Sunday 4 September 2016

മരുങ്ങ്‌



മരുങ്ങ്‌' എന്ന വാക്ക്‌ ഒരുപക്ഷെ നിങ്ങള്‍ കേട്ടുകാണില്ല. ശബ്ദതാരാവലിയിലുമുണ്ട്‌. അതിനാല്‍ വെറുമൊരു നാട്ടുപ്രയോഗമല്ലത്‌.

മരുങ്ങിന്‌ വഴക്കം, തഴക്കം, വശം എന്നെല്ലാം അര്‍ഥം. ഒരു കാര്യം, പ്രത്യേകിച്ചും വിഷമംപിടിച്ചൊരു കാര്യം ചെയ്യാനുള്ള പ്രത്യേക കഴിവിനെയാണ്‌ 'മരുങ്ങ്‌' സൂചിപ്പിക്കുന്നത്‌. വെറും കഴിവല്ല, വൈഭവമല്ല, അതുക്കും മേലെ! വെറും അറിവുമാത്രം പോര, പ്രയത്നവും പരീക്ഷണവും പരിചയവും പ്രാവീണ്യവും വേണം മരുങ്ങുണ്ടാവാന്‍.

ഓരോ കാര്യത്തിനുമുണ്ടിത്‌; ഓരോരുത്തര്‍ക്കും ഓരോരോ കാര്യങ്ങള്‍ക്കുമുണ്ടിത്‌. കാര്യം ചെയ്യാനുള്ള മരുങ്ങുണ്ടാകുമ്പോഴാണ്‌ ഒരാള്‍ അക്കാര്യത്തില്‍ വിജയിക്കുകമാത്രമല്ല, തണ്റ്റെ പ്രവൃത്തി ആസ്വദിക്കുകകൂടി ചെയ്യുന്നത്‌. ചെയ്യുന്നവര്‍ മാത്രമല്ല, കാണുന്നവരും. നല്ല മരുങ്ങില്‍ കാര്യംചെയ്യുമ്പോള്‍ കണ്ടിരിക്കാന്‍തോന്നും. അപ്പണിയുടെ ഭംഗി ഒന്നു വേറെ!

ഏതോ ഒരു ടി.വി.-പരസ്യത്തിലാണ്‌, പണിനടക്കുന്ന വീട്ടില്‍ പണിക്കാര്‍ തലങ്ങും വിലങ്ങും സാധനസാമഗ്രികള്‍ കൊണ്ടുപോകുന്നു. എല്ലാം ഒരു സ്ലോ-മോഷന്‍പോലെ. ശ്രദ്ധിച്ചുനോക്കിയാല്‍ നല്ല പണിക്കാരെല്ലാം അളന്നുമുറിച്ചേ പണിയെടുക്കൂ. കാലത്തുതൊട്ടു വൈകുന്നേരംവരെ അദ്ധ്വാനിക്കണമെങ്കില്‍ സാവധാനം, അവധാനതയോടെ നീങ്ങിയേ ഒക്കൂ. ആദ്യത്തെ ഒന്നുരണ്ടു മണിക്കൂറുകളില്‍ ഊര്‍ജമെല്ലാം കത്തിച്ചുതീര്‍ത്താല്‍ വേഗം ക്ഷീണിച്ച്‌ ചെയ്യേണ്ടകാര്യങ്ങള്‍ ചെയ്തുതീര്‍ക്കാനാകാതെ വരും, നേരം വൈകുന്തോറും. ചുമടുചുമക്കലായാലും ചെത്തിമിനുക്കലായാലും ചിന്തേരിടലായാലും സിമന്റുതേപ്പായാലും കല്ലുനിരത്തലായാലും കുഴികുഴിക്കലായാലും ഓടടുക്കലായാലും മരമറുക്കലായാലും സാധനംനീക്കലായാലും കമ്പിമുറിക്കലായാലും പുല്ലുചെത്തലായാലും ചോറുവയ്പ്പായാലും അടിച്ചുവാരലായാലും സംഗതി ഇതു തന്നെ. ആക്രാന്തത്തോടെ തുടങ്ങുന്നവരെല്ലാം അധികം താമസിയാതെ അടങ്ങും.

കോളേജുകാലത്ത്‌ സൂക്ഷ്മദര്‍ശിനികളും സ്പെക്ട്രോമീറ്ററുകളുമെല്ലാം ഉപയോഗിച്ചിരുന്നപ്പോള്‍ മേശകസേരകളുടെ ഉയരവ്യത്യാസംകൊണ്ടുംമറ്റും പിടലിപിണച്ചിലും തോള്‍പിരിച്ചിലും കഴുത്തുവേദനയുമെല്ലാം സഹിക്കേണ്ടിവന്നിരുന്നു. ഇതറിഞ്ഞ അധ്യാപകന്‍ കഴുത്തിനെ ബലംപിടിപ്പിക്കാതെ തലയല്‍പം ചരിച്ചുവച്ചു പരീക്ഷണങ്ങള്‍ചെയ്യാന്‍ പരിശീലിപ്പിച്ചുതന്നു. ആ ഓര്‍മയില്‍ ഇന്നും, കഠിനപ്രവൃത്തികള്‍ ചെയ്യേണ്ടിവരുമ്പോള്‍ അതെങ്ങിനെ സരളമായും സരസമായും ചെയ്യാം എന്നു ഞാന്‍ ആലോചിച്ചുപോകാറുണ്ട്‌.

വീട്ടിലെ സാധനങ്ങള്‍ അനായേസേന മാറ്റിത്തരുന്ന ഒരു പണിക്കാരനുണ്ടായിരുന്നു എണ്റ്റെ ചെറുപ്പകാലത്ത്‌. എത്ര വലിപ്പമുള്ളതും ഭാരമുള്ളതുമായ അലമാരകളുംമറ്റും ഒറ്റയ്ക്കു നീക്കാന്‍ അയാള്‍ക്ക്‌ പ്രത്യേക വൈഭവമുണ്ടായിരുന്നു. പൊക്കുകയോ ഉന്തുകയോ നിരക്കുകയോ ചെയ്യാതെ പതുക്കെപ്പതുക്കെ നടത്തിക്കൊണ്ടുപോകുന്ന ആ രീതിയെ, 'അതാണു മരുങ്ങ്‌' എന്ന്‌ അച്ഛന്‍ പറഞ്ഞതുകേട്ടാണ്‌ ഞാന്‍ ആ വാക്കു പഠിക്കുന്നത്‌. ഈ പ്രായത്തിലും ഒരുമാതിരിപ്പെട്ട വീട്ടുസാധനങ്ങളെല്ലാം ഞാന്‍ തനിയെ സ്ഥാനംമാറ്റി പുന:സജ്ജീകരിക്കാറുണ്ട്‌.

നീന്താനും വള്ളംതുഴയാനുമെല്ലാം വേണം മരുങ്ങ്‌. തെങ്ങില്‍ കയറുന്നതും തടിയറക്കുന്നതും കല്ലുചെത്തുന്നതും പാറപൊട്ടിക്കുന്നതും സിമെന്റു തേക്കുന്നതും കളിമണ്ണു മെനയുന്നതും എന്തെളുപ്പം! ആ അനായാസത കാണുമ്പോള്‍ നമുക്കും തോന്നും ഒരു കൈ നോക്കിക്കളയാമെന്ന്‌. ചെയ്തുനോക്കുമ്പോഴല്ലേ അറിയൂ, അപ്പണികള്‍ എത്ര കഠിനമെന്ന്‌.

കോളേജില്‍ ചേര്‍ന്നകാലത്താണ്‌ 'ചെമ്മീന്‍'-പടം പുറത്തിറങ്ങുന്നത്‌. മുഴുക്കൊല്ലപ്പരീക്ഷയില്‍ മുഴുകിയിരിക്കുമ്പോഴാണ്‌ നിരത്തിലൊരു പയ്യന്‍ "കാണാപ്പൂമീനിനുപോകണ തോണിക്കാരാ..." എന്ന പാട്ടുംമീട്ടി, മണ്‍കിണ്ണവും വാരിപ്പൊളിയുംകൊണ്ടുണ്ടാക്കിയ ഒറ്റക്കമ്പിവീണ വിറ്റുനടന്നിരുന്നത്‌. പരീക്ഷ തീരേണ്ട താമസം, ഞാനോടി അതൊന്നു വാങ്ങി. അന്നത്തെ വില അര രൂപയോ ഒരു രൂപയോ മറ്റോ. വീട്ടില്‍വന്നു പണിയെട്ടും നോക്കിയിട്ടും ഒരു ശ്രുതിയും എനിക്കു വായിക്കാനായില്ല ആ ഉപകരണത്തില്‍. കാരണം എനിക്കതിനുള്ള മരുങ്ങുപോകട്ടെ, കഴിവുകൂടി ഇല്ലായിരുന്നു എന്നതുതന്നെ. ആ വില്‍പ്പനക്കാരന്‍പയ്യന്‍ എന്തനായാസമായിട്ടായിരുന്നു ആ തട്ടിക്കൂട്ടുസാധനംകൊണ്ടു പാട്ടുപാടിച്ചത്‌! വല്ലഭനു പുല്ലും ആയുധമാകാം; എനിക്കല്ലല്ലോ. പിന്നീടൊരിക്കല്‍കൂടി ഞാനാ വിഡ്ഢിത്തം ചെയ്തു; ഒരു പുല്ലാംകുഴല്‍ വാങ്ങി. "കാട്ടിലെ പാഴ്മുളം തണ്ടില്‍നിന്നും പാട്ടിണ്റ്റെ പാലാഴി...." കേട്ടിട്ടായിരുന്നു ആ സാഹസം. അവിടെയും തോറ്റു.

മരുങ്ങിനെ മറുത്ത്‌ മറ്റൊന്നുണ്ട്‌. അതിനെ ഞാന്‍ 'പോര്‍ട്ടര്‍-സിന്‍ഡ്രോം' (Porter Syndrome) എന്നു വിളിക്കും. കണ്ടിട്ടില്ലേ കനപ്പെട്ട സാധനങ്ങള്‍ ചില ചുമട്ടുകാര്‍ താഴെ വയ്ക്കുന്നത്‌? - നേരിട്ടു താഴെ വയ്ക്കുന്നതിനു പകരം, ആയാസപ്പെട്ട്‌ അതൊന്നുയര്‍ത്തി 'ഢം' എന്നു നിലത്തേക്കൊരു പൊത്തല്‍. അതിലെന്തെങ്കിലും ക്രൂരസുഖം കിട്ടുമായിരിക്കും, അല്ലാതെന്തുപറയാന്‍. ഗോവയിലെ ചില കടകളില്‍ സാധനം പൊതിഞ്ഞുതരുന്ന പയ്യന്‍മാരും പൊതിയൊന്നെറിഞ്ഞുപിടിച്ചേ കയ്യില്‍ തരൂ. അതൊരു രസം.

ചിലര്‍ക്കു നിന്നുകൊണ്ടെഴുതാനാകും. പണ്ടെല്ലാം കെ.എസ്‌.ആര്‍.ടി.സി.-കണ്ടക്റ്റര്‍മാര്‍ ഓടുന്ന ബസ്സില്‍ ട്രിപ്‌-ഷീറ്റ്‌ പൂരിപ്പിച്ചിരുന്നതു കണ്ടിട്ടില്ലേ. രജിനീകാന്തിനെ വിടൂ; സ്റ്റൈല്‍-മന്നന്‌ എന്തുമാകാം. ഒരു പക്ഷെ പഴയ ലാവണത്തിലെ ആ പ്രാവീണ്യംതന്നെയാകാം പുതിയ പടങ്ങളിലെ പ്രയോഗങ്ങള്‍ക്കുള്ള പ്രതിഷ്ഠാപനം.

ബുദ്ധിമാത്രം പോര വിവേകവും വേണമെന്നു പറയാറുണ്ട്‌. അതുപോലെ, കഴിവുമാത്രം പോര കൈവഴക്കവും വേണം. ബുദ്ധിയുടെ പ്രക്രിയ കൈയുടെ ക്രിയയായി മാറ്റുമ്പോള്‍ ശരീരോര്‍ജം സന്തുലിതമാക്കി കാര്യക്ഷമതയ്ക്ക്‌ ഏറ്റവും അനുകൂലമായ സാഹചര്യമൊരുക്കണം. മരുങ്ങോടെ പണി ചെയ്തുതീര്‍ക്കുമ്പോഴുള്ള സുഖാനുഭവമുണ്ടല്ലോ, അതൊരു പിന്നൂട്ടായി (Feedback) കര്‍മമണ്ഡലത്തെ പരിപുഷ്ടമാക്കുന്നു. ബൌദ്ധികതയും ഭൌതികതയും കൈകോര്‍ക്കുന്നു. അപ്പോള്‍ ശരീരം ക്ഷീണിച്ചാലും മനസ്സു ക്ഷീണിക്കില്ല.

No comments:

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...