Saturday 17 December 2011

അങ്ങനെയും ചിലര്‍ (൨)

ലീവില്‍ നാട്ടിലെത്തിയതാണ്‌. പഴയവീട്ടില്‍ അമ്മയും ഞാനും തനിച്ചായതിനാല്‍ നേരത്തേ അത്താഴം കഴിച്ചു കിടന്നു. കോരിച്ചൊരിയുന്ന മഴ. ഒപ്പം കാറ്റും പൊട്ടിത്തെറിക്കുന്ന ഇടിമിന്നലും. കറണ്ടും പോയിരുന്നു. പൂട്ടിയിട്ട പടിക്കല്‍ ആരോ ശക്തിയായി മുട്ടുന്നതുകേട്ടാണുണര്‍ന്നത്‌. ജനലില്‍കൂടി നോക്കുമ്പോള്‍ മിന്നല്‍വെട്ടത്തില്‍ ഗേറ്റിനുമുകളില്‍ ഒരു തല. കീഴെ നാലുകാലുകള്‍. തല കണ്ടപ്പോഴേ മനസ്സിലായി ആള്‍ വാര്യരാണെന്ന്‌. ടോര്‍ച്ചുംമിന്നിച്ചുപോയി പടിതുറക്കുമ്പോള്‍ ആജാനുബാഹുവായ വാര്യരുടെ കൂട്ടത്തിലൊരു കുറിയ മനുഷ്യനും. വാര്യര്‍ ഗോവയില്‍ എണ്റ്റെ കുടുംബസ്നേഹിതനാണ്‌. എന്നുമാത്രം പറഞ്ഞാല്‍ പോര; എണ്റ്റെ രക്ഷകനും വഴികാട്ടിയും എല്ലാമാണ്‌. അല്‍പം 'സ്പെല്ലിംഗ്‌' മാറ്റി, 'വാറിയര്‍' എന്നാണ്‌ പൊതുവെ വിളിക്കപ്പെടുക. എന്നുവച്ച്‌ ഒരാളോടും കലഹത്തിനു പോകാറില്ല, മുന്‍ശുണ്ഠി അല്‍പം കൂടുതലാണെങ്കിലും. സംസ്ഥാനസര്‍ക്കാറിണ്റ്റെ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്നതിനാല്‍ തിരക്കൊഴിഞ്ഞ സമയം കാണില്ല. എന്നാലും വൈകീട്ടു പണികഴിഞ്ഞ്‌ കൂട്ടുകാരെയെല്ലാം ഒന്നുപോയിക്കണ്ടിട്ടേ വാര്യര്‍ വീട്ടിലേക്കുള്ളൂ. ഞങ്ങളുടെ ലാവണങ്ങളും താവളങ്ങളും വ്യത്യസ്തമായതിനാല്‍ ദിനസരിസന്ദര്‍ശനമൊന്നും തമ്മിലില്ല. പക്ഷെ വിളിച്ചാല്‍ വിളിപ്പുറത്തായിരിക്കും അന്യോന്യം. അങ്ങനെയാണ്‌, അവിചാരിതമായി നാട്ടിലെത്താന്‍ തരമായപ്പോള്‍ വാര്യര്‍ എണ്റ്റെ വീടന്വേഷിച്ചുവന്നത്‌. മഴക്കോളിലും കൂരിരുട്ടിലും ചോദിച്ചറിയാന്‍ ആളെക്കിട്ടാതെ വഴിയും തെറ്റി, സമയവും തെറ്റി. ഒരു പരിചയക്കാരണ്റ്റെ പരിചയക്കാരെനെയുംകൂട്ടിയാണു വരവ്‌. വാര്യര്‍ക്കിടപഴകാന്‍ അത്രയ്ക്കു ബന്ധംതന്നെ ധാരാളം! വന്നപാടെ വാര്യര്‍ തലതോര്‍ത്തി. മറ്റെയാള്‍ക്ക്‌ അതും വേണ്ടായിരുന്നു. അലച്ചിലില്‍ രണ്ടുപേരും അത്താഴപ്പട്ടിണിയിലാണ്‌. വാര്യര്‍ കുളിരില്‍ കൂനിക്കൂടിയിരിപ്പാണ്‌. അമ്മ ചോറുവയ്ക്കാനൊരുക്കംകൂട്ടി; ഞാനും കൂടി. അപ്പോഴാണ്‌ കുറിയമനുഷ്യന്നൊരു മോഹം. ഒന്നു കുളിക്കണം. ഞങ്ങള്‍ക്കത്ഭുതമായി. രാപ്പാതിനേരത്തോ കുളി? ആ സമയത്ത്‌ കുളിക്കാന്‍ വെള്ളം ചൂടാക്കാനൊന്നും എളുപ്പമല്ലല്ലോ. കറണ്ടുവന്നിട്ടുപോരേ കുളി എന്ന അമ്മയുടെ ചോദ്യത്തിന്‌, കുളമുണ്ടോ എന്നായിരുന്നു കുറിയമനുഷ്യണ്റ്റെ മറുചോദ്യം. കിണറ്റിന്‍കരയിലുമാകാമല്ലോ എന്ന അമ്മയുടെ അഭിപ്രായത്തിന്‌ കുളമായാലേ സുഖമാകൂ എന്ന്‌ അയാളുടെ പക്ഷം. ഒരു റാന്തല്‍കത്തിക്കാന്‍ അമ്മ തുടങ്ങുമ്പോള്‍, അതൊന്നും വേണ്ട, നാട്ടുവെളിച്ചമുണ്ടല്ലോ എന്നായി അയാള്‍. അഴയില്‍കിടന്നിരുന്ന ഒരു തോര്‍ത്തുമെടുത്ത്‌ മുറ്റത്തേക്കിറങ്ങുമ്പോള്‍ ശകലം വെളിച്ചെണ്ണ കിട്ടിയാല്‍ കൊള്ളാം എന്നായി അയാള്‍. അമ്മ കാച്ചിയ വെളിച്ചെണ്ണ എടുക്കുമ്പോള്‍ അയാള്‍ തടഞ്ഞു; തനിക്കു പച്ചവെളിച്ചെണ്ണ മതിയത്രെ. മഴക്കാലമല്ലേ അതിനു കാറലുണ്ടാകാം എന്നമ്മ. അതു സാരമില്ലെന്നയാള്‍. ഞാന്‍ സോപ്പുപെട്ടിയെടുത്തപ്പോള്‍ അയാള്‍ക്കതൊന്നും വേണ്ട. കുളംകാണിക്കാന്‍ കൂടെ ഇറങ്ങിയപ്പോള്‍ തനിക്കു വ്യക്തമായിക്കാണാമെന്നയാള്‍. കുളിച്ചുകയറി വന്നപ്പോഴേക്കും ഊണും കാലമായി. അപ്പോഴേക്കും വാര്യര്‍ തുമ്മാനും ചീറ്റാനും തുടങ്ങിയിരുന്നു. ഊണുകഴിഞ്ഞതും കൂട്ടുകാരന്‍ കുപ്പായമെടുത്തണിയുകയാണ്‌. രാത്രിമഴയില്‍ തിരിച്ചിറങ്ങാതെ കാലത്തെഴുന്നേറ്റു പോയാല്‍പോരേ എന്ന ചോദ്യമൊന്നും അയാള്‍ കാര്യമാക്കുന്നില്ല. മഴയത്തിറങ്ങി ഒരു നടത്തം. കുട എടുത്തുകൊടുത്തപ്പോള്‍, അതൊക്കെ തിരിച്ചേല്‍പ്പിക്കാന്‍ മിനക്കേടാണത്രെ അയാള്‍ക്ക്‌. അരമുക്കാല്‍ മണിക്കൂര്‍കൊണ്ടു വീട്ടിലെത്താമത്രെ. ഞങ്ങള്‍ അന്തം വിട്ടുനിന്നു. പച്ചയ്ക്കൊരു മനുഷ്യന്‍! പോര്‍ത്തുഗീസുകാരുടെ അധീനതയില്‍നിന്ന്‌ ഗോവ ഇന്ത്യയില്‍ ലയിച്ചതിനു തൊട്ടുപുറകെയാണ്‌ വാര്യര്‍ ജോലികിട്ടി എത്തുന്നത്‌. പോര്‍ത്തുഗീസ്‌-ഗോവയിലുണ്ടായിരുന്നിരിക്കാനിടയുള്ള ഒറ്റപ്പെട്ട മലയാളികളെ ഒഴിച്ചുനിര്‍ത്തിയാല്‍, ഗോവ-മലയാളികളുടെ ഒന്നാംതലമുറയില്‍പെടും വാര്യര്‍. നാട്ടിലെല്ലാം വീടുണ്ടായിട്ടും ഇവിടംവിടാന്‍ മടിയാണ്‌ വാര്യര്‍ക്ക്‌. മറ്റു മിക്ക മലയാളികളെയുമെന്നപോലെ. അന്നും ഇന്നും വാര്യരെ ഇരുചക്രങ്ങളിലേ കാണൂ. ആദ്യമതു സൈക്കിളായിരുന്നു. പിന്നെ സ്കൂട്ടറായി. കാറുണ്ടെങ്കിലും ഓടിക്കില്ല. തരംകിട്ടുമ്പോഴെല്ലാം സൈക്കിള്‍-സവാരിയാണു പഥ്യം. തന്നെപ്പോലെയുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍കാറുകളില്‍ പത്രാസ്സില്‍ പറന്നുനടക്കുമ്പോള്‍ വാര്യര്‍ക്ക്‌ ഇതു മതി. സ്വന്തംവാഹനം തനിയെ തന്നെത്തന്നെ ഇടിച്ചുവീഴ്ത്തുന്ന അനുഭവം മറ്റാര്‍ക്കുമുണ്ടായിരിക്കാന്‍ ഇടയില്ല. ഒരിക്കല്‍ വാര്യര്‍ തണ്റ്റെ കൊച്ചു 'വെസ്പ' സ്കൂട്ടര്‍, ചവിട്ടി സ്റ്റാര്‍ട്ടാക്കുകയായിരുന്നു. പതിവുമാതിരി ഒരുകയ്യില്‍ സിഗററ്റുമായി, ഒരുവശത്തുനിന്ന്‌ ഒറ്റക്കയ്‌കൊണ്ടു ഹാന്‍ഡിലില്‍ പിടിച്ച്‌ ആകാശംനോക്കി ഒരു ചവിട്ട്‌. വണ്ടി ഗിയറില്‍ കിടക്കുകയായിരുന്നു; ഹാന്‍ഡില്‍ ലോക്കിലും. സ്കൂട്ടറങ്ങോട്ടു സ്റ്റാര്‍ട്ടായി. ഒരു വട്ടമിട്ടു വാര്യരെത്തന്നെ വന്നു തട്ടി! അതൊന്നും പ്രശ്നമല്ല വാര്യര്‍ക്ക്‌. തീവണ്ടിയില്‍ സീറ്റൊന്നുംകിട്ടിയില്ലെങ്കിലും സുഖമായി യാത്ര ചെയ്യും; ഇരിക്കാനിടംകിട്ടിയില്ലെങ്കില്‍ ജനല്‍പടിയില്‍ ഭാരമേറ്റിവച്ചു വിശ്രമിക്കും. ഫോണ്‍വിളിച്ചാളെ കിട്ടിയില്ലെങ്കില്‍ നേരിട്ടുപോയിനോക്കും. "ഓ, അതൊന്നും അത്ര വലിയ കാര്യമല്ല", എന്നതാണ്‌ ജീവിതദര്‍ശനംതന്നെ. സര്‍ക്കാരിലെ ചുകപ്പുനാടത്താപ്പാനകള്‍ക്കൊരു മറുമരുന്നായിരുന്നു വാര്യര്‍. ജനങ്ങളുടെ പക്ഷത്തുനിന്നേ ചിന്തിക്കൂ; പ്രവര്‍ത്തിക്കൂ. ഫയലില്‍ പ്രശ്നമുണ്ടെങ്കില്‍ അതിനു പരിഹാരവുമുണ്ടാകും കൂടെ. വെറുതെയല്ല വിരമിച്ച ശേഷവും അദ്ദേഹത്തിണ്റ്റെ സേവനം, അന്നത്തെ മുഖ്യമന്ത്രിതന്നെ നേരിട്ടിടപെട്ട്‌ ഒന്നുരണ്ടുവര്‍ഷത്തേക്കുകൂടി നീട്ടിയെടുത്തുപയോഗിച്ചത്‌. ഒരു നിയമംകൊണ്ട്‌ ഒരാള്‍ക്കു ദോഷമുണ്ടായാല്‍ മറ്റൊരു നിയമംകൊണ്ട്‌ അതു പരിഹരിക്കാമെങ്കില്‍ വാര്യര്‍ അതു ചെയ്തിരിക്കും. നൂറുകണക്കിനു സര്‍ക്കാര്‍ നഴ്‌സുമാരുടെ (അതില്‍ ഒരുപാടു മലയാളികളുമുണ്ട്‌) സേവനവ്യവസ്ഥയില്‍ കാര്യമായ മെച്ചമുണ്ടായത്‌ വാര്യരുടെ ഇടപെടല്‍കൊണ്ടായിരുന്നു. വെറും ഏട്ടിലെ പശുവായി, വെള്ളാനയായി, പണംമുടക്കിയായിക്കിടന്നിരുന്ന കരകൌശലവകുപ്പിനെ സ്വയംപര്യാപ്തതയും സാമ്പത്തികശേഷിയുമുള്ള വകുപ്പാക്കിമാറ്റിയ സംതൃപ്തി വാര്യര്‍ക്കുണ്ട്‌. ജലഗതാഗതവകുപ്പിണ്റ്റെ സ്ഥൂലതയും അജീര്‍ണതയുമെല്ലാം മാറ്റി വെടിപ്പാക്കി. ഭവിഷ്യനിധിയിലെ ഹ്രസ്വകാലസേവനത്തില്‍പോലും അവിടത്തെ കല്ലുംമുള്ളും തൂത്തെറിഞ്ഞ്‌ ജീവനക്കാരുടെ ജീവിതം സുഗമമാക്കിയ ചരിത്രമാണു വാര്യര്‍ക്ക്‌. ഇതെല്ലാം പലതില്‍ ചിലതുമാത്രം. താന്‍ കയ്യാളിയ വകുപ്പുകളിലെല്ലാം തണ്റ്റെ കയ്യൊപ്പോടൊപ്പം വ്യക്തിമുദ്രയും ചാര്‍ത്തിയ ആളാണു വാര്യര്‍. ഗോവ-സര്‍ക്കാരില്‍ പലപലമലയാളികള്‍ വരുത്തിവച്ച പേരുദോഷങ്ങള്‍ തീര്‍ക്കാന്‍ വാര്യര്‍ ഒരാള്‍ മതിയായിരുന്നു. സര്‍വീസില്‍നിന്നുവിരമിക്കുമ്പോള്‍ വാര്യരുടെ ഒരു മോഹമായിരുന്നു, ആ വകുപ്പിലെ എല്ലാവരുംകൂടി കുടുംബസഹിതം വാര്‍ഷികാഘോഷം പൊടിപൊടിക്കണം. ഗോവയിലെ ഏറ്റവും നല്ല സമ്മേളനസ്ഥലം അതിനുവേണ്ടി സംഘടിപ്പിച്ചു. അരങ്ങില്‍ ആ പരിപാടിയുടെ നിര്‍വഹണത്തിനായി, പുരുഷശബ്ദത്തിന്‌ ഒരു പ്രസിദ്ധപ്രഭാഷകനോടൊപ്പം സ്ത്രീശബ്ദത്തിന്‌ ജനിക്കുന്നതിനുമുന്നേ തനിക്കറിയാവുന്ന എണ്റ്റെ മകളെയാണ്‌ വാര്യര്‍ ഏര്‍പ്പാടാക്കിയത്‌. അന്നേക്ക്‌ പഠനത്തോടൊപ്പം പത്രപ്രവര്‍ത്തനവും റേഡിയോപ്രക്ഷേപണവുമായി നടന്നിരുന്ന അവള്‍ ആദ്യമായാണ്‌ അത്രയും വലിയൊരു പരിപാടിയുടെ 'കംപേര്‍' ആകുന്നത്‌. അന്നത്തെ ആശങ്കയും ആവേശവും അനുഭൂതിയും ആഹ്ളാദവും അവള്‍ക്ക്‌ ഭാവിയില്‍ മുഴുസമയ ടെലിവിഷന്‍-അവതാരകയാകുവാന്‍ പ്രചോദനമായി. വാര്യരും സഹപ്രവര്‍ത്തകരുമായും അവള്‍ പരിപാടിയുടെ വിശദാംശങ്ങള്‍ ചര്‍ച്ചചെയ്തപ്പോഴേക്കും ഉച്ചകഴിഞ്ഞു. ഔദ്യോഗികമായി കാാറും ഡ്രൈവറുമുള്ള വാര്യര്‍ക്ക്‌, ഊണിനുവീട്ടിലെത്താന്‍ അവളുടെ കുഞ്ഞുസ്കൂട്ടറിണ്റ്റെ പിന്‍സീറ്റില്‍ പറ്റിപ്പിടിച്ചു യാത്രചെയ്യാന്‍ ഒരു കുറച്ചിലുമില്ലായിരുന്നു. പദവിയുടെ പ്രതാപമല്ല, അതു കയ്യാളുന്ന വ്യക്തിയുടെ പ്രഭാവമാണു പ്രധാനം എന്ന പാഠം അവള്‍മാത്രമല്ല ഞങ്ങളും മറക്കില്ല. ബോംബെയില്‍ കുറെ വര്‍ഷത്തെ പ്രവാസത്തിനുശേഷം കുറ്റിയുംപെറുക്കി ഞാനും ഭാര്യയും മകളും ഗോവയില്‍ തിരിച്ചുവന്നപ്പോള്‍ ആദ്യം താമസിക്കാന്‍കിട്ടിയത്‌ ഒരുവൃത്തികെട്ട വീടായിരുന്നു. അതുകണ്ട വാര്യരും പത്നിയും, അവരോടൊപ്പം ഒരുരാത്രിമാത്രം തങ്ങാന്‍ പ്ളാനിട്ടിരുന്ന ഞങ്ങളെ ഒരാഴ്ച കൂടെത്താമസിപ്പിച്ചിട്ടേ വൃത്തിയാക്കിയവീട്ടിലേക്കു പറഞ്ഞയച്ചുള്ളൂ. നല്ല സമയത്തുമാത്രമല്ല, ചീത്തസമയത്തും കൂടെനില്‍ക്കുന്നവരാണവര്‍. ഇന്നും ഞങ്ങള്‍ ഫോണ്‍വിളിച്ചറിയിച്ചിട്ടൊന്നുമല്ല പരസ്പരം കാണുക. തോന്നുമ്പോള്‍ ചെന്നുകാണും. വിളിക്കാത്ത വിരുന്നുകാരാണ്‌ ഞങ്ങളന്യോന്യം. ആളുകള്‍ വീട്ടിലേക്കു ക്ഷണിക്കുന്നത്‌ തങ്ങള്‍ എത്ര ഉയരത്തിലെത്തി എന്നു വിരുന്നുകാരെ കാണിക്കാനാണെന്നാണു വാര്യരുടെ പക്ഷം. ഇക്കാലത്ത്‌ ആളുകള്‍ വീടുകള്‍ പണിയുന്നത്‌ അവനവനു വേണ്ടിയല്ലല്ലോ, മറ്റുള്ളവരെ കാണിക്കാനല്ലേ. തണ്റ്റെ വീട്ടിലേക്കു പിന്നെയുംപിന്നെയും ക്ഷണിക്കുകയല്ലാതെ, മറ്റുള്ളവരുടെ വീട്ടിലേക്കുപോകുന്ന പരിപാടി മിക്കവര്‍ക്കുമില്ലല്ലോ. 'ബഹുജനഹിതായാം ബഹുജനസുഖായാം' എന്നതിനെന്തൊരു ഐറണി! Published in the fortnightly webmagazine www.nattupacha.com

No comments:

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...