Sunday 24 July 2011

അയല്‍പക്കം


മനുഷ്യന്‍ സാമൂഹ്യജീവിയാണെന്ന കാര്യം സ്കൂള്‍ക്ലാസ്സുതൊട്ടേ പഠിപ്പിക്കുന്നതാണ്‌. അന്നൊന്നും അതത്ര തിരിച്ചറിയുന്നില്ല, വീട്ടിലായാലും നാട്ടിലായാലും. വീട്ടുകാരില്‍നിന്നും നാട്ടുകാരില്‍നിന്നുമകന്ന്‌ ഒറ്റയ്‌ക്കുതാമസിക്കുമ്പോഴാണ്‌ സാമൂഹ്യജീവിതത്തിന്റെ പ്രസക്തി മനസ്സിലായിത്തുടങ്ങുക. പിന്നെ കല്യാണമൊക്കെ കഴിയുമ്പോഴേക്കും അതിന്റെ പ്രസക്തി കൂടുന്നു. കുഞ്ഞുങ്ങളുമൊക്കെയായി കുടുംബജീവിതക്കാലത്താണ്‌ സാമൂഹ്യജീവിതത്തിന്‌ ഒരര്‍ഥമൊക്കെ തോന്നുക. വയസ്സാകുന്നതോടെ വീണ്ടും സമൂഹത്തില്‍നിന്ന്‌ ഒരകല്‍ച്ചയുണ്ടാകുന്നു.
സാമൂഹ്യജീവിതത്തിന്റെ ആദ്യപടിയാണ്‌ അയല്‍പക്കം. സ്വന്തം വീട്ടിലെ സ്വാതന്ത്ര്യവും സമൂഹത്തിന്റെ അതിര്‍വരമ്പുകളും ഒന്നിച്ചനുഭവിക്കുന്നു അയല്‍ക്കാരുമായുള്ള ഇടപഴകലില്‍. അയല്‍ക്കാര്‍ അച്ഛനമ്മമാരെപ്പോലെയും സഹോദരീസഹോദരന്മാരെപ്പോലെയും പെരുമാറുമ്പോഴും എന്തോ ഒന്ന്‌, ഒരു പരിധി, നമ്മെ പിന്നിലേക്കുവലിക്കുന്നു. കെട്ടിപ്പിടിക്കാന്‍പറ്റാത്ത അച്ഛനമ്മമാരായും കൈകോര്‍ത്തുപിടിക്കാന്‍ പറ്റാത്ത സഹോദരീസഹോദരന്‍മാരായും നാമവരെ അറിയുന്നു. ആ തിരിച്ചറിവാണ്‌ പിന്നെ പൊതുസമൂഹത്തില്‍ നമ്മെ ഉത്തരവാദിത്വമുള്ള വ്യക്തികളായി രൂപപ്പെടുത്തുന്നത്‌.
എറണാകുളം മഹാരാജാസ്‌ കോളേജില്‍, പുറമെ എന്തു വഴക്കിനും വക്കാണത്തിനും മൂരിശ്റ്^ംഗാരത്തിനും മടിക്കാത്തവര്‍പോലും സ്വന്തംക്ളാസ്സിലെ സഹപാഠികളെ ആണ്‍പെണ്‍വ്യത്യാസമില്ലാതെ സ്വന്തം കൂടെപ്പിറന്നവരെപ്പോലെ കണ്ടുനടത്തിയും കൊണ്ടുനടന്നും സംരക്ഷിച്ചിരുന്നത്‌ എനിക്കിന്നും കോരിത്തരിപ്പിക്കുന്ന അനുഭവമാണ്‌. ഇന്നുകേള്‍ക്കുന്ന സ്ത്രീപീഡനക്കഥകള്‍ എന്നെ ആശ്ചര്യപ്പെടുത്തുന്നു. അമ്മയായും പെങളായും ഭാര്യയായും മകളായും കൂട്ടുകാരിയുമായി കരുതേണ്ട പന്ചനക്ഷത്രങ്ങളെ എങ്ങിനെ ഒരു പുരുഷന്‌ ബലാല്‍സംഗംചെയ്യാനാകും? സമൂഹത്തിനെവിടെയോ പാളംതെറ്റുന്നുണ്ട്‌.
എന്നുവച്ച്‌ വേലിക്കിരുവശത്തെ പ്രണയങ്ങള്‍ പണ്ടൊന്നും ഇല്ലായിരുന്നു എന്നല്ല. ഒന്നുകില്‍ അവ തഴച്ചുവളര്‍ന്ന്‌ പൂത്തുപന്തലിച്ച്‌ കായാകുമായിരുന്നു. അല്ലെങ്കില്‍ മുളയിലേ കൂമ്പുണങ്ങി മണ്‍മറയുമായിരുന്നു. അതൊന്നും അത്രവലിയ കാര്യവുമല്ലായിരുന്നു. തുണക്കൊരിണ. അതു മനുഷ്യന്‍ നേടിയിരിക്കും. അതൊരു സാമൂഹ്യപാഠമാണ്‌.
സ്വാതന്ത്ര്യാനന്തരഭാരതം നമുക്കു കാഴ്ചവച്ചത്‌ നിരാശയായിരുന്നു. അന്‍പതുകളിലെ ഇല്ലായ്മയും വല്ലായ്മയും കണ്ടാണ്‌ ഞങ്ങള്‍ വളര്‍ന്നത്‌ - തീണ്ടലും അയിത്തവും ജന്മിത്വത്തിന്റെ തിരുശേഷിപ്പുകളും വെള്ളത്തൊലിയുടെ മാസ്മരികതയുമെല്ലാം. സമഷ്ടിയുടെ സീല്‍ക്കാരം ഇടിമുഴക്കമായിട്ടുമില്ല. അന്നൊക്കെ ഒരു 'പകുതി' ജീവിതമായിരുന്നു ഒട്ടുമിക്കവര്‍ക്കും. 'വലിയപകുതി'യോ 'ചെറിയപകുതി'യോ എന്ന വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ സാധാരണകുടുംബങ്ങള്‍ തമ്മില്‍. 'ചെറു'തായാലും 'വലു'തായാലും അയല്‍പക്കം അയല്‍പക്കമായിരുന്നു. കൊടുക്കലും വാങ്ങലും ഒരു ജീവിതരീതിയായിരുന്നു. അറിഞ്ഞും അറിയാതെയുമുള്ള ആസ്തി-ബാധ്യതാ-കൈമാറ്റം. അതു കഞ്ഞിയാകാം കന്യകയാകാം.
അയല്‍ക്കാരനെ സ്നേഹിക്കാന്‍ ക്റിസ്തു പറഞ്ഞതിന്‌ രണ്ടായിരംവര്‍ഷത്തെ പഴക്കമായി. എന്നുവച്ചാല്‍ പഴകിപ്പൊടിഞ്ഞുപോയി എന്നര്‍ഥം.
'അയല്‍ക്കാര്‍' എന്ന വിഷയത്തെപ്പറ്റി കുട്ടികളെഴുതിയ ലേഖനങ്ങള്‍ വായിച്ചു മാര്‍ക്കിടാനിടയായി ഒരിക്കല്‍. അതിലൊരു കുട്ടി എഴുതി: ".....വൈകുന്നേരമായാല്‍ അയല്‍ക്കാര്‍ കൂട്ടംകൂട്ടമായെത്തും, ടീവി കാണാന്‍. അവര്‍ക്കൊക്കെ ചായയും പലഹാരങ്ങളുമുണ്ടാക്കി എന്റെ അമ്മയ്ക്കു മടുത്തു. ആ ദേഷ്യം പിന്നെ ഞങ്ങളോടാണു കാണിക്കുക.....". നഗരങ്ങള്‍ക്കുപുറത്ത്‌ നടാടെ ടീവി വന്ന കാലമാണ്‌; അണുകുടുംബം രൂപപ്പെട്ടുവന്ന സമയവും. മധ്യവര്‍ഗത്തിന്റെ പൈത്ര്^കമാത്ര്^ക മാറ്റിവരച്ച സമയവുമായിരുന്നു അത്‌. അയലത്തെ വീട്ടുകാരുമായി സന്ധ്യാസമയത്തെ നാട്ടുവര്‍ത്തമാനം ടീവിക്കായി വഴിമാറിയതും പുത്തന്‍മധ്യവര്‍ഗ-പൊങ്ങച്ചങ്ങള്‍ തലനീട്ടിത്തുടങ്ങിയതും അക്കാലത്താണ്‌. അതെല്ലാം സത്യസന്ധമായി, നിര്‍ദോഷമായി വിവരിച്ച ആ ലേഖനമാണ്‌ സമ്മാനത്തിനായി ഞാന്‍ തിരഞ്ഞെടുത്തത്‌. കുട്ടികള്‍ക്ക്‌ കളങ്കമില്ലല്ലോ. പക്ഷെ മറ്റു മൂല്യനിര്‍ണായകര്‍ എനിക്കെതിരുനിന്നു. ആളറിയുമ്പോള്‍ ആ അച്ഛനമ്മമാരും അയല്‍ക്കാരും സമ്ഭ്രാന്തരാകും എന്ന ഒറ്റക്കാരണത്താല്‍മാത്രം ഞാനും വഴങ്ങി.
നല്ല അയല്‍പക്കം ഒരു ഭാഗ്യമാണ്‌; ചീത്ത അയല്‍പക്കം ഒരു ശാപവും. എന്റെ ജീവിതത്തില്‍ ഒരു ഡസന്‍തവണ എനിക്കു വീടുമാറേണ്ടിവന്നിട്ടുണ്ട്‌. അതായത്‌ ഒരു ഡസന്‍തരക്കാരായ അയല്‍ക്കാരുമായി ജീവിക്കേണ്ടിവന്നിട്ടുണ്ട്‌. അതില്‍ ഞാനൊരു ശാപമായിത്തോന്നിയവരുമുണ്ട്‌. സമൂഹത്തിന്റെ മുന്‍വിധികള്‍ക്കെതിരുനില്‍ക്കുന്നവരെല്ലാം എക്കാലത്തും ശത്രുക്കളാണല്ലോ. കല്യാണത്തിന്‌ അണിഞ്ഞൊരുങ്ങിപ്പോയില്ലെങ്കില്‍, 'ബര്‍ത്ഡേ പാര്‍ട്ടി'ക്കു സമ്മാനവുമായി ചെന്നില്ലെങ്കില്‍, ദീവാളിക്കു പടക്കംപൊട്ടിച്ചില്ലെങ്കില്‍, 'നരകാസുര'നെ കത്തിക്കാനും അഷ്ടമിരോഹിണിക്ക്‌ 'ദഹി ഹണ്ടി' തകര്‍ക്കാനും കാശുകൊടുത്തില്ലെങ്കില്‍, അസമയത്ത്‌ സ്റ്റീറിയോവിലൂടെയുള്ള അസുരസംഗീതം നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കില്‍, മാലിന്യങ്ങള്‍ ആരാന്റെ തലയില്‍ തട്ടരുതെന്നു വിലക്കിയെങ്കില്‍, വളര്‍ത്തുനായ്ക്കളെ പൊതുസ്ഥലങ്ങളില്‍ അഴിച്ചുവിടരുതെന്നും തൂറിപ്പിക്കരുതെന്നും ആവശ്യപ്പെട്ടെങ്കില്‍, 'വൈകീട്ടത്തെ പരിപാടി'ക്ക്‌ 'കമ്പനി' കൊടുത്തില്ലെങ്കില്‍ നമ്മള്‍ അയല്‍ക്കാര്‍ക്ക്‌ അനഭിമതരായി.
പുകവലിക്കാര്‍ക്കൊരസുഖമുണ്ട്‌; ആരാനും മുമ്പില്‍പെട്ടാല്‍ ഉടനെ ഒന്നെടുത്തു കത്തിക്കുകയായി. 'വിരോധമില്ലല്ലോ' എന്നൊരു ഭമ്ഗിവാക്കും ചിലപ്പോള്‍ കൂനിലൊരുകുത്തായിക്കിട്ടിയേക്കും. ബസ്സിലോ മുറിയിലോ കയറുന്നതിനുമുന്പ്‌ കുറ്റിവലിച്ചെറിഞ്ഞ്‌, വായ്‌ക്കുള്ളിലെ ബാക്കിപ്പുക അകത്തുകയറി പുറത്തുവിടുന്ന അശ്ലീലവും അവര്‍ കാണിക്കും. മദ്യപിച്ചവര്‍ക്കാവട്ടെ, അതു നാലാളെ അറിയിച്ചാലേ മിനുങ്ങലിനൊരു മിനുസ്സം വരൂ. പുളിപ്പുകൂടുന്തോറും പുളപ്പും കൂടും. പട്ടിവളര്‍ത്തലുകാര്‍ക്കാകട്ടെ, പട്ടിയെക്കൊണ്ട്‌ മറ്റുള്ളവര്‍ക്ക്‌ എത്ര ഉപദ്രവം ചെയ്യാന്‍ സാധിക്കുമോ അതു മുഴുവന്‍ ചെയ്യാതെ വയ്യ. ഒരാള്‍ വന്നാല്‍ അതിനെയൊന്നു കെട്ടിയിടില്ല. കുരച്ചുതുള്ളിയടുക്കുന്ന ജന്തുവിനെ ഒന്നു നിയന്ത്രിക്കാന്‍ പറഞാല്‍ 'അതൊന്നും ചെയ്യില്ല' എന്നായിരിക്കും പതിവു മറുപടി. ഉടമസ്ഥനെ ഒന്നും ചെയ്യില്ല, അതു തന്നെ ന്യായം. നിര്‍ത്താത്ത കുരയും സഹിക്കാത്ത നാറ്റവുംകൊണ്ട്‌ പൊറുതിമുട്ടിപ്പോവും കാര്യമായ ജന്തുസ്നേഹമില്ലെങ്കില്‍ വിരുന്നുകാരന്‍. രാത്രിമുഴുവന്‍ കുരച്ചുകുരച്ച്‌ അയല്‍ക്കാരെ അലോസരപ്പെടുത്തുകയുംചെയ്യും യജമാനന്റെ പുന്നാരപ്പട്ടി. പിന്നെ രവിലെയും വൈകീട്ടുമെല്ലാം മലമൂത്രവിസര്‍ജനത്തിനായി ഒരു കൊണ്ടുപോക്കുണ്ട്‌. അയല്‍ക്കാരുടെ വളപ്പിലും വാഹനങ്ങളിലും റോട്ടുവക്കിലും കളിസ്ഥലത്തും പൂന്തോട്ടത്തിലുമെല്ലാമായിരിക്കും അഭിഷേകോത്സവം. പട്ടിയെ കുട്ടിയെപ്പോലെ സ്നേഹിക്കുന്നവര്‍ അതിനെ കിടപ്പറയിലടക്കം കയറ്റിയിരുത്തുമ്പോള്‍, തന്റെ കക്കൂസ്‌മാത്രം തന്റെ 'ഡിയറസ്റ്റി'ന്റെ ദൈവവിളിക്കു തുറന്നുകൊടുക്കാത്തതെന്തെന്ന്‌ പലരോടും ചോദിച്ചിട്ടുണ്ടെങ്കിലും മറുപടി കിട്ടിയിട്ടില്ല.
ഒരുതരം മനോരോഗമാണ്‌ ഈ മൂന്നുതരം ആള്‍ക്കാരുടെയും പെരുമാറ്റം. അതിലും ഗൌരവതരമാണ്‌ ഭക്തിമാര്‍ഗക്കാരുടെ അയല്‍ക്കൂട്ടങ്ങളും പ്രാര്‍ഥനായോഗങ്ങളും പൊതുപ്രദര്‍ശനങ്ങളും. വ്യക്തിഗതമായ വികാരവിചാരവിചിന്തനങ്ങള്‍ മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിച്ചേതീരൂ എന്ന വാശി. പുകവലിക്കാരുടെയും മദ്യപാനികളുടെയും പട്ടിവളര്‍ത്തലുകാരുടെയും സംയോജിതരോഗത്തേക്കാള്‍ മുന്തിയ മഹാരോഗം. സംസ്ക്കാരമെന്നത്‌ സ്വന്തംമനസ്സിനെ മെരുക്കുന്നതോടൊപ്പം മറ്റുള്ളവരുടെ മനസ്സിനെ മാനിക്കല്‍കൂടിയാണെന്ന്‌ അവര്‍ക്കറിയില്ല.
വിഷമഘട്ടങ്ങളില്‍ ഒരു കൈത്താങ്ങാവണം അയല്‍ക്കാര്‍. നല്ല സമയത്ത്‌ ഒരാഹ്ളാദത്തിനും. അല്ലാതെ മോടികൂട്ടാനും ധാടികാട്ടാനുമല്ല അയല്‍പക്കം. ഞാന്‍ ഇന്നാളുടെ അയല്‍ക്കാരനെന്നതല്ല പ്രധാനം. ഞാന്‍ അയല്‍ക്കാര്‍ക്ക്‌ എന്താണെന്നുള്ളതാണു കാര്യം.







No comments:

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...