ആകെ പേജ്‌കാഴ്‌ചകള്‍

2017, ജനുവരി 15, ഞായറാഴ്‌ച

പണിതീർക്കാത്ത വീട്

ചെറുതും വലുതാണെന്നു കാട്ടിത്തന്ന ഒരു മനുഷ്യനുണ്ട് എന്റെ ജീവിതത്തിൽ. പ്രൊഫ. ഹരി ഉപാധ്യേ. അദ്ദേഹം ഇന്നലെ (10 ജനുവരി 2017) മരിച്ചു.
ഒരു കൊച്ചു ജീവിതം; എന്നാലോ എല്ലാം തെളിഞ്ഞത്. ഒരു കൊച്ചു വീട്; എന്നാലോ എല്ലാം നിറഞ്ഞത്. ഒരു കൊച്ചു കുടുംബം; എന്നാലോ എല്ലാം തികഞ്ഞത്. ആവശ്യവും അത്യാവശ്യവും അനാവശ്യവും ഇത്രമാത്രം വേർതിരിച്ചുകണ്ടവർ ചുരുങ്ങും. തന്റെ സ്വപ്നങ്ങളും സങ്കൽപ്പങ്ങളും പണയംവയ്ക്കാതെ അന്യരുടേതെന്തും അനുഭാവത്തോടെയും അനുതാപത്തോടെയും നോക്കിക്കണ്ടൊരു മനുഷ്യൻ ഉപാധ്യേ. പല പ്രകാരങ്ങളിൽ ആളും അർഥവും അനുകമ്പയുമായി മറ്റുള്ളവരെ സഹായിക്കും. അധികം സംസാരിക്കില്ല. പറയുന്നതു പൊൻമുത്തായിരിക്കും. പ്രൊഫസർമാർക്കിടയിൽ കാണപ്പേടുന്ന ധാടിയോ മോടിയോ അദ്ദേഹം കൊണ്ടുനടന്നില്ല.
കൃത്യമായി പറഞ്ഞാൽ എന്റെ അധ്യാപകനൊന്നുമല്ല; ഏകദേശം സമപ്രായക്കാരുമാണു ഞങ്ങൾ. തൊഴിൽപരമായും സമാനാതകളൊന്നുമില്ല ഞങ്ങൾക്ക്. അദ്ദേഹം ഗോവയിലെ ഒരു പ്രമുഖ കലാശാലയിൽ പ്രശസ്ത ഹിന്ദി അധ്യാപകനായിരുന്നു. ആരുമധികം അറിയപ്പെടാത്തൊരു എഴുത്തുകാരനും വിവർത്തകനും. ഹിന്ദിക്കു പുറമെ ഇംഗ്ളീഷും മറാഠിയും കൊങ്കണിയും അനായാസമായി കൈകാര്യം ചെയ്തിരുന്നു അദ്ദേഹം.
ഒരു സമയമെത്തിയപ്പോൾ ചിട്ടവട്ടങ്ങൾക്കൊത്ത അധ്യാപനം ഇനി വയ്യ എന്നു തോന്നി; അതോടെ ജോലിയിൽനിന്നു വിരമിക്കുകയും ചെയ്തു. കിട്ടുന്ന കാശുകൊണ്ട് സന്തോഷത്തോടെ ജീവിച്ചു, അതേപോലെ പണിയിൽനിന്നു വിരമിച്ച ഭാര്യയോടൊത്ത്. ശ്രീമതി സ്മിത വാർത്താവിതരണവകുപ്പിൽ ഉദ്യോഗസ്ഥയായിരുന്നു.
സദാ ചിരിച്ചും ചിരിപ്പിച്ചും മാത്രം സംസാരിക്കുന്ന ശ്രീമതി സ്മിത, ആദ്യമായി കരയുന്നതു കണ്ടത് പ്രൊഫസറുടെ മരണദിവസത്തിലാണ്‌. ആണും പെണ്ണുമായി ഓരോ മക്കളും അവരുടെ മക്കളുമായി ശിഷ്ട ജീവിതവും ശ്രേഷ്ഠമാകട്ടെ എന്നാശംസിക്കാനേ നമുക്കിപ്പോൾ കഴിയൂ.
യാദൃച്ഛികമായാണ്‌ ഞൻ പ്രൊഫസറെ പരിചയപ്പെടുന്നത്, എന്റെ മകളുടെ ഹിന്ദി അധ്യാപകനെന്ന നിലയിൽ. പിന്നീടു ഞങ്ങൾ സമീപവാസികളുമായി. ബാക്കി എല്ലാ വിഷയങ്ങളിലും നിലവാരം കാത്തപ്പോൾ ഹിന്ദിയിൽമാത്രം പരിക്കേറ്റുവീണ എന്റെ മകളെ, ഏതാനും ആഴ്ചകൾകൊണ്ട് ഇരുത്തിപ്പഠിപ്പിച്ചു പാസ്സാക്കിയത് അദ്ദേഹമാണ്‌. വെറും പരീക്ഷയിൽ മാത്രമല്ലായിരുന്നു; ഭാവിജീവിതത്തിലെ ദേശീയദൃശ്യമാധ്യമരംഗത്തെ അതിമത്സരം അഴിഞ്ഞാടുന്ന തൊഴിലിൽ അനായാസമായും ആത്മവിശ്വാസത്തോടെയും പ്രവർത്തിക്കുവാനും അദ്ദേഹമവളെ സജ്ജയാക്കി.
സത്യത്തിൽ പലരുമുണ്ടിതുപോലെ. എന്നാൽ ഇതൊന്നുമല്ല പ്രൊഫ. ഉപാധ്യേയെ വ്യത്യസ്തനാക്കുന്നത്. അദ്ദേഹത്തിന്റെ വീട് ‘സഹവാസ്’. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സഹവാസത്തിന്റെ പര്യായമായി, ബോധപൂർവം തന്നെയായിരിക്കണം അദ്ദേഹവും അദ്ദേഹത്തിന്റെ സഹധർമിണിയുംചേർന്ന് ആ പേരു തിരഞ്ഞടുത്തത്.
ഗോവയിലെ ഞങ്ങളുടെ താലിഗാവ് എന്ന ഗ്രാമത്തിന്റെ വശത്തായുള്ളൊരു ഇടവഴിയിൽ, ആരും പ്രത്യേകിച്ചൊന്നും ശ്രദ്ധിക്കാനിടയില്ലാത്തൊരു വീട്. പിന്നിൽ നെൽപ്പാടം. വീട്ടുവളപ്പിന്‌ രണ്ടടിപ്പൊക്കത്തിൽ പേരിനൊരു മതിൽ, അകന്നകന്നകന്ന അഴികളോടെ. ആർക്കുമതു കവച്ചുകടക്കാം. പറമ്പിന്‌ ശ്വാസംകിട്ടാൻവേണ്ടിയാണെന്നാണ്‌ അദ്ദേഹത്തിന്റെ വിശദീകരണം. കേരളത്തിന്റെ തനതു വാസ്തുശിൽപി ലാറി ബേക്കറും ഇതു പറയാറുണ്ടായിരുന്നല്ലോ. ചെലവുചുരുക്കാനുമാകും. തന്റെ പുരയിടത്തേക്ക് ആർക്കും എന്തിനും എപ്പോഴും കടന്നും വരാം, വരണം, പക്ഷിമൃഗാദികളടക്കം.
വെറും ചെങ്കല്ലും തെങ്ങിൻതടിയുംകൊണ്ടാണ്‌ വീടിന്റെ പണി. ഗോവയിൽ സാധാരണമായ, ഉയരത്തിൽ ഒറ്റക്കൂടോടുകൂടിയ തികച്ചും സാമ്പ്രദായികമായ രൂപകൽപന. മുൻവരാന്തയ്ക്കുമാത്രം കോൺക്രീറ്റ്. ചുമരോടു ചുമർ തൊടുന്ന നെടുനീളൻ ജനാലകൾ; അത്യാവശ്യത്തിനുമാത്രം ചില്ലുകൾ. മുറ്റത്തൊരൂഞ്ഞാൽ; പൂമുഖത്തൊരാട്ടുകട്ടിൽ. പുറത്തു കസേരകളുണ്ടെങ്കിലും അകത്തളത്ത് നിലത്തിരിക്കാൻ പുൽപ്പായ. തളത്തിനും കിടപ്പറയ്ക്കുമിടയിലെ ഭിത്തിയിൽ വാതായനമുണ്ടാക്കി അതിലുറപ്പിച്ചൊരു ടെലിവിഷൻ. ആവശ്യപ്രകാരം അങ്ങോട്ടോ ഇങ്ങോട്ടോ തിരിച്ചുവയ്ക്കാം. ഇരുന്നും കാണാം കിടന്നും കാണാം. വീടിനുമൊത്തം തട്ടിൻപുറം.
പാഴ്മരങ്ങൾക്കും ഫലവൃക്ഷങ്ങൾക്കും പൂച്ചെടികൾക്കും പട്ടിക്കും പൂച്ചയ്ക്കുമെല്ലാം ഓരോരിടം. എല്ലാം സഹവാസികൾ; വിരുന്നുകാരടക്കം. എല്ലാവർക്കും സ്വാഗതം, എപ്പോഴും. സാർഥകമായൊരു സാത്വികജീവിതം. ഭക്തിയുണ്ടെങ്കിലും ഭ്രാന്തില്ലെന്ന് പറയാതെ പറയും.
സ്വയം ഡ്രൈവിങ്ങ്. ആവുന്നതെല്ലാം സ്വയം റിപ്പയർ. പൊട്ടിപ്പോയവ മാറ്റിവയ്ക്കാൻ മേച്ചിലോടും മരക്കഷ്ണങ്ങളും മുറ്റത്തൊരു മൂലയിൽ എന്നും കാണും. അധികമായി ഇന്നു കണ്ടത് ഒരടുക്ക് കൊച്ചോടുകൾ. മംഗലാപുരം-ഓടുകളുടെ അതേ അച്ചിലും മാതിരിയിലുമുള്ള കുഞ്ഞോടുകൾ. ഉദ്ദേശമെന്തെന്ന് ചോദിച്ചറിയാൻ കഴിഞ്ഞില്ലല്ലോ.
വീടുപണി ഒരിക്കലും തീർക്കരുതെന്നു വാശി. മാറ്റമില്ലെങ്കിൽ വീടു മടുക്കും; ജീവിതം വെറുക്കും. കൊച്ചുകൊച്ചു മാറ്റങ്ങൾകൊണ്ട് വീടും ജീവിതവും എന്നെന്നും നവീകരിക്കുകയായിരുന്നു പ്രൊഫ. ഉപാധ്യേ.
ഇപ്പറയുന്ന പ്രപഞ്ചമന്ദിരവും പണിതീരാത്തൊരു വീടല്ലേ?

2017, ജനുവരി 8, ഞായറാഴ്‌ച

കടൽച്ചൊരുക്ക്

കൊച്ചിക്കാരിൽ നല്ലൊരു ശതമാനംപേർക്കും കടലെന്തെന്നറിയില്ല.   അവർ കടലിനേക്കാൾ കായലിനെയായാണ്‌ കാണുക; കണ്ടിരിക്കുക.   കടൽകാണാൻ കായൽ കടന്ന് പടിഞ്ഞാറൻ കടപ്പുറത്തുപോകണം.   അതിനുണ്ടോ നഗരവാസികൾക്ക് സമയവും സന്ദർഭവും സൗകര്യവും?   അഥവാ പോയാൽതന്നെ പകൽ ചൂടുകൊള്ളാൻവയ്യാതെ തിരിച്ചുവരും; പകൽമങ്ങിയാലോ കൊതുകടികൊള്ളാൻ വയ്യാതെയും.   കഷ്ടം തന്നെ കാര്യം.
അത്തരത്തിലൊരു പാവം കൊച്ചിക്കാരനായ ഞാനും, സത്യം പറയട്ടെ, ശരിക്കുമൊന്നു കടൽ കാണുന്നത് ബിരുദാനന്തരപഠനത്തിന്‌ സമുദ്രശാസ്ത്രം തിരഞ്ഞെടുത്തതിനുശേഷമാണ്‌.   കായൽക്കരയിലും ബോട്ടുജെട്ടിയിലും, ഒരിക്കൽ പോയിക്കണ്ട കൊച്ചിതുറമുഖത്തിലും കലപിലകൂട്ടുന്ന വെള്ളപ്പടർപ്പാണ്‌ കടൽ എന്നു ഞാൻ കരുതിയിരുന്നു.   പഠനത്തിന്റെ ഭാഗമായി ഒരു മഴനാളിൽ കൊച്ചി കടപ്പുറത്തു ചെന്നപ്പോഴാണ്‌ കടൽ എന്ന കടംകഥ എന്നെ കുഴക്കിയത്.   ചക്രവാളത്തെ പുണരുന്ന ജലപ്പരപ്പും അതിനെ എത്തിപ്പിടിക്കുന്ന മഴമേഘങ്ങളും അകലെ കുമിഞ്ഞുപൊങ്ങുന്ന തിരമാലകളും കരയിൽ തലതല്ലുന്ന ഓളങ്ങളും ഉപ്പുകാറ്റും വലച്ചൂരും - എന്തിന്‌, അതുവരേക്കും അറിഞ്ഞിരുന്നില്ലാത്തൊരു മട്ടിൽ മനസ്സും ശരീരവും ഒന്നിച്ചൊരനുഭൂതിയിൽ താന്തക്കമാടി.
കേരള സർവകലാശാലയുടെ  സമുദ്രശാസ്ത്രവിഭാഗത്തിന്റെ (അന്നത് നിർദ്ദിഷ്ട കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയുടെ ഭാഗമായി വരുന്നതേയുണ്ടായിരുന്നുള്ളൂ) കോഞ്ച്അഥവാ കോങ്ക്എന്ന ഗവേഷണ-ബോട്ടിലാണ്‌ എന്റെ ആദ്യ സമുദ്രയാത്ര.   (കോഞ്ച് അല്ലെങ്കിൽ കോങ്ക് എന്നാൽ കവടി അല്ലെങ്കിൽ ശംഖ്; വിളിപ്പേര്‌ കൊഞ്ച്’.  വളരെ സമഗ്രവും സന്തുലിതവും സൗകര്യപ്രദവുമായിരുന്ന ആ ഗവേഷണനൗക പിന്നീടു കേടുവന്നുപോയി).  സമുദ്രമെന്നുപറഞ്ഞാൽ അഴിമുഖം വരെ - അത്രയ്ക്കു പോകാനേ ആ ബോട്ടിന്‌ അനുവാദമുണ്ടായിരുന്നുള്ളൂ.   കടൽ കണ്ടു, തിര കണ്ടു, തിരിച്ചുപോന്നു.   എങ്കിലും എന്റെയൊരു കടൽക്കിനാവിന്റെ കാത്തുകാത്തിരുന്നൊരു സാക്ഷാത്കാരമായിരുന്നു ആ കൊച്ചുസവാരി.
താമസിയാതെ പുറംകടലിൽ പോകാനും തരമായി.   ആഴക്കടലിൽ ഫിഷറീസ് സർവേ ഓഫ് ഇൻഡ്യയുടെ  മത്സ്യബന്ധനവിദ്യകൾ കണ്ടുപഠിക്കാൻ ഒരു സമയം ഈരണ്ടു വിദ്യാർഥികളെ അവരുടെ കൂടെ അയക്കുമായിരുന്നു ഞങ്ങളുടെ പ്രൊഫസ്സർ.   ജൈവശാസ്ത്രമായിരുന്നില്ല എന്റെ പഠനവിഷയമെങ്കിലും ഒരു സമുദ്രശാസ്ത്രജ്ഞൻ കണ്ടും കൊണ്ടും കടലറിയണം എന്ന വാശിയിലായിരുന്നു അദ്ദേഹം.  (കടലേ എന്തെന്നറിയാത്ത ഒട്ടനവധി സമുദ്രശാസ്ത്രജ്ഞൻമാർ അചിരേണ അടിഞ്ഞുകൂടി എന്നതു വേറെ കാര്യം).
ആ പഠനയാത്രയ്ക്ക് രണ്ടു നിബന്ധനകൾ തടസ്സമുണ്ടാക്കി.   ആദ്യത്തേത്, കടലിൽ മുണ്ടുടുത്തുപോകരുത്.   അന്നേവരെ പാന്റ്‌സിട്ടിട്ടില്ലാത്ത ഞാൻ ഒരെണ്ണം തയ്പ്പിക്കാനോടി.   രണ്ടാമത്തേത്, കടലിൽവച്ച് തനിക്കെന്തെങ്കിലും അപകടം സംഭവിച്ചാൽ അതിന്‌ സർക്കാർ ഉത്തരവാദിയല്ല എന്നൊരു സത്യവാങ്മൂലം ഒപ്പിട്ടുകൊടുക്കണം.   ഇതുകേട്ടതോടെ വീട്ടുകാരിടഞ്ഞു.   അല്ലെങ്കിലും വീട്ടുകാരുടെ പൂർണസമ്മതത്തിലായിരുന്നില്ല സമുദ്രശാസ്ത്രപഠനത്തിനു ഞാൻ ചേർന്നത്.   ഇതുകൂടി ആയപ്പോൾ സംഗതി കലങ്ങി.   ഒരുവിധത്തിൽ അവരെ പറഞ്ഞു പറ്റിച്ച് മത്സ്യബന്ധനക്കപ്പലിൽ കയറിപ്പറ്റി.
അഴിമുഖം വിട്ടതും ട്രോളർ അമ്മാനമാടിത്തുടങ്ങി.   കടൽമണവും ഡീസൽവാടയും  വലച്ചൂരും മീൻനാറ്റവും ഒന്നിച്ചൊരാക്രമണവും.   തലപെരുക്കുന്നു, കണ്ണെരിയുന്നു, വയർ പുളയുന്നു, മനംപിരട്ടുന്നു, കാൽ കുഴയുന്നു.   ഡെക്കു നിറച്ചും ചാടിപ്പുളയുന്ന മീൻകൂട്ടത്തെക്കൂടിക്കണ്ടപ്പോൾ പിടിച്ചുനിൽക്കാനാകില്ലെന്നു തോന്നി (ഞാൻ പരിപൂർണസസ്യഭുക്കായിരുന്നു).  കടൽച്ചൊരുക്കെന്നാലെന്തെന്നറിഞ്ഞു ഞാൻ.   എന്നാലുംആദ്യകൗതുകത്താൽ പലകാര്യങ്ങളിലായി ശ്രദ്ധതിരിഞ്ഞതിനാലാകാം അകത്തുള്ളത് പുറത്തേക്കു വന്നില്ല.   കഷ്ടി ഛർദ്ദിച്ചില്ലെന്നുമാത്രം    ബാക്കിയെല്ലാമറിഞ്ഞു.   എന്റെ കൂടെയുണ്ടായിരുന്ന സഹപാഠി അപ്പോഴേക്കും ഛർദ്ദിച്ചവശനായി കാബിനിൽ കയറിക്കിടപ്പായിരുന്നു.   കരയണഞ്ഞിട്ടും കാലുറയ്ക്കാത്ത അയാളെ താങ്ങിപ്പിടിച്ചാണ്‌ ഹോസ്റ്റലിലെത്തിച്ചത്.
ബസ്സിലും കാറിലും വിമാനത്തിലും കപ്പലിലുമെല്ലാം സഞ്ചരിക്കുമ്പോൾ മനംപിരട്ടുന്നതും ഛർദ്ദിക്കുന്നതും ഒരു രോഗമൊന്നുമല്ല.   ചലനംകോണ്ടുണ്ടാകുന്ന ഒരസുഖം മാത്രം.   ബഹിരാകാശയാത്രയിലും ഇതുണ്ടാകാം.   മോഷൻ സിക്നസ്സ്’, ‘കിനെറ്റോസിസ്എന്നെല്ലാം അതിനെ പറയും   ചലനത്തെ സംബന്ധിച്ച് ശരീരത്തിന്റെയും മനസ്സിന്റെയുമിടയിൽ സംഭവിക്കുന്ന ചെറിയ താളപ്പിഴയാണ്‌ ഇതിനു കാരണം.   പഞ്ചേന്ദ്രിയങ്ങളുടെ തത്സമയാനുഭവവും മനസ്സിന്റെ അറകളിൽ അടിഞ്ഞുകൂടുന്ന അറിവിന്റെ ആകത്തുകയും തമ്മിലുള്ള ഒരു പൊരുത്തക്കേട്‌.   ചലനത്തെ ശരീരവും മനസ്സും അറിയുന്നതും അനുഭവിക്കുന്നതും സദാസമയവും ഒരുപോലെയാവണമെന്നില്ല.   നിൽക്കുമ്പോൾ നീങ്ങുന്നെന്നു തോന്നാം, നീങ്ങുമ്പോൾ നിൽക്കുന്നെന്നു തോന്നാം.   ഉയർച്ചയും താഴ്ചയും ആട്ടവും അനക്കവും നീക്കവും നിരക്കവുമെല്ലാം ഇങ്ങനെ തെറ്റിദ്ധരിക്കപ്പെട്ടേക്കാം.   പരിചയപ്പെടുമ്പോൾ താനെ മാറുന്നതാണീ അസുഖം.
മനുഷ്യൻ എന്നു കടലിൽപോയിത്തുടങ്ങിയോ അന്നുതൊട്ടേ പരിചിതമാണ്‌ കടൽച്ചൊരുക്ക്, അല്ലെങ്കിൽ സീ സിക്ക്നസ്സ്.   ഇതു മാൽ ദെ മേർഎന്നറിയപ്പെടുന്നു ലാറ്റിൻഭാഷകളിൽ.   ഓക്കാനം, മനംപിരട്ടൽ എന്നെല്ലാം നാം പൊതുവെ പറയുന്ന നോസിയതന്നെ കടലുമായി ബന്ധപ്പെട്ട ഒരു ഗ്രീക്കുവാക്കാണ്‌.
ഒരു പ്ളവകവസ്തുവിന്റെ പരസ്പരം ലംബമായ മൂന്ന് അക്ഷങ്ങളിലായി നീളത്തിലും വട്ടത്തിലുമുള്ള ഈരണ്ടു ചലനങ്ങളുണ്ട്.   മുകളിലേക്കും താഴേക്കുമായി, വശങ്ങളിലേക്കായി, മുൻപോട്ടും പിറകോട്ടുമായി ഇങ്ങനെ ആറുവിധം അനക്കങ്ങളാണ്‌ പുറംകടലിലെ യാനപാത്രങ്ങൾക്കുള്ളത്.   ഇവയിൽ ചിലതെല്ലാം അൽപനേരത്തേക്കെങ്കിലും ഭൗമാകർഷണത്തിനതീതമായും പ്രവർത്തിക്കുന്നു.   ഊഞ്ഞാലാടുമ്പോൾ അറ്റത്തെത്തി വിടുമ്പോഴും കുത്തനെയുള്ള ഇറക്കത്തിൽ വണ്ടി പായുമ്പോഴും നാമിതനുഭവിക്കാറുണ്ട് മറ്റൊരു തരത്തിൽ.   വായിൽ വയറുവന്നു കേറുന്നൊരവസ്ഥ.
പ്രോമെഥാസീൻ’-വർഗത്തിൽപെട്ട  ആവോമീൻപോലുള്ള മരുന്നുകൾ മോഷൻ-സിക്നസ്സിന്‌ പ്രതിരോധമേകാറുണ്ട്.   പക്ഷെ അൽപം മയക്കവും ക്ഷീണവും വായ്-വരൾച്ചയുമെല്ലാം പാർശ്വഫലങ്ങളായുമുണ്ട്.   ആദ്യത്തെ ഒരുദിവസം മരുന്നിന്റെ സഹായത്തോടെയോ അല്ലാതെയോ പിടിച്ചുനിൽക്കാൻ കഴിഞ്ഞാൽ പിന്നെ പതുക്കെ ശരീരവും മനസ്സും കടൽച്ചൊരുക്കിനതീതമാവും.  
ഗവേഷണി’ (വ്യാകരണപരമായി ആ പേര് തെറ്റായിരുന്നു: ‘ഗവേഷിണിഎന്നോഗവേഷികഎന്നോ ആയിരുന്നു വേണ്ടിയിരുന്നത്) എന്ന ഗവേഷണക്കപ്പലിൽ (ആ കപ്പലും ഇന്നില്ല) തുടർച്ചയായി ഒരുമാസത്തോളം ബംഗാൾ ഉൾക്കടലിലും അറബിക്കടലിലുമായി കാറ്റിലും കോളിലും പെട്ടുലഞ്ഞിട്ടുണ്ടൊരിക്കൽ - ഒരു ഓക്കാനം പോലുമില്ലാതെ.   അതിനു പകരം കൊടും ശൈത്യത്തിൽ നോർവീജിയൻകടലിൽ കൂറ്റൻതിരകൾക്കുമുകളിൽ ചാഞ്ചാടി, ചോരവരെ ഛർദ്ദിച്ചിട്ടുമുണ്ട്.   എന്നാൽ ശാന്തമായി യാതൊരു തിരത്തല്ലലുമില്ലാതെ കണ്ണാടിപോലത്തെ കടലിൽ കരയ്ക്കടുത്തു കിടക്കുമ്പോൾ ഛർദ്ദിച്ചു നാശമായിട്ടുമുണ്ട് - ഞാൻ മാത്രമല്ല, കൂടെയുണ്ടായിരുന്നവരെല്ലാം.   ഇന്നും ഞങ്ങൾക്കതൊരു വിസ്മയമാണ്‌.
കടൽച്ചൊരുക്കടക്കം പലതരം മോഷൻ സിക്നസ്സുകൾ - എല്ലാം ശാരീരികമാണെന്നു ഞാൻ പറയില്ല.   കരയ്ക്കടുക്കുന്നു എന്നറിയുമ്പോഴേക്കും അസുഖം’  മിക്കവർക്കും, മിക്കവാറും മാറും.   അൽപം മാനസികവുമല്ലേ കടൽച്ചൊരുക്ക് എന്നെനിക്കു സംശയം തോന്നാറുമുണ്ട്.
എത്ര വലിയവനായാലും കടലിലിട്ടൊന്നു കുലുക്കിയാൽ നോൺ-വെജിറ്റേറിയൻ, വെജിറ്റേറിയനാവും. പുകവലി നിർത്തും, കുടിയും.   കടലാസ്സുവഞ്ചികൾ വരെ ഉണ്ടാക്കി ഡെക്കിലെ ഇല്ലാവെള്ളത്തിലൊഴുക്കി രസിക്കും.   വട്ടായിപ്പോയ മട്ടാവും.  

കടൽ ശാന്തമായാൽ പിന്നെയും തുടങ്ങും പതിവിൻപടി.

2017, ജനുവരി 2, തിങ്കളാഴ്‌ച

വസ്ത്രം മാറുമ്പോൾ അഥവാ തുണിയുരിയുമ്പോൾ തോന്നേണ്ടത്

ഇംഗ്ളീഷിൽ ഒരു ചൊല്ലുണ്ട്: കാലാവസ്ഥക്കൊരു കുറ്റവുമില്ല; വസ്ത്രധാരണത്തിലാണു വൈഷമ്യം’ ("There is nothing wrong with the weather, it is the dress that matters").   ഇതോടൊപ്പം ഷേൿസ്പിയറിന്റെ, ‘കാലാവസ്ഥ മനുഷ്യനെ മെനഞ്ഞെടുക്കുന്നു’ ("Weather maketh the man") എന്നതു കൂടി  ചേർത്തുവയ്ക്കുക.   മനുഷ്യനും വസ്ത്രവും എത്രമാത്രം ചുറ്റിച്ചേർന്നിരിക്കുന്നു എന്നും മനസ്സിലാക്കുക.

സസ്യമൃഗാദികളിൽ മനുഷ്യവർഗംമാത്രമാണ്‌ ഏതു പ്രദേശത്തും ഏതു കാലാവസ്ഥയിലും ജീവസന്ധാരണം നടത്തുന്നത്.   മനുഷ്യന്റെ അതിജീവനത്തിന്റെ ആധാരം, സ്ഥലകാലങ്ങൾക്കനുയോജ്യമായ മുന്നൊരുക്കങ്ങളാണ്‌.   മിക്ക സസ്യങ്ങാൾക്കും മൃഗങ്ങൾക്കും സഹജമായ സുരക്ഷാസംവിധാനങ്ങളുണ്ട്.   അവയേ ഉള്ളൂ.   നിറം, എണ്ണമയം, രോമം, എന്നിങ്ങനെ നിരവധി ഉപാധികൾ.   എന്നാൽ ഇവയെല്ലാം പ്രത്യേക പരിത:സ്ഥിതികളിൽ മാത്രമേ പ്രയോജനപ്പെടുകയുള്ളൂ.   അതിനാൽ തൻ തട്ടകത്തുനിന്ന് പറിച്ചുനട്ടാലോ പിരിച്ചുവച്ചാലോ അവ പകുതിപ്രാണനാകും.   മനുഷ്യനോ സഹജമായ സുരക്ഷാസംവിധാനങ്ങൾക്കപ്പുറം തനതു സുരക്ഷാസന്നാഹങ്ങൾ സജ്ജമാക്കും.   അങ്ങനെ സ്ഥലംമാറിയാലും കാലംതെറ്റിയാലും പുനർജനിക്കും, പുനരവതരിക്കും, പുനർജീവിക്കും.

ഇത്തരം സുരക്ഷാസന്നാഹങ്ങളിൽ ഏറ്റവും പ്രധാനവും പഴക്കംചെന്നതും പടിപടിയായി പുനർനിർണയം ചെയ്യപ്പെടുന്നതും വസ്ത്രധാരണമാണ്‌.   തണുപ്പിൽനിന്നും ചൂടിൽനിന്നും കാറ്റിൽനിന്നും പൊടിയിൽനിന്നും മഴയിൽനിന്നും വെയിലിൽനിന്നുമെല്ലാം സ്വശരീരത്തെ രക്ഷിക്കാൻ തദനുഗുണമായ വസ്ത്രങ്ങളുണ്ടായേ പറ്റൂ.   ഹിമപ്രദേശത്തെ  ആളുകൾക്ക് ഒറ്റമുണ്ടും രണ്ടാമുണ്ടും ചുറ്റി കോന്തലയും പൊക്കിപ്പിടിച്ചു നടക്കാനാവില്ല.   അറബിനാട്ടിലെ കൊടുംചൂടിൽ കോട്ടും സൂട്ടും സൂട്ടാകില്ല.   മഴയിറ്റുന്ന വടക്കുകിഴക്കൻമേഖലകളിൽ തൊപ്പിയില്ലാതാവില്ല.   തെന്നിന്ത്യയിലെ ഈർപ്പംനിറഞ്ഞ കാലങ്ങളിൽ ഇറുകിയൊട്ടുന്ന  വസ്ത്രങ്ങൾ വിലപ്പോവില്ല.

കാലാവസ്ഥക്കനുഗുണമായതെന്തോ അതാണ്‌ നല്ലവസ്ത്രം.   ഉടുതുണി, അടിയുടുപ്പ്, ചെരിപ്പ്, തൊപ്പി, കയ്യുറ, കാലുറ, പുറംചട്ട, തലേക്കെട്ട്, മുഖമറ എന്നിവയെല്ലാം ഇതിൽ പെടും.   വേണ്ടതു വേണ്ട വിധം സ്ഥലകാലങ്ങൾക്കനുസരിച്ചല്ലാതെ ഉപയോഗിച്ചാൽ അത് അരോചകമാകും, ആഭാസവും!

വെറും സംരക്ഷണകവചമെന്നതിലുപരി വലിയൊരു സഞ്ചിതസംസ്ക്കാരത്തിന്റെ സാക്ഷ്യപത്രംകൂടിയാണ്‌ വസ്ത്രം.   നിറച്ചാർത്തുകളും ചിത്രാങ്കനങ്ങളും വാർപ്പട്ടകളും വാൽകിന്നരികളും പീലിക്കെട്ടുകളും കുടുക്കുകളുമെല്ലാം  വെറും വസ്ത്രത്തെ വിലപ്പെട്ടതാക്കുന്നു.   എന്റെ നാലാംക്ളാസ്സിലെ മലയാളപാഠാവലിയിലെ നിറന്നപീലികൾ നിരക്കവേകുത്തി...എന്ന പദ്യം (ചെറുശ്ശേരിയുടെ കൃഷ്ണഗാഥ)  വസ്ത്രധാരണത്തിന്റെ വിശ്വരൂപത്തെ വെളിവാക്കുന്നു എന്ന് ഇന്നു തോന്നുന്നു.

ഒരു വ്യക്തിയുടെ ശരീരത്തോടേറ്റവുമടുത്തു നിൽക്കുന്നതാണു വസ്ത്രം. അതിന്‌ അതിന്റേതായ വ്യക്തിത്വവും സ്വകാര്യതയും സ്വീകാര്യതയും അനുപേക്ഷണീയം.

മുണ്ടിന്റെ മടിക്കുത്ത് ഇടത്തോട്ടും വലത്തോട്ടുമായി പലതരത്തിൽ കാണാം.   പുടവത്തലപ്പും ഇടത്തോട്ടും വലത്തോട്ടുമുണ്ട്.   ചില സമൂഹങ്ങളിൽ വെള്ളനിറം പഥ്യം, ചിലവയിൽ നിഷിദ്ധം.   കറുപ്പുനിറത്തിന്റെ കാര്യവും അതുപോലെ.   മുടിമൂടുന്നതും മുഖം മറയ്ക്കുന്നതും അതുപോലെ.   മാറുമറയ്ക്കാത്തതൊരുകാലം.   മേലാകെ മറയ്ക്കുന്നതു മറ്റൊരു കാലം.   അൽപവസ്ത്രത്തിനുമൊരുകാലം.   ആവശ്യത്തിനുള്ള വസ്ത്രം ആഡംബരത്തിനുള്ള വസ്തുവായി.   ആഡംബരത്തിന്‌ വസ്ത്രമേ വേണ്ടാതായി.

നഗ്നത നാണമായപ്പോൾ നാണം നാനാവിധമായി.   സമൂഹത്തിന്റെ ചുറ്റുകെട്ടിൽ നാണംമറയ്ക്കൽ നിർബന്ധമായി.   കുടുംബമെന്ന സങ്കൽപ്പത്തിന്‌ വിവാഹം നിമിത്തമായി.   വിവാഹത്തിന്‌ വസ്ത്രം വേർപെടുത്താനാവാത്തതായി.   നാട്ടിലെ പണ്ടത്തെ അതിലളിതമായ പുടവകൊടുപ്പിൽ തുടങ്ങി ഇന്നത്തെ അതിവിപുലമായ പട്ടിൽപൊതിയൽവരെ എത്തിയിരിക്കുന്നു വസ്ത്രവും വിവാഹവും തമ്മിലുള്ള ബാന്ധവം.   പാശ്ചാത്യർക്കാണെങ്കിൽ വിവാഹവസ്ത്രം അന്ത്യയാത്രയ്ക്കുകൂടിയുള്ളതാണ്‌.   മരണം വെറും തുണിമാറ്റമെന്ന് നമ്മുടെ ഭഗവത്ഗീത.

നഗ്നത പാപമായിക്കാണുന്ന മതവിഭാഗങ്ങളുണ്ടാകാം; പുണ്യമായിക്കാണുന്നവയുമുണ്ടാകാം.   അത്തരത്തിൽ, വസ്ത്രധാരണത്തെ മതങ്ങളും വേണ്ടുവോളം സ്വാധീനിച്ചിട്ടുണ്ട്.  മതചിഹ്നങ്ങളായിത്തന്നെ വസ്ത്രധാരണരീതി കൈമാറപ്പെടുന്നു.   ദിഗംബരൻമാർ വസ്ത്രത്തെ പാടെ ഉപേക്ഷിച്ചു.   മറ്റുള്ളവർ വ്യത്യസ്തവേഷം കെട്ടിയാടുന്നു.


ഇതൊന്നുമല്ലാതെ, ഇതൊന്നുമില്ലാതെ, തന്റെ തൊഴിലിനും സൗകര്യത്തിനുമൊക്കെയായി വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നവരാണധികവും.   ബെർത്ത്-ഡേസൂട്ടും സൺഡേബെസ്റ്റും ഒന്നും അവരെ സംബന്ധിച്ചിടത്തോളം പ്രമേയങ്ങളേയല്ല.   വെള്ളമുണ്ട് കൈലിക്കും സാരിക്കും ബെർമുദയ്ക്കും നൈറ്റിക്കും ട്രൗസറിനും ചുരിദാറിനുമെല്ലാം വഴിമാറിയല്ലോ.

ഗാന്ധിയുടെ സ്വാതന്ത്ര്യസമരത്തിൽ വിദേശവസ്ത്രബഹിഷ്കരണം ഒന്നാമജണ്ടയായിരുന്നു കുറച്ചധികം കാലം.   അർധനഗ്നനായ ആ ഫക്കീർ വസ്ത്രത്തിന്റെ വിലയും വിലയില്ലായ്മയും ഒരേസമയം മനസ്സിലാക്കിയിരുന്നു.   നമ്മുടെ സാമൂഹ്യഘടനയിലും സാംസ്ക്കാരികഭൂമികയിലും കാലാവസ്ഥയിലും, വിദേശവസ്ത്രവും വസ്ത്രധാരണരീതിയും എത്രമാത്രം അപ്രസക്തമാണെന്നറിയണം.


ഓരോതവണ വസ്ത്രമൂരുമ്പോഴും നാം ചരിത്രത്തിന്റെയും സംസ്ക്കാരത്തിന്റെയും മതവിശ്വാസത്തിന്റെയും സ്വകാര്യതയുടെയും പരാശ്രയത്തിന്റെയും പ്രായോഗികതയുടെയും പുറന്തൊലിയാണ്‌ ഉരിഞ്ഞുമാറ്റുന്നതെന്നോർമിച്ചാൽ നല്ലത്.   വീണ്ടുമതണിയുമ്പോൾ അതൊരു പുറംതോടാണെന്നും.

2016, ഡിസംബർ 27, ചൊവ്വാഴ്ച

ഗണിനിയും പിന്നെ ഞാനും

ഈ അറുപത്താറാംവയസ്സിൽ, ഞാൻ എപ്പോൾ എങ്ങിനെ കമ്പ്യൂട്ടർ ഉപയോഗിച്ചുതുടങ്ങിയെന്നു ഒന്നോർത്തെടുക്കാൻ ശ്രമിക്കുകയാണ്‌.   കൈവിരൽക്കണക്കിൽനിന്ന്‌ കടലാസ്സുകണക്കിലേക്കും, കടലാസ്സുകണക്കിൽനിന്ന്‌ കാൽക്കുലേറ്ററിലേക്കും, അതിൽനിന്ന്‌ കമ്പ്യൂട്ടറിലേക്കും സംക്രമിച്ച തലമുറയാണ്‌ എന്റേത്‌.   മനക്കണക്ക് അന്നും ഇന്നും എന്നും കൂടെയുമുണ്ട്.

പുത്തൻസങ്കല്പമായതുകൊണ്ടാവണം കമ്പ്യൂട്ടറിന്‌ നല്ലൊരു ഭാരതീയപദം ഉരുത്തിരിഞ്ഞില്ല.  ഗണി’, ഗണിത/ശാസ്തവിശാരദനും ഗണിനിഗണിയുടെ സ്ത്രീരൂപവുമാകുന്നു.   ഗണികൻജ്യൗതിഷിയും ഗണകൻപ്രശ്നംവയ്ക്കുന്ന കണക്കനെന്നുകൂട്ടി പറയപ്പെടുന്ന കണിയാനുമാകുന്നു.   ഗണകിസ്ത്രീരൂപവും.   ഗണികപക്ഷെ വേറൊരർഥത്തിലായിപ്പോയി.   ഹിന്ദി, കന്നഡ, പഞ്ചാബി തുടങ്ങിയ ഭാഷകൾക്കൊപ്പം മലയാളവും കമ്പ്യൂട്ടർഎന്ന വാക്കുതന്നെ ഉപയോഗിച്ചു.   നല്ല സാങ്കേതികപദങ്ങളുണ്ടാക്കാൻ മിടുക്കരായ തമിഴർ കമ്പ്യൂട്ടറിനെ ഗണിനിഎന്നു വിളിച്ചു.   മറാഠിയിലത് സംഗണക്ആയി.   കമ്പ്യൂട്ടർ എന്ന നാമം ആണോ പെണ്ണോഎന്നൊരു സന്ദേഹം പല ഭാഷകളിലുമുണ്ട്; അതിനൊപ്പിച്ച വാദങ്ങൾ ഫലിതമായുമുണ്ട്.

മുപ്പത്താറു വർഷംമുൻപ്‌, 1981-ലാണ്‌ ഞാൻ ഒരു കമ്പ്യൂട്ടർ തന്നത്താൻ ഉപയോഗിച്ചു തുടങ്ങുന്നത്‌.   കമ്പ്യൂട്ടർ എന്നൊന്നും തികച്ചും പറഞ്ഞുകൂട.   കുറച്ചു കണക്കുകൂട്ടലുകൾ, കൊച്ചു പ്രോഗ്രാമുകൾവഴി തെറ്റാതെ ചെയ്തെടുക്കാൻപറ്റിയ ഒരു തരം കാൽക്കുലേറ്ററായിരുന്നു അത്‌.   അതിവേഗം ചൂടുപിടിക്കുന്ന മാഗ്നെറ്റിക്‌-കോർ മെമ്മറിയും ഒരു കൊച്ചു ഡിസ്പ്ലേയും ഒരു കുഞ്ഞു തെർമൽ-പ്രിന്ററും ഉണ്ടായിരുന്ന IBM-ന്റെ ഒരു പ്രാകൃതയന്ത്രം.  

ഏതോ സമുദ്രഗവേഷണസഹായപദ്ധതിയുടെ ഭാഗമായി മറുനാട്ടിൽനിന്ന്‌ ഗോവയിൽ കപ്പലിലെത്തിയ രണ്ട്‌ IBM കമ്പ്യൂട്ടറുകളും കേടുവന്നപ്പോൾ, നേരെയാക്കാൻ മുംബൈയിലെത്തിച്ചതാണ്‌.   അതിലൊന്നിലായിരുന്നു ഞാൻ കൈക്രിയ തുടങ്ങിയത്‌.   അക്കാലത്ത് ഞാൻ മുംബൈയിൽ.   തലേവർഷം നോർവേയിലായിരുന്നപ്പോൾ ഗവേഷണപഠനത്തിനു വേണ്ട ഗണന-വിശകലന-ചിത്രീകരണങ്ങൾ കമ്പ്യൂട്ടറുപയോഗിച്ചു ചിട്ടയായി ചെയ്തുകിട്ടുമായിരുന്നു.   (കണ്ടുനിൽക്കാനേ കഴിഞ്ഞിരുന്നുള്ളൂ; ടെക്നീഷ്യൻമാരായിരിക്കും എല്ലാം ചെയ്തുതരിക.)   അന്ന് ആ അനുഭവത്തിലും ആവേശത്തിലും ഒന്നു കൊട്ടിയും മുട്ടിയും തുടങ്ങിയതാണ്‌, ഇന്നും വേതാളത്തെപ്പോലെ വിട്ടാലും വിടാതെ കൂടെക്കൂടിയിരിക്കുന്നത്‌..

സ്ക്കൂൾവിട്ട്‌ കോളേജുക്ളാസ്സിലെത്തിയതോടെ ലോഗരിതം-ടേബിൾആയിരുന്നു ഞങ്ങൾ സയൻസ്‌-കുട്ടികളുടെ മഹാസംഭവം.   ബിരുദാനന്തരഘട്ടത്തിൽ (1970) സമുദ്രവിജ്ഞാനവും അന്തരീക്ഷവിജ്ഞാനവും കയ്യാളേണ്ടിവന്നപ്പോൾ ലോഗരിതം-പട്ടിക പോരാതായി.   ഇന്നത്തെ തലമുറ കാണുന്നതുപോകട്ടെ, കേട്ടിരിക്കാനേ ഇടയില്ലാത്ത ഒരു കുന്ത്രാണ്ടം, ‘സ്ലൈഡ്-റൂൾആയി ഗണനസഹായി.   സ്റ്റാറ്റിസ്റ്റിക്സ്-വിഭാഗത്തിൽ ഒരു ഗണനയന്ത്രവും ഉണ്ടായിരുന്നു, ‘FACIT’ കമ്പനി ഉണ്ടാക്കിയിരുന്ന കണക്കുയന്ത്രം.   പഴയ ടൈപ്-റൈറ്ററിലേതുപോലുള്ള  അക്ക-കീകൾ ഇടത്തേ കൈവിരലുകൾകൊണ്ടമുക്കി, ഒരു  കൈപ്പിടി വലത്തേക്കയ്യു കൊണ്ട് മുൻപോട്ടും പിന്നോട്ടുമെല്ലാം തിരിച്ചുവേണം അതു പ്രവർത്തിപ്പിക്കാൻ.   അതൊരു ഭഗീരഥപ്രയത്നമായിരുന്നിരിക്കണം.   തികച്ചും ശബ്ദായമാനവും.   ഞാനത് ഒരിക്കലും തൊട്ടിട്ടില്ല.

എഴുപതുകളുടെ തുടക്കത്തിൽ   ഗോവയിൽ ഔദ്യോഗികജീവിതം ആരംഭിച്ചപ്പോൾ ആദ്യമെല്ലാം ആരും തൊടാത്തൊരു FACIT- കാൽക്കുലേറ്ററും, പിന്നീട് ആരെയും തൊടീക്കാത്തൊരു എലക്ട്രോണിക്-കാൽക്കുലേറ്ററുമായിരുന്നു പണിസ്ഥലത്ത്.   പതുക്കെ ഒന്നുരണ്ടു മേശക്കാൽക്കുലേറ്ററുകളും പോക്കറ്റ്-കാൽക്കുലേറ്ററുകളും വന്നെത്തി.   ECIL-ന്റെ ഒരു കമ്പ്യൂട്ടർ സ്ഥാപിക്കുവാനുള്ള തയ്യാറെടുപ്പിലായിരുന്നു എന്റെ സ്ഥാപനമന്ന്.   അതുവരുന്നതിനുമുൻപേ എനിക്കൊരു സ്ഥലമാറ്റമായി.

കൊച്ചിയിലെത്തിയ ഉടൻ ഞാനാദ്യമായി സംഘടിപ്പിച്ചത് ഒരു കെൽട്രോൺപോക്കറ്റ്-കാൽക്കുലേറ്ററായിരുന്നു.   അവിടന്ന് ബോംബെയിലേക്കു മാറ്റമായപ്പോൾ അതു കൂടെക്കൊണ്ടുപോകാൻ സഹപ്രവർത്തകർ സമ്മതിച്ചില്ല.   മുംബൈയിൽവച്ച് ഒന്നിനുപകരം രണ്ടു കാൽക്കുലേറ്ററുകൾ വാങ്ങിച്ച് ഞാൻ പകരംവീട്ടി.   അക്കാലത്താണ്‌ IBM-ന്റെ മേൽപ്പറഞ്ഞ ചവറുയന്ത്രവും കൊത്തിപ്പറിച്ചുനടക്കുന്നത്.   നോർവേയിൽ വച്ചു മേടിച്ച ഒരു വമ്പൻപ്രോഗ്രാമബിൾ- കാൽക്കുലേറ്ററും കയ്യിലുണ്ടായിരുന്നു.   അന്നു ഞാൻ ആ Hewlett Packard-ൽ വെറും 99 വരികളിലൊതുക്കി പ്രോഗ്രാം-ചെയ്തെടുത്ത ഗണനങ്ങൾക്ക് കയ്യും കണക്കുമില്ലായിരുന്നു.   ഇന്നെല്ലാം മറന്നു!

വീണ്ടും ഗോവയ്ക്കു സ്ഥലംമാറിവന്നപ്പോഴേക്കും (1982) ഒരു കൊച്ചു കമ്പ്യൂട്ടർ-കേന്ദ്രമെല്ലാം സംഘടിപ്പിക്കപ്പെട്ടുകഴിഞ്ഞിരുന്നു.   പഞ്ച്-കാർഡും മാഗ്നെറ്റിൿ-ടേപ്പുമെല്ലാമായി അത്യാഘോഷത്തിലായിരുന്നു പ്രസ്തുത പരിപാടി.   കമ്പ്യൂട്ടർ- മുറിയുടെ ശീതീകരണം അതിപ്രധാനമായിരുന്നു.   ശീതീകരണിയുടെ ഭാഗമായി പുറത്തൊരു കൂളന്റ്-ടവറുമുണ്ടായിരുന്നു.   സദാ വെള്ളമൊലിച്ചൊച്ചയുണ്ടാക്കുന്ന അതും കാണികൾക്കു കൗതുകമായിരുന്നു.   വെള്ളമില്ലെങ്കിൽ ശീതീകരണം മുടങ്ങും.  ശീതീകരണം മുടങ്ങിയാൽ കമ്പ്യൂട്ടർ മുടങ്ങും.   അക്കാലങ്ങളിൽ ഞങ്ങളുടെ തമാശയായിരുന്നു, കമ്പ്യൂട്ടർ പ്രവർത്തിക്കുന്നത് വെള്ളത്താലാണെന്ന്.   സ്വതേ തലക്കനംകൂടിയ കമ്പ്യൂട്ടർജീവനക്കാർ, വെള്ളമില്ലെങ്കിൽ കാട്ടിക്കൂട്ടുന്ന പരാക്രമം കണ്ടിട്ടാണത്.   കമ്പ്യൂട്ടർകാണാൻവരുന്ന പല കുട്ടികളും ഞങ്ങളുടെ ഈ കൊസ്രാക്കൊള്ളിത്തമാശ ശരിയാണെന്നുവരെ വിശ്വസിച്ചിരുന്നുപോൽ.   (ആദ്യകാലത്തെ റഷ്യൻ കമ്പ്യൂട്ടറുകൾ വെള്ളമുപയോഗിച്ചുള്ള ഒരുതരം ഹൈഡ്രോളിൿ-യന്ത്രങ്ങളായിരുന്നുവെന്ന കാര്യം മറക്കരുതേ!)

അതിനിടയ്ക്കാണ്‌ കരയിലെ ആ കമ്പ്യൂട്ടറിൽതീർക്കാൻപറ്റാത്ത ഒരു പണി, ഗവേഷണക്കപ്പലിലെ ‘Norsk Data’ കമ്പ്യൂട്ടറിൽ സുഗമമായി ചെയ്തു കിട്ടിയത്.   എന്നാലോ അതിന്റെ ഫോർമാറ്റ്, അപ്പണിയുടെ പ്രായോജകരായ ദില്ലിയിലെ താപവൈദ്യുത-എഞ്ചിനിയർമാർക്കുപയോഗിക്കാൻ കഴിയാത്ത തരത്തിലായിപ്പോയി.   ഫോർമാറ്റൊന്നു മാറ്റിക്കിട്ടാൻ ഹൈദരാബാദിലെ ECIL-ന്റെ കമ്പ്യൂട്ടറിലും മുംബൈയിലെ TIFR-ന്റെ ‘Cray’-കമ്പ്യൂട്ടറിലുമൊക്കെയായി കുറെ അലഞ്ഞു.   അവസാനം മുംബൈയിലെ ഒരു സ്വകാര്യസ്ഥാപനത്തിലെ പഴയൊരു റഷ്യൻകമ്പ്യൂട്ടറുടെ ('Borg'-അത് അമേരിക്കനായിരുന്നോ എന്ന് ഇന്നൊരു സംശയം) സഹായത്താൽ കുരുക്കഴിക്കാനായി.   ജെനറേഷൻ ഗാപ്പ്മനുഷ്യർക്കു മാത്രമല്ല.

അങ്ങനെ ഞെളിഞ്ഞിരിക്കുമ്പോഴാണ്‌ ‘Apple-II’ കമ്പ്യൂട്ടറിന്റെ വകഭേദമായ ‘Micro-II’ എന്ന ടേബിൾ-ടോപ്പ് പേർസണൽ കമ്പ്യൂട്ടർ ഒന്നു സംഘടിപ്പിക്കാൻ തരമാകുന്നത്.   BASIC-ൽ കൊച്ചു പ്രോഗ്രാമുകളെഴുതിയും Word Star എന്ന എഴുത്തുപദ്ധതിയുപയോഗിച്ച് രേഖകളുണ്ടാക്കിയും, കൈപ്പിശകിലും കറന്റുപോക്കിലും എല്ലാമപ്പാടെ നശിച്ചും, വീണ്ടുമെഴുതിയും വീണ്ടും തിരുത്തിയും കൊല്ലമൊന്നു കഴിച്ചു.   അവകാശികൾ കൂടിയതിനാൽ ആദ്യാവസാനക്കാരൻ (ആദ്യവാസനക്കാരൻ’) അളയ്ക്കു പുറത്തുമായി.   വിദേശത്ത് പരിശീലനംകഴിഞ്ഞുവന്ന കുറെ പുത്തൻകൂറ്റുകാർ ആ യന്ത്രം പിടിച്ചുവാങ്ങി.   താമസിയാതെ, തമ്മിൽതല്ലി വേറൊരു യന്ത്രം ഞാനും പിടിച്ചുവാങ്ങി.   അതായിരുന്നു DCM-Tandy Radioshack.   CPU-ഉം Monitor-ഉം Key Board-ഉം Floppy Drive-ഉം എല്ലാം ഒന്നിച്ചിണക്കിയ ഒരു ഒറ്റ യൂണിറ്റ്.   തനതായൊരു ഓപ്പറേറ്റിംഗ് സിസ്റ്റത്തിലോടിയിരുന്ന (TRSDOS) ആ കമ്പ്യൂട്ടർ അന്നത്തെ നിലയ്ക്ക് അത്യുഗ്രൻ സേവനമാണു തന്നത്.   Word Perfect എന്നൊരു എഴുത്തുപദ്ധതിയായിരുന്നു അതിൽ.   ശാസ്ത്രപ്രബന്ധങ്ങളും മറ്റുമായി ഒരുപാടു കാര്യങ്ങൾ അതിലൂടെ ചെയ്തുകൂട്ടി.   Casio-വിന്റെ PB-100 എന്ന കൈപ്പത്തിയിലൊതുങ്ങുന്നൊരു ‘Personal Computer’ കൂടി ആയപ്പോൾ കുശാലായി കാര്യങ്ങൾ.   തുടർന്ന് Microsoft-ന്റെ അകമ്പടിയോടെ HCL, Zenith, HP, IBM, Lenovo, DELL എന്നിങ്ങനെ ഒരു നിര തന്നെ വന്നുകയറി.   കമ്പ്യൂട്ടറിന്റെ സാങ്കേതികവശങ്ങളിൽ കാര്യമായ താൽപര്യമില്ലാത്ത എന്നെപ്പോലെയുള്ള  ഉപയോക്താക്കൾക്ക് അതു വളരെ പ്രയോജനം ചെയ്തു.   കണക്കുകൂട്ടാനും പടംവരയ്ക്കാനും പലപല ആപ്ളിക്കേഷനുകളും, മറ്റുകാര്യങ്ങൾക്കായി Microsoft Office-ഉം അതോടൊപ്പം Internet-ഉം ഗവേഷണജീവിതം സുഗമമാക്കി.   Mainframe-Computer, Computer-Centre എന്നെല്ലാമുള്ള സങ്കേതങ്ങൾ 2000-ത്തോടെ അരങ്ങൊഴിഞ്ഞു.    കാര്ർഡും ടേപ്പും ഫ്ളോപ്പിയും പ്ളോട്ടറും ഒന്നുമില്ലാതെ, ‘Lap-Top’-കളും  ‘Tablet’-കളും ‘Smart Phone’-കളും കൂടി ആയപ്പോൾ ഓടിനടന്നു പണിയെടുക്കുവാൻ  ഇന്നു കഴിയുന്നു.


സമുദ്രശാസ്ത്രഗവേഷണത്തോടൊപ്പം രണ്ടാംപ്രേമമായ മലയാളമെഴുത്ത് കമ്പ്യൂട്ടറിൽ സാധ്യമായത് അത്ര എളുപ്പത്തിലൊന്നുമല്ല.   ആദ്യം ‘India Page ’എന്നൊരു പാക്കേജ് വാങ്ങിനോക്കി.   അതിൽ മൂന്നക്ഷരം വരെയേ കൂട്ടിച്ചേർക്കാനാകുമായിരുന്നുള്ളൂ; നാലാമതൊന്നു ചേർത്താൽ അതുവരെ എഴുതിയതെല്ലാം മൺമറയും.  സ്വാതന്ത്ര്യംഎന്നെഴുതുമ്പോൾ ന+ത+റ കഴിഞ്ഞ് ചേർക്കുമ്പോഴേക്കും എല്ലാം മായും.   കാശുപോയതു മിച്ചമായി.   പിന്നെ C-DAC-ന്റെ LEAP എന്ന ഭാരതീയഭാഷാ-പ്രോഗ്രാം ഉപയോഗിച്ചു; കുറെ കഷ്ടപ്പെടുകയും ചെയ്തു.   അതിനിടയ്ക്കാണ്‌ പുഴ.കോം’-ന്റെ ചൊവ്വരഎഡിറ്റർ കാണുന്നത്.   അതിൽ കുറെ പയറ്റി.   പക്ഷെ പലപല പ്രസിദ്ധീകരണങ്ങൾ പലപല വിധത്തിലായിരുന്നതിനാൽ ഫോണ്ടുമാറ്റം പ്രശ്നമായി.   അപ്പോൾ വരമൊഴിഎന്ന പദ്ധതി കയ്യിൽകിട്ടി.   ഒരു ഫോണ്ടിൽനിന്നു മറു ഫോണ്ടിലേക്കു ചാടാൻ ‘TypeIt’-ഉം സഹായകമായി.   പിന്നെപ്പിന്നെ ഗൂഗ്ൾ-ഇൻപുട്ടായി, കീ-മാജിക് ആയി.   ഇനിയുമെന്തെങ്കിലും നല്ലതുവന്നാൽ എടുത്തുചാടാൻ കടവത്തെത്തി നിൽക്കുന്നു ഞാൻ.  

2016, ഡിസംബർ 18, ഞായറാഴ്‌ച

സമയമാം രഥത്തിൽ

സമയമാം രഥത്തിൽ ഞാൻ സ്വർഗയാത്ര ചെയ്യുന്നു; എൻ സ്വദേശം കാൺമതിന്നായ് ഞാൻ തനിയെ പോകുന്നു....എന്നൊരു ഗാനമുണ്ട്.   മലബാറിലെത്തിപ്പെട്ട നഗേൽ എന്നൊരു ജെർമൻപാതിരി, മലയാളത്തിൽ നൂറ്റാണ്ടുകൾക്കുമുൻപെഴുതിയതാണത്രേ ഇത് (എഴുപതുകളിൽ വയലാർ രാമവർമ അതൽപം മാറ്റിപ്പകർത്തി, ‘അരനാഴികനേരംഎന്ന സിനിമയിൽ ചേർത്തു).   ഇപ്പാട്ടിന്‌ ലോകമെമ്പാടും പത്തുപതിനേഴു വിവർത്തനങ്ങളുമുണ്ടത്രേ.    സമാന്തരമായി മറാഠിയിലുമുണ്ടൊരു ഗാനം:  ആമി ജാതോ അമുച്യാ ഗാവാ...” (അത് സന്ത് തുക്കാറാമിന്റേതാണെന്നും കാണുന്നു.)


ആർക്കും ഈ പാട്ടിലെ ശോകച്ഛവി ശ്രദ്ധിക്കാതിരിക്കാനാവില്ല - സമയത്തെക്കുറിച്ചുള്ളതെന്തും ആത്യന്തികമായി ശോകജന്യമാണെന്നും.   ഒരു പക്ഷെ മരണചിന്തയാവാം മനസ്സിന്റെ മറയത്ത് മിന്നാട്ടമായി.   ഒരിക്കലും തിരിച്ചൊഴുകാൻ കഴിയാത്തതാണല്ലോ കാലം.   ഓരോ യാത്രയും കാലത്തിനെതിരെയുള്ള കുത്തൊഴുക്കാണ്‌.   യാത്ര തുടങ്ങിയേടത്തു തിരിച്ചെത്തിയാലും കഴിഞ്ഞകാലം തിരിച്ചെത്തില്ല.   ഓരോ നിമിഷവും നമ്മൾ മരണത്തോടടുക്കുന്നു എന്നതാണു സത്യം.


ആളുകളും അനുഭവങ്ങളും സംഭവങ്ങളും ആവർത്തിക്കുന്നുണ്ടാവാം.   അതാണല്ലോ വട്ടംചുറ്റുന്ന രഥചക്രങ്ങൾ സൂചിപ്പിക്കുന്നത്.   ആ ചക്രങ്ങളിലേറി കാലം മുൻപോട്ടോടുന്നു.  


സൂര്യനാണ്‌ നമുക്ക് നിത്യേന സമയബോധമുണ്ടാക്കുന്നത്.   സമയത്തിന്റെ പ്രത്യേക സന്ധികളെ നാം സന്ധ്യയെന്നു വിളിക്കുന്നു.   വെളിച്ചത്തിൽ നിന്ന് ഇരുളിലേക്കു കടക്കുന്നതു സായംസന്ധ്യയിൽ.   ഇരുളിൽനിന്ന് വെളിച്ചത്തിലേക്കു കടക്കുന്നതു ഉഷ:സന്ധ്യയിൽ.   ഏഴുകുതിരകളെ കെട്ടിയ രഥത്തിലാണ്‌ സൂര്യഭഗവാന്റെ ജൈത്രയാത്രയെന്നാണ്‌ ഭാരതീയസങ്കൽപവും  (സൂരജ് കാ സാത്വാ ഖോഡ’-യും കൂട്ടത്തിൽ ഓർത്തുപോകുന്നു).


പ്രാത:സന്ധ്യ പ്രതീക്ഷയുടേയും സായംസന്ധ്യ വേർപാടിന്റെയും സമയമായാണ്‌ പൊതുവെ നമുക്കനുഭവം.   സുപ്രഭാതം തുടങ്ങുന്നത്, “കൗസല്യാസുപ്രജാ രാമാ പൂർവസന്ധ്യാ പ്രവർത്തതേ, ഉത്തിഷ്ഠ നരശാർദ്ദൂല കർത്തവ്യം ദൈവമാഹ്നികം...എന്ന് ഉദ്ബോധിപ്പിച്ചുകൊണ്ടല്ലേ.   ഇതിന്റെ മറ്റൊരു മനോഹരഭാഷ്യമാണ്‌ മറാഠിയിലെ ഘനശ്യാമ സുന്ദരാ ശ്രീധരാ അരുണോദയ ഝാലാ, ഉഠി ലവ്കരി വനമാലീ, വനമാലീ...”.   അതേ ഈണത്തിൽ നമുക്കുമുണ്ടൊന്ന്‌: നീലഗിരിയുടെ സഖികളേ, ജ്വാലാമുഖികളേ, ജ്യോതിർമയിയാം ഉഷസ്സിനു വെള്ളിച്ചാമരം വീശും മേഘങ്ങളേ സുപ്രഭാതം, സുപ്രഭാതം, സുപ്രഭാതം.....“.


സന്ധ്യക്കെന്തിനു സിന്ദൂരംഎന്നും വാതിൽപ്പഴുതിലൂടെൻമുന്നിൽ കുങ്കുമം വാരിവിതറും ത്രിസന്ധ്യപോലെഎന്നും കേട്ട പ്രണയതരളിതരായ കമിതാക്കൾക്കു തോന്നും, ”ഗോപുര മുകളിൽ വാസന്ത ചന്ദ്രൻ ഗോരോചനക്കുറി വരച്ചു....എന്നെല്ലാം.    എന്നാൽ വിരഹികളോ  ഭഗ്നാശരോ സന്തപിക്കുക,  ”സന്ധ്യേ, കണ്ണീരിതെന്തേ സന്ധ്യേ...എന്നായിരിക്കും.


പൊതുവെ, തിര്യക്കുകൾക് പ്രഭാതം കൂടുവിട്ടിറങ്ങാനും, സന്ധ്യ കൂടണയാനുമാണ്‌.   ദൈനികചക്രം പകൽ പണിയെടുക്കാനും രാത്രി വിശ്രമിക്കാനുമാണെന്നാണു പ്രകൃത്യാ.   അതിർത്തിയിലെ സൈനികർ, നാട്ടിലെ കാവൽക്കാർ, പെരുവഴിയിലെ വണ്ടിയോട്ടക്കാർ, ഫാക്റ്ററികളിലെ രാത്രിപ്പണിക്കാർ എന്നിവരുടെ ശാരീരികവും മാനസികവുമായ സമ്മർദ്ദം ഊഹിക്കാവുന്നതേയുള്ളൂ.   മൃഗങ്ങളിൽ ശ്വാനവർഗം മാത്രമേ പകലുറങ്ങിയും രാത്രി കുരച്ചും സമയത്തെ തലകുത്തി നിർത്താറുള്ളൂ.   പിന്നെ കൊതുകും എലിയും പെരുച്ചാഴിയും മരപ്പട്ടിയും കാലങ്കോഴിയും മൂങ്ങയുമെല്ലാം ഇല്ലെന്നില്ല.   അത്തരക്കാരുമുണ്ട് നമ്മുടെ ഇടയിൽ!   പിൽക്കാലത്ത് ദു:ഖമേ നിനക്കു പുലർകാല വന്ദനം, കാലമേ നിനക്കഭിനന്ദനം....എന്നു വിധിക്കു കീഴടങ്ങേണ്ടിവരുന്നവരാണവർ.


ഒറ്റപ്പെടലിന്റെ ഒരുനൂറുവർഷങ്ങൾപങ്കിട്ട് മാർക്കേസ് കാലത്തെ തിരിച്ചൊഴുക്കിയപ്പോഴാണ്‌ ജീവിതമേയൊരു മാജിക്കൽ റിയലിസമാണെന്ന് നമുക്കു തോന്നിപ്പോയത്.   കാലത്തെ തിരിച്ചുവയ്ക്കുന്നവരുണ്ട്.   കാലത്തെ കവച്ചുവയ്ക്കുന്നവരുണ്ട്.   കാലത്തെ കടത്തിവെട്ടുന്നവരുണ്ട്.   കാലത്തെ കുന്നിക്കുരുവാക്കുന്നവരുമുണ്ട്.   എന്നാൽ കാലത്തെ കുരുതിക്കുകൊടുക്കുന്നവരെമാത്രം കാലം മാപ്പാക്കില്ല.   ചെയ്യേണ്ടതു ചെയ്യാതെ ചെയ്യേണ്ടാത്തതുമാത്രം ചെയ്തുചെയ്തു ചീഞ്ഞുചാവാൻ വിധിക്കപ്പെട്ടവരാണവർ.


സമയത്തിന്റെ വില അറിയാത്തവരാണവർ.   സമയത്തിലെത്താത്തവരാണവർ.   സമയത്തിനൊക്കാത്തവരാണവർ.   ഒരുപക്ഷെ നമ്മൾ ഇന്ത്യക്കാരായിരിക്കും ലോകത്തെ മികച്ച സമയംകൊല്ലികൾ.   ഐ.എസ്.ടി. എന്ന ഇൻഡ്യൻ സ്റ്റാന്റേർഡ് ടൈം’ (ഭാരതീയ മാനകസമയം) എന്നത് ഇന്റിവിഡ്വൽ സ്റ്റാന്റേർഡ് ടൈം’ (തന്തോന്നി സമയം) ആണെന്നു പരാവർത്തനം ചെയ്തവരാണു നാം.   ഒരു കൊച്ചുയോഗം പോലും സമയത്തിനു തുടങ്ങിക്കണ്ടിട്ടുണ്ടോ ഇവിടെ?   പണ്ടൊക്കെ അധ്യക്ഷനും മറ്റുമടങ്ങുന്ന പ്രധാനപ്പെട്ടവരായിരുന്നു വൈകി എത്തിച്ചേർന്നിരുന്നത്.   അതുകണ്ടു പരിചയപ്പെട്ടുപഠിച്ച് സദസ്യരും വൈകിയെത്താൻതുടങ്ങി.   സംഘാടകർക്കുമറിയാം അഞ്ചെന്നു പറഞ്ഞാൽ ആറിനേ ആളുകളെത്തുള്ളൂ എന്ന്.   ഇപ്പോഴൊക്കെ ആറിനുള്ള യോഗം അഞ്ചരയ്ക്കെന്നു പറയും.   അല്ലെങ്കിൽ അഞ്ചഞ്ചരയ്ക്കെന്ന്.   അടുത്തിടെ കണ്ടു, സദസ്യരെത്തിയിട്ടും അധ്യക്ഷനെത്തിയിട്ടും ചില സംഘാടകരെത്താത്തതിനാൽ യോഗം വൈകിത്തുടങ്ങിയതും.


ആയിരത്തിത്തൊള്ളായിരത്തി എൺപതുകളിൽ, ഡോ. എസ്. എൻ. സിദ്ദിക്കി എന്നൊരു മേലധികാരി ഉണ്ടായിരുന്നു എനിക്ക്.   പത്തുമണിക്കു മീറ്റിംഗ് എന്നു പറഞ്ഞാൽ പത്തുമണിക്കുതന്നെ അതു തുടങ്ങിയിരിക്കും അദ്ദേഹം.   പത്തുമണികഴിഞ്ഞ് ആരു വന്നാലും, “നിങ്ങളില്ലാതെ മീറ്റിംഗ് തുടങ്ങാൻ കഴിഞ്ഞു; അതുകൊണ്ട് നിങ്ങളുടെ ആവശ്യം ഇനിയില്ല”, എന്നു പറഞ്ഞ് അവരെ മടക്കി അയക്കും.   ഒരിക്കൽ ഞാനും അദ്ദേഹവും മാത്രമായിക്കൂടി ഒരു കമ്മിറ്റിയോഗം കൂടിയിട്ടുണ്ട്!   ഇന്നും ഞാൻ സമയത്തിനെത്തുന്നുണ്ടെങ്കിൽ, വൈകുന്നെങ്കിൽ അതു സമയാസമയം സംഘാടകരെ അറിയിക്കുന്നുണ്ടെങ്കിൽ ആ കൊടുംചിട്ടയ്ക്കു ഞാൻ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോടാണ്‌.


ഭൗതികതലത്തിൽ വസ്തുക്കളുടെ വേഗം പ്രകാശവേഗത്തെ പുറംതള്ളാൻ വയ്യെന്നാണ്‌ ഐൻസ്റ്റീന്റെ അഭ്യൂഹം; അതുവരെ സമയം എന്ന ഏകകത്തിന്‌ യാതൊരുതരം ആപേക്ഷികവ്യതിയാനവും സംഭവിക്കില്ലെന്നും.   ഇനി അഥവാ താത്ത്വികതലത്തിലെങ്കിലും പ്രകാശവേഗത്തെ മറികടക്കാനായാൽ, സമയത്തിനു ച്യുതം സംഭവിക്കുമെന്നും അനുമാനമുണ്ട്.   അപ്പോൾ മാത്രം.ഐൻസ്റ്റൈൻ പറഞ്ഞതെന്താണെങ്കിലും - എന്തുവേണമെങ്കിലും പറഞ്ഞോട്ടെ- സമയമെന്നതു വലിച്ചാൽ വലിയും, വിട്ടാൽകൂടും എന്നു നമുക്കല്ലേ അറിയൂ.   കാത്തിരിക്കുന്നവനെ കാണാതിരിക്കുമ്പോൾ സമയം ഇഴഞ്ഞിഴഞ്ഞു നീങ്ങും.   അവസാനം കാത്തുകാത്തിരുന്നവൾ കൂടിച്ചേർന്നിരിക്കുമ്പോൾ സമയമങ്ങു പറക്കും.   മനോവേഗത്തിന്‌ പ്രകാശവേഗത്തെ അതിക്രമിക്കാനാനുമാവും!

2016, ഡിസംബർ 17, ശനിയാഴ്‌ച

മതവും മദവും മത്സരത്തിൽ

ആദ്യമേ പറഞ്ഞുവയ്ക്കട്ടെ, ഈ ലേഖനത്തിലെ കാര്യങ്ങൾ ആരെയും മുറിപ്പെടുത്താനല്ല.   മറിച്ച് സുഖപ്പെടുത്താനുമല്ല.   അതിനും ഞാനാളല്ല.   പറ്റുമെങ്കിൽ ഇടയ്ക്കെല്ലാം ഒരു വിരേചനം - എന്നുവച്ചാൽ വയറിളക്കൽ - നല്ലതാണ്‌.   ഉപവാസംപോലെ, ധ്യാനം പോലെ, തീർത്ഥാടനംപോലെ.   അത്രയ്ക്കു കരുതിയാൽ മതി.   ചിട്ടയൊന്നു തിരുത്തിയാൽ   ശരീരവും മനസ്സും ഒട്ടൊന്നു ശുദ്ധമാകും.   വഴിയെ വീണ്ടും വെടക്കാകുമെന്നതു വേറെകാര്യം.

മതമാത്സര്യം കുന്തിച്ചു കുന്തിച്ചു, മതി കെട്ടു നടക്കുന്നിതു ചിലർ എന്ന് ഇന്നത്തെ ജ്ഞാനപ്പാന.   (ജ്ഞാനപ്പാനയെ കള്ളിൻകുടമാക്കുന്ന വിദ്യാഭാസംനമ്മൾ മലയാളിക്കു സ്വന്തം.)   അടുത്തകാലംവരെ വെറും വീട്ടാചാരം മാത്രമായിരുന്ന മതവിശ്വാസങ്ങൾ ഇപ്പോൾ നാട്ടാചാരങ്ങളായി.   വീടിനും ആരാധനാലയത്തിനും വെളിയിൽ പൊട്ടിയൊലിക്കുന്ന കാനകളായി.   ഉത്സവപ്പറമ്പുകാൾ ശവപ്പറമ്പുകളാവുന്നു.   മതയോഗങ്ങൾ മനോരോഗമാകുന്നു.   വിശ്വാസപ്രമാണങ്ങൾ വിധ്വംസകമാകുന്നു.   ഒച്ചവച്ചും ഓരിയിട്ടും സാക്ഷ്യം പറഞ്ഞാലേ മതവിശ്വാസമുറയ്ക്കൂ എന്നൊരു വാശി.   നടുറോട്ടിൽ നാലുപേർ കാണാൻ ഒരു നൽനടപ്പും - കറുപ്പിൽപൊതിഞ്ഞും വെളുപ്പിൽപുതഞ്ഞും  കാവിയണിഞ്ഞും മഞ്ഞകലർത്തിയും പച്ചപുരട്ടിയും നീലം തേച്ചും.    ഒരു വിഭാഗം തുടങ്ങിയാൽ വേറൊരു വിഭാഗം തുടങ്ങുകയായി.   ഒരു വിഭാഗമടങ്ങിയാൽ മറ്റൊരു വിഭാഗം തുടങ്ങുകയായി.   കലക്കവെള്ളമേ വേണ്ടൂ ഈ വമ്പൻ മീനുകൾക്ക്.   തിരയടിച്ചേ തീരൂ ഈ കൊമ്പൻസ്രാവുകൾക്ക്.

പൊന്നും പെണ്ണും മണ്ണുമല്ലേ, മാത്രമല്ലേ, ഇക്കണ്ട മതങ്ങളുടെയെല്ലാം ഇന്നത്തെ വിഷയം?   ഭൌതികതയ്ക്കപ്പുറം ചിന്തിക്കാൻ മനുഷ്യൻ മെടഞ്ഞെടുത്ത മതസിദ്ധാന്തങ്ങൾക്ക് മദമിളകിയിരിക്കുന്നു.   മടപൊട്ടിയിരിക്കുന്നു.   മടിനിറയ്ക്കാൻ മത്സരിക്കുന്നു.   മടിനിറഞ്ഞപ്പോൾ മതിമറന്ന്, മതിമറിഞ്ഞ്, മതമപ്പാടെ മറന്നിരിക്കുന്നു.   മദംമാത്രം ബാക്കിനിൽക്കുന്നു.

ആഘോഷങ്ങൾ വേറെ, ആചാരങ്ങൾ വേറെ, അനുഷ്ഠാനങ്ങൾ വേറെ.   മതവും മദവും തിരിച്ചറിയാത്തവർക്ക് ഇതെല്ലാം ഒന്ന്.   സത്യത്തിനു മുഖം ഒന്നേയുള്ളൂ എന്നറിയാഞ്ഞിട്ടൊന്നുമല്ല.   സ്വർണപാത്രം കയ്യിൽ കിട്ടിയാൽ അതെടുത്തു സത്യത്തിന്റെ മുഖമടച്ചങ്ങു മറച്ചുകളയും, അത്രതന്നെ!

മതം മനുഷ്യനെ നന്നാക്കാനോ ചീത്തയാക്കാനോ?   മനുഷ്യസ്നേഹം മുഖംനോക്കിയാണോ, മതം നോക്കിയാണോ?   ഒരു ചട്ടക്കൂട്ടിൽ പെട്ടാൽ ബാക്കിയെല്ലാം പൊട്ട.   പൊട്ടിപ്പൊളിഞ്ഞാലും പൊട്ടിത്തെറിച്ചാലും പറ്റിപ്പിടിച്ചാലും വിട്ടുപോകില്ല മതഭ്രാന്ത്.

നിവൃത്തിയുണ്ടെങ്കിൽ ഞാൻ വ്യാഖ്യാനങ്ങൾ വായിക്കാറില്ല.   മൂലം (ഒറിജിനൽ) വായിച്ചിട്ടു മനസ്സിലായതു മതി.   അതിനുകൂടി ഈ ജൻമം തികയില്ല.   എന്നിട്ടല്ലേ വ്യാഖ്യാനങ്ങൾ പഠിക്കാൻ.   തനിക്കുതോന്നുന്നതേ വ്യാഖ്യാതാവുമെഴുതൂ.   അല്ലെങ്കിൽ തോന്നണമെന്നു തോന്നുന്നതെഴുതും.   മതങ്ങളേക്കാളും മതബോധനങ്ങളെ വ്യാഖ്യാനിക്കുന്ന മതവീരൻമാരുണ്ടല്ലോ, അവരാണു വില്ലൻമാർ.

സ്ത്രീവിഷയം ഒഴിഞ്ഞൊരു സമയമുണ്ടോ മതങ്ങൾക്ക്പെണ്ണെന്തുടുക്കണമെന്നും പെണ്ണിനെത്ര പൊന്നുവേണമെന്നും പെണ്ണിന്‌ മണ്ണിലെത്ര അവകാശമുണ്ടെന്നുമെല്ലാം മണ്ണുംചാരിനിൽക്കുന്ന മതാനുചാരികൾ തീരുമാനിക്കുന്നു.   മതമേധാവികളോ മദംപൊട്ടി അലയുന്നു.   കുഞ്ഞെന്നും കുരുടിയെന്നും വൃദ്ധയെന്നും വിധവയെന്നുമൊന്നും നോക്കാതെ, ‘പെണ്ണാണോ അതു തങ്ങൾക്ക്എന്ന ഹീനമനസ്സാണ്‌ ഈ നീചസൃഷ്ടികൾ കൊണ്ടുനടക്കുന്നത്.   ഭക്തിയും മുക്തിയും ധ്യാനവും യോഗവും ജപവും പൂജയും മന്ത്രവാദവും തീർഥാടനവും അവസാനം പെണ്ണിരയെ ലാക്കാക്കിമാത്രം.  

മതമെന്നാൽ താൻ ശരിയെന്നല്ല, താൻമാത്രം ശരിയെന്നുമല്ല, മറ്റുള്ളവരെല്ലാം തെറ്റാണെന്നുകൂടി സ്ഥാപിച്ചെടുക്കലായി മാറിയിരിക്കുന്നു.   താൻ എന്തോ ആയാൽപോര, മറ്റുള്ളവർകൂടി തന്നെപ്പോലാവണമെന്ന ആ നിർബന്ധമുണ്ടല്ലോ ആ ദുർബുദ്ധിക്കു വേറെ മരുന്നില്ല - മരണം മാത്രം.   ചത്താലും ചത്തവരെ ചിരഞ്ജീവിയാക്കുന്ന ചെപ്പടിവിദ്യയും മതങ്ങൾക്കു സ്വന്തം.    എന്നാലോ തനിക്കുശേഷം പ്രളയമെന്നോതിയവരെല്ലാം പ്രളയപയോധിയിൽ മുങ്ങിച്ചത്ത കഥയേയുള്ളൂ.   ചത്തുമലച്ചുകിടക്കുമ്പോൾ മതമെവിടെ മക്കളേ, മദമെവിടെ മക്കളേ?

സെക്കുലറിസം എന്നൊരു മിഥ്യയുംകൊണ്ടു നടപ്പാണ്‌ നമ്മൾ.   സെക്കുലറിസത്തെ മതവിരോധമായി കാണുന്നു തുമ്മിയാൽ മൂക്കുതെറിക്കുമെന്നു ഭയക്കുന്ന മതാധിപതികൾ.   മതമൈത്രിയെന്നഭിനയിക്കുന്നു രണ്ടുവഞ്ചിയിൽ കാലുവയ്ക്കുന്ന രാഷ്ട്രീയക്കാർ.   മതനിരാസമെന്നുദ്ഘോഷിക്കുന്നു  വീടിനു തീപിടിക്കുമ്പോൾ വാഴക്കുലവെട്ടുന്ന വിരുതൻമാർ.    മതനിരപേക്ഷമെന്ന്  മന്ദബുദ്ധിജീവികൾ.     അതു മതാതീതമായിക്കാണുന്നവർ ചുരുക്കം.   എല്ലാ മതങ്ങളെയും മൂടുതാങ്ങി സന്തോഷിപ്പിക്കുകയല്ല, പ്രത്യേകിച്ചൊരു മതത്തെയും താങ്ങിനിർത്താതിരിക്കലല്ലേ യഥാർത്ഥത്തിൽ സെക്കുലറിസം?

ആദ്യം മതത്തിന്റെ ആ അക്ഷരത്തെറ്റൊന്നുണ്ടല്ലോ, അതു മാറ്റണം.   മതത്തിന്റെ മത്സരങ്ങൾ നിർത്തണം.   മദം താനെ അടങ്ങും.


ഇതൊന്നും ആരും പറയാത്തതല്ല.   പറഞ്ഞാലൊട്ടു തീരുകയുമില്ല.   കാലങ്ങളായി നടന്നുപോരുന്ന, കാലങ്ങളിലൂടെ കടന്നുപോരുന്ന ഈ തെറ്റുകൾ അറിഞ്ഞുകൊണ്ടു ചെയ്യുന്നവയാണുതാനും.   ഒരു കൊച്ചുരോഗമൊന്നുമല്ലത്.   സമൂഹത്തെ കാർന്നുതിന്നുന്ന ആർജിതമഹാരോഗമാണത്.   

2016, ഡിസംബർ 8, വ്യാഴാഴ്‌ച

അളവല്ലാത്ത അളവുകൾ

ഭൌതികതയും ആത്മീയതയും നല്ല ദമ്പതിമാരെപ്പോലെയാണ്‌.   ഒന്നില്ലാതെ മറ്റൊന്നിനു സാർഥകതയില്ല.   തലതല്ലി വഴക്കിട്ടാലും കുറെക്കഴിഞ്ഞാൽ കൂട്ടുകൂടും.    പിന്നെയും പിണങ്ങും; ഇണങ്ങും.   മൂന്നാമൻവന്നാൽ മുക്രയിട്ടോടിക്കും.


ഭൌതികതയുടെ ചിട്ടവട്ടമാണ്‌ ഭൌതികശാസ്ത്രം.   അടിസ്ഥാനപരതയുടെ ആകത്തുക.   ആത്മീയതയുടെ അടിത്തട്ടും.


ഭൌതികവസ്തുക്കളുടെ അടിസ്ഥാനമാണ്‌ അളവുകൾ.     നീളത്തിന്റെ (നീളം, വീതി, ഉയരം, കനം എന്നിങ്ങനെ) അളവുകളും  ഭാരത്തിന്റെ (ഘനം, തൂക്കം, പിണ്ഡം)  അളവുകളും സമയത്തിന്റെ (കാലം) അളവുകളും ഭൌതികവസ്തുക്കളെ വിവരിക്കാനുള്ള പ്രാഥമിക മാനകങ്ങളാണ്‌.   ബാക്കി വിശദീകരണങ്ങളെല്ലാം വഴിയെ പോരും.   ഉദാഹരണമായി നീളവും വീതിയും കൂട്ടിയിണക്കുമ്പോൾ വിസ്തീർണമായി; ഉയരമോ കനമോകൂടി ചേർത്താൽ വ്യാപ്തമായി.   ഭാരത്തെ വ്യാപ്തവുമായി ഇണക്കിയാൽ കാഠിന്യമായി.   നീളത്തെയും സമയത്തെയും കൊരുത്താൽ വേഗമായി.   ഘർഷണവും ആക്കവും ആവേഗവും എല്ലാം തദ്ധിതങ്ങൾ.   ഊർജം പിണ്ഡത്തിന്റെ മാറ്റാനാണ്‌.   ശക്തിയെയും മർദ്ദത്തെയും പ്രകാശത്തെയും ഒച്ചയെയും റേഡിയേഷനെയുമെല്ലാം ഈ പ്രാഥമിക സങ്കേതങ്ങൾ വഴിയാണ്‌ നിരൂപിച്ചുപോരുന്നത്.


എന്നാൽ കാലാകാലങ്ങളിൽ അളവുകൾക്കെല്ലാം ഒരുതരം അഴിഞ്ഞാട്ടമുണ്ടായിട്ടുണ്ട് നിത്യജീവിതത്തിൽ.   നാട്ടുനടപ്പും നാട്ടുഭാഷയും അളവുകളെ അറത്തുമുറിച്ചിട്ടുണ്ട്.   ‘എന്തോരം ഓടി’ എന്നു പറഞ്ഞാൽ ഓടിയത് എത്ര ദൂരമെന്നോ എത്ര സമയമെന്നോ വ്യക്തമല്ല.   എങ്കിലും കുറെ ഓടി എന്ന കാര്യം മനസ്സിലാവുകയും ചെയ്യും.    അളവല്ലാത്തൊരു അളവാണത്.   ‘അളവില്ലാത്ത’ എന്നൊരു പ്രയോഗവുമുണ്ടു നമുക്ക്.   ഭൌതികവസ്തുക്കളല്ലാത്തവയെ പരാമർശിക്കുമ്പോഴാണത്.   അളവില്ലാത്ത സ്നേഹം, അളവില്ലാത്ത സന്തോഷം എന്നിങ്ങനെ.   വസ്തുഘടനയെയും വ്യക്ത്യനുഭവങ്ങളെയും ഇണക്കാൻ ഭൌതികശാസ്ത്രം പോര.   ബോധാബോധമനസ്സിലെ അതിന്റെ പരി:സ്ഫുരണം അങ്ങനെയങ്ങു വഴിവിട്ടുപോകും.


കൃത്യതയാണ്‌ ശാസ്ത്രത്തിന്റെ ആണിക്കല്ല്.   കൃത്യതയിൽ സംശയമുണ്ടെങ്കിൽ ആ അവ്യക്തതയെയെങ്കിലും അളന്നുവയ്ക്കണം.   അതാണ്‌ ശാസ്ത്രത്തിന്റെ നടപ്പുരീതി.


അഭൌതികവിശദീകരണത്തിന്‌ ഭൌതികമാനകങ്ങൾ  ഉപയോഗിക്കുമ്പോൾ നഷ്ടപ്പെടുന്നത് കൃത്യതയാണ്‌.  ‘ഒരുകൊത്ത്’ കറിവേപ്പില കൂട്ടാനിൽ ചേർക്കണം എന്നു റെസിപ്പിയിൽ പറയുമ്പോൾ അത് വസ്തുനിഷ്ഠയേക്കാൾ വ്യക്തിനിഷ്ഠയാണ്‌.   ഒരു കൊത്തിൽ എത്ര ഞെട്ടികൾ എന്നോ ഒരു ഞെട്ടിൽ എത്ര ഇലകൾ എന്നോ ഇലയുടെ വലിപ്പമെന്തെന്നോ ഒന്നും വ്യക്തമല്ല.   എങ്കിൽപോലും ഭൌതികമായിത്തന്നെ നമുക്കൊരു കൂട്ടാൻ തട്ടിക്കൂട്ടാനാകും.


കുപ്പായം മേടിക്കുമ്പോൾ കണ്ടുകാണും സ്മോൾ, മീഡിയം, ലാർജ്, എക്സ്റ്റ്ര ലാർജ് എന്നൊക്കെയുള്ള ലേബലുകൾ.    ഇവയ്ക്കൊക്കെ അളവുകളുണ്ട്; എന്നാലൊട്ടില്ലതാനും.   ഈ ലേബലുകൾ നോക്കിയാണ്‌ നമ്മൾ നമുക്കുവേണ്ട ‘സൈസ്’ തിരഞ്ഞെടുക്കുക.    ഓരോ നിർമാതാവും ഓരോരോ മാനദണ്ഡങ്ങളിലാണ്‌ അവയുണ്ടാക്കിയിരിക്കുക.    ഇത്ര ഇഞ്ചെന്നോ ഇത്ര സെന്റിമീറ്ററെന്നോ അവരെഴുതിയാലും ഒഴുക്കൻവിവരണംകൊണ്ടും നമുക്കു സൈസ് പിടികിട്ടും.   ഒരു വാര അല്ലെങ്കിൽ ഒരു മീറ്റർ തുണി എന്നു പറയുമ്പോൾ നമ്മൾ തുണിയുടെ വീതിയെപ്പറ്റി ചിന്തിക്കുന്നേയില്ല; അതു തുന്നൽക്കാരന്റെ തലവേദന.   ഒരുപക്ഷെ ഒഴുക്കൻ വിവരണമേ നമുക്കു വേണ്ടൂ.   ആരാണ്‌ അത്ര കൃത്യമായൊക്കെ അളന്ന് വസ്ത്രം തിരഞ്ഞെടുക്കുന്നത്?   ചെരുപ്പിന്റെ കാര്യത്തിലും ഇതുതന്നെ സംഗതി.   ആറെന്നോ ഏഴെന്നോ എട്ടെന്നോ പത്തെന്നോ ഒക്കെ അളവുകൾ പറഞ്ഞ് നമ്മൾ സാധനം മേടിക്കും.   അതു മതി നമുക്ക്.


ദൂരത്തിനെ കാര്യത്തിലും സമയത്തിന്റെ കാര്യത്തിലും നമുക്കീ അളവില്ലാക്കോലമുണ്ട്.   ‘ഒരു പത്തു മിനിറ്റു ദൂരം’ കാൽനടയിലാവാം, സൈക്കിളിലാവാം, കാറിലാവാം വിമാനത്തിലുമവാം.   നടക്കുന്ന അല്ലെങ്കിൽ കാറോടിക്കുന്ന ആളുടെ വേഗം വിവക്ഷിക്കപ്പെടുന്നേയില്ല.   നീളമെന്ന മാനകത്തെ സമയമെന്ന മാനകവുമായി കൊരുത്തൊരു കുരുക്കാണത്.   ‘ഒരു സെക്കന്റ്’ എന്നു പറഞ്ഞ് അൽപനേരം മാറി നിൽക്കുമ്പോൾ മിനിറ്റുകൾ പലതു കഴിയും.   ‘ഒരു രാത്രി മുഴുവൻ’ എന്നതിലും എത്ര മണിക്കൂർ എന്ന സൂചനയില്ല.   അളവു പറയുന്നോ? - ഉണ്ട്.   എന്നാലൊട്ടില്ല താനും.


ഒരു തുള്ളി മരുന്ന്, ഒരു പാത്രം വെള്ളം, ഒരു നുള്ള് ഉപ്പ്, ഒരു കുടന്ന പൂവ്, ഒരു കൈ നിറയെ പണം, വയറുനിറച്ച് ആഹാരം, ഒരു ‘പോർഷൻ’ അല്ലെങ്കിൽ ഒരു ‘സെർവിങ്ങ്’, ഒരു കുട്ട തേങ്ങ എന്നെല്ലാം പറയുമ്പോഴും തുള്ളിയുടെയോ പാത്രത്തിന്റെയോ നുള്ളിന്റെയോ കുടന്നയുടെയോ വിളമ്പലിന്റെയോ കയ്യിന്റെയോ വയറിന്റെയോ വലിപ്പം അറിയില്ല.   കുട്ടയുടെ വലിപ്പവുമറിയില്ല, തേങ്ങയുടെ എണ്ണവും അറിയില്ല.   എന്നാലും നമ്മളങ്ങിനെ വച്ചുകാച്ചും.


അതിശയോക്തിക്കും അത്യുക്തിക്കുമെല്ലാം പ്രയോഗിക്കുന്നതു വേറെ കാര്യം.   ഒരു കുടം കണ്ണീർ (വലിയ സങ്കടം), ഒരു മീറ്റർ ചായ (‘കേരള ടീ’), ഒരു കുന്നു തുണി (അലക്കാൻ), ഒരുടൺ തലക്കനം (അഹന്ത), നമ്പർ-ടൂ മണി (കള്ളപ്പണം),   ആയിരം നാവ്, ഒരു മുഴം നാക്കുനീളം എന്നതെല്ലാം ഒരു മാതിരി വാമൊഴിവഴക്കം.


ഇതിലേറ്റവും കഷ്ടം ‘അരമണിക്കൂർ വെള്ളം വന്നു’, ‘നിർത്താതെ തിന്നുകൊണ്ടേയിരുന്നു’ എന്നൊക്കെ പറയുന്നതാണ്‌.   അളവിനെപ്പറ്റി ഒരെത്തും പിടിയും കിട്ടില്ല.


മലയാളികളുടെ കള്ളുകുടി കുപ്രസിദ്ധമാണല്ലോ.   കെട്ടിറങ്ങുമ്പോൾ അവരുടെ കുടിവിസ്താരങ്ങളും അരോചകമാണ്‌.   പിറ്റേന്നു മേനിക്കുവേണ്ടി, ‘ഇന്നലെ രാത്രി ഞങ്ങൾ നാലു കുപ്പി പൊട്ടിച്ചു, ഇനി അരക്കുപ്പിയേ ബാക്കിയുള്ളൂ’ എന്നൊക്കെ  വച്ചുകാച്ചുമ്പോൾ  ആളെത്രയെന്നോ കുപ്പിവലിപ്പമെന്തെന്നോ ഒന്നും അവർ സൂചിപ്പിക്കാറില്ല.   ഒരു ചെറുകുപ്പി പകർന്ന് പത്താളുകൾ കുടിച്ചാൽ ഒന്നുമാകില്ലെന്ന് അവർക്കറിയാത്തതുമല്ല.   എങ്കിലും ഒരു സ്റ്റൈലിനൊരു പ്രയോഗം.   നിരർഥകമായൊരു പ്രയോഗം.   അത്രതന്നെ.


സാങ്കേതിക വിദ്യകൾ മറ്റൊരു തലത്തിലായിരുന്നു പണ്ട്.   പ്രകൃതിജന്യമായ അളവുകോലായിരുന്നു മിക്കതിനും.  അംഗുലം, വിരൽനീളം.   ചാൺ, വിരൽത്തുമ്പുകൾ (തള്ളവിരൽ-ചെറുവിരൽ) തമ്മിലുള്ള അകലം.   അടി, എന്ന അളവ് ഒരു കാലടിക്കു തുല്യം.   മുഴം, കൈനീളം.   നുകപ്പാട്, കർഷകസംസ്കൃതിയിൽനിന്ന്.   എന്തിന്‌, ‘മീറ്റർഗേജ്’ വരെ പണ്ടത്തെ കുതിരവണ്ടിയുടെ ചക്രങ്ങൾതമ്മിലുള്ള അകലത്തിൽനിന്നാണത്രേ ഉത്ഭവിച്ചത്.   ‘ഒറ്റയടിപ്പാത’ എന്നൊക്കെ നമുക്കുമുണ്ടായിരുന്നല്ലോ.


അളവില്ലാത്ത, അളവല്ലാത്ത അളവിനും അളക്കാനാകും എന്നു സാരം.