Sunday 8 May 2016

ഒന്നു പ്രതികരിച്ചാലോ, മാഷേ?


വാക്കു തകൃതിയായാല്‍ പ്രവൃത്തി തരികിടയാവും. അതുകൊണ്ടാണല്ലൊ അതെല്ലാമറിഞ്ഞ നമ്മുടെ സ്വന്തം ഇന്ദിരാജിഗാന്ധിജി 'നാവടക്കൂ പണിയെടുക്കൂ' എന്നു നാടടച്ച്‌ അടിയന്തിരം നടത്തിയത്‌. പക്ഷെ പതിവുമാതിരി നമുക്കൊരു അക്ഷരത്തെറ്റു പറ്റി: 'നാവെടുക്കൂ പണിയെടുക്കൂ' എന്നായിപ്പോയി നിത്യശ്ളോകം.
പ്രബുദ്ധകേരളം പ്രതികരിക്കാത്തതായി ഒന്നുമില്ല. നിക്കറാഗുവയുടെ അടവുനയത്തിനെതിരെ പ്രതികരിക്കും. അതുപോലെതന്നെ ക്യൂബയുടെ നിലപാടുതറയെക്കുറിച്ചു പ്രതികരിക്കും. അതോടൊപ്പംതന്നെ പോളണ്ടിനെപ്പറ്റിപ്പറഞ്ഞാല്‍ പ്രതികരിക്കും. അതേസമയംതന്നെ ഹോണോലുലുവിലെ ടൂറിസപ്പദ്ധതിയെച്ചൊല്ലി പ്രതികരിക്കും. അതിനിടയ്ക്കുതന്നെ തിംബുക്തുവിലെ നാടുകടത്തലിനെപ്രതി പ്രതികരിക്കും. അപ്പോള്‍തന്നെ ഇറ്റാലിയന്‍ മാഫിയയെപ്പറ്റിപ്പറഞ്ഞാല്‍ പ്രതികരിക്കും. അതുവിടാതെതന്നെ യൂറോപ്പിലെ അരികുജീവിതങ്ങളെപ്പറ്റി പ്രതികരിക്കും. അതുതീരുന്നതിനുമുന്‍പുതന്നെ യൂറോവിണ്റ്റെ വിലയിടിവിനെക്കുറിച്ചു പ്രതികരിക്കും. അതിനോടുകൂടിത്തന്നെ അമേരിക്കന്‍സാമ്രാജ്യത്ത്വതിനെതിരെ പ്രതികരിക്കും. അതിനുമുന്‍പുതന്നെ ചൈനയ്ക്കെതിരെ പ്രതികരിക്കും. അതിനുപിന്‍പുതന്നെ പാകിസ്താനെപ്പറ്റി പ്രതികരിക്കും. അതിനാല്‍തന്നെ ക്രിക്കറ്റിണ്റ്റെ പേരില്‍ പ്രതികരിക്കും. അതോടുചേര്‍ത്തുതന്നെ സിനിമാവ്യവസായത്തെപ്പറ്റിയും പ്രതികരിക്കും. തന്നെ, തന്നെ, തന്നെ. തന്നെയല്ലാതെ താനൊന്നുമറിയില്ല. പ്രതികരിച്ചുകൊല്ലും. പ്രതികരിച്ചു കരിക്കും.
എന്നാലോ മൂക്കിനുതാഴെ മീശക്കു തീപിടിച്ചാലും കേരളത്തിണ്റ്റെ സ്വന്തം ഉണ്ണാമന്‍മാര്‍ അറിയില്ല. അറിഞ്ഞാലോ അതിനുമുണ്ടാകും ആയിരം ന്യായീകരണങ്ങള്‍. 'അത്‌,' അവര്‍ പതുക്കെ പറഞ്ഞുതുടങ്ങും. ലോകത്തിലെ ഒടുക്കത്തെ സമയമെല്ലാം അവരുടെ കയ്യിലുണ്ടല്ലോ. 'അതെന്താണെന്നറിയാമോ. മൂക്കിനുതാഴെ മീശമുളയ്ക്കുന്നതു തടയാനാവില്ലല്ലോ. തീ പിടിച്ചതു മീശയുണ്ടായതുകൊണ്ടല്ലേ. മനസ്സിലായില്ലേ. അതായത്‌ മീശക്ക്‌ അങ്ങനെയൊരു സ്വഭാവമുണ്ട്‌. തീകണ്ടാല്‍ കത്തും. അതുപോലെതന്നെ മീശയ്ക്കു തീപിടിച്ചത്‌ പ്രകൃതിനിയമത്തിനെതിരല്ല. അതോടൊപ്പംതന്നെ ഈ വരുന്ന തിരഞ്ഞെടുപ്പില്‍ അതൊരു കാര്യവുമല്ല എന്നു ചേര്‍ത്തുവായിക്കണം. അതേസമയംതന്നെ ഇന്നത്തെ യുവതയുടെ അരികുജീവിതത്തെ അടയാളപ്പെടുത്താന്‍ മീശയും തീയും വേണം. അതുകൊണ്ടുതന്നെ മീശക്കു തീ കൊളുത്തുകതന്നെ വേണം. അല്ലെങ്കില്‍ അധീശശക്തികളും സാമ്രാജ്യത്വവാദികളും വര്‍ഗീയവാദികളും മൌലികവാദികളും തീവ്രവാദികളും തലപൊക്കും എന്നുകൂടി ചേര്‍ത്തുവായിക്കണം ....'.
തന്നെയുമല്ല തനിക്കു താന്‍തന്നെ സാക്ഷി. ലോകത്തു തനിക്കുമാത്രമുള്ളതല്ലോ ഈ അതിബുദ്ധി. കുടിച്ച കള്ളുപോലെ അതു നാലാളെ അറിയിച്ചാലല്ലേ ആത്മരതി പൂര്‍ണമാകൂ. എങ്കിലോ 'ഞാനൊന്നും പറഞ്ഞിട്ടുമില്ല, നീയൊന്നും കേട്ടിട്ടുമില്ല' എന്ന തരത്തില്‍, സിനിമാസ്റ്റൈലിലൊരു ചുറ്റിക്കളിയും. കഴിഞ്ഞൂ കാര്യം. ബാക്കിയുള്ളവര്‍ മരമണ്ടന്‍മാര്‍.
സൂപ്പര്‍-ഹൈവേ വേണോ ഗോള്‍ഡ്‌-സൂക്ക്‌ വേണോ ഗോള്‍ഫ്‌-ക്ളബ്ബ്‌ വേണോ മോണോ-റെയില്‍ വേണോ താലൂക്കുതോറും അന്താരാഷ്ട്ര വിമാനത്താവളം വേണോ പഞ്ചായത്തുതോറും ഇണ്റ്റര്‍നാഷണല്‍-സ്റ്റേഡിയം വേണോ പച്ച വേണോ മഞ്ഞ വേണോ കാവി വേണോ ചെമപ്പു വേണോ നീല വേണോ വെള്ള വേണോ കറുപ്പു വേണോ എന്നതെല്ലാം വലിയവലിയ കാര്യങ്ങള്‍. ആരു പ്രതികരിച്ചാലും അവയെല്ലാം വലിയവര്‍ വരുത്തും. എക്കാലത്തും വലിയവര്‍ വലിയ കാര്യങ്ങള്‍ തന്നിഷ്ടപ്രകാരം നടത്തിപ്പോന്നിട്ടേയുള്ളൂ. ചെറിയ മനുഷ്യരുടെ ചെറിയ കാര്യങ്ങള്‍ അന്നും ഇന്നും എന്നും കുളം. കാരണം കൊച്ചുകൊച്ചുകാര്യങ്ങള്‍ക്കു പ്രതികരിക്കാനും പ്രതിഷേധിക്കാനും പ്രവര്‍ത്തിക്കാനും പ്രാപ്തരല്ല ഇന്നത്തെ കേരളീയര്‍. താനും തണ്റ്റെ പെണ്ണും തട്ടാനും സ്വര്‍ണവും എന്ന നിലയിലാണ്‌ അവണ്റ്റെ മനോഗതി. പിന്നെ മേമ്പൊടിക്കു മണ്ണും കള്ളും മതവും മതേതരവും. വലിയ വായിലേ അവനു തൊള്ളതുറക്കാനറിയൂ; കിട്ടാത്ത മുന്തിരിയേ അവനു വേണ്ടൂ; കണ്ണെത്താദൂരത്തേ അവണ്റ്റെ കണ്ണു പോകൂ; ഇല്ലാത്ത കൊമ്പത്തേ അവന്‍ കയ്യുകോര്‍ക്കൂ. കൈക്കൂലിക്കെതിരെ അവന്‍ പ്രതികരിക്കില്ല; കൊടുത്തങ്ങു കാര്യം നേടും. നോക്കുകൂലിക്കെതിരെ പ്രതികരിക്കില്ല; തലപോകുമല്ലോ. തൊട്ടതിനൊക്കെ റേഷന്‍കാര്‍ഡും ആധാര്‍ നമ്പറും തിരിച്ചറിയല്‍രേഖയും ഫോട്ടോവും അവയുടെ കോപ്പിയും. മറുത്തൊരു വാക്കില്ല. സൌജന്യമായിക്കിട്ടേണ്ട അപേക്ഷാഫോറം കാശുകൊടുത്തുമേടിക്കണം ആവശ്യമുള്ളവര്‍. ആരും പ്രതികരിക്കില്ല. ഇക്കണ്ട ബസ്സുകളിലെല്ലാം അതിബുദ്ധിപൂര്‍വം പിടിപ്പിച്ചിരിക്കുന്ന ഇരുമ്പുകതകുകള്‍, കണ്ടക്റ്ററുടെ ആജ്ഞപ്രകാരം അടയ്ക്കാനും തുറക്കാനും ഒരു മടിയുമില്ല പാവം യാത്രക്കാര്‍ക്ക്‌. തലേന്ന്‌ അന്താരാഷ്ട്രവിപണിയിലെ ക്രൂഡ്‌-ഓയില്‍ വിലയെപ്രതി പ്രതികരിച്ചതാണ്‌. കെ.എസ്‌.ആര്‍.ടി.സി.-യിലെ തൊഴിലാളിവിരുദ്ധനയങ്ങള്‍ക്കെതിരെ പ്രതികരിച്ചതാണ്‌. 'അത്‌.' - ചോദിച്ചാല്‍ പുരാണം തുടങ്ങും. 'ഒരു ബസ്സില്‍ ഒരു കണ്ടക്റ്ററല്ലേയുള്ളൂ, അയാള്‍ക്ക്‌ ഓരോപ്രാവശ്യവും കതകു തുറന്നടയ്ക്കാന്‍ പറ്റുമോ? പിന്നെ, കതകാരുടെയെങ്കിലും തലയിലിടിച്ചാല്‍ കേസ്സും വക്കാണവുമാകില്ലേ?...'.
പ്രതികരിച്ചവന്‍ വിഡ്ഢി.
അപ്പംപോലെ നടുക്കുവീര്‍ത്ത ടാര്‍റോഡുകള്‍ക്കെതിരെ പ്രതികരണമില്ല. ഒരടിയെങ്കിലും നിരപ്പായില്ലാത്ത നടപ്പാതകള്‍ക്കെതിരെ പ്രതികരണമില്ല. കാനകള്‍ക്കുമേല്‍ ഇല്ലാത്ത സ്ളാബുകള്‍ക്കെതിരെ പ്രതികരണമില്ല. തലയ്ക്കുമുകളിലെ ആയിരം കമ്പികള്‍ക്കെതിരെ പ്രതികരണമില്ല. വഴിവക്കത്തെല്ലാം പിണഞ്ഞുകിടക്കുന്ന കേബിളുകള്‍ക്കെതിരെ പ്രതികരണമില്ല. കുമിഞ്ഞുകൂടുന്ന ചവറുകള്‍ക്കെതിരെ പ്രതികരണമില്ല. ഇല്ല പ്രതികരണം മാലിന്യസംസ്കരണശാലയില്‍നിന്നുള്ള ദുര്‍ഗന്ധത്തിനെതിരെയോ, വ്യവസായശാലയില്‍നിന്നുള്ള വിഷവിസര്‍ജനങ്ങള്‍ക്കെതിരെയോ, പുകതുപ്പുന്ന വണ്ടികള്‍ക്കെതിരെയോ, തൊള്ളതുറക്കുന്ന ഉച്ചഭാഷിണികള്‍ക്കെതിരെയോ. ഇല്ല പ്രതികരണം രാപകല്‍ സൈറനടിച്ചോടുന്ന ആംബുലന്‍സുകള്‍ക്കെതിരെയോ, കള്ള-ടോള്‍ പിരിക്കുന്ന കരാറുകാര്‍ക്കെതിരെയോ, പൊതുസ്ഥലങ്ങളിലെ പാര്‍ക്കിംഗ്‌ ഫീസിനെതിരെയോ, പണമൂറ്റുന്ന എം.ആര്‍.പി.-ക്കെതിരെയോ, കാലഹരണപ്പെട്ട മരുന്നുകള്‍ക്കെതിരെയോ, ജീവനൂറ്റുന്ന ആസ്പത്രികള്‍ക്കെതിരെയോ, നട്ടെല്ലൊടിക്കുന്ന വിദ്യാഭ്യാസക്കച്ചവടത്തിനെതിരെയോ, തണല്‍മരങ്ങള്‍ വെട്ടിമാറ്റുന്ന താന്തോന്നികള്‍ക്കെതിരെയോ, കുടിവെള്ളം മുട്ടിക്കുന്ന കുപ്പിവെള്ളത്തിനെതിരെയോ.
'എന്നാലും മാഷേ, ഒന്നു പ്രതികരിച്ചാലോ?'
'അത്‌,'... വിദ്വാന്‍മാര്‍ ഉടന്‍ പുരാണം തുടങ്ങും. 'അത്‌ സര്‍ക്കാരിണ്റ്റെ നയമല്ലേ? ലോകബാങ്കില്‍നിന്നു കിട്ടിയ കാശ്‌ ചെലവാക്കാതെ പറ്റുമോ? നൂറുവര്‍ഷത്തെ ബാധ്യതയല്ലേ? പിന്നെ ഇന്നലെയല്ലേ സാമ്രാജ്യത്വ-വര്‍ഗീയ-വാണിജ്യലോബികള്‍ക്കെതിരെ പ്രതിഷേധറാലിയും കിടപ്പുസമരവും പ്രാര്‍ഥനായോഗവും വഞ്ചനാദിനവും കരി-ഓയില്‍ പ്രയോഗവും നടത്തിയത്‌'? എമ്പാടുമുള്ള 'ഫ്ളക്സ്‌'്-ബോര്‍ഡുകള്‍ കണ്ടില്ലല്ലേ...'.
ഇതാ ഞാന്‍ തോറ്റിരിക്കുന്നു. എനിക്കൊന്നുമറിയില്ല. ഞാനൊന്നും കേട്ടില്ല, ഞാനൊന്നും പറഞ്ഞുമില്ല. പ്രതികരിക്കാനുമില്ല. സുല്ല്‌.

No comments:

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...