Sunday 25 September 2016

ഭാവഹാവാദികൾ



അന്നെനിക്കു പതിനേഴോ പതിനെട്ടോ പ്രായം.   മഹാരാജാസ്‌ കോളേജിൽ മലയാളം ഐച്ഛികം ക്ളാസ്സ്‌.   ഗുപ്തൻനായർസാർ   ക്ളാസ്സു കത്തിച്ചുകയറുന്നു.   കഥ സൗഭദ്രികം ആണെന്നാണോർമ.   അതിലെവിടെയോ ഭാവഹാവങ്ങൾഎന്നൊരു വാക്കു വരുന്നു.   ഭാവംഎന്തെന്നറിയാം ഏകദേശം.   പക്ഷെ ഈ ഹാവം’?   ഞാൻ സാറിനോടു ചോദിച്ചു.   പ്രായമാകുമ്പോൾ തനിയെ മനസ്സിലാകുംഎന്ന്‌, പതിവില്ലാത്ത കള്ളഗൗരവത്തോടെ അദ്ദേഹം.   ക്ളാസ്സിലെ മുതിർന്ന പെൺകുട്ടികൾ ചിരിയോചിരി.   ഞാനിരുന്നു.   അല്ലാതെന്തുചെയ്യാൻ?


വാത്സല്യം, സ്നേഹം പ്രേമം, പ്രണയം, കാമം എന്നിവയെപ്പോലെ പുകപിടിച്ച വാക്കുകളാണ്‌ ഭാവം, രസം, വികാരം, അനുഭൂതി, അനുഭവം എന്നിവയൊക്കെ.   തമ്മിലെ വ്യത്യാസം എളുപ്പത്തിൽ വ്യക്തമാകില്ല.   പ്രായമെത്താതെ അർഥം തിരിയില്ല, പ്രായം കഴിഞ്ഞാലോ അർഥവും തലതിരിയും.  

ഭാവം അവസ്ഥയാണ്‌, സ്വഭാവമാണ്‌.  രസം അതിന്റെ ബാഹ്യസ്ഫുരണം.   ഷ്ഡ്ഭാവങ്ങളുണ്ട്‌.  നവരസങ്ങളുണ്ട്‌.   എന്നാൽ ഹാവം ഒന്നുമാത്രം.   അതു പെണ്ണുങ്ങളുടെ മാത്രമത്രെ.   അത്‌ വിലാസാദി ചേഷ്ടാവിശേഷമെന്ന്‌ ശ്രീകണ്ഠേശ്വരം പത്മനാഭപിള്ളയുടെയുടെ ശബ്ദതാരാവലിയിൽ.  ഹാവഭാവമെന്നും വെടുപ്പാക്കിപ്പറയാം.  


ആണും പെണ്ണുമില്ലാതെ ജീവിവർഗമില്ല; മനുഷ്യരാശിയില്ല.    ജീവിതത്തെ ആസ്വദിക്കുന്നതും ആഘോഷിക്കുന്നതും ആർഭാടമാക്കുന്നതും മനുഷ്യൻമാത്രം.   ആഹാരം, വികാരം, വിചാരം, വിഹാരം,  വൈകൃതം എന്നിവയിലൊക്കെ മനുഷ്യൻ വിലസൂന്നു.    അതിലാണുണ്ട്‌.  പെണ്ണുണ്ട്‌.  വേണംതാനും.   ഊരായാലതിൽ വീടുവേണം, ഒരു വീടായാലൊരാണു വേണം, ആണായാലൊരു പെണ്ണുവേണം .....എന്നു മലയാളത്തിൽ.   ആടിപ്പാടി വേലശെഞ്ചാ അലിപ്പിരുക്കാത്‌, അതിൽ ആണും പെണ്ണും ശേരാവിട്ടാൽ അഴകിരുക്കാത്‌...എന്നു തമിഴിൽ.   ആദിപാപത്തിനുപോലും ആണും പെണ്ണും വേണ്ടിവന്നില്ലേ.   ആണിനു ഭാവമൊത്താൽ പെണ്ണിനു ഹാവം.   പിന്നെ പിടിച്ചാൽ കിട്ടില്ല വിചാരവികാരാദികൾ; രസാനുഭൂതികളും.


ഇനി, ഹാവത്തിൽനിന്നുതന്നെയോ ഹവ്വയെന്ന പേരും?


എന്തുകൊണ്ടു സ്ത്രീകളിൽമാത്രം ഹാവം അവരോധിക്കപ്പെട്ടു?   വാത്സല്യവും സ്നേഹവും പ്രേമവും കാമവുമെല്ലാം വേണ്ടിടത്ത്‌ വേണ്ടപോലെ പ്രകാശിപ്പിക്കുവാൻ സ്ത്രീകൾക്കേ കഴിയൂ.   ആണ്‌ അസ്ഥാനത്താകുമ്പോൾ പെണ്ണ്‌ അസ്വസ്ഥയാകുന്നു.   പ്രകൃതിയുടെ പരംപൊരുളത്രേ അത്‌.   കാളിമുതൽ കണ്ണകിവരെ സാക്ഷി.


ഭരതന്റെ നാട്യശാസ്ത്രം തൊട്ടിങ്ങോട്ട്‌, രസഭാവങ്ങളെ നൂലിഴപിരിച്ചു പഠിച്ച പാരമ്പര്യമുണ്ട്‌ ഭാരതത്തിന്‌.   സ്ഥായീഭാവങ്ങളും സഞ്ചാരീഭാവങ്ങളും ആംഗികവും വാചികവുമായി പരിസ്ഫുരിപ്പിക്കുവാൻ ഇന്ത്യൻകലകൾക്കുള്ള കഴിവ്‌ അപാരമാണ്‌.   കൂത്തും കൂടിയാട്ടവും കഥകളിയും കഥക്കും ഭരതനാട്യവും കുച്ചിപ്പുഡിയും ഒഡിസ്സിയും ഉദാത്തമാക്കുന്നത്‌ രസാനുഭൂതിയുടെ രംഗലീലയെയാണ്‌.     എന്തിന്‌, അവയുടെ ഇങ്ങേത്തലയ്ക്കലെ മോഹിനിയാട്ടത്തെ വെല്ലുന്ന ലാസ്യനൃത്യം വേറെയേത്‌?  ഹാവഭാവങ്ങളുടെ സർഗാത്മകവും സാരാത്മകവും സൗന്ദര്യാത്മകവുമായ സാക്ഷാത്കരണം മറ്റെവിടെ?   കലാമണ്ഡലം ക്ഷേമവതിയെ ഇത്തരുണത്തിൽ ഓർമിക്കുന്നു.


എൺപതുകളിലാണ്‌.   ഒരു ഉത്തരേന്ത്യൻയാത്രയ്ക്കിടയിൽ തീവണ്ടി രേണുക്കൂട്ട്‌ എന്ന സ്റ്റേഷനിൽ നിൽക്കുന്നു.   വെളിയിൽ വേലിക്കുപുറത്ത്‌ ഒരു എറണാകുളം കാർ കണ്ട്‌ ഞാൻ ഇറങ്ങിനോക്കി.   ഒന്നുരണ്ടുപേരോട്‌ ഒരു യുവതി കയ്യും കലാശവുംകാട്ടി വർത്തമാനം തകർക്കുന്നു.   ആകപ്പാടെ ഒരു മിനി ഭരതനാട്യം.   പിറ്റേന്ന്‌, ഞാനെത്തിപ്പെട്ട ശക്തിനഗർ താപവൈദ്യുതനിലയത്തിന്റെ കോളനിയിൽ അതിഗംഭീരമായ ഒരു ഭരതനാട്യം പരിപാടി.   അതവരുടേതായിരുന്നു.   ഭാരതി ശിവജി.   നൃത്താംഗനകളെയും കഥകളിക്കാരെയും സംഗീതജ്ഞരെയും അധ്യാപകരെയും വൈദികൻമാരെയും വണ്ടിയോട്ടക്കാരെയും എല്ലാം അവരുടെ അംഗവിക്ഷേപങ്ങളിൽനിന്നും ഭാവവിശേഷങ്ങളിൽനിന്നും വേറിട്ടറിയാം.
    

വെള്ളിത്തിരയിൽ ഒരുപക്ഷെ ഹാവഭാവത്തിന്റെ  പൂർണപുഷ്ടി സ്മിത പാട്ടിൽ, ശാരദ, കാവ്യ മാധവൻ എന്നിവരുടെ അഭിനയത്തിലായിരിക്കും എന്നാണെന്റെ പക്ഷം.


ഭാവപൂരണത്തിനാവാം, ഭാവതീവ്രതയ്ക്കാവാം, ആളുകൾക്ക്‌ അംഗവിക്ഷേപങ്ങളുടെ അകമ്പടി.   കൈ-മെയ്‌ അനക്കാതെ പാടിത്തുടിക്കുന്ന യേശുദാസും, കൊത്തിയും കുത്തിയും പറിച്ചും പിടിച്ചും വെട്ടിയും വലിച്ചും തോണ്ടിയും ചുരന്നും ഊതിയും പറത്തിയും പാടിത്തകർക്കുന്ന ഭീംസേൻ ജോഷിയും രണ്ടു ധ്രുവങ്ങളിലാണ്‌ സംഗീതവേദികളിൽ.   അല്ലെങ്കിലും കർണാടകസംഗീതം ശാന്തസ്വരൂപവും ഉത്തരേന്ത്യൻസംഗീതം പ്രകടനപരവുമാണല്ലോ.   അംഗവിക്ഷേപങ്ങൾ അധികപ്പറ്റാകുമ്പോൾ അരോചകമാവുന്നു.  

ഭാവസ്ഫുരണത്തിനുപരി, അംഗവിക്ഷേപങ്ങൾ ചിലപ്പോൾ മാറാശ്ശീലങ്ങളായിപ്പോകുന്നു.   മാനറിസംഎന്ന്‌ ഇംഗ്ളീഷിൽ പറയുന്ന ശീലവൈകൃതങ്ങൾ ചിലർ പൊൻതൂവലായിക്കരുതി തലയിൽകുത്തി നടക്കുന്നതു കണ്ടിരിക്കും - നടൻമാർ, രാഷ്ട്രീയക്കാർ, ബുദ്ധിജീവികൾ, വഴിവാണിഭക്കാർ, ചട്ടമ്പികൾ.    ആത്മപ്രീണനമായോ ആത്മപ്രശംസയായോ ആത്മവിശ്വാസക്കുറവായോ മാത്രം അതിനെ കണ്ടാൽ മതി.   പൊന്നിൻകുടത്തിനു പൊട്ടുവേണ്ട; കുതിരയ്ക്കു കൊമ്പും വേണ്ട.   പൂമണത്തിനു പരസ്യം വേണ്ട.   പൂർണതയ്ക്കു പൂരകം വേണ്ട.

1 comment:

Madhu (മധു) said...

എത്രയോ തവണ ഭാവഹാവാദികള്‍ ഈയൊരവില്ലാതെ ഉപയോഗിച്ചുപോയത് ഇപ്പോഴാണ് മനസ്സിലാവുന്നത്. ഹാവവും ഹവ്വയും കൂടുതല്‍ പഠിക്കണമെന്നു തോന്നിപ്പോവുന്നു... പിന്നെ നല്ലൊരു പദവും സ്വാമിജി തന്നു - മാനറിസത്തിനു മാറാശ്ലീലം.... വായനടയിലെ ആനന്ദലബ്ധിക്കിനിയെന്തുവേണം?

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...