Friday 29 July 2016

മാതൃഭാഷയ്ക്കും മറുഭാഷ്യം




അമ്മയോടു പറയുന്ന ഭാഷ മാതൃഭാഷ. അതു 'പഠിക്കുന്ന'തല്ല; 'പഠിയുന്ന'താണ്‌. ജനനംതൊട്ട്‌ (അതോ അതിനുമുന്‍പുപോലുമോ) മനസ്സില്‍ 'പതിയുന്ന'താണത്‌. വക്കും വടിവുമില്ലാതെ തുടങ്ങി, വാക്കും വ്യാകരണവുമില്ലാതെ കുടുങ്ങി, വഴക്കും വക്കാണവുമായി മടങ്ങി, വാചകവും വാചികവുമായി വളര്‍ന്ന്‌, വെട്ടും തിരുത്തുമായി തുടര്‍ന്ന്‌, വാമൊഴിയിലേക്കും വരമൊഴിയിലേക്കും പടര്‍ന്ന്‌, വാഗര്‍ഥത്തിലേക്കും വാഗ്മിതയിലേക്കും കടക്കുമ്പോള്‍ മാതൃഭാഷ വരേണ്യമാകുന്നു.

വേറെ ഏതു ഭാഷ പഠിച്ചാലും മറന്നാലും, മാതൃഭാഷ മറക്കില്ല. തനിക്കു തന്‍ഭാഷ. മാതൃഭാഷ ഏവര്‍ക്കും പ്രിയം. വള്ളത്തോള്‍ പാടി, "മറ്റുള്ളഭാഷകള്‍ കേവലം ധാത്രിമാര്‍, മര്‍ത്ത്യനു പെറ്റമ്മ തന്‍ഭാഷതാന്‍". അതൊരു വികാരം. മാതൃഭാഷയിലാണു മനസ്സിണ്റ്റെ സഞ്ചാരം. മാതൃഭാഷയിലാണു മനസ്സിലെ വിവര്‍ത്തനം.
  
മലയാളികള്‍ക്കു മാതൃഭാഷ മലയാളം. എസ്‌.കെ. പൊറ്റെകാട്‌ ആണെന്നുതോന്നുന്നു, ഒരിക്കല്‍ പറഞ്ഞു ഏതുനാട്ടിലായാലും ഒരു പട്ടികടിക്കാന്‍വന്നാല്‍ മലയാളിയാണെങ്കില്‍ "പോ പട്ടീ..." എന്നു സ്വാഭാവികമായി പറഞ്ഞുപോകുമെന്ന്‌. വികാരാവേശത്തില്‍ മനുഷ്യര്‍ മാത്രുഭാഷയിലേക്കു മടങ്ങുന്നു. എനിക്കൊരു അനുഭവമുണ്ട്‌; (ഇതിനുമുന്‍പെവിടെയോ പറഞ്ഞിട്ടുമുണ്ടത്‌). നോര്‍വേയില്‍ ഒരിക്കല്‍ വണ്ടി മാറിക്കേറി, വഴി തെറ്റിപ്പോയി. പട്ടണപ്രാന്തം. കൊടുംതണുപ്പ്‌. മഞ്ഞുവീഴ്ച. ശീതക്കാറ്റ്‌. ഡ്രൈവര്‍ക്കും എനിക്കുമിടയില്‍ (അവിടെ കണ്ടക്റ്റര്‍മാരില്ലല്ലോ) ഭാഷ പ്രശ്നമായി (സഹയാത്രികര്‍ക്കും ഇംഗ്ളീഷ്‌ വശമല്ലായിരുന്നു). പറഞ്ഞുപറഞ്ഞ്‌ ഞാന്‍ മലയാളത്തിലായി; അയാള്‍ നോര്‍വീജിയനിലും. എന്നിട്ടും എങ്ങിനെയോ വാസസ്ഥലത്തെത്തി.

മറ്റെന്തു ഭാഷ വശമുണ്ടെങ്കിലും മാതൃഭാഷയിലായിരിക്കും നാം ചിന്തിക്കുക. മറ്റേതു ഭാഷയിലും നാമെഴുതുമ്പോള്‍ വിഷയം മനസ്സില്‍ മാതൃഭാഷയിലായിരിക്കും വിരിഞ്ഞുവരിക. പല തവണ ഞാന്‍ ആലോചന ഇടയ്ക്കുവച്ചു നിര്‍ത്തി ചിന്തയുടെ ഭാഷയെന്തെന്നു പരിശോധിച്ചിട്ടുണ്ട്‌. അതു മാതൃഭാഷയാകുന്നു. അപവാദങ്ങളുമുണ്ടാകാം.

എന്നാല്‍ മാത്രുഭാഷ ഒരു മിഥ്യയാണ്‌. കുഞ്ഞുണ്ണിമാഷ്‌ അതെഴുതിപ്പിടിപ്പിച്ചിട്ടുണ്ടല്ലോ, "ജനിക്കുംതൊട്ടെന്‍മകന്‍ ഇംഗ്ളീഷുപഠിക്കുവാന്‍ ഭാര്യതന്‍പേറങ്ങ്‌ ഇംഗ്ളണ്ടിലാക്കി", എന്ന്‌. അടുത്തിടെ (ജൂലൈ, 2016) ഡോ. പി. ഹരികുമാര്‍ കുറിച്ചു: "അവന്‍ മലയാളി/അവള്‍ സന്താളി/അവര്‍ അമേരിക്കര്‍/അവര്‍ക്ക്‌ ചെറുമക്കളേഴ്‌/ഫ്രെഞ്ച്‌, സ്പാനിഷ്‌, ജെര്‍മന്‍/പഞ്ചാബ്‌, സിന്ധ്‌, ഗുജറാത്ത്‌, മറാഠ/ഒട്ടും തിളയ്ക്കാതെ ചോര അവര്‍ക്കു ഞരമ്പുകളില്‍.../ചില ഭാഷ ഏതുഭാഷയിലും മാതൃഭാഷയാ...!/".

എണ്റ്റെ ഒരു പരിചയക്കാരണ്റ്റെ അനുഭവം. ആള്‍ വടക്കെ മലബാറി, സപ്തഭാഷാസംഗമസ്ഥാനത്തുനിന്ന്‌. വീട്ടില്‍ കന്നഡവും പുറമെ മലയാളവും. തമിഴ്നാട്ടില്‍ പണിയെടുക്കുമ്പോള്‍ തമിഴ്നാട്ടുകാരിയുമായി വിവാഹമായി. വീട്ടില്‍ തമിഴായി ഭാഷ. പിന്നെ ആന്ധ്രയിലേക്കു താമസംമാറേണ്ടി വന്നു. വീട്ടിലെ സഹായത്തിന്‌ ആന്ധ്രക്കാരി. മക്കള്‍ക്കു വീട്ടില്‍ ഭാഷ തെലുങ്കായി. അതിനിടെ പിഞ്ചുകുഞ്ഞുങ്ങളെ തനിച്ചാക്കി അമ്മ മരിച്ചു. ജോലിമാറിയപ്പോള്‍ അച്ഛനും മക്കളും ഹരിദ്വാറിലായി. അവിടെ മക്കള്‍ ഹിന്ദി പഠിച്ചു വളര്‍ന്നു. ഇന്നവരുടെ മാതൃഭാഷ ഹിന്ദി; പിതൃഭാഷയും!

ഗോവയിലെ സ്ഥിതി ഇതിലും വിശേഷം. പോര്‍ത്തുഗീസുകാരുടെ അധിനിവേശസമയത്ത്‌ നാടന്‍ഭാഷയായ കൊങ്കണി നിരോധിക്കപ്പെട്ടു; അയല്‍ഭാഷയായ മറാഠി അവഗണിക്കപ്പെട്ടു. എങ്കിലും സമൂഹത്തിലെ താഴേക്കിടക്കാര്‍ കൊങ്കണി കൊണ്ടുനടന്നു, മാതൃഭാഷയായി. ഉന്നതശ്രേണിയിലുള്ളവര്‍, പ്രത്യേകിച്ചും കത്തോലിക്കര്‍ പലര്‍ക്കും പോര്‍ത്തുഗീസായി മാതൃഭാഷ. പഠിക്കാനും പണിയെടുക്കാനും പുറംനാട്ടിലേക്കു പോയവര്‍ ഇംഗ്ളീഷ്‌ സ്വായത്തമാക്കി. ഇന്നത്‌ ഭൂരിപക്ഷംവരുന്ന ഇടത്തരക്കാരുടെ ഭാഷ. ഗോവയില്‍നിന്നു പുറത്തിറങ്ങുന്നതും ഗോവയില്‍ പരക്കെ വില്‍ക്കപ്പെടുന്നതുമായ ഇംഗ്ളീഷ്‌-പത്രങ്ങള്‍ അനവധിയാണ്‌; കൊങ്കണിപ്പത്രങ്ങള്‍ ഒന്നോ രണ്ടോ! പഠനമാധ്യമം ഏതുവേണമെന്നതിനെച്ചൊല്ലി - ഇംഗ്ളീഷോ, കൊങ്കണിയോ മറാഠിയോ എന്നതിനെച്ചൊല്ലി - കലങ്ങിമറിയുകയാണ്‌ ഇവിടത്തെ സാംസ്കാരികലോകം. ഭാഷയില്‍മാത്രമല്ല ലിപിയിലും (റോമന്‍, ദേവനാഗരി) അഭിപ്രായവ്യത്യാസമേറെയാണ്‌.

എണ്റ്റെ കഥയും വളരെയൊന്നും വ്യത്യസ്തമല്ല. നൂറ്റാണ്ടുകള്‍ക്കു മുന്‍പ്‌ മഹാരാഷ്ട്രത്തില്‍നിന്ന്‌ തഞ്ചാവൂരിലേക്കു താമസംമാറ്റിയവരത്രേ ഞങ്ങളുടെ 'പ്ര'-പൂര്‍വികര്‍. അവിടത്തെ രാജാവിണ്റ്റെ അപ്രീതിമൂലമോ കേരളരാജാക്കന്‍മാരുടെ ആവശ്യപ്രകാരമോ അവരിലൊരുഭാഗം തമിഴ്നാട്ടില്‍നിന്ന്‌ കേരളദേശത്തിലേക്കു കുടിയേറി. പാലക്കാട്ടുചുരംവഴി വന്നവര്‍ കൊച്ചിയിലും മലബാറിലും, തലശ്ശേരി, പാലക്കാട്‌, തൃശ്ശിവപേരൂർ‌, കൊടുങ്ങല്ലൂർ‌, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലായി താമസമുറപ്പിച്ചു. ചെങ്കോട്ടവഴി വന്നവര്‍ കൊല്ലത്തും ആലപ്പുഴയിലും വൈക്കത്തുമായെല്ലാം താമസമാക്കി. നാഗര്‍കോവില്‍വഴി വന്നവര്‍ തിരുവനന്തപുരത്തും പരിസരപ്രദേശത്തും സ്ഥിരതാമസമാക്കി. തമിഴും മലയാളവും കലര്‍ന്നു. സാമ്പാറും കാളനും കലര്‍ന്നു. ദീപാവലിയും ഓണവും കലര്‍ന്നു. തമിഴത്താനും മലയാളത്താനും ഒന്നായിഴുകി. വീട്ടില്‍ തമിഴും വെളിയില്‍ മലയാളവുമായി. കാലക്രമേണ വീട്ടിലെ ഭാഷ 'തമിഴാളം' അല്ലെങ്കില്‍ 'തലയാള'മായി. അതിനൊരു ലിപി ഇല്ലാതായി. തമിഴര്‍ക്കും മലയാളികള്‍ക്കും അതു വര്‍ജ്യമായി. എന്നിട്ടും അമ്മയോടു തലയാളത്തില്‍ സംസാരിച്ചു; മലയാളം-ലിപിയില്‍ കത്തെഴുതി. പുറമെ മലയാളത്തില്‍ സംസാരിച്ചു, മലയാളം പഠിച്ചു, മലയാളത്തിലെഴുതി. ഉള്ളൂരും മലയാറ്റൂരും ശങ്കരനാരായണനും അമ്പലപ്പുഴ ശിവകുമാറും രാജു നാരായണസ്വാമിയും ഈ നാരായണസ്വാമിയും എല്ലാം മലയാളത്തിലെഴുതി, കവിതയും കഥയും ലേഖനങ്ങളുമെല്ലാം.

എന്താണെണ്റ്റെ മാതൃഭാഷ? ഏതാണെണ്റ്റെ മാതൃഭാഷ?  

കഥ തുടരുന്നു. എണ്റ്റെ ഭാര്യ ജനിച്ചതു മഹാരാഷ്ട്രത്തില്‍. അമ്മയച്ഛന്‍മാര്‍ കേരളത്തില്‍നിന്ന്‌. പഠിച്ചതു മറാഠിയില്‍. പറഞ്ഞതു തലയാളവും മലയാളവും മറാഠിയും ഹിന്ദിയും ഇംഗ്ളീഷും. മാതൃഭാഷയേത്‌?

കഥ വീണ്ടും തുടരുന്നു. എണ്റ്റെ മകള്‍ ജനിച്ചതു കേരളത്തില്‍. ആദ്യം വളര്‍ന്നതു മഹാരാഷ്ട്രത്തില്‍. വീട്ടില്‍ തലയാളം, വിരുന്നുകാരോടു മലയാളം, ആയയോടു മറാഠി, വെളിയിലുള്ളവരോടു ഹിന്ദി. പിന്നെ ഗോവയില്‍. സുഹൃത്തുക്കളോട്‌ ഇംഗ്ളീഷ്‌. പുറമെ കൊങ്കണി. സ്കൂളില്‍ കുറെ പോര്‍ത്തുഗീസും ഫ്രെഞ്ചും. കല്യാണംകഴിഞ്ഞപ്പോള്‍ തമിഴ്‌. ജോലി കര്‍ണാടകത്തിലായതിനാല്‍ ഇന്നിപ്പോള്‍ കന്നഡവുമായി. അമ്മയച്ഛന്‍മാരോടു തലയാളം, അമ്മായച്ഛന്‍മാരോടു തമിഴ്‌, ഭര്‍ത്താവിനോടും മകനോടും ഇംഗ്ളീഷ്‌, സുഹൃത്തുക്കളോടു മലയാളം, കൊങ്കണി, മറാഠി, ഓഫീസില്‍ ഹിന്ദി, പുറമെ കന്നഡം. അവളുടെ മാതൃഭാഷയേത്‌?

തമിഴ്നാട്ടില്‍നിന്ന്‌ പലായനംചെയ്ത്‌ കേരളക്കരയില്‍ പുനര്‍ജനിച്ച പരദേശിബ്രാഹ്മണരുടെ കഥയ്ക്കും ഗോവയില്‍നിന്നു പലായനംചെയ്തെത്തിയ കുഡുംബിസമുദായത്തിണ്റ്റെ കഥയ്‌ക്കും സമാനതകളേറെ. മാതൃഭാഷ എന്തെന്ന ശങ്ക ഇരുകൂട്ടര്‍ക്കും സമം. മാതാവിനോടു സംസാരിക്കുവാന്‍ ഒരു ഭാഷ (തമിഴ്‌/കൊങ്കണി); അതല്ലാതെ ഔദ്യോഗികമായി മാതൃഭാഷ മലയാളവും. അവരെ യഥാക്രമം പട്ടന്‍മാരെന്നും ചെട്ടികളെന്നും അധിക്ഷേപിച്ച കേരളസമൂഹംതന്നെ ഇരുകൂട്ടരെയും മലയാളമെന്ന മുലപ്പാലൂട്ടി വളര്‍ത്തിയെന്നത്‌ അഭിമാനത്തോടെ നാമോര്‍ക്കുക.

അതിനാല്‍ മാതൃഭാഷ ഒരു വികാരംമാത്രമാണ്‌. വിചാരധാരയ്ക്കൊരു വിരാമമല്ല. അതിനെച്ചൊല്ലിയുള്ള കലഹങ്ങള്‍ വെറും വിഡ്ഢിത്തംമാത്രം.  

ഞാന്‍ ഗാരണ്റ്റി!.

Monday 18 July 2016

രണ്ടു ശങ്കരന്‍മാരും ഒരു അയ്യപ്പനും


ആദിയില്‍ ഒരു ശങ്കരനുണ്ടായിരുന്നു. കടിച്ചാല്‍പൊട്ടാത്ത കാര്യങ്ങള്‍ കടിച്ചുപൊട്ടിച്ചുതന്ന മഹാശയന്‍. സത്യത്തെയും മിഥ്യയെയും ഒരേനാണയത്തിണ്റ്റെ ഇരുവശങ്ങളായി കാട്ടിത്തന്ന മഹാമനീഷി. 'നീ'യും 'ഞാ'നും രണ്ടല്ലെന്നും ഒരേ തേജസ്സിണ്റ്റെ സ്ഫുലിംഗങ്ങളാണെന്നും കൂട്ടിവായിപ്പിച്ച മഹാഗുരു.
അന്ന്‌ ലോകം മുഴുവന്‍ ഇരുട്ടില്‍ തപ്പി നടക്കുകയായിരുന്നു. സംസ്ക്കാരോന്നതിയിലും ആത്മീയപ്രബുദ്ധതയിലും ഭാരതം മുന്നിട്ടു നിന്നിരുന്നെങ്കിലും ജാതിയെയും മതത്തെയും ചൊല്ലിയുള്ള വെറും പടലപ്പിണക്കങ്ങള്‍ക്കുപരി ബൌദ്ധികചിന്താസരണികള്‍തന്നെ കുഴഞ്ഞുമറിഞ്ഞുകിടന്നിരുന്നു ഇവിടെ. ദ്വൈതചിന്തയും മാന്ത്രികമേല്‍ക്കോയ്മയും താന്ത്രികസങ്കേതങ്ങളും യന്ത്രസങ്കല്‍പങ്ങളും ആര്‍ഷസംസ്കാരത്തിണ്റ്റെ അസ്തിവാരംതന്നെ ഇളക്കുമെന്ന ഘട്ടമെത്തിയപ്പോള്‍ ആദിശങ്കരന്‍ ഒരു തീപ്പൊരിയായുണര്‍ന്ന്‌ തീപ്പന്തമായ്‌ പടര്‍ന്നു. ആരാധനയിലും അനുഷ്ഠാനങ്ങളിലും മാന്ത്രികത്തിലും താന്ത്രികത്തിലും അതിരുവിട്ടഭിരമിച്ച ഉപരിവര്‍ഗത്തിനെ യുക്തിയുടെ ശക്തികൊണ്ടു വഴികാട്ടി ആത്മോന്നതിയിലേയ്ക്ക്‌ ആനയിച്ചു. ഭൌതികതയെയും ആത്മീയതയെയും ഒന്നിച്ചുകാണാനും തിരിച്ചറിയാനും പ്രാപ്തമാക്കി. ആസക്തിയുടെ മായാവലയത്തിലും ആത്മീയതയുടെ അടിക്കല്ലുകള്‍ അദ്ദേഹം പെറുക്കിവച്ചു. പ്രപഞ്ചശക്തിയും ഭൌതികവ്യക്തിയും രണ്ടല്ലെന്ന പരമാര്‍ഥം പഠിപ്പിച്ചു. നീയും ഞാനും ഒന്നെന്നും ഒന്നിനെ പലതായിക്കാണുന്ന മായാമോഹത്തിലാണ്‌ നാമെല്ലാം എന്ന സത്യം സാര്‍ഥകമാക്കി ശങ്കരന്‍. പാമ്പിനെ കയറായിക്കാണുമ്പോഴും കയറിനെ പാമ്പായിക്കാണുമ്പോഴും തിരിച്ചറിയാതെ പോകുന്നതെന്തെന്നും തിരിച്ചറിയേണ്ടതെന്തെന്നും ശങ്കരന്‍ കാട്ടിത്തന്നു.
നൂറ്റാണ്ടുകള്‍ കഴിഞ്ഞു വന്നു വേറൊരു ശങ്കരന്‍. ഈ.എം. ശങ്കരന്‍ നമ്പൂതിരിപ്പാട്‌. ഒരാള്‍ ആത്മീയതയിലൂന്നി അപഗ്രഥിച്ചപ്പോള്‍ മറ്റെയാള്‍ ഭൌതികതയിലൂന്നി അപഗ്രഥിച്ചു നമ്മുടെ ജീവിതത്തെയും സമൂഹത്തെയും വ്യക്തികളെയും വൈജാത്യങ്ങളെയും. ഒരാള്‍ കയറിനെക്കണ്ടപ്പോള്‍ മറ്റെയാള്‍ പാമ്പിനെക്കണ്ടു. കാണുന്നതല്ല സത്യമെന്ന്‌ ആദിശങ്കരന്‍. സത്യമല്ല കാണുന്നതെന്ന്‌ നവ്യശങ്കരന്‍. ഒരു വ്യക്തി മറ്റൊരാളേക്കാള്‍ ഉയര്‍ന്നതെന്നോ താഴ്ന്നതെന്നോ കരുതരുത്‌. സമത്വവും സമഭാവവും ഭൌതികതയ്ക്കു മുകളില്‍ ആത്മീയതലംവരെ അന്തര്യാമിയായി അനുവര്‍ത്തിക്കുന്നു എന്നു രണ്ടു ശങ്കരന്‍മാരും. ദ്വൈതമെന്ന മിഥ്യയെ അദ്വൈതമെന്ന ദൃഷ്ടികൊണ്ട്‌, മഞ്ഞിനെ സൂര്യനെന്നപോലെ തെളിച്ചുകാണിച്ചു രണ്ടു ശങ്കരന്‍മാരും - ഒരാള്‍ ആത്മീയതയിലും മറ്റെയാള്‍ ഭൌതികതയിലും.
രണ്ടുപേരും എത്തിച്ചേര്‍ന്നത്‌ ഒരേ പടിക്കല്‍. ഏതു മനുഷ്യനും ഒന്നുതന്നെ സത്യത്തില്‍. തന്‍ശക്തി തന്നെ പരാശക്തി. ആ ഏകഭാവം - സമത്വം - അതിനു പേര്‌ അദ്വൈതമെന്നോ സോഷ്യലിസമെന്നോ എന്തുമാവാം. "ഏകോസത്‌ വിപ്രാ ബഹുധാവദന്തി" എന്നുമാത്രം. സത്യമൊന്നേയുള്ളൂ; അതു കാണുന്നതിലാണു വ്യത്യാസം.
ഈ രണ്ടു ശങ്കരന്‍മാരും അന്നന്നത്തെ ഭൌതിക-ബൌദ്ധികസാഹചര്യങ്ങളില്‍ സമൂഹ്യവിപ്ളവങ്ങള്‍ക്കുള്ള നിമിത്തങ്ങളായിരുന്നു. ഒരാള്‍ 'തത്ത്വമസി' എന്ന യുക്തിയുടെ തോളത്തും മറ്റെയാള്‍ 'അഹം ബ്രഹ്മാസ്മി' എന്ന ശക്തിയുടെ തോളത്തും കയ്യിട്ട്‌ അന്യോന്യം തിരിഞ്ഞുനിന്നു നോക്കിയപ്പോള്‍ കണ്ടത്‌ പക്ഷെ ഒന്ന്‌. "ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവിലുണ്ടായൊരിണ്ടല്‍" ചൊല്ലാവതല്ലല്ലോ.
വൈഷ്ണവരും ശൈവരും തമ്മില്‍തമ്മില്‍ മുഖംതിരിച്ചുനടന്നകാലത്താണ്‌ ആദിശങ്കരണ്റ്റെ പടയോട്ടം. മൂലധനവും അധ്വാനവും മുഖത്തോടുമുഖം നോക്കാതിരുന്നപ്പോഴാണ്‌ അഭിനവശങ്കരണ്റ്റെ പടപ്പുറപ്പാട്‌. അദ്വൈതാത്മക-ആത്മീയവാദം വഴിപിരിഞ്ഞ്‌ വൈരുധ്യാത്മക-ഭൌതികവാദം.
വിഷ്‌ണുവെന്ന അധീശശക്തിയെയും ശിവനെന്ന സര്‍ഗശക്തിയെയും അന്യോന്യം സമരസപ്പെടുത്തുകയും സ്വീകരിപ്പിക്കുകയും സമന്വയിപ്പിക്കുകയും ചെയ്യുന്ന സങ്കല്‍പമാണ്‌ ശാസ്താവെന്ന ഹരിഹരസുതണ്റ്റെ ഉത്ഭവകഥയില്‍; കേരളത്തിണ്റ്റെ വികാസപരിണാമങ്ങളുടെ വിപ്ളവകഥയിലും.
അയ്യപ്പന്‍ രണ്ടിനുമൊരു പ്രതീകം. നീയും ഞാനും ഒന്നെന്ന അദ്വൈതസിദ്ധാന്തത്തിണ്റ്റെ പ്രതീകം. സമത്വസുന്ദരജീവിതത്തിണ്റ്റെ പ്രതീകം. ശബരിമലയെന്ന ബാലികേറാമല നമ്മുടെ ഭൌതിക ജീവിതം തന്നെ; "കല്ലുകരടുകാഞ്ഞിരക്കുറ്റിയും മുള്ളുമുരടുമൂര്‍ഖന്‍പാമ്പും" നിറഞ്ഞതാണ്‌ നമ്മുടെ ജീവിതമാര്‍ഗം. എങ്കിലും ശബരിയെപ്പോലുള്ള തണ്ണീരുറവുകള്‍ അതിനു കുളിരേകുന്നു. പ്രകൃതിയാണ്‌ ദൈവം; പ്രാകൃതമാണ്‌ മനുഷ്യജന്‍മം. താടിയും മുടിയും തുള്ളലും തൊള്ളതുറക്കലും പ്രാഗ്ജന്‍മത്തിണ്റ്റെ സ്മൃതിബിന്ദുക്കള്‍. ഇവിടെ വലുപ്പച്ചെറുപ്പമില്ല; ജാതിമതഭേദമില്ല. ആണ്‍പെണ്‍ വിഭജനമില്ല. മാളികപ്പുറത്തമ്മയും വാവരുസ്വാമിയും പച്ചമനുഷ്യണ്റ്റെ പരിഛേദങ്ങള്‍. പുറംമോടിയിലല്ല അകക്കാമ്പിലാണ്‌ ഏഴഴക്‌ എന്നല്ലേ കറുത്തവസ്ത്രവും ഇരുമുടിക്കെട്ടും ധ്വനിപ്പിക്കുന്നത്‌? ഓരോ മലമടക്കിലും വര്‍ഗശത്രുവായി പുലി പതുങ്ങിയിരിപ്പുണ്ട്‌; സംശുദ്ധിയും സംഘശക്തിയും സംഘടിക്കുമ്പോള്‍ ഏത്‌ അധിനിവേശശക്തിയും അടുക്കാന്‍ കഴിയാതെ പരുങ്ങും. ലക്ഷ്യമെത്താന്‍ പതിനെട്ടുപടികള്‍ കയറേണ്ടിവരും; പതിനെട്ടടവുകളും പയറ്റേണ്ടിവരും.
കല്ലും മുള്ളും, വെറും പുല്ലും പുഷ്പവുമാക്കി കൂട്ടംപിരിയാതെ ലക്ഷ്യം കൈവിടാതെ മുകളിലെത്തുമ്പോഴറിയാം 'തത്‌ ത്വം അസി' എന്ന്‌; 'അഹം ബ്രഹ്മാസ്മി' എന്ന്‌. രണ്ടു ശങ്കരന്‍മാരും പഠിപ്പിച്ചത്‌ ഇതൊക്കെത്തന്നെയല്ലേ? ശബരിമലയിലെ അയ്യപ്പന്‍ പറയാതെ പറയുന്നതും ഈ വസ്തുതയല്ലേ? കെട്ടഴിക്കാതെ കൈവല്യമില്ലെന്നല്ലേ?

Monday 11 July 2016

വായനക്കായൊരു ദിവസം



ആദിയില്‍ വചനമുണ്ടായി.   ആ വചനം രൂപമായി.   അതു സങ്കല്‍പം.   അതെന്തായാലും വചനത്തിനു രൂപമുണ്ടാക്കിയതു മനുഷ്യന്‍.   അതാണു ലിപി.   വാമൊഴി അങ്ങനെ വരമൊഴിയായി.   വരമൊഴി അങ്ങനെ വായിക്കാനുമായി.   വായില്ലാതെയും വായിക്കാമെന്നായി.   കണ്ണില്ലാതെയും വായിക്കാമെന്നായി.

ഗോവ മലയാള സാംസ്കാരികകേന്ദ്രം (പോണ്ട, ഗോവ) ഇക്കഴിഞ്ഞ ജൂണ്‍ 19-ന്‌ (2016) സംഘടിപ്പിച്ച പി. എന്‍. പണിക്കര്‍ അനുസ്മരണ വായനദിനത്തില്‍ പങ്കെടുത്തപ്പോള്‍ തോന്നിയ ചില കാര്യങ്ങള്‍ ഇതെല്ലാം.   കേരളം വളര്‍ന്നതെത്രയെന്നതിണ്റ്റെ ഒരു വലിയ ചിത്രം കിട്ടി അന്ന്‌.   ഒരുകാലത്ത്‌ കേരളീയരെ വായിപ്പിക്കാന്‍ പാടുപെടേണ്ടിവന്നിരുന്നു. ഇന്നിപ്പോള്‍ വായിക്കുന്നവരെ തൃപ്തിപ്പെടുത്താന്‍ പാടുപെടേണ്ടിവരുന്നു.   ഇതില്‍കവിഞ്ഞ ആദരാഞ്ജലിയുണ്ടോ ആ പിതാമഹന്‌?

പത്രപാരായണം എന്തുകൊണ്ടു ശീലമാക്കണം എന്നൊക്കെ സ്കൂളുകളില്‍ ഉപന്യാസങ്ങളെഴുതിച്ചിരുന്നു അന്‍പതുകളില്‍.   വായിപ്പിച്ചേ അടങ്ങൂ എന്ന തരത്തില്‍ പുസ്തകങ്ങള്‍ തലയില്‍കെട്ടിവയ്ക്കുമായിരുന്നു അധ്യാപകര്‍.   അതൊരു കാലം.   അചിരേണ ദിശാബോധമുള്ള ഗ്രന്ഥശാലാപ്രസ്ഥാനവും സുസംഘടിതമായ വായനശാലാപ്രവര്‍ത്തനവും കേരളത്തില്‍ തുടങ്ങിവച്ചത്‌ പി. എന്‍. പണിക്കരും കൂട്ടരുമായിരുന്നു.   ഭാരതത്തിലെയെന്നല്ല, ലോകത്തെതന്നെ ഗ്രന്ഥവിജ്ഞാനത്തെ ക്രമാനുസൃതം ക്രോഡീകരിച്ച എസ്‌. ആര്‍. രങ്കനാഥന്‌ കേരളത്തിണ്റ്റെ വിശിഷ്ടോപഹാരമാണ്‌ നമ്മുടെ ഗ്രന്ഥാലയപ്രസ്ഥാനം.   പുസ്തകപ്രസാധകരെയും പുസ്തകക്കച്ചവടക്കാരെയും എഴുത്തുകാരെയും വായനക്കാരെയും കൂടെ കണ്ണിചേര്‍ത്താല്‍ ഈ മഹല്‍ചിത്രം സമ്പൂര്‍ണമായി.

പഴയൊരു കഥ നമ്മളെല്ലാം പഠിച്ചുകാണും;  കാക്കയുടെ പാട്ടിനെ പ്രശംസിച്ച്‌ കാക്കയുടെ കൊക്കിലെ അപ്പം തട്ടിയെടുത്ത കുറുക്കണ്റ്റെ കഥ.   അതിനൊരു പുതുഭാഷ്യമുണ്ട്‌.     കാക്കയുടെ പാട്ടിനെപ്പറ്റി കുറുക്കന്‍ പ്രശംസിക്കുമ്പോള്‍ കൊക്കിലെ അപ്പം കാലില്‍കൊരുത്ത്‌ കാക്ക പറയുന്നു,   "പണ്ടത്തെ കഥ ഞാന്‍ പുസ്തകത്തില്‍ വായിച്ചിട്ടുണ്ട്‌. അതിനാല്‍ ഞാന്‍ പാടാനും പോകുന്നില്ല,  നിനക്ക്‌ എണ്റ്റെ കൊക്കില്‍നിന്ന്‌ അപ്പം വീണുകിട്ടാനും പോകുന്നില്ല".    അതാണു വായനയുടെ ഗുണവശം.

പുതിയൊരു കഥയുമുണ്ട്‌.   അടിയന്തരാവസ്ഥക്കാലം.   തീവണ്ടിസ്റ്റേഷനുകളിലെല്ലാം ഇന്ദിരയുടെയും സഞ്ജയുടെയും മുദ്രാവാക്യങ്ങളുടെ ലഹള.   വണ്ടി ഷൊര്‍ണൂറടുക്കുന്നു.   എണ്റ്റെ സീറ്റിനടുത്ത്‌ ഒരു ചെറുപ്പം സ്ത്രീയും മൂന്നു കുട്ടികളും.   മൂത്തതു പെണ്ണ്‌;   എട്ടുപത്തുവയസ്സുകാണും.   പിന്നെ രണ്ടോ മൂന്നോ വയസ്സുള്ള ഒരാണ്‍കുട്ടി.   പോരാത്തതിന്‌ മുലയില്‍തൂങ്ങി ഒരു പൊടിപ്പൈതലും.   ഓരോസ്റ്റേഷനിലും ഒരുപോലെ തൂങ്ങിക്കണ്ട ഒരു ബോര്‍ഡ്‌   അമ്മയ്ക്കെന്തെന്നറിയണം.   മകളോടു പറഞ്ഞു, അതൊന്നു വായിച്ചുകൊടുക്കാന്‍. അക്ഷരം പെറുക്കിപ്പെറുക്കി മോള്‍ ഉറക്കെയുറക്കെ വായിച്ചു:  "ഒന്നേയൊന്ന്‌, കണ്ണേകണ്ണ്‌, രണ്ടും മൂന്നും വേണ്ടേവേണ്ട".   ചുറ്റുമുള്ളവര്‍ പൊട്ടിച്ചിരിച്ചുപോയി.   വായിക്കാന്‍ വശമില്ലാത്ത ആയമ്മ തട്ടം താഴ്ത്തി മുഖംമൂടി.

വായന ഒരു ഹരമാണ്‌. അതിനുള്ള സൌകര്യങ്ങള്‍ ഒത്തുകിട്ടണമെന്നുമാത്രം.   രാമായണത്തില്‍നിന്നും മഹാഭാരതത്തില്‍നിന്നും കഥാസരിത്സാഗരത്തില്‍നിന്നും മദനകാമരാജന്‍കഥയില്‍നിന്നും ആരോഗ്യവും ദീര്‍ഘായുസ്സില്‍നിന്നും ടാനിയയില്‍നിന്നും ഐതിഹ്യമാലയില്‍നിന്നും ചന്ദമാമയില്‍നിന്നും നീക്കി,  സിന്‍ബാദിലേക്കും ചെമ്മീനിലേക്കും ഭര്‍ത്തൃഹരിയിലേക്കും കേരളഭാഷാചരിത്രത്തിലേക്കും സംക്രമിപ്പിച്ച്‌,  കിംഗ്‌ ലിയറിലേക്കും വുഡ്ലണ്റ്റേര്‍സിലേക്കും രേവയിലേക്കും ഓടക്കുഴലിലേക്കും യുക്തിവിചാരത്തിലേക്കും സഞ്ചയനിലേക്കും കുഞ്ചനിലേക്കും വി.കെ.എന്‍.-ലേക്കും ടോള്‍സ്റ്റോയിലേക്കും ടാഗോറിലേക്കും ഹെമിങ്ങ്‌വേയിലേക്കും കാഫ്കയിലേക്കും എല്ലാം സഞ്ചരിപ്പിച്ചത്‌ വീട്ടുകാരും നാട്ടുകാരും അധ്യാപകരും സഹപാഠികളും വായനശാലകളിലെ ഗ്രന്ഥവൈജ്ഞാനികരുമാണ്‌.   കാശില്ലാത്തകാലത്ത്‌ സോവിയറ്റ്‌-പ്രസിദ്ധീകരണങ്ങള്‍ പ്രയോജനമായി, പ്രചോദനമായി - മിര്‍, പീസ്‌ പ്രസിദ്ധീകരണങ്ങളും മിഷ, സോവിയറ്റ്‌ നാട്‌ തുടങ്ങിയ കാലികങ്ങളും.   ഒരു നിയോഗമെന്നതുപോലെ ഒരു ലൈബ്രേറിയനെ ഭാര്യയായിക്കിട്ടി. അന്നുതൊട്ട്‌ ഇന്നുവരെ വായനയ്ക്കുമാത്രം ഞെരുക്കമുണ്ടായിട്ടില്ല. അതുമൊരു ഭാഗ്യം.

ഗോവയില്‍ വന്നെത്തിയ കാലത്ത്‌ വായിക്കാനൊരിടം കഷ്ടിയായിരുന്നു. മാസക്കണക്കിനു നീളുന്ന അന്നത്തെ കടല്‍യാത്രകളില്‍ വായിക്കാന്‍ കയ്യില്‍കരുതുന്ന പുസ്തകങ്ങള്‍ പോരാഞ്ഞ്‌, സാധനങ്ങള്‍ പൊതിഞ്ഞുവരുന്ന പത്രക്കഷ്ണങ്ങള്‍കൂടി വിലപ്പെട്ടതായിത്തോന്നിയിരുന്നു.   ഇന്നു സ്ഥിതിഗതികള്‍ മാറി.   കപ്പലുകളില്‍ ഗ്രന്ഥശാലകളായി.   ഗോവയില്‍ എവിടെത്തിരിഞ്ഞാലും വായനശാലകളായി.   മലയാളിക്കൂട്ടായ്മകളുടെ പുസ്തകശേഖരങ്ങളുമായി,  മലയാളം മിഷണ്റ്റെ പഠനസൌകര്യങ്ങളുമായി.

ഒരുകാലത്ത്‌ കയ്യെഴുത്തുമാസിക വളരെ പ്രചാരത്തിലുണ്ടായിരുന്നു സ്കൂളുകളില്‍.   കലയും സാഹിത്യവും സംയോജിക്കുന്ന അപൂര്‍വം മാധ്യമമായിരുന്നു അന്നെല്ലാം അത്‌.   അക്ഷരവടിവുകള്‍ ആദരിക്കപ്പെട്ടിരുന്നു അക്കാലങ്ങളില്‍.   ഇന്നത്തെ വിവിധയിനം ഫോണ്ടുകള്‍ അതോര്‍മിപ്പിക്കുന്നു.   അക്ഷരത്തോടൊപ്പം ആകാരവും വികാരവും പകര്‍ന്നിരുന്നു കയ്യക്ഷരം.   വായന വളര്‍ന്നപ്പോള്‍ കയ്യക്ഷരം കൈമോശം വന്നതില്‍ ദു:ഖിക്കുന്നു ഞാന്‍.   വായിക്കുന്നതും കമ്പ്യൂട്ടറിലായി,   എഴുതുന്നതും കമ്പ്യൂട്ടറിലായി - ഈ ലേഖനമുള്‍പ്പെടെ.   

കയ്യെഴുത്തുമാസികകള്‍പോലുള്ള ഒറ്റക്കോപ്പിപ്പുസ്തകങ്ങള്‍ക്കുള്ള പ്രസക്തി ഇനിയും നഷ്ടപ്പെട്ടിട്ടില്ല.   കൊച്ചുകൊച്ചു വായനക്കൂട്ടായ്മകളില്‍ ഒറ്റക്കോപ്പി മാസികകളും പുസ്തകങ്ങളും എഴുതിയുണ്ടാക്കി പങ്കുവയ്ക്കുന്ന ഒരു കാലം ഞാന്‍ സ്വപ്നം കാണുന്നു.   ഒരു 'ഒറ്റക്കോപ്പി വിപ്ളവം'  ഞാന്‍ വിഭാവനം ചെയ്യുന്നു.

ചങ്ങമ്പുഴയെ അനുകരിച്ചു പറയട്ടെ, " വായന വായന ലഹരിപിടിക്കും വായന ഞാനതില്‍ മുഴുകട്ടെ, ഒഴുകട്ടെ മമ ജീവനില്‍നിന്നും മുരളീമൃദുരവമൊഴുകട്ടെ".   ജീവിതത്തിണ്റ്റെ ഈ അപരാഹ്നത്തിലും എണ്റ്റെ സാന്ത്വനം വായനയാണ്‌; സായൂജ്യവും.

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...