Sunday 22 May 2016

'മാന്യമഹാജനങ്ങളേ..... '

'മാന്യമഹാജനങ്ങളേ, മാക്കാച്ചിക്കുഞ്ഞുങ്ങളേ, വേലിപ്പത്തലുകളേ, പിച്ചാത്തിത്തുമ്പുകളേ.....'.

 അന്‍പതുകളില്‍ കുട്ടികളായ ഞങ്ങള്‍ 'മീറ്റിംഗ്‌' കളിക്കുന്നത്‌ ഇങ്ങനെ പറഞ്ഞുകൊണ്ടാണ്‌. ആരുണ്ടാക്കിയോ ഈ പ്രയോഗം, എവിടെനിന്നുകിട്ടിയോ ഈ അഭിവാദനസൂക്തം. അന്ന്‌ മലയാളം-സിനിമ നന്നേ കുറവ്‌; മിമിക്രിയും കാര്യമായിട്ടില്ല. വല്ല രസികന്‍ അധ്യാപകനായിരിക്കും ഈ പ്രയോഗത്തിനു പിന്നില്‍. ഞങ്ങളുടെ കുഞ്ഞുഭാവനകള്‍ക്ക്‌ ഓടാനും ചാടാനും പറക്കാനുമൊന്നും കരുത്തില്ലായിരുന്നല്ലോ. വേലിപ്പത്തലുകളിലെ ഹാസവും പിച്ചാത്തിത്തുമ്പുകളിലെ ഹിംസയും ഞങ്ങള്‍ക്കന്യവും. അതുകൊണ്ട്‌ ഞങ്ങള്‍ മാക്കാച്ചിത്തവളകള്‍ക്കും വേലിപ്പത്തലുകള്‍ക്കുംവേണ്ടി അതേതെങ്കിലും ബുദ്ധിമാന്‍മാര്‍ പടച്ചുണ്ടാക്കിയ പാരഡി ആയിരിക്കും. 

തിരഞ്ഞെടുപ്പടുക്കുമ്പോള്‍ ഞങ്ങള്‍ വായനോക്കികള്‍ വീട്ടുപറമ്പത്തും ഇറയത്തുമെല്ലാം യോഗം കളിക്കും. 'മാന്യമഹാജനങ്ങളേ.....' എന്ന തുടക്കം കഴിഞ്ഞാല്‍ ഒരാള്‍ കോണ്‍ഗ്രസ്സാകും, ഒരാള്‍ കമ്മ്യൂണിസ്റ്റാകും (അതുരണ്ടുമേ ഞങ്ങള്‍ക്കറിയാമായിരുന്നുള്ളൂ). പിന്നെ 'വായില്‍തോന്നിയതു കോതയ്ക്കു പാട്ട്‌' എന്ന രീതിയില്‍, വായില്‍നിന്നും വഴിയില്‍നിന്നും വാഹനത്തില്‍നിന്നും കേട്ടതും കേള്‍ക്കാത്തതുമെല്ലാം ഉറക്കെയുറക്കെ തട്ടിവിടും. മുന്‍പിലിരിക്കുന്ന പിള്ളേരെല്ലാം കയ്യടിക്കണം എന്നതായിരുന്നു നടപ്പുരീതി. ഒരരമണിക്കൂറാകുമ്പോഴേക്കും ചുറ്റുവട്ടത്തെ മുതിര്‍ന്നവരിലാരെങ്കിലും ക്ഷമകെട്ട്‌ ശകാരിച്ചോടിക്കും. ഞങ്ങളുടെയും സ്റ്റോക്ക്‌ അത്രയ്ക്കൊക്കെയേ കാണൂ. സസന്തോഷം പിരിയും. അതിനു മുന്‍പ്‌, സ്കൂള്‍ചിട്ടകൊണ്ട്‌ 'ഭാരത്‌ മാതാ കീ ജെയ്‌, മഹാത്മാഗാന്ധി കീ ജെയ്‌, ജവഹര്‍ലാല്‍ നെഹ്രു കീ ജെയ്‌...' എന്ന്‌ അലറിവിളിക്കും കോണ്‍ഗ്രസ്സുകാരും കമ്മ്യൂണിസ്റ്റുകാരുമായ ഞങ്ങളെല്ലാം. 

വോട്ടിടാന്‍ ആദ്യകാലത്തെല്ലാം മഞ്ഞപ്പെട്ടി, ചുവപ്പുപെട്ടി, വെള്ളപ്പെട്ടി, നീലപ്പെട്ടി എന്നായിരുന്നു എന്നാണോര്‍മ. ഓരോ രാഷ്ട്രീയ പാര്‍ട്ടിക്കും ഓരോ നിറം. അന്നൊക്കെ 'സ്വതന്ത്ര'സ്ഥാനാര്‍ഥികള്‍ ഉണ്ടായിരുന്നതായി തോന്നുന്നില്ല. പിന്നെ ആനപ്പെട്ടി, കുതിരപ്പെട്ടി എന്നെല്ലാമായി. അരിവാള്‍-ചുറ്റിക-നക്ഷത്രം, ചന്ദ്രന്‍, സൂര്യന്‍, ചര്‍ക്ക, നുകം, കാളവണ്ടി, പശുവും കിടാവും എല്ലാം വന്നപ്പോഴേക്കും ഒറ്റപ്പെട്ടിയായി ബാലറ്റു പേപ്പറില്‍ അടയാളംകുത്തി വോട്ടിടാന്‍. ഇന്നിപ്പോള്‍ മിക്കവാറും യന്ത്രങ്ങളായില്ലേ. പണ്ടത്തെ 'അസാധു'-വിനു പകരമെന്നോണം 'നോട്ട'-യുമായി. വോട്ടും നോട്ടും പക്ഷെ ബന്ധമൊഴിയാതെ നില്‍ക്കുന്നുതാനും.

അറുതറയായിരുന്നു അന്നെല്ലാം മുദ്രാവാക്യങ്ങള്‍ മിക്കതും: 'റഷ്യക്കൊരു കപ്പലുപോണ്‌ പോണെങ്കില്‍ പോ തോമാച്ചാ...മക്റോണിപ്പായസമുണ്ണാന്‍ പോണെങ്കില്‍ പോ തോമാച്ചാ', 'തൂങ്ങിച്ചാകാന്‍ കയറില്ലെങ്കില്‍ പൂണൂലില്ലേ നമ്പൂരി...', 'ഉള്ളിത്തൊലിപോലെ ദോശയുണ്ടാക്കി പൈസ പതിനഞ്ചു മേടിക്കും...', 'അങ്കമാലിക്കല്ലറയില്‍ നമ്മുടെ സോദരരാണെങ്കില്‍ കല്ലറയാണേ കട്ടായം പകരം ഞങ്ങള്‍ ചോദിക്കും...', 'മുക്കൂട്ടു മുന്നണി തട്ടിപ്പു മുന്നണി ഇക്കൂട്ടുമുന്നണിക്കോട്ടില്ല...', എന്നിങ്ങനെ. കവലപ്രസംഗങ്ങളും കാല്‍നടജാഥകളും കരി-ഓയില്‍പ്രയോഗവും കത്തിക്കുത്തും പന്തംകൊളുത്തിയോട്ടവും പിക്കറ്റിംഗും പണിമുടക്കും സുലഭമായിരുന്നു. 

കോണ്‍ഗ്രസ്സ്‌ മാന്യമഹാജനങ്ങളും കമ്മ്യൂണിസ്റ്റ്‌ പിച്ചാത്തിത്തുമ്പുകളും ബാക്കി പലവക മാക്കാച്ചിത്തവളകളും വേലിപ്പത്തലുകളും ആണെന്നായിരുന്നു നാട്ടിലെ പൊതുവിശ്വാസം.

 എണ്റ്റെ കന്നിവോട്ട്‌ ഗോവയിലായിരുന്നു, 1973-ഓ മറ്റെ. അന്ന് പ്രധാനമായി മഹാരാഷ്ട്രവാദി ഗൊമന്തക്‌ പാര്‍ട്ടിയും യുണൈറ്റഡ്‌ ഗോവന്‍സ്‌ പാര്‍ട്ടിയും, പിന്നൊരു ഗോവ കോണ്‍ഗ്രസ്സും പേരിനൊരു കമ്മ്യൂണിസ്റ്റുപാര്‍ട്ടിയുമേ ഉണ്ടായിരുന്നുള്ളൂ. പിന്നീടെപ്പോഴോ 'തുഝേ മൊത്‌ ഹാഥാക്‌' എന്ന കൈപ്പത്തിപ്പരസ്യവുമായി കോണ്‍ഗ്രസ്സ്‌ എത്തിപ്പെട്ടു. ഗോവരാഷ്ട്രീയത്തിണ്റ്റെ കൈവഴികളോ കൈക്രിയകളോ കൈമാറ്റങ്ങളോ ഒന്നുമറിയാത്ത ഞാന്‍ വോട്ടവകാശമുള്ളവനാണെന്നറിഞ്ഞതുതന്നെ ഒരു സെന്‍സസ്സിനുപിറകെ താമസസ്ഥലത്ത്‌ വോട്ടര്‍കാര്‍ഡ്‌ കിട്ടിയപ്പോഴാണ്‌. തിരഞ്ഞെടുപ്പുദിവസം ബൂത്തില്‍ എത്തിയപ്പോഴേക്കും എണ്റ്റെ പേരില്‍ ആരോ വോട്ടുചെയ്തു പോയിരുന്നു. എങ്കിലും വരണാധികാരി എന്നെ വോട്ടുചെയ്യാന്‍ സദയം ക്ഷണിച്ചു. ആ ദേഷ്യത്തില്‍ ബാലറ്റില്‍ കുത്തിവരച്ച്‌ ഞാന്‍ മടങ്ങി. എണ്റ്റെ ആദ്യവോട്ടങ്ങനെ അസാധുവാക്കി.

പണ്ടത്തെ തരം പ്രചരണരീതികളും മുദ്രാവാക്യങ്ങളും ഇന്നില്ല. ഇന്നത്തെ തിരഞ്ഞെടുപ്പുകള്‍ സാമാന്യം അച്ചടക്കപ്പെട്ടതാണ്‌. രാഷ്ട്രീയക്കാരും തിരഞ്ഞടുപ്പുദ്യോഗസ്ഥരും മട്ടും മാതിരിയും അന്യോന്യം വച്ചുമാറി. മാറാത്തതൊന്നേയുള്ളൂ; രാഷ്ട്രീയക്കാരുടെ മനോഭാവം.

അരനൂറ്റാണ്ട്‌ ഇന്ത്യാമഹാരാജ്യം വാണരുളിയ, വീറും വീര്യവും വിലയും നിലയും വിട്ടുമാറിയ മുത്തശ്ശിപ്പാര്‍ട്ടി വീട്ടുകാര്യംവിട്ടൊരു നാട്ടുകാര്യം ചെയ്യുമെന്നു ബുദ്ധിയുള്ളവര്‍ കരുതില്ല. പുസ്തകംനോക്കി പുരാവൃത്തം പറയുന്ന വിപ്ളവപ്പാര്‍ട്ടികളും കൂറുവിട്ടു കൂറുമാറുമെന്നല്ലാതെ കൂടുവിട്ടു കൂരയണയുമെന്നൊന്നും കരുതാന്‍ വയ്യ. ഭാരതീയനെ ആരാധനാലയങ്ങളില്‍ തളച്ച്‌ ഒരരുക്കാക്കാമെന്ന്‌ താടിക്കാരും മോടിക്കാരും മറ്റും കരുതുകയും വേണ്ട. സ്ഥലവും സന്ദര്‍ഭവും കാലവും കോലവും തെറ്റിപ്പോയ പുറംനോക്കിപ്പാര്‍ട്ടികളും ഭാരതത്തിണ്റ്റെ സത്തയറിഞ്ഞിട്ടില്ല. 'തിങ്ക്‌ ഗ്ളോബല്‍, ആക്റ്റ്‌ ലോക്കല്‍' എന്നാവേണ്ടിയിരുന്ന പ്രാദേശികപ്പാര്‍ട്ടികള്‍, മറിച്ചുചിന്തിച്ച്‌ കടലിന്നക്കരെ കള്ളബാങ്കുകളില്‍ കൊള്ളപ്പണം സ്വരൂപിച്ചുകൂട്ടി. ആരാണ്റ്റെ ചോരപ്പുഴയൊഴുക്കിയ ഉശിരന്‍പാര്‍ട്ടികള്‍, ഭാരതമണ്ണില്‍ നീരൊഴുക്കില്ലാതെ വറ്റിവരണ്ടുപോയി. കാവിയടിക്കപ്പെട്ട നിര്‍ഗുണബ്രഹ്മമല്ല ഭാരതം - വെള്ളയടിച്ചു കുഴിമാടം കോരാനും കഴിയില്ല; പച്ചയടിച്ചു മരുപ്പച്ചയാക്കാനും കഴിയില്ല; ചുവപ്പടിച്ചു ചുണയേറ്റാനും കഴിയില്ല; കറുപ്പടിച്ചു കുളംതോണ്ടാനും കഴിയില്ല.

നിഷ്ക്രിയരും ഷണ്ഡന്‍മാരും നിവര്‍ന്നുനില്‍ക്കാന്‍ നട്ടെല്ലില്ലാത്തവരുമായിപ്പോയ നമ്മുടെ പഴയ കാലം കഴിഞ്ഞു. കാണിക്കയും ദക്ഷിണയും നടവരവും ഭിക്ഷയും സക്കാത്തും ലഞ്ചവും തലവരിയും ബക്കറ്റുപിരിവും നോക്കുകൂലിയും ലോട്ടറിയും മണി-ചെയിനും ചായ്‌-പാനിയും ഹഫ്തയും സബ്സിഡിയും 'ആധാര'മാക്കി ജീവിക്കേണ്ടിവരുന്ന നമ്മുടെ പുതിയ കാലവും കഴിഞ്ഞു. ചിന്തിക്കുന്ന യുവത അന്തസ്സായി വളര്‍ന്നുവരുന്നുണ്ടു മുന്നില്‍. സ്നേഹത്തിലും സത്യസന്ധതയിലും സംസ്ക്കാരത്തിലും സാങ്കേതികവിദ്യയിലും സക്രിയതയിലും സ്വപരിശ്രമത്തിലും സേവനത്തിലും ഊന്നിയ നവയുഗസന്തതികള്‍. സഹനശക്തിയും സാഹോദര്യവും സഹബോധവും സഹാനുഭൂതിയും സഹവര്‍ത്തിത്വവും ഒന്നിച്ചുചേരുമ്പോള്‍ അവര്‍ക്ക്‌ ഭൂതത്തിണ്റ്റെ വിലങ്ങുകളോ വര്‍ത്തമാനത്തിണ്റ്റെ വിലക്കുകളോ ഭാവിയുടെ വരുംവരായ്കകളോ വിഷയമേയല്ല. മാന്യമഹാജനങ്ങളായും മാക്കാച്ചിക്കുഞ്ഞുങ്ങളായും വേലിപ്പത്തലുകളായും പിച്ചാത്തിത്തുമ്പുകളായും കളിച്ചുനടന്നവരല്ലവര്‍. 

മാന്യമഹാജനങ്ങളേ, മാക്കാച്ചിക്കുഞ്ഞുങ്ങളേ, വേലിപ്പത്തലുകളേ, പിച്ചാത്തിത്തുമ്പുകളേ, കാലഹരണപ്പെട്ട കള്ളപ്രമാണിമാരേ, സൂക്ഷിക്കുക - അവര്‍ കടിക്കും!   

No comments:

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...