Sunday 27 September 2015

പുസ്തകപ്പുഴുക്കള്‍

പുസ്തകങ്ങള്‍ക്ക്‌ അനവധി ഉപയോഗങ്ങളുണ്ട്‌: അന്തസ്സില്‍ വാങ്ങാനും ലാഭത്തില്‍ വില്‍ക്കാനും കൂടെ കൊണ്ടുനടക്കാനും സമ്മാനമായി കൊടുക്കാനും ആളുകളെ വശത്താക്കാനും വീടിനു മോടികൂട്ടാനും ഓഫീസില്‍ മോടികാട്ടാനും ബുദ്ധിരാക്ഷസന്‍ ചമയാനും അത്യാവശ്യം കുറിപ്പുകളെഴുതാനും താളുകള്‍ക്കിടയില്‍ പണം സൂക്ഷിക്കാനും ആരുമറിയാതെ പണം കൈമാറാനും വേണ്ടിവന്നാല്‍ കടലാസ്സു പറിക്കാനും മയില്‍പ്പീലിയും പൂവിതളുമെല്ലാം സംരക്ഷിക്കാനും രഹസ്യമായി പ്രണയലേഖനം കൈമാറാനും മറ്റുമാര്‍ഗങ്ങളില്ലെങ്കില്‍ മുഖം മറയ്ക്കാനും ആരാണ്റ്റെ കണ്ണുവെട്ടിക്കാനും വെയില്‍ കൊള്ളാതിരിക്കാനും ഉഷ്ണിച്ചാല്‍ വിശറിയാക്കാനും മേശപ്പുറത്തെ കടലാസ്സു പറക്കാതിരിക്കാനും ഇരിപ്പിടത്തിന്‌ ഉയരം കൂട്ടാനും പിരിമുറുകുമ്പോള്‍ തലപൂഴ്ത്താനും വിശ്രമിക്കുമ്പോള്‍ മണംപിടിക്കാനും ഉറക്കംവരുമ്പോള്‍ തലയണയ്ക്കാനും ഇടയ്ക്കിടെ ഈച്ചയാട്ടാനും അറ്റകൈക്ക്‌ കൊതുക്കളെ അടിക്കാനും പിള്ളേരെ തല്ലാനും പ്റിയപ്പെട്ടവരെ തലോടാനും. പിന്നെ വേണമെങ്കില്‍ വായിക്കാനും പഠിക്കാനും. പുസ്തകപ്പുഴുക്കളും വേണ്ടുവോളമുണ്ടു ചുറ്റും. എന്തുകണ്ടാലും വായിക്കുന്നവര്‍, എന്തുകണ്ടാലും വാങ്ങിക്കുന്നവര്‍. കയ്യില്‍ കൊണ്ടു നടക്കുന്നവര്‍. സൂക്ഷിച്ചു വയ്ക്കുന്നവര്‍. വായിക്കാതെ ഉറക്കം വരാത്തവര്‍. ഊണും ഉറക്കവും വെടിഞ്ഞു വായിക്കുന്നവര്‍. നെപ്പോളിയനാണെന്നു തോന്നുന്നു, തണ്റ്റെ അടുത്ത ജന്‍മത്തില്‍ ഒരു ലൈബ്രേറിയനായി പിറക്കണമെന്നാഗ്രഹിച്ചത്‌. ഉംബെര്‍ടോ ഇകൊ എന്ന പ്രസിദ്ധ ഗ്രന്ഥകാരണ്റ്റെ കൈവശം അന്‍പതിനായിരത്തിലധികം പുസ്തകങ്ങളുണ്ടത്രെ. വെറുതയല്ല അദ്ദേഹം ഇത്രമാത്രം കാര്യങ്ങള്‍ വായനക്കാരുമായി പങ്കുവയ്ക്കുന്നത്‌. ഈ കൊച്ചു ഗോവയില്‍തന്നെ, സ്വാതന്ത്ര്യപോരാളിയും കൊങ്കണിക്കവിയും സാമൂഹ്യപരിഷ്കര്‍ത്താവുമായ നാഗേഷ്‌ കര്‍മലിയുടെ വീട്ടില്‍ പതിനായിരക്കണക്കിനാണു ശേഖരം. ആര്‍ക്കും പോയിരുന്ന് എന്തും വായിക്കാം അവിടെ. പക്ഷെ ഒരൊറ്റ പുസ്തകം കടംകൊടുക്കില്ലെന്ന വാശിയിലാണദ്ദേഹം. കടംകൊടുത്ത പുസ്തകം കളഞ്ഞുപോയതിനു തുല്യം എന്ന് ആര്‍ക്കാണറിയാത്തത്‌? ഒരുമാതിരിപ്പെട്ടവര്‍ക്കൊന്നും പുസ്തകം തിരിച്ചുകൊടുക്കാനുള്ളതല്ലല്ലോ. ഒരു ശാസ്ത്രഗവേഷണശാലയില്‍ ഗവേഷകരിലൊരാള്‍ നൂറുകണക്കിനു പുസ്തകങ്ങള്‍ തിരിച്ചുകൊടുക്കാതെ വന്നപ്പോള്‍ ലൈബ്രേറിയന്‍ പോയി കാര്യമന്വേഷിച്ചു. ഗവേഷകണ്റ്റെ മറുപടി ഇതായിരുന്നു: ഇതിലൊരു പുസ്തകമെങ്കിലും ഞാന്‍ ഉപയോഗിക്കാത്തതുണ്ടോ? ഒരു പുസ്തകമെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ? ഇതിലൊറ്റ പുസ്തകമെങ്കിലും മറ്റാരെങ്കിലും ആവശ്യപ്പെട്ടുവന്നോ? ഇല്ലല്ലോ. ഇനി ഇതെല്ലാംകൂട്ടി ഞാനങ്ങു തിരിച്ചുതന്നാല്‍തന്നെ അതെല്ലാം തിരികെ വയ്ക്കാനുള്ള സ്ഥലം ലൈബ്രറിയിലുണ്ടോ? കൊല്‍ക്കത്തയില്‍ കണ്ടിട്ടുണ്ട്‌, ആളുകള്‍ പുറത്തേക്കിറങ്ങുംമുന്നേ തോള്‍സഞ്ചിയില്‍ ഒന്നുരണ്ടു പുസ്തകം വെറുതെ കുത്തിനിറയ്ക്കുന്നത്‌. എണ്റ്റെ ഒരു സഹപ്രവര്‍ത്തകന്‍ വിലപിടിപ്പുള്ള പുസ്തകങ്ങള്‍ സ്ഥിരമായി വാങ്ങിക്കൂട്ടുമായിരുന്നു; എന്നിട്ടതെല്ലാം സൂക്ഷിച്ചുവയ്ക്കും പിന്നെ എപ്പോഴെങ്കിലും വായിക്കാന്‍. അതു പക്ഷെ ഉണ്ടാകാറില്ല. വായിച്ച താളുകള്‍ കീറിയെടുത്ത്‌ ചുരുട്ടിക്കൂട്ടിയെറിയുന്ന ഒരു 'ഹിപ്പി'യെ കണ്ടിട്ടുണ്ട്‌ ഒരിക്കല്‍ തീവണ്ടിയില്‍; യാത്ര തീരുമ്പോഴേക്കും പുസ്തകവും 'തീരും'. നമ്മുടെ പല രാഷ്ട്റീയക്കാരെയും കണ്ടിട്ടില്ലേ, മുഖാമുഖസമയത്ത്‌ പിറകില്‍ അലമാരനിറച്ചും പുസ്തകങ്ങളുമായി. അതിലൊരെണ്ണം വായിച്ചിരുന്നെങ്കില്‍ ഈ മഹതീമഹാന്‍മാര്‍ എന്നോ നന്നായിപ്പോയേനേ. പിന്നെ വക്കീല്‍മാര്‍. അവരുടെ പരഭാഗത്തും കണ്ടിട്ടുണ്ട്‌ പുസ്തകശ്ശീവേലി. ഇനി പുത്തന്‍പണക്കാരുടെ കാര്യം. അവര്‍ക്ക്‌ കോഫി-ടേബിള്‍ ഇല്ലാതെ പറ്റില്ലല്ലോ; അതിനുമേല്‍ ഒന്നുരണ്ട്‌ ആഡംബരപ്പുസ്തകങ്ങളും. അവരുടെ വീടുകള്‍ മോടിപിടിപ്പിക്കാന്‍ ലോകത്തിലെ ഏതു പുസ്തകത്തിണ്റ്റെയും പുറംചട്ടയോടെ അകത്തൊന്നുമില്ലാത്ത ഡമ്മിപ്പുസ്തകങ്ങള്‍ സംഘടിപ്പിച്ചുകൊടുക്കുന്ന ഗൃഹാലങ്കാരവിദഗ്ധരും ഉണ്ടത്രെ. ജോലിയില്‍നിന്ന് അടുത്തിടെ വിരമിച്ച ഒരു മലയാളി പറഞ്ഞതാണ്‌, ഗോവ വിട്ടുപോകാതിരിക്കാന്‍ ഒരു കാരണം ഇവിടത്തെ സെണ്റ്റ്രല്‍ ലൈബ്രറികളാണെന്ന്. ജില്ലാതലത്തിലും താലൂക്കു തലത്തിലും ഗ്രാമസഭാതലത്തിലും, ഒരുമാതിരിപ്പെട്ട ആര്‍ക്കും പ്രയോജനപ്പെടുത്താവുന്ന വിധത്തില്‍ തലങ്ങും വിലങ്ങും ഗ്രന്ഥശാലകള്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്നു ഗോവയില്‍. ഇവയില്‍ ഏറ്റവുമധികം സ്തുത്യറ്‍ഹമായത്‌ പണജിയിലെ കൃഷ്ണദാസ്‌ ശാമ സെണ്റ്റ്രല്‍ ലൈബ്രറി തന്നെ. ചുറ്റുമുള്ള വൃത്തികേടുകളില്‍നിന്നെല്ലാമുയര്‍ന്ന് അത്യാധുനിക സൌകര്യങ്ങളും അതിവിപുലമായ ഗ്രന്ഥശേഖരങ്ങളും അതിസുന്ദരമായ വായനാന്തരീക്ഷവുമുള്ള ഈ ഗ്രന്ഥശാല, ചളിക്കുണ്ടില്‍ ചെന്താമരയെന്നപോലെ വിരിഞ്ഞുനില്‍ക്കുന്നു. അധികമകലെയല്ലാതെ പഞ്ചിം മുനിസിപ്പല്‍ പൂന്തോട്ടത്തില്‍ മറ്റൊരു കൌതുകക്കാഴ്ചയുമുണ്ട്‌: ഒരു തുറന്ന ലൈബ്രറി. അവിടത്തെ തുറന്ന പുസ്തകത്തട്ടില്‍ ആര്‍ക്കുവേണമെങ്കിലും പുസ്തകങ്ങളും മാസികകളും വാരികകളും ദൈനികങ്ങളും നിക്ഷേപിക്കാം, ആര്‍ക്കുവേണമെങ്കിലും അവ എടുത്തു വായിക്കാം. ആരോടും ചോദിക്കണ്ട, പറയണ്ട. കേരളത്തോളമെത്തില്ലെങ്കിലും, വായനക്കൊതിയുള്ളവര്‍ക്ക്‌ നട്ടംതിരിയേണ്ടിവരില്ല ഗോവയില്‍. ഒരു പ്രധാനവ്യത്യാസവുമുണ്ട്‌. മറ്റു സംസ്ഥാനങ്ങളിലേതുപോലെയല്ലാതെ നാട്ടുഭാഷാഗ്രന്ഥങ്ങളേക്കാള്‍ ഇംഗ്ളീഷ്‌-പുസ്തകങ്ങള്‍ വേണ്ടുവോളം ലഭ്യമാണ്‌ ഗോവയിലെ പുസ്തകശേഖരങ്ങളില്‍. ഒരു നല്ല മലയാളം-ലൈബ്രറിയുടെ അഭാവം പക്ഷെ ഇന്നുമുണ്ട്‌. മലയാളമുള്‍പ്പെടെ എല്ലാ ഭാരതീയ ഭാഷകളിലെയും പുസ്തകങ്ങള്‍ ഗോവയിലുള്ളവരില്‍നിന്നു സൌജന്യമായി സമാഹരിച്ച്‌ സെണ്റ്റ്രല്‍ ലൈബ്രറിയില്‍ സൂക്ഷിക്കാനൊരു പദ്ധതി നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും നടപ്പിലാകുമോ എന്നു തിട്ടമില്ല. എണ്റ്റെ അപൂര്‍വം ഭാഗ്യങ്ങളിലൊന്നാണ്‌ എണ്റ്റെ ഭാര്യ വ്യക്തിപരമായി വലിയൊരു പുസ്തകപ്റേമിയും തൊഴില്‍പരമായി ലൈബ്രേറിയനുമാണെന്നുള്ളത്‌. ഓണം-വിഷു-സംക്രാന്തിക്കുമാത്രമൊതുങ്ങാതെ എണ്റ്റെ വീട്ടില്‍ സമൃദ്ധമായി കിട്ടുന്ന ഒന്നാണ്‌ വായിക്കാന്‍ പുസ്തകങ്ങള്‍. വായിച്ചുവായിച്ചു വളര്‍ന്നുവളര്‍ന്ന് വയസ്സേറെ ആയെന്നുമാത്രം! പുസ്തകങ്ങളെ സംബന്ധിച്ചിടത്തോളം വളരെ പരിതാപകരമായ സാഹചര്യത്തിലാണ്‌ ഞങ്ങളുടെ തലമുറ പഠിച്ചത്‌. ഏഴാംക്ളാസ്സിലെത്തിയപ്പോഴാണ്‌ പാഠപുസ്തകങ്ങളല്ലാത്ത ഒന്നുരണ്ടു പുസ്തകങ്ങള്‍ കയ്യിലെത്തുന്നത്‌. അധ്യാപകന്‍ ഒരുകെട്ടു പുസ്തകവുമായി വരുന്നു; ഇരിക്കുന്ന മുറയ്ക്ക്‌ അവ ഒന്നൊന്നായി ഞങ്ങള്‍ക്കു തരുന്നു. അവസാനബെഞ്ചുകാര്‍ക്ക്‌ കിട്ടിയെന്നും വരില്ല. മൂന്നാംപക്കം അത്‌ അടുത്തകുട്ടിക്കു കൈമാറണം. വായിച്ചാലുമില്ലെങ്കിലും. ലൈബ്രറിപ്പണി അതോടെ തീര്‍ന്നു. സിന്‍ബാദിണ്റ്റെ കഥയും റോമിണ്റ്റെ കഥയും സൊറാബ്‌-റസ്തം കഥയും അന്നു വായിച്ചതായി ഓറ്‍മയിലുണ്ട്‌. പിന്നെ പത്താംക്ളാസ്സെത്തുമ്പോഴാണ്‌ ചെമ്മീന്‍ ഒരു വിലയേറിയ മത്സ്യമാണെന്നും ഓടയില്‍നിന്ന് ഒരു സിനിമയാണെന്നും നാലുകെട്ട്‌ മുസ്ളീങ്ങള്‍ക്കുള്ളതാണെന്നും ഓടക്കുഴല്‍ ഒരു സംഗീതോപകരണമാണെന്നും ഭാരതപര്യടനം ചെലവേറിയ പരിപാടിയാണെന്നും മലയാളശൈലി ഒരു പഴഞ്ചൊല്‍മാലയാണെന്നുമെല്ലാമുള്ള (എന്നു ഞങ്ങള്‍ ഉപന്യാസംവരെ എഴുതിയിട്ടുണ്ട്‌) ധാരണ മാറി അവ മഹല്‍ഗ്രന്ഥങ്ങളാണെന്നു മനസ്സിലായത്‌. ഒന്നുരണ്ടുവര്‍ഷംകൊണ്ട്‌ കേരളസാഹിത്യചരിത്രംവരെ വായിച്ചുമനസ്സിലാക്കാന്‍ ഞങ്ങളെ പ്രാപ്തരാക്കിയ അരവിന്ദാക്ഷന്‍ മാസ്റ്റര്‍ ഇന്നും തൃപ്പൂണിത്തുറയില്‍ പ്രകാശംപരത്തി നില്‍ക്കുന്നു. കോളേജ്‌-പഠനത്തിണ്റ്റെ തുടക്കവും അല്‍പം അരോചകമായിരുന്നു. കാരണം ഞാന്‍ ചേര്‍ന്ന സ്വകാര്യകോളേജിലെ ഗ്രന്ഥാലയം സ്വയം പുസ്തകം തിരഞ്ഞെടുക്കാന്‍ അനുവദിച്ചിരുന്നില്ല. കൂടാതെ തൊട്ടതിനെല്ലാം പ്രതിബന്ധമായി ലൈബ്ററി-ജീവനക്കാരും. തുടര്‍ന്ന് സര്‍ക്കാര്‍-കോളേജിലെത്തിയപ്പോഴാണ്‌ തുറന്നുകിടക്കുന്ന പുസ്തകത്തട്ടുകള്‍ കാണുന്നതും ലൈബ്റേറിയനുമായി ചങ്ങാത്തത്തിലാകുന്നതും പുത്തന്‍പുസ്തകങ്ങള്‍ കണക്കില്‍ചേറ്‍ക്കുന്നതിനുംമുന്‍പേ വായിക്കാന്‍ കിട്ടുന്നതും. എറണാകുളം മഹാരാജാസ്‌ കോളേജ്‌ വളമിട്ടുവളര്‍ത്തിയ വ്യക്തികള്‍ അതൊരിക്കലും മറക്കാന്‍ വഴിയില്ല. ഉപരിപഠനത്തിണ്റ്റെ പിന്നീടുള്ള രണ്ടുവറ്‍ഷങ്ങളില്‍ സാങ്കേതികഗ്രന്ഥങ്ങളുമായിമാത്രം കെട്ടുപിണയാനേ കഴിയുമായിരുന്നുള്ളൂ. പുറംവായനയ്ക്ക്‌, തൃപ്പൂണിത്തുറയില്‍ ഗാന്ധിജിയുടെ പാദസ്പര്‍ശംകൊണ്ടു ധന്യമായ മഹാത്മാ വായനശാല. കൊച്ചി സര്‍വകലാശാലയിലെ ഞങ്ങളുടെ വകുപ്പുലൈബ്ററി അറിവിണ്റ്റെ ഒരു കടലാണ്‌ തുറന്നുതന്നത്‌. പഴമയും പുതുമയും കൈകോര്‍ത്തൊരു ഗ്രന്ഥശാല. അലമാരികള്‍ക്കിടയിലെ പുസ്തകാന്വേഷണവും ഇടയ്ക്കെല്ലാമുള്ള കുട്ടിക്കുറുമ്പുകളും ലൈബ്രേറിയണ്റ്റെ പൂര്‍ണനിരീക്ഷണവലയത്തിലായിരുന്നെങ്കിലും എന്തും വായിക്കാനും സ്വയം വളരാനുമുള്ള സ്വാതന്ത്ര്യം അനുവദിക്കപ്പെട്ടിരുന്നു. സ്വയംപഠനം എന്നത്‌ അവിടെയാണു പഠിച്ചത്‌. അന്നേയ്ക്കു ഞങ്ങള്‍ മുതിര്‍ന്നവരുമായല്ലോ. തൊഴിലിണ്റ്റെ ഭാഗമായി ഇന്ത്യയിലെയും വിദേശത്തെയും പല ഗ്രന്ഥശാലകളും പിന്നെ കണ്ടു. ഒരു ഗ്രന്ഥശാലയെച്ചുറ്റി ഒരു മഹദ്‌വലയം ഉണ്ടാകും. പുസ്തകപ്പുഴുക്കള്‍ എങ്ങും എമ്പാടും ഉണ്ടെന്ന സത്യം അതോടെ ബോധ്യപ്പെട്ടു. വാങ്ങാനല്ലെങ്കിലും വായിക്കാനെങ്കിലും കയറിക്കൂടുന്നവര്‍ ലോകംമുഴുവനുള്ള പുസ്തകശാലകളിലുണ്ട്‌. ദക്ഷിണാഫ്രിക്കയിലെ കേപ്പ്‌ ടൌണില്‍ ഒരു പുസ്തകശാലതന്നെ അത്തരം പുസ്തകപ്പുഴുക്കള്‍ക്ക്‌ സോഫയും കാപ്പിയും മറ്റുമായി തുറന്നുവച്ചിരിക്കുന്നു. വേണ്ടുവോളം പുസ്തകം വായിക്കാം, വേണമെങ്കില്‍ വാങ്ങാം, വേണ്ടെങ്കില്‍ ഇറങ്ങിപ്പോരാം. അടുത്തകാലത്തു കേട്ടതാണ്‌, ദില്ലിയിലെ 'ഫാക്റ്റ്‌ ആണ്റ്റ്‌ ഫിക്‌ഷന്‍' എന്ന വളരെ ജനപ്രിയമായ പുസ്തകശാല അടച്ചുപൂട്ടിയെന്ന്. വളരെ അപൂര്‍വമായ പുസ്തകങ്ങള്‍ യാതൊരു അടുക്കും ചിട്ടയുമില്ലാതെ വാങ്ങിവച്ചു വിറ്റിരുന്ന ഒരു സ്ഥാപനമായിരുന്നത്രെ അത്‌. മണിക്കൂര്‍കണക്കു ചെലവിടാന്‍ ആളുകളെത്തിയിരുന്നത്രെ അവിടെ. പക്ഷെ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല, കമ്പോളത്തിണ്റ്റെ കയ്യേറ്റത്തില്‍, കൈക്രിയയില്‍. ഇന്നുമോറ്‍ക്കുന്നു പുണെയിലെ ഡെക്കന്‍ ജിംഖാന എന്നിടത്തെ 'സാരസ്വത്‌' എന്നൊരു പുസ്തകശാല. കാര്‍ള്‍ എം. പോപ്പര്‍ എന്ന ഗ്രന്ഥകാരണ്റ്റെ ഒരു പുസ്തകം തിരഞ്ഞുനടക്കുകയായിരുന്നു ഞാന്‍. ദില്ലിയിലും കൊല്‍ക്കത്തയിലും ചെന്നൈയിലും മുംബൈയിലുമായി പലയിടത്തും കയറിയിറങ്ങി, ആ പുസ്തകത്തിനുവേണ്ടി. അവസാനം പുണെയിലെ 'സാരസ്വ'ത്തില്‍ എത്തിയപ്പോഴേക്കും പുസ്തകത്തിണ്റ്റെ പേരും മറന്നു. അതൊരു ഒറ്റയാള്‍ക്കടയായിരുന്നു. തലനരച്ച കടക്കാരന്‍ എന്നോടു ചോദിച്ചു 'കഞ്ചെക്ച്ചേര്‍സ്‌ ആണ്റ്റ്‌ റെഫ്യൂട്ടേഷന്‍സ്‌' ആണോ തിരക്കുന്നതെന്ന്. താന്‍ അതു സര്‍വകലാശാലയിലോമറ്റോ വായിച്ചിട്ടുണ്ടെന്നും പക്ഷെ അതു മാര്‍ക്കറ്റില്‍ കിട്ടില്ലെന്നും അദ്ദേഹം ഉറപ്പായിപ്പറഞ്ഞു. പുസ്തകത്തേക്കാള്‍ വലിയ പുസ്തകക്കാരന്‍! ഇന്നും എനിക്കാ പുസ്തകം കിട്ടിയിട്ടില്ല വായിക്കാന്‍. പിന്നെ, മോശം പുസ്തകങ്ങള്‍ വായിക്കുന്നതിനേക്കാള്‍ മോശം വേറൊന്നില്ല. ചില പുസ്തകങ്ങള്‍ വാങ്ങിവായിക്കുന്നതിനേക്കാള്‍ ഒരു പുസ്തകമങ്ങെഴുതുന്നതാണെളുപ്പം. പ്രത്യേകിച്ചും വില കാണുമ്പോള്‍. പുസ്തകപ്രസാധനരംഗത്തെ കാണാച്ചരടുകളറിയുമ്പോള്‍, ഒരു 'ഒറ്റക്കോപ്പി-വിപ്ളവ'മായാലോ എന്നു തോന്നിത്തുടങ്ങിയിട്ടുണ്ട്‌ ഈയിടെ. സംഗതി എളുപ്പം. ഒരു പുസ്തകമെഴുതി ഇപ്പോഴത്തെ സമൂഹമാധ്യമങ്ങളിലെവിടെയെങ്കിലും സ്വയമങ്ങു പ്രതിഷ്ഠിക്കുക. അത്‌ പുസ്തകപ്പുഴുക്കള്‍ സൌജന്യമായി കരണ്ടിക്കോട്ടെ. അതോടൊപ്പം വീട്ടിലിരുന്ന് അതിണ്റ്റെ ഒരു കോപ്പി - ഒറ്റക്കോപ്പി മാത്രം, പുറംചട്ടയടക്കം - തയ്യാറാക്കുക. അതങ്ങു ഭംഗിയായി ബൈണ്റ്റുചെയ്തു സൂക്ഷിക്കുക. കാണിക്കേണ്ടവരെ കാണിക്കാം. ഇടയ്ക്കിടെ തട്ടാം, തലോടാം, താലോലിക്കാം. ശുഭം.

No comments:

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...