Wednesday 22 June 2011

ഗോ........... ഗോവ!

ടൂറിസ്റ്റുകളുടെ പറുദീസയാണു ഗോവ -- 'ആയിരുന്നു' എന്നാണു പറയേണ്ടത്‌. കാലംമാറിയതോടെ കോലവും മാറി, ഗോവയും മാറി. 'ഗോവപുരി' ആണ്‌ 'ഗോവ' ആയത്‌ എന്നാണു പ്രമാണം. പ്രാദേശികമൊഴിയില്‍ ഗോവ, 'ഗോ(ം)യേ(ം)'. 'കൊങ്കണി'വാക്കുകള്‍ (നമുക്കതു 'കൊങ്ങിണി') മിക്കപ്പോഴും നാസികത്തിലാണ്‌ തുടങ്ങുന്നതും തുടരുന്നതും അവസാനിക്കുന്നതും; അതാണ്‌ (ം)-കൊണ്ടുദ്ദേശിക്കുന്നത്‌. 'കൊ(ം)കണി(ം)' -- അതാണ്‌ 'കൊങ്കണി'യുടെ ഏകദേശം അടുത്ത ഉച്ചാരണം. അതു മറന്നു; ഗോവയുടെ ഔദ്യോഗിക ഭാഷയാണ്‌ കൊങ്കണി, സഹഭാര്യയായി മറാഠിയും. സര്‍ക്കാര്‍ കാര്യങ്ങള്‍ പക്ഷെ ഇംഗ്ളീഷിലാണ്‌; കോടതിക്കാര്യങ്ങള്‍ക്ക്‌ അത്യാവശ്യം പോര്‍ത്തുഗീസുമുണ്ട്‌. വടക്കന്‍വരേണ്യര്‍ ഹിന്ദിയും പരത്തിയിട്ടുണ്ട്‌. കൂലിവേലക്കാര്‍ക്കിടയില്‍ കന്നഡം. കച്ചവടക്കാര്‍ക്കിടയില്‍ രാജസ്ഥാനിയും ഭോജ്‌പുരിയും ഗുജറാത്തിയും. കാവല്‍ക്കാരും തൂപ്പുകാരുമൊക്കെ നേപ്പാളി. അവിടെയും ഇവിടെയും മലയാളവും തമിഴും തെലുങ്കും കേള്‍ക്കാം. ഇംഗ്ളീഷ്‌ ഒരുമാതിരി ഏവരും പറയും; 'ബട്‌ളര്‍ ഇംഗ്ളീഷ്‌' ആയിരിക്കുമെന്നുമാത്രം. പൊതുവെ സാരസ്വതന്‍മാര്‍ വീട്ടിനുപുറത്ത്‌ കൊങ്കണിയും അകത്ത്‌ മറാഠിയും പറയും. മറ്റു ഹിന്ദുക്കളും താഴേക്കിടയിലുള്ള കത്തോലിക്കന്‍മാരും കൊങ്കണിപ്രിയരാണ്‌. ഇടത്തരം കത്തോലിക്കന്‍മാര്‍ പുറത്തു കൊങ്കണിയും വീട്ടിനകത്ത്‌ ഇംഗ്ളീഷും. പഴയ ഉന്നതവര്‍ഗ-കത്തോലിക്കര്‍ വീട്ടിനകത്ത്‌ ഇന്നും പോര്‍ത്തുഗീസുപയോഗിക്കുന്നുണ്ട്‌, പ്രത്യേകിച്ചും വിരുന്നുകളിലുംമറ്റും മറ്റുള്ളവരെ ഒന്നു കൊച്ചാക്കാന്‍. അവര്‍ 'ബ്രാഹ്മിന്‍-കാത്തലിക്‌' എന്നാണ്‌ സ്വയം വിശേഷിപ്പിക്കുക. കേരളത്തില്‍ തോമാശ്ളീഹയുടെ അനന്തരാവകാശികളെപ്പോലെ, അവരുമവകാശപ്പെടുന്നു ബ്രാഹ്മണപൈതൃകം. അവര്‍ താഴേക്കിടയിലുള്ള കത്തോലിക്കന്‍മാരുമായി അത്രയൊന്നും ഇടപഴകാറില്ല. വാക്കിലും വേഷത്തിലും പേരിലും നടപ്പിലും വിലാസത്തിലുമെല്ലാം ബോധപൂര്‍വമായൊരു വ്യത്യാസം കാണിക്കും. 'പോര്‍ത്തുഗീസ്‌' എന്നുപറഞ്ഞാല്‍ ഒരു 'ഇത്‌' ഇന്നുമവര്‍ക്കുണ്ട്‌. ജാതിവ്യവസ്ഥയും ജാതിപ്പെരുമയും ഹിന്ദുക്കളെപ്പോലെ ഗോവന്‍കത്തോലിക്കരും കൊണ്ടുനടക്കുന്നു. പുറംലോകത്തിണ്റ്റെ ധാരണക്കു വിപരീതമായി ഹിന്ദുക്കളാണ്‌ ഗോവയില്‍ ഭൂരിപക്ഷം. പക്ഷെ സാംസ്കാരിക-സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയമേഖലകളില്‍ കത്തോലിക്കന്‍മാര്‍ ഒപ്പത്തിനൊപ്പമുണ്ട്‌. ക്രിസ്തുമതത്തിണ്റ്റെ മറ്റു നാണയങ്ങള്‍ വളരെ വളരെ കുറവാണു ഗോവയില്‍. ഞാന്‍ പറയാറുണ്ട്‌, ഇവിടെ ക്രിസ്ത്യാനികളില്ലെന്ന്‌; കത്തോലിക്കരേയുള്ളൂ. ഹിന്ദുക്കള്‍ പതിവു ജാതിച്ചേരികളിലാണെങ്കിലും, സാരസ്വതന്‍മാരെ ഒഴിച്ചുനിര്‍ത്തിയാല്‍ പ്രായേണ പാരസ്പര്യമുള്ളവരാണ്‌. പണംകൊണ്ട്‌ സാരസ്വതന്‍മാരും പണികൊണ്ട്‌ മറ്റുള്ളവരും ജീവിച്ചുപോരുന്നു. മുസ്ളിംസമുദായക്കാര്‍ രണ്ടുതരമാണ്‌; ഒന്നു നാടനും മറ്റൊന്നു വരത്തും. ആദില്‍ ഷാ ചക്രവര്‍ത്തിയുടെ ഭരണകാലത്താകണം നാടന്‍ മുസ്ളീങ്ങള്‍ ഉരുത്തിരിഞ്ഞത്‌. അയല്‍സംസ്ഥാനമായ കര്‍ണാടകത്തില്‍നിന്ന്‌ തൊഴില്‍, വിവാഹം എന്നിവയിലൂടെ കുടിയേറിയവരാണ്‌ ബാക്കി മുസ്ളീംങ്ങള്‍. കേരളത്തെപ്പോലെ, നാടന്‍ഹിന്ദുക്കളും മുസ്ളീങ്ങളും ക്രിസ്ത്യാനികളും മറ്റു സമുദായക്കാരും തികച്ചും മതസൌഹാര്‍ദ്ദത്തോടെ കഴിയുന്ന പ്രദേശം ഗോവയല്ലാതെ ഞാന്‍ കണ്ടിട്ടില്ല. എടുത്തുപറയേണ്ട ഒരുകാര്യം വിവാഹത്തെയും സ്വത്തിനെയും സംബന്ധിച്ച ഇവിടത്തെ പൊതു-സിവില്‍ നിയമമാണ്‌. ആരായാലും നിയമപ്രകാരം റെജിസ്റ്റര്‍ ചെയ്താലേ വിവാഹം പ്രാബല്യത്തില്‍ വരൂ, അതു ഹിന്ദുവായാലും ക്രിസ്ത്യാനിയായാലും മുസ്ളീമായാലും. സ്വത്തിലും ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്ക്‌ തുല്യാവകാശമാണ്‌ (അതോടൊപ്പം ആദായനികുതിയും മൊത്തം വരവുകണക്കാക്കി പപ്പാതി നല്‍കാം). ഉദാഹരണമായി ഒരു വസ്തു കൈമാറ്റം ചെയ്യുമ്പോള്‍ അതാരുടെ പേരിലായാലും ഭാര്യാഭര്‍ത്താക്കന്‍മാര്‍ ഇരുവരുടെയും കയ്യൊപ്പുവേണ്ടിവരും. അതുകൊണ്ടാകണം ഇവിടെ വേണ്ടുവോളം അവകാശത്തര്‍ക്കങ്ങളുണ്ടെങ്കിലും വിവാഹമോചനം കാര്യമായില്ലാത്തത്‌. പോര്‍ത്തുഗീസുകാരുടെ ചില നല്ലകാര്യങ്ങള്‍ കാണാതിരിക്കാന്‍ വയ്യ. അഞ്ഞൂറുവര്‍ഷംനീണ്ട അധിനിവേശത്തിനുശേഷം അറുപതുകളുടെ തുടക്കത്തിലാണ്‌ ഗോവ ഇന്ത്യന്‍യൂണിയനോട്‌ കൂടിച്ചേരുന്നത്‌. വി.കെ. കൃഷ്‌ണമേനോണ്റ്റെ കൌടില്യത്തിലാണത്‌. ഗോവ പിടിച്ചെടുത്ത സൈന്യാധിപന്‍ ജനറല്‍ കണ്ടേത്ത്‌ ഒരു മലയാളിയായിരുന്നു. കേന്ദ്രഭരണപ്രദേശമായിത്തുടങ്ങിയ ഗോവ, ൧൯൮൬-ല്‍ കേരളത്തെ വെട്ടിച്ച്‌ ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനമായി മാറി. അന്നുവരെ ഉണ്ടായിരുന്ന നന്‍മകളൊക്കെ അതോടെ അസ്തമിച്ചു. എഴുപതുകളുടെ തുടക്കത്തിലാണ്‌ ഞാന്‍ ജോലിസംബന്ധമായി ഗോവയില്‍ എത്തുന്നത്‌. അന്ന്‌ ഇതുപോലല്ലായിരുന്നു ഗോവ. തലസ്ഥാനമായ 'പൊണ്‍ജി(ം)'യില്‍ (പനജി, പണജി, പണ്‍ജി, പഞ്ചിം, പാഞ്ചിം എന്നെല്ലാം മൊഴിവഴക്കംപോലെ) ആകപ്പാടെ പത്തിരുപതു കാറുകളേയുള്ളൂ. അതില്‍ കുറെയേറെ ഫോക്‌സ്‌-വാഗണ്‍ തുടങ്ങിയ മറുനാടന്‍വണ്ടികള്‍. നഗരപ്രാന്തത്തില്‍ ഞാന്‍ താമസിച്ചിരുന്ന പ്രദേശത്തേക്ക്‌ രണ്ടേ രണ്ടു ബസ്സുകള്‍ മാത്രം മണിക്കൂറൊന്നുവച്ചോടും. രണ്ടും പണ്ടത്തെ 'പയനിയര്‍' ബസ്സുപോലത്തെ മൂക്കുള്ള പെട്റോള്‍വണ്ടികള്‍. കാറിലേതുപോലത്തെ സീറ്റുകള്‍. അന്നേയുണ്ട്‌ ബസ്സിനുള്ളിലൊരു നിലക്കണ്ണാടി. അതുനോക്കി ഒന്നു മുടിചീകാതെ ആണായാലും പെണ്ണായാലും ഇറങ്ങിപ്പോകാറില്ല. ടിക്കറ്റ്‌ എന്നൊരു പരിപാടിയില്ല. ഇറങ്ങുമ്പോള്‍ പൈസമേടിക്കും. കയറി അടുത്ത സ്റ്റോപ്പിലിറങ്ങിയാല്‍ കാശുവാങ്ങാറുമില്ല. പോകുന്നബസ്സില്‍കയറി തിരിച്ചുവന്നാലും അധികംപൈസ മേടിക്കാറില്ല. ബസ്‌സ്റ്റോപ്പെല്ലാം പേരിനുമാത്രം. എവിടെന്നും കേറാം; എവിടെയും ഇറങ്ങാം. ബസ്സില്‍ ആണും പെണ്ണും ഇടകലര്‍ന്നിരിക്കും. ഇന്നും, സ്ത്രീകള്‍ക്കായി സീറ്റുകള്‍ മാറ്റിവച്ചിട്ടുണ്ടെങ്കിലും ആരും അതു കാര്യമാക്കാറില്ല. ഇന്നോ, കാശുകൊടുത്താല്‍ ബാക്കി ചില്ലറ ചോദിക്കാതെ തരില്ല. നിത്യംപോകുന്നവര്‍ക്കൊരു ചാര്‍ജ്‌, പരിചയമില്ലാത്തവര്‍ക്ക്‌ മറ്റൊരു ചാര്‍ജ്‌. ഗോവയിലെ ഒരു പ്രത്യേകതയാണ്‌ മഞ്ഞയും കറുപ്പും തേച്ച ടാക്സി-മോട്ടോര്‍സൈക്കിള്‍. വീട്ടുമുറ്റത്തുവരെ കൊണ്ടുപോയിറക്കും. ഈ ബൈക്ക്‌-ടാക്സിക്കാരെ 'പൈലറ്റ്‌' എന്നു പറയും. ഭ്രാന്തന്‍മാരെപ്പോലെയാണു പാച്ചില്‍; എന്നാല്‍ അധികം അപകടങ്ങള്‍ ഉണ്ടാക്കാറില്ലവര്‍. വണ്ടിക്കൂലിയില്‍ വലിയ വ്യത്യാസമില്ലെങ്കിലും ഓട്ടോക്കാരേക്കാള്‍ സൌഹൃദമുള്ളവരാണവര്‍. സ്ത്രീകളും ഒറ്റക്കവരുടെ പിന്നില്‍ യാത്രചെയ്യും. ഇന്നും ഗോവക്കാര്‍ക്ക്‌ പൊതുവിജ്ഞാനം കുറവാണ്‌. ഇവിടെ വന്നകാലത്ത്‌, എഴുപതുകളില്‍പോലും, എന്നോട്‌ 'ഇന്ത്യയില്‍നിന്നാണോ ' എന്നു ചോദിച്ചവര്‍ കുറവല്ല. ഇന്നും കാണാം ഹോട്ടല്‍-പരസ്യങ്ങളില്‍ 'ഗോവന്‍ & ഇന്ത്യന്‍' എന്ന്‌. ഗോവ ഇന്ത്യയിലല്ലാത്തപോലെ! ബോംബെ, ബെല്‍ഗാം, പോട്ട, വേളാങ്കണ്ണി, തിരുപ്പതി - തീര്‍ന്നു അവരുടെ പുറംലോകം. പോര്‍ത്തുഗല്‍ സ്വര്‍ഗരാജ്യം! എഴുപതുകളുടെ പകുതിവരെ ഹിപ്പിസാന്നിധ്യം അതിരൂക്ഷമായിരുന്നു ഗോവയില്‍. എങ്കിലും ടൂറിസം ജനജീവിതത്തെ കാര്യമായി ബാധിച്ചിരുന്നില്ല. ഹിപ്പികള്‍ അവരുടെ താവളങ്ങളില്‍ കുടിയും കഞ്ചാവും കൂത്താട്ടവുമായി ഒതുങ്ങിക്കഴിഞ്ഞു. അവര്‍ നാട്ടുകാരെയോ നാട്ടുകാര്‍ അവരെയോ ശത്രുക്കളായിക്കണ്ടില്ല. തീരക്കടല്‍-പര്യവേക്ഷണത്തിണ്റ്റെ ഭാഗമായി അവരുടെ താവളങ്ങള്‍ക്കടുത്ത്‌ ഞാന്‍ എത്തിപ്പെട്ടിട്ടുണ്ട്‌. ആദ്യമായി പൂര്‍ണനഗ്നശരീരങ്ങള്‍ കാണുന്നത്‌ അവിടെയാണ്‌. എണ്റ്റെ പരീക്ഷണോപകരണങ്ങള്‍ പറിച്ചുകൊണ്ടുപോയ കുഞ്ഞിനെ അനുനയിപ്പിച്ച്‌ അവ തിരിച്ചേല്‍പ്പിച്ചത്‌ ജനിച്ചപടി നടന്നടുത്ത ഒരമ്മയായിരുന്നു. ഇന്ന്‌ ടൂറിസ്റ്റുകളും നാട്ടുകാരും തമ്മിലുള്ള സംഘര്‍ഷം കൂടിക്കൂടിവരുന്നു. ടൂറിസ്റ്റുകള്‍ അവരുടെ താവളങ്ങളില്‍ ആരെയും അടുപ്പിക്കുന്നില്ല. ചിലയിടങ്ങളില്‍ വിദേശഭാഷയില്‍വരെ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടവര്‍. ഒളിഞ്ഞും മറഞ്ഞുമുള്ള അവരുടെ ക്രയവിക്രയങ്ങളും വിക്രിയകളും രാഷ്ട്റീയക്കാര്‍ക്കും പ്രിയം. ഇന്നത്തെ ഗോവയില്‍ കുറ്റകൃത്യങ്ങളില്‍ പകുതിയെങ്കിലും ടൂറിസവുമായി ബന്ധപ്പെട്ടതാണ്‌. എല്ലാവരും ഇംഗ്ളീഷില്‍ സംസാരിച്ചുസംസാരിച്ച്‌ എന്നെപ്പോലുള്ളവര്‍ നാട്ടുഭാഷ അധികം പഠിച്ചില്ല. അടുത്തിടെ ഒരു സംവാദത്തിനിടെ ഒരാള്‍ കൊങ്കണിയില്‍പറഞ്ഞത്‌ എനിക്കു മനസ്സിലാവാതെവന്നപ്പോള്‍ അയാള്‍തന്നെ കുറ്റമേറ്റു; നിങ്ങള്‍ ഞങ്ങളുടെ ഭാഷ പഠിക്കാത്തത്‌ ഞങ്ങള്‍ നിങ്ങളോട്‌ ഇംഗ്ളീഷില്‍മാത്രം സംസാരിച്ചതുകൊണ്ടാണെന്ന്‌. ഞാന്‍ വന്നകാലത്ത്‌ പോസ്റ്റ്‌-ഓഫീസില്‍ മണിയോര്‍ഡര്‍ ഫോമും അതിണ്റ്റെ രശീതിയുമെല്ലാം പോര്‍ത്തുഗീസിലായിരുന്നു. അന്നിവിടെ സൈക്കിളിനും കാറിനെപ്പോലെ ലൈസെന്‍സ്‌ എടുക്കണം, മുനിസിപ്പാലിറ്റിയുടെ. അതും പോര്‍ത്തുഗീസിലായിരുന്നു. പോസ്റ്റ്‌-ഓഫീസ്‌ ജീവനക്കാരും മുനിസിപ്പാലിറ്റിക്കാരുമെല്ലാം ഇംഗ്ളീഷിലാണ്‌ എല്ലാവരോടും സംസാരിച്ചിരുന്നത്‌. പീടികക്കാരും ടാക്സിക്കാരും പെട്ടിക്കടക്കാരും കണ്ടക്റ്റര്‍മാരുമെല്ലാം ഇംഗ്ളീഷില്‍തന്നെ സംസാരിച്ച്‌ ഞങ്ങള്‍ 'ഇന്ത്യ'ക്കാരെ 'ഇമ്പ്രെസ്സ്‌'ചെയ്യാന്‍ ശ്രമിച്ചു. 'അസ്മിതായ്‌' (സ്വാഭിമാനം / കൊങ്കണിത്തനിമ)വന്നത്‌ അടുത്തകാലത്തുമാത്രമാണ്‌. എന്നിട്ടോ, എന്നോട്‌ ഇംഗ്ളീഷുപറഞ്ഞിരുന്നവര്‍ ഇന്ന്‌ ഹിന്ദി പറയുന്നു. കടക്കാരും കണ്‍ടക്റ്റര്‍മാരും കോണ്‍ട്രാക്റ്റര്‍മാരും കന്നഡം പറയുന്നു. നാനാത്വമങ്ങനെ നാനാവിധമായി! ഒരുകാര്യത്തില്‍ എല്ലാവര്‍ക്കും യോജിപ്പാണ്‌. ഉച്ചമുതല്‍ വൈകുന്നേരംവരെ കടകളും സ്വകാര്യസ്ഥാപനങ്ങളും അടച്ചിടും. സര്‍ക്കാര്‍സ്ഥാപനങ്ങളില്‍ ആള്‍പ്പെരുമാറ്റം കമ്മിയുമായിരിക്കും. 'സിയസ്ത' എന്ന ചെല്ലപ്പേരില്‍ അറിയപ്പെടുന്ന ഉച്ചവിശ്രമത്തിനാണത്‌. പറങ്കികളുടെ സംഭാവന. 'സുസെഗാദ്‌' (നിഷ്ക്രിയത്വ)മനോഭാവമാണ്‌ ഗോവയുടെ മുഖമുദ്രതന്നെ. ഒരു കടയില്‍ ചെന്നാല്‍ ആദ്യചോദ്യം 'വാട്ട്‌ ഹാപ്പന്‍ഡ്‌?' എന്നാകും; നമ്മുടെ പോക്കില്‍ എന്തോ സംഭവിച്ച മാതിരി. എന്തിനും 'നാളെ വരൂ, നാളെത്തരാം'. ആ 'നാള്‍' വരില്ല. ആരുടെയെങ്കിലും വീട്ടുകതകില്‍ മുട്ടിയാലും ഇത്തരത്തില്‍ തന്നെ ചോദ്യം: 'ഹൂ ഈസ്‌ കം? വാട്ട്‌ ഹാപ്പന്‍ഡ്‌?' പണ്ടൊക്കെ ആറുമണികഴിഞ്ഞാല്‍ നിരത്തൊഴിയും. പിന്നെ പുലരുവോളം അങ്ങിങ്ങായി വിരുന്നും വിനോദവുമായി കൊച്ചുകൂട്ടങ്ങള്‍ മാത്രം. ഇന്നും ഉള്‍നാടന്‍പ്രദേശങ്ങളില്‍ അങ്ങനെതന്നെ. നഗരപ്രദേശങ്ങളും കടല്‍ക്കരത്താവളങ്ങളും രാത്രിയാണിപ്പോള്‍ സജീവം. ഇരുപത്തിനാലുമണിക്കൂറും സജീവമാണ്‌ മോട്ടോര്‍ബൈക്കുകള്‍. ഒരുകാലത്ത്‌ ഒന്നും രണ്ടുംസൈക്കിളില്ലാത്ത വീടുണ്ടായിരുന്നില്ല. ഇപ്പോള്‍ ഒന്നുംരണ്ടും ബൈക്കില്ലാത്ത വീടില്ല. രാവും പകലും പയ്യന്‍മാരും പയ്യത്തികളും ചീറിപ്പാഞ്ഞങ്ങനെ നടക്കും: "എവിടെനിന്നെത്തിയെന്നറിയീല, ഏതാണൂലക്ഷ്യമെന്നറിവീല" എന്ന പാട്ട്‌, കാണികളുടേതുമാത്രമല്ല അവരുടേതുമാണ്‌. സ്കൂള്‍-യൂണിഫോം അണിഞ്ഞ പിള്ളേര്‍ (വയസ്സ്‌ പതിനഞ്ചു തികയാത്തവര്‍)കൂടി ബൈക്കിലാവും സദാസമയവും. ലൈസന്‍സൊന്നും പ്രശ്നമല്ല. ഗതാഗതനിയമമേ പ്രശ്നമല്ല, എന്നിട്ടാണ്‌! ഗോവക്കാര്‍ക്കൊരു ദൌബല്യമുണ്ടെങ്കില്‍ അതു മീനാണ്‌. ഒതേനനെപ്പോലെ, "തോലുവെളുത്തൊരു പെണ്‍കണ്ടാലും, തൂളിപെരുത്തൊരു മീന്‍കണ്ടാലും" പിടിച്ചുനില്‍ക്കാന്‍ അവര്‍ക്കാവില്ല. ഒരു മീന്‍ വാങ്ങാന്‍ എവിടെയും പോകും. മീന്‍കറിക്കായി എന്തു വിലയും കൊടുക്കും. നാട്ടിനുപുറത്തു താമസിക്കുന്ന ഗോവക്കാരെപ്പറ്റി പറയാറുണ്ട്‌, അവരുടെ യാത്രാസഞ്ചിയില്‍ പകുതിയും ഉണക്കമീനായിരിക്കുമെന്ന്‌. ഹോസ്റ്റലിലെല്ലാംകഴിയുന്നവര്‍ ആരുംകാണാതെ ആഹാരത്തിനുമുകളില്‍ ഉണക്കമീന്‍പൊടി വിതറിയേ ഊണുകഴിക്കുകയുള്ളൂ എന്നും! ഇനി മദ്യത്തിണ്റ്റെ കാര്യം. സമ്പൂര്‍ണമദ്യവത്‌കരണമാണിവിടെ. എന്നിട്ടും കുടിച്ചുകൂത്താടിനടക്കുന്നവര്‍ ഗോവക്കാരാവില്ല. അതില്‍ അവരുടെ അച്ചടക്കം പ്രശംസനീയമാണ്‌. കുടിക്കുന്നതില്‍ കുറ്റബോധമോ സാമൂഹ്യഭ്രഷ്ടോ വിപണനവിലക്കുകളോ ഇല്ലാത്തതിനാലാവാം. അന്തവും കുന്തവുംമറിഞ്ഞ്‌ നാല്‍ക്കാലിയായി ഇഴയുന്നവര്‍ അയല്‍സംസ്ഥാനക്കാരും വടക്കന്‍വിനോദസഞ്ചാരികളുമാണ്‌. മദ്യമോഹിയായ മലയാളിക്കുപോലും ഇവിടെവന്നാല്‍ അല്‍പം അച്ചടക്കമൊക്കെ വരുന്നെന്നുകേട്ടിട്ടുണ്ട്‌. ഇന്നത്തെ പ്രധാന പ്രശ്നം ലഹരിമരുന്നുകളാണ്‌. ഒരുതലമുറയപ്പാടെ മരുന്നുകള്‍ക്കടിമപ്പെട്ടുകൊണ്ടിരിക്കുന്നു. വിദേശസഞ്ചാരികളും സ്ഥലത്തെ രാഷ്ട്രീയക്കാരുമാണ്‌ അതിനുത്തരവാദികളേറെ. യുവാക്കള്‍ക്ക്‌ അല്‍പം ലഹരിപദാര്‍ഥവും നക്കാപ്പിച്ച കീശക്കാശും ഒരു ബൈക്കുംകൊടുത്താല്‍ അവരെക്കൊണ്ട്‌ രാഷ്ടീയക്കാരന്‌ എന്തുംനടത്തിക്കാം എന്ന നില വന്നിട്ടുണ്ട്‌. മനുഷ്യനടക്കമുള്ള ജന്തുജാലങ്ങള്‍ അന്തിമയങ്ങിയാല്‍ അളപൂകും, പട്ടികളൊഴിച്ച്‌. ഈ വിഷവിത്തുകള്‍മാത്രം അന്തിക്കാണ്‌ ഉറക്കമുണരുന്നതുതന്നെ. പിന്നെ തെരുവുനായ്ക്കളെപ്പോലെ ഓട്ടമായി, ഓളിയായി, ആഹാരംമണത്തുള്ള പരക്കമായി, വിഹാരംതേടിയുള്ള പാച്ചിലായി. കഷ്ടിച്ച്‌ സ്കൂള്‍ കടക്കും; പിന്നെ കൂട്ടും കൂട്ടവും കൂത്തും കുന്നായ്മയുംതന്നെ. വണ്ടിക്കുപിന്നില്‍ ഒരു പെണ്ണിനെയും കയറ്റി ('റിയര്‍ എന്‍ജിന്‍' എന്നാണു ഞാന്‍ വിളിക്കുക) ഒച്ചയും ബഹളവുമായി ഇരുട്ടുമൂലകള്‍തേടിയുള്ള ആ പോക്ക്‌ ഗോവയുടെ ഭാവിയെ ഭയാനകമാക്കുന്നു. ഇല്ലെങ്കിലും പണിയെടുക്കാന്‍ ഗോവക്കാര്‍ക്കു കുഴിമടിയാണ്‌. എല്ലാം പുറത്തുനിന്നു വരണം , പുറത്തുള്ളവര്‍ ചെയ്യണം. ആകപ്പാടെ ഇഷ്ടപ്പെട്ടുചെയ്യുന്ന ജോലികള്‍ ടൂറിസ്റ്റ്‌-ടാക്സിയോടിക്കല്‍, പാട്ടുപാടല്‍, ടൂറിസ്റ്റ്‌ുകള്‍ക്ക്‌ ഹോട്ടലും വണ്ടിയും ലഹരിയും വ്യഭിചാരവും ഒരുക്കിക്കൊടുക്കല്‍! പഠിച്ചുപാസ്സായവര്‍ ഗോവയില്‍ നില്‍ക്കില്ല; അവര്‍ മരുപ്പച്ചതേടിപ്പോകും പുറത്തെവിടെയെങ്കിലും. അതൊരു സത്യമാണ്‌ -- പേരുകേട്ട ഗോവക്കാരെല്ലാം ഗോവയ്ക്കുപുറത്താണ്‌! ഗോവ വിനോദസഞ്ചാരികളുടെ പറുദീസയാണെന്നുപറയുന്നത്‌ ഒരുതരത്തില്‍ ശരിതന്നെ. ഒരു വര്‍ഷത്തില്‍ നൂറ്റന്‍പതുദിവസം ആഘോഷങ്ങളും ബാക്കിദിവസം വിശ്രമവുമാണിവിടെ. ഡിസംബറില്‍ ക്രിസ്‌മസ്‌. ജനുവരിയില്‍ ന്യൂ ഇയര്‍. അതിനെല്ലാം അലങ്കരിക്കലും ഒരുക്കൂട്ടലുമെല്ലാം 'കഠിനാധ്വാന'മാണ്‌. ഫെബ്രുവരിയില്‍ കാര്‍ണിവല്‍, ശിവരാത്രി. മാര്‍ച്ച്‌-ഏപ്രിലില്‍ ഷിഗ്മൊ, രാമനവമി, ഹോളി, ഗുഡി പാഡ്വ. മേയില്‍ കൊടുംചൂടില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല. വിശ്രമംതന്നെ. ജൂണില്‍ മഴതുടങ്ങും. ഒന്നുരണ്ടുമാസം, ആഗസ്റ്റ്‌-സെപ്റ്റെംബര്‍ വരെ ഒന്നും ചെയ്യാന്‍ കഴിയില്ല. അതോടെ ഗണേശ്‌ചതുര്‍ഥിക്കുള്ള വട്ടംകൂട്ടണം. അതിനുള്ള അലങ്കാരപ്പണികളും 'കഠിനാധ്വാനം' തന്നെ. പിന്നെ നവരാത്രിയായി. ഉടന്‍ ഒക്ടോബറില്‍ ദീവാളി. അതിനു വഴിനീളെ മുക്കിലും മൂലയിലും നരകാസുരണ്റ്റെ കോലമുണ്ടാക്കി കത്തിക്കണം. ഒരാഴ്‌ചത്തെ 'കഠിനാധ്വാന'മാണത്‌. നവംബറിലെ ഇളംതണുപ്പില്‍ അല്‍പം 'വിശ്രമം'കിട്ടിയാലായി! സങ്കടം തോന്നും ഗോവക്കാര്‍ സമയവും പെട്രോളും തെര്‍മോക്കോളും പാഴാക്കുന്നതുകണ്ടാല്‍! ഒരുകാലത്ത്‌ പോര്‍ത്തുഗീസുകാരുടെ ചെരിപ്പുനക്കിയവര്‍ ഇന്നത്തെ ദേശിയവാദികള്‍. ഒരുകാലത്ത്‌ മറാഠിയെ മുറുകെ പിടിച്ച്‌ മഹാരാഷ്ട്രത്തില്‍ ലയിക്കണമെന്നു ശഠിച്ചവര്‍ ഇന്ന്‌ 'മണ്ണിണ്റ്റെ മക്കള്‍'. വിദേശികള്‍ക്കെതിരെ പോരാടിയവരുടെ മക്കള്‍ ഇന്ന്‌ പാസ്‌പോര്‍ട്ട്‌ മാറാന്‍ പഴുതുനോക്കുന്നു! കിട്ടിയേടത്തെല്ലാം കുരിശുവച്ചവര്‍ പോര്‍ത്തുഗീസുകാര്‍. അവയുടെ എണ്ണം പെരുകുന്നു. അതുകണ്ട്‌ കണ്ടേടത്തെല്ലാം കൊടിനാട്ടുന്നവരും പെരുകുന്നു. ആളുകളെ ഒന്നിപ്പിക്കാനുള്ള ആരാധനാലയങ്ങള്‍ ആളുകളെ ഭിന്നിപ്പിക്കുന്നു. ഒരു പള്ളിക്കൊരു മന്ദിര്‍; ഒരു മന്ദിറിനൊരു മസ്ജിദ്‌. മനുഷ്യനുമാത്രം ഇടമില്ലാതായി ഇവിടെയും.

No comments:

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...