Monday 19 October 2009

നമ്മൾ മിടുക്കന്മാർ!

ദക്ഷിണാഫ്രിക്കയിൽവച്ച്‌ ഒരാൾ പറഞ്ഞ കഥയാണ്‌. ആഫ്രിക്കയിലെ ഏതോ ഒരു ദരിദ്രരാഷ്ട്രത്തിൽ, കാര്യക്ഷമമായ റേഷൻവിതരണത്തിനായി സർക്കാർ ഇലക്ട്രോണിക്‌ കാർഡ്‌ ഏർപ്പെടുത്തി. നമ്മുടെ റേഷൻകാർഡുപോലെ, ഒരു കുടുംബത്തിന്‌ ഒന്നുവച്ച്‌. കണക്കെല്ലാം കിറുകൃത്യം. എന്നിട്ടും സ്റ്റോക്ക്‌ തികയുന്നില്ല വിതരണത്തിന്‌. കാർഡിനുപിറകിലെ കാന്തികവര നെടുങ്ങനെ കീറി, ആൾക്കാർ ഒരു കാർഡിൽനിന്ന് രണ്ടുകാർഡുകൾ ഉണ്ടാക്കി ഇരട്ടിറേഷൻ വാങ്ങുകയായിരുന്നത്രേ.

അതെല്ലാം പട്ടിണികൊണ്ട്‌; ഗതികേടുകൊണ്ട്‌.

അതൊന്നുമില്ലാതെ എന്തിനും ഏതിനും എന്തും ദുരുപയോഗിക്കുന്ന നമ്മൾ മിടുമിടുക്കൻമാർ തന്നെ. ഒരു വാക്കായാലും വിദ്യയായാലും വിജ്ഞാനമായാലും വൈദ്യമായാലും വീടായാലും വഴിയായാലും വണ്ടിയായാലും വിമാനമായാലും വിളക്കായാലും വിളംബരമായാലും വിശ്വമായാലും വിശ്വാസമായാലും വേദാന്തമായാലും.

പണ്ട്‌ സ്കൂളിലെ കിണറ്റിൽ ചില കുട്ടികൾ തുപ്പിയിടുമായിരുന്നു. അന്നൊന്നും കുപ്പിവെള്ളമില്ല, വെള്ളം കയ്യിൽകൊണ്ടുനടക്കാറുമില്ല. അന്നെല്ലാം സ്കൂളുകൾ മുഴുസമയമാണല്ലോ. പൊതിച്ചോറുണ്ടുകഴിഞ്ഞ്‌ ഞങ്ങൾക്കു കൈ കഴുകാനും കുടിക്കാനും ദൂരെ പട്ടാളക്യാമ്പിൽപോയി വെള്ളം ചോദിച്ചുവാങ്ങണം. അടുത്ത വീടുകളിലൊന്നും സ്കൂൾകുട്ടികളെ അടുപ്പിക്കില്ല. പുതിയൊരു അധ്യാപകൻവന്നു മുഖമടച്ചു രണ്ടെണ്ണംകൊടുത്തപ്പോൾ ആ കുട്ടികളുടെ തുപ്പൽ നിന്നു. അത്‌ അന്നത്തെ കഥ.

ഇന്നോ?

വഴി നിറയെ തുപ്പിനിറക്കുന്നു; ഏതു കോണിപ്പടിയിലും 'തുല്യം' ചാർത്തുന്നു. മാന്യന്മാർ ചാടിച്ചാടി വഴിമാറിപ്പോകുന്നു. ഒഴിഞ്ഞ ഒരിടം കണ്ടാൽ കുപ്പകോരിയിടുന്നു. കുപ്പയില്ലെങ്കിൽ കുപ്പി.

അച്ഛനമ്മമാർ കൊച്ചുകുഞ്ഞുങ്ങൾക്ക്‌ കളിത്തോക്കുവാങ്ങിക്കൊടുക്കുന്നു; മുതിർന്നാൽ എയർഗൺ. കുട്ടികൾ അതുപൊട്ടിച്ചുകൊല്ലുന്ന കാടപ്പക്ഷികളെ മസാലയിട്ടുവരട്ടി അവർക്കുകൊടുത്തു സായൂജ്യമടയുന്നു. മക്കൾ ഗർഭ-നിരോധന ഉറ ബലൂണാക്കിവീർപ്പിച്ചു തട്ടിക്കളിക്കുമ്പോൾ പരസ്പരം നോക്കി ശൃംഗരിക്കുന്നു.

ശരീരത്തിന്റെയും മനസ്സിന്റെയും ശുദ്ധി ദൈവികമായിക്കരുതി ഗാന്ധി. അദ്ദേഹത്തിന്റെ പ്രതിമക്കുമുകളിൽ കാഷ്ഠംകൊണ്ടുനിറച്ചു നമ്മൾ. താഴെയോ രാഷ്ട്രീയക്കാരെക്കൊണ്ടും!

ഘണ്ഡി ഗാന്ധിയായി പുനരവതരിച്ച്‌ ഒറിജിനലിനെ കവച്ചുവക്കുമ്പോൾ കാടു നാടാവും; നാടു കാടാവും. ഗാന്ധിയോ കരകാണാക്കടലിലും!

ശ്രീബുദ്ധനും ശ്രീനാരായണനുമെല്ലാം പ്രതിഷ്ഠകളെ പാപത്തിന്റെ പ്രതിബിംബമായിക്കണ്ടു. നമ്മൾ അവരെത്തന്നെ പ്രതിഷ്ഠകളാക്കി പരിഹസിച്ചു.

മനസ്സിനു ശാന്തിതരേണ്ട സ്ഥലങ്ങളാണ്‌ ആരാധനാലയങ്ങൾ. അവിടെയാണ്‌ ഉച്ചഭാഷിണിയിലൂടെ ഒച്ചയും ബഹളവും. ഓരോ കാരണംപറഞ്ഞു സത്കാരവും ശൃംഗാരവും. ഓരോ തിരുനാളിലും മദവും മത്സരവും. മദ്യവും മദനോത്സവവും.

'LADIES TOILET'-എന്ന ബോർഡിനെ 'LADIES TO LET' എന്നാക്കി മാറ്റുന്നവരല്ലേ നമ്മൾ?

ഇന്ത്യയിലെ പാർപ്പിടപ്രശ്നം തീർക്കാൻ, തീവണ്ടിപ്പാതയോ പൊതുനിരത്തോ മേൽപ്പാലമോ വെള്ളക്കുഴലോ നിർമ്മിച്ചാൽമതി എന്നാരോ പറഞ്ഞിട്ടുണ്ട്‌. ക്രൂരമാണ്‌ ആ ഹാസ്യമെങ്കിലും അതിലും ക്രൂരവും പരിഹാസ്യവുമാണ്‌ നമ്മുടെ സാമൂഹ്യ വ്യവസ്ഥിതി.

ഒരു നടപ്പാതവന്നാൽ ഉടൻ അവിടത്തെ കടക്കാർ കയ്യേറും; അല്ലെങ്കിൽ വഴിവാണിഭക്കാർ. അതോടെ അതൊരു വണ്ടിപ്പേട്ടയുമാകും. കാൽനടക്കാർ അക്ഷരാർത്ഥത്തിൽ പെരുവഴിയിലും!

കേരളത്തിൽ ദേശീയപാതയിൽ ഒരിടത്താണ്‌. ഒരു കവലയിൽ എനിക്കെപ്പോഴും വഴിതെറ്റും. വഴികാട്ടിനോക്കിത്തന്നെയാണു വണ്ടിയോടിക്കുക. എന്നിട്ടും. പിന്നെയാണ്‌ ഒരു സ്ഥലവാസി പറഞ്ഞുതന്നത്‌, അതു ചില നാട്ടുകാർ ചേർന്ന് ബോർഡുതിരിച്ചുവയ്ക്കുന്നതാണത്രെ. എന്തോ കവലരാഷ്ടീയം!

വണ്ടിയോടിക്കുന്നവർക്കെല്ലാം അറിയാം, വലത്തേക്കു തിരിയുമ്പോൾ വലതു ലൈറ്റും ഇടത്തേക്കുതിരിയുമ്പോൾ ഇടതു ലൈറ്റും ആണ്‌ സിഗ്നൽ എന്ന്. എന്നാൽ തെറ്റിപ്പോയി. വടക്കൻസംസ്ഥാനങ്ങളിൽ വൻപാതകളിൽ പിന്നിലുള്ള വണ്ടിക്കു മുന്നോട്ടുകയറിപ്പോകാനുള്ള അനുവാദമായാണ്‌ വലതു ലൈറ്റിടുക! ഇതറിയാതെ മുൻവണ്ടി വലത്തേക്കു തിരിയുമെന്നു കരുതി അതിന്റെ പിറകുപിടിച്ച്‌ ബഹുദൂരം പോയിട്ടുണ്ടു ഞാൻ!

കാലുകൊണ്ടു ദിശകാട്ടുന്ന ഗുജറാത്ത്‌ ആട്ടോക്കാരന്റെ അടുത്തെത്തുമോ ഇവർ? ഗോവയിലോ മിക്കവരും സിഗ്നൽ കാട്ടുകയേ ഇല്ല; കാട്ടിയാലോ അതു മുഖംകൊണ്ടും മുഖഭാവവുംകൊണ്ടും. വലത്തോട്ടു തിരിയാനും ഇടത്തോട്ടുതിരിയാനും വണ്ടി വലത്തോട്ടു വെട്ടിക്കുന്നവരാണല്ലോ അവർ! എന്നാലേ ഒരു 'ത്രിൽ' ഉള്ളൂ.

സഹകരണമില്ലാത്തവരുടെ കൂട്ടായ്മ സഹകരണസംഘം. ബാധ്യത(debit) ഉള്ളപ്പോൾ ക്രെഡിറ്റ്‌ (credit) സൊസൈറ്റി സഹായത്തിനെത്തും. ബാധ്യത ഉണ്ടാക്കുന്നത്‌ ക്രെഡിറ്റ്‌ കാർഡ്‌. ക്രെഡിറ്റ്‌ (ആസ്തി) ഉണ്ടെങ്കിൽമാത്രം ഡെബിറ്റ്‌ കാർഡ്‌!

അതല്ലേ കാലം!

മാഷ്‌, 'മാസ്റ്റർ' (MA, M.Sc., M.Ed. M.PEd., etc.)ആവണമെന്നുവന്നപ്പോൾ ഹെഡ്മാസ്റ്റർ പ്രിൻസിപ്പലായി. പ്രിൻസിപ്പൽ ഡയറക്റ്ററായി. ക്ലാർക്ക്‌ എക്സിക്യൂട്ടീവായി. എല്ലാവരും മാനേജരായപ്പോൾ പണിയെടുക്കാൻ ആളില്ലാതായി.

ആറാം ശമ്പളക്കമ്മീഷൻ വിഭാവനം ചെയ്തത്‌ തസ്തികകളുടെ എണ്ണംകുറച്ച്‌ ഉച്ചനീചത്വം ചെറുതാക്കാനാണ്‌. എന്നിട്ടെന്തായി? താഴെ തസ്തികകൾ കുറച്ചെന്നതു ശരി, മുകളിൽ മുകളിൽ എണ്ണമങ്ങു കൂട്ടി. ശമ്പളവും.

ഒരു പാനീയത്തിന്റെ പരസ്യം പോലെയായി. 'More Cola, Same Price'. അളവുകൂട്ടി, ആനുപാതികമായി വില. ഒട്ടും 'കൂട്ടി'യില്ല. ശരിയല്ലേ? കുടിച്ചോളൂ കൂടുതൽ!


ദില്ലിയിൽ പരക്കെ കാണാം, എന്തിലും 'Original' എന്ന ലേബൽ. ഒറിജിനൽ അല്ലാത്ത ഒന്നുമില്ലല്ലോ അവിടെ. ഗാന്ധിയല്ലാതെ.

സർക്കാർ ഓഫീസുകളിലെ സീലടിക്കൽ എനിക്കു പണ്ടേ ഹരമാണ്‌, മലബാർ ചായയേക്കാളും. നീട്ടിപ്പൊക്കിയൊരുകുത്തൽ! പോർട്ടർമാർക്കും ഒരു സ്വഭാവമുണ്ട്‌. എന്തുഭാരമുള്ള സാമാനമായാലും നിലത്തുവയ്ക്കുന്നതിനുമുമ്പ്‌ ഒന്നുകൂടിപ്പൊക്കിയങ്ങു താഴേക്കിടും.

കച്ചവടം കപടമല്ലെന്നു കാണിക്കാനായിരുന്നു MRP (Maximum Retail Price) കൊണ്ടുവന്നത്‌. അതുടനെ കച്ചവടക്കാർ 'Minimum Retail Price' എന്നാക്കി. ഇനിയുമൊരു പടി കടന്ന് ആ ലേബലേ കീറിക്കളയുന്നു പലരും!

പിന്നൊന്ന് 'ഹോളോഗ്രാം'. അടുത്തിടെ ഒരു പേരുകേട്ട കമ്പനിയുടെ ഉത്പന്നത്തിൽകണ്ടു, "If found spurious, please do not buy". കൃത്രിമമാണെന്നു തോന്നിയാൽ വാങ്ങേണ്ടെന്ന്! എന്തൊരു മനുഷ്യസ്നേഹം!

മൊബൈൽ വൈബ്രേറ്റർകൊണ്ടു ഇക്കിളിപ്പെടുത്താനും, കാറിലെ പിൻകണ്ണാടിയിലൂടെ പെണ്ണിനെനോക്കിരസിക്കാനും മറ്റുഭാഷകളെ മാനസാന്തരപ്പെടുത്തി മാതൃഭാഷയിൽ മാനംകെടുത്താനും മിടുക്കന്മാർ നമ്മൾ!


തുടക്കത്തിലെ റേഷൻകാർഡിൽതന്നെ അവസാനിപ്പിക്കാം. ഭാരതത്തിൽ മിക്ക ഇടങ്ങളിലും കുടുംബാംഗങ്ങളുടെ ജനനത്തിയതി രേഖപ്പെടുത്തിയിരിക്കില്ല; വയസ്സേ കാണൂ. വർഷാവർഷം അതു മാറുന്നകാര്യം മറന്നുപോയിരിക്കും ഉദ്യോഗസ്ഥന്മാർ! പിന്നെ തൊഴിൽകാർഡ്‌. തിരിച്ചറിയൽകാർഡ്‌. തിരഞ്ഞെടുപ്പുകാർഡ്‌. അതിൽ എത്രപേരുടെ പേരും വിവരവും ശരിയായിട്ടുണ്ട്‌? (ഈയുള്ളവന്റെ ആദ്യത്തെ തിരഞ്ഞെടുപ്പുകാർഡിൽ സ്വന്തം പേർ അച്ഛന്റേതായിരുന്നു; അച്ഛന്റെ പേർ എന്റേതും. അതു തിരുത്തിവാങ്ങിയപ്പോൾ ആണു പെണ്ണായി മാറി. നിലവിലുള്ള മൂന്നാമത്തേതിൽ വീട്ടുപേരില്ല). ഇവയ്ക്കെല്ലാം പുറമെ ആദായനികുതിക്കാർഡ്‌. വണ്ടിയോട്ടക്കാർഡ്‌. ക്രെഡിറ്റ്‌ കാർഡ്‌. ATM കാർഡ്‌. അപ്പോഴതാ വരുന്നു ദേശീയ വിവിധോദ്ദേശക്കാർഡ്‌.

ഗോവയിലായതുകൊണ്ട്‌ പരീക്ഷണറൗണ്ട്‌ എന്നനിലയിൽ അതു കിട്ടി രണ്ടുവർഷം മുമ്പ്‌. എല്ലാം ക്ലീൻ, ക്ലീൻ. പേരുണ്ട്‌, പടമുണ്ട്‌, എല്ലാം ഒരു ഇലക്ട്രോണിക്‌ ചിമിഴിൽ ഒതുക്കിയിരിക്കുന്നതിനാൽ പത്രാസുമുണ്ട്‌!

അതുംകൊണ്ട്‌ ഒരാവശ്യത്തിന്‌ ഒരു സർക്കാർ ഓഫീസിൽ പോയി. പോര, പോര, അതുകൊണ്ടൊന്നും എന്റെ തിരിച്ചറിയൽ നടക്കില്ല. കാരണം 'കുമാരസംഭവം' വായിക്കാനുള്ള ഉപകരണമില്ലതന്നെ!

ഞാൻ ആരാണെന്നുകാണിക്കാൻ പുതുക്കാനാവാത്ത റേഷൻകാർഡ്‌ (APL) പറ്റില്ല; സ്വന്തം ഒപ്പില്ലാത്ത ആദായനികുതിക്കാർഡു പറ്റില്ല. തിരിച്ചറിയൽകാർഡിൽ വീട്ടുവിലാസമില്ല; വണ്ടിയോട്ടക്കാർഡിൽ പഴയ വിലാസം മാത്രം. സ്വകാര്യവിവരങ്ങളില്ലാത്തതിനാൽ ബാങ്ക്കാർഡും പറ്റില്ല; തത്കാലതാമസം എവിടെയെന്നില്ലാത്തതിനാൽ പാസ്പോർട്ടുപോലും പറ്റില്ല. പോരേ? അവസാനം അക്ഷരത്തെറ്റുള്ള തിരഞ്ഞെടുപ്പുകാർഡ്‌ രക്ഷക്കെത്തി.

അടുത്തുതന്നെ ഞങ്ങൾക്കെല്ലാം ഒരു തീരദേശക്കാർഡുംകൂടി കിട്ടുമെന്ന് ശ്രുതിയുണ്ട്‌.

എന്തെങ്കിലും ഒരു കാര്യം നാം പൂർണ്ണമായി, തെറ്റില്ലാതെ, ചെയ്യുമോ?

ഇനി ഇതെല്ലാം ഒന്നിപ്പിച്ചങ്ങു നന്നാക്കിയെടുക്കാൻ ഒരു എക്സിക്കുട്ടനെ അങ്ങ്‌ ദില്ലിയിൽ വാറോലകൊടുത്ത്‌ ഏൽപ്പിച്ചിട്ടുണ്ട്‌. 'നീലക്കെണി', ഒരു നമ്പറിൽ നമ്മെ ഒതുക്കുമെന്നാണു കേഴ്‌വി.


സംശയിക്കാനില്ല, നമ്മൾ ലോകോത്തര മിടുക്കന്മാർ തന്നെ!

Wednesday 7 October 2009

കഥകളിയുടെ മടിത്തട്ടിൽ

ഞാനാദ്യംകണ്ട കഥകളിതന്നെ കലാമണ്ഡലം കൃഷ്ണൻ നായരുടേതാണെന്നത്‌ ഒരു സുകൃതം. അതും അക്ഷരാർഥത്തിൽതന്നെ ഒരു മടിത്തട്ടിലിരുന്ന്.

അന്നെനിക്ക്‌ ആറോ എട്ടോ പ്രായം. എന്റെ വീടിന്റെ തൊട്ടുതെക്ക്‌, വലിയ വാടകവീട്ടിൽ വലിയ ആളനക്കം. ആളുകളേക്കാൾ കൂടുതൽ പെട്ടികൾ. കലാമണ്ഡലം കൃഷ്ണൻ നായരും കുടുംബവും തൃപ്പൂണിത്തുറയിൽ താമസമാക്കുന്നു.

ഞങ്ങൾ നാട്ടുപിള്ളേർ ഒളിഞ്ഞുനോക്കുന്നു. അവിടത്തെ വരത്തുപിള്ളേർ ഇറങ്ങിവരുന്നു. ചുറ്റുവട്ടത്തെ ഒരുമാതിരി എല്ലാപ്രായത്തിലുള്ളവർക്കും പറ്റിയവർ. ഞങ്ങൾ കൂട്ടായി. അന്നെല്ലാം ചങ്ങാത്തം ഉടന്തടിയാണല്ലോ.

അതേവരെ കഥകളിയെന്നൊന്ന് ഞാൻ കണ്ടിട്ടില്ലായിരുന്നു; കാരണം അൽപം അകലെയുള്ള അമ്പലത്തിൽപോയി ഉറക്കമിളിക്കണം. കൂടെക്കൊണ്ടുപോകാൻ ആളുംവേണം. അച്ഛനന്നേ പണി കൂടുതലും പണം കുറവും പ്രമേഹരോഗിയുമായിരുന്നു.

തൃപ്പൂണിത്തുറയിൽ താമസമാക്കി, കലാമണ്ഡലം കൃഷ്ണൻ നായരുടെ ആദ്യത്തെ കളി പൂർണ്ണത്രയീശക്ഷേത്രത്തിൽ. വേഷമോ പേരുകേട്ട പൂതനയും. കുട്ടികൾപറഞ്ഞ്‌, എനിക്കതൊന്നു കാണണമെന്നു പൂതിയും.

ശ്രീ കൃഷ്ണൻ നായരുടെ പത്നി ശ്രീമതി കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ എന്റെ അമ്മയോടുപറഞ്ഞു, വേണമെങ്കിൽ എന്നെ കൂടെ അയച്ചുകൊള്ളാൻ കളികാണാൻ. അവർക്ക്‌ എന്നോടു പ്രത്യേകവാത്സല്യമുണ്ടായിരുന്നിരിക്കണം. കാരണം, അവരുടെ മൂത്തമകളുടെയും (പിൽക്കാലതു നൃത്താധ്യാപികയായി പ്രസിദ്ധയായ ശ്രീദേവി) എന്റെയും വിളിപ്പേരുകൾ ഒന്നായിരുന്നു.

ഞങ്ങളുടെ നാട്ടിൽ പൊതുവെ 'ചേച്ചി'യും 'ചേട്ട'നുമാണ്‌. പിന്നെ ചില വീടുകളിൽ ചേച്ചിമാരെ ആൺകുട്ടികളും, ചേട്ടന്മാരെ പെൺകുട്ടികളും 'ഓപ്പ'യെന്നും വിളിക്കും. വടക്കുനിന്നുവന്ന കലാമണ്ഡലംകുടുംബത്തിന്റെ 'ഓപ്ല'വിളി ഞങ്ങൾക്കു പുതുമയായിരുന്നു. 'ഓപ്പോൾ', 'ഓപ്ല' ആയതാവണം. മൂത്തമകൾ മണിയോപ്ലയ്ക്കുതാഴെ മറ്റൊരു ചേച്ചിയുമുണ്ടയിരുന്നു; കലയോപ്ല. എന്റെ സ്വന്തം ചേച്ചിയുടെ സഹപാഠി. ബാക്കിയെല്ലാം ആൺകുട്ടികളായിരുന്നു. അവരെ ഞങ്ങൾ പ്രായഭെദമെന്യേ പേരുപറഞ്ഞുവിളിച്ചു.

അങ്ങനെ 'മണിയോപ്ല'യുടെ മടിയിലുരുന്ന് ആദ്യമായി കഥകളി കണ്ടു.

അതൊരു അനുഭവമെന്നതിനേക്കാളേറെ അനുഭൂതിയായിരുന്നു. ആനപ്പന്തലിൽ മുൻപന്തിയിൽത്തന്നെയുള്ള ഇരുപ്പ്‌. അമ്പലപ്പറമ്പിലെ ആനപ്പിണ്ടത്തിന്റെയും കളിത്തട്ടിലെ വിളക്കെണ്ണയുടെയും അമ്പലനടയിലെ കർപൂരത്തിന്റെയും ഓപ്പോളണിഞ്ഞ പിച്ചിപ്പൂവിന്റെയും സമ്മിശ്രഗന്ധം. കേളികൊട്ടുതൊട്ട്‌ കലാശംവരെ, തിരനോട്ടം തൊട്ടു തോടയം വരെ, ചൊല്ലിയാട്ടംതൊട്ടു ഇളകിയാട്ടം വരെ, മുദ്രകൾതൊട്ടു മംഗളം വരെ ഇടതടവില്ലാതെ പതിഞ്ഞസ്വരത്തിൽ ചെവിയിൽ പറഞ്ഞുതരുന്ന മണിയോപ്ല. അതായിരുന്നു ആട്ടക്കഥയുടെ ആദ്യപാഠം.

അതൊരു ഹരമായി. എന്നാൽ കഥയറിയാത്ത ആട്ടംകാണലായിരുന്നു മിക്കതും. ആനച്ചന്തം മാതിരി തന്നെ കഥകളി. കഥയും കളിയുമറിയാതെയും ആസ്വദിക്കാം.


കലാമണ്ഡലം കൃഷ്ണൻ നായരുടെ മൂത്തമകൻ അശോകൻ അധികമൊന്നും അടുത്തിരുന്നില്ല. പ്രായക്കൂടുതൽകൊണ്ടാകണം. അകാലത്തിൽ മരിച്ചുപോയി അശോകൻ. കലയോപ്ല പിതാവിന്റെ സ്ത്രീപർവമായിരുന്നു; പൂതനതന്നെയായിരുന്നു ഇഷ്ടവേഷവും. എന്തോ പിന്നീടു കഥകളിയിൽ തുടർന്നതായി അറിവില്ല. കൂട്ടത്തിൽ നടുക്കുള്ള ബാബുവായിരുന്നു ശ്രീ കൃഷ്ണൻ നായരുടെ തത്സ്വരൂപം. ഏകദേശം എന്റെ സമപ്രായമായിരുന്നതിനാൽ ബാബുവാണ്‌ എനിക്കുവേണ്ടി മുദ്രകളെല്ലാം കാണിച്ചുതരിക. എല്ലാം ബാബു കണ്ടുപഠിച്ചതാണ്‌. ഇന്നു ഞാൻ അതെല്ലാം മറന്നു. ബാബുവാണെങ്കിലോ ഇന്ന് അറിയപ്പെടുന്നൊരു നടനാണ്‌. എനിക്കു തെറ്റിയില്ലെങ്കിൽ, കലാമണ്ഡലം ദമ്പതിമാരുടെ മറ്റുമക്കളായിരുന്നു രവിയും ഉണ്ണികൃഷ്ണനും കൃഷ്ണകുമാറും (പേരെല്ലാം പിഴച്ചോ? അവർ എവിടെയാണെങ്കിലും ക്ഷമിക്കുക; പഴംകഥകളല്ലേ, തെറ്റുണ്ടാകാം).

കലാമണ്ഡലം കൃഷ്ണൻ നായരുടെ അഭിനയത്തെപ്പറ്റി പറയാൻ ഞാൻ ആളല്ല; പറഞ്ഞാലൊട്ടു ശോഭിക്കുകയുമില്ല. പക്ഷെ ഒന്നുണ്ട്‌. കഥയിലെന്നപോലെ സാത്വികനായിരുന്നു അദ്ദേഹം വീട്ടിൽ. മറ്റു കഥകളിക്കാർ 'ചിറ'കിനു (കഥകളിക്കാരുടെ ഭാഷയിലെ പണം) പിന്നാലെ പാഞ്ഞിരുന്നപ്പോൾ കലാമണ്ഡലം (അന്നെല്ലാം 'കലാമണ്ഡല'മെന്നുപറഞ്ഞാൽ 'കൃഷ്ണൻ നായർ' എന്നു മനസ്സിലാക്കണം) തൊഴിലിന്നുള്ളിലെ കലാസപര്യക്കു സ്വയം അർപ്പിച്ചു. പകൽ ഞാൻ കണുമ്പോഴൊക്കെ അർധനിദ്രയിലായിരിക്കും. തലേന്നു രാത്രിയിലെ കളിയുടെ ക്ഷീണം. എന്നാലും കണ്ടാൽ കയ്യൊന്നനക്കി കണ്ണൊന്നു നിവർത്തി ചിരിക്കും. സന്താനഗോപാലത്തിലെ ബ്രാഹ്മണനായിട്ടാണ്‌ എനിക്കപ്പോൾ തോന്നുക.

ശ്രീമതി കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയാകട്ടേ മോഹിനിയാട്ടത്തിന്റെ മുഖമുദ്രയായി മാറി. അവരും ഇന്നില്ല.

പഴയ ഗ്രന്ഥങ്ങളുംകൊണ്ട്‌ അവർ ചിലപ്പോഴെല്ലാം സംശയംത്‌Iർക്കാൻ എന്റെ അച്ഛന്റടുത്തു വരുമായിരുന്നു. മോഹിനിയാട്ടം മാനകീകരിക്കനുള്ള അവരുടെ ശ്രമങ്ങളുടെ തുടക്കമായിരുന്നു അതെന്ന് ഇന്നു ഞാനറിയുന്നു.

വർഷങ്ങൾക്കുള്ളിൽ കൃഷ്ണൻ നായർ കുടുംബം തൃപ്പൂണിത്തുറയിൽതന്നെ സ്വന്തം വീടുപണിതു താമസം മാറി. അത്‌ ഞാനന്നു പഠിച്ചിരുന്ന ഹൈസ്കൂളിനടുത്തായിരുന്നു.

ഒരു ദിവസം ഉച്ചക്ക്‌ ഞാനവിടെ എന്തോ ഒരു ധൈര്യത്തിന്‌, എതോ ഒരു ആകർഷണത്താൽ കയറിച്ചെന്നു. മുൻമുറ്റത്ത്‌ ഒരു കൊച്ചു താമരക്കുളം. അതുനോക്കിനിന്നു കുറച്ചു സമയം. പിന്നെ അകത്തു കയറി. അന്നെല്ലാം ഞങ്ങളുടെ മുൻവാതിലുകൾ പകൽ മുഴുവൻ തുറന്നാണു കിടക്കുക. അകത്തളത്ത്‌ പതിവുപോലെ അദ്ദേഹം കിടന്നുറങ്ങുന്നു. ആൾപെരുമാറ്റം കേട്ടിട്ടാകണം കൺ മിഴിച്ചൊരു തിരനോട്ടം. ഞാനൊന്നുപരുങ്ങി. സാക്ഷാൽ കൃഷ്ണൻ നായർ കൈപിടിച്ചു ചോദിച്ചു, 'മണിയല്ലേ? അച്ഛനെങ്ങനെയുണ്ട്‌?' എനിക്കൊന്നും പറയേണ്ടി വന്നില്ല. കൃഷ്ണൻ കുചേലനെയെന്നപോലെ, ആ വലിയ വീടെല്ലാം കാണിച്ചുതന്നു അദ്ദേഹം. അന്നാണ്‌ ഞാൻ പ്രത്യേകമൊരു പൂജാമുറി കോൺക്രീറ്റ്‌ വീട്ടിൽ ആദ്യമായി കാണുന്നത്‌.

ആ വീട്‌ ഇന്നും മോഹിനിയാട്ടത്തിന്റെ കളരിയായി പ്രവർത്തിക്കുന്നു എന്നാണറിവ്‌.

പിന്നീടെന്റെ ജീവിതം വഴിമാറിയൊഴുകി. ഒരു പതിറ്റാണ്ടിനുശേഷം എന്റെ പ്രിയസുഹൃത്ത്‌ ജോൺപോൾ 'ഫോക്കസ്‌' എന്ന മാസിക കൊണ്ടുനടതുമ്പോൾ, 'അംബ'യെന്നൊരു പുത്തൻ ആട്ടക്കഥ നിരൂപണത്തിനായി കയ്യിലെത്തിച്ചു. അതു പഠിക്കുവാൻ ശ്രമിക്കവേ കഥയറിയാതെ ആട്ടംകണ്ട വിഷമം ഞാൻ തൊട്ടറിഞ്ഞു. എന്റെ പരിമിതികൾ അത്രയ്ക്കായിരുന്നു. 'Super exaggeration'-ഉം 'Ultra miniaturisation'-ഉം കഥകളിയുടെ കൈമുദ്രകളായി തിരിച്ചറിഞ്ഞു. വായിക്കുന്തോറും, കേൾക്കുന്തോറും, കാണുന്തോറും വിജൃംഭിതമാകുന്ന ഒരു കലാരൂപം. ഒരു പുളകം ഒരുപക്ഷെ അര നാഴിക നീളും. ഒരു സിംഹാസനമോ ഒരു വജ്രായുധമോ അരയടി മരത്തിൽ തീരും. ഇഹത്തെ പരമാക്കുകയും പരത്തെ പരിഹാസ്യമാംവിധം പരമാണുവുമാക്കുന്ന ആ പ്രതിഭ കഥകളിക്കുമാത്രം സ്വന്തം. അയൽവക്കതെങ്ങാനും ഗ്രീക്ക്‌ നാടകങ്ങളോ ഷേക്സ്പ്‌Iറിയൻ നാടകങ്ങളോ എത്തിയേക്കാം, അത്രമാത്രം.

എന്നാലും അന്നെന്നപോലെ ഇന്നും കഥകളിവേഷങ്ങളുടെ മുട്ടിനുതാഴോട്ട്‌ എന്തുകൊണ്ടോ അരോചകമായിത്തന്നെ കാണുന്നു. അതും ഭൗമേതരതയെ ഭൂമിയുമായി ബന്ധിപ്പിക്കാനാവാം!


മുതിർന്നപ്പോൾ മഴയും മഞ്ഞും മടിയും മനോഭാവവും മറുനാടും എന്റെ കഥകളിഭ്രാന്തെല്ലാം മുടക്കി. ഇന്നു ഞാൻ ടെലിവിഷനിൽ കഥകളികാണുന്നു; കൃഷ്ണൻ നായരെക്കുറിച്ചെഴുതുന്നു!


Published in the fortnightly web magazine www.nattupacha.com (1 October 2009)

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...