Sunday 27 September 2015

അതിവേഗം അധോഗതി

വികസനമല്ല പുരോഗതി. ആണെന്നു പറഞ്ഞു നമ്മെ പറ്റിച്ചു മക്കാറാക്കുന്നു ഇക്കണ്ട 'ബഹുമാനപ്പെട്ട' രാഷ്ട്രീയക്കാര്‍. വികസനമൊക്കെയും പുരോഗതി ആവണമെന്നില്ല. പുരോഗതിക്കെതിരെയും വികസനമാകാം. അത്‌ അധോഗതി. ഇന്നു നാട്ടില്‍ കാണുന്നതും അധോഗതി. അതിവേഗപ്പാതകള്‍, ഫ്ളൈ-ഓവറുകള്‍, ടോള്‍-ബൂത്തുകള്‍, വിമാനത്താവളങ്ങള്‍, വൈദ്യുതീനിലയങ്ങള്‍, മാളുകള്‍, ഗോള്‍ഡ്‌-സൂക്കുകള്‍, ഗോള്‍ഫ്‌-കോഴ്‌സുകള്‍, കാസിനോകള്‍, സ്റ്റേഡിയങ്ങള്‍, മള്‍ട്ടി-സ്പെഷാലിറ്റി ആസ്പത്രികള്‍, തീം-പാറ്‍ക്കുകള്‍, ..... രാഷ്ട്രീയക്കാരുടെ വികസനപ്പട്ടിക നെടുനീണ്ടതാണ്‌. നാട്ടുകാരുടെ പണംകൊണ്ട്‌ ഇവയെല്ലാം പണിയുന്നു. ചക്കരക്കുടത്തില്‍ കയ്യിട്ടുവാരുന്നു. എന്നിട്ടോ തണ്റ്റെയോ തണ്റ്റെ പാര്‍ട്ടിക്കാരുടെയോ പേരിട്ടു സ്വയം രസിക്കുന്നു. പിന്നെയും കയ്യിട്ടു വാരുന്നു പണം, പണം. അതിവേഗപ്പാതകളുണ്ടാക്കി സ്പീഡു കുറയ്ക്കാന്‍ ഗതിരോധകങ്ങള്‍ (സ്പീഡ്‌-ബ്റേക്കറുകള്‍) നിര്‍മിക്കുന്നതു പുരോഗതിയല്ല. വൈദ്യുതനിലയങ്ങള്‍ സ്ഥാപിച്ചിട്ടും പവര്‍കട്ടും കുറഞ്ഞ വോള്‍ട്ടേജും ഉണ്ടാകുന്നത്‌ പുരോഗതിയല്ല. പഞ്ചായത്തുതോറും വിമാനത്താവളം പുരോഗതിക്കല്ല. കച്ചവടസ്ഥാനങ്ങളുണ്ടാക്കി അവിടെ അടുക്കാന്‍ വയ്യാത്തത്ര തിക്കും തിരക്കുമുണ്ടാക്കുന്നതും പുരോഗതിയല്ല. കുടിവെള്ളത്തിനു കുപ്പിവെള്ളം വേണ്ടിവരുന്നതു പുരോഗതിയല്ല. രോഗപ്രതിരോധനത്തിനുപകരം മുക്കിനുമുക്കിന്‌ ആസ്പത്രികള്‍ പണിതുകൂട്ടുന്നതു പുരോഗതിയല്ല. സ്കൂളുകളും കോളേജുകളും വേണ്ടവിധം നടത്താതെ റ്റ്യൂഷന്‍-കേന്ദ്രങ്ങളെ ആശ്രയിക്കേണ്ടിവരുന്നതു പുരോഗതിയല്ല. പാഠപുസ്തകങ്ങള്‍ ലഭിക്കാത്ത ഗ്രന്ഥശാലകള്‍ പുരോഗതിയല്ല. കുറച്ചു പൊങ്ങച്ചപ്പണക്കാരുടെ മാനസോല്ലാസത്തിനുവേണ്ടി നേരമ്പോക്കുദ്യാനങ്ങളൊരുക്കുന്നത്‌ പുരോഗതിയല്ല. പുത്തന്‍കെട്ടിടം പണിതിട്ട്‌ എയര്‍-കണ്ടീഷണറ്‍ ഇല്ലാതെ അതില്‍ പെരുമാറാന്‍ പറ്റില്ലെന്നു വരുന്നതു പുരോഗതിയല്ല. റോഡു നന്നാക്കാതെ ഹെല്‍മെറ്റ്‌ ധരിപ്പിക്കുന്നതും സീറ്റ്‌-ബെല്‍റ്റ്‌ പിടിപ്പിക്കുന്നതും സി.സി. ടീവി-യില്‍ കുറ്റമെണ്ണുന്നതും പുരോഗതിയല്ല. വണ്ടിയിടാന്‍ സ്ഥലമുണ്ടാക്കാതെ പാറ്‍ക്കിങ്ങ്‌-ഫീസ്‌ ഈടാക്കുന്നത്‌ പുരോഗതിയേയല്ല. വായുവിനും വെള്ളത്തിനും വില കൊടുക്കേണ്ടിവരുന്നതു വികസനമല്ല. മരുന്നുകമ്പനികള്‍ക്ക്‌ കച്ചവടമുണ്ടാക്കിക്കൊടുക്കുന്നതു വികസനമല്ല. ദാരിദ്ര്യകാരണങ്ങള്‍ തുടച്ചുനീക്കാതെ കുറെ റേഷനരികൊടുക്കുന്നത്‌ വികസനമല്ല. മാലിന്യം കുറയ്ക്കാതെ മാലിന്യം അങ്ങോട്ടുമിങ്ങോട്ടും തട്ടിക്കളിക്കുന്നതു വികസനമല്ല. വൃത്തിയാക്കാത്തിടത്ത്‌ അത്തര്‍ തളിക്കുന്നത്‌ വികസനമല്ല. യു.പി.എസ്‌.-ഉം പവര്‍-സ്റ്റെബിലൈസറും ഉപയോഗിക്കേണ്ടിവരുന്നതു വികസനമല്ല. മദ്യം നിരോധിച്ചെന്നപേരില്‍ വിവേകംകെട്ടവനെ വിഷംകുടിപ്പിക്കുന്നതും വികസനമല്ല. പച്ചക്കറികളിലെ വിഷാംശം കഴുകിക്കളയാനുള്ള മരുന്നുണ്ടാക്കി വില്‍ക്കുന്നതു വികസനമേയല്ല. എല്ലാത്തിനും ഒരു പരിഹാരമാര്‍ഗം ഇന്നിപ്പോള്‍ എല്ലാവര്‍ക്കും കമ്പ്യൂട്ടറാണ്‌. എല്ലാം കമ്പ്യൂട്ടറിലാക്കിയതുകൊണ്ടുമാത്രം ഒരു കാര്യവുമില്ല. അതിവിവരം ആര്‍ക്കും പ്രയോജനപ്പെടില്ല. ശരിയായ വിവരം ശരിയായ സമയത്ത്‌ ശരിയായ രീതിയില്‍ ലഭ്യമായാലേ കമ്പ്യൂട്ടര്‍വല്‍ക്കരണംകൊണ്ടു പ്രയോജനമുള്ളൂ. ഒന്നു ചോദിച്ചാല്‍ പത്തു തരുന്ന ഒരു സഹപ്രവര്‍ത്തകന്‍ എനിക്കുണ്ടായിരുന്നു, നെല്ലും പതിരും മാറ്റി ഞാന്‍ കുഴഞ്ഞു. എല്ലാ തെറ്റുകളും തിരുത്തി കമ്പ്യൂട്ടറില്‍ തയ്യാറാക്കിയ ഒരു രേഖ, സര്‍ക്കാരില്‍ കൊടുക്കുന്നതിനുമുന്‍പ്‌ തണ്റ്റെ ഗുമസ്തന്‍ അതു പുതുതായി വീണ്ടും ഒരിക്കല്‍കൂടി ടൈപ്പു ചെയ്യണമെന്നു ശഠിച്ച ഒരു വക്കീലിനെയും എനിക്കറിയാം. ഫീസും പിഴയും മറ്റും ഒന്നിനും ഒരു പരിഹാരമല്ല. അവ വെറും നോക്കുകൂലി, സര്‍ക്കാരിണ്റ്റേതെന്ന വ്യത്യാസം മാത്രം. പണ്ട്‌ ഉന്തുവണ്ടികള്‍ക്കും സൈക്കിളുകള്‍ക്കും റിക്ഷകള്‍ക്കുമൊക്കെ ലൈസെന്‍സ്‌-എടുക്കണമായിരുന്നു, പഞ്ചായത്തില്‍നിന്നും മുനിസിപ്പാലിറ്റിയില്‍നിന്നുമെല്ലാം. അതിനൊരു നിശ്ചിതസംഖ്യ ഒടുക്കണം ഉടമസ്ഥര്‍. ബ്റിട്ടീഷ്‌-സന്തതിയാണു സംഗതി. തദ്ദേശസ്വയംഭരണം പഠിച്ച എണ്റ്റെ ഒരു സ്നേഹിതനോട്‌ ഇതിണ്റ്റെ സാംഗത്യത്തെപ്പറ്റി ഒരിക്കല്‍ ഞാന്‍ ചോദിച്ചിരുന്നു. ഒരു പ്രദേശത്തെ നിരത്തുകള്‍ തിക്കിത്തിരങ്ങാതിരിക്കാന്‍ ഒരു പരിധി എണ്ണംവരെയേ വാഹനങ്ങളോടാവൂ. അതിനുള്ള നിയന്ത്രണമാണ്‌ ലൈസെന്‍സ്‌ കൊണ്ടുദ്ദേശിക്കുന്നത്‌. നിശ്ചിത എണ്ണമടുത്താല്‍ പിന്നെ ലൈസെന്‍സ്‌ കൊടുക്കരുതെന്നാണു പ്രമാണം. കുഗ്രാമങ്ങളില്‍ എന്തു തിരക്ക്‌? എന്തു പരിധി? എന്നാലും എവിടെയോ ഒരു യുക്തി ഉണ്ടായിരുന്നെന്നു കരുതാം. ഇന്നോ? തിരക്കെത്രയായാലും ഏതെങ്കിലും നഗരത്തില്‍ എന്തെങ്കിലും വാഹനത്തിനു ലൈസെന്‍സ്‌ തരാതിരിക്കുന്നുണ്ടോ സര്‍ക്കാര്‍? വണ്ടിത്തിരക്കു കുറയുന്നോ? പാര്‍ക്കിങ്ങ്‌-ഫീ കൂട്ടിയതുകൊണ്ട്‌ പാര്‍ക്കിങ്ങ്‌-സ്ഥലം കൂടുന്നോ? പരിസരദൂഷണത്തിനു പരിധി ഉണ്ടായിട്ടുണ്ടോ? വികസനമെന്നാല്‍ അതിനൊരു വ്യക്തമായ രൂപരേഖ വേണം. അത്‌ സാമാന്യമനുഷ്യണ്റ്റെ പുരോഗതിക്കുള്ളതാവണം. സര്‍ക്കാരിനു മുതല്‍ക്കൂട്ടാനോ കരാറുകാരുടെ കീശവീര്‍പ്പിക്കാനോ ഉള്ളതല്ല വികസനപ്രവര്‍ത്തനങ്ങള്‍. ഒരു കുഴി കുത്തുന്നതുപോലും എന്തിനെന്നും ആര്‍ക്കാണ്‌ അതിണ്റ്റെ പ്രയോജനമെന്നും ഭാവിയില്‍ അതിണ്റ്റെ ഗുണദോഷങ്ങള്‍ എന്തെന്നും, കുഴി കുത്തുന്നവര്‍മാത്രമല്ല കുഴിക്കു ചുറ്റുമുള്ളവരെല്ലാം അറിഞ്ഞിരിക്കണം. ഇന്നു കുത്തിയ കുഴി നാളെ മൂടാനുള്ളതല്ല, കരാറുകാര്‍ക്കും ജനപ്രതിനിധികള്‍ക്കും അതു സ്വര്‍ണഖനിയാണെന്നിരിക്കിലും. ജീവിതനിലവാരവും (സ്റ്റാണ്റ്റേര്‍ഡ്‌ ഓഫ്‌ ലിവിംഗ്‌) ജീവിതമേന്‍മയൂം (ക്വാളിറ്റി ഓഫ്‌ ലൈഫ്‌) തമ്മില്‍ വലിയ ബാന്ധവമൊന്നുമില്ല. ചിലര്‍ അവ ഒന്നാണെന്നു വിശ്വസിക്കുന്നു, ചിലര്‍ അവ ഒന്നാണെന്നു വിശ്വസിപ്പിക്കുന്നു. നഗരത്തിലേ ആര്‍ഭാടമായൊരു കെട്ടിടത്തിലാവാം താമസം, പക്ഷെ കൊതുകടി ഉറക്കംകെടുത്തുമെങ്കില്‍ ജീവിതമേന്‍മയില്ല. മറിച്ച്‌ വലിയ നിലവാരമൊന്നുമില്ലാത്ത ഒരു ഗ്രാമത്തിലെ കൊച്ചുവീട്ടില്‍ കൊതുകടിയില്ലാതെ ഉറങ്ങാമെങ്കില്‍, അവിടത്തെ ജീവിതമേന്‍മ നഗരത്തിലേതിനേക്കാള്‍ മെച്ചപ്പെട്ടതാണ്‌. ഫ്രിജ്ജിലെ പഴകിയ സാധനങ്ങള്‍ തിന്നുന്നവരേക്കാള്‍ ജീവിതമേന്‍മ അന്നന്നത്തെ ആഹാരം അധ്വാനിച്ചുണ്ടാക്കി തിന്നുന്നവര്‍ക്കാണ്‌. ആധുനികസൌകര്യങ്ങള്‍ അനാവശ്യമാണെന്നല്ല ഇപ്പറഞ്ഞതിനര്‍ഥം. ഒന്നു മറ്റൊന്നാണെന്നു വിശ്വസിപ്പിക്കുന്ന കള്ളനേതാക്കളെയാണ്‌ നമ്മള്‍ കരുതിയിരിക്കേണ്ടത്‌. ഉദാഹരണത്തിന്‌, ആരാണ്റ്റെ ചെലവില്‍ ഒരു കളിസ്ഥലമുണ്ടാക്കി ആ പ്രദേശത്തെ കുരുന്നുകളെയും യുവാക്കളെയുമെല്ലാം ശ്രദ്ധതിരിച്ചുവിട്ട്‌ മടിയന്‍മാരും മഠയന്‍മാരുമാക്കുന്നതരം പ്രവൃത്തികള്‍ക്കെതിരെ നാം പൊരുതേണ്ടതുണ്ട്‌. ഒരുപിടി സുഖിയന്‍മാര്‍ക്ക്‌ അതിവേഗം ബഹുദൂരം ഓടിത്തിമിര്‍ക്കാന്‍മാത്രമൊരുക്കുന്ന സുഖസൌകര്യങ്ങളെ ഒന്നിച്ചെതിര്‍ക്കേണ്ടതുണ്ട്‌. കോണ്‍ട്രാക്റ്റര്‍മാര്‍ക്കും രാഷ്ട്രീയക്കാര്‍ക്കുംമാത്രം പ്രയോജനപ്പെടുന്ന ഭീമന്‍പദ്ധതികള്‍ക്കെതിരെ നാം പ്രതികരിക്കേണ്ടതുണ്ട്‌. ഒരു നാടിനെ വെട്ടിമുറിച്ചു തിന്നാന്‍ എന്തെളുപ്പം. പക്ഷെ കൈവിട്ടുപോയ ജീവിതത്തെ വീണ്ടെടുക്കാന്‍ പരമപ്രയാസം.

2 comments:

NITHYAN said...

You have to change the layout of the blog. I think that is why you are not getting the paragraph visible.

NITHYAN said...

പഴയകാലത്തിന്റെ ഒരു നേര്‍ചിത്രമാണ് ആദ്യത്തെ നെടുനീളന്‍ ഖണ്ഡിക. ഒരു കാലത്തെ ദൈനംദിന ജീവിതത്തെ അതിമനോഹരമായി അതടയാളപ്പെടുത്തുന്നു. സ്വാമിജീ സത്യത്തില്‍ ആ കാലത്ത് നാം പൈസ ചിലവാക്കിയത് എന്തിനൊക്കെയായിരിക്കും. ഇന്നോ.... രസകരമാണ്. ഇന്നത്തെ അത്യാവശ്യങ്ങളൊക്കെ അന്ന് ആഡംബരങ്ങളുടെ പോയിട്ട് അനാവശ്യങ്ങളുടെ പട്ടികയില്‍ കൂടിയില്ലാത്ത സംഗതികളാണ്. യുവജനങ്ങളുടെ വയോജനവയറുകള്‍ വലിയ പ്രശ്‌നം തന്നെയാണ്. ഭക്ഷണമാണ്, ഭക്ഷണം മാത്രമാണ് പ്രശ്‌നം. വ്യായാമമാണെന്നു തോന്നുന്നില്ല. കാരണം ഒരുമാതിരി അധ്വാനിക്കുന്നവര്‍ക്കു കൂടി അതു കാണുന്നു. ഞാന്‍ കാണാറുണ്ട് - കാശ് ആരാന്റെതാണെങ്കിലും വയറു നമ്മുടെതാണെന്ന ഒരു ബോധവുമില്ലാതെ വെട്ടിവിഴുങ്ങുന്ന പലരെയും. ഒരു പാട് ഭക്ഷണം കഴിക്കുന്ന എല്ലാ ജീവികളും കുടവയറുള്ളതാണ്. ആന പശു പന്നി എരുമ.... ആ വംശാവലിയിലാണ് ചുരുങ്ങിയത് നമ്മുടെ വയറുകളുടെയെങ്കിലും സ്ഥാനം.

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...