Sunday 24 July 2011

കടല്‍ എന്ന കടംകഥ


അന്തരീക്ഷത്തെയപേക്ഷിച്ച് സമുദ്രത്തിന്റെ പരപ്പും ആഴവും തുച്ഛമാണ്. എന്നിട്ടും കടലിനെപ്പറ്റിയുള്ള നമ്മുടെ അറിവ് വളരെ കുറവാണ്. പല സമുദ്രരഹസ്യങ്ങളും നമുക്കിന്നുമറിയില്ല. കാരണം പലതാണ്.

കരയെക്കുറിച്ചും ശൂന്യാകാശത്തെക്കുറിച്ചും ഒരിടത്തുനിന്നുപഠിക്കാന്‍ നമുക്കൊരു തറയുണ്ട്. അവിടെനിന്ന് മണ്ണുകുഴിച്ചും റോക്കറ്റയച്ചും, ഭൂമിയെപ്പറ്റിയും അന്തരീക്ഷത്തെപ്പറ്റിയും നമുക്കു മനസ്സിലാക്കാം. കടലിനെയും അതിന്റെ അടിത്തട്ടിനെയും ചൂഴ്ന്നുനോക്കാന്‍ കടലില്‍ത്തന്നെ പോകണം. അവിടെ സ്വസ്ഥമായി നില്‍ക്കാനൊരു തറയില്ല. ആലോലമാടുന്ന കപ്പലിന് ഉറച്ചൊരു സ്ഥലമില്ല. സ്ഥാനം കിറുകൃത്യം നിര്‍ണയിക്കാന്‍ എളുപ്പമാര്‍ഗവുമില്ല. കടലില്‍ ആദ്യമായി പോകുന്നവര്‍ക്ക് കടല്‍ച്ചൊരുക്കുകൊണ്ടുള്ള ശാരീരികവും മാനസികവുമായ അസ്വാസ്ഥ്യങ്ങളെപ്പറ്റി പറയുകയും വേണ്ട.
കടലിന്റെ സ്ഥായീരൂപംതന്നെ അസ്ഥിരതയാണ്. ഇന്നത്തെ നിലയല്ല നാളെ. കാറ്റും തിരയും ഒഴുക്കും മാറിക്കൊണ്ടേയിരിക്കും. അതോടൊപ്പം രാസ-ജൈവിക-ഭൌതികവിശേഷങ്ങളും. ഈ മാറ്റങ്ങളുടെ താളക്രമം ഭാഗിഗമായേ ഇന്നുമറിയൂ. മണിക്കൂര്‍വച്ചുമാറുന്ന വേലി. ദിവസംവച്ചുമാറുന്ന കാറ്റ്. നിമിഷംവച്ച് ഉയര്‍ന്നുതാഴുന്ന തിരകള്‍. ഋതുക്കള്‍ തോറും മാറുന്ന ഒഴുക്ക്. വാര്‍ഷികവ്യതിയാനനങ്ങള്‍. രാസ-ജൈവിക-ഭൌതികഗുണങ്ങളുടെ സ്ഥലകാലവ്യത്യാസങ്ങള്‍. കടലിന്നടിയിലെ ഭൂകമ്പങ്ങള്‍. അഗ്നിപര്‍വതസ്ഫോടനങ്ങള്‍. ഇതിനെല്ലാമുപരി മനുഷ്യന്റെ ഇടപെടലുകള്‍. എല്ലാം കടംകഥകള്‍.

പ്രകൃതിയുടെ രഹസ്യങ്ങളറിയാന്‍ നാം പല പണികളും നോക്കുന്നു. പല പണിക്കോപ്പുകളും ഉണ്ടാക്കുന്നു. റേഡിയോതരംഗങ്ങളുടെ സഹായത്താലാണ് മനുഷ്യന്‍ ശൂന്യാകാശത്തെക്കുറിച്ചറിയുന്നത്. ലക്ഷോപലക്ഷം കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിവുള്ള റേഡിയോതരംഗങ്ങള്‍ നമ്മുക്കു തൊടുത്തുവിടാം, അങ്ങനെ ഭൂമിക്കുമുകളില്‍ നടക്കുന്ന കാര്യങ്ങള്‍ മനസ്സിലാക്കാം. ഈ തരംഗങ്ങള്‍ തന്നെ കടലിന്നടിയിലേക്കു കടത്തിവിട്ടാല്‍ ഏതാനും മീറ്റര്‍ ഇറങ്ങിച്ചെല്ലുമ്പോഴേക്കും ശക്തിനശിച്ചുപോകും. ഈ തരംഗവര്‍ഗത്തില്‍പെടുന്ന പ്രകാശം, എക്സ്-റേ, ലേസര്‍ എന്നിവയുടെയെല്ലാം ഗതി ഇതുതന്നെ. ശബ്ദവീചികള്‍ക്കു മാത്രമേ കടലിലിറങ്ങിച്ചെല്ലാന്‍ കഴിവുള്ളൂ. സ്വനയന്ത്രങ്ങള്‍ ഭാരിച്ചതാണ്. അവ പ്രവര്‍ത്തിപ്പിക്കാന്‍ കനത്ത ഉര്‍ജപ്രഭവം വേണം. പ്രതിധ്വനി അളന്ന് കടലിലേയും കടല്‍തട്ടിലേയും കാര്യങ്ങള്‍ കുറിച്ചെടുക്കാനുള്ള പാട് കുറച്ചൊന്നുമല്ല. കണ്ണുകാണാത്തേടത്ത് ചെവികൊണ്ടുമാത്രം എത്രദൂരം പോകാം? സമുദ്രവിജ്ഞാനത്തിന്റെ ഏറ്റവും വലിയ പരാധീനത ഇതുതന്നെ.

ചലനവും മാറ്റവും കടലിന്റെ മുഖമുദ്രയാണെന്നു കണ്ടു. അതേസമയം, ഒരു മാറ്റം പുറമേയ്ക്കു തെളിയുമ്പോഴേക്കും കാരണക്കാരനെ കാണാതായിരിക്കും. രണ്ടേരണ്ടുദാഹരണങ്ങള്‍: പകലത്തെ വെയിലിന്റെ ചൂട് രാത്രിയിലാണ് കടല്‍പരപ്പില്‍ തെളിയുന്നത്. മനുഷ്യന്‍ പുറന്തള്ളുന്ന വിഷവസ്തുക്കള്‍ ആദ്യമെല്ലാം കടലില്‍ ആഗിരണം ചെയ്യപ്പെടുന്നു. ദൂഷ്യവശം കണ്ടുതുടങ്ങുമ്പോഴേക്കും തീരക്കടലാകെ, തിരിച്ചുകൊണ്ടുവരുവാന്‍ കഴിയാത്തവണ്ണം നശിച്ചിരിക്കും. മറ്റുകാര്യങ്ങളില്‍ അതിബുദ്ധിയുള്ള കടലിന്റെ ഈ 'മന്ദബുദ്ധി'യും ഒരു കടംകഥ തന്നെ.

എന്നാല്‍ നമ്മെ സംരക്ഷിക്കാനാണ് കടല്‍ ഇങ്ങനെ സ്വയം നശിക്കുന്നത്. ഒരിടത്തെ വിഷവസ്തുക്കളെ വലിച്ചുകൊണ്ടുപോയി, ആഴക്കടലിലെ ജലസഞ്ചയത്തില്‍ ലയിപ്പിച്ച് നിര്‍വീര്യമാക്കുന്നു. ഈ കടലും മറുകടലും കടന്നുപോകുന്ന ഒഴുക്കുകള്‍ എപ്പോഴും പുത്തന്‍വെള്ളം പരത്തുന്നു. ഒരു സ്ഥലത്ത് കടല്‍വെള്ളം അമിതമായി ചൂടുപിടിച്ചാല്‍ ചുഴലിക്കാറ്റടിച്ച് തുലനാവസ്ഥ കൈവരുന്നു.

കടപ്പുറത്തു നാം കാണുന്ന തിരമാലകള്‍ ആയിരമായിരം കിലോമീറ്റര്‍ അകലെയെങ്ങോ, എന്നോ, ഉത്ഭവിച്ചവയാണ്. തിരമാലകളുടെ സമുദ്രാന്തര സഞ്ചാരരീതി ഇന്നും കടംകഥയാണ്.







No comments:

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...