Saturday 17 December 2011

അങ്ങനെയും ചിലര്‍ (൩)

എണ്റ്റെ ഭാര്യ ഒരു വാരാന്ത-വാര്‍ത്താവിനിമയ-പഠനകേന്ദ്രത്തില്‍ വച്ചാണ്‌ അവളെ പരിചയപ്പെടുന്നത്‌. നന്നേ ചെറുപ്പം. ആധുനികരീതിയില്‍ ഉടുപ്പും നടപ്പും എല്ലാമായി അസ്സലൊരു മിസ്സിയമ്മ. താന്‍ ആന്തമാന്‍ സ്വദേശിയാണെന്നും ബ്റിട്ടീഷ്‌ രക്തത്തില്‍ പിറന്നവളാണെന്നും ബാംഗളൂരില്‍ ഒരു കോണ്‍വെണ്റ്റ്‌ കോളേജില്‍ ഉപരിപഠനത്തിലാണെന്നും അവള്‍ പറഞ്ഞു. വാര്‍ത്താവിനിമയകോഴ്‌സിനുവേണ്ടിമാത്രം ശനിയാഴ്‌ച്ച രാവിലെ ഗോവയിലെത്തും; ഞായറാഴ്ച്ച വൈകുന്നേരം ബാംഗളൂരിലേക്കു തിരിക്കും. കോഴ്‌സിണ്റ്റെ കാലാവധി മൂന്നുമാസക്കാലവും, ഇങ്ങനെ വന്നുപോയി പഠിക്കാനാണു തീരുമാനം. താന്‍ അച്ഛനമ്മമാരുമായി അല്‍പം നീരസത്തിലായതിനാലാണ്‌ അവരോടൊപ്പം ജെര്‍മനിയില്‍ താമസിക്കാതെ ബാംഗളൂരില്‍ പഠിക്കുന്നതെന്നും പഠിപ്പുതീര്‍ന്നാല്‍ തിരിച്ചുപോകേണ്ടിവരുമെന്നെല്ലാം അവള്‍ പറഞ്ഞറിഞ്ഞു. കോഴ്‌സിനിടെ ഒന്നുരണ്ടുതവണ അവള്‍ എണ്റ്റെ ഭാര്യയോടൊത്ത്‌ ഞങ്ങളുടെ വീട്ടിലേക്കും വന്നു ചായകുടിച്ചുപോയി. ഒരു പാവം പെണ്ണ്‌. കാശുമാത്രംകൊണ്ടു ജീവിതമാകില്ലല്ലോ. ഈ ചെറുപ്രായത്തില്‍ മാതാപിതാക്കളുടെ സ്നേഹവാത്സല്യമില്ലാതെ അകന്നുകഴിയേണ്ടി വരുന്നൊരു ഹതഭാഗ്യ. ഒരു ഞായറാഴ്‌ച വൈകുന്നേരം അവള്‍ വീട്ടില്‍ കയറിവന്നു. താന്‍ വാരാന്ത്യങ്ങളില്‍ പതിവായി തങ്ങാറുള്ള വീട്ടിലെ ആണ്‍ടി വീടുപൂട്ടിപ്പോയിരിക്കുകയാണെന്നും അതിനാല്‍ പിറ്റേന്നു രാവിലെവരെ കൂടെത്താമസിക്കണമെന്നുംപറഞ്ഞ്‌. അന്നു ഞങ്ങളുടേത്‌ ഒരു കിടപ്പറമാത്രമുള്ള കൊച്ചുവീടായിരുന്നു. ഞാനും മോളും മുന്‍മുറിയില്‍ കിടന്നു; എണ്റ്റെ ഭാര്യയും അവളും അകത്തെ മുറിയിലും. രാത്റി മുഴുവന്‍ ലൈറ്റിടലും അണയ്ക്കലുമായി അകത്തെ മുറിയില്‍ അലോസരമായിരുന്നു. കൊച്ചുവെളുപ്പാന്‍കാലത്ത്‌ ഭാര്യ പുറത്തുവന്ന്‌ എന്നോടു സ്വകാര്യമായിപ്പറഞ്ഞുപോയി, അല്‍പം ജാഗ്രതയോടെ ഇരിക്കാന്‍. കൂടുതലൊന്നും അറിയാനൊത്തില്ല. പിറ്റേന്നു രാവിലെ അവള്‍ക്കു പുറപ്പെടാന്‍ ഒരു തത്രപ്പാടുമില്ല. ഞങ്ങള്‍ക്കോ മോളെ സ്കൂളിലയക്കണം; ഞങ്ങള്‍ രണ്ടാള്‍ക്കും പണിക്കുപോണം. ഒടുവില്‍ അവളുടെ ആണ്‍ടിയുടെ വീട്ടില്‍ കൊണ്ടുവിടാമെന്നുപറഞ്ഞ്‌ വണ്ടിയില്‍ കയറ്റി. അവള്‍ എന്തുചെയ്താലും ആണ്‍ടിയുടെ മേല്‍വിലാസം തരില്ല. വണ്ടി ഓടിക്കൊണ്ടേയിരിക്കുമ്പോള്‍ ഒരിടവഴിക്കടുത്ത്‌ നിര്‍ത്താന്‍ പെട്ടെന്നാവശ്യപ്പെട്ടു. ഞങ്ങള്‍ വീട്ടിനുമുന്‍പില്‍ ഇറക്കിക്കൊടുക്കാം എന്നു പറഞ്ഞതൊന്നും കേള്‍ക്കാതെ അവള്‍ ഇറങ്ങി നടന്നു. രാത്രിമൊത്തം ഇടയ്ക്കിടയ്ക്ക്‌ അവള്‍ കട്ടിലില്‍നിന്നു മെല്ലെ എഴുന്നേല്‍ക്കുമത്രെ. ഭാര്യ ആദ്യം കരുതി പുതിയ സ്ഥലത്തെ പരിചയക്കേടോ അല്ലെങ്കില്‍ മന:പ്രയാസമോ കൊണ്ടാകാമെന്ന്‌. അതിലൊരുതവണ എഴുന്നേറ്റ്‌ ചുമരലമാര തുറക്കുന്നതു കണ്ടപ്പോള്‍ ഭാര്യ പെട്ടെന്നു ലൈറ്റ്‌ തെളിച്ചു. ടോയ്‌ലെറ്റിണ്റ്റെ കതകാണെന്നുകരുതി തുറന്നതാണെന്നായിരുന്നു അവളുടെ വിശദീകരണം. ഞാനും ഭാര്യയും അതെല്ലാം മനസ്സില്‍നിന്നു മായ്ച്ചുകളഞ്ഞു, മറ്റു വേവലാതികള്‍ക്കിടയില്‍. അപ്പോഴേക്കും ആ പഠനക്ളാസ്സുകളും കഴിഞ്ഞിരുന്നു. അധികമായില്ല, അവള്‍ ഒരു പുരുഷസുഹൃത്തിനോടൊപ്പം ഒരു വൈകുന്നേരം വീണ്ടും കയറിവന്നു വീട്ടില്‍. ഇത്തവണ ഞങ്ങളും അല്‍പം കരുതലോടെ പെരുമാറി. സാമാന്യോപചാരങ്ങള്‍ക്കുപരി ഞങ്ങളനങ്ങുന്നില്ലെന്നു കണ്ടാകണം വളരെ വൈകിയതിനുശേഷം അവര്‍ സ്ഥലംവിട്ടു. ഞങ്ങളും പലവിധേന കഷ്ടപ്പെട്ടുജീവിക്കുന്ന കാലഘട്ടമായിരുന്നു അത്‌. ഒരാഴ്‌ച കഴിഞ്ഞില്ല, അവളുടെ പുരുഷസുഹൃത്ത്‌ ഒറ്റയ്ക്കു വീട്ടിലെത്തി. ആദ്യമന്വേഷിച്ചത്‌ ഞങ്ങളുടെ വിലപിടിച്ച എന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ എന്നാണ്‌. ഞങ്ങള്‍ക്കൊന്നും നഷ്ടപ്പെട്ടിട്ടില്ലായിരുന്നു, നഷ്ടപ്പെടാനും കാര്യമായി ഒന്നുമില്ലായിരുന്നു, നഷ്ടപ്പെട്ടാലും അങ്ങനെ അറിയില്ലായിരുന്നു. അയാളോടൊപ്പം ഏതാനുംദിവസം കൂടെത്താമസിച്ച്‌ അയാളില്ലാത്തപ്പോള്‍ അയാളുടെ വിലപിടിച്ചതെല്ലാം കാലിയാക്കി അവള്‍ സ്ഥലംവിട്ടത്രെ. അവള്‍ പറഞ്ഞിരുന്ന പേരടക്കം കള്ളമായിരുന്നത്രെ. അവള്‍ ഒരു ആന്തമാന്‍കാരിയുമായിരുന്നില്ലത്രെ. ഒരു മധ്യതിരുവിതാംകൂര്‍ മലയാളി! ഇനി കണ്ടാല്‍ അയാളെയോ പോലീസിനെയോ അറിയിക്കണമെന്നു പറഞ്ഞ്‌ അയാള്‍ മേല്‍വിലാസവുംതന്നു പോയി. അയാളെപ്പറ്റിയും ഞങ്ങള്‍ക്കു വലിയ മതിപ്പുതോന്നാതിരുന്നതിനാല്‍ ഞങ്ങളാക്കാര്യങ്ങള്‍ അതോടെ കുഴിച്ചുമൂടി. പിന്നീടൊരിക്കല്‍ ഒരു ഉത്സവപ്പറമ്പില്‍ അവള്‍ പരുങ്ങിനടക്കുന്നതു കണ്ടു വളരെ സങ്കടംതോന്നി. ഒരിക്കല്‍കൂടി അവള്‍ ഞങ്ങളുടെ വീടന്വേഷിച്ചു വന്നെന്നറിഞ്ഞു. അപ്പോഴേക്കും ഞങ്ങള്‍ വീടുമാറിയിരുന്നു. ***** മീര കോളനിയില്‍ ഞങ്ങളുടെ അയല്‍പക്കമാണ്‌. ഭര്‍ത്താവുമായി ബന്ധമൊഴിഞ്ഞ്‌ രണ്ടാണ്‍മക്കളുമായി വിരാജിക്കുന്നു. അത്യാവശ്യത്തില്‍കൂടുതല്‍ ചീത്തപ്പേരുകള്‍ മൂവര്‍ക്കുമുണ്ട്‌. മീരയുടെ അടുത്ത്‌ ആണുങ്ങളും പിള്ളേരുടെയടുത്ത്‌ പെണ്ണുങ്ങളും അത്ര അടുക്കില്ല. മിക്ക ദിവസവും അമ്മയും മക്കളും വഴക്കായിരിക്കും, പണത്തെ ചൊല്ലി. അതിധനികനായ അച്ഛന്‍ പ്രായമായിട്ടും പഠിക്കാതെയും പണിയില്ലാതെയും തെണ്ടിനടക്കുന്ന മക്കള്‍ക്കു ചെലവിനുകൊടുക്കും, കണക്കില്ലാതെ. സ്വന്തം ബിസിനസ്സുചെയ്യുന്ന അമ്മ സ്വയം പണം ധൂര്‍ത്തടിക്കും. ഇരുകൂട്ടര്‍ക്കും പണംതികഞ്ഞ സമയമില്ല. വീട്ടിനകത്തേയ്ക്കു രണ്ടുകതകുകളാണ്‌. ഒന്ന്‌ അമ്മയുടെ മുറിയിലേക്ക്‌. അതെപ്പോഴും താഴിട്ടുപൂട്ടിയിരിക്കും. പിള്ളേരുടെ കതക്‌ ഇരുപത്തിനാലുമണിക്കൂറും തുറന്നുകിടക്കും; മറ്റു പണിയില്ലാച്ചെക്കന്‍മാര്‍ രാപകലില്ലാതെ വന്നുംപോയുമിരിക്കും. അമ്മ മിക്ക ദിവസവും പാര്‍ട്ടിയിലായിരിക്കും. മക്കള്‍ കൂട്ടുകാരോടൊത്ത്‌ അവിടെയും ഇവിടെയും അലഞ്ഞുതിന്നും. അമ്മയുടെ നാക്കിനു ഞരമ്പില്ല; പിള്ളേരുടെ കൈക്കു കഴപ്പില്ല. ഒരുമാതിരിപ്പെട്ട എല്ലാത്തരം പോലീസ്‌ കേസുകളിലും മൂവരും പങ്കെടുത്തിട്ടുണ്ട്‌. ഒരു അവധിദിവസം ഞാന്‍ മുറ്റത്തു വണ്ടി കഴുകിക്കൊണ്ടു നില്‍ക്കുകയായിരുന്നു. മൂന്നാലു കുരുന്നുകുട്ടികള്‍ അണിഞ്ഞൊരുങ്ങി അയല്‍കോളനിയെ വേര്‍തിരിക്കുന്ന അരമതിലിനപ്പുറത്തു നില്‍ക്കുന്നു. എന്തോ വിശേഷ ദിവസമാണ്‌; അവര്‍ക്കെണ്റ്റെ കോളനിയിലെ അവരുടെ കൊച്ചുസുഹൃത്തിണ്റ്റെ വീട്ടില്‍ പോകണം. അരമതില്‍ ചാടിക്കടക്കാന്‍ പേടി. ഞാനവരെ ഒന്നൊന്നായിപ്പൊക്കി ഇപ്പുറത്തിട്ടുകൊടുത്തു. അപ്പോള്‍ അവര്‍ക്ക്‌ മറ്റൊരു പേടി. അവിടെയും ഇവിടെയുമായി വെയിലത്തു മയങ്ങുന്ന ചാവാലിപ്പട്ടികളെ. ഞാന്‍ പറഞ്ഞു അവയൊന്നും കടിക്കില്ല, ധൈര്യമായിപ്പോകാന്‍. ഒന്നുരണ്ടെണ്ണത്തിനെ ഞാന്‍ ഒച്ചയെടുത്തോടിക്കുകയും ചെയ്തു. എന്നിട്ടും കുഞ്ഞുങ്ങള്‍ക്കു പേടി. ഞാന്‍ കൂട്ടുവരാമെന്നേറ്റു. എന്നാലും പേടി മാറുന്നില്ല. എത്ര പറഞ്ഞാലും നിന്നകാലനക്കില്ല കുട്ടികള്‍. ഇതു മുഴുവന്‍ കണ്ടുനിന്നിരുന്ന മീരാമാഡം പുറത്തേക്കെഴുന്നള്ളി. കുട്ടികളോടു പറഞ്ഞു പേടിക്കേണ്ടെന്നും, താന്‍ പറയാം പട്ടികളോട്‌ കുട്ടികളെ ഉപദ്രവിക്കരുത്‌ എന്നും ഇതെല്ലാം നല്ല കുട്ടികളാണെന്നും. എന്നിട്ട്‌ ഉറക്കെ പട്ടികളെ വിളിച്ചു പറഞ്ഞു, ഈ കുട്ടികളെ പേടിപ്പിക്കരുത്‌, കിടന്ന സ്ഥലത്തുനിന്ന്‌ എഴുന്നേറ്റുപോകരുത്‌ എന്ന്‌. അതുകേട്ട പാതി കുട്ടികള്‍ക്കു സന്തോഷമായി, ധൈര്യമായി; അവരോടി സുഹൃത്തിണ്റ്റെ വീട്ടില്‍ കയറിക്കൂടി. മീര അകത്തേക്കു കയറി കതകടച്ചു. ഞാന്‍ 'വണ്ട'റടിച്ചു നോക്കിനിന്നു. ***** വിജിയും ഭര്‍ത്താവും ഒരുകാലത്ത്‌ എണ്റ്റെ സഹപ്രവര്‍ത്തകരും ഞങ്ങളുടെ അയല്‍ക്കാരുമായിരുന്നു. അവരുടെ ഭര്‍ത്താവിനെയും കൂട്ടി ഞാന്‍ എങ്ങോ യാത്രയിലായിരിക്കുമ്പോള്‍ വിജി കുളിമുറിയില്‍വീണു കാലുളുക്കി. രാത്രിസമയം. നന്നേ ചെറിയ രണ്ടു കുട്ടികളാണവര്‍ക്ക്‌. അയല്‍പക്കത്തോ എണ്റ്റെ ഭാര്യയും കൈക്കുഞ്ഞുംമാത്രം. ഞായറാഴ്‌ചയായതിനാലും രാത്റി വൈകിയതിനാലും അടുത്തെങ്ങും ഒരു ഡോക്‌ടറെയും കിട്ടാന്‍ വഴിയില്ല. സാമാന്യത്തിലേറെ തടിച്ച വിജി നിലത്തുകുത്തിയിരുന്നു മുറവിളിയാണ്‌. എങ്ങനെയോ എണ്റ്റെ ഭാര്യ ഓഫീസിലെതന്നെ ഒരു പയ്യനെ തപ്പിപ്പിടിച്ച്‌ ഒരുവിധത്തില്‍ ഒരു വണ്ടി വരുത്തി. വിജിയെ ഡോക്‌ടറെ പോയിക്കാട്ടി വീട്ടില്‍. പിന്നെ കുറിപ്പടിയുമായി മരുന്നുവാങ്ങാനുള്ള നെട്ടോട്ടം. വഴിമുഴുവന്‍ വിജിയുടെ വിലാപം. ഒരു കടയും തുറന്നിട്ടില്ല. അതിഗംഭീരമായ ഗോവന്‍മഴ. അര്‍ധരാത്രിയോടെ ഏതോ ഒരു മരുന്നുഷോപ്പു വിളിച്ചുതുറപ്പിച്ച്‌ മരുന്നും രോഗിയുമായി വീട്ടിലെത്തുമ്പോഴുണ്ട്‌ രോഗിയുടെ ഒരു വളിച്ച ചിരി. ഏതാനുംദിവസംമുന്‍പും ഇതേപോലെ കാലുളുക്കിയപ്പോള്‍ ഡോക്‌ടര്‍കൊടുത്ത ഇതേ മരുന്നുകള്‍ തേക്കാതെയും കഴിക്കാതെയും തണ്റ്റെ വീട്ടില്‍ തന്നെ ഇരിപ്പുണ്ടുപോലും! എണ്റ്റെ ഭാര്യക്കങ്ങോട്ടു തരിച്ചുകയറി അരിശം. പിന്‍ബുദ്ധിക്കു മരുന്നില്ലല്ലോ. വാല്‍ക്കഷ്ണം: അടുത്തിടെ ഹരിഹരന്‍ പാടിക്കേട്ടൊരു തമിഴ്‌പാട്ടാണ്‌. "പൊയ്‌ സൊല്ലക്കൂടാതെന്‍ കാതലി; പൊയ്‌ സൊന്നാലും നീയെന്‍ കാതലി". നുണ പറയുരുതെന്‍ കാമുകി; നുണപറഞ്ഞാലും നീയെന്‍ കാമുകി, എന്ന്‌. ആണ്‍പെണ്‍ മനസ്സുകള്‍ പോകുന്ന വഴിയേ!

Published in the fortnightly web magazine www.nattupacha.com

No comments:

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...