Sunday 15 November 2015

'ഊട്രുണ്ടെങ്കിലേ യങ്ങ്ളുക്കുള്ളൂ'

മഴകഴിഞ്ഞു മഞ്ഞുകാലം വരവായി. നാട്ടിലെങ്ങും ഇനി സമ്മേളനങ്ങളായി. 

വെറും രാഷ്ട്രീയസമ്മേളനങ്ങളല്ല. 'അതുക്കും മേലെ'യുള്ള ബുദ്ധിജീവിസമ്മേളനങ്ങള്‍: ചര്‍ച്ചകള്‍, സെമിനാറുകള്‍, സിമ്പോസിയങ്ങള്‍, ശില്‍പശാലകള്‍. ശാസ്ത്രം, സാഹിത്യം, സാമൂഹ്യം, ചരിത്രം, പുരാണം, കച്ചവടം, പരസ്യം, ചലച്ചിത്രം, മാധ്യമം, ആര്യം, ദ്രാവിഡം, ദളിതം, ദൈവികം, എന്നിങ്ങനെ കാക്കത്തൊള്ളായിരം വിഷയങ്ങള്‍ കൈകാര്യം ചെയ്യാനുണ്ടല്ലോ മനുഷ്യരാശിക്ക്‌. മതം, തീവ്രവാദം, സ്ത്രീവിഷയം, അരികുജീവിതം, ആടുജീവിതം, മാടുജീവിതം, ലോക സമധാനം, അധിനിവേശം, അന്യഗ്രഹപ്രവേശം എന്നിവയെല്ലാം അടക്കിപ്പിടിച്ചിരിക്കുകയല്ലേ മാനവരാശി. 

പാശ്ചാത്യരാജ്യങ്ങളിലാണെങ്കില്‍ വസന്തകാലമാണു പഥ്യം. ഇന്ത്യയില്‍ മഞ്ഞുകാലവും. ഇന്ത്യയില്‍തന്നെ ഗോവയാണ്‌ സമ്മേളനങ്ങള്‍ക്കു പ്രിയം. രാജസ്ഥാനും ദില്ലിയും കേരളവുമെല്ലാം കസറുന്നുണ്ട്‌ കോണ്‍ഫറന്‍സുകള്‍ക്ക്‌. ഒന്നുകഴിഞ്ഞാല്‍ മറ്റൊന്ന്‌; ഒരിടം വിട്ടാല്‍ വേറൊന്ന്‌. ഇംഗ്ളീഷില്‍ 'പാര്‍ട്ടി അനിമല്‍' എന്നൊരു വാക്കുണ്ട്‌ (വി.കെ.എന്‍.-മലയാളത്തില്‍ 'അറുതെണ്ടി'). അതുപോലെയാണ്‌ വിഷയ-വിദഗ്ദ്ധന്‍മാര്‍, 'സബ്ജക്റ്റ്‌-എക്സ്പര്‍ട്ടു'മാര്‍ ('വിഷയലമ്പടന്‍മാര്‍' എന്നു വി.കെ.എന്‍.-ഭാഷ്യം). അവര്‍ ഒറ്റയ്ക്കും തെറ്റയ്ക്കും നീങ്ങുന്നു, നിരങ്ങുന്നു, ഇവിടത്തെ പരിപാടികഴിഞ്ഞാല്‍ ഉടന്‍ മറ്റൊരിടത്തേക്ക്‌. അവരില്‍തന്നെ സ്വല്‍പം മുന്തിയ വര്‍ഗം ഭൂലോകതെണ്ടികളായിരിക്കും - ഇന്നു പാരീസില്‍, നാലുനാള്‍ കഴിഞ്ഞാല്‍ സാന്‍ഫ്രാന്‍സിസ്കോവില്‍, സീസണാവുമ്പോള്‍ ദുബായില്‍, കേപ്പ്‌ ടൌണില്‍, ഗോവയില്‍, സിഡ്നിയില്‍..... മീറ്റിംഗ്‌ കഴിഞ്ഞിട്ടൊരു നേരമുണ്ടാകില്ല പാവങ്ങള്‍ക്ക്‌. 

രസമതല്ല. ഇവറ്റകളൊന്നും സ്വന്തം കാശുചെലവാക്കിയല്ല ഇപ്പറഞ്ഞ കോണ്‍ഫറന്‍സുകളായ കോണ്‍ഫറന്‍സുകളിലൊക്കെ കൊത്തിനടക്കുന്നത്‌. ദിവസക്കൂലിയും (ഡി.എ) യാത്രക്കൂലിയും (ടി.എ.) കണക്കിനു കിട്ടും; കിട്ടിയില്ലെങ്കില്‍ ചോദിച്ചു മേടിക്കും. ഇതാണ്‌ പ്രാഥമിക'ഡേറ്റ' ('ദത്തം' എന്നു കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്‌). ഇതുവച്ചുള്ള കളികള്‍ക്ക്‌ നോക്കുകൂലി വേറെയും തരപ്പെടുത്തും. അവിടത്തെ തണുപ്പു താങ്ങാനാവാതെ (വീടു ചൂടാക്കാനുള്ള ചെലവും), ഇവിടത്തെ മഞ്ഞുകാലത്ത്‌ വിരുന്നുവരും സമ്മേളനങ്ങള്‍ക്കായി പാശ്ചാത്യശാസ്ത്രജ്ഞരും സാഹിത്യകാരന്‍മാരും അധ്യാപകരും അര്‍ധ-വിദഗ്ദ്ധരും ('പോസ്റ്റ്‌-ഡോക്ടറല്‍' എന്ന പണിയില്ലാപരിഷകള്‍). കൂടെ അവരുടെ സഹശയനക്കാരും ('കമ്പാനിയന്‍' എന്നു ചെല്ലപ്പേര്‌). അവിടെ 'വര്‍ക്കിംഗ്‌ ഹോളിഡേ'; ഇവിടെ 'പെയ്ഡ്‌ ഹോളിഡേ'. മീറ്റിംഗായ മീറ്റിംഗെല്ലാം നിരങ്ങി വീട്ടുകാരെയും നാട്ടുകാരെയും കണ്ടുമടങ്ങാന്‍ നല്ലൊരവസരം മറുനാടന്‍-ഭാരതീയ-ശിങ്കങ്ങള്‍ക്കും. 

ഇങ്ങനെ സെമിനാറുകളില്‍ പങ്കെടുക്കാനുള്ള ക്ഷണക്കത്തുകിട്ടാന്‍ അപേക്ഷ അയക്കണംപോലും. ആവശ്യപ്പെട്ടാലേ ക്ഷണിക്കപ്പെടുകയുള്ളൂ എന്നത്‌ ഒരു പുതിയ അറിവായിരുന്നു. കാലം കുറെ കഴിയുമ്പോള്‍, 'തെണ്ടിപ്പാസ്സ്‌' സ്ഥിരീകരിക്കപ്പെടുമ്പോള്‍ പിന്നെ മുറതെറ്റാതെ ക്ഷണം വന്നുകൊണ്ടിരിക്കുമത്രേ. കൂട്ടത്തില്‍, നാട്ടില്‍ കുറെ സമ്മേളനങ്ങള്‍നടത്താനൂള്ള ചുമതലയും ലഭിക്കും. 

ആവശ്യപ്പെട്ടാലേ ക്ഷണിക്കപ്പെടുകയുള്ളൂ എന്നത്‌ ഒരു പുതിയ അറിവായിരുന്നു. കാലം കുറെ കഴിയുമ്പോള്‍, 'തെണ്ടിപ്പാസ്സ്‌' സ്ഥിരീകരിക്കപ്പെടുമ്പോള്‍ പിന്നെ മുറതെറ്റാതെ ക്ഷണം വന്നുകൊണ്ടിരിക്കുമത്രേ. കൂട്ടത്തില്‍, നാട്ടില്‍ കുറെ സമ്മേളനങ്ങള്‍നടത്താനൂള്ള ചുമതലയും ലഭിക്കും. സെമിനാറുകള്‍ക്ക്‌ ആദ്യം വേണ്ടത്‌ പറ്റിയ ഒരു വിഷയം കണ്ടെത്തലാണ്‌. മിക്കവാറും വെള്ളക്കാരുടെ ഒരു ഇണ്ടാസുണ്ടാകും പിന്നില്‍. അതു തരംപോലെ നാടിനുചേര്‍ന്നതാക്കാന്‍ നാടന്‍വിരുതന്‍മാരുമുണ്ടാകും. പിന്നെ വേണ്ടതു സ്പൊണ്‍സര്‍മാരാണ്‌. വെള്ളക്കാര്‍ അങ്ങനെയൊന്നും കാശു കൈവിട്ടു കളിക്കില്ല. കാശുതരുന്നെങ്കില്‍ അതിണ്റ്റെ കൂടെ കയറുമുണ്ടാകും. ഇന്നതു ചര്‍ച്ച ചെയ്യണം, ഇന്നിടത്തു ചര്‍ച്ച ചെയ്യണം, ഇന്നാരു ചര്‍ച്ച ചെയ്യണം, ഇന്നതുപോലെ ചര്‍ച്ച ചെയ്യണം എന്നെല്ലാം കണ്ടീഷന്‍സ്‌ അപ്പ്ളൈ. കവാത്തുമറന്ന് നമ്മള്‍ കടുകിട മാറാതെ കാര്യമേല്‍ക്കും. 

പിന്നെയൊരു ഉത്രാടപ്പാച്ചിലാണ്‌ സമ്മേളനം നടത്താന്‍ തരപ്പെടുത്തുന്ന സ്ഥാപനത്തില്‍. ഉപദേശക സമിതി, പണമിടപാടു സമിതി, പ്രോഗ്രാം സമിതി, വരവേല്‍പ്പു സമിതി, നടത്തിപ്പു സമിതി, പ്രസിദ്ധീകരണ സമിതി, ആഹാര സമിതി, വാഹന സമിതി, ഉല്ലാസ സമിതി, സാംസ്കാരിക സമിതി എന്നിങ്ങനെ ജീവനുള്ളവരെയും ഇല്ലാത്തവരെയും കോട്ടിട്ടവരെയും മീശവച്ചവരെയും വെറുക്കപ്പെടേണ്ടവരെയും അല്ലാത്തവരെയും നികൃഷ്ടജീവികളെയും പരമാത്മാക്കളെയും ആറാട്ടുമുണ്ടന്‍മാരെയുമെല്ലാം സ്വരുക്കൂട്ടും. അമ്പുകൊള്ളാത്തവരുണ്ടാകില്ല കുരുക്കളില്‍. പിന്നെ കുരുക്കള്‍പൊട്ടി ചോരയൊലിക്കും സമ്മേളനം തീരുമ്പോഴേക്കും. 

ഉപദേശകസമിതിയില്‍ കൈ നനയ്ക്കാതെ മീന്‍പിടിക്കുന്നവരായിരിക്കും. അവര്‍ക്ക്‌ വേദിയില്‍ ബഹുമാന്യസ്ഥാനവും ഉറപ്പാണ്‌. കുറെ വലിയ കാര്യങ്ങള്‍ വലിയവായില്‍ വാരിവിതറണം. കാണേണ്ടവര്‍ വന്നുകണ്ടും കാണേണ്ടവരെ പോയിക്കണ്ടും സമയം തീരും. മുഴുസമയം ചടങ്ങുകളില്‍ ഉണ്ടാകണമെന്നുമില്ല; കാരണം വേറെയും പല ഇടങ്ങളില്‍, തിരുപ്പതിയിലെപ്പോലെ വേറെ തലകളും കൊയ്യേണ്ടതുണ്ടല്ലോ. പരിപാടികള്‍ക്കു പണംകണ്ടെത്താന്‍ പ്രത്യേകപരിചയമുള്ളവരുണ്ടാകും. പരസ്യവും (രഹസ്യവും) ആയി സ്മരണികയെന്നോ പ്രൊസീഡിംഗ്സ്‌ എന്നോ പുസ്തകമെന്നോ പുരസ്കാരമെന്നോ മറ്റും പറഞ്ഞ്‌ കാശുപിഴിയാം പ്രായോജകരില്‍നിന്ന് (പ്രയോജനം കിട്ടുന്നവര്‍ പ്രായോജകര്‍). വര്‍ക്കിങ്ങ്‌-ലഞ്ച്‌ വിപുലമായില്ലെങ്കിലും ഡിന്നര്‍പാര്‍ട്ടി ഗംഭീരമാക്കണം. അതിനു പ്രായോജകര്‍ കാശുമായി ക്യൂ-നില്‍ക്കും. പ്രസിദ്ധീകരണശാലകള്‍, ഉപകരണങ്ങളുണ്ടാക്കുന്നവര്‍, മരുന്നുകമ്പനികള്‍, കമ്പ്യൂട്ടര്‍കമ്പനികള്‍ എന്നിങ്ങനെ നിര നീണ്ടതായിരിക്കും. 

പങ്കെടുക്കുന്നവര്‍ അവതരിപ്പിക്കാന്‍പോകുന്ന പ്രബന്ധങ്ങളുടെ സംക്ഷേപസാരം ('ആബ്സ്റ്റ്രാക്റ്റ്‌') ശേഖരിക്കലാണ്‌ അടുത്ത പടി. പ്രബന്ധമെഴുതുന്നതിനുമുന്‍പ്‌ സംക്ഷേപമെഴുതുന്നതെങ്ങിനെ എന്നത്‌ നാല്‍പതുവര്‍ഷത്തെ ഗവേഷണജീവിതത്തില്‍നിന്നുപോലും എനിക്കു പഠിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ഒരേസമയം എട്ടും പത്തും സാരാംശം കൈവശംവച്ചു കശക്കിനടക്കുന്നവരെ എനിക്കറിയാം. ഒരേ സംക്ഷേപം പലപല സെമിനാറുകള്‍ക്കായി അയച്ചുകൊടുക്കുന്നവരെയും എനിക്കറിയാം. 

കൂട്ടത്തില്‍ 'പോസ്റ്റര്‍ സെഷന്‍' എന്നൊന്നുണ്ട്‌ - പോസ്റ്ററുണ്ടാക്കി പ്രദര്‍ശിപ്പിക്കല്‍. ഇത്‌ താരതമ്യേന ജൂനിയര്‍മാര്‍ക്കു സംവരണംചെയ്തു വച്ചിട്ടുള്ള സംഭവമാണ്‌. 

ഏറ്റവും ഉയര്‍ന്നത്‌ മുഖ്യപ്രസംഗമാണ്‌. അത്‌ ജൂനിയര്‍മാര്‍ ആരെങ്കിലും എഴുതിക്കൊടുക്കുന്നതാകും എന്നതു വേറെ കാര്യം. എങ്കിലോ അതു കിട്ടിയശേഷം അച്ചടി തുടങ്ങാമെന്നു പ്രസിദ്ധീകരണ സമിതി കരുതിയാല്‍ തെറ്റി. പലപ്പോഴും പകരക്കാര്‍ എഴുതിച്ചേര്‍ക്കുന്നതാണു വഴക്കം. 

പരിപാടിസമിതിയുടെ തലവേദന പൂജ്യരെ എങ്ങിനെ പൂജിക്കണം എന്നതിലാണ്‌. മിക്കപ്പോഴും വട്ടപ്പൂജ്യക്കാരെയും പൂജ്യരാക്കണം. അധ്യക്ഷപദംകൊടുത്ത്‌ സംഗതി സബൂത്താക്കാം. എന്നാലും ചിലപ്പോള്‍ സംഗതി പാളും. വഴിതെറ്റി വല്ല വാഴ്ത്തപ്പെടേണ്ടവരോ വാഴ്ത്തപ്പെടാത്തവരോ വന്നുപെട്ടാലോ. 

സമയക്രമമാണ്‌ സമ്മേളനങ്ങളുടെ ക്രമസമാധാനപ്രശ്നം. ഏതെങ്കിലും ഒരു സെമിനാര്‍ സമയത്തിനു തുടങ്ങി സമയത്തിനു തീര്‍ത്തതായറിവുണ്ടോ? ഇഷ്ടദൈവങ്ങള്‍ ഇഷ്ടപ്രജകള്‍ക്കു യഥേഷ്ടം സമയമനുവദിച്ചുകൊണ്ടായിരിക്കും പ്രസംഗപരിപാടി മുന്നോട്ടുപോവുക. അവസാനക്കാര്‍ക്ക്‌ രണ്ടോ മൂന്നോ മിനിറ്റില്‍ കാര്യംപറഞ്ഞു തണ്ടുതപ്പേണ്ടിവരും. വൈകിയവേളയിലും തീരാഞ്ഞാല്‍ പ്രബന്ധം അവതരിപ്പിച്ചതായി സങ്കല്‍പ്പിക്കാമെന്നു പ്രസ്താവിക്കുന്ന കീഴ്വഴക്കവുമുണ്ട്‌. എന്താല്ലേ. 

ആളുകൂടുന്ന പൊതുപരിപാടിക്കിടെ ആളെക്കിട്ടാനിടയില്ലാത്ത സ്വകാര്യപരിപാടികള്‍ കുത്തിത്തിരുകുന്നതും ഒരു കലയാണ്‌ പല ബുദ്ധിജീവിസമ്മേളനങ്ങളിലും. ഒരു അവാര്‍ഡു കിട്ടിയ ആളെ അനുമോദിക്കലോ പെന്‍ഷന്‍പറ്റുന്നൊരാളെ ആദരിക്കലോ ഒക്കെയായിരിക്കും അജണ്ട. നാട്ടുവെളിച്ചത്തില്‍ നേരാംവണ്ണം നടത്തിയാല്‍ നാലാളുകൂടില്ല. ഇതാണെങ്കില്‍ ചുളുവില്‍ സദസ്സുണ്ടാക്കി കയ്യടി ചോദിച്ചു വാങ്ങാം. കാപ്പിക്കും ചായക്കും അധികച്ചെലവുമില്ല. പുത്തിയുണ്ടല്ലേ. 

ഓണത്തിനിടെ പുട്ടുകച്ചവടം മറ്റൊരു കൌശലമാണ്‌. മിക്കവാറും വല്യേമ്മാന്‍മാരുടെ ചെറുബാല്യക്കാരുടെ വില്‍പ്പന-പ്രദര്‍ശനങ്ങള്‍ സമ്മേളനവേദിക്കരികില്‍ സംഘടിപ്പിക്കും - പുസ്തകമാകാം, പുരാസ്തുവാകാം, പടമാകാം, ഫോട്ടോവാകാം, പരസ്യമാകാം. "പോനാലൊരു പൊട്ടപ്പാക്ക്‌; ആനാലൊരു അടയ്ക്കാമരം" എന്നു യുക്തി. 

വരവേല്‍പ്പും എതിരേല്‍പ്പും മുടിഞ്ഞ പണിയാണ്‌. വി.ഐ.പി.-അല്ലാത്ത ആരുണ്ടീയുലകത്തില്‍? വന്നിറങ്ങുമ്പോള്‍ കാറുണ്ടാകണം എന്നു മാത്രമല്ല, അതു തനിക്കായിമാത്രം വേണം എന്നതാണു നാട്ടുനീതി. ഇതിനെല്ലാമിടയില്‍, സമ്മേളനത്തിനുവരുന്ന ചില്ലറകളും ചില്വാനങ്ങളും ചിതറിനടക്കും ചുറ്റുവട്ടത്തെല്ലാം, അനാഥപ്രേതങ്ങള്‍പോലെ, കഴുത്തില്‍ കെട്ടിത്തൂക്കിയൊരു കാറ്‍ഡുമായി. 

സമ്മേളനത്തിണ്റ്റെ പ്രധാനഘടകമാണ്‌ കാഴ്ച്ചകാണലും കലാപരിപാടിയും. കഴുകന്‍മാരുടെ കണ്ണ്‌ ഇതില്‍മാത്രമായിരിക്കും. "കാഴ്ചകാണല്‍പരിപാടിയില്ലാത്ത തണ്റ്റെ കോണ്‍ഫറന്‍സ്‌ എന്തു കോണ്‍ഫറന്‍സ്‌?" എന്ന് എന്നോടു തട്ടിക്കയറിയവരുണ്ട്‌. 'മേതാസ്‌' അല്ല, സത്യം തന്നെ! 

സെമിനാറിനുള്ളിലും നേരമ്പോക്കുകള്‍ പലവകയുണ്ടാകും. ഇഷ്ടമല്ലാത്തച്ചി തൊട്ടതെല്ലാം കുറ്റം, മനോരഞ്ജിതം രഞ്ജിതമായാല്‍ ചാണകക്കുന്തിയും ചമ്മന്തി, കാര്‍ന്നോര്‍ക്ക്‌ അടുപ്പിലും ആകാം, നാലു തല ചേര്‍ന്നാലും നാലു മുല ചേരില്ല, തനിക്കു താനും പെരയ്ക്കു തൂണും, മണ്ണുംചാരിനിന്നവന്‍ പെണ്ണുംകൊണ്ടുപോയി, കയ്യാലപ്പുറത്തെ കടുക്‌ ഇത്യാദി പഴഞ്ചൊല്‍മാലകളൊക്കെ പരമാര്‍ഥാമാകുന്നതു കാണാം പ്രബന്ധാവതരണം പുരോഗമിക്കുമ്പോള്‍. അറിവുള്ളവന്‍ തുറന്നുകാട്ടും. അറിവില്ലാത്തവന്‍ പൊക്കിക്കാട്ടും. അറിയേണ്ടാത്തവന്‍ കണ്ണടയ്ക്കും. ചോദ്യത്തിനുത്തരം അറിയുമെങ്കില്‍ പൊള്ളച്ചിരിയും അറിയില്ലെങ്കില്‍ ഇളിഭ്യച്ചിരിയും അതുമല്ലെങ്കില്‍ കൊലച്ചിരിയും. ഒട്ടും മുഷിയില്ല. 

പ്രോഗ്രാം തുടങ്ങുമ്പോള്‍ കൃത്യസമയത്തിനു തിരക്കിട്ടു വരുന്നവരെ സൂക്ഷിക്കുക. അധികം വൈകാതെ അവര്‍ സ്ഥലം വിടുന്നുണ്ടാകും. പിന്നെ പൊങ്ങുന്നത്‌ ഊണ്‍സമയത്തിനു തൊട്ടുമുന്‍പാകും, അല്ലെങ്കില്‍ ചായക്കുമുന്‍പ്‌. ആരായാലും വിഷയമെന്തായാലും പ്രബന്ധാവതാരകനെ ഇടയ്ക്കുവച്ചു നിര്‍ത്തിച്ച്‌ ആ സമയത്തൊരു സംശയംതീര്‍ക്കലുണ്ടാകും. അതുവരെ മുങ്ങിയിരുന്ന കാര്യം ഇരുചെവി അറിഞ്ഞിട്ടില്ല; അമ്പട ഞാനേ. 

പ്രധാനകാര്യം വിട്ടു. ആഹാരം. സമ്മേളനങ്ങളില്‍ പങ്കെടുക്കുന്ന ആരുംതന്നെ ഇന്നത്തെക്കാലത്ത്‌ പട്ടിണിക്കാരായില്ല. എന്നാലും ആഹാരത്തിണ്റ്റെ കാര്യത്തില്‍ ഒരുതരം ആവേശമാണ്‌ ഭാരവാഹികള്‍ക്കും പങ്കെടുക്കുന്നവര്‍ക്കും. ക്യൂവും കൂപ്പണും കുത്തിക്കയറ്റവും കൂടെക്കയറ്റവും കൂട്ടുകൂടലും കൂടെയിരിക്കലും എല്ലാമായി കശപിശ. മുന്നറിയിപ്പൊന്നുമില്ലാതെ സിമ്പോസിയം ഊണിനുമുന്‍പ്‌ തീര്‍ത്തു കതകടച്ചത്‌ ദില്ലിയിലൊരിക്കല്‍, ആഹാരച്ചെലവു ലാഭിക്കാന്‍. ഇവിടെ ഒരു മീറ്റിംഗിന്‌ ഉച്ചയൂണിനും അവിടെ ഒരു മീറ്റിംഗിണ്റ്റെ അത്താഴവിരുന്നിനും ഒരേ വിഭവങ്ങള്‍ മൌറീഷ്യസ്സിലൊരിക്കല്‍, കരാറുകാരന്‍ ഒന്നായതിനാല്‍. വിശിഷ്ടവിഭവങ്ങള്‍ പൊതിഞ്ഞെടുപ്പിച്ച്‌ ഉച്ചതിരിഞ്ഞതും വിമാനത്തില്‍കയറി വീട്ടിലേക്കുതിരിച്ച വി.ഐ.പി. സാങ്കല്‍പികമല്ല. 

സമ്മേളനസദ്യകളില്‍ ആദ്യദിവസത്തെ വിളമ്പല്‍ നഷ്ടത്തിലായിരിക്കും, രണ്ടാംദിവസംതൊട്ട്‌ നഷ്ടം കുറയും, അവസാനനാളുകളില്‍ വന്‍ലാഭമായിരിക്കും. ഇതു പറഞ്ഞത്‌ മാലോകരുടെ മനസ്സറിയാവുന്ന മലയാളിയായൊരു കുശിനിക്കരാറുകാരന്‍. 

ഒരിക്കല്‍ ഞാനും എണ്റ്റെ മേധാവിയുംകൂടി ഒരു പരീക്ഷണം നടത്തിനോക്കി. ഒരു കൊച്ചു മീറ്റിംഗ്‌. ഒന്നര ദിവസം കവിയില്ല. കൈകാര്യംചെയ്യാന്‍ അതിപ്രധാനമായൊരു വിഷയം. ഗോവയില്‍, ആരും ബന്ധുമിത്രപുത്രകളത്രാദികളോടുകൂടി വരാനിഷ്ടപ്പെടാത്ത മഴക്കാലത്തായിരിക്കും ചര്‍ച്ച. യാത്രാച്ചെലവോ ദിവസച്ചെലവോ ഒന്നും ഉണ്ടാകില്ല, എല്ലാം സ്വന്തം ഓഫീസില്‍നിന്നു കണ്ടെത്തിക്കൊള്ളണം. താമസത്തിനു സ്വന്തമായിത്തന്നെ സൌകര്യങ്ങള്‍ ചെയ്തുകൊള്ളണം. ആഹാരം സ്ഥാപനത്തിണ്റ്റെ ഭോജനശാലയില്‍ ഒരുക്കിയിരിക്കും. കൃത്യമായ അജണ്ട സമയത്തിനകത്തു ചെയ്തുതീര്‍ക്കണം. നൂറുപേരെ വിളിച്ചു. മുപ്പതുപേര്‍ മറുപടി തന്നു. പത്തുപേര്‍ വന്നു. എല്ലാം ഗൌരവപൂര്‍വം കാര്യത്തെ സമീപിക്കുന്നവര്‍. ഒന്നരദിവസംകൊണ്ട്‌ ഒരു വൈജ്ഞാനികരേഖ പുസ്തകരൂപത്തില്‍ മെനയാനായി (അതു പ്രസിദ്ധപ്പെടുത്താന്‍ കഴിയാതെ വന്നതു വേറെ കഥ). വിദേശങ്ങളില്‍ നടത്തുന്ന പല സീരിയസ്‌ കോണ്‍ഫറന്‍സുകളും ഇത്തരത്തിലാണ്‌. മുടക്കിയ പണം മുതലാക്കിയേ മീറ്റിംഗ്‌ പിരിയൂ. വേണെങ്കില്‍ ചക്ക വേരേലും. 

മറിച്ച്‌, ചെല്ലും ചെലവുംകൊടുത്തു സംഘടിപ്പിക്കുന്ന മറ്റു വിദ്വല്‍സദസ്സുകളുടെയും മുറജപങ്ങളുടെയും മാമാങ്കങ്ങളുടെയും ജയപരാജയങ്ങള്‍ നിര്‍ണയിക്കുന്ന അളവുകോല്‍ എന്തെന്നല്ലേ - കോണ്‍ഫറന്‍സ്‌-ബാഗ്‌, കഴുത്തില്‍തൂക്കുന്ന കാര്‍ഡിണ്റ്റെ ചന്തം, സമ്മാനപ്പൊതി, ഉല്ലാസയാത്രകള്‍, ആഹാരം! 

ഇതെല്ലാം കണ്ടു തഴമ്പിച്ചിട്ടാവണം 'പാത്രചരിതം' തുള്ളലില്‍ കുഞ്ചന്‍ നമ്പ്യാര്‍ എഴുതിയത്‌, "ഊട്രുണ്ടെങ്കിലേ യങ്ങ്‌ളുക്കുള്ളൂ" എന്ന്. നേര്‍ഭാഷയില്‍, 'സദ്യയുണ്ടെങ്കിലേ ഞങ്ങള്‍ക്കുമുള്ളൂ' എന്നര്‍ഥം. സദ്യയൂട്ടില്ലാത്തതിനാല്‍ കുറെ എമ്പ്രാന്തിരിമാര്‍ മറ്റു പലര്‍ക്കുമൊപ്പം ഏതോ വിദ്വല്‍സദസ്സില്‍നിന്ന് ഇറങ്ങിപ്പോയ കഥയാണത്രേ. എത്ര കൊലകൊമ്പന്‍സമ്മേളനമായാലും ഊട്ടുണ്ടെങ്കിലേ പങ്കെടുക്കുവാന്‍ തങ്ങള്‍ക്കു താല്‍പര്യമുള്ളൂ എന്ന്. അല്ലെങ്കിലും കൊലകൊമ്പന്‍സമ്മേളനം എന്നാല്‍ത്തന്നെ അര്‍ഥം കൊലകൊമ്പന്‍ സദ്യ എന്നല്ലേ. 

എന്നാല്‍ ഈ വരി വെറും കളിയാക്കല്‍മാത്രമല്ലെന്ന്, 'നല്ല മലയാളം' എന്ന ഫേസ്ബുക്ക്‌-ഗ്രൂപ്പിലെ നിറസാന്നിധ്യമായ വിശ്വപ്രഭയും കൂട്ടരും പറഞ്ഞുതന്നു. സദ്യയൂട്ടുണ്ടെങ്കിലേ എത്ര പണ്ഡിതനായാലും തര്‍ക്കാദികാര്യങ്ങളില്‍ താത്‌പര്യമുണ്ടാകൂ എന്നൊരര്‍ഥം. ഉണ്ണാന്‍ കോപ്പുണ്ടെങ്കിലേ വ്യാകരണം തുടങ്ങിയ ശാസ്ത്രങ്ങള്‍ പഠിക്കാനും കഴിയൂ എന്നു രണ്ടാമതൊരര്‍ഥം. മൂന്നാമതായി ഇതിലൊരു സംസ്കൃതവ്യാകരണസൂത്രം ഒളിഞ്ഞിരിക്കുന്നത്രേ. (ദ്രാവിഡത്തില്‍ ഊട്‌, ഋ, രേഫങ്ങള്‍ എന്നീ പ്രത്യയാന്തങ്ങളിലേ യ ങ്‌ - ലു ക്‌ പ്രയോഗങ്ങള്‍ ശോഭിക്കൂ എന്നതാണത്രേ കുഞ്ചന്‍ നമ്പ്യാരുടെ ഉക്തിയുടെ പൊരുള്‍). ഡാര്‍വിനും ഡാവിന്‍സിക്കുമൊപ്പം ധിഷണാശാലിയായിരുന്നു നമ്മുടെ കുഞ്ചന്‍! നമ്മള്‍ വെറും ഉണ്ണാമന്‍മാര്‍!

No comments:

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...