Monday 9 November 2015

"ചായ ചായ, കാപ്പി കാപ്പി"

രണ്ടുവയസ്സായപ്പോഴേക്കും എണ്റ്റെ കൊച്ചുമകന്‌ ട്രെയിന്‍-യാത്രയെന്നാല്‍ 'ചായ ചായ, കാപ്പി കാപ്പി' എന്നാണ്‌. എനിക്കു തീവണ്ടിയാത്രയെന്നാല്‍ മൂത്രനാറ്റം ഓര്‍മവരും. എണ്റ്റെ ഭാര്യക്കോ വണ്ടിയെന്നാല്‍ ഒടുക്കത്തെ പുറംവേദന. ഓരോരുത്തര്‍ക്കും ഓര്‍മിക്കാന്‍ ഓരോന്ന്, അല്ലേ.

ഒരു തീവണ്ടിയില്‍ എത്രായിരം ആളുകള്‍. എത്രായിരം ജീവിതങ്ങള്‍. എത്രായിരം കഥകള്‍. എത്രായിരം ഓര്‍മകള്‍!

കരയുന്നു, ചിലര്‍ ചിരിക്കുന്നു. സുഖിക്കുന്നു, ചിലര്‍ മരിക്കുന്നു. ഉള്ളവനെയും ഇല്ലാത്തവനെയും ഒരേ എഞ്ചിന്‍ വലിക്കുന്നു. ചിലര്‍ ഇറങ്ങുന്നു. ചിലര്‍ കയറുന്നു. തണ്ടുവാളം കൂട്ടിമുട്ടാതെ നീണ്ടുനിവര്‍ന്നു കിടക്കുന്നു. ചിലര്‍ക്ക്‌ ആദ്യയാത്ര. ചിലര്‍ക്ക്‌ അന്ത്യയാത്ര. യാത്രാവേളയില്‍ ബന്ധങ്ങളുടെ ചുരുള്‍ നിവരുന്നു. യാത്ര കഴിയുമ്പോള്‍ ബന്ധനം വീണ്ടും ചുരുങ്ങുന്നു.

കുറെ പിണക്കങ്ങള്‍. കുറെ ഇണക്കങ്ങള്‍. ചിലര്‍ക്കു കണ്ടുമുട്ടല്‍. ചിലര്‍ക്കു വേര്‍പിരിയല്‍. മനുഷ്യനെ അറിയാന്‍ തീവണ്ടിയാത്ര പോലൊന്നില്ല.

പലപ്പോഴും ആശ്ചര്യപ്പെടാറുണ്ട്‌, തീവണ്ടിയോട്ടുന്നവരുടെ മനോരാജ്യത്തെപ്പറ്റി. കൂട്ടിന്‌ കടുത്ത ഏകാന്തത. ചുറ്റും യന്ത്രരാക്ഷസണ്റ്റെ ഒടുങ്ങാത്ത അലര്‍ച്ച. പിന്നില്‍ കാലചക്രങ്ങളുടെ ഏകതാനതാളം. മുന്നില്‍ നെടുനീളെ പാളങ്ങള്‍. പകല്‍ പരന്നൊരു പരവതാനി. രാത്രിയോ ഇരുട്ടിനെ കീറിമുറിച്ചൊരു വെളിച്ചക്കുന്തവും. ഇരുട്ടിനെ നോക്കി, ചക്രവാളത്തെ നോക്കി, ശൂന്യതയെ നോക്കി, രാവും പകലും. മഞ്ഞെന്നില്ല, മഴയെന്നില്ല, വെയിലെന്നില്ല ഈ പരക്കംപാച്ചിലിന്‌. ഒന്നുറങ്ങിയാല്‍, മനസ്സൊന്നു പതറിയാല്‍ - എത്ര പേരാണ്‌ തന്നെ വിശ്വസിച്ചു മുന്നിലെന്തെന്നറിയാതെ, അല്ലലെന്തെന്നറിയാതെ യത്രചെയ്യുന്നത്‌! ഏതു നിമിഷത്തിലും ഏതു വളവിലും ഏതു കയറ്റിറക്കത്തിലും, എന്തിന്‌ വെറും വെളിമ്പ്രദേശത്തുപോലും അപകടം പതിയിരിക്കാം. അതു തടയാനോ തടുക്കാനോ മുടക്കാനോ മടക്കാനോ കഴിയാത്ത ലോക്കോ പൈലറ്റ്‌. വരുന്നതു വരുന്നിടത്ത്‌. അറിയാത്തതിലേക്കുള്ള അറിഞ്ഞുകൊണ്ടുള്ള പ്രയാണം. ആ മനസ്സില്‍ വേറൊന്നുമുണ്ടാവാന്‍ ഇടയില്ല. അനന്തത, ആദിമധ്യാന്തങ്ങളുടെ അവിരാമമായ ആവര്‍ത്തനവിരസത. യാത്ര മുഴുവന്‍ തികഞ്ഞ ധ്യാനം. യാത്ര കഴിഞ്ഞാല്‍ തിരതള്ളുന്ന സായൂജ്യം.

വണ്ടിപ്പിറകിലെ കാവലാളുടെ മനോഗതിയോ? വട്ടംകൂടിയ ശൂന്യതയ്ക്കുമാത്രം കൂട്ടായി പുറംനോക്കിയിരിക്കണം വണ്ടി ലക്ഷ്യസ്ഥാനത്തു സുരക്ഷിതമായി ചെന്നെത്തുന്നതുവരെ. വഴിക്കുണ്ടാകുന്ന ഏതു സംഭവത്തിനും ഉത്തരവാദി ഗാര്‍ഡ്‌. മുന്നിലെന്തന്നറിയാതെ പിന്നിലെന്തെന്നറിയുന്ന പരകായപ്രയത്നം. അഗാധതയില്‍ അടിയൊഴുക്കുസൂക്ഷിക്കുന്ന അലയാഴിയുടെ ആത്മസമര്‍പ്പണം. ഏകാന്തതയുടെ മൌനഗാനത്തിന്‌ ചാക്രികസംഗീതം, ഏകതാളം.

പച്ചയ്ക്കും ചെമപ്പിനുമിടയില്‍ ലോഹജന്തുക്കളെ തെളിക്കുന്നവര്‍, തളയ്ക്കുന്നവര്‍ വണ്ടിയുടെ അങ്ങേത്തലയ്ക്കും ഇങ്ങേത്തലയ്ക്കും ഉള്ള ഈ ഒറ്റയാന്‍മാര്‍. നടുക്കോ, തിക്കിയും തിരക്കിയും ആള്‍ക്കൂട്ടം അവരുടെ അദൃശ്യകരങ്ങളില്‍ വിശ്വാസമര്‍പ്പിച്ചു വിരാജിക്കുന്നു.

അത്തരമൊരു ദീര്‍ഘയാത്രയിലാണ്‌ വണ്ടി സാമാന്യം വലിയൊരു സ്റ്റേഷനില്‍ നിര്‍ത്തിയത്‌. സമയം സായന്തനത്തോടടുക്കുന്നു. ചുറ്റും സ്വച്ഛഭാരതം; കുടുംബശ്രീയും. അടിക്കലും വാരലും കഴുകലും തുടയ്ക്കലും തകൃതിയില്‍. അവരുടെ വരയെണ്ണാനും വരിയെണ്ണാനും വരവായി വയര്‍ലെസ്സുമായി വയറുള്ള വിദ്വാന്‍മാര്‍. വയറ്റുപിഴപ്പല്ലേ; വിമര്‍ശിക്കരുത്‌. വണ്ടിനിര്‍ത്തിയാലും കാഴ്ച; വണ്ടിവിട്ടാലും കാഴ്ച. വഴിയാത്രയിലെപ്പോഴും കൌതുകക്കാഴ്ച തന്നെ.

നിനച്ചിരിക്കാതെയാണ്‌ തീവണ്ടിയാപ്പീസിനപ്പുറത്തെ കെട്ടുകൂടാരങ്ങള്‍ കണ്ണില്‍പെട്ടത്‌. പ്ളാസ്റ്റിക്കും തുണിയും താര്‍പ്പായയും കമ്പില്‍കൊരുത്തു കെട്ടിയുണ്ടാക്കിയ കൊച്ചുകൊച്ചു കുടിലുകള്‍. പത്തിരുപതെണ്ണം കാണും. പണിക്കാരല്ല, കാരണം ആണുങ്ങളും പെണ്ണുങ്ങളും കുഞ്ഞുങ്ങളും വൃദ്ധന്‍മാരും എല്ലാം ആ നാലുമണി സമയത്തുണ്ട്‌. നാടോടികളല്ല, കാരണം ചട്ടിയും കലവും കുട്ടയും കുടവും അടുപ്പും കട്ടിലും കിടക്കയും തുണിയും സൈക്കിളും എല്ലാമായി സാമാന്യം ഭേദപ്പെട്ട സാധനസാമഗ്രികള്‍ അവര്‍ ശേഖരിച്ചിട്ടുണ്ട്‌. അത്താഴം ഒരുക്കാനുള്ള പുറപ്പാടിലാണ്‌ സ്ത്രീകള്‍. വയസ്സായവര്‍ വെയില്‍കാഞ്ഞുറങ്ങുന്നു. സ്ത്രീകള്‍ അടുപ്പിലെ പുകയൂതുന്നു. ചെറുപ്പക്കാര്‍ ബീഡിവലിച്ചു തള്ളുന്നു. വണ്ടിയില്‍ നിറയ്ക്കാന്‍ വെള്ളക്കുഴല്‍ തുറന്നപ്പോഴേക്കും കുറെ സ്ത്രീകള്‍ കുടങ്ങളുമായെത്തി. നിറകുടങ്ങള്‍ ചുമന്ന് വരമ്പു ചാടി പാളങ്ങള്‍ താണ്ടി പാവം പെണ്ണുങ്ങള്‍ തിരിച്ചെത്തി. അപ്പോഴേയ്ക്കും ഒരു ചെറുബാല്യക്കാരന്‍ മൊന്തമുക്കി വെള്ളമെടുത്തു മോന്ത കഴുകുന്നു. ഒരു വൃദ്ധന്‍ കൈകാട്ടിയപ്പോള്‍ പെണ്ണൊരുത്തി കോപ്പയില്‍ വെള്ളമെടുത്തു കൊണ്ടുപോയിക്കൊടുക്കുന്നു. കല്ലെറിഞ്ഞു കളിച്ച കുറെ പിള്ളേറ്‍ അമ്മമാരുടെ തല്ലു വാങ്ങുന്നു. രണ്ടു പെണ്‍കുട്ടികള്‍ ലോട്ടയില്‍ വെള്ളം നിറച്ച്‌ പിറകിലെ പൊന്തക്കാട്ടില്‍ മറയുന്നു. ഒരു പയ്യന്‍ ലുങ്കിമാറ്റി മുണ്ടൂടുത്ത്‌ ഷര്‍ട്ടുമാറി മുഖംതുടച്ച്‌ മുടിചീകി വാച്ചുംകെട്ടി പുറത്തേക്കിറങ്ങുന്നു. തൃപ്തിവരാതെ തിരിച്ചുചെന്ന് ഒരിക്കല്‍കൂടി മരത്തില്‍ ആണിതറച്ചുറപ്പിച്ച കണ്ണാടിച്ചീന്തില്‍ മുഖംനോക്കി മിനുക്കുന്നു. ഒന്നുരണ്ടഴകികള്‍ പുത്തന്‍ചേലയുടുത്ത്‌ ചുണ്ടു ചെമപ്പിച്ച്‌ മുടിയൊതുക്കി പൂചൂടി പയ്യണ്റ്റൊപ്പം പട്ടണത്തേക്ക്‌.

വണ്ടിക്കകത്തെ സുരക്ഷിതത്വത്തില്‍ വണ്ടിപ്പുറത്തെ ജീവിതം കാണാന്‍ എന്തുരസം, അല്ലേ? അകലത്തില്‍നിന്നും ഉയരത്തില്‍നിന്നും എല്ലാം ചെറുതായിക്കാണില്ലേ, സുന്ദരമായിക്കാണില്ലേ. 'ഗോഡ്‌ ഓഫ്‌ സ്മോള്‍ തിംഗ്സ്‌' അവതരിക്കുന്നതങ്ങിനെയല്ലേ. പട്ടിണിയും പരിവട്ടവും പ്രശ്നങ്ങളും പരാതികളും അകന്നുനില്‍ക്കുന്നവന്‍ അറിയണമെന്നില്ലല്ലോ. ആദികവിയും അന്തിക്രിസ്തുവും ആകസ്മികമല്ലെന്നുണ്ടോ?

ഉള്ളവനും ഇല്ലാത്തവനും എന്നു രണ്ടു ക്ളാസ്സുകളിലൊതുങ്ങിയിരുന്ന ജനങ്ങളെ ഇന്നിപ്പോള്‍ ഫസ്റ്റ്‌-ക്ളാസ്സിലും ടൂ-ടിയറിലും ത്രീ-ടിയറിലും സ്ളീപ്പറിലും ചെയര്‍-കാറിലും സിറ്റിംഗിലും മെയിലിലും എക്സ്പ്രസ്സിലും ശതാബ്ദിയിലും രാജധാനിയിലും തുരന്തോവിലും ഗരീബ്‌-രഥിലും പാസ്സഞ്ചറിലും മെമു-വിലും ഡെമു-വിലും സബര്‍ബനിലും മെറ്റ്രോ-വിലുമായി അടക്കംചെയ്ത്‌ അടയാളപ്പെടുത്തിയിരിക്കുന്നു. ഇനിയല്ലേ ശുഭയാത്ര!

മുക്കാല്‍മണിക്കൂറെങ്കിലും ആയിക്കാണണം ഞാന്‍ വണ്ടിവിട്ട്‌ വഴിവിട്ട്‌ മനോരാജ്യത്തില്‍ കുടുങ്ങിയിട്ട്‌. വണ്ടി നീങ്ങിത്തുടങ്ങിയതോടെ, 'ചായ ചായ, കാപ്പി കാപ്പി'..... പരിസരമുണര്‍ന്നു. ഞാനും.

No comments:

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...