരോടി സുഹൃത്തിണ്റ്റെ വീട്ടില്‍ കയറിക്കൂടി. മീര അകത്തേക്കു കയറി കതകടച്ചു. ഞാന്‍ 'വണ്ട'റടിച്ചു നോക്കിനിന്നു. ***** വിജിയും ഭര്‍ത്താവും ഒരുകാലത്ത്‌ എണ്റ്റെ സഹപ്രവര്‍ത്തകരും ഞങ്ങളുടെ അയല്‍ക്കാരുമായിരുന്നു. അവരുടെ ഭര്‍ത്താവിനെയും കൂട്ടി ഞാന്‍ എങ്ങോ യാത്രയിലായിരിക്കുമ്പോള്‍ വിജി കുളിമുറിയില്‍വീണു കാലുളുക്കി. രാത്രിസമയം. നന്നേ ചെറിയ രണ്ടു കുട്ടികളാണവര്‍ക്ക്‌. അയല്‍പക്കത്തോ എണ്റ്റെ ഭാര്യയും കൈക്കുഞ്ഞുംമാത്രം. ഞായറാഴ്‌ചയായതിനാലും രാത്റി വൈകിയതിനാലും അടുത്തെങ്ങും ഒരു ഡോക്‌ടറെയും കിട്ടാന്‍ വഴിയില്ല. സാമാന്യത്തിലേറെ തടിച്ച വിജി നിലത്തുകുത്തിയിരുന്നു മുറവിളിയാണ്‌. എങ്ങനെയോ എണ്റ്റെ ഭാര്യ ഓഫീസിലെതന്നെ ഒരു പയ്യനെ തപ്പിപ്പിടിച്ച്‌ ഒരുവിധത്തില്‍ ഒരു വണ്ടി വരുത്തി. വിജിയെ ഡോക്‌ടറെ പോയിക്കാട്ടി വീട്ടില്‍. പിന്നെ കുറിപ്പടിയുമായി മരുന്നുവാങ്ങാനുള്ള നെട്ടോട്ടം. വഴിമുഴുവന്‍ വിജിയുടെ വിലാപം. ഒരു കടയും തുറന്നിട്ടില്ല. അതിഗംഭീരമായ ഗോവന്‍മഴ. അര്‍ധരാത്രിയോടെ ഏതോ ഒരു മരുന്നുഷോപ്പു വിളിച്ചുതുറപ്പിച്ച്‌ മരുന്നും രോഗിയുമായി വീട്ടിലെത്തുമ്പോഴുണ്ട്‌ രോഗിയുടെ ഒരു വളിച്ച ചിരി. ഏതാനുംദിവസംമുന്‍പും ഇതേപോലെ കാലുളുക്കിയപ്പോള്‍ ഡോക്‌ടര്‍കൊടുത്ത ഇതേ മരുന്നുകള്‍ തേക്കാതെയും കഴിക്കാതെയും തണ്റ്റെ വീട്ടില്‍ തന്നെ ഇരിപ്പുണ്ടുപോലും! എണ്റ്റെ ഭാര്യക്കങ്ങോട്ടു തരിച്ചുകയറി അരിശം. പിന്‍ബുദ്ധിക്കു മരുന്നില്ലല്ലോ. വാല്‍ക്കഷ്ണം: അടുത്തിടെ ഹരിഹരന്‍ പാടിക്കേട്ടൊരു തമിഴ്‌പാട്ടാണ്‌. "പൊയ്‌ സൊല്ലക്കൂടാതെന്‍ കാതലി; പൊയ്‌ സൊന്നാലും നീയെന്‍ കാതലി". നുണ പറയുരുതെന്‍ കാമുകി; നുണപറഞ്ഞാലും നീയെന്‍ കാമുകി, എന്ന്‌. ആണ്‍പെണ്‍ മനസ്സുകള്‍ പോകുന്ന വഴിയേ!

Published in the fortnightly web magazine www.nattupacha.com

Friday 16 December 2011

അങ്ങനെയും ചിലര്‍ (൧)


ÎâKÞÜáæµÞÜï¢ ÎáXÉí ÉàV ¶ÞX ®æKÞøá çÌÞGá¿Î ÎøߺîáçÉÞÏß. Îá¢èÌÏíA¿áJáU ÕØÞÏí ®K ØíÅÜJáÈßKÞÏßøáKá ÉàV ¶ÞX. ÙãÆÏÞ¸ÞÄJßW ÎøßAáçOÞZ ÉæJÝáÉÄá µÝßEßøßAâ ÕÏTí.

¥çgÙJßæa çÌÞGáµ{ÞÃí ÎÙÞøÞ×íd¿, ÆÎX, ·á¼ùÞJí ÄàøA¿Üáµ{ßW ®æa ØÎádÆÉøcçÕfÃBZAí ÕÞ¿µæA¿áJí ©ÉçÏ޷ߺîßøáKÄí. ®ÈßAá ÎáXÉᢠÉßXÉáÎÞÏß ²øá ÉJáÎáMÄáÕV×¢ ÉàV ¶Þæa çÌÞGáµ{ÞÏßøáKá ¨ çζÜÏßW ²øá µáJµÞÕµÞÖ¢çÉÞæÜ çØÕÈÎÈá×íÀߺîßøáKÄí. µùµ{E ÌßØßÈTáµÞøÈÞÏßøáæKCßÜᢠÉùE ÕÞAí ÉùE ØÎÏJá ÉÞÜßAáÎÞÏßøáKá ¥çgÙ¢. ØÎÏÌtßÄÎÞÏ ÉøàfÃÈßøàfÃBZAí ¥BæÈæÏÞøá çØÕÈÕcÕØíÅ ¥ÈáçÉfÃàÏÎÞÏßøáKá. ©ÝMXÎÞøÞæÃCßÜᢠæºÜÕá µáùEÞWÎÄß ®K ØVAÞVÎáùÕßGí, ¥WÉ¢ æºÜÕáµâ¿ßÏÞÜᢠµãÄcÈß×íÀÏáUÕV çÕâ ®K ÉfJÞÏßøáKá ¾ÞX. øÞÕᢠɵÜᢠçÍÆÎßÜïÞJ, µÞxᢠçµÞ{ᢠյÕÏíAÞJ, ªÃᢠ©ùAÕᢠµÞøcÎÞAÞJ çÌÞGᢠçÌÞGáµÞæøÏᢠ²øáAßJKá ÉàV ¶ÞX. ¥FáÕV×JßÜÇßµ¢.

¥Ká ¾ÞX ¯æùAâæù ÉÏîÈÞÏßøáKá. ®çKAÞZ ÉJáÕV×æÎCßÜᢠÕÏTßÈáÎâJ ¥çgÙçJÞ¿í ²øá µøÞùáµÞøæÈK ÈßÜÏíAáÎÞdÄ¢ ®ÈßAá æÉøáÎÞùÞÈÞÏßÜï. µÞøâ ¥çgÙJßÈí ®çKÞ¿í ²øá dÉçÄcµ ÕÞrÜcÎáIÞÏßøáKá. ²Kí ÍÞ×Ïáæ¿ ÉøßÎßÄß. çÌÞ¢æÌÏßW Äá¿AAÞøÈÞÏßøáK ®æa çµø{ÙßwßÏᢠ¥çgÙJßæa Ì¿í{V §¢·ïà×ᢠ²øáçÉÞæÜ ®æKÞøá æºÞÜïí ¥çK çµGßøáKá. ¥ÄáÕµÕÏíAÞæÄ ¾BZ èÆÈ¢ÆßȵÞøcBZ ÉøØíÉø¢ ÉùEáÎÈTßÜÞAß. ÉßæK Õ¿AXØÙdÉÕVJµøáæ¿ ºM¿Þºîßµæ{ÞKᢠ¾ÞX ÉÀߺîßGßÜïÞÏßøáKá. çÈæøÕÞ çÈæø çÉÞ, ®ÈßAᢠÉàV¶ÞÈáÎß¿ÏíAáU Ìt¢ ¥ÄÞÏßøáKá. ¥çgÙæÎÞøá ÈÞGádÉÎÞÃßÏÞÏßøáæKKᢠ®µíØßµcâGàÕí μßØíçdxxßæa ¥ÜCÞøÎáIÞÏßøáæKKᢠÄçgÖøÞ×íd¿àÏJßW ÈßVÃÞϵ ÖµñßÏÞÏßøáæKKᢠ®ÈßAùßÕßÜïÞÏßøáKá. ¥JøæÎÞøá ÄÜAÈÎáU æÉøáÎÞx¢ ®a¿áJáIÞÏßÜï. Äø¢µßGáçOÞæÝÜïÞ¢ ®æKæÏÞKá µ{ßÏÞAßÕß¿á¢. µÜcÞâ µÝßAÞJÄáæµÞIÞÃí 'ÉÃß, ÉÃß" ®KáÉùEá æÈçGÞGçÎÞ¿áKæÄKá¢, ÕßµßøÃØÞÇcÄÏáU ¥ÃáèÕÆcáÄßÈßÜÏBZA¿áJí ÕV×Bç{Þ{¢ ÉÃßæÏ¿áAáKÄßÈÞW ØLÞçÈÞÄíÉÞÆÈçÖ×ß È×í¿æM¿ÞX §¿ÏáæIKá¢, ¥ÄßÈÞW Øâfßçºî ÕßÕÞÙßÄÈÞµÞÕâ ®æKÞæA ÄGßÎâ{ßAᢠÉàV ¶ÞX. dÉÞÅÎßµÞÕÖcBZAÞÏß æµÞºîáÎàXÉß¿áJçÌÞGáµ{áæ¿ ÉßXÕÖJáæµGáK ÎùMáøÏíAí '³MY ®ÏV ç¿ÞÏíæÜxí"®Ká¢, ¥ÄßȵJá ÄßøϿߺîá æÕU¢ çµùáçOÞZ ¥ÄßæÈ '¦çGÞ Ëï×í" ®KáæÎÞæAÏÞÃí ÉàV ¶Þæa ÈÞεøâ.

Äæa ¯xÕᢠÕÜáÄᢠÉÝAÕáÎáU çÌÞGÞÏßøáKá 'Õß¼Ï". ¥Äí ¦øáæ¿çÏÞ µÏîßWÈßKá ÕÞBßÏÄÞÏßøáKá. ÎàXÉß¿áJÕᢠØVAÞV µøÞùáµ{áÎÞÏß ÉºîÉ߿ߺîçMÞZ ²øá çÌÞGí ÕVµíç×ÞMᢠÄá¿Bß ÕØÞÏßW. ¥çMÞÝÞÃí ÎæxÞøá çÌÞGí ÉáÄáÄÞÏß ÉÃßÏßAáKÄí. ¥ÄßÈá 'ØÞæÜÙí" ®K çÉøßGá. ¥ÄßÈáçÖ×ÎÞÃædÄ ÌßØßÈTí ¥ÍßÕãißæMGÄí. ÉßKæJ çÌÞGßÈá '¼ÈÄ ÉÞVGß" ®Ká çÉøßGá. ¼ÏßAáK ÉÞVGßÏá濵âæ¿ ÄÞÈáIÞµáæÎKÞÏßøáKá ¥ÄßÈáU ÕßÖÆàµøâ. ¼ÏßAáK ÌßØßÈTáµÞøáæ¿ µâæ¿ ÉÞVGßÏáÎáI޵ᢠ®æKÞøá ¿ßMÃßÏá¢. ÄÞÎØßÏÞæÄ 'ºÞwí" ®æKÞøá çÌÞGᢠÉàV ¶ÞX ÉÃßÏߺîá µ¿ÜßÜßùAß. 'ØÞæÜÙí"_æa ÍÞ·c¢ ÉßXÄá¿øÞÈÞÏßøáKá ¥æÄKÏßøáKá ¥çgÙJßæa Éf¢.

ÕßÇß Éæf ÎùߺîÞÏß. ·á¼ùÞJíÄàøæJ ®æaæÏÞøá ·çÕ×ÃÉøßÉÞ¿ßAá ÎáçKÞ¿ßÏÞÏß ÕßÜÉ߿ߺî ØÞÇÈØÞÎd·ßµ{áÎÞÏßçMÞµáçOÞZ, 1980_81_æÜ ºáÝÜßæA޿ᢵÞxßW ¦{¿A¢ 'ºÞwí" µ¿ÜßW µÞÃÞÄÞÏß. ÉàV¶Þæa ÎøáεÈáZæÉæ¿ ¥æFGáçÉV ¥ÄßÜáIÞÏßøáKá. ¥KæJ ØíÅßÄßÏÈáØøߺîí ÄÞøÄçÎcÈ Îßµºî ØìµøcB{ÞÃí ÉàV ¶ÞX çÌÞGßW ²øáAßÏßøáKÄí. ¿ÞXØßØíxV çùÁßçÏÞ, µá¿ßæÕU¢, ÖàÄàµøÃæMGß, ¦ÙÞøçÖ¶ø¢, èÜËí ¼ÞAxáµZ, èÜËí çÌÞGí ®KáÄá¿Bß ÈßÏÎdɵÞøÕᢠ¥ÄßÈá çÎÜᢠçÕI ؼí¼àµøÃBZ. ®Kᢠ²KáøIáÄÕà µÞÜÞÕØíÅÞÕãJÞL¢ çµGßøßAÃæÎKᢠÈßVÌt¢ Éß¿ßAáÎÞÏßøáKá. ®çLÞ ¥JÕà ®ÜïÞ¢ ÉÞ{ß. çÌÞGßæaçÏÞ çÌÞGáµÞøáæ¿çÏÞ ÏÞæÄÞøÕÖß×í¿ÕᢠµIáµßGßÏßÜï.

ÉàV ¶ÞX ¦ÆcÎÞÏß èÕµÞøßµÎÞÏß ¥¿ßæÄxáKÄí ¥Ká ¾ÞX µIá. §Lc_ÉÞµßØñÞX dµßAxí µÞÃÞæÈK ÕcÞç¼È ÕßØæÏ¿áJí ÉÞµßØñÞÈßWçÉÞÏß ¼ÏßÜáµ{ÞÏ ¼ÏßÜáµ{ßæÜÜïÞ¢ çÌÞGáµÞæø ÄßøAß È¿Ká. ¦µØíÎßµÎÞÏᢠ¥ÜïÞæÄÏᢠ¥ÄßVJßdÉçÆÖB{ßW ¥ÜÏáK çÌÞGáµÞæø É߿ߺîá ¼ÏßÜßÜ¿ÏíAáµ ¥Ká ÉÄßÕÞÏßøáKá. Äæa ¦ZAÞV ¥ÄßæÜBÞÈᢠæÉGáçÉÞçÏÞ ®KÞÏßøáKá ÉàV ¶Þæa ÖC. ²øá §ØïÞ¢ Øßiæa ÉáÃcØíÅÜ¢ ØwVÖßAÞæÈKçÉøßW ²øßAWµâ¿ß ÉÞµßØñÞÈßWçÉÞÏß ¥çÈb×ߺîáÕKá ÉàV ¶ÞX æÕùᢵçÏîÞæ¿.

Äæa dÉßÏæMG ÉÃßAÞøᢠ¥øáÎÏÞÏ ÎøáεÈᢠÈ×í¿æMGÄßÜÞÏßøáKá ¥çgÙJßæa ÕcØÈ¢ ÉßWAÞÜB{ßW. È×í¿æMG Éâ ®BßæÈæÏCßÜáÎáIÞAÞ¢, Éæf È×í¿æMG ¼àÕX? Îøߺî ÉÃßAÞøáæ¿æÏÜïÞ¢ ¦dÖßÄæø ÉàV ¶ÞX ØbL¢ çÌÞGáµ{ßÜᢠÕVAí ç×ÞMßÜáÎÞÏß ÈßÏÎߺîá. Îøáεæa ÍÞøcæÏÏᢠÎAæ{ÏᢠÆæJ¿áJá ØbL¢ ÎAç{Þæ¿ÞM¢ ÉøßÉÞÜߺîá. ¨ ØÎÏæJÜïÞ¢ ¥çgÙJßæa ÍÞøc çÄÞç{Þ¿áçÄÞZ ÈßKá ØÙÞÏߺîá. ÄÞÎØßÏÞæÄ Äæa ÌßØßÈæTÜïÞ¢ dÉÞÏ¢ÄßµE εæÈ ¯WMߺîá. ¥çMÞçÝAᢠ®ùÃÞµá{æJ 'ØßËíæÈxí" (
Central Institute of Fisheries Nautical & Engineering Training) ®K ØíÅÞÉÈJßW ÎrcÌtÈÕß¼í¾ÞÈJßW ÉÀÈ¢µÝßEá ÉáùJßùBßÏßøáKá εX ÆßWÆÞV.

ØbL¢ ÎÄÕßÖbÞØB{ßW µÞÜâKßÈßWAáçOÞÝᢠÎxá ÎÄØíÅæø ÎÈTßÜÞAáÕÞÈᢠÌÙáÎÞÈßAáÕÞÈᢠÉàV ¶ÞÈá µÝßEßøáKá.
¥çgÙ¢ ¥ÇßµæÎÞKᢠÉÀߺîßGßÜïÞÏßøáKá. ÕVAí ç×ÞMßæÜ µÞøcBZ æµÞIáÈ¿AÞÈᢠ§¢·ïà×ßW µJß¿ÉÞ¿áÈ¿JÞÈáæÎÞæA çÄÞÎØí ®æKÞøá ®X¼ßÈßÏV ¦ÏßøáKá µâæ¿. çÌÞGßÜÞæÃCßçÜÞ øyÞ·ßøß_æµÞCY dÉçÆÖB{ßæÜ ÙßwáA{ÞÏ ÉÃßAÞøÞÏßøáKá ÎáÝáÕX. ÎxáçÌÞGáµ{ßæÜ ç¼ÞÜßAÞV ¥Õøáæ¿ ÎáÄÜÞ{ßÎÞæøMxßMùÏáK ÄøJßÜáU ²æøÞx ÉøÞÄßçÉÞÜᢠ¥ÕøßWÈßKá çµGßGßÜï. ®æa ¥æFGáÕV×æJ ÉøߺÏJßÈß¿ÏßW ²æøÞx ç¼ÞÜßAÞøXçÉÞÜᢠÉàV ¶ÞæÈÕßGá çÉÞÏßGáÎßÜï. ÆbÞøµÏßæÜ çfdÄØÎáºîÏ¢ÎáÝáÕX È¿KáµIÄí ÉàV ¶ÞçÈÞæ¿ÞMÎÞÏßøáKá. ÆÎÈßæÜ ÎáAáÕøáæ¿ ÕÈcÎÞÏ µÜcÞÃÞç¸Þ×B{ßÜᢠÈVÎÆÞÄàøæJ è¼ÈÎwßøB{ßÜᢠ©¢ÍùÞGí, ÈÕíØÞøß Äá¿BßÏ ·á¼ùÞJíd·ÞÎB{ßæÜ æÉÞ¿ßæÉÞBáK ²xÏ¿ßMÞĵ{ßÜáæÎÜïÞ¢ ®æK ¥çgÙ¢ Äæa èØÁí_µÞV ©U çÎÞçGÞV èÌAßÜᢠÕßÜïàØí_¼àMßÜáÎÞÏß æµÞIáÈ¿Ká ²ÝßÕáØÎÏB{ßW.

²øá ù¢ØÞXÆßÈJßW ÉàV ¶ÞX ®æa ÕàGßçÜAá µÏùßÕKá.
¥çKAá ¾ÞX çÌÞ¢çÌÕßGí ç·ÞÕÏßçÜAá µá¿á¢ÌØçÎÄ¢ ÎÞùßÏßøáKá. µÞxᢠÎÝÏᢠĵVAáK ²øá ØtcÞØÎÏ¢. ÄÞX §KßÕßæ¿ÏÞÃá çÈÞOáÄáùAÞX çÉÞµáKæÄKᢠµá¿ßAÞX µáùºîá æÕUÕᢠµÝßAÞX ®æLCßÜᢠÉÝÕᢠçÕÃæÎKᢠÉùEÞÏßøáKá ¥çgÙJßæa ÕøÕí. ØÄíµVÎBZ Õcµñßµ{áæ¿ ØCáºßÄÕßÖbÞØBZAÄàÄÎÞæÃKᢠ¥ÕÏíAá µÞÜçÎÞ çÆÖçÎÞ ÕßÖbÞØçÎÞ ÕßÜBáÄ¿ßÏÞµßæÜïKᢠ¥çgÙ¢ µÞGßJKá. ®KßGí RØbÞÎß¼ßæAÞøá ÉáÃc¢µâ¿ß!Q ®æKÞøá æÉÞGߺîßøßÏá¢.

¾BZ ÄNßW ¥ÕØÞÈ¢ µIÄí ¥KÞÏßøáKá.

Thursday 1 September 2011

ചിലനേരങ്ങളില്‍ ചില യാത്രകള്‍

യാത്രകള്‍ അനുഭവങ്ങളാണാര്‍ക്കും. അനുഭവങ്ങള്‍ അനുഭൂതിയും അഭ്യസനവും. കാല്‍നടയായാലും കടല്‍യാത്രയായാലും കണ്ണൊന്നു തുറന്നുപിടിച്ചാല്‍മതി. മനോരഥത്തിനാകട്ടെ, മണ്ണും വിണ്ണും വ്യത്യാസവുമില്ല.

ഗവേഷണരംഗത്ത്‌ ജോലികിട്ടുന്നതുവരെ വളരെക്കുറച്ചേ ഞാന്‍ യാത്ര ചെയ്തിരുന്നുള്ളൂ. നാട്ടില്‍നിന്ന്‌ ജോലിസ്ഥലത്ത്‌ എത്തിപ്പെട്ടതുതന്നെ, അന്നതെ യാത്രാസൌകര്യങ്ങളുടെ പരിമിതികാരണം, വളരെ കഷ്ടപ്പെട്ടിട്ടായിരുന്നു. എന്നിട്ടും, മേലനങ്ങാതെ പണിയെടുക്കാന്‍ ആവശ്യത്തിലധികം അവസരങ്ങളുണ്ടായിട്ടും, മണ്ണിലും വെള്ളത്തിലുമിറങ്ങിച്ചെയ്യേണ്ട കാര്യങ്ങളാണ്‌ ഞാന്‍ പഠനത്തിനായി തെരഞ്ഞടുത്തത്‌. ആരോഗ്യത്തെയും മടിശ്ശീലയെയും, അചിരേണ ദന്തഗോപുരാധിഷ്ഠിതമായ സ്ഥാനമാനങ്ങളെയും, അതു ബാധിച്ചെങ്കിലും മനസ്സിനും മാനസികവളര്‍ച്ചക്കും ഏറ്റവും ഹിതകരമായിരുന്നു പഠനയാത്രകളും മറ്റുസഞ്ചാരങ്ങളും.

കുളത്തില്‍ നീന്താനറിയാമായിരുന്നെങ്കിലും കടലില്‍ നീന്താന്‍ പഠിക്കുന്നത്‌ ഉദ്യോഗപര്‍വത്തിലാണ്‌. എന്നിട്ടുപോലും ഒരിക്കല്‍ കടലില്‍ മുങ്ങി. അധികമകലെയൊന്നും പോയതായിരുന്നില്ല. രണ്ടാള്‍പ്പൊക്കം വെള്ളമേ ഉണ്ടായിരുന്നുള്ളൂ. പക്ഷെ ഒരു കൊച്ചു മോട്ടോര്‍ബോട്ടിലായിരുന്നു സഞ്ചാരം. ഒരുവശം കാല്‍വച്ചാല്‍ മറുവശം പൊങ്ങും. രണ്ടു ബോട്ടുജോലിക്കാര്‍, ഒരാള്‍ അണിയത്തും ഒരാള്‍ അമരത്തും, ശ്രദ്ധാപൂര്‍വം ഒഴുക്കിനും ഓളത്തിനുമനുസരിച്ച്‌ ഓടത്തെ നിയന്ത്രിച്ചുതന്നു. കുറച്ചു ഭാരമേറിയ ഒരു ഉപകരണമാണ്‌ എനിക്ക്‌ കടലിലിറക്കേണ്ടിയിരുന്നത്‌. ഇറക്കുമ്പോള്‍ അതിണ്റ്റെ വൈദ്യുതകേബിള്‍ കാലിലുടക്കി. മറുവശത്തിരുന്നിരുന്ന എണ്റ്റെ സഹപ്രവര്‍ത്തക എന്നെ സഹായിക്കാനായി എണ്റ്റെ വശത്തേക്കു സ്ഥാനം മാറി. അരുതെന്നു പറയുന്നതിനുമുന്‍പ്‌ ബോട്ടു കുത്തനെ ചെരിഞ്ഞു. ദാ കിടക്കുന്നു രണ്ടാളും വെള്ളത്തില്‍.

നെഞ്ചടിച്ചുവീണ ഞാന്‍ കൈകാലിട്ടുപതപ്പിച്ചു ബോട്ടില്‍പിടിച്ചുതൂങ്ങി. തലകുത്തിവീണ സഹപ്രവര്‍ത്തക ഒന്നു മുങ്ങിപ്പൊങ്ങി എണ്റ്റെ കാലില്‍ തൂങ്ങിക്കിടന്നു. എനിക്കാണെങ്കില്‍ ബോട്ടിലേക്കു കയറിപ്പറ്റാന്‍ വയ്യ. അമരക്കാരന്‍ ഉടന്‍ വെള്ളത്തില്‍ ചാടി സഹപ്രവര്‍ത്തകയെ താങ്ങിമാറ്റി. രണ്ടാളുംകൂടെ ഒരുവിധം അവരെ കൈകൊടുത്തുപൊക്കി ബോട്ടിലാക്കി. ഞങ്ങളും കയറിപ്പറ്റി. ഒന്നു നന്നായി മുങ്ങിക്കുളിച്ച സന്തോഷത്തിലായിരുന്നു കോഴിക്കോട്ടുകാരി സഹപ്രവര്‍ത്തക.

പണിനിര്‍ത്തി കരയിലെത്തി മുറിയില്‍പോയി കുളിക്കാന്‍ ഒരുങ്ങുമ്പോഴാണ്‌, എണ്റ്റെ കാലില്‍നിന്നു തുണി അഴിഞ്ഞുവരുന്നില്ല. ഒരുമുഴംനീളത്തില്‍ ചോരയൊട്ടിക്കിടക്കുന്നു. ആ മുറിപ്പാട്‌ ഇന്നും ഞാന്‍ വലങ്കാല്‍തണ്ടില്‍ കൊണ്ടുനടക്കുന്നു.

സുരക്ഷാവിധികള്‍ അതിപ്രധാനമാണു കടലിലും കപ്പലിലും. കരയില്‍ ഒന്നിന്‌ ഒന്ന്‌ അധികപ്പറ്റായി (സ്പെയര്‍) കരുതുമ്പോള്‍ കടലില്‍ രണ്ടെണ്ണമെങ്കിലും കരുതിവയ്ക്കണം. ആദ്യം സുരക്ഷ; അതിനുശേഷമേ മറ്റെന്തുമുള്ളൂ - പണി ആയാലും ഊണായാലും ഉറക്കമായാലും. ആദ്യക്കാര്‍ക്ക്‌ ഇതെല്ലാം അല്‍പം തമാശയായിത്തോന്നാം. പക്ഷെ അപകടസമയങ്ങളില്‍ അതിണ്റ്റെ വില മനസ്സിലാകും.

സര്‍വകലാശാലകളിലെ അധ്യാപകര്‍ക്കായി ഒരു പരിശീലനയാത്ര ഒരുക്കേണ്ടിവന്നു എനിക്കൊരിക്കല്‍ കപ്പലില്‍. വിദ്യാര്‍ഥികളേക്കാള്‍ മന്ദഗതിക്കാരാണല്ലോ അധ്യാപകര്‍. ഒരുകാര്യം അറിയില്ലെങ്കില്‍ അറിയില്ലെന്നൊട്ടു സമ്മതിക്കുകയുമില്ല. പുറംകടലിലെ ഗവേഷണപ്രക്രിയയില്‍ രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ പഠനം നടക്കും. ഉണ്ണാനും ഉറങ്ങാനുമൊന്നും കപ്പലോ പണിയോ നിര്‍ത്തിവയ്ക്കുന്ന പരിപാടിയില്ല. സ്ഥലവും സമയവും അടുക്കുമ്പോള്‍ നിര്‍ദ്ദിഷ്ടവ്യക്തികള്‍ നിര്‍ദ്ദിഷ്ട സ്ഥാനങ്ങളില്‍ അണിനിരക്കണം. ക്ളാസ്സുമുറിയല്ലാതെ, പുസ്തകത്തിലല്ലാതെ, കടല്‍കാണാത്ത സമുദ്രശാസ്ത്രാധ്യാപകരെ ആവശ്യാനുസരണം അണിനിരത്തുന്നത്‌ അതികഠിനമായിരുന്നു. ഉണ്ണാത്തവരെ ഉണര്‍ത്തിയാലും കുഴപ്പമില്ലായിരുന്നു; ഉണ്ണാമന്‍മാരെ വിളിച്ചുണര്‍ത്തുന്നതുപോലും പ്രശ്നമായിരുന്നു.

കാറ്റും മഴയും തിരയും അഴിഞ്ഞാടിയ ഒരു രാത്രിയിലാണ്‌ ഞങ്ങളുടെ ഒരു 'സ്റ്റേഷന്‍' (പഠനസ്ഥാനം) എത്തിയത്‌. പകലായിരുന്നെങ്കില്‍ പ്രമാണിമാരെല്ലാം പറന്നെത്തുമായിരുന്നു. രാത്രിപ്പണിക്ക്‌ കപ്പല്‍തൊഴിലാളികളൊഴിച്ച്‌ ഒരു കുഞ്ഞുമില്ല ഡെക്കില്‍ (കപ്പല്‍തട്ടില്‍). ഒരുവിധത്തില്‍, ആ പഠനസ്ഥാനവും അവിടത്തെ കടല്‍തട്ടിലെ ചളിയുടെ സാമ്പിളും ആവശ്യപ്പെട്ട ശാസ്ത്രാധ്യാപകരെ വിളിച്ചുണര്‍ത്തിക്കൊണ്ടുവന്നു. ലുങ്കിയും റബര്‍ചെരിപ്പുമായി ഡെക്കില്‍വന്ന അവരെ കപ്പിത്താന്‍ തിരിച്ചയച്ചു, കാറ്റില്‍പറക്കാത്ത ഉടുപ്പും കാല്‍മുഴുവന്‍പൊതിയുന്ന ചെരിപ്പും അണിഞ്ഞുവരാന്‍. നിസ്സാരമായിത്തോന്നാമെങ്കിലും ഇത്തരം സുരക്ഷാനിയമങ്ങള്‍ക്ക്‌ ജീവണ്റ്റെ വിലയുണ്ട്‌.

ഒരു വലിയ മണ്‍മാന്തിയുപയോഗിച്ചാണ്‌ കടല്‍തട്ടില്‍നിന്ന്‌ സാമ്പിള്‍ കോരിയെടുക്കേണ്ടിയിരുന്നത്‌. അതു വെള്ളത്തില്‍ ആയിരം മീറ്റര്‍ താഴേക്കയക്കാനും മണ്ണുകോരിയതിനുശേഷം കപ്പല്‍തട്ടില്‍ തൂത്തിടാനും യന്ത്രവല്‍കൃതസംവിധാനങ്ങളുണ്ട്‌. അതു പ്രവര്‍ത്തിപ്പിക്കാന്‍, പരിശീലനത്തിലുള്ള അധ്യാപകരെക്കൊണ്ടാകാത്തതിനാല്‍ തത്കാലം ആ ചുമതല ഞാനേറ്റെടുത്തു. മണ്‍മാന്തി, സാമ്പിളുമായി വെള്ളത്തില്‍നിന്നു പൊങ്ങിവന്ന നിമിഷം അതുകാണാന്‍ അവര്‍ കപ്പലിണ്റ്റെ വക്കില്‍ കഴുത്തുനീട്ടിനിന്നു. ആടിയുലയുന്ന കപ്പലില്‍ ഇരുമ്പുകമ്പിയില്‍തൂങ്ങുന്ന ടണ്‍കണക്കിനു ഭാരമുള്ള ലോഹക്കൂട്‌ ഡെക്കിനുമുകളില്‍ തലങ്ങും വിലങ്ങും പായുന്നതിനിടയിലാണത്‌. ഒരുതരത്തില്‍ അത്‌ എവിടെയും പോയി തട്ടാതെ നിലത്തേക്കിറക്കാന്‍ പാടുപെടുമ്പോഴാണ്‌ അവര്‍ അതുകടന്നുപിടിക്കാന്‍ തലയുംനീട്ടി പാഞ്ഞുവരുന്നത്‌. മണ്ണിറക്കുന്നതുവരെ ആരും അടുത്തുപോകരുതെന്ന വിലക്കു മറികടന്നാണത്‌. ഞാന്‍ നിന്നുവിയര്‍ത്തു. ഉടനെ നാലഞ്ചാളുകളുടെ തല വെട്ടിപ്പിളര്‍ന്ന്‌ ചോരചീറ്റുന്നതു കാണണം. പോരാത്തതിന്‌, വെറും പരിചയത്തിണ്റ്റെയും സൌഹൃദത്തിണ്റ്റെയും ചോരത്തിളപ്പിണ്റ്റെയും പേരിലാണ്‌ ഞാന്‍ ഈ യന്ത്രം കയ്യാളുന്നത്‌. പരിചയസമ്പന്നരായ കപ്പല്‍ജോലിക്കാരെ രാത്രികാലത്ത്‌ ഉപദ്രവിക്കേണ്ടെന്നു കരുതിയാണ്‌ ഞാന്‍ ഈ ദൌത്യം സ്വയം ഏറ്റെടുത്തത്‌. എന്തെങ്കിലും അബദ്ധം പിണഞ്ഞാല്‍?

ഞാന്‍ നിന്നുരുകി. ഡെക്കിനുമുകളില്‍ മണ്ണുമാന്തി ഉലഞ്ഞാടുന്നു. സമയംകളയാനില്ല. ഞാന്‍ പഠിച്ച ഭൌതികശാസ്ത്രം രക്ഷക്കെത്തി. പെന്‍ഡുലത്തിണ്റ്റെ ആയം കുറക്കാന്‍ നീളം കുറച്ചാല്‍ മതി. ഉടന്‍ യന്ത്രത്തിണ്റ്റെ ലിവര്‍പിടിച്ചുവലിച്ച്‌ മണ്ണുമാന്തി പൊക്കി. എങ്കിലോ ആ ആക്കത്തിന്‌ അതു ക്രെയിനിണ്റ്റെ (ഞങ്ങള്‍ അതിനെ 'ബൂം' എന്നു പറയും) മുകളില്‍തട്ടി തകരരുതു താനും. അതു തടയാന്‍ പൊടുന്നനെ അയച്ചുവിട്ടാലോ താഴേക്കുള്ള പാച്ചിലില്‍ ഇരുമ്പുകയര്‍തന്നെ പൊട്ടിയേക്കും. ഞാന്‍ ആട്ടം കൂട്ടിയും കുറച്ചും നിയന്ത്രിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. കപ്പലിണ്റ്റെ മുകളില്‍ ഇതെല്ലാം നോക്കിനിന്നിരുന്ന കപ്പിത്താന്‍ ഉച്ചഭാഷിണിയില്‍ അലറി, ഡെക്കില്‍നിന്ന്‌ എല്ലാവരും ഒഴിഞ്ഞുപോകാന്‍. ആ തക്കത്തിന്‌, കപ്പലിണ്റ്റെ ആട്ടവും കപ്പല്‍തട്ടിണ്റ്റെ കിടപ്പും ഒപ്പിച്ച്‌ ഞാന്‍ ഒരുവിധം മൃദുവായി സാധനം നിലത്തിറക്കി. അത്തരമൊരു കളിക്ക്‌ പിന്നീടു ഞാന്‍ മുതിര്‍ന്നിട്ടില്ല.

അനുഭവങ്ങള്‍നിറഞ്ഞ അവസരങ്ങള്‍ ചിലപ്പോള്‍ നമ്മെ തേടിവരും. വടക്കെ ഇന്ത്യയില്‍നിന്നുള്ള ഒരു മടക്ക യാത്രയിലായിരുന്നു അത്‌. വാരാണസിയില്‍നിന്ന്‌ ബോംബേക്കുള്ള യാത്ര. ഉത്തര്‍പ്രദേശിണ്റ്റെ ഉള്‍പ്രദേശങ്ങള്‍കടന്നു വന്നപ്പോഴേക്കും പതിവുവിമാനങ്ങളെല്ലാം പോയിക്കഴിഞ്ഞിരുന്നു. താമസിയാതെ അലഹബാദുവഴി ദില്ലിയിലേക്കുപോകുന്ന ഒരു കൊച്ചു വിമാനമുണ്ടെന്നും പിന്നെ ദില്ലിയില്‍നിന്ന്‌ ബോംബേക്കു നേരിട്ടു പറക്കാമെന്നും വിമാനക്കമ്പനി പറഞ്ഞു. ഞാന്‍ ടിക്കറ്റെടുത്ത്‌ വാരാണസി വിമാനത്താവളത്തില്‍ കാത്തിരുന്നു. സമയമായിട്ടും ആളനക്കമൊന്നുമില്ല. ക്ഷമകെട്ട്‌, ആ വഴിവന്ന ഒരു പൈലറ്റിണ്റ്റടുത്ത്‌ കാര്യമന്വേഷിച്ചു. "ഓ, നിങ്ങളാണോ ആ യാത്രക്കാരന്‍? ആരും ഈ വിമാനത്തില്‍ പോകാറില്ല. ഞങ്ങള്‍ വിമാനജോലിക്കാര്‍മാത്രമേ ഉണ്ടാകൂ. അലഹബാദില്‍നിന്നാണ്‌ യാത്രക്കാര്‍ കയറുക. ഏതായാലും കൂടെ വരൂ."

൧൯൮൦-കളിലാണിത്‌. ഞങ്ങള്‍ വിമാനത്തില്‍ കയറി കതകടച്ചു. ഒരേയൊരു യാത്രക്കാരനായതിനാല്‍ സ്വാഗതവും സുരക്ഷാപാഠവും ഒന്നും വേണ്ടല്ലോ എന്നായി ആകാശസുന്ദരി. പക്ഷെ എനിക്കൊരാവശ്യമുണ്ടെന്നു ഞാന്‍. കോക്പിറ്റിലിരുന്ന്‌ വിമാനമോടിക്കുന്നത്‌ ഒന്നു കാണണം. അതിനു സുരക്ഷാവിലക്കുണ്ടെന്ന്‌ അവള്‍. ഒരൊറ്റ യാത്രക്കാരനും മൂന്നു വിമാനജോലിക്കാരും ഉള്ളപ്പോള്‍ എന്തു സുരക്ഷാപ്രശ്നം എന്നു ഞാന്‍. അവള്‍ പൈലറ്റിനോടു സമ്മതം ചോദിച്ചുവന്നു. എന്നെ കോ-പൈലറ്റിണ്റ്റെ സീറ്റിലിരുത്തി ആ സര്‍ദാര്‍ജി പൈലറ്റ്‌ വിമാനംപറത്തുന്നതു കാണിച്ചുതന്നു. അര മണിക്കൂറ്‍. വിമാനം ഉയര്‍ത്തിയും താഴ്തിയും ചരിച്ചും വളച്ചും. അലഹബാദില്‍ ഇറങ്ങാറായപ്പോള്‍ നന്ദിപറഞ്ഞ്‌ ഞാന്‍ എണ്റ്റെ സീറ്റില്‍പോയിരുന്നു. വിമാനത്താവളത്തില്‍ ഉയര്‍ന്നുപൊങ്ങുമ്പോഴും താഴ്ന്നിറങ്ങുമ്പോഴും കോക്പിറ്റില്‍ അന്യര്‍ ഇരിക്കരുത്‌ എന്നാണു നിയമം.

അലഹബാദില്‍നിന്ന്‌ മൂന്നേമൂന്നു യാത്രക്കാര്‍കൂടെ കയറി. എല്ലാം വിദേശികള്‍. ദില്ലിയിലെത്തിയപ്പോള്‍ എണ്റ്റെ വിമാനം പോയിക്കഴിഞ്ഞിരുന്നു. പകരം ജയ്പൂറ്‍, ജോധ്പൂറ്‍, ഉദയ്പൂറ്‍, നാഗ്പൂറ്‍ വഴി ഒരു നീണ്ടയാത്ര. വഴിക്ക്‌ മണല്‍ക്കാറ്റുകൊണ്ട്‌ വിമാനം മണിക്കൂറുകളോളം വൈകി. അവസാനം ബോംബേയിലെത്തിയപ്പോള്‍ ഏകദേശം തീവണ്ടിയാത്രയുടെ സമയമെടുത്തിരുന്നു.

അതിനെല്ലാം കുറെ മുന്‍പാണ്‌. ബോംബേയില്‍നിന്ന്‌ ഗോവയിലേക്കൊരു യാത്ര. രാവിലെ വിമാനത്തില്‍ കയറി. മഴകാരണം പുറപ്പെടാതെ മണിക്കൂറുകള്‍ വിമാനത്തിനുള്ളില്‍. പിന്നെ പുറത്തിറക്കി. ഉച്ചകഴിഞ്ഞ്‌ വീണ്ടും വിമാനത്തില്‍. ഒരുമണിക്കൂറ്‍ യാത്രകഴിഞ്ഞ്‌ ഗോവയില്‍ ഇറങ്ങാന്‍ കഴിയാതെ തിരിച്ചു ബോംബേയിലേക്ക്‌. വൈകുന്നേരത്തോടെ വീണ്ടും ഗോവയിലേക്ക്‌. വീണ്ടും ഗോവയില്‍ ഇറക്കാന്‍ കഴിയാതെ വിമാനം തിരിച്ചു പറത്തി. മഴ ഒന്നു ശാന്തമായപ്പോള്‍ വിമാനം പറത്താമെന്നു പൈലറ്റ്‌. കൂടെപ്പോരില്ലെന്നു ജീവനക്കാര്‍. എന്തോ ഒത്തുതീര്‍പ്പില്‍ രാത്രിയോടെ അതേവിമാനത്തില്‍ ഗോവയിലേക്ക്‌. മൂന്നാംതവണ നിലത്തിറങ്ങി. അന്നൊക്കെ ഗോവയിലെ വിമാനത്താവളത്തില്‍ രാത്രി വിമാനമിറക്കാന്‍ സൌകര്യങ്ങളില്ലായിരുന്നു. റണ്‍വേയില്‍ ചൂട്ടുകത്തിച്ചുവച്ചാണ്‌ അന്ന്‌ വിമാനമിറക്കിയത്‌. ഇറങ്ങിയപ്പോഴാണറിയുന്നത്‌, ഞങ്ങളുടെ പെട്ടികളൊന്നും കൂടെ വന്നിട്ടില്ല. പിന്നീടറിയുന്നു, ആ വിമാനം കേടായിരുന്നെന്നും എണ്ണച്ചോര്‍ച്ചകൊണ്ട്‌ ഇനിയൊരു പത്തുമിനിറ്റുകൂടി അതിനു പറക്കാന്‍ കഴിയുമായിരുന്നില്ലെന്നും! ഒരു മഹാദുരന്തം മുട്ടിവിളിച്ചിട്ടു പടി കൊട്ടിയടച്ചതുപോലെ.

കര്‍ണാടകത്തിലൂടെയുള്ള ഒരു യാത്രയിലാണ്‌ ആളിറങ്ങിയപ്പോഴേക്കും മിനിബസ്സ്‌ താനേ നിരങ്ങിനീങ്ങാന്‍ തുടങ്ങിയത്‌. ഡ്രൈവറുടെവശത്തെ കതകിനുപുറത്തു നിന്നിരുന്ന ഞങ്ങള്‍ ഒന്നുരണ്ടുപേര്‍ അകത്തു ചാടിക്കയറി ബ്രേക്കിടാന്‍ ശ്രമിക്കുമ്പോഴേക്കും അതുപോയി ഒരു മരത്തിലിടിച്ചുനിന്നു. നിരത്തിനും അതിനപ്പുറത്തെ ചെങ്കുത്തായ കൊല്ലിക്കുമിടയിലെ ഒറ്റ മരത്തില്‍!

മറയാന്‍ മടിക്കുന്ന കഥകള്‍

ബാല്യത്തിന്‌ ഒരു ഗുണമുണ്ട്‌. മനസ്സിലൊന്നുതട്ടിയാല്‍ അതു പിന്നെ കല്ലാണ്‌. കൊച്ചുന്നാളത്തെ കാര്യങ്ങള്‍ അത്രയെളുപ്പം മറക്കില്ല. വാര്‍ധക്യത്തിനൊരു ദോഷമുണ്ട്‌. മനസ്സിലെന്തും കല്ലുകടിയാണ്‌. മറക്കേണ്ടതു മറക്കില്ല; മറക്കാന്‍പാടില്ലാത്തതു മറക്കും.

എനിക്കൊരു വിശേഷമുണ്ട്‌. അസുഖകരമായ കാര്യങ്ങള്‍ മറന്നുപോകും; സുഖകരമായ സംഗതികള്‍ മാത്രം മനസ്സില്‍ തങ്ങും. വായനയുടെ കാര്യത്തില്‍ പക്ഷെ മറിച്ചാണ്‌. നല്ലതെല്ലാം വായിച്ചങ്ങനെ മറക്കും. വേണ്ടാത്തതെല്ലാം മനസ്സില്‍ കൊണ്ടുനടക്കും. പ്രത്യേകിച്ചും അസുഖകരമായ കഥകള്‍.

ഒരുപാടു കഥകള്‍ വായിച്ചുകൂട്ടുന്ന കൂട്ടത്തിലാണു ഞാന്‍. അല്ലെങ്കിലും കഥകള്‍ ഇഷ്ടപ്പെടാത്തവരാരുണ്ട്‌? അപൂര്‍വം ചിലര്‍ -- എണ്റ്റെ ഭാര്യയെപ്പോലെ. ഒരുപക്ഷെ എണ്റ്റെ കെട്ടുകഥകളും കള്ളക്കഥകളും കേട്ടുമടുത്തിട്ടാകും ഭാര്യ കഥകള്‍ കാര്യമായി വായിക്കാത്തത്‌. എണ്റ്റെ ഇളയച്ഛന്‍ 'മാതൃഭൂമി'ആഴ്ചപ്പതിപ്പിണ്റ്റെ പഴയ ലക്കങ്ങള്‍ ബൈണ്റ്റുചെയ്‌തു സൂക്ഷിക്കുമായിരുന്നു. അന്‍പതുകളിലെ ആ ലക്കങ്ങളാണ്‌ അറുപതുകളില്‍ അക്ഷരംകൂട്ടിവായിക്കാറായപ്പോള്‍ ഞാന്‍ വായിച്ചുതുടങ്ങുന്ന പാഠ്യേതരകാര്യങ്ങള്‍. ബാലപംക്തിയില്‍ കൊച്ചുകുട്ടികളുടെ പടത്തിനുതാഴെ കൊടുക്കുന്ന പേരുകള്‍ വായിച്ചുവായിച്ച്‌, മെല്ലെ നേരിട്ടു കഥകളിലേക്കുകടന്നു. (സത്യത്തില്‍ എണ്റ്റെ മകളും കൊച്ചുകുട്ടിക്കാലത്ത്‌ ആഴ്ച്ചപ്പതിപ്പുകിട്ടിയാല്‍ ആദ്യം ആ പടങ്ങള്‍ തേടിപ്പിടിച്ച്‌, പേരുകള്‍ വായിച്ചുകൊടുക്കാന്‍ ആവശ്യപ്പെടുമായിരുന്നു. എന്തിന്‌, മലയാളമറിയാത്ത എണ്റ്റെ അയല്‍വക്കത്തെ കുട്ടിപോലും അത്യുത്സാഹത്തോടെ ആ പടങ്ങള്‍ നോക്കിയിരിക്കുന്നതു കണ്ടിട്ടുണ്ട്‌. )

സൂക്ഷ്മാംശങ്ങള്‍ ഓര്‍മയില്ലെങ്കിലും അന്നു വായിച്ച മൂന്നാലുകഥകള്‍ ഇടക്കിടയ്ക്കു തേട്ടിവരും. 'ഭിണ്ണക്കന്‍ വിരലുകള്‍', 'ദൃക്സാക്ഷി', 'ചിലന്തിച്ചാറ്‌', 'ഉണക്കമരങ്ങള്‍'.

ഒരുകൊച്ചുകുട്ടി എന്തിനോ തല്ലുകിട്ടി സങ്കടപ്പെട്ടു മനോരാജ്യത്തിലലയുന്നതാണ്‌ 'ഭിണ്ണക്കന്‍ വിരലുകള്‍' എന്ന കഥയില്‍. രണ്ടാനച്ഛനോ യാചകനേതാവോ മറ്റോ ആണു വില്ലന്‍. കഥയോടൊപ്പമുണ്ടായിരുന്ന കുട്ടിയുടെ ചിത്രംനോക്കി ഞാനുമിരുന്നുതേങ്ങി. ഇപ്പോഴും കൊച്ചുകുട്ടികള്‍ വിതുമ്പുമ്പോള്‍ എനിക്കാചിത്രം മനസ്സില്‍വരും. വിട്ടുമാറാത്ത നൊമ്പരമായി അത്‌.

'ദൃക്‌സാക്ഷി' ഒരു മന:ശാസ്ത്ര കഥയായിരുന്നു. ഒരു ഛായാഗ്രാഹകന്‍ (അന്ന്‌ പടംപിടിക്കല്‍ കറുപ്പിലും വെളുപ്പിലുമാണ്‌) കുറെ ചിത്രങ്ങള്‍ കൈമാറാന്‍ തണ്റ്റെ കാറില്‍ സുഹൃത്തിണ്റ്റെ ബംഗ്ളാവില്‍ ചെല്ലുന്നു. വണ്ടി അകത്തേക്കെടുക്കുമ്പോള്‍ ചക്റത്തിനടിയില്‍ സുഹൃത്തിണ്റ്റെ വളര്‍ത്തുനായ അബദ്ധത്തില്‍ പെട്ടുപോകുന്നു. ഇറങ്ങിനോക്കുമ്പോള്‍ പകുതിപ്റാണനില്‍ പിടയുകയാണ്‌ പ്റിയപ്പെട്ട പട്ടി. അതു താമസിയാതെ ചാകും. ഇനിയും വേദനതീറ്റിക്കുന്നതിനുപകരം അതിനെ ഉടന്‍ കൊന്നുകളയാമെന്ന്‌ അത്യധികം ദു:ഖത്തോടെ അയാള്‍ തീരുമാനിക്കുന്നു. കാറു പിറകോട്ടെടുത്ത്‌ ഒരിക്കല്‍കൂടി പട്ടിയുടെ മുകളില്‍ കയറ്റിയിറക്കുന്നു. ദയാവധം തന്നെ. ദു:ഖസ്മരണയായി ഒരു ചിത്രമെങ്കിലുമെടുത്ത്‌ സുഹൃത്തിനുനല്‍കാം എന്നു കരുതി അതിണ്റ്റെ ഫോട്ടോവുമെടുക്കുന്നു.

സുഹൃത്തിണ്റ്റെ ഭാര്യയെ അതിക്റൂരമായി കാറിണ്റ്റെ അടിയിലിട്ടരച്ചു കൊലചെയ്ത കുറ്റത്തിന്‌ അയാള്‍ വിചാരണചെയ്യപ്പെടുന്നതാണ്‌ പിന്നീട്‌. അയാള്‍ ആണയിട്ടുപറയുന്നു, താന്‍ വളര്‍ത്തുനായയെയാണു കൊന്നതെന്നും, അതാകട്ടെ പട്ടിയുടെ മരണപ്പിടച്ചില്‍കണ്ടു സങ്കടം സഹിക്കവയ്യാതെ നടത്തിയ ദയാവധമായിരുന്നെന്നും. പെട്ടന്നയാള്‍ക്കോര്‍മവരുന്നു, താനെടുത്ത ചിത്റങ്ങളെപ്പറ്റി. ഫോട്ടോഫിലിം ഡെവലപ്പ്‌ചെയ്തു തെളിവുകാണിക്കാമെന്ന്‌ ആത്മാര്‍ഥമായിത്തന്നെ അയാളേല്‍ക്കുന്നു. തണ്റ്റെ സ്റ്റുഡിയോവിലെ ഡാര്‍ക്ക്‌ റൂമില്‍ രാസലായനിയില്‍നിയില്‍ക്കിടന്ന്‌ ഫോട്ടോവിലെ രൂപം ഉരുത്തിരിഞ്ഞുവരുമ്പോള്‍ ചുവന്ന വെളിച്ചത്തില്‍ അയാള്‍ കാണുന്നത്‌ കാറിണ്റ്റടിയില്‍പെട്ടരഞ്ഞ പട്ടി. മറ്റുള്ളവര്‍ കാണുന്നത്‌ ചതഞ്ഞരഞ്ഞ സ്ത്രീശരീരം. മനസ്സിണ്റ്റെ ഇത്തരം മാറാട്ടം നാം ഒരിക്കലെങ്കിലും അനുഭവിച്ചിരിക്കാതിരിക്കില്ല. ബുദ്ധിയെ പറ്റിക്കാന്‍ മനസ്സെടുക്കുന്ന കുതന്ത്രം.

അതേസമയം മനുഷ്യനെത്തന്നെ പറ്റിക്കാന്‍ ഒരു 'മരുന്നടി'ക്കാരണ്റ്റെ കുതന്ത്രമാണ്‌ 'ചിലന്തിച്ചാറ്‌' എന്ന കഥയില്‍. അമിതാസക്തിക്ക്‌ ആസ്പത്റിയില്‍ ഏകാന്തവാസം വിധിച്ച്‌ കടുത്ത കാവലില്‍ ചികിത്സിക്കപ്പെടുമ്പോഴും അയാള്‍ എങ്ങിനെയോ മയക്കുമരുന്നു സംഘടിപ്പിക്കുന്നു. ഒരെത്തുംപിടിയുംകിട്ടതെ ഡോക്ടര്‍മാര്‍ വലയുന്നു. അയാള്‍ ആകെക്കൂടി ചെയ്തുകാണുന്ന ഒരേയൊരു പ്രവൃത്തിയാകട്ടെ നിരന്തരമായ എഴുത്തുമാത്രവും. വായ കൂടി തുറക്കില്ല. ഇടയ്ക്കിടയ്ക്കു പേനത്തുമ്പൊന്നു നക്കും; അത്രതന്നെ. പരിശോധനക്കിടയില്‍ നാക്കുനീട്ടാന്‍പറയുമ്പോഴാണ്‌ സംശയം തോന്നുന്നത്‌. ആ മഷിയില്‍ കലര്‍ത്തിയാണ്‌ അയാള്‍ക്കാരോ 'ചിലന്തിച്ചാ'റെന്ന വിഷമരുന്ന്‌ എത്തിച്ചുകൊടുത്തിരുന്നത്‌ എന്നു കണ്ടുപിടിക്കപ്പെടുന്നു. മയക്കുമരുന്നുകള്‍ വരുന്ന വഴികളും പോകുന്ന വഴികളും അന്നേ സങ്കീര്‍ണമായിരുന്നു!

ഒരു അസംതൃപ്തയുടെ വേവലാതികളാണ്‌ 'ഉണക്കമരങ്ങള്‍' എന്ന കഥയില്‍ വായിച്ചതെന്നുതോന്നുന്നു. ഒരുപാടാളുകള്‍ - മുതിര്‍ന്നവര്‍ - അതു ചര്‍ച്ചചെയ്തിരുന്നു. അത്തരം കഥകള്‍ 'മാതൃഭൂമി'യില്‍ വരരുത്‌ എന്നുവരെ അന്നു ചിലര്‍ പറഞ്ഞുകേട്ടു. മനുഷ്യലൈംഗികതയെ ഇന്നു നാം കൂടുതല്‍ അംഗീകരിക്കുന്നു. അല്‍പം കൂടിപ്പോയെന്നുപറയാനും ആളുണ്ടാകാം ഇന്നും. ഇക്കഥകള്‍ എഴുതിയതാരാണ്‌ എന്നൊന്നും എന്നോടു ചോദിക്കരുത്‌. എല്ലാം മറന്നു. തലക്കെട്ടുകള്‍ ഇത്ര സൂക്ഷ്മതയോടെ ഓര്‍മവന്നതില്‍ എനിക്കത്ഭുതമുണ്ടുതാനും. ഇതുവായിച്ച്‌ ആര്‍ക്കാനും ഈ കഥകള്‍ ഓര്‍ത്തെടുത്ത്‌ എണ്റ്റെ ബാല്യകാലകഥാസ്മരണകളെ തിരുത്താന്‍ കഴിഞ്ഞാല്‍ സന്തോഷം.
gns.bhoomimalayaalam@gmail.com

Sunday 24 July 2011

അയല്‍പക്കം


മനുഷ്യന്‍ സാമൂഹ്യജീവിയാണെന്ന കാര്യം സ്കൂള്‍ക്ലാസ്സുതൊട്ടേ പഠിപ്പിക്കുന്നതാണ്‌. അന്നൊന്നും അതത്ര തിരിച്ചറിയുന്നില്ല, വീട്ടിലായാലും നാട്ടിലായാലും. വീട്ടുകാരില്‍നിന്നും നാട്ടുകാരില്‍നിന്നുമകന്ന്‌ ഒറ്റയ്‌ക്കുതാമസിക്കുമ്പോഴാണ്‌ സാമൂഹ്യജീവിതത്തിന്റെ പ്രസക്തി മനസ്സിലായിത്തുടങ്ങുക. പിന്നെ കല്യാണമൊക്കെ കഴിയുമ്പോഴേക്കും അതിന്റെ പ്രസക്തി കൂടുന്നു. കുഞ്ഞുങ്ങളുമൊക്കെയായി കുടുംബജീവിതക്കാലത്താണ്‌ സാമൂഹ്യജീവിതത്തിന്‌ ഒരര്‍ഥമൊക്കെ തോന്നുക. വയസ്സാകുന്നതോടെ വീണ്ടും സമൂഹത്തില്‍നിന്ന്‌ ഒരകല്‍ച്ചയുണ്ടാകുന്നു.
സാമൂഹ്യജീവിതത്തിന്റെ ആദ്യപടിയാണ്‌ അയല്‍പക്കം. സ്വന്തം വീട്ടിലെ സ്വാതന്ത്ര്യവും സമൂഹത്തിന്റെ അതിര്‍വരമ്പുകളും ഒന്നിച്ചനുഭവിക്കുന്നു അയല്‍ക്കാരുമായുള്ള ഇടപഴകലില്‍. അയല്‍ക്കാര്‍ അച്ഛനമ്മമാരെപ്പോലെയും സഹോദരീസഹോദരന്മാരെപ്പോലെയും പെരുമാറുമ്പോഴും എന്തോ ഒന്ന്‌, ഒരു പരിധി, നമ്മെ പിന്നിലേക്കുവലിക്കുന്നു. കെട്ടിപ്പിടിക്കാന്‍പറ്റാത്ത അച്ഛനമ്മമാരായും കൈകോര്‍ത്തുപിടിക്കാന്‍ പറ്റാത്ത സഹോദരീസഹോദരന്‍മാരായും നാമവരെ അറിയുന്നു. ആ തിരിച്ചറിവാണ്‌ പിന്നെ പൊതുസമൂഹത്തില്‍ നമ്മെ ഉത്തരവാദിത്വമുള്ള വ്യക്തികളായി രൂപപ്പെടുത്തുന്നത്‌.
എറണാകുളം മഹാരാജാസ്‌ കോളേജില്‍, പുറമെ എന്തു വഴക്കിനും വക്കാണത്തിനും മൂരിശ്റ്^ംഗാരത്തിനും മടിക്കാത്തവര്‍പോലും സ്വന്തംക്ളാസ്സിലെ സഹപാഠികളെ ആണ്‍പെണ്‍വ്യത്യാസമില്ലാതെ സ്വന്തം കൂടെപ്പിറന്നവരെപ്പോലെ കണ്ടുനടത്തിയും കൊണ്ടുനടന്നും സംരക്ഷിച്ചിരുന്നത്‌ എനിക്കിന്നും കോരിത്തരിപ്പിക്കുന്ന അനുഭവമാണ്‌. ഇന്നുകേള്‍ക്കുന്ന സ്ത്രീപീഡനക്കഥകള്‍ എന്നെ ആശ്ചര്യപ്പെടുത്തുന്നു. അമ്മയായും പെങളായും ഭാര്യയായും മകളായും കൂട്ടുകാരിയുമായി കരുതേണ്ട പന്ചനക്ഷത്രങ്ങളെ എങ്ങിനെ ഒരു പുരുഷന്‌ ബലാല്‍സംഗംചെയ്യാനാകും? സമൂഹത്തിനെവിടെയോ പാളംതെറ്റുന്നുണ്ട്‌.
എന്നുവച്ച്‌ വേലിക്കിരുവശത്തെ പ്രണയങ്ങള്‍ പണ്ടൊന്നും ഇല്ലായിരുന്നു എന്നല്ല. ഒന്നുകില്‍ അവ തഴച്ചുവളര്‍ന്ന്‌ പൂത്തുപന്തലിച്ച്‌ കായാകുമായിരുന്നു. അല്ലെങ്കില്‍ മുളയിലേ കൂമ്പുണങ്ങി മണ്‍മറയുമായിരുന്നു. അതൊന്നും അത്രവലിയ കാര്യവുമല്ലായിരുന്നു. തുണക്കൊരിണ. അതു മനുഷ്യന്‍ നേടിയിരിക്കും. അതൊരു സാമൂഹ്യപാഠമാണ്‌.
സ്വാതന്ത്ര്യാനന്തരഭാരതം നമുക്കു കാഴ്ചവച്ചത്‌ നിരാശയായിരുന്നു. അന്‍പതുകളിലെ ഇല്ലായ്മയും വല്ലായ്മയും കണ്ടാണ്‌ ഞങ്ങള്‍ വളര്‍ന്നത്‌ - തീണ്ടലും അയിത്തവും ജന്മിത്വത്തിന്റെ തിരുശേഷിപ്പുകളും വെള്ളത്തൊലിയുടെ മാസ്മരികതയുമെല്ലാം. സമഷ്ടിയുടെ സീല്‍ക്കാരം ഇടിമുഴക്കമായിട്ടുമില്ല. അന്നൊക്കെ ഒരു 'പകുതി' ജീവിതമായിരുന്നു ഒട്ടുമിക്കവര്‍ക്കും. 'വലിയപകുതി'യോ 'ചെറിയപകുതി'യോ എന്ന വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ സാധാരണകുടുംബങ്ങള്‍ തമ്മില്‍. 'ചെറു'തായാലും 'വലു'തായാലും അയല്‍പക്കം അയല്‍പക്കമായിരുന്നു. കൊടുക്കലും വാങ്ങലും ഒരു ജീവിതരീതിയായിരുന്നു. അറിഞ്ഞും അറിയാതെയുമുള്ള ആസ്തി-ബാധ്യതാ-കൈമാറ്റം. അതു കഞ്ഞിയാകാം കന്യകയാകാം.
അയല്‍ക്കാരനെ സ്നേഹിക്കാന്‍ ക്റിസ്തു പറഞ്ഞതിന്‌ രണ്ടായിരംവര്‍ഷത്തെ പഴക്കമായി. എന്നുവച്ചാല്‍ പഴകിപ്പൊടിഞ്ഞുപോയി എന്നര്‍ഥം.
'അയല്‍ക്കാര്‍' എന്ന വിഷയത്തെപ്പറ്റി കുട്ടികളെഴുതിയ ലേഖനങ്ങള്‍ വായിച്ചു മാര്‍ക്കിടാനിടയായി ഒരിക്കല്‍. അതിലൊരു കുട്ടി എഴുതി: ".....വൈകുന്നേരമായാല്‍ അയല്‍ക്കാര്‍ കൂട്ടംകൂട്ടമായെത്തും, ടീവി കാണാന്‍. അവര്‍ക്കൊക്കെ ചായയും പലഹാരങ്ങളുമുണ്ടാക്കി എന്റെ അമ്മയ്ക്കു മടുത്തു. ആ ദേഷ്യം പിന്നെ ഞങ്ങളോടാണു കാണിക്കുക.....". നഗരങ്ങള്‍ക്കുപുറത്ത്‌ നടാടെ ടീവി വന്ന കാലമാണ്‌; അണുകുടുംബം രൂപപ്പെട്ടുവന്ന സമയവും. മധ്യവര്‍ഗത്തിന്റെ പൈത്ര്^കമാത്ര്^ക മാറ്റിവരച്ച സമയവുമായിരുന്നു അത്‌. അയലത്തെ വീട്ടുകാരുമായി സന്ധ്യാസമയത്തെ നാട്ടുവര്‍ത്തമാനം ടീവിക്കായി വഴിമാറിയതും പുത്തന്‍മധ്യവര്‍ഗ-പൊങ്ങച്ചങ്ങള്‍ തലനീട്ടിത്തുടങ്ങിയതും അക്കാലത്താണ്‌. അതെല്ലാം സത്യസന്ധമായി, നിര്‍ദോഷമായി വിവരിച്ച ആ ലേഖനമാണ്‌ സമ്മാനത്തിനായി ഞാന്‍ തിരഞ്ഞെടുത്തത്‌. കുട്ടികള്‍ക്ക്‌ കളങ്കമില്ലല്ലോ. പക്ഷെ മറ്റു മൂല്യനിര്‍ണായകര്‍ എനിക്കെതിരുനിന്നു. ആളറിയുമ്പോള്‍ ആ അച്ഛനമ്മമാരും അയല്‍ക്കാരും സമ്ഭ്രാന്തരാകും എന്ന ഒറ്റക്കാരണത്താല്‍മാത്രം ഞാനും വഴങ്ങി.
നല്ല അയല്‍പക്കം ഒരു ഭാഗ്യമാണ്‌; ചീത്ത അയല്‍പക്കം ഒരു ശാപവും. എന്റെ ജീവിതത്തില്‍ ഒരു ഡസന്‍തവണ എനിക്കു വീടുമാറേണ്ടിവന്നിട്ടുണ്ട്‌. അതായത്‌ ഒരു ഡസന്‍തരക്കാരായ അയല്‍ക്കാരുമായി ജീവിക്കേണ്ടിവന്നിട്ടുണ്ട്‌. അതില്‍ ഞാനൊരു ശാപമായിത്തോന്നിയവരുമുണ്ട്‌. സമൂഹത്തിന്റെ മുന്‍വിധികള്‍ക്കെതിരുനില്‍ക്കുന്നവരെല്ലാം എക്കാലത്തും ശത്രുക്കളാണല്ലോ. കല്യാണത്തിന്‌ അണിഞ്ഞൊരുങ്ങിപ്പോയില്ലെങ്കില്‍, 'ബര്‍ത്ഡേ പാര്‍ട്ടി'ക്കു സമ്മാനവുമായി ചെന്നില്ലെങ്കില്‍, ദീവാളിക്കു പടക്കംപൊട്ടിച്ചില്ലെങ്കില്‍, 'നരകാസുര'നെ കത്തിക്കാനും അഷ്ടമിരോഹിണിക്ക്‌ 'ദഹി ഹണ്ടി' തകര്‍ക്കാനും കാശുകൊടുത്തില്ലെങ്കില്‍, അസമയത്ത്‌ സ്റ്റീറിയോവിലൂടെയുള്ള അസുരസംഗീതം നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കില്‍, മാലിന്യങ്ങള്‍ ആരാന്റെ തലയില്‍ തട്ടരുതെന്നു വിലക്കിയെങ്കില്‍, വളര്‍ത്തുനായ്ക്കളെ പൊതുസ്ഥലങ്ങളില്‍ അഴിച്ചുവിടരുതെന്നും തൂറിപ്പിക്കരുതെന്നും ആവശ്യപ്പെട്ടെങ്കില്‍, 'വൈകീട്ടത്തെ പരിപാടി'ക്ക്‌ 'കമ്പനി' കൊടുത്തില്ലെങ്കില്‍ നമ്മള്‍ അയല്‍ക്കാര്‍ക്ക്‌ അനഭിമതരായി.
പുകവലിക്കാര്‍ക്കൊരസുഖമുണ്ട്‌; ആരാനും മുമ്പില്‍പെട്ടാല്‍ ഉടനെ ഒന്നെടുത്തു കത്തിക്കുകയായി. 'വിരോധമില്ലല്ലോ' എന്നൊരു ഭമ്ഗിവാക്കും ചിലപ്പോള്‍ കൂനിലൊരുകുത്തായിക്കിട്ടിയേക്കും. ബസ്സിലോ മുറിയിലോ കയറുന്നതിനുമുന്പ്‌ കുറ്റിവലിച്ചെറിഞ്ഞ്‌, വായ്‌ക്കുള്ളിലെ ബാക്കിപ്പുക അകത്തുകയറി പുറത്തുവിടുന്ന അശ്ലീലവും അവര്‍ കാണിക്കും. മദ്യപിച്ചവര്‍ക്കാവട്ടെ, അതു നാലാളെ അറിയിച്ചാലേ മിനുങ്ങലിനൊരു മിനുസ്സം വരൂ. പുളിപ്പുകൂടുന്തോറും പുളപ്പും കൂടും. പട്ടിവളര്‍ത്തലുകാര്‍ക്കാകട്ടെ, പട്ടിയെക്കൊണ്ട്‌ മറ്റുള്ളവര്‍ക്ക്‌ എത്ര ഉപദ്രവം ചെയ്യാന്‍ സാധിക്കുമോ അതു മുഴുവന്‍ ചെയ്യാതെ വയ്യ. ഒരാള്‍ വന്നാല്‍ അതിനെയൊന്നു കെട്ടിയിടില്ല. കുരച്ചുതുള്ളിയടുക്കുന്ന ജന്തുവിനെ ഒന്നു നിയന്ത്രിക്കാന്‍ പറഞാല്‍ 'അതൊന്നും ചെയ്യില്ല' എന്നായിരിക്കും പതിവു മറുപടി. ഉടമസ്ഥനെ ഒന്നും ചെയ്യില്ല, അതു തന്നെ ന്യായം. നിര്‍ത്താത്ത കുരയും സഹിക്കാത്ത നാറ്റവുംകൊണ്ട്‌ പൊറുതിമുട്ടിപ്പോവും കാര്യമായ ജന്തുസ്നേഹമില്ലെങ്കില്‍ വിരുന്നുകാരന്‍. രാത്രിമുഴുവന്‍ കുരച്ചുകുരച്ച്‌ അയല്‍ക്കാരെ അലോസരപ്പെടുത്തുകയുംചെയ്യും യജമാനന്റെ പുന്നാരപ്പട്ടി. പിന്നെ രവിലെയും വൈകീട്ടുമെല്ലാം മലമൂത്രവിസര്‍ജനത്തിനായി ഒരു കൊണ്ടുപോക്കുണ്ട്‌. അയല്‍ക്കാരുടെ വളപ്പിലും വാഹനങ്ങളിലും റോട്ടുവക്കിലും കളിസ്ഥലത്തും പൂന്തോട്ടത്തിലുമെല്ലാമായിരിക്കും അഭിഷേകോത്സവം. പട്ടിയെ കുട്ടിയെപ്പോലെ സ്നേഹിക്കുന്നവര്‍ അതിനെ കിടപ്പറയിലടക്കം കയറ്റിയിരുത്തുമ്പോള്‍, തന്റെ കക്കൂസ്‌മാത്രം തന്റെ 'ഡിയറസ്റ്റി'ന്റെ ദൈവവിളിക്കു തുറന്നുകൊടുക്കാത്തതെന്തെന്ന്‌ പലരോടും ചോദിച്ചിട്ടുണ്ടെങ്കിലും മറുപടി കിട്ടിയിട്ടില്ല.
ഒരുതരം മനോരോഗമാണ്‌ ഈ മൂന്നുതരം ആള്‍ക്കാരുടെയും പെരുമാറ്റം. അതിലും ഗൌരവതരമാണ്‌ ഭക്തിമാര്‍ഗക്കാരുടെ അയല്‍ക്കൂട്ടങ്ങളും പ്രാര്‍ഥനായോഗങ്ങളും പൊതുപ്രദര്‍ശനങ്ങളും. വ്യക്തിഗതമായ വികാരവിചാരവിചിന്തനങ്ങള്‍ മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിച്ചേതീരൂ എന്ന വാശി. പുകവലിക്കാരുടെയും മദ്യപാനികളുടെയും പട്ടിവളര്‍ത്തലുകാരുടെയും സംയോജിതരോഗത്തേക്കാള്‍ മുന്തിയ മഹാരോഗം. സംസ്ക്കാരമെന്നത്‌ സ്വന്തംമനസ്സിനെ മെരുക്കുന്നതോടൊപ്പം മറ്റുള്ളവരുടെ മനസ്സിനെ മാനിക്കല്‍കൂടിയാണെന്ന്‌ അവര്‍ക്കറിയില്ല.
വിഷമഘട്ടങ്ങളില്‍ ഒരു കൈത്താങ്ങാവണം അയല്‍ക്കാര്‍. നല്ല സമയത്ത്‌ ഒരാഹ്ളാദത്തിനും. അല്ലാതെ മോടികൂട്ടാനും ധാടികാട്ടാനുമല്ല അയല്‍പക്കം. ഞാന്‍ ഇന്നാളുടെ അയല്‍ക്കാരനെന്നതല്ല പ്രധാനം. ഞാന്‍ അയല്‍ക്കാര്‍ക്ക്‌ എന്താണെന്നുള്ളതാണു കാര്യം.







കടല്‍ എന്ന കടംകഥ


അന്തരീക്ഷത്തെയപേക്ഷിച്ച് സമുദ്രത്തിന്റെ പരപ്പും ആഴവും തുച്ഛമാണ്. എന്നിട്ടും കടലിനെപ്പറ്റിയുള്ള നമ്മുടെ അറിവ് വളരെ കുറവാണ്. പല സമുദ്രരഹസ്യങ്ങളും നമുക്കിന്നുമറിയില്ല. കാരണം പലതാണ്.

കരയെക്കുറിച്ചും ശൂന്യാകാശത്തെക്കുറിച്ചും ഒരിടത്തുനിന്നുപഠിക്കാന്‍ നമുക്കൊരു തറയുണ്ട്. അവിടെനിന്ന് മണ്ണുകുഴിച്ചും റോക്കറ്റയച്ചും, ഭൂമിയെപ്പറ്റിയും അന്തരീക്ഷത്തെപ്പറ്റിയും നമുക്കു മനസ്സിലാക്കാം. കടലിനെയും അതിന്റെ അടിത്തട്ടിനെയും ചൂഴ്ന്നുനോക്കാന്‍ കടലില്‍ത്തന്നെ പോകണം. അവിടെ സ്വസ്ഥമായി നില്‍ക്കാനൊരു തറയില്ല. ആലോലമാടുന്ന കപ്പലിന് ഉറച്ചൊരു സ്ഥലമില്ല. സ്ഥാനം കിറുകൃത്യം നിര്‍ണയിക്കാന്‍ എളുപ്പമാര്‍ഗവുമില്ല. കടലില്‍ ആദ്യമായി പോകുന്നവര്‍ക്ക് കടല്‍ച്ചൊരുക്കുകൊണ്ടുള്ള ശാരീരികവും മാനസികവുമായ അസ്വാസ്ഥ്യങ്ങളെപ്പറ്റി പറയുകയും വേണ്ട.
കടലിന്റെ സ്ഥായീരൂപംതന്നെ അസ്ഥിരതയാണ്. ഇന്നത്തെ നിലയല്ല നാളെ. കാറ്റും തിരയും ഒഴുക്കും മാറിക്കൊണ്ടേയിരിക്കും. അതോടൊപ്പം രാസ-ജൈവിക-ഭൌതികവിശേഷങ്ങളും. ഈ മാറ്റങ്ങളുടെ താളക്രമം ഭാഗിഗമായേ ഇന്നുമറിയൂ. മണിക്കൂര്‍വച്ചുമാറുന്ന വേലി. ദിവസംവച്ചുമാറുന്ന കാറ്റ്. നിമിഷംവച്ച് ഉയര്‍ന്നുതാഴുന്ന തിരകള്‍. ഋതുക്കള്‍ തോറും മാറുന്ന ഒഴുക്ക്. വാര്‍ഷികവ്യതിയാനനങ്ങള്‍. രാസ-ജൈവിക-ഭൌതികഗുണങ്ങളുടെ സ്ഥലകാലവ്യത്യാസങ്ങള്‍. കടലിന്നടിയിലെ ഭൂകമ്പങ്ങള്‍. അഗ്നിപര്‍വതസ്ഫോടനങ്ങള്‍. ഇതിനെല്ലാമുപരി മനുഷ്യന്റെ ഇടപെടലുകള്‍. എല്ലാം കടംകഥകള്‍.

പ്രകൃതിയുടെ രഹസ്യങ്ങളറിയാന്‍ നാം പല പണികളും നോക്കുന്നു. പല പണിക്കോപ്പുകളും ഉണ്ടാക്കുന്നു. റേഡിയോതരംഗങ്ങളുടെ സഹായത്താലാണ് മനുഷ്യന്‍ ശൂന്യാകാശത്തെക്കുറിച്ചറിയുന്നത്. ലക്ഷോപലക്ഷം കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിവുള്ള റേഡിയോതരംഗങ്ങള്‍ നമ്മുക്കു തൊടുത്തുവിടാം, അങ്ങനെ ഭൂമിക്കുമുകളില്‍ നടക്കുന്ന കാര്യങ്ങള്‍ മനസ്സിലാക്കാം. ഈ തരംഗങ്ങള്‍ തന്നെ കടലിന്നടിയിലേക്കു കടത്തിവിട്ടാല്‍ ഏതാനും മീറ്റര്‍ ഇറങ്ങിച്ചെല്ലുമ്പോഴേക്കും ശക്തിനശിച്ചുപോകും. ഈ തരംഗവര്‍ഗത്തില്‍പെടുന്ന പ്രകാശം, എക്സ്-റേ, ലേസര്‍ എന്നിവയുടെയെല്ലാം ഗതി ഇതുതന്നെ. ശബ്ദവീചികള്‍ക്കു മാത്രമേ കടലിലിറങ്ങിച്ചെല്ലാന്‍ കഴിവുള്ളൂ. സ്വനയന്ത്രങ്ങള്‍ ഭാരിച്ചതാണ്. അവ പ്രവര്‍ത്തിപ്പിക്കാന്‍ കനത്ത ഉര്‍ജപ്രഭവം വേണം. പ്രതിധ്വനി അളന്ന് കടലിലേയും കടല്‍തട്ടിലേയും കാര്യങ്ങള്‍ കുറിച്ചെടുക്കാനുള്ള പാട് കുറച്ചൊന്നുമല്ല. കണ്ണുകാണാത്തേടത്ത് ചെവികൊണ്ടുമാത്രം എത്രദൂരം പോകാം? സമുദ്രവിജ്ഞാനത്തിന്റെ ഏറ്റവും വലിയ പരാധീനത ഇതുതന്നെ.

ചലനവും മാറ്റവും കടലിന്റെ മുഖമുദ്രയാണെന്നു കണ്ടു. അതേസമയം, ഒരു മാറ്റം പുറമേയ്ക്കു തെളിയുമ്പോഴേക്കും കാരണക്കാരനെ കാണാതായിരിക്കും. രണ്ടേരണ്ടുദാഹരണങ്ങള്‍: പകലത്തെ വെയിലിന്റെ ചൂട് രാത്രിയിലാണ് കടല്‍പരപ്പില്‍ തെളിയുന്നത്. മനുഷ്യന്‍ പുറന്തള്ളുന്ന വിഷവസ്തുക്കള്‍ ആദ്യമെല്ലാം കടലില്‍ ആഗിരണം ചെയ്യപ്പെടുന്നു. ദൂഷ്യവശം കണ്ടുതുടങ്ങുമ്പോഴേക്കും തീരക്കടലാകെ, തിരിച്ചുകൊണ്ടുവരുവാന്‍ കഴിയാത്തവണ്ണം നശിച്ചിരിക്കും. മറ്റുകാര്യങ്ങളില്‍ അതിബുദ്ധിയുള്ള കടലിന്റെ ഈ 'മന്ദബുദ്ധി'യും ഒരു കടംകഥ തന്നെ.

എന്നാല്‍ നമ്മെ സംരക്ഷിക്കാനാണ് കടല്‍ ഇങ്ങനെ സ്വയം നശിക്കുന്നത്. ഒരിടത്തെ വിഷവസ്തുക്കളെ വലിച്ചുകൊണ്ടുപോയി, ആഴക്കടലിലെ ജലസഞ്ചയത്തില്‍ ലയിപ്പിച്ച് നിര്‍വീര്യമാക്കുന്നു. ഈ കടലും മറുകടലും കടന്നുപോകുന്ന ഒഴുക്കുകള്‍ എപ്പോഴും പുത്തന്‍വെള്ളം പരത്തുന്നു. ഒരു സ്ഥലത്ത് കടല്‍വെള്ളം അമിതമായി ചൂടുപിടിച്ചാല്‍ ചുഴലിക്കാറ്റടിച്ച് തുലനാവസ്ഥ കൈവരുന്നു.

കടപ്പുറത്തു നാം കാണുന്ന തിരമാലകള്‍ ആയിരമായിരം കിലോമീറ്റര്‍ അകലെയെങ്ങോ, എന്നോ, ഉത്ഭവിച്ചവയാണ്. തിരമാലകളുടെ സമുദ്രാന്തര സഞ്ചാരരീതി ഇന്നും കടംകഥയാണ്.







Wednesday 22 June 2011

വിഷുവിണ്റ്റന്നൊരു വിഷമം

മതപരമായ കാര്യങ്ങളില്‍ എനിക്ക്‌ താല്‍പര്യമില്ല. മതങ്ങള്‍ മനുഷ്യനെ നന്നാക്കുന്നതില്‍കൂടുതല്‍ ചീത്തയാക്കിയിട്ടേയുള്ളൂ. എങ്കിലും മതഭേദങ്ങളെയും മതചിഹ്നങ്ങളെയും നോക്കിക്കാണാറുണ്ടു ഞാന്‍, അല്‍പം താല്‍പര്യത്തോടെ തന്നെ. കാരണം മതം മനുഷ്യനെ മറ്റെന്തോ ആക്കി മാറ്റുന്നു. ഒറ്റയ്ക്കുള്ളപ്പോഴുള്ള പെരുമാറ്റരീതികളല്ല മനുഷ്യന്‌ സമൂഹത്തില്‍ കൂട്ടംകൂടുമ്പോള്‍. വ്യക്തി വ്യക്തിയല്ലാതായി ഒരു കൂട്ടായ്മയുടെ അടയാളമായി മാറുന്നു. ആ പകര്‍ന്നാട്ടം മതാചാരങ്ങളുടെയും മതചിഹ്നങ്ങളുടെയും മറവില്‍ സാധുവല്‍ക്കരിക്കപ്പെടുന്നു എത്ര നീചമായാലും നിഷേധാത്മകമായാലും. മതവും സംസ്ക്കാരവും ഒന്നല്ലെങ്കില്‍തന്നെ അവയുടെ പരസ്പരവിനിമയത്തില്‍ വിഭജനരേഖ അദൃശ്യമായിത്തീരുന്നു. പല സംസ്ക്കാരങ്ങളും ധനാത്മകമായി മതഭേദങ്ങളെ തുടച്ചുമാറ്റുമ്പോള്‍ പല മതങ്ങളും ഋണാത്മകമായി സംസ്ക്കാരത്തെ ദുഷിപ്പിക്കുന്നുമുണ്ട്‌. മതഭേദങ്ങളും സംസ്ക്കാരവിശേഷങ്ങളും കയ്യാങ്കളിക്കുന്ന കേരളത്തില്‍ ഓണവും വിഷുവും ക്രിസ്‌മസ്സും റംസാനുമെല്ലാം മതത്തിണ്റ്റെ വക്കുമടക്കി സംസ്ക്കാരത്തിണ്റ്റെ ചിഹ്നങ്ങളായാല്‍ ആശങ്കയേക്കാള്‍ ആഹ്ളാദമായിരിക്കും നമുക്കു പകരുക. ഓണം ഒരു വന്‍കാര്യമാകുമ്പോള്‍ വിഷു ഒരു കൊച്ചുവിശേഷമാണ്‌. ലാളിത്യവും സൌന്ദര്യവും തികഞ്ഞ, തികച്ചും വ്യക്ത്യാസ്പദമായ ഒരു സങ്കല്‍പനമാണല്ലോ വിഷു. കണ്ണാടിയില്‍ തന്നെത്തന്നെ കണികണ്ട്‌ അകക്കണ്ണുതുറപ്പിക്കാന്‍ ഉത്തേജിപ്പിക്കുന്ന മറ്റൊരു വിശേഷം എനിക്കറിവില്ല. തെറ്റയ്ക്കുള്ളതിനേക്കാള്‍ ഒറ്റയ്ക്കുള്ളതിനെയാണ്‌ വിഷു പ്രതിനിധാനംചെയ്യുന്നത്‌. മറ്റാഘോഷങ്ങളൊന്നും അങ്ങനെയല്ലല്ലോ. വീട്ടിനകത്തും പരിസരത്തുമുള്ള നിത്യവസ്തുക്കളാണ്‌ വിഷുക്കണിക്ക്‌. പുതുതായി ഒന്നും വാങ്ങാനില്ല. നാട്ടുഭേദമനുസരിച്ച്‌ ഒരു ഉരുളിയും വിളക്കും സ്വര്‍ണത്തുണ്ടും വെള്ളിപ്പണവും അരിയും തേങ്ങാമുറിയും പഴവും വെള്ളരിക്കയും കൊന്നയും മുല്ലപ്പൂവും കണ്ണാടിയും എന്തെങ്കിലുമെല്ലാംചേര്‍ത്ത്‌ ഒരു കൊച്ചുകുഞ്ഞിനുകൂടി കണിയൊരുക്കാനാകും. ഭ്രമാത്മകമായ ബ്രാഹ്മമുഹൂര്‍ത്തത്തില്‍ പൊന്‍രാശിയേലുന്ന വിളക്കുവെട്ടത്തില്‍ കണ്ണാടിയിലെ തന്നെത്തന്നെയറിഞ്ഞ്‌, ഒരൊറ്റക്കാശിണ്റ്റെ എളിമയില്‍ പഞ്ചേന്ദ്രിയങ്ങളും ഉദ്ദീപ്തമാകുന്ന ഓര്‍മയില്‍ ഒരു കൊല്ലത്തിനു തുടക്കമിടുന്നു വിഷുവിണ്റ്റന്ന്‌. സമൂഹത്തില്‍നിന്ന്‌ വ്യക്തിയിലേക്കു പകരുന്നതല്ല വിഷു. വ്യക്തിയില്‍നീന്‌ സമൂഹത്തിലേക്കു പടരുന്നതാണ്‌ വിഷുവിണ്റ്റെ ദീപ്തി. വയറ്റുപിഴപ്പിനായി പരദേശങ്ങളിലായതിനുശേഷം വിഷുക്കണിയൊന്നും ഉണ്ടായിട്ടില്ല എനിക്ക്‌. എങ്കിലും വിഷുക്കാലത്ത്‌, പല്ലുതേയ്ക്കുമ്പോഴോ മുടിചീകുമ്പോഴോ കണ്ണാടിനോക്കുമ്പോള്‍ പ്രതിബിംബം കാതോടുകാതോരം തേനൂറും ആ മന്ത്രം ഈണത്തില്‍ ചൊല്ലാറുണ്ട്‌, 'നീ നിന്നെ അറിയൂ' എന്ന്‌. (എന്നിട്ടുമതി ആരാണ്റ്റെ കാര്യത്തില്‍ തലയിടാന്‍ എന്നായിരിക്കും!) അതോടൊപ്പം ഒരു കൊച്ചുനൊമ്പരവും എന്നെത്തേടിയെത്താറുണ്ട്‌. അമ്മ എന്നെ എട്ടുമാസം ഗര്‍ഭംധരിച്ചിരിക്കുകയായിരുന്നു. അച്ഛണ്റ്റെ കൊച്ചുവ്യവസായസ്ഥാപനത്തിലെ പണിക്കാരെല്ലാം വിഷുദിവസം സന്ധ്യക്ക്‌ എണ്റ്റെ വീട്ടുമുറ്റത്തിലാണ്‌ പടക്കംപൊട്ടിച്ചാഘോഷിക്കുക. അമ്മയും അച്ഛനും മുത്തശ്ശിയും ചേച്ചിയും വീട്ടിനുമുന്നിലെ തിണ്ണയില്‍ അതുകണ്ടിരിക്കും. ചേട്ടന്‍ പടക്കംപൊട്ടിക്കാന്‍ കൂടും. ഒരാഴ്ച്ചമുന്നേ പടക്കമുണ്ടാക്കുന്ന പണിതുടങ്ങിയിരിക്കും. കരിമരുന്ന്‌ ഉണക്കത്തെങ്ങോലയില്‍ തിരിയിട്ടു പൊതിഞ്ഞ്‌ വെയിലത്തിട്ടുണക്കി സമോസപോലുള്ള കൊച്ചുകൊച്ച്‌ ഓലപ്പടക്കം. വെള്ളാരങ്കല്ലുകള്‍ വെടിമരുന്നില്‍ കലര്‍ത്തി കടലാസ്സില്‍പൊതിഞ്ഞുണ്ടാക്കുന്ന ഏറുപടക്കം. കമ്പിത്തിരിയും പൂത്തിരിയും ലാത്തിരിയും അമിട്ടും മത്താപ്പുമെല്ലാം അപൂര്‍വം. കയ്യില്‍ കാശുണ്ടായിട്ടുവേണ്ടേ? വെളിച്ചത്തേക്കാള്‍ ഒച്ചയും അതിലേറെ ബഹളവുമാണ്‌. ആരോ അത്തവണ ഒരു 'ഗുണ്ട്‌' സംഘടിപ്പിച്ചു. അതു കത്തിച്ചതും പൊട്ടിയതും ഒന്നിച്ച്‌. ചീളുകള്‍ വന്നുതറച്ചത്‌ എണ്റ്റെ അമ്മയുടെ വലത്തെ കണ്ണില്‍. അപ്പുറത്തും ഇപ്പുറത്തുമിരിക്കുന്നവര്‍ക്കോ മറ്റാര്‍ക്കുമോ ഒരപകടവും പറ്റിയില്ല. അമ്മയുടെ കണ്ണില്‍നിന്നോ ചോരയൊഴുകുന്നു. പണിക്കാരെല്ലാം പേടിച്ചോടി. രാത്റിമുഴുവന്‍ അച്ഛണ്റ്റെയും മുത്തശ്ശിയുടെയും നാട്ടുശുശ്റൂഷയില്‍ വേദനതിന്നുകഴിച്ചു അമ്മ. രാവിലെയല്ലേ സര്‍ക്കാര്‍ കണ്ണാശുപത്രി തുറക്കൂ. അവിടത്തെ ഡോ. പുത്തൂരാന്‍ ഒരു വിദഗ്ധനേത്രചികിത്സകനായിരുന്നു. ശസ്ത്രക്രിയ കൂടിയേ തീരൂ. പക്ഷെ വയറ്റിനകത്തെ കുഞ്ഞ്‌ വല്ലാതെ ഇളക്കംതുടങ്ങിയിരിക്കുന്നതിനാല്‍ ക്ളോറോഫോം കൊടുത്തുമയക്കി കണ്ണുകീറാന്‍ വയ്യ. 'ലോക്കല്‍' കൊടുത്ത്‌ ഓപ്പറേഷന്‍ ചെയ്യാന്‍ തീരുമാനമായി. എന്തോ അപാകതകൊണ്ട്‌ ലോക്കല്‍മരുന്നു കുത്തിവച്ചത്‌ ശരിയായില്ല. ഓപ്പറേഷനു കത്തിവച്ചതും അമ്മ പിടഞ്ഞു. ഡോക്‌ടര്‍ക്കു കാര്യം മനസ്സിലായി. ഒന്നുകില്‍ കണ്ണ്‌, അല്ലെങ്കില്‍ കുഞ്ഞ്‌. അതിലൊന്ന്‌ നഷ്ടപ്പെടുമെന്നുറപ്പായി. വേഗത്തില്‍ കണ്ണിലെ ചീളുകള്‍ പറിച്ചെറിഞ്ഞ്‌ തുന്നിക്കെട്ടി അമ്മയെ വാര്‍ഡില്‍ കൊണ്ടുപോയിക്കിടത്തി. ആസ്പത്രിയില്‍നിന്ന്‌ വീട്ടില്‍ തിരിച്ചെത്തിയപാതി പേറ്റുനോവായി. കാലാവധിക്കു കാത്തിരിക്കാതെ ഞാന്‍ ഭൂജാതനുമായി. നല്ല നീലവര്‍ണത്തില്‍ മീനക്കാറ്റിലെ ഉണക്കക്കമ്പുപോലത്തെ ഒരു സത്വമായിരുന്നത്രെ ഞാന്‍. കണ്ടവര്‍കണ്ടവര്‍ മൂക്കത്തുവിരല്‍വച്ചുപോയത്രെ. അമ്മതന്നെ പറഞ്ഞുതന്ന കഥയാണ്‌. പുറമേക്ക്‌ ഒരു വെളുത്ത കല മാത്രമായിരുന്നെങ്കിലും, വലത്തെ കണ്ണിണ്റ്റെ കാഴ്ചയാകമാനം നഷ്ടപ്പെട്ടിരുന്നു അമ്മയ്ക്ക്‌. സ്വാഭാവികമായും ത്രിമാനവീക്ഷണം (സ്റ്റീറിയോസ്കോപ്പിക്‌ വിഷന്‍) സാധ്യമായിരുന്നില്ല പിന്നെ. എന്നിട്ടും ഈ തൊണ്ണൂറാം വയസ്സിലും, അത്യാവശ്യം സൂചിയില്‍ നൂലുകോര്‍ക്കാനും അയലത്തെ പ്ളാവില്‍ എത്ര ചക്ക പൊട്ടിയിട്ടുണ്ടെന്ന്‌ എണ്ണിപ്പറയാനും ഭൂതക്കണ്ണാടിയില്ലാതെ മാതൃഭൂമി ആഴ്ച്ചപ്പതിപ്പു വായിക്കാനും ടീവീസുന്ദരികളുടെ മുടിയിലെ നിറംതേക്കല്‍ കണ്ടുപിടിക്കാനും അമ്മയ്ക്കു പറ്റും. ഒരു കണ്ണടയുണ്ട്‌; അതു വെറും മനസ്സമാധാനത്തിനുമാത്രം. ഈ വര്‍ഷംവരെ, ചെറിയതോതിലാണെങ്കിലും, വിഷുക്കണി മുടക്കിയില്ല അമ്മ. ഫോണ്‍ചെയ്തപ്പോള്‍ പറഞ്ഞതാണ്‌. വിഷുവിനെച്ചൊല്ലി ഒരു 'സീരിയല്‍'കണ്ണീരും ഇതേവരെ കണ്ടിട്ടില്ല അമ്മയുടെ കണ്ണില്‍. കണ്ണുപോയതിന്‌ കണ്ണാടിയെ എന്തിനു പഴിക്കണം എന്നാവാം. പട്ടൌഡി ജീവിതകാലംമുഴുവന്‍ പന്തുകളിച്ചുനടന്നത്‌ ഒറ്റക്കണ്ണുവച്ചല്ലേ. എങ്കിലും ആ കൊച്ചുവിഷമം വിഷുക്കാലത്തെനിക്കുണ്ട്‌. ആഘോഷങ്ങള്‍ പൊടിപൊടിക്കുമ്പോള്‍ അടുത്തെവിടെയെങ്കിലും ഒന്നുരണ്ടാത്മാക്കള്‍ നീറിപ്പിടയുന്നുണ്ടാവണം എന്നോര്‍ക്കാന്‍ നാം മിനക്കെടാറില്ല. വെടിക്കെട്ടിനു തീകൊടുത്തും ഉച്ചഭാഷിണിയുടെ ഒച്ചകൂട്ടിവച്ചും നിരത്തുനിറഞ്ഞു നിരങ്ങിനീങ്ങിയും കുടിച്ചു കൂത്താടിയും രസിക്കുന്നവര്‍ ഒരിക്കലെങ്കിലും കാര്യമായി സ്വയമൊന്നു കണ്ണാടിനോക്കിയാല്‍ നന്നായിരുന്നേനേ.

ഇല തളിര്‍ത്തു, പൂ വിരിഞ്ഞു

വിജ്ഞാനത്തിണ്റ്റെ വിത്തുവിതയ്ക്കുന്നത്‌ സ്കൂളിലാണെങ്കിലും അതു മുളയായ്‌ മാറുന്നത്‌ കോളേജിലെ ആദ്യവര്‍ഷങ്ങളിലാണല്ലോ. പിന്നെയാണ്‌, തനിക്കിഷ്ടമുള്ള വിഷയങ്ങള്‍ തെരഞ്ഞെടുത്ത്‌ ഉപരിപഠനത്തിനുപോകുമ്പോഴാണ്‌, ഇല തളിര്‍ക്കുന്നതും പൂ വിരിയുന്നതും..... എന്നൊക്കെ പറയാം സാമാന്യമായി. പഠിച്ചതിനാല്‍ അറിവുപെറ്റോര്‍ ആയിരമുണ്ടെന്നും പഠിക്കാത്ത മേധകളും പാരിലുണ്ടെന്നും, ഒരു പഴയ തമിഴ്പാട്ട്‌..... പ്രീഡിഗ്രി കഴിഞ്ഞപ്പോള്‍ അന്നത്തെ നാട്ടുനടപ്പനുസരിച്ച്‌ എഞ്ചിനിയറിംഗിനുപോകാമെന്നൊരു തോന്നല്‍. അന്നൊന്നും ഇന്നത്തെപ്പോലെയല്ല. മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, സിവില്‍ -- ഈ മൂന്നു വിഭാഗങ്ങളേയുള്ളൂ എഞ്ചിനിയറിംഗിന്‌. മാര്‍ക്കനുസരിച്ച്‌ യഥാക്രമം ഈ വിഭാഗങ്ങളില്‍ സീറ്റുകിട്ടിയാലായി അപേക്ഷിക്കുന്ന കോളേജില്‍. ഞാന്‍ വാറംഗല്‍, ഗിണ്ടി, കോഴിക്കോട്‌, പാലക്കാട്‌ എന്നീ എഞ്ചിനിയറിംഗ്കോളേജുകളില്‍ അപേക്ഷ നല്‍കി. ആദ്യത്തേതുരണ്ടും ഒരു സ്റ്റൈലിന്‌, ബാക്കിരണ്ടും ഒരു സമാധാനത്തിന്‌. അത്രവലിയ മാര്‍ക്കൊന്നുമില്ലാത്തതിനാല്‍ പ്രതീക്ഷയൊന്നുമില്ലായിരുന്നു. അതിനാല്‍ എറണാകുളത്തെ മഹാരാജാസ്‌ കോളേജിലും ആലുവയിലെ യു സി കോളേജിലും പാലക്കാട്ടെ വിക്റ്റോറിയ കോളേജിലും ഫിസിക്സ്‌ ബിരുദപഠനത്തിനുള്ള അപേക്ഷയും നല്‍കി. അപേക്ഷ കൊടുക്കുമ്പോഴേ യു സി കോളേജിലെ ക്ളാര്‍ക്ക്‌ പറഞ്ഞു സീറ്റുകിട്ടില്ലെന്ന്‌. പാലക്കാട്ടുനിന്ന്‌ ഒരു അറിയിപ്പും വന്നില്ല. മഹാരാജാസില്‍നിന്ന്‌ പ്രവേശനമനുവദിച്ചതായി കുറിപ്പു വന്നു. കോളേജിണ്റ്റെ ചുറ്റുവട്ടത്തെ പ്രജകള്‍ക്ക്‌ അധികമാര്‍ക്കുനല്‍കി അഡ്മിഷന്‍ കൊടുക്കുന്ന സംവിധാനം അന്നുണ്ട്‌. അതിണ്റ്റെ ബലത്തിലായിരിക്കണം എനിക്കു സീറ്റുകിട്ടിയത്‌. അപ്പോഴാണ്‌ കോഴിക്കോട്ടെ (അന്നത്തെ) റീജ്യണല്‍ എഞ്ചിനിയറിംഗ്‌ കോളേജില്‍നിന്ന്‌ സിവില്‍വിഭാഗത്തില്‍ പ്രവേശനം തന്നതായി കത്തുവരുന്നത്‌. വിശ്വസിക്കാനായില്ല. ചോദിച്ചവരെല്ലാംപറഞ്ഞു എഞ്ചിനിയറാവാനുള്ള 'ഭാഗ്യം' കളഞ്ഞുകുളിക്കരുതെന്ന്‌. സംഗതി അല്‍പം കഠിനമായ പഠനമാണെന്നറിയാമായിരുന്നു. അതുപോലെ പണച്ചെലവുള്ളതും. ഇഷ്ടമാണെങ്കില്‍ പൊയ്ക്കൊള്ളാനും ഇഷ്ടമായില്ലെങ്കില്‍ തിരിച്ചുവന്നോളാനും അച്ഛന്‍ അനുവാദം നല്‍കി. പിന്നെ പണച്ചെലവിണ്റ്റെ കാര്യം. മക്കള്‍ക്കുപഠിക്കാന്‍ എത്ര ചെലവാക്കാനും അച്ഛനു മടിയുണ്ടായിരുന്നില്ല. ആ ഒറ്റൊരു സമ്പത്തേ അച്ഛനു തരാനുണ്ടായിരുന്നുമുള്ളൂ. അഡ്മിഷന്‍ തിയതിയൊപ്പിച്ച്‌ ചേട്ടനുമൊത്ത്‌ മലബാര്‍എക്സ്പ്രസ്സില്‍ കയറി കോഴിക്കോട്ടിറങ്ങി. ശക്തിയായ മഴയും തണുപ്പും. സ്റ്റേഷനിലെ പോര്‍ട്ടര്‍ ചാത്തമംഗലത്തേക്കുള്ള വഴി പറഞ്ഞുതന്നു. നേരംപുലരണം ബസ്സുകിട്ടാന്‍. "അതുവരെ കുത്തീരിക്കീ. ഒരു ചായ കുടിക്കീനും". മലബാര്‍ഭാഷ പതുക്കെ മനസ്സിലിറങ്ങിത്തുടങ്ങി. സ്റ്റേഷനിലെ ബെഞ്ചിലിരുന്ന്‌ ഞങ്ങളൊന്നു മയങ്ങി. എഴുന്നേല്‍ക്കുമ്പോള്‍ ചേട്ടന്‍ നിലത്തഴിച്ചുവച്ച ചെരിപ്പുകള്‍ കാണാനില്ല. നക്കാപ്പിച്ചക്കള്ളനെ പഴിച്ചുകൊണ്ട്‌ ചേട്ടന്‍ അടുത്തകടയില്‍നിന്ന്‌ വള്ളിച്ചപ്പല്‍ വാങ്ങിയണിഞ്ഞു. അടുത്ത ഏതാനും വണ്ടികളിലായി വേനലവധിക്കുപോയ എഞ്ചിനിയറിംഗ്‌ വിദ്യാര്‍ഥികള്‍ വന്നിറങ്ങി. അവരോടൊപ്പം ആര്‍.ഇ.സി.യിലെത്തി. അന്ന്‌ ഹോസ്റ്റല്‍ജീവനക്കാര്‍ പണിമുടക്കിലായിരുന്നത്രേ. ആരൊക്കെയോ പറഞ്ഞ്‌ ഹോസ്റ്റലിലെ ഒരു പൊതുമുറിയില്‍ പെട്ടിയിറക്കി. കുളിമുറിയിലെ തണുത്ത വെള്ളത്തില്‍ കുളികൂടി കഴിഞ്ഞപ്പോള്‍ നേരെ കട്ടിലിലേക്ക്‌. കടുത്ത പനി. ആകെ നരച്ച അന്തരീക്ഷം. അകലെ വയനാടന്‍മലകള്‍ മഞ്ഞണിഞ്ഞു നില്‍ക്കുന്നു. ഇടക്കിടെ നാടോടിക്കാറ്റിണ്റ്റെ സീല്‍ക്കാരം. നിമിഷംവച്ച്‌ ഗൃഹാതുരത്വം മുറുകുന്നു. എന്തൊക്കെയോ ഉപേക്ഷിച്ച്‌ എന്തിനെയോ എത്തിപ്പിടിക്കാന്‍ ശ്രമിക്കുന്നപോലെ. എന്നിട്ടെവിടെയും എത്തിപ്പെടാത്ത അവസ്ഥ. കാമ്പസ്‌ എല്ലാം ഒന്നു ചുറ്റിയടിച്ചുവന്ന ചേട്ടന്‍ എണ്റ്റെ പരുവം കണ്ട്‌ പരിഭ്രമിച്ചു. രാത്രി വൈകുംവരെ മയങ്ങിക്കിടന്ന ഞാന്‍ ഉണര്‍ന്നത്‌ ചുറ്റും ബഹളംകേട്ടാണ്‌. ഒരുപറ്റംതടിമാടന്‍പിള്ളേറ്‍ ഒന്നുരണ്ടു വിദ്യാറ്‍ഥികളെ വലിച്ചിഴച്ചുകൊണ്ടുപോകുന്നു. റാഗിങ്ങിനാണത്റേ. പ്റായത്തിലും പഠിത്തത്തിലും ഉദ്യോഗസ്ഥാനത്തിലും മുതിറ്‍ന്ന ചേട്ടന്‍ അവരെ പറഞ്ഞുവിലക്കാന്‍നോക്കി. മലയാളത്തിലും ഇംഗ്ളീഷിലും ഹിന്ദിയിലും തമിഴിലുമെല്ലാം. അവറ്‍ കേട്ടഭാവം നടിച്ചില്ല. എന്നിട്ടൊരു ഭീഷണിയും. "നാളെത്തൊട്ട്‌ ഈ പയ്യന്‍ ഞങ്ങളുടെ കയ്യിലല്ലേ, നോക്കിക്കോളാം. " പിറകെ രണ്ടുമൂന്നു വാറ്‍ഡന്‍മാരുടെ വരവായി. ബഹളംകേട്ടുവന്നതാണ്‌. ചേട്ടന്‍ അവരോടു സംസാരിച്ചു. അവര്‍ നിസ്സഹായരായിരുന്നു. ഇതൊക്കെത്തന്നെയാണ്‌ ഇവിടത്തെ സ്ഥിതി. പൊരുത്തപ്പെടാമെങ്കില്‍ കഴിഞ്ഞുകൂടാം. പ്രൊഫ. അച്യുതനും പ്രൊഫ. ദാമോദരനും പ്രൊഫ. ജുസ്സേയുമായിരുന്നു ആ വാറ്‍ഡന്‍മാറ്‍. പ്റിന്‍സിപ്പലിണ്റ്റടുത്തു പരാതിപറയാന്‍ അവറ്‍ ഉപദേശിച്ചു. അന്നു രാത്രിമുഴുവന്‍ അലറ്‍ച്ചകളും കരച്ചിലുകളും കേട്ടുകൊണ്ട്‌ ഉറങ്ങാതെ ഉറങ്ങി. ചേട്ടനാകട്ടെ കൂട്ടിലടച്ച വെരുകിനെപ്പോലെ രാവാകെ നടന്നുതീറ്‍ത്തു. പിറ്റേന്നു കാലത്തുതന്നെ ഞങ്ങള്‍ പ്റിന്‍സിപ്പലിനെ വീട്ടില്‍ചെന്നു കണ്ടു. ഒരു പ്രൊഫ. റാവു ആയിരുന്നു പ്റിന്‍സിപ്പല്‍. അദ്ദേഹവും കൈമലറ്‍ത്തി. കുറെനാള്‍ ഇങ്ങനെയൊക്കെത്തന്നെയാവും സ്ഥിതി. ഇന്നുതന്നെ തീരുമാനിക്കുക തുടരണമോ വേണ്ടയോ എന്ന്‌. കാരണം, ഫീസടച്ചുകഴിഞ്ഞാല്‍ തിരികെകിട്ടാന്‍ ബുദ്ധിമുട്ടാകും. ഞങ്ങള്‍ തീരുമാനിച്ചു തിരിച്ചുപോരാന്‍. ഉടന്‍ പെട്ടിയുമെടുത്ത്‌ കോഴിക്കോട്‌ സ്റ്റേഷനിലെത്തി. ടിക്കറ്റെടുത്ത്‌ ബെഞ്ചിലിരിക്കേണ്ട താമസം തലേന്നത്തെ പോറ്‍ട്ടറ്‍ ഓടിവരുന്നു, കയ്യില്‍ കടലാസ്സില്‍പൊതിഞ്ഞ രണ്ടു ചെരിപ്പുകളുമായി. തലേദിവസം ചേട്ടന്‍ മയങ്ങുമ്പോള്‍ ബെഞ്ചിനടിയിലായിപ്പോയ ചെരിപ്പുകള്‍ കണ്ടെത്തിയപ്പോള്‍ ആ പോറ്‍ട്ടറ്‍ സൂക്ഷിച്ചുവച്ചതായിരുന്നു. പിറ്റേന്ന്‌ ആളെ തിരിച്ചറിഞ്ഞ്‌ തിരിച്ചേല്‍പ്പിച്ചു. ഒരു ചായക്കാശുകൂടി വാങ്ങാന്‍ വിസമ്മതിച്ച്‌ അയാള്‍ പോയി. അതാണ്‌ ഞങ്ങള്‍ ഇന്നുമോറ്‍ക്കുന്ന മലബാറ്‍ സത്യസന്ധത. കോഴിക്കോട്ടുനിന്ന്‌ എറണാകുളത്തു തിരിച്ചെത്തിയ ദിവസം തന്നെയായിരുന്നു മഹാരാജാസ്‌ കോളേജിലെ അഡ്‌മിഷന്‍ ഇണ്റ്ററ്‍വ്യൂ. വീട്ടിലത്തി കുളിയുംകഴിഞ്ഞ്‌ കോളേജിലെത്തി. തെളിഞ്ഞ പ്രഭാതം. ആറ്‍ത്തിരമ്പുന്ന ആള്‍ക്കൂട്ടം. ചുമരായ ചുമരുകളിലെല്ലാം സാഹിത്യം, സാമൂഹ്യം, രാഷ്ട്റീയം. വകതിരിച്ചുള്ള വിളികളും കെട്ടിക്കൈകഴുകുമ്പോലുള്ള അഭിമുഖവും പെട്ടെന്നു കഴിഞ്ഞു. ഫിസിക്‌സിന്‌ കണക്കും അതോടൊപ്പം കെമിസ്റ്റ്റിയോ സ്റ്റാറ്റിസ്റ്റിക്സോ ഐച്ഛികവിഷയങ്ങള്‍. എനിക്ക്‌ എന്തുകൊണ്ടോ സ്റ്റാറ്റിസ്റ്റിക്സ്‌ വേണ്ടായിരുന്നു (ഒരു പ്റതികാരമെന്നപോലെ, പിന്നീട്‌ എനിക്ക്‌ ആ വിഷയം പഠിക്കാതെ മുന്നേറാന്‍വയ്യെന്നായി ഉദ്യോഗംകിട്ടിയപ്പോള്‍!). കെമിസ്റ്റ്റി തരാന്‍ പറ്റുമോ എന്ന്‌ പിന്നെ നോക്കാം എന്നു പറഞ്ഞ്‌ പ്റിന്‍സിപ്പല്‍ ശിവരാമകൃഷ്ണയ്യറ്‍ പേരുചേറ്‍ത്തു. ഫീസുകൂടി അടച്ചതോടെ പുതിയൊരു ലോകത്തായി ഞാന്‍. വീട്ടില്‍ കടന്നതോടെ തലേന്നത്തെ സംഭവങ്ങള്‍ ഒന്നൊന്നായി തികട്ടിവരാന്‍ തുടങ്ങി. ആരോടും ഒന്നും ഉരിയാടാതെ പോയിക്കിടന്നു ഞാന്‍. ആരെയും കാണണ്ട. എല്ലാവരെയും പേടി. അന്വേഷണങ്ങള്‍ക്കു മറുപടിപറയാന്‍ വയ്യ. ഒരൊച്ചയും കേള്‍ക്കാന്‍ വയ്യ. അകത്തളങ്ങളില്‍ പതുങ്ങിപ്പതുങ്ങി മൂന്നാലുനാള്‍ കഴിഞ്ഞപ്പോള്‍ അമ്മയ്ക്കാധിയായി. അച്ഛനറിഞ്ഞപ്പോള്‍ അന്നു വൈകുന്നേരം കൊടും മഴയത്ത്‌ ഒന്ന്‌ ഊരുചുറ്റിവരാന്‍ വെറുതെ കൂടെ കൂട്ടി. പേടിയെപ്പറ്റിയോ പഠിത്തത്തെപ്പറ്റിയോ ഒരക്ഷരം മിണ്ടിയില്ല അച്ഛന്‍. കാറ്റടിച്ചപ്പോഴും ഇടിവെട്ടിയപ്പോഴും ഞാന്‍ പേടിച്ചുവിറച്ചു. അച്ഛന്‍ ഒന്നും കൂസാക്കാതെ തോളില്‍ കയ്യിട്ടു നടത്തിച്ചു. ക്ഷീണിച്ചു തിരിച്ചുവന്ന്‌ ഊണുംകഴിച്ചു ഞാന്‍ സുഖമായി ഉറങ്ങി. പിറ്റേന്നെല്ലാം മനോഹരമായിത്തോന്നി. നാലഞ്ചുവറ്‍ഷംകഴിഞ്ഞ്‌, അതേ കോഴിക്കോട്‌ ആറ്‍.ഇ.സി.യില്‍ പോകേണ്ടിവന്നത്‌ മറ്റൊരു നിയോഗം. കേരളശാസ്ത്റസാഹിത്യപരിഷത്തിണ്റ്റെ 'വിവറ്‍ത്തന ശില്‍പശാല'യില്‍ പങ്കെടുക്കുവാനായിരുന്നു അത്‌. അന്ന്‌ അതേ പ്രൊഫ. അച്യുതനെയും പ്രൊഫ. വി.കെ. ദാമോദരനെയും കണ്ടുമുട്ടി. താമസമോ, അന്നേക്കു അതിഥിമന്ദിരമായിക്കഴിഞ്ഞിരുന്ന പഴയ പ്റിന്‍സിപ്പലിണ്റ്റെ വീട്ടിലും! ഡോ. .കെ. മാധവന്‍കുട്ടിയെയും ഡോ. എം.പി. പരമേശ്വരനെയും ശ്രീ രഘുനാഥനെയും (അദ്ദേഹം എണ്റ്റെ തായ്‌വഴിബന്ധുവുമാണെന്ന്‌ അന്നാണറിയുന്നത്‌) എല്ലാം പരിചയപ്പെടുന്നതും അവിടെ വച്ചാണ്‌. അവസാനദിവസം എം.ടി.യും വന്നു. ഞാന്‍ റാഗിങ്ങ്‌ നടന്ന പഴയഹോസ്റ്റലെല്ലാം ഒന്നുകൂടെ പോയിക്കണ്ടു. വറ്‍ഷങ്ങള്‍ക്കുശേഷം കുറെ മറൈന്‍ സിവില്‍ എഞ്ചിനിയറിംഗ്‌ പഠിക്കാനായതും മറ്റൊരു നിയോഗമാവാം. അതുംപോരാഞ്ഞ്‌, പ്രൊഫ. ദാമോദരണ്റ്റെ അതേ മുഖ:ഛായ ആണത്റെ എനിക്കും. പത്തിരുപതു വറ്‍ഷങ്ങള്‍ കഴിഞ്ഞ്‌ അദ്ദേഹത്തിണ്റ്റെ ഒരു വിദ്യാറ്‍ഥിനി പറഞ്ഞതാണ്‌! അങ്ങനെ ആര്‍.ഇ.സി.ഭൂതം എന്നെ വിട്ടുപോകുന്നില്ല! എന്തായാലും റാഗിങ്ങിനെതിരെയുള്ള എണ്റ്റെ അരിശം ഈ അറുപതാംവയസ്സിലും കുറഞ്ഞിട്ടില്ല. അത്യുത്സാഹത്തോടെയാണ്‌ ആദ്യദിവസം എറണാകുളത്തെ മഹാരാജാസിലെ ഫിസിക്‌സ്‌ ക്ളാസ്സിലിരുന്നത്‌. പ്രൊഫ. ഹരിഹരന്‍ എന്ന കുറിയ വലിയ മനുഷ്യന്‍ ഞങ്ങളെ മുതിറ്‍ന്നവരെ എന്നവണ്ണം സ്വീകരിച്ചാനയിച്ചു. ആദ്യപ്റാക്‌റ്റിക്കല്‍ ക്ളാസ്സ്‌ വെറുതെ ഓറ്‍മപുതുക്കാനായിരുന്നു. എനിക്കുതന്നിരുന്ന പരീക്ഷണത്തിണ്റ്റെ ഭാഗമായി ഞാന്‍ പെണ്റ്റുലാന്തോളനം എണ്ണിക്കൊണ്ടിരിക്കുമ്പോള്‍ പിറകില്‍ കാല്‍പെരുമാറ്റം. തിരിഞ്ഞുനോക്കാതെ കാത്തിരിക്കാന്‍ കയ്യാംഗ്യംകാട്ടി ഞാന്‍ എണ്ണല്‍ തുടറ്‍ന്നു. പിന്നെ അതങ്ങു മറന്നുംപോയി. റിസള്‍ട്ടുകാട്ടാന്‍ ഹരിഹരന്‍സാറിണ്റ്റടുത്തുപോയപ്പോള്‍ അദ്ദേഹം ഒരു ചിരി. "ശ്റദ്ധ കൊള്ളാം, പക്ഷെ ഓറ്‍മ പോര. ശ്രമംകൊള്ളാം, പക്ഷെ റിസള്‍ട്ടുപോര". എണ്റ്റെ പുറകില്‍ വന്നു നോക്കിയത്‌ സാറായിരുന്നു. എനിക്കും വേറെ മൂന്നുപേറ്‍ക്കും സ്റ്റാറ്റിസ്‌റ്റിക്സിനുപകരം കെമിസ്റ്റ്റി ഐച്ഛികം തന്നതായി അറിയിക്കാനായിരുന്നു അത്‌. പിന്നെ, മലയാളമാണ്‌ രണ്ടാംഭാഷയായി ഞാന്‍ എടുത്തിരുന്നെതെങ്കിലും എന്തോ പിശകുപറ്റിയതുകോണ്ട്‌ ഹിന്ദിയിലാണ്‌ എണ്റ്റെ പേരെന്നും ഹിന്ദിക്ളാസ്സില്‍ പോകാത്തതിന്‌ ഹിന്ദിപ്രൊഫസറ്‍ ഈച്ചരവാര്യരുടെ (അതെ, ആറ്‍.ഇ.സി.യില്‍നിന്നു കാണാതായി കൊല്ലപ്പെട്ട രാജണ്റ്റെ അച്ഛന്‍തന്നെ -- എന്തൊരു വിധിവൈപരീത്യം!) പരാതി ഉണ്ടെന്ന്‌ അറിയിക്കാന്‍കൂടിയായിരുന്നു. പിന്നത്തെ മൂന്നുവറ്‍ഷക്കാലം അദ്ദേഹത്തിണ്റ്റെ വാത്സല്യത്തിലും വിശ്വാസത്തിലും വിജ്ഞാനത്തിലും ഞങ്ങള്‍ പത്തുമുപ്പതു കുട്ടികള്‍ നീന്തിത്തുടിച്ചു. സെയ്ണ്റ്റ്‌ ആല്‍ബെറ്‍ട്‌സിലെ പ്റീഡിഗ്രി പരീക്ഷയ്ക്ക്‌ മാറ്‍ക്കിടാന്‍വന്ന ഡോ. തുളസി ടീച്ചറ്‍ കണ്ട ഉടന്‍ തിരിച്ചറിഞ്ഞു. ബോറ്‍ഡിലെഴുതുമ്പോള്‍ തെറ്റിപ്പോയതായഭിനയിച്ച്‌ വിദ്യാറ്‍ഥികളെക്കൊണ്ടു തിരുത്തിച്ചു പഠിപ്പിക്കുന്നതായിരുന്നു അവരുടെ രീതി. അവരുടെ ഭറ്‍ത്താവ്‌, അതേ ഫിസിക്‌സ്‌വിഭാഗത്തിലെ രാഘവന്‍മാസ്റ്ററ്‍ കടുകട്ടിക്കാരനായിരുന്നു. പ്റായോഗികപരിശീലനത്തിനാണ്‌ സാറ്‍ മിക്കപ്പോഴും വരിക. എന്തെങ്കിലും അശ്രദ്ധ കാണിച്ചാല്‍ ആണെന്നോ പെണ്ണെന്നോ നോക്കാതെ മുഖമടച്ചു ശകാരിച്ചുകളയും. ഒരിക്കല്‍, ഒരറ്റം ബലമായുറപ്പിച്ച ഒരു ലോഹദണ്ഡിണ്റ്റെ മറ്റേ അറ്റത്തു മാറിമാറി ഭാരം കെട്ടിത്തൂക്കിയുള്ള ബലതന്ത്റപരീക്ഷണം ചെയ്യുകയായിരുന്നു ഞാന്‍. ഭാരം കുറെ കൂടിയപ്പോള്‍ ഞാന്‍ നിറ്‍ത്തി. സാറ്‍ നോക്കിനില്‍ക്കുകയായിരുന്നു. ഇനിയും ഭാരംകൂട്ടാന്‍ രാഘവന്‍മാഷ്‌ പറഞ്ഞു. ഭാരം നിലത്തു വഴുതിവീണാലോ എന്നു ഞാന്‍. "വീണാലെന്താ; ഇനി വീണില്ലെങ്കിലോ", എന്നു മാഷ്‌. "വീണാല്‍ ഒരു ചുക്കുമില്ല. വീണില്ലെങ്കിലോ, എത്റത്തോളം അധികഭാരംകേറ്റാമെന്നറിയാം. എപ്പോള്‍ വീഴുമെന്നുമറിയാം. പരിധിക്കുള്ളില്‍ പരുങ്ങരുത്‌; പരിധിക്കപ്പുറത്തും പരതിനോക്കണം". ആ പാഠം മറക്കാനാവില്ല. ശാന്തകുമാരി, സീതമ്മ, ഭാമിനി, പ്രഭാകരന്‍ എന്നിങ്ങനെ ഒട്ടനവധി ടീച്ചറ്‍മാറ്‍ ഞങ്ങളെ ഭൌതികശാസ്ത്റത്തില്‍ വഴിനടത്തിച്ചു. അതിപ്റഗത്ഭരും അറുമടിയന്‍മാരും ഞങ്ങള്‍ വിദ്യാറ്‍ഥികളുടെ കൂട്ടത്തിലുണ്ടായിരുന്നു. ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ലാതെ, ഉന്നതനെന്നോ അധ:കൃതനെന്നോ വിവേചനമില്ലാതെ, ആരെയും മോശമെന്ന്‌ എഴുതിത്തള്ളാതെ എല്ലാവറ്‍ക്കും ഒരേ സൌകര്യവും ഒരേ സ്വാതന്ത്റ്യവും ഒരേ അവസരവും ഒരേ അവകാശവും തന്നിരുന്നതാണ്‌ എറണാകുളം മഹാരാജാസ്‌ കോളേജിണ്റ്റെ മുഖമുദ്ര. അക്കാലങ്ങളില്‍ വിദ്യാറ്‍ഥിനികളായ തൃപ്പൂണിത്തുറക്കോവിലകത്തെ തമ്പുരാട്ടിമാറ്‍ക്ക്‌ (അവരെ 'തമ്പുരാന്‍' എന്നുതന്നെയാണു പറയുക; കൊച്ചിരാജകുടുംബത്തില്‍ 'തമ്പുരാ'ക്കന്‍മാരേയുള്ളൂ, ആണായാലും പെണ്ണായാലും) മഹാരാജാസ്‌കോളേജില്‍ പ്റത്യേകം ഒരു വിശ്രമമുറി ഉണ്ടായിരുന്നു (ആണ്‍തമ്പുരാക്കന്‍മാറ്‍ക്ക്‌ അങ്ങനത്തെ സൌകര്യങ്ങളൊന്നും ഇല്ലായിരുന്നു). പെണ്‍തമ്പുരാക്കന്‍മാറ്‍ കോളേജില്‍ വന്നുപോയിരുന്നത്‌ അവരുടെതന്നെ ഒരു പഴയ വാനിലായിരുന്നു. അതിനു 'പഞ്ചാരവണ്ടി' എന്നു വിളിപ്പേരുവീണപ്പോള്‍, അവരുടെ വിശ്രമമുറി 'തീണ്ടാരിമുറി' ആയി. എന്തായാലും അടുത്ത വേനലവധിക്കാലത്ത്‌ കോളേജിലെ മരാമത്തുപണിക്കുള്ള സിമണ്റ്റും മറ്റു സാധനങ്ങളും ആ മുറിക്കുള്ളില്‍ ശേഖരിക്കപ്പെട്ടു. കോളേജ്‌ തുറന്നിട്ടും അതവിടെനിന്നു മാറ്റിക്കണ്ടില്ല. അങ്ങനെ ആ പ്റത്യേകപരിഗണനയും തീപ്പെട്ടുപോയി. രാഷ്ട്റീയ വേറ്‍തിരിവ്‌ അതിശക്തമായിരുന്നു അന്ന്‌ ആ കോളേജില്‍. കെ.എസ്‌.യു.വും എസ്‌െഫ്‌.ഐ.യും തമ്മിലുള്ള മത്സരം അടിപിടിയിലേ കലാശിക്കാറുള്ളൂ. ഒരു വശത്ത്‌ സമരം നടക്കും. മറുവശത്ത്‌ പഠിക്കാന്‍വന്നവറ്‍ പഠിക്കും. അടിയും കുത്തുംകൊണ്ട്‌ ചോരയൊലിപ്പിച്ചുനടക്കുന്നവറ്‍ മറ്റു വിദ്യാറ്‍ഥികളെ വെറുതെ വിട്ടിരുന്നു. കോളേജിലും ഹോസ്റ്റലിലുമെല്ലാം അന്നു നിറഞ്ഞുനിന്നത്‌ പുറത്തുനിന്നുള്ള രാഷ്ട്റീയക്കാരായിരുന്നു. പാവം വിദ്യാറ്‍ഥികള്‍ തല്ലുകൊള്ളാന്‍മാത്റം. ഇരുചേരികളുടെയും അംഗത്വലിസ്റ്റില്‍ ഞങ്ങളറിയാതെ ഞങ്ങളുടെ പേരുകാണാമായിരുന്നു! ക്ളാസ്സില്‍ പഠിക്കാന്‍ മിടുക്കന്‍മാറ്‍ മോഹനശങ്കറും രാധാകൃഷ്ണനും രംഗനാഥനും ഹരിഹരനും സുന്ദരമൂറ്‍ത്തിയും എല്ലാമായിരുന്നു. മിടുക്കികള്‍ ഗീതയും മുത്തുലക്ഷ്മിയും വിനോദിനിയും റീത്തപ്റഭുവും മറ്റും. മോഹനശങ്കറ്‍ അമേരിക്കയില്‍ ഫിസിക്‌സ്‌ പ്രൊഫസറായി. രാധാകൃഷ്ണന്‍ എറണാകുളത്ത്‌ പ്റശസ്‌തമായരീതിയില്‍ അക്കൌണ്ടന്‍സി നടത്തുന്നു; കൂടെ സാഹിത്യാസ്വാദനവും. (രാധാകൃഷ്ണണ്റ്റെ പ്റേരണ മാനിച്ചാണ്‌ ഈ ലേഖനമെഴുതുന്നതുതന്നെ.) ഹരിഹരനും ഗീതയും ഭാഭ അറ്റോമിക്‌ റിസെറ്‍ച്ച്‌ സെണ്റ്ററില്‍ ശാസ്ത്റജ്ഞരായി. സുന്ദരമൂറ്‍ത്തിയും മുത്തുലക്ഷ്മിയും സത്യത്തമ്പുരാനും ആന്‍ഡ്റൂസും എല്ലാം വിവിധ ബാങ്കുകളില്‍ ചേറ്‍ന്നു. രാമാനന്ദ പൈ മികച്ച ഹോമിയോപ്പതി വൈദ്യനാണ്‌. മാത്യു ഒരു ഔഷധനിറ്‍മാണക്കമ്പനിയിലാണെന്നറിഞ്ഞു. റീത്ത പ്റഭുവും മാത്യുവുമായിരുന്നു ഇംഗ്ളീഷിനു കടുകട്ടി ആയിരുന്നവറ്‍. ആ റീത്ത തന്നെയാണോ കൈരളി ചാനലില്‍ 'കുങ്കുമം'പരിപാടിയിലെ 'മധുരമാം മറുഭാഷ' എന്ന പരിപാടി നടത്തുന്നത്‌ എന്നു നിശ്ചയംപോര. രങ്കനാഥന്‍, വിനോദിനി, ഗ്ളാഡിസ്‌, സെറീന, പൌലോസ്‌, മുഹമ്മദ്‌ അന്‍വാറ്‍ സേഠ്‌ എന്നിവരെല്ലാം എവിടെയാണാവോ. വാസു എന്ന ചോപ്പന്‍ സഖാവ്‌ ഗള്‍ഫില്‍ പോയെന്നുമറിഞ്ഞു. രണ്ടു കന്യാസ്ത്റീകളും ക്ളാസ്സിലുണ്ടായിരുന്നു, സിസ്റ്ററ്‍ ആനിയും സിസ്റ്ററ്‍ ത്റേസ്യാമ്മയും. എണ്റ്റെകൂടെ സെയ്ണ്റ്റ്‌ ആല്‍ബെറ്‍ട്‌സ്‌ കോളേജിലുണ്ടായിരുന്ന ബ്രദറ്‍ ഐന്‍സ്റ്റൈനെപ്പോലെ, അവറ്‍ പോയ വഴിയും അജ്ഞാതമായി. കണക്കിന്‌ വെങ്കടേശ്വരയ്യരും രാജേശ്വരിത്തമ്പുരാനും വഴിതെളിച്ചു. കെമിസ്റ്റ്റിക്കാകട്ടെ പൌലോസ്‌ സാറും രാധത്തമ്പുരാനും ഗംഗാദേവിത്തമ്പുരാനും. ഹിന്ദിവിഭാഗത്തിലും അധ്യാപികയായി ഒരു ഹൈമവതിത്തമ്പുരാന്‍ ഉണ്ടായിരുന്നു. 'തമ്പുരാക്കന്‍'മാരുടെ എണ്ണം കുറെ കൂടുതലാണല്ലേ? 'മഹാരാജാസ്‌', അല്ലേ. ഒട്ടും കുറയ്ക്കണ്ട എന്നുവച്ചാകണം! ഇംഗ്ളീഷിനു പി. ബാലകൃഷ്ണന്‍, ശാന്ത, ജെമ്മ ഫിലോമിന എന്നിവറ്‍ കരുത്തുതന്നു. മലയാളത്തിന്‌ അതിപ്റശസ്‌തരുടെ അനുഗ്രഹം കിട്ടി: സി.എല്‍. ആണ്റ്റണി, ആനന്ദക്കുട്ടന്‍, ഗുപ്തന്‍നായറ്‍, ലീലാവതി, കുഞ്ഞികൃഷ്ണമേനോന്‍, എം.കെ.സാനു., ഒ.കെ. വാസുദേവപ്പണിക്കറ്‍, എം. അച്യുതന്‍, ഭാരതി..... വറ്‍ഷത്തില്‍ രണ്ടുതവണ മാഗസീന്‍ ഇറക്കല്‍ മഹാരാജാസ്‌ കോളേജിണ്റ്റെ പ്റത്യേകതയായിരുന്നു. അതിലൊന്നില്‍ ഞാന്‍ ഒരു ലേഖനമെഴുതി: "വസന്തറ്‍ത്തുവില്‍ നാമ്പുനീട്ടുന്ന മാന്തളിറ്‍ തിന്ന്‌, മാദകമായ മാസ്മരശക്തിയാലെന്നപോലെ ലഹരി പിടിക്കുമ്പോഴത്റെ കുയില്‍ അമൃതുവഴിയുന്ന നാദവീചികള്‍ പുറപ്പെടുവിച്ചുപോകുന്നത്‌" എന്നു തുടങ്ങുന്ന ആ ലേഖനത്തിണ്റ്റെ തലക്കെട്ട്‌ മറന്നുപോയി. സറ്‍ഗാത്മകതയുടെ പേറ്റുനോവായിരുന്നു വിഷയം. പലറ്‍ക്കും അതിഷ്ടമായി. ഞങ്ങള്‍ തൃപ്പൂണിത്തുറക്കാറ്‍ക്ക്‌ ഒരു പ്റത്യേക വാമൊഴിശൈലിയുണ്ടായിരുന്നു (ദേ, ദ്‌, ട്ടോ, കുട്ടി, താന്‍, ശ്ശി, -ണ്ട്‌); പൊതുവെ ശാന്തസ്വഭാവികളാണെന്നും കോളേജിലൊരു മതിപ്പുണ്ടായിരുന്നു. (ഇന്നതെല്ലാം പോയീ, ട്ടോ!) അതുപോലെ എസ്‌.എന്‍. കോളേജിലെ വിദ്യാറ്‍ഥികളെയും ടീച്ചറ്‍മാറ്‍ വേഗത്തില്‍ തിരിച്ചറിഞ്ഞിരുന്നു, അതു കൊല്ലമായാലും ചേറ്‍ത്തലയായാലും! മലയാളംക്ളാസ്സിലെ സഹപാഠി ജോണ്‍പോള്‍ അതിപ്റശസ്തനായ തിരക്കഥാകൃത്തായി. സുബ്രഹ്മണ്യന്‍ കുടുംബിസമുദായത്തിലെ നിറ്‍ണായകനേതാവായി. കെമിസ്റ്റ്റിക്ളാസ്സിലെ നളിനിച്ചേച്ചിയും (ഭറ്‍ത്താവിണ്റ്റെ മരണത്തെ തുടറ്‍ന്ന്‌ അവറ്‍ വീണ്ടും കോളേജിലെത്തിയതായിരുന്നു) ഗോപാലകൃഷ്ണനും ഞാനും സമുദ്രശാസ്ത്രമേഖലയില്‍ വീണ്ടും ഒന്നിച്ചായി. ശാരദ ഗൈനെക്കോളജിസ്റ്റ്‌ ആയി മാറി. ഇവരെല്ലാം എന്നെ ഓറ്‍ക്കുന്നുണ്ടാകുമോ ആവോ. പ്റീഡിഗ്റിക്കു കൂടെയുണ്ടായിരുന്ന നാരായണണ്റ്റെ ചേച്ചി ഗൌരി, ഡിഗ്രിക്ക്‌ എണ്റ്റെ സഹപാഠിയായി. പിന്നീട്‌ ബിരുദാനന്തരപഠനക്കാലത്ത്‌ അവരുടെ രണ്ടുപേരുടെയും ചേച്ചി വിഷ്ണുദത്ത എണ്റ്റെ ക്ളാസ്സിലായി. സാധാരണമായി ഒരേവീട്ടിലെ കീഴോട്ടുള്ളവരാണ്‌ തോറ്റുതോറ്റുപഠിക്കുന്നവരുടെ കൂടെയാവുക. ഇതു മറിച്ചായി. എന്തോ കാരണവശാല്‍ ഗൌരിക്ക്‌ ഒന്നുരണ്ടുവറ്‍ഷം നഷ്ടപ്പെട്ടിരുന്നു. വിഷ്ണുദത്തയ്ക്കാകട്ടെ വലിയൊരു ഹൃദയശസ്ത്റക്റിയമൂലം നാലഞ്ചുകൊല്ലം വെറുതെ പോയി. അങ്ങനെ ഒരേവീട്ടിലെ മൂന്നുപേരുടെകൂടെ, കീഴെനിന്നു മേല്‍പ്പോട്ടേക്ക്‌, എനിക്കുപഠിക്കാനായി. കൂട്ടത്തില്‍ ഒരുകാര്യം കൂടി. വിഷ്ണുദത്ത എണ്റ്റെ ചേച്ചിയുടെയും സഹപാഠിയായിരുന്നു! ഡിഗ്രിക്ളാസ്സില്‍ ഒന്നാം വറ്‍ഷം മധുവിധുപോലെയായിരുന്നു. രണ്ടാംവറ്‍ഷം രണ്ടു ഭാഷകള്‍ക്കും രണ്ട്‌ ഐച്ഛികവിഷയങ്ങള്‍ക്കും പരീക്ഷയെഴുതണം. ആ വറ്‍ഷമാണ്‌ എണ്റ്റെ അച്ഛന്‍ അതികഠിനമായ പ്റമേഹംമൂലം കിടപ്പിലായത്‌. കോളേജിണ്റ്റെ വശത്തുതന്നെയുള്ള ജനറല്‍ ആസ്‌പത്റിയിലാണ്‌ അച്ഛനെ പ്റവേശിപ്പിച്ചിരുന്നത്‌. രാത്റിയെല്ലാം ചേട്ടന്‍ കൂട്ടുനില്‍ക്കും. പകല്‍ കോളേജില്‍നിന്ന്‌ സമയമുണ്ടാക്കി ഞാന്‍ അച്ഛണ്റ്റെ അടുത്തുചെല്ലും. ശാരീരികമെന്നതിലേറെ മാനസികമായ ക്ഷീണത്തിലായിരുന്നു അന്നു ഞാന്‍. ഒരുവിധം പരീക്ഷകളെല്ലാം എഴുതി പാസ്സായി. മലയാളത്തിന്‌ എനിക്കു റാങ്കുണ്ടെന്ന്‌ വാറ്‍ത്ത പരന്നു; പക്ഷെ ഒരു രണ്ടാംക്ളാസ്സുകൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു. ഒരുപാടു മാറ്‍ക്കുകിട്ടിയവറ്‍ക്കെല്ലാം എന്തോ മോഡറേഷന്‍ കാരണം മാറ്‍ക്കു കുറച്ചതായറിഞ്ഞു. ആ വേനലവധിക്ക്‌ അച്ഛന്‍ മരിച്ചു. ഡിഗ്രിയുടെ അവസാനവറ്‍ഷം എനിക്കങ്ങനെ നിറ്‍ണായകമായി. കഷ്ടപ്പെട്ടു പഠിച്ചതുകൊണ്ട്‌ സാമാന്യം നല്ലവിധത്തില്‍ പാസ്സാകാനായി. ബിരുദകാലം, പക്ഷെ വസന്തം മാത്രം. പൂ കായ്ക്കാന്‍ വേനല്‍ച്ചൂടുവേണം. പൂ കായായ്‌ മാറുന്നത്‌ ബിരുദാനന്തരം. ഒരു വിഷയം ഐച്ഛികമായെടുത്ത്‌ കുത്തിയിരുന്നു പഠിച്ചേ മതിയാകൂ. ഒരു സ്വാഭാവികതെരഞ്ഞെടുപ്പിനുമാത്രംപോന്ന മാറ്‍ക്കൊന്നും എനിക്കില്ലായിരുന്നു. വരുന്നതു വഴിക്കുവച്ചുകാണാം എന്നുറച്ചു.

പട്ടണപ്രവേശം

മെട്രിക്കുലേഷന്‍കഴിഞ്ഞ്‌ കോളേജില്‍ചേരുന്നത്‌, ഒരുകാലത്ത്‌ വലിയകാര്യമായിരുന്നു. സ്കൂളുകള്‍ ഗ്രാമപ്രദേശങ്ങളിലും കോളേജുകള്‍ പട്ടണങ്ങളിലും എന്നായിരുന്നല്ലോ പൊതുവെ അവസ്ഥ. ഇന്നാണല്ലോ വലിയ സ്കൂളുകളും കോളേജുകളും മലമ്പ്രദേശങ്ങളിലും പുഴയോരങ്ങളിലും ഒറ്റപ്പെട്ട ഇടങ്ങളില്‍. അറുപത്‌-എഴുപതുകള്‍വരെ ഞങ്ങള്‍ക്കെല്ലാം ഉപരിപഠനമെന്നാല്‍ പട്ടണപ്രവേശംകൂടിയായിരുന്നു. ഗ്രാമീണതവിട്ട്‌ നാനാവിധത്തിലുള്ള നാലുപേരെക്കണ്ട്‌ പരിഷ്കരിക്കപ്പെടുന്ന സംഭവം. സ്കൂളില്‍ കളിച്ചും പഠിച്ചും വളര്‍ന്നത്‌ ചുറ്റുവട്ടത്തെയും അടുത്ത കുഗ്രാമങ്ങളിലെയും പിള്ളേരോടൊത്താണ്‌. വാമൊഴിശൈലിയും ഉടുത്തുകെട്ടും ഉച്ചയൂണ്‍ചിട്ടയുമെല്ലാം ഒരുപോലെ. അല്‍പം ജാതിഭേദവും മതദ്വേഷവും സാമ്പത്തിക-സാംസ്കാരികവ്യത്യാസങ്ങളും ഇല്ലാതിരുന്നുമില്ല. എങ്കില്‍പോലും അവയൊന്നുംതന്നെ കൂട്ടിന്നോ കൂട്ടായ്‌മയ്ക്കോ കുന്നായ്‌മയ്ക്കോ കൂച്ചുവിലങ്ങിട്ടില്ല. ബാല്യകൌമാരങ്ങള്‍ അല്ലെങ്കിലും അങ്ങനെയല്ലേ. തൃപ്പൂണിത്തുറയിലെ സര്‍ക്കാര്‍ഹൈസ്കൂളില്‍നിന്നും ഞാന്‍പോയത്‌ എറണാകുളംപട്ടണത്തെ സെയ്ണ്റ്റ്‌ ആല്‍ബെര്‍ട്ട്‌സ്‌ കോളേജിലേക്കാണ്‌. കാരണം, പ്രശസ്തിയില്‍ മുന്തിയതും പ്രതാപത്തില്‍ പഴയതും പണച്ചെലവില്‍ കുറഞ്ഞതുമായ എറണാകുളത്തെ ഗവണ്‍മണ്റ്റ്‌ മഹാരാജാസ്‌കോളേജില്‍ സീറ്റുകിട്ടാനുള്ള മാര്‍ക്ക്‌ എനിക്കില്ലായിരുന്നു. അങ്ങനെ, പണ്ട്‌ എണ്റ്റെ അമ്മാവനും (ഇംഗ്ളീഷ്‌) പിന്നെ ജ്യേഷ്ഠനും (കെമിസ്‌റ്റ്രി) പഠിപ്പിച്ചിരുന്ന ആല്‍ബെര്‍ട്‌സ്‌ ആയി എണ്റ്റെ ആദ്യത്തെ കലാലയം. പത്താംക്ളാസ്സുവരെ ക്ളാസ്സില്‍ ഒന്നാംനിരയിലെന്നഹങ്കരിച്ചിരുന്ന ഞാന്‍ സംസ്ഥാനതലത്തിലെ പൊതുപരീക്ഷയുടെ മാനദണ്ഡത്തില്‍ വളരെ പിന്നിലായിരുന്നു. ആ തിരിച്ചറിവ്‌ പഠനത്തില്‍മാത്രമൊതുങ്ങിയില്ല. മറ്റു പലതിലുമുള്ള എണ്റ്റെ പിന്നാക്കാവസ്ഥ ഞാനറിഞ്ഞതു പട്ടണപ്രവേശത്തോടെ. പിന്നെ കാലങ്ങള്‍ കഴിഞ്ഞുള്ള പരദേശയാത്രയിലൂടെയും. എണ്റ്റെ ആദ്യത്തെ തനിച്ചുള്ള ബസ്‌യാത്രയും കോളേജിലേക്കുള്ളതായിരുന്നു. സ്കൂളില്‍ മുറിട്രൌസറിട്ടുനടന്നിരുന്ന ഞാന്‍ കൊച്ചുശരീരപ്രകൃതികൊണ്ട്‌ കോളേജിലെ ഒന്നാംവര്‍ഷവും അങ്ങനെതന്നെ നടന്നു. ക്ളാസ്സിലെ മുതിര്‍ന്നവര്‍, മുണ്ടും പാണ്റ്റുമെല്ലാമണിഞ്ഞു വരുന്നവര്‍, എന്നെ 'പ്രീഡിഗ്രി-പീക്കിരി' എന്നുവിളിച്ചു. കഷ്ടപ്പെട്ട്‌ വെള്ളമുണ്ടുചുറ്റി വെള്ളഷര്‍ട്ടുമിട്ടുപോയപ്പോള്‍ 'പാതിരി' എന്നുവിളിച്ചു കളിയാക്കി. (അന്ന്‌ ആ കത്തോലിക്കകോളേജില്‍ ഒരുപാടു വൈദികവിദ്യാര്‍ഥികള്‍ പഠിച്ചിരുന്നു. അവരുടെ വേഷമായിരുന്നു വെള്ളഷര്‍ട്ടും വെള്ളമുണ്ടും. എണ്റ്റെ അച്ഛന്‍ - അച്ചനല്ല! - നിത്യവെള്ളക്കാരനായിരുന്നതിനാലാവണം എനിക്കന്നും ഇന്നും വെള്ളത്തുണി പ്രിയമാണ്‌. ) എണ്റ്റെ അടുത്തിരുന്നിരുന്ന സഹപാഠി അത്തരം ഒരു 'ബ്രദര്‍' ആയിരുന്നു, പേര്‌ ഐന്‍സ്റ്റൈന്‍! സത്യംപറഞ്ഞാല്‍ മലയാളംമാധ്യമത്തില്‍നിന്ന്‌ ഇംഗ്ളീഷ്‌മീഡിയത്തിലേക്കെത്തിയപ്പോള്‍, മനസ്സിലാവാത്തതു മനസ്സിലായെന്നുപറഞ്ഞ്‌ മനസ്സിലായതുകൂടി മനസ്സിലാവാതായി. സ്കൂളില്‍ കൊച്ചുകൊച്ചുക്ളാസ്സുമുറികളിലിരുന്നു പരിചയിച്ച എനിക്ക്‌, എണ്‍പതും നൂറുംവിദ്യാര്‍ഥികള്‍ക്കായുള്ള ലെക്‌ചര്‍-ഹാളുകളിലെ ബോര്‍ഡിലെഴുതുന്നത്‌ തെളിഞ്ഞുകാണുന്നുണ്ടായിരുന്നില്ല. കണ്ണിനാകെ നീറ്റലും കടച്ചിലും. അച്ഛനു സംശയംതോന്നി കണ്ണു പരിശോധിപ്പിച്ചു. അങ്ങനെ കട്ടിക്കണ്ണടയ്ക്കുടമയായി. 'അടിമയായി' എന്നതാവും ശരി. അതോടെ 'നാല്‍ക്കണ്ണ'നെന്നായി ക്ളാസ്സിലെ പേര്‌. മുണ്ടുടുത്തതോടെ, കണ്ണടവച്ചതോടെ, തുള്ളിനടക്കാനുള്ള സ്വാതന്ത്ര്യവും പോയി. എന്നേക്കാളേറെ എണ്റ്റെ മുണ്ടിനെയും കണ്ണടയെയും ശ്രദ്ധിക്കേണ്ടിവന്നു എനിക്ക്‌, വീട്ടിലും വളപ്പിലും വെളിയിലും ബസ്സിലും ക്ളാസ്സിലുമെല്ലാം. ആണ്‍കുട്ടികള്‍ മാത്രമുള്ള കോളേജ്‌. അച്ചന്‍മാരുടെ അമിതമായ അച്ചടക്കനിയമങ്ങള്‍. ഉച്ചക്കൂണ്‌ പൊതിച്ചോറഴിച്ച്‌ ക്ളാസ്സിലിരുന്നുണ്ണുന്നവരും ബഹുനിലപ്പാത്രംതുറന്ന്‌ സ്വന്തംകാറിലിരുന്നുണ്ണുന്നവരും. പല ഭാഷാശൈലികള്‍. പിള്ളേരുടെ പൂളുവച്ച പദപ്രയോഗങ്ങള്‍. അന്നുവരെ ശാസ്ത്രമെന്നും ഗണിതമെന്നും സാമൂഹ്യമെന്നുംമാത്രമറിഞ്ഞിരുന്ന പൊതുവിഷയങ്ങള്‍, ഒറ്റക്കൊറ്റക്കായി ഇഴപിരിഞ്ഞ്‌ ഇളിച്ചുകാട്ടി. ഹിന്ദിയും മലയാളവും ഐച്ഛികമായിരുന്നതില്‍ മലയാളമെടുത്തു ഞാന്‍. പ്രൊഫ. എം. എം. മാണിയുടെയും പി. കെ. അലക്സ്‌ ബേസിലിണ്റ്റെയും ശൈലീവിശേഷങ്ങള്‍ അങ്കലാപ്പിലാക്കി. പത്താംക്ളാസ്സില്‍ പഠിക്കാനുണ്ടായിരുന്ന 'സിന്ധു അവളുടെ കഥ പറയുന്നു' എന്ന രസികന്‍പുസ്തകമെഴുതിയ അലക്‌സ്‌ ബേസില്‍തന്നെയോ അത്‌ എന്നുവരെ സംശയമായി. എങ്കിലും സാറിനെന്നെ ഇഷ്ടമായിരുന്നു. ഇടക്കിടെ ചോദ്യംചോദിച്ച്‌ 'സ്വാമി പറയണം' എന്നു നിര്‍ബന്ധിക്കും. ഇംഗ്ളീഷിനാണെങ്കില്‍ ഒരു ജേര്‍സണ്‍ സാറുണ്ടായിരുന്നു. കോളേജ്‌-മാനേജുമെണ്റ്റിനോടുണ്ടായിരുന്ന പകയെല്ലാം ഷേക്‌സ്പിയറുടെ കഥാപാത്രങ്ങളിലൂടെ പറഞ്ഞുതീര്‍ക്കും. പുളിക്കന്‍മാഷ്‌ ഇംഗ്ളീഷ്‌ഭാഷാപ്രയോഗത്തില്‍ പതിയെ പ്രാവീണ്യമുണ്ടാക്കിത്തന്നു. എങ്കിലും എണ്റ്റെ ശാസ്ത്രവിഷയങ്ങള്‍ ഇംഗ്ളീഷില്‍ പഠിച്ചെഴുതാനുള്ള കഴിവ്‌ കഷ്ടിയായി തുടര്‍ന്നു. തലയില്‍കയറുംവരെ വീണ്ടുംവീണ്ടും വിഷയമോതിത്തന്നിരുന്ന സ്കൂള്‍-അധ്യാപകരെപ്പോലല്ലാതെ, ക്ളാസ്സില്‍വന്ന്‌ വെറും 'ലെക്‌ചര്‍' നടത്തിപ്പോകുന്ന കോളേജ്‌-അധ്യാപകര്‍. കൊത്തേണ്ടതു കൊത്താനും കൊള്ളേണ്ടതു കൊള്ളാനും തള്ളേണ്ടതു തള്ളാനും വശമാക്കാന്‍ നന്നേ കഷ്ടപ്പെടേണ്ടിവന്നു. വെറുതെയല്ല പറയുന്നത്‌, "Lectures lecture, Professors profess, Teachers only teach" എന്ന്‌! അന്ന്‌ കോളേജ്‌ പ്രിന്‍സിപ്പല്‍ ഫാ. കണിയാംപുറമായിരുന്നു. ഗൌരവവും രസികത്തവും ഒന്നിച്ചുകൊണ്ടുനടക്കാന്‍ കഴിയുമായിരുന്നു അദ്ദേഹത്തിന്‌. കോളേജില്‍ ചേരാന്‍പോയ ദിവസംതന്നെ എണ്റ്റെ പേരും വീട്ടുപേരും നോക്കിപ്പറഞ്ഞു, "You are Swamy, I am 'swami'. You are 'Kaniyamparambil', I am 'Kaniyampuram'". കൂടാതെ, കണക്കുക്ളാസ്സെടുത്തിരുന്ന പ്രസിദ്ധഗണിതജ്ഞന്‍ ഫാ. കോന്നുള്ളി ഒഴികെ മറ്റൊരു വൈദികനും അന്ന്‌ എനിക്കു പ്രിയപ്പെട്ടവരായില്ല. കാരണം മറ്റുള്ളവര്‍ ഒന്നുകില്‍ ദൈവികംപറഞ്ഞു മടുപ്പിക്കുമായിരുന്നു. അല്ലെങ്കില്‍ അപഥസഞ്ചാരംകൊണ്ടു കുപ്രസിദ്ധരായിരുന്നു. അതിലൊരാള്‍ 'വിഷവടി'യെന്നുവരെ പേരുകേട്ടിരുന്നു. ഇന്നും പല അച്ചന്‍മാരും സുഹൃത്തുക്കളായുണ്ട്‌, നല്ലതും പേട്ടയും. ഇംഗ്ളീഷ്‌ഭാഷാവൈകല്യം മറികടക്കാന്‍ ഞാന്‍ ഒരു എളുപ്പവിദ്യ കണ്ടെത്തി. ആര്‍ക്കും വായിച്ചെടുക്കാനാവാത്തതരത്തില്‍ കുനുകുനെ കുത്തിക്കുറിച്ചെഴുതുക, ഡോക്‌ടര്‍മാരുടെ കുറിമാനംപോലെ; അക്ഷരത്തെറ്റൊന്നും കണ്ടുപിടിക്കാനാവാത്തവിധം. മാത്തമാറ്റിക്‌സിന്‌ കാര്യമായ ഭാഷാനൈപുണ്യം ആവശ്യമില്ല. ഫിസിക്‌സിനും കെമിസ്‌റ്റ്രിക്കും നീട്ടിപ്പിടിച്ചൊന്നും എഴുതാനുമില്ല. ഇംഗ്ളീഷധ്യാപകര്‍ക്ക്‌ എല്ലാവരുടെയും ഉത്തരക്കടലാസ്സുകള്‍ ഒരുപോലെ ചവറ്‌. കാര്യവും കാരണവും ഒരുപോലെ നീട്ടിപ്പിടിച്ചെഴുതേണ്ടിയിരുന്നത്‌ സോഷ്യല്‍ സ്റ്റഡീസ്‌ എന്ന അവിയല്‍വിഷയത്തിനായിരുന്നു. എനിക്കാണെങ്കില്‍ തലയും വാലുമില്ലാത്ത ചരിത്രാവബോധമേയുള്ളൂ. ഗുപ്തനാണോ മുഗളനാണോ ആദ്യം, അക്‌ബറാണോ ഔറംഗസേബാണോ മഹാന്‍, പാനിപ്പത്തെവിടെ കൊളച്ചല്‍ എവിടെ എന്നൊന്നും അറിയില്ല. കാരണം, മാറിമാറിവരുന്ന സര്‍ക്കാര്‍അധ്യാപകര്‍ അവര്‍ക്കുതോന്നുന്ന രീതിയില്‍ തോന്നുന്ന കാലക്രമത്തിലാണ്‌ സ്കൂളില്‍ ചരിത്രം പഠിപ്പിച്ചിട്ടുള്ളത്‌; ആദ്യം സ്വാതന്ത്ര്യ സമരം, പിന്നെ ടിപ്പുസുല്‍ത്താന്‍, പിന്നെ കുഞ്ഞാലിമരക്കാര്‍, പിന്നെ ഇംഗ്ളീഷുകാര്‍, എന്നിങ്ങനെ..... രണ്ടാംമഹായുദ്ധം കഴിഞ്ഞ്‌ ഒന്നാമത്തേത്‌. ഹിറ്റ്ലര്‍ കഴിഞ്ഞ്‌ അലക്സാണ്ടര്‍. പൌരധര്‍മമെന്ന സിവിക്സോ രാഷ്ട്രീയമീമാംസയെന്ന പൊളിറ്റിക്കല്‍ സയന്‍സോ പഠിക്കാനുണ്ടായിട്ടും പഠിപ്പിച്ചിട്ടില്ല. ആ പശ്ചാത്തലത്തിലാണ്‌ കോളേജിലെ സോഷ്യല്‍ സ്റ്റഡീസിലെ ലോകത്തിലെ വിപ്ളവങ്ങളും നവോത്ഥാനങ്ങളൂം ഏകീകരണങ്ങളും രാഷ്ട്രീയപ്രസ്ഥാനങ്ങളും പഠിച്ച്‌ പരീക്ഷയെഴുതേണ്ടത്‌. ആദ്യപരീക്ഷക്ക്‌ ഉള്ളതുവച്ച്‌ കാക്കക്കുറിമാനമെഴുതി. മാത്യു പൈലി എന്ന ചെറുപ്പക്കാരനായിരുന്നു സോഷ്യല്‍ സ്റ്റഡീസ്‌ അധ്യാപകന്‍. സുമുഖന്‍. കാലുറയിട്ട്‌ മോടിയില്‍ ഒരു 'ലാംബ്രട്ട'യില്‍ വരും. അന്ന്‌ അതിവിരളമാണ്‌ സ്കൂട്ടര്‍. ആനച്ചന്തത്തില്‍ ക്ളാസ്സില്‍ കയറിയാല്‍ പിന്‍ബെഞ്ചിലെ പൂച്ചകരച്ചിലും കാക്കകരച്ചിലുമെല്ലാം അടങ്ങിക്കൊള്ളും. കാരണം കൂടെക്കൂവാനും കൂവിജയിക്കാനും കൂസാത്ത പ്രകൃതമായിരുന്നു ആ യുവ അധ്യാപകണ്റ്റേത്‌. പരിശോധനകഴിഞ്ഞ്‌ മാര്‍ക്കിട്ട്‌ ഉത്തരക്കടലാസ്സുകള്‍ തിരിച്ചുതരുമ്പോള്‍ എണ്റ്റെ ഊഴമായി. പൈലിസാര്‍, മാര്‍ക്കിടാത്ത എണ്റ്റെ പേപ്പര്‍ എണ്റ്റെ മുന്നിലേക്കെറിഞ്ഞു. "ഇതു താന്‍ തന്നെ വായിച്ചു മാര്‍ക്കിട്ടോ" എന്നൊരു ശാസനയും. "അടുത്ത തവണയും ഇതാണു കയ്യക്ഷരമെങ്കില്‍ വട്ടപ്പൂജ്യം തരും. വരുന്ന അവധിക്കാലത്ത്‌ നാല്‍വരിപ്പുസ്തകത്തില്‍ കോപ്പിയെഴുതി കയ്യക്ഷരം നന്നാക്കുന്നതാവും നല്ലത്‌". ഞാനത്‌ അക്ഷരാര്‍ഥത്തില്‍ തന്നെ നടപ്പാക്കി. അഞ്ചാംക്ളാസ്സില്‍ ചെയ്തതുമാതിരി, A,B,C,D-യില്‍തുടങ്ങി, കൂട്ടെഴുത്തും കൂട്ടക്ഷരവും വരിയും വാചകവുമെല്ലാമായി ഒന്നുരണ്ടു പുസ്തകം തീരുംവരെ കോപ്പിയെഴുതി കൈയക്ഷരം നന്നാക്കി. ഇംഗ്ളീഷിലെ എണ്റ്റെ കൈയക്ഷരം പക്ഷെ അന്നേക്ക്‌ ഉറച്ചുപോയ എണ്റ്റെ മലയാളം കൈയക്ഷരംമാതിരിത്തന്നെ, ചക്കക്കുരുപോലെ മുഴുത്തുമുഴുത്തതായി. എന്നാലുമെന്താ, അടുത്ത പരീക്ഷക്ക്‌ എണ്റ്റെ ഉത്തരക്കടലാസ്സുകണ്ട്‌ പൈലിസാര്‍ പറഞ്ഞു തനിക്ക്‌ പേപ്പര്‍ വായിക്കേണ്ടിവന്നില്ലെന്ന്‌, പേപ്പര്‍ തന്നെ തുറിച്ചുനോക്കിയെന്ന്‌. ആകപ്പാടെ എനിക്കു കഷ്ടപ്പെട്ടു മനസ്സിലാക്കാന്‍ സാധിച്ച Unification of Germany, Unification of Italy, Malthusian Theory of Population എന്നീ മൂന്നു കാര്യങ്ങള്‍കൊണ്ടു പരീക്ഷയെഴുതി മാന്യമായി പാസ്സായി. ഇന്ന്‌ എണ്റ്റെ അക്ഷരം ആരെങ്കിലും നന്നെന്നുപറയുമ്പോള്‍ ഞാന്‍ മാത്യു പൈലി സാറിനെയാണൂ മനസ്സില്‍ കുമ്പിടുക. ഞാന്‍ ഇംഗ്ളീഷും മലയാളവും ഹിന്ദിയും ഇടകലര്‍ത്തിയെഴുതിയാല്‍ അത്രപെട്ടൊന്നൊന്നും വടിവില്‍നിന്നതു കണ്ടുപിടിക്കാനാവില്ല. ഈ മൂന്നുഭാഷകളിലുള്ള എണ്റ്റെ കയ്യൊപ്പും പരസ്പരം പകരംവയ്ക്കാം. അദ്ദേഹം പിന്നെ രാഷ്ട്റീയത്തില്‍ കടന്നു. ഒരിക്കല്‍ അസംബ്ളിയിലേക്കു മത്സരിച്ചുതോറ്റെന്നു കേട്ടു. പിന്നീട്‌ പ്രൊഫ. മാത്യു പൈലി കൊച്ചി മേയറായി. ഒരിക്കല്‍ എറണാകുളം റെയില്‍വേസ്റ്റേഷനില്‍ പ്രൊഫ. എം. കെ. പ്രസാദിനോടൊത്തുവരുമ്പോള്‍ അദ്ദേഹം കാലങ്ങള്‍ക്കുശേഷം എന്നെ തിരിച്ചറിഞ്ഞത്‌ എനിക്കാഹ്ളാദമായി. അക്ഷരം നന്നാക്കിയതോടെ ഭാഷ നന്നാക്കുന്നതിനായി ശ്രമം. അതുവരെ ഞാന്‍ കാര്യമായി ഇംഗ്ളീഷുപുസ്തകങ്ങളൊന്നും വായിച്ചിരുന്നില്ല. എന്തിന്‌, മലയാളപുസ്തകങ്ങള്‍ കൂടി വളരെക്കുറച്ചേ വായിക്കാന്‍ കിട്ടിയിരുന്നുള്ളൂ. കോളേജ്‌ ലൈബ്രറിയാണെങ്കില്‍ വിദ്യാര്‍ഥികളെ ബോധപുര്‍വം അകറ്റിനിര്‍ത്താനുള്ളതരത്തിലായിരുന്നു. കീറിപ്പറിഞ്ഞ കാറ്റലോഗുനോക്കിവേണം പുസ്തകം തെരെഞ്ഞെടുക്കാന്‍. എന്നിട്ടത്‌ ഒരു ഫോമിലെഴുതി ലൈബ്രേറിയനെ ഏല്‍പ്പിക്കണം. മൂന്നുപുസ്തകങ്ങളുടെ പേരും നമ്പറുമെല്ലാം എഴുതിക്കൊടുത്താലേ ഒന്നെങ്കിലും തരമാകൂ. ക്യൂനിന്ന്‌ കൂപ്പണ്‍കൊടുത്ത്‌ പുസ്തകം കയ്യില്‍കിട്ടുമ്പോഴേക്കും ക്ളാസ്സുതുടങ്ങിയിരിക്കും. കൂപ്പണിനെല്ലാം കാശു വേറെ കൊടുക്കണം. പുസ്തകം തിരിച്ചേല്‍പ്പിക്കുമ്പോള്‍ സമയം വൈകിയാല്‍ ഫൈന്‍. പുസ്തകത്തിണ്റ്റെ ഓരോതാളും ലൈബ്രേറിയന്‍ മറിച്ചുനോക്കും. ഏതെങ്കിലും പേജ്‌ കീറിയിട്ടുണ്ടെങ്കില്‍, ഏതെങ്കിലും താളില്‍ എന്തെങ്കിലും വരച്ചിട്ടുണ്ടെങ്കില്‍ അതിനും ഫൈന്‍. പഴയ കീറലിലും വരപ്പുകളിലും ലൈബ്റേറിയന്‍ ഒപ്പുവച്ചിട്ടുണ്ടാകും. ഒപ്പില്ലാത്തതെല്ലാം പുതിയ ആളുടെ തലയില്‍ കെട്ടിവയ്ക്കും. അതിണ്റ്റെ കൂടെ അല്‍പം അസഭ്യവും കേള്‍ക്കണം. വായനയുടെ കൂമ്പടയാന്‍ വേറെ വഴി വേണ്ടായിരുന്നു. എന്നിട്ടും കുറെ പുസ്തകങ്ങള്‍ എടുത്തുവായിച്ചു. തോമസ്‌ ഹാര്‍ഡിയുടെ 'The Woodlanders' ആദ്യപേജ്‌ ഒന്നുവായിച്ചതോടെ ക്ഷീണിച്ചു. എന്നിട്ടും വിട്ടില്ല. തുടര്‍ന്ന്‌ നാലഞ്ചു നോവലുകള്‍ കഴിഞ്ഞപ്പോഴേക്കും ഇംഗ്ളീഷില്‍ ഒന്നു പയറ്റാമെന്നായി. കൂടെ കുറ്റിപ്പുഴയുടെയും കോവൂരിണ്റ്റെയും തകഴിയുടെയും എംടിയുടെയും കൃതികള്‍കൂടിയായപ്പോള്‍ മലയാളത്തിലും പിടിച്ചുനില്‍ക്കാമെന്നായി. ക്ളാസ്സിലെ പഠനത്തേക്കാള്‍ ലബോറട്ടറിയിലെ പ്രായോഗികപരിശീലനമായിരുന്നു എനിക്കു രസകരമായി തോന്നിയത്‌. അവിടെയും ഒരുപാടു നിയന്ത്രണങ്ങളുണ്ടായിരുന്നെങ്കിലും പഞ്ചേന്ദ്രിയങ്ങള്‍ക്കു പരിശീലനമേകാന്‍പോന്നതായിരുന്നു അവിടത്തെ പഠനപരീക്ഷണങ്ങള്‍. ഫിസിക്‌സില്‍ ശ്രീനിവാസന്‍സാറും കെമിസ്റ്റ്രിയില്‍ ഡോ. ബെഞ്ചമിനും കണക്കില്‍ ഇളയതുമാഷും എനിക്കു വഴികാട്ടിയായി. എണ്റ്റെ ജ്യേഷ്ഠണ്റ്റെ വിദ്യാര്‍ഥിയായിരുന്ന ജോസാണ്റ്റോ, എണ്റ്റെ അധ്യാപകനായി. പിന്നെ വര്‍ഷങ്ങള്‍ക്കുശേഷം വേറൊരിടത്ത്‌ ഞങ്ങള്‍ സഹപ്രവര്‍ത്തകരുമായി! സഹപാഠികള്‍ പൊതുവെ വിമുഖരായിരുന്നു പരസ്പരം. ഒരു കൂട്ടായ്മയും ഉരുത്തിരിഞ്ഞില്ല അക്കാലത്ത്‌. ഒരു പക്ഷെ അന്നത്തെ സാമ്പത്തിക-സാമൂഹ്യപരിസ്ഥിതി ആയിരുന്നിരിക്കാം കാരണം. ഭക്ഷണക്ഷാമവും 'കോഴിറേഷ'നും ആഭ്യന്തരസമരവും അതിര്‍ത്തിയുദ്ധവും തീപ്പിടിച്ചിരുന്ന സമയമായിരുന്നല്ലോ അറുപതിണ്റ്റെ അവസാനവര്‍ഷങ്ങള്‍. ആദ്യമായി ലാത്തിചാര്‍ജ്‌ കണ്ടതന്നാണ്‌. കോളേജിനടുത്തെത്തിയപ്പോള്‍ ബസ്സുനിര്‍ത്തി ആളെയിറക്കി. ഇറങ്ങിയതോ ഒരാള്‍ക്കൂട്ടത്തിനിടയിലേക്ക്‌. പോലീസുകാര്‍ പാഞ്ഞുവരുന്നു. കണ്ണില്‍കണ്ടവരെയെല്ലാം തല്ലിച്ചതയ്ക്കുന്നു. ഞാനോടി. മാര്‍ക്കറ്റ്‌റോഡിലെ ഊടുവഴികള്‍കടന്ന്‌ 'മേനക'യിലെത്തിയപ്പോള്‍ അവിടെയും പോലീസ്‌. അവിടന്നും ഓടി ബോട്ട്‌ജെട്ടിയിലെത്തി ഒരു ബസ്സില്‍കയറി വീട്ടില്‍ തിരിച്ചുകയറിയപ്പോഴേ ശ്വാസം നേരെയായുള്ളൂ. ഒരു 'യുദ്ധം'കണ്ടതും അക്കാലത്താണ്‌. പാകിസ്താനുമായി സംഘര്‍ഷമുള്ള കാലം. രാവേറെച്ചെന്നപ്പോള്‍ സൈറണ്‍ മുഴങ്ങി. സൈറണ്‍കേട്ടാല്‍ വീട്ടിലെ വിളക്കെല്ലാമണച്ച്‌ 'ബ്ളാക്‌-ഔട്ട്‌'ആക്കണമെന്ന്‌ നിര്‍ദേശമുണ്ടായിരുന്നു പരക്കെ. വിമാനങ്ങളുടെ ഇരമ്പല്‍. ഇടിമുഴക്കംപോലെ വിമാനവേധത്തോക്കുകളുടെ ശബ്ദം. പടിഞ്ഞാറന്‍മാനത്ത്‌ പൂരപ്പടക്കംപോലെ വാണപ്പാച്ചില്‍. അല്‍പസമയത്തിനുള്ളില്‍ എല്ലാം ശാന്തമായി. 'ഓള്‍ ക്ളിയര്‍' സൈറന്‍കിട്ടി. പിറ്റേന്നറിഞ്ഞു, പാകിസ്താന്‍വിമാനങ്ങള്‍ കൊച്ചിതുറമുഖം ആക്രമിക്കാനെത്തിയെന്നും തിരിച്ചോടുമ്പോള്‍ ഒരു ബോംബ്‌ വഴിതെറ്റിവീണ്‌ വല്ലാര്‍പാടത്തെ ചതുപ്പില്‍ പുതഞ്ഞുപോയെന്നും. ബോംബെ ആയിരുന്നത്രെ അവര്‍ ലക്ഷ്യമിട്ടിരുന്നത്‌. അവിടത്തെ സന്നാഹങ്ങള്‍ മുറിച്ചുകടക്കാനാവാതെവന്നപ്പോഴത്രെ കൊച്ചിയെത്തേടിവന്നത്‌. അതിനായി ശ്രീലങ്കയാണ്‌ ഇടത്താവളമൊരുക്കിക്കൊടുത്തതെന്നും സംസാരമുണ്ടായിരുന്നു. 'ബ്രദര്‍' ഐന്‍സ്റ്റൈനെക്കൂടാതെ റോയ്‌, സ്റ്റാന്‍ലി റിച്ചാറ്‍ഡ്‌സ്‌, നസീര്‍, നാരായണന്‍, നാരായണന്‍ നമ്പൂതിരി, ആര്യന്‍നമ്പൂതിരി, ശ്റീരാം, രാമസ്വാമി, മറ്റൊരു നാരായണസ്വാമി, സുഭാഷ്‌ എന്നിവരെയൊക്കയേ ഇന്ന്‌ ഓര്‍മയിലുള്ളൂ. ശ്രീരാമും ഞാനും പ്രൈമറിക്ളാസ്സുതൊട്ടേ സഹപാഠികളായിരുന്നൂ. അടുത്തടുത്ത വീടുകളിലായിരുന്നതിനാല്‍ ഞങ്ങള്‍ മൂന്നാലു കുട്ടികള്‍ ഒന്നിച്ചാണ്‌ പള്ളിക്കൂടത്തില്‍നിന്നു മടങ്ങുക. പിരിയുമ്പോള്‍ അന്നൊരു പതിവുണ്ട്‌, 'ഈയടി നാളെ'. കൂട്ടത്തിലുള്ള ഒരാളെ അടിച്ചിട്ടോടുന്നതിലാണു മിടുക്ക്‌. തിരിച്ചടിക്കാന്‍കഴിഞ്ഞാല്‍ അതിലുംമിടുക്ക്‌. ഒരുദിവസം കൂട്ടത്തിലാരുടെയോ അടികൊണ്ട്‌ ഒരുകുട്ടി കരഞ്ഞു. എന്തോ തെറ്റിദ്ധരിച്ചതുകൊണ്ടാകണം, അടിച്ചതു ഞാനാണെന്ന്‌ ശ്രീരാം ആ കുട്ടിയുടെ വീട്ടില്‍ പറഞ്ഞു. അതറിഞ്ഞ്‌ അമ്മ എന്നെ ഒരുപാടു വഴക്കുപറഞ്ഞു. അടിച്ചതു ഞാനല്ലെന്നു പറഞ്ഞിട്ട്‌` വിശ്വസിക്കാന്‍ ആരുമില്ലായിരുന്നു, കാരണം ശ്രീരാം നല്ല കുട്ടിയായിരുന്നു. പിറ്റേന്നുതൊട്ട്‌ എനിക്കു വാശിയായി, വൈരാഗ്യമായി. ഏഴെട്ടുവര്‍ഷം ഞാന്‍ ശ്രീരാമിനോട്‌ മിണ്ടാതെ നടന്നു. മുന്നിലോ നാലിലോ പഠിക്കുമ്പോഴായിരുന്നു അത്‌. സെയ്ണ്റ്റ്‌ ആല്‍ബെര്‍ട്‌സിലെ ആദ്യദിവസത്തെ ക്ളാസ്സില്‍ എണ്റ്റെ അടുത്ത ബെഞ്ചിലിരിക്കുന്നു ശ്രീരാം! ഞങ്ങളുടെ കണ്ണുകളിടഞ്ഞു. കണ്ണുകള്‍ കൂട്ടിമുട്ടിയപ്പോള്‍ ഒരു പൊട്ടിച്ചിരിയായി. പഴയ പിണക്കം അതോടെ മറന്നു ഞങ്ങള്‍. ബാലിശത്തിനു ബലം അത്രക്കൊക്കെയേ ഉള്ളൂ! രണ്ടാംവര്‍ഷമായപ്പോഴേക്കും അല്‍പമെല്ലാം മുതിര്‍ന്നെന്നായി; അല്‍പം ആത്മവിശ്വാസവുമായി. 'യീസ്റ്റ്‌' എന്ന തലക്കെട്ടില്‍ മലയാളത്തില്‍ ഞാനാദ്യമായെഴുതിയ ശാസ്ത്രലേഖനം കോളേജ്‌ മാഗസീനില്‍ അച്ചടിച്ചുവന്നത്‌ അതിസന്തോഷമായി. മാഗസീന്‍ കവറിന്‌ ഞാനൊരു ഡിസൈനും വരച്ചുകൊടുത്തിരുന്നു. പെന്‍സിലില്‍ സ്കെച്ചുചെയ്‌തിരുന്ന അത്‌ ഇന്ത്യന്‍-ഇങ്കില്‍ ആക്കാന്‍ എഡിറ്റര്‍ ആവശ്യപ്പെട്ടു. എനിക്കുണ്ടോ അറിയുന്നൂ ഇന്ത്യന്‍ഇങ്ക്‌ എന്താണെന്നും അച്ചടിക്കാന്‍പാകത്തിന്‌ ചിത്രമെങ്ങിനെ പാകപ്പെടുത്തണമെന്നും! ആ ശ്രമം ചാപിള്ളയായി. അടുത്തുണ്ടായിരുന്ന 'കേരളടൈംസ്‌' പ്രസ്സില്‍ ഇടയ്ക്കെല്ലാം ഒളിഞ്ഞുനോക്കി അച്ചടിക്കാര്യങ്ങള്‍ പഠിക്കാന്‍ശ്രമിച്ചതും ഫലവത്തായില്ല. വര്‍ഷങ്ങള്‍ കഴിഞ്ഞ്‌ ശ്രീ ജോണ്‍ പോളിണ്റ്റെ ഉത്സാഹത്തില്‍ അവരുടെ പത്രങ്ങളില്‍ കവിതകളുംമറ്റും പ്രസിദ്ധപ്പെടുത്താന്‍ കഴിഞ്ഞതു ഭാഗ്യമായിക്കരുതുന്നു. അന്ന്‌ അതിണ്റ്റെ എഡിറ്റര്‍ ഡോ. സെബാസ്റ്റ്യന്‍ പോള്‍ ('മാധ്യമവിചാരം') ആയിരുന്നെന്ന്‌ എനിക്കറിവില്ലായിരുന്നു. കോളേജില്‍ അന്നത്തെ വിദ്യാര്‍ഥിനേതാക്കളിലെ ഡൊമിനിക്‌ പ്റസെണ്റ്റേഷന്‍ എം. എല്‍ എ. ആയി, മന്ത്രിയായി. വര്‍ഷാവസാനം, മലയാളത്തിന്‌ ഏറ്റവുംകൂടുതല്‍ മാര്‍ക്കുവാങ്ങിയതിന്‌ സമ്മാനംകിട്ടിയതും ഒരു പ്രോത്സാഹനമായി. ഫിസിക്സിലെ പ്രാക്റ്റിക്കല്‍പരീക്ഷക്ക്‌ മഹാരാജാസ്‌കോളേജിലെ പ്രൊഫ. തുളസിയായിരുന്നു പരീക്ഷക. എല്ലാവരുംപറഞ്ഞു സര്‍ക്കാര്‍അധ്യാപകര്‍ പ്രൈവറ്റ്‌കോളേജില്‍ പരീക്ഷക്കുവരുമ്പോള്‍ കുട്ടികളെ കഷ്ടപ്പെടുത്തി മാര്‍ക്കുകുറയ്ക്കുമെന്ന്‌. എനിക്ക്‌ അവര്‍ മാര്‍ക്ക്‌ വാരിക്കോരിത്തന്നു (പിറ്റേവര്‍ഷം ഫിസിക്‌സ്‌ ഡിഗ്രിക്ളാസ്സില്‍ അവരെണ്റ്റെ അധ്യാപികയായി മഹാരാജാസില്‍. ആല്‍ബെര്‍ട്‌സിലെ എണ്റ്റെ കെമിസ്റ്റ്രി അധ്യാപകന്‍ ഡോ. ബെഞ്ചമിന്‍, മഹാരാജാസില്‍ എണ്റ്റെ പരീക്ഷകനുമായിവന്നു. അദ്ദേഹവും എനിക്ക്‌ വാരിക്കോരിത്തന്നു മാര്‍ക്ക്‌). എങ്കിലും വാര്‍ഷികപ്പരീക്ഷക്ക്‌ വലിയ പ്രകടനമൊന്നും എനിക്കു കാഴ്ചവയ്ക്കാനായില്ല. പട്ടണത്തിലെ മിടുക്കന്‍മാര്‍ ബഹുദൂരം മുന്നിലായിരുന്നു. അതിവേഗം നടക്കാനുറച്ചായിരുന്നു അടുത്തപടി എണ്റ്റേത്‌.

അബദ്ധങ്ങള്‍ സുബദ്ധങ്ങള്‍

വിഡ്ഢിത്തത്തിനൊരു വീരചക്രമുണ്ടെങ്കില്‍ അതെനിക്കാകുന്നതില്‍ തെറ്റില്ല. വീടെന്നോ വിദേശമെന്നോ വിഡ്ഢ്യാസുരന്‍മാര്‍ക്ക്‌ വ്യത്യാസമില്ല. അടുക്കളയും അരങ്ങും ഒരുപോലെ. പലപ്പോഴും അബദ്ധങ്ങള്‍ സുബദ്ധങ്ങളാകുന്നതും എണ്റ്റെ വിഡ്ഢിത്തത്തിണ്റ്റെ പലതില്‍ ഒരു രീതി. യാത്രകളും വിഭിന്നവ്യക്തികളും ജനസഞ്ചയങ്ങളുമായുള്ള ഇടപെടലുകളും അനുഭവങ്ങളേക്കാളേറെ അറിവുകളാണ്‌. തന്നെ തന്നില്‍നിന്നുമാറ്റിനിര്‍ത്തി, മനസ്സിനെ തുണിയുരിച്ചുകാണാന്‍ അവ വഴിയൊരുക്കുന്നു. സംസ്കാരങ്ങളുടെ കൈവഴികള്‍ പലതാണ്‌. താന്‍ ശീലിച്ചുപോന്ന താവഴിയില്‍നിന്നുവേറിട്ട്‌, മറ്റൊന്നുമായി ഇടപഴകുമ്പോള്‍ അബദ്ധങ്ങളൂണ്ടാകാം. തിരിഞ്ഞുനിന്ന്‌ അവ സുബദ്ധങ്ങളായിക്കണ്ടാല്‍ അറിവിണ്റ്റെ അറകള്‍ നിറപറയാകും. ദര്‍ശനംതൊട്ട്‌ സ്പര്‍ശനംവരെയും മണംതൊട്ട്‌ മദംവരെയും രസനതൊട്ട്‌ രസികത്തംവരെയും ലൌകികതതൊട്ട്‌ ലൈംഗികതവരെയും സംഗമംതൊട്ട്‌ സര്‍ഗാത്മകതവരെയും കുസൃതിതൊട്ട്‌ ക്രൂരതവരെയും കരുണതൊട്ട്‌ കൂടോത്രംവരെയും വ്യത്യസ്തമാണ്‌ ജനഗണമനം ഈ ഉലകില്‍. ഒരുവ്യക്തിയുടെ ഒറ്റപ്പെട്ട പെരുമാറ്റം ആ സമൂഹത്തിണ്റ്റെ പൊതുസ്വഭാവമാണെന്നു പറഞ്ഞുകൂടാ. എങ്കിലും ഒരു സമൂഹത്തിണ്റ്റെ പെരുമാറ്റരീതികള്‍ വ്യക്തികളില്‍നിന്നു മനസ്സിലാക്കാനായേക്കും ഒരു പരിധിവരെ. കാക്കയെ അനുകരിച്ച്‌ ചെരിഞ്ഞു ചെരിഞ്ഞുനോക്കി ജനലഴികള്‍ക്കിടയില്‍ തലകുരുങ്ങുന്നതും ഉണ്ണിക്കണ്ണന്‍കളിച്ച്‌ അടുക്കളയിലെ ഉറിയില്‍ മൂക്കുടക്കുന്നതും കറിക്കു താളിക്കുമ്പോള്‍ കടുകുമണികള്‍ മുടിക്കുള്ളില്‍ കൃത്യമായി പറന്നിറങ്ങുന്നതും പൊട്ടിയ വൈദ്യുതവയര്‍ കെട്ടിശരിയാക്കുമ്പോള്‍ കറണ്ടുപോയിരുന്നതൊന്നുകൊണ്ടുമാത്രം ചാവാതെ രക്ഷപ്പെടുന്നതും കടിക്കുന്നതെന്തെന്നതറിയാതെ അടിക്കുപ്പായത്തില്‍ ഒരു പകല്‍മുഴുവന്‍ പഴുതാരയെ കൊണ്ടുനടക്കുന്നതും പശുക്കള്‍ സ്വാദോടെ പച്ചപ്പുല്ലുതിന്നുന്നതു കണ്ടു കൊതിച്ച്‌ അവയെപ്പോലെ നാലുകാലില്‍നിന്ന്‌ പുല്ലുതിന്ന്‌ തൊണ്ടയില്‍കുരുങ്ങി ശ്വാസംമുട്ടി കണ്ണുതള്ളുന്നതും വെറും കടലാസ്കൊണ്ട്‌ കൈമുറിയുന്നതും ജീവിതത്തില്‍ ആദ്യവും അവസാനവുമായി ക്രിക്കറ്റ്‌കളിക്കുമ്പോള്‍ പാഞ്ഞുവന്നപന്ത്‌ അരക്കടിയിലും വീശിയടിച്ച ബാറ്റ്‌ സ്വന്തം പുറത്തും പതിക്കുന്നതും -- ഒരു പുരുഷായുസ്സില്‍ വീരകൃത്യങ്ങള്‍ ഇത്രയൊക്കെ പോരേ? പോരെങ്കില്‍ -- ജീര്‍ണിച്ച മതില്‍പ്പുറത്തുവലിഞ്ഞുകയറി അതിനോടൊപ്പം മറിഞ്ഞുവീഴുമ്പോള്‍ നെഞ്ചിന്‍പുറത്തെ വെട്ടുകല്ലെടുത്തുമാറ്റി യേശുവിനെപ്പോലെ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതും ചുറ്റുമുള്ളവരെ വെറുതെവിട്ട്‌ എന്നെമാത്രം വട്ടമിടുന്ന കൊതുക്‌ ഞാന്‍ പോകുന്നിടത്തെല്ലാം എനിക്കുമുമ്പേ പറന്നുകയറുന്നതും മൂന്നാംദിവസം അതിനെ വകവരുത്താനാകുന്നതും! ഒരിക്കല്‍ ഗോവയ്ക്കുപോകുംവഴി മംഗലാപുരംട്റെയിന്‍ കണ്ണൂരിനടുത്തുവച്ച്‌ മറ്റൊരു വണ്ടിയുമായി കൂട്ടിയിടിച്ചു. തലയ്ക്കുപിന്നില്‍ ക്ഷതമേറ്റ ഞാനും കൂട്ടരും നാട്ടുകാര്‍തന്ന കരിങ്കല്ലുകൊണ്ടു കതകിടിച്ചുതുറന്നു പുറത്തുചാടി. അഗ്നിശമനസേന ഞങ്ങളെ കണ്ണുരുവരെ കൊണ്ടുചെന്നാക്കി. അവിടന്ന്‌ ഒരുവിധം ബസ്സില്‍കയറി മംഗലാപുരത്തെത്തിയ ഞാന്‍, ഒരു ഹോട്ടലില്‍ മുറിയെടുത്തു വിശ്രമത്തിനായി. ഹോട്ടല്‍ക്കാരോടുപറഞ്ഞ്‌ ഒരു ഫോണോഗ്രാം (ടെലിഫോണ്‍വഴി ബുക്കുചെയ്യുന്ന ടെലഗ്രാം -- അന്നതിന്‌ വലിയ ചെലവാണ്‌. നാട്ടിലും വീട്ടിലുമൊന്നും ടെലിഫോണ്‍ വ്യാപകമല്ലാത്ത കാലവും) -- നാട്ടിലെ അമ്മയ്ക്കയപ്പിച്ചു: 'REACHED SAFELY'. കാരണം, പിറ്റേദിവസത്തെ പത്രത്തില്‍ അപകടത്തെപ്പറ്റി അറിയുമ്പോള്‍ അമ്മയാകെ ബേജാറാകും. സംഭവിച്ചതു മറിച്ച്‌. അന്നേദിവസം വടക്കെ ഇന്ത്യയിലുണ്ടായ ഒര്‍ വന്‍തീവണ്ടിയപകടത്തിണ്റ്റെ നിഴലില്‍, നിറവില്‍, ഈ ന്യൂസ്‌ അത്ര കാര്യമായില്ല. പൊതുവെ നാട്ടിലേക്കു പതിവായി കത്തയക്കാത്ത (അമ്മ അതിനെപ്പറ്റി പരിഭവിച്ചിരുന്നു; പിന്നെ അമ്മമാര്‍ക്ക്‌ മക്കളില്‍നിന്ന്‌ എത്ര എഴുത്തുകിട്ടിയാലും മതിയാവുകയുമില്ലല്ലോ) എണ്റ്റെ കമ്പിസന്ദേശം കിട്ടിയപ്പോള്‍ അമ്മയുടെ കമണ്റ്റ്‌: 'കത്തെഴുതാത്തതിനു പരാതിപറഞ്ഞപ്പോള്‍ കമ്പിയടിച്ചിരിക്കുന്നു. അവന്‍ ഗോവയില്‍ എത്തിയിട്ടുപോലുമില്ല. നോക്കൂ മംഗലാപുരത്തുനിന്നാണിത്‌. സ്വതേ ഉത്തരവാദിത്വമില്ലാത്തവന്‍ ഇപ്പോള്‍ നുണയും പറഞ്ഞുതുടങ്ങിയിരിക്കുന്നു.' അമ്മമാരുടെ കാകദൃഷ്ടിയില്‍നിന്നു രക്ഷപ്പെടാന്‍ നമുക്കാവില്ല. എണ്റ്റെ പ്രിയപ്പെട്ട വിഡ്ഢിത്തങ്ങളിലൊന്ന്‌, എറണാകുളത്ത്‌ പഴയ ശൈലിയില്‍ പരവതാനിയിലിരുന്ന്‌ തുണിനോക്കിവാങ്ങേണ്ടിയിരുന്ന ഒരു തമിഴ്‌ ജൌളിക്കടയില്‍ 'ഞായര്‍ വിടുമുറൈ' (ഞായറാഴ്ച്ച മുടക്കം) എന്ന്‌ തമിഴിലെഴുതിവച്ചിരുന്നത്‌ 'നായര്‍ വീടുമുറൈ' (നായര്‍തറവാട്ടുചിട്ട) എന്നു ഞാന്‍ മനസ്സിലാക്കിയതാണ്‌. അതിനടുത്തസ്ഥാനമാണ്‌ എണ്റ്റെ ഭാര്യ, 'ഓട്ടോഗ്രാഫ്‌' എന്ന സിനിമയിലെ 'ന്യാപകം വരുതേ' (ഓര്‍മകള്‍ വരവായ്‌) എന്ന പാട്ടിലെ 'കിരാമത്തു വീട്‌' (ഗ്രാമത്തെ വീട്‌) എന്നതു കേട്ട്‌ അത്‌ 'കാമത്തു വീട്‌' ആണെന്നു ധരിച്ച കഥയ്ക്ക്‌ -- ആലപ്പുഴയില്‍ കൊങ്ങിണി-കാമത്തുമാര്‍ ഏറെയുണ്ടെന്ന ഭാര്യയുടെ 'മുന്നറിവ്‌' പശ്ചാത്തലത്തില്‍. ബോംബെയില്‍ 'ബഹുരംഗിസ്പര്‍ധ' (വിവിധകലാമത്സരങ്ങള്‍) എന്തോ ജാതിലഹളയാണെന്നു ഞാന്‍ മനസ്സിലാക്കിയതും മോശമില്ലാത്തതാണ്‌. ഹിന്ദിയിലെ കാല്‍-മുക്കാല്‍-ഒന്നര-രണ്ടരയും മറാഠിയിലെ കച്ചറപ്പെട്ടിയും തെലുങ്കണ്റ്റെ '-അണ്ടി'യും കന്നഡക്കാരണ്റ്റെ 'സ്വാമി'യും ഗുജറാത്തിയുടെ 'ഛേ'യും പഞ്ചാബിയുടെ 'അകടം പകട'വും ബംഗാളിയുടെ 'കൊഥാ'യും എന്നെ വേണ്ടുവോളം കുഴക്കിയിട്ടുണ്ട്‌. പൂണെയിലെ ഒരു അതിഥിമന്ദിരത്തിലെ ഇലക്ട്രിക്‌ ഗീസര്‍ ഞാന്‍ സ്വിച്ചിട്ടപ്പോള്‍ പൊട്ടിത്തെറിച്ചത്‌ ആകസ്മികമാകാം. കാര്‍വാറിലെ ലോഡ്ജൊന്നില്‍ സ്വിച്ചിട്ടപ്പോള്‍ ബള്‍ബു പൊട്ടിത്തെറിച്ചതും ആകസ്മികമാകാം. ദില്ലിയിലെ ഐ.ഐ.ടി. അതിഥിമന്ദിരത്തിലെ പൈപ്പുവെള്ളത്തില്‍ കൈകഴുകിയപ്പോള്‍ കൂടുതല്‍ കൂടുതല്‍ കൈനാറിയത്‌ ശുദ്ധജലത്തിനുപകരം ഓടവെള്ളം വന്നതുകൊണ്ടായിരിക്കാം. ശാന്തമായിക്കിടന്ന അറബിക്കടലും കരയാല്‍ ചുറ്റപ്പെട്ട റിഹാന്ത്‌ കൃത്രിമത്തടാകവും കലങ്ങിമറിഞ്ഞ്‌ ബോട്ടിനെ നിയന്ത്രണാതീതമായി ആട്ടിയുലച്ചത്‌ ഞാനുണ്ടായിരുന്നതൊന്നുകൊണ്ടാണെന്നത്‌ സഹപ്രവര്‍ത്തകരുടെ പരദൂഷണമാകാം. ദുബൈ വിമാനത്താവളത്തിലെ ടൈല്‍സിട്ടു മോടിപിടിപ്പിച്ച പ്രാര്‍ഥനാമുറി, ടോയ്‌ലറ്റാണെന്നു തെറ്റിദ്ധരിച്ച്‌ അകത്തുകയറി അതേ വേഗത്തില്‍ തിരിച്ചുചാടിയ വെള്ളക്കാരണ്റ്റെ ഇളിഭ്യച്ചിരിയുടെ മുന്നില്‍ ഇവ ഒന്നുമല്ലെന്നും എനിക്കറിയാം. നോര്‍വേയില്‍ വിലപിടിച്ച അത്യാധുനിക കോഫി-മെഷീനില്‍, വെള്ളമൊഴിക്കേണ്ടിടത്ത്‌ കാപ്പിപ്പൊടിയും പൊടിയിടേണ്ടിടത്ത്‌ പച്ചവെള്ളവും നിറച്ചത്‌ ഞാനുമല്ല. ബോംബെയിലേക്കു തിരിച്ചുപോകാനാവാതെവന്ന പരിത:സ്ഥിതിയില്‍ അവിചാരിതമായി ആലിബാഗിലെ ഒരു ഹോട്ടല്‍ മുറിയില്‍ ഒരു ബ്രിട്ടീഷുകാരന്‍സായിപ്പിനൊത്ത്‌ രാത്തങ്ങേണ്ടിവന്നപ്പോള്‍, അയാള്‍ ഉറങ്ങാന്‍ നേരം തുണിയെല്ലാമൂരി പുതപ്പുംവലിച്ചിട്ടു കിടന്ന കാഴ്ചയും മറന്നിട്ടില്ല. ഉടുതുണിക്കു മറുതുണിയില്ലാതായിപ്പോയ ആ ദിവസം മുഴുവന്‍ പാണ്റ്റും ഷര്‍ട്ടുമെല്ലാമിട്ട്‌ ഉണ്ടും ഉറങ്ങിയും കഷ്ടപ്പെട്ടത്‌ ഞാന്‍ മാത്രം. സന്‍മാര്‍ഗം സമൂഹത്തിനൊത്ത്‌ മാറിമാറിയിരിക്കും. തലേന്ന്‌ നോര്‍വെ സര്‍വകലാശാലയില്‍ കണ്ടപ്പോള്‍ ഒരു സുഹൃത്ത്‌ കൂടെയുള്ളവളെ ഭാര്യയെന്നു പരിചയപ്പെടുത്തി. പിറ്റേന്നൊരു വിരുന്നില്‍ അയാളെ വീണ്ടും കണ്ടുമുട്ടിയപ്പോള്‍ കൂടെയുള്ളവളെ പിന്നെയും പരിചയപ്പെടുത്തി. തലേന്നു പരിചയപ്പെട്ടതാണല്ലോ എന്നു ഞാന്‍ പറഞ്ഞു, പറഞ്ഞില്ല; അതവളായിരുന്നില്ല. നോര്‍വെയില്‍തന്നെ ഒരു സഹപ്രവര്‍ത്തകന്‌ എണ്റ്റെ പഠനംതീര്‍ത്തു തിരിച്ചുവരുംമുന്‍പ്‌ കുറെ കടലാസ്സുകള്‍ കൈമാറാനുണ്ടായിരുന്നു. മുടക്കദിവസമായിരുന്നതിനാല്‍, നടന്നെത്താവുന്ന ദൂരത്തുള്ള അയാളുടെ ഒറ്റമുറിവീട്ടിലേക്ക്‌ അയാള്‍ ക്ഷണിച്ചു. ഞാന്‍പോയി പകുതിതുറന്നിരുന്ന കതകില്‍ മുട്ടിയപ്പോള്‍ അകത്തുനിന്ന്‌ 'കം ഇന്‍' കേട്ടു. അകത്തു ഞാന്‍കണ്ടതു വിവരിക്കുന്നില്ല. കട്ടിലില്‍ പൊത്തിപ്പിടിച്ചുകിടന്നിരുന്ന അയാള്‍ തലപൊക്കിപ്പറഞ്ഞു, കടലാസ്സുകള്‍ മേശപ്പുറത്തുവച്ചേക്കാന്‍. രസികനായ അയാള്‍ക്കുവേണ്ടി ഞാന്‍വരച്ച ഒന്നുരണ്ടു രേഖാചിത്രങ്ങളും കൂടെവച്ച്‌ കതകടച്ച്‌ ഞാന്‍ പുറത്തിറങ്ങി. അയാളുടെ സ്നേഹിതയ്ക്ക്‌ എണ്റ്റെ ചിത്രങ്ങള്‍ വളരെ ഇഷ്ടപ്പെട്ടെന്നും അതപ്പോള്‍ കണ്ടിരുന്നെങ്കില്‍ അവള്‍ എന്നെ വലിച്ചു കട്ടിലില്‍ കയറ്റുമായിരുന്നെന്നും പിന്നീടയാള്‍ പറയുകയും ചെയ്തു! വിടവാങ്ങല്‍ദിവസം, സ്വന്തംവീട്ടില്‍ പ്രൊഫസറൊരുക്കിയ അത്താഴവിരുന്നിനു അയാളോടൊപ്പം പ്രൊഫസറുടെ ഭാര്യയായിരുന്നു കൂട്ടിന്‌. ആഹാരത്തിനുശേഷം നമ്മുടെ ചിട്ടയില്‍ യാത്രപറയാന്‍ പ്രൊഫസറെ അന്വേഷിച്ചപ്പോള്‍ ഭാര്യ പറഞ്ഞത്‌ പ്രൊഫസര്‍ ബെഡ്‌റൂമിലാണെന്നാണ്‌; ഒരു വിദ്യാര്‍ഥിനിയെ കൂട്ടത്തില്‍നിന്നു കാണാനുമില്ലായിരുന്നു. ഞാന്‍ 'കാമുക'നായി മാറിയത്‌ ദക്ഷിണാഫ്രിക്കയിലെ കേപ്‌ടൌണില്‍വച്ചാണ്‌. താമസസ്ഥലത്തെ അടുത്ത മുറിയില്‍ ഒരു അമേരിക്കക്കാരന്‍. ഞങ്ങളുടെ മുറികള്‍ക്കുപുറത്തെഴുതിയിരുന്ന നമ്പറുകളും താക്കോലുകളും ശരിയായിരുന്നെങ്കിലും എന്തോ കാരണവശാല്‍ റൂം-നമ്പര്‍ അന്യോന്യം മാറിപ്പോയിരുന്നു ഹോട്ടല്‍റെജിസ്റ്ററില്‍. ഞാന്‍ മുറിയില്‍കയറിയമുതല്‍ ഫോണ്‍ വിളികളോടു വിളികള്‍. എല്ലാം അയാള്‍ക്കുള്ളത്‌. മറുപടിപറഞ്ഞുമടുത്തു. ഹോട്ടല്‍ക്കാരോടു പരാതിയും പറഞ്ഞു. എന്നിട്ടും രാവേറെച്ചെന്നപ്പോള്‍ വീണ്ടും ഒരു വിളി. സ്ത്രീശബ്ദം. അത്‌ ആ അമേരിക്കക്കാരണ്റ്റെ ഭാര്യയായിരുന്നു. ഞാന്‍ കാര്യംപറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു. അവളൊരു ചിരി. 'സാരമില്ല, അയാള്‍ എവിടെയോ പോയിത്തുലയട്ടെ. നമുക്കല്‍പം സംസാരിച്ചിരിക്കാം. ആട്ടെ, പറയൂ. എവിടെയാ നാട്‌, എന്താ പേര്‌?' -- പെമ്പിറന്നോരുടെ ശൃംഗാരം കൂടിയപ്പോള്‍ ഞാന്‍ ഫോണ്‍ മെല്ലെ താഴെ വച്ചു. കാശിണ്റ്റെ കാര്യത്തില്‍ ഞാന്‍ ഏറ്റവുംവലിയ അബദ്ധത്തില്‍ പെട്ടുപോയത്‌ ദക്ഷിണാഫ്രിക്കയിലെ ഒരു ഇന്‍ഡ്യന്‍വംശജന്‍കാരണമാണ്‌. പ്റിട്ടോറിയയില്‍ ഔദ്യോഗികമീറ്റിംഗ്‌ കഴിഞ്ഞ ഉടന്‍ യാത്രച്ചെലവിനും താമസച്ചെലവിനുമെല്ലാമായി പണം കയ്യില്‍കിട്ടി. പിറ്റേന്ന്‌ അതിരാവിലെയാണ്‌ എനിക്ക്‌ ഹോട്ടല്‍വിട്ട്‌ വിമാനത്താവളത്തിലേക്കുപോകേണ്ടത്‌. കണക്കുതീര്‍ക്കന്‍ കൌണ്ടറില്‍ ചെന്നപ്പോള്‍, ചെലവെല്ലാം ആതിഥേയരുടെ വകയാണെന്നും ഞാനൊന്നും കൊടുക്കേണ്ടതില്ലെന്നും കണക്കുനോക്കി ഹോട്ടല്‍ജീവനക്കാരന്‍. അതല്ല, ഹോട്ടല്‍ചെലവ്‌ യോഗത്തില്‍പങ്കെടുത്തവര്‍ നേരിട്ടുനല്‍കാന്‍വേണ്ടി പണംതന്നിട്ടുണ്ടെന്നു ഞാനും. നല്ലൊരു സംഖ്യയാണത്‌. സംശയംതീര്‍ക്കാന്‍ ഹോട്ടല്‍മാനേജരെയോ യോഗസംഘാടകരെയോ വിളിച്ചുണര്‍ത്തി സംശയം തീര്‍ക്കാന്‍പറ്റിയ സമയമല്ലല്ലോ കാലത്തു നാലുമണി. നാട്ടില്‍തിരിച്ചെത്തിയ ഉടനെ ഞാന്‍ സംഘാടകരുമായി ബന്ധപ്പെട്ടു. അഡ്വാന്‍സ്കൊടുത്ത്‌ ഹോട്ടല്‍ ബുക്കുചെയ്‌തതിലുണ്ടായ ഒരു തെറ്റിദ്ധാരണയായിരുന്നു അതെന്നും പണം ഹോട്ടലില്‍ കൊടുക്കേണ്ടതുതന്നെയാണെന്നും ഉടനെ കാശയക്കാന്‍ നടപടി എടുക്കണമെന്നും അവര്‍ അറിയിച്ചു. അപ്പോഴാണ്‌ മറ്റൊരു പ്രശ്നം തലപൊക്കിയത്‌. ഇന്ത്യയില്‍നിന്നു വിദേശത്തേക്ക്‌ വിദേശനാണയത്തില്‍ പണമയക്കാന്‍ (അന്ന്‌) ഒരുപാടു ബുദ്ധിമുട്ടുകളുണ്ട്‌. ഭാരതീയ റിസര്‍വ്‌ ബാങ്കിണ്റ്റെ സ്പെഷല്‍അനുമതിയെല്ലാം വേണം. സ്ഥലത്തെ ബാങ്ക്‌ശാഖയിലെ ഉദ്യോഗസ്ഥര്‍ വഴികാണിക്കുന്നതിനുപകരം വഴിയടയ്ക്കുകയാണു ചെയ്തത്‌. അങ്ങിനെയിരിക്കെയാണ്‌ ദക്ഷിണാഫ്രിക്കയില്‍നിന്ന്‌ ഒരു ഗവേഷണവിദ്യാര്‍ഥി ഞാന്‍ പണിയെടുക്കുന്ന സ്ഥലത്ത്‌ വന്നെത്തിയത്‌. ഇന്ത്യന്‍വംശജന്‍. സുമുഖന്‍, സൌമ്യശീലന്‍. മറ്റാരോവഴി എണ്റ്റെ പ്രശ്നമറിഞ്ഞപ്പോള്‍ അയാള്‍ എന്നോടുവന്നു പറഞ്ഞു, ആഫ്രിക്കയിലെ സംഘാടകര്‍ക്ക്‌ പണമെത്തിക്കാമെന്നും പക്ഷെ ആഫ്രിക്കന്‍നാണയത്തിനുപകരം അമേരിക്കന്‍ഡോളറിലാക്കിത്തരണമെന്നും. നമുക്കുമുണ്ട്‌ വിദേശത്തേക്കുപോകുമ്പോള്‍ ഇന്ത്യന്‍നാണയം പരിധിയില്‍കൂടുതല്‍ കയ്യില്‍വയ്ക്കരുതെന്ന്‌. അതുകൊണ്ട്‌, കുറെ ധനനഷ്ടംവന്നാലും മാനനഷ്ടം വരാതിരിക്കാന്‍ ഞാനതിനുസമ്മതിച്ചു പണം അയാളെ ഏല്‍പ്പിച്ചു. വേണ്ടപ്പെട്ടവരെ അറിയിക്കുകയുംചെയ്തു. ആഫ്രിക്കന്‍സംഘാടകരില്‍നിന്നും മാസങ്ങള്‍കഴിഞ്ഞിട്ടും പണമിനിയും കിട്ടിയില്ലല്ലോ എന്ന പരാതി ലഭിച്ചപ്പോഴാണ്‌ ഞാന്‍ പകച്ചത്‌. ആ വിദ്യാര്‍ഥിതന്ന ഇ-മെയില്‍വിലാസത്തില്‍ ആരാഞ്ഞപ്പോള്‍ മറുപടിയില്ല. പിന്നെപ്പിന്നെ ഇ-മെയില്‍ പോകാതെയുമായി. അയാളുടെ സര്‍വകലാശാലയുമായി ബന്ധപ്പെട്ടപ്പോള്‍ ആ വിദ്യാര്‍ഥി വേറെങ്ങോട്ടോ മാറിപ്പോയെന്നു മറുപടികിട്ടി; അയാളുടെ ഇത്തരം പണമിടപാടുകളെപ്പറ്റി വേറെ പരാതികളുമുണ്ടെന്നും. മാനം രക്ഷിക്കാന്‍ എങ്ങനെയെങ്കിലും അവിടെ കാശെത്തിച്ചല്ലേ തീരൂ. ആഫ്രിക്കന്‍സംഘാടകരുടെ മെയിലുകള്‍ക്ക്‌ കനംകൂടിവരുന്നുതാനും. അപ്പോഴാണ്‌ എണ്റ്റെ അമ്പലപ്പുഴക്കാരന്‍ സഹപ്രവര്‍ത്തകന്‍ തണ്റ്റെ ചെറിയച്ഛന്‍ ദക്ഷിണാഫ്രിക്കയിലുണ്ടെന്നറിയിക്കുന്നത്‌. അവിടെ വര്‍ഷങ്ങളായി അധ്യാപകനായ അദ്ദേഹം വേണ്ടപ്പെട്ടവരെ പണമേല്‍പ്പിച്ചുകൊള്ളുമെന്നും നാട്ടില്‍വരുമ്പോള്‍ ഇന്ത്യന്‍കറന്‍സിയില്‍ അതു വീട്ടിയാല്‍മതിയെന്നും. കാര്യം നടന്നു. ഇരട്ടിപ്പണം നഷ്ടപ്പെട്ടാലും മാനം തിരിച്ചുകിട്ടി. പണംമാത്രമല്ലല്ലോ ജീവിതത്തില്‍ പ്രധാനം. എന്നാശ്വസിക്കുമ്പോഴാണു കേള്‍ക്കുന്നത്‌, ഇതെല്ലാം സംഘാടകരില്‍ചിലരുടെ അറിവോടെയുള്ള കള്ളക്കളികൂടിയായിരിക്കാം എന്ന്‌! പോരേ ഡബിള്‍-ഡെക്കര്‍ അബദ്ധം? ഇല്ലെങ്കിലും കാശിണ്റ്റെ കാര്യത്തില്‍ പൊതുവെ ഒരു അശ്രദ്ധ എനിക്കുണ്ട്‌. കൊണ്ടുനടക്കാനും ചെലവാക്കാനും മടിയുമുണ്ട്‌. പണ്ടത്തെ വിദേശയാത്രകള്‍ക്ക്‌ (ഇന്നിപ്പോള്‍ സ്ഥിതി മാറി) വെറും പത്തോ ഇരുപതോ ഡോളര്‍മാത്രമാണു ഞങ്ങള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍മാര്‍ക്കു കയ്യില്‍തരിക; നൂറുരൂപയില്‍കൂടുതല്‍ ഇന്ത്യന്‍കറന്‍സിയും കൈവശംവയ്ക്കരുത്‌. ബാക്കി ഇന്ത്യന്‍രൂപയെല്ലാം ട്രാവലേര്‍സ്‌-ചെക്കായോ വിദേശനാണ്യമായോ മാറ്റിയെടുക്കണം (അതൊരു നഷ്ടക്കച്ചവടമാണെന്നറിയാമല്ലോ). അതിനൊക്കെ എവിടെയാണു പണം? അങ്ങനെ ഇരുപതുഡോളറുമായി ഒരു അര്‍ധഭൌമയാത്രയ്ക്കിറങ്ങുന്നു. രണ്ടുദിവസത്തെ യാത്ര; വിമാനത്തില്‍മാത്രം മൊത്തം ഇരുപതുമണിക്കൂര്‍. ആദ്യപാദം ആംസ്റ്റര്‍ഡാം. അവിടെ ഒരു രാത്രി. വിമാനമിറങ്ങിയപ്പോഴാണറിയുന്നത്‌, എണ്റ്റെ ഹോട്ടല്‍വാടകയും ടാക്സിക്കാശുംമാത്രമേ ടിക്കറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളൂ. ഭക്ഷണത്തിന്‌ സ്വന്തമായി ചെലവാക്കിക്കൊള്ളണം (എണ്റ്റെ ഓഫീസിണ്റ്റെ ഔദ്യോഗിക ട്രാവല്‍ ഏജന്‍സി പറ്റിച്ച പലപണികളില്‍ ഒന്ന്‌). ഏറ്റവും പണച്ചെലവുള്ള നഗരം, കയ്യിലാകെ ഇരുപതു ഡോളര്‍. പിന്നെയും യാത്രചെയ്ത്‌, അത്‌ലാണ്റ്റിക്‌ കടന്ന്‌ തെക്കേ അമേരിക്കയിലെത്തണം. അവിടെയും ഒന്നോ രണ്ടോ ദിവസം, ഔദ്യോഗികമായി പണംകിട്ടുന്നതുവരെ, കയ്യില്‍നിന്നു കാശെടുക്കേണ്ടിവരും. യൂറോപ്യന്‍മാരോടു തര്‍ക്കിച്ചിട്ടു കാര്യമില്ല. നേരെ ഹോട്ടലിലേക്കുവിട്ടു. രാത്രിമുഴുവന്‍ ഉറക്കമൊഴിച്ചു യാത്രചെയ്തതാണ്‌. ഒന്നുകുളിക്കാന്‍ കുളിമുറിയില്‍ കയറി. വെള്ളമൊഴിച്ചുതുടങ്ങിയതേയുള്ളൂ, മുറിവാതില്‍ക്കല്‍ മുട്ട്‌. ഞാന്‍ വിളിച്ചുപറഞ്ഞു: 'കമിംഗ്‌'. പുറത്തിറങ്ങി വസ്ത്രമെടുക്കുമ്പോഴേക്കും വാതില്‍തുറന്നൊരു സുന്ദരിപ്പെണ്ണ്‌. ഹോട്ടല്‍ജീവനക്കാരിയാണ്‌. മുറിയുടെ ഇലക്‌ട്രോണിക്‌-താക്കോല്‍ (പ്ളാസ്‌റ്റിക്‌ മാഗ്നെറ്റിക്‌ കാര്‍ഡ്‌) വാതില്‍പുറത്തുതന്നെ വച്ചുമറന്നതുകണ്ട്‌ എന്നെ ഏല്‍പ്പിക്കാന്‍വന്നതാണ്‌. എണ്റ്റെ തുണിയില്ലാവ്യഥ ഒട്ടുംകൂസാതെ നേരെനിന്നുകാര്യംപറഞ്ഞ്‌ അവള്‍ കതകടച്ചുപോയി. 'കമിംഗ്‌' എന്നു ഞാന്‍ പറഞ്ഞത്‌, 'കം ഇന്‍' എന്നു കേട്ടതുകൊണ്ട്‌ അകത്തുവന്നതാണ്‌! കുറെ കഴിഞ്ഞപ്പോഴേക്കും സുഖസൌകര്യമന്വേഷിക്കാന്‍ മറ്റൊരു ജീവനക്കാരനെത്തി. എന്നെ കണ്ടതും ചോദിച്ചു, ഇന്‍ഡ്യക്കാരനാണോ? അയാള്‍ പാകിസ്താന്‍കാരന്‍. പേര്‌ പാഷ. സുന്ദരമായി ഉര്‍ദു കലര്‍ന്ന ഹിന്ദിയില്‍ വര്‍ത്തമാനം തുടങ്ങി. 'നാട്ടുകാര'ന്‌ ഒരു കാപ്പിയെങ്കിലും വാങ്ങിത്തരാതെ വയ്യെന്നുപറഞ്ഞ്‌ എന്നെ റെസ്റ്റോറണ്റ്റിലേക്കു കൂട്ടിക്കൊണ്ടുപോയി. സംഭാഷണത്തിനിടയില്‍ ട്രാവല്‍ ഏജന്‍സി പറ്റിച്ച കഥ ഞാന്‍ സൂചിപ്പിച്ചു. അതുതന്നെയായിരുന്നു പാഷയ്ക്കും പറയാനുണ്ടായിരുന്നത്‌. ആ പരിഷ്കാരഹോട്ടലിലൊന്നും ആഹാരം കഴിക്കരുത്‌. കൊള്ളവിലയാണവിടെ. പുറത്തിറങ്ങിയാല്‍ നല്ലൊരു സൂപ്പര്‍മാര്‍ക്കറ്റുണ്ട്‌. കുറച്ചു റൊട്ടിയും പാലും പാല്‍ക്കട്ടിയും പഴവും പഴച്ചാറും മറ്റും വാങ്ങിയാല്‍ കഷ്ടി രണ്ടുഡോളറാവും. അതുകൊണ്ട്‌ ഒരത്താഴമാക്കാം. ഹോട്ടല്‍മുറിയില്‍ കാപ്പിക്കും ചായക്കുമെല്ലാമുള്ള സാധനസാമഗ്രികളുണ്ട്‌. പിറ്റേന്നു രാവിലെ അടുത്ത വിമാനം കയറേണ്ടതല്ലേ. ഇങ്ങനെയൊക്കെത്തന്നെയാണ്‌ മിക്ക വെള്ളക്കാരും കാര്യംകാണുന്നത്‌. അവര്‍ ഹോട്ടല്‍മുറികൂടി എടുക്കില്ല; വിമാനത്താവളത്തില്‍തന്നെ രാത്രി കഴിച്ചുകൂട്ടിക്കളയും. പിരിയുമ്പോള്‍ അയാള്‍ എന്നെ കെട്ടിപ്പിടിച്ചു പറഞ്ഞു: 'എന്തായാലും നമ്മള്‍ സഹോദരരല്ലേ. ശത്രുതയെല്ലാം നമ്മുടെ രാജ്യങ്ങള്‍തമ്മില്‍. നമ്മള്‍ വ്യക്തികള്‍തമ്മിലല്ല.' പില്‍ക്കാലത്ത്‌ പലപലയാത്രകളില്‍ ഏഷ്യക്കാരെയെല്ലാം ആ വെളിച്ചത്തില്‍ എനിക്കു കാണാനായി. അതുപോലെ വിദേശത്ത്‌ കുറഞ്ഞ ചെലവില്‍ നിത്യവൃത്തികഴിക്കാനും പഠിച്ചു. ലണ്ടനില്‍വച്ചും ഒരുകാര്യം പഠിച്ചു. മറ്റു യൂറോപ്യന്‍മാരെയപേക്ഷിച്ച്‌ ബ്രിട്ടീഷുകാര്‍ നമ്മെ എന്തുമാത്രം പരിഗണിക്കുന്നുവെന്ന്‌. ഹീത്രോവില്‍നിന്ന്‌ വിക്‌റ്റോറിയയിലേക്കുള്ള ബസ്‌യാത്ര വളരെ ചെലവേറിയതായിപ്പോയി. തിരിച്ചുപോകാന്‍ സാധാരണക്കാരുടെ മെട്റോ റെയില്‍ പരീക്ഷിക്കാമെന്നുകരുതി ടൂറിസംകൌണ്ടറില്‍ അന്വേഷിച്ചു. അയാള്‍ ട്റെയിന്‍സമയവും വണ്ടി മാറിക്കേറേണ്ട സ്റ്റേഷനും കടലാസ്സിലെഴുതിത്തന്നു; കൂട്ടത്തില്‍ ഒരു വണ്ടി തെറ്റിയാല്‍ പകരം വേറൊന്നേതെന്നുള്ള വിവരവും. ആകെക്കൂടി കിട്ടിയ അരദിവസം ലണ്ടന്‍നഗരം കണ്ടു. വഴിനടക്കുമ്പോള്‍ കുഞ്ഞുന്നാളില്‍ ചേച്ചി പാടിക്കേട്ടിരുന്ന ഒരു പാട്ട്‌ ഓര്‍മയിലെത്തി: ' വെന്‍ ഐ വെണ്റ്റ്‌ ടു ലണ്ടന്‍സിറ്റി, ദെന്‍ ഐ സോ എ മുണ്ടന്‍ പട്ടി, സിറ്റിംഗ്‌ ഓണ്‍ എ വീഞ്ഞപ്പെട്ടി, ക്രൈയിംഗ്‌ ഫോര്‍ എ ബീഡിക്കുറ്റി'. വളരെ ആത്മവിശ്വാസത്തോടെ ആദ്യത്തെ സ്റ്റേഷനുള്ള ടിക്കറ്റെടുത്ത്‌ വണ്ടിയിറങ്ങി. അപ്പോഴാണു പ്രശ്നം. അടുത്തവണ്ടിക്കുള്ള ടിക്കറ്റെടുക്കണം; പുറത്തേക്കിറങ്ങാനുള്ള വഴി കാണാനില്ല; അകത്തേക്കുള്ള വഴിയേയുള്ളൂ. ചോദിക്കാന്‍ ആളുകള്‍ ഒന്നു നിന്നിട്ടുവേണ്ടേ. വണ്ടികള്‍ വരുന്നു, പോകുന്നു. ആളുകള്‍ തിരക്കിട്ടു വണ്ടിയില്‍ കയറുന്നു. ആകപ്പാടെകണ്ട ഒരു ഇടനാഴിയിലൂടെ ഞാന്‍ നടന്നു. എത്തിപ്പെട്ടത്‌ ഒരു പൂട്ടിയ ഗേറ്റില്‍. സുരക്ഷാകാമറയിലൂടെ എന്നെ കണ്ടിട്ടാവണം, ഒരു പോലീസുകാരന്‍ അടുത്തുവന്നു കാര്യമന്വേഷിച്ചു. അയാള്‍ ഗേറ്റുതുറന്ന്‌ ടിക്കറ്റ്‌കൌണ്ടറിലെത്തിച്ച്‌ വിമാനത്താവളത്തിലേക്കുള്ള ടിക്കറ്റെടുത്ത്‌ പ്ളാറ്റ്‌ഫോമിലെത്താന്‍ സഹായിച്ചു. എന്നിട്ടൊരു ചിരി. ആദ്യത്തെ സ്റ്റേഷനില്‍തന്നെ നേരിട്ടു വിമാനത്താവളത്തിലേക്കുവരെ ടിക്കറ്റെടുത്തിരുന്നെങ്കില്‍ രണ്ടാമത്തെ ടിക്കറ്റെടുക്കാന്‍ കഷ്ടപ്പെടേണ്ടായിരുന്നത്രേ. മാത്രമല്ല, രണ്ടാമതുകൊടുത്ത പണതിണ്റ്റെ ഒരംശംമാത്രം അധികംകൊടുത്താല്‍ മതിയാകുമായിരുന്നു നേരിട്ടുള്ള ടിക്കറ്റിന്‌. വണ്ടിമാറിക്കേറാന്‍ ആദ്യത്തെ വണ്ടിയിറങ്ങിയ അതേ പ്ളാറ്റ്‌ഫോമില്‍ കാത്തിരുന്നാല്‍ മതിയായിരുന്നു. ഇനി, ടിക്കറ്റില്ലാതെയും യാത്രചെയ്യാമായിരുന്നു. കാരണം, വിമാനത്താവളത്തിണ്റ്റെ അകത്തളംവരെചെല്ലുന്ന മെട്രോട്രെയിനിറങ്ങിയാല്‍ ടിക്കറ്റ്‌പരിശോധനയ്ക്കുള്ള സംവിധാനമൊന്നുമില്ലപോലും! കയ്യില്‍ കാശുണ്ടായിട്ടും പരവേശംകൊണ്ട സംഭവമുണ്ടായിട്ടുണ്ട്‌. അതു പാരീസില്‍. യുനെസ്കോവിണ്റ്റെ ഒരു ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ പോയതാണ്‌. അത്തവണയും ട്രാവല്‍ ഏജന്‍സി പറ്റിച്ചുകളഞ്ഞു. മുംബൈയില്‍നിന്ന്‌ വിമാനം പുറപ്പെടാന്‍നേരത്താണ്‌ വിസചേര്‍ത്ത പാസ്പോര്‍ട്ട്‌ ദില്ലിയില്‍നിന്നു കയ്യില്‍ കിട്ടുന്നത്‌. ഒരു ധൈര്യത്തില്‍ വിമാനത്താവളത്തിനകത്തു കയറി. ചെക്‌-ഇന്‍ കൌണ്ടര്‍ അടച്ചുകഴിഞ്ഞു. സര്‍ക്കര്‍ഉദ്യോഗസ്ഥനെന്നനിലയില്‍ അല്‍പം വാശിപിടിച്ചപ്പോള്‍ പെട്ടി കയ്യില്‍കൊണ്ടുപോകാമെങ്കില്‍ സീറ്റുതരാമെന്ന് എയര്‍ ഫ്രാന്‍സ്‌ ജീവനക്കാരി (ഇന്നത്‌ അസാധ്യം). അതു വിഷമമുള്ള കാര്യമല്ല. പക്ഷെ സമയമില്ല. ഇമിഗ്രേഷനും കസ്റ്റംസുമെല്ലാം ബാക്കികിടക്കുന്നു. പെട്ടിയുംവലിച്ച്‌ ഓട്ടംതന്നെ. ഇമിഗ്രേഷനില്‍ ഓഫീസര്‍ പാസ്‌പോര്‍ട്ടില്‍നിന്നു തല ഉയര്‍ത്തി എന്നെ നോക്കി. പാരീസിലെ പണിയെപ്പറ്റിയും എണ്റ്റെ ഗവേഷണക്കാര്യങ്ങളെപ്പറ്റിയുമെല്ലാം അന്വേഷണംതുടങ്ങി. അയാള്‍ക്ക്‌ എണ്റ്റെ തൊഴില്‍സ്ഥാപനമെല്ലാം നല്ല പരിചയമാണ്‌. പഠിച്ചത്‌ ആന്ധ്രയിലാണെങ്കിലും എണ്റ്റെ വിഷയംതന്നെയാണ്‌. അതുകൊണ്ടുള്ള കൌതുകം. അതുമിതുമായി കൊച്ചുവര്‍ത്തമാനം നീളുന്നു. അപ്പോഴേക്കും വിമാനത്തില്‍നിന്ന്‌ എണ്റ്റെ പേരെടുത്തു വിളിയായി. വിമാനം പുറപ്പെടാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. എന്നെത്തേടിയെത്തിയ വിമാനജോലിക്കാരിയെ അയാള്‍ വിരട്ടി -- താന്‍ യാത്രക്കാരണ്റ്റെ കടലാസ്സുകള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും യാത്രാനുമതി നല്‍കുന്നതുവരെ വിമാനം വിടരുതെന്നും. അവസാനം വിമാനത്തില്‍ കയറുമ്പോള്‍ യാത്രക്കാരുടെയും ജീവനക്കാരുടെയും തീനോട്ടത്തില്‍ ഞാന്‍ വെന്തുരുകി. അവസാനത്തെ യാത്രക്കാരനായതിനാല്‍ ഏറ്റവും അസൌകര്യപ്രദമായ സീറ്റുതന്നെ കിട്ടി. ഇടത്തുംവലത്തും ആളുകള്‍. ഇടത്ത്‌ ഒരു കപ്പല്‍ജീവനക്കാരന്‍ (ഗോവയില്‍ ഞങ്ങള്‍ 'ഷിപ്പി' എന്നു പറയും). കുടിച്ചുപൂസായിരിക്കുകയാണ്‌. തല എണ്റ്റെ ഇടത്തെ ചുമലില്‍. വലത്ത്‌ വളരെ പ്രായംചെന്ന ഒരു മനുഷ്യന്‍. അയാളും ഉറക്കംതന്നെ. തല എണ്റ്റെ വലത്തെ ചുമലില്‍. അഞ്ചാറുമണിക്കൂര്‍ അങ്ങനെയിരിക്കേണ്ട ഗതികേടിലാണ്‌. പോരാത്തതിന്‌ രാവിലെമുതല്‍ യാത്രാരേഖകള്‍ കയ്യില്‍കിട്ടാനും സമയത്തിനുതന്നെ പാരീസിലെത്താനുമുള്ള വേവലാതികൊണ്ടുണ്ടായ ടെന്‍ഷന്‍. ഇല്ലെങ്കിലും യാത്രക്കിടയില്‍ എനിക്കുറങ്ങാന്‍ പറ്റാറില്ല. ഒന്നുരണ്ടുമണിക്കൂര്‍കഴിഞ്ഞപ്പോള്‍ ഷിപ്പിയുടെ തല ഇടത്തേക്കു തട്ടിവിട്ടു. അതോടെ വലത്തെ മനുഷ്യന്‍ തനിയെ ഉണര്‍ന്നു. ലഘുഭക്ഷണത്തിനു വിളക്കുതെളിച്ചപ്പോള്‍ അദ്ദേഹത്തെ മുഖപരിചയമുണ്ടെന്നു തോന്നി. അദ്ദേഹത്തിനെന്നെയും. ശരിയായിരുന്നു. ഞാന്‍ മുംബൈയില്‍ അദ്ദേഹത്തിണ്റ്റെ സ്ഥാപനത്തില്‍ പോയിട്ടുണ്ട്‌. ഒന്നിച്ച്‌ ഉച്ചയൂണുകഴിച്ചിട്ടുണ്ട്‌. പണ്ടത്‌ ഫ്രെഞ്ച്‌സ്ഥാപനമായിരുന്നു. ആ ബന്ധം നിലനില്‍ക്കുന്നു. അതിനാലാണ്‌ അദ്ദേഹവും പാരീസിലേക്ക്‌. ബാക്കിയാത്ര അങ്ങനെ വര്‍ത്തമാനത്തില്‍കഴിഞ്ഞു. എന്നാണു മടക്കം എന്ന അദ്ദേഹത്തിണ്റ്റെ ചോദ്യംകേട്ട്‌ എന്തുകൊണ്ടോ ടിക്കറ്റെടുത്തുനോക്കാന്‍തോന്നി. ദാ കിടക്കുന്നു: 'റിട്ടേണ്‍ ഓപ്പണ്‍'. ട്രാവല്‍ ഏജന്‍സിയുടെ അടുത്ത വെള്ളിടി. പാരീസില്‍ ഇറങ്ങിയ ഉടന്‍ തിരിച്ചുള്ള ടിക്കറ്റ്‌ ശരിയാക്കാന്‍ വിമാനത്താവളത്തില്‍തന്നെ ശ്രമിച്ചു. എട്ടോപത്തോ ദിവസത്തിനുള്ളിലാണ്‌ മടക്കമെങ്കില്‍ അധികചാര്‍ജ്‌ നല്‍കണം. അതിനെണ്റ്റെ കയ്യില്‍ പണമില്ല. ഉണ്ടെങ്കിലും കൊടുക്കാന്‍ വകുപ്പില്ല. കാരണം ടിക്കറ്റ്‌പണമെല്ലാം ആതിഥേയര്‍ ട്രാവല്‍ഏജന്‍സിക്ക്‌ മുന്‍കൂറ്‍ കൊടുത്തുകഴിഞ്ഞു. അധികച്ചെലവവര്‍ തരില്ല. താമസിയാതെ ട്രാവല്‍ ഏജന്‍സിയെവിളിച്ചു കാര്യംതിരക്കി. അവരുടെ ഉരുണ്ടുകളി സഹിക്കാനാവാതെ ഞാന്‍ ആതിഥേയരെത്തന്നെ ശരണംപ്രാപിച്ചു. എന്തോ കൈക്രിയകളെല്ലാംകാട്ടി അവര്‍ മറ്റൊരു ടിക്കറ്റെടുത്തുതന്നു -- ആദ്യത്തേതിണ്റ്റെയും രണ്ടാമത്തേതിണ്റ്റെയും റിട്ടേണ്‍കൂപ്പണുകള്‍ (യഥാക്രമം പാരീസ്‌-മുംബൈ, മുംബൈ-പാരീസ്‌) ഉപയോഗിക്കാതെ തിരിച്ചേല്‍പ്പിക്കണമെന്ന വ്യവസ്ഥയില്‍. തീര്‍ന്നില്ല അത്തവണത്തെ ദുര്‍വിധി. മീറ്റിംഗിനിടെ ഹോട്ടല്‍ചെലവിനും ആഹാരച്ചെലവിനുമെല്ലാമുള്ള പണം കയ്യില്‍കിട്ടി. അതു ഞാന്‍ ഭദ്രമായി, തന്ന കവറോടെ ബാഗില്‍വച്ചു. ഉച്ചയൂണുസമയത്ത്‌ കടലാസ്സുകള്‍കൊണ്ടു കനംതൂങ്ങിയ ബാഗുംതൂക്കി നടക്കാനുള്ള ബുദ്ധിമുട്ടോര്‍ത്ത്‌ യോഗസ്ഥലത്തുതന്നെ അതുവച്ചു. പോരാത്തതിന്‌ ഇടവേളയ്ക്ക്‌ യോഗസ്ഥലംപൂട്ടുന്ന പതിവും സെക്യൂരിറ്റിക്കാര്‍ക്കുണ്ട്‌. പിറ്റേന്ന്‌ അതിരാവിലെ തിരിച്ചു വിമാനം കയറണം. അതിനാല്‍ വൈകുന്നേരം ഹോട്ടലില്‍ തിരിച്ചെത്തിയ ഉടന്‍ അവരുടെ കണക്കുതീര്‍ക്കാന്‍ ഏല്‍പിച്ചു. പണംകൊടുക്കാന്‍ ബാഗുതുറന്നപ്പോഴുണ്ട്‌ അതുവച്ച പൊതിയില്ല. എന്തോ കാരണംപറഞ്ഞ്‌ ഞാന്‍ ബില്ലുംകൊണ്ട്‌ മുറിയില്‍കയറി കതകടച്ചു. കട്ടിലില്‍ നിവര്‍ന്നൊരു കിടത്തം. ഒറ്റ പൈസയില്ല കയ്യില്‍. ആതിഥേയരെ വിവരമറിയിക്കാമെന്നുവച്ചാല്‍ തലേന്നാണ്‌ ടിക്കറ്റിണ്റ്റെ കാര്യത്തില്‍ അവരുടെ ഔദാര്യം വാങ്ങിപ്പറ്റിയത്‌. ഇതുകൂടിയായാല്‍ അവര്‍ എന്തോ ചതിയെന്നുകരുതും. മനസ്സൊന്നു ശാന്തമായപ്പോള്‍ ഞാന്‍ ബാഗുതുറന്ന്‌ കടലാസ്സുകള്‍ കിടക്കയില്‍ നിരത്തി. അതാ ഫ്രാങ്ക്‌നോട്ടുകള്‍ (ഇന്നതു യൂറോ) അങ്ങുമിങ്ങുമായി ചിതറിക്കിടക്കുന്നു. ഞാന്‍വച്ച കവര്‍ ഒഴിഞ്ഞുംകിടക്കുന്നു. കടലാസ്സുകളെല്ലാം കുഴച്ചുമറിച്ചിട്ടിരിക്കുന്നു. ഭാഗ്യത്തിന്‌ ഒന്നും നഷ്ടപ്പെട്ടിട്ടില്ല. ഇടവേളസമയത്ത്‌ സെക്യൂരിറ്റിക്കാര്‍തന്നെ ബാഗുകള്‍ കൊള്ളയടിക്കുന്ന കഥ പിന്നീടു ഞാനറിഞ്ഞു. അപ്പോഴാണോര്‍മവന്നത്‌, ഇടവേളയ്ക്കിടെ ആര്‍ക്കോ ഒരു കടലാസ്‌ നല്‍കാന്‍വേണ്ടി യോഗസ്ഥലത്തേക്കു ഞാന്‍ തിരിച്ചുപോയതും അകത്തുവിടാതെ, പാതിതുറന്നിരുന്ന കതക്‌ സെക്യൂരിറ്റിക്കാരന്‍ ആഞ്ഞടച്ചതും. ഞാന്‍ തിരിച്ചുചെല്ലുന്നതുകണ്ട്‌ പണമെടുക്കാനാകാതെ ബാഗില്‍തന്നെ തിരിച്ചിട്ടതാകണം സംഭവം. എനിക്ക്‌ പോയജീവന്‍ തിരിച്ചുകിട്ടിയെന്നുമാത്രം പറയാം! കിറുകൃത്യം കാര്യംപറയുന്ന ബ്രിട്ടീഷുകാരില്‍നിന്നും വഴുവഴുപ്പന്‍ വര്‍ത്തമാനംപറയുന്ന അമേരിക്കക്കാരില്‍നിന്നും വ്യത്യസ്തരാണ്‌ ആസ്റ്റ്റേലിയക്കാര്‍. അവര്‍പറയുന്നത്‌ നമുക്കു മനസ്സിലായോ എന്നും നമ്മള്‍പറയുന്നത്‌ അവര്‍ക്കു മനസ്സിലായോ എന്നും അവര്‍ കാര്യമാക്കില്ല. ഒരു മൌറീഷ്യന്‍സ്നേഹിതനോടൊപ്പം ഒരു ആസ്റ്റ്റേലിയക്കാരനെയുംകൂട്ടി ഗോവയില്‍ അകലത്തൊരു സ്ഥലത്തേക്കു പോകാനുണ്ടായിരുന്നു ഒരിക്കല്‍. ഹോട്ടലില്‍നിന്ന്‌ രാവിലെതന്നെ അവരെക്കൂട്ടി എണ്റ്റെ വീട്ടിലേക്കുവന്ന്‌ അവിടന്നു യാത്രതിരിക്കാനുള്ള പ്ളാന്‍ തലേന്നേ പറഞ്ഞുറപ്പിച്ചു. വീട്ടിലെത്തി പ്രഭാതഭക്ഷണം വിളമ്പിയപ്പോള്‍ ഓസ്റ്റ്രേലിയക്കാരണ്റ്റെ മുഖത്തൊരു കോട്ടം. കാരണം അയാള്‍ ഭക്ഷണം ഹോട്ടലില്‍നിന്ന്‌ അതിരാവിലെതന്നെ കഴിച്ചിരിക്കുന്നു. നമ്മള്‍ ആളുകളെ വീട്ടിലേക്കു ക്ഷണിക്കുമ്പോള്‍ ഭക്ഷണത്തിണ്റ്റെ കാര്യം പ്രത്യേകം പറയാറില്ലല്ലൊ; സമയത്തിനനുസരിച്ചുള്ള ഭക്ഷണം വിളമ്പും, കഴിക്കും. ഇന്ത്യന്‍വംശജനായ മൌറീഷ്യസ്‌കാരന്‌ അത്‌ ജന്‍മനാ അറിയാമായിരുന്നു. കാംഗരു എല്ലാം ഉള്ളിലൊതുക്കിയേ ഇടപഴകൂ. അത്തരം മുന്‍വിധികളോ പിന്നാമ്പുറങ്ങളോ ലാറ്റിനമേരിക്കക്കാര്‍ക്കില്ല. കാണുന്നവരെല്ലാം സ്നേഹിതരാണവര്‍ക്ക്‌. ജീവിതംമുഴുവന്‍ ആസ്വദിക്കാനുള്ളതാണ്‌. ഉള്ളത്‌ പങ്കിട്ടെടുക്കും. ഇരയായാലും ഇണയായാലും. ദാരിദ്ര്യംമൂലം അല്ലറചില്ലറ കൌശലങ്ങളില്ലാതില്ല. എന്നിരുന്നാലും ഒരു ജനതതിയെന്ന നിലയില്‍ ഇഴചേര്‍ന്നുപോകാന്‍ വളരെ എളുപ്പമാണ്‌ അവരുടെ കൂടെ. വെസ്റ്റ്‌ഇന്‍ഡീസില്‍, ജീവിതത്തില്‍ ഒരിക്കലെങ്കിലും നൃത്തംചെയ്യാത്ത എന്നെ അവര്‍ ചുവടുവയ്പ്പിച്ചു. അര്‍ജണ്റ്റീനയില്‍നിന്നുള്ള കമിതാക്കള്‍ പതിനാലുമണിക്കൂര്‍നീണ്ടൊരു യാത്രയുടെ വിരസത മധുരവും സൌമ്യവും ദീപ്തവുമായ സംഭാഷണംകൊണ്ടില്ലാതാക്കി. ബ്രസീല്‍കാരി സുഹൃത്ത്‌ എന്നെ 'കപ്പുച്ചീന്‍'കാപ്പി പരിചയപ്പെടുത്തി. 'ചിലി'യിലെ ('ചിലെ' എന്ന്‌ ശരിയുച്ചാരണം), ചെ ഗുവേരയുടെ മോട്ടോര്‍സൈക്കിള്‍യാത്രയുടെ ഇടത്താവളത്തില്‍, മദിരയും (സ്പാനിഷില്‍ 'മദീര' മദ്യംതന്നെ; 'കാസ' കാശും 'പെസോ' പൈസയും 'ജനേല' ജനലും; 'കണവ'യും 'കാവാല'യും മത്സ്യബന്ധനബോട്ടുകളുടെ പേരുകള്‍) മദിരാക്ഷിയും തുള്ളിത്തുളുമ്പിയ നിശാവിരുന്നില്‍നിന്ന്‌ തലയൂരിയത്‌ തലനാരിഴക്കാണ്‌. ഹോട്ടല്‍മുറിയില്‍ തിരിച്ചെത്തുമ്പോള്‍ കിടക്കവിരിയുടെ മടക്കിവച്ച മൂലയില്‍ 'ലവ്‌ യൂ' എന്നെഴുതിയ മിഠായി. അതിനടിയില്‍, 'Your Chamber Maid is' എന്നതിനുപിന്നാലെ ഫോണ്‍നമ്പറുമെഴുതിയ ഒരു കുറിമാനം; രാക്കൂട്ടിനു ക്ഷണിക്കപ്പെടാന്‍വേണ്ടിയാകണം. ചിലിയിലേക്കുപോകാനായി ദില്ലിവിമാനത്താവളത്തിലെ പതിവുബഹളത്തില്‍ വരിനില്‍ക്കുമ്പോള്‍ തൊട്ടുപിന്നില്‍ വെള്ളവസ്ത്രംമൂടി രുദ്രാക്ഷമിട്ട്‌ തിലകവുംചാര്‍ത്തി ഒരു വിദേശിസാധ്വി. താനും ചിലെയിലെ സാന്തിയാഗോവിലേക്കാണെന്ന്‌ അവര്‍ പരിചയപ്പെടുത്തി (ഞങ്ങള്‍ രണ്ടുപേര്‍മാത്രമാണ്‌ സാന്തിയാഗോവരെ പെട്ടി ബുക്കുചെയ്യാനുണ്ടായിരുന്നത്‌). ശില്‍പിയാണ്‌. ബിഹാറിലെ ഏതോ ഒരു വിഹാരത്തില്‍ ഒന്നുംരണ്ടും വര്‍ഷംകൂടുമ്പോള്‍ വന്നുതാമസിക്കും. അവിടത്തെ ഒരു സന്യാസിയുടെ ശിഷ്യയാണ്‌. അഹിംസയില്‍ ആകൃഷ്ടയായാണ്‌ ഭാരതത്തിലേക്കുവന്നത്‌. എണ്റ്റെ പേരിണ്റ്റെ 'മഹിമ'മൂലം അവര്‍ എന്നെ ബഹുമാനിച്ചു. സാന്തിയാഗോവില്‍ അവരും അവരുടെ ഭര്‍ത്താവും എനിക്കു വഴികാട്ടിയായി. ചിലിയില്‍നിന്നു തിരിച്ചുപോകുംമുമ്പ്‌ തണ്റ്റെ സ്റ്റുഡിയോവും ശില്‍പങ്ങളുംകാണാന്‍ അവരെന്നെ ക്ഷണിച്ചു. ജോലിത്തിരക്കും സമയക്കുറവുംമൂലം അവരെ സന്ദര്‍ശിക്കാന്‍ കഴിഞ്ഞില്ല. ഫോണ്‍ചെയ്ത്‌ ക്ഷമാപണംചെയ്യാമെന്നുകരുതി ഹോട്ടലിലെ ഓപ്പറേറ്റര്‍ക്ക്‌ നമ്പറും പേരും കൊടുത്തപ്പോള്‍ അയാള്‍ക്ക്‌ അത്ഭുതം: "പാസ്തേല്‍? അവര്‍ ഞങ്ങളുടെ പേരുകേട്ട ശില്‍പിയല്ലേ. നിങ്ങള്‍ക്കവരെ അറിയാമോ?" അവിടെ കണ്ട മാരുതികാറും ബാറ്റഷോറൂമും എന്നെ വിഭ്രമിപ്പിച്ചില്ലെന്നില്ല. അവിടെ അനുഭവിച്ചു അതിശക്തമായ ഒരു ഭൂകമ്പം. ആന്‍ഡീസ്‌മലനിരകളെ തഴുകിയെത്തുന്ന തണുത്തതും നനുത്തതുമായ മണ്‍തരിക്കാറ്റേറ്റ്‌ ഒരാഴ്ചയോളം മൂക്കില്‍നിന്നു ചോര പൊടിഞ്ഞു കഷ്ടപ്പെട്ടു. ഒരു അനുഭവംകൂടി പറഞ്ഞു നിറ്‍ത്താം. ദക്ഷിണാഫ്രിക്കയിലെ കേപ്‌ടൌണ്‍. ഗുഡ്‌ഹോപ്പ്‌-മുനമ്പിണ്റ്റെ അയല്‍പക്കം. അണ്റ്റാര്‍ക്‌ടിക്കയോട്‌ ഏറ്റവുമടുത്തുകിടക്കുന്ന തുറമുഖപട്ടണം. ഒരേദിവസംതന്നെ നാലു ഋതുക്കളും മാറിമാറി അനുഭവപ്പെടുന്ന സ്ഥലം. പണിയെല്ലാംതീര്‍ന്നപ്പോള്‍ ഒന്നു നടക്കാനിറങ്ങി. പ്രധാനനിരത്തുവിട്ട്‌ അല്‍പം വഴിമാറിനടന്നപ്പോള്‍ ഒരു പോലീസുകാരന്‍വന്നു വിലക്കി. ആ പ്രദേശങ്ങളൊന്നും ശരിയല്ല, നേര്‍മാര്‍ഗം തുറമുഖസ്ഥനത്തേക്കുമാത്രം പോയാല്‍മതി എന്ന്‌. ഓര്‍ത്തു, ദക്ഷിണാഫ്രിക്കയിലെതന്നെ പ്രിട്ടോറിയയില്‍ ഒരു ആഫ്രിക്കക്കാരനും മൌറീഷ്യസ്‌കാരനുമൊപ്പം നടക്കാനിറങ്ങിയത്‌. നടന്നുനടന്ന്‌ വഴിതെറ്റി. ചോദിക്കാനാണെങ്കില്‍ വഴിയില്‍ ആരുമുണ്ടായിരുന്നില്ല. എല്ലാവരും വാഹനങ്ങളില്‍ കുതിച്ചുപായുന്നു. വീടുകള്‍ക്കെല്ലാം കനത്ത സുരക്ഷാവലയം -- കാമറ, വൈദ്യുതിയോടുന്ന മുള്ളുവേലി ഇത്യാദി. സന്ധ്യ മയങ്ങുന്നു. അവസാനം ഒരു ഹോട്ടല്‍കണ്ടു. അവിടെക്കയറി വഴിചോദിച്ചു. തിരികെ ടാക്സിയെടുത്തു നേരെപൊയ്‌ക്കോള്ളാനായിരുന്നു നിര്‍ദേശം. പോരാത്തതിന്‌ കാമറയും വാച്ചുമെല്ലാം കുപ്പായത്തിനുള്ളില്‍ ഒളിപ്പിക്കണമെന്നും. അല്‍പം പണം പുറംപോക്കറ്റില്‍ കരുതിവയ്ക്കണം, തട്ടിപ്പറിക്കാര്‍വന്നാല്‍ എതിര്‍ക്കാതെ എടുത്തുകൊടുക്കാന്‍! നിന്നുതിരിയുമ്പോഴേക്കും അടുത്തെവിടെയോ വെടിപൊട്ടുന്ന ഒച്ച. പോലീസ്‌വണ്ടികള്‍ ചീറിയടുക്കുന്നു. ഞങ്ങള്‍ ടാക്സിയില്‍കയറി ഹോട്ടലിലെത്തി. എന്നാല്‍ കേപ്‌ടൌണ്‍ പ്രായേണ ശാന്തമാണ്‌. തുറമുഖപ്രദേശത്താകെ വൈരംവില്‍ക്കുന്ന കടകള്‍. ആഫ്രിക്കന്‍ഖനികളില്‍ കറുത്തവര്‍ ചിന്തുന്ന വിയര്‍പ്പും കണ്ണീരും ചോരയും കടകളില്‍ വെട്ടിത്തിളങ്ങുന്നു. കൌതുകംതോന്നി ഒരു ചെറിയ കടയില്‍ കയറി. ഒരു വൃദ്ധയാണ്‌ പീടികക്കാരി. വെടിയുണ്ടയേല്‍ക്കാത്ത കട്ടിക്കണ്ണാടിക്കൂടുകളില്‍ പല വര്‍ണത്തിലും വലിപ്പത്തിലും കണ്‍ചിമ്മിക്കാട്ടുന്ന നക്ഷത്രക്കുരുന്നുകള്‍. വെറുതെ വിലയാരാഞ്ഞു. വാങ്ങാനല്ല വന്നതെന്നും കാണാന്‍ മാത്രമാണെന്നും പറഞ്ഞപ്പോള്‍, കണ്ടാലല്ലേ അറിയൂ എന്ന്‌ അവര്‍. അവര്‍ വാചാലയായി. വൈരത്തിണ്റ്റെ വൈശിഷ്ട്യം അതിണ്റ്റെ കാരറ്റിലും കട്ടിലും കളറിലും ക്ളാരിറ്റിയിലുമാണെന്നും അതിലോരോന്നിനും അതിണ്റ്റേതായ മൂല്യമുണ്ടെന്നും വിവരിച്ച്‌ ഒട്ടേറെ വൈരക്കല്ലുകള്‍ എനിക്കെടുത്തുകാട്ടി. ഇങ്ങനെ എണ്റ്റെ മുന്‍പില്‍ എന്തു ധൈര്യത്തില്‍ തുറന്നുകാട്ടുന്നു എന്നു ചോദിച്ചപ്പോള്‍ നിങ്ങള്‍ ഇന്ത്യക്കാരനല്ലേ, എനിക്കു വിശ്വാസം തോന്നുന്നു എന്നായിരുന്നു ഉത്തരം. അവര്‍ ഒരു വലിയ വൈരക്കല്ല്‌ എണ്റ്റെ കയ്യില്‍ വച്ചുതന്നു. അതിണ്റ്റെ വിലകേട്ടപ്പോള്‍ എണ്റ്റെ തല പെരുത്തു. അതാണതിണ്റ്റെ ലഹരി എന്നവര്‍! അവിടെകണ്ട ഏറ്റവുംചെറിയ, മൊട്ടുസൂചിത്തലയുടെ വലിപ്പത്തിലുള്ള, രണ്ടു കുഞ്ഞിക്കല്ലുകള്‍ ഞാന്‍ വാങ്ങി. അതോടൊപ്പം ഒരു '൪ സി'-ചാര്‍ട്ടുംകൂടിത്തരാന്‍ അവര്‍ മറന്നില്ല. വിവേചനത്തിണ്റ്റെയും വിയര്‍പ്പിണ്റ്റെയും വിമോചനത്തിണ്റ്റെയും വിശ്വാസത്തിണ്റ്റെയും അഭിജ്ഞാനമായി ആ കല്ലുകള്‍ ഇപ്പോഴും സൂക്ഷിക്കുന്നു ഞാന്‍.

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...