Sunday 27 September 2015

'അമ്മയുടെ പുളിങ്കറി; ചിറ്റമ്മയുടെ കിണറ്റീച്ചാടി'

൧൯൬൦-൭൦കളിലെ ഭക്ഷ്യക്ഷാമം അതിതീവ്രമായി അനുഭവിച്ചറിഞ്ഞതാണ്‌ എണ്റ്റെ തലമുറ. 'കോഴിറേഷ'ണ്റ്റെ കാലം. 'പുഴുക്കലരി = പുഴു + കല്‍ + അരി' എന്ന്‌ അന്നത്തെ നിര്‍വചനം. റേഷന്‍പച്ചരിയും റേഷന്‍ഗോതമ്പും റേഷന്‍പഞ്ചസാരയും റേഷന്‍മണ്ണെണ്ണയും കിട്ടിയില്ലെങ്കില്‍ ഒട്ടുമിക്ക വീടുകളിലെയും അടുപ്പുപുകയാത്ത കാലം. ഉള്ളതുകൊണ്ട്‌ ഓണമുണ്ണാനും വീണിടം വിഷ്ണുലോകമാക്കാനും മലയാളിക്കെന്നേയറിയാം. അതിനാല്‍മാത്രം ഗോതമ്പുകഞ്ഞിയും പാല്‍പ്പൊടിപ്പാലും മക്രോണിപ്പായസവും ചോളപ്പൊടി-ഉപ്പുമാവും 'കണ്ടസാരി'ക്കാപ്പിയും 'തൈനാന്‍'-ചോറുമെല്ലാം അന്നത്തെ കണ്ടുപിടിത്തങ്ങളായി. 'ജനത'ഹോട്ടലുകളും 'ന്യായവില' ഷോപ്പുകളും തട്ടുകടകളും അക്കാലത്താണ്‌ കേരളം കണികാണുന്നത്‌. അക്കാലത്താണ്‌ കേരളീയര്‍ ചപ്പാത്തിയും പൂരിയും തിന്നു തുടങ്ങുന്നത്‌. സ്കൂളുകളിലെ ഉച്ചക്കഞ്ഞി പാടേ മുടങ്ങി. പകരം 'അമേരിക്കന്‍പൊടി'കൊണ്ടൊരു ഉപ്പുമാവും പൊടിപ്പാലുമായി. അതു കഴിച്ച്‌ ഒരുമാതിരി കുട്ടികള്‍ക്കെല്ലാം മേലാസകലം ചൊറിയായി. 'കോഴിറേഷ'നെതിരെ കോളേജുകുട്ടികള്‍വരെ സമരത്തിനിറങ്ങി. "ഉള്ളിത്തൊലിപോലെ ദോശയുണ്ടാക്കി പൈസ പതിനഞ്ചു മേടി"ക്കുന്ന കഴുത്തറുപ്പന്‍-ഹോട്ടലുകാര്‍ക്കെതിരെ പ്രതിഷേധമായി. നിലവില്‍വന്ന 'പെര്‍മിറ്റ്‌-രാജ്‌' മുതലെടുത്ത പൂഴ്ത്തിവയ്പ്പുകാരും കരിഞ്ചന്തക്കാരുമായി ഗതിമുട്ടിയ നാട്ടുകാരുടെ സംഘട്ടനവുമായി. അതിനിടെ ഒരു 'ഫോളിഡോള്‍'-പ്രശ്നവും ഒരു 'എര്‍ഗോട്ട്‌'-പ്രശ്നവും കൂടിയായപ്പോള്‍ സംഗതി കലക്കി. ഒരു ഇറക്കുമതിക്കപ്പലിലെ പഞ്ചസാരയില്‍ 'ഫോളിഡോള്‍' എന്നൊരു വിഷം (കീടനാശിനി?) വീണത്രേ. എവിടെ വീണെന്നോ എത്ര വീണെന്നോ എവിടെയെല്ലാം വിഷം കലര്‍ന്ന ചരക്കുചാക്കുകള്‍ എത്തിപ്പെട്ടെന്നോ ഒരു വിവരവുമില്ലായിരുന്നു. നാട്ടിലാകെ പരിഭ്രാന്തിയായി. റേഷന്‍കിട്ടിയ പഞ്ചസാരയായ പഞ്ചസാര മുഴുവന്‍ കുഴികുത്തിമൂടേണ്ടിവന്നു. അത്യാവശ്യത്തിനുപുറത്ത്‌ അവിശ്വാസം കയറിക്കൂടിയപ്പോള്‍ ജനങ്ങളുടെ ആശയറ്റു. അതൊരു കിംവദന്തി ആയിരുന്നിരിക്കാം, നുണക്കഥ ആയിരുന്നിരിക്കാം, ആരുടെയെങ്കിലും ക്രൂരതയായിരിക്കാം, ഒരു പക്ഷെ അബദ്ധവുമായിരിക്കാം. ഇറ്റുകഞ്ഞിയില്‍ പാറ്റകൂടി വീണപ്പോള്‍ ജനം പാറ്റയേക്കാള്‍ പിടഞ്ഞു എന്നതുമാത്രം സത്യം. റേഷന്‍ ഗോതമ്പില്‍ 'എര്‍ഗോട്ട്‌' എന്നൊരു വിഷവിത്തു കലര്‍ന്നതായിരുന്നു മറ്റൊരുഭീതി. വട്ടമിട്ടു കുമ്പിട്ടിരുന്ന്‌ റേഷന്‍ഗോതമ്പില്‍നിന്ന്‌ ആ വിഷവിത്തെല്ലാം പെറുക്കിമാറ്റിയിരുന്നത്‌ ഇന്നും ഓര്‍മയുണ്ട്‌. അരിയില്‍നിന്നും ഗോതമ്പില്‍നിന്നും കല്ലിനും ചെളിക്കട്ടയ്ക്കും പുഴുവിനും പുറമെ, പല്ലുപോലത്തെ 'ബാജ്ര'യെന്ന ധാന്യവും എടുത്തുകളയണമായിരുന്നു. നാട്ടിന്‍പുറങ്ങളെങ്കിലും ജാതി-മത-സ്ഥാന-മാനഭേദമെന്യേ ഉള്ളതു പങ്കിടാനൊരു സല്‍ബുദ്ധിക്കു സാക്ഷ്യംവഹിച്ചു. നാഴി അരിക്കോ ഒരുപാത്രം പഞ്ചസാരയ്ക്കോ ഒരു ഗ്ളാസ്സ്‌ മോരിനോ, എന്തിന്‌ ഒരുതവണത്തേയ്ക്കു റേഷന്‍കാര്‍ഡിനോ വന്നുചോദിക്കുന്നവര്‍ നിരാശരായി മടങ്ങിയില്ല. ഉള്ളവര്‍ കൊടുത്തു; ഇല്ലാത്തവര്‍ വാങ്ങി. പണമുണ്ടായിരുന്നവരുടെയും പണമില്ലായിരുന്നവരുടെയും ദാരിദ്ര്യം ഒന്നുപോലെയായി. അരിമണിയൊന്നു കൊറിക്കാനില്ലെങ്കിലും തരിവളയിട്ടു കിലുക്കാന്‍ മോഹിക്കുന്ന മലയാളിമനസ്സിനൊരപവാദമായിരുന്നു അക്കാലം. ചോറ്റുപാത്രംനോക്കി "ഇന്നെന്താ കറി?" എന്ന ചോദ്യത്തിനുത്തരം, "ഇന്നൊന്നുമില്ല" എന്നു തുറന്നു പറഞ്ഞിരുന്നു വീട്ടുകാറ്‍. അയല്‍കുട്ടികള്‍, തമാശയായി "അമ്മേടെ പ്ളുങ്കറി" എന്ന്‌, നിത്യ(അ)സാധാരണമായ പേരില്ലാക്കൂട്ടാനു പേരുവച്ചു. അതുമല്ലെങ്കില്‍ "ചിറ്റമ്മേടെ കെണറ്റീച്ചാടി". മോര്‌ കിണറ്റില്‍ ചാടിയാല്‍ എങ്ങനെയുണ്ടാകും, അതുതന്നെ 'കിണറ്റില്‍ചാടി' എന്ന 'ഒഴിച്ചുകൂട്ടാന്‍'! പുസ്തകങ്ങളേക്കാള്‍ വിലപ്പെട്ടതായിരുന്നു അന്നൊക്കെ പൊതിച്ചോറ്‌ അല്ലെങ്കില്‍ ചോറ്റുപാത്രം. ഞാന്‍ പഠിച്ചിരുന്ന മഹാരാജാസ്‌ കോളേജില്‍ അവ 'കളവു'പോകുമായിരുന്നു. പാത്രമാണെങ്കില്‍ കഴുകിത്തുടച്ചതു തിരികെ കിട്ടും. അതൊരു പാഠമായിത്തീര്‍ന്നു എണ്റ്റെ ജീവിതത്തില്‍. ഇന്നും ഒരു വറ്റു വെറുതെ കളയാന്‍ എനിക്കു മനസ്സുവരാറില്ല; ഞാന്‍ അനുവദിക്കുകയുമില്ല. കേരളത്തിനു പുറത്ത്‌ ഐശ്വര്യമായിരുന്നു എന്നല്ലേയല്ല. അന്നത്തെ ബോംബെയില്‍ ഒരു ഊണിന്‌ ഒറ്റത്തവണയേ ചോറു വിളമ്പൂ; ആഴ്ചയിലൊരുദിവസം ചോറുമുണ്ടാകില്ല. ബോംബേക്കാര്‍ പലരും നാട്ടിലെ റേഷനരി സ്വരൂപിച്ച്‌ തലയണയിലൊളിപ്പിച്ച്‌ മടക്കവണ്ടിക്കു കൊണ്ടുപോയിരുന്നുപോല്‍. തമിഴ്നാട്ടില്‍ 'പിടിയരി'പ്രയോഗം നടപ്പിലാക്കി; ആവശ്യമുള്ള അരിയെടുത്ത്‌ ഒരുപിടി തിരിച്ചിടുക എന്നൊരു രീതി. കല്‍ക്കത്തയിലോ കത്തിത്തീരാത്ത ഒരുതരി കല്‍ക്കരിക്കായി വീട്ടുകാര്‍ പുറത്തെറിയുന്ന ചാരത്തില്‍, കൊടുംമഴയത്ത്‌ കയ്യിട്ടുതിരയുന്ന പട്ടിണിക്കോലങ്ങളെവരെ കണ്ടിട്ടുണ്ട്‌. ഗോവയില്‍ രണ്ടുവാളന്‍ ('മോഡ്‌') അളന്നുമുറിച്ചേ ചോറുകിട്ടൂ ഹോട്ടലുകളില്‍ അന്ന്‌. കര്‍ണാടകത്ത്‌ മെച്ചപ്പെട്ട അരി കിട്ടിയിരുന്നു; പക്ഷെ കള്ളക്കടത്തായി കണ്ണുവെട്ടിച്ചുവേണ്ടിയിരുന്നു പുറത്തുകൊണ്ടുപോകാന്‍. ആന്ധ്രപ്പച്ചരിക്കു പൊന്നുവിലയായിരുന്നു. ആ പഞ്ഞക്കാലം ഇനി നമുക്കു കാണേണ്ടിവരില്ല. പിന്നീടുപിഴച്ചെങ്കിലും ഹരിതവിപ്ളവം ഒരു തലമുറയെ പട്ടിണിയില്‍നിന്നു രക്ഷിച്ചു. ശ്വേതവിപ്ളവം പിന്‍തലമുറയെ പാലൂട്ടിപ്പാലിക്കുന്നു. നീലവിപ്ളവം വരുംതലമുരയെ പരിപോഷിപ്പിക്കുമെന്നാശിക്കാം. ഇന്നിപ്പോള്‍ 'മില്‍മ'യുടെ നന്‍മയായി. 'ലാഭം'-കടകളായി. 'നീതി'-സ്റ്റോറുകളായി. 'മാര്‍ജിന്‍-ഫ്രീ'-യായി. പുലാവായി, ബട്ടൂരയായി, മഞ്ചൂറിയനായി, കുര്‍മയായി, ഷവര്‍മയായി, മന്തിയായി, നൂഡില്‍സ്‌ ആയി, കോളയായി, നീരയായി.....നിറപറയായി. "മൂശേട്ടേം മക്കളും പോ, പോ; ശ്രീദേവീം മക്കളും വാ, വാ" എന്ന വായ്ത്താരി മുഴങ്ങട്ടെ നാടെങ്ങും.

No comments:

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...