Sunday 27 September 2015

മാമലകള്‍ക്കപ്പുറത്ത്‌ മരതകപ്പട്ടുടുത്ത്‌

മാമലകള്‍ക്കപ്പുറത്ത്‌ മരതകപ്പട്ടുടുത്ത്‌, മലയാളികള്‍ക്ക്‌ മറ്റൊരു നാടുണ്ട്‌; ഗോവ. നാളികേരത്തിണ്റ്റെ നാട്ടില്‍ നാഴിയിടങ്ങഴി മണ്ണും അതില്‍ നാരായണക്കിളിക്കൂടുപോലുള്ളൊരു വീടും ഉള്ളവര്‍പോലും, ഒരിക്കല്‍ ഈ നാട്ടില്‍ വന്നുപെട്ടാല്‍ തിരിച്ചു ചേക്കേറാന്‍ മടിക്കുന്നു. എന്തിനു മലയാളികളെ മാത്രം പറയണം? ഭാരതത്തിലെ വടക്കന്‍മാരും കിഴക്കന്‍മാരും ഗോവയില്‍ സ്ഥിരതാമസമാക്കുന്നു; അല്ലെങ്കില്‍ സ്ഥിരതാമസമാക്കാന്‍ താല്‍പര്യപ്പെടുന്നു. അതിനുകാരണം വെറും മണ്ണും പെണ്ണും പൊന്നും കള്ളും കഞ്ചാവുമൊന്നുമല്ല. കുറെ പാശ്ചാത്യര്‍ക്കും പണച്ചാക്കുകളായ പ്രബലവ്യക്തികള്‍ക്കും ഒരുപക്ഷെ ഗോവ ഒരു പരദേശഭ്രമമായിരിക്കാം. എന്നാല്‍ അരലക്ഷത്തിലധികം കേരളീയര്‍ സ്വന്തം 'ഇല്ലം' വിട്ട്‌ ഗോവയെ 'അമ്മാത്താ'ക്കുന്നതിനു പ്രത്യേക കാരണം കാണണം. ഗോവയുടെ മൊത്തം ജനസംഖ്യ വെറും പതിനഞ്ചു ലക്ഷമാണെന്നോര്‍ക്കുക. 'ഹോര്‍ത്തൂസ്‌-മലബാറിക്കൂസ്‌' കാലഘട്ടത്തുതന്നെ കേരളവും കൊങ്കണ്‍ദേശവുമായുള്ള ബന്ധം കാണാം; അതിനുമുന്‍പും ഉണ്ടായിരുന്നിരിക്കണം. ഗോവക്കാര്‍ പോച്ചുഗീസുകാരെപ്പേടിച്ച്‌ കേരളത്തിലേയ്ക്കു പലായനം ചെയ്യുന്നതിനു മുന്‍പേതന്നെ കേരളദേശവും കൊങ്കണ്‍ദേശവും തമ്മില്‍ ബന്ധപ്പെട്ടിരിക്കണം. കാരണം പരശുരാമന്‍ തെക്കോട്ടു മഴുവെറിഞ്ഞ്‌ കേരളക്കര ഉണ്ടാക്കിയെന്ന ഐതിഹ്യംപോലെ, പരശുരാമന്‍തന്നെ മഴു വടക്കോട്ടെറിഞ്ഞുണ്ടാക്കിയതാണ്‌ ഗോവ എന്നൊന്നും പ്രചാരത്തിലുണ്ട്‌. ൧൯൬൨-ഡിസംബറില്‍ ഗോവ പോര്‍ച്ചുഗീസുകാരില്‍നിന്നു സ്വതന്ത്രമായതിനുശേഷമാണ്‌ മലയാളികള്‍ കാര്യമായി ഗോവയിലെത്തിത്തുടങ്ങിയത്‌. ഉദ്യോഗസ്ഥരായും തൊഴിലാളികളായും അധ്യാപകരായും ബിസിനസ്സുകാരായും അവര്‍ ചേക്കേറി. ഒരുകാലത്ത്‌, എഴുപതുകളില്‍, ഗോവയുടെ മര്‍മസ്ഥാനങ്ങളിലെല്ലാം മേധാവികള്‍ മലയാളികളായിരുന്നു. ഇന്നും ബഹുമാനപൂര്‍വം ഓര്‍മിക്കപ്പെടുന്ന അധ്യാപകറ്‍ ഒരുപാടുണ്ട്‌. മടിയന്‍മാരായ ഗോവക്കാര്‍ക്കും കഴിവുകുറഞ്ഞ കന്നഡപ്പണിക്കാര്‍ക്കുമിടയില്‍ വിദ്യാഭ്യാസവും കൈത്തഴക്കവുമുള്ള മലയാളിത്തൊഴിലാളികള്‍ മികച്ചു നിന്നു. കൊച്ചുകച്ചവടത്തില്‍തുടങ്ങി പേരുകേട്ട ബിസിനസ്സുകാരായവര്‍ ഏറെ. ഇന്നും സംസ്ഥാനസര്‍ക്കാരിണ്റ്റെയും കേന്ദ്രസര്‍ക്കരിണ്റ്റെയും സുരക്ഷാസ്ഥാപനങ്ങളുടെയും ധനകാര്യസ്ഥാപനങ്ങളുടെയും സ്വകാര്യസ്ഥാപനങ്ങളുടെയും തലപ്പത്തും അടിത്തട്ടിലുമെല്ലാം കേരളീയരെ കാണാം. തങ്ങളുടെ ആചാരവിശേഷങ്ങള്‍ അടിയറ വെയ്ക്കാതെ ഗോവയുടെ തനതുസംസ്കാരത്തോടു താദാത്മ്യംനേടി അവറ്‍ ഒറ്റയ്ക്കും തെറ്റയ്ക്കും സന്തോഷത്തോടെ ജീവിച്ചുപോരുന്നു. കേരം, 'കേരള'മെന്ന പേരിനു നിദാനമാണെങ്കില്‍ ഗോവയും കേരത്തിണ്റ്റെ കൊത്തളം തന്നെ. ആദ്യമായി ഗോവയെക്കാണുമ്പോള്‍ 'ഇതു കേരളം പോലെ തന്നെ' എന്നു പറയാത്തവര്‍ ചുരുക്കം. കേരളംകഴിഞ്ഞാല്‍ അതിനൊപ്പം, ഒരുപക്ഷെ അതിനേക്കാള്‍ കൂടുതല്‍, തെങ്ങും തേങ്ങയും ഉപയോഗിക്കുന്നവര്‍ കൊങ്കണസ്ഥരാണ്‌, ആഹാരത്തിനും എണ്ണയ്ക്കും കത്തിക്കാനും പുര മേയാനും കമ്പുനാട്ടാനും കയിലുണ്ടാക്കാനും പാലമിടാനും അലങ്കാരത്തിനും എല്ലാം എല്ലാം. തെങ്ങിനെപ്രതി വിരഹദു:ഖം കേരളീയര്‍ക്കില്ലിവിടെ. പിന്നെ ഗോവയിലെ പുഴുക്കലരി. അരിയെ സംബന്ധിച്ച്‌ മലയാളികള്‍ക്കുമാത്രമേയുള്ളൂ പരാതിയേതുമില്ലാതെ. ഇവിടത്തെ അരി പുഴുക്കലരി. പച്ചരിവേണമെങ്കില്‍ അതിനുമില്ല പഞ്ഞം. കഞ്ഞി ഒരു നിഷിദ്ധഭോജ്യവുമല്ല ഗോവയില്‍; വിശിഷ്ടഭോജ്യമാണുതാനും! മലയാളിയുടെ പച്ചക്കറികളായ കായും ചേനയും ചേമ്പും താളും കൂര്‍ക്കയും കാച്ചിലും കാവത്തും കിഴങ്ങും വെള്ളരിയും പാവലും പടവലവും പിണ്ടിയും കുടപ്പനും വെണ്ടയും അമരയ്ക്കയും ചക്കയും മാങ്ങയും ഇടിച്ചക്കയും കടച്ചക്കയും മുരിങ്ങയും അച്ചിങ്ങയും കറിവേപ്പിലയും 'കിളവ'നാണെങ്കിലും 'ഇളവ'നും (കുമ്പളങ്ങ) ഒന്നും അന്യമല്ലിവിടെ. മട്ടനും കുട്ടനും പോത്തും പോര്‍ക്കും മീനും കൊഞ്ചും എല്ലാം സുലഭമാണിവിടെ. ആഹാരത്തെച്ചൊല്ലി ആരും കേരളക്കരയിലേക്കു മടങ്ങിയതായി അറിവില്ല. മഞ്ഞും മഴയും വെയിലും, അല്‍പം കൂടുതലാണെങ്കിലും, കേരളീയര്‍ പരിചയിച്ച ഇടിമിന്നലും ഈര്‍പ്പവും ഇളംതെന്നലും ഇവിടെയുമുണ്ട്‌ ഗോവയില്‍. മലനാടും ഇടനാടും തീരനാടും കുട്ടനാടും കണ്ടലും ചതുപ്പും ഇവിടെ പുനര്‍ജീവിച്ചിട്ടുണ്ട്‌. ഭൌതിക-ജീവിതസൌകര്യങ്ങളെപ്പോലെ പ്രധാനമാണല്ലൊ വിശ്വാസപ്രമാണങ്ങളുടെ തനിമയ്ക്കും സ്വാതന്ത്ര്യത്തിനുമുള്ള സംരക്ഷണം. അന്യോന്യം സ്നേഹവും ബഹുമാനവും, നാട്ടുകാരും വരത്തുകാരും തമ്മില്‍ ഇന്നും കാത്തുസൂക്ഷിക്കുന്നു. കേരളത്തിലെ വിവിധമതസ്ഥര്‍ പ്രബുദ്ധരാണെന്നാണു വെയ്പ്പ്‌, ശരിയാണെങ്കിലും തെറ്റാണെങ്കിലും. വെറും പ്രബുദ്ധതയുടെ പര്യായങ്ങളല്ലല്ലോ മൈത്രിയോ സഹബോധമോ സഹകരണമോ ഒന്നും. കേരളത്തില്‍ കാണാത്ത സഹവര്‍ത്തിത്വം നമുക്കിവിടെയുണ്ട്‌. മധുരം, സുന്ദരം, ശാന്തം - ഗോവയെ ഈ വാക്കുകളിലൊതുക്കാം. തെളിനീര്‍. ശുദ്ധവായു. ഇനിയും വിഷം തീണ്ടിയിട്ടില്ലാത്ത പഴങ്ങളും പച്ചക്കറികളും. കേരളത്തില്‍ കണികാണാന്‍കൂടി കിട്ടാത്ത തുറസ്സുകള്‍. പച്ചപ്പിണ്റ്റെ പരഭാഗശോഭ. ഒന്നിനും ഓട്ടവും ചാട്ടവും തിരക്കും തെണ്ടലുമില്ല; വേണ്ട. പ്റായേണ അഴിമതി കുറഞ്ഞ കാര്യാലയങ്ങള്‍. കളവും കൊലയും അപൂര്‍വം. ഭാഷയെച്ചൊല്ലിയും ശൈലിയെച്ചൊല്ലിയും വേവലാതിയില്ല. വാമൊഴിവഴക്കത്തെച്ചൊല്ലി വെറുക്കപ്പെടുന്നവരുമില്ല. മലയാളികള്‍ക്കിടയില്‍, പ്റദേശികഭാഷയായ കൊങ്കണി സ്വായത്തമാക്കിയവരേറെ. ഈയിടെ ഇവിടത്തെ ഒരു മലയാളി അധ്യാപകന്‍ നല്ലൊരു കൊങ്കണിക്കവിത രചിച്ചുചൊല്ലിക്കേട്ടു. എന്തിന്‌, നാട്ടുകാരുമായി വിവാഹബന്ധംവരെ സ്ഥാപിച്ചവരുണ്ട്‌. എന്തും ഉടുത്തും എന്തും എടുത്തും നടക്കാം. അയല്‍ക്കാരുടെ കണ്ണ്‌ നമ്മുടെ നേര്‍ക്കില്ല. പേരിലും പെരുമാറ്റത്തിലും മുഖ:ഛായയിലും വരെ പലപ്പോഴും മലയാളികളെ നാട്ടുകാരില്‍നിന്നു തിരിച്ചറിയാതായിത്തുടങ്ങി. ഗോവയെന്ന പാലില്‍ മറുനാട്ടുകാര്‍ വെള്ളം ചേര്‍ക്കുമ്പോള്‍, മലയാളികള്‍ മധുരം ചേര്‍ക്കുന്നു. അതുകൊണ്ടാകാം, ഇടയ്ക്കെങ്ങോ പൊട്ടിമുളച്ച അപസ്വരങ്ങള്‍പോലും മങ്ങിമാഞ്ഞിരിക്കുന്നു. കവലകളില്‍ പരിഹാസവും പരദൂഷണവുമായി ചൊറിഞ്ഞുനില്‍ക്കുന്ന പീക്കിരികള്‍ ഇവിടെ അപൂര്‍വം. അറപ്പിക്കുന്ന തറരാഷ്ട്രീയമില്ല. ഹര്‍ത്താലില്ല, ബന്ദില്ല, പണിമുടക്കില്ല, പ്രചരണമില്ല, പിരിവില്ല, (അധിക)പ്രസംഗമില്ല, (മത)പ്രഭാഷണമില്ല, (ആഭാസ)പ്രകടനങ്ങളില്ല. പൊന്നില്‍കുളിച്ച്‌ 'സീരിയല്‍'-മുഖവുമായി പമ്മിപ്പമ്മി നടക്കുന്ന പെണ്ണുങ്ങളില്ല. അകത്തുപോയതിണ്റ്റെ ഇരട്ടി പുറത്തുകാട്ടുന്ന കള്ളുകുടിയന്‍മാരില്ല. നാഴിയുരിപ്പാലുകൊണ്ട്‌ നാടാകെ കല്യാണം നടത്താനോ അരിമണിയൊന്നു കൊറിക്കാനില്ലാതെ തരിവളയിട്ടു കിലുക്കാനോ മോഹിക്കുന്നവരില്ല. നിലവാരമൊക്കെ കുറെ കുറഞ്ഞതാകാം; പക്ഷെ ഇഷ്ടമുള്ള വിഷയങ്ങള്‍ പഠിക്കാനുള്ള വിദ്യാഭ്യാസസൌകര്യങ്ങള്‍ വേണ്ടുവോളം. ഗോവയിലെ ഏതു വിദ്യാഭ്യാസ സ്ഥാപനമെടുത്താലും മലയാളിക്കുട്ടികളെ കാണാം, പ്രത്യേകിച്ച്‌ ഉന്നതവിദ്യാഭ്യാസമേഖലകളില്‍. അടുത്തകാലത്തായി മലയാളം പഠിക്കാന്‍പോലുമുള്ള സൌകര്യങ്ങള്‍ ചെയ്തുവരുന്നു കേരളസമാജ-സംഗമങ്ങള്‍. പണ്ടു കുറെപ്പേര്‍ക്കു പുകവലിക്കാനും ചീട്ടുകളിക്കാനും ചിട്ടിപിടിക്കാനുമായിരുന്ന വേദികള്‍ ഇന്നു സജീവവും സര്‍ഗാത്മകവുമായിരിക്കുന്നു. എത്രപേര്‍ വിശ്വസിക്കും, ചെറുതെങ്കിലും ചിട്ടയായി ഒരു മലയാള ദിനപ്പത്രം ഇവിടെനിന്നിറങ്ങുന്നെന്ന്‌? വെറുതെയല്ല ഗോവയിലെ മലയാളികള്‍ നാട്ടിലേക്കു മടങ്ങാന്‍ മടിക്കുന്നത്‌. മാമലകള്‍ക്കപ്പുറത്ത്‌ മരതകപ്പട്ടുടുത്ത്‌ ഗോവയെന്നൊരു നാടുകൂടിയുണ്ട്‌ മലയാളികള്‍ക്ക്‌.

No comments:

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...