Sunday 1 November 2015

കുറിയ മനുഷ്യനും വലിയ ലോകവും

കഴിഞ്ഞവര്‍ഷം (൨൦൧൪) നവരാത്രി സമയത്ത്‌ ഒരു സംഘം ചെറുപ്പക്കാര്‍ തൃപ്പൂണിത്തുറ തെക്കുംഭാഗത്തെത്തുന്നു. പാവംകുളങ്ങര പ്രദേശത്തെ ഒരു പഴയ 'എക്സ്ട്രാ-ഓര്‍ഡിനറി' അധ്യാപകനെ അന്വേഷിച്ചാണ്‌. ഒരു വീട്ടുപടിക്കല്‍ നല്ല പ്രായമുള്ള ഒരു കുറിയ മനുഷ്യന്‍ ആരോടോ കുശലംചൊല്ലി നില്‍ക്കുന്നു. തിരക്കിയപ്പോള്‍ മറുപടി: "എക്സ്ട്രാ-ഓര്‍ഡിനറി ആയ അധ്യാപകനെപ്പറ്റി അറിവില്ല. പക്ഷെ എക്സ്ട്രീംലി-ഓര്‍ഡിനറി ആയ ഒരു അധ്യാപകനുണ്ട്‌. അതു ഞാനാണ്‌. "

'എക്സ്ട്രീംലി-എക്സ്ട്രാ-ഓര്‍ഡിനറി' ആയ ആ അധ്യാപകനെപ്പറ്റി ഒരു ഡോക്യുമെണ്റ്ററി ഉണ്ടാക്കലായിരുന്നു വന്നവരുടെ ഉദ്ദേശം. ശ്രീ ടി. എ. അരവിന്ദാക്ഷന്‍ മാസ്റ്റര്‍: ഇരുപതാം നൂറ്റാണ്ടിണ്റ്റെ പകുതിയില്‍ തുടങ്ങി അവസാനമെത്തിയപ്പോഴേക്കും അവസാനിപ്പിച്ച ഔപചാരികാധ്യാപനം, ഇന്നും അനൌപചാരികമായി തുടരുന്നു. ഒച്ചയില്ലാതെ, ബഹളമില്ലാതെ, പരസ്യമില്ലാതെ, പരസഹായമില്ലാതെ.

രണ്ടുമൂന്നു തലമുറകളെ മലയാളവും അതിനേക്കാള്‍ കൂടുതല്‍ ജീവിതവും പഠിപ്പിച്ച ഗുരുവര്യന്‍. കേരളത്തിണ്റ്റെ വടക്കും തെക്കും പണിയെടുത്തിട്ടുണ്ടെങ്കിലും മുക്കാല്‍പങ്കും തൃപ്പൂണിത്തുറയിലെ സ്കൂളുകളിലായിരുന്നു. പ്രിയഭാര്യയും അധ്യാപികയായിരുന്നു. ഒരു ഔദ്യോഗിക-സംഘടനയുടെയും അംഗമല്ലാതിരുന്നിട്ടുപോലും, ഒട്ടുമിക്ക സംഘടനകളും സംഘാടകരും ഒന്നുപോലെ ബഹുമാനിക്കുകയും അഭിപ്രായവും ഉപദേശവും തേടിയെത്തുകയും ചെയ്യുന്നു. ലോകമെമ്പാടും ശിഷ്യസമ്പത്ത്‌. സൌകര്യമൊക്കുമ്പോള്‍ ഒരൊറ്റൊരാള്‍വിടാതെ മാസ്റ്ററെ വന്നുകാണും; മുന്നില്‍ വീണ്ടും കൊച്ചുവിദ്യാര്‍ഥികളാവും. അതറിഞ്ഞവരായിരുന്നു ഡോക്യുമെണ്റ്ററി ചെയ്യാന്‍ അരവിന്ദാക്ഷന്‍മാസ്റ്ററുടെ അനുവാദത്തിനായി പാവംകുളങ്ങരെ വന്ന് അപേക്ഷിച്ചത്‌. ഉടന്‍ മാസ്റ്ററുടെ മറുപടി: അപേക്ഷയാണെങ്കില്‍ അതു നിരസിക്കും; ആവശ്യമാണെകില്‍ അനുവദിക്കും. കാരണം അപേക്ഷ അപേക്ഷിക്കുന്നവണ്റ്റെ കീഴടങ്ങലാണ്‌, അനുവദിക്കുന്നവണ്റ്റെ മേലാളത്തവും. നിരസിക്കുന്തോറും നിരസിക്കുന്നവണ്റ്റെ മേല്‍ക്കോയ്മ കൂടും. എന്നാലോ ആവശ്യം ആരുടെയും ആത്മാര്‍ഥമാണ്‌, സ്വാഭാവികമാണ്‌. അതനുവദിക്കുമ്പോള്‍ അനുവദിക്കുന്നവന്‍ ആവശ്യക്കാരണ്റ്റെ നിലയിലേക്കുയരുന്നു; നിരസിച്ചാല്‍ ആവശ്യക്കാരണ്റ്റെ നിലയില്‍നിന്നു താഴുന്നു. അതുകൊണ്ട്‌, അപേക്ഷയാണെങ്കില്‍ നിരസിക്കുന്നു; ആവശ്യമാണെങ്കില്‍ അനുവദിക്കുന്നു - സമ്മതത്തോടെ, സന്തോഷത്തോടെ!

അതാണ്‌ കൊല്ലിമുട്ടത്ത്‌ അരവിന്ദാക്ഷന്‍മാസ്റ്റര്‍. അഞ്ചടിയോടെത്തുന്ന ഉയരം. ഒരു ഇല്ലിച്ചില്ലയുടെ വണ്ണം. വെള്ളജുബ്ബയും ഒറ്റമുണ്ടും. കാലം ൧൯൬൫. അന്നേ സമൃദ്ധമായ നര - 'തലയുണ്ടെങ്കിലേ മുടിയുണ്ടാകൂ, മുടിയുണ്ടെങ്കിലേ നരയ്ക്കൂ' എന്നു ഭാവം. ഞങ്ങള്‍ പത്താംക്ളാസ്സ്‌ വിദ്യാര്‍ഥികള്‍. പിള്ളേരല്ലേ, മണിയടിച്ചാല്‍ ബെഞ്ചില്‍നിന്നൊരു ചാട്ടമാണ്‌ പുറത്തേക്കിറങ്ങാന്‍. അറ്റത്തുള്ളവര്‍ മാറിത്തരുന്നതുവരെ നില്‍ക്കാനുള്ള ക്ഷമയൊന്നുമില്ലല്ലോ ഇടയ്ക്കിരിക്കുന്നവര്‍ക്ക്‌. ഞങ്ങള്‍ തലകുനിച്ച്‌ ഡെസ്ക്കിനടിയിലൂടെ നൂണിറങ്ങും. അങ്ങനെ ഒരു ദിവസം തല കുമ്പിട്ട്‌ അപ്പുറത്തു പൊന്തിച്ചപ്പോള്‍ കണ്ടത്‌ അരവിന്ദാക്ഷന്‍സാറിനെ. അദ്ദേഹം ഞങ്ങളെ തടഞ്ഞുനിര്‍ത്തി. "അരുത്‌; ഒരിക്കലും അരുത്‌. ഒരിക്കലും തല താഴ്ത്തരുത്‌. മാന്യമായ രീതിയില്‍ തല ഉയര്‍ത്തിവച്ച്‌ പതുക്കെ എഴുന്നേറ്റുപോകൂ. ഇന്ന് ഈ ചെറിയൊരു കാര്യത്തിനു തല കുനിച്ച നിങ്ങള്‍ നാളെ വലിയ പ്രശ്നങ്ങള്‍ വരുമ്പോള്‍ എന്തുമാത്രം തല കുനിക്കും? അതു പാടില്ല, ഒരിക്കലും. " ഞാനതു വീണ്ടും ഓര്‍ത്തു, അന്‍പതു വര്‍ഷങ്ങള്‍ക്കുശേഷം ൨൦൧൫-ലും!

എട്ടാംക്ളാസ്സിലും പത്താംക്ളാസ്സിലും എണ്റ്റെ മലയാളം അധ്യാപകനായിരുന്നു. അരവിന്ദാക്ഷന്‍മാസ്റ്റര്‍. എന്നെ 'അ, ആ, ഇ, ഈ, .....' മലയാളം പഠിപ്പിച്ചത്‌, ഒന്നാംക്ളാസ്സില്‍, എണ്റ്റെ ഏറ്റവും പ്രിയപ്പെട്ട വിലാസിനിടീച്ചറായിരുന്നു; സാഹിത്യം പഠിപ്പിച്ചതോ, കോളേജില്‍, പ്രൊഫ. സി. എല്‍. ആണ്റ്റണി, എസ്‌. ഗുപ്തന്‍നായര്‍, എം. ലീലാവതി, എം. കെ. സാനു, ആനന്ദക്കുട്ടന്‍, ഓ. കെ. വാസുദേവപ്പണിക്കര്‍, കുഞ്ഞികൃഷ്ണമേനോന്‍, എം. അച്യുതന്‍, ഭാരതി, എം. എം. മാണി, അലക്സ്‌ ബേസില്‍ തുടങ്ങിയ മഹാപ്രതിഭകളും. എന്നിരുന്നാലും എന്നെ മലയാളം 'എന്തെ'ന്നു പഠിപ്പിച്ചത്‌ അരവിന്ദാക്ഷന്‍സാറാണ്‌; അതോടൊപ്പം ജീവിതം എന്തെന്നും, എങ്ങിനെ ആവണമെന്നും. മലയാളം അദ്ദേഹത്തിന്‌ ഒരു മീഡിയം മാത്രം; ജീവിതത്തിണ്റ്റെ മാധ്യമം.

എന്‍. സി .സി.-യുടെ കാലത്തിനു മുന്‍പാണ്‌; അന്ന് എ. സി. സി. ആയിരുന്നു. അതുകൂടാതെ എന്‍. ഡി. എസ്‌. എന്നൊരു പരിപാടിയുണ്ടായിരുന്നു സ്കൂളുകളില്‍ - 'നാഷണല്‍ ഡിസിപ്ളിന്‍ സ്കീം'. ഒരു മിലിട്ടറിക്കാരനായിരിക്കും അതു നടത്തുക. മലയാളിയെങ്കിലും ഉത്തരേന്ത്യന്‍-സസ്ംക്കാരം പഠിപ്പിക്കലായിരുന്നു തൊഴില്‍. ക്ളാസ്സ്‌ നടക്കുമ്പോള്‍ വരാന്തയില്‍കൂടി കാലുറയിട്ട്‌ അങ്ങോട്ടുമിങ്ങോട്ടും ഷൂസുമുരച്ചൊരു നടപ്പുണ്ട്‌, ക്ളാസ്സിനകത്തെ വികൃതിക്കാരെ പിടികൂടാന്‍. എന്തെങ്കിലും പിഴ കണ്ടാല്‍ കനത്ത ശിക്ഷ ഉറപ്പ്‌. പ്രധാനാധ്യാപകന്‍പോലും പകച്ചുപോയ സന്ദര്‍ഭങ്ങളുണ്ടായിരുന്നു. പിന്നെ സാധാരണ അധ്യാപകന്‍മാരുടെ കാര്യം പറയാനുണ്ടോ. അമിതമായ 'വടക്കന്‍'-വീരഗാഥകളും പട്ടാളച്ചിട്ടയും ഹിന്ദിക്കൊഴുപ്പും കാരണം (അത്‌ 'ഹിന്ദി വേണ്ട' സമരകാലവുമായിരുന്നു) ഞങ്ങളെല്ലാം വെറുത്തൊരു പാര്‍ട്ടിയായിരുന്നു ആ എന്‍.ഡി.എസ്‌.-അധ്യാപകന്‍. അയാള്‍ ക്ളാസ്സിനുപുറത്തെത്തിയാല്‍ ഞങ്ങളുടെ ശ്രദ്ധ പതറും; അകത്തെത്തിയാല്‍ ചിതറും. ഇതറിഞ്ഞ അരവിന്ദാക്ഷന്‍മാസ്റ്റര്‍ ഒരു ദിവസം, പതിവില്ലാത്തപടി കുറച്ചുറക്കെത്തന്നെ ഞങ്ങളോടു സംയമനം പാലിക്കാന്‍ ഉപദേശിച്ചു (അതെ, 'സംയമനം' എന്ന വാക്കു തന്നെയാണ്‌ സാര്‍ ഉപയോഗിച്ചത്‌. അതാണ്‌ അദ്ദേഹത്തിണ്റ്റെ രീതി; അര്‍ഥംകൊണ്ട്‌ വാക്കു പഠിപ്പിക്കും). "എന്‍.ഡി.എസ്‌.-അധ്യാപകന്‍ അദ്ദേഹത്തിണ്റ്റെ ജോലി ചെയ്യുന്നു; നിങ്ങള്‍ നിങ്ങളുടെ ജോലി ചെയ്യൂ. അദ്ദേഹത്തിണ്റ്റെ ജോലി നിങ്ങളെ നോക്കല്‍; അതിനദ്ദേഹത്തിനു കൂലി കിട്ടുന്നുണ്ട്‌. പക്ഷെ നിങ്ങളുടെ ജോലി അദ്ദേഹത്തെ നോക്കലല്ല. നിങ്ങള്‍ക്കൊട്ടു കൂലിയുമില്ല. കൂലിക്കുവേണ്ടി അദ്ദേഹം ചെയ്യുന്നത്‌, കൂലിയില്ലാത്ത നിങ്ങള്‍ ചെയ്യുന്നതു വിഡ്ഢിത്തം...". ഇതു കേട്ടതും കൂലിപ്പട്ടാളം സ്ഥലം വിട്ടു. പിന്നെ ഞങ്ങളെ വര്‍ഷാവസാനംവരെ മിലിട്ടറി ഉപദ്രവിച്ചുമില്ല.

പിന്നീടെപ്പോഴോ ഒരിക്കല്‍ ഒരു വന്‍വിദ്യാര്‍ഥിസമരകാലത്ത്‌ സ്കൂളില്‍ പോലീസ്‌ കയറാന്‍ ഇടയായത്രേ. ലാത്തിയേന്തിയ പോലീസുകാരുടെ മുന്‍പിലേക്കു ചാടിയിറങ്ങി മാസ്റ്റര്‍, തണ്റ്റെ ഒരൊറ്റ കുഞ്ഞിനെയും തല്ലിപ്പോകരുതെന്ന ആക്രോശത്തോടെ. പോലീസ്‌തലവന്‍ സാറിണ്റ്റെ പൂര്‍വവിദ്യാര്‍ഥിയായിരുന്നു. അയാള്‍ ഭവ്യതയോടെ മാസ്റ്ററോടപേക്ഷിച്ചു, തണ്റ്റെ ചുമതല നിറവേറ്റാന്‍ തന്നെ അനുവദിക്കണമെന്ന്. "ഇതാണോ ഞാന്‍ പഠിപ്പിച്ച ചുമതലാബോധം?" - സാര്‍ അലറി. "എണ്റ്റെ കുട്ടികളുടെ ഉത്തരവാദിത്വം ഞാന്‍ ഏറ്റെടുക്കുന്നു. പുറമെനിന്നു വന്നവരെ കൈകാര്യംചെയ്ത്‌ ഒതുക്കിക്കോളൂ, അതിനു നിങ്ങള്‍ക്കു ധൈര്യവും ശക്തിയും ഉണ്ടെങ്കില്‍. എന്നാല്‍ എണ്റ്റെ കുഞ്ഞുങ്ങളുടെ ഒരു രോമംപോലും തൊട്ടുപോകരുത്‌. എന്നെക്കൊന്നിട്ടേ നിങ്ങള്‍ക്കതിനാകൂ." പോലീസ്‌ മടങ്ങി. അതാണ്‌ അരവിന്ദാക്ഷന്‍മാസ്റ്റര്‍.

അറുപതുകളില്‍ സര്‍ക്കാര്‍ സ്കൂളില്‍ ലൈംഗിക വിദ്യാഭ്യാസം എന്നൊന്ന് വിശ്വസിക്കാമോ? ആരു ലീവെടുത്താലും ആ ക്ളാസ്സുകളില്‍ പകരം വരിക, സ്വമേധയാ, അരവിന്ദാക്ഷന്‍മാസ്റ്ററായിരിക്കും. അതിനൊരു ചെല്ലപ്പേരും അദ്ദേഹം വച്ചിരുന്നു; 'ഗര്‍ഭശ്രീമാന്‍' (പ്രസവാവധിയില്‍ പോകുന്നവരുടെ ഒഴിവു നികത്താന്‍ വിധിക്കപ്പട്ടവര്‍). അപ്പോള്‍ മലയാളമല്ല പഠിപ്പിക്കുക; ബാക്കിയെന്തും! പ്രത്യേകിച്ചും ജീവിതകാര്യങ്ങള്‍. ശാസ്ത്രവും സംസ്ക്കാരവും സാഹിത്യവും സംഗീതവും സാമൂഹ്യവും രാഷ്ട്രീയവും എല്ലാം വിഷയമായി വരും. യാതൊരു സങ്കോചവുമില്ലാതെ സ്ത്രീ-പുരുഷബന്ധങ്ങള്‍ ഞങ്ങളെ പറഞ്ഞുമനസ്സിലാക്കിത്തന്നതു സാറാണ്‌. അതൊന്നും അന്നത്തെ സിലബസ്സുമല്ല, നാട്ടുനടപ്പുമല്ല. സ്വന്തം രീതിയില്‍, ഒരധ്യാപകനെന്ന നിലയില്‍, ഒരുപക്ഷെ അതില്‍നിന്നെത്രയോ ഉയര്‍ന്ന് ഒരു തലമുറയെ ഉത്തിഷ്ഠവും ജാഗ്രത്തും ആക്കിയെടുക്കാന്‍ പാടുപെട്ടു ആ ഗുരുനാഥന്‍.

ആണ്‍പള്ളിക്കൂടത്തില്‍ എണ്റ്റെ അധ്യാപകനാകുന്നതിനുമുന്‍പ്‌, പെണ്‍പള്ളിക്കൂടത്തില്‍ എണ്റ്റെ ചേച്ചിയുടെ അധ്യാപകനായിരുന്നു ശ്രീ അരവിന്ദാക്ഷന്‍മാസ്റ്റര്‍. സര്‍ക്കാര്‍-സ്ക്കൂളുകളായിട്ടുപോലും വരേണ്യരും കീഴാളരും തമ്മില്‍ അലിഖിതവിവേചനങ്ങള്‍ നിലനിന്നിരുന്ന കാലം; കൂടെ മേല്‍ത്തട്ടുകാരെ അല്‍പം അമിതമായി അപമാനിക്കുന്ന പ്രവണതയില്ലാതിരുന്നുമില്ല. . എന്നാല്‍ ക്ളാസ്സിലെ ഒരു കുട്ടിക്കുപോലും ഒരു തരത്തിലുമുള്ള മന:പ്രയാസമില്ലാതെ കൂടെപ്പിറന്നവര്‍പോലെ സഹവസിക്കുവാന്‍തക്ക സാംസ്കാരികോന്നമനത്തിനു നിദാനമായി ഈ അധ്യാപകന്‍. കഴിവുള്ളവരുടെ കഴിവുകളെ താങ്ങിയും കഴിവുകുറഞ്ഞവരുടെ കഴിവുകളുയര്‍ത്തിയും അരവിന്ദാക്ഷന്‍മാസ്റ്റര്‍ ചെയ്ത സാമൂഹ്യസേവനം മഹത്തരമാണ്‌. സമുദായത്തില്‍ ആണായാലും പെണ്ണായാലും സമത്വം, സ്വാതന്ത്ര്യ, സാഹോദര്യം എന്നീ മൂലമൂല്യങ്ങള്‍ക്കു മാറ്റമില്ല എന്ന് ഞങ്ങള്‍ അന്നേ തിരിച്ചറിഞ്ഞു. "ഉണ്ടോ ഗുണം കൊള്‍വിനതൊന്നുമാത്രം, ഉത്പത്തിയും വംശവുമാരുകണ്ടു...." എന്ന കവിതാശകലം മാസ്റ്റര്‍ ചൊല്ലിത്തന്നതാണ്‌.

അധ്യാപകരെ വെറും ദിവസക്കൂലിക്കാരെപ്പോലെ കരുതിയിരുന്ന കാലത്താണ്‌ മാസ്റ്റര്‍ തണ്റ്റെ ഔദ്യോഗികജീവിതം തുടങ്ങുന്നത്‌. പില്‍ക്കാലത്ത്‌, അധ്യാപകരുടെ ദരിദ്രജീവിതത്തിനും അപമാനഭാരത്തിനും ഒരറുതിയുണ്ടാക്കിയത്‌ പ്രൊഫ. ജോസഫ്‌ മുണ്ടശ്ശേരി വിദ്യാഭ്യാസമന്ത്രിയായതോടെയാണത്രേ. മാസ്റ്റര്‍ അതെന്നും ഓര്‍ക്കും. അധ്യാപകരുടെ സ്വാഭിമാനം കാത്തുരക്ഷിച്ച മുണ്ടശ്ശേരിയെ പക്ഷെ ഇന്നെല്ലാവരും മറന്നല്ലോ.

വളരെ വര്‍ഷങ്ങള്‍ക്കുശേഷം സാറിനെ കാണാന്‍ എണ്റ്റെ സ്നേഹിതന്‍ ശ്രീ സുബ്രഹ്മണ്യനും കൂടെയുണ്ടായിരുന്നു. ഈ നൂറ്റാണ്ടില്‍ ഗോവയില്‍ താമസിക്കുന്ന എന്നെയും നൂറ്റാണ്ടുകള്‍ക്കുമുന്‍പ്‌ ഗോവയില്‍നിന്നു പലായനംചെയ്തവരുടെ പിന്‍ഗാമിയായ സുബ്രഹ്മണ്യനെയും ഒന്നിച്ചുകണ്ടപ്പോള്‍ മാഷിണ്റ്റെ കൌതുകമുണര്‍ന്നു. "കക്ക്യാ തൂം ഗയാം ഗെല്ലോവെ, പുത്താന്‍ മമ്മാ ദെക്കിലോവെ" ('കാക്കേ, നീ ഗോവയില്‍ പോയിരുന്നോ, മോണ്റ്റെ മാമനെ കണ്ടിരുന്നോ') എന്ന വളരെ സരളമായ ഒരു 'കുഡുംബി-കൊങ്കണി' താരാട്ടുപാടി ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ടാണ്‌ മാസ്റ്റര്‍ ഞങ്ങളെ സ്വീകരിച്ചത്‌. ദിവസവും സ്വഭാഷയില്‍ ഒരു വരിയെങ്കിലും എഴുതാന്‍പറ്റാത്ത ഉദ്യോഗമാണെങ്കില്‍ അതുപേക്ഷിക്കുന്നതാണു ഭേദം എന്നാണു മാസ്റ്റര്‍ പറയുക. ആ കുറിയ മനുഷ്യന്‌ കുറിയ വാചകങ്ങളാണു പഥ്യം. എണ്റ്റെ കുഞ്ഞെഴുത്തുകള്‍ പിന്നീടു കുറിപ്പായും കുറുങ്കവിതയായും കരിഹാസമായും കാച്ചിക്കുറുകിയത്‌ അദ്ദേഹത്തിണ്റ്റെ ശിക്ഷണമാണ്‌. അതാണെണ്റ്റെ ശക്തിയെന്നും അതൊരു ശൈലിയാക്കണമെന്നും അന്നേ അദ്ദേഹം ശഠിച്ചിരുന്നു. കുറുക്കിയെഴുത്തെന്ന എണ്റ്റെ ആ ചിട്ട ഇന്നു തെറ്റിച്ചു ഞാന്‍!
കുരുത്തക്കേടാവില്ലെന്നു വിശ്വസിക്കുന്നു.

കൊച്ചുകുട്ടികള്‍ക്ക്‌ വലിയവരുടെ ചെരിപ്പിടാന്‍ കൌതുകമാണല്ലോ. വലിയ ചെരിപ്പുകള്‍ കൊടുത്താല്‍ അതിനനുസരിച്ച്‌ അവര്‍ വളരും എന്നറിഞ്ഞാവണം അദ്ദേഹം ഞങ്ങളെ വലിയ കാര്യങ്ങളും വലിയ പുസ്തകങ്ങളും പരിചയപ്പെടുത്തിയത്‌. വെറും പതിനഞ്ചുവയസ്സുകാരെ ഉള്ളൂരിണ്റ്റെ 'കേരളസാഹിത്യചരിത്രം' പോലുള്ള ഗ്രന്ഥങ്ങള്‍ വായിപ്പിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞല്ലോ. കോളേജിലേക്കു കയറുംമുന്‍പേ ലോകവിവരം നല്‍കി വിശ്വപൌരന്‍മാരാക്കാന്‍ ശ്രമപ്പെട്ടല്ലോ.

പ്രസാദാത്മകവും പ്രതീക്ഷാത്മകവും പ്രചോദനാത്മകവുമാണ്‌ മാസ്റ്ററുടെ പ്രപഞ്ചം. സന്തോഷിക്കുമ്പോഴും സന്തപിക്കുമ്പോഴും ആ കണ്ണില്‍ ഒരു തിളക്കമുണ്ട്‌. വിദ്യാര്‍ഥികളെ വിശ്വമാനവികതയിലേക്കു നയിക്കുന്ന വെള്ളിവെളിച്ചം. അരവിന്ദാക്ഷന്‍ എന്ന പേരുതന്നെ ഒരു പ്രതീകം. മാസ്റ്ററുടെ ചുറ്റും എപ്പോഴും 'പദാ'രവിന്ദം വിരിയുന്നു. സാത്വികയുടെ സഹസ്രദളങ്ങള്‍.

1 comment:

Madhu (മധു) said...

World is beautiful not because of a few celebrities or heroes, but because of great many unsung heroines and heroes like Aravindakshan Master. A real, worthy tribute Swamiji.

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...