Thursday 1 September 2011

ചിലനേരങ്ങളില്‍ ചില യാത്രകള്‍

യാത്രകള്‍ അനുഭവങ്ങളാണാര്‍ക്കും. അനുഭവങ്ങള്‍ അനുഭൂതിയും അഭ്യസനവും. കാല്‍നടയായാലും കടല്‍യാത്രയായാലും കണ്ണൊന്നു തുറന്നുപിടിച്ചാല്‍മതി. മനോരഥത്തിനാകട്ടെ, മണ്ണും വിണ്ണും വ്യത്യാസവുമില്ല.

ഗവേഷണരംഗത്ത്‌ ജോലികിട്ടുന്നതുവരെ വളരെക്കുറച്ചേ ഞാന്‍ യാത്ര ചെയ്തിരുന്നുള്ളൂ. നാട്ടില്‍നിന്ന്‌ ജോലിസ്ഥലത്ത്‌ എത്തിപ്പെട്ടതുതന്നെ, അന്നതെ യാത്രാസൌകര്യങ്ങളുടെ പരിമിതികാരണം, വളരെ കഷ്ടപ്പെട്ടിട്ടായിരുന്നു. എന്നിട്ടും, മേലനങ്ങാതെ പണിയെടുക്കാന്‍ ആവശ്യത്തിലധികം അവസരങ്ങളുണ്ടായിട്ടും, മണ്ണിലും വെള്ളത്തിലുമിറങ്ങിച്ചെയ്യേണ്ട കാര്യങ്ങളാണ്‌ ഞാന്‍ പഠനത്തിനായി തെരഞ്ഞടുത്തത്‌. ആരോഗ്യത്തെയും മടിശ്ശീലയെയും, അചിരേണ ദന്തഗോപുരാധിഷ്ഠിതമായ സ്ഥാനമാനങ്ങളെയും, അതു ബാധിച്ചെങ്കിലും മനസ്സിനും മാനസികവളര്‍ച്ചക്കും ഏറ്റവും ഹിതകരമായിരുന്നു പഠനയാത്രകളും മറ്റുസഞ്ചാരങ്ങളും.

കുളത്തില്‍ നീന്താനറിയാമായിരുന്നെങ്കിലും കടലില്‍ നീന്താന്‍ പഠിക്കുന്നത്‌ ഉദ്യോഗപര്‍വത്തിലാണ്‌. എന്നിട്ടുപോലും ഒരിക്കല്‍ കടലില്‍ മുങ്ങി. അധികമകലെയൊന്നും പോയതായിരുന്നില്ല. രണ്ടാള്‍പ്പൊക്കം വെള്ളമേ ഉണ്ടായിരുന്നുള്ളൂ. പക്ഷെ ഒരു കൊച്ചു മോട്ടോര്‍ബോട്ടിലായിരുന്നു സഞ്ചാരം. ഒരുവശം കാല്‍വച്ചാല്‍ മറുവശം പൊങ്ങും. രണ്ടു ബോട്ടുജോലിക്കാര്‍, ഒരാള്‍ അണിയത്തും ഒരാള്‍ അമരത്തും, ശ്രദ്ധാപൂര്‍വം ഒഴുക്കിനും ഓളത്തിനുമനുസരിച്ച്‌ ഓടത്തെ നിയന്ത്രിച്ചുതന്നു. കുറച്ചു ഭാരമേറിയ ഒരു ഉപകരണമാണ്‌ എനിക്ക്‌ കടലിലിറക്കേണ്ടിയിരുന്നത്‌. ഇറക്കുമ്പോള്‍ അതിണ്റ്റെ വൈദ്യുതകേബിള്‍ കാലിലുടക്കി. മറുവശത്തിരുന്നിരുന്ന എണ്റ്റെ സഹപ്രവര്‍ത്തക എന്നെ സഹായിക്കാനായി എണ്റ്റെ വശത്തേക്കു സ്ഥാനം മാറി. അരുതെന്നു പറയുന്നതിനുമുന്‍പ്‌ ബോട്ടു കുത്തനെ ചെരിഞ്ഞു. ദാ കിടക്കുന്നു രണ്ടാളും വെള്ളത്തില്‍.

നെഞ്ചടിച്ചുവീണ ഞാന്‍ കൈകാലിട്ടുപതപ്പിച്ചു ബോട്ടില്‍പിടിച്ചുതൂങ്ങി. തലകുത്തിവീണ സഹപ്രവര്‍ത്തക ഒന്നു മുങ്ങിപ്പൊങ്ങി എണ്റ്റെ കാലില്‍ തൂങ്ങിക്കിടന്നു. എനിക്കാണെങ്കില്‍ ബോട്ടിലേക്കു കയറിപ്പറ്റാന്‍ വയ്യ. അമരക്കാരന്‍ ഉടന്‍ വെള്ളത്തില്‍ ചാടി സഹപ്രവര്‍ത്തകയെ താങ്ങിമാറ്റി. രണ്ടാളുംകൂടെ ഒരുവിധം അവരെ കൈകൊടുത്തുപൊക്കി ബോട്ടിലാക്കി. ഞങ്ങളും കയറിപ്പറ്റി. ഒന്നു നന്നായി മുങ്ങിക്കുളിച്ച സന്തോഷത്തിലായിരുന്നു കോഴിക്കോട്ടുകാരി സഹപ്രവര്‍ത്തക.

പണിനിര്‍ത്തി കരയിലെത്തി മുറിയില്‍പോയി കുളിക്കാന്‍ ഒരുങ്ങുമ്പോഴാണ്‌, എണ്റ്റെ കാലില്‍നിന്നു തുണി അഴിഞ്ഞുവരുന്നില്ല. ഒരുമുഴംനീളത്തില്‍ ചോരയൊട്ടിക്കിടക്കുന്നു. ആ മുറിപ്പാട്‌ ഇന്നും ഞാന്‍ വലങ്കാല്‍തണ്ടില്‍ കൊണ്ടുനടക്കുന്നു.

സുരക്ഷാവിധികള്‍ അതിപ്രധാനമാണു കടലിലും കപ്പലിലും. കരയില്‍ ഒന്നിന്‌ ഒന്ന്‌ അധികപ്പറ്റായി (സ്പെയര്‍) കരുതുമ്പോള്‍ കടലില്‍ രണ്ടെണ്ണമെങ്കിലും കരുതിവയ്ക്കണം. ആദ്യം സുരക്ഷ; അതിനുശേഷമേ മറ്റെന്തുമുള്ളൂ - പണി ആയാലും ഊണായാലും ഉറക്കമായാലും. ആദ്യക്കാര്‍ക്ക്‌ ഇതെല്ലാം അല്‍പം തമാശയായിത്തോന്നാം. പക്ഷെ അപകടസമയങ്ങളില്‍ അതിണ്റ്റെ വില മനസ്സിലാകും.

സര്‍വകലാശാലകളിലെ അധ്യാപകര്‍ക്കായി ഒരു പരിശീലനയാത്ര ഒരുക്കേണ്ടിവന്നു എനിക്കൊരിക്കല്‍ കപ്പലില്‍. വിദ്യാര്‍ഥികളേക്കാള്‍ മന്ദഗതിക്കാരാണല്ലോ അധ്യാപകര്‍. ഒരുകാര്യം അറിയില്ലെങ്കില്‍ അറിയില്ലെന്നൊട്ടു സമ്മതിക്കുകയുമില്ല. പുറംകടലിലെ ഗവേഷണപ്രക്രിയയില്‍ രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ പഠനം നടക്കും. ഉണ്ണാനും ഉറങ്ങാനുമൊന്നും കപ്പലോ പണിയോ നിര്‍ത്തിവയ്ക്കുന്ന പരിപാടിയില്ല. സ്ഥലവും സമയവും അടുക്കുമ്പോള്‍ നിര്‍ദ്ദിഷ്ടവ്യക്തികള്‍ നിര്‍ദ്ദിഷ്ട സ്ഥാനങ്ങളില്‍ അണിനിരക്കണം. ക്ളാസ്സുമുറിയല്ലാതെ, പുസ്തകത്തിലല്ലാതെ, കടല്‍കാണാത്ത സമുദ്രശാസ്ത്രാധ്യാപകരെ ആവശ്യാനുസരണം അണിനിരത്തുന്നത്‌ അതികഠിനമായിരുന്നു. ഉണ്ണാത്തവരെ ഉണര്‍ത്തിയാലും കുഴപ്പമില്ലായിരുന്നു; ഉണ്ണാമന്‍മാരെ വിളിച്ചുണര്‍ത്തുന്നതുപോലും പ്രശ്നമായിരുന്നു.

കാറ്റും മഴയും തിരയും അഴിഞ്ഞാടിയ ഒരു രാത്രിയിലാണ്‌ ഞങ്ങളുടെ ഒരു 'സ്റ്റേഷന്‍' (പഠനസ്ഥാനം) എത്തിയത്‌. പകലായിരുന്നെങ്കില്‍ പ്രമാണിമാരെല്ലാം പറന്നെത്തുമായിരുന്നു. രാത്രിപ്പണിക്ക്‌ കപ്പല്‍തൊഴിലാളികളൊഴിച്ച്‌ ഒരു കുഞ്ഞുമില്ല ഡെക്കില്‍ (കപ്പല്‍തട്ടില്‍). ഒരുവിധത്തില്‍, ആ പഠനസ്ഥാനവും അവിടത്തെ കടല്‍തട്ടിലെ ചളിയുടെ സാമ്പിളും ആവശ്യപ്പെട്ട ശാസ്ത്രാധ്യാപകരെ വിളിച്ചുണര്‍ത്തിക്കൊണ്ടുവന്നു. ലുങ്കിയും റബര്‍ചെരിപ്പുമായി ഡെക്കില്‍വന്ന അവരെ കപ്പിത്താന്‍ തിരിച്ചയച്ചു, കാറ്റില്‍പറക്കാത്ത ഉടുപ്പും കാല്‍മുഴുവന്‍പൊതിയുന്ന ചെരിപ്പും അണിഞ്ഞുവരാന്‍. നിസ്സാരമായിത്തോന്നാമെങ്കിലും ഇത്തരം സുരക്ഷാനിയമങ്ങള്‍ക്ക്‌ ജീവണ്റ്റെ വിലയുണ്ട്‌.

ഒരു വലിയ മണ്‍മാന്തിയുപയോഗിച്ചാണ്‌ കടല്‍തട്ടില്‍നിന്ന്‌ സാമ്പിള്‍ കോരിയെടുക്കേണ്ടിയിരുന്നത്‌. അതു വെള്ളത്തില്‍ ആയിരം മീറ്റര്‍ താഴേക്കയക്കാനും മണ്ണുകോരിയതിനുശേഷം കപ്പല്‍തട്ടില്‍ തൂത്തിടാനും യന്ത്രവല്‍കൃതസംവിധാനങ്ങളുണ്ട്‌. അതു പ്രവര്‍ത്തിപ്പിക്കാന്‍, പരിശീലനത്തിലുള്ള അധ്യാപകരെക്കൊണ്ടാകാത്തതിനാല്‍ തത്കാലം ആ ചുമതല ഞാനേറ്റെടുത്തു. മണ്‍മാന്തി, സാമ്പിളുമായി വെള്ളത്തില്‍നിന്നു പൊങ്ങിവന്ന നിമിഷം അതുകാണാന്‍ അവര്‍ കപ്പലിണ്റ്റെ വക്കില്‍ കഴുത്തുനീട്ടിനിന്നു. ആടിയുലയുന്ന കപ്പലില്‍ ഇരുമ്പുകമ്പിയില്‍തൂങ്ങുന്ന ടണ്‍കണക്കിനു ഭാരമുള്ള ലോഹക്കൂട്‌ ഡെക്കിനുമുകളില്‍ തലങ്ങും വിലങ്ങും പായുന്നതിനിടയിലാണത്‌. ഒരുതരത്തില്‍ അത്‌ എവിടെയും പോയി തട്ടാതെ നിലത്തേക്കിറക്കാന്‍ പാടുപെടുമ്പോഴാണ്‌ അവര്‍ അതുകടന്നുപിടിക്കാന്‍ തലയുംനീട്ടി പാഞ്ഞുവരുന്നത്‌. മണ്ണിറക്കുന്നതുവരെ ആരും അടുത്തുപോകരുതെന്ന വിലക്കു മറികടന്നാണത്‌. ഞാന്‍ നിന്നുവിയര്‍ത്തു. ഉടനെ നാലഞ്ചാളുകളുടെ തല വെട്ടിപ്പിളര്‍ന്ന്‌ ചോരചീറ്റുന്നതു കാണണം. പോരാത്തതിന്‌, വെറും പരിചയത്തിണ്റ്റെയും സൌഹൃദത്തിണ്റ്റെയും ചോരത്തിളപ്പിണ്റ്റെയും പേരിലാണ്‌ ഞാന്‍ ഈ യന്ത്രം കയ്യാളുന്നത്‌. പരിചയസമ്പന്നരായ കപ്പല്‍ജോലിക്കാരെ രാത്രികാലത്ത്‌ ഉപദ്രവിക്കേണ്ടെന്നു കരുതിയാണ്‌ ഞാന്‍ ഈ ദൌത്യം സ്വയം ഏറ്റെടുത്തത്‌. എന്തെങ്കിലും അബദ്ധം പിണഞ്ഞാല്‍?

ഞാന്‍ നിന്നുരുകി. ഡെക്കിനുമുകളില്‍ മണ്ണുമാന്തി ഉലഞ്ഞാടുന്നു. സമയംകളയാനില്ല. ഞാന്‍ പഠിച്ച ഭൌതികശാസ്ത്രം രക്ഷക്കെത്തി. പെന്‍ഡുലത്തിണ്റ്റെ ആയം കുറക്കാന്‍ നീളം കുറച്ചാല്‍ മതി. ഉടന്‍ യന്ത്രത്തിണ്റ്റെ ലിവര്‍പിടിച്ചുവലിച്ച്‌ മണ്ണുമാന്തി പൊക്കി. എങ്കിലോ ആ ആക്കത്തിന്‌ അതു ക്രെയിനിണ്റ്റെ (ഞങ്ങള്‍ അതിനെ 'ബൂം' എന്നു പറയും) മുകളില്‍തട്ടി തകരരുതു താനും. അതു തടയാന്‍ പൊടുന്നനെ അയച്ചുവിട്ടാലോ താഴേക്കുള്ള പാച്ചിലില്‍ ഇരുമ്പുകയര്‍തന്നെ പൊട്ടിയേക്കും. ഞാന്‍ ആട്ടം കൂട്ടിയും കുറച്ചും നിയന്ത്രിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. കപ്പലിണ്റ്റെ മുകളില്‍ ഇതെല്ലാം നോക്കിനിന്നിരുന്ന കപ്പിത്താന്‍ ഉച്ചഭാഷിണിയില്‍ അലറി, ഡെക്കില്‍നിന്ന്‌ എല്ലാവരും ഒഴിഞ്ഞുപോകാന്‍. ആ തക്കത്തിന്‌, കപ്പലിണ്റ്റെ ആട്ടവും കപ്പല്‍തട്ടിണ്റ്റെ കിടപ്പും ഒപ്പിച്ച്‌ ഞാന്‍ ഒരുവിധം മൃദുവായി സാധനം നിലത്തിറക്കി. അത്തരമൊരു കളിക്ക്‌ പിന്നീടു ഞാന്‍ മുതിര്‍ന്നിട്ടില്ല.

അനുഭവങ്ങള്‍നിറഞ്ഞ അവസരങ്ങള്‍ ചിലപ്പോള്‍ നമ്മെ തേടിവരും. വടക്കെ ഇന്ത്യയില്‍നിന്നുള്ള ഒരു മടക്ക യാത്രയിലായിരുന്നു അത്‌. വാരാണസിയില്‍നിന്ന്‌ ബോംബേക്കുള്ള യാത്ര. ഉത്തര്‍പ്രദേശിണ്റ്റെ ഉള്‍പ്രദേശങ്ങള്‍കടന്നു വന്നപ്പോഴേക്കും പതിവുവിമാനങ്ങളെല്ലാം പോയിക്കഴിഞ്ഞിരുന്നു. താമസിയാതെ അലഹബാദുവഴി ദില്ലിയിലേക്കുപോകുന്ന ഒരു കൊച്ചു വിമാനമുണ്ടെന്നും പിന്നെ ദില്ലിയില്‍നിന്ന്‌ ബോംബേക്കു നേരിട്ടു പറക്കാമെന്നും വിമാനക്കമ്പനി പറഞ്ഞു. ഞാന്‍ ടിക്കറ്റെടുത്ത്‌ വാരാണസി വിമാനത്താവളത്തില്‍ കാത്തിരുന്നു. സമയമായിട്ടും ആളനക്കമൊന്നുമില്ല. ക്ഷമകെട്ട്‌, ആ വഴിവന്ന ഒരു പൈലറ്റിണ്റ്റടുത്ത്‌ കാര്യമന്വേഷിച്ചു. "ഓ, നിങ്ങളാണോ ആ യാത്രക്കാരന്‍? ആരും ഈ വിമാനത്തില്‍ പോകാറില്ല. ഞങ്ങള്‍ വിമാനജോലിക്കാര്‍മാത്രമേ ഉണ്ടാകൂ. അലഹബാദില്‍നിന്നാണ്‌ യാത്രക്കാര്‍ കയറുക. ഏതായാലും കൂടെ വരൂ."

൧൯൮൦-കളിലാണിത്‌. ഞങ്ങള്‍ വിമാനത്തില്‍ കയറി കതകടച്ചു. ഒരേയൊരു യാത്രക്കാരനായതിനാല്‍ സ്വാഗതവും സുരക്ഷാപാഠവും ഒന്നും വേണ്ടല്ലോ എന്നായി ആകാശസുന്ദരി. പക്ഷെ എനിക്കൊരാവശ്യമുണ്ടെന്നു ഞാന്‍. കോക്പിറ്റിലിരുന്ന്‌ വിമാനമോടിക്കുന്നത്‌ ഒന്നു കാണണം. അതിനു സുരക്ഷാവിലക്കുണ്ടെന്ന്‌ അവള്‍. ഒരൊറ്റ യാത്രക്കാരനും മൂന്നു വിമാനജോലിക്കാരും ഉള്ളപ്പോള്‍ എന്തു സുരക്ഷാപ്രശ്നം എന്നു ഞാന്‍. അവള്‍ പൈലറ്റിനോടു സമ്മതം ചോദിച്ചുവന്നു. എന്നെ കോ-പൈലറ്റിണ്റ്റെ സീറ്റിലിരുത്തി ആ സര്‍ദാര്‍ജി പൈലറ്റ്‌ വിമാനംപറത്തുന്നതു കാണിച്ചുതന്നു. അര മണിക്കൂറ്‍. വിമാനം ഉയര്‍ത്തിയും താഴ്തിയും ചരിച്ചും വളച്ചും. അലഹബാദില്‍ ഇറങ്ങാറായപ്പോള്‍ നന്ദിപറഞ്ഞ്‌ ഞാന്‍ എണ്റ്റെ സീറ്റില്‍പോയിരുന്നു. വിമാനത്താവളത്തില്‍ ഉയര്‍ന്നുപൊങ്ങുമ്പോഴും താഴ്ന്നിറങ്ങുമ്പോഴും കോക്പിറ്റില്‍ അന്യര്‍ ഇരിക്കരുത്‌ എന്നാണു നിയമം.

അലഹബാദില്‍നിന്ന്‌ മൂന്നേമൂന്നു യാത്രക്കാര്‍കൂടെ കയറി. എല്ലാം വിദേശികള്‍. ദില്ലിയിലെത്തിയപ്പോള്‍ എണ്റ്റെ വിമാനം പോയിക്കഴിഞ്ഞിരുന്നു. പകരം ജയ്പൂറ്‍, ജോധ്പൂറ്‍, ഉദയ്പൂറ്‍, നാഗ്പൂറ്‍ വഴി ഒരു നീണ്ടയാത്ര. വഴിക്ക്‌ മണല്‍ക്കാറ്റുകൊണ്ട്‌ വിമാനം മണിക്കൂറുകളോളം വൈകി. അവസാനം ബോംബേയിലെത്തിയപ്പോള്‍ ഏകദേശം തീവണ്ടിയാത്രയുടെ സമയമെടുത്തിരുന്നു.

അതിനെല്ലാം കുറെ മുന്‍പാണ്‌. ബോംബേയില്‍നിന്ന്‌ ഗോവയിലേക്കൊരു യാത്ര. രാവിലെ വിമാനത്തില്‍ കയറി. മഴകാരണം പുറപ്പെടാതെ മണിക്കൂറുകള്‍ വിമാനത്തിനുള്ളില്‍. പിന്നെ പുറത്തിറക്കി. ഉച്ചകഴിഞ്ഞ്‌ വീണ്ടും വിമാനത്തില്‍. ഒരുമണിക്കൂറ്‍ യാത്രകഴിഞ്ഞ്‌ ഗോവയില്‍ ഇറങ്ങാന്‍ കഴിയാതെ തിരിച്ചു ബോംബേയിലേക്ക്‌. വൈകുന്നേരത്തോടെ വീണ്ടും ഗോവയിലേക്ക്‌. വീണ്ടും ഗോവയില്‍ ഇറക്കാന്‍ കഴിയാതെ വിമാനം തിരിച്ചു പറത്തി. മഴ ഒന്നു ശാന്തമായപ്പോള്‍ വിമാനം പറത്താമെന്നു പൈലറ്റ്‌. കൂടെപ്പോരില്ലെന്നു ജീവനക്കാര്‍. എന്തോ ഒത്തുതീര്‍പ്പില്‍ രാത്രിയോടെ അതേവിമാനത്തില്‍ ഗോവയിലേക്ക്‌. മൂന്നാംതവണ നിലത്തിറങ്ങി. അന്നൊക്കെ ഗോവയിലെ വിമാനത്താവളത്തില്‍ രാത്രി വിമാനമിറക്കാന്‍ സൌകര്യങ്ങളില്ലായിരുന്നു. റണ്‍വേയില്‍ ചൂട്ടുകത്തിച്ചുവച്ചാണ്‌ അന്ന്‌ വിമാനമിറക്കിയത്‌. ഇറങ്ങിയപ്പോഴാണറിയുന്നത്‌, ഞങ്ങളുടെ പെട്ടികളൊന്നും കൂടെ വന്നിട്ടില്ല. പിന്നീടറിയുന്നു, ആ വിമാനം കേടായിരുന്നെന്നും എണ്ണച്ചോര്‍ച്ചകൊണ്ട്‌ ഇനിയൊരു പത്തുമിനിറ്റുകൂടി അതിനു പറക്കാന്‍ കഴിയുമായിരുന്നില്ലെന്നും! ഒരു മഹാദുരന്തം മുട്ടിവിളിച്ചിട്ടു പടി കൊട്ടിയടച്ചതുപോലെ.

കര്‍ണാടകത്തിലൂടെയുള്ള ഒരു യാത്രയിലാണ്‌ ആളിറങ്ങിയപ്പോഴേക്കും മിനിബസ്സ്‌ താനേ നിരങ്ങിനീങ്ങാന്‍ തുടങ്ങിയത്‌. ഡ്രൈവറുടെവശത്തെ കതകിനുപുറത്തു നിന്നിരുന്ന ഞങ്ങള്‍ ഒന്നുരണ്ടുപേര്‍ അകത്തു ചാടിക്കയറി ബ്രേക്കിടാന്‍ ശ്രമിക്കുമ്പോഴേക്കും അതുപോയി ഒരു മരത്തിലിടിച്ചുനിന്നു. നിരത്തിനും അതിനപ്പുറത്തെ ചെങ്കുത്തായ കൊല്ലിക്കുമിടയിലെ ഒറ്റ മരത്തില്‍!

No comments:

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...