Monday 30 May 2016

വേണം മലയാളത്തിനു മഹാലിപി

"അന്‍പത്തൊന്നക്ഷരാളി..." എന്നൊരു പദ്യം കേട്ടുകാണും മലയാളത്തിണ്റ്റെ അക്ഷരമാലയെപ്പറ്റി. മലയാളത്തിലെ അക്ഷരങ്ങള്‍ അന്‍പത്തൊന്നെന്നും അന്‍പത്തിരണ്ടെന്നും അന്‍പത്തിമൂന്നെന്നും പലവിധം കാണാം. അതുകൂടാതെ ല്‍, ര്‍, എന്‍, ന്‍, എല്‍ എന്നു ചില്ലുകളും. പോരാഞ്ഞ്‌ 'ന' തുടങ്ങിയ ചില അക്ഷരങ്ങളുടെ സ്ഥാനംനോക്കിയുള്ള ഉച്ചാരണഭേദങ്ങള്‍. ആകപ്പാടെ കലപില.
ഒരുപക്ഷെ ലോകത്തിലേക്കുവച്ച്‌ ഏറ്റവുമധികം അക്ഷരങ്ങളുള്ള ഭാഷ മലയാളമായിരിക്കും. അന്യര്‍ക്ക്‌ മലയാളം പഠിക്കാനുള്ള പ്രയാസം അതുകൊണ്ടുമാത്രമല്ല. വ്യാകരണനിയമങ്ങള്‍ ചിട്ടയായുണ്ടെങ്കിലും പ്രയോഗത്തില്‍വരുമ്പോള്‍ നിയമലംഘനം ഒരുപാടുണ്ട്‌. അത്‌ മലയാളിയുടെ ജന്‍മസ്വഭാവമെന്നതു വേറെ കാര്യം.
പര്യായങ്ങളുടെയും നാനാര്‍ഥങ്ങളുടെയും പ്രാദേശികതയുടെയും വന്‍പടതന്നെ മലയാളത്തിലുണ്ട്‌. ഒരേ കാര്യം സന്ദര്‍ഭം നോക്കിയും ആളെ നോക്കിയും സ്ഥലംനോക്കിയും പറയേണ്ട വിധവും വളരെയുണ്ട്‌. അതും മലയാളിയുടെ ജന്‍മസ്വഭാവം. ഒരു കൊച്ചുദാഹരണം മാത്രം - ഒരാളെ അഭിസംബോധന ചെയ്യാന്‍ ഇംഗ്ളീഷില്‍ 'യൂ' എന്ന ഒരെണ്ണം മാത്രമുള്ളപ്പോള്‍ മലയാളത്തില്‍ നീ, താന്‍, നിങ്ങള്‍, താങ്കള്‍, അങ്ങ്‌, അങ്ങുന്ന്‌ എന്നിങ്ങനെ എത്രവാക്കുകള്‍! അര്‍ഥമെല്ലാം ഒന്നല്ലേ? - അതെ. എന്നാല്‍ ഒന്നിനെ മറ്റൊന്നുകൊണ്ടു മാറ്റിവയ്ക്കാമോ? - വയ്യതാനും.
മലയാള ലിപിക്കുണ്ട്‌ ചില പ്രത്യേകതകള്‍. എല്ലാ സ്വരാക്ഷരങ്ങളെയും ദീര്‍ഘിപ്പിക്കുന്നത്‌ ഒരേപോലെയല്ല. അ നീട്ടുന്നതുപോലെയല്ല ഇ നീട്ടുന്നത്‌. എ നീട്ടുന്നതുപോലെയല്ല ഒ നീട്ടുന്നത്‌. പക്ഷെ ഇ നീട്ടുന്നതുപോലെ ഉ നീട്ടുന്നുതാനും. വ്യഞ്ജനാക്ഷരങ്ങളെയെല്ലാം മുന്നോട്ടെടുക്കാനും പിന്നോട്ടടിക്കാനും കുറുക്കാനും കുനിക്കാനും ഒരേതരം ചിഹ്നങ്ങള്‍ മതി. എന്നാലോ അവയുടെ കൂട്ടക്ഷരങ്ങളുടെ കാര്യം വരുമ്പോള്‍ കളി വേറെ. ക ഇരട്ടിപ്പിക്കുന്നപോലെയല്ല ച ഇരട്ടിപ്പിക്കുന്നത്‌. ച ഇരട്ടിപ്പിക്കുന്നപോലെയല്ല ട ഇരട്ടിപ്പിക്കുന്നത്‌. ട ഇരട്ടിപ്പിക്കുന്നപോലെയല്ല ത ഇരട്ടിപ്പിക്കുന്നത്‌. ത പോലെയല്ല പ. ച പോലെയാണ്‌ യ, വ എന്നിവ ഇരട്ടിപ്പിക്കുന്നതെങ്കിലും അവ പോലെയല്ല ല. ശ, സ എന്നിവയെ ഡബ്ള്‌-ഡെക്കറാക്കിയാണ്‌ ഇരട്ടിപ്പിക്കല്‍. കൂട്ടക്ഷരങ്ങളുടെ കൂട്ടവെടിയെപ്പറ്റി പറയുന്നില്ല.
ഇതെല്ലാം തെറ്റില്ലാതെ അറിയാന്‍ ഒന്നുകില്‍ മലയാളത്തില്‍ പെറ്റുവീഴണം, അല്ലെങ്കില്‍ കുത്തിയിരുന്നു പഠിച്ചെടുക്കണം. ഇതാണ്‌ മലയാളത്തിണ്റ്റെ ശക്തിയും ദൌര്‍ബല്യവും.
"പശ്ചിമഘട്ടങ്ങളെ കേറിയും കടന്നും ചെന്നന്യമാം രാജ്യങ്ങളില്‍" കേരളം വളര്‍ന്നതുകൊണ്ടുമാത്രമല്ല, സ്വയം തളരുന്നതുകൊണ്ടുംകൂടി, ശുദ്ധകേരളം എന്നൊരു നാടില്ല; ശുദ്ധമലയാളി എന്നൊരു വര്‍ഗമില്ല; ശുദ്ധമലയാളം എന്നൊരു ഭാഷയില്ല. അതില്‍ പരിഭവിക്കാനുമില്ല. ലോകത്തെവിടെയും മലയാളികളുണ്ട്‌; അവിടെയെല്ലാം മലയാളവുമുണ്ട്‌. പണ്ടുതൊട്ടെ കൊടുത്തും വാങ്ങിയുമാണ്‌ മലയാളനാടിണ്റ്റെ ശീലം. തമിഴ്‌, സംസ്കൃതം, അറബി, ഉര്‍ദു, കന്നഡം, ഹിന്ദി, സുറിയാനി, ലത്തീന്‍, പോര്‍ത്തുഗീസ്‌, സ്പാനിഷ്‌, ഇംഗ്ളീഷ്‌, ഫ്രെഞ്ച്‌, ഹീബ്രൂ തുടങ്ങി ഒരു ഡസന്‍ ഭാഷകളുടെ സ്വാധീനം ഇന്നുമുണ്ടു മലയാളത്തില്‍. അവയെല്ലാം മലയാളത്തെ സമ്പന്നവും സമ്പുഷ്ടവുമാക്കിയിട്ടേയുള്ളൂ.
മലയാളത്തെപ്പിടിച്ച്‌ 'ശ്രേഷ്ഠ'ഭാഷയാക്കി അടുത്തിടെ. അത്‌ എന്തു കുന്തമോ ചന്തമോ ആകട്ടെ, മലയാളിയുടെ ഭൂലോകസാന്നിധ്യവും ആഗോളസമ്പര്‍ക്കവും ആര്‍ജിതവിജ്ഞാനവും മൂലം വികസിച്ചുവരുന്ന പദാവലികള്‍ ഉള്‍ക്കൊള്ളാന്‍ ഇപ്പറഞ്ഞ അന്‍പതൊന്ന്‌-പ്ളസ്‌ മലയാള-അക്ഷരങ്ങള്‍ മതിയാകാതെ വരുന്നു എന്നതാണു പരമാര്‍ഥം. പറയുംപോലെ എഴുതുന്നതാണല്ലോ ഭാരതീയഭാഷകളുടെ മട്ട്‌. എന്നാലോ, ഇന്ന്‌ സാധാരണക്കാര്‍കൂടി ഉപയോഗിക്കുന്ന ഇംഗ്ളീഷിലെ 'ബാങ്ക്‌' എന്ന വാക്ക്‌ അതിണ്റ്റെ ഉച്ചാരണമൊപ്പിച്ചെഴുതാന്‍ മലയാളത്തില്‍ വകുപ്പില്ല. അതൊരു വായ്തുറപ്പന്‍വാക്കല്ല, വായടപ്പന്‍വാക്കുമല്ല - അത്‌ 'ബാാങ്ക്‌' അല്ല, 'ബേങ്ക്‌' അല്ല, 'ബൈങ്ക്‌' അല്ല. ശരിയായ ഉച്ചാരണം നമുക്കു വശമാണെങ്കിലും എഴുതിപ്പിടിപ്പിക്കാന്‍ വയ്യ. 'താങ്ക്സ്‌'-ണ്റ്റെ ഗതിയും ഇതു തന്നെ. ഗോള്‍ഡ്‌, ലോണ്‍, ലോഫ്‌ എന്നിവയെ വെറുതെ വിടാം. എന്നാല്‍ ടാപ്പ്‌, ബാറ്റ്‌, ഡോക്യുമെണ്റ്റ്‌, ലോഫ്റ്റ്‌, മോര്‍ണിംഗ്‌, കോണ്‍ഗ്രസ്സ്‌, മാള്‍, കോര്‍ണര്‍, ബോഡി, ഡോളര്‍ തുടങ്ങിയ സാധാരണവാക്കുകള്‍പോലും ശരിക്കങ്ങെഴുതാന്‍പറ്റിയ ലിപികളില്ല നമുക്ക്‌. ഏറ്റവും കഷ്ടം 'സീറോ'-വിണ്റ്റെ കാര്യമാണ്‌, 'സൂ'-വിണ്റ്റെയും. നമ്മുടെ 'സീ'-യും വടക്കണ്റ്റെ 'ജീ'-യും അതിനു ചേരില്ല. അതിനുവേണ്ടത്‌ ഇംഗ്ളീഷിലെ അവസാനത്തെ അക്ഷരമാണ്‌. ആ അക്ഷരത്തിണ്റ്റെ ആദ്യശബ്ദവും അവസാന ശബ്ദവും ഒരുപോലെ അപ്രാപ്യമാണ്‌ നമ്മുടെ ഭാഷാലിപിക്ക്‌.
എന്തിന്‌, മറ്റു ഭാരതീയ ഭാഷകളിലെ പല സ്വനങ്ങളും, മലയാളിക്കു വഴങ്ങുമെങ്കിലും മലയാളത്തിനു വഴങ്ങില്ല. ഹിന്ദിയിലെ 'ഹാം', ബെംഗാളിയിലെ 'ഹേ', മറാഠിയിലെ 'ല്‌', തമിഴിലെ 'നൃ', കൊങ്കണിയിലെ 'ഹാവ്‌' - ഇവയൊന്നും ഈ എഴുതിയപോലെയല്ല! സംവൃതോകാരത്തിനും വിവൃതോകാരത്തിനുമിടയ്ക്കും, അനുനാസികത്തിനും അര്‍ധാനുനാസികത്തിനു ചുറ്റും, ഓഷ്ഠാധരങ്ങള്‍ക്കും ദന്ത്യത്തിനും നാവിനും തൊണ്ടയ്ക്കും അപ്രാപ്യമായ സ്വനങ്ങള്‍ അനവധി. നമ്മുടെ സ്വന്തം ന്‌, ക്ക്‌, ന്ന്‌, ണ്‌, ത്‌ എന്നിവയ്ക്കുപോലും നമ്മുടെതന്നെ പ്രാദേശികഭേദങ്ങളുള്‍ക്കൊള്ളന്‍ കഴിയുന്നില്ല നമ്മുടെതന്നെ ലിപികള്‍ക്ക്‌. എന്നിട്ടുവേണ്ടേ ഫ്രെഞ്ചുവാക്കുകളും സ്പാനിഷ്‌വാക്കുകളും പോര്‍ത്തുഗീസ്‌വാക്കുകളും അറബിവാക്കുകളും മറ്റും മലയാളത്തില്‍ വലിയ തെറ്റില്ലാതെ എഴുതിപ്പിടിപ്പിക്കാന്‍.
നവസാക്ഷരതയും നവസാങ്കേതികവിദ്യയും ആഗോളസാന്നിധ്യവും വിജ്ഞാനദാഹവും വികസനോന്‍മുഖതയും കൈമുതലായുള്ള മലയാളികള്‍ക്ക്‌ മലയാളം ലിപിയുടെ അപര്യാപ്തത തടസ്സമാകരുത്‌, മറുഭാഷകളിലെ പഴയവാക്കുകളും പുത്തന്‍വാക്കുകളും പേരുകളും പ്രയോഗങ്ങളും മലയാളത്തിലെഴുതാനും വായിക്കാനും. റോമന്‍ലിപികളില്‍നിന്നോ ഭാരതീയലിപികളില്‍നിന്നൊ സൌകര്യംപോലെ അല്ലറ-ചില്ലറ അക്ഷരങ്ങളോ അടയാളങ്ങളോ കടമെടുത്താല്‍ തീരുന്നതേയുള്ളൂ കാര്യം. ഉദാഹരണമായി, ഇംഗ്ളീഷിലെ 'സെഡ്‌' എന്ന അക്ഷരം അപ്പാടെ കടമെടുത്താല്‍ തീരുന്നതേയുള്ളൂ മലയാളത്തിലെ ആ ശബ്ദത്തിണ്റ്റെ കുറവ്‌. അങ്ങനെ പടിപടിയായി മലയാളത്തിലൊരു മഹാലിപിസഞ്ചയം സംജാതമാകട്ടെ.

No comments:

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...