Sunday 15 May 2016

'അറബനൈസേഷന്‍'


ഗോവ സര്‍ക്കാര്‍ തെങ്ങിനെപ്പിടിച്ചു പുല്ലാക്കി. ഇനിമേല്‍ ഫോറസ്റ്റ്‌-അധികാരികളുടെ അനുവാദം വേണ്ട മരം - സോറി പുല്ല്‌ - വെട്ടിമാറ്റാന്‍. അചിരേണ മറ്റു മരങ്ങള്‍ക്കും പുല്ലുവില കല്‍പിക്കപ്പെടും എന്നനുമാനിക്കാം. വിവ ഗോവ!
ഗോവയില്‍ എണ്റ്റെ ഫ്ളാറ്റിനു മുന്‍പില്‍ വലിയൊരു പ്ളാവുണ്ട്‌. മൂന്നാംനിലവരെ പൊങ്ങി പടര്‍ന്നുപന്തലിച്ചു നില്‍ക്കും ഈ മുത്തശ്ശിപ്ളാവ്‌. ബാല്‍ക്കണിയില്‍ തൊട്ടു തൊട്ടില്ല എന്ന തരത്തില്‍ പ്ളാവിലകള്‍. കാറ്റൊന്നടിച്ചാല്‍ മൃദുമര്‍മരം. ദശവര്‍ഷങ്ങള്‍ പ്രായമുള്ള ഈ പ്ളാവ്‌ ഇപ്പോഴും കായ്ക്കും, വര്‍ഷാവര്‍ഷം. നൂറ്റുകണക്കിനാണു ചക്ക പൊട്ടുന്നത്‌. കൂഴച്ചക്കയാണെന്നുമാത്രം. എന്നാലെന്താ, പിഞ്ചിളംചക്ക - ഇടിച്ചക്ക / ഇടിഞ്ചക്ക എന്നും പറയും - പറിച്ചെടുത്തുപയോഗിക്കാത്തവരില്ല ഈ കോളനിയില്‍. പഴുത്തതു പിള്ളേര്‍ തിന്നും. തേന്‍മധുരമാണ്‌. പഴുത്തു പൊട്ടിവീഴുന്ന ചക്കപ്പഴത്തിനു കടിപിടികൂടും കാക്കയും അണ്ണാനും കിളികളും കന്നാലികളുമെല്ലാം. രണ്ടുപദ്രവങ്ങളേയുള്ളൂ - അതിരൂക്ഷമായ മണവും പിന്നെ ഈച്ചശല്യവും. അതെല്ലാം വെറും സീസണല്‍. മഴതുടങ്ങിയാല്‍ പിന്നെ കാക്കകള്‍ കൂടുവയ്ക്കും നീളന്‍കൊമ്പുകളില്‍. പലതരം പക്ഷികള്‍ വിരുന്നുവരും. പച്ചിളം ചാര്‍ത്തുകള്‍ പന്തലൊരുക്കും, പിന്നത്തെ മഞ്ഞുകാലത്തും വേനല്‍ക്കാലത്തും തണലേകാന്‍. ഗോവയില്‍ മഞ്ഞുകാലത്തും വേനല്‍ക്കാലത്തും ഉച്ചവെയില്‍ ഒന്നുപോലല്ലോ. കുപ്പി-കടലാസ്സുകാരും പുറംപണിക്കാരും വിശ്രമിക്കുന്നത്‌ ഇതിന്‍ചോട്ടില്‍. വണ്ടികള്‍ വയ്ക്കുന്നതും ഇതിന്‍ചുവട്ടില്‍. അത്യാവശ്യം പട്ടിയും പന്നിയും പശുവുമെല്ലാം വന്നിരിക്കാറുമുണ്ട്‌.
എല്ലാ വര്‍ഷവും വേനല്‍ കത്തുമ്പോള്‍ ഈ കെട്ടിടത്തിലെ രണ്ടാംനിലയില്‍ ഗള്‍ഫുകാര്‍ വന്നുപാര്‍ക്കും. ആദ്യം വീടിണ്റ്റെ മുന്‍ഭാഗം 'കള'റടിക്കും. 'പെയിണ്റ്റ്‌' എന്നല്ല, 'കളര്‍' എന്നാണ്‌ അവര്‍ പറയുക. 'പെയിണ്റ്റ്‌' എന്നാല്‍ വെറും കളറാണവര്‍ക്ക്‌; പെയിണ്റ്റ്‌ എന്തിനെന്നോ എങ്ങനെ ചെയ്യണമെന്നോ എന്നൊന്നും അറിയില്ല. നാലാളെ കാട്ടാന്‍ വെറുമൊരു ചായംപൂശല്‍, അത്രതന്നെ. പിന്നെ നിറവര്‍ണങ്ങളില്‍ കുറെ കൊടിതോരണങ്ങള്‍ തൂക്കും. രാപ്പകല്‍ സ്റ്റീറിയോ മുഴക്കും. ബാല്‍ക്കണിയില്‍നിന്ന് ലോകംമുഴുവന്‍ ഫോണ്‍ വിളിക്കും; ലോകമറിയാന്‍ വര്‍ത്തമാനം പറയും.
പിന്നെത്തുടങ്ങും ആ പ്ളാവു വെട്ടിനീക്കാനുള്ള കുതന്ത്രങ്ങള്‍. ബാല്‍ക്കണിയില്‍ അണ്ണാര്‍ക്കണ്ണന്‍ കേറുന്നു, ഇലകള്‍കാരണം വീടുമറയുന്നു, വിരുന്നുവരുന്നവര്‍ക്ക്‌ വീടുകാണാനാകുന്നില്ല, കാക്കകള്‍ ഒച്ചയെടുക്കുന്നു, ഉറങ്ങാനാകുന്നില്ല, വാഹനത്തിനുമേല്‍ കാഷ്ഠം വീഴുന്നു, ഇലപൊഴിഞ്ഞ്‌ നടക്കാന്‍വയ്യ എന്നിങ്ങനെ പരാതികള്‍ പലതും നിരത്തുന്നു. കുഞ്ഞുങ്ങളുടെ തലയില്‍ ചക്ക പൊട്ടി വീണേക്കാം, കാറ്റത്തു മരം കടപുഴങ്ങി വീണേക്കാം, കാലാക്രമേണ മരത്തിണ്റ്റെ വേരുകള്‍ കെട്ടിടത്തിണ്റ്റെ അസ്തിവാരം തുളച്ചേക്കാം, കൊമ്പുകള്‍ ബാല്‍ക്കണിയിലേക്കു ചെരിഞ്ഞേക്കാം ഇത്യാദി പ്രവചനങ്ങളും. ഞങ്ങള്‍ കുറെപ്പേര്‍ ഇല്ലാത്ത തരംനോക്കി മരം വെട്ടാന്‍ ആളെക്കൊണ്ടുവരും. ഭാഗ്യംകൊണ്ടുമാത്രം അതുമണത്തറിയാനിടവരൂന്ന ഞങ്ങള്‍ ഓടിപ്പാഞ്ഞെത്തി അറുംകൊലയ്ക്ക്‌ ആനപ്പൂട്ടിടും. പഞ്ചായത്തിണ്റ്റെ അനുവാദമുണ്ടോ, വനംവകുപ്പിണ്റ്റെ അനുവാദമുണ്ടോ, വിദ്യുച്ഛക്തിവകുപ്പിണ്റ്റെ അനുവാദമുണ്ടോ, എല്ലാത്തിനുമാദ്യം പാര്‍പ്പിടക്കമ്മിറ്റിയുടെ അനുവാദമുണ്ടോ എന്നെല്ലാം ചോദ്യംചെയ്യുമ്പോള്‍ മുറുമുറുത്തുകൊണ്ടവര്‍ പത്തിമടക്കും. പണിക്കാര്‍ പിറുപിറുത്തുകൊണ്ടു പിന്‍വാങ്ങും.
ഈ വര്‍ഷം 'ഭൌമദിന'ത്തില്‍ തന്നെ ഇതു നടന്നു എന്നതു വികൃതിയുടെ പ്രകൃതി കാട്ടിത്തരുന്നു!
അതിനിടെ ഒരാള്‍, പുരകത്തുമ്പോള്‍ വാഴവെട്ടുമ്പോലെ, എരിതീയില്‍ എണ്ണയൊഴിക്കുമ്പോലെ, മരത്തിനടിയില്‍ ആരുമറിയാതെ ഒരു മണ്‍ചെരാതു കൊളുത്തിവയ്ക്കുന്നു. അതു മരത്തെ രക്ഷിക്കാനാണെന്ന് ഒരുകൂട്ടര്‍. അതൊരുതരം മതചിഹ്നമാണെന്ന് വേറൊരു കൂട്ടര്‍. ആകപ്പാടെ കശപിശ. പ്രധാനപ്രശ്നം - മരംവെട്ടു നിര്‍ത്തല്‍ - പിന്‍മറയിലായി. ഞങ്ങള്‍ 'മരക്കാര്‍' വെറുതെ വെറും വില്ലന്‍മാരായി.
കുറെ കമ്പുകളും കൊമ്പുകളും മുറിച്ചപ്പോള്‍ തത്കാലം പ്രശ്നമൊതുങ്ങി. അടുത്തതവണ 'ചിപ്കൊ'-ടൈപ്പ്‌ സമരം വേണ്ടിവരുമായിരിക്കും!
ഈ പാര്‍പ്പിടസമുച്ചയത്തിലെതന്നെ ഒരാള്‍ - ഒരാള്‍ തനിയെ - പത്തുവര്‍ഷം പാടുപെട്ട്‌ പരിസരത്താകെ പത്തിരുപതു ചെടികള്‍ നട്ടുവളര്‍ത്തി കൊച്ചുകൊച്ചു മരങ്ങളാക്കി പച്ചിപ്പുണ്ടാക്കിത്തന്നു. അപ്പോള്‍ കുറ്റം, ബദാം-മരത്തില്‍നിന്ന് ഇലകള്‍ പൊഴിഞ്ഞു പരിസരം വൃത്തികേടാകുന്നു എന്ന്! നട്ട വേപ്പുകള്‍ മരുന്നുവേപ്പല്ല, കള്ളവേപ്പാണ്‌ എന്ന്! നട്ടതെല്ലാം വേണമെകില്‍ പിഴുതെറിഞ്ഞോളൂ എന്ന് മരംനട്ടായാള്‍ മനംനൊന്തു പ്രതികരിച്ചു. അതിനു പണവും ദേഹാധ്വാനവും വേണ്ടിവരും എന്നുള്ളതുകൊണ്ട്‌ പരാതിക്കാര്‍ ഒന്നൊന്നായി പിന്‍വലിഞ്ഞു.
ഒരാള്‍ക്കുവേണ്ട ഒരു ദിവസത്തെ ഓക്സിജന്‍ തലവരി, ഒരേയൊരു മരത്തിനു തരാന്‍ കഴിയും. ഒരുദിവസം ഒരായിരം രൂപയുടെ ഓക്സിജനാണത്രേ നമ്മള്‍ വലിച്ചുകേറ്റുന്നത്‌. അപ്പോഴറിയാം മരത്തിണ്റ്റെ വില. അമിതപ്രകാശം തടയല്‍, പൊടി തടയല്‍, അപായവിഗിരണം തടയല്‍ എന്നിത്യാദി ധര്‍മങ്ങള്‍ക്കു ചന്തവിലയിടാന്‍ പ്രയാസം. ബാല്‍ക്കണിയില്‍ ഉച്ചനേരത്തും ഇരിക്കാന്‍ കഴിയുന്നതും ഫോണില്‍കൂടിയും അല്ലാതെയും നാട്ടുകാരോടെല്ലാം ചിലയ്ക്കാന്‍ കഴിയുന്നതും ഈ മരം ഉള്ളതുകൊണ്ടാണെന്ന് അവര്‍ അറിയുന്നില്ല. മുറിയുടെ വശങ്ങളില്‍ മരച്ചോലയുണ്ടെങ്കില്‍ രാപ്പകല്‍ ഇടുന്ന ഏസി-യുടെ ഉപയോഗം ഗണ്യമായി കുറയ്ക്കാം എന്നുമവര്‍ അറിയുന്നില്ലല്ലോ.
'മരം ഒരു വരം' എന്ന കാഴ്ചപ്പാടു പോയേപോയി. മരം ശത്രുവല്ല, മിത്രമാണ്‌ എന്ന് വിദ്യാഭ്യാസമുള്ളവരോടു പറയാം, അവരെ പറഞ്ഞു മനസ്സിലാക്കാം; അറിവില്ലാത്തവരെ പഠിപ്പിക്കുകയുമാവാം. അറിവില്ലാതെ അറിവുണ്ടെന്നു നടിക്കുന്നവരോട്‌ എന്തു പറയാന്‍, അവരെ എന്തു പഠിപ്പിക്കാന്‍? ഒരു പുല്‍ക്കൊടിയുടെ വില അറബികള്‍ക്കറിയാം. അവിടെനിന്നു മടങ്ങുന്നവര്‍ക്ക്‌ മരത്തിനു പുല്ലുവില!
അര്‍ബനൈസേഷന്‍ (നഗരവല്‍ക്കരണം), 'അറബ'നൈസേഷന്‍ (മരുഭൂമിവല്‍ക്കരണം) ആയി മാറുന്ന കാഴ്ച്ചയാണിത്‌. കാഴ്ച്ചയിലല്ല തെറ്റ്‌; കാഴ്ച്ചപ്പാടിലാണ്‌. ഇതു വെറും കച്ചവടക്കണ്ണല്ല; കുരുത്തംകെട്ട കണ്ണാണ്‌. മഞ്ഞളിച്ച, പീളകെട്ടിയ, തിമിരംബധിച്ച കണ്ണ്‌.
ഇങ്ങനെയാണ്‌ മരുഭൂമികള്‍ ഉണ്ടാക്കുന്നത്‌.
പണ്ടുമുതലേ, മരിക്കുന്നവരുടെ വായിലിറ്റിക്കാന്‍വേണ്ടി വിശുദ്ധ ഗംഗാജലം കാശിയില്‍നിന്നു കൊണ്ടുവന്നു സൂക്ഷിക്കുമായിരുന്നു വീടുകളില്‍. അടുത്തിടെ കണ്ടതാണ്‌, അറബിനാട്ടില്‍നിന്ന്‌ വിശുദ്ധ 'സംസം'-ജലം കുപ്പിയിലടക്കി കച്ചവടമാക്കുന്നത്‌. വിശുദ്ധിയും വിശ്വാസവുമെല്ലാം മാറ്റിനിര്‍ത്തിയാലും, ഇതെല്ലാം ഒരു ശകുനമായിത്തോന്നുന്നു. താമസിയാതെ അതിനപ്പുറവും വേണ്ടിവരുമായിരിക്കും നമുക്ക്‌ - കുടിനീര്‍ ഇറക്കുമതി ചെയ്യേണ്ടിവരും, ശ്വസിക്കാന്‍ ശുദ്ധവായുവും.

No comments:

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...