Sunday 27 September 2015

അന്നം അമൃതം

'ആദ്യം അന്നം, പിന്നെ ദൈവം' എന്നു വിവേകാനന്ദന്‍. 'പൊയ്ലേ പോട്ടോബാ, മാഗിര്‍ വിഠോബാ' എന്നു കൊങ്കണിയില്‍ ('ആദ്യം വയറ്‌, പിന്നെ പ്രെയറ്‌' എന്നാക്കാം 'വി.കെ.എന്‍.'-സ്റ്റൈലില്‍). ജീവികള്‍ക്ക്‌ ആഹാരം കഴിഞ്ഞേ മറ്റെന്തുമുള്ളൂ. 'വായുണ്ടെങ്കില്‍ ഇരയുണ്ട്‌' എന്നതു വരരുചിക്കു യുക്തി. നമ്മുടെ ജീവിതസങ്കല്‍പത്തില്‍ ഒരു അന്നപൂര്‍ണേശ്വരി എന്നുമുണ്ട്‌. വയറെരിഞ്ഞാലും വയര്‍ നിറഞ്ഞാലും 'വൈക്കത്തപ്പാ അന്നദാനപ്രഭോ' എന്നു തദ്ദേശവാസികള്‍. വൈക്കത്തപ്പന്‍ ശിവനാണ്‌ - വിഷം തിന്നവനാണ്‌. അമൃതമാകുന്നതും, അധികമായാല്‍ വിഷമാകുന്നതും അന്നം. ഒന്നിണ്റ്റെ ആഹാരം മറ്റൊന്നിണ്റ്റെ വിഷം; മറിച്ചും. ഭൂമിയിലെ ആഹാരശൃംഖല അതിവിപുലവും അതിസൂക്ഷ്മവും അത്യത്ഭുതകരവുമാണ്‌. തികച്ചും വൈവിധ്യമാര്‍ന്നതാണ്‌ തീറ്റിയും തീറ്റയും ലോകമെമ്പാടും. പുല്ലുതൊട്ടു പൂപ്പല്‍വരെ, പാലുതൊട്ടു പന്നിവരെ, കച്ചിതൊട്ടു പൂച്ചി വരെ, കല്ലുതൊട്ടു കല്‍ക്കണ്ടം വരെ, കിഴങ്ങുതൊട്ടു കോഴിവരെ, ആമതൊട്ട്‌ ആടുവരെ, കാളതൊട്ടു കാളന്‍വരെ, മീന്‍തൊട്ടു മനുഷ്യന്‍വരെ ആഹാരമായിട്ടുണ്ട്‌ ജീവിവര്‍ഗത്തിന്‌. കൈകൊണ്ടും കരണ്ടികൊണ്ടും കോലുകൊണ്ടും കത്തികൊണ്ടും മുള്ളുകൊണ്ടുമെല്ലാം മനുഷ്യന്‍ തിന്നു. കാലാനുസരണം, ദേശാനുസരണം, കാര്യാനുസരണം, 'കാശാ'നുസരണം ആഹാരരീതികള്‍ മാറിമാറിവന്നു. പലപല ചിട്ടകളും വട്ടങ്ങളും വിദ്യകളും വിവേചനങ്ങളും തീറ്റയുമായി ബന്ധപ്പെട്ടിരിക്കുന്നു. 'ഉദരനിമിത്തം ബഹുകൃതവേഷം' എന്നു ഭജഗോവിന്ദം. 'ഗതികെട്ടാല്‍ പുലി പുല്ലും തിന്നും'. വിശപ്പില്ലെങ്കില്‍ ഒന്നും തിന്നുകയുമില്ല. ജീവന്‍ നിലനിര്‍ത്താന്‍, അതിനു മാത്രം, ജന്തുക്കള്‍ ഭക്ഷിക്കുന്നു. ആഹാരം ആവശ്യത്തിനുമീതെ ആസ്വദിച്ചു കഴിക്കുന്നതു മനുഷ്യന്‍മാത്രം. ആവശ്യത്തിനല്ലാതെ, ആഹാരത്തിനല്ലാതെ ആസ്വദിക്കാന്‍ കൊല്ലുന്നതും മനുഷ്യന്‍മാത്രം. ആഹാരം പാചകംചെയ്തു കഴിക്കുന്നതും മനുഷ്യന്‍മാത്രം. ഒന്നാം-ക്ളാസ്സില്‍ പഠിപ്പിച്ചതാണ്‌, ഭക്ഷണം പാചകം ചെയ്യുന്നതെന്തിനെന്ന്: സ്വാദുകൂട്ടാന്‍, ദഹനം എളുപ്പമാക്കാന്‍, രോഗാണുക്കളെ നശിപ്പിക്കാന്‍, കേടുകൂടാതിരിക്കാന്‍. ഇന്നോ, ഭക്ഷണം ആകര്‍ഷകമാക്കാന്‍! ഒരു രാജാവിണ്റ്റെ കഥയുണ്ട്‌: യുദ്ധത്തില്‍ തോറ്റ്‌ വേഷംമാറി അലഞ്ഞുതിരിഞ്ഞ്‌ അവശനായി ഒരുവീട്ടില്‍ കയറിച്ചെല്ലുന്നു. വീട്ടുകാര്‍ ഭക്ഷണം വിളമ്പിയപ്പോള്‍ ഒട്ടും ആര്‍ത്തിയില്ലാതെ സാവധാനം ഊണുകഴിക്കുന്നു. അതില്‍നിന്നു മനസ്സിലായത്രേ അതൊരു സാധാരണക്കാരനല്ല എന്ന്. 'എരന്നുണ്ടാലും ഇരുന്നുണ്ണണം' എന്നു പറയും. 'ഭീക്ണെ ബസൂന്‍ ഖാ' എന്നു കൊങ്കണിയില്‍. നെപ്പോളിയനാണത്രെ, ചായകുടിക്കുമ്പോള്‍ പിന്നില്‍ പീരങ്കിപൊട്ടിച്ചാലും മുഴുവന്‍ കുടിച്ചുതീര്‍ത്തിട്ടേ തിരിഞ്ഞ്‌ എന്തെന്നു നോക്കുകയുള്ളൂ. ലോകം മറിഞ്ഞാലും അതറിയാത്ത ഉണ്ണാമന്‍മാര്‍ നമുക്കുമുണ്ട്‌! ആഹാരം പുരുഷാര്‍ഥങ്ങളിലൊന്നെന്നു ചാക്യാര്‍കൂത്തില്‍. എങ്കിലോ പണ്ട്‌, പാല്‍പ്പായസം കോളാമ്പിയില്‍ വിളമ്പി പണിപറ്റിച്ചിട്ടുണ്ട്‌, കുഞ്ചന്‍. ആഹാരവും വിഹാരവും പരസ്പരപൂരകമെന്ന് വി.കെ.എന്‍. രതിക്കു തിരി അരി. അരി ശത്രുവെന്ന് ഒരു നാട്ടുവൈദ്യന്‍. മിത്രമെന്തെന്നു പറഞ്ഞില്ല. ഭക്ഷണത്തിണ്റ്റെ നിറംനോക്കി ഗുണംചൊല്ലുന്നു ചൈനക്കാര്‍: പച്ച നല്ലത്‌; ചെമപ്പു ചീത്ത; മഞ്ഞ കൊള്ളാം; വെള്ള പോര. ഊട്ടില്ലാത്ത ഉപചാരമില്ല; ആഘോഷമില്ല. 'പച്ചവെള്ളംകൂടി കൊടുക്കാത്തവന്‍' എന്നത്‌ ഏറ്റവും വലിയ ദുഷ്പേര്‌. 'പാലുകൊടുത്ത കയ്യിലേ പാമ്പു കൊത്തൂ' എന്നൊരു മറുപറച്ചിലുമുണ്ട്‌. വീട്ടിലാരുവന്നാലും ആദ്യം ജഠരാഗ്നി ശമിപ്പിക്കണം എന്നത്‌ ഭാരതീയസംസ്ക്കാരം. വിളമ്പിയതു മുഴുവന്‍ തിന്നുന്നതു മര്യാദ. പാഴാക്കിക്കളയുന്നത്‌ ആര്‍ഭാടം. അല്‍പം ബാക്കിവയ്ക്കുന്നത്‌ അഭിമാനം. നക്കിത്തുടയ്ക്കുന്നത്‌ അപമാനം. ചോദിച്ചുവാങ്ങുന്നത്‌ ബഹുമാനം. പിടിച്ചുവാങ്ങുന്നത്‌ അപരാധം. ഒന്നുണ്ണാന്‍ എന്തെല്ലാം നോക്കണം! ബാക്കിവരുന്ന ഭക്ഷണം അതിഥികള്‍ പൊതിഞ്ഞു വീട്ടില്‍കൊണ്ടുപോകുന്നത്‌ സ്കാണ്റ്റിനേവിയന്‍-സംസ്കാരം. അപ്പോള്‍ ആതിഥേയന്‍ ആദരിക്കപ്പെടുന്നു. നമ്മുടെ നാട്ടിലോ? പൊതിഞ്ഞുകെട്ടിയവന്‍ അല്‍പനായി, അശുവായി. എത്രയും പാഴാക്കുന്നോ അത്രയും പെരുമ! ബഹുമാനിക്കുമ്പോള്‍ ആദ്യം മുതിര്‍ന്നവരെ; ആഹാരം കൊടുക്കുമ്പോള്‍ ആദ്യം കുട്ടികള്‍ക്ക്‌. ഇത്‌ നാട്ടുനടപ്പ്‌. കുട്ടികള്‍ പരതുന്ന പാത്രങ്ങളിലെ സാധനങ്ങള്‍ ഒരിക്കലും അടിവടിച്ചെടുക്കരുതെന്നു മുതിര്‍ന്നവര്‍ നിഷ്ക്കര്‍ഷിക്കും. ഒഴിഞ്ഞപാത്രം ആശയോടെ വരുന്ന കുഞ്ഞുങ്ങളെ വല്ലാതെ വേദനിപ്പിക്കുമത്രെ. ഓരോ വീട്ടിലുമുണ്ടാകും ഒരു പാഞ്ചാലി. ആഹാരങ്ങള്‍ പലതരത്തിലാണല്ലോ: കടിക്കേണ്ടവ, ചവയ്ക്കേണ്ടവ, കുടിക്കേണ്ടവ, ചപ്പേണ്ടവ, വിഴുങ്ങേണ്ടവ എന്നിങ്ങനെ. ആവശ്യത്തില്‍ അല്‍പം കുറവു ഭക്ഷിക്കുന്നതത്രെ നല്ലത്‌. അപ്പോഴേ അടുത്ത തവണയും സ്വാദറിയൂ. ഇനി ഒരു വിഭവവും ഇഷ്ടപ്പെട്ടില്ലെങ്കില്‍ എല്ലാംകൂടി ചേര്‍ത്തു കഴിക്കുക; ഒരുപക്ഷെ സ്വാദുണ്ടായേക്കും എന്നു പരിചയമുള്ളവരുടെ അനുഭവം. അതുകൊണ്ടൊക്കെയാണ്‌ ഹിന്ദിക്കാര്‍ പറയുന്നത്‌, 'ധാന്‍ ധാന്‍ മേ ലിഖാ ഹെ, ഖാനേവാലേ കാ നാം', എന്ന്. ഓരോ അരിമണിയിലും എഴുതി വച്ചിരിക്കുന്നു, അതാര്‍ക്കുള്ളതാണെന്ന്.

No comments:

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...