Sunday 1 May 2016

കൊങ്കണിക്കൊരു മലയാളസ്പര്‍ശം

1964-65. 'ഹിന്ദി വേണ്ട'-സമരം കൊടുമ്പിരികൊണ്ട കാലം. ഞങ്ങളുടെ സ്കൂളിനുവെളിയില്‍ ഒരു ചുമരെഴുത്തു പ്രത്യക്ഷപ്പെട്ടു: 'നക്ക നക്ക ഹിന്ദി നക്ക'.

അതിണ്റ്റെ അര്‍ഥംതേടി അധികം പോകേണ്ടിവന്നില്ല. എണ്റ്റെ ഉറ്റസുഹൃത്തുക്കളായ സുബ്രഹ്മണ്യനും ബാലചന്ദ്രനും സഹപാഠികളായുണ്ടായിരുന്നു; രണ്ടുപേരും കൊങ്ങിണി സംസാരിക്കുന്നവര്‍.

വര്‍ഷങ്ങള്‍ക്കുശേഷം ഞാന്‍ ജോലികിട്ടി ഗോവയിലേക്കുപുറപ്പെടുമ്പോള്‍, അവര്‍ അവരുടെ പൂര്‍വികരെപ്പറ്റിയും പൂര്‍വദേശത്തെപ്പറ്റിയും പറഞ്ഞുപഠിപ്പിച്ച്‌ എന്നെ കൊങ്കണദേശവാസത്തിനു സന്നദ്ധനാക്കി. അത്‌ 'കൊങ്ങിണി'യില്‍നിന്ന്‌ 'കൊങ്കണി'യിലേക്കുള്ള എണ്റ്റെ സ്ഥാനക്കയറ്റമായിരുന്നു. ഇന്നിതാ കൊങ്കണിയെപ്പറ്റി ചിലതുപറയാന്‍ എനിക്കൊരു നിയോഗവുമായി.

കൊങ്കണദേശത്തെ ഗോവയില്‍ (ഗോവ = ഗോയേം = ഗോവപുരി) എത്തിപ്പെട്ടതുമുതല്‍ ചെവിയിലലച്ചത്‌ കൊങ്കണിയല്ല, ഇംഗ്ളീഷും ഹിന്ദിയുമായിരുന്നു എന്നതാണ്‌ യാഥാര്‍ഥ്യം. പോര്‍ച്ചുഗീസുകാരില്‍നിന്ന്‌ അടുത്തുമാത്രം (1961 ഡിസംബറില്‍) വിമോചിതരായ ഗോവക്കാര്‍ക്ക്‌ ഞങ്ങള്‍ 'ഇന്ത്യക്കാര്‍' ("You Indians") ആയിരുന്നു 1970-കളില്‍. തെക്കുനിന്നുള്ള ഞങ്ങളോടു സംവദിക്കാന്‍ അവര്‍ക്ക്‌ കുറെ ഇംഗ്ളീഷും കുറച്ചു ഹിന്ദിയുമേ ഉണ്ടായിരുന്നുള്ളൂ. അയല്‍ക്കാരോടു സംസാരിക്കാന്‍ മറാഠിയും; വീട്ടിനുള്ളില്‍ കൊങ്കണിയും. ചിലര്‍ക്കു പോര്‍ച്ചുഗീസും. ഇക്കാരണങ്ങളാല്‍ പോയനാട്ടിലെ സ്വകീയഭാഷ സ്വായത്തമാക്കാന്‍ പറ്റാതെപോയ ഒരു വിഭാഗമായിരുന്നു ഞങ്ങള്‍, പ്രത്യേകിച്ചു മലയാളികള്‍. അതിനു കാരണക്കാര്‍ ഞങ്ങളേക്കാളേറെ ഗോവക്കാരായിരുന്നു എന്ന്‌ അവര്‍തന്നെ സമ്മതിക്കും ഇന്നും.

എങ്കിലും അവിടത്തെ ചില എഴുത്തുകാരുമായി ഇടപഴകാന്‍ എനിക്കവസരം ലഭിച്ചു: ഇംഗ്ളീഷ്പത്രാധിപരായിരുന്ന ലാംബെര്‍ട്ട്‌ മസ്കരിഞ്ഞാസ്‌, മറാഠിപത്രാധിപരും കൊങ്കണി കഥാകൃത്തുമായിരുന്ന ചന്ദ്രകാന്ത്‌ കിണി, കൊങ്കണികവി ഭികാജി ഘാണേകര്‍ എന്നിവരുമായി. ഡോ. ഭികാജി ഘാണേകറുടെ അരഡസന്‍ കൊങ്കണിക്കവിതകള്‍ അദ്ദേഹത്തിണ്റ്റെ സഹായത്തോടെതന്നെ മലയാളത്തിലേക്കു വിവര്‍ത്തനംചെയ്തുകൊണ്ടാണ്‌ തുടക്കമിട്ടത്‌. അക്കാലത്ത്‌ ജോണ്‍പോളിണ്റ്റെ ആഭിമുഖ്യത്തില്‍ എറണാകുളത്തുനിന്നു പ്രസിദ്ധപ്പെടുത്തിയുരുന്ന 'ഫോക്കസ്‌' എന്ന മിനിമാഗസീനിലാണ്‌ അവ വെളിച്ചംകണ്ടത്‌ (1975 ജൂണ്‍). 'കൊങ്ങിണിപ്പൂക്കള്‍' എന്ന പൊതുതലക്കെട്ടില്‍ പുറത്തുവന്ന ആ കവിതകളില്‍ ആദ്യത്തേത്‌ 'കൊങ്കണി ഭാഷ'യെപ്പറ്റിത്തന്നെ ആയിരുന്നു:

"എന്നെ ഞാന്‍ മറക്കുന്നു
എണ്റ്റെ ഭാഷതന്‍ മധു-
ധാരയിലലിയുമ്പോള്‍;
ആ മധു നുണയുമ്പോള്‍
അമൃതിന്നിനിപ്പെ,ങ്ങെ,-
ങ്ങെന്‍ വാക്കിലൊളിച്ചെന്നോ?
പാട്ടുകള്‍ കിളി മറ്റേതു
ഭാഷയില്‍ പാടാന്‍? നിണ്റ്റെ
കൊഞ്ചലില്‍ തളിര്‍പ്പതു
മുത്തശ്ശിക്കഥയല്ലേ?
ശാലീനലളിതമായ്‌ ആമന്ദ്രമൃദുലമായ്‌
കാവ്യങ്ങള്‍ കിനിയുന്നു
നിന്‍കരള്‍ക്കയങ്ങളില്‍".....
"ആയിരംകിനാക്കളായ്‌, ആയിരം ചിന്താരേണുവോലുന്ന സുമങ്ങളായ്‌ ഭാഷയെ വിരിയിച്ച" ഷെണായ്‌ ഗോയേബാബ്‌ എന്ന ഗോവാകൊങ്കണിഭാഷാപിതാവിനെ അനുസ്മരിച്ചുകൊണ്ടുള്ള കവിത.

'കൊങ്ങിണിപ്പൂക്കള്‍' ആണ്‌ മലയാളത്തിലേക്കു മൊഴിമാറ്റംചെയ്യപ്പെട്ട ആദ്യ
കൊങ്കണിക്കവിതകള്‍ എന്നു ഞാന്‍ വീമ്പിളക്കാറുണ്ട്‌.

ഭാഷാശാസ്ത്രം ഒട്ടുമറിയാത്തതുകൊണ്ടാവാം എനിക്കിന്നും ചില സംശയങ്ങള്‍ ബാക്കിയുണ്ട്‌. കൊങ്കണതീരത്തെ ഭാഷ കൊങ്കണി എന്നു വരുന്നതു ശരി (തിരിച്ചുമാവാം: കൊങ്കണി പറയുന്ന നാട്‌ കൊങ്കണദേശം). എന്നാല്‍ 'കൊങ്കണ'മെന്ന വാക്കിണ്റ്റെ തന്നെ ഉത്പത്തിയോ? അതെനിക്കറിഞ്ഞുകൂട. ഗോവയിലെ ഒരു സ്ഥലമാണ്‌ 'കണ്‍കോണ്‍' (Canacona). അതൊന്നു തിരിച്ചിട്ടുനോക്കൂ; 'കൊങ്കണ'ശബ്ദമായി. കൊങ്കണി 'കൊങ്ങിണി' ആയത്‌ മലയാളത്തിണ്റ്റെ സ്വത:സിദ്ധമായ മൃദുത്വംകൊണ്ട്‌. ഗോവയിലെ 'കുന്‍ബി' കേരളത്തിലെ 'കുഡുംബി' ആയി എന്നൊരു പക്ഷം. വടക്കര്‍ 'റ'-യെ 'ഡ'-ആക്കും; തെക്കര്‍ 'ഡ'-യെ 'റ'-ആക്കും. 'റ-ഡ'-നിയമപ്രകാരം, കൊടുങ്ങല്ലൂരിലെ 'കുറുംബ' ഭഗവതി 'കുഡുംബി' ആയതുമാകാമല്ലോ; കുറുംബ കുഡുംബിസമുദായത്തിണ്റ്റെ ഇഷ്ടഭഗവതിയല്ലേ.

അതേസമയം പരശുരാമന്‍ ഗോകര്‍ണത്തുനിന്ന്‌ തെക്കോട്ടേക്കു മഴുവെറിഞ്ഞ്‌ കേരളമുണ്ടാക്കിയ കഥപോലെ, ഗോകര്‍ണത്തുനിന്ന്‌ വടക്കോട്ടേക്കു മഴുവെറിഞ്ഞ്‌ ഗോവയുണ്ടാക്കിയ തലതിരിഞ്ഞ മറ്റൊരു കഥയും നിലവിലുണ്ട്‌.

പോര്‍ത്തുഗീസുകാരുടെ വരവിനും അവരുടെ ദുഷ്കൃത്യങ്ങള്‍ക്കും മുന്‍പേതന്നെ കേരളവും കൊങ്കണപ്രദേശങ്ങളുമായി കൊടുക്കല്‍-വാങ്ങലുകള്‍ ഉണ്ടായിരുന്നോ?

പത്തഞ്ഞൂറുകൊല്ലംമുന്‍പ്‌ മതഭ്രാന്തരായ പോര്‍ത്തുഗീസുകാരെ ധിക്കരിച്ച്‌ ഗോവയില്‍നിന്നു പലായനംചെയ്യേണ്ടിവന്ന ഹിന്ദുവംശജര്‍ എന്തുകൊണ്ടു ദക്ഷിണദേശങ്ങള്‍ തിരഞ്ഞെടുത്തു എന്നറിയില്ല. കര്‍ണാടകംവഴി കേരളത്തിലേക്കു കടന്ന കൊങ്കണദേശക്കാര്‍ കുറച്ചൊക്കെ അവരുടെ ജാതിവിശേഷങ്ങളും ജാതിവ്യത്യാസങ്ങളും കൂടെക്കൊണ്ടുവന്നു. മലയാളമണ്ണിനോടലിഞ്ഞുചേര്‍ന്നതിനോടൊപ്പം 'അസ്മിതായ്‌' എന്നു ഗോവന്‍കൊങ്കണിയില്‍ വിവക്ഷിക്കുന്ന സ്വത്വം (Identity) ഒട്ടൊക്കെ കാത്തുസൂക്ഷിക്കാതെയുമിരുന്നില്ല. അതോടൊപ്പം ഭാഷാപരമായും ആഹാരപരമായും ഒട്ടേറെ മാറ്റങ്ങള്‍ക്കു വിധേയരായി. മീന്‍ നിഷിദ്ധമല്ലാത്തവരാണ്‌ ഗോവന്‍ സാരസ്വതര്‍; കേരളത്തിലെ 'ഗൌഡസാരസ്വത'രാകട്ടെ ഒരുമാതിരി പൂര്‍ണമായിത്തന്നെ, കേരളത്തിലെ മറ്റു ബ്രാഹ്മണരെപ്പോലെ സസ്യാഹാരികളായി. ഗോവയിലെ തനി മണ്ണിണ്റ്റെ മക്കളായിരുന്ന കുഡുംബികള്‍ കുലത്തൊഴിലുകള്‍വിട്ട്‌ പലതൊഴിലുകളിലായി കേരളത്തില്‍. ദൌര്‍ഭാഗ്യവശാല്‍ ഗൌഡസാരസ്വതസമൂഹവും കുഡുംബിസമൂഹവും കേരളത്തിലെത്തിയിട്ടും പരസ്പരം അകന്നുനിന്നു. ഗൌഡസാരസ്വതര്‍ സ്വയം കൊങ്കണി / കൊങ്ങിണിമാര്‍ എന്നു വിശേഷിപ്പിച്ചു; സ്വന്തം ഭാഷയാണ്‌ ഒറിജിനല്‍ എന്നും.

ഇതില്‍ ഗൌഡസാരസ്വതക്കാര്‍ അവരുടേതെന്നും കുഡുംബിസമുദായക്കാര്‍ അവരുടേതെന്നും വിശേഷിപ്പിക്കുന്ന കൊങ്ങിണിഭാഷകളില്‍ ഏതാണു ശരിക്കും കൊങ്കണി?

ശരിക്കുപറഞ്ഞാല്‍ ഏകാത്മകമായ ഒരു കൊങ്കണിഭാഷ കണ്ടെത്താന്‍ പ്രയാസമായിരിക്കും ഗോവയില്‍പോലും. വടക്ക്‌ 'ബാര്‍ദേശ്‌'-കാരുടെ കൊങ്കണിയല്ല തെക്ക്‌ 'സാല്‍സേത്‌'-കാരുടെ, നടുക്ക്‌ 'തീസ്‌വാഡി'-ക്കാരുടെ. തീരദേശക്കാരുടെ കൊങ്കണിയല്ല മലമ്പ്രദേശക്കാരുടെ. കച്ചവടക്കാരുടെ കൊങ്കണിയല്ല നാട്ടുകാര്‍ന്നോര്‍മാരുടെ. അതില്‍തന്നെ ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ളീങ്ങളും തമ്മിലുണ്ട്‌ ഭാഷാവ്യത്യാസം. ഗോവയ്ക്കുപുറത്ത്‌, കാര്‍വാര്‍-കൊങ്കണിയല്ല മംഗലാപുരം-കൊങ്കണി. കേരളത്തില്‍തന്നെ പറവൂറ്‍, കൊടുങ്ങല്ലൂറ്‍, തൃപ്പൂണിത്തുറ, എറണാകുളം, കൊച്ചി, തുറവൂറ്‍, ചേര്‍ത്തല കൊങ്ങിണികള്‍ എത്രമാത്രം വ്യത്യാസപ്പെട്ടിരിക്കുന്നു എന്നെനിക്കറിയില്ല.

എതിരഭിപ്രായങ്ങള്‍ ഉണ്ടാകാം; എങ്കിലും രണ്ടുസന്ദര്‍ഭങ്ങളില്‍ മനസ്സിലായി ഗോവന്‍കൊങ്കണിയോടടുത്തു നില്‍ക്കുന്നത്‌ കേരളത്തിലെ കുഡുംബിസമുദായക്കാരുടേതാണെന്ന്‌. പുതുതായി ജോലികിട്ടി ഗോവയിലേക്കുവന്നതാണ്‌ ചേര്‍ത്തലക്കാരന്‍ ഷേണായ്‌. ഒരു ദിവസം ഷേണായുടെ വാഹനം ഒരു സ്വദേശിയെ മെല്ലെ തട്ടിവീഴ്ത്തി. താഴെകിടക്കുന്നവനെ കൈകൊടുത്തു സഹായിക്കുമ്പോള്‍ ഒന്നു സമാധാനിപ്പിക്കുകയുമാവാം എന്ന രീതിയില്‍ തണ്റ്റെ ഗോവന്‍പുരാവൃത്തവും പ്രാദേശികതയും സാഹോദര്യവും സാത്വികതയുമെല്ലാം പ്രകാശിപ്പിക്കാന്‍ കൊങ്ങിണിയില്‍ സംസാരംതുടങ്ങി ഷേണായ്‌. ഒരുപക്ഷെ ഭയപ്പാടുമൂലവുമാകാം. കൈകുടഞ്ഞ്‌ സ്വയംനിവര്‍ന്നുനിന്ന ഗോവക്കാരന്‍ പറഞ്ഞത്‌ ഒരു ചരിത്രസത്യമായിരുന്നു: "എന്നെ തട്ടിയിട്ടതോ പോകട്ടെ; എണ്റ്റെ ഭാഷയെ അവഹേളിച്ച്‌ എന്നെ അപമാനിക്കുകകൂടിചെയ്താല്‍ എണ്റ്റെ കൈ വെറുതെയിരിക്കില്ല". ഇതു ഷേണായിക്കുമാത്രമല്ല, കേരളത്തില്‍നിന്നുള്ള പൈ-ക്കും കാമത്തിനും ഭട്ടിനുമെല്ലാം കിട്ടാവുന്ന ആപല്‍സൂചനയാകുന്നു.

എണ്റ്റെ മകള്‍ വളര്‍ന്നതും പഠിച്ചതുമെല്ലാം ഗോവയിലായിരുന്നതിനാല്‍ സാമാന്യം നന്നായി കൊങ്കണി പറയും. ഒരിക്കല്‍ തൃപ്പൂണിത്തുറയില്‍ വന്നപ്പോള്‍ കുഡുംബിസമുദായക്കാരായ രണ്ടുസ്ത്രീകള്‍ കൊങ്ങിണി സംസാരിക്കുന്നതുകേട്ട്‌ അവളും കൂടി. ഏതാണ്ടു മുഴുവനായിത്തന്നെ അവര്‍ക്കു പരസ്പരം മനസ്സിലാക്കുവന്‍കഴിഞ്ഞു എന്നതായിരുന്നു സത്യം. ഇത്തരത്തില്‍ ഗൌഡസാരസ്വതരുമായി ഭാഷ പങ്കുവയ്ക്കാന്‍ കഴിഞ്ഞിട്ടുമില്ല എന്നതു വേറൊരു സത്യം.

ഉള്ളൂറ്‍ എസ്‌. പരമേശ്വര അയ്യരുടെ 'കേരളസാഹിത്യചരിത്ര'ത്തില്‍ (ഭാഗം രണ്ട്‌ / മൂന്ന്‌, തിരുവിതാംകൂറ്‍ സര്‍വകലാശാല, ൧൯൫൪, പേജ്‌ ൩൩൫), തൃപ്പൂണിത്തുറയെയും കൊങ്കണസ്ഥരെയും വര്‍ണിക്കുന്ന ഒരു പഴയ ഗ്രന്ഥത്തെപ്പറ്റിയുള്ള ('കേരളമാഹാത്മ്യം') പരാമര്‍ശമുണ്ട്‌. കൊങ്കണവര്‍ത്തകന്‍മാരെ ആ സ്ഥലത്തേക്കു പരശുരാമന്‍ ആനയിച്ചു എന്നാണ്‌ മാഹാത്മ്യകര്‍ത്താവു പറയുന്നത്‌:
"നിര്‍മ്മാപയിത്വാ തല്‍പുര്യാം വാസയാമാസ ഭാര്‍ഗ്ഗവ: കൊങ്കണാന്‍ വര്‍ത്തകാംശ്ചാപി നിവേശ്യാപണ ഭൂമിഷു"

കൊങ്കണസ്ഥര്‍ ഗോവയില്‍നിന്നുംമറ്റും പോര്‍ത്തുഗീസുകാരെ ഭയപ്പെട്ട്‌ വാണിജ്യത്തിനായി കൊച്ചിയില്‍ കുടിയേറിപ്പാര്‍ത്തത്‌ ശാലിവാഹകാബ്ദം ൧൪൭൬-ആം ആണ്ടിനു സമമായ ക്രിസ്ത്വബ്ദം ൧൫൫൪-ലാണെന്നാണ്‌ ഉള്ളൂരിണ്റ്റെ അനുമാനം. മൂന്നു കൊങ്ങിണിവൈദ്യന്‍മാര്‍ ഡച്ചുകാരന്‍ Van Rheede-ണ്റ്റെ ൧൬൭൮-ലെ Hortus Indicus Malabaricus-ന്‌ കൊങ്കണിയില്‍ ആമുഖമെഴുതിയിട്ടുള്ളതും, പോര്‍ത്തുഗീസ്‌ ഭരണകര്‍ത്താക്കള്‍ ൧൭൮൪-ല്‍ (൧൮൬൪-ല്‍ എന്നും കാണുന്നു) കൊങ്കണിഭാഷയെ ഗോവയില്‍ നിരോധിച്ചുകൊണ്ടുള്ള ഉത്തരവിറക്കി എന്നതും ഇതോടൊപ്പം കാണേണ്ടതുണ്ട്‌.

ഗോവ സ്വതന്ത്രമായിക്കഴിഞ്ഞപ്പോഴേക്കും നല്ലൊരുകൂട്ടം മലയാളികള്‍ ഉപജീവനത്തിനായി ഗോവയിലെത്തിപ്പെട്ടു. സര്‍ക്കാര്‍ഉദ്യോഗസ്ഥരായും സേനാംഗങ്ങളായും കരാര്‍പ്പണിക്കാരായും കച്ചവടക്കാരായും കൂലിപ്പണിക്കാരായുമൊക്കെ അവര്‍ പടര്‍ന്നു. പൊതുജനങ്ങളുമായി നിത്യം ഇടപഴകേണ്ടിവന്ന അനവധിപേര്‍ - ഗോപാലകൃഷ്ണവാര്യരെപ്പോലെയും ഭാസ്ക്കരക്കുറുപ്പിനെപ്പോലെയും മമ്മതുകോയയെപ്പോലെയും രാജീവനെപ്പോലെയും ഡൊമിനിക്കിനെപ്പോലെയുമുള്ളവര്‍ - നിഷ്പ്രയാസം കൊങ്കണിഭാഷ കൈകാര്യംചെയ്യുന്നവരായി. ബാക്കിയെല്ലാവിഷയങ്ങളിലും മലയാളികളായ അധ്യാപകര്‍ ഉണ്ടെങ്കിലും കൊങ്കണിക്കൊരു കേരളടീച്ചര്‍ ഗോവയില്‍ ഇതേവരെ ഉണ്ടായിട്ടില്ലെന്നുമാത്രം.

മലയാളത്തിനു തമിഴെന്നപോലെ കൊങ്കണിക്കു മറാഠി തണലായിരുന്നെങ്കിലും നിഴലില്‍നിന്നു വെട്ടത്തിലേക്കു വളര്‍ന്നുയരാന്‍ കൊങ്കണിക്കായില്ല ഗോവയില്‍. ചരിത്രപരവും മതപരവും ജാതിപരവും രാഷ്ട്രീയപരവുമായ നിരവധി കാരണങ്ങള്‍ ഇതിനുപിറകിലുണ്ടുതാനും. രണ്ടായിരത്തിലധികം പോര്‍ച്ചുഗീസ്പദങ്ങള്‍ തദ്ഭവമായും തത്സമമായും കൊങ്കണിയില്‍ പ്രചാരത്തിലുണ്ടെന്ന്‌ അടുത്തകാലത്തിറങ്ങിയ 'Influence of Portuguese Vocabulary on Konkani Language' (Edward de Lima, 2014) എന്ന പുസ്തകത്തില്‍ കാണാം.

ഭാഷയുടെ ശുദ്ധിയെക്കുറിച്ചുള്ള ചിന്തകള്‍ എല്ലാമൊന്നല്‍പം ശാന്തമായപ്പോള്‍ ലിപിപരമായ പ്രശ്നങ്ങളില്‍കുരുങ്ങി പരുങ്ങുകയാണു കൊങ്കണി. റോമന്‍, ദേവനാഗരി എന്നീ ലിപികളെച്ചൊല്ലി ഗോവയിലും കന്നഡ, മലയാളം ലിപികളെ മുന്‍നിര്‍ത്തി ഗോവയ്ക്കുപുറത്തും വാഗ്വാദങ്ങളുണ്ട്‌. ധാരാളം നാസികങ്ങളും ഒകാരങ്ങളും അര്‍ധോകാരങ്ങളും നിറഞ്ഞ കൊങ്കണിശബ്ദവിശേഷങ്ങളെ താങ്ങാന്‍, പറയുന്നതെഴുതുകയും എഴുതുന്നതു വായിക്കുകയും ചെയ്യുന്ന ഭാരതീയഭാഷകള്‍ പോര. ലാറ്റിന്‍ഭാഷകളില്‍ അത്തരം ശബ്ദവിശേഷങ്ങള്‍ക്കുള്ള ഉച്ചാരണനിയമങ്ങള്‍ ഉറച്ചതാണുതാനും. അതിനാല്‍ പുതിയ സാങ്കേതികവിദ്യകളുടെ കാലഘട്ടത്തില്‍ അന്തര്‍ദേശീയതലത്തിലേക്കും നിലവാരത്തിലേക്കും ഉയരാന്‍ റോമന്‍ലിപി സഹായകമാകും എന്നാണ്‌ എണ്റ്റെ അഭിപ്രായം. തെറ്റാകാം. ഗോവയ്ക്കകത്തെ കൊങ്കണിയും ഗോവയ്ക്കുപുറത്തെ കൊങ്ങിണിയും ഇണ്റ്റെര്‍നെറ്റ്‌ തുടങ്ങിയ നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നതുകാണുമ്പോള്‍ ഈ ഭാഷയുടെ വികാസപരിണാമങ്ങള്‍ ശുഭോദര്‍ക്കമാണ്‌.

ഈ പശ്ചാത്തലത്തിലാണ്‌ ശ്രീ എല്‍. സുബ്രഹ്മണ്യണ്റ്റെ കൊങ്ങിണിഭാഷായജ്ഞത്തിണ്റ്റെ പ്രസക്തി. കേരളത്തിലേതായാലും അതില്‍തന്നെ തൃപ്പൂണിത്തുറയിലേതായാലും അതില്‍തന്നെ കുഡുംബിസമുദായത്തിണ്റ്റേതായാലും കൊങ്കണിഭാഷ ഒരു സംസ്ക്കാരത്തിണ്റ്റെ കിങ്ങിണിക്കിലുക്കമാണ്‌. അതിലെ വാക്കുകളും വാമൊഴി വഴക്കങ്ങളും വിലപ്പെട്ടതാണ്‌. 'കൊങ്കണിഭാഷാപ്രവേശിക'(NBS, 2016) എന്ന കൈപ്പുസ്തകത്തിലൂടെ ശ്രീ സുബ്രഹ്മണ്യന്‍ കൊങ്ങിണിവാമൊഴിയെ വരമൊഴിയിലേക്കാവാഹിക്കുന്നു. വരുംതലമുറകള്‍ക്കായി ഈ പദമഞ്ജരിയെ അതിണ്റ്റെ തനതു പ്രയോഗമാധുരിയോടുകൂടി വാമൊഴിപ്പതിപ്പായിക്കൂടി പുറത്തിറക്കുമെന്നാണ്‌ എണ്റ്റെ വിശ്വാസം. അതിനുള്ള ഡിജിറ്റല്‍സാങ്കേതികവിദ്യകളെല്ലാം കൈക്കുള്ളിലായവര്‍ ഈ സമുദായത്തിലുണ്ട്‌. ഷാജി ലക്ഷ്മണ്‍ കയ്യാളുന്ന kudumbi.com ഉദാഹരണം.

തമിഴ്നാട്ടില്‍നിന്നു പലായനംചെയ്തു കേരളക്കരയില്‍ പുനര്‍ജനിച്ച പരദേശിബ്രാഹ്മണരുടെ കഥയ്ക്കും ഗോവയില്‍നിന്നു പലായനംചെയ്തു കുടിയേറിയ കുഡുംബിസമുദായത്തിണ്റ്റെ കഥയ്ക്കും സമാനതകളേറെ. മാതൃഭാഷ എന്തെന്ന ശങ്ക ഇരുകൂട്ടര്‍ക്കും സമം. മാതാവിനോട്‌ ഒരു ഭാഷ (തമിഴ്‌ / കൊങ്ങിണി), ഔദ്യോഗിക 'മാതൃഭാഷ'യായി മലയാളവും! പട്ടന്‍മാരെന്ന്‌ അവരെയും ചെട്ടികളെന്ന്‌ ഇവരെയും അധിക്ഷേപിച്ച കേരളസമൂഹംതന്നെ, എല്ലാവരെയും മലയാളമെന്ന മുലപ്പാലൂട്ടി വളര്‍ത്തിയെന്നത്‌ അഭിമാനാര്‍ഹമാണ്‌.

യാദൃച്ഛികമായിരിക്കാം, അല്ലെങ്കില്‍ പൂര്‍വബന്ധത്തിണ്റ്റെ അനുരണനമായിരിക്കാം, ശ്രീ സുബ്രഹ്മണ്യന്‍ കൊങ്ങിണിഭാഷാപദങ്ങള്‍ സമാഹരിച്ചുകൊണ്ടിരിക്കുമ്പോള്‍ അതറിയുകപോലുംചെയ്യാതെ ഞാന്‍ തമിഴ്‌-മലയാളവാക്കുകള്‍ ('തലയാളം' അഥവാ 'തമിഴാളം') പെറുക്കിവയ്ക്കുന്നുണ്ടായിരുന്നു. സുബ്രഹ്മണ്യന്‍ രണ്ടായിരത്തിലധികം വാക്കുകള്‍ ചിട്ടപ്പെടുത്തി മുന്‍ബെഞ്ചില്‍ എത്തിയപ്പോള്‍ വെറും ഇരുനൂറുവാക്കുകള്‍പോലും തികയ്ക്കാനാവാതെ ഞാനിപ്പോഴും പിന്‍ബെഞ്ചില്‍തന്നെ!

1 comment:

Unknown said...

നാളേറെയായി മനസിൽ കൊണ്ടു നടന്ന, കുടുംബി ഭാഷയെക്കുറിച്ചുള്ള സംശയങ്ങൾക്ക് വ്യക്തമായ ഉത്തരങ്ങൾ രൂപം കൊള്ളുന്നു. വാമൊഴിയായി പകർന്നു കിട്ടിയ പൂർവ്വിക സമ്പത്തിന്റെ മൂല്യം തിരിച്ചറിയുമ്പോഴും, വരമൊഴിയുടെ അഭാവം സൃഷ്ടിയ്ക്കുന്ന അപൂർണത.... അത് അവഗണിയ്ക്കാനാവുന്നതല്ല. കൊങ്കിണി ഭാഷയുടെ ശക്തമായ ഉച്ചാരണ നിയമങ്ങൾക്കു വഴങ്ങുന്ന റോമൻ ലിപി സാർവദേശീയാംഗീകാരത്തിലേക്കുള്ള ചവിട്ടുപടിയായേക്കാം. പക്ഷേ സാധാരണക്കാർക്കിടയിൽ റോമൻ ലിപിയുടെ പ്രായോഗികക്ഷമതയുടെ കാര്യത്തിൽ സംശയമുണ്ട്.

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...