Monday 17 April 2017

“കറുപ്പുത്താൻ എനക്ക് പുടിച്ച കളറ്‌”

എനിക്കു മനസ്സിലാകാത്ത ഒരുപാടു കാര്യങ്ങളുണ്ട് ലോകത്ത്.   അതിലൊന്നാണ്‌ വർണം, നിറം, കളർ എന്നെല്ലാം നമ്മൾ പറഞ്ഞുകൂട്ടുന്ന തൊലിപ്പുറസംഗതി.   നല്ല നിറമാണവൾക്ക്എന്നോ അവനു നിറം പോരാഎന്നോ ഒക്കെ പറയുമ്പോൾ നിറം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് തൊലിവെളുപ്പ്.   പക്ഷെ പടിഞ്ഞാറൻമാർ കളേർഡ് പീപ്പിൾഎന്നു പറയുമ്പോൾ അതു തൊലിക്കറുപ്പിനെപ്പറ്റി.   നമുക്ക് നിറംഎന്നു പറഞ്ഞാൽ വെളുപ്പ്; അവർക്ക് കളർഎന്നുപറഞ്ഞാൽ കറുപ്പ്!   വെള്ളക്കാർക്കു കറുത്തവരോടുള്ളത് വർണവെറി.   നമുക്ക് വെള്ളക്കാരോടുള്ളത് വർണഭ്രമം‘.

ഇനി നമ്മുടെ പഴയ ചാതുർവർണ്യംഎടുത്താലോ?   ’വർണമുള്ളവർ കുറേപ്പേർ, ’വർണമില്ലാത്തവർ കുറേപ്പേർ - സവർണരും അവർണരും.   സവർണർ തൊലിവെളുപ്പുള്ളവരായി അഭിമാനിച്ചിരുന്നു..   അവർണർ പൊതുവെ കറുപ്പുതൊലിക്കാരായി അവഹേളിക്കപ്പെട്ടിരുന്നു.   അപ്പോൾ നിറമുള്ളതോ വരേണ്യം‘, അല്ല അതില്ലാത്തതോ?

വെളുത്ത സാധനങ്ങൾ നിറംകെട്ടുപോകുന്നതിന്‌ ഡിസ്കളറേഷൻഎന്ന് ഇംഗ്ളീഷിൽ.   വെള്ള നിറത്തെ വിളർപ്പുമായി ബന്ധപ്പെടുത്തി രോഗലക്ഷണമായും മരണസംബന്ധിയായുമെല്ലാം വ്യവഹരിക്കപ്പെടാറുമുണ്ട്.

നിറംഎന്നു പറയുന്നതു വെളുപ്പോ കറുപ്പോ?   നല്ലതോ കെട്ടതോ?

ഏഴു നിറങ്ങൾ ചേർന്നാൽ ഏകമെന്നുശാസ്ത്രമതം:  വെളുപ്പെന്നാൽ എല്ലാ കളറും ഒന്നിച്ചത്.   വെളിച്ചത്തിന്റെ ഓരോ ഭാവം ഓരോ നിറം.   വെളിച്ചമേയില്ലെങ്കിൽ കറുപ്പ്.   വെളുപ്പിനെ മായ്ച്ചാൽ, വെളിച്ചത്തെ മറച്ചാൽ, കറുപ്പ്!

പറഞ്ഞുവരുമ്പോൾ വെളുപ്പ്ഒറ്റനിറമല്ല; ‘കറുപ്പ്ഒരു കളറേയല്ല!

അതെന്തായാലും എനിക്കിഷ്ടപ്പെട്ട ഒരുഗ്രൻ തമിഴ് പാട്ടാണ്‌, “കറുപ്പുത്താൻ എനക്ക് പിടിച്ച കളറ്‌...” (‘പുടിച്ച’, ‘പിടിച്ച’, ‘പുടിത്ത, ’പിടിത്തഎന്നതെല്ലാം വാമൊഴിവഴക്കം തമിഴിൽ).   അതിങ്ങനെ:

കറുപ്പു താൻ എനക്കു പിടിച്ച കളറ്‌.....
അവൻകണ്ൺ രണ്ടും എന്നെമയക്കും 1000 വാട്ട്സ് പവറ്‌.....
കറുപ്പു താൻ എനക്കു പിടിച്ച കളറ്‌.....

സാമി കറുപ്പുത്താൻ, സാമി ശിലൈയും കറുപ്പുത്താൻ,
യാനൈ കറുപ്പുത്താൻ, കൂവും കുയിലും കറുപ്പുത്താൻ,
എന്നൈ ആസൈപ്പട്ടു കൊഞ്ചുമ്പോത് കുത്തുറമീശൈ കറുപ്പുത്താൻ
.......“

വെണ്ണിലാവിനെ വാരിക്കൂട്ടുന്ന രാത്രി കറുപ്പാണ്‌.  അദ്ധ്വാനിച്ചു ജീവിക്കുന്ന പണിയാളർ കറുപ്പാണ്‌.   മണ്ണിനുള്ളിൽ പുതഞ്ഞിരിക്കുമ്പോൾ വൈരവും കറുപ്പാണ്‌.    ഭൂമിയിലാദ്യമായി പിറന്നുവീണ മനുഷ്യനും കറുപ്പ്.   മനുഷ്യരുടെ പഞ്ഞംതീർക്കുന്ന മഴമേഘം കറുപ്പ്.   നിന്നെ നോക്കി രസിക്കുന്ന എന്റെ കൺമിഴിയും കറുപ്പ്.....
ഇനിയും ഒരുപാടുണ്ട് ആ പാട്ടിൽ.

മലയാളത്തിലും നല്ലൊരു പാട്ടുണ്ട്:   കറുകറുത്തൊരു പെണ്ണാണ്‌, കടഞ്ഞടുത്തൊരു മെയ്യാണ്‌; കാടിന്റെയോമനമോളാണ്‌, ഞാവൽപ്പഴത്തിന്റെ ചേലാണ്‌; എള്ളിൻ കറുപ്പു പുറത്താണ്‌, ഉള്ളിന്റെയുള്ളു ചുവപ്പാണ്‌...
പിന്നൊന്ന്, ”കറുത്തപെണ്ണേ, കരിങ്കുഴലീ, നിനക്കൊരുത്തൻ കിഴക്കുദിച്ചൂ.....“.   കറുപ്പൊട്ടും മോശമല്ലെന്നർഥം.

അധിനിവേശം കൊണ്ടും തൊലി വെളുത്തിട്ടുണ്ട്.   അക്കഥ പറഞ്ഞാൽ പലർക്കും പഥ്യമാകില്ല.   ഒരു സിനിമയിൽ നിറമുള്ള കുഞ്ഞിനെപ്പെറ്റ ആദിവാസിപ്പെണ്ണിന്റെ മാനം രക്ഷിക്കുന്നത്, പച്ചവെറ്റിലയും വെളുത്ത ചുണ്ണാമ്പും കൂട്ടി മുറുക്കുമ്പോൾ ചുവപ്പു നീർ വരുന്നതു കാട്ടിക്കൊടുത്താണ്‌.   താളിയെപ്പറ്റി ഒരു കടംകഥയുണ്ടല്ലോ - അമ്മ കറുപ്പ്, മോളു വെളുപ്പ്, മോളുടെ മോൾ അതിസുന്ദരി‘.

തൂളി  പെരുത്തൊരു മീൻ കണ്ടാലും, തോലു വെളുത്തൊരു പെൺ കണ്ടാലുംഹാലിളകിയിരുന്നത്രേ ഒതേനൻമാർക്ക്.   എന്നാൽ അക്കണ്ട ഒതേനൻമാർ എല്ലാം എണ്ണക്കറുപ്പായിരുന്നു എന്നതാണു രസം.

കാലിയ‘, ’കാലാ മദ്രാസിഎന്നൊക്കെ ഔത്തരാഹൻമാർ നമ്മെ പറയുന്നു.    നമ്മൾ, കൊടികുത്തിയ ബുദ്ധിജീവികൾ, കൊടുംകേരളീയർ, പാവം ബെംഗാളിപ്പണിക്കാരെ കാളി കാളി ബെംഗാളിഎന്നു കളിയാക്കുന്നു!

കോടക്കാർവർണനായാണ്‌ കൃഷ്ണസങ്കൽപ്പം.   ആയിരത്തെട്ട്, അല്ലെങ്കിൽ പതിനായിരത്തെട്ട് ഗോപികമാരുടെ നിത്യകാമുകനാണ്‌ കരിവണ്ണൻ എന്നതു മറക്കരുത്.   എണ്ണമെയ്യാൾ നമുക്കെന്നും സൗന്ദര്യത്തിന്റെ പ്രതീകം.   എന്നാലും ഫെയർ ആന്റ് ലവ്ലിഎന്നു മനസ്സിലിരിപ്പ്.

ഇതിനിടെ തവിട്ടുനിറം എന്നൊരു പരമ്പരയും നമ്മൾ സൃഷ്ടിച്ചുവിട്ടു.   കറുപ്പുമല്ല, വെളുപ്പുമല്ല - ബ്രൗൺ - ഗോതമ്പുനിറം.   കറുപ്പിന്റെ വർണവിവേചനവും വെളുപ്പിന്റെ കിട്ടാക്കനിയും ഒറ്റയടിക്കങ്ങു സൈഡാക്കാൻ ഒരു കുരുട്ടുവിദ്യ.   ഇനി, റഷ്യ, പോളണ്ട് എന്നിവിടങ്ങളിൽ ചെമപ്പൻമാരും ധാരാളം.   ആകസ്മികമല്ലായിരിക്കും, അല്ലേ?   എന്നാൽ മഞ്ഞരാശിയല്ലോ ചൈനക്കാർക്ക്!

കറുത്ത ഉണ്ണിയേശുവിനെ കറുത്തമ്മയുടെ മടിയിലിരുത്തിയ ഒരു ടാബ്ളോ കരീബിയൻനാടുകളിൽ കണ്ടിട്ടുണ്ട്.   അവിടെത്തന്നെ ഒരു ആഫ്രിക്കൻകുഞ്ഞ് ശ്രീകൃഷ്ണനായി വേഷംകെട്ടിയതും കൗതുകത്തേക്കാളേറെ കാര്യപ്രസക്തവുമായി.

പ്രായേണ യൂറോപ്യൻമതങ്ങൾ അവരുടെ നിറമായി വെള്ള തിരഞ്ഞടുത്തപ്പോൾ അവരുടെ പ്രതിയോഗികൾ, സാത്താനിക്-വിഭാഗങ്ങൾ, കറുപ്പണിഞ്ഞു കൊഞ്ഞനം കാട്ടി.   ഹിന്ദുപരമ്പര കാവി മുഖമുദ്രയാക്കി.   ഇസ്ലാമികവിഭാഗം പച്ചയാക്കി പ്രതീകം.   സാമൂഹ്യവും സാംസ്ക്കാരികവും മതപരവുമായ തലങ്ങൾക്കുപരി, രാഷ്ട്രീയതലങ്ങളും നിറങ്ങൾക്കുണ്ട്.

നിറങ്ങളുണ്ടാക്കുന്ന പുകിൽ!  അതിന്റെ പ്രചോദനംകൊണ്ടാവണം ഞാനുമൊരിക്കൽ എഴുതി:
മരണം കരിക്കട്ടകൊണ്ടെഴുതുന്നത്‌
കനൽക്കണ്ണുകൾ കാണില്ല.
ജീവിതം ജലത്തിലെഴുതുന്നത്‌
തിളയ്ക്കും തിരകൾക്കറിയില്ല.

ചെമപ്പും മഞ്ഞയും നീലയും
പച്ചയും വെളുപ്പും കറുപ്പും
നിഴൽക്കൂട്ടം കാണില്ല.
വരയും കുറിയും ചിത്രവുമൊന്നും
പിഴച്ചവഴി അറിയില്ല.....

കറുപ്പും വെളുപ്പും - ഒരു ദുരന്തകഥയും എനിക്കറിയാം.   പ്രേമിച്ചുപ്രേമിച്ച്  പാലക്കാട്ടു കോട്ടയിലെ അബ്ളാവി രാജ’, ഒരു വടക്കൻ ഖാപ്പ്പെണ്ണിനെക്കെട്ടി.   അവൻ കാക്കക്കറുമ്പൻ,; അവൾ അറുസുന്ദരി; പാൽവെള്ളക്കാരി.   പഠിപ്പിനോ പണത്തിനോ പ്രതാപത്തിനോ ഒരു കുറവുമില്ലാത്തവർ.   എങ്കിലോ തുടക്കമേ അവതാളത്തിലായിരുന്നു.   വീട്ടുകലഹത്തോടൊപ്പം വീട്ടുപകരണങ്ങൾ പറന്നുഅതിനും മീതെ അവളുടെ കാലിയാ, കാലാ മദ്രാസീ...വിളികളും.   വിചാരിച്ചമാതിരി ആ ദാമ്പത്യം തകര്ർന്നു.   പേപ്പറിൽ കണ്ടാണ്‌ പിന്നത്തെ കാര്യങ്ങളറിഞ്ഞത്.   വടക്കെങ്ങോ പോയി ആ സുന്ദരി.   അവൾ മാനേജറായി പണിയെടുക്കുന്ന സ്ഥാപനത്തിലെ സുന്ദരൻ കാവലാളുമായിട്ടായി പിന്നെ സഹവാസം.   ഒരു ദിവസം അവളെ കഴുത്തുഞ്ഞെരിച്ചുകൊന്ന് അയാൾ മുങ്ങി.   അടച്ചിട്ട വീട്ടിലെ മൃതദേഹം കണ്ടെടുത്തപ്പോഴേക്കും വെളുപ്പെവിടെ കറുപ്പെവിടെ?  ”ശ്രീഭൂവിലസ്ഥിരമസംശയമിന്നു നിന്റെ ആ ഭൂതിയെങ്ങു പുനരിങ്ങു കിടപ്പിതോർത്താൽ?“

നാലു പതിറ്റാണ്ടുമുൻപേ ഞാനെഴുതിയ ഒരു കവിതാശകലം പൊടിതട്ടിയെടുക്കുന്നു: “...സ്വയംപ്രഭാസന്ധ്യയിൽ കണ്ടെത്താമൊരുവേള, ഒരുപുറം വെളുപ്പും മറുപുറം കറുപ്പും കൂടെക്കുറെ ചെമപ്പും!

ഒരു പഴയ കൊളോണിയൽ കഥയുമുണ്ട്.   കാലിന്മേൽ കാലും കേറ്റി സായിപ്പങ്ങിനെയിരിക്കുന്നു, ഇൻസ്പെക്ഷൻ ബംഗ്ളാവിൽ.   നമ്മുടെ നാടൻ ഭൃത്യൻ ചോദിക്കുന്നു, ‘കോഫീ ഓർ ടീ, സർ?’.   ‘കോഫി’, സായിപ്പി9ന്റെ മറുപടി.   ഹൗ ഡു യു ലൈക് ഇറ്റ്, സർ?’ - കാപ്പി എങ്ങിനെ വേണമെന്ന് ഭൃത്യൻ.   കോഫി മീൻസ് കോഫി- സ്റ്റ്രോങ്ങ്, സ്വീറ്റ് ആന്റ് ഹോട്ട്‘, സായിപ്പ് അലറി, ’ലൈക്ക് എ ഗുഡ് വുമൺ‘.
ഭൃത്യനും വിട്ടില്ല: ബ്ളാക്ക് ഓർ വൈറ്റ്, സർ?‘



No comments:

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...