Sunday 4 October 2015

കടപ്പുറക്കാര്യങ്ങള്‍

ഭൂമിയുടെയും ജലത്തിണ്റ്റെയും വായുവിണ്റ്റെയും സംഗമസ്ഥാനം. അതാണു കടപ്പുറം. കരയുണ്ട്‌, കടലുണ്ട്‌, ആകാശമുണ്ട്‌. എന്നാലോ കരയുമല്ല, കടലുമല്ല, ആകാശവുമല്ല. ത്രിശങ്കുസ്വര്‍ഗം. അല്ലെങ്കില്‍, നരസിംഹാവതാരംകഥയിലെപ്പോലെ.

കടപ്പുറം കരയുടെ അറ്റം. പാതാളത്തിണ്റ്റെ തുടക്കം. ആകാശത്തിനു വാതായനം. കരയ്ക്കു വേണ്ടാത്തതെല്ലാം കടലിലേക്കൊഴുകുന്നു. കടലിനു വേണ്ടാത്തതെല്ലാം കടപ്പുറത്തടിയുന്നു. ആകാശം അതിനു സാക്ഷി നില്‍ക്കുന്നു.

ജീവന്‍ കടലില്‍ ഉത്ഭവിച്ചു എന്നു ശാസ്ത്രം. ജീവികള്‍ കര കയ്യേറി വസിച്ചു എന്നതു ചരിത്രം. അന്തരീക്ഷം കടലിലെയും കരയിലെയും ജീവിതത്തെ നിയന്ത്രിച്ചു എന്നതു യാഥാര്‍ഥ്യം. കടല്‍ ബ്രഹ്മാവ്‌. കര വിഷ്ണു. ആകാശം ശിവന്‍. സൃഷ്ടി-സ്ഥിതി-സംഹാരത്രയങ്ങള്‍ കടപ്പുറത്തു കൈകൊട്ടിക്കളിക്കുന്നു.

നാടിണ്റ്റെ അതിറ്‍ത്തിയാണു കടല്‍ത്തീരം. വേലിയില്ലാത്ത അതിര്‍ത്തി. കരയെത്തൊടുന്ന വെള്ളത്തുള്ളികള്‍ ഭൂമിയുടെ ഏതറ്റത്തുനിന്നുവന്നോ. തലോടുന്ന കാറ്റ്‌ എവിടത്തയോ. നിരങ്ങുന്ന മണ്ണ്‍ നിറയുന്നതെന്നോ. നിറയുന്ന മണ്ണ്‍ മറയുന്നതെങ്ങോ. തികച്ചും അന്താരാഷ്ട്രമാണു കടപ്പുറം. തികച്ചും ആത്മോദ്ദീപകമാണു കടപ്പുറം. ലോകസംസ്ക്കാരങ്ങളുമായി കൈകുലുക്കണോ? വരൂ, കടപ്പുറത്തേയ്ക്ക്‌. പ്രപഞ്ചശക്തികളുമായി സംവദിക്കണോ? വരൂ, കടപ്പുറത്തേയ്ക്ക്‌. ഇവിടെ സൃഷ്ടിലയമുണ്ട്‌. ഇവിടെ സംഹാരതാണ്ഡവമുണ്ട്‌. സ്ഥിതിവിശേഷങ്ങളൂണ്ട്‌.

ഭൂമിയിലെ മുക്കാല്‍പങ്കു ജനങ്ങളും തീരപ്രദേശത്തു വസിക്കുന്നു. ലോകത്തിണ്റ്റെ മൂന്നിലൊന്നു നഗരങ്ങളും കടല്‍ത്തീരത്താണ്‌. തീരത്തിണ്റ്റെ നീളം രാജ്യത്തിണ്റ്റെ സാമ്പത്തികഭദ്രതയെയും സൈനികശക്തിയെയും സാംസ്ക്കാരികപൈതൃകത്തെയും പ്രതിനിധാനം ചെയ്യുന്നു. കടലില്ലാത്ത കര വെള്ളമില്ലാത്ത കടല്‍പോലെ. ഉപ്പുതൊട്ടു കര്‍പ്പൂരം വരെ, അക്ഷരാര്‍ഥത്തില്‍തന്നെ, കടലേകുന്നു മനുഷ്യന്‌. കരയിലെ മനുഷ്യണ്റ്റെ ആദ്യത്തെ ആശ്രയം കടലായിരുന്നു; അവസാനത്തെ ആശയും കടലാകുന്നു. കരയെയും കടലിനെയും കോര്‍ത്തിണക്കുന്നതു കടപ്പുറം. ഇവിടെ എത്രപേറ്‍ കാല്‍കുത്തി നിന്നു; എത്രപേറ്‍ കാല്‍തെറ്റി വീണു. എത്രപേര്‍ വഴിവെട്ടി; എത്രപേര്‍ കാല്‍വെട്ടി; എത്രപേറ്‍ കുഴികുത്തി. എന്തെല്ലാം തിരനോട്ടങ്ങള്‍. എന്തെല്ലാം പടയോട്ടങ്ങള്‍. എന്തെല്ലാം പ്റണയകഥകള്‍. എന്തെല്ലാം കഥനകഥകള്‍. എന്തെല്ലാം പിറവികള്‍. എന്തെല്ലാം മറവികള്‍.

കടപ്പുറം കരയുടെ കാവല്‍ക്കാരന്‍. സ്വയം നശിച്ചും കരയെക്കാക്കും. ആനത്തിരകള്‍ ആഞ്ഞടിച്ചാലും ആരോരുമറിയാതെ അന്ത:പുരം കാക്കും. ആക്രാന്തം അവസാനിച്ചാല്‍ ആഴിയെപ്പുല്‍കും. ആരുമില്ലാത്തവയ്ക്ക്‌ ആശ്രയം നല്‍കും.

ഓരോ വെള്ളത്തുള്ളിക്കുമുണ്ട്‌ ഓരായിരം കഥകള്‍..... ഒറ്റയ്ക്കു പിറന്ന്, ഒന്നായിപ്പരന്ന്, പലതായ്‌ പടര്‍ന്ന്, ഒടുവില്‍ തകര്‍ന്ന് ജലകണികകള്‍. "കറുത്ത ചിറകുള്ള കാര്‍മുകിലേ, കടലിന്നു മകനായ്‌ ജനിക്കുന്നു നീ; പിറക്കുമ്പോളച്ഛനെ വേര്‍പിരിഞ്ഞു, ഒരിക്കലും കാണാതെ നീയലഞ്ഞു; തിരിച്ചുപോകാന്‍ നിനക്കാവില്ല, പിടിച്ചുനില്‍ക്കാന്‍ നിനക്കിടമില്ല", എന്നു കവി. കാറില്‍ ഉറഞ്ഞ്‌ കരയില്‍ കുതിച്ച്‌ കടലില്‍ പതിച്ച്‌ വീണ്ടും പറന്ന് പയ:കണങ്ങള്‍. "ആകാശാത്‌ പതിതം തോയം, സാഗരം പ്രതിഗച്ഛതി" എന്നു ഋഷി. അണുജീവിതംതൊട്ട്‌ അതിജീവിതംവരെ ആഘോഷമാക്കുന്ന അമൃതബിന്ദുക്കള്‍.

ഓരോ മണ്‍തരിക്കുമുണ്ട്‌ ഓരായിരം കഥകള്‍.....എവിടെന്നൊ വന്ന്, എങ്ങിനെയോ നിറഞ്ഞ്‌, എവിടെയൊ നിരന്ന്, എവിടേക്കോ മടങ്ങുന്ന ശിലാകണങ്ങള്‍. കടലില്‍ കുളിച്ച്‌, കാറ്റില്‍ കുതിര്‍ന്ന്, കരയില്‍ കിടന്ന്, കാലത്തിലലിയുന്ന പൊന്‍കണങ്ങള്‍. ഇവയെല്ലാം, ഇവ മാത്രം, കടപ്പുറത്തിനു സ്വന്തം.

ആര്‍ക്കും സ്വന്തമല്ലാത്തതും കടപ്പുറം.

വ്യവസായങ്ങളുടെ ഈറ്റില്ലമാകുന്നു കടല്‍ത്തീരം. വാണിജ്യത്തിണ്റ്റെ കളപ്പുരയാകുന്നു കടല്‍ത്തീരം. കച്ചവടക്കണ്ണുകള്‍ കരിതേക്കുന്നു. കങ്കാണിമാര്‍ കണക്കെഴുതുന്നു. കരയെ കടലിലാഴ്ത്തുന്നു. കടലിനെ കരയാക്കുന്നു. കാശുംകൊത്തി പരുന്തുപറക്കുന്നു. കടല്‍കാക്കകള്‍ കൂട്ടംതെറ്റിപ്പായുന്നു. പാവം മുക്കുവര്‍ മാനം നോക്കുന്നു; മിഴി നിറയ്ക്കുന്നു. തിരയും തീരവും കടലിണ്റ്റെ പൂതി. ഇണക്കവും പിണക്കവും കടലിണ്റ്റെ രീതി. കൊള്ളലും കൊടുക്കലും കടലിണ്റ്റെ നീതി. എന്നുമെന്നും കടപ്പുറം ബാക്കി.

1 comment:

Madhu (മധു) said...

ഒരു സമുദ്രശാസ്ത്രജ്ഞനും കവിയും ചിത്രകാരനും ഒരാളില്‍ ചേരുമ്പോള്‍ മാത്രം സംഭവിക്കാന്‍ സാദ്ധ്യതയുള്ള അപൂര്‍വ്വം സൃഷ്ടി. പ്രോസാണോ അല്ല, പോയട്രിയാണോ അതുമല്ല. പക്ഷേ പോയറ്റിക്കല്‍. പ്രോസൈക് ആവാതെ, വളരെ പോയറ്റിക്കലായി, അളന്നുമുറിച്ച വാക്കുകളില്‍ ഒരു കൊളാഷിന്റെ സൗന്ദര്യത്തോടെ കടലിനെ സ്വാമിജി എഴുതുമ്പോള്‍ കടല്‍തീരത്തു നിന്നു കാമുകിയോടൊപ്പം കാറ്റുകൊള്ളുന്ന, കുട്ടികളോടൊപ്പം കളിച്ചുമദിക്കുന്ന ഒരു പ്രതീതി പുന:സൃഷ്ടിക്കപ്പെടുന്നു.... നല്ല വായനക്ക് നന്ദി.

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...