Monday 26 October 2015

വീണ്ടും ബാല്യം

ഗോവയില്‍ ഒരു പ്രത്യേക ആദിവാസിസമൂഹം ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ട്‌. കാലം ചെല്ലുമ്പോള്‍ ഒന്നിനും ശേഷിയില്ലാത്ത പടുവൃദ്ധന്‍മാര്‍ക്ക്‌ അവര്‍ ആഹാരം കുറച്ചുകുറച്ചു കൊണ്ടുവരുമത്രേ. അങ്ങനെ അവര്‍ ചാകും. സമൂഹത്തിണ്റ്റെ ബാധ്യത ഒഴിയും.

തമിഴ്നാട്ടിലും ഇങ്ങനെയൊരു സമൂഹം നിലനിന്നിരുന്നതായി അടുത്തകാലത്തായി കേട്ടു. സേതുവിണ്റ്റെ ഒരു കഥയില്‍ ഇതിനുസമാനമായി, തൊഴില്‍കിട്ടാന്‍വേണ്ടി മക്കള്‍ അച്ഛന്‍മാരെ ജലസമാധിയാക്കുന്ന ഒരു പരിപാടിയെപ്പറ്റി പരാമര്‍ശമുണ്ട്‌. രാജസ്ഥാനിലും വൃദ്ധന്‍മാര്‍ സ്വയം പട്ടിണികിടന്നു മരിക്കുന്ന ഒരാചാരമുണ്ടത്രേ.

അതിപ്രായോഗികമായി ചിന്തിക്കുന്നവരില്‍ ചിലര്‍ക്കെങ്കിലും ഇതു ശരിയായി തോന്നിയേക്കാം. എന്തോ എനിക്കിത്‌ ഉള്‍ക്കൊള്ളാന്‍ നന്നേ വിഷമം.

തൊണ്ണൂറുകഴിഞ്ഞ എണ്റ്റെ അമ്മ കൂടെക്കൂടെ പറയും "മരിച്ചാല്‍മതി" എന്ന്. ഇതുകേട്ട്‌ എണ്റ്റെ മകളുടെ ഭര്‍ത്തൃപിതാവ്‌ - അദ്ദേഹം ഒരു വിദഗ്ദ്ധ മനോരോഗഭിഷഗ്വരനാണ്‌ - അമ്മയെ ബോധ്യപ്പെടുത്തി, "മരിക്കണം, മരിക്കണം" എന്നുള്ള വായ്ത്താരി എത്രമാത്രം അസ്ഥാനത്താണെന്ന്. അസുഖങ്ങള്‍ വയസ്സായാലുണ്ടാകും; ചെറുപ്പക്കാര്‍ക്കുമില്ലേ? സങ്കടങ്ങളും എല്ലാവര്‍ക്കുമില്ലേ? പിന്നെ, മറ്റുള്ളവര്‍ക്കുവേണ്ടി ഒന്നും ചെയ്യാനാവാത്ത അവസ്ഥ. വേണ്ടകാലത്ത്‌ വേണ്ടതെല്ലാം വഴിയാംവണ്ണം എന്തെല്ലാം ചെയ്തിരിക്കുന്നു? കഴിയുമ്പോലെ ഇനിയുമാകാമല്ലോ. ഇനി ഭൂമിക്കുഭാരമെന്നും ജീവിച്ചിരിക്കുന്നവര്‍ക്കു തലവേദനയെന്നുമെല്ലാം പറഞ്ഞുവരണ്ട. കാലമായാല്‍ ആരും സിദ്ധികൂടും. അതുറപ്പാണ്‌. അതിനുമുന്‍പ്‌ കണ്ടതെല്ലാം ആലോചിച്ചു കൂട്ടണ്ട. പട്ടാമ്പി-ഭാഷയില്‍, "ആലോചിച്ചാല്‍ ഒരന്തോല്യ, ആലോചിച്ചില്ലെങ്കിലോ ഒരു കുന്തോല്യ"! മൂപ്പെത്തുമ്പോള്‍ കായ പൊഴിയുമ്പോലെ അങ്ങു വീണുകിടന്നാല്‍ മതി. ബാക്കി കാര്യങ്ങള്‍ ഞങ്ങള്‍ നോക്കിക്കൊള്ളാം.

പൊതുധാരണകള്‍ക്കു വിപരീതമായി, 'മൃത്യുഞ്ജയമന്ത്രം' പറയുന്നതിതുതന്നെ. മൃത്യുവിനെ മറികടന്നു ജീവിക്കാനുള്ള മന്ത്രമല്ലത്‌. മൃത്യുവിനെ പേടിക്കാതെ ധൈര്യമായി അഭിമുഖീകരിക്കാനുള്ള മുന്നൊരുക്കമാണത്‌. ലോകത്തില്‍ ഏറ്റവും നിഷേധാത്മകമായ ഒരു പ്രാര്‍ഥനാഗീതമുണ്ടെകില്‍ അതാണ്‌, "നരനായിങ്ങനെ ജനിച്ചു ഭൂമിയില്‍ നകവാരിധി നടുവില്‍ ഞാന്‍, നരകത്തീന്നെന്നെ കരകേറ്റീടണേ....." എന്നത്‌. ഇതിനു ചുട്ടമറുപടിയാണ്‌, ".....ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്‍മം കൂടി" എന്ന മനോഹരഗാനം.

"പുനരപി ജനനം പുനരപി മരണം" എന്നു്‌ ആദിശങ്കരന്‍ സമാധാനിപ്പിക്കുന്നുണ്ട്‌. എങ്കിലും വാര്‍ധക്യകാലേ വിപരീതബുദ്ധിയാണു മിക്കവര്‍ക്കും. നിഷേധാത്മകതയുടെ കൂടാരമായ ഭര്‍ത്തൃഹരി എഴുതിക്കൂട്ടി, " ഗാത്രം സങ്കുചിതം ഗതിര്‍ വിഗളിതം വക്രം ച ലാലായതേ; ദൃഷ്ടിര്‍ നഷ്ടതി ബാധതേ ബധിരതാ....." എന്നൊക്കെ. "വയസ്സുകാലം വരുമ്പോള്‍ ശരീരത്തിണ്റ്റെ കാന്തി നശിക്കുന്നു. ശരീരം മെലിയുന്നു. നടക്കുമ്പോള്‍ കാലുകള്‍ പതറിപ്പോകുന്നു. സംസാരിക്കുമ്പോള്‍ പല്ലുകള്‍ കൊഴിഞ്ഞുപോയതുകൊണ്ട്‌ വ്യക്തമാകുന്നില്ല. ബധിരത ബാധിക്കുന്നു. ബുദ്ധിക്കും ഭ്രംശം സംഭവിക്കുന്നു". എല്ലാംശരി. എന്നിട്ടും നിര്‍ത്തുന്നില്ല ഭര്‍ത്തൃഹരി. യാതൊരു ഉപയോഗവുമില്ലാത്ത ശരീരവും മനസ്സും ഉള്ള വൃദ്ധനെ ഭാര്യപോലും ശുശ്രൂഷിക്കുകയില്ല; സ്വന്തം രക്തത്തില്‍ ജനിച്ച പുത്രന്‍മാര്‍പോലും ശത്രുക്കളായിത്തീരുന്നുവത്രേ.

അങ്ങനെ സംഭവിക്കുന്നുണ്ടെങ്കില്‍ അതു സ്വല്‍പം സ്വന്തം കയ്യിലിരിപ്പുകൊണ്ടുകൂടിയല്ലേ? വയസ്സായവരെ മറ്റുള്ളവര്‍ - സ്വയവും - വര്‍ഗീകരിക്കാറുണ്ട്‌. അവര്‍ക്ക്‌ അതു വേണം, ഇതു മതി, അതുവേണ്ട, ഇതു വേണ്ട എന്നെല്ലാം അങ്ങു തീരുമാനിച്ചുകളയും. ആകട്ടെ, ആയില്ലെങ്കില്‍ പോകട്ടെ. പക്ഷെ അതു ആവശ്യമോ ആരോപണമോ ആകുമ്പോഴാണു പ്രശ്നം. സ്വന്തം നിലയ്ക്ക്‌, സ്വന്തം കഴിവിനൊത്ത്‌ എന്തെല്ലാം ചെയ്യാം! അതിനു പ്രായമില്ല, ലിംഗമില്ല, മതമില്ല, മുഹൂര്‍ത്തമില്ല.

പിന്നെ വിരക്തി എന്നും ആത്മീയം എന്നുമെല്ലാമുള്ള ചെല്ലപ്പേരുകളില്‍ ഒളിച്ചിരിക്കുകയും ഒളിച്ചോടുന്നവരുമുണ്ട്‌. ആത്മീയത അവസാനകാലത്തല്ല, നിരന്തരമാണ്‌. വയസ്സായല്‍ വളരേണ്ടതു വിരക്തിയല്ല, വിവരമാണ്‌. സ്ഥിത:പ്രജ്ഞയാണ്‌. "ദു:ഖേഷ്വനുദ്വിഗ്ന മന: സുഖേഷു വിഗത സ്പൃഗ: വീതരാഗ ഭയക്രോധാ സ്ഥിത:ധീര്‍" എന്നു മുനിവര്യന്‍മാര്‍. ദു:ഖമായാലും സുഖമായാലും മോഹമായാലും ഭയമായാലും ധൈര്യത്തോടെ നേരിടുവാനുള്ള ചങ്കൂറ്റം. കാമത്തേയും ക്രോധത്തേയും മദത്തേയും ലോഭത്തേയും കടിഞ്ഞാണിടാനുള്ള തണ്റ്റേടം. അതാണു വേണ്ടത്‌. ഇതു വയസ്സന്‍മാര്‍ക്കുമാത്രമല്ല, ആര്‍ക്കും!

ബാല്യം, കൌമാരം, യൌവനം, വാര്‍ധക്യം എന്നിവയെ ചെറുക്കാനാവില്ല ആര്‍ക്കും. ജീവിതത്തിണ്റ്റെ നാലു ദശകളാണല്ലോ അവ. വെറുതെയല്ല ധര്‍മ-അര്‍ഥ-കാമ-മോക്ഷങ്ങളോടുകൂടെ ബ്രഹ്മചര്യത്തെയും ഗൃഹസ്ഥത്തെയും വാനപ്രസ്ഥത്തെയും സംന്യാസത്തെയും വഴിക്കുവഴി വിന്യസിച്ചിരിക്കുന്നത്‌ ഭാരതീയ ചിന്തകര്‍. ഒന്നിനൊന്നു മെച്ചമെന്നോ മോശമെന്നോ അവര്‍ പറഞ്ഞിട്ടില്ല. പുഴയില്‍ വെള്ളംപോലെ, കടലില്‍ തിരകള്‍പോലെ, മാനത്തു മേഘങ്ങള്‍പോലെ അവ വരുന്നു, പോകുന്നു. നമുക്കു നാം സാക്ഷി.

ഞാന്‍ ഒന്നിലധികം തവണ വായിച്ചിട്ടുള്ളതും ഒന്നിലധികം തവണ വാങ്ങിച്ചിട്ടുള്ളതുമായ പുസ്തകം, ഒന്നിലധികം തവണ കണ്ടിട്ടുള്ള സിനിമയും, ഹെര്‍മന്‍ ഹെസ്സേയുടെ 'സിദ്ധാര്‍ഥ' ആണ്‌. അതില്‍ ഇടയ്ക്കിടെ വരുന്ന ഒരു വരിയുണ്ട്‌: "എനിക്കു കാത്തിരിക്കാം, എനിക്കു ചിന്തിക്കാം, എനിക്കു പഷ്ണി കിടക്കാം. " ഇതു മൂന്നിനും കഴിഞ്ഞാല്‍ എന്തു വിഷാദം, എന്തിനു വിഷാദം?

ധൃതരാഷ്ട്രരെന്ന വൃദ്ധകേസരിയെ ശരിക്കും കുടയുന്നുണ്ട്‌ മഹാഭാരതത്തിലെ ഉദ്യോഗപര്‍വത്തില്‍ വിദുരര്‍. വയസ്സുകാലത്തുമാത്രമല്ല, ചെറുപ്പത്തിലും എന്തുചെയ്യണമെന്നും ചെയ്യരുതെന്നും തികച്ചും വ്യക്തമാക്കിയിരിക്കുന്നു ആ ത്രികാലജ്ഞാനി. "ശരീരമാദ്യം ഖലു ധര്‍മസാധനം" എന്നുദ്ഘോഷിച്ചു നമ്മുടെ പൂര്‍വികര്‍. "ഹെല്‍ത്തി മൈണ്റ്റ്‌ ഇന്‍ എ ഹെല്‍ത്തി ബോഡി" എന്നു പാശ്ചാത്യരും.

മനുഷ്യനടക്കം എല്ലാ ജീവികളും മരിക്കുന്നു, എല്ലാം നാം കാണുന്നു. എന്നിട്ടും താന്‍ മാത്രം മരിക്കുന്നതുള്‍ക്കൊള്ളാന്‍ മടികാണിക്കുന്നു.

സത്യത്തില്‍ വാര്‍ധക്യം രണ്ടാം ബാല്യമാണ്‌. കൊച്ചുകുഞ്ഞുങ്ങളുടെ എല്ലാ ലക്ഷണങ്ങളും ചേഷ്ടകളും തിരിച്ചു വരുന്നു. തിരുത്തമില്ലാത്ത വാക്ക്‌. മോണകാട്ടിച്ചിരി. ചപലചിന്തകള്‍. കളിബുദ്ധി. പൈതങ്ങളോടൊത്തുള്ള കൂട്ടംകൂടല്‍. നിലത്തിഴയല്‍. ആഹാരത്തിലെ പിടിവാശി. മലമൂത്രാദികളിലെ അശ്രദ്ധ. നടക്കാന്‍ വിഷമം. ബലക്ഷയം. രോഗബാധ. പിടിവാശി. ഒച്ചപ്പാട്‌. മിനുത്ത തൊലി. മുടിയില്ലായ്മ. ഓര്‍മത്തെറ്റുകള്‍. കൊച്ചു ശരീരം. നിഷ്കളങ്കത. പരസഹായമില്ലാതെ ഒന്നും ചെയ്യാന്‍ വയ്യാത്ത അവസ്ഥ. വീണ്ടും ബാല്യം - ആരും അതു കൊതിക്കില്ലേ? അതൊരു വരമാണ്‌. അനുഗ്രഹമാണ്‌. ആശ്ചര്യമാണ്‌. അതിനെ അതിണ്റ്റെ കുറ്റവും കുറവും ദു:ഖവും സുഖവുമെല്ലാമായി സ്വീകരിക്കുന്നതിലാണു സൌഭാഗ്യം. മറ്റു മൃഗങ്ങളെല്ലാം വാൃധക്യത്തെ അതിണ്റ്റെ തനതുരൂപത്തില്‍ ആശ്ളേഷിക്കുന്നു. എന്നിട്ടല്ലേ മനുഷ്യന്‍!

വെറും കാല്‍പനികമല്ല ഈ കാര്യം. വെറും ആത്മീയവുമല്ല ഈ ആശയം. പച്ചപ്പരമാര്‍ഥമാണ്‌. പരമപുരുഷാര്‍ഥം എന്നുകൂടി പറയാം.

ബാല്യത്തില്‍ ബാല്യം മാത്രം. കൌമാരത്തോടെ ബാല്യം വളരുന്നു. യൌവനത്തില്‍ ബാല്യകൌമാരങ്ങള്‍ വിടരുന്നു വികസിക്കുന്നു. വാര്‍ധക്യത്തോടെ അവയെല്ലാം കളഞ്ഞുകുളിക്കരുത്‌. വാര്‍ധക്യത്തിലും ഇതെല്ലാമുണ്ട്‌. ഉണ്ടാകണം. ക്രീഡാസക്തിയെയും കാമാസക്തിയെയും അര്‍ഥാസക്തിയെയും ധര്‍മാസക്തിയെയും എല്ലാം എല്ലാം മറ്റൊരു വെള്ളിവെളിച്ചത്തില്‍ കാണാനാകണം.

മുഖംതിരിച്ചു മറയാക്കുന്നതല്ല വയസ്സാകുന്നതിണ്റ്റെ പൊരുള്‍. "ഇന്നു ഞാന്‍, നാളെ നീ" - അതല്ലേ സത്യം? അതില്‍ സങ്കോചത്തിനോ സന്തോഷത്തിനോ സങ്കടത്തിനോ സ്ഥാനമില്ല.

പുതുരക്തത്തെ പഴിക്കുന്നതാണ്‌ മിക്ക വയോവൃദ്ധന്‍മാരുടെയും നേരമ്പോക്ക്‌. ഗതകാലത്ത്‌ തങ്ങളും തരംപോലെ തിമിര്‍ത്താടിയിട്ടുണ്ടെന്ന കാര്യം അവര്‍ തന്ത്രപൂര്‍വം തമസ്ക്കരിക്കുന്നു. കഴിഞ്ഞതു കഴിഞ്ഞു. ഇനിയെങ്കിലും ജീവിക്കാനും ജീവിക്കാനനുവദിക്കാനും കഴിയുമല്ലോ, സൌമ്യമായി, സ്വസ്ഥമായി, സന്തോഷമായി!

എന്നിരുന്നാലും, കവി ചോദിച്ചപോലെ "അവശന്‍മാര്‍ ആര്‍ത്തന്‍മാര്‍ ആലംബഹീനന്‍മാര്‍ അവരുടെ സങ്കടമാരറിഞ്ഞു.... "

No comments:

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...