Wednesday 22 June 2011

അബദ്ധങ്ങള്‍ സുബദ്ധങ്ങള്‍

വിഡ്ഢിത്തത്തിനൊരു വീരചക്രമുണ്ടെങ്കില്‍ അതെനിക്കാകുന്നതില്‍ തെറ്റില്ല. വീടെന്നോ വിദേശമെന്നോ വിഡ്ഢ്യാസുരന്‍മാര്‍ക്ക്‌ വ്യത്യാസമില്ല. അടുക്കളയും അരങ്ങും ഒരുപോലെ. പലപ്പോഴും അബദ്ധങ്ങള്‍ സുബദ്ധങ്ങളാകുന്നതും എണ്റ്റെ വിഡ്ഢിത്തത്തിണ്റ്റെ പലതില്‍ ഒരു രീതി. യാത്രകളും വിഭിന്നവ്യക്തികളും ജനസഞ്ചയങ്ങളുമായുള്ള ഇടപെടലുകളും അനുഭവങ്ങളേക്കാളേറെ അറിവുകളാണ്‌. തന്നെ തന്നില്‍നിന്നുമാറ്റിനിര്‍ത്തി, മനസ്സിനെ തുണിയുരിച്ചുകാണാന്‍ അവ വഴിയൊരുക്കുന്നു. സംസ്കാരങ്ങളുടെ കൈവഴികള്‍ പലതാണ്‌. താന്‍ ശീലിച്ചുപോന്ന താവഴിയില്‍നിന്നുവേറിട്ട്‌, മറ്റൊന്നുമായി ഇടപഴകുമ്പോള്‍ അബദ്ധങ്ങളൂണ്ടാകാം. തിരിഞ്ഞുനിന്ന്‌ അവ സുബദ്ധങ്ങളായിക്കണ്ടാല്‍ അറിവിണ്റ്റെ അറകള്‍ നിറപറയാകും. ദര്‍ശനംതൊട്ട്‌ സ്പര്‍ശനംവരെയും മണംതൊട്ട്‌ മദംവരെയും രസനതൊട്ട്‌ രസികത്തംവരെയും ലൌകികതതൊട്ട്‌ ലൈംഗികതവരെയും സംഗമംതൊട്ട്‌ സര്‍ഗാത്മകതവരെയും കുസൃതിതൊട്ട്‌ ക്രൂരതവരെയും കരുണതൊട്ട്‌ കൂടോത്രംവരെയും വ്യത്യസ്തമാണ്‌ ജനഗണമനം ഈ ഉലകില്‍. ഒരുവ്യക്തിയുടെ ഒറ്റപ്പെട്ട പെരുമാറ്റം ആ സമൂഹത്തിണ്റ്റെ പൊതുസ്വഭാവമാണെന്നു പറഞ്ഞുകൂടാ. എങ്കിലും ഒരു സമൂഹത്തിണ്റ്റെ പെരുമാറ്റരീതികള്‍ വ്യക്തികളില്‍നിന്നു മനസ്സിലാക്കാനായേക്കും ഒരു പരിധിവരെ. കാക്കയെ അനുകരിച്ച്‌ ചെരിഞ്ഞു ചെരിഞ്ഞുനോക്കി ജനലഴികള്‍ക്കിടയില്‍ തലകുരുങ്ങുന്നതും ഉണ്ണിക്കണ്ണന്‍കളിച്ച്‌ അടുക്കളയിലെ ഉറിയില്‍ മൂക്കുടക്കുന്നതും കറിക്കു താളിക്കുമ്പോള്‍ കടുകുമണികള്‍ മുടിക്കുള്ളില്‍ കൃത്യമായി പറന്നിറങ്ങുന്നതും പൊട്ടിയ വൈദ്യുതവയര്‍ കെട്ടിശരിയാക്കുമ്പോള്‍ കറണ്ടുപോയിരുന്നതൊന്നുകൊണ്ടുമാത്രം ചാവാതെ രക്ഷപ്പെടുന്നതും കടിക്കുന്നതെന്തെന്നതറിയാതെ അടിക്കുപ്പായത്തില്‍ ഒരു പകല്‍മുഴുവന്‍ പഴുതാരയെ കൊണ്ടുനടക്കുന്നതും പശുക്കള്‍ സ്വാദോടെ പച്ചപ്പുല്ലുതിന്നുന്നതു കണ്ടു കൊതിച്ച്‌ അവയെപ്പോലെ നാലുകാലില്‍നിന്ന്‌ പുല്ലുതിന്ന്‌ തൊണ്ടയില്‍കുരുങ്ങി ശ്വാസംമുട്ടി കണ്ണുതള്ളുന്നതും വെറും കടലാസ്കൊണ്ട്‌ കൈമുറിയുന്നതും ജീവിതത്തില്‍ ആദ്യവും അവസാനവുമായി ക്രിക്കറ്റ്‌കളിക്കുമ്പോള്‍ പാഞ്ഞുവന്നപന്ത്‌ അരക്കടിയിലും വീശിയടിച്ച ബാറ്റ്‌ സ്വന്തം പുറത്തും പതിക്കുന്നതും -- ഒരു പുരുഷായുസ്സില്‍ വീരകൃത്യങ്ങള്‍ ഇത്രയൊക്കെ പോരേ? പോരെങ്കില്‍ -- ജീര്‍ണിച്ച മതില്‍പ്പുറത്തുവലിഞ്ഞുകയറി അതിനോടൊപ്പം മറിഞ്ഞുവീഴുമ്പോള്‍ നെഞ്ചിന്‍പുറത്തെ വെട്ടുകല്ലെടുത്തുമാറ്റി യേശുവിനെപ്പോലെ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതും ചുറ്റുമുള്ളവരെ വെറുതെവിട്ട്‌ എന്നെമാത്രം വട്ടമിടുന്ന കൊതുക്‌ ഞാന്‍ പോകുന്നിടത്തെല്ലാം എനിക്കുമുമ്പേ പറന്നുകയറുന്നതും മൂന്നാംദിവസം അതിനെ വകവരുത്താനാകുന്നതും! ഒരിക്കല്‍ ഗോവയ്ക്കുപോകുംവഴി മംഗലാപുരംട്റെയിന്‍ കണ്ണൂരിനടുത്തുവച്ച്‌ മറ്റൊരു വണ്ടിയുമായി കൂട്ടിയിടിച്ചു. തലയ്ക്കുപിന്നില്‍ ക്ഷതമേറ്റ ഞാനും കൂട്ടരും നാട്ടുകാര്‍തന്ന കരിങ്കല്ലുകൊണ്ടു കതകിടിച്ചുതുറന്നു പുറത്തുചാടി. അഗ്നിശമനസേന ഞങ്ങളെ കണ്ണുരുവരെ കൊണ്ടുചെന്നാക്കി. അവിടന്ന്‌ ഒരുവിധം ബസ്സില്‍കയറി മംഗലാപുരത്തെത്തിയ ഞാന്‍, ഒരു ഹോട്ടലില്‍ മുറിയെടുത്തു വിശ്രമത്തിനായി. ഹോട്ടല്‍ക്കാരോടുപറഞ്ഞ്‌ ഒരു ഫോണോഗ്രാം (ടെലിഫോണ്‍വഴി ബുക്കുചെയ്യുന്ന ടെലഗ്രാം -- അന്നതിന്‌ വലിയ ചെലവാണ്‌. നാട്ടിലും വീട്ടിലുമൊന്നും ടെലിഫോണ്‍ വ്യാപകമല്ലാത്ത കാലവും) -- നാട്ടിലെ അമ്മയ്ക്കയപ്പിച്ചു: 'REACHED SAFELY'. കാരണം, പിറ്റേദിവസത്തെ പത്രത്തില്‍ അപകടത്തെപ്പറ്റി അറിയുമ്പോള്‍ അമ്മയാകെ ബേജാറാകും. സംഭവിച്ചതു മറിച്ച്‌. അന്നേദിവസം വടക്കെ ഇന്ത്യയിലുണ്ടായ ഒര്‍ വന്‍തീവണ്ടിയപകടത്തിണ്റ്റെ നിഴലില്‍, നിറവില്‍, ഈ ന്യൂസ്‌ അത്ര കാര്യമായില്ല. പൊതുവെ നാട്ടിലേക്കു പതിവായി കത്തയക്കാത്ത (അമ്മ അതിനെപ്പറ്റി പരിഭവിച്ചിരുന്നു; പിന്നെ അമ്മമാര്‍ക്ക്‌ മക്കളില്‍നിന്ന്‌ എത്ര എഴുത്തുകിട്ടിയാലും മതിയാവുകയുമില്ലല്ലോ) എണ്റ്റെ കമ്പിസന്ദേശം കിട്ടിയപ്പോള്‍ അമ്മയുടെ കമണ്റ്റ്‌: 'കത്തെഴുതാത്തതിനു പരാതിപറഞ്ഞപ്പോള്‍ കമ്പിയടിച്ചിരിക്കുന്നു. അവന്‍ ഗോവയില്‍ എത്തിയിട്ടുപോലുമില്ല. നോക്കൂ മംഗലാപുരത്തുനിന്നാണിത്‌. സ്വതേ ഉത്തരവാദിത്വമില്ലാത്തവന്‍ ഇപ്പോള്‍ നുണയും പറഞ്ഞുതുടങ്ങിയിരിക്കുന്നു.' അമ്മമാരുടെ കാകദൃഷ്ടിയില്‍നിന്നു രക്ഷപ്പെടാന്‍ നമുക്കാവില്ല. എണ്റ്റെ പ്രിയപ്പെട്ട വിഡ്ഢിത്തങ്ങളിലൊന്ന്‌, എറണാകുളത്ത്‌ പഴയ ശൈലിയില്‍ പരവതാനിയിലിരുന്ന്‌ തുണിനോക്കിവാങ്ങേണ്ടിയിരുന്ന ഒരു തമിഴ്‌ ജൌളിക്കടയില്‍ 'ഞായര്‍ വിടുമുറൈ' (ഞായറാഴ്ച്ച മുടക്കം) എന്ന്‌ തമിഴിലെഴുതിവച്ചിരുന്നത്‌ 'നായര്‍ വീടുമുറൈ' (നായര്‍തറവാട്ടുചിട്ട) എന്നു ഞാന്‍ മനസ്സിലാക്കിയതാണ്‌. അതിനടുത്തസ്ഥാനമാണ്‌ എണ്റ്റെ ഭാര്യ, 'ഓട്ടോഗ്രാഫ്‌' എന്ന സിനിമയിലെ 'ന്യാപകം വരുതേ' (ഓര്‍മകള്‍ വരവായ്‌) എന്ന പാട്ടിലെ 'കിരാമത്തു വീട്‌' (ഗ്രാമത്തെ വീട്‌) എന്നതു കേട്ട്‌ അത്‌ 'കാമത്തു വീട്‌' ആണെന്നു ധരിച്ച കഥയ്ക്ക്‌ -- ആലപ്പുഴയില്‍ കൊങ്ങിണി-കാമത്തുമാര്‍ ഏറെയുണ്ടെന്ന ഭാര്യയുടെ 'മുന്നറിവ്‌' പശ്ചാത്തലത്തില്‍. ബോംബെയില്‍ 'ബഹുരംഗിസ്പര്‍ധ' (വിവിധകലാമത്സരങ്ങള്‍) എന്തോ ജാതിലഹളയാണെന്നു ഞാന്‍ മനസ്സിലാക്കിയതും മോശമില്ലാത്തതാണ്‌. ഹിന്ദിയിലെ കാല്‍-മുക്കാല്‍-ഒന്നര-രണ്ടരയും മറാഠിയിലെ കച്ചറപ്പെട്ടിയും തെലുങ്കണ്റ്റെ '-അണ്ടി'യും കന്നഡക്കാരണ്റ്റെ 'സ്വാമി'യും ഗുജറാത്തിയുടെ 'ഛേ'യും പഞ്ചാബിയുടെ 'അകടം പകട'വും ബംഗാളിയുടെ 'കൊഥാ'യും എന്നെ വേണ്ടുവോളം കുഴക്കിയിട്ടുണ്ട്‌. പൂണെയിലെ ഒരു അതിഥിമന്ദിരത്തിലെ ഇലക്ട്രിക്‌ ഗീസര്‍ ഞാന്‍ സ്വിച്ചിട്ടപ്പോള്‍ പൊട്ടിത്തെറിച്ചത്‌ ആകസ്മികമാകാം. കാര്‍വാറിലെ ലോഡ്ജൊന്നില്‍ സ്വിച്ചിട്ടപ്പോള്‍ ബള്‍ബു പൊട്ടിത്തെറിച്ചതും ആകസ്മികമാകാം. ദില്ലിയിലെ ഐ.ഐ.ടി. അതിഥിമന്ദിരത്തിലെ പൈപ്പുവെള്ളത്തില്‍ കൈകഴുകിയപ്പോള്‍ കൂടുതല്‍ കൂടുതല്‍ കൈനാറിയത്‌ ശുദ്ധജലത്തിനുപകരം ഓടവെള്ളം വന്നതുകൊണ്ടായിരിക്കാം. ശാന്തമായിക്കിടന്ന അറബിക്കടലും കരയാല്‍ ചുറ്റപ്പെട്ട റിഹാന്ത്‌ കൃത്രിമത്തടാകവും കലങ്ങിമറിഞ്ഞ്‌ ബോട്ടിനെ നിയന്ത്രണാതീതമായി ആട്ടിയുലച്ചത്‌ ഞാനുണ്ടായിരുന്നതൊന്നുകൊണ്ടാണെന്നത്‌ സഹപ്രവര്‍ത്തകരുടെ പരദൂഷണമാകാം. ദുബൈ വിമാനത്താവളത്തിലെ ടൈല്‍സിട്ടു മോടിപിടിപ്പിച്ച പ്രാര്‍ഥനാമുറി, ടോയ്‌ലറ്റാണെന്നു തെറ്റിദ്ധരിച്ച്‌ അകത്തുകയറി അതേ വേഗത്തില്‍ തിരിച്ചുചാടിയ വെള്ളക്കാരണ്റ്റെ ഇളിഭ്യച്ചിരിയുടെ മുന്നില്‍ ഇവ ഒന്നുമല്ലെന്നും എനിക്കറിയാം. നോര്‍വേയില്‍ വിലപിടിച്ച അത്യാധുനിക കോഫി-മെഷീനില്‍, വെള്ളമൊഴിക്കേണ്ടിടത്ത്‌ കാപ്പിപ്പൊടിയും പൊടിയിടേണ്ടിടത്ത്‌ പച്ചവെള്ളവും നിറച്ചത്‌ ഞാനുമല്ല. ബോംബെയിലേക്കു തിരിച്ചുപോകാനാവാതെവന്ന പരിത:സ്ഥിതിയില്‍ അവിചാരിതമായി ആലിബാഗിലെ ഒരു ഹോട്ടല്‍ മുറിയില്‍ ഒരു ബ്രിട്ടീഷുകാരന്‍സായിപ്പിനൊത്ത്‌ രാത്തങ്ങേണ്ടിവന്നപ്പോള്‍, അയാള്‍ ഉറങ്ങാന്‍ നേരം തുണിയെല്ലാമൂരി പുതപ്പുംവലിച്ചിട്ടു കിടന്ന കാഴ്ചയും മറന്നിട്ടില്ല. ഉടുതുണിക്കു മറുതുണിയില്ലാതായിപ്പോയ ആ ദിവസം മുഴുവന്‍ പാണ്റ്റും ഷര്‍ട്ടുമെല്ലാമിട്ട്‌ ഉണ്ടും ഉറങ്ങിയും കഷ്ടപ്പെട്ടത്‌ ഞാന്‍ മാത്രം. സന്‍മാര്‍ഗം സമൂഹത്തിനൊത്ത്‌ മാറിമാറിയിരിക്കും. തലേന്ന്‌ നോര്‍വെ സര്‍വകലാശാലയില്‍ കണ്ടപ്പോള്‍ ഒരു സുഹൃത്ത്‌ കൂടെയുള്ളവളെ ഭാര്യയെന്നു പരിചയപ്പെടുത്തി. പിറ്റേന്നൊരു വിരുന്നില്‍ അയാളെ വീണ്ടും കണ്ടുമുട്ടിയപ്പോള്‍ കൂടെയുള്ളവളെ പിന്നെയും പരിചയപ്പെടുത്തി. തലേന്നു പരിചയപ്പെട്ടതാണല്ലോ എന്നു ഞാന്‍ പറഞ്ഞു, പറഞ്ഞില്ല; അതവളായിരുന്നില്ല. നോര്‍വെയില്‍തന്നെ ഒരു സഹപ്രവര്‍ത്തകന്‌ എണ്റ്റെ പഠനംതീര്‍ത്തു തിരിച്ചുവരുംമുന്‍പ്‌ കുറെ കടലാസ്സുകള്‍ കൈമാറാനുണ്ടായിരുന്നു. മുടക്കദിവസമായിരുന്നതിനാല്‍, നടന്നെത്താവുന്ന ദൂരത്തുള്ള അയാളുടെ ഒറ്റമുറിവീട്ടിലേക്ക്‌ അയാള്‍ ക്ഷണിച്ചു. ഞാന്‍പോയി പകുതിതുറന്നിരുന്ന കതകില്‍ മുട്ടിയപ്പോള്‍ അകത്തുനിന്ന്‌ 'കം ഇന്‍' കേട്ടു. അകത്തു ഞാന്‍കണ്ടതു വിവരിക്കുന്നില്ല. കട്ടിലില്‍ പൊത്തിപ്പിടിച്ചുകിടന്നിരുന്ന അയാള്‍ തലപൊക്കിപ്പറഞ്ഞു, കടലാസ്സുകള്‍ മേശപ്പുറത്തുവച്ചേക്കാന്‍. രസികനായ അയാള്‍ക്കുവേണ്ടി ഞാന്‍വരച്ച ഒന്നുരണ്ടു രേഖാചിത്രങ്ങളും കൂടെവച്ച്‌ കതകടച്ച്‌ ഞാന്‍ പുറത്തിറങ്ങി. അയാളുടെ സ്നേഹിതയ്ക്ക്‌ എണ്റ്റെ ചിത്രങ്ങള്‍ വളരെ ഇഷ്ടപ്പെട്ടെന്നും അതപ്പോള്‍ കണ്ടിരുന്നെങ്കില്‍ അവള്‍ എന്നെ വലിച്ചു കട്ടിലില്‍ കയറ്റുമായിരുന്നെന്നും പിന്നീടയാള്‍ പറയുകയും ചെയ്തു! വിടവാങ്ങല്‍ദിവസം, സ്വന്തംവീട്ടില്‍ പ്രൊഫസറൊരുക്കിയ അത്താഴവിരുന്നിനു അയാളോടൊപ്പം പ്രൊഫസറുടെ ഭാര്യയായിരുന്നു കൂട്ടിന്‌. ആഹാരത്തിനുശേഷം നമ്മുടെ ചിട്ടയില്‍ യാത്രപറയാന്‍ പ്രൊഫസറെ അന്വേഷിച്ചപ്പോള്‍ ഭാര്യ പറഞ്ഞത്‌ പ്രൊഫസര്‍ ബെഡ്‌റൂമിലാണെന്നാണ്‌; ഒരു വിദ്യാര്‍ഥിനിയെ കൂട്ടത്തില്‍നിന്നു കാണാനുമില്ലായിരുന്നു. ഞാന്‍ 'കാമുക'നായി മാറിയത്‌ ദക്ഷിണാഫ്രിക്കയിലെ കേപ്‌ടൌണില്‍വച്ചാണ്‌. താമസസ്ഥലത്തെ അടുത്ത മുറിയില്‍ ഒരു അമേരിക്കക്കാരന്‍. ഞങ്ങളുടെ മുറികള്‍ക്കുപുറത്തെഴുതിയിരുന്ന നമ്പറുകളും താക്കോലുകളും ശരിയായിരുന്നെങ്കിലും എന്തോ കാരണവശാല്‍ റൂം-നമ്പര്‍ അന്യോന്യം മാറിപ്പോയിരുന്നു ഹോട്ടല്‍റെജിസ്റ്ററില്‍. ഞാന്‍ മുറിയില്‍കയറിയമുതല്‍ ഫോണ്‍ വിളികളോടു വിളികള്‍. എല്ലാം അയാള്‍ക്കുള്ളത്‌. മറുപടിപറഞ്ഞുമടുത്തു. ഹോട്ടല്‍ക്കാരോടു പരാതിയും പറഞ്ഞു. എന്നിട്ടും രാവേറെച്ചെന്നപ്പോള്‍ വീണ്ടും ഒരു വിളി. സ്ത്രീശബ്ദം. അത്‌ ആ അമേരിക്കക്കാരണ്റ്റെ ഭാര്യയായിരുന്നു. ഞാന്‍ കാര്യംപറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു. അവളൊരു ചിരി. 'സാരമില്ല, അയാള്‍ എവിടെയോ പോയിത്തുലയട്ടെ. നമുക്കല്‍പം സംസാരിച്ചിരിക്കാം. ആട്ടെ, പറയൂ. എവിടെയാ നാട്‌, എന്താ പേര്‌?' -- പെമ്പിറന്നോരുടെ ശൃംഗാരം കൂടിയപ്പോള്‍ ഞാന്‍ ഫോണ്‍ മെല്ലെ താഴെ വച്ചു. കാശിണ്റ്റെ കാര്യത്തില്‍ ഞാന്‍ ഏറ്റവുംവലിയ അബദ്ധത്തില്‍ പെട്ടുപോയത്‌ ദക്ഷിണാഫ്രിക്കയിലെ ഒരു ഇന്‍ഡ്യന്‍വംശജന്‍കാരണമാണ്‌. പ്റിട്ടോറിയയില്‍ ഔദ്യോഗികമീറ്റിംഗ്‌ കഴിഞ്ഞ ഉടന്‍ യാത്രച്ചെലവിനും താമസച്ചെലവിനുമെല്ലാമായി പണം കയ്യില്‍കിട്ടി. പിറ്റേന്ന്‌ അതിരാവിലെയാണ്‌ എനിക്ക്‌ ഹോട്ടല്‍വിട്ട്‌ വിമാനത്താവളത്തിലേക്കുപോകേണ്ടത്‌. കണക്കുതീര്‍ക്കന്‍ കൌണ്ടറില്‍ ചെന്നപ്പോള്‍, ചെലവെല്ലാം ആതിഥേയരുടെ വകയാണെന്നും ഞാനൊന്നും കൊടുക്കേണ്ടതില്ലെന്നും കണക്കുനോക്കി ഹോട്ടല്‍ജീവനക്കാരന്‍. അതല്ല, ഹോട്ടല്‍ചെലവ്‌ യോഗത്തില്‍പങ്കെടുത്തവര്‍ നേരിട്ടുനല്‍കാന്‍വേണ്ടി പണംതന്നിട്ടുണ്ടെന്നു ഞാനും. നല്ലൊരു സംഖ്യയാണത്‌. സംശയംതീര്‍ക്കാന്‍ ഹോട്ടല്‍മാനേജരെയോ യോഗസംഘാടകരെയോ വിളിച്ചുണര്‍ത്തി സംശയം തീര്‍ക്കാന്‍പറ്റിയ സമയമല്ലല്ലോ കാലത്തു നാലുമണി. നാട്ടില്‍തിരിച്ചെത്തിയ ഉടനെ ഞാന്‍ സംഘാടകരുമായി ബന്ധപ്പെട്ടു. അഡ്വാന്‍സ്കൊടുത്ത്‌ ഹോട്ടല്‍ ബുക്കുചെയ്‌തതിലുണ്ടായ ഒരു തെറ്റിദ്ധാരണയായിരുന്നു അതെന്നും പണം ഹോട്ടലില്‍ കൊടുക്കേണ്ടതുതന്നെയാണെന്നും ഉടനെ കാശയക്കാന്‍ നടപടി എടുക്കണമെന്നും അവര്‍ അറിയിച്ചു. അപ്പോഴാണ്‌ മറ്റൊരു പ്രശ്നം തലപൊക്കിയത്‌. ഇന്ത്യയില്‍നിന്നു വിദേശത്തേക്ക്‌ വിദേശനാണയത്തില്‍ പണമയക്കാന്‍ (അന്ന്‌) ഒരുപാടു ബുദ്ധിമുട്ടുകളുണ്ട്‌. ഭാരതീയ റിസര്‍വ്‌ ബാങ്കിണ്റ്റെ സ്പെഷല്‍അനുമതിയെല്ലാം വേണം. സ്ഥലത്തെ ബാങ്ക്‌ശാഖയിലെ ഉദ്യോഗസ്ഥര്‍ വഴികാണിക്കുന്നതിനുപകരം വഴിയടയ്ക്കുകയാണു ചെയ്തത്‌. അങ്ങിനെയിരിക്കെയാണ്‌ ദക്ഷിണാഫ്രിക്കയില്‍നിന്ന്‌ ഒരു ഗവേഷണവിദ്യാര്‍ഥി ഞാന്‍ പണിയെടുക്കുന്ന സ്ഥലത്ത്‌ വന്നെത്തിയത്‌. ഇന്ത്യന്‍വംശജന്‍. സുമുഖന്‍, സൌമ്യശീലന്‍. മറ്റാരോവഴി എണ്റ്റെ പ്രശ്നമറിഞ്ഞപ്പോള്‍ അയാള്‍ എന്നോടുവന്നു പറഞ്ഞു, ആഫ്രിക്കയിലെ സംഘാടകര്‍ക്ക്‌ പണമെത്തിക്കാമെന്നും പക്ഷെ ആഫ്രിക്കന്‍നാണയത്തിനുപകരം അമേരിക്കന്‍ഡോളറിലാക്കിത്തരണമെന്നും. നമുക്കുമുണ്ട്‌ വിദേശത്തേക്കുപോകുമ്പോള്‍ ഇന്ത്യന്‍നാണയം പരിധിയില്‍കൂടുതല്‍ കയ്യില്‍വയ്ക്കരുതെന്ന്‌. അതുകൊണ്ട്‌, കുറെ ധനനഷ്ടംവന്നാലും മാനനഷ്ടം വരാതിരിക്കാന്‍ ഞാനതിനുസമ്മതിച്ചു പണം അയാളെ ഏല്‍പ്പിച്ചു. വേണ്ടപ്പെട്ടവരെ അറിയിക്കുകയുംചെയ്തു. ആഫ്രിക്കന്‍സംഘാടകരില്‍നിന്നും മാസങ്ങള്‍കഴിഞ്ഞിട്ടും പണമിനിയും കിട്ടിയില്ലല്ലോ എന്ന പരാതി ലഭിച്ചപ്പോഴാണ്‌ ഞാന്‍ പകച്ചത്‌. ആ വിദ്യാര്‍ഥിതന്ന ഇ-മെയില്‍വിലാസത്തില്‍ ആരാഞ്ഞപ്പോള്‍ മറുപടിയില്ല. പിന്നെപ്പിന്നെ ഇ-മെയില്‍ പോകാതെയുമായി. അയാളുടെ സര്‍വകലാശാലയുമായി ബന്ധപ്പെട്ടപ്പോള്‍ ആ വിദ്യാര്‍ഥി വേറെങ്ങോട്ടോ മാറിപ്പോയെന്നു മറുപടികിട്ടി; അയാളുടെ ഇത്തരം പണമിടപാടുകളെപ്പറ്റി വേറെ പരാതികളുമുണ്ടെന്നും. മാനം രക്ഷിക്കാന്‍ എങ്ങനെയെങ്കിലും അവിടെ കാശെത്തിച്ചല്ലേ തീരൂ. ആഫ്രിക്കന്‍സംഘാടകരുടെ മെയിലുകള്‍ക്ക്‌ കനംകൂടിവരുന്നുതാനും. അപ്പോഴാണ്‌ എണ്റ്റെ അമ്പലപ്പുഴക്കാരന്‍ സഹപ്രവര്‍ത്തകന്‍ തണ്റ്റെ ചെറിയച്ഛന്‍ ദക്ഷിണാഫ്രിക്കയിലുണ്ടെന്നറിയിക്കുന്നത്‌. അവിടെ വര്‍ഷങ്ങളായി അധ്യാപകനായ അദ്ദേഹം വേണ്ടപ്പെട്ടവരെ പണമേല്‍പ്പിച്ചുകൊള്ളുമെന്നും നാട്ടില്‍വരുമ്പോള്‍ ഇന്ത്യന്‍കറന്‍സിയില്‍ അതു വീട്ടിയാല്‍മതിയെന്നും. കാര്യം നടന്നു. ഇരട്ടിപ്പണം നഷ്ടപ്പെട്ടാലും മാനം തിരിച്ചുകിട്ടി. പണംമാത്രമല്ലല്ലോ ജീവിതത്തില്‍ പ്രധാനം. എന്നാശ്വസിക്കുമ്പോഴാണു കേള്‍ക്കുന്നത്‌, ഇതെല്ലാം സംഘാടകരില്‍ചിലരുടെ അറിവോടെയുള്ള കള്ളക്കളികൂടിയായിരിക്കാം എന്ന്‌! പോരേ ഡബിള്‍-ഡെക്കര്‍ അബദ്ധം? ഇല്ലെങ്കിലും കാശിണ്റ്റെ കാര്യത്തില്‍ പൊതുവെ ഒരു അശ്രദ്ധ എനിക്കുണ്ട്‌. കൊണ്ടുനടക്കാനും ചെലവാക്കാനും മടിയുമുണ്ട്‌. പണ്ടത്തെ വിദേശയാത്രകള്‍ക്ക്‌ (ഇന്നിപ്പോള്‍ സ്ഥിതി മാറി) വെറും പത്തോ ഇരുപതോ ഡോളര്‍മാത്രമാണു ഞങ്ങള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍മാര്‍ക്കു കയ്യില്‍തരിക; നൂറുരൂപയില്‍കൂടുതല്‍ ഇന്ത്യന്‍കറന്‍സിയും കൈവശംവയ്ക്കരുത്‌. ബാക്കി ഇന്ത്യന്‍രൂപയെല്ലാം ട്രാവലേര്‍സ്‌-ചെക്കായോ വിദേശനാണ്യമായോ മാറ്റിയെടുക്കണം (അതൊരു നഷ്ടക്കച്ചവടമാണെന്നറിയാമല്ലോ). അതിനൊക്കെ എവിടെയാണു പണം? അങ്ങനെ ഇരുപതുഡോളറുമായി ഒരു അര്‍ധഭൌമയാത്രയ്ക്കിറങ്ങുന്നു. രണ്ടുദിവസത്തെ യാത്ര; വിമാനത്തില്‍മാത്രം മൊത്തം ഇരുപതുമണിക്കൂര്‍. ആദ്യപാദം ആംസ്റ്റര്‍ഡാം. അവിടെ ഒരു രാത്രി. വിമാനമിറങ്ങിയപ്പോഴാണറിയുന്നത്‌, എണ്റ്റെ ഹോട്ടല്‍വാടകയും ടാക്സിക്കാശുംമാത്രമേ ടിക്കറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളൂ. ഭക്ഷണത്തിന്‌ സ്വന്തമായി ചെലവാക്കിക്കൊള്ളണം (എണ്റ്റെ ഓഫീസിണ്റ്റെ ഔദ്യോഗിക ട്രാവല്‍ ഏജന്‍സി പറ്റിച്ച പലപണികളില്‍ ഒന്ന്‌). ഏറ്റവും പണച്ചെലവുള്ള നഗരം, കയ്യിലാകെ ഇരുപതു ഡോളര്‍. പിന്നെയും യാത്രചെയ്ത്‌, അത്‌ലാണ്റ്റിക്‌ കടന്ന്‌ തെക്കേ അമേരിക്കയിലെത്തണം. അവിടെയും ഒന്നോ രണ്ടോ ദിവസം, ഔദ്യോഗികമായി പണംകിട്ടുന്നതുവരെ, കയ്യില്‍നിന്നു കാശെടുക്കേണ്ടിവരും. യൂറോപ്യന്‍മാരോടു തര്‍ക്കിച്ചിട്ടു കാര്യമില്ല. നേരെ ഹോട്ടലിലേക്കുവിട്ടു. രാത്രിമുഴുവന്‍ ഉറക്കമൊഴിച്ചു യാത്രചെയ്തതാണ്‌. ഒന്നുകുളിക്കാന്‍ കുളിമുറിയില്‍ കയറി. വെള്ളമൊഴിച്ചുതുടങ്ങിയതേയുള്ളൂ, മുറിവാതില്‍ക്കല്‍ മുട്ട്‌. ഞാന്‍ വിളിച്ചുപറഞ്ഞു: 'കമിംഗ്‌'. പുറത്തിറങ്ങി വസ്ത്രമെടുക്കുമ്പോഴേക്കും വാതില്‍തുറന്നൊരു സുന്ദരിപ്പെണ്ണ്‌. ഹോട്ടല്‍ജീവനക്കാരിയാണ്‌. മുറിയുടെ ഇലക്‌ട്രോണിക്‌-താക്കോല്‍ (പ്ളാസ്‌റ്റിക്‌ മാഗ്നെറ്റിക്‌ കാര്‍ഡ്‌) വാതില്‍പുറത്തുതന്നെ വച്ചുമറന്നതുകണ്ട്‌ എന്നെ ഏല്‍പ്പിക്കാന്‍വന്നതാണ്‌. എണ്റ്റെ തുണിയില്ലാവ്യഥ ഒട്ടുംകൂസാതെ നേരെനിന്നുകാര്യംപറഞ്ഞ്‌ അവള്‍ കതകടച്ചുപോയി. 'കമിംഗ്‌' എന്നു ഞാന്‍ പറഞ്ഞത്‌, 'കം ഇന്‍' എന്നു കേട്ടതുകൊണ്ട്‌ അകത്തുവന്നതാണ്‌! കുറെ കഴിഞ്ഞപ്പോഴേക്കും സുഖസൌകര്യമന്വേഷിക്കാന്‍ മറ്റൊരു ജീവനക്കാരനെത്തി. എന്നെ കണ്ടതും ചോദിച്ചു, ഇന്‍ഡ്യക്കാരനാണോ? അയാള്‍ പാകിസ്താന്‍കാരന്‍. പേര്‌ പാഷ. സുന്ദരമായി ഉര്‍ദു കലര്‍ന്ന ഹിന്ദിയില്‍ വര്‍ത്തമാനം തുടങ്ങി. 'നാട്ടുകാര'ന്‌ ഒരു കാപ്പിയെങ്കിലും വാങ്ങിത്തരാതെ വയ്യെന്നുപറഞ്ഞ്‌ എന്നെ റെസ്റ്റോറണ്റ്റിലേക്കു കൂട്ടിക്കൊണ്ടുപോയി. സംഭാഷണത്തിനിടയില്‍ ട്രാവല്‍ ഏജന്‍സി പറ്റിച്ച കഥ ഞാന്‍ സൂചിപ്പിച്ചു. അതുതന്നെയായിരുന്നു പാഷയ്ക്കും പറയാനുണ്ടായിരുന്നത്‌. ആ പരിഷ്കാരഹോട്ടലിലൊന്നും ആഹാരം കഴിക്കരുത്‌. കൊള്ളവിലയാണവിടെ. പുറത്തിറങ്ങിയാല്‍ നല്ലൊരു സൂപ്പര്‍മാര്‍ക്കറ്റുണ്ട്‌. കുറച്ചു റൊട്ടിയും പാലും പാല്‍ക്കട്ടിയും പഴവും പഴച്ചാറും മറ്റും വാങ്ങിയാല്‍ കഷ്ടി രണ്ടുഡോളറാവും. അതുകൊണ്ട്‌ ഒരത്താഴമാക്കാം. ഹോട്ടല്‍മുറിയില്‍ കാപ്പിക്കും ചായക്കുമെല്ലാമുള്ള സാധനസാമഗ്രികളുണ്ട്‌. പിറ്റേന്നു രാവിലെ അടുത്ത വിമാനം കയറേണ്ടതല്ലേ. ഇങ്ങനെയൊക്കെത്തന്നെയാണ്‌ മിക്ക വെള്ളക്കാരും കാര്യംകാണുന്നത്‌. അവര്‍ ഹോട്ടല്‍മുറികൂടി എടുക്കില്ല; വിമാനത്താവളത്തില്‍തന്നെ രാത്രി കഴിച്ചുകൂട്ടിക്കളയും. പിരിയുമ്പോള്‍ അയാള്‍ എന്നെ കെട്ടിപ്പിടിച്ചു പറഞ്ഞു: 'എന്തായാലും നമ്മള്‍ സഹോദരരല്ലേ. ശത്രുതയെല്ലാം നമ്മുടെ രാജ്യങ്ങള്‍തമ്മില്‍. നമ്മള്‍ വ്യക്തികള്‍തമ്മിലല്ല.' പില്‍ക്കാലത്ത്‌ പലപലയാത്രകളില്‍ ഏഷ്യക്കാരെയെല്ലാം ആ വെളിച്ചത്തില്‍ എനിക്കു കാണാനായി. അതുപോലെ വിദേശത്ത്‌ കുറഞ്ഞ ചെലവില്‍ നിത്യവൃത്തികഴിക്കാനും പഠിച്ചു. ലണ്ടനില്‍വച്ചും ഒരുകാര്യം പഠിച്ചു. മറ്റു യൂറോപ്യന്‍മാരെയപേക്ഷിച്ച്‌ ബ്രിട്ടീഷുകാര്‍ നമ്മെ എന്തുമാത്രം പരിഗണിക്കുന്നുവെന്ന്‌. ഹീത്രോവില്‍നിന്ന്‌ വിക്‌റ്റോറിയയിലേക്കുള്ള ബസ്‌യാത്ര വളരെ ചെലവേറിയതായിപ്പോയി. തിരിച്ചുപോകാന്‍ സാധാരണക്കാരുടെ മെട്റോ റെയില്‍ പരീക്ഷിക്കാമെന്നുകരുതി ടൂറിസംകൌണ്ടറില്‍ അന്വേഷിച്ചു. അയാള്‍ ട്റെയിന്‍സമയവും വണ്ടി മാറിക്കേറേണ്ട സ്റ്റേഷനും കടലാസ്സിലെഴുതിത്തന്നു; കൂട്ടത്തില്‍ ഒരു വണ്ടി തെറ്റിയാല്‍ പകരം വേറൊന്നേതെന്നുള്ള വിവരവും. ആകെക്കൂടി കിട്ടിയ അരദിവസം ലണ്ടന്‍നഗരം കണ്ടു. വഴിനടക്കുമ്പോള്‍ കുഞ്ഞുന്നാളില്‍ ചേച്ചി പാടിക്കേട്ടിരുന്ന ഒരു പാട്ട്‌ ഓര്‍മയിലെത്തി: ' വെന്‍ ഐ വെണ്റ്റ്‌ ടു ലണ്ടന്‍സിറ്റി, ദെന്‍ ഐ സോ എ മുണ്ടന്‍ പട്ടി, സിറ്റിംഗ്‌ ഓണ്‍ എ വീഞ്ഞപ്പെട്ടി, ക്രൈയിംഗ്‌ ഫോര്‍ എ ബീഡിക്കുറ്റി'. വളരെ ആത്മവിശ്വാസത്തോടെ ആദ്യത്തെ സ്റ്റേഷനുള്ള ടിക്കറ്റെടുത്ത്‌ വണ്ടിയിറങ്ങി. അപ്പോഴാണു പ്രശ്നം. അടുത്തവണ്ടിക്കുള്ള ടിക്കറ്റെടുക്കണം; പുറത്തേക്കിറങ്ങാനുള്ള വഴി കാണാനില്ല; അകത്തേക്കുള്ള വഴിയേയുള്ളൂ. ചോദിക്കാന്‍ ആളുകള്‍ ഒന്നു നിന്നിട്ടുവേണ്ടേ. വണ്ടികള്‍ വരുന്നു, പോകുന്നു. ആളുകള്‍ തിരക്കിട്ടു വണ്ടിയില്‍ കയറുന്നു. ആകപ്പാടെകണ്ട ഒരു ഇടനാഴിയിലൂടെ ഞാന്‍ നടന്നു. എത്തിപ്പെട്ടത്‌ ഒരു പൂട്ടിയ ഗേറ്റില്‍. സുരക്ഷാകാമറയിലൂടെ എന്നെ കണ്ടിട്ടാവണം, ഒരു പോലീസുകാരന്‍ അടുത്തുവന്നു കാര്യമന്വേഷിച്ചു. അയാള്‍ ഗേറ്റുതുറന്ന്‌ ടിക്കറ്റ്‌കൌണ്ടറിലെത്തിച്ച്‌ വിമാനത്താവളത്തിലേക്കുള്ള ടിക്കറ്റെടുത്ത്‌ പ്ളാറ്റ്‌ഫോമിലെത്താന്‍ സഹായിച്ചു. എന്നിട്ടൊരു ചിരി. ആദ്യത്തെ സ്റ്റേഷനില്‍തന്നെ നേരിട്ടു വിമാനത്താവളത്തിലേക്കുവരെ ടിക്കറ്റെടുത്തിരുന്നെങ്കില്‍ രണ്ടാമത്തെ ടിക്കറ്റെടുക്കാന്‍ കഷ്ടപ്പെടേണ്ടായിരുന്നത്രേ. മാത്രമല്ല, രണ്ടാമതുകൊടുത്ത പണതിണ്റ്റെ ഒരംശംമാത്രം അധികംകൊടുത്താല്‍ മതിയാകുമായിരുന്നു നേരിട്ടുള്ള ടിക്കറ്റിന്‌. വണ്ടിമാറിക്കേറാന്‍ ആദ്യത്തെ വണ്ടിയിറങ്ങിയ അതേ പ്ളാറ്റ്‌ഫോമില്‍ കാത്തിരുന്നാല്‍ മതിയായിരുന്നു. ഇനി, ടിക്കറ്റില്ലാതെയും യാത്രചെയ്യാമായിരുന്നു. കാരണം, വിമാനത്താവളത്തിണ്റ്റെ അകത്തളംവരെചെല്ലുന്ന മെട്രോട്രെയിനിറങ്ങിയാല്‍ ടിക്കറ്റ്‌പരിശോധനയ്ക്കുള്ള സംവിധാനമൊന്നുമില്ലപോലും! കയ്യില്‍ കാശുണ്ടായിട്ടും പരവേശംകൊണ്ട സംഭവമുണ്ടായിട്ടുണ്ട്‌. അതു പാരീസില്‍. യുനെസ്കോവിണ്റ്റെ ഒരു ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ പോയതാണ്‌. അത്തവണയും ട്രാവല്‍ ഏജന്‍സി പറ്റിച്ചുകളഞ്ഞു. മുംബൈയില്‍നിന്ന്‌ വിമാനം പുറപ്പെടാന്‍നേരത്താണ്‌ വിസചേര്‍ത്ത പാസ്പോര്‍ട്ട്‌ ദില്ലിയില്‍നിന്നു കയ്യില്‍ കിട്ടുന്നത്‌. ഒരു ധൈര്യത്തില്‍ വിമാനത്താവളത്തിനകത്തു കയറി. ചെക്‌-ഇന്‍ കൌണ്ടര്‍ അടച്ചുകഴിഞ്ഞു. സര്‍ക്കര്‍ഉദ്യോഗസ്ഥനെന്നനിലയില്‍ അല്‍പം വാശിപിടിച്ചപ്പോള്‍ പെട്ടി കയ്യില്‍കൊണ്ടുപോകാമെങ്കില്‍ സീറ്റുതരാമെന്ന് എയര്‍ ഫ്രാന്‍സ്‌ ജീവനക്കാരി (ഇന്നത്‌ അസാധ്യം). അതു വിഷമമുള്ള കാര്യമല്ല. പക്ഷെ സമയമില്ല. ഇമിഗ്രേഷനും കസ്റ്റംസുമെല്ലാം ബാക്കികിടക്കുന്നു. പെട്ടിയുംവലിച്ച്‌ ഓട്ടംതന്നെ. ഇമിഗ്രേഷനില്‍ ഓഫീസര്‍ പാസ്‌പോര്‍ട്ടില്‍നിന്നു തല ഉയര്‍ത്തി എന്നെ നോക്കി. പാരീസിലെ പണിയെപ്പറ്റിയും എണ്റ്റെ ഗവേഷണക്കാര്യങ്ങളെപ്പറ്റിയുമെല്ലാം അന്വേഷണംതുടങ്ങി. അയാള്‍ക്ക്‌ എണ്റ്റെ തൊഴില്‍സ്ഥാപനമെല്ലാം നല്ല പരിചയമാണ്‌. പഠിച്ചത്‌ ആന്ധ്രയിലാണെങ്കിലും എണ്റ്റെ വിഷയംതന്നെയാണ്‌. അതുകൊണ്ടുള്ള കൌതുകം. അതുമിതുമായി കൊച്ചുവര്‍ത്തമാനം നീളുന്നു. അപ്പോഴേക്കും വിമാനത്തില്‍നിന്ന്‌ എണ്റ്റെ പേരെടുത്തു വിളിയായി. വിമാനം പുറപ്പെടാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. എന്നെത്തേടിയെത്തിയ വിമാനജോലിക്കാരിയെ അയാള്‍ വിരട്ടി -- താന്‍ യാത്രക്കാരണ്റ്റെ കടലാസ്സുകള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും യാത്രാനുമതി നല്‍കുന്നതുവരെ വിമാനം വിടരുതെന്നും. അവസാനം വിമാനത്തില്‍ കയറുമ്പോള്‍ യാത്രക്കാരുടെയും ജീവനക്കാരുടെയും തീനോട്ടത്തില്‍ ഞാന്‍ വെന്തുരുകി. അവസാനത്തെ യാത്രക്കാരനായതിനാല്‍ ഏറ്റവും അസൌകര്യപ്രദമായ സീറ്റുതന്നെ കിട്ടി. ഇടത്തുംവലത്തും ആളുകള്‍. ഇടത്ത്‌ ഒരു കപ്പല്‍ജീവനക്കാരന്‍ (ഗോവയില്‍ ഞങ്ങള്‍ 'ഷിപ്പി' എന്നു പറയും). കുടിച്ചുപൂസായിരിക്കുകയാണ്‌. തല എണ്റ്റെ ഇടത്തെ ചുമലില്‍. വലത്ത്‌ വളരെ പ്രായംചെന്ന ഒരു മനുഷ്യന്‍. അയാളും ഉറക്കംതന്നെ. തല എണ്റ്റെ വലത്തെ ചുമലില്‍. അഞ്ചാറുമണിക്കൂര്‍ അങ്ങനെയിരിക്കേണ്ട ഗതികേടിലാണ്‌. പോരാത്തതിന്‌ രാവിലെമുതല്‍ യാത്രാരേഖകള്‍ കയ്യില്‍കിട്ടാനും സമയത്തിനുതന്നെ പാരീസിലെത്താനുമുള്ള വേവലാതികൊണ്ടുണ്ടായ ടെന്‍ഷന്‍. ഇല്ലെങ്കിലും യാത്രക്കിടയില്‍ എനിക്കുറങ്ങാന്‍ പറ്റാറില്ല. ഒന്നുരണ്ടുമണിക്കൂര്‍കഴിഞ്ഞപ്പോള്‍ ഷിപ്പിയുടെ തല ഇടത്തേക്കു തട്ടിവിട്ടു. അതോടെ വലത്തെ മനുഷ്യന്‍ തനിയെ ഉണര്‍ന്നു. ലഘുഭക്ഷണത്തിനു വിളക്കുതെളിച്ചപ്പോള്‍ അദ്ദേഹത്തെ മുഖപരിചയമുണ്ടെന്നു തോന്നി. അദ്ദേഹത്തിനെന്നെയും. ശരിയായിരുന്നു. ഞാന്‍ മുംബൈയില്‍ അദ്ദേഹത്തിണ്റ്റെ സ്ഥാപനത്തില്‍ പോയിട്ടുണ്ട്‌. ഒന്നിച്ച്‌ ഉച്ചയൂണുകഴിച്ചിട്ടുണ്ട്‌. പണ്ടത്‌ ഫ്രെഞ്ച്‌സ്ഥാപനമായിരുന്നു. ആ ബന്ധം നിലനില്‍ക്കുന്നു. അതിനാലാണ്‌ അദ്ദേഹവും പാരീസിലേക്ക്‌. ബാക്കിയാത്ര അങ്ങനെ വര്‍ത്തമാനത്തില്‍കഴിഞ്ഞു. എന്നാണു മടക്കം എന്ന അദ്ദേഹത്തിണ്റ്റെ ചോദ്യംകേട്ട്‌ എന്തുകൊണ്ടോ ടിക്കറ്റെടുത്തുനോക്കാന്‍തോന്നി. ദാ കിടക്കുന്നു: 'റിട്ടേണ്‍ ഓപ്പണ്‍'. ട്രാവല്‍ ഏജന്‍സിയുടെ അടുത്ത വെള്ളിടി. പാരീസില്‍ ഇറങ്ങിയ ഉടന്‍ തിരിച്ചുള്ള ടിക്കറ്റ്‌ ശരിയാക്കാന്‍ വിമാനത്താവളത്തില്‍തന്നെ ശ്രമിച്ചു. എട്ടോപത്തോ ദിവസത്തിനുള്ളിലാണ്‌ മടക്കമെങ്കില്‍ അധികചാര്‍ജ്‌ നല്‍കണം. അതിനെണ്റ്റെ കയ്യില്‍ പണമില്ല. ഉണ്ടെങ്കിലും കൊടുക്കാന്‍ വകുപ്പില്ല. കാരണം ടിക്കറ്റ്‌പണമെല്ലാം ആതിഥേയര്‍ ട്രാവല്‍ഏജന്‍സിക്ക്‌ മുന്‍കൂറ്‍ കൊടുത്തുകഴിഞ്ഞു. അധികച്ചെലവവര്‍ തരില്ല. താമസിയാതെ ട്രാവല്‍ ഏജന്‍സിയെവിളിച്ചു കാര്യംതിരക്കി. അവരുടെ ഉരുണ്ടുകളി സഹിക്കാനാവാതെ ഞാന്‍ ആതിഥേയരെത്തന്നെ ശരണംപ്രാപിച്ചു. എന്തോ കൈക്രിയകളെല്ലാംകാട്ടി അവര്‍ മറ്റൊരു ടിക്കറ്റെടുത്തുതന്നു -- ആദ്യത്തേതിണ്റ്റെയും രണ്ടാമത്തേതിണ്റ്റെയും റിട്ടേണ്‍കൂപ്പണുകള്‍ (യഥാക്രമം പാരീസ്‌-മുംബൈ, മുംബൈ-പാരീസ്‌) ഉപയോഗിക്കാതെ തിരിച്ചേല്‍പ്പിക്കണമെന്ന വ്യവസ്ഥയില്‍. തീര്‍ന്നില്ല അത്തവണത്തെ ദുര്‍വിധി. മീറ്റിംഗിനിടെ ഹോട്ടല്‍ചെലവിനും ആഹാരച്ചെലവിനുമെല്ലാമുള്ള പണം കയ്യില്‍കിട്ടി. അതു ഞാന്‍ ഭദ്രമായി, തന്ന കവറോടെ ബാഗില്‍വച്ചു. ഉച്ചയൂണുസമയത്ത്‌ കടലാസ്സുകള്‍കൊണ്ടു കനംതൂങ്ങിയ ബാഗുംതൂക്കി നടക്കാനുള്ള ബുദ്ധിമുട്ടോര്‍ത്ത്‌ യോഗസ്ഥലത്തുതന്നെ അതുവച്ചു. പോരാത്തതിന്‌ ഇടവേളയ്ക്ക്‌ യോഗസ്ഥലംപൂട്ടുന്ന പതിവും സെക്യൂരിറ്റിക്കാര്‍ക്കുണ്ട്‌. പിറ്റേന്ന്‌ അതിരാവിലെ തിരിച്ചു വിമാനം കയറണം. അതിനാല്‍ വൈകുന്നേരം ഹോട്ടലില്‍ തിരിച്ചെത്തിയ ഉടന്‍ അവരുടെ കണക്കുതീര്‍ക്കാന്‍ ഏല്‍പിച്ചു. പണംകൊടുക്കാന്‍ ബാഗുതുറന്നപ്പോഴുണ്ട്‌ അതുവച്ച പൊതിയില്ല. എന്തോ കാരണംപറഞ്ഞ്‌ ഞാന്‍ ബില്ലുംകൊണ്ട്‌ മുറിയില്‍കയറി കതകടച്ചു. കട്ടിലില്‍ നിവര്‍ന്നൊരു കിടത്തം. ഒറ്റ പൈസയില്ല കയ്യില്‍. ആതിഥേയരെ വിവരമറിയിക്കാമെന്നുവച്ചാല്‍ തലേന്നാണ്‌ ടിക്കറ്റിണ്റ്റെ കാര്യത്തില്‍ അവരുടെ ഔദാര്യം വാങ്ങിപ്പറ്റിയത്‌. ഇതുകൂടിയായാല്‍ അവര്‍ എന്തോ ചതിയെന്നുകരുതും. മനസ്സൊന്നു ശാന്തമായപ്പോള്‍ ഞാന്‍ ബാഗുതുറന്ന്‌ കടലാസ്സുകള്‍ കിടക്കയില്‍ നിരത്തി. അതാ ഫ്രാങ്ക്‌നോട്ടുകള്‍ (ഇന്നതു യൂറോ) അങ്ങുമിങ്ങുമായി ചിതറിക്കിടക്കുന്നു. ഞാന്‍വച്ച കവര്‍ ഒഴിഞ്ഞുംകിടക്കുന്നു. കടലാസ്സുകളെല്ലാം കുഴച്ചുമറിച്ചിട്ടിരിക്കുന്നു. ഭാഗ്യത്തിന്‌ ഒന്നും നഷ്ടപ്പെട്ടിട്ടില്ല. ഇടവേളസമയത്ത്‌ സെക്യൂരിറ്റിക്കാര്‍തന്നെ ബാഗുകള്‍ കൊള്ളയടിക്കുന്ന കഥ പിന്നീടു ഞാനറിഞ്ഞു. അപ്പോഴാണോര്‍മവന്നത്‌, ഇടവേളയ്ക്കിടെ ആര്‍ക്കോ ഒരു കടലാസ്‌ നല്‍കാന്‍വേണ്ടി യോഗസ്ഥലത്തേക്കു ഞാന്‍ തിരിച്ചുപോയതും അകത്തുവിടാതെ, പാതിതുറന്നിരുന്ന കതക്‌ സെക്യൂരിറ്റിക്കാരന്‍ ആഞ്ഞടച്ചതും. ഞാന്‍ തിരിച്ചുചെല്ലുന്നതുകണ്ട്‌ പണമെടുക്കാനാകാതെ ബാഗില്‍തന്നെ തിരിച്ചിട്ടതാകണം സംഭവം. എനിക്ക്‌ പോയജീവന്‍ തിരിച്ചുകിട്ടിയെന്നുമാത്രം പറയാം! കിറുകൃത്യം കാര്യംപറയുന്ന ബ്രിട്ടീഷുകാരില്‍നിന്നും വഴുവഴുപ്പന്‍ വര്‍ത്തമാനംപറയുന്ന അമേരിക്കക്കാരില്‍നിന്നും വ്യത്യസ്തരാണ്‌ ആസ്റ്റ്റേലിയക്കാര്‍. അവര്‍പറയുന്നത്‌ നമുക്കു മനസ്സിലായോ എന്നും നമ്മള്‍പറയുന്നത്‌ അവര്‍ക്കു മനസ്സിലായോ എന്നും അവര്‍ കാര്യമാക്കില്ല. ഒരു മൌറീഷ്യന്‍സ്നേഹിതനോടൊപ്പം ഒരു ആസ്റ്റ്റേലിയക്കാരനെയുംകൂട്ടി ഗോവയില്‍ അകലത്തൊരു സ്ഥലത്തേക്കു പോകാനുണ്ടായിരുന്നു ഒരിക്കല്‍. ഹോട്ടലില്‍നിന്ന്‌ രാവിലെതന്നെ അവരെക്കൂട്ടി എണ്റ്റെ വീട്ടിലേക്കുവന്ന്‌ അവിടന്നു യാത്രതിരിക്കാനുള്ള പ്ളാന്‍ തലേന്നേ പറഞ്ഞുറപ്പിച്ചു. വീട്ടിലെത്തി പ്രഭാതഭക്ഷണം വിളമ്പിയപ്പോള്‍ ഓസ്റ്റ്രേലിയക്കാരണ്റ്റെ മുഖത്തൊരു കോട്ടം. കാരണം അയാള്‍ ഭക്ഷണം ഹോട്ടലില്‍നിന്ന്‌ അതിരാവിലെതന്നെ കഴിച്ചിരിക്കുന്നു. നമ്മള്‍ ആളുകളെ വീട്ടിലേക്കു ക്ഷണിക്കുമ്പോള്‍ ഭക്ഷണത്തിണ്റ്റെ കാര്യം പ്രത്യേകം പറയാറില്ലല്ലൊ; സമയത്തിനനുസരിച്ചുള്ള ഭക്ഷണം വിളമ്പും, കഴിക്കും. ഇന്ത്യന്‍വംശജനായ മൌറീഷ്യസ്‌കാരന്‌ അത്‌ ജന്‍മനാ അറിയാമായിരുന്നു. കാംഗരു എല്ലാം ഉള്ളിലൊതുക്കിയേ ഇടപഴകൂ. അത്തരം മുന്‍വിധികളോ പിന്നാമ്പുറങ്ങളോ ലാറ്റിനമേരിക്കക്കാര്‍ക്കില്ല. കാണുന്നവരെല്ലാം സ്നേഹിതരാണവര്‍ക്ക്‌. ജീവിതംമുഴുവന്‍ ആസ്വദിക്കാനുള്ളതാണ്‌. ഉള്ളത്‌ പങ്കിട്ടെടുക്കും. ഇരയായാലും ഇണയായാലും. ദാരിദ്ര്യംമൂലം അല്ലറചില്ലറ കൌശലങ്ങളില്ലാതില്ല. എന്നിരുന്നാലും ഒരു ജനതതിയെന്ന നിലയില്‍ ഇഴചേര്‍ന്നുപോകാന്‍ വളരെ എളുപ്പമാണ്‌ അവരുടെ കൂടെ. വെസ്റ്റ്‌ഇന്‍ഡീസില്‍, ജീവിതത്തില്‍ ഒരിക്കലെങ്കിലും നൃത്തംചെയ്യാത്ത എന്നെ അവര്‍ ചുവടുവയ്പ്പിച്ചു. അര്‍ജണ്റ്റീനയില്‍നിന്നുള്ള കമിതാക്കള്‍ പതിനാലുമണിക്കൂര്‍നീണ്ടൊരു യാത്രയുടെ വിരസത മധുരവും സൌമ്യവും ദീപ്തവുമായ സംഭാഷണംകൊണ്ടില്ലാതാക്കി. ബ്രസീല്‍കാരി സുഹൃത്ത്‌ എന്നെ 'കപ്പുച്ചീന്‍'കാപ്പി പരിചയപ്പെടുത്തി. 'ചിലി'യിലെ ('ചിലെ' എന്ന്‌ ശരിയുച്ചാരണം), ചെ ഗുവേരയുടെ മോട്ടോര്‍സൈക്കിള്‍യാത്രയുടെ ഇടത്താവളത്തില്‍, മദിരയും (സ്പാനിഷില്‍ 'മദീര' മദ്യംതന്നെ; 'കാസ' കാശും 'പെസോ' പൈസയും 'ജനേല' ജനലും; 'കണവ'യും 'കാവാല'യും മത്സ്യബന്ധനബോട്ടുകളുടെ പേരുകള്‍) മദിരാക്ഷിയും തുള്ളിത്തുളുമ്പിയ നിശാവിരുന്നില്‍നിന്ന്‌ തലയൂരിയത്‌ തലനാരിഴക്കാണ്‌. ഹോട്ടല്‍മുറിയില്‍ തിരിച്ചെത്തുമ്പോള്‍ കിടക്കവിരിയുടെ മടക്കിവച്ച മൂലയില്‍ 'ലവ്‌ യൂ' എന്നെഴുതിയ മിഠായി. അതിനടിയില്‍, 'Your Chamber Maid is' എന്നതിനുപിന്നാലെ ഫോണ്‍നമ്പറുമെഴുതിയ ഒരു കുറിമാനം; രാക്കൂട്ടിനു ക്ഷണിക്കപ്പെടാന്‍വേണ്ടിയാകണം. ചിലിയിലേക്കുപോകാനായി ദില്ലിവിമാനത്താവളത്തിലെ പതിവുബഹളത്തില്‍ വരിനില്‍ക്കുമ്പോള്‍ തൊട്ടുപിന്നില്‍ വെള്ളവസ്ത്രംമൂടി രുദ്രാക്ഷമിട്ട്‌ തിലകവുംചാര്‍ത്തി ഒരു വിദേശിസാധ്വി. താനും ചിലെയിലെ സാന്തിയാഗോവിലേക്കാണെന്ന്‌ അവര്‍ പരിചയപ്പെടുത്തി (ഞങ്ങള്‍ രണ്ടുപേര്‍മാത്രമാണ്‌ സാന്തിയാഗോവരെ പെട്ടി ബുക്കുചെയ്യാനുണ്ടായിരുന്നത്‌). ശില്‍പിയാണ്‌. ബിഹാറിലെ ഏതോ ഒരു വിഹാരത്തില്‍ ഒന്നുംരണ്ടും വര്‍ഷംകൂടുമ്പോള്‍ വന്നുതാമസിക്കും. അവിടത്തെ ഒരു സന്യാസിയുടെ ശിഷ്യയാണ്‌. അഹിംസയില്‍ ആകൃഷ്ടയായാണ്‌ ഭാരതത്തിലേക്കുവന്നത്‌. എണ്റ്റെ പേരിണ്റ്റെ 'മഹിമ'മൂലം അവര്‍ എന്നെ ബഹുമാനിച്ചു. സാന്തിയാഗോവില്‍ അവരും അവരുടെ ഭര്‍ത്താവും എനിക്കു വഴികാട്ടിയായി. ചിലിയില്‍നിന്നു തിരിച്ചുപോകുംമുമ്പ്‌ തണ്റ്റെ സ്റ്റുഡിയോവും ശില്‍പങ്ങളുംകാണാന്‍ അവരെന്നെ ക്ഷണിച്ചു. ജോലിത്തിരക്കും സമയക്കുറവുംമൂലം അവരെ സന്ദര്‍ശിക്കാന്‍ കഴിഞ്ഞില്ല. ഫോണ്‍ചെയ്ത്‌ ക്ഷമാപണംചെയ്യാമെന്നുകരുതി ഹോട്ടലിലെ ഓപ്പറേറ്റര്‍ക്ക്‌ നമ്പറും പേരും കൊടുത്തപ്പോള്‍ അയാള്‍ക്ക്‌ അത്ഭുതം: "പാസ്തേല്‍? അവര്‍ ഞങ്ങളുടെ പേരുകേട്ട ശില്‍പിയല്ലേ. നിങ്ങള്‍ക്കവരെ അറിയാമോ?" അവിടെ കണ്ട മാരുതികാറും ബാറ്റഷോറൂമും എന്നെ വിഭ്രമിപ്പിച്ചില്ലെന്നില്ല. അവിടെ അനുഭവിച്ചു അതിശക്തമായ ഒരു ഭൂകമ്പം. ആന്‍ഡീസ്‌മലനിരകളെ തഴുകിയെത്തുന്ന തണുത്തതും നനുത്തതുമായ മണ്‍തരിക്കാറ്റേറ്റ്‌ ഒരാഴ്ചയോളം മൂക്കില്‍നിന്നു ചോര പൊടിഞ്ഞു കഷ്ടപ്പെട്ടു. ഒരു അനുഭവംകൂടി പറഞ്ഞു നിറ്‍ത്താം. ദക്ഷിണാഫ്രിക്കയിലെ കേപ്‌ടൌണ്‍. ഗുഡ്‌ഹോപ്പ്‌-മുനമ്പിണ്റ്റെ അയല്‍പക്കം. അണ്റ്റാര്‍ക്‌ടിക്കയോട്‌ ഏറ്റവുമടുത്തുകിടക്കുന്ന തുറമുഖപട്ടണം. ഒരേദിവസംതന്നെ നാലു ഋതുക്കളും മാറിമാറി അനുഭവപ്പെടുന്ന സ്ഥലം. പണിയെല്ലാംതീര്‍ന്നപ്പോള്‍ ഒന്നു നടക്കാനിറങ്ങി. പ്രധാനനിരത്തുവിട്ട്‌ അല്‍പം വഴിമാറിനടന്നപ്പോള്‍ ഒരു പോലീസുകാരന്‍വന്നു വിലക്കി. ആ പ്രദേശങ്ങളൊന്നും ശരിയല്ല, നേര്‍മാര്‍ഗം തുറമുഖസ്ഥനത്തേക്കുമാത്രം പോയാല്‍മതി എന്ന്‌. ഓര്‍ത്തു, ദക്ഷിണാഫ്രിക്കയിലെതന്നെ പ്രിട്ടോറിയയില്‍ ഒരു ആഫ്രിക്കക്കാരനും മൌറീഷ്യസ്‌കാരനുമൊപ്പം നടക്കാനിറങ്ങിയത്‌. നടന്നുനടന്ന്‌ വഴിതെറ്റി. ചോദിക്കാനാണെങ്കില്‍ വഴിയില്‍ ആരുമുണ്ടായിരുന്നില്ല. എല്ലാവരും വാഹനങ്ങളില്‍ കുതിച്ചുപായുന്നു. വീടുകള്‍ക്കെല്ലാം കനത്ത സുരക്ഷാവലയം -- കാമറ, വൈദ്യുതിയോടുന്ന മുള്ളുവേലി ഇത്യാദി. സന്ധ്യ മയങ്ങുന്നു. അവസാനം ഒരു ഹോട്ടല്‍കണ്ടു. അവിടെക്കയറി വഴിചോദിച്ചു. തിരികെ ടാക്സിയെടുത്തു നേരെപൊയ്‌ക്കോള്ളാനായിരുന്നു നിര്‍ദേശം. പോരാത്തതിന്‌ കാമറയും വാച്ചുമെല്ലാം കുപ്പായത്തിനുള്ളില്‍ ഒളിപ്പിക്കണമെന്നും. അല്‍പം പണം പുറംപോക്കറ്റില്‍ കരുതിവയ്ക്കണം, തട്ടിപ്പറിക്കാര്‍വന്നാല്‍ എതിര്‍ക്കാതെ എടുത്തുകൊടുക്കാന്‍! നിന്നുതിരിയുമ്പോഴേക്കും അടുത്തെവിടെയോ വെടിപൊട്ടുന്ന ഒച്ച. പോലീസ്‌വണ്ടികള്‍ ചീറിയടുക്കുന്നു. ഞങ്ങള്‍ ടാക്സിയില്‍കയറി ഹോട്ടലിലെത്തി. എന്നാല്‍ കേപ്‌ടൌണ്‍ പ്രായേണ ശാന്തമാണ്‌. തുറമുഖപ്രദേശത്താകെ വൈരംവില്‍ക്കുന്ന കടകള്‍. ആഫ്രിക്കന്‍ഖനികളില്‍ കറുത്തവര്‍ ചിന്തുന്ന വിയര്‍പ്പും കണ്ണീരും ചോരയും കടകളില്‍ വെട്ടിത്തിളങ്ങുന്നു. കൌതുകംതോന്നി ഒരു ചെറിയ കടയില്‍ കയറി. ഒരു വൃദ്ധയാണ്‌ പീടികക്കാരി. വെടിയുണ്ടയേല്‍ക്കാത്ത കട്ടിക്കണ്ണാടിക്കൂടുകളില്‍ പല വര്‍ണത്തിലും വലിപ്പത്തിലും കണ്‍ചിമ്മിക്കാട്ടുന്ന നക്ഷത്രക്കുരുന്നുകള്‍. വെറുതെ വിലയാരാഞ്ഞു. വാങ്ങാനല്ല വന്നതെന്നും കാണാന്‍ മാത്രമാണെന്നും പറഞ്ഞപ്പോള്‍, കണ്ടാലല്ലേ അറിയൂ എന്ന്‌ അവര്‍. അവര്‍ വാചാലയായി. വൈരത്തിണ്റ്റെ വൈശിഷ്ട്യം അതിണ്റ്റെ കാരറ്റിലും കട്ടിലും കളറിലും ക്ളാരിറ്റിയിലുമാണെന്നും അതിലോരോന്നിനും അതിണ്റ്റേതായ മൂല്യമുണ്ടെന്നും വിവരിച്ച്‌ ഒട്ടേറെ വൈരക്കല്ലുകള്‍ എനിക്കെടുത്തുകാട്ടി. ഇങ്ങനെ എണ്റ്റെ മുന്‍പില്‍ എന്തു ധൈര്യത്തില്‍ തുറന്നുകാട്ടുന്നു എന്നു ചോദിച്ചപ്പോള്‍ നിങ്ങള്‍ ഇന്ത്യക്കാരനല്ലേ, എനിക്കു വിശ്വാസം തോന്നുന്നു എന്നായിരുന്നു ഉത്തരം. അവര്‍ ഒരു വലിയ വൈരക്കല്ല്‌ എണ്റ്റെ കയ്യില്‍ വച്ചുതന്നു. അതിണ്റ്റെ വിലകേട്ടപ്പോള്‍ എണ്റ്റെ തല പെരുത്തു. അതാണതിണ്റ്റെ ലഹരി എന്നവര്‍! അവിടെകണ്ട ഏറ്റവുംചെറിയ, മൊട്ടുസൂചിത്തലയുടെ വലിപ്പത്തിലുള്ള, രണ്ടു കുഞ്ഞിക്കല്ലുകള്‍ ഞാന്‍ വാങ്ങി. അതോടൊപ്പം ഒരു '൪ സി'-ചാര്‍ട്ടുംകൂടിത്തരാന്‍ അവര്‍ മറന്നില്ല. വിവേചനത്തിണ്റ്റെയും വിയര്‍പ്പിണ്റ്റെയും വിമോചനത്തിണ്റ്റെയും വിശ്വാസത്തിണ്റ്റെയും അഭിജ്ഞാനമായി ആ കല്ലുകള്‍ ഇപ്പോഴും സൂക്ഷിക്കുന്നു ഞാന്‍.

No comments:

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...