Sunday 11 September 2016

'മൊച്ചുവാ വജ്ജോപ്പ്‌'




1498-ല്‍ വാസ്കോ ദ ഗാമ കേരളത്തിലെത്തിയെങ്കിലും അല്‍ഫോണ്‍സോ ദി അല്‍ബുക്കര്‍ക്‌ ആണ്‌ ഗോവ പിടിച്ചെടുത്തത്‌ - 1510-ല്‍. പിടിച്ചടക്കുന്നതിണ്റ്റെ ഉദ്ദേശ്യം വളരെ വ്യക്തമായിരുന്നു, മതപ്രചാരണം തന്നെ. അതില്‍മാത്രമൊതുങ്ങാതെ മതപരിവര്‍ത്തനത്തിലും മതദ്രോഹത്തിലും മുഴുകി പോര്‍ത്തുഗീസ്‌ ഭരണാധികാരികള്‍.

പോര്‍ത്തുഗീസുകാരുടെ മതഭ്രാന്തിനു പരിധിയില്ലായിരുന്നു. അതിനുമുമ്പില്‍ മുട്ടുമടക്കേണ്ടിവന്നു ഒരു വിഭാഗം ഗോവക്കാര്‍ക്ക്‌. ചെറുത്തുനിന്ന മറ്റൊരു വിഭാഗത്തിന്‌ നാടുവിട്ടുപോകാതെ നിവൃത്തിയില്ലെന്നായി. പലായനം ചെയ്യേണ്ടിവന്നവരില്‍ നല്ലൊരു പങ്കും, എന്തുകൊണ്ടെന്നറിയില്ല, തെക്കോട്ടാണു പോയത്‌. ഒരുപക്ഷെ അതിനുള്ള കാരണങ്ങളിലൊന്ന്‌ ദക്ഷിണേന്ത്യന്‍നാടുകള്‍ പൊതുവെ സമാധാനപരമായിരുന്നതാകാം.

ആചാരാനുഷ്ഠാനങ്ങള്‍ കൂടുതല്‍ പാലിച്ചുപോന്നിരുന്ന ഉന്നതവര്‍ഗക്കാര്‍ക്കെതിരെയാണ്‌ പോര്‍ത്തുഗീസുകാരുടെ ഉപദ്രവം കൂടുതല്‍ ശക്തമായിരുന്നത്‌. കൃഷി, കന്നുവളര്‍ത്തല്‍, മീന്‍പിടുത്തം തുടങ്ങിയ ദേഹാധ്വാനത്തിലേര്‍പ്പെട്ടിരുന്ന ആദിവാസി-ജനവിഭാഗത്തിന്‌ ജാതിയും മതവും ആരാധനാക്രമങ്ങളും മറ്റും അത്ര കാര്യമായിരുന്നിരിക്കില്ല. ഓരോദിവസവും ജീവിച്ചുപോകാനുള്ള പെരുംപാടില്‍ ഇത്തരം ഉപരിവര്‍ഗച്ചിട്ടകളില്‍ അഭിരമിക്കാനുണ്ടോ അവര്‍ക്കു സമയവും സന്ദര്‍ഭവും സൌകര്യവും? ഗോവയില്‍ 'കുണ്‍ബി' (കേരളത്തിലെ 'കുഡുംബി') സമുദായത്തിണ്റ്റേതായിരുന്നത്രേ കൃഷിപ്പണിയും കടല്‍പ്പണിയും കുലത്തൊഴിലായി. ഒരു കാലത്ത്‌ രാജ്യഭരണംവരെ കയ്യാളിയിരുന്ന അവര്‍ അചിരേണ ചാതുര്‍വര്‍ണ്യത്തിണ്റ്റെ തിരത്തള്ളലില്‍ സമൂഹത്തിണ്റ്റെ അടിത്തട്ടിലേക്കു പിന്‍തള്ളപ്പെട്ടിരിക്കാം. 'കദംബ' രാജവംശത്തിണ്റ്റെ പേരില്‍നിന്നാണ്‌ 'കുഡുംബി' എന്ന വാക്കുതന്നെ വന്നതെന്ന അഭിപ്രായമുണ്ട്‌ ചരിത്രാന്വേഷകര്‍ക്ക്‌.

ഈ കുഡുംബി (കുന്‍ബി) സമുദായക്കാരാണത്രേ മതദ്രോഹമനുഭവിക്കേണ്ടിവന്ന സാരസ്വതരായ ഉപരിവര്‍ഗക്കാരെ കടല്‍മാര്‍ഗം കേരളത്തിലെത്തിച്ചത്‌. ആ പെരുംയാത്രയുടെ ഓര്‍മയ്ക്കായി കേരളത്തിലെ കുഡുംബികള്‍ക്ക്‌ 'വഞ്ചിയെടുപ്പ്‌' എന്നൊരു ആഘോഷമുണ്ട്‌. 'മൊച്ചുവാ വജ്ജോപ്പ്‌' എന്നുവിളിക്കുന്ന ആ ചരിത്രാനുകരണം തൃപ്പൂണിത്തുറയിലാണ്‌ വര്‍ഷാവര്‍ഷം അരങ്ങേറുന്നത്‌. (കേരളത്തിലെ കുഡുംബിസമുദായത്തിണ്റ്റെ സഹകരണത്തോടെ അതിനെപ്പറ്റിയൊരു ചെറുഡോക്യുമെണ്റ്ററിച്ചിത്രം, 'Boat Ahoy!' - 'മൊച്ചുവാ ഹേളു', പഠനത്തിനും ഗവേഷണത്തിനുമായി എണ്റ്റെ ശ്രീമതി കനക എന്‍. സ്വാമി ഒരുക്കിയിട്ടുണ്ട്‌. അടുത്തുതന്നെ കേരളത്തിലും ഗോവയിലും അതു പ്രദര്‍ശിപ്പിക്കപ്പെടും. ഗോവയിലെ കലാസാംസ്ക്കാരികപ്രവര്‍ത്തകരുടെ താത്പര്യപ്രകാരം ആ ഇംഗ്ളീഷ്‌-മലയാളം വാര്‍ത്താചിത്രത്തിണ്റ്റെ കൊങ്കണിരൂപവും തയ്യാറാകുന്നുണ്ട്‌. )

കുഡുംബികളുടെ സഹായത്തോടെ ഗോവയിലെ സാരസ്വതര്‍ കടല്‍മാര്‍ഗം കേരളത്തിലെത്തിച്ചേര്‍ന്നതിണ്റ്റെ സമുദ്രശാസ്ത്രപരമായൊരു പുന:സൃഷ്ടിക്കാണ്‌ ഞാന്‍ ഈ ലേഖനത്തില്‍ ശ്രമിക്കുന്നത്‌.

ഗോവയില്‍ പോര്‍ത്തുഗീസുകാരുടെ മതദ്രോഹം മൂര്‍ദ്ധന്യത്തിലെത്തുന്നത്‌ പതിനാറാംനൂറ്റാണ്ടിണ്റ്റെ രണ്ടാംപകുതിയോടെയാണല്ലോ. ഏകദേശം ആ സമയത്തോടടുപ്പിച്ചാകണം പ്രാദേശികരുടെ പലായനത്തിനു പ്രാരംഭംകുറിച്ചിരിക്കുക. അതെത്രവര്‍ഷം തുടര്‍ന്നിരിക്കും എന്നു തീര്‍ത്തും പറയാന്‍ വയ്യ. കൈക്കണക്കിനായി ഒരു അന്‍പതുവര്‍ഷം എന്നനുമാനിക്കാം; അതില്‍ ഏതാണ്ടു പത്തുവര്‍ഷമായിരിക്കണം കടല്‍മാര്‍ഗമുള്ള കൂട്ടപ്രയാണത്തിണ്റ്റെ പരകോടി.

എന്തുകൊണ്ടു കടല്‍യാത്ര? കരമാര്‍ഗം ആപേക്ഷിച്ച്‌ ചെലവും അപകടവും ദൂരവും സമയവും കുറഞ്ഞതാണല്ലോ കടല്‍മാര്‍ഗം. പിന്നെ അധിനിവേശസേനയുടെ കണ്‍വെട്ടിക്കാനുമാകും. അത്യാവശ്യം വസ്തുവകകള്‍ കടത്താനുമാകും.

കടല്‍യാത്ര തുടങ്ങാന്‍ ആദ്യം വേണ്ടത്‌ സുരക്ഷിതമായ ഒരു തീരപ്രദേശമാണ്‌. തെക്കന്‍ഗോവയേക്കാള്‍ വടക്കന്‍ഗോവയിലായിരുന്നല്ലോ അധിനിവേശസേനയുടെ കോട്ടകൊത്തളങ്ങള്‍. അതിനാല്‍ പോര്‍ത്തുഗീസുകാരുടെ കണ്ണുവെട്ടിച്ചു വള്ളമിറക്കുവാന്‍പറ്റിയ സ്ഥലം തെക്കന്‍തീരമായിരുന്നിരിക്കണം. അതിനാല്‍കൂടിയായിരിക്കണം രക്ഷപ്പെട്ടോടുന്നവര്‍ ഗോവയ്ക്കു വടക്ക്‌ പലായനം ചെയ്യാതിരുന്നത്‌. സാമാന്യം നീണ്ടതും സഞ്ചാരയോഗ്യവും, അപായവും ആള്‍പാര്‍പ്പും കുറഞ്ഞതുമായ കാണക്കോണ-പ്രദേശമായിരുന്നിരിക്കണം വഞ്ചിയാത്രയുടെ തുടക്കസ്ഥാനം. അവിടമായിരുന്നല്ലോ ആദിവാസികളായ കുണ്‍ബിമാരുടെ മുഖ്യ ആവാസകേന്ദ്രവും.

ഇനി സമുദ്രയാനത്തിണ്റ്റെ കാര്യം. തീരപ്രകൃതിയും കടല്‍ത്തട്ടും കാറ്റും തിരയും ഒഴുക്കുമെല്ലാമാണ്‌ വള്ളങ്ങളുടെ വലിപ്പം, ആകൃതി എന്നിവയെ നിശ്ചയിക്കുന്നത്‌. ഗോവയിലെയും കേരളത്തിലെയും പരമ്പരാഗതവള്ളങ്ങള്‍ക്ക്‌ സാമ്യതയുണ്ട്‌, കാരണം ഈ രണ്ടുപ്രദേശങ്ങളിലെയും സമുദ്രലക്ഷണങ്ങള്‍ സമാനമാണ്‌. അന്ന്‌, ഇന്നു 'വഞ്ചിയെടു'പ്പുത്സവത്തില്‍ ഉപയോഗിക്കുന്നതരം വള്ളമായിരുന്നു എങ്കില്‍ പത്തോ പതിനഞ്ചോ പേരെ കയറ്റാവുന്നതരമായിരുന്നിരിക്കണം. ഇരുവശത്തും ഈരണ്ടു തുഴക്കാരും അമരത്തൊരു സ്രാങ്കും കുറഞ്ഞപക്ഷം ഉണ്ടായിരുന്നിരിക്കണം. അപ്പോള്‍ യാത്രക്കാരായി ഒരു പത്തുപേരെ കയറ്റാന്‍ പറ്റിയെന്നിരിക്കും. പോര്‍ത്തുഗീസുകാരുടെ കണ്ണില്‍പെടാന്‍മാത്രം വലിപ്പമുള്ള ഉരുക്കളോ പായ്ക്കപ്പലുകളോ കെട്ടുവള്ളങ്ങളോ ഉപയോഗിച്ചിരിക്കാനിടയില്ല. കൂടിവന്നാല്‍ ഒരു കൊച്ചു കപ്പല്‍പ്പായ വല്ലപ്പോഴും കെട്ടിപ്പൊക്കിയിരിക്കും.

വഴി നിശ്ചയിക്കലാണടുത്തത്‌. മണല്‍ത്തിട്ടകളും പാറക്കെട്ടുകളും നിറഞ്ഞ തീരപ്രദേശത്തേക്കാള്‍ പൊതുവെ തടസ്സമില്ലാത്ത പുറംകടല്‍ പ്രദേശമായിരിക്കും നല്ലൊരു നാവികന്‍ തിരഞ്ഞെടുക്കുക. എന്നാലോ ആഴക്കടലിലകപ്പെട്ടാല്‍ ദിക്കും ദിനവുമറിയാതെ നട്ടംതിരിയാനിടയുള്ളതിനാല്‍ കഷ്ടി തീരം കാണാന്‍ കഴിയുന്നത്ര ദൂരത്തേ യാത്രചെയ്തിട്ടുണ്ടാകൂ. മാത്രമല്ല പുറംകടലില്‍ വേലിയേറ്റ-ഇറക്കങ്ങളുടെ വെള്ളപ്പാച്ചിലും തീരപ്രദേശത്തെ അപേക്ഷിച്ചു കുറഞ്ഞിരിക്കും. പുറംകടലിലാണെങ്കിലും ഇടയ്ക്കിടെ കരയ്ക്കടുക്കുവാനുള്ള സൌകര്യങ്ങളും നോക്കേണ്ടതുണ്ടല്ലോ. അതിനായി, കൊങ്കണത്തിലെ കാര്‍വാറില്‍ തുടങ്ങി മലബാര്‍തീരത്തെ പലപല അഴിമുഖങ്ങളും കൊടുങ്ങല്ലൂർ, കൊച്ചി എന്നിവിടങ്ങളിലെ മുന്തിയ തുറമുഖങ്ങളും അവര്‍ ഇടത്താവളങ്ങളായി കരുതിയിരുന്നിരിക്കാം. ഒറ്റയടിക്കു പറന്നുചെല്ലാന്‍പറ്റിയ ദിക്കോ ദൂരമോ അല്ലായിരുന്നല്ലോ ആ കടല്‍യാത്രയില്‍. വെള്ളം, ഭക്ഷണം, സുരക്ഷിതത്വം, സഹകരണം എന്നിവയ്ക്കെല്ലാം കരമാര്‍ഗമോമറ്റോ ഒറ്റയ്ക്കും തെറ്റയ്ക്കും മുന്‍പേപോയവര്‍ സൌകര്യപ്പെടുത്തിയിട്ടുണ്ടാവാം.

ഏതു കാലത്തായിരിക്കും അവര്‍ യാത്ര പുറപ്പെട്ടിട്ടുണ്ടാവുക?

നമ്മുടെ നാടിണ്റ്റെ പടിഞ്ഞാറന്‍തീരം, കിഴക്കോട്ടല്‍പം ചരിവോടുകൂടി ഏകദേശം തെക്കുവടക്കായാണല്ലോ. ഇടവം മുതല്‍ ചിങ്ങം വരെ (ജൂണ്‍-മുതല്‍ സെപ്റ്റംബര്‍ വരെ) കാലവര്‍ഷക്കാറ്റ്‌ തെക്കുപടിഞ്ഞാറുനിന്നു വീശിയടിക്കുന്നു. തല്‍ഫലമായി അതിശക്തമായ തിരകളും പുറങ്കടലില്‍നിന്ന്‌ കരയോടടുക്കുന്നു. അക്കാലത്തെ കടലൊഴുക്ക്‌ വടക്കുനിന്ന്‌ തെക്കോട്ടായിരിക്കുമെങ്കിലും ദിവസേന രണ്ടുതവണയുണ്ടാകുന്ന വേലിയേറ്റ-ഇറക്കങ്ങള്‍ ആ ഒഴുക്കിനെ മറയ്ക്കാന്‍തക്കവണ്ണം ശക്തമാണ് കൊങ്കണ്‍-മലബാര്‍ തീരങ്ങളില്‍. അതിശക്തമായ മഴയുംകൂടിയാകുമ്പോള്‍ കാലവര്‍ഷക്കാലം കടല്‍യാത്രയ്ക്കു തീരെ യോജിച്ചതല്ല; പ്രത്യേകിച്ചും വടക്കുനിന്ന്‌ തെക്കോട്ടേക്കുള്ള വഞ്ചിയാത്രയ്ക്ക്‌. ചിങ്ങം കഴിഞ്ഞാല്‍ കടല്‍ തെളിയും. എന്നാലോ നവംബര്‍മാസമാകുമ്പോഴേക്കും കേരളതീരത്ത്‌ തുലാവര്‍ഷത്തിണ്റ്റെ വരവായി. തുടര്‍ന്നുള്ള വൃശ്ചികക്കാറ്റ്‌ പ്രസിദ്ധമാണല്ലോ. കൊങ്കണപ്രദേശങ്ങളില്‍ ഇതത്ര പ്രകടമല്ലെങ്കിലും ഇടയ്ക്കിടയ്ക്കുണ്ടാകുന്ന ചുഴലിക്കാറ്റുകള്‍ പശ്ചിമതീരത്തെയാകെ ഇളക്കിമറിച്ചുകൊണ്ടിരിക്കും. ശീതകാലത്തോടെ കാറ്റും കോളും നന്നായടങ്ങും. പക്ഷെ മഞ്ഞുമൂടിക്കെട്ടി കരയും കടലും ചക്രവാളവുമെല്ലാം പലപ്പോഴും കണ്ണില്‍പെടാതാകും; പ്രത്യേകിച്ച്‌ രാത്രികാലങ്ങളില്‍. തുടര്‍ന്നുള്ള ഏതാനും മാസങ്ങളില്‍ കടല്‍ തെളിയും. തെക്കന്‍യാത്രയ്ക്കു യോജിച്ച വടക്കന്‍കാറ്റ്‌ മെല്ലെ വീശുന്നുണ്ടാകും. കടല്‍പരപ്പ്‌ തികച്ചും ശാന്തമായിരിക്കും. പകലും രാത്രിയും മിതോഷ്ണമായിരിക്കും.
ഇത്തരത്തില്‍ ചിന്തിക്കുമ്പോള്‍, അനുകൂലമായ കാറ്റും അലോസരപ്പെടുത്താത്ത ഒഴുക്കും കുറഞ്ഞ തിരത്തള്ളലും തെളിഞ്ഞ ആകാശവും താങ്ങാവുന്ന ചൂടും പരവേശപ്പെടുത്താത്ത ഈര്‍പ്പവും കണക്കിലെടുത്താല്‍, കാലവര്‍ഷം കഴിഞ്ഞുള്ള സമയമായിരിക്കും ഉചിതം. മഞ്ഞുമൂടുമ്പോള്‍ കരയും ആകാശവും ചക്രവാളവുമെല്ലാം നോട്ടമെത്താത്തതിനാലും കേരളതീരത്തോടടുക്കുമ്പോള്‍ തുലാവര്‍ഷത്തിണ്റ്റെ അതിപ്രസരമുള്ളതിനാലും ശിശിരകാലവും വിട്ട്‌, പുതുവര്‍ഷം പുലര്‍ന്ന്‌ വേനല്‍പിടിക്കുംമുമ്പേയുള്ള രണ്ടുമൂന്നു മാസങ്ങളിലായിരുന്നിരിക്കണം അവരുടെ കടല്‍യാത്ര. ആ സമയത്താണ്‌ തെക്കോട്ടു നീങ്ങാന്‍ അത്യനുകൂലമായ വടക്കന്‍കാറ്റ്‌, മിതോഷ്ണം, തെളിഞ്ഞ രാപ്പകലുകള്‍. ഗോവയില്‍നിന്ന്‌ മകരം-കുംഭം-മാസങ്ങളില്‍ പുറപ്പെട്ട്‌ മീനമാസത്തോടെ കേരളത്തിലവര്‍ എത്തിയിരിക്കാനാണു സാധ്യത. കുഡുംബിസമുദായക്കാര്‍ക്ക്‌ മീനഭരണി വിശേഷപ്പെട്ടൊരു ആഘോഷമായതിനു നിമിത്തമിതാകാം.

ഏകദേശം ആയിരം കടല്‍-മൈല്‍ ദൂരമായിരുന്നു അവരുടെ മുന്‍പില്‍. ഒറ്റയടിക്കു തുഴഞ്ഞാല്‍ ഒരാഴ്ചയെങ്കിലും വേണം. അത്‌ അസാധ്യം. വഴിയില്‍ മൂന്നാലു സ്ഥലങ്ങളില്‍ വള്ളമടുപ്പിച്ച്‌ മൂന്നാലു ദിവസം വിശ്രമിച്ച്‌ വീണ്ടും തുഴഞ്ഞ്‌ ഒരു മുപ്പതു ദിവസമെങ്കിലും അവര്‍ യാത്രചെയ്തിരിക്കും എന്നാണെണ്റ്റെ അനുമാനം. മംഗലാപുരത്തും നീലേശ്വരത്തും കോഴിക്കോട്ടും കൊടുങ്ങല്ലൂരും വൈപ്പീനിലും കൊച്ചിയിലും തുറവൂരിലും ആലപ്പുഴയിലുമെല്ലാം അവര്‍ തുഴഞ്ഞെത്തിയതായി രേഖപ്പെടുത്തിയിരിക്കുന്നു. എന്തുകൊണ്ടോ, ചേര്‍ത്തലയ്ക്കു തെക്ക്‌ അവരധികം പോയില്ലെന്നു കാണുന്നു. ഒരുപക്ഷെ തിരുവിതാംകൂറിലെ ഉഗ്രമായ രാജഭരണം പ്രതികൂലമായിരുന്നതാകാം. അതോ കൊച്ചിയില്‍ പ്രായേണ സുരക്ഷിതമായ സങ്കേതം കണ്ടെത്തിയതോടെ തുടര്‍ന്നുള്ള പ്രയാണം അവസാനിപ്പിച്ചതുമാകാം.

പത്തിരുപതിനായിരം ആളുകള്‍ അക്കാലങ്ങളില്‍ കടല്‍കടന്നതായിക്കാണുന്നു. അതിന്‌ ഒരായിരം വള്ളങ്ങള്‍ കടല്‍കീറിയിട്ടുണ്ടാകണം. കുഡുംബികളും അവര്‍ നയിച്ചുകൊണ്ടുവന്ന സാരസ്വതരുമായി ഇന്ന്‌ പത്തുലക്ഷത്തോളം കൊങ്കണിഭാഷക്കാര്‍ കേരളദേശത്തുണ്ടത്രേ.

കേരളക്കരയില്‍ കാലുകുത്തിയതോടെ സാരസ്വതരും കുന്‍ബികളും തമ്മിലുള്ള ജാതിവ്യത്യാസം വീണ്ടും തലപൊക്കിയതായാണറിവ്‌. സാരസ്വതര്‍ ഗൌഡ-സാരസ്വതരായും കുന്‍ബികള്‍ കുഡുംബികളായും വഴിപിരിഞ്ഞു. കടല്‍യാത്ര നിഷിദ്ധമായിരുന്നല്ലോ പണ്ടു ബ്രാഹ്മണര്‍ക്ക്‌. ആ കുറവു തീര്‍ക്കാനാകണം മത്സ്യാഹാരമുപേക്ഷിച്ച്‌ മറ്റു മലയാളബ്രാഹ്മണരുടെ കൂടെക്കൂടി ഗൌഡസാരസ്വതര്‍. കുഡുംബികളോ 'അര്‍ദ്ധബ്രാഹ്മണര്‍' എന്ന്‌ അവഹേളിക്കപ്പെട്ടും കേരളത്തില്‍ തുടര്‍ന്നു. ഒന്നിച്ചു നടത്തിയ കടല്‍യാത്ര, 'മച്ചുവാ വജ്ജോപ്പ്‌' എന്ന്‌ കുഡുംബികളുടെമാത്രം ഓര്‍മപ്പെരുന്നാളായി മാറി. ഇതൊക്കെ വെറും ഊഹാപോഹങ്ങള്‍ മാത്രം. മഹത്തായ ഈ കടല്‍യാത്ര ചരിത്രപരമായും പുരാതത്ത്വപരമായും വീണ്ടും വിലയിരുത്തപ്പെടും - പെടണം - എന്നാശിക്കുന്നു.

1 comment:

PREMCHAND said...

വായിച്ചിട്ട് വിശ്വസിനീയമായിട്ടാണ് തോന്നിയത്. ഏതായാലും കാര്യങ്ങള്‍ എല്ലാവരുടെയും അറിവിലേക്ക് പ്രയോജനപ്പെടും. നന്ദിയുണ്ട്.

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...