Thursday 1 September 2011

മറയാന്‍ മടിക്കുന്ന കഥകള്‍

ബാല്യത്തിന്‌ ഒരു ഗുണമുണ്ട്‌. മനസ്സിലൊന്നുതട്ടിയാല്‍ അതു പിന്നെ കല്ലാണ്‌. കൊച്ചുന്നാളത്തെ കാര്യങ്ങള്‍ അത്രയെളുപ്പം മറക്കില്ല. വാര്‍ധക്യത്തിനൊരു ദോഷമുണ്ട്‌. മനസ്സിലെന്തും കല്ലുകടിയാണ്‌. മറക്കേണ്ടതു മറക്കില്ല; മറക്കാന്‍പാടില്ലാത്തതു മറക്കും.

എനിക്കൊരു വിശേഷമുണ്ട്‌. അസുഖകരമായ കാര്യങ്ങള്‍ മറന്നുപോകും; സുഖകരമായ സംഗതികള്‍ മാത്രം മനസ്സില്‍ തങ്ങും. വായനയുടെ കാര്യത്തില്‍ പക്ഷെ മറിച്ചാണ്‌. നല്ലതെല്ലാം വായിച്ചങ്ങനെ മറക്കും. വേണ്ടാത്തതെല്ലാം മനസ്സില്‍ കൊണ്ടുനടക്കും. പ്രത്യേകിച്ചും അസുഖകരമായ കഥകള്‍.

ഒരുപാടു കഥകള്‍ വായിച്ചുകൂട്ടുന്ന കൂട്ടത്തിലാണു ഞാന്‍. അല്ലെങ്കിലും കഥകള്‍ ഇഷ്ടപ്പെടാത്തവരാരുണ്ട്‌? അപൂര്‍വം ചിലര്‍ -- എണ്റ്റെ ഭാര്യയെപ്പോലെ. ഒരുപക്ഷെ എണ്റ്റെ കെട്ടുകഥകളും കള്ളക്കഥകളും കേട്ടുമടുത്തിട്ടാകും ഭാര്യ കഥകള്‍ കാര്യമായി വായിക്കാത്തത്‌. എണ്റ്റെ ഇളയച്ഛന്‍ 'മാതൃഭൂമി'ആഴ്ചപ്പതിപ്പിണ്റ്റെ പഴയ ലക്കങ്ങള്‍ ബൈണ്റ്റുചെയ്‌തു സൂക്ഷിക്കുമായിരുന്നു. അന്‍പതുകളിലെ ആ ലക്കങ്ങളാണ്‌ അറുപതുകളില്‍ അക്ഷരംകൂട്ടിവായിക്കാറായപ്പോള്‍ ഞാന്‍ വായിച്ചുതുടങ്ങുന്ന പാഠ്യേതരകാര്യങ്ങള്‍. ബാലപംക്തിയില്‍ കൊച്ചുകുട്ടികളുടെ പടത്തിനുതാഴെ കൊടുക്കുന്ന പേരുകള്‍ വായിച്ചുവായിച്ച്‌, മെല്ലെ നേരിട്ടു കഥകളിലേക്കുകടന്നു. (സത്യത്തില്‍ എണ്റ്റെ മകളും കൊച്ചുകുട്ടിക്കാലത്ത്‌ ആഴ്ച്ചപ്പതിപ്പുകിട്ടിയാല്‍ ആദ്യം ആ പടങ്ങള്‍ തേടിപ്പിടിച്ച്‌, പേരുകള്‍ വായിച്ചുകൊടുക്കാന്‍ ആവശ്യപ്പെടുമായിരുന്നു. എന്തിന്‌, മലയാളമറിയാത്ത എണ്റ്റെ അയല്‍വക്കത്തെ കുട്ടിപോലും അത്യുത്സാഹത്തോടെ ആ പടങ്ങള്‍ നോക്കിയിരിക്കുന്നതു കണ്ടിട്ടുണ്ട്‌. )

സൂക്ഷ്മാംശങ്ങള്‍ ഓര്‍മയില്ലെങ്കിലും അന്നു വായിച്ച മൂന്നാലുകഥകള്‍ ഇടക്കിടയ്ക്കു തേട്ടിവരും. 'ഭിണ്ണക്കന്‍ വിരലുകള്‍', 'ദൃക്സാക്ഷി', 'ചിലന്തിച്ചാറ്‌', 'ഉണക്കമരങ്ങള്‍'.

ഒരുകൊച്ചുകുട്ടി എന്തിനോ തല്ലുകിട്ടി സങ്കടപ്പെട്ടു മനോരാജ്യത്തിലലയുന്നതാണ്‌ 'ഭിണ്ണക്കന്‍ വിരലുകള്‍' എന്ന കഥയില്‍. രണ്ടാനച്ഛനോ യാചകനേതാവോ മറ്റോ ആണു വില്ലന്‍. കഥയോടൊപ്പമുണ്ടായിരുന്ന കുട്ടിയുടെ ചിത്രംനോക്കി ഞാനുമിരുന്നുതേങ്ങി. ഇപ്പോഴും കൊച്ചുകുട്ടികള്‍ വിതുമ്പുമ്പോള്‍ എനിക്കാചിത്രം മനസ്സില്‍വരും. വിട്ടുമാറാത്ത നൊമ്പരമായി അത്‌.

'ദൃക്‌സാക്ഷി' ഒരു മന:ശാസ്ത്ര കഥയായിരുന്നു. ഒരു ഛായാഗ്രാഹകന്‍ (അന്ന്‌ പടംപിടിക്കല്‍ കറുപ്പിലും വെളുപ്പിലുമാണ്‌) കുറെ ചിത്രങ്ങള്‍ കൈമാറാന്‍ തണ്റ്റെ കാറില്‍ സുഹൃത്തിണ്റ്റെ ബംഗ്ളാവില്‍ ചെല്ലുന്നു. വണ്ടി അകത്തേക്കെടുക്കുമ്പോള്‍ ചക്റത്തിനടിയില്‍ സുഹൃത്തിണ്റ്റെ വളര്‍ത്തുനായ അബദ്ധത്തില്‍ പെട്ടുപോകുന്നു. ഇറങ്ങിനോക്കുമ്പോള്‍ പകുതിപ്റാണനില്‍ പിടയുകയാണ്‌ പ്റിയപ്പെട്ട പട്ടി. അതു താമസിയാതെ ചാകും. ഇനിയും വേദനതീറ്റിക്കുന്നതിനുപകരം അതിനെ ഉടന്‍ കൊന്നുകളയാമെന്ന്‌ അത്യധികം ദു:ഖത്തോടെ അയാള്‍ തീരുമാനിക്കുന്നു. കാറു പിറകോട്ടെടുത്ത്‌ ഒരിക്കല്‍കൂടി പട്ടിയുടെ മുകളില്‍ കയറ്റിയിറക്കുന്നു. ദയാവധം തന്നെ. ദു:ഖസ്മരണയായി ഒരു ചിത്രമെങ്കിലുമെടുത്ത്‌ സുഹൃത്തിനുനല്‍കാം എന്നു കരുതി അതിണ്റ്റെ ഫോട്ടോവുമെടുക്കുന്നു.

സുഹൃത്തിണ്റ്റെ ഭാര്യയെ അതിക്റൂരമായി കാറിണ്റ്റെ അടിയിലിട്ടരച്ചു കൊലചെയ്ത കുറ്റത്തിന്‌ അയാള്‍ വിചാരണചെയ്യപ്പെടുന്നതാണ്‌ പിന്നീട്‌. അയാള്‍ ആണയിട്ടുപറയുന്നു, താന്‍ വളര്‍ത്തുനായയെയാണു കൊന്നതെന്നും, അതാകട്ടെ പട്ടിയുടെ മരണപ്പിടച്ചില്‍കണ്ടു സങ്കടം സഹിക്കവയ്യാതെ നടത്തിയ ദയാവധമായിരുന്നെന്നും. പെട്ടന്നയാള്‍ക്കോര്‍മവരുന്നു, താനെടുത്ത ചിത്റങ്ങളെപ്പറ്റി. ഫോട്ടോഫിലിം ഡെവലപ്പ്‌ചെയ്തു തെളിവുകാണിക്കാമെന്ന്‌ ആത്മാര്‍ഥമായിത്തന്നെ അയാളേല്‍ക്കുന്നു. തണ്റ്റെ സ്റ്റുഡിയോവിലെ ഡാര്‍ക്ക്‌ റൂമില്‍ രാസലായനിയില്‍നിയില്‍ക്കിടന്ന്‌ ഫോട്ടോവിലെ രൂപം ഉരുത്തിരിഞ്ഞുവരുമ്പോള്‍ ചുവന്ന വെളിച്ചത്തില്‍ അയാള്‍ കാണുന്നത്‌ കാറിണ്റ്റടിയില്‍പെട്ടരഞ്ഞ പട്ടി. മറ്റുള്ളവര്‍ കാണുന്നത്‌ ചതഞ്ഞരഞ്ഞ സ്ത്രീശരീരം. മനസ്സിണ്റ്റെ ഇത്തരം മാറാട്ടം നാം ഒരിക്കലെങ്കിലും അനുഭവിച്ചിരിക്കാതിരിക്കില്ല. ബുദ്ധിയെ പറ്റിക്കാന്‍ മനസ്സെടുക്കുന്ന കുതന്ത്രം.

അതേസമയം മനുഷ്യനെത്തന്നെ പറ്റിക്കാന്‍ ഒരു 'മരുന്നടി'ക്കാരണ്റ്റെ കുതന്ത്രമാണ്‌ 'ചിലന്തിച്ചാറ്‌' എന്ന കഥയില്‍. അമിതാസക്തിക്ക്‌ ആസ്പത്റിയില്‍ ഏകാന്തവാസം വിധിച്ച്‌ കടുത്ത കാവലില്‍ ചികിത്സിക്കപ്പെടുമ്പോഴും അയാള്‍ എങ്ങിനെയോ മയക്കുമരുന്നു സംഘടിപ്പിക്കുന്നു. ഒരെത്തുംപിടിയുംകിട്ടതെ ഡോക്ടര്‍മാര്‍ വലയുന്നു. അയാള്‍ ആകെക്കൂടി ചെയ്തുകാണുന്ന ഒരേയൊരു പ്രവൃത്തിയാകട്ടെ നിരന്തരമായ എഴുത്തുമാത്രവും. വായ കൂടി തുറക്കില്ല. ഇടയ്ക്കിടയ്ക്കു പേനത്തുമ്പൊന്നു നക്കും; അത്രതന്നെ. പരിശോധനക്കിടയില്‍ നാക്കുനീട്ടാന്‍പറയുമ്പോഴാണ്‌ സംശയം തോന്നുന്നത്‌. ആ മഷിയില്‍ കലര്‍ത്തിയാണ്‌ അയാള്‍ക്കാരോ 'ചിലന്തിച്ചാ'റെന്ന വിഷമരുന്ന്‌ എത്തിച്ചുകൊടുത്തിരുന്നത്‌ എന്നു കണ്ടുപിടിക്കപ്പെടുന്നു. മയക്കുമരുന്നുകള്‍ വരുന്ന വഴികളും പോകുന്ന വഴികളും അന്നേ സങ്കീര്‍ണമായിരുന്നു!

ഒരു അസംതൃപ്തയുടെ വേവലാതികളാണ്‌ 'ഉണക്കമരങ്ങള്‍' എന്ന കഥയില്‍ വായിച്ചതെന്നുതോന്നുന്നു. ഒരുപാടാളുകള്‍ - മുതിര്‍ന്നവര്‍ - അതു ചര്‍ച്ചചെയ്തിരുന്നു. അത്തരം കഥകള്‍ 'മാതൃഭൂമി'യില്‍ വരരുത്‌ എന്നുവരെ അന്നു ചിലര്‍ പറഞ്ഞുകേട്ടു. മനുഷ്യലൈംഗികതയെ ഇന്നു നാം കൂടുതല്‍ അംഗീകരിക്കുന്നു. അല്‍പം കൂടിപ്പോയെന്നുപറയാനും ആളുണ്ടാകാം ഇന്നും. ഇക്കഥകള്‍ എഴുതിയതാരാണ്‌ എന്നൊന്നും എന്നോടു ചോദിക്കരുത്‌. എല്ലാം മറന്നു. തലക്കെട്ടുകള്‍ ഇത്ര സൂക്ഷ്മതയോടെ ഓര്‍മവന്നതില്‍ എനിക്കത്ഭുതമുണ്ടുതാനും. ഇതുവായിച്ച്‌ ആര്‍ക്കാനും ഈ കഥകള്‍ ഓര്‍ത്തെടുത്ത്‌ എണ്റ്റെ ബാല്യകാലകഥാസ്മരണകളെ തിരുത്താന്‍ കഴിഞ്ഞാല്‍ സന്തോഷം.
gns.bhoomimalayaalam@gmail.com

1 comment:

A N Pattery said...

ഇതാരാ എഴുതിയത്...?
നന്നായിട്ടുണ്ടല്ലോ.

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...