Sunday 27 September 2015

മറിച്ചു ചിന്തിക്കുമ്പോള്‍...

മഹാരാജാസ്‌ കോളേജില്‍ പ്രൊഫ. ഗുപ്തന്‍നായരുടെ ക്ളാസ്സ്‌. 'സവിതാ'വിനു 'സൂര്യന്‍' എന്നര്‍ഥം പറഞ്ഞുതന്നു. എനിക്കൊരു സംശയം: സവിക്കുന്നവളല്ലേ സവിതാവ്‌? അപ്പോള്‍ 'സവിതാവ്‌' ഭൂമിയല്ലേ? അല്ല; സൂര്യന്‍തന്നെ; പക്ഷെ മറിച്ചു ചിന്തിക്കുന്നതു നല്ലതാണെന്നു മാഷ്‌. എഴുപതുകളില്‍ ഞങ്ങള്‍ കുറെ ചെറുപ്പക്കാര്‍ ഒരു ശാസ്ത്രസംഘടനയുണ്ടാക്കി ഗോവയില്‍. 'ഓപ്പണ്‍ സയന്‍സ്‌ ഫോറം'; എന്തും ചിന്തിക്കാം, പറയാം, ചര്‍ച്ചചെയ്യാം. ഒരുതരത്തില്‍ വട്ടന്‍മാരുടെ കൂട്ടായ്മ. അതില്‍ ഒരു ദിവസം ഒരു മന:ശാസ്ത്രവിദഗ്ധന്‍ കത്തിക്കയറുകയായിരുന്നു. വട്ടെന്നതു പൊതുവെ ആളുകളുടെ ശരാശരിപ്പെരുമാറ്റത്തില്‍നിന്നുള്ള വ്യതിയാനമാണെന്നും അതു കണ്ടെത്തി തെറ്റുതിരുത്തുന്നവനാണു മനോരോഗവൈദ്യന്‍ എന്നെല്ലാമുള്ള തരികിടയുമായി. കേള്‍വിക്കാര്‍ ഞങ്ങള്‍ക്കു പതിവുപോലെ സംശയമായി. ഈ ശരാശരിപ്പെരുമാറ്റമെന്നുള്ളതു സ്ഥലകാലസന്ദര്‍ഭങ്ങളിലായി മാറാവുന്നതല്ലേ? ഒരുകൂട്ടം വട്ടന്‍മാര്‍ക്കിടയില്‍, അതായതു ഭ്രാന്താശുപത്രിയില്‍, അവിടത്തെ ശരാശരിയില്‍നിന്നു വ്യത്യസ്തനായ ഭ്രാന്തുവൈദ്യന്‍ വട്ടനല്ലേ? പിന്നെ, കുറേക്കാലം ഒരുകൂട്ടം ആളുകളുമായി അടുത്തിടപഴകുമ്പോള്‍ ആര്‍ക്കായാലും അവരുടെ സ്വഭാവം കുറച്ചു പകരില്ലേ? ചോദ്യങ്ങള്‍കേട്ട്‌ വിദഗ്ധന്‍ ഇറങ്ങിപ്പോയി. മറിച്ചു ചിന്തിക്കുമ്പോള്‍ കാര്യങ്ങളുടെ കിടപ്പു മാറുന്നു. സിംഹത്തെപ്പേടിച്ച്‌ അതിനെ കൂട്ടിലടയ്ക്കുമ്പോള്‍, കൊതുകിനെപ്പേടിച്ചു നാം സ്വയം വലയ്ക്കകത്തൊതുങ്ങുന്നു! ആയുര്‍വേദത്തില്‍ മഞ്ഞു ചൂടും മഴ തണുപ്പുമാകുന്നു. "ഏകോ സത്‌ വിപ്രാ ബഹുധാവദന്തി" (സത്യമൊന്നേയുള്ളൂ, പക്ഷെ അതറിയുന്നവര്‍ അതു പലതായിപ്പറയും). ദൈവംപോലും മറിച്ചു ചിന്തിക്കുമത്രേ: "അന്യഥാ ചിന്തിതം കാര്യം ദൈവമന്യത്ര ചിന്തയേത്‌". അതറിയില്ല, പക്ഷെ പലതും മറിച്ചു ചിന്തിച്ചാല്‍ നന്നെന്നു കാണുന്നു. കൊച്ചുകൊച്ചുദാഹരണങ്ങള്‍. ഒരു കൈ തണുത്തവെള്ളത്തിലും മറ്റേ കൈ ചൂടുവെള്ളത്തിലും മുക്കിവച്ചശേഷം സാധാരണവെള്ളത്തില്‍ അവ മുക്കിയാല്‍ തണുത്തവെള്ളത്തിലെ കൈക്കു ചൂടും ചൂടുവെള്ളത്തിലെ കൈക്കു തണുപ്പും തോന്നും. കൊടുംതണുപ്പത്ത്‌ ഐസ്‌-ക്രീംപോലുള്ള ശീതവസ്തുക്കള്‍ കഴിച്ചാല്‍ ശരീരത്തിണ്റ്റെ താപനില കുറയുകയും തന്‍മൂലം ശൈത്യത്തിണ്റ്റെ കാഠിന്യം കുറഞ്ഞതായി അനുഭവപ്പെടുകയും ചെയ്യും. കൊടുംചൂടുള്ള ആന്ധ്രയിലെ ആളുകള്‍ അമിതമായി മുളകുകഴിക്കുന്നത്‌ ചൂടിനെ നേരിടാനാകാം. "ഉഷ്ണമുഷ്ണേന ശമ്യതേ" എന്നു വിധി. മഴയില്‍ നനഞ്ഞൊലിച്ചുവരുന്നവര്‍ പച്ചവെള്ളത്തില്‍ കുളിച്ചാല്‍ ഒരസുഖവും വരില്ലെന്നു കേട്ടിട്ടുണ്ട്‌. മുങ്ങല്‍ക്കാര്‍ ശരീരത്തില്‍ ഒട്ടിപ്പിടിച്ചിരിക്കുന്ന കമ്പിളിവസ്ത്രങ്ങളിട്ടാണത്രെ വെള്ളത്തിലിറങ്ങുക. വെള്ളം വലിയ താപവാഹിയൊന്നുമല്ലാത്തതിനാല്‍ നനഞ്ഞുകഴിയുമ്പോള്‍ കമ്പിളിവസ്ത്രം തണുപ്പിനെതിരെ നല്ലൊരു തടയായി മാറുമത്രേ. മുംബൈയിലെ അണുശക്തിഗവേഷണശാലയിലെ മുങ്ങല്‍വിദഗ്ധന്‍കൂടിയായിരുന്ന ഡോ. ബി. എഫ്‌. ഛാപ്ഘര്‍ പറഞ്ഞറിഞ്ഞിട്ടുള്ളതാണിത്‌. തണുപ്പടിക്കാതിരിക്കാന്‍ പായ്ക്കടിയില്‍ പത്രം വിരിച്ചുകിടക്കുമായിരുന്നു ഞങ്ങള്‍ ഗുജറാത്തിലെ കൊടുംതണുപ്പില്‍. ചൂടുകുറയ്ക്കാന്‍, നമ്മള്‍ ഫാന്‍ മുകളില്‍നിന്നുകെട്ടിത്തൂക്കി താഴേയ്ക്കു കാറ്റടിപ്പിക്കുന്നു. ആലോചിച്ചാല്‍ മുകളിലേയ്ക്കുയരുന്ന ചൂടുകാറ്റല്ലേ വീണ്ടും വീണ്ടും നാം താഴേയ്ക്കടിക്കുന്നത്‌? ശരിക്കും പങ്ക തിരിച്ചുകറക്കി താഴേനിന്നു മുകളിലേക്കല്ലേ കാറ്റടിക്കേണ്ടത്‌? നുണയല്ല, അത്തരം ഫാനുകള്‍ ഉണ്ടാക്കിയിട്ടുണ്ട്‌; പക്ഷെ ആരും വാങ്ങില്ല. ടേബിള്‍-ഫാനും പെഡസ്റ്റല്‍-ഫാനുമെല്ലാം അകത്തുചൂടാണെങ്കില്‍ പുറത്തേക്കും പുറത്തു തണുപ്പാണെങ്കില്‍ അകത്തേക്കും കാറ്റടിക്കുംവിധം ജനാലയ്ക്കരികിലാണ്‌ വയ്ക്കേണ്ടത്‌. എ.സി. (എയര്‍ കണ്ടീഷണര്‍) മിക്കവരും ചുമരിനു മുകളിലാണു പിടിപ്പിയ്ക്കുക. തണുത്ത വായു താഴേക്കിറങ്ങിവന്ന്‌ ചൂടെല്ലാം മുക്കളിലേക്കുപൊങ്ങി വീണ്ടും തണുത്ത്‌ മുറിമുഴുവന്‍ നിറയുമെന്നാണു യുക്തി. പക്ഷെ നിലത്തുനിന്നു വെറും നാലടിയോ ആറടിയോ മാത്രം ഉയരത്തില്‍ ഇരിക്കുന്നവര്‍ക്കോ ഉറങ്ങുന്നവര്‍ക്കോ മുറിമുഴുവന്‍ തണുപ്പിച്ചുകൂട്ടണമെന്നില്ല. അതിനാല്‍ ഒരുമാതിരി തറനിരപ്പില്‍ എ.സി. പിടിപ്പിക്കുന്നതാണു ബുദ്ധി. കേരളത്തിലെ കാലവസ്ഥയ്ക്ക്‌, മഴയ്ക്കും മഞ്ഞിനും വെയിലിനും മാത്രം, വല്ലപ്പോഴും മാത്രമേ വീടുകളില്‍ ജനലടയ്ക്കേണ്ടിവരാറുള്ളൂ. (പിന്നെ കള്ളനും കൊതുകിനും എതിരെ). കാറ്റും വെളിച്ചവും വേണ്ടാത്ത സമയത്തേ ജനലടയ്ക്കേണ്ടതുള്ളൂ. കാറ്റും തണുപ്പും കയറാതെ വെളിച്ചം മാത്രം അകത്തുകയറ്റേണ്ട ഗതികേട്‌ ശീതരാജ്യങ്ങള്‍ക്കേയുള്ളൂ. അവര്‍ക്കാണ്‌ ചില്ലിട്ട ജനല്‍പാളികള്‍. മരപ്പാളികൊണ്ടുണ്ടാക്കിയ, ചില്ലില്ലാത്ത ജനലിനെപ്പറ്റി ലാറി ബേക്കര്‍ പറഞ്ഞപ്പോള്‍ കേരളീയര്‍പോലും കളിയാക്കി. ചില്ലുപാളികള്‍ അകത്തു ചൂടുകൂട്ടുമെന്നോര്‍ക്കുക. ഉഷ്ണരാജ്യങ്ങള്‍ക്കു യോജിച്ചത്‌ സുതാര്യമല്ലാത്ത മരപ്പാളികളാണ്‌. ബസ്സുകളിലും തീവണ്ടികളിലും മറ്റും വെയിലടിച്ചാല്‍ ചില്ലുപാളികള്‍ താഴ്ത്തിയിടുന്നവരുണ്ട്‌. അതു തെറ്റാണ്‌. 'ഹരിതഗേഹ' പ്രഭാവംനിമിത്തം ചൂടുകൂട്ടാനേ അതുപകരിക്കൂ. മുണ്ട്‌ ഇടത്തോട്ടോ വലത്തോട്ടോ മടിവച്ചുടുക്കുന്നതു സംസ്കാരവും സൌകര്യവും നോക്കി. എന്നാല്‍ കടയില്‍വാങ്ങുന്ന അടിവസ്ത്രങ്ങളിലെ ലേബല്‍ തൊലിയിലുരഞ്ഞുണ്ടാകുന്ന അസുഖത്തിനു പ്രതിവിധി അവ അകംപുറമാക്കിയുടുക്കുന്നതാണ്‌. പണ്ടത്തെ നല്ല നാട്ടുതുന്നല്‍ക്കാര്‍ അടിപ്പാവാടയുടെ നാട പുറമേയ്ക്കുവച്ചടിക്കുമായിരുന്നു. ഇന്നത്തെ ബനിയനും അണ്ടര്‍വെയറുമെല്ലാം മറിച്ചുടുക്കേണ്ടിയിരിക്കുന്നു. ബൈക്കില്‍പോകുമ്പോഴും മറ്റും മഴക്കോട്ട്‌ ബട്ടണ്‍ പിന്നിലേക്കാക്കി ധരിക്കേണ്ട ഗതികേടാണ്‌. കാറ്റുള്ളപ്പോള്‍ തൊപ്പിപോലും തിരിച്ചണിയേണ്ടിവരുന്നു. അപ്പോള്‍ എവിടെയോ ഒരു കൈത്തെറ്റില്ലേ? രാത്രിമഴയില്‍ വണ്ടിയോടിക്കുമ്പോള്‍ കറുത്തചില്ലുള്ള കണ്ണട കാഴ്ച്ച മെച്ചപ്പെടുത്തുമത്രെ; ചെയ്തുനോക്കിയിട്ടില്ല. മഴസമയം കാറില്‍ എ.സി. ഇടുന്നത്‌ ചില്ലില്‍ ബാഷ്പം പടരുന്നതു തടയും. കപ്പല്‍ കോളില്‍പെട്ടുലയുമ്പോള്‍ തീന്‍മേശപ്പുറത്തെ വിരികളില്‍ വെള്ളം തളിക്കും. പിന്നെ പാത്രങ്ങളും തളികകളും ഒന്നും തെന്നിമാറുകയില്ല. വീട്ടില്‍പോലും മിനുസമുള്ള അടുക്കളത്തിട്ടില്‍ നനഞ്ഞ തുണിക്കോ കടലാസ്സിനോമേല്‍ പച്ചക്കറിത്തട്ടും ചപ്പാത്തിപ്പലകയും മറ്റും വച്ചു പണിയെടുത്താല്‍ വഴുതിപ്പോവുകയില്ല. ആടി ഉലയുന്ന കപ്പലിണ്റ്റെയും ബോട്ടിണ്റ്റെയുമെല്ലാം മേല്‍ത്തട്ടില്‍, കസേരയില്‍ കാല്‍ ഇരുവശത്തേക്കുമിട്ട്‌ പുറംതിരിഞ്ഞിരിക്കുന്നതാണ്‌ ഏറ്റവും സുരക്ഷിതം. ബസ്സിലും തീവണ്ടിയുിലുമൊക്കെ വണ്ടിയോടുന്ന ദിശയില്‍ പുറം ചേര്‍ത്തിരിക്കാന്‍ പാകത്തിനുള്ള സീറ്റുകളാണു നല്ലത്‌. ബസ്സില്‍ അല്‍പം കോണോടുകോണ്‍ കാല്‍പരത്തിനിന്നാല്‍ വണ്ടിയുടെ ആട്ടത്തില്‍നിന്നു കുറെ രക്ഷ നേടാം. കണ്ടക്റ്റര്‍മാര്‍ രണ്ടുകയ്യുംവിട്ടു നില്‍ക്കുന്നതു കണ്ടിട്ടില്ലേ? പരിചയമാണത്‌. കിടക്കയുടെ സുഖമറിയണമെങ്കില്‍ തലയണ പാടില്ല. പച്ചക്കറിയുടെ തനിസ്വാദറിയണമെങ്കില്‍ വേവു കുറയ്ക്കണം; ഉപ്പു കുറയ്ക്കണം. പുല്‍ത്തകിടിയിലും മണല്‍ത്തിട്ടയിലുമെല്ലാം ചെരിപ്പില്ലാതെ നടക്കണം. മഴയാസ്വദിക്കാന്‍ മഴ നനയണം. മഞ്ഞിണ്റ്റെ മണം മണത്തറിയണം. പുറകോട്ടു മടക്കുന്ന കുട അടുത്തിടെ കാണാനായി. മഴയത്തു വണ്ടിയില്‍ കേറാനും വണ്ടിയില്‍നിന്നിറങ്ങാനും മഴവെള്ളം ഇറ്റിച്ചുകളയാനും അതാണു നല്ലത്‌. എണ്ണതേച്ചുകുളിക്കുമ്പോള്‍ തലയാദ്യം കഴുകുന്നതാണ്‌ മേലെ മെഴുക്കിളക്കാന്‍ നല്ലത്‌. ഷേവിങ്ങ്‌-സോപ്പില്ലാതെ ക്ഷൌരം ചെയ്യാമെന്നും അടുത്തിടെ ഒരാള്‍ കാണിച്ചുതന്നു; വെറും രണ്ടുതുള്ളി വെളിച്ചെണ്ണ അല്‍പം പച്ചവെള്ളത്തില്‍ ചാലിച്ചു മുഖത്തു തേച്ചാല്‍ മുഖക്ഷൌരം വളരെ എളുപ്പം. ആന്ധ്രക്കാര്‍ ഉണക്കസാധനങ്ങള്‍കൂട്ടിയാണ്‌ ആദ്യം ചോറുണ്ണുക; നമ്മളെപ്പോലെ ഒഴിച്ചുകൂട്ടാനല്ല. മറാഠികള്‍ ആദ്യം ചോറുണ്ണും, പിന്നെയാണു ചപ്പാത്തി. വടക്കന്‍മാരെപ്പോലെയല്ല. ഗോവയില്‍ പെണ്ണുങ്ങള്‍ തലയില്‍ പൂ തലകീഴായാണു ചൂടുക; വാടുമ്പോള്‍ കൊഴിഞ്ഞുവീഴാതിരിക്കാനാണുപോലും. മലയാളികള്‍ക്കും മറാഠികള്‍ക്കും പാത്രം മോറിയാല്‍ കമഴ്ത്തിവയ്ക്കണം. ഗുജറാത്തികള്‍ക്കു വെയിലത്തുവയ്ക്കുന്നതാണു പ്റധാനം; വെള്ളത്തില്‍ കഴുകുന്നതല്ല. കൊങ്കണ്‍പ്രദേശത്തെ മുക്കുവന്‍മാര്‍ പപ്പടം കാച്ചുന്നതു ബഹുരസമാണ്‌. നമ്മള്‍ എണ്ണയിലിട്ടു വറക്കും; അവര്‍ എണ്ണപുരട്ടി ചുടും! പപ്പടം പൊട്ടിച്ചു കാച്ചലും കൊഴുക്കട്ട നീളത്തിലുരുട്ടലും സൌകര്യമാണ്‌. പെട്ടിയിലാക്കാനും വിപണിയിലെത്തിക്കാനുമുള്ള സൌകര്യത്തിനായി ജപ്പാന്‍കാര്‍ ചതുരന്‍ തണ്ണീര്‍മത്തനും ആപ്പിളുമെല്ലാം ഉണ്ടാക്കിക്കഴിഞ്ഞു. ചപ്പാത്തി വട്ടത്തിലാകണമെന്ന്‌ എന്തിനാണിത്ര നിര്‍ബന്ധം? ഭൂപടംപോലെയായാലെന്താ? ചപ്പാത്തിയുടെ സ്വാദ്‌ അതിണ്റ്റെ ഒരേപോലത്തെ കനത്തിലാണല്ലോ. കുറച്ചുകാലംമുന്‍പ്‌ വൈദ്യമഠം ചെറിയനാരായണന്‍നമ്പൂതിരി ടീവിയില്‍ പറഞ്ഞതാണ്‌, മാങ്ങാക്കറിക്കു വറ്റല്‍മുളകല്ല കുരുമുളകാണ്‌ ഉത്തമമെന്ന്‌. ആരോഗ്യപരമായി ശരിയായിരിക്കണം; പക്ഷെ എണ്റ്റെ ഭാര്യ അതു സമ്മതിക്കുന്ന മട്ടിലല്ല. ബഹുജന ഹിതായാം, ഒരുവശം വെളുത്തും മറുവശം കരിച്ചുമുള്ള ചപ്പാത്തി കേരളനാട്ടില്‍ ഇന്നു സുലഭം. പക്ഷെ പാത്രത്തിണ്റ്റെ മൂടി തുറന്നശേഷം മലര്‍ത്തിവയ്ക്കാന്‍ മലയാളികള്‍ പഠിച്ചിട്ടില്ല; ചോറെടുത്ത കൈകൊണ്ട്‌ കയിലെടുക്കാനും പലര്‍ക്കും മടിയില്ല. കഴുകിയ ശേഷമേ പച്ചക്കറികള്‍ നുറുക്കാവൂ എന്നു പലര്‍ക്കുമറിയില്ല. കാലത്തെ കുളി സുഖഭോഗമാണെന്നും പണികഴിഞ്ഞാലുള്ള കുളിയാണു പ്രധാനമെന്നും പലര്‍ക്കുമറിയില്ല. അതുപോലെ പ്രഭാതത്തിലെ പല്ലുതേപ്പ്‌ വെടുപ്പിനാണ്‌; രാത്റിയിലെ പല്ലുതേപ്പാണ്‌ വൃത്തിക്ക്‌. വലത്തോട്ടെഴുതുമ്പോള്‍ ഇടതുവശമാകണം വിളക്കെന്നും പുസ്തകം മേശപ്പുറത്തിരിക്കുമ്പോള്‍ അതിണ്റ്റെ പേര്‌ അറിയാന്‍പാകത്തിലാവണം പുറംചട്ടയിലെന്നും യാത്രയില്‍ ഒലിക്കാത്ത ആഹാരസാധനങ്ങളാണ്‌ കൂടുതല്‍ സൌകര്യമെന്നും എത്രപേര്‍ അറിയുന്നു? വണ്ടി തിരിച്ചിട്ടാലാണ്‌ പിന്നെയെടുക്കാന്‍ എളുപ്പമെന്നും, വാച്ച്‌ പുറത്തേക്കാക്കിയോ അകത്തേക്കാക്കിയോ കെട്ടുന്നതല്ല, മുന്‍പോട്ടുള്ള വശത്തേക്കു കെട്ടുന്നതാണു സമയം നോക്കാനും വാച്ചുരസി കേടുവരാതിരിക്കാനും ഉത്തമമെന്ന്‌ എത്രപേറ്‍ക്കറിയാം? പ്രധാനപ്പെട്ട രേഖകള്‍, ആധാരവും മറ്റും, നീളത്തിലാണു മടക്കിവയ്ക്കുക; കുറുകെയല്ല. കേടുവന്നാലും പകുതി കാണാമെന്നായിരിക്കും യുക്തി. തിരഞ്ഞെടുപ്പില്‍ കണ്ടിട്ടില്ലേ, ബാലറ്റ്‌-പേപ്പര്‍ നീളത്തിലാദ്യം മടക്കി പിന്നെമാത്രം കുറുകെ മടക്കുന്നത്‌? മഷി പടര്‍ന്നാലും ജനവിധി മാറില്ല. ഇനിയുമേറെ പറയാനുണ്ട്‌, മറുചിന്തകളെപ്പറ്റി: കോരാന്‍പറ്റുന്നിടത്തുമാത്രം ചളിയടിയുന്ന കാനകളെപ്പറ്റിയും മുകളിലോട്ടും താഴോട്ടും കണക്കുകൂട്ടുന്നതിനെപ്പറ്റിയും തിരിച്ചുമുറുക്കുന്ന നട്ട്‌-ബോള്‍ട്ടുകളെപ്പറ്റിയും മേല്‍-കീഴ്‌മറിഞ്ഞ സ്വിച്ചുകളെപ്പറ്റിയും ഒറ്റക്കൈ വറചട്ടികളെപ്പറ്റിയും മേലറ്റത്തുപിടിപ്പിക്കുന്ന ഇരട്ടവിജാഗിരികളെപ്പറ്റിയും കുട്ടികളുടെ ഉടുപ്പിലെയും ചെരിപ്പിലെയുമുള്ള ബട്ടണുകളെപ്പറ്റിയും പിന്‍വെളിച്ചത്തെപ്പറ്റിയും വഴികാട്ടികളെപ്പറ്റിയും പരസ്യങ്ങളെപ്പറ്റിയും പരദൂഷണത്തെപ്പറ്റിയുമെല്ലാം.... ലണ്ടന്‍പോലീസാണു മാതൃക. കുറ്റം കണ്ടുപിടിക്കുന്നതിലല്ല അവരുടെ മിടുക്ക്‌; കുറ്റം ചെയ്യിക്കാതിരിക്കുന്നതിലാണ്‌. മറിച്ചു ചിന്തിച്ചവര്‍ക്കേ മാനവരാശിയെ മാറ്റിമറിക്കാനായിട്ടുള്ളൂ.

No comments:

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...