Monday 18 February 2019

കരിങ്കല്ലുചെത്തി ഒരു കഥാശില്പം


കരിങ്കല്ലുചെത്തി ഒരു കഥാശില്പം

കാര്യങ്ങളെക്കുറിച്ചുള്ള കാല്പനികചിന്തകൾക്കും കാലപ്രസക്തിയുണ്ട്.  ജീവിതത്തിനുമീതെ കല പറക്കുമെന്നോ, കലയ്ക്കുമീതെ ജീവിതം പരക്കുമെന്നോ പറയാനാവാത്ത കാര്യങ്ങൾക്ക്.

ലതാലക്ഷ്മിയുടെ തിരുമുഗൾബീഗംഎന്ന ആദ്യനോവൽ (ഡിസി ബുക്സ്) വായിച്ചുതുടങ്ങിയതും വായിച്ചവസാനിപ്പിച്ചതും അല്പം നേരമെടുത്താണ്.  കലയെ ജീവിതമാക്കിയും ജീവിതത്തെ കലയാക്കിയും മാറ്റിയ ഒരുപിടി യഥാർഥമനുഷ്യരുടെ കഥ, ആരോഹണാധ്വാനത്തോടെയും അവരോഹണവ്യഥയോടെയും വിസ്തരിക്കുന്നു ലതാലക്ഷ്മി.  ഉത്തരേന്ത്യൻ ഉസ്താദുമാരുടെ ഇരുമുഖങ്ങൾ ആദ്യം വിളംബതാളത്തിലും പിന്നെപ്പിന്നെ ദ്രുതതാളത്തിലും തിരുമുഗൾബീഗത്തിൽ അവതരിപ്പിക്കപ്പെടുന്നു.  വിശിഷ്ടവും വിഘടിതവും വികലവുമായ ചിത്രങ്ങളാൽ വിരചിക്കപ്പെടുന്നു.  സംഗീതത്തിൽ ഭാരതീയകലകളുടെവിശ്വമാനങ്ങളും വിശ്വമാനവികതയുടെ വിചിത്രവിശേഷങ്ങളും വിവരിക്കപ്പെടുന്നു.

പണ്ഡിറ്റ് രവിശങ്കർ എന്ന മഹാസംഗീതജ്ഞനെപ്പറ്റി നമ്മളെല്ലാമറിയും.  എന്നാൽ അദ്ദേഹത്തിന്റെ കലാജീവിതത്തിന്റെയും ജീവിതവിശേഷത്തിന്റെയും പിന്നാമ്പുറത്ത് കരിങ്കല്ലുപോലെ ഉറച്ചുനിന്ന ഒരു സ്ത്രീയുണ്ടായിരുന്നു എന്നതറിവില്ല പരക്കെ.  അന്നപൂർണാദേവി.  സംഗീതം‌മാത്രം മതമാക്കിയ ഒരു വിശിഷ്ടപൈതൃകം അവർക്കുണ്ടായിരുന്നു.  ആ കലാപ്രതിഷ്ഠയിൽ കാലുവച്ചാണ് രവിശങ്കർ സംഗീതലോകം കീഴടക്കിയത്.  കലാവഴിയിലെ കവലകളിലെല്ലാം ഇണകളെ കണ്ടെത്തിയ ആ കലാകാരൻ (മഹാദേവ് എന്നു നോവലിൽ) ആദ്യഭാര്യയായ അന്നപൂർണാദേവിയുടെ (നോവലിൽ അദ്രികന്യ/സയനാരാബീഗം) നിത്യദു:ഖത്തിനു വഴിമരുന്നിട്ടു.  വിട്ടൊഴിഞ്ഞ ഭർത്താവിനുവേണ്ടിയും സ്വന്തമായി പടുത്തുയർത്തിയ കലയ്ക്കുവേണ്ടിയും നിശ്ശബ്ദജീവിതം തുടർന്ന ആ സാധ്വിയോ അവസാനം താരാറാം എന്ന ബഹുമുഖപ്രതിഭയിൽ ഒരു പച്ചപ്പുകണ്ടു കൺനിറയും‌മുമ്പേ ഏകാന്തതയിലേക്ക് വീണ്ടും വിധിയാൽ വലിച്ചെറിയപ്പെട്ടു.  അക്കഥ വികാരവിസ്ഫോടനത്തോടെയേ വായിച്ചുപോകാനാകൂ.

രൂപപരമായി ക്ലിഷ്ടമായ കൽപടവുകളിലൂടെ, ഭാവപരമായ ഏകാഗ്രത നഷ്ടപ്പെടാതെ ഹിന്ദുസ്ഥാനിസംഗീതലോകത്തിലെ കാണാക്കയങ്ങളിലേക്ക് നോവൽ നമ്മെ നയിക്കുന്നു.  ചളിയിളക്കാൻ ചകിരിയിട്ടുരച്ചേ തീരൂ.  വിഗ്രഹങ്ങളെ ഉടയ്ക്കുകയല്ല, അവയെ കഴുകിയുണക്കിക്കാട്ടിത്തരുന്നതിലാണ് ലതാലക്ഷ്മിയുടെ വിജയം.

നോവൽ വായിച്ചപ്പോൾ, ഒരുകൊച്ചുകാവിൽ നാട്ടുതച്ചൻ കരിങ്കല്ലിൽതീർത്ത ഭഗവതീവിഗ്രഹമാണ് മനസ്സിൽ തെളിഞ്ഞത്.  സത്യത്തിനല്ലാതെ സത്തയും സത്തുംതമ്മിൽ സമരസപ്പെടുത്താനാവില്ല.  

കല സത്യമാണോ?  അറിയില്ല.

No comments:

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...