Sunday 27 September 2015

നൂറിണ്റ്റെ നിറവില്‍

നൂറിണ്റ്റെ നിറവില്‍ ലാംബര്‍ട്ട്‌ മസ്കരിനാസ്‌. അരനൂറ്റാണ്ടിലേറെക്കാലം ഗോവയുടെ വളര്‍ച്ചയെയും തളര്‍ച്ചയെയും ഒരുപോലെ വിശകലനംചെയ്ത്‌ പൊതുജനമന:സാക്ഷിയെ തൊട്ടുണറ്‍ത്തിയ പത്റപ്രവറ്‍ത്തകന്‍, സ്വാതന്ത്ര്യപോരാളി, എഴുത്തുകാരന്‍, ചിന്തകന്‍. കഴിഞ്ഞ സെപ്റ്റംബറ്‍മാസത്തില്‍ (൨൦൧൪) ശതാഭിഷിക്തനായ ശ്രീ മസ്കരിനാസ്‌ എനിക്കു പ്രിയങ്കരനാകുന്നത്‌ ൧൯൭൩-ല്‍ ഞാന്‍ അദ്ദേഹത്തിണ്റ്റെ 'നൊന്തുകിടക്കുന്നു എണ്റ്റെ നാട്‌' ( Sorrowing Lies My Land) എന്ന നോവല്‍ വായിക്കുന്നതോടെയാണ്‌. ഞാന്‍ ഗോവയില്‍ ജോലികിട്ടി താമസം തുടങ്ങിയ കാലം. പണികഴിഞ്ഞാല്‍, ആദിവാസിപോലൊരു സെണ്റ്റ്റല്‍ ലൈബ്ററിയും അമാവാസിപോലൊരു കേരളസമാജംവായനശാലയുമല്ലാതെ ഞങ്ങള്‍ക്കന്ന്‌ പുസ്തകം വായിക്കാന്‍ മറ്റൊരിടമില്ല പണജിയില്‍. തിരക്കൊഴിഞ്ഞ വൈകുന്നേരങ്ങളില്‍ പഴകിയ കുറെ പത്രം വായിക്കാനോ ഏതെങ്കിലും മാസിക മറിച്ചുനോക്കാനോ ഒരു വാരിക കാണാനോ അവിടെയെത്തുക പതിവായി. ഒരു ദിവസം പഴയ പുസ്തകങ്ങള്‍ ആദായവില്‍പനയ്ക്കു വച്ചിരിക്കുന്നതുകണ്ട്‌ കയറിച്ചെന്നതാണ്‌ അന്നത്തെ ടൂറിസ്റ്റ്‌ ഹോസ്റ്റലില്‍ (ഇന്നത്തെ 'Panaji Residency'). അതില്‍ നിന്നു കിട്ടിയതാണ്‌ ലാംബര്‍ട്ടിണ്റ്റെ നോവലും, പിന്നൊരു കൊങ്കണി-സ്വാധ്യായപുസ്തകവും ('കൊങ്കണിചോ ഗുരുപുസ്തക്‌'). രണ്ടും കളഞ്ഞുപോയി. പക്ഷെ ഓര്‍മകള്‍ ബാക്കി. അന്ന്‌ ശ്രീ മസ്കരിനാസ്സിണ്റ്റെ വീട്ടുവളപ്പിനെ തൊട്ടായിരുന്നു എണ്റ്റെ താമസസ്ഥലവും. പെട്ടെന്നൊരുനാള്‍ അദ്ദേഹത്തെ ചെന്നു കണ്ടു വീട്ടില്‍. യാതൊരു മുന്‍പരിചയവുമില്ലാതിരുന്നിട്ടും അദ്ദേഹമെന്നെ സ്വീകരിച്ചിരുത്തി. നോവലില്‍ തുടങ്ങി നാനാകാര്യങ്ങള്‍ സംസാരിച്ചിരുന്നു. കേരളത്തെപ്പറ്റിയും മലയാളസാഹിത്യത്തെപ്പറ്റിയും കേരളീയരുടെ ശക്തിദൌര്‍ബല്യങ്ങളെപ്പറ്റിയുമെല്ലാം നല്ല അവഗാഹമായിരുന്നു അദ്ദേഹത്തിന്‌. ഗോവയെയും ഗോവക്കാരെയും വെറുതെ വിട്ടില്ല അദ്ദേഹം. മലയാളികളെപ്പോലെതന്നെ നാട്ടിനുപുറത്തേ അവര്‍ നന്നായിട്ടുള്ളൂ; ഗോവയ്ക്കു പുറത്തേ അവറ്‍ വലുതായിട്ടുമുള്ളൂ. 'താനടക്കം' എന്നൊരു സ്വഗതവും കൂടെയൊരു കള്ളച്ചിരിയും. അക്കാലം അദ്ദേഹം 'ഗോവ ടുഡേ' എന്ന ഇംഗ്ളീഷ്‌-മാസികയുടെ എഡിറ്ററായിരുന്നു. ഞാനൊരു പയ്യന്‍. എഡിറ്ററെ നേരില്‍കണ്ടതും മനംനിറച്ചു സംസാരിച്ചതും ധൈര്യമാക്കി, ഞാനെണ്റ്റെ ആദ്യത്തെ ഇംഗ്ളീഷ്കവിത മാസികയ്ക്കയച്ചു. അതദ്ദേഹം പ്രസിദ്ധപ്പെടുത്തി. പിന്നെ ഏതാനും കവിതകള്‍കൂടി ഗോവ ടുഡേ-യില്‍ വന്നു. ജോലിയില്‍ വന്ന സ്ഥലം മാറ്റങ്ങള്‍ക്കുശേഷം പിന്നെ ഞാന്‍ ഗോവയിലേക്കുതന്നെ തിരിച്ചെത്തുമ്പോഴേക്കും സ്വയം സ്ഥാപിച്ചു പടുത്തുയറ്‍ത്തിയ 'ഗോവ ടുഡേ' അദ്ദേഹം വിട്ടൊഴിഞ്ഞിരുന്നു. എങ്കിലും ഒരുമാതിരി മിക്ക ദിവസങ്ങളിലും ഞാന്‍ എണ്റ്റെ പണിസ്ഥലംവിട്ടു പുറത്തിറങ്ങുമ്പോള്‍, ഡോണപൌള ബസ്‌-സ്റ്റോപ്പില്‍ കാറുംകൊണ്ടു ഭാര്യയെ കാത്തുനില്‍ക്കുന്ന ലാംബര്‍ട്ട്‌ മസ്കരിനാസ്സിനെ കണ്ടുമുട്ടുമായിരുന്നു. പത്തുവര്‍ഷം മുന്‍പുവരെ, ഞാന്‍ ജോലിയില്‍നിന്നു വിരമിക്കുന്നതുവരെ, ഇടയ്ക്കെങ്കിലും തമ്മില്‍ക്കണുമ്പോള്‍ കൈകാണിക്കാതിരുന്നിട്ടില്ല അദ്ദേഹം. അന്നദ്ദേഹത്തിനു വയസ്സു തൊണ്ണൂറ്‌! ൧൯൧൪-ല്‍, ഗോവാതീരത്തെ 'കോള്‍വ'യിലായിരുന്നു അദ്ദേഹത്തിണ്റ്റെ ജനനം. പോറ്‍ച്ചുഗീസുകാരുടെ ഭരണത്തിന്‍ കീഴില്‍, തികച്ചും സാമ്പ്രദായികമായ ജീവിതരീതിയും വിദ്യാഭ്യാസവുമായിരുന്നു കൊച്ചു ലാംബര്‍ട്ടിണ്റ്റേത്‌. ഉപരിപഠനാര്‍ഥം (അന്നത്തെ) ഇന്‍ഡ്യയിലെ പൂനയിലേക്കും ബോംബെയിലേക്കും മാറിയതാണ്‌ അദ്ദേഹത്തിണ്റ്റെ ചിന്തകളെയും വ്യക്തിത്വത്തെയും മാറ്റിമറിച്ചത്‌. പത്രപ്രവര്‍ത്തകനായി ബോംബെയില്‍ തൊഴിലാരംഭിച്ച അദ്ദേഹം സ്വകാര്യമായി ഗോവവിമോചനത്തിനായി പോരാടുകയായിരുന്നു. ൧൯൪൮-ലെ ഒരു ഗോവസന്ദര്‍ശനത്തെത്തുടര്‍ന്ന്‌ അദ്ദേഹം അറസ്റ്റിലായി. ജാമ്യക്കാലത്ത്‌ ഒളിവില്‍പോയ ലാംബര്‍ട്ട്‌, പിന്നെ ഗോവ സ്വതന്ത്രമായതിനുശേഷമേ (൧൯൬൨) സ്വന്തം മണ്ണില്‍ കാലുകുത്തിയുള്ളൂൂ. ഗോവവിമോചനംകാത്ത്‌ വിവാഹംവരെ നീട്ടിവച്ച അദ്ദേഹം, വിമോചനത്തിണ്റ്റെ പത്താം നാളിലാണ്‌ കല്യാണം കഴിക്കുന്നത്‌; പിറ്റേന്നു ഭാര്യാസമേതം ഗോവയിലേക്കു തിരിച്ച അദ്ദേഹത്തിന്‌ പിന്നെ തിരിഞ്ഞുനോക്കേണ്ടിവന്നില്ല ആ കറുത്തകാലങ്ങളെ. സ്വതന്ത്രഗോവയിലെ ആദ്യത്തെ ഇംഗ്ളീഷ്‌-ദിനപ്പത്രത്തിണ്റ്റെ പത്രാധിപരായി (൧൯൬൩) ജോലി ആരംഭിച്ചെങ്കിലും, ൧൯൬൬-ല്‍ സ്വന്തം നിലയില്‍ 'ഗോവ ടുഡേ' എന്ന ഇംഗ്ളീഷ്‌-മാസികയ്ക്കു തുടക്കമിട്ടു. രാഷ്ട്രീയത്തിനും മതത്തിനും വ്യവസ്ഥാപിതസങ്കല്‍പങ്ങള്‍ക്കും വ്യവസായതാല്‍പര്യങ്ങള്‍ക്കുമതീതനായി ൧൮൮൫ വരെ അതദ്ദേഹം സ്തുത്യര്‍ഹമായി കൊണ്ടുനടന്നു. അടുത്ത തലമുറയ്ക്ക്‌ ലാംബറ്‍ട്ട്‌ കൈമാറിയത്‌ ആ കെടാവിളക്കായിരുന്നു. ഗോവയുടെ പ്രതീകങ്ങളായ സൌമ്യത, ശാന്തത, ശുദ്ധത, സൌമനസ്യം, സംഗീതം, സഹവര്‍ത്തിത്വം - ഇവയെല്ലാം ഒത്തിണങ്ങി ലാംബറ്‍ട്ട്‌ മസ്കരിനാസ്‌ എന്ന ഒറ്റ മനുഷ്യനില്‍. വെറുതെയല്ല ഗോവ സര്‍ക്കാര്‍ അദ്ദേഹത്തെ കഴിഞ്ഞവര്‍ഷാവസാനം തണ്റ്റെ നൂറാം പിറന്നാളില്‍, സംസ്ഥാനത്തിണ്റ്റെ അത്യുന്നതബഹുമതിയായ 'ഗോമന്ത്‌ വിഭൂഷണ്‍' നല്‍കി ആദരിച്ചത്‌. വെറുതയല്ല ഭാരതസര്‍ക്കാര്‍ അദ്ദേഹത്തെ 'പദ്മശ്രീ'-യും നല്‍കി പുനരാദരിച്ചത്‌.

No comments:

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...