Wednesday 6 March 2019

ഒരു ദക്ഷിണ-കൊറിയൻ പ്രദക്ഷിണം


ഒരു ദക്ഷിണ-കൊറിയൻ പ്രദക്ഷിണം

[‘ഹാൻ നദിക്കരയിലൂടെ ‘:രാജേശ്വരി നായർ
ചെമ്പരത്തി പ്രസാധനം, June 2018, pp 88]

‘മക്ക‘ത്തുപോയി മനസ്സുനന്നാക്കേണ്ടിയിരുന്നൊരാൾ ‘മക്കാവ്‘-ൽ പോയി അടിമുടി മാനസാന്തരപ്പെട്ടുവന്ന് ഒരു സഞ്ചാരസാഹിത്യമെഴുതിവച്ചിട്ടുണ്ട്.  വേറൊരാൾ ചങ്കുംകൊണ്ട് ചൈനയ്ക്കുപോയി ഉള്ള ചങ്കും കളഞ്ഞു വന്നതും സഞ്ചാരസാഹിത്യമാക്കിയിട്ടുണ്ട്.  ഒരു ടിക്കറ്റ് എടുത്ത് ഏതെങ്കിലും സ്ഥലത്ത് ഓട്ടപ്രദക്ഷിണം നടത്തി തിരിച്ചെത്തിയ ഉടനെ സീറ്റ്-നമ്പറും ഹോട്ടൽ-കാര്യങ്ങളും പിന്നെക്കുറെ കൊച്ചുവർത്തമാനങ്ങളും ‘നഷ്ടാൾജിയ‘കളും നിരത്തി യാത്രാവിവരണം കാച്ചുന്ന ചെറുബാല്യക്കാരും വല്യബാല്യക്കാരും വേണ്ടുവോളമുണ്ട് മലയാളത്തിൽ.  അവയിൽനിന്നെല്ലാം വിഭിന്നമായി ചെറുതെങ്കിലും ചോരയും നീരുമുറ്റ ഒരു യാത്രാനുഭവമാണ് ശ്രീമതി രാജേശ്വരി നായർ നമുക്കു തരുന്നത്.  അതും നമുക്ക് അത്രയൊന്നും പരിചിതമല്ലാത്ത ദക്ഷിണ കൊറിയൻ ജീവിതങ്ങളുടെ നേർക്കാഴ്ചകൾ.

അവരുടെ ടീവിയും ഫ്രിജ്ജും മൊബൈൽഫോണും കം‌പ്യൂട്ടറും കാറുമൊക്കെ കാണുമ്പോൾ തെക്കൻ‌കൊറിയയെ സുഖഭോഗവസ്തുക്കളുടെ ഒരു വെറും ഉത്പാദകരാഷ്ട്രമായാണ് നമ്മൾ കരുതുക.  ഇരുമ്പുമറയ്ക്കുള്ളിലെ വടക്കൻകൊറിയയെപ്പറ്റിയുള്ള വക്രവാർത്തകൾകൊണ്ട് പത്രങ്ങൾ നിറയുമ്പോൾ ദക്ഷിണകൊറിയ അതിനു നേരെ എതിരെ എന്നുമാത്രമേ നമുക്കു നിരൂപിക്കാനാകൂ.  ഈ പുസ്തകം ആ മിഥ്യാധാരണ തിരുത്തിത്തരുന്നു.  പുറം‌കാരണങ്ങളാൽ ഒരേവംശത്തിന്റെ വിഭജനവും അധിനിവേശങ്ങളും യുദ്ധക്കെടുതികളും മേൽപകുതിയെ പ്രത്യയശാസ്ത്രങ്ങൾ  ഉൾവലിയിപ്പിച്ചപ്പോൾ കീഴ്പകുതിയെ ശാസ്ത്രസാങ്കേതികവിദ്യകൾ വികസനോന്മുഖമാക്കി എന്നതു സത്യം.   പക്ഷെ ഇരുപകുതികളുടെയും ഉള്ളിന്റെയുള്ളിൽ ശക്തമായ പ്രാക്തനബന്ധം ഒളിഞ്ഞിരിപ്പുണ്ട്.  കുടുംബസഹിതം തെക്കൻകൊറിയയിൽ കുറെ നാൾ ചെലവിട്ട രാജേശ്വരി നായർ, മൊത്തം കൊറിയയുടെ ഇന്നത്തെ ഏകോപനോത്സുകതയെ എടുത്തുകാട്ടുന്നു  ഒരൊറ്റ സൂചനയിലൂടെ: (ഇരുകൊറിയകളുടെയും അതിർത്തിയിലെ ഡോറാസാൻ റെയ്ൽവേ സ്റ്റേഷൻ) ‘തെക്കുനിന്നുള്ള അവസാനത്തെ സ്റ്റേഷനല്ല, മറിച്ച് വടക്കോട്ടുള്ള ആദ്യത്തെ സ്റ്റേഷനാണ്.‘

വിനോദസഞ്ചാരികളുടെ സ്ഥിരം സംക്രമണസ്ഥലങ്ങൾ സന്ദർശിക്കുമ്പോഴും അവിടങ്ങളിൽ അടയിരിക്കുന്ന ചരിത്രപരവും  ഭൂമിശാസ്ത്രപരവുമായ വൈശിഷ്ട്യങ്ങൾ ഈ സഞ്ചാരരേഖയിലൂടെ നാമറിയുന്നു.   സാമ്പത്തികോന്നതിയുടെ കുത്തൊഴുക്കിൽപോലും സാംസ്ക്കാരികതയെ കൈവിടാത്ത കൊറിയ നമുക്കനുഭവവേദ്യമാകുന്നു.  കച്ചവടകേന്ദ്രങ്ങൾ കലാകേന്ദ്രങ്ങൾകൂടിയാണെന്നും നാം കാണുന്നു.  കഴിഞ്ഞകാലത്തിൽ കാലുറപ്പിച്ച് കാലത്തിനൊത്തു കുതിച്ചോടുന്ന കൊറിയൻകൗശലം നമ്മൾ തിരിച്ചറിയുന്നു.

‘ഹാൻ നദിക്കരയിലൂടെ‘ ഗൗരവപ്പെട്ട ഗവേഷണഗ്രന്ഥമോ ചിട്ടയൊപ്പിച്ച ഡയറിക്കുറിപ്പോ കുറച്ചുകാര്യങ്ങളും കുറച്ചധികം ബഡായിക്കഥകളും തുന്നിച്ചേർത്ത് തൂക്കത്തിനു വിൽക്കുന്ന സഞ്ചാരസാഹിത്യമോ ഒന്നുമല്ല.   തികച്ചും ലളിതമായ വീക്ഷണങ്ങൾ;  തികച്ചും ലളിതമായ വാക്കുകൾ.   വിവരണങ്ങളേക്കാൾ സൂചകങ്ങളാണ് ഈ പുസ്തകത്തിലധികവും.   അതിനാൽ താൽപര്യമുള്ളവർക്ക് പുതിയ പഠനങ്ങൾക്ക് പ്രേരണയേകുന്നു ഈ പുസ്തകം.   കുട്ടികളും മുതിർന്നവരും ഒന്നിച്ചിരുന്നു വായിക്കേണ്ട ഈ കൃതിയുടെ പുറങ്ങളിൽ ‘പരമാവതി‘, ‘സ്പുരണം‘, ‘പ്രൗഡി‘, ‘ഛായ കൂട്ട്‘, ‘ബതൽ‘, ‘അക കാമ്പ്‘, ‘സാമ്പത്തീക-‘,   എന്നൊക്കെയുള്ള അക്ഷരത്തെറ്റുകൾ ദൃഷ്ടിദോഷങ്ങളാണെന്നൊരു കുറവേ എന്റെ കാക്കക്കണ്ണിനു കണ്ടെത്താനായുള്ളൂ.

(ഡോ.  ജി. നാരായണസ്വാമി, March 2019)
   

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...