Wednesday 22 June 2011

വിഷുവിണ്റ്റന്നൊരു വിഷമം

മതപരമായ കാര്യങ്ങളില്‍ എനിക്ക്‌ താല്‍പര്യമില്ല. മതങ്ങള്‍ മനുഷ്യനെ നന്നാക്കുന്നതില്‍കൂടുതല്‍ ചീത്തയാക്കിയിട്ടേയുള്ളൂ. എങ്കിലും മതഭേദങ്ങളെയും മതചിഹ്നങ്ങളെയും നോക്കിക്കാണാറുണ്ടു ഞാന്‍, അല്‍പം താല്‍പര്യത്തോടെ തന്നെ. കാരണം മതം മനുഷ്യനെ മറ്റെന്തോ ആക്കി മാറ്റുന്നു. ഒറ്റയ്ക്കുള്ളപ്പോഴുള്ള പെരുമാറ്റരീതികളല്ല മനുഷ്യന്‌ സമൂഹത്തില്‍ കൂട്ടംകൂടുമ്പോള്‍. വ്യക്തി വ്യക്തിയല്ലാതായി ഒരു കൂട്ടായ്മയുടെ അടയാളമായി മാറുന്നു. ആ പകര്‍ന്നാട്ടം മതാചാരങ്ങളുടെയും മതചിഹ്നങ്ങളുടെയും മറവില്‍ സാധുവല്‍ക്കരിക്കപ്പെടുന്നു എത്ര നീചമായാലും നിഷേധാത്മകമായാലും. മതവും സംസ്ക്കാരവും ഒന്നല്ലെങ്കില്‍തന്നെ അവയുടെ പരസ്പരവിനിമയത്തില്‍ വിഭജനരേഖ അദൃശ്യമായിത്തീരുന്നു. പല സംസ്ക്കാരങ്ങളും ധനാത്മകമായി മതഭേദങ്ങളെ തുടച്ചുമാറ്റുമ്പോള്‍ പല മതങ്ങളും ഋണാത്മകമായി സംസ്ക്കാരത്തെ ദുഷിപ്പിക്കുന്നുമുണ്ട്‌. മതഭേദങ്ങളും സംസ്ക്കാരവിശേഷങ്ങളും കയ്യാങ്കളിക്കുന്ന കേരളത്തില്‍ ഓണവും വിഷുവും ക്രിസ്‌മസ്സും റംസാനുമെല്ലാം മതത്തിണ്റ്റെ വക്കുമടക്കി സംസ്ക്കാരത്തിണ്റ്റെ ചിഹ്നങ്ങളായാല്‍ ആശങ്കയേക്കാള്‍ ആഹ്ളാദമായിരിക്കും നമുക്കു പകരുക. ഓണം ഒരു വന്‍കാര്യമാകുമ്പോള്‍ വിഷു ഒരു കൊച്ചുവിശേഷമാണ്‌. ലാളിത്യവും സൌന്ദര്യവും തികഞ്ഞ, തികച്ചും വ്യക്ത്യാസ്പദമായ ഒരു സങ്കല്‍പനമാണല്ലോ വിഷു. കണ്ണാടിയില്‍ തന്നെത്തന്നെ കണികണ്ട്‌ അകക്കണ്ണുതുറപ്പിക്കാന്‍ ഉത്തേജിപ്പിക്കുന്ന മറ്റൊരു വിശേഷം എനിക്കറിവില്ല. തെറ്റയ്ക്കുള്ളതിനേക്കാള്‍ ഒറ്റയ്ക്കുള്ളതിനെയാണ്‌ വിഷു പ്രതിനിധാനംചെയ്യുന്നത്‌. മറ്റാഘോഷങ്ങളൊന്നും അങ്ങനെയല്ലല്ലോ. വീട്ടിനകത്തും പരിസരത്തുമുള്ള നിത്യവസ്തുക്കളാണ്‌ വിഷുക്കണിക്ക്‌. പുതുതായി ഒന്നും വാങ്ങാനില്ല. നാട്ടുഭേദമനുസരിച്ച്‌ ഒരു ഉരുളിയും വിളക്കും സ്വര്‍ണത്തുണ്ടും വെള്ളിപ്പണവും അരിയും തേങ്ങാമുറിയും പഴവും വെള്ളരിക്കയും കൊന്നയും മുല്ലപ്പൂവും കണ്ണാടിയും എന്തെങ്കിലുമെല്ലാംചേര്‍ത്ത്‌ ഒരു കൊച്ചുകുഞ്ഞിനുകൂടി കണിയൊരുക്കാനാകും. ഭ്രമാത്മകമായ ബ്രാഹ്മമുഹൂര്‍ത്തത്തില്‍ പൊന്‍രാശിയേലുന്ന വിളക്കുവെട്ടത്തില്‍ കണ്ണാടിയിലെ തന്നെത്തന്നെയറിഞ്ഞ്‌, ഒരൊറ്റക്കാശിണ്റ്റെ എളിമയില്‍ പഞ്ചേന്ദ്രിയങ്ങളും ഉദ്ദീപ്തമാകുന്ന ഓര്‍മയില്‍ ഒരു കൊല്ലത്തിനു തുടക്കമിടുന്നു വിഷുവിണ്റ്റന്ന്‌. സമൂഹത്തില്‍നിന്ന്‌ വ്യക്തിയിലേക്കു പകരുന്നതല്ല വിഷു. വ്യക്തിയില്‍നീന്‌ സമൂഹത്തിലേക്കു പടരുന്നതാണ്‌ വിഷുവിണ്റ്റെ ദീപ്തി. വയറ്റുപിഴപ്പിനായി പരദേശങ്ങളിലായതിനുശേഷം വിഷുക്കണിയൊന്നും ഉണ്ടായിട്ടില്ല എനിക്ക്‌. എങ്കിലും വിഷുക്കാലത്ത്‌, പല്ലുതേയ്ക്കുമ്പോഴോ മുടിചീകുമ്പോഴോ കണ്ണാടിനോക്കുമ്പോള്‍ പ്രതിബിംബം കാതോടുകാതോരം തേനൂറും ആ മന്ത്രം ഈണത്തില്‍ ചൊല്ലാറുണ്ട്‌, 'നീ നിന്നെ അറിയൂ' എന്ന്‌. (എന്നിട്ടുമതി ആരാണ്റ്റെ കാര്യത്തില്‍ തലയിടാന്‍ എന്നായിരിക്കും!) അതോടൊപ്പം ഒരു കൊച്ചുനൊമ്പരവും എന്നെത്തേടിയെത്താറുണ്ട്‌. അമ്മ എന്നെ എട്ടുമാസം ഗര്‍ഭംധരിച്ചിരിക്കുകയായിരുന്നു. അച്ഛണ്റ്റെ കൊച്ചുവ്യവസായസ്ഥാപനത്തിലെ പണിക്കാരെല്ലാം വിഷുദിവസം സന്ധ്യക്ക്‌ എണ്റ്റെ വീട്ടുമുറ്റത്തിലാണ്‌ പടക്കംപൊട്ടിച്ചാഘോഷിക്കുക. അമ്മയും അച്ഛനും മുത്തശ്ശിയും ചേച്ചിയും വീട്ടിനുമുന്നിലെ തിണ്ണയില്‍ അതുകണ്ടിരിക്കും. ചേട്ടന്‍ പടക്കംപൊട്ടിക്കാന്‍ കൂടും. ഒരാഴ്ച്ചമുന്നേ പടക്കമുണ്ടാക്കുന്ന പണിതുടങ്ങിയിരിക്കും. കരിമരുന്ന്‌ ഉണക്കത്തെങ്ങോലയില്‍ തിരിയിട്ടു പൊതിഞ്ഞ്‌ വെയിലത്തിട്ടുണക്കി സമോസപോലുള്ള കൊച്ചുകൊച്ച്‌ ഓലപ്പടക്കം. വെള്ളാരങ്കല്ലുകള്‍ വെടിമരുന്നില്‍ കലര്‍ത്തി കടലാസ്സില്‍പൊതിഞ്ഞുണ്ടാക്കുന്ന ഏറുപടക്കം. കമ്പിത്തിരിയും പൂത്തിരിയും ലാത്തിരിയും അമിട്ടും മത്താപ്പുമെല്ലാം അപൂര്‍വം. കയ്യില്‍ കാശുണ്ടായിട്ടുവേണ്ടേ? വെളിച്ചത്തേക്കാള്‍ ഒച്ചയും അതിലേറെ ബഹളവുമാണ്‌. ആരോ അത്തവണ ഒരു 'ഗുണ്ട്‌' സംഘടിപ്പിച്ചു. അതു കത്തിച്ചതും പൊട്ടിയതും ഒന്നിച്ച്‌. ചീളുകള്‍ വന്നുതറച്ചത്‌ എണ്റ്റെ അമ്മയുടെ വലത്തെ കണ്ണില്‍. അപ്പുറത്തും ഇപ്പുറത്തുമിരിക്കുന്നവര്‍ക്കോ മറ്റാര്‍ക്കുമോ ഒരപകടവും പറ്റിയില്ല. അമ്മയുടെ കണ്ണില്‍നിന്നോ ചോരയൊഴുകുന്നു. പണിക്കാരെല്ലാം പേടിച്ചോടി. രാത്റിമുഴുവന്‍ അച്ഛണ്റ്റെയും മുത്തശ്ശിയുടെയും നാട്ടുശുശ്റൂഷയില്‍ വേദനതിന്നുകഴിച്ചു അമ്മ. രാവിലെയല്ലേ സര്‍ക്കാര്‍ കണ്ണാശുപത്രി തുറക്കൂ. അവിടത്തെ ഡോ. പുത്തൂരാന്‍ ഒരു വിദഗ്ധനേത്രചികിത്സകനായിരുന്നു. ശസ്ത്രക്രിയ കൂടിയേ തീരൂ. പക്ഷെ വയറ്റിനകത്തെ കുഞ്ഞ്‌ വല്ലാതെ ഇളക്കംതുടങ്ങിയിരിക്കുന്നതിനാല്‍ ക്ളോറോഫോം കൊടുത്തുമയക്കി കണ്ണുകീറാന്‍ വയ്യ. 'ലോക്കല്‍' കൊടുത്ത്‌ ഓപ്പറേഷന്‍ ചെയ്യാന്‍ തീരുമാനമായി. എന്തോ അപാകതകൊണ്ട്‌ ലോക്കല്‍മരുന്നു കുത്തിവച്ചത്‌ ശരിയായില്ല. ഓപ്പറേഷനു കത്തിവച്ചതും അമ്മ പിടഞ്ഞു. ഡോക്‌ടര്‍ക്കു കാര്യം മനസ്സിലായി. ഒന്നുകില്‍ കണ്ണ്‌, അല്ലെങ്കില്‍ കുഞ്ഞ്‌. അതിലൊന്ന്‌ നഷ്ടപ്പെടുമെന്നുറപ്പായി. വേഗത്തില്‍ കണ്ണിലെ ചീളുകള്‍ പറിച്ചെറിഞ്ഞ്‌ തുന്നിക്കെട്ടി അമ്മയെ വാര്‍ഡില്‍ കൊണ്ടുപോയിക്കിടത്തി. ആസ്പത്രിയില്‍നിന്ന്‌ വീട്ടില്‍ തിരിച്ചെത്തിയപാതി പേറ്റുനോവായി. കാലാവധിക്കു കാത്തിരിക്കാതെ ഞാന്‍ ഭൂജാതനുമായി. നല്ല നീലവര്‍ണത്തില്‍ മീനക്കാറ്റിലെ ഉണക്കക്കമ്പുപോലത്തെ ഒരു സത്വമായിരുന്നത്രെ ഞാന്‍. കണ്ടവര്‍കണ്ടവര്‍ മൂക്കത്തുവിരല്‍വച്ചുപോയത്രെ. അമ്മതന്നെ പറഞ്ഞുതന്ന കഥയാണ്‌. പുറമേക്ക്‌ ഒരു വെളുത്ത കല മാത്രമായിരുന്നെങ്കിലും, വലത്തെ കണ്ണിണ്റ്റെ കാഴ്ചയാകമാനം നഷ്ടപ്പെട്ടിരുന്നു അമ്മയ്ക്ക്‌. സ്വാഭാവികമായും ത്രിമാനവീക്ഷണം (സ്റ്റീറിയോസ്കോപ്പിക്‌ വിഷന്‍) സാധ്യമായിരുന്നില്ല പിന്നെ. എന്നിട്ടും ഈ തൊണ്ണൂറാം വയസ്സിലും, അത്യാവശ്യം സൂചിയില്‍ നൂലുകോര്‍ക്കാനും അയലത്തെ പ്ളാവില്‍ എത്ര ചക്ക പൊട്ടിയിട്ടുണ്ടെന്ന്‌ എണ്ണിപ്പറയാനും ഭൂതക്കണ്ണാടിയില്ലാതെ മാതൃഭൂമി ആഴ്ച്ചപ്പതിപ്പു വായിക്കാനും ടീവീസുന്ദരികളുടെ മുടിയിലെ നിറംതേക്കല്‍ കണ്ടുപിടിക്കാനും അമ്മയ്ക്കു പറ്റും. ഒരു കണ്ണടയുണ്ട്‌; അതു വെറും മനസ്സമാധാനത്തിനുമാത്രം. ഈ വര്‍ഷംവരെ, ചെറിയതോതിലാണെങ്കിലും, വിഷുക്കണി മുടക്കിയില്ല അമ്മ. ഫോണ്‍ചെയ്തപ്പോള്‍ പറഞ്ഞതാണ്‌. വിഷുവിനെച്ചൊല്ലി ഒരു 'സീരിയല്‍'കണ്ണീരും ഇതേവരെ കണ്ടിട്ടില്ല അമ്മയുടെ കണ്ണില്‍. കണ്ണുപോയതിന്‌ കണ്ണാടിയെ എന്തിനു പഴിക്കണം എന്നാവാം. പട്ടൌഡി ജീവിതകാലംമുഴുവന്‍ പന്തുകളിച്ചുനടന്നത്‌ ഒറ്റക്കണ്ണുവച്ചല്ലേ. എങ്കിലും ആ കൊച്ചുവിഷമം വിഷുക്കാലത്തെനിക്കുണ്ട്‌. ആഘോഷങ്ങള്‍ പൊടിപൊടിക്കുമ്പോള്‍ അടുത്തെവിടെയെങ്കിലും ഒന്നുരണ്ടാത്മാക്കള്‍ നീറിപ്പിടയുന്നുണ്ടാവണം എന്നോര്‍ക്കാന്‍ നാം മിനക്കെടാറില്ല. വെടിക്കെട്ടിനു തീകൊടുത്തും ഉച്ചഭാഷിണിയുടെ ഒച്ചകൂട്ടിവച്ചും നിരത്തുനിറഞ്ഞു നിരങ്ങിനീങ്ങിയും കുടിച്ചു കൂത്താടിയും രസിക്കുന്നവര്‍ ഒരിക്കലെങ്കിലും കാര്യമായി സ്വയമൊന്നു കണ്ണാടിനോക്കിയാല്‍ നന്നായിരുന്നേനേ.

No comments:

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...