Sunday 29 November 2015

സേഫ്‌റ്റി ഫസ്റ്റ്‌!

ലോകത്തില്‍ ഏറ്റവും വിലകുറഞ്ഞ സാധനമേതെന്നറിയാമോ? ഇന്ത്യയിലെ ജീവന്‍! അത്രയ്ക്കു നിരുത്തരവാദപരമായിട്ടാണ്‌ നമ്മള്‍ നമ്മുടെയും സഹജീവികളുടെയും സുരക്ഷയെ കാണുന്നത്‌.

തകര്‍ന്ന റോഡുകള്‍ നോക്കൂ, തൂങ്ങുന്ന വയറുകള്‍ നോക്കൂ. വീടുകള്‍ നോക്കൂ, വീട്ടിലെ സാധനങ്ങള്‍ നോക്കൂ. ഫാക്റ്ററികള്‍ നോക്കൂ, അവിടത്തെ ചുറ്റുപാടുകള്‍ നോക്കൂ. വണ്ടികള്‍, യന്ത്രങ്ങള്‍, പാലങ്ങള്‍, പീടികകള്‍, ആസ്പത്രികള്‍. വിഷാഹാരം, കള്ളസാമാനം, അപകടമരുന്ന്, ദുര്‍മന്ത്രവാദം. തകര്‍ന്ന ഓടകള്‍, അടയ്ക്കാത്ത കിണര്‍ക്കുഴികള്‍, മറയ്ക്കാത്ത വൈദ്യുതിപ്പെട്ടികള്‍, തുറക്കാത്ത അത്യാഹിതവാതിലുകള്‍, ..... ജീവന്‌ ഇത്രമാത്രം വിലകല്‍പ്പിക്കാത്ത ഒരു ജനത വേറെയുണ്ടോ എന്നറിയില്ല.

വെറുതയല്ല യൂണിയന്‍ കാര്‍ബൈഡും എന്‍റോണും മോണ്‍സാണ്റ്റോവും എന്‍ഡോസള്‍ഫാനുമെല്ലാം ഇവിടെ മരണംവിതച്ചു നിരങ്ങുന്നത്‌. ദേശികളും മോശമെന്നല്ല. നമ്മുടെ പടക്കക്കമ്പനികളും സിമെണ്റ്റ്‌-ഫാക്റ്ററികളും മരുന്നുനിര്‍മാണശാലകളും തുണിമില്ലുകളും ഖനനസ്ഥലങ്ങളും ബസ്സുകളും ബോട്ടുകളും തീവണ്ടികളും വിമാനങ്ങളും..... ഇരുചക്രക്കാര്‍ സ്വമേധയാ ഹെല്‍മെറ്റ്‌ ധരിക്കില്ല. കാറോടിക്കുന്നവര്‍ സീറ്റ്‌-ബെല്‍റ്റ്‌ ഇടില്ല. വണ്ടിയോടിത്തുടങ്ങിയാല്‍ തുടങ്ങും മൊബൈല്‍-വര്‍ത്തമാനം. വണ്ടിയെടുക്കുന്നവരെല്ലാം വീരന്‍മാര്‍. ചക്രം തിരിക്കുന്നവര്‍ ചക്രവര്‍ത്തിമാര്‍. വഴിയെല്ലാം വാപ്പയുടേതല്ലേ, പിന്നെന്താ?

അധികമായിട്ടില്ല, നാട്ടിലെ തൊടിയില്‍ വൈദ്യുതക്കമ്പികള്‍ക്കു മുകളില്‍ വളര്‍ന്ന മരങ്ങള്‍ മുറിച്ചുനീക്കേണ്ടി വന്നു. പണിക്കായി ഏര്‍പ്പെടുത്തിയ ആളോട്‌ മരം മുറിക്കുന്ന നേരം വൈദ്യുതി വിച്ഛേദിക്കാനും കമ്പിമുറിയാതെ കാവല്‍നില്‍ക്കാനും നിര്‍ബന്ധമായി കെ.എസ്‌.ഇ.ബി.-ക്കാരെ വിളിക്കാന്‍ ഏല്‍പ്പിച്ചുമിരുന്നു. ആരും വന്നില്ല. ആരെയും വിളിച്ചിരുന്നില്ല. കൂറ്റന്‍കൊമ്പുകള്‍ കണ്ടമാനം വെട്ടിയിട്ടു. പലപ്പോഴും കമ്പികളില്‍നിന്നു തീപ്പൊരി പാറി. അയല്‍ക്കര്‍ ഒച്ചവച്ചു. ഒന്നുമായില്ല. കൂടെ ഒച്ചവച്ച എന്നോട്‌ 'ഒന്നുമായില്ലല്ലോ' എന്ന് അയാളുടെ സാന്ത്വനവും! ഒരായിരമോ രണ്ടായിരമോ ലാഭിക്കാന്‍വേണ്ടി കരാറുകാരന്‍കാട്ടിയ കാട്ടാളത്തം!

പഴയ വീടിണ്റ്റെ പഴകിയ കതകുകളും ജനാലകളും മാറ്റിവയ്ക്കേണ്ടി വന്നപ്പോള്‍ മുളകൊണ്ടെങ്കിലും ഭിത്തിക്കൊരു താങ്ങു കൊടുക്കാന്‍ വൈമുഖ്യം കാട്ടി കുട്ടിപ്പണിക്കാര്‍. "ഓ! ഒന്നുമാകില്ലെന്നേ...". ഇലക്ട്രീഷ്യനോ വൈദ്യുതി വിച്ഛേദിക്കാതെ 'ലൈവ്‌' ആയേ വയറിംഗ്‌ നടത്തൂ; അതാണ്‌ അതിണ്റ്റെ ഒരു സ്റ്റൈല്‍. "ഓ! ഒന്നുമാകില്ലെന്നേ...". എത്ര ഉയര്‍ന്ന കെട്ടിടങ്ങളില്‍ പണിയെടുക്കുന്നവര്‍പോലും നിവൃത്തിയുണ്ടെങ്കില്‍ 'ഹാര്‍ണസ്സ്‌' എന്ന സുരക്ഷാസംവിധാനം ഉപയോഗിക്കില്ല. "ഓ! ഒന്നുമാകില്ലെന്നേ...". പണിസ്ഥലത്തെ പൊടി എത്ര ശ്വസിച്ചാലും മൂക്കൊന്നു പൊതിഞ്ഞുകെട്ടില്ല. പെയിണ്റ്റും വാര്‍ണീഷുമെല്ലാം കൈകൊണ്ടേ ഇളക്കൂ. കെട്ടിടങ്ങള്‍ക്കടുത്തേ ചവറും മറ്റും വാരിക്കൂട്ടി തീയിട്ടുകത്തിക്കൂ.

മുംബൈ ഭീകരാക്രമണസമയത്തു കണ്ടതാണല്ലോ നാട്ടുകാരുടെ സുരക്ഷയുടെ കാര്യത്തില്‍ നാം എത്ര കുറച്ചുമാത്രം സജ്ജരായിരുന്നെന്ന്. മുംബൈ-പോലീസിലെ ഒരു 'പാണ്ഡു-ഹവല്‍ദാര്‍' വാതിലില്‍ വെറുമൊരു പ്ളാസ്റ്റിക്‌-കസേരയിട്ട്‌ ഭീകരണ്റ്റെ വഴിമുടക്കാന്‍ ശ്രമിക്കുന്നതു ടീവി-യില്‍ കണ്ടപ്പോള്‍ സഹതാപം തോന്നി. 'അങ്കവും കണ്ടു താളിയുമൊടിക്കാ'നെത്തിപ്പെട്ട മാധ്യമപ്പട എത്രമാത്രം സുരക്ഷാപ്രശ്നം സൃഷ്ടിച്ചെന്ന് അറിവുള്ളതാണല്ലോ.

നഗരങ്ങളിലെ മറ്റൊരു ശാപമാണ്‌ 'സ്റ്റ്രീറ്റ്‌-ക്രിക്കറ്റ്‌'. ഏതോ കുറെ തൊഴിലില്ലാപ്പട എന്നോ തുടങ്ങിവച്ച തലതെറിപ്പ്‌. വീട്ടുകാരെയും നാട്ടുകാരെയും മുള്‍മുനയില്‍ നിര്‍ത്തി നാശംവിതയ്ക്കുന്ന ആ കളി തീക്കളിയാണെന്നുപദേശിച്ചാല്‍ തിരിച്ചുകിട്ടുന്നതു പച്ചത്തെറി. ബൈക്കുകള്‍കൊണ്ട്‌ 'റെയ്സിംഗ്‌', 'ജംപിംഗ്‌', 'വീലിംഗ്‌'-പോലുള്ള രാക്ഷസക്കളികളും പരക്കെയുണ്ടു പട്ടണങ്ങളില്‍.

പെട്രോള്‍ പമ്പില്‍ ടാങ്ക്‌ നിറയ്ക്കുന്നതു കണ്ടിട്ടുണ്ടോ? ഗാസുകാര്‍ കുറ്റികള്‍ കൈകാര്യം ചെയ്യുന്നതു കണ്ടിട്ടുണ്ടോ? പോര്‍ട്ടര്‍മാര്‍ പെട്ടികളെടുക്കുന്നതു കണ്ടിട്ടുണ്ടോ? ആഘോഷക്കാര്‍ പടക്കംപൊട്ടിക്കുന്നതു കണ്ടിട്ടുണ്ടോ? ബാക്കിയുള്ളവരുടെ കാര്യം പോകട്ടെ, സ്വന്തം സുരക്ഷയെങ്കിലും ഉറപ്പാക്കണ്ടേ ഈ മനുഷ്യജീവികള്‍ക്ക്‌? എന്തെങ്കിലും പറ്റിയാല്‍ നാളെ നിലവിളിച്ചലമുറയിട്ടിട്ടു കാര്യമില്ലല്ലോ.

എല്ലാവരും നിരുത്തരവാദികളാണെന്നല്ല വിവക്ഷ. നാരായണന്‍കുട്ടിയെന്ന നാട്ടിലെ ഇലക്ട്രീഷ്യന്‍ ഓരോ പോയിണ്റ്റും എന്തെന്നും എന്തിനെന്നും വിശദമായി ആലോചിച്ചുറപ്പിച്ചേ പണിചെയ്യൂ. ആദ്യത്തെ സ്വിച്ച്‌ വിളക്കിനുള്ളതായിരിക്കണം. സ്വിച്ചിട്ടാല്‍ വിളക്കിണ്റ്റെ വെളിച്ചം നേരെ കണ്ണിലടിക്കരുത്‌. എല്ലാ മുറികളിലും ഒരേ ക്രമത്തിലായിരിക്കണം സ്വിച്ചുകളുടെയും സോക്കറ്റുകളുടെയും റെഗുലേറ്ററുകളുടെയുമെല്ലാം ക്രമം. സോക്കറ്റുപയോഗിക്കുമ്പോള്‍ വയര്‍ സ്വിച്ചിനുമേല്‍ തൂങ്ങരുത്‌. പഴയ ഓടിട്ട വീടുകള്‍ക്ക്‌ പി.വി.സി.-പൈപ്പിനകത്തെ വയറിംഗാണ്‌ നല്ലത്‌; വെള്ളം കയറില്ല, എലി കടിക്കില്ല. 'എര്‍ത്തിംഗ്‌'-ണ്റ്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ച്ചയുമില്ല. വൈദ്യുതി വീട്ടിലെ വയറുകളില്‍ സമമായി വിതരണം ചെയ്യപ്പെടണം.....എന്നുപോകുന്നു ആശാണ്റ്റെ ആശയങ്ങള്‍. ഒരു സൌകര്യം പ്രമാണിച്ച്‌ ഒരു 3-പിന്‍ സോക്കറ്റ്‌ നിലത്തോടുതൊട്ടു വേണമെന്നു പറഞ്ഞപ്പോള്‍ നാരായണന്‍കുട്ടി വിലക്കി. വേണ്ട, പാടില്ല; കുട്ടികള്‍ വിരലിട്ടേക്കാം, ഈര്‍പ്പം പടര്‍ന്നു കയറാം. നിയമവും സമ്മതിക്കില്ല.

കുളിമുറിയില്‍ വെറുമൊരു വാഷ്‌-ബേസിന്‍ സ്ഥാപിക്കാന്‍ ചുമരില്‍ കോണ്‍ക്രീറ്റ്‌-പാളി ഉറപ്പിക്കണമെന്നു പറഞ്ഞ പണിക്കാരനോട്‌ എനിക്കു നീരസം തോന്നി. എന്നാല്‍ ആ വിദ്വാണ്റ്റെ വിശദീകരണം എനിക്കൊരറിവായി. എല്ലാവര്‍ക്കും വയസ്സായി വരികയാണ്‌. കുളിമുറിയില്‍ ഒന്നു കാല്‍ തെറ്റിയാല്‍ ആദ്യം പിടിക്കാന്‍ കൈപോകുക വാഷ്‌-ബേസിനിലായിരിക്കും. അതും കൂട്ടത്തില്‍ തകര്‍ന്നുവീണാലോ? അതുകൊണ്ട്‌ കുളിമുറിയിലെ സാധനങ്ങളെല്ലാം നല്ല ഉറപ്പിലായിരിക്കണം. അതുപോലെ ആദ്യം വാഷ്‌-ബേസിന്‍, പിന്നെ കുളിസ്ഥലം, പിന്നെ ശൌചസ്ഥലം എന്ന മുറയ്ക്കായിരിക്കണം കുളിമുറിയിലെ ചിട്ട.

കരയിലെ കരുതലുകള്‍ ഇത്രയാണെങ്കില്‍ കടലിലെ കാര്യങ്ങള്‍ എങ്ങിനെയാകണം? വള്ളത്തില്‍ കാല്‍തെറ്റി കടലില്‍ വീണിട്ടുണ്ട്‌. ബോട്ട്‌ മണ്‍തിട്ടയിലുറച്ചിട്ടുണ്ട്‌. കപ്പല്‍ പാറക്കെട്ടില്‍ തട്ടിയിട്ടുണ്ട്‌. കപ്പലില്‍ തീ പിടിച്ചിട്ടുണ്ട്‌. കപ്പലുകള്‍ കൂട്ടിയിടിച്ചിട്ടുണ്ട്‌. കോളില്‍പെട്ടു കഷ്ടപ്പെട്ടിട്ടുണ്ട്‌. കപ്പല്‍തട്ടിലെ ക്രെയിന്‍ ക്രമംവിട്ടുലഞ്ഞ്‌ ഭീകരനിമിഷങ്ങളുണ്ടായിട്ടുണ്ട്‌. ഇരുമ്പുകയറ്‍പൊട്ടി വിലപ്പെട്ട സാധനസാമഗ്രികള്‍ കടലില്‍ നഷ്ടപ്പെട്ടിട്ടുണ്ട്‌. കടലപകടങ്ങള്‍ എന്നെ കുഴക്കിയിട്ടുണ്ടേറെ.

എന്നിരുന്നാലും ലോകത്തിലൊരുപക്ഷെ ഏറ്റവും സുരക്ഷിതമായ യാത്രാവാഹനമായിരിക്കും കപ്പല്‍. കാല്‍നട രണ്ടു ബിന്ദുക്കളെ തൊട്ട്‌. ഇരുചക്രയാത്ര ഒരു വരെയെ തൊട്ട്‌. നാല്‍ച്ചക്രവണ്ടികള്‍ രണ്ടു വരകളെ തൊട്ട്‌. തീവണ്ടിയെ താങ്ങുന്നതു രണ്ടു പാളങ്ങള്‍ മാത്രം. വിമാനത്തെ താങ്ങുന്നത്‌ വെറും വായു. എന്നാലോ കപ്പലിനെ ചുറ്റും പൊതിഞ്ഞ്‌ കൈത്താങ്ങായി വെള്ളം സംരക്ഷിക്കുന്നു കടല്‍യാത്രയില്‍ കയര്‍, എണ്ണ, തീ, ആഹാരം, രോഗം എന്നിവയെ പ്രത്യേകം ശ്രദ്ധിക്കണം എന്നു മാത്രം. ഒരുതരത്തിലും അവയെ നിസ്സാരമാക്കി തള്ളില്ല വിവേകമുള്ള നാവികര്‍. അതുകൊണ്ടുകൂടിയാണ്‌ കടല്‍യാത്ര ഇത്ര സുരക്ഷിതമാകുന്നത്‌.

ഞാന്‍ പോയിക്കൊണ്ടിരുന്ന ഗവേഷണക്കപ്പലുകളിലെ കപ്പിത്താന്‍മാരെല്ലാം സുരക്ഷയുടെ കാര്യത്തില്‍ കടുകിട മാറാത്തവരായിരുന്നു. അതില്‍തന്നെ മലയാളിയായ ക്യാപ്റ്റന്‍ വര്‍മ, കടലിലെ ഓരോ പ്രവൃത്തിക്കും മുന്നേ "സേഫ്റ്റി ഫസ്റ്റ്‌!" എന്നു നിഷ്കരുണം ഓര്‍മിപ്പിക്കുമായിരുന്നു. തുറമുഖങ്ങളിലെ ചുമരുകളിലെല്ലാം കാണാവുന്ന ഒരു ബോര്‍ഡാണ്‌ 'സേഫ്റ്റി ഫസ്റ്റ്‌' എന്നത്‌. കപ്പലിണ്റ്റെ കാര്യത്തില്‍ അബദ്ധമെന്നൊന്നില്ല. കാരണം അതു താങ്ങാന്‍ പാങ്ങില്ല എന്നതുതന്നെ. ആദ്യം സുരക്ഷ, പിന്നെ സ്വരക്ഷ.

'സേഫ്റ്റി ഫസ്റ്റ്‌' - അതാണ്‌ കപ്പല്‍നിയമം.

No comments:

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...